ഉമ്മാക്കുവേണ്ടി മാത്രം ഈ അക്ഷരങ്ങൾ

വെറും മനുഷ്യർ- 29

ഈ മകൻ ചുമന്നുകൊണ്ടു വന്ന അരി തിന്ന മക്കളിൽ പലരും ഇന്ന് സ്വന്തം വീടുകളിൽ, ഓർമവാതിലുകൾ അടഞ്ഞുപോയ ഉമ്മാന്റെ തീട്ടം പുരളുന്നത് സഹിക്കാനാവാതെ ഉമ്മാനെ അകറ്റിനിർത്തുകയാണ്.

നാട്ടിലെത്തി കുറഞ്ഞ കാലം കൊണ്ടുതന്നെ വീട്ടിലും വീടിന്റെ അന്തരീക്ഷത്തിലും മാറ്റം വന്നു.
ആറുസെൻറിൽ ഉപ്പയും ഏട്ടന്മാരും ചേർന്ന് ഒരു നെടുമ്പുര കെട്ടിയുണ്ടാക്കി.
കവുങ്ങും മുളയും കൊണ്ട് മേൽക്കൂര.
അതിനു മുകളിൽ ഓല, ഓലയ്ക്കും മുകളിൽ പുല്ല്. ഓല കൊണ്ടുള്ള ചുമരുകൾ... വെയിലും മഴയും നിലാവും സുലഭമായി ആ ഓലച്ചുമരുകളിലൂടെ ഞങ്ങളെ കാണാൻ വന്നു.

വീടിന്റ ഒത്ത നടുവിൽ മേൽക്കൂരയ്ക്കു താങ്ങായി ഉപ്പ ഒരു മുള കുത്തി നിർത്തിയിരുന്നു. വെള്ളം ചുമന്നും വിറക് തേടിയും അന്നം ഒപ്പിച്ചും തളർന്ന ഉമ്മ എല്ലാ സങ്കടങ്ങളെയും ആ മുളംതൂണിൽ തീർത്തു. ഓരോ തവണയും ഉമ്മ ആ തൂണ് പറിച്ചുകളയുമ്പോൾ യാതൊരു മുറുമുറുപ്പും കൂടാതെ ഉപ്പ അത് വീണ്ടും വീണ്ടും കുത്തിനിർത്തി. ഉപ്പാക്കും ഉമ്മാക്കും ഇടയിൽ കലഹമായും ദേഷ്യമായും സ്‌നേഹമായും ആ മുളന്തൂണ് നിന്നു.

ഉപ്പാക്ക് ജോലിയൊന്നും ശരിയായില്ല.
ഏട്ടനാണ് ഇപ്പോൾ കുടുംബത്തിന്റെ ചെലവ് നടത്തുന്നത്. സ്വന്തം നാടിനെ കുറിച്ചും ബന്ധുമിത്രാദികളെ കുറിച്ചും ഉപ്പ കണ്ട സ്വപ്നങ്ങളൊക്കെ കാറ്റത്ത് നിലംപൊത്തിയ നെടുമ്പുരയായി ചത്തുകിടന്നു. ഉപ്പാന്റെ ശബ്ദം കൂടുതൽ കൂടുതൽ താണു. ഉപ്പ തന്നിലേക്കും തന്റെ മതത്തിലേയ്ക്കും മാത്രമായി ചുരുങ്ങി. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ലീഗുകാരനുമായി.
ഉപ്പ അഞ്ചുനേരം പള്ളിയിൽ പോയി. വീട്ടിൽനിന്ന് കിട്ടുന്നത് എന്തായാലും യാതൊരു പരിഭവവുമില്ലാതെ തിന്നു.

ഉപ്പാന്റെ ശബ്ദം താണതിന്റെ പകരമായി ഏട്ടന്റെ ശബ്ദം ഉയരാൻ തുടങ്ങി. പെരുംചിലമ്പിൽവെച്ച് ഞാൻ കണ്ട ഏട്ടനേ ആയിരുന്നില്ല അത്. പ്രണയനഷ്ടം ഏട്ടനെ തികച്ചും മറ്റൊരാളാക്കി മാറ്റി. ആ ഏട്ടന്റെ കൂടെയാണ് മറ്റ് രണ്ട് ഏട്ടന്മാർ പെയിന്റിങ് പണിക്ക് പോയത്. എന്റെ നേരെ മൂത്ത ആൾ വാർപ്പ് പണിക്കും പോയി.
എനിക്കുള്ള പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഏട്ടൻ ഒപ്പം പണിയെടുക്കുന്ന അനിയന്മാരെ മനുഷ്യരായി പോലും പരിഗണിച്ചില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ അനിയന്മാരെ ചീത്ത പറഞ്ഞു. സ്വയം രൂപപ്പെടുത്തിയെടുത്ത അധികാരത്തിന്റെ പുറത്ത് അനിയന്മാരെ കണ്ണും മൂക്കുമില്ലാതെ തല്ലി. പണമില്ലാത്തതുകൊണ്ടുമാത്രം തനിക്ക് നഷ്ടമായ പലതിനോടും ഏട്ടൻ പ്രതികാരം ചെയ്യുകയായിരുന്നു. അതറിയാതെ, വല്ലാതെ മാറിപ്പോയ ഏട്ടനെ അനിയന്മാർ വെറുത്തു. കപടമായൊരു ബഹുമാനം മുഖത്തും പെരുമാറ്റത്തിലും എടുത്തണിഞ്ഞ് അവർ ഏട്ടന്റെ മുമ്പിൽ അനുസരണയോടെ നിന്നു.

നിസ്‌കാരത്തിന്റെ കാര്യത്തിൽ പെരുംചിലമ്പിൽ വെച്ച് യാതൊരു മസിലുപിടുത്തവും ഇല്ലാതിരുന്ന ഏട്ടൻ സുബഹി ബാങ്ക് കേട്ടിട്ടും ഉണരാതെ മടിച്ച് കിടക്കുന്ന ഞങ്ങളുടെ മേലേക്ക് വെള്ളം കൊണ്ടുവന്നൊഴിച്ചു. എന്നിട്ടും എണീറ്റില്ലെങ്കിൽ കയ്യിൽ കിട്ടുന്നതെടുത്ത് അടിച്ചു. നരകം ഭൂമിയിലേക്ക് ഇറങ്ങിവരികയായിരുന്നു ഓരോ പുലർച്ചെകളിലും. ആ നരകത്തിന്റെ ചൂട് ഞാനറിഞ്ഞു.

ഉപ്പാന്റെ മതബോധം അക്രമാസക്തമായില്ല. ഉപ്പ പള്ളിയിൽ പോയി, നിസ്‌കരിച്ചു, ഖുർആൻ ഓതി. മിണ്ടാപ്രാണികൾക്ക് അന്നം കൊടുത്തു. കവലയിൽ കിളികൾക്ക് കുടിക്കാനായി ഒരു പാത്രത്തിൽ വെള്ളം നിറച്ചുവെച്ചു. നെടുമ്പുരയിലേക്ക് ഉപ്പാന്റെ പൂച്ചകൾ വന്നു. അവ ഞങ്ങളുടെ ഭക്ഷണം കട്ടുതിന്നു. ഏട്ടൻ എത്ര അടിച്ചോടിച്ചിട്ടും ഉപ്പാന്റെ പൂച്ചകൾ പെരുകിക്കൊണ്ടിരുന്നു. ഭക്ഷണമൊക്കെ പൂച്ചകളാണ് തിന്നത്. കവലയിലും ഉപ്പാക്ക് പൂച്ചകൾ ഉണ്ടായിരുന്നു. ഉപ്പ അവർക്ക് മീൻകാരന്റെ കൈയിൽ നിന്ന്‌ ചീഞ്ഞ മീനുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊടുത്തു.

‘‘മക്കളെ നോക്കണ്ട, പൂച്ചാളിം നോക്കി നടന്നോളീ'' എന്ന്​ ഉമ്മയും പറഞ്ഞുതുടങ്ങി. ഉപ്പ അതൊന്നും കേട്ടതായി നടിച്ചില്ല. പൂച്ചകളെ ഏട്ടൻ വല്ലാതെ തല്ലുമ്പോൾ മാത്രം ചെറിയ എതിർശബ്ദങ്ങൾ ഉണ്ടാക്കി. ഉപ്പ പള്ളിയിലേക്ക് കയറുമ്പോൾ ഒരുകൂട്ടം പൂച്ചകൾ പള്ളിവാതിൽക്കൽ ഉപ്പാക്ക് കാവൽനിന്നു. പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഉപ്പാന്റെ കാലിൽ ഉരസിക്കൊണ്ട് അവ ഉപ്പാക്ക് കൂട്ടുവന്നു. മിണ്ടാപ്രാണികളെ അടിച്ചോടിക്കുന്നതും അവരെ മടിയിൽ എടുത്തുവെച്ച് ഭക്ഷണം കൊടുക്കുന്നതും ഒരേ ദൈവത്തിലും ഒരേ മതത്തിലും വിശ്വസിക്കുന്ന രണ്ടു പേരാണല്ലോന്ന് ഞാൻ അത്ഭുതം കൊണ്ടു.

ഏട്ടൻ കൊണ്ടുവരുന്ന പണം കൊണ്ട് കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ ഉമ്മ ബന്ധുവീടുകളിലേക്ക് വിരുന്ന് പോയിത്തുടങ്ങി. എന്നെയോ അനിയനെയോ ആണ് ഉമ്മ ആ യാത്രകളിൽ ഒപ്പം കൂട്ടാറ്. അനിയന് അത്തരം യാത്രകൾ ഇഷ്ടമല്ലാത്തതിനാൽ മിക്കവാറും ഞാൻ തന്നെയായി ഉമ്മാന്റെ കൂട്ട്. ഉമ്മാന്റെ ബന്ധുക്കളൊക്കെ നല്ല സാമ്പത്തികനിലയിലായിരുന്നു. ഓരോ വീട്ടിലും ഒരു ഗൾഫുകാരനെങ്കിലും ഉണ്ടായിരുന്നു.

കറുത്ത കാച്ചിത്തുണിയും വെള്ള കുപ്പായവും കറുത്ത മക്കനയും അതിൻമേൽ വെള്ള തട്ടവുമിട്ട് ഉമ്മ എന്നെയും കൂട്ടി വീട്ടിൽ നിന്നിറങ്ങും. എന്റെ കൈയിൽ ചാക്ക് ഉണ്ടാവും. ഞാനത് മടക്കി പ്ലാസ്റ്റിക് കവറിലിട്ട് ഉമ്മാന്റെയൊപ്പം അഭിമാനത്തോടെ നടക്കും. ഇവിടെനിന്ന് കോട്ടക്കലിലേക്ക് ബസ്​ കയറി അവിടുന്ന് കുറെ നടക്കണം ഉമ്മാന്റെ ബന്ധുവീടുകളിലേക്ക്. രണ്ടു ഭാര്യമാരുള്ള ഒരു അടുത്ത ബന്ധുവുണ്ടായിരുന്നു ഉമ്മാക്ക്. അങ്ങോട്ടാണ് മിക്കവാറും യാത്രകൾ. അയാളുടെ ആദ്യഭാര്യയുടെ വീട് നിൽക്കുന്നത് ഉമ്മാന്റെ തറവാട് വീടിനോടുചേർന്നാണ്. ആ പറമ്പുകളിൽ ഇഷ്ടംപോലെ തെങ്ങും പ്ലാവും പഴമരങ്ങളും ഉണ്ടായിരുന്നു.

ഉമ്മാക്ക് അവകാശമൊന്നും കിട്ടാതെപോയ തറവാട്ടുവീട്ടിലേക്ക് ഉമ്മ ഒരിക്കലും പോയില്ല. അവിടെ ഭാഗം വിറ്റുവിറ്റ് ഏതോ അകന്ന ബന്ധുവായിരുന്നു പാർത്തിരുന്നത്. അവർക്ക് ഉമ്മാനെ അറിയുകയുമില്ല. ഞാനാ വീട്ടുമുറ്റത്തേക്ക് കൗതുകത്തോടെ നോക്കും. ഇവിടെയാണ് കാലങ്ങൾക്കുമുമ്പ് ഒരു പെൺകുട്ടി ഓടിക്കളിച്ചത്. ഈ മുറ്റത്തിരുന്നാണ് അവൾ കൂട്ടുകാരികളോടൊപ്പം ചിരട്ടപ്പുട്ടുകൾ ചുട്ടത്. ഈ വഴികളിലൂടെയാണ് അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് മദ്രസയിലേക്ക് പോയത്. ഈ വഴിയോര പച്ചകളിലാണ് അവൾ തന്റെ കൗമാരസ്വപ്നങ്ങളെ കൊരുത്തിട്ടത്.

ഉമ്മാക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. അഞ്ചുവരെ ഉമ്മ മദ്രസയിൽ പഠിച്ചത് അറബി മലയാളമായിരുന്നു. നബീസത്ത് മാലയും മുഹിയുദ്ദീൻ മാലയും മഞ്ഞക്കുളം മാലയും ഉമ്മാക്ക് കാണാപാഠമായിരുന്നു. അതിൽ തന്നെ മുഹിയുദ്ദീൻ മാലയിലെ ഈ നാല് വരികൾ ഇടയ്‌ക്കൊക്കെ ഉമ്മ പാടുമായിരുന്നു.

‘‘എന്റെ മുരീദുകൾ എൻ കൂടെ കൂടാതെ എന്റെ കാലൊന്നും പരിക്കെനെന്നോവർ കൺകൂടാ വെട്ടത്തിൽ നിന്റെ മുരീദുകൾ സ്വർഗത്തിൽ പോമെന്നു അല്ലാഹ് കൊടുത്തോവർ’’

ഇതിന്റെ പാരഡിയായി എവിടെനിന്നൊക്കെയോ നാലുവരി എന്റെ ചുണ്ടിലും പറ്റിപ്പിടിച്ചിരുന്നു. ഉമ്മ ഈ വരി പാടുമ്പോൾ ഒപ്പം ഞങ്ങൾ കുട്ടികളും ഉറക്കെ പാടും

‘‘പള്ള പയിച്ചിറ്റ് മേപ്പോട്ട് നോക്കിയപ്പൊ നീല നിറത്തിലൊരാകാശം കണ്ടോവർ പിന്നേയും പയിച്ചീട്ട് മൂച്ചിമ്മെ കേറീട്ട് മുന്നൂറ് കോമാങ്ങാ തോലോട്ക്ക് തിന്നോവർ.’’

തന്റെ ഭക്തിക്ക് പാരഡി പാടുന്ന മക്കളെ ഉമ്മ ചിരിയോടെ നോക്കിനിൽക്കും.
ഈ തറവാട്ടുവീട്ടിൽ വെച്ചാണ് ഉമ്മ ഈ പാട്ടുകളൊക്കെ പഠിച്ചത്. ഈ വീട്ടിൽ നിന്നാണ് ഉമ്മ പുതുപ്പെണ്ണായി ഇറങ്ങിയത്. ഈ വീട്ടിലേക്കാണ് ഉപ്പ കോട്ടക്കലിൽ നിന്ന് രാത്രി പുത്യാപ്ലയായി വന്നത്. കല്യാണത്തിന്റെ പിറ്റേരാത്രിയിലാണ് അവർ പരസ്പരം മുഖം പോലും കണ്ടത് എന്നത് ഇന്നൊരു കെട്ടുകഥയായി തോന്നാം... പക്ഷേ ഒരു കാലം മുസ്​ലിം പെൺകുട്ടികൾ പതിമൂന്നും പന്ത്രണ്ടും വയസ്സിൽ തങ്ങളെ വിവാഹം ചെയ്യാൻ പോവുന്ന ആളുടെ മുഖം പോലും കാണാതെ അവരുടെ പ്രായമോ നിറമോ തൊഴിലോ അറിയാതെ മണിയറകളിലേക്ക് തലതാഴ്​ത്തിപ്പിടിച്ച്​നടന്നുപോയി.

ഖാളിയും കാർന്നോമ്മാരും കൂടി തീരുമാനിക്കുന്ന പുരുഷന്റെ വീടുകളിൽ മക്കളെ പെറ്റുകൂട്ടാനുള്ള യന്ത്രങ്ങളായി അവർ വിശ്രമമില്ലാതെ പണിയെടുത്തു. വിശന്നപ്പോൾ ആരുടെയും അനുവാദമില്ലാതെ കുറച്ച് ഭക്ഷണം വിളമ്പി കഴിച്ചതിന് കല്യാണത്തിന്റെ എട്ടാംനാളിൽ മൊഴിചൊല്ലപ്പെട്ട തന്റെ കൂട്ടുകാരിയെ കുറിച്ച് ഉമ്മ എപ്പോഴും പറയുമായിരുന്നു. ഉമ്മാന്റ തറവാട് വീടിന്റെ മുമ്പിലൂടെ നടക്കുമ്പോഴെല്ലാം ഞാൻ രൂപരഹിതമായ കളിചിരികൾ കേട്ടു. ഒപ്പനപ്പാട്ടുകളും അറപ്പാട്ടുകളും കേട്ടു.

കാലങ്ങൾക്കുശേഷം കലാഭവൻ മണിയുടെ ശബ്ദത്തിൽ ‘തോട്ടക്കാട്ടിലെ മമ്മദ് കാക്കാന്റെ കൊമ്പൻ മീശ...'
എന്ന പാട്ട് ടേപ്പ് റെക്കോർഡറിൽ നിന്ന് കേട്ടപ്പോൾ ചെറുപ്പത്തിൽ താൻ പഠിച്ച ആ പാട്ടിന്റെ ബാക്കി വരികൾ മുഴുവൻ ഉമ്മ ഈണത്തിൽ പാടുന്നത് ഞാൻ അന്തംവിട്ട് കേട്ടിരുന്നു. ഉമ്മാന്റെ പ്രായത്തിലുള്ള സ്ത്രീകൾക്കെല്ലാം ധാരാളം പാട്ടുകൾ അറിയാമായിരുന്നു. അലക്കിനും ഉണക്കിനും പാചകത്തിനും പെറലിനും മുലയൂട്ടലിനുമൊക്കെ ഇടയിൽ അവർ ആ പാട്ടുകൾ ഉള്ളിൽ സൂക്ഷിച്ചു. അവരുടെ ശബ്ദം ആരും കേട്ടില്ല, കുളിമുറിയിൽ പോലും അവർ ഉറക്കെ പാടിയില്ല. താരാട്ട് പാട്ടുകളിലേക്ക് മണിയറപ്പാട്ടുകളോ പ്രണയപ്പാട്ടുകളോ കടന്നുവന്നതുമില്ല. എവിടെയും രേഖപ്പെടുത്താതെ പോയ ആ പാട്ടുകളൊക്കെ മണ്ണടിഞ്ഞ് കഴിഞ്ഞു.

ബന്ധുവീടിന്റ ഗേറ്റ് കടക്കുമ്പഴേ ഉമ്മ ഉത്സാഹത്തോടെ നീട്ടി സലാം ചൊല്ലും. അത്രയൊന്നും ഉത്സാഹമില്ലാതെ അവിടന്ന് സലാം മടക്കപ്പെടും. രണ്ട് ഭാര്യമാരുള്ള ആ മനുഷ്യൻ ഗൾഫിലായിരുന്നു. രണ്ട് ഭാര്യമാരുടെയും വീടുകൾ ഒരേ പറമ്പിലായിരുന്നു. രണ്ടും വാർപ്പിന്റെ വീടുകളായിരുന്നു. ഒരു വീട്ടിൽ അയല പൊരിച്ചാൽ മറ്റേ വീട്ടിലും അയല പൊരിക്കണമായിരുന്നു. ആദ്യഭാര്യ നാല്പതുകൾ പിന്നിടുന്ന ഒരു സ്ത്രീയായിരുന്നു. അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ഭാര്യ യുവതിയായിരുന്നു. അവർക്ക് ഒരു ആറുവയസ്സുകാരൻ മകൻ ഉണ്ടായിരുന്നു. വല്ലാതെ ലാളിച്ചു വളർത്തിയതിനാലാവണം, അവന് പിടുത്തംവിട്ട വികൃതിയായിരുന്നു.

കുട്ടികൾ ഇല്ല എന്ന ന്യായം പറഞ്ഞാണ് അയാൾ രണ്ടാമത്തെ വിവാഹം കഴിച്ചത്. രണ്ടാം ഭാര്യയിൽ മൂന്നു കുട്ടികൾ ഉണ്ടായിട്ടും പിന്നീടയാൾ തന്റെ അറുപതാം വയസ്സിൽ ഒരു ഇരുപതുകാരിയെ കൂടി വിവാഹം കഴിച്ചു. അതിലുമുണ്ടായി രണ്ട് കുട്ടികൾ. ആദ്യ ഭാര്യയുടെ വീട്ടിൽ കുട്ടികളില്ലാത്തതിനാൽ അവിടെ കളിപ്പാട്ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സൈക്കിളും പന്തും ദുബായീന്ന് വന്ന കളിവണ്ടികളും എന്നെ മോഹിപ്പിച്ചുകൊണ്ട്​ മറ്റേ വീട്ടിലാണ് ചിതറിക്കിടന്നത്. കുട്ടികൾ ഇല്ലാത്തത് കൊണ്ടാവണം അവർക്ക് എന്നെ ഇഷ്ടമായിരുന്നു. എന്നെ ചേർത്തുപിടിച്ച് മുടിയിൽ തലോടുമ്പോൾ അവരുടെ ഉള്ളിൽ പൊടിഞ്ഞ കണ്ണീര് ഞാൻ കണ്ടില്ല. പക്ഷേ ജലദോഷപ്പനിയുടെ നേരത്ത് വെയില് കൊള്ളുമ്പോൾ കിട്ടുന്ന ഒരു സുഖം അവരുടെ സാന്നിധ്യത്തിൽ എനിക്ക് കിട്ടിയിരുന്നു.

ചെന്നയുടൻ അവർ എനിക്ക് കുത്തരിക്കഞ്ഞിയും പുഴുക്കും വിളമ്പിത്തരും. ഉമ്മാക്ക് ചായ ഉണ്ടാക്കി കൊടുക്കും. എന്റെ അരികിൽ നിന്ന് എനിക്ക് വീണ്ടും വീണ്ടും വിളമ്പി തന്നുകൊണ്ട് ഉമ്മാനോട് വർത്താനം പറയും. ഭർത്താവ് തന്നെ അവഗണിക്കുന്നതിന്റെ സങ്കടങ്ങളായിരുന്നു അവർ ഉമ്മാനോട് പറഞ്ഞത്. മുകളിലെ വീട് ഇളംനീല പെയിന്റണിഞ്ഞ് തിളങ്ങി നിന്നപ്പോൾ അവരുടെ വീട് എന്നോ അടിച്ച കുമ്മായത്തിന്റെ നീലപ്പാടുകളുമായി കരഞ്ഞുനിന്നു. മുകളിലെ വീടിന്റെ വടക്കിനിപ്പുറത്ത് പുതിയ വിറകുപുരയുടെ പണി നടക്കുന്നുണ്ടായിരുന്നു. അവിടെ ഇങ്ങോട്ട് കാണാൻ പാകത്തിൽ ഒരു മരപ്പലക തൂക്കിയിട്ട് അതിൽ കരിങ്കണ്ണാ നോക്ക്... എന്ന് എഴുതിവെച്ചിരുന്നു.

ജഗതി ഏതോ സിനിമയിൽ പറഞ്ഞപോലെ, ആ എഴുത്ത് തന്നെ ഉദ്ദേശിച്ചാണ്, തന്നെ മാത്രം ഉദ്ദേശിച്ചാണ്, തന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നവർ ഉറച്ച് വിശ്വസിച്ചു. കഞ്ഞിയും പുഴുക്കും കഴിച്ചുകഴിഞ്ഞാൽ ഞാനാ പറമ്പിലെ കവുങ്ങിൻതോട്ടത്തിൽ പൊഴിഞ്ഞുകിടക്കുന്ന പഴുത്ത അടയ്ക്കകൾ
ഉമ്മാക്കുവേണ്ടി പെറുക്കിയെടുക്കും. ഉമ്മ നാട്ടിലെത്തിയപ്പോൾ വെറ്റിലമുറുക്ക് പതിവാക്കി കഴിഞ്ഞിരുന്നു. ബന്ധുവീടുകളിൽ നിന്ന് മുറുക്കാൻ കാശ് എന്നു പറഞ്ഞ് ഉമ്മാക്ക് കൊടുത്തിരുന്ന സ്‌നേഹഭിക്ഷയുടെ നോട്ടുകളാവും ഉമ്മാനെ സ്ഥിരം വെറ്റില മുറുക്കൽകാരിയാക്കി മാറ്റിയത്. അടയ്ക്കയും വെറ്റിലയും ആ പറമ്പുകളിൽ ഇഷ്ടംപോലെയുണ്ടായിരുന്നു.

ആ വീട്ടിൽനിന്ന് ഇറങ്ങാൻ നേരം അവർ പൊതിച്ചിട്ട തേങ്ങയിൽ നിന്ന് രണ്ടെണ്ണവും കുറച്ച് അരിയും ഉമ്മാക്ക് കൊടുക്കും. ഒപ്പം മുറുക്കാൻ കാശും എനിക്ക് മുട്ടായി കാശും തരും.

‘ഇദൊന്നും മാണ്ട, കൊറച്ചേരം മുണ്ടീം പറഞ്ഞും ഇരിക്കാനല്ലേ നബീസോ ഞാൻ വര്ണ്ടത്?' എന്ന് ഉമ്മയും ‘അദ് ഇന്ക്കറിയാ, ഇന്റെ ഒര് സന്തോഷത്തിനല്ലേ?' എന്ന് അവരും എപ്പോഴും ആവർത്തിക്കുമായിരുന്നു.

ഉമ്മാന്റെ ആവശ്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി ഞാൻ ചാക്ക് നിവർത്തിപ്പിടിച്ചുനിൽക്കും. അവർ അതിലേക്ക് മുറം കൊണ്ട് അരി അളന്നിടും. പിന്നെ ചാക്കിലേക്ക് രണ്ട് തേങ്ങയും ഇട്ടുതരും. പെറുക്കിയെടുത്ത അടയ്ക്കയും പറിച്ചെടുത്ത വെറ്റിലകളും ചേമ്പിലയിൽ പൊതിഞ്ഞ് ഞാനാ ചാക്കിലേക്ക് വെക്കും. ഉമ്മാന്റെ കൈയിലേക്ക് ചുരുട്ടിപ്പിടിച്ച പത്തിന്റെ നോട്ടുകൾ നീളും. എന്റെ കീശയിലേക്ക് അഞ്ചിന്റെ നാണയം വീഴും. ഓരോ തവണയും ഉമ്മ ആ നോട്ടുകൾ ഒരു ആചാരം പോലെ നിരസിക്കുന്നതും അവർ നിർബന്ധിക്കുന്നതും കണ്ടുനിൽക്കുക എന്നത് അത്ര സുഖമുള്ള കാര്യമായിരുന്നില്ല.

അവിടുന്ന് ഇറങ്ങിയാൽ ഗെയിറ്റും കടന്ന് നേരെ മുകളിലേക്കുള്ള വീട്ടിലേക്കാണ്. ഞാൻ ചാക്ക് വാഴനാരുകൊണ്ട് കെട്ടി അതും തലയിൽ ചുമന്ന് ഉമ്മാന്റെ പിന്നാലെ നടക്കും. ഉമ്മ നീട്ടി സലാം ചൊല്ലുമ്പോൾ ഞാൻ ചാക്കുകെട്ട്, കാർ പോർച്ചിന്റെ ഒരു മൂലയിൽ ഇറക്കിവയ്ക്കും. ഉടനെ ആ വീട്ടിലെ ആറുവയസ്സുകാരൻ ആരോ പറഞ്ഞു പഠിപ്പിച്ച പോലെ ഓടിവന്ന് ആ ചാക്കിൽ ചവിട്ടും. തടയാൻ നോക്കിയാൽ അവനെന്നെ ഉന്തിയിടും. അതുകാരണം ഞാൻ ഒന്നും മിണ്ടാതെ ക്രൂരമായ ആ വികൃതി കണ്ടുനിൽക്കും. അരിച്ചാക്കിൽ ചവിട്ടുന്ന അവനോട് ഉമ്മ പറയും, ‘മോനേ... അരിമ്മല് ചവ്ട്ടാൻ പാടില്ല ട്ടാ... '
‘ഇജ് പോടീ’ന്നും പറഞ്ഞ് അവൻ തന്റെ വികൃതി തുടരും. ഉമ്മാന്റെ കണ്ണുകളിലേക്ക് തീപടരുന്നതും ജീവിതം തനിക്ക് നിവർത്തിത്തന്ന നിസ്സഹായതയുടെ കരിമ്പടം കൊണ്ട് ഉമ്മ ആ തീ അണയ്ക്കുന്നതും നോക്കിനിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. അവന്റെ ഉമ്മയും അത് നോക്കിനിൽക്കുന്നുണ്ടാവും.
ഉമ്മ ആ യുവതിയൊട് പറയും, ‘ഇപ്പത്തെ കുട്ട്യാളെ ഒര് കാര്യേയ്...'
അവർ ചിരിയോടെ അവനെ മാടിവിളിച്ച് അരികിൽ ചേർത്തുപിടിച്ച് പറയും; ‘ഇവന് ഇബന്റെ പ്പാന്റെ വികൃതിയാണ് കിട്ടീക്ക്ണ്ടത്.’

ജീവിതം തന്നെ ഒരു പെരും വികൃതിയായി മാറുമ്പോൾ ഇതൊക്കെ എന്ത് വികൃതി എന്ന അലസഭാവത്തിൽ ഉമ്മ അകത്തേയ്ക്ക് കടക്കും.

ഞാൻ ആ കുട്ടിയെ പേടിച്ച് മുറ്റത്തുതന്നെ പതുങ്ങിനിൽക്കും. ബാപ്പാന്റെ വികൃതി കിട്ടിയ അവന് എന്നെയും പലപ്പോഴും ഒരു അരിച്ചാക്കായി തോന്നാറുണ്ട്. കാലുയർത്തി ചവിട്ടാറുമുണ്ട്. കഴിയുന്നതും ഞാൻ ഒഴിഞ്ഞുമാറും. അപ്പോൾ അവൻ പന്തെടുത്ത് എന്നെ എറിയും. പന്ത് പിടിച്ചെടുത്ത് ഞാനവന് ഇട്ടുകൊടുക്കും. ഒന്നുരണ്ടുതവണ എറിഞ്ഞുകഴിയുമ്പോൾ അതൊരു കളിയായി മാറും. പക്ഷേ പന്ത് തൊടിയിലേക്ക് ഉരുണ്ടുപോയാൽ അത് എടുക്കാൻ പോകുന്ന എന്നെ അവൻ കല്ലെടുത്ത് എറിയും. എന്റെ നടുമ്പുറത്ത് വന്നുവീഴുന്ന കല്ലുകളുടെ വേദന മറക്കാൻ എനിക്ക് ആ ദുബായ് പന്തുമായി കുറച്ചുനേരം കളിച്ചാൽ മാത്രം മതിയായിരുന്നു.

ആ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി പാൽപ്പൊടിയിട്ട ചായ കുടിച്ചത്. അവിടുത്തെ അടുക്കള റാക്കിനുമുകളിൽ കയറ്റിവെച്ച നിഡോയുടെ പാൽപ്പൊടി ടിന്ന് അന്ന് ഒരു അപൂർവ വസ്തുവായിരുന്നു. സ്റ്റൂളിൻമേൽ കയറി ഞാനാണ് ടിന്ന് എടുത്തുകൊടുക്കേണ്ടത്. പിന്നെ ഞാൻ അമ്പത് തേങ്ങ പൊളിക്കണം. കുത്തിനിർത്തിയ ഇരുമ്പു പാരയിൽ ഞാൻ അമ്പത് തേങ്ങകൾ പൊളിച്ചെടുക്കും. രണ്ട് കൈയിന്റെയും മസിലുകളും നെഞ്ചും വേദനിക്കും. വയ്യ എന്ന് പറയാൻ പലവട്ടം ഒരുങ്ങിയെങ്കിലും അവർ തരുന്ന അഞ്ച് തേങ്ങ ഉമ്മാന്റെ കണ്ണുകളിൽ വിരിയിക്കുന്ന സന്തോഷത്തിന്റെ പൂക്കൾക്കായി അവിടെ ചെല്ലുമ്പോഴൊക്കെ ഞാൻ തേങ്ങ പൊളിച്ചു. തേങ്ങ പൊളിച്ചുകഴിഞ്ഞാൽ അവർ എനിക്ക് പാൽപ്പൊടിയിട്ട ചായ തരും. ആറാംനമ്പർ എന്ന ബേക്കറി പലഹാരം തരും. മഞ്ഞയും ഓറഞ്ചും നിറമായിരുന്നു ആ പലഹാരത്തിന്. ഓരോന്നായി ഞാനത് ആസ്വദിച്ചു കഴിക്കുമ്പോൾ ആ ചെറുക്കൻ ഓടിവന്ന് പാത്രത്തിൽ കൈയിട്ട് ഒന്നാകെ അത് വാരിയെടുക്കും.

അനക്ക് ഞാൻ വേറെ തരാ ട്ടാ... എന്ന് അവന്റെ ഉമ്മ എന്നോട് ചിരിയോടെ പറയുമെങ്കിലും അവരത് ഉടൻ തന്നെ മറന്നുപോവും. അതുകാരണം പലഹാരം കിട്ടിയാലുടൻ ഞാനാദ്യം ഒരുപിടി വാരി കീശയിലിടും. ഉമ്മ സങ്കടങ്ങളുടെ കാർമേഘങ്ങൾ ഉള്ളിലൊളിപ്പിച്ച്‌ ഇതൊക്കെ കാണുന്നുണ്ടാവും. ആ വീട്ടിലെ സ്ത്രീക്ക് അറിയേണ്ടത് മറ്റേ വീട്ടിൽ നിന്ന് തന്നെക്കുറിച്ച് എന്തൊക്കെ കുറ്റങ്ങളും കുറവുകളുമാണ് ഉമ്മാക്ക് പറഞ്ഞുകൊടുത്തത് എന്നായിരുന്നു.
‘ഒന്നും പറഞ്ഞിട്ടില്ല മോളേ... ഓളൊരു പാവാണ്' എന്ന് ഉമ്മ പറയും.
‘നല്ല പാവാ... ലച്ചണം കേട്ടതാണ്. വെറുതല്ലല്ലോ പടച്ചോൻ ഓൾക്ക് കുട്ട്യാളെ കൊടുക്കാത്തത്.’

സ്‌നേഹത്തിന്റെ വിരലുകൾക്ക് കുട്ടികളെ കൊടുക്കാതെ അസൂയയുടെയും കുശുമ്പിന്റെയും വിരലുകൾക്ക് വികൃതിക്കുട്ടികളെ കൊടുക്കുന്ന പടച്ചോൻ വല്ലാത്തൊരു പടച്ചോൻ തന്നെയാണെന്ന് ഞാൻ എന്നോടുതന്നെ പറയും. ആദ്യമൊക്കെ എനിക്കവർ തന്നത് മധുരമുള്ള ചായയായിരുന്നു. പിന്നെ പിന്നെ പേരിനുമാത്രം പാൽപ്പൊടിയിട്ട, മധുരമോ ചൂടോ ഇല്ലാത്ത വെറും വെള്ളമാണ് ചായയെന്ന പേരിൽ തന്നത്. ഞാനത് കുടിക്കാനാവാതെ ചുണ്ടിൽ മുട്ടിച്ച് ഇരിക്കുമ്പോൾ ഒരു പരിഹാസച്ചിരിയോടെ അവർ എന്നോടായി പറയും, ‘കുടിച്ചോ മോനെ... അനക്ക് നല്ല ഇഷ്ടല്ലേ പാൽച്ചായ? ന്നിട്ടെന്താ ഇജ് കുടിച്ചാത്തത്? മധ്​രം കൊറവ്‌ണ്ടോ? '
മധുരവും പാൽപ്പൊടിയും ചൂടും ഇല്ലെന്നു പറയാൻ എന്റെ നാവനങ്ങിയില്ല. അവരുടെ നിർബന്ധത്തിനുവഴങ്ങി ഞാനാ വെള്ളം കുടിച്ചുതീർക്കും. ആദ്യമൊന്നും ഉമ്മ ഇത് ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ച് തുടങ്ങിയപ്പൊ ഉമ്മ പറയാൻ തുടങ്ങി, ‘ഓൻ തായത്ത്ന്ന് കഞ്ഞി കുടിച്ചതാണ്. ഓൻക്ക് ചായണ്ടാക്കണ്ട ട്ടാ...'

ചായ നിന്നപ്പൊ പലഹാരവും നിന്നു. ചവിട്ടും പന്തേറും തേങ്ങ പൊളിക്കലും അട്ടത്ത്ന്ന് വിറകെടുത്ത് കൊടുക്കലും കുളിമുറി കഴുകലുമൊക്കെയായി, ഉമ്മാക്ക് കൊടുക്കുന്ന അഞ്ച് തേങ്ങയ്ക്കും കുറച്ച് അരിക്കും പകരമായി അവരെന്നെക്കൊണ്ട് പണിയെടുപ്പിച്ചു. പൊട്ടിയ ദുബായ് പന്തുകൾ അവിടുന്ന് കൊണ്ടുവന്ന് അതിൽ കടലാസ് കുത്തിനിറച്ച് ഞാനും അനിയനും കളിക്കുന്ന കളിയിൽ ആ പണികളുടെ ക്ഷീണം ഞാൻ മറക്കുമായിരുന്നു. അവിടെ ചെയ്യുന്ന ജോലിയെക്കുറിച്ചൊന്നും വീട്ടിൽ ചെന്ന് ആരോടും പറയരുതെന്ന് ഉമ്മ വിലക്കിയിരുന്നു. ഉമ്മ വിലക്കിയില്ലെങ്കിൽ പോലും അതൊന്നും ആരോടും പറയാനുള്ള കാര്യങ്ങളല്ല എന്നും പറയാൻ കഴിയാത്ത അനേകം കാര്യങ്ങളുടെ ആകെത്തുകയാണ് ജീവിതമെന്നും ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

ഉമ്മാന്റെ പിന്നാലെ ചാക്കും തലയിലേറ്റി നടന്ന ആ വഴികളെ ഇപ്പോൾ എന്തിനെന്നില്ലാതെ ഓർത്തുപോവുകയാണ്. ചെരിപ്പില്ലാത്ത കാലിൽ അന്ന് തറച്ച കൽച്ചീളുകളെയും മുള്ളുകളെയും ഓർത്തുപോവുകയാണ്. സ്‌നേഹഭിക്ഷയായി കിട്ടിയ ആ വെറും വെള്ളങ്ങൾ കുടിച്ചുതീർത്ത മകന് നല്ല ചായ കുടിക്കാൻ ഒരു അമ്മ തന്ന മുഷിഞ്ഞ നോട്ടുകളെ ഓർത്തുപോവുകയാണ്. മകൻ ചായ കുടിച്ചുതീരുവോളം പൊരിവെയിലത്ത് ചാക്കുകെട്ടിലെ അരിക്കും തേങ്ങയ്ക്കും കാവൽ നിന്ന ഉമ്മയെന്ന കടലിരമ്പം ഞാൻ കേൾക്കുകയാണ്.

ബസിൽ ഒരേ സീറ്റിലിരുന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ കൈയിൽ തടവി, നിനക്ക് വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ച നിസ്സഹായയായ അമ്മയെ ഓർത്തുപോവുകയാണ്. രക്തബന്ധുക്കൾ ദാനംനൽകിയ പഴം കുപ്പായങ്ങൾ മക്കൾക്ക് ധരിക്കാൻ അഴിച്ചുതുന്നുന്ന ആ മെല്ലിച്ച വിരലുകളെ ഓർത്തുപോവുകയാണ്. ആ മക്കളിൽ ഒരാളുടെ വീട്ടിൽ ഭക്ഷണം പോലും ശരിക്ക് കിട്ടാതെ എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞ് ഉമ്മ കരഞ്ഞത് ഒരാഴ്​ച മുമ്പാണ്.

ആ യാത്രകളിൽ ഈ മകൻ ചുമന്നുകൊണ്ടുവന്ന അരി തിന്ന മക്കളിൽ പലരും ഇന്ന് സ്വന്തം വീടുകളിൽ, ഓർമവാതിലുകൾ അടഞ്ഞുപോയ ഉമ്മാന്റെ തീട്ടം പുരളുന്നത് സഹിക്കാനാവാതെ ഉമ്മാനെ അകറ്റിനിർത്തുകയാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നത്തിന് അക്ഷരങ്ങളല്ലാതെ മറ്റൊന്നും കൂട്ടില്ലാത്ത ഈ മകൻ ഉള്ളിൽ ആ അരിച്ചാക്കുകൾ ചുമക്കുകയാണ്. കഴുത്ത് കടയുന്നുണ്ടോ അനക്ക് എന്ന് ചോദിച്ച്, മറവിക്ക് വഴങ്ങാതെ ഉമ്മയെന്ന സങ്കടക്കടൽ എന്റെയുള്ളിൽ ആർത്തലയ്ക്കുകയാണ്. വിഡ്ഢിയായ ഈ മോന് പൊറുത്തുതരണേ ഉമ്മാ...▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments