ചിത്രീകരണം : ദേവപ്രകാശ്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്

വെറും മനുഷ്യർ- 10

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അപ്പുറത്ത് അന്ന് എന്റെ പെങ്ങൾ ഒരുപാട് ഭ്രാന്തുകൾക്ക് ഇരയായി.

മ്മാക്കും ഉപ്പാക്കും വേറെ ഒരു നാടുണ്ടെന്നും ഇത് ഞങ്ങളുടെ നാടല്ലെന്നും എന്നെങ്കിലും ഞങ്ങൾക്ക് അങ്ങോട്ട് മടങ്ങിപ്പോവേണ്ടിവരും എന്നൊക്കെ കേൾക്കുമ്പോൾ ഞാനെന്ന കുട്ടി മുഴുലോകത്തോടും നിശബ്ദമായി അലറും. എനിക്ക് പോവണ്ട, എന്റെ നാട് ഇതാണ്. എന്റെ തങ്കരാജും ശെന്തിലും മുത്തയ്യൻ സാറും സ്‌കൂളുമൊക്കെ ഇവിടെയാണ്. ഇവിടം വിട്ട് ആര് പോയാലും ഞാൻ വരില്ല. ഞാൻ എങ്ങോട്ടും വരില്ല.

ഉമ്മാന്റെയും ഉപ്പാന്റെയും ആ നാട്ടിൽ ഞങ്ങൾക്ക് ധാരാളം ബന്ധുക്കളുണ്ട് എന്നതോ ഉമ്മാക്ക് അവിടെ തറവാട്ട് സ്വത്ത് ഉണ്ടെന്നതോ ധാരാളം പള്ളികളും മദ്രസയും മുസ്‌ലിംകളും ഉണ്ടെന്നതോ ഒന്നും എന്നെ ആകർഷിച്ചില്ല.
ആകപ്പാടെ കൊതി തോന്നിയത് ഉമ്മ അളവെടുത്ത് മുറിച്ചുതരുന്ന മത്തിമീനുകൾ അവിടെ തെങ്ങിൻ ചുവട്ടിൽ വളമായിട്ടിടുന്നതും പറമ്പിലാകെ പഴുത്തുനിൽക്കുന്ന ചക്കകളും മാത്രമാണ്.

ആരോടും പരാതിയില്ലാതെ, ഉമ്മ പത്ത് മക്കളെ പ്രസവിച്ചു. പത്ത് മക്കൾ... ഒരാളുടെ മുലകുടി മാറും മുമ്പ് അടുത്ത ആൾ. ഒരാൾ ഒക്കത്തിരിക്കുമ്പോൾ മറ്റൊരാൾ മുലയിൽ. ഇനിയുമൊരാൾ വയറ്റിൽ... എന്തുജീവിതമാണ് എന്റെയുമ്മ ജീവിച്ചത്.

ഉമ്മാന്റേത് വലിയ തറവാടാണ്. ഉപ്പാന്റെ സൗന്ദര്യം ഒന്നുകൊണ്ടുമാത്രമാണ് ഉമ്മാനെ ഉപ്പാക്ക് കല്യാണം കഴിച്ചുകിട്ടിയത്. സൗന്ദര്യം കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് ഉമ്മ പെട്ടെന്നുതന്നെ മനസ്സിലാക്കിയിരിക്കണം.
തുവർത്ത് മുണ്ടിൽ പൊതിഞ്ഞ് കൊണ്ടുവരുന്ന അരി കൊണ്ട് പത്തുമക്കളുടെ വിശപ്പ് മാറ്റുക എന്ന കലയുടെ പൊള്ളുന്ന സൗന്ദര്യമാണ് ഉമ്മാന്റെ മുമ്പിലെ യാഥാർത്ഥ്യം. ആ യാഥാർത്ഥ്യത്തിൽ എന്റെയുമ്മ അന്തിച്ച് നിൽക്കുമ്പോഴാണ് ഒന്നിടവിട്ട വർഷങ്ങളിൽ ഉമ്മ ഗർഭിണിയായി കൊണ്ടിരുന്നത്.

പടച്ചവൻ തരുന്നത് കൈ നീട്ടി വാങ്ങുക എന്ന അന്ധവിശ്വാസം മതമായി ഉമ്മാക്ക് കൂട്ടില്ലായിരുന്നെങ്കിൽ എന്റെയുമ്മ എന്തുചെയ്യുമായിരുന്നു എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. ആരോടും പരാതിയില്ലാതെ, ഉമ്മ പത്ത് മക്കളെ പ്രസവിച്ചു. പത്ത് മക്കൾ... ഒരാളുടെ മുലകുടി മാറും മുമ്പ് അടുത്ത ആൾ. ഒരാൾ ഒക്കത്തിരിക്കുമ്പോൾ മറ്റൊരാൾ മുലയിൽ. ഇനിയുമൊരാൾ വയറ്റിൽ... എന്തുജീവിതമാണ് എന്റെയുമ്മ ജീവിച്ചത്. ഗർഭരക്ഷ പോയിട്ട് വിശപ്പാറ്റാൻ ഭക്ഷണം പോലുമില്ലാതെ, രക്തത്തെ എന്റെയുമ്മ മുലപ്പാലാക്കി മാറ്റിക്കൊണ്ടിരുന്നു. ഒരു വിനാഴികയുടെ വിശ്രമം പോലുമില്ലാതെ ഉമ്മാന്റെ മുല ഞങ്ങൾ പങ്കിട്ടെടുത്തു.

മക്കളെ താരാട്ടുപാടിയും കഥകൾ പറഞ്ഞും ഉറക്കാൻ ഏതൊരു അമ്മയ്ക്കും അറിയാവുന്ന പോലെ എന്റെ ഉമ്മാക്കും അറിയാഞ്ഞിട്ടല്ല. പക്ഷേ ആ താരാട്ട് പാട്ടുകൾ ഉമ്മാന്റെ ഉള്ളിലെ വിശപ്പിന്റെ ഉഗ്രമേളങ്ങളിൽ അലിഞ്ഞ് വാക്കുകൾ നഷ്ടമായി, ഇല്ലാതെയായി. പാടാതെ പോയ ആ താരാട്ട് പാട്ടുകളൊക്കെയും ഇപ്പോഴും അടഞ്ഞുപോയ ഉമ്മാന്റെ ഓർമവാതിലുകൾക്കപ്പുറം തലച്ചോറിനുള്ളിൽ താളം പിടിക്കുന്നുണ്ടാവും. മുമ്പിലെ വിശപ്പെന്ന അഗ്‌നിയിൽ വെന്തുപിടഞ്ഞ ആ താരാട്ടുപാട്ടുകളിലെ വാക്കുകൾ ഇനി ഒരിക്കലും പുറത്തേക്ക് വരില്ല.

യക്ഷിക്കഥകളോ കുട്ടിക്കഥകളോ ഉമ്മ ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടില്ല. പൊരുളറിയാൻ കഴിയാത്ത പെരും കഥയായി മുമ്പിൽ ജീവിതം അലറി വിളിക്കുമ്പോൾ എന്തുകഥകളാണ് ഉമ്മ ഞങ്ങൾക്ക് പറഞ്ഞത് തരേണ്ടത് ....?
പതിനാലാമത്തെ വയസ്സിൽ വിവാഹിതയായി, പതിനഞ്ചാമത്തെ വയസ്സിൽ അമ്മയായി മാറിയ ഒരു പെൺകുട്ടി, അറിയാത്ത ദേശത്തിൽ അറിയാത്ത ഭാഷക്കുമുന്നിൽ അവൾക്ക് പടച്ചവൻ കൊടുത്തതൊക്കെയും സ്വീകരിച്ചു. ഗർഭമായും വിശപ്പായും കണ്ണീരായും തനിക്കുമുമ്പിൽ നേർരേഖയായി നീണ്ടുപോകുന്ന ജീവിതമെന്ന ഉച്ചവെയിലിന്റെ തണലിടമില്ലാത്ത ദൂരങ്ങളിലൂടെ കട്ടികളുടെ ഘോഷയാത്രയുമായി ഉമ്മ നടന്നു.

ബീജം സ്വീകരിക്കാനും ഗർഭം ചുമക്കാനും തന്റെ മക്കളെ പ്രസവിക്കാനും മുലയൂട്ടാനുമുള്ള പ്രത്യേക യന്ത്രമായിരുന്നു ഉപ്പാക്ക് ഭാര്യ. അക്കാലത്തെ മുസ്‌ലിം പെൺകുട്ടികളൊക്കെയും ഇത്തരം യന്ത്രങ്ങൾ തന്നെയായിരുന്നു.

വർഷത്തിൽ പതിനൊന്നു മാസവും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിച്ച ഉമ്മ റമദാൻ മാസത്തിൽ നോമ്പെടുത്തു. നോമ്പ് തുറക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു. മനുഷ്യർ നോൽക്കുന്ന നോമ്പുകൾക്ക് ദൈവങ്ങൾ എന്തെങ്കിലും പ്രതിഫലം കരുതിവെച്ചിട്ടുണ്ടെങ്കിൽ അതൊക്കെയും എന്റെ ഉമ്മാന്റെ കാൽക്കൽവെച്ച് ദൈവങ്ങൾ എന്റെ ഉമ്മാനോട് മാപ്പുപറയുക തന്നെ വേണ്ടിവരും. അത്രയ്ക്ക് ദുരിതമായിരുന്നു ഉമ്മാന്റെ ജീവിതം.
ശിശിരം റബ്ബർ മരങ്ങളിലെ ഇലപൊഴിച്ചിടുന്ന ഓരോ അവധിക്കാലത്തും ഉപ്പ സ്വന്തം നാട്ടിലേക്ക്, സ്വന്തം ബന്ധങ്ങളിലേക്ക് യാത്ര പോയി; ആഘോഷത്തോടെ തന്നെ. അവിടെയെത്തിയാൽ കൂട്ടുകാർക്കുമുമ്പിൽ ഉപ്പ രാജാവായിരുന്നു. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ ധരിച്ച് കൂട്ടുകാരോടൊപ്പം കറങ്ങി നടന്നു. സിനിമക്ക് പോയി.

ഉമ്മ ഞങ്ങൾക്ക് കാവലായി ഞങ്ങളുടെ കൂടെ നിന്നു. ഉമ്മാക്കും ഉണ്ടായിരുന്നു രക്തബന്ധങ്ങൾ, കൂട്ടുകാരികൾ, കളിപ്പറമ്പുകൾ. മുലക്കുഞ്ഞായോ ഗർഭക്കുഞ്ഞായോ സ്വന്തം ശരീരത്തിൽ തൂങ്ങിയാടുന്ന മക്കളുമായി ഉമ്മാക്ക് യാത്ര പോവാൻ കഴിയുമായിരുന്നില്ല. സ്വന്തം വേരുകളുള്ള ഒരു മനുഷ്യജീവിയാണ് തന്റെ ഭാര്യയെന്ന് ഉപ്പാക്ക് തോന്നിയിട്ടുണ്ടാവില്ല. ബീജം സ്വീകരിക്കാനും ഗർഭം ചുമക്കാനും തന്റെ മക്കളെ പ്രസവിക്കാനും മുലയൂട്ടാനുമുള്ള പ്രത്യേക യന്ത്രമായിരുന്നു ഉപ്പാക്ക് ഭാര്യ. അക്കാലത്തെ മുസ്‌ലിം പെൺകുട്ടികളൊക്കെയും ഇത്തരം യന്ത്രങ്ങൾ തന്നെയായിരുന്നു. നാട്ടിലെ ഉമ്മാന്റെ കൂട്ടുകാരികൾ ഒക്കെയും എട്ടും പത്തും പ്രസവിച്ചു. എന്നിട്ട് മക്കളുടെ എണ്ണത്തിൽ ഊറ്റം കൊണ്ടു. അതിൽ തന്നെ ആൺമക്കളുടെ എണ്ണം പറഞ്ഞ് അഭിമാനം കൊണ്ടു.

എന്റെ ഉമ്മയും ജന്മം നൽകി, ഞാനടക്കമുള്ള ഏഴ് ആൺമക്കളെ. പക്ഷെ ഉമ്മ ആൺമക്കളുടെ എണ്ണത്തിൽ അഭിമാനിച്ചില്ല. മൂന്ന് പെൺമക്കളോട് അവഗണന കാട്ടിയില്ല.

പത്ത് മക്കൾക്കും വിളമ്പാനുള്ള ഭക്ഷണത്തിനായി സ്വന്തം പരിസരങ്ങളോട് പൊരുതി ജീവിച്ചു. അടുക്കളയെന്ന യുദ്ധഭൂമിയിൽ അളവുതെറ്റാതെ പത്ത് പാത്രങ്ങളിലേക്കും എന്തെങ്കിലുമൊക്കെ വിളമ്പി. സ്വന്തം വിശപ്പും ദാഹവും സ്വപ്നങ്ങളും മോഹങ്ങളും മറന്ന് മക്കൾക്കുവേണ്ടി ജീവിച്ചു.
മക്കളിൽ ഉമ്മാനോട് ഏറ്റവും ചേർന്നുനിന്നത് വല്യാത്ത എന്ന് ഞാൻ വിളിക്കുന്ന എന്റെ മൂത്ത സഹോദരിയാണ്. ഞങ്ങളൊക്കെ ഭക്ഷണം കഴിച്ച് പാത്രം നക്കിത്തുടച്ച് വൃത്തിയാക്കിയാലും അവൾ തന്റെ പാത്രത്തിൽ തൊട്ടും തടവിയും ഇരിക്കും. അതിന്റെ കാരണം ആദ്യമൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. അടുക്കളയിൽ ഉമ്മാനെ സഹായിക്കുന്നത് അവളാണ്. വിളമ്പിവെച്ച ഭക്ഷണം ഞങ്ങൾക്ക് കൊണ്ടുതരുന്നതും അവളാണ്. മക്കൾക്കും ഭർത്താവിനുമടക്കം പതിനൊന്ന് പാത്രങ്ങളിലേക്ക് ഉമ്മ വിളമ്പിക്കഴിയുമ്പോൾ കാലിയാവുന്ന കലത്തെ കുറിച്ച് അറിയുന്നതും അവൾക്കാണ്. സ്വന്തം വിശപ്പിനെ മറന്ന് മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ച് ഓർക്കുന്നത് എക്കാലത്തും സ്ത്രീകളാണ്. അവർക്കാണ് അന്നത്തിന്റെ വിലയറിയുന്നത്. വിശക്കുന്നവന്റെ മുമ്പിൽ അന്നമാണ് ദൈവങ്ങളെന്ന് തിരിച്ചറിയുന്നത് സ്ത്രീകൾ തന്നെയാണ്. അതുകൊണ്ടാവണം പുരുഷൻ കലഹിക്കുന്നത്ര ദൈവങ്ങളെച്ചൊല്ലി സ്ത്രീകൾ കലഹിക്കാത്തത്.
എന്റെ വല്യാത്തയും അന്നത്തിന്റെ വിലയറിഞ്ഞവളാണ്. സ്വന്തം ഭക്ഷണം അവൾ ഉമ്മയുമായി പങ്കുവെച്ച് കഴിച്ചു. വടിച്ചെടുക്കാൻ ഒരു വറ്റുപോലും ശേഷിക്കാത്ത മൺകലത്തിൽ കഞ്ഞിവെള്ളമൊഴിച്ച്, അതിലേക്ക് തന്റെ പാത്രത്തിലെ ഭക്ഷണം കൂടി ഇട്ട് കൈകാണ്ടിളക്കി അവളും ഉമ്മയും കൂടി വാരിത്തിന്നുന്നത് കണ്ടിട്ടും എന്റെ പാത്രത്തിൽ ഞാൻ ഒന്നും ബാക്കി വെച്ചില്ല. എന്റെ ഓഹരി അവരുമായി പങ്കിട്ടില്ല.

മുഴുഭ്രാന്തിന്റെ വക്കിലെത്തി നിന്ന ഒരു ജീവിതഘട്ടത്തിൽ തലച്ചോറിൽ കിടന്ന് കത്തിയ ഭയത്തിന്റെ ചൂടിലേക്ക് ഞാൻ അവളുടെ മുഖത്തെയാണ് ആവാഹിച്ചത്.

അടുക്കള കഴിഞ്ഞാലുള്ള വലിയ ഹാളിൽ, അതിന്റെ മൺതറയിൽ ഓലപ്പായ വിരിച്ച് നിരനിരയായിട്ടാണ് ഞങ്ങൾ കിടക്കാറ്. എല്ലാർക്കും കൂടി ഒറ്റ പുതപ്പാണ്. മഴക്കാലത്ത് ആ ഒറ്റപ്പുതപ്പിലേക്ക് ഞങ്ങളുടെ ദേഹങ്ങൾ ചുരുണ്ടുകൂടും. പുതപ്പിന്റെ ദ്വാരങ്ങളിലൂടെ തണുത്ത കാറ്റുവന്ന് ഉറക്കത്തെ കുത്തും. ഒരുപാട് നിശ്വാസങ്ങൾ. വിയർപ്പിന്റെ സ്‌നേഹഗന്ധങ്ങൾ ... കിടക്കുമ്പോൾ ഏതാണ്ട് ഒരു ക്രമത്തിലാണെങ്കിൽ ഉണരുമ്പോൾ പലരും പല സ്ഥാനത്തും എത്തിയിട്ടുണ്ടാവും.
അറിഞ്ഞോ അറിയാതെയോ ഞാനെന്നും എത്തിപ്പെട്ടത് വല്യാത്താന്റെ സ്‌നേഹച്ചൂടിലേക്കാണ്. ചെമ്പരത്തി താളിയുടെ ഗന്ധമായിരുന്നു അവൾക്ക്. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സൗന്ദര്യം അവൾക്കായിരുന്നു. ഉമ്മാന്റെ നിറവും ഉപ്പാന്റെ മുഖവും അവൾക്കാണ് കിട്ടിയത്. അവളോടാണ് ഞാൻ സ്‌കൂളിലെ വിശേഷങ്ങൾ പറഞ്ഞത്. ശെന്തിലിന്റെ തോളിൽ കയറി അവനെ അപമാനിക്കരുതെന്ന് അവളെന്നും എനിക്ക് പറഞ്ഞുതന്നു. സ്‌കൂളിൽ പോവാതെ തങ്കരാജിന്റെയൊപ്പം മീൻ പിടിക്കാൻ പോവരുതെന്നും ഉപദേശിച്ചു. അവൾ സ്‌കൂളിൽ പോയിട്ടേയില്ല. മദ്രസയിൽ നിന്ന് കിട്ടിയ അറിവുകളെ അവൾക്കുള്ളൂ.
എന്താണ് സ്‌കൂളെന്നും എങ്ങനെയാണ് അവിടുത്തെ കാര്യങ്ങളെന്നും അവൾക്ക് ഞാൻ പറഞ്ഞുകൊടുക്കും. അത്ഭുതത്തോടെ, ഒരു പക്ഷേ വേദനയോടെ അവളതൊക്കെ കേട്ടിരിക്കും. എന്റെ വിവരണങ്ങളിലൂടെ എങ്ങനെയാണ് സ്‌കൂൾ എന്നും ഏത് ബെഞ്ചിൽ ആരൊക്കെയാണ് ഇരിക്കുന്നതെന്നും അവരുടെ പേര് എന്തൊക്കെയാണെന്നും അവൾ മനസ്സിലാക്കി. മുത്തയ്യൻ സാറിനെ അവളും സ്‌നേഹിച്ചു. സിസിലി ടീച്ചറിനെ അവളും വെറുത്തു. എന്റെ ഓഹരി ഭക്ഷണവും കൂടി ഉമ്മാന്റെയൊപ്പം നമുക്ക് പങ്കിട്ട് കഴിക്കാമെന്ന് ഒരിക്കൽ ഞാൻ അവളോട് പറയുമ്പോൾ എനിക്ക് സത്യത്തിൽ പേടിയുണ്ടായിരുന്നു. അവളെങ്ങാനും അതിന് സമ്മതിച്ചാലോ...?

പക്ഷേ ഒരു സ്ത്രീക്ക് മാത്രം കഴിയുന്ന സ്‌നേഹത്തോടെ അവൾ എന്നെ ചേർത്തുപിടിച്ചു.
""അതൊന്നും മാണ്ട. മോൻ വളർന്ന് വലിയ ആളാവുമ്പോ ഉമ്മാനെയും തത്താനെയും ഓർത്താ മതി''
ഓർക്കാറുണ്ട്.
ഏട്ടന്മാരുടെ വലിയ വീടുകളിലേക്കൊന്നും പോവാത്ത ഞാൻ അവളുടെ വീട്ടിലേക്ക് പോവാറുണ്ട്. അവളുമായി ദീർഘനേരം സംസാരിക്കാറുണ്ട്. നരകയറി തുടങ്ങിയ മുടിയും സ്വന്തം മകനെക്കുറിച്ചുള്ള ആധിയുമായി അവളിവിടെ എനിക്ക് നടന്നെത്താൻ കഴിയുന്ന ദൂരത്തുണ്ട്. മുഴുഭ്രാന്തിന്റെ വക്കിലെത്തി നിന്ന ഒരു ജീവിതഘട്ടത്തിൽ തലച്ചോറിൽ കിടന്ന് കത്തിയ ഭയത്തിന്റെ ചൂടിലേക്ക് ഞാൻ അവളുടെ മുഖത്തെയാണ് ആവാഹിച്ചത്. മഴക്കാല രാത്രികളിൽ എന്നെ ചേർത്തുപിടിച്ച ആ കൈകൾ എന്റെ പൊള്ളുന്ന തലയിലൂടെ തഴുകുന്നത് സങ്കൽപ്പിച്ചാണ് ഞാൻ ആശ്വാസം കൊണ്ടത്.

ഭയത്തിന്റെ വൈദ്യുതി കാറ്റുകൾ ചെവിവഴിയിറങ്ങി നെഞ്ച് പൊള്ളിക്കുമ്പോൾ കണ്ണുകളടച്ച് ഞാനാ ഉറക്കപ്പായയെ വീണ്ടെടുക്കും. അതിനുള്ളിൽ എന്നെ കൂട്ടിപ്പിടിച്ചുകിടന്ന് അവളെന്നെ പേരുചാല്ലി വിളിക്കുന്നതായി സങ്കൽപ്പിക്കും. ഇന്നും പിടികിട്ടാത്ത അത്ഭുതമായി ആ വിളി നാലഞ്ചുതവണ സങ്കൽപ്പിച്ചെടുത്താൽ എന്റെ നെഞ്ച് തണുക്കും.

സ്‌നേഹം എന്ന ഒറ്റവാക്കുകൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്ത ബന്ധങ്ങളുടെ, സുഗന്ധങ്ങളുടെ ആ ആകാശത്തെ ഞാൻ വല്യാത്ത എന്ന് വിളിക്കുന്നു. ഓരോ മനുഷ്യനുവേണ്ടിയും ജീവിതം കരുതി വെച്ച ദാഹജലത്തിന്റെ ഉറവകൾ നമുക്ക് അറിയാത്ത ഏതൊക്കെയോ കരിമ്പാറകളിലൂടെ ഒഴുകുന്നുണ്ട്. പല പാനീയങ്ങളും കുടിച്ച് രുചി നഷ്ടമായ നമ്മുടെ സ്‌നേഹമുകുളങ്ങൾ ഈ ഉറവയെ അതിന്റെ രുചിയെ തിരിച്ചറിയാൻ ഏറെ ദൂരം നടന്ന് തളരേണ്ടതുണ്ട്.

മൂത്ത രണ്ട് ഏട്ടന്മാരെയും ഞാൻ വലിയാക്ക എന്നും ചെറിയാക്ക എന്നും വിളിച്ചു. മൂത്ത രണ്ട് പെങ്ങന്മാരെ വല്യാത്ത എന്നും ചെറിയാത്ത എന്നും വിളിച്ചു. മറ്റുള്ളവരെ അവരവരുടെ വിളിപ്പേരുകൾ വിളിച്ചു.

ഭയത്തിന്റെ ആൾരൂപമായി ആ അസ്ഥികൂടം അവളുടെ ബോധത്തിൽ എന്നന്നേക്കുമായി പുതപ്പ് മാറ്റിക്കഴിഞ്ഞിരുന്നു. അന്നുരാത്രി മുഴുവൻ അവൾക്ക് പനിച്ചു. പനിച്ചുവിറച്ച് അവൾ പിച്ചും പേയും പറഞ്ഞു.

ചെറിയാക്ക എന്ന രണ്ടാമത്തെ ഏട്ടൻ മുതിർന്നപ്പോഴാണ് ഞങ്ങളുടെ പാത്രങ്ങളിലേക്ക് ഭക്ഷണം കൃത്യമായി വിളമ്പപ്പെട്ടത്. ചെറിയാക്ക നന്നേ ചെറുപ്പത്തിലേ കഴിയുന്നത്ര ജോലികൾ ചെയ്തു. അതിനുകിട്ടുന്ന കൂലി വല്യാക്ക കാട്ടുമ്പോലെ ഒറ്റയ്ക്ക് ചെലവിട്ടില്ല. കൃത്യമായി ഉമ്മാക്ക് കൊണ്ടുകൊടുത്തു. ഉമ്മ ആ പണം കൊണ്ട് അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങിച്ചു. ഒരു ഘട്ടത്തിൽ ചെറിയാക്ക കരിപ്പാലി എസ്റ്റേറ്റിലെ റബ്ബർക്കുരു പാട്ടത്തിനെടുത്തു. നന്നേ ചെറുപ്പമായ അവന് അതിനുള്ള പണം മുൻകൂറായി കൊടുത്ത് സഹായിച്ച് ജാമ്യം നിന്നത് ആബിദാന്റെ ഉപ്പയായ മാസ്റ്ററാണ്.

ആ റബ്ബർക്കുരു പെറുക്കാൻ അവനും വല്യാത്തയുമാണ് പോയത്. പെറുക്കിക്കൂട്ടിയ റബ്ബർക്കുരു ചാക്കുകളിലാക്കി കഴിഞ്ഞാൽ വല്യാത്തയെ പെരുംചിലമ്പോളം കൊണ്ടുവിട്ട് ചെറിയാക്ക കരിപ്പാലി മല തിരിച്ചുകയറും. ചാക്കുകെട്ടുകൾക്ക് കാവലിരിക്കും. അവൾക്ക് പതിമൂന്ന് വയസ്സാണ് അന്ന് പ്രായം. ചെറിയാക്കാന്റെ കൂടെ റബ്ബർക്കുരു പൊറുക്കാൻ പോയ അവൾ ഒരിക്കൽ വഴിപിഴച്ച് മറ്റൊരു തോട്ടത്തിലെത്തി. അവിടെ റബ്ബർക്കുരു മോഷ്ടിക്കാൻ വരുന്നവരെ പേടിപ്പിക്കാനായി അതിന്റെ ഉടമ ഏതോ മൃഗത്തിന്റെ അസ്ഥികൂടത്തെ ഒരു വെള്ളിത്തുണി കൊണ്ട് പുതപ്പിച്ച് കിടത്തിയിരുന്നു.
ഏട്ടൻ തന്നെ പറ്റിക്കാൻ മൂടിപ്പുതച്ച് കിടക്കുകയാണെന്ന് കരുതി വല്യാത്ത ആ പുതപ്പ് മാറ്റി. ആ നിമിഷം ആ പതിമൂന്നുകാരിയുടെ ജീവിതം ഭയം കൊണ്ട് അടയാളപ്പെടാൻ കാലം കാത്തുവെച്ചതായിരുന്നു.-
"ചെറിയാക്കാ...' എന്ന് അലറിവിളിച്ച് അവൾ ആ വിജനതയിൽ ബോധംകെട്ടുവീണു. പെങ്ങളുടെ വിളി കേട്ട് അവിടേക്ക് ഓടിയെത്തിയ അവൻ അവളെ വാരിയെടുത്ത് ഓടി. എസ്റ്റേറ്റിലെ റാട്ടയിൽ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു. വെള്ളം കുടിക്കാൻ കൊടുത്തു.

ഭയത്തിന്റെ ആൾരൂപമായി ആ അസ്ഥികൂടം അവളുടെ ബോധത്തിൽ എന്നന്നേക്കുമായി പുതപ്പ് മാറ്റിക്കഴിഞ്ഞിരുന്നു. അന്നുരാത്രി മുഴുവൻ അവൾക്ക് പനിച്ചു. പനിച്ചുവിറച്ച് അവൾ പിച്ചും പേയും പറഞ്ഞു. സ്വാഭാവികമായും പാലൈവനം മന്ത്രിച്ചൂതാൻ വന്നു.

ഊത്തും മന്ത്രവും നടന്നെങ്കിലും അവളുടെ പനി കുറേ ദിവസം നീണ്ടുനിന്നു. ആരോ പേടിച്ചലറുന്ന ശബ്ദം കേട്ട് എത്തിയ എസ്റ്റേറ്റുടമ ആ അസ്ഥികൂടവും പുതപ്പും അവിടെ നിന്ന് അപ്പോൾ തന്നെ എടുത്തുമാറ്റിയിരുന്നു. പിറ്റേന്ന് ആളുകളുടെയൊപ്പം അവിടെയെത്തിയ ചെറിയിക്ക ആ അസ്ഥികൂടവും പുതപ്പും അവിടെയെങ്ങും കാണാതെ അമ്പരന്നു.
ഉടനെ ആൾക്കൂട്ടം വിധിയെഴുതി.
""ശൈത്താനാണ്...'' ജനക്കൂട്ടം തന്നെ അത് തിരുത്തി, ""അല്ല ജിന്നാണ്.''
പിന്നെ നടന്നത് മതമെന്ന അന്ധവിശ്വാസം തലക്കുപിടിച്ച ഒരു സമൂഹത്തിന്റെ ഭ്രാന്തുകളായിരുന്നു. പേടിച്ച ആളെ ഡോക്ടറെയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കാനുള്ള വിവേകമില്ലാതെ പലതരം പൂജകളും പ്രാർത്ഥനകളും നേർച്ചകളും മൗലൂദും കുത്തുറാത്തീബും നടന്നു. ഇതിൽ തന്നെ കുത്തുറാത്തീബെന്ന പേരിൽ ഇരുട്ടത്ത് നടത്തിയിരുന്ന തോന്ന്യാസം ഭയാനകമായിരുന്നു.

ഏകനായ ദൈവത്തിന്റെ പേര് ഉറക്കെ ചൊല്ലി ചൊല്ലി, ഭ്രാന്തിന്റെ നടനമാടി കത്തി കൊണ്ട് വയറ്റത്ത് കുത്തി ചോരയും കുടൽമാലയും പുറത്തുചാടിക്കുന്ന മായാജാലമാണ് കുത്തുറാത്തീബ്.

ഇന്നായിരുന്നെങ്കിൽ കുത്താനുള്ള കത്തിയും കുത്താനുള്ള സമ്മതപത്രവും എനിക്ക് തരികയാണെങ്കിൽ യഥാർത്ഥ കത്തി കൊണ്ട് കുത്തി കുടൽമാല പുറത്തെടുത്ത് യഥാർത്ഥ കുത്തുറാത്തീബ് എന്താണെന്ന് ഞാനവർക്ക് കാണിച്ച് കൊടുക്കുമായിരുന്നു. ഇപ്പോഴും ഈ 2021ലും എന്റെ പരിസരങ്ങളിൽ ഇരുട്ടത്തുള്ള ഈ കലാപരിപാടി ആവോളം നടക്കുന്നുണ്ട്. ധാരാളം പേർ ഇതിൽ വിശ്വസിക്കുന്നുമുണ്ട്.

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അപ്പുറത്ത് അന്ന് എന്റെ പെങ്ങൾ ഒരുപാട് ഭ്രാന്തുകൾക്ക് ഇരയായി. ചെറിയൊരു പേടിയെ എന്നെന്നേക്കുമായി അവളുടെ ഉള്ളിൽ ഉറപ്പിച്ചെടുത്തത് ആ ചികിത്സകളാണ്. അതിൽ ഏറ്റവും ക്രൂരമായത് അവളെ കെട്ടിയിട്ട് തിരണ്ടി വാലുകൊണ്ടടിച്ച് ജിന്നൊഴിപ്പിക്കുന്ന പരിപാടിയാണ്. പാലൈവനത്തിന്റെ നിർദ്ദേശപ്രകാരം തക്കലയിൽ നിന്ന് വന്ന ഒരു തമിഴ് മുസ്‌ലിയാരാണ് അത് ചെയ്തത്. ഓരോ അടിയിലും അവൾ ഉറക്കെ കരഞ്ഞു. അലറിവിളിച്ചു. ചുറ്റും കൂടി നിൽക്കുന്നവരോട് തന്റെ ദേഹത്ത് ജിന്നൊന്നും ഇല്ലെന്നും താൻ പേടിച്ചതാണെന്നും തികഞ്ഞ യുക്തിയോടെ അവൾ പറയുന്നുണ്ടായിരുന്നു. പക്ഷേ ആര് കേൾക്കാൻ..?
തിരണ്ടി വാലുകൊണ്ട് അടിച്ചുണ്ടായ അവളുടെ ദേഹത്തെ മുറിവുകൾ ഒരുപാട് കാലം പഴുത്ത് ചലമൊലിപ്പിച്ച് നിന്നു.
പിന്നീട് ജീവിതകലമത്രയും ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ബോധക്ഷയമായി, അപസ്മാരമായി, ഈ പേടി അവളുടെ ജീവിതത്തെ നരകമാക്കി.
ചികിത്സിച്ചവർക്കും പുരോഹിതർക്കും ധാരാളം പണം കിട്ടി. ഇപ്പോൾ ഈ കുറിപ്പെഴുതുന്നതിന് ഒരാഴ്ച മുമ്പും അവൾ ബോധംകെട്ട് വീണു.
ചില ഭയങ്ങൾ അങ്ങനെയാണ്. ആ ഭയത്തെ നമ്മൾ നേരിടുന്ന രീതി പിഴച്ചുപോയാൽ അത് എക്കാലത്തേക്കുമായി തലച്ചോറിന്റെ ഇരുണ്ട ശൂന്യതകളിൽ പറ്റി പിടിച്ചിരിക്കും.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നുകൂടി പറഞ്ഞ ആ വലിയ മനുഷ്യന് സ്വസ്ഥി.▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments