ചിത്രീകരണം: ദേവപ്രകാശ്

കോട്ടക്ക​ലങ്ങാടിയിലിരുന്ന്​ അപ്പുണ്ണ്യേട്ടൻ ഇന്ദിരയ്ക്ക്​
കത്തുകളെഴുതി; അടിയന്തരാവസ്​ഥ പിൻവലിക്കണം

വെറും മനുഷ്യർ- 28

കടുത്ത ഇന്ദിരാ ഭക്തനായ അപ്പുണ്ണിക്ക് അടിയന്തരാവസ്ഥ സമ്മാനിച്ചത് ഞെട്ടലായിരുന്നു. അത്​ ഉന്മാദമായി മാറി. കാണുന്നവരോടെല്ലാം ചില്ലറത്തുട്ടുകൾ ഇരന്ന് വാങ്ങി ഇൻലൻഡുകൾവാങ്ങി നിരന്തരം ഇന്ദിരാഗാന്ധിക്ക് കത്തുകളയച്ചു. പോസ്റ്റ് ബോക്‌സിൽ ദിവസവും അമ്പതിലേറെ കത്തുകൾ. ആ ഉന്മാദത്തെ എല്ലാവരും തമാശയായി ചിരിച്ചുതള്ളി.

ന്നത്തെ ആയുർവേദ നഗരിക്കും അതിനും മുമ്പത്തെ കോട്ടക്കൽ പട്ടണത്തിനും മുമ്പ് ഒരു കോട്ടക്കൽ അങ്ങാടി ഉണ്ടായിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങളുള്ള, നിരപ്പലകയിട്ട കടകളുള്ള, ശനിയാഴ്ച ചന്തയുള്ള കോട്ടക്കൽ അങ്ങാടി. അങ്ങാടിക്കാറ്റുകൾക്ക് കഷായത്തിന്റെയും കുഴമ്പിന്റെയും മണമുണ്ടായിരുന്നു. കോട്ടപ്പടിയിൽ കോട്ട ഉണ്ടായിരുന്നു. മനുഷ്യരും വാഹനങ്ങളും തിരക്കിട്ട് ഓടാത്ത കാലം. തലയിൽ വെറ്റിലക്കെട്ടും ചുമന്ന് കോട്ടക്കൽ ചന്തയിലേക്ക് ഓടുന്ന വെറ്റില കൃഷിക്കാർ അന്നൊരു അത്ഭുതക്കാഴ്ചയായിരുന്നു.

വലിയപറമ്പ് എന്ന് ഈ സ്ഥലത്തിന് പേരുവന്നത് നീണ്ടുപരന്നു കിടന്ന വലിയ വലിയ പറമ്പുകൾ ഉണ്ടായിരുന്നതുകൊണ്ടാവും. വലിയപറമ്പിൽ നിന്ന് കോട്ടക്കൽ ചന്തയിലേക്ക് ശനിയാഴ്ച പുലർച്ചകളിൽ കുട്ടികൾ നടന്നു. വാഴയിലയും വെറ്റിലയും ചുമന്ന് ആളുകൾ നടന്നു. ഒരാഴ്​ചത്തേയ്ക്ക് വേണ്ട പച്ചക്കറികളും ഉണക്കമീനും പലചരക്കുമൊക്കെ അന്നാണ് വാങ്ങാറ്.

ആരും കൂട്ടത്തിൽ കൂട്ടാത്തതിനാൽ ഞാനും അനിയനും ഒറ്റയ്ക്ക് കൈകോർത്തുപിടിച്ചു നടന്നു. അണ്ണാച്ചി വിളികളെ അവഗണിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. വലിയപറമ്പിൽ നിന്നുള്ള ചെറിയ ഇറക്കം കഴിഞ്ഞാൽ അരിച്ചോളാണ്. അരിച്ചോളിനും ആനോളിക്കും ഇടയിലാണ് ഒടിയന്മാർ പാർത്തത്. ഒടിയൻമാരുടെ കഥകൾ ധാരാളമായി ഞങ്ങളുടെ ബോധത്തിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ആദ്യം തികച്ചും അപരിചിതമായ ഒടിയൻ എന്ന വാക്കും, ഒടിവിദ്യയും ഞാൻ വാ പൊളിച്ച് കേട്ടിരുന്നു. ഒടിക്കുന്ന ഒടിയന്മാർ ഭയപ്പെടുത്തുന്ന രൂപങ്ങളായി എന്റെ മുൻപിൽ നിരന്നുനിന്നു. നായായും നരിയായും പോത്തായും വേഷം മാറാൻ കഴിയുന്ന മനുഷ്യരെക്കുറിച്ച് ഞാൻ പെരുംചിലമ്പിൽ വച്ച് കേട്ടിട്ടേ ഇല്ലായിരുന്നു.

ബീരാൻകുട്ടിമാർ മരിക്കുകയും ചാത്തപ്പൻമാർ ചാവുകയും ചെയ്യുന്ന ഭാഷാപ്രയോഗവും അന്തരീക്ഷവും എനിക്ക് അപരിചിതമായിരുന്നു. മുതിർന്നവരും കുട്ടികളുമെല്ലാം അവരെ പേരുമാത്രം വിളിച്ചു. പേരിനൊപ്പം വാലായി ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നില്ല

രാത്രിയിലാണ് അവർ വേഷം മാറി മറ്റുള്ളവരെ ഒടിക്കുക എന്ന് അറിയാമെങ്കിലും പകൽ അവരുടെ വീടുകൾക്കു മുമ്പിലൂടെ നടക്കാൻ കുട്ടികൾ ഭയന്നു. അരിച്ചോളിൽ നിന്ന് ആനോളി വരെയുള്ള റോഡിന്റെ വലതുവശത്ത് അവരുടെ വീടുകളായിരുന്നു. ഓടുമേഞ്ഞ ഒറ്റ വീടേ അന്ന് അവിടെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഓലവീടുകളായിരുന്നു. ഭയത്തിനും അപ്പുറം ആ വീടുകളിലെ കുട്ടികളിൽ ഞാൻ സെന്തിലിനെയും തങ്കരാജിനെയും കുമരേസനെയും കണ്ടു. അതേ തൊലി നിറം. കണ്ണീർ മണമുള്ള അതേ കണ്ണുകൾ. തുന്നിക്കൂട്ടിയതും പിഞ്ഞിയതുമായ അൽപവസ്ത്രങ്ങൾ. വിശപ്പിന്റെ തീയാളുന്ന വയറുകൾ.

അവർ ഒരിക്കലും മരണപ്പെട്ടില്ല. നായയോ പൂച്ചയോ ചാവുംപോലെ ചാവുക മാത്രം ചെയ്തു. ബീരാൻകുട്ടിമാർ മരിക്കുകയും ചാത്തപ്പൻമാർ ചാവുകയും ചെയ്യുന്ന ഭാഷാപ്രയോഗവും അന്തരീക്ഷവും എനിക്ക് അപരിചിതമായിരുന്നു. മുതിർന്നവരും കുട്ടികളുമെല്ലാം അവരെ പേരുമാത്രം വിളിച്ചു. പേരിനൊപ്പം വാലായി ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നില്ല. പ്രബുദ്ധ കേരളത്തിലെ മഹത്തായ മലപ്പുറം ജില്ലയുടെ മുപ്പതുവർഷം മുമ്പത്തെ കാര്യം മാത്രമല്ല പറയുന്നത്, ഇപ്പോഴും അവർ ചത്തുകൊണ്ടിരിക്കുന്നു. അല്ലെങ്കിൽ തീർന്നുകൊണ്ടിരിക്കുന്നു. ഹാജിമാർ മരിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ക്ലാസുകാരൻ പോലും കോമേട്ടനെ കോമാന്നും, കാളി ചേച്ചിയെ കാളീന്നും വിളിക്കുന്നു. ഇപ്പോഴും പോടാ ചെറമാ എന്നത് ചീത്ത വാക്കായി തന്നെ ഉപയോഗിക്കുന്നു. കുട്ടികളെ ആരും തിരുത്തുന്നില്ല. സ്വർഗത്തിലേക്ക് സീറ്റ് റിസർവ് ചെയ്ത ആലി ഹാജിമാർ നായന്മാരെയും വാര്യർമാരെയും മേനോൻമാരെയും അവരുടെ ജാതിവാലുകൾ ചേർത്ത് ബഹുമാനത്തോടെ വിളിക്കുകയും ചെയ്യുന്നു.

അവരുടെ കൂട്ടത്തിൽ നിന്നാണ് ദേവേട്ടന്റെ മകൻ സുരേന്ദ്രൻ എന്ന സുര എന്റെ കൂട്ടുകാരനായത്. അപ്പഴാണ് അവരെക്കുറിച്ചുള്ള എന്റെ പേടി മാറിയത്. അന്നൊക്കെ അവർ അവരുടെ മാത്രം കള്ളികളിൽ ഒതുങ്ങി ജീവിച്ചു. അവരുടെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അധികമാരും പോവുമായിരുന്നില്ല. കല്യാണങ്ങൾക്ക് പോവുമെങ്കിലും കുട്ടികളല്ലാത്ത ആരും അവരുടെ ഭക്ഷണം കഴിച്ചിരുന്നില്ല. ആടുമാടുകളെ പോലെ സ്വന്തം ഗന്ധങ്ങളിൽ കുരുങ്ങി അവർ പണിയെടുത്തു. അവരുടെ പെൺകുട്ടികളെ ഏത് ഹാജിയാർക്കും കയറിപ്പിടിക്കാമായിരുന്നു.

അവരുടെ വീടിനു നേർക്ക് ആർക്കും കല്ലെറിയാമായിരുന്നു. രാത്രിയിൽ വീട്ടുമുറ്റത്ത് പോത്തിനെ പോലെ എന്തോ ഒന്നിനെ കണ്ടതിന് ഉമ്മർ ഹാജി ചാത്തപ്പേട്ടനെ തല്ലിച്ചതച്ചത്, തന്നെ ഒടിക്കാൻ വന്നു എന്ന കുറ്റം ആരോപിച്ചാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാര്യമല്ല പറയുന്നത്, തൊണ്ണൂറുകളിലെ കാഴ്ചകളെ കുറിച്ചാണ്. വിറക് കൊത്താൻ വരുന്ന തമിഴന് അവൻ പറഞ്ഞ കൂലി കൊടുത്തിരുന്ന ഉമ്മർ ഹാജിമാരുടെ വീടിനുമുമ്പിൽ ചാത്തപ്പേട്ടനും കോമേട്ടനും കാളി ചേച്ചിക്കും പറമ്പിലും പാടത്തും പണിയെടുത്ത കൂലിക്കായി നേരം ഇരുട്ടുവോളം കാത്തുനിൽക്കണമായിരുന്നു. ആ കൂലി കിട്ടിയിട്ട് വേണമായിരുന്നു അവർക്ക് അത്താഴത്തിന് അരി വാങ്ങാൻ. ഇതൊന്നും ഞാൻ പെരുംചിലമ്പിൽ കണ്ട് പരിചയിച്ച കാഴ്ചകളല്ല. അവിടെ കഷ്ടപ്പെടുന്നവരും അല്ലാത്തവരുമേ ഉണ്ടായിരുന്നുള്ളൂ.

ഉന്മാദത്തിന്റെ കാഴ്ചകളിൽ പോസ്റ്റുകാലുകൾ പെണ്ണുടലുകളായി മൂസാക്കാക്കുമുമ്പിൽ നിരന്ന് നിന്നു. മൂസാക്ക ആ ഉടലുകളിലെ നഗ്‌നതയെ തുണി കൊണ്ട് കെട്ടിമറച്ചു.

കോട്ടക്കൽ ചന്തയെ കുറിച്ചാണ് പറഞ്ഞുവന്നത്. താഴെ ചന്തപ്പടി മുതൽ മേലെ ചന്തപ്പടി വരെ അന്ന് ഒറ്റ ചന്തയായിരുന്നു. കാച്ചിലും ചേനയും മുറവും മൺപാത്രങ്ങളും ഉണക്കമീനും പച്ചമീനും പച്ചക്കറികളും നിലത്തുവിരിച്ച ചാക്കുകളിൽ കൂട്ടിയിടും. മനുഷ്യശബ്ദങ്ങൾ കൂട്ടിമുട്ടി വിചിത്രമായ സംഗീതമായി മാറും. ആർപ്പുവിളികൾ... അലമുറകൾ... പലതും കൂട്ടിമുട്ടുന്ന ഒച്ചകൾ മനുഷ്യഗന്ധം നിറഞ്ഞുനിന്ന അന്തരീക്ഷം.

ആ അന്തരീക്ഷത്തിലൂടെ കൈയിൽ ഉലക്കയുമായി മുഷിഞ്ഞുനാറിയ വസ്ത്രങ്ങളണിഞ്ഞ അഡ്ർ മൂസാക്ക നടന്നു. ഓരോ ഉലക്ക കുത്തലിലും ഉൻമാദത്തിന്റെ സംഗീതമായി ആ അഡ്ർ... ശബ്ദം പുറത്തുവന്നു. ഓരോ കടയുടെ മുമ്പിലും ആ സംഗീതമുതിർത്തുകൊണ്ട് മൂസാക്ക കൈനീട്ടും. മൂസാക്കാന്റെ ഉലക്കയെയും ഉന്മാദത്തെയും ഉയരമുള്ള ശരീരത്തെയും ഭയന്നിട്ടോ എന്തോ എല്ലാവരും ചില്ലറ നാണയങ്ങൾ കൊടുക്കും. പിഞ്ഞിയ കോട്ടിന്റെ കീശയിൽ ആ ചില്ലറ നാണയങ്ങൾ ഇട്ട്, പാറിപ്പറക്കുന്ന തലമുടിയും വായിൽ നിന്നൊലിക്കുന്ന കേ ലയുമായി മൂസാക്ക ചന്ത മുഴുവനും, പിന്നെ കോട്ടക്കൽ അങ്ങാടി മുഴുവനും നടക്കും.

വൈകീട്ട് താഴെ കോട്ടക്കലിലെ പള്ളിക്ക് മുമ്പിലെത്തി കോട്ടിന്റെ പോക്കറ്റിലെ നാണയങ്ങൾ വാരിയെടുത്ത് പള്ളിക്കുളത്തിലേക്ക് നീട്ടിയെറിയും. അത് നീന്തിപിടിക്കാൻ പള്ളിക്കുളത്തിന്റെ തിണ്ടിൽ കുട്ടികൾ ഇരിക്കുന്നുണ്ടാവും. മൂസാക്ക പോക്കറ്റിൽ കൈയിടും മുമ്പേ കുട്ടികൾ കുളത്തിലേക്ക് ചാടിക്കഴിഞ്ഞിരിക്കും. നീലനിറമുള്ള വെള്ളത്തിലേക്ക് വന്നുവീഴുന്ന നാണയങ്ങളുടെ ഏറിയപങ്കും കുട്ടികൾ കൃത്യമായി പിടിച്ചെടുത്തു. കുളത്തിന്റെ പടവിൽ ഉലക്കകൊണ്ട് ഇടിച്ച് മൂസാക്ക തന്റെ അഡ്ർ... സംഗീതത്തിന്റെ വേഗം കൂട്ടും. അവസാനത്തെ നാണയവും കുളത്തിലേക്ക് എറിഞ്ഞുകഴിഞ്ഞാൽ പിന്നെ മൂസാക്ക വന്ന വഴിയിലേക്കുതന്നെ മടങ്ങിപ്പോകും. കുട്ടികളും പിരിഞ്ഞുപോയി കുളത്തിലെ കലക്കം മാറുമ്പോൾ ജലത്തിനുതാഴെ മൂന്നാല് നാണയങ്ങൾ ഉന്മാദച്ചിരി ചിരിച്ച് കിടക്കുന്നുണ്ടാവും. മുക്രി അന്ത്രുവാക്ക തനിക്ക് നീന്താനറിയാത്തതിൽ ഖേദിച്ച് ആ നാണയങ്ങൾ നോക്കിനിൽക്കും. അഡ്ർ മൂസാക്കയുടെ നാടും വീടും ആർക്കും അറിയില്ലായിരുന്നു. എല്ലാ ചന്ത ദിവസങ്ങളിലും മൂസാക്ക കോട്ടക്കൽ അങ്ങാടിയിലുണ്ടാവും. ശനിയാഴ്ചയല്ലാതെ മൂപ്പരെ അങ്ങാടിയിൽ കണ്ടുമുട്ടുന്ന അപൂർവ്വ അവസരങ്ങളിൽ മൂപ്പർ റോഡരുകിലെ പോസ്റ്റ്കാലുകളിൽ, തയ്യൽക്കടകളിൽ നിന്നെടുത്ത തുണിക്കണ്ടങ്ങൾ കെട്ടിയിടും. എന്നിട്ട് ഉലക്ക പോസ്റ്റിൽ മുട്ടിച്ച് പറയും; ‘അഡ്ർ... ഇങ്ങക്കിങ്ങനെ കുണ്ടീം കാട്ടി നിക്കാന് നാണാവ്ണ് ല്ലേ പെണ്ണുങ്ങളേ... '

ഉന്മാദത്തിന്റെ കാഴ്ചകളിൽ പോസ്റ്റുകാലുകൾ പെണ്ണുടലുകളായി മൂസാക്കാക്കുമുമ്പിൽ നിരന്ന് നിന്നു. മൂസാക്ക ആ ഉടലുകളിലെ നഗ്‌നതയെ തുണി കൊണ്ട് കെട്ടിമറച്ചു. ഉന്മാദമില്ലാത്തവർ ആ കെട്ടുകൾ അഴിച്ചുകളഞ്ഞു. ഒരിക്കലും മറയാത്ത നാണവുമായി കോട്ടക്കൽ അങ്ങാടിയിലെ പോസ്റ്റുകൾ കുണ്ടിയും കാട്ടി മൂസാക്കാനെ കാത്തുനിന്നു.

മൂസാക്ക ആരെയും ഉപദ്രവിച്ചില്ല.
അഡ്ർ... എന്ന ശബ്ദമല്ലാതെ വേറെ ശബ്ദമൊന്നും മൂപ്പരുടെ ബോധത്തിലുണ്ടായിരുന്നില്ല. ചോറിനും ചായക്കും ഒക്കെ ആ അഡ്ർ... ശബ്ദം തന്നെ ഉപയോഗിച്ചു.

ക്ലിൻറ്​ സ്റ്റുഡിയോയുടെ കോണിപ്പടികൾ ഇറങ്ങിവരുന്ന ആ യുവാവ്, കോട്ടക്കൽ റസാഖ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആയിരുന്നുവെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

ഇപ്പോൾ മരണത്തിനപ്പുറത്ത് സ്വർഗ്ഗത്തിലെ അനന്തമായ പോസ്റ്റ്കാലുകളിലെ പെൺകുണ്ടികൾക്ക് തുണിയുടിപ്പിച്ചുകൊണ്ട് മൂസാക്ക തന്റെ ഉലക്കയും കുത്തി നടക്കുന്നുണ്ടാവും. മൂസാക്ക കെട്ടിയിടുന്ന തുണികളൊക്കെ ആരാവും ഇപ്പോൾ അഴിച്ചുമാറ്റുന്നുണ്ടാവുക എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. ദൈവത്തിനു മുമ്പിലെത്തുമ്പോൾ തന്റെ ഉലക്ക സ്വർഗത്തിന്റെ മണ്ണിൽ കുത്തി, മൂസാക്ക ദൈവത്തിനുനേർക്ക് കൈനീട്ടി അഡ്ർ... ശബ്ദം ഉണ്ടാക്കുന്നുണ്ടാവും.
ചന്തയുടെ കിഴക്കേ മൂലയിലായിരുന്നു തരിക്കഞ്ഞിയും അവിലും വെള്ളവും വിൽക്കുന്ന സ്റ്റാളുകൾ. വലിയ കുപ്പി ഗ്ലാസുകളിൽ കൊതിപ്പിക്കുന്ന ഐവറി നിറവുമായി മുകൾപ്പരപ്പിൽ അണ്ടിപരിപ്പും ഉണക്കമുന്തിരിയും കാണിച്ചുകൊണ്ട് തരിക്കഞ്ഞി ഗ്ലാസുകൾ എന്നെ നോക്കി ചിരിക്കും. ഓരോ ഗ്ലാസിനും വട്ടത്തിലുള്ള കണ്ണാടിമൂടികൾ ഉണ്ടായിരുന്നു. ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട മോരും വെള്ളവും നന്നാറി സർവത്തും ഉമ്മ തന്ന പണത്തിൽ അഴിമതി കാട്ടാൻ പ്രേരിപ്പിച്ചുകൊണ്ട് എന്നെ മാടിവിളിക്കും.

ആ ബഹളങ്ങൾക്കും ആൾത്തിരക്കിനും ഇടയിലൂടെ കഴുത്തിൽ തൂക്കിയിട്ട ക്യാമറയുമായി ഒരു യുവാവ് നടന്നു. ചുരുൾ മുടിയും താടിയും കണ്ണടയും ഉള്ള, പാൻറ്സും ഷർട്ടും ധരിച്ച അയാൾ തന്റെ ക്യാമറക്കണ്ണുകൾ കോട്ടക്കൽ ചന്തയിലെ കാഴ്ചകളിലേക്ക് തുറന്നടയ്ക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിൽക്കും.
തൂക്കിയിട്ട പോത്തിറച്ചി കൊറുവിൽ കാക്കകൾ വന്നിരിക്കുന്നതും, തലയിൽ ചുമന്ന അരിച്ചാക്കിന്റെ ദ്വാരത്തിലൂടെ അരി ചോർന്ന് പോവുന്നതറിയാതെയും ഓടുന്ന ചുമട്ടുതൊഴിലാളിയുടെ പിറകിലും, ആരുടെയോ കാൽ തട്ടി അട്ടിമറിഞ്ഞ് പൊട്ടിയ തന്റെ മൺകലങ്ങൾക്കുമുമ്പിൽ അന്തിച്ചുനിൽക്കുന്ന കച്ചവടക്കാരിയുടെ മുമ്പിലും, അയാളുടെ ക്യാമറക്കണ്ണുകൾ തുറന്നടഞ്ഞു. ബസ്​ സ്റ്റാൻഡിലെ
കെട്ടിടത്തിനുമുകളിൽ അയാൾക്ക് സ്റ്റുഡിയോ ഉണ്ടായിരുന്നു. ക്ലിൻറ്​ സ്റ്റുഡിയോയുടെ കോണിപ്പടികൾ ഇറങ്ങിവരുന്ന ആ യുവാവ്, കോട്ടക്കൽ റസാഖ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആയിരുന്നുവെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

കോട്ടക്കലങ്ങാടിയിൽ ഞാനും അനിയനും ഏറ്റവും ഭയന്നത് കറുത്തൊട്ടൻ എന്നു വിളിക്കുന്ന മനുഷ്യനെയായിരുന്നു. സംസാരശേഷിയില്ലാത്ത അയാൾ ഒരു തോർത്തു മാത്രം ഉടുത്ത് തന്റെതായ വികൃത ശബ്ദങ്ങൾ ഉണ്ടാക്കി കോട്ടക്കൽ ചന്തയിലൂടെയും കോട്ടക്കൽ അങ്ങാടിയിലൂടെയും നടന്നു. താഴെ കോട്ടകലിൽ, ചന്തയിൽ, ബസ് സ്റ്റാൻഡിൽ, മേലേ കോട്ടക്കലിൽ എവിടെയും എപ്പോഴും കറുത്ത പൊട്ടൻ പ്രത്യക്ഷപ്പെടും.

മുമ്പിൽ വന്നുപെടുന്ന ആളുടെ ഉയരം തന്റെയത്രയുണ്ടോ എന്ന് കണ്ണുകൊണ്ട് കറുത്തൊട്ടൻ അളന്നുനോക്കും. തന്റെയത്ര ഉയരമോ തന്നെക്കാൾ ഉയരമോ ഉള്ളവരെ അയാൾ ബഹുമാനിച്ചു. അവരോടു പണം ചോദിക്കില്ല. തന്നേക്കാൾ ഉയരം കുറഞ്ഞവരെ കണ്ണുകൊണ്ടളന്ന്, ആദ്യം മുഖത്തേക്ക് തുപ്പും. പിന്നെ പണത്തിനായി കൈനീട്ടും. കൊടുത്തില്ലെങ്കിൽ മുഖത്ത് അടിക്കും. തന്നെക്കാൾ ഉയരം കുറഞ്ഞവർ ദുർബലരാണെന്ന ഉറച്ച വിശ്വാസത്തിൽ കറുത്തൊട്ടൻ പലരുടെയും മുഖത്ത് തുപ്പി പണം വാങ്ങി. പലപ്പോഴും ആ ദുർബലരിൽ ചിലർ തന്നെ തിരിച്ചടിക്കുന്ന അടിയെല്ലാം അത്ഭുതത്തോടെ കൊണ്ടുനിന്നു. കറുത്തൊട്ടന് കിട്ടുന്ന അടിയേക്കാൾ കൂടുതലായിരുന്നു അയാൾ കൊടുത്ത അടികൾ.
കുട്ടികൾ അയാളെ കാണുമ്പോഴേ പണം അരയിൽ തിരുകി ഓടിയൊളിക്കും. അപരിചിതരായ യാത്രക്കാരും സന്ദർശകരും തങ്ങളുടെ അടുത്ത് വന്നുനിന്ന് ഉയരം അളക്കുന്ന ആ കറുത്ത മനുഷ്യനെ പരിഹാസത്തോടെ നോക്കും. അളവ് തീർന്ന് ഉറപ്പുകിട്ടിയാൽ കറുത്തൊട്ടന്റെ തുപ്പൽ അവരുടെ മുഖത്തേക്ക് വീഴും. പണം കൊടുത്തില്ലെങ്കിൽ അടിയാണെന്ന് അറിവില്ലാത്തവർ അയാളുമായി വഴക്കിട്ട് നിലത്തുവീണ് കെട്ടിമറിഞ്ഞു.

ആനയുടെയത്ര വെളവുമായി കറുത്തൊട്ടൻ കോട്ടക്കൽ അങ്ങാടിയിലൂടെ നടന്നു. തന്നെക്കാൾ ഉയരം കുറഞ്ഞവരെ തിരഞ്ഞ് ഇപ്പോഴും അയാളീ ഭൂമിയിലെ ഏതെങ്കിലുമൊരു അങ്ങാടിയിലൂടെ തോർത്ത് മാത്രം ഉടുത്ത് നടക്കുന്നുണ്ടാവും.

ഏതോ വലിയ വീട്ടിലെ മൂത്ത സന്തതിയാണ് കറുത്തൊട്ടൻ എന്ന അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. ആ ഉറച്ച ശരീരവും പുകപിടിച്ച നോട്ടവും എന്നെ എപ്പോഴും ഭയപ്പെടുത്തി. അങ്ങാടിയിലെ ഓരോ ചുവടുവെപ്പിലും ഞാൻ അയാളെ തിരഞ്ഞു. കണ്ടെത്തിയാൽ ഉടൻ അവിടുന്ന് ഓടി ഒളിച്ചു. കൈ നീട്ടിയും, പിടിച്ചുപറിച്ചും കിട്ടുന്ന പണമെല്ലാം അയാൾ പൂളയും പോത്തിറച്ചിയും തിന്ന് തീർത്തു. ഭക്ഷണത്തിനു മുമ്പിൽ ആ മനുഷ്യൻ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ സംതൃപ്തിയോടെ ഇരുന്നു. ഭക്ഷണത്തിന്റെ ഓരോ തരിയും ഏറ്റവും രുചിയോടെ ഞൊട്ടിനുണഞ്ഞു. ഇത്ര ബീഫിന് ഇത്ര രൂപ, ഇത്ര പൂളയ്ക്ക് ഇത്ര രൂപ എന്ന കണക്കൊക്കെ അയാൾക്ക് അറിയാമായിരുന്നു. തിന്ന ഭക്ഷണത്തിന്റെ പണം കൃത്യമായി കറുത്തൊട്ടൻ എണ്ണി കൊടുക്കുന്നത് എല്ലാർക്കും അത്ഭുത കാഴ്ചയായിരുന്നു.

എല്ലാരും പറയുമായിരുന്നു; ‘ഇജ് പൊട്ടനല്ലടാ... ഇജ് വെളവനാണ്. ആന വെളവൻ.'

ആനയുടെയത്ര വെളവുമായി കറുത്തൊട്ടൻ കോട്ടക്കൽ അങ്ങാടിയിലൂടെ നടന്നു. തന്നെക്കാൾ ഉയരം കുറഞ്ഞവരെ തിരഞ്ഞ് ഇപ്പോഴും അയാളീ ഭൂമിയിലെ ഏതെങ്കിലുമൊരു അങ്ങാടിയിലൂടെ തോർത്ത് മാത്രം ഉടുത്ത് നടക്കുന്നുണ്ടാവും. അല്ലെങ്കിൽ, വല്ലാതെ മാറിപ്പോയ ഈ ആയുർവേദ നഗരിയുടെ ഏതെങ്കിലും ഊടുവഴികളിൽ തന്നെക്കാൾ ഉയരം കുറഞ്ഞവർ വരുന്നതും കാത്ത് നിൽക്കുന്നുണ്ടാവും.

മേലേ ചന്തപ്പടിയിലാണ് പ്രൈസ് ബോർഡുകൾ നിരന്നുനിന്നത്. കുഞ്ഞുകുഞ്ഞ് കടലാസു ചതുരങ്ങൾ പറിച്ചെടുത്ത് തുറന്നുനോക്കിയാൽ അതിൽ സമ്മാനത്തിന്റെ അക്കങ്ങൾ ഉണ്ടാവും. പക്ഷേ ആ കുഞ്ഞു ചതുരങ്ങൾ പറിച്ചെടുക്കാൻ ആദ്യം പണം കൊടുക്കണമായിരുന്നു. പ്രൈസ് ബോർഡിന്റെ ഏറ്റവും മുകളിൽ ഒന്നാം സമ്മാനമായ ഇരുപതുരൂപയുടെ ഫോട്ടം ഉണ്ടാവും. തൊട്ടടുത്തായി പത്തുരൂപയുടെയും അഞ്ചുരൂപയുടെയും രണ്ടുരൂപയുടെയും ഒറ്റ രൂപയുടെയും സമ്മാന ഫോട്ടങ്ങൾ ചിരിച്ചുനിന്നു. എല്ലായ്‌പ്പോഴും പണം നഷ്ടമായ കുട്ടികൾ ആ പ്രൈസ് ബോർഡിനുമുമ്പിൽ അന്തംവിട്ട് ഇരുന്നു. ആ പ്രൈസ് ബോർഡ് ഒന്നാകെ വാങ്ങിയാലും അതിൽ ഇരുപതുരൂപയുടെ ഒന്നാം സമ്മാനത്തിന്റെ നമ്പർ ഉണ്ടാവില്ല. ബോർഡ് നിരത്തുംമുമ്പേ കച്ചവടക്കാർ ആ നമ്പർ പറിച്ചെടുത്തിട്ടുണ്ടാവും. അതറിയാതെ കിട്ടിയേക്കാവുന്ന ഇരുപതുരൂപയ്ക്കായി കൈയിലെ പണമെല്ലാം നഷ്ടമാക്കി ഞാൻ ഉമ്മാന്റെയും ഏട്ടന്റെയും അടികൊണ്ടു. പിന്നെയും പിന്നെയും എന്നെ അവിടേക്ക് മാടിവിളിച്ചത് ആ ഒന്നാം സമ്മാനം മാത്രമായിരുന്നില്ല, പറിച്ചെടുക്കുന്ന കുഞ്ഞു ചതുരങ്ങളിൽ തമിഴിന്റെ ഗന്ധവുമായി, പെരുംചിലമ്പിന്റെ ഓർമയുമായി രജനീകാന്ത് ചിരിച്ചുനിന്നു. മറ്റു കുട്ടികൾ വലിച്ചെറിയുന്ന രജനികാന്തിന്റെ ആ കുഞ്ഞുചിത്രങ്ങൾ ഞാൻ പൊറുക്കിയെടുത്ത് സൂക്ഷിച്ചു. പ്രൈസ് ബോർഡുകൾ നിരത്തിവെച്ച ഇടത്തിന്റെ തൊട്ടപ്പുറത്താണ് ചൊരണ്ടി ഐസിന്റെ വണ്ടികൾ നിന്നത്. വലിയ ഐസ് കട്ടകൾ ഇരുമ്പിന്റെ ചിന്തേരിൽ ഉരയ്ക്കുമ്പോൾ താഴെ വെച്ച കുഞ്ഞു ഗ്ലാസ്സുകളിലേക്ക് ഐസിന്റെ സ്ഫടികങ്ങൾ വന്നുവീഴും. ഗ്ലാസ് നിറഞ്ഞാൽ അതിലേക്ക് നന്നാറി സർവത്ത് ഒഴിച്ച് ഒരു ചെറിയ സ്പൂണും ഇട്ടുതരും. മധുരം വേണ്ടെങ്കിൽ മോര് ഒഴിച്ച പുളി ഐസ് തിന്നാം.

കാഴ്​ചകളും രുചികളും ഗന്ധങ്ങളുമായി ആർത്തലച്ചു നിന്ന അങ്ങാടിയുടെ ഒരു മൂലയിൽ വെളുത്ത മുഖത്ത് വലിയ കാക്കാപുള്ളിയും ആർക്കും മനസ്സിലാവാത്ത പിറുപിറുക്കലുകളുമായി അപ്പുണ്ണ്യേട്ടൻ ഇരുന്നു. നിലത്ത് വിരിച്ച കടലാസിൽ നീല ഇൻലൻഡ്‌ വെച്ച് അതിലേക്ക് കമിഴ്​ന്നിരുന്ന്​ കറുത്ത മഷിയുടെ ഫില്ലർ കൊണ്ട് അപ്പുണ്ണ്യേട്ടൻ എഴുതി:

Dear Prime minister അടിയന്തരാവസ്ഥ നീക്കം ചെയ്ത് രാജ്യത്ത് സ്വാതന്ത്ര്യവും നീതിയും നടപ്പാക്കണമെന്ന്​ അപ്പുണ്ണി നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്ന് അപ്പുണ്ണി കെ. ഒപ്പ്.

​​​​​​​താൻ ഒരുപാട് ആരാധിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന, ഇന്ദിരാ പ്രിയദർശിനിയിൽ നിന്ന് ഏകാധിപത്യത്തിന്റെ തീനാമ്പുകൾ നീണ്ടു വന്നപ്പോൾ അപ്പുണ്ണ്യേട്ടന്റെ ആരാധനയും ഇഷ്ടവും കീഴ്‌മേൽ മറിഞ്ഞ് ഉന്മാദമായി മാറി

കടുത്ത ഇന്ദിരാഭക്തനും കോട്ടക്കൽ ദേശത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ അപ്പുണ്ണിയ്ക്ക് അടിയന്തരാവസ്ഥ സമ്മാനിച്ചത് ഞെട്ടലായിരുന്നു. താൻ ഒരുപാട് ആരാധിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന, ഇന്ദിരാ പ്രിയദർശിനിയിൽ നിന്ന് ഏകാധിപത്യത്തിന്റെ തീനാമ്പുകൾ നീണ്ടു വന്നപ്പോൾ അപ്പുണ്ണ്യേട്ടന്റെ ആരാധനയും ഇഷ്ടവും കീഴ്‌മേൽ മറിഞ്ഞ് ഉന്മാദമായി മാറി. സത്യത്തിൽ അത് ഉന്മാദം ആയിരുന്നില്ല. സത്യസന്ധനായ ഒരു ജനാധിപത്യ വിശ്വാസിയുടെ ആത്മാവിൽ കൊണ്ട വെടിയുണ്ടയായിരുന്നു. ആ വേദനയുമായി അപ്പുണ്ണ്യേട്ടൻ നിരന്തരം കത്തുകളെഴുതി. എല്ലാ കത്തുകളിലും ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ കത്ത് ഒട്ടിക്കുക പോലും ചെയ്യാതെയാണ് പോസ്റ്റ് ബോക്‌സിൽ ഇട്ടത്. സ്വാഭാവികമായും പൊലീസ് സ്റ്റേഷനിലേക്ക് അപ്പുണ്ണ്യേട്ടൻ ക്ഷണിക്കപ്പെട്ടു.

കുറഞ്ഞ നേരം കൊണ്ട് അവിടുന്ന് പുറത്തിറങ്ങിയ ആ മനുഷ്യന്റെ ഹൃദയത്തിലും അപ്പോൾ അദൃശ്യമായ വെടിയുണ്ടകൾ തുളഞ്ഞുകയറിയിരുന്നു. കാണുന്നവരോടെല്ലാം ചില്ലറത്തുട്ടുകൾ ഇരന്നുവാങ്ങി അപ്പുണ്ണ്യേട്ടൻ ഇൻലൻഡുകൾ വാങ്ങി നിരന്തരം ഇന്ദിരാഗാന്ധിക്ക് കത്തുകൾ അയച്ചു. പോസ്റ്റ് ബോക്‌സിൽ ദിവസവും അമ്പതിലേറെ കത്തുകൾ കൊണ്ടിട്ടു. രാജ്യം ഒന്നാകെ ഉന്മാദം ആഘോഷിച്ച ആ നാളുകളിൽ അപ്പുണ്ണ്യേട്ടന്റെ ചെറിയ ഉന്മാദത്തെ എല്ലാവരും തമാശയായി ചിരിച്ചുതള്ളി. ഒരു വിനാഴികയുടെ വിശ്രമം പോലുമില്ലാതെ, ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ അപ്പുണ്ണ്യേട്ടൻ ഫില്ലറുകളും ഇൻലൻഡുകളുമായി സംവദിച്ചു. അടിയന്തരാവസ്ഥ എന്ന രാജ്യോൻമാദം മാറിയിട്ടും അപ്പുണ്ണ്യേട്ടൻ കത്തുകൾ എഴുതിക്കൊണ്ടേയിരുന്നു.

ഒരുപാട് തവണ ഞാനാ മനുഷ്യന്റെ തൊട്ടരികിൽ ചെവിടോർത്ത് ഇരുന്നിട്ടുണ്ട്. എന്താണ് അയാൾ പിറുപിറുക്കുന്നത് എന്നറിയാൻ. ഒന്നും തെളിഞ്ഞു കിട്ടിയില്ല പ്രത്യേക ഈണത്തിലുള്ള ആരും കേൾക്കാതെ പോയ ആ പിറുപിറുക്കലുകൾ അടിയന്തരാവസ്ഥക്കെതിരായ ഏറ്റവും ശക്തമായ കവിതകൾ ആയിരുന്നിരിക്കണം. അതിനു ഭാഷ വേണ്ടിയിരുന്നില്ല, വൃത്തമോ താളമോ വേണ്ടിയിരുന്നില്ല. ഇരുട്ടിന് നേർക്ക് വാക്കിന്റെ വെളിച്ചം വിതറിക്കൊണ്ട് ആ മനുഷ്യൻ ഈ കോട്ടക്കൽ അങ്ങാടിയുടെ ഒരു മൂലയിലിരുന്ന് ഒരുപാട് കാലം കത്തുകൾ എഴുതി. ഏകാധിപത്യങ്ങൾ താണ്ഡവമാടുന്ന ഏതെങ്കിലുമൊരു രാജ്യത്തിന്റെ തെരുവുകളിലൊന്നിൽ കമഴ്ന്നിരുന്ന് അപ്പുണ്ണ്യേട്ടൻ ഇപ്പോഴും കത്തുകൾ എഴുതുന്നുണ്ടാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വലിയ ചില ഉന്മാദങ്ങൾക്കുനേരെ ചെറിയ ചെറിയ ഉന്മാദങ്ങൾ ഭൂമിയിലെ എല്ലാ തെരുവുകളിലും അക്ഷരങ്ങളെ തിരയുക തന്നെ ചെയ്യും.

അറിയുന്നതും അറിയാത്തതുമായ അനേകം മനുഷ്യരുടെ ശബ്ദങ്ങൾക്കുമേൽ ഇപ്പോൾ വാഹനങ്ങൾ അലറിപ്പായുകയാണ്. പഴയതൊന്നും ബാക്കിയാക്കാതെ എല്ലാം വിഴുങ്ങിക്കൊണ്ട് നഗരം ഒരു പെരുമ്പാമ്പിനെ പോലെ നീണ്ടുനീണ്ടു പോകുകയാണ്.
പി.എ. വാരിയരുടെയും പി.എസ്. വാരിയരുടെയും പി.കെ. വാരിയരുടെയും കോട്ടക്കൽ ശിവരാമന്റെയും കോട്ടക്കൽ റസാക്കിന്റെയും യു.എ. ബീരാൻ സാഹിബിന്റെയും നഗരമാണ് കോട്ടക്കൽ. ഒപ്പം അഡ്ർ മൂസാക്കയുടെയും, അപ്പുണ്ണി ഏട്ടന്റെയും കറുത്തൊട്ടന്റെയും മുള്ളൻ തൊലിച്ചിയുടെയും തവള മുണുങ്ങിയുടെയും നഗരം കൂടിയാണ് കോട്ടക്കൽ.
ഈ നഗരത്തിന്റെ ഏതെങ്കിലുമൊരു ഊടുവഴിയിൽ തികച്ചും അവിചാരിതമായി ഞാൻ കറുത്തൊട്ടനെ കണ്ടുമുട്ടിയേക്കാം. തന്നെക്കാൾ ഉയരമുള്ള എന്നെ കണ്ണുകൊണ്ട് അളന്ന് ഉറപ്പുവരുത്തി മൂപ്പർ മടങ്ങിപ്പോയേക്കാം. അയാൾക്ക് കൊടുക്കാനായി ഞാൻ എന്റെ കീശയിൽ ഒരു നൂറു രൂപ ഇന്നും മാറ്റി വച്ചിട്ടുണ്ട്. അപ്പുണ്ണ്യേട്ടനുവേണ്ടി കുറച്ച് ഇൻലൻഡുകളും അഡ്ർ മൂസാക്കയ്ക്കായി കുറേ തുണി കണ്ടങ്ങളും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments