ചിത്രീകരണം: ദേവപ്രകാശ്

വൈദേഹി കാത്തിരുന്താൾ...

വെറും മനുഷ്യർ- 11

പ്രണയോന്മാദങ്ങൾ പടം പൊഴിച്ചിട്ട പാതകളിലൂടെ ഉടുതുണിയില്ലാതെ വൈദേഹി ഇപ്പോഴും ഓടുന്നുണ്ടാവണം. ആ മുഖത്തും കൈകളിലും മഞ്ഞൾ വെയിൽ തിളങ്ങുന്നുണ്ടാവും. ആ തലമുടിയിലെ പിച്ചിപ്പൂവുകൾക്ക് ഇപ്പോഴും സുഗന്ധമുണ്ടാവുമോ...?

ങ്ങളുടെ വീടിന്റെ തൊട്ടുതാഴെയുള്ള വീട് ശെൽവമണിയുടേതാണ്.
വീട് എന്നുപറഞ്ഞാൽ ഓലമേഞ്ഞ, ഓലച്ചുമരുകളുള്ള ഒരു കൂട്. ശെൽവമണിക്ക് രണ്ട് ആൺമക്കളാണ്. മൂപ്പരുടെ ഭാര്യ ഭർത്താവിന്റെ സ്‌നേഹം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അപ്പനും മക്കളും തമ്മിൽ എല്ലാ സമയത്തും വഴക്കാണ്. മൂന്നുപേരും നന്നായി ചാരായം മോന്തും. തീരെ ചെറിയ കാരണങ്ങളിൽ തുടങ്ങി കത്തിക്കയറി കത്തിക്കുത്ത് വരെ എത്തുന്ന ആ വഴക്കുകൾ എന്നെ എപ്പോഴും ഭയപ്പെടുത്തി.

രാത്രികളിൽ തൊട്ടപ്പുറത്തുനിന്ന് ആ കൊലവിളികൾ മുഴങ്ങുമ്പോൾ ഞാൻ വല്യാത്താനെ ഇറുകെ പിടിച്ച് കിടക്കും. അപ്പനും മൂത്തമകൻ കുമരേശനും എം.ജി.ആറിന്റെ ആളുകളാണ്. ഇളയ മകൻ മുരുകൻ കലൈജ്ഞർ കരുണാനിധിയുടെ ആളാണ്.

അമ്മയില്ലാത്ത വീട്ടിൽ, പുകയാത്ത അടുപ്പിൽ, ചവറ് കൂനയായി മാറിയ അടുക്കളയിൽ കാടുപിടിച്ച് കിടന്ന മുറ്റത്തിൽ അപ്പനും മക്കളും തമ്മിൽ വഴക്കിട്ട് അടി കൂടി പരസ്പരം കെട്ടിമറിഞ്ഞു.

തിരഞ്ഞെടുപ്പ് വരുമ്പോൾ വഴക്കിന്റെ സ്വഭാവം മാറും. അവർ പരസ്പരം മിണ്ടാതെയാവും. മിണ്ടിയാൽ അടി വീഴും. കൃത്യമായ രാഷ്ട്രീയബോധമോ രാഷ്ട്രീയത്തിന്റെ പേരിലുള്ള തർക്കങ്ങളോ ആയിരുന്നില്ല അത്. പുറമേക്ക് അങ്ങനെ തോന്നുമെങ്കിലും അവർ തമ്മിൽ കലഹിച്ചത് അവർക്കുപോലും പൊരുളറിയാത്ത ജീവിതമെന്ന യഥാർത്ഥ രാഷ്ട്രീയത്തെ ചൊല്ലിയായിരുന്നു.
അമ്മ തങ്ങളെവിട്ട് പോവാൻ കാരണം അപ്പനാണെന്ന കാര്യത്തിൽ മക്കൾ രണ്ടാൾക്കും ഒരേ അഭിപ്രായമാണ്. അമ്മയില്ലാത്ത വീട്ടിൽ, പുകയാത്ത അടുപ്പിൽ, ചവറ് കൂനയായി മാറിയ അടുക്കളയിൽ കാടുപിടിച്ച് കിടന്ന മുറ്റത്തിൽ അപ്പനും മക്കളും തമ്മിൽ വഴക്കിട്ട് അടി കൂടി പരസ്പരം കെട്ടിമറിഞ്ഞു.
മദ്യപാനികളെ എക്കാലത്തും ഉമ്മാക്ക് പേടിയാണ്. ഒരു വിരൽപ്പാടകലെ ചാരായ ലഹരി കാട്ടിക്കൂട്ടുന്നതൊക്കെ ഉമ്മ ഭയത്തോടെ നേരിട്ടു. ഞങ്ങൾ കുട്ടികൾക്ക് അത് കൗതുകക്കാഴ്ചയായിരുന്നു. മുറ്റത്തുകിടന്ന് തല്ലുകൂടുന്നവരിൽ ആരുടെ ഉടുമുണ്ടാണ് ആദ്യം അഴിഞ്ഞുപോവുക എന്ന പന്തയത്തിൽ ഞങ്ങൾ ആനന്ദം കണ്ടു.

അവർ മൂന്നുപേർക്കും തക്കലയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലിയുണ്ടായിരുന്നു. എത്രയോ തവണ വിലക്കിയിട്ടും ശെൽവമണി ചാരായം കുടിച്ചുതന്നെ ജോലിക്ക് പോയി. ഫാക്ടറി തുടങ്ങുന്ന കാലത്തെ തൊഴിലാളിയായിരുന്നതിനാൽ എല്ലാവരും അയാളെ സഹിച്ചു.
പുതുതായി വന്ന ചെറുപ്പക്കാരനായ മാനേജർക്ക് അയാളെ സഹിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മദ്യപിച്ച് ജോലിക്ക് വരരുതെന്ന മാനേജറുടെ വിലക്കിനെ ശെൽവമണി വകവെച്ചില്ല. കൂടുതൽ മദ്യപിച്ച് ജോലിക്ക് ചെന്നപ്പോൾ ആ മാനേജർ ശെൽവമണിയെ പിടിച്ച് പുറത്താക്കി. മൂപ്പർ മാനേജറുടെ അമ്മയുടെ രഹസ്യ ഇടങ്ങളെ ചേർത്ത് മുട്ടൻ തെറി വിളിച്ചു. കമ്പനിപ്പടിക്കലിട്ട് മാനേജർ ശെൽവമണിയെ ചവിട്ടിക്കൂട്ടി. ജോലിയിൽ നിന്ന് പിരിച്ചും വിട്ടു. നീണ്ട 36 വർഷം ജോലി നോക്കിയ ഫാക്ടറിയിലേക്ക് പിന്നെ ശെൽവമണിക്ക് പോവേണ്ടി വന്നില്ല. ആ കൂറ്റൻ ഗെയിറ്റിനപ്പുറം അയാളുടെ ജീവിതം മരിച്ചുകിടന്നു.

ജോലി ഇല്ലാതെയായപ്പോഴാണ് ശെൽവമണിക്ക് ഭാര്യയോടുള്ള സ്‌നേഹം കൂടിയത്. അവരുടെ മൂക്കുത്തി മൂക്കിന്റെ ഒരു വശത്തോടുകൂടി അരിഞ്ഞെടുത്തത്. അത് വിറ്റുകിട്ടിയ പണം കൊണ്ട് രണ്ടുദിവസത്തെ ചരക്കടി സുഖമായി നടന്നു. കയ്യിലെ പണം തീർന്ന് തിരികെ വന്നപ്പോൾ വീട്ടിൽ ഭാര്യയില്ലായിരുന്നു. അക്കണ്ട കാലമത്രയും ഭർത്താവിന്റെ ക്രൂരത സഹിച്ച് മിണ്ടാതിരുന്ന ആ സ്ത്രീ വീടിന്റെ ഓലച്ചുമരിൽ തൂക്കിയിട്ടിരുന്ന എം.ജി.യാറെന്ന ഭർത്താവിന്റെ കടവുളിന്റെ ഫോട്ടാ എടുത്ത് പലതായി കീറി മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഭർത്താവിന്റെ സ്‌നേഹം എന്നന്നേക്കുമായി അവിടെ ഉപേക്ഷിച്ച് ചോരയൊലിക്കുന്ന മൂക്കുമായി ഒന്ന് കരയുക പോലും ചെയ്യാതെ സ്വന്തം വീട്ടിലേക്ക് നടന്നുപോയി. അവർ പോയ വഴികളിൽ ആ ചോരത്തുള്ളികൾ അടയാളപ്പെട്ട് കിടന്നു.

ആ വീട്ടുമുറ്റത്തും വഴിയിലും വീണ ഒരമ്മയുടെ ചോരത്തുള്ളികളാണ് അവരുടെ രാഷ്ട്രീയത്തെ നിർണയിച്ചത്. നഷ്ടമായ ആ സ്‌നേഹത്തിന്റെ പേരിലാണ് അവർ തമ്മിൽ കലഹിച്ചത്.

അതിനുശേഷം ശെൽവമണി മക്കളുടെ കീശയിലെ പണമെടുത്ത് കുടി തുടർന്നു. മൂത്തവൻ അമ്മ കീറി കളഞ്ഞ എം.ജി.ആറിന്റെ പുതിയ ഫോട്ടോ കൊണ്ടുവന്ന് ചുമരിൽ തൂക്കി. ഇളയവൻ നടികർ തിലകം ശിവാജി ഗണേശന്റെ ഫോട്ടോ തെരഞ്ഞ് കിട്ടാതെ വന്നപ്പോഴാണ് കലൈജ്ഞറുടെ ഫോട്ടോ കൊണ്ടുവന്ന് തൂക്കിയത്. ഇരട്ടൈ ഇലയുടെ ശത്രുവാണ് ഉദയ സൂര്യനെന്ന് അവനറിയാമായിരുന്നു. ആ വീട്ടുമുറ്റത്തും വഴിയിലും വീണ ഒരമ്മയുടെ ചോരത്തുള്ളികളാണ് അവരുടെ രാഷ്ട്രീയത്തെ നിർണയിച്ചത്. നഷ്ടമായ ആ സ്‌നേഹത്തിന്റെ പേരിലാണ് അവർ തമ്മിൽ കലഹിച്ചത്.

തങ്കരാജിന്റെ അമ്മയുടെ അനിയനായിരുന്നു ശെൽവമണി. പക്ഷേ തങ്കരാജ് ഒരിക്കൽ പോലും മാമന്റെ ആ വീട്ടിലേക്ക് വന്നില്ല. അവിടെ നടക്കുന്ന മഹായുദ്ധങ്ങളെക്കുറിച്ച് ഞാൻ പറയുമ്പോൾ എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൻ പറയും; "നീ വേറെ എതാവത് ശൊല്ല്... '
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുമരേശന് ഇരട്ടൈ ഇലയുടെ സ്വാധീനം കൊണ്ട് തിരുനെൽവേലി കൽക്കരി കമ്പനിയിൽ ജോലി കിട്ടിയത്. ജോലി കിട്ടും മുമ്പാണ് അയാൾ വൈദേഹിയെ കല്യാണം കഴിച്ചത്. "എല്ലാം എൻ വൈദേഹിയുടെ രാസി'യെന്നും പറഞ്ഞ് അയാൾ ആനന്ദിച്ചു. ആ ആനന്ദത്തിൽ ചാരായത്തിന്റെ ആനന്ദം ഇത്തിരി കുറഞ്ഞു. വൈദേഹി കൂടുതൽ കൂടുതൽ ആനന്ദം നൽകി കുമരേശന്റെ ചാരായ ബാധയെ ഒഴിപ്പിച്ചെടുത്തു. ചാരായമില്ലാത്ത ചോര സിരകളിലൂടെ ഓടിത്തുടങ്ങിയപ്പോൾ അയാൾക്ക് ജീവിതം പുതുപുത്തനായി. കാഴ്ചകൾ പുതുപുത്തനായി. അമ്മയെ ചെന്ന് വിളിച്ചെങ്കിലും അവർ വന്നില്ല.

തലനിറയെ മല്ലിപ്പൂ ചൂടി മുറ്റത്ത് കോലമിടുന്ന വൈദേഹിയെ ശെൽവമണിക്കും ഇഷ്ടമായി. ആ ഇഷ്ടം വല്ലാതെ കൂടിയപ്പോൾ കുമരേശൻ അപ്പനെ വീട്ടിൽ നിന്നിറക്കിവിട്ടു. നട്ടുച്ചകളിൽ ടാറിട്ട പാതകളിലൂടെ സൗന്ദർ രാജയുടെ ശോകഗാനങ്ങളും പാടി ശെൽവമണി അലഞ്ഞുനടന്നു. ക്ലാസ് മുറിയിലിരുന്ന് ഞങ്ങളാ പാട്ടുകൾ കേട്ടു. തങ്കരാജിന് മീൻ വിറ്റ് കിട്ടുന്ന കാശ് മാമൻ എന്ന അധികാരം ഉപയോഗിച്ച് ശെൽവമണി തട്ടിപ്പറിച്ചു. ആ മാമനാണ് എന്റെ തങ്കരാജിന് ആദ്യമായി ചാരായം വാങ്ങിക്കൊടുത്തത്. അന്തമില്ലാതെ ഇരന്നും തട്ടിപ്പറിച്ചും പണമുണ്ടാക്കി കുടിച്ചുകുടിച്ച് ശെൽവമണി അര ഭ്രാന്തനായി മാറി. വൈദേഹി തന്റെ കറുത്ത തലമുടിയിൽ ചൂടിയ മല്ലിപ്പൂക്കൾ ശെൽവമണിയെ കൂടുതൽ ഭ്രാന്തനാക്കി. ആ വൃദ്ധന്റെ ഉന്മാദം അവളുടെ ഉടലിനെ കരുതിയായിരുന്നു. ആ ഉടലിനെ സ്വന്തമാക്കി വെച്ച മകനോടുള്ള പക അയാളെ ഉദയസൂര്യന്റെ ആളാക്കി മാറ്റി. അപ്പനെതിരെ മകൻ എം.ജി.ആറിന്റെ വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്ത് വീടിന്റെ ഉമ്മറത്ത് തന്നെ തൂക്കിയിട്ടു. മുരുകന്റെ കലൈജ്ഞർ അകത്ത് ഓലച്ചുമരിൽ മാറാല പിടിച്ചുകിടന്നു.

പാതിരാത്രികളിൽ കൂരിരുട്ടിൽ ആ മനുഷ്യൻ താൻ പുറത്താക്കപ്പെട്ട വീട്ടുമുറ്റത്തെ പാതയിൽ നിന്ന് വൈദേഹിയെ വിളിച്ച് കരഞ്ഞു. തന്നെ കൈവിട്ട എം.ജി.ആറിനെയും മാരിയമ്മയേയും ശെൽവമണി വെറുത്തു.

രാഷ്ട്രീയം മാറിയത് കൊണ്ടൊന്നും ശെൽവമണിയുടെ കാമനകളിൽ നിന്ന് വൈദേഹി ഒഴിഞ്ഞുപോയില്ല. ഓരോ കവിൾ ചാരായത്തിലും ഓരോ അടി നടത്തത്തിലും അയാളാ ഉടലിന്റെ ചെറുപ്പത്തെയും വടിവുകളെയും ഓർത്ത് വിലപിച്ചു. കുമരേശൻ തിരുനൽവേലിയിലേക്ക് ജോലിക്കുപോയപ്പോൾ വൈദേഹി കൂടുതൽ സുന്ദരിയായി. അവളുടെ കവിളിലും മുഖത്തും മഞ്ഞൾ പൊടി സൂര്യവെളിച്ചമായി തിളങ്ങി. മല്ലിയും പിച്ചിപ്പൂക്കളും അവളുടെ മുടിക്ക് ചന്തമേറ്റി. അവളെ ഒരു നോക്ക് കാണാനായി ശെൽവമണി ഞങ്ങളുടെ വീടിന്റെ വരാന്തയിൽ വന്നിരുന്നു. അവിടെയിരുന്ന് ശോകഗാനങ്ങൾ പാടി. പാട്ട് ഇടയ്ക്ക് മുറിഞ്ഞ് കരച്ചിലായി മാറി. ശെൽവമണിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ എന്റെ വീട്ടുകാർ അയാളെ വരാന്തയിൽ നിന്ന് ഓടിച്ചു വിട്ടു. ഇരിക്കപ്പൊറുതി തരാത്ത അഗ്‌നിക്കാറ്റിൽ അയാളാകെ ഉന്മാത്തനായി ആദ്യം എന്റെ ഉപ്പാനെ ചീത്ത വിളിച്ചു. പിന്നെ തൊട്ടുമുമ്പിലുള്ള പള്ളിയേയും പാലൈവനം ഉസ്താദിനെയും ചീത്ത വിളിച്ചു.
""തുലുക്ക കൂട്ടങ്കളാ... യാര്ടാ ഉങ്കള്ക്കിട്ടെ ഇങ്ക കോവിൽ കെട്ട ശൊന്നത്..?ഉങ്ക ഊര്‌ലെ പോയി കെട്ട്ങ്കടാ പുണ്ടച്ചി മക്കളാ'

താൻ കേട്ട തെറിയുടെ അർത്ഥമൊന്നും പാലൈവനത്തിന് മനസ്സിലായില്ല. ശെൽവമണി മരുമകളെ കാണാൻ അക്കണ്ട ദൂരമത്രയും ആടിയാടി നടന്നു. ഇടയ്ക്ക് കമഴ്ന്നടിച്ച് വീണു. പാതിരാത്രികളിൽ കൂരിരുട്ടിൽ ആ മനുഷ്യൻ താൻ പുറത്താക്കപ്പെട്ട വീട്ടുമുറ്റത്തെ പാതയിൽ നിന്ന് വൈദേഹിയെ വിളിച്ച് കരഞ്ഞു.
തന്നെ കൈവിട്ട എം.ജി.ആറിനെയും മാരിയമ്മയേയും ശെൽവമണി വെറുത്തു. പള്ളിയെ ചീത്ത വിളിക്കും പോലെ മാരിയമ്മയേയും ചീത്ത വിളിച്ചു. വീട് നഷ്ടമായ അയാൾ ചർച്ചിന്റെ മുമ്പിലെ ചില്ലുകൂട്ടിന്റെ ചുവട്ടിൽ അന്തിയുറങ്ങി. ബദാം മരത്തിന്റെ തണലിൽ ചാരായലഹരിയിൽ തന്നെ ചേർത്ത് പിടിച്ച് നിൽക്കുന്ന അമ്മയെ അയാൾ കണ്ടു.
"അമ്മാ... നീ പെത്ത പുള്ളയെ പാര്മ്മാ ...' അയാൾ കന്യാമറിയത്തെ വിളിച്ച് കരഞ്ഞു.

ഫാദർ പാക്കിയം തന്റെ കൂട്ടത്തിലേക്ക് ഒരാളെ കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ ശെൽവമണിക്ക് അന്നം കൊടുത്തു. ഉപദേശങ്ങൾ കൊടുത്തു. മനുഷ്യ പുത്രന്റെ കരുണയെക്കുറിച്ചുള്ള കഥകൾ പറഞ്ഞുകൊടുത്തു. അതൊന്നും ശെൽവമണിയുടെ മണ്ടയിൽ കയറിയില്ല. തന്നെ നെഞ്ചോടുചേർത്ത് നിൽക്കുന്ന അമ്മയെ ആരാണ് ചില്ലുകൂട്ടിലടച്ചതെന്ന് ചോദിച്ച് അയാൾ ഫാദറിനോട് കയർത്തു. ഫാദറിനെ ചീത്ത വിളിച്ചു. എന്നിട്ട് ഒരു അപരാഹ്നത്തിൽ ബദാംമരത്തിന്റെ ഇലകൾ പൊഴിഞ്ഞുകിടക്കുന്ന ചില്ലുകൂട്ടിന്റെ മുമ്പിൽ മരിച്ചുകിടന്നു. കീറി മുറിക്കാൻ കൊണ്ടുപോയ അയാളുടെ ശരീരത്തിന്റെ അവകാശം പറഞ്ഞ് ആരും ചെന്നില്ല.

അപ്പന്റെ മരണവാർത്തയറിഞ്ഞ് കുമരേശൻ വന്നില്ല. മുരുകൻ കരഞ്ഞില്ല. ഒരു പെരുമഴ പെയ്ത് തോർന്നത് പോലെ എല്ലാരും അയാളെ എന്നന്നേക്കുമായി മറന്നു.
കുമരേശൻ തിരുനൽവേലിക്ക് പോയി, ശെൽവമണി മരിക്കുകയും കൂടി ചെയ്തപ്പോൾ എന്റെ അയൽവീട് ശാന്തമായി. അവിടെ മുരുകനും വൈദേഹിയും താന്താങ്ങളുടെ ലോകത്തിൽ ജീവിച്ചു. കുമരേശന്റെ മണിയോർഡുകൾ വന്നുതുടങ്ങിയതോടെ ആ വീടിന് ബലമുള്ള മേൽക്കൂരയുണ്ടായി. മൺകട്ടകൾ കൊണ്ടുള്ള ചുമരുകളുണ്ടായി. വൈദേഹിയുടെ സൗന്ദര്യം അതിന്റെ ഏറ്റവും ഉച്ചിയിൽ എത്തിനിന്നു.

കൊടുങ്കാറ്റുകൾക്ക് മുമ്പുള്ള ശാന്തതയാണ് ആ വീട്ടിലെന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായതേയില്ല. ഒരു പൊങ്കൽ അവധിക്ക് വീട്ടിലെത്തിയ കുമരേശൻ ആളാകെ മാറിയിരുന്നു. അയാൾ ഒട്ടും മദ്യപിച്ചില്ല. ഞങ്ങളോടും അയൽ വീട്ടിലുള്ളവരോടും സൗമ്യമായി സംസാരിച്ചു. അയാളുടെ ലോകത്ത് വൈദേഹിയുടെ പിച്ചിപ്പൂവുകൾ സുഗന്ധം പരത്തി നിന്നു.

അയാൾക്ക് വൈദേഹിയെ സ്വന്തം നിശ്വാസം പോലെ വിശ്വാസമുണ്ടായിരുന്നിരിക്കണം. ആ വിശ്വാസങ്ങൾ എല്ലാം കളിവീടുകളായി തകർന്നുവീണത് ആരും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അയാൾ വീട്ടിൽ എത്തിയപ്പോഴാണ്.

പിന്നെ എപ്പോഴാണ് ആ സുഗന്ധത്തിന് നേർക്ക് മുരുകൻ നടന്നതെന്നറിയില്ല. ആ വീടിന്റെ മുൻവാതിൽ അടഞ്ഞുകിടന്നു. അകത്ത് അടുക്കളയിൽ നിന്ന് മുരുകന്റെ പ്രണയഗാനങ്ങൾ ഞങ്ങൾ കേട്ടു. അവൻ പാടി നിർത്തിയ ഇടത്തുനിന്ന് വൈദേഹി പാടിത്തുടങ്ങുമ്പോൾ അവർക്കിടയിൽ പാപത്തിന്റെ നനവുള്ള ഉടമ്പടി തീർപ്പായിക്കഴിഞ്ഞിരുന്നു. അവരുടെ കളിചിരികൾ ഉമ്മാനെ അസ്വസ്ഥയാക്കി. ഉപ്പ അതിനെ പാടെ അവഗണിച്ചു. രാത്രികളിൽ വരുന്ന വിചിത്രമായ ശബ്ദസ്വരങ്ങൾ എനിക്ക് മനസ്സിലായില്ല.
ഉമ്മ പറയും: "നാണല്ലാത്ത ജന്തുക്കള്... ഈ നാട്ട്ന്ന് ഒന്നുപോയി കിട്ടിയാ മതി ബദരീങ്ങളേ... '; അവർ ഒഴിഞ്ഞുപോവുന്ന കാര്യമല്ല ഉമ്മ പറഞ്ഞത് ഉമ്മാന്റെ നാട്ടിലേക്ക് ഞങ്ങൾ പോവുന്ന കാര്യമാണ് ഉമ്മ പറഞ്ഞത്.

രാത്രികളിൽ കേട്ട ആ വിചിത്രമായ ശബ്ദസ്വരങ്ങൾ പകലിലും കേട്ടുതുടങ്ങിയപ്പോൾ അയൽവാസികൾ ഒന്നാകെ അതിനെ എതിർത്തു. പക്ഷേ മുരുകനും വൈദേഹിയും അത് വകവെച്ചില്ല. നട്ടുച്ചകളിൽ ഉയരുന്ന അവരുടെ സീൽക്കാരങ്ങൾ തൊട്ടടുത്ത വീടുകളിൽ കാർമേഘങ്ങളായി കനത്തുനിന്നു. കുമരേശന് ആരൊക്കെയോ കത്തുകൾ എഴുതി. അയാൾക്ക് വൈദേഹിയെ സ്വന്തം നിശ്വാസം പോലെ വിശ്വാസമുണ്ടായിരുന്നിരിക്കണം. ആ വിശ്വാസങ്ങൾ എല്ലാം കളിവീടുകളായി തകർന്നുവീണത് ആരും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അയാൾ വീട്ടിൽ എത്തിയപ്പോഴാണ്.

സ്‌കൂളിൽ മണിയടിക്കാതെ തന്നെ കുട്ടികൾ ഇറങ്ങിയോടിയ ആ അപരാഹ്നം എന്റെ മുമ്പിൽ ഇപ്പോഴുമുണ്ട്. മുത്തയ്യൻ സാർ ഒഴികെ മറ്റെല്ലാ അധ്യാപകരും ഇറങ്ങിയോടി. എല്ലാവരും ഓടുന്ന ദിക്കിലേക്ക് ഞാനും ഓടി. ആൾക്കൂട്ടമാകെ ഓടുന്നത് എന്റെ വീടിന് നേർക്കാണ്. ആൾക്കൂട്ടം ശെൽവമണിയുടെ വീട്ടുമുറ്റത്ത് കടലായി പെരുകി നിന്നു. ആരുടെയൊക്കെയോ തമിഴ് പേച്ചിൽ നിന്ന് ആരുടെയോ തല വെട്ടിയെടുത്ത കാര്യം മാത്രം എനിക്ക് മനസ്സിലായി. ആര് ആരുടെ തല വെട്ടിയെന്നറിയാതെ ഞങ്ങൾ കുട്ടികൾ ഭയത്തിനും അമ്പരപ്പിനും ഇടയിൽ അന്തിച്ചുനിന്നു. അവിടമാകെ രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു.
ഭർത്താവ് മുറിച്ചെടുത്ത മൂക്കുത്തിയുടെ പാടിൽ നിന്ന് രക്തം ഇറ്റിച്ച് സീതമ്മ ഇറങ്ങിയ മുറ്റത്ത് അവരുടെ മൂത്തമകൻ ഇളയ മകന്റെ തല വെട്ടിയെടുത്ത് അതും കൈയ്യിൽ പിടിച്ച് ഇരുന്നു.

ആൾക്കൂട്ടത്തിനിടയിലൂടെ എത്തി നോക്കിയ ഞാൻ കണ്ടത് ചോരയായിരുന്നു. കട്ട പിടിച്ച ചോര, തുള്ളിയല്ല. ചാണകം മെഴുകിയ മുറ്റത്ത് ചോരയുടെ തളം. ഞങ്ങൾ കുട്ടികളെ മുതിർന്നവർ ആ കാഴ്ചയിൽ നിന്ന് പിടിച്ചു മാറ്റി. ആദ്യം ഓടിയെത്തിയ ശെന്തിൽ ആ കാഴ്ച കണ്ട് ബോധംകെട്ട് വീണിരുന്നു.

ഉപ്പ എന്നെയും അനിയനെയും ഞങ്ങളുടെ വീട്ടിലാക്കി കതകടച്ചു. പുറത്ത് ആൾക്കൂട്ടം പെരുകി പെരുകി വന്നു. തമിഴും മലയാളവും കൂടി കലർന്ന വാക്കുകളിൽ നിന്ന് കുമരേശൻ അനിയന്റെ കഴുത്തിൽ വാക്കത്തി കൊണ്ട് വെട്ടി വെട്ടി തല മുറിച്ചുമാറ്റി അതും കയ്യിൽ പിടിച്ച് ഇരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. വാക്കത്തി തൊട്ടടുത്തുവെച്ച് മുമ്പിലെ ചോരപ്പുഴയിലേക്ക് നോക്കിയിരുന്ന് അയാൾ കരയുകയാണെന്നും മനസ്സിലായി.
ആ ആൾക്കൂട്ടത്തിൽ വൈദേഹി ഉണ്ടാവുമല്ലോന്ന് ഞാൻ ഓർത്തു. പക്ഷേ അവൾ ഉടുതുണിയില്ലാതെ ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിന്നീടാണ് മനസ്സിലായത്.

കാലങ്ങൾക്കുശേഷം ആ ചില്ലുകൂട്ടിനു മുമ്പിൽ നിന്നപ്പോൾ ഞാൻ ശെൽവമണിയെ ഓർത്തു. മരുമകളോട് തോന്നിയ പ്രണയത്തിന്റെ കടുംചുവപ്പുമായി സകല ദൈവങ്ങളെയും തെറി വിളിച്ച് അയാൾ മരിച്ചുകിടന്നത് ഈ ചില്ലുകൂട്ടിന് മുമ്പിലാണ്.

ഇത് എഴുതുന്ന കാലം വരെ ഞാൻ കുമരേശനെ പിന്നീട് കണ്ടിട്ടില്ല. വൈദേഹി അവളുടെ വീട്ടിലും എത്തിയിരുന്നില്ല. പ്രണയോന്മാദങ്ങൾ പടം പൊഴിച്ചിട്ട പാതകളിലൂടെ ഉടുതുണിയില്ലാതെ വൈദേഹി ഇപ്പോഴും ഓടുന്നുണ്ടാവണം. ആ മുഖത്തും കൈകളിലും മഞ്ഞൾ വെയിൽ തിളങ്ങുന്നുണ്ടാവും. ആ തലമുടിയിലെ പിച്ചിപ്പൂവുകൾക്ക് ഇപ്പോഴും സുഗന്ധമുണ്ടാവുമോ...? വൈദേഹി ഇപ്പോഴും പ്രണയഗാനങ്ങൾ പാടുന്നുണ്ടാവുമോ...? പ്രണയങ്ങൾക്കും പകകൾക്കും ലഹരികൾക്കും ജീവിതങ്ങൾക്കും ഒക്കെ സാക്ഷിയായി ചർച്ചിന്റെ മുറ്റത്ത് മനുഷ്യപുത്രനെ നെഞ്ചിലേറ്റിയ കന്യാമറിയം ഇപ്പോഴുമുണ്ട്. ആ ചില്ലുകൂട്ടിലേക്ക് ഇപ്പോഴും ബദാം മരത്തിന്റെ ഇലകൾ പൊഴിഞ്ഞ് വീഴുന്നുണ്ട്.
കാലങ്ങൾക്കുശേഷം ആ ചില്ലുകൂട്ടിനു മുമ്പിൽ നിന്നപ്പോൾ ഞാൻ ശെൽവമണിയെ ഓർത്തു. മരുമകളോട് തോന്നിയ പ്രണയത്തിന്റെ കടുംചുവപ്പുമായി സകല ദൈവങ്ങളെയും തെറി വിളിച്ച് അയാൾ മരിച്ചുകിടന്നത് ഈ ചില്ലുകൂട്ടിന് മുമ്പിലാണ്. ഈ പാതയിലേക്കാണ് അയാളുടെ കാലുകൾ നീണ്ടുകിടന്നത്. അയാൾക്കും ചുറ്റും ബദാം മരത്തിന്റെ ഇലകൾ മരണത്തിന്റെ സാന്ത്വനമായി പൊഴിഞ്ഞുകിടന്നിരുന്നു.▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments