നിങ്ങൾ ഒരു ഒസ്സാൻ കുടുംബത്തിൽ ജനിച്ച ആളാണെങ്കിൽ, നിങ്ങൾ എത്ര സമ്പന്നനും മാന്യനും സൽസ്വഭാവിയുമായാലും ശരി, നിങ്ങൾക്ക് ഈ 2021ലും കേരളത്തിലെ ഒരു തങ്ങൾ കുടുംബത്തിൽ നിന്ന് സ്വാഭാവികമായ ഒരു വിവാഹ ബന്ധം സാദ്ധ്യമല്ല
എന്റെ സുന്നത്ത് കല്യാണത്തിന്റെ വിശേഷങ്ങൾ തങ്കരാജ് അവിശ്വാസത്തോടെയാണ് കേട്ടിരുന്നത്. അവന്റെ സുന്നത്ത് കല്യാണം എന്നാണുണ്ടാവുക എന്ന എന്റെ ചോദ്യത്തിന് അവനും ഉത്തരം ഉണ്ടായിരുന്നില്ല. എനിക്ക് നടത്തിയ കല്യാണം എന്തുകൊണ്ട് തങ്കരാജിന് നടത്തുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഞാൻ കുറേ ദിവസം നടന്നു.
മൂത്ത രണ്ട് ഏട്ടന്മാരുടെയും സുന്നത്ത് കല്യാണം എനിക്ക് ഓർമ വെക്കും മുമ്പ് കഴിഞ്ഞതാണ്. ബാക്കി ഞങ്ങൾ അഞ്ച് ആൺമക്കളുടെയും സുന്നത്ത് കല്യാണം ഒന്നിച്ച് ഒരു വെള്ളിയാഴ്ചയാണ് നടത്തിയത്. എന്താണ് സുന്നത്ത് കല്യാണം എന്ന് ഏതാണ്ടൊരു കേട്ടറിവ് എനിക്ക് ഉണ്ടായിരുന്നു. മൂത്രമൊഴിക്കുന്ന സുനയുടെ തുമ്പത്തെ ഇളകുന്ന തൊലി മുറിച്ചുമാറ്റുന്ന ഈ കലാപരിപാടി എന്തിനാണെന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല.
എന്റെ നേരെ മൂത്ത ഏട്ടൻ ആ സമയം ആയപ്പൊ വീടിന്റെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. കരിമ്പാറ കയറി വാഴതോട്ടങ്ങളും തരിശുനിലങ്ങളും പിന്നിട്ട് അവൻ ഓടി. ഓടിപ്പോയ അവനെ തിരഞ്ഞ് ആളുകൾ പോയി. അടുക്കളയിൽ നിന്ന് പെരുന്നാളിന് മാത്രം വരുന്ന ഇറച്ചിക്കറിയുടെ മണം വരുന്നുണ്ടായിരുന്നു.
ഉപ്പാന്റെ പഴയ രണ്ട് വെള്ളത്തുണികൾ വീട്ടുമുറ്റത്ത് പന്തൽ പോലെ വലിച്ച് കെട്ടിയിരുന്നു. അന്ന് വീടിന് മുമ്പിലൂടെ പോയവരൊക്കെ ഞങ്ങളുടെ വീട്ടിലേക്കാണ് നോക്കിയത്. താഴത്തെ വീട്ടിൽ ശെൽവമണിയും കുമരേശനും തമ്മിൽ പൊരിഞ്ഞ തല്ല് നടന്നു. ടാറിട്ട പാതയ്ക്കപ്പുറം പള്ളിമിനാരത്തിന്റെ ഖുബ്ബയ്ക്കുള്ളിൽ പ്രാവുകൾ കുറുകി. പള്ളിയുടേയും മുകളിലേക്ക് കയറ്റം കയറി പോവുന്ന റബ്ബർ തോട്ടങ്ങൾ പുലരി മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് നിന്നു.
തല നിറയെ എണ്ണ തേച്ച് തന്ന് വല്യാത്ത എന്നെയും അനിയനെയും കുളിപ്പിച്ചു. ഓടിപ്പോയവനെ ആളുകൾ ആഘോഷത്തോടെ തൂക്കിയെടുത്ത് കൊണ്ടുവന്നു. അവൻ ഉറക്കെ നിലവിളിച്ചു.
മൂത്രസുനയുടെ തുമ്പ് മാത്രമല്ല നീറിയത്. ആ നീറ്റലിനെ മഞ്ഞൾപ്പൊടിയും കരിയും വന്ന് പൊതിഞ്ഞു. അപ്പോൾ നീറ്റൽ കൂടി ഞാൻ ഉറക്കെ കരഞ്ഞു. ഉപ്പ എന്നെ താങ്ങിയെടുത്ത് നടുമുറിയിൽ കൊണ്ടുവന്ന് കിടത്തിയിട്ട് കണ്ണിലെ കെട്ടഴിച്ചു.
"ഇന്റെ മുട്ടാണി മുറിക്കണ്ട ഉമ്മാ... ന്റെ മുട്ടാണി മുറിക്കണ്ട.'
എന്നെക്കാൾ രണ്ട് വയസ്സിന്റെ മൂപ്പുണ്ട് അവന്. അവന്റെ കരച്ചിലും ബഹളവും കേട്ടപ്പോൾ മൂത്രസുന അപ്പാടെ മുറിച്ച് കളയുമോന്ന് ഞാനും ഭയപ്പെട്ടു. അനിയൻ അന്ന് കുളിക്കാൻ സ്‌പെഷ്യലായി കിട്ടിയ വാസന സോപ്പ് മണത്ത് മുറ്റത്തെ പുളിമരത്തിന്റെ ചുവട്ടിൽ നിന്നു. പുളിയിലകൾ ഉപ്പാന്റെ വെള്ളത്തുണിപ്പന്തലിലേക്ക് പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അവൻ കയ്യിലെ പൊതി വീണ്ടും വീണ്ടും മണത്തു. അന്ന് ഞങ്ങൾ അഞ്ചാളും കുളിച്ച് കഴിഞ്ഞ് ബാക്കിയായ ചന്ദനത്തിന്റെ നിറവും മണവുമുള്ള സോപ്പിന്റെ കണ്ടം വാഴയിലയിൽ പൊതിഞ്ഞ് അവൻ ഒരുപാട് കാലം സൂക്ഷിച്ചുവെച്ചു.
വീട്ടിൽ ആകപ്പാടെയുള്ള മുറിയിലാണ് ഒസ്സാൻ കുഞ്ഞാലൻ ഇരുന്നത്. മുറികളുടെ ജനൽ അടഞ്ഞുകിടന്നു. കുഞ്ഞാലനെ കൂടാതെ ഉപ്പയും പാലൈവനം ഉസ്താദുമാണ് ആ മുറിയിലുണ്ടായിരുന്നത്. പാലൈവനം ഏതൊക്കെയോ ഖുർആൻ സൂക്തങ്ങൾ ഉറക്കെ ഓതി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചവട്ടത്തിലെ കസേരയിൽ എന്നെ മടിയിൽ വെച്ച് ഉപ്പ ഇരുന്നു. മുറിയിൽ ചന്ദനത്തിരികൾ എരിഞ്ഞു.
"ഒരു പുളിയെറ്മ്പ് കടിച്ചിണ്ട വേദനേ ണ്ടാവുള്ളൂ...' എന്ന കുഞ്ഞാലന്റെ ആശ്വാസവാക്കുകൾ ഞാൻ കേട്ട് തീരുംമുമ്പ് എന്റെ കണ്ണുകൾ കറുത്ത തുണി കൊണ്ട് പാലൈവനം കെട്ടിമറച്ചു. മുമ്പിലെ ഇരുട്ടിൽ എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി. കൂടുതകർത്ത് നെഞ്ച് പറത്തേക്ക് ചാടിപ്പോകും എന്ന് തോന്നിപ്പോയി.
താഴത്തെ വീട്ടിൽ നിന്ന് ശെൽവമണിയുടേയും കുമരേശന്റെയും തെറിവിളികൾ ഞാൻ കേട്ടു. അകത്തുനിന്ന് തുടങ്ങിയ അവരുടെ അടി മുറ്റത്ത് എത്തി കെട്ടിമറിച്ചിലായി മാറിയിട്ടുണ്ടാവുമെന്നും ആരുടെ തുണിയാവും ആദ്യം അഴിഞ്ഞ പോവുക എന്ന് വിചാരിച്ച് തീരും മുമ്പ് മൂത്രസുനയുടെ തുമ്പത്ത് ഒരു കൂട്ടം പുളിയുറുമ്പുകൾ ഒന്നിച്ച് കടിച്ചു. വേദന കൊണ്ടുപുളഞ്ഞ എന്നെ ഉപ്പ ആശ്വസിപ്പിച്ചു.
"ഒന്നും ല്ലടാ... തീർന്നു...തീർന്നു ... '
മൂത്രസുനയുടെ തുമ്പ് മാത്രമല്ല നീറിയത്. ആ നീറ്റലിനെ മഞ്ഞൾപ്പൊടിയും കരിയും വന്ന് പൊതിഞ്ഞു. അപ്പോൾ നീറ്റൽ കൂടി ഞാൻ ഉറക്കെ കരഞ്ഞു. ഉപ്പ എന്നെ താങ്ങിയെടുത്ത് നടുമുറിയിൽ കൊണ്ടുവന്ന് കിടത്തിയിട്ട് കണ്ണിലെ കെട്ടഴിച്ചു. പാലൈവനം നിർത്താതെ ഖുർആൻ ഓതി.
എന്റെ മുമ്പിൽ നിലത്തിട്ട പായയിൽ രണ്ട് ഏട്ടന്മാരും മലർന്നുകിടന്നു. അവരുടെ അരയിൽ നിന്നും വെള്ളത്തുണി കുട പോലെ മുകളിലേക്ക് വലിച്ചുകെട്ടിയിട്ടുണ്ട്. ഓടിപ്പോയ ഏട്ടൻ കുഞ്ഞാലന്റെ മുമ്പിൽ മുറിച്ച് മാറ്റപ്പെടാൻ പോവുന്ന ലിംഗഭയത്തിൽ അലറിക്കരഞ്ഞു. നടുമുറിയുടെ വാതിൽക്കൽ അവസാന ഊഴക്കാരനായി വാസനസോപ്പും മണത്ത് അനിയൻ നിന്നു.
ഉപ്പാന്റെ പിടിത്തത്തിൽ നിന്ന് കുതറിയവൻ കുഞ്ഞാലനെ ചവിട്ടിമറിച്ചിട്ടു. കണ്ണ് കെട്ടാതെ തന്നെ ഉപ്പയും പാലൈവനം ഉസ്താദും കയ്യും കാലും ബലമായി പിടിച്ച് പുളിയുറുമ്പുകളുടെ കടലിനെ അവന്റെ മൂത്ര സുനയിലേക്ക് കുടഞ്ഞിട്ടു. അവൻ സകല ദിക്കും കേൾക്കുമാറ് അലറി.
"മണ്ടി വെരീ ഉമ്മാ... ന്റെ മുട്ടാണി ഇതാ കൊണ്ടോണോയ്... ' ഉമ്മ വന്നില്ല. ഉപ്പാന്റെയും കുഞ്ഞാലന്റെയും ഉസ്താദിന്റെയും ഉച്ചത്തിലുള്ള ചിരി കേട്ടു. നിലവിളിയോടെ തന്നെ അവനെയും എന്റെയടുത്ത് കിടത്തി. ഞങ്ങൾക്ക് രണ്ടാൾക്കുമായിട്ട് മറ്റൊരു വെള്ളത്തുണിക്കുട മുകളിലേക്ക് ഉയർന്നു. മഞ്ഞൾ പൊടിയുടേയും കരിയുടേയും നീറ്റൽ കുറഞ്ഞുതുടങ്ങി. വാഴയിലയിൽ പൊതിഞ്ഞ സോപ്പും മണത്ത് അനിയനും പുളിയുറുമ്പുകളുടെ കടി കൊണ്ടു. അവൻ കരഞ്ഞതേയില്ല. ജീവിതത്തിൽ ആദ്യമായി കയ്യിൽ കിട്ടിയ വാസന സോപ്പിന് ഏത് വേദനയെയും ഇല്ലാതാക്കാൻ കഴിയുന്ന സുഗന്ധം ഉണ്ടായിരുന്നിരിക്കണം.
തികച്ചും പ്രാകൃതമായ ചികിത്സാ രീതികളാണ് അന്ന് പ്രയോഗിച്ചിരുന്നത്. സുന്നത്ത് കഴിഞ്ഞ് രണ്ടാം ദിവസം കുഞ്ഞാലൻ വന്നു. ഏട്ടന്മാരുടെ നിലവിളി കേട്ടപ്പോൾ ഇനിയെന്തൊക്കെയാവും കുഞ്ഞാലൻ കയ്യിൽ കരുതിയിട്ടുണ്ടാവുക എന്ന് ഞാൻ ഭയന്നു. പുളിയുറുമ്പുകൾക്ക് പകരം കരിന്തേളുകളെയും കടന്നലുകളെയും എന്റെ മൂത്ര സുനയിലേക്ക് കടിക്കാൻ വിടുമോ...?
എന്റെ ഊഴമെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. മഞ്ഞൾപ്പൊടിയും കരിയും വെച്ച് കെട്ടിയ മുറിവിലെ തുണി അഴിച്ച് മാറ്റി ചൂടുവെള്ളം കൊണ്ട് കഴുകി പിന്നെയും മഞ്ഞൾപ്പൊടിയും കരിയും വെച്ച് കെട്ടുകയാണ് കുഞ്ഞാലൻ ചെയ്തത്. വേദന ശരീരമാകെ കത്തിക്കയറി. തുണിയഴിച്ചുമാറ്റി അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന കരിയും മഞ്ഞൾപ്പൊടിയും ചൂടുവെള്ളം കൊണ്ട് കുതിർത്തി അടർത്തിയെടുക്കുമ്പോൾ പൊറ്റയടർന്ന് ചോരയൊലിച്ചു. ഞാൻ ഉറക്കെ കരഞ്ഞു.
ഒന്നിടവിട്ട ദിവസങ്ങളിലായി മൂന്ന് തവണ മുറിവ് അഴിച്ച് കെട്ടിയപ്പോഴേക്കും കുഞ്ഞാലൻ എന്റെ ശത്രുവായി മാറി. ഉണങ്ങിത്തുടങ്ങിയ വാഴയിലയിൽ പൊതിഞ്ഞ വാസന സോപ്പും മണത്ത് ശബ്ദമൊന്നും ഉണ്ടാക്കാതെ കുഞ്ഞാലന് മുമ്പിൽ ഇരിക്കുന്ന അനിയൻ എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ ജീവിതം അവനുവേണ്ടി കരുതി വെച്ച സഹനങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളുവെന്ന് അവനും ഞാനും അന്ന് അറിഞ്ഞില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഒസ്സാൻ കുഞ്ഞാലനും കുടുംബത്തിനും മേൽ പെട്ടെന്ന് കാണാനാവാത്ത ഒരു മറയുണ്ടായിരുന്നു.
കുഞ്ഞാലന്റെ കലാപരിപാടി കഴിഞ്ഞാൽ വല്യാത്ത എന്നെയും അനിയനെയും കുളിപ്പിക്കും. കുളി കഴിഞ്ഞാൽ പുഴുങ്ങിയ കോഴിമുട്ടയും പഴവും കിട്ടും. അത് തിന്നുകഴിയുമ്പോൾ മുറിവിൽ നീറുന്ന മഞ്ഞൾപ്പൊടിയെ ഞാൻ മറന്ന് തുടങ്ങും.
വേറെ ചില കൂട്ടുകാർക്ക് മഞ്ഞൾപ്പൊടിക്ക് പകരം തേയിലയും പഞ്ചസാരയുമാണ് കുഞ്ഞാലൻ വെച്ച് കെട്ടിയതെന്ന് അറിഞ്ഞപ്പോൾ ആർക്കൊക്കെയാവും അയാൾ മുളകുപൊടി വെച്ച് കെട്ടിയിട്ടുണ്ടാവുക എന്ന് ഞാൻ അത്ഭുതപ്പെട്ടു. കുട്ടികൾ കടയിൽ മുടി വെട്ടാൻ ചെല്ലുമ്പോൾ കുഞ്ഞാലൻ നിഗൂഢമായ ആനന്ദത്തോടെ ആ കുട്ടിയുടെ സുന്നത്ത് കല്യാണത്തിന്റെ വിശേഷങ്ങളും മൂത്രസുനയുടെ വിശേഷങ്ങളും പറയും. ഒപ്പം തനിക്ക് കിട്ടിയ കാശിന്റെ കണക്കും പറയും.
ഒരാഴ്ചയോളം ഞങ്ങൾ എട്ടാനിയന്മാർ ആ തുണിക്കുടയുടെ കീഴിൽ കിടന്നു. കുഞ്ഞാലന്റെ വരവൊഴിച്ചുനിർത്തിയാൽ ആ ആഴ്ച മുഴുവൻ കുശാലായിരുന്നു. ആരൊക്കെയോ കാണാൻ വരുന്നു. വരുന്നവർ ഏത്തപ്പഴവും കോഴിമുട്ടയും കൊണ്ടുവരുന്നു. ദിവസം മൂന്നുനേരം പുഴുങ്ങിയ കോഴിമുട്ടയും പഴവും കിട്ടുന്നു. ആകപ്പാടെ സംഗതി കൊള്ളാം... ഇങ്ങനെയാണെങ്കി എന്നും മൂത്രസുന കുഞ്ഞാലൻ മുറിച്ചോട്ടെന്ന് തോന്നിപ്പോയി. മാസ്റ്റർ കാണാൻ വന്നപ്പോൾ കോഴിമുട്ടയ്ക്കും പഴത്തിനും പുറമേ ഹലുവയും കൊണ്ടുവന്നു. മടങ്ങിപ്പോവുമ്പോൾ പക്ഷഭേദമില്ലാതെ ഞങ്ങൾ അഞ്ചാൾക്കും പത്ത് രൂപ വീതം തരികയും ചെയ്തു. പത്ത് രൂപയ്ക്ക് അഞ്ച് നോട്ട് ബുക്കുകൾ വാങ്ങാമെന്ന് ഞാൻ കണക്കുകൂട്ടി. മറ്റുള്ളവർ എന്താണ് കൂട്ടിക്കിഴിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷേ എല്ലാരുടേയും കണക്കുകൂട്ടലുകളെ തെറ്റിച്ച് ഉപ്പ ആ നോട്ടുകളൊക്കെ ഞങ്ങളിൽ നിന്ന് വാങ്ങി.
അഞ്ച് പേരുടെ സുന്നത്ത് കല്യാണത്തിന് നല്ല പണച്ചെലവുണ്ട്. കുഞ്ഞാലന് തന്നെ കൊടുക്കണം ഇരുനൂറ് രൂപ. കുഞ്ഞാലന് ചെടയാറിന്റെ അപ്പുറത്ത് വനാതിർത്തിയിൽ ബാർബർ ഷോപ്പ് ഉണ്ടായിരുന്നു. ഓടുമേഞ്ഞ ആ ഒറ്റമുറി കെട്ടിടം അയാളുടെ സ്വന്തമാണ്. അതിന്റെ ഉള്ളിലെ വലിയ കണ്ണാടിയിൽ നോക്കിയാണ് എന്നെ ഞാൻ ആദ്യമായി കണ്ടത്. വേളിമലയിലെയും പെരുംചിലമ്പിലെയും ആൺ പ്രജകളെല്ലാം മുടി വെട്ടിയിരുന്നത് കുഞ്ഞാലന്റെ ആ കടയിൽ നിന്നാണ്.
അക്കാലത്ത് മറ്റുള്ളവരേക്കാൾ വരുമാനമുണ്ടായിരുന്നു കുഞ്ഞാലന്. അതുകൊണ്ടുതന്നെ കുഞ്ഞാലന്റെ മക്കൾ നല്ല വസ്ത്രങ്ങളാണ് ധരിച്ചത്. നല്ല ഭക്ഷണമാണ് കഴിച്ചത്. നല്ല ഒരു വീട്ടിലാണ് പാർത്തത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഒസ്സാൻ കുഞ്ഞാലനും കുടുംബത്തിനും മേൽ പെട്ടെന്ന് കാണാനാവാത്ത ഒരു മറയുണ്ടായിരുന്നു.
"എന്തൊക്കെ പറഞ്ഞാലും ഓൻ ഒത്താനല്ലേ..?' എന്ന പറച്ചിൽ അത്ര നിഷ്‌കളങ്കമായിരുന്നില്ല. കുഞ്ഞാലന്റെ മൂത്ത മകൻ സുലൈമാന് പൊട്ടേൻ കാക്കയുടെ മകളായ സുലൈഖയെ ഒത്തിരി ഇഷ്ടമായിരുന്നു. സുലൈമാൻ അവളെ വിവാഹം കഴിക്കാനും തയ്യാറായിരുന്നു. മടിച്ചുമടിച്ച് പെണ്ണ് ചോദിച്ച കുഞ്ഞാലനെ പൊട്ടേൻ കാക്ക മുട്ടൻ തെറി വിളിച്ച് ഓടിച്ചുവിട്ടു. സുന്ദരനും സൽസ്വഭാവിയുമായ സുലൈമാനെ സുലൈഖയ്ക്കും ഇഷ്ടമായിരുന്നു. മാസ്റ്റർ പരസ്യമായി തന്നെ കുഞ്ഞാലനെ തെറി വിളിച്ചു.
"ഒസ്സാന് എന്നാടാ ഇത്രയ്ക്ക് ധൈര്യണ്ടായത്, നല്ല കുടുംബത്ത്ന്ന് പെണ്ണന്യേഷിക്കാൻ...?'
എന്താണ് നല്ല കുടുംബം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായതേയില്ല. മനസ്സിലായി തുടങ്ങിയ കാലം വന്നപ്പോൾ ഇസ്‌ലാമിൽ ജാതിയില്ല എന്ന ഉഡായിപ്പിന്റെ പൊരുളും മനസ്സിലായി.
പക്ഷേ ജാതി എന്ന മാലിന്യം അതിന്റെ എല്ലാ ദുർഗന്ധവുമായി ഇന്നും കേരളത്തിലെ മുസ്‌ലിംകൾക്കിടയിലുണ്ട്. ഇസ്‌ലാമിന്റെ സമത്വഭാവനയെ കുറിച്ച് മഹാഗ്രന്ഥങ്ങൾ രചിക്കുന്ന മൗദൂദിസ്റ്റുകൾ പോലും ഒരു ഒസ്സാൻ കുടുംബത്തിൽ നിന്ന് പെണ്ണുകെട്ടില്ല.
വേളിമലയും പെരുംചിലമ്പിലുമായി അറുപതോളം മുസ്‌ലിം കുടുംബങ്ങൾ ഉണ്ടായിരുന്നിട്ടും ചെയ്യുന്ന തൊഴിലിന്റെ പേരിൽ കുഞ്ഞാലന് തന്റെ മക്കൾക്ക് ഇണയെ കണ്ടെത്താൻ മലപ്പുറത്തോളം പോവേണ്ടി വന്നു. അവിടന്നും കിട്ടിയത് മറ്റ് കുടുംബങ്ങളിലെ ബന്ധങ്ങളല്ല. ഒസ്സാൻ കുടുംബത്തിൽ നിന്നുള്ള ബന്ധമാണ്.
തട്ടമിട്ടവരും ഇടാത്തവരുമായ മുസ്‌ല്യാർമാർ പാതിരാപ്രസംഗങ്ങളിൽ "ലകത് കറ് റമ്‌നാ ബനീ ആദം' എന്ന ഖുർആൻ വചനം ഓതി, അകമ്പടിയായി ഇഖ്ബാൽ കവിതകളും ചൊല്ലി, ആദമിന്റെ മക്കൾ എല്ലാം ഒറ്റ പിതാവിന്റെ മക്കളാണെന്ന് ഉച്ചത്തിൽ അലറുമ്പോൾ തന്നെ കേരളീയ മുസ്‌ലിംകൾക്കിടയിൽ ജാതിവിവേചനം ഉണ്ട്. പ്രത്യക്ഷത്തിൽ അവരെ അകറ്റി നിർത്തുന്നില്ലായിരിക്കാം. പക്ഷേ ജാതി എന്ന മാലിന്യം അതിന്റെ എല്ലാ ദുർഗന്ധവുമായി ഇന്നും കേരളത്തിലെ മുസ്‌ലിംകൾക്കിടയിലുണ്ട്. ഇസ്‌ലാമിന്റെ സമത്വഭാവനയെ കുറിച്ച് മഹാഗ്രന്ഥങ്ങൾ രചിക്കുന്ന മൗദൂദിസ്റ്റുകൾ പോലും ഒരു ഒസ്സാൻ കുടുംബത്തിൽ നിന്ന് പെണ്ണുകെട്ടില്ല. സ്വന്തം മക്കളെ ഒസ്സാന് കെട്ടിച്ചുകൊടുക്കുകയുമില്ല. ഇത് ജാതിവിവേചനം അല്ലെങ്കിൽ പിന്നെ മറ്റെന്താണ്..?
കളികൾക്കിടയിൽ മറ്റ് കുട്ടികൾ കുഞ്ഞാലന്റെ മക്കളെ ഒസ്സാനേ എന്ന് കളിയാക്കി വിളിച്ചത്, അങ്ങനെ വിളിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് ജാതി അല്ലെങ്കിൽ പിന്നെ മറ്റെന്താണ്. ഒസ്സാൻ, പൂസിലാൻ (മീൻ പിടിക്കുന്നവർ), കുയ്യൻ (കബർ കിളയ്ക്കുന്നവർ), തുടങ്ങിയ വിഭാഗങ്ങളെല്ലാം ഈ അധിക്ഷേപവും വിവേചനവും ഏറിയും കുറഞ്ഞും അനുഭവിക്കുന്നുണ്ട്. നിങ്ങൾ ഒരു ഒസ്സാൻ കുടുംബത്തിൽ ജനിച്ച ആളാണെങ്കിൽ, നിങ്ങൾ എത്ര സമ്പന്നനായാലും മാന്യനും സൽസ്വഭാവിയുമായാലും ശരി നിങ്ങൾക്ക് ഈ 2021ലും കേരളത്തിലെ ഒരു തങ്ങൾ കുടുംബത്തിൽ നിന്ന് സ്വാഭാവികമായ ഒരു വിവാഹ ബന്ധം സാധ്യമല്ല എന്നത് വസ്തുതയാണ്. അതിനെതിരെ കണ്ണടച്ചിട്ട് കാര്യമില്ല. പഞ്ചസാര എന്ന് എഴുതി അത് നക്കി നോക്കിയാൽ മധുരമുണ്ടാവില്ലല്ലോ ...
ഇപ്പോഴും ഒസ്സാന്മാർക്ക് ജാതിയുടെ ഭാഗമായി തന്നെ അനുവദിച്ചുകൊടുത്ത ചില കാര്യങ്ങളുണ്ട്. മഹല്ലിൽ ഒരു വിവാഹം നടന്നാൽ ആ മഹല്ലിലെ ഒസ്സാനെ നിർബന്ധമായും ക്ഷണിക്കും. അത് ആദരവുകൊണ്ടല്ല. ആ വിവാഹത്തിൽ ജനിക്കുന്ന സന്തതികൾക്ക് ഒസ്സാൻ ചെയ്യേണ്ട ജാതി ആചാരങ്ങളുണ്ട്. കുട്ടികളുടെ ആദ്യത്തെ തലമുടിയെടുക്കുന്ന മതചടങ്ങിന്റെ ഭാഗമായി അറക്കുന്ന മൃഗത്തിന്റെ നല്ല ഒരു ഓഹരി ഒസ്സാന് അവകാശപ്പെട്ടതാണ്. കാരണം ആ കുഞ്ഞിനെ നാൽപ്പത് ദിവസം കുളിപ്പിക്കേണ്ടത് ഒസ്സാത്തിയാണ്.
ബീനയുടെ "ഒസ്സാത്തി' എന്ന നോവൽ മുസ്‌ലിം സമുദായത്തിലെ ജാതിവ്യവസ്ഥയെ ശക്തമായി അടയാളപ്പെടുത്തിയ രചനയാണ്. പക്ഷേ അത് വേണ്ടത്ര വായിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. സ്വന്തം മകളെ പെണ്ണ് ചോദിക്കാൻ വരുന്ന ഒസ്സാനെ തെറിവിളിച്ച് ഓടിച്ച് ചാരുകസേരയിലിരുന്ന് പെരുമാൾ മുരുകനെ വായിച്ചിട്ട് ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് രോഷം കൊള്ളുന്ന ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. ഹൈന്ദവ ഫാസിസത്തിനെതിരെ ദിവസവും എഫ്.ബി പോസ്റ്റിടുകയും ഇസ്‌ലാമിക തീവ്രവാദത്തിനു നേരെ കണ്ണടുക്കകയും ചെയ്യുന്നതുപോലെ തന്നെയാണ് കേരളീയ മുസ്‌ലിംകളുടെ ഇടയിലെ ജാതിവിവേചനത്തിനുനേരെ കണ്ണടക്കുന്ന ഈ കലാപരിപാടിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
സുന്നത്ത് കല്യാണമൊക്കെ കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോൾ എനിക്ക് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് തങ്കരാജിന് അറിയണമായിരുന്നു. കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടൊന്നും അവന് വേണ്ടത്ര തൃപ്തിയായില്ല. അവൻ എന്റെ മൂത്രസുന കാണണമെന്ന് വാശി പിടിച്ചു. എങ്കിൽ കാണിച്ച് കൊടുക്കാമെന്ന് ഞാനും തീരുമാനിച്ചു. ഉച്ച ബെല്ലിന്റെ ഇടവേളയിൽ ചെടയാറിന്റെ തീരത്തെ അരളി മരങ്ങളുടെ ചുവട്ടിലിരുന്ന് എന്റെ നിക്കർ അഴിച്ച് ഞാനവന് എന്റെ മൂത്രസുന കാണിച്ചുകൊടുത്തു. അത് കണ്ടപ്പോൾ അവൻ സ്വന്തം നിക്കർ അഴിച്ചിട്ട് രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ട് എന്നോട് ചോദിച്ചു: "എപ്പടി താൻ നീയിനി ഒണ്ണ്ക്ക് പോറത് അപ്പാസേ...?'
അപ്പൊ തങ്കരാജ് ഇത് വരെ ശഹാദത്ത് കലിമ ചൊല്ലിയിട്ടില്ല. അത് ചൊല്ലാതെ അവന് മുസ്‌ലിമാവാൻ കഴിയില്ല. എന്തൊക്കെയോ കുഴഞ്ഞ് മറിഞ്ഞ പ്രശ്‌നങ്ങൾ അവനും എനിക്കുമിടയിൽ പുളിയുറുമ്പുകളായി കടിച്ചുതൂങ്ങി കിടക്കുന്നതായി എനിക്ക് തോന്നി.
എങ്ങനെയാണ് ഇനി ഞാൻ മൂത്രമൊഴിക്കുക എന്ന് അവന് അറിയണമായിരുന്നു. ഞാനവന് മൂത്രം ഒഴിച്ച് കാണിച്ച് കൊടുത്തപ്പോഴാണ് സന്ദേഹങ്ങൾ മാറി അവന്റെ മുഖത്ത് ചിരി വിടർന്നത്.
"ഉൻ ശുണ്ണിക്ക് താൻ അളക് ' എന്ന് അവൻ പറഞ്ഞപ്പോൾ സുന്ദരമാക്കിയ എന്റെ മൂത്രസുനയെ ഓർത്ത് ഞാൻ അഭിമാനം കൊണ്ടു. എന്നിട്ട് മൂത്രസുനയെ നിക്കറിനുള്ളിലേക്ക് ഭദ്രമായി അടച്ചുവെച്ചു.
ഞങ്ങൾക്ക് ചുറ്റും ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് കൊണ്ടിരുന്നു. ഭംഗിയില്ലാത്ത സ്വന്തം ലിംഗത്തെ ഓർത്ത് തങ്കരാജിന്റെ മുഖം വാടി.
കുഞ്ഞാലനോട് പറഞ്ഞ് തങ്കരാജിന്റെ സുന്നത്ത് കല്യാണം കഴിപ്പിക്കണമെന്ന് ഞാൻ കരുതി. പക്ഷേ അവനോട് അത് പറഞ്ഞില്ല. പറഞ്ഞത് പാലൈവനം ഉസ്താദിനോടാണ്. ഉസ്താദ് ഗൗരവഭാവത്തിൽ പറഞ്ഞു; "ആദ്യം ഓൻ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാമാവട്ടെ. ന്നിട്ട് ഞമ്മക്ക് ആലോയ്ക്കാ...'
അപ്പൊ തങ്കരാജ് ഇത് വരെ ശഹാദത്ത് കലിമ ചൊല്ലിയിട്ടില്ല. അത് ചൊല്ലാതെ അവന് മുസ്‌ലിമാവാൻ കഴിയില്ല. എന്തൊക്കെയോ കുഴഞ്ഞ് മറിഞ്ഞ പ്രശ്‌നങ്ങൾ അവനും എനിക്കുമിടയിൽ പുളിയുറുമ്പുകളായി കടിച്ചുതൂങ്ങി കിടക്കുന്നതായി എനിക്ക് തോന്നി. തങ്കരാജ് മുസ്‌ലിം അല്ല. തങ്കരാജ് നിസ്‌ക്കരിക്കാറില്ല. നോമ്പ് നോൽക്കാറില്ല ... ഇതൊന്നും ചെയ്തില്ലെങ്കിൽ ...?
പാലൈവനം ഉസ്താദ് പഠിപ്പിച്ചുതന്ന നരകം അതിന്റെ വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുന്നത് തങ്കരാജിനെ മാത്രമല്ലല്ലോ ... ശെന്തിൽ... മുത്തയ്യൻ സാർ ...പൊന്നഴകി ടീച്ചർ ...ഗിരീഷ് ... സ്‌നേഹത്തിന്റെ മുഖങ്ങൾക്കും മുമ്പിൽ തുറന്നിടപ്പെട്ട ആ നരകവാതിലുകൾ എന്നെ ഭയപ്പെടുത്തി. ജഹന്നമെന്ന നരകം എനിക്ക് ചുറ്റും അതിന്റെ പ്രശസ്തമായ തീ ചൂടുമായി നിന്ന് കത്തി. പള്ളിയും പാതകളും റബ്ബർ തോട്ടങ്ങളും ആ നരകത്തീയിൽ ഉരുകി ഇല്ലാതെയായി.▮