ചിത്രീകരണം: ദേവപ്രകാശ്

ഖബറിനുള്ളിൽ ദേവകീ സൈനു
അന്ത്യവിധി കാത്ത് കിടക്കുകയാണ്

വെറും മനുഷ്യർ- 30

പള്ളിക്കാട്ടിൽ കുട്ട്യസ്സന്റെയും പിതാവ് കുഞ്ഞു ഹാജിയുടേയും ഖബറിടങ്ങൾക്ക് നേരെ എതിർ വശത്തായി മൈലാഞ്ചിച്ചെടികൾ അതിരിട്ട ഖബറിനുള്ളിൽ ദേവകീ സൈനു അന്ത്യവിധി കാത്ത് കിടക്കുകയാണ്. അവർക്ക് സ്വർഗ്ഗമോ നരകമോ വിധിക്കാനാവാതെ ദൈവം തലകുനിച്ച് ഇരിക്കുകയാണ്.

ങ്ങളുടെ വീട് നിന്ന വിശാലമായ പറമ്പിന്റെ അങ്ങേയറ്റത്തായിരുന്നു ദേവകീ സൈനുവിന്റെ വീട്. ഏക്കർ കണക്കിന് പരന്നുകിടന്ന ആ പറമ്പിനിടയിൽ അതിരുകളുണ്ടായിരുന്നില്ല. ദേവകീ സൈനുവിന്റെ വീടിനുതാഴെ കുത്തനെയുള്ള ഇറക്കമാണ്. ആ ഇറക്കം ഇറങ്ങിച്ചെന്നാൽ യു.പി. സ്‌കൂളും മദ്രസയുമുള്ള വില്ലൂരാണ്. ഞങ്ങളുടെ വീട്ടിൽനിന്ന് നോക്കിയാൽ കളിവീട് പോലെ അവരുടെ വീട് കാണാം.

വിശ്വസിക്കാൻ പറ്റുന്നതും പറ്റാത്തതുമായ അനേകം കഥകളാണ് ദേവകീ സൈനുവിനെ കുറിച്ച് നാട്ടുകാർ പറഞ്ഞത്. ഞാൻ കാണുന്ന കാലത്ത് അവർക്ക് നാൽപത്തഞ്ചിലേറെ പ്രായമുണ്ടായിരുന്നു. പക്ഷേ ഇരുപതിന്റെ ഉൾക്കരുത്തും പുറംവടിവുകളുമായി അവരുടെ ഉടൽ ആരെയും മോഹിപ്പിക്കുന്ന തരത്തിൽ ആ പറമ്പിൽ ഒറ്റ മരമായി നിവർന്നങ്ങനെ നിന്നു. കറുത്ത് ഇടതൂർന്ന മുടി... അക്കാലത്ത് ആരും ധരിക്കാത്ത മാക്‌സിയായിരുന്നു അവരുടെ വീട്ടുവേഷം. പുലരിത്തുടിപ്പുള്ള അധരങ്ങൾക്കുമേൽ നേർത്ത പൊടിമീശ... സാഗരങ്ങളെ ഗർഭം ധരിച്ച കണ്ണുകൾ.. നെഞ്ചിൽ ശ്വാസം മുട്ടി കിടന്ന മുലകൾ...

കുഞ്ഞു, ദേവകിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്നു. അറ്റമില്ലാതെ പരന്നു കിടന്ന തന്റെ പറമ്പിന്റെ ഒരു മൂലയിൽ അവൾക്കായി വീട് പണിതു. കുഞ്ഞുവിന്റെ രണ്ട് ഭാര്യമാരും, അനേകം കാമുകിമാരും അയാളെ വെറുത്തു

അവരുടെ പറമ്പിലാണ് ഞങ്ങളുടെ വിശപ്പാറ്റാനുള്ള ചക്കയും കാച്ചിലും ചേമ്പും ചേനയും കിടന്നത്. അവർ നീണ്ട തോട്ടി കെട്ടി പ്ലാവിന്റെ ഉയർന്ന കൊമ്പുകളിൽ നിന്ന് ചക്ക പറിച്ചിട്ട് തരും. വരിക്കച്ചക്കയും പഴം ചക്കയും ആ പ്ലാവുകളിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. അവരുടെ വീട്ട് പറമ്പ് ചെറിയൊരു കാടായിരുന്നു. നിറയെ പച്ചകൾ. ആ പച്ചകൾക്കുനടുവിൽ ചാന്ത് തേക്കാത്ത വെട്ടുകല്ലിന്റെ ചുമരുകളുമായി നിന്ന വീട്. ആ ചുമർവിടവുകളിൽ ജീവൻ വെച്ച കുഞ്ഞുചെടികൾ. പായൽ പിടിച്ച മേൽക്കൂര...

അടക്കാ കച്ചവടവും കാളപൂട്ടും തല്ലും താന്തോണിത്തരവുമായി ഊരുചുറ്റുന്ന കുഞ്ഞു അങ്ങാടിപ്പുറത്തെ പേരുകേട്ട തറവാട്ടിൽ അടക്കാ കച്ചവടത്തിനു പോയപ്പോഴാണ് ദേവകിയെ ആദ്യം കണ്ടത്. വെറും കാഴ്ചയല്ല. തറവാട്ട് കുളത്തിൽ ഒറ്റമുണ്ടുടുത്ത് നീന്തിക്കുളിക്കുന്ന പത്തൊമ്പതിന്റെ ഉടൽ മുഴുപ്പുകളുടെ കണ്ണ് തള്ളിക്കുന്ന കാഴ്ച്... തന്നെത്തന്നെ നോക്കി നിൽക്കുന്ന മെലിഞ്ഞ് ഉയരം കൂടിയ മനുഷ്യനെ ദേവകിയും കണ്ണെടുക്കാതെ നോക്കി. തന്റെ നോട്ടത്തിനു മുമ്പിൽ തലതാഴ്ത്തുന്ന പെണ്ണുങ്ങളെ മാത്രമേ അതുവരെ കുഞ്ഞു കണ്ടിരുന്നുള്ളൂ. ദേവകിയുടെ കണ്ണുകൾ പറഞ്ഞ ഭാഷക്കുമുമ്പിൽ വമ്പുറ്റ കുഞ്ഞുവിന് തലതാഴ് ത്തേണ്ടി വന്നു. അയാളുടെ ഉള്ളിൽ എന്തൊക്കെയോ കടപുഴകി.
അടക്കാ കച്ചവടം മുഴുവനാകും മുമ്പ് തന്നെ ആ രണ്ട് ഉടലുകൾ അവരുടെ ഭാഷ കൈമാറി. ചുംബനങ്ങളും നൊട്ടി നുണയലുകളും ചലനങ്ങളും ചലനവ്യതിയാനങ്ങളും ഉടൽ പെരുക്കങ്ങളും കയ്പ്പില്ലാത്ത കാഞ്ഞിരക്കാറ്റുകളായി അവരെ വട്ടംചുറ്റിച്ചു. ഉടൽ ഭാഷണങ്ങൾ പലയാവർത്തി കഴിഞ്ഞാണ് അവരുടെ ഹൃദയ ഭാഷണങ്ങൾ തുടങ്ങിയത്.

കുഞ്ഞു, ദേവകിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്നു. അറ്റമില്ലാതെ പരന്നു കിടന്ന തന്റെ പറമ്പിന്റെ ഒരു മൂലയിൽ അവൾക്കായി വീട് പണിതു. കുഞ്ഞുവിന്റെ രണ്ട് ഭാര്യമാരും, അനേകം കാമുകിമാരും അയാളെ വെറുത്തു. അങ്ങാടിപ്പുറത്തുനിന്ന് ദേവകിയെ തിരഞ്ഞുവന്നവരെ കുഞ്ഞു ഒറ്റക്കുനേരിട്ടു. കൂട്ടയടിയുടെ ഒടുക്കം അങ്ങാടിപ്പുറത്തുകാർ ദേഹത്ത് മുറിപ്പാടുകളുമായി മടങ്ങിപ്പോയി. നാട്ടിലെ മറ്റ് മുസ്‌ലിം പ്രമാണിമാർ ഇടപെട്ടപ്പോൾ കരുവാരക്കുണ്ടിലെ തന്റെ മാളികവീട്ടിൽ കുറച്ചുകാലം ദേവകിയെ കൊണ്ടുപോയി പാർപ്പിച്ച് സൈനബയാക്കി പേരുമാറ്റി കുഞ്ഞു അവളെ മടക്കി കൊണ്ടുവന്നു.

പ്രമാണിമാർക്കും പള്ളിക്കാർക്കും മൊയ്​ല്യാർമാർക്കും നല്ല കുട്ടൻ ബിരിയാണി വെച്ചുവിളമ്പി നിക്കാഹും കല്യാണവും ഒരുമിച്ച് നടത്തി. ദേവകി സൈനബ ആയി. നാട്ടുകാർക്ക് ദേവകീ സൈനുവായി. കുഞ്ഞുവിന് ദേവകി കുഞ്ഞിമോളായിരുന്നു. അയാൾ ഒരിക്കലും അവളെ ദേവകി എന്നോ സൈനബ എന്നോ വിളിച്ചില്ല. കുഞ്ഞിമോളേന്ന് മാത്രം വിളിച്ചു. അവൾക്ക് അങ്ങാടി കാണാനായി പുതിയ കാർ വാങ്ങി. കരുവാരക്കുണ്ടിലും വലിയപറമ്പിലുമായി അവർ ജീവിച്ചു, പ്രണയിച്ചു, രതി ആഘോഷിച്ചു. തോന്നുന്ന ഭക്ഷണം കഴിച്ച് , തോന്നുമ്പോൾ ഉറങ്ങി , തോന്നുമ്പോൾ എഴുന്നേറ്റു.

രതി എന്ന സൂര്യതേജസ്സിനുനേരെ കൈ മറ ഇടാതെ, സമൂഹത്തെ ഭയക്കാതെ, ദൈവങ്ങളെ ഒട്ടും ഭയക്കാതെ അവർ ജീവിതത്തെ ആഘോഷമാക്കി മാറ്റി.

ഉടലിന്റെ സാധ്യതകൾ അവർ അത്ഭുതത്തോടെ പരസ്പരം അടയാളപ്പെടുത്തി. ഓരോ ഇണചേരലും ഓരോ പുതിയ അനുഭവങ്ങളായി. ദേവകീ സൈനുവിന്റെ മൂത്രം കുഞ്ഞു കുടിച്ചിരുന്നു എന്ന കഥ എനിക്കുതന്നെ വിശ്വാസമില്ലാത്തതിനാൽ അത് ഇവിടെ പറയുന്നില്ല. പക്ഷേ രതി എന്ന സൂര്യതേജസ്സിനുനേരെ കൈ മറ ഇടാതെ, സമൂഹത്തെ ഭയക്കാതെ, ദൈവങ്ങളെ ഒട്ടും ഭയക്കാതെ അവർ ജീവിതത്തെ ആഘോഷമാക്കി മാറ്റി.

കുഞ്ഞുവിന്റെ അടക്കാ കച്ചവടം പാടെ നിലച്ചു. കാളപൂട്ട് കണ്ടങ്ങളിൽ കുഞ്ഞുവിന്റെ കന്നുകൾ ഇറങ്ങാതെയായി. മരം അതിന്റെ ഇല പൊഴിച്ചിടും പോലെ അവർക്കിടയിലേക്ക് ശിശിരം വന്നു. ഇണചേരലിന്റെ ഇടവേളകൾ കൂടിക്കൂടി വന്നു. കുഞ്ഞുവിന്റെ സമ്പത്ത് ചോർന്നു കൊണ്ടിരുന്നു. കരുവാരക്കുണ്ടിലെ മാളിക വീടും പറമ്പും വിറ്റു. കയ്യും കണക്കുമില്ലാതെ കിടന്ന വസ്തുവകകളെല്ലാം എല്ലാം ഓരോന്നായി വിറ്റു. ആറുവർഷം അവർ ഒന്നിച്ചുതാമസിച്ചിട്ടും ദേവകി ഗർഭിണിയായില്ല. കുഞ്ഞുവിന് അതിൽ സങ്കടമൊന്നും തോന്നിയില്ലാന്നുമാത്രമല്ല സന്തോഷം തോന്നുകയും ചെയ്തു.

അവർക്കിടയിൽ പ്രണയവും രതിയും ഇല പൊഴിച്ചിട്ട് നിന്നു. ദേവകിയോടുള്ള ഉന്മാദവസന്തം തീർന്നപ്പോഴാണ് തന്റെ ചോർന്നുപോയ സ്വത്തുക്കളെ കുറിച്ച് കുഞ്ഞുവിന് ബോധോദയമുണ്ടായത്. കുഞ്ഞു ഹജ്ജിന് പോയി. കുഞ്ഞഹമ്മദ് ഹാജിയായി മടങ്ങി വന്നു. വീടിരുന്ന ഒരേക്കർ പറമ്പ് ദേവകിക്ക് എഴുതിക്കൊടുത്ത് വർഷങ്ങൾക്കു മുമ്പ് പച്ചനിറമുള്ള ജലത്തിൽ നീന്തിത്തുടിച്ച് തന്നെ മോഹിപ്പിച്ച പെണ്ണുടലിനോട് അയാൾ എന്നെന്നേക്കുമായി വിടപറഞ്ഞു. ശേഷം ആദ്യ ഭാര്യയുടെ വീട്ടിൽ നിസ്‌കാരവും നോമ്പും ദിക്‌റുകളുമായി കാലം കഴിച്ചു. തനിക്ക് വേണ്ടി വാങ്ങിയ കാർ ദേവകി ആവശ്യപ്പെട്ടപ്പോൾ യാതൊരു എതിരും പറയാതെ കുഞ്ഞു ഹാജി അത് അവൾക്ക് കൊടുത്തു. ആ പറമ്പിൽ പറയത്തക്ക ആദായമൊന്നും ഉണ്ടായിരുന്നില്ല. കാറ് ടാക്‌സിയാക്കി അതിന് ഒരു ഡ്രൈവറെയും വെച്ച് ദേവകി പുതിയ ജീവിതം തുടങ്ങി. കുഞ്ഞു ഹാജി ദേവകിയെ കൈവിട്ടു എന്നറിഞ്ഞയുടൻ ജീവൻപോലും പകരം നൽകാൻ തയ്യാറായി അനേകം ഹാജിമാർ ദേവകിയെ തേടിയെത്തി. ദേവകി അവരെയൊക്കെ ആട്ടിയോടിച്ചു.

പക്ഷേ തീരാത്ത പക ഉള്ളിലൊളിപ്പിച്ച് കുഞ്ഞു ഹാജിയുടെ ആദ്യഭാര്യയുടെ മൂത്തമകൻ കുട്ട്യസ്സൻ തന്റെ വാതിലിൽ മുട്ടിയ രാത്രിയിൽ ദേവകീ സൈനു കാലങ്ങൾക്കു മുമ്പുള്ള ആ ജലസന്ധ്യ കണ്ടു. അതേ ഉടൽ , അതേ പ്രായം, അതേ കണ്ണുകൾ, അതേ ശരീരഭാഷ... കൊടുങ്കാറ്റുപോലെ അവൻ വീടിനുള്ളിലേക്കും ദേവകിയുടെ ഉൾത്തടങ്ങളിലേക്കും പുതു പൂക്കളുടെ സുഗന്ധവുമായി ഇരച്ചുകയറി.

ദിക്‌റുകൾക്കും പ്രാർത്ഥനകൾക്കും ഖുർആൻ ഓത്തിനുമൊക്കെ അപ്പുറം, വിദൂരമായൊരു ജലസന്ധ്യയിൽ പച്ചനിറമുള്ള വെള്ളത്തിൽ ഒറ്റമുണ്ടുടുത്ത ഒരു പെണ്ണുടൽ അയാൾക്കുള്ളിൽ നീന്തിത്തുടിച്ചു

കുട്ട്യസ്സൻ ടാക്‌സി ഡ്രൈവറെ പിരിച്ചുവിട്ടു. കുട്ട്യസ്സനും ദേവകിയും കാറിൽ ഊരു ചുറ്റുന്നതും മധുവിധു ആഘോഷിക്കുന്നതും നാട്ടുകാർ മൂക്കത്ത് വിരൽ വെച്ച് കണ്ടുനിന്നു. കുഞ്ഞു ഹാജിയേക്കാൾ തന്റേടവും താന്തോണിത്തരവുമുള്ള കുട്ട്യസ്സനെ എല്ലാർക്കും പേടിയായിരുന്നു. കോട്ടക്കൽ അങ്ങാടിയിലെ എല്ലാ പ്രമുഖർക്കും കുട്ട്യസ്സൻ ദേവകിയെ പരിചയപ്പെടുത്തിക്കൊടുത്തു. പരിചയപ്പെട്ടവരൊക്കെ അവളുടെ ഉടൽ വടിവുകളിലും ഉയർച്ച താഴ്ച്ചകളിലും മുഴുപ്പുകളിലും തങ്ങളുടെ വന്യമോഹങ്ങളെ കുരുതികഴിച്ചിട്ടു.

കുട്ട്യസ്സൻ കല്യാണം കഴിച്ചിരുന്നില്ല. ഉപ്പാന്റെ ഭാര്യയെ കല്യാണം കഴിക്കാൻ ദീനിൽ വിധിയില്ലെന്ന കാരണം പറഞ്ഞ് ദേവകിയേയും കല്യാണം കഴിച്ചില്ല. കുഞ്ഞുഹാജി ദേവകിയെ മൊഴി ചൊല്ലിയിരുന്നില്ല. ശറഹിന്റെ വിധിപ്രകാരം ദേവകി ഇപ്പോഴും കുഞ്ഞു ഹാജിയുടെ ഭാര്യയുമാണ്. ഉപ്പാന്റെ ഭാര്യയുടെ ഉടലിൽ, തന്റെ എളാമ്മയുടെ ഉടലിൽ മുങ്ങി നിവരുന്നതിൽ അവൻ ക്രൂരമായി ആനന്ദിച്ചു. അക്കാലത്ത് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം കോട്ടക്കൽ അങ്ങാടിയിലൂടെ അവളെ ചേർത്തുപിടിച്ച് നടന്നു. പരസ്യമായി ചുംബിച്ചു.

വിവരങ്ങളൊക്കെ കൃത്യമായി അറിഞ്ഞ കുഞ്ഞു ഹാജി മകനെതിരായി ഒന്നും പറഞ്ഞില്ല. ആർക്കെതിരെയും ഒന്നും പറഞ്ഞില്ല. അയാൾ ദിക്‌റുകളുടെ എണ്ണം കൂട്ടി. സുന്നത്ത് നിസ്‌കാരത്തിന്റെ എണ്ണം കൂട്ടി. ഖുർആൻ ഓതുന്നതിന്റെ സമയം കൂട്ടി. ദിക്‌റുകൾക്കും പ്രാർത്ഥനകൾക്കും ഖുർആൻ ഓത്തിനുമൊക്കെ അപ്പുറം, വിദൂരമായൊരു ജലസന്ധ്യയിൽ പച്ചനിറമുള്ള വെള്ളത്തിൽ ഒറ്റമുണ്ടുടുത്ത ഒരു പെണ്ണുടൽ അയാൾക്കുള്ളിൽ നീന്തിത്തുടിച്ചു. അതിന്റെ മുഴുപ്പുകളിലും വടിവുകളിലും അയാളുടെ പ്രാർത്ഥനകൾക്ക് അക്ഷരങ്ങൾ തെറ്റി. വ്യാകരണങ്ങൾ പിഴച്ചു. തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് കുളിരും തന്ന ദേവകിയുടെ ശരീരം അയാൾക്കുള്ളിൽ നെടുകെ പിളർന്നു. ഖുർആൻ പാരായണത്തിനിടയിൽ അയാൾ താൻ ദേവകിക്ക് പണ്ട് പാടിക്കൊടുത്ത തെറിപ്പാട്ടുകൾ പാടാൻ തുടങ്ങി. സ്ഥലകാലങ്ങളുടെ അടയാളങ്ങൾ നഷ്ടമായി. അവളുടെ ഉടലഴകിനെയും ആ ഉടലിൽ നിന്ന് താൻ നേടിയ ആനന്ദങ്ങളെ കുറിച്ചും അയാൾ ഉറക്കെ പാടി.
പിന്നെ തറവാടിന്റെ അടുക്കളച്ചായ്പ്പിൽ അയാൾക്കായി കാലം കരുതിവെച്ച ചങ്ങല കാലിലണിഞ്ഞ്, പാട്ടും തെറിയും അലമുറയുമായി മറ്റൊരു ജീവിതത്തിലേക്ക് കടന്നു. അപ്പോഴേക്കും അയാളുടെ മകന്റെ ബീജത്തിൽ നിന്നും ദേവകീസൈനു ഗർഭംധരിച്ച് കഴിഞ്ഞിരുന്നു.

മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച വിധം ദേവകീ സൈനു ഗർഭിണിയായി. കൃത്യം മൂന്നാം മാസം കുട്ട്യസ്സൻ അവരെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ചങ്ങലയിൽ കിടന്ന് ദേവകിയുടെ ഉടലിനെ വർണിച്ച് പാടുന്ന ഉപ്പാനോടാണോ താൻ പ്രതികാരം ചെയ്യുന്നതെന്ന് അയാൾ സ്വയം ചോദിച്ചില്ല. ഉപ്പ ദേവകിക്ക് കൊടുത്ത കാറ് അയാൾ വിറ്റു. അതിൽ നിന്ന് ഒറ്റ പൈസയും ദേവകിക്ക് കൊടുത്തില്ല.

അവർ ഒരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിച്ചില്ല. പഴയതും പുതിയതുമായ ദൈവങ്ങൾ ഒന്നും അവരെ ആകർഷിച്ചില്ല. ജീവിതം എന്ന യാഥാർത്ഥ്യത്തെ അതിന്റെ കറുപ്പിനെ വെളുപ്പിനെ കറുപ്പിനും വെളുപ്പിനും ഇടയിലെ അനേകം ചാരവർണങ്ങളെ അവർ തനിയെ നേരിട്ടു.

കുട്ട്യസ്സന്റെ വരവും വരുമാനവും നിലച്ചപ്പോൾ ദേവകി ജീവിതത്തിനു മുമ്പിൽ പകച്ചു നിന്നില്ല. കുഞ്ഞു ഹാജി വാങ്ങി കൊടുത്ത ആഭരണങ്ങൾ വിറ്റ് അവർ ഗർഭകാലം കഴിച്ചുകൂട്ടി . കാളിചേച്ചിയുടെ മാത്രം സഹായത്താൽ കുട്ട്യസ്സന്റെ കുഞ്ഞിനെ പ്രസവിച്ചു. ഞാൻ ഓർത്തു നോക്കാറുണ്ട്... ഞങ്ങൾ അവിടെ താമസമാക്കും മുമ്പ് തികച്ചും വിജനമായി കിടന്ന ആ വീട്ടിൽ ഒരു പുലർച്ചയിൽ പ്രസവവേദന കൊണ്ട് പുളയുന്ന, അലറിവിളിക്കുന്ന ദേവകിയെ... ദേവകീ സൈനുവിനെ... പ്രസവത്തിന്റെ എട്ടാംനാൾ മരിച്ചുപോയ ആ ആൺകുഞ്ഞിനെ പള്ളിപ്പറമ്പിൽ മറവ് ചെയ്യാൻ സമ്മതിക്കാത്തതിനാൽ സ്വന്തം വീട്ടുമുറ്റത്ത് താൻ നൊന്ത് പ്രസവിച്ച കുഞ്ഞിന് ഖബർ കിളച്ച ദേവകിയെ, സൈനബയെ, ദേവകീ സൈനുവിനെ.

അവർ ഒരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിച്ചില്ല. പഴയതും പുതിയതുമായ ദൈവങ്ങൾ ഒന്നും അവരെ ആകർഷിച്ചില്ല. ജീവിതം എന്ന യാഥാർത്ഥ്യത്തെ അതിന്റെ കറുപ്പിനെ വെളുപ്പിനെ കറുപ്പിനും വെളുപ്പിനും ഇടയിലെ അനേകം ചാരവർണങ്ങളെ അവർ തനിയെ നേരിട്ടു. തളരുമ്പോൾ ചാരി നിൽക്കാൻ അവർ ഒരു ദൈവത്തൂണും സ്വീകരിച്ചില്ല. ഒരു മതത്തിന്റെയും ആചാരങ്ങൾ അവർ അനുഷ്ഠിച്ചില്ല. നാട്ടിലെ സ്ത്രീകളൊക്കെ അവരെ പരസ്യമായി തെറി വിളിച്ചെങ്കിലും, ഉള്ളിൽ അവരൊക്കെ ദേവകി എന്ന, സൈനബ എന്ന, ദേവകിസൈനുവെന്ന സ്ത്രീയെ ഇഷ്ടപ്പെട്ടു. ആരാധനയോളം എത്തിയ ഇഷ്ടമായിരുന്നു അത്. ഉപ്പയും മകനും ഉപേക്ഷിച്ച ദേവകിക്ക് സ്വന്തം ഉടൽ അല്ലാതെ മറ്റൊന്നും വിൽക്കാൻ ഉണ്ടായിരുന്നില്ല. ഉടലിന്റെ സാധ്യതകളെ അറിഞ്ഞുകഴിഞ്ഞ അവർക്ക് സ്വന്തം ഉടലിനോട് ശ്രദ്ധയും മതിപ്പും തോന്നി തുടങ്ങിയതും അക്കാലത്താണ്.
കോട്ടക്കൽ അങ്ങാടിയിലെ പ്രമുഖരുടെ വാഹനങ്ങൾ അവരെ തേടിയെത്തി. പടം പൊഴിച്ചിട്ട പാമ്പിനെപ്പോലെ ദേവകീ സൈനുവിന്റെ ഉടൽ കാലചുറ്റുകൾ അഴിച്ചിട്ട് കൂടുതൽ സുന്ദരമായി. അക്കാലത്തെ ഏറ്റവും പ്രശസ്തമായ കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽ അവരെ കാത്ത് അതിഥികൾ ഇരുന്നു. ഒരു ബന്ധത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീളുന്ന ചങ്ങലയായി ആ കോഴിക്കോടൻ യാത്രകൾ നീണ്ടു.

പുതിയ വീടും പഴയ വീടിന്റെ പുതുക്കിപ്പണിയലുമൊക്കെ പലരും വാഗ്ദാനം ചെയ്‌തെങ്കിലും കുഞ്ഞു ഹാജി പണിയിച്ചു കൊടുത്ത വീട് അവർ ഉപേക്ഷിച്ചില്ല. അതിന് യാതൊരു മാറ്റവും വരുത്തിയില്ല. വെട്ടുകല്ലുകളുടെ ആ ചുമരിന് ചാന്തുപോലും പൂശിയില്ല. ആ കൽവിടവുകളിലെ പച്ചപ്പുകളിൽ കുഞ്ഞു വയലറ്റ് പൂക്കൾ വിരിഞ്ഞു നിന്നു. നാട്ടിലെ പ്രമാണിമാരും കോഴിക്കോടൻ യാത്രകൾ നടത്തി തുടങ്ങി. മെല്ലെ മെല്ലെ കുഞ്ഞു ഹാജിയേയും കുട്ട്യസ്സനെയും അങ്ങാടിപ്പുറത്തെയും ദേവകിയുമായി ബന്ധിപ്പിക്കുന്ന ചരടുകളെ നാട്ടുകാർ മറന്നുതുടങ്ങി. തനിക്ക് ബോധിക്കാത്ത ആരുടെ കൂടെയും ഉടൽ പങ്കിടാൻ ദേവകീ സൈനു തയ്യാറായില്ല. കോട്ടക്കലും പരിസരവും ഗൾഫ് പണത്തിന്റെ പച്ചപ്പുകളിലേക്ക് തലനീട്ടുന്ന കാലമായിരുന്നു അത്. വയസ് തിരുത്തി പാസ്‌പോർട്ട് എടുത്ത് ഗൾഫിലേക്ക് പോയ ചെറുപ്പക്കാരുടെയെല്ലാം ഉള്ളിൽ ദേവകീ സൈനു എന്ന സ്വപ്നം അതിന്റെ ഉടൻ വടിവുകൾ മാത്രമായി ഇടംപിടിച്ചിരുന്നു. ചിലരൊക്കെ നാട്ടിലെത്തി പരിസരമാകെ മണക്കുന്ന സ്‌പ്രേയും പൂശി, ചൈനാ സിൽക്കിന്റെ കുപ്പായവും ധരിച്ച് റാഡോ വാച്ചിന്റെ പവറും കാട്ടി ദേവകിയെ തേടി ചെന്നു. അവരുടെ അശാന്തമായ ശിരകൾക്കുനേരെ ദേവകി കാർക്കിച്ചു തുപ്പി.

‘അന്റെ വാപ്പ ഇന്റെ നെഞ്ഞത്ത് കേറീട്ട്ണ്ട്, ഞ്ഞ് അനക്ക് കേറണാ നായിന്റെ മോനേ... ' എന്ന ഒറ്റ ചോദ്യത്തിൽ, സത്യം മണക്കുന്ന ആ ഒറ്റ ചോദ്യത്തിൽ അവരുടെ സിരകളിൽ നിന്ന് ദേവകി ഉരുകിയൊലിച്ചു പോയി. സ്വന്തം റാഡോ വാച്ചുകളോട് അവർക്കുതന്നെ പുച്ഛം തോന്നി. അങ്ങനെ ഉരുകിയൊലിക്കാത്തവർ ദേവകീ സൈനുവിന്റെ കൈക്കരുത്ത് കവിളിൽ അറിഞ്ഞു . അങ്ങനെ അറിഞ്ഞവർ അവരുടെ സങ്കല്പങ്ങളെയൊക്കെ യാഥാർത്ഥ്യം പുരട്ടി കഥകളാക്കി കൂട്ടുകാരോട് വിളമ്പി ആശ്വാസം കൊണ്ടു.

അക്കാലത്താണ് പുതിയ പള്ളി കമ്മിറ്റിയും അതിന് പ്രസിഡണ്ടും സെക്രട്ടറിയും ഖജാൻജിയുമൊക്കെ ഉണ്ടാവുന്നത്. പുതിയ പള്ളികമ്മിറ്റിയുടെ ഭരണപരിഷ്‌കാരങ്ങളിൽ ആദ്യത്തേത് , ദേവകീ സൈനുവിന്റെ വീട്ടിൽ നിന്ന് പള്ളിയിലെ മൊയ്​ല്യാർമാർക്ക് ഭക്ഷണം വേണ്ട എന്നതായിരുന്നു. പുതിയ കമ്മിറ്റിയിൽ കയറിക്കൂടിയ നാലഞ്ചു ചെറുപ്പക്കാരുടെ കിട്ടാ മുന്തിരിയുടെ പുളിപ്പിന്റെ ഫലമായിരുന്നു സത്യത്തിൽ ആ തീരുമാനം. നൂറ്റമ്പതോളം കുടുംബങ്ങളുള്ള മഹല്ലിൽ മൊയ്​ല്യാർമാർക്ക് ചെലവിനു കൊടുക്കാൻ സാമ്പത്തികശേഷിയുള്ള അറുപതോളം കുടുംബങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. ഉസ്താദിനും മുക്രിക്കും ഭക്ഷണം കൊണ്ടു പോവുന്ന കുട്ടിക്കും ചേർത്ത് മൂന്നുപേർക്കുള്ള നാല് നേരത്തെ ഭക്ഷണം ഉണ്ടാക്കുക എന്നത് സാധാരണക്കാരന് താങ്ങാവുന്ന ഭാരമായിരുന്നില്ല. ദേവകി സൈനുവിന്റെ വീട്ടിൽനിന്ന് ഭക്ഷണം വേണ്ട എന്ന തീരുമാനം കയ്യടിയോടെ പാസാക്കിയെങ്കിലും ആര് അത് അവരോട് ചെന്ന് പറയും എന്നത് ഒരു പ്രശ്‌നമായിരുന്നു. എല്ലാവരും പുതിയ സെക്രട്ടറിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും മൂപ്പർ "അദിപ്പൊ... ഞാനിപ്പൊ ... പറഞ്ഞാല് ...' എന്ന് വിക്കുന്നത് കണ്ടപ്പോൾ കൂടി നിന്നവർക്ക് കാര്യം മനസ്സിലായി. പ്രസിഡണ്ടും ഖജാൻജിയും കൂടി വിക്കിയപ്പോൾ കമ്മിറ്റിയിലെ പുതിയ ചെറുപ്പക്കാർ ആ ചുമതല സധൈര്യം ഏറ്റെടുത്തു.

മോന്തി നേരത്ത് വീട്ടിൽ വന്ന് സലാം ചൊല്ലിയ ചെറുപ്പക്കാരോട് സലാം മടക്കി ദേവകീസൈനു അവരോട് ഇരിക്കാൻ പറഞ്ഞു.

‘ഇരിക്കാൻ വന്നതല്ല, ഒര് കാര്യം പറയാൻ വന്നതാണ്.'

എന്താണിപ്പോൾ സലാം ചൊല്ലി പറയേണ്ട പുതിയ കാര്യമെന്ന് അമ്പരപ്പോടെ ദേവകി അവരെ നോക്കി .

‘വേറൊന്നും അല്ല. ഇങ്ങളെ കുടീന്ന് ഇഞ്ഞ് മൊയ്​ല്യാർമാർക്ക് ചെലവ് മാണ്ട. അത് പറയാനാ ഞങ്ങള് വന്നത്.’
‘ചെലവ് മൊയ്​ല്യാർമാർക്കല്ലല്ലോ ഇന്ക്കല്ലേ' എന്നും പറഞ്ഞ് ദേവകി ചിരിച്ചു.
‘കിളിച്ചാൻ പറഞ്ഞതല്ല, പുതിയ കമ്മറ്റിന്റെ തീരുമാനമാണ്.'
പുതിയ കമ്മിറ്റിയിൽ ആരൊക്കെയാണെന്നും, വന്ന ചെറുപ്പക്കാരുടെ ഉപ്പമാർ ആരൊക്കെയാണെന്നും ചോദിച്ചറിഞ്ഞിട്ട്, മാക്‌സി എടുത്തു കുത്തി ദേവകീ സൈനു അവരുടെ അടുത്തേക്ക് നീങ്ങി നിന്ന് ഇരുകൈയ്യും നിവർത്തിപ്പിടിച്ച് പറഞ്ഞു, ‘അന്റെ ഒക്കെ ബാപ്പാരും ഇങ്ങളെ ചെക്കട്ടറീം പ്രസിഡണ്ടും ഇന്റെ നെഞ്ഞത്ത് കേറിയോരാ... അങ്ങനെ കേറാത്ത ഏതെങ്കിലും നായിന്റെ മക്കള് ണ്ടെങ്കി ഓല് വന്ന് പറയട്ടെ. അപ്പൊ നോക്കാ ... എറങ്ങിപ്പോയെടാ ന്റെ വളപ്പ്ന്ന്.'

ചെറുപ്പക്കാർ ആദ്യമൊന്ന് പകച്ചെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം പിടി കിട്ടിയപ്പോൾ പൊന്തിവന്ന ദീനീബോധവും മുന്തിരിപ്പുളിപ്പും അവിടെ ഉപേക്ഷിച്ച് അവർ തലതാഴ്​ത്തിപ്പിടിച്ച്​ മടങ്ങിപ്പോയി. ഭക്ഷണം കൊണ്ടുപോകുന്ന കുട്ടി ദേവകീ സൈനുവിന്റെ വീട്ടിലെ ഊഴം എത്തിയപ്പോൾ ഉയരമുള്ള അടുക്കു പാത്രവും തൂക്കി ആ വീട്ടിലേക്ക് വന്നു. പതിവിലും കൊശിയോടെ അവർ ഭക്ഷണമുണ്ടാക്കി കൊടുക്കുകയും ചെയ്തു. സ്ഥലകാലങ്ങൾ കീഴ്‌മേൽ മറിഞ്ഞ് ഉന്മാദത്തിന്റെ പാലത്തിൽ കയറുവോളം ദേവകീ സൈനുവിന്റെ വീട്ടിലെ ഭക്ഷണം മുസ്ലിയാർ മാർ രുചിയോടെ തന്നെ തിന്നു.

രാത്രിയുടെ ഇരുളിലൂടെ കയ്യിൽ ഒരു പെൻ ടോർച്ചുമായി വേച്ചുവേച്ച് നടന്നു പോകുന്നവരെ കാണുന്ന ഓരോ രാത്രിയിലും എന്താവും ആ ഉടലുകൾ തമ്മിൽ സംസാരിക്കുന്നത് എന്ന് ഞാൻ അത്ഭുതം കൊണ്ടു

ആൺ കാമങ്ങൾക്ക് നടനമാടി ഒടുങ്ങാൻ പുതിയ പുതിയ പെണ്ണുടലുകൾ സമൂഹം സൃഷ്ടിച്ചുകൊണ്ടിരുന്നു. പുത്തനുടലുകൾ തേടി പ്രമാണിമാർ നെട്ടോട്ടമോടി. പറമ്പുകൾ വിറ്റ് തുലച്ചു. എന്റെ ആദ്യത്തെ നാടുവിടലൊക്കെ കഴിഞ്ഞ് ഞാൻ മടങ്ങി വരുമ്പോൾ ഞങ്ങളുടെയും ദേവകീ സൈനുവിന്റെയും വീട് നിന്ന വിശാലമായ പറമ്പിൽ നെടുകയും കുറുകയും മതിലുകൾ ഉയർന്നു കഴിഞ്ഞിരുന്നു. ഒന്നുരണ്ട് പുരത്തറകളും അവിടവിടെയായി ഉയർന്നുവന്നിരുന്നു. ഗൾഫ് പണത്തിന്റെ പച്ചപ്പ് ആ പറമ്പിലേക്കും മെല്ലെ അരിച്ചെത്തുകയായിരുന്നു.

ആ കാലമായപ്പോഴേക്കും ദേവകീ സൈനുവിന്റെ ഉടലിൽ വാർദ്ധക്യം കുറെ ചുവടുകൾ അളന്നെടുത്ത് കഴിഞ്ഞിരുന്നു. കാളപൂട്ടിയും ചീട്ടു കളിച്ചും പെണ്ണ് പിടിച്ചും പാരമ്പര്യ സ്വത്തുക്കളൊക്കെ നഷ്ടമായ പഴയ പ്രമാണിമാരിൽ ചിലർ വേച്ചുവേച്ച് ദേവകീ സൈനുവിന്റെ വീട്ടിലേക്ക് നടന്നു. പക്ഷേ അത് രാത്രികളിലായിരുന്നു. ഗൾഫ് പണത്തിനോടൊപ്പം നാട് പല കാപട്യങ്ങളും എടുത്തണിഞ്ഞിരുന്നു. പ്രതാപകാലത്ത് പകൽ വേളകളിൽ ദേവകിയെ തേടി ചെന്നവരായിരുന്നു ആ വാർദ്ധക്യങ്ങൾ. ഇപ്പോൾ പേരിനോടൊപ്പം ഹാജി വാലുകൾ തൂങ്ങിയാടുന്നത് കൊണ്ടും, മക്കളൊക്കെ മുതിർന്ന് സദാചാരം ചർദ്ദിക്കുന്നത് കൊണ്ടും അവർ ഊഴമിട്ട് രാത്രിയാവാൻ കാത്തിരുന്നു.
വാർദ്ധക്യവും ഉന്മാദത്തിന്റെ പുതുവസ്ത്രങ്ങളും അണിഞ്ഞ ദേവകീ സൈനു അവരെ സ്വീകരിച്ചു. തന്നെ തേടിവരുന്നവരുടെ പേരുകൾ അവർക്ക് എപ്പോഴും തെറ്റി. പോക്കരാജി മയമാജിയായി. മയമാജി അബുഹാജി ആയി. പേരുകൾ തെറ്റിയെങ്കിലും അവരുടെ പഴയകാല വമനേശ്ചകളൊക്കെ ദേവകിക്ക് ഓർമ്മയുണ്ടായിരുന്നു.

രാത്രിയുടെ ഇരുളിലൂടെ കയ്യിൽ ഒരു പെൻ ടോർച്ചുമായി വേച്ചുവേച്ച് നടന്നു പോകുന്നവരെ കാണുന്ന ഓരോ രാത്രിയിലും എന്താവും ആ ഉടലുകൾ തമ്മിൽ സംസാരിക്കുന്നത് എന്ന് ഞാൻ അത്ഭുതം കൊണ്ടു. പക്ഷേ അവർക്കിടയിൽ ഉടൽ ഭാഷണങ്ങൾ ഉണ്ടായിരുന്നില്ല. ദേവകീസൈനു കൊടുക്കുന്ന മധുരമില്ലാത്ത കട്ടൻചായ കുടിച്ച് അതിഥികൾ വരാന്തയിലെ ചേറ്റിയാംപടിയിൽ ഇരുന്നു. ഒരു കാലം തങ്ങളുടെ ഉടൽ വേഗങ്ങൾക്ക് കീഴിൽ കിടന്ന് ശ്വാസം മുട്ടിയ ആ ഉടലിനെ അവർ കരുണയോടെ നോക്കി. അവരുടെ വ്യാകരണപ്പിഴവുള്ള ചിന്തകളുടെ അക്ഷരം തെറ്റിയ വർത്തമാനങ്ങൾ നിശബ്ദം കേട്ടിരുന്നു.

അതിഥികൾക്ക് തങ്ങളുടെ ഓർമകളുടെ മ്യൂസിയമായിരുന്നു ആ വീടും ആ ഉടലും. അതിന്റെ സാമീപ്യത്തിൽ അവർ യൗവനത്തിന്റെ തീച്ചൂട് അറിഞ്ഞു. ആർത്ത് വിളിച്ച് ഓടിയ ജീവിതപാതകളെ കണ്ടു. ഓട്ടത്തിനിടയിൽ ചവിട്ടി ഞെരിച്ച ബന്ധങ്ങളുടെ വിലാപം കേട്ടു. നഷ്ടമായ സുഗന്ധങ്ങളെ വീണ്ടെടുത്തു. ഓരോ യാത്രയിലും അവർ തങ്ങൾക്ക് മക്കൾ തന്ന ചിലവ് കാശിൽ നിന്ന് മിച്ചം പിടിച്ച എന്തെങ്കിലും കുറച്ച് ദേവകിക്ക് കൊടുത്തു. നരകയറിയ തലമുടിയിൽ നിന്ന് പേനുകൾ നുള്ളിയെടുത്ത് ദേവകി അവർക്ക് കൊടുത്തു.
‘തിന്നോളീ ആജ്യാരേ ... നല്ല ചാദാണ്.'

അതെ; ദേവകി എന്ന, സൈനബ എന്ന, ദേവകീ സൈനു എനിക്കും ഒരു ഉടൽ മാത്രമായിരുന്നു. മുഴുപ്പുകളും വടിവുകളുമുള്ള ഉടൽ മാത്രം ...

മുമ്പിൽ വിജനമായി കിടന്ന പറമ്പുകളിൽ നിറയെ പേൻ പൂക്കൾ വിരിയുന്നത് അതിഥികൾ കണ്ടു. പേനുകൾക്കുപകരം കൂറയും കൽക്കുന്നനും, ദേവകി നീട്ടി തുടങ്ങിയപ്പോൾ ഒടുക്കത്തെ അതിഥിയും അവിടം വിട്ടുപോയി. ഓർത്തെടുക്കാൻ ഇടമില്ലാത്ത ഓർമ്മകളുടെ ഭാരവുമായി തങ്ങളുടെ വാർധക്യത്തിലെ ഇരുണ്ട രാത്രികളെ അവർ എണ്ണി തീർത്തു.

ഒടുക്കം സ്വന്തം മലമൂത്രങ്ങളിൽ കുളിച്ച് ദേവകീസൈനു മരിക്കുമ്പോൾ ഞാൻ റാസൽഖൈമയിലെ സിമന്റ് പ്ലാന്റിൽ ഖലാസിയായി ജോലി നോക്കുകയായിരുന്നു. ദിവസമേറെ ചെന്ന് ആ മരണവാർത്ത എന്നെ തേടിയെത്തുമ്പോൾ മരുഭൂമിയുടെ ഉഷ്ണത്തേക്കാൾ തീച്ചൂടുള്ള കാഴ്ച്ചകൾ എന്റെ കൺമുമ്പിലൂടെ ഒഴുകിപ്പോയി.
നീണ്ട തോട്ടി പണിപ്പെട്ട് ഉയർത്തി ദേവകീ സൈനു ചക്ക വലിച്ചിട്ടു. വിശപ്പിന് ശമനം തരുന്ന ആ ചക്കകളിൽ അല്ല എന്റ നോട്ടങ്ങൾ ഉടക്കിയത്, അവരുടെ നെഞ്ചിൽ പുറം ചാടാൻ കൊതിക്കുന്ന കൗതുകങ്ങളായി ശ്വാസം മുട്ടിക്കിടന്ന മുലകളിലായിരുന്നു. അതെ; ദേവകി എന്ന, സൈനബ എന്ന, ദേവകീ സൈനു എനിക്കും ഒരു ഉടൽ മാത്രമായിരുന്നു. മുഴുപ്പുകളും വടിവുകളുമുള്ള ഉടൽ മാത്രം ...
ചുട്ടുപഴുത്തു കിടന്ന ഇരുമ്പു ബീമുകളിലൂടെ വേച്ചുവേച്ച് നടന്നു പോകുന്ന അബുഹാജിയേയും പോക്കരാജിയേയും ഞാൻ കണ്ടു. മക്കൾ കൊടുത്ത ചെലവുകാശിൽ നിന്ന് മിച്ചം പിടിച്ച മുഷിഞ്ഞ നോട്ടുകൾ ആ കുപ്പായ കീശകളിൽ കിടന്ന് ചിരിക്കുന്നതും കണ്ടു. വിദൂരമായൊരു അടുക്കളച്ചായ്പ്പിൽ കാൽച്ചങ്ങലയുമായി കുഞ്ഞു ഹാജി അലറിവിളിച്ചു.

ഇപ്പോൾ...
പള്ളിക്കാട്ടിൽ കുട്ട്യസ്സന്റെയും പിതാവ് കുഞ്ഞു ഹാജിയുടേയും ഖബറിടങ്ങൾക്ക് നേരെ എതിർ വശത്തായി മൈലാഞ്ചിച്ചെടികൾ അതിരിട്ട ഖബറിനുള്ളിൽ ദേവകീ സൈനു അന്ത്യവിധി കാത്ത് കിടക്കുകയാണ്. അവർക്ക് സ്വർഗ്ഗമോ നരകമോ വിധിക്കാനാവാതെ ദൈവം തലകുനിച്ച് ഇരിക്കുകയാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments