ചിത്രീകരണം : ദേവപ്രകാശ്

പള്ളിക്കൊടിമരത്തിൽ അടയാളപ്പെട്ട മനോഹര നാടാർ

വെറും മനുഷ്യർ- 14

മനോഹരന്റെ പേരെഴുതിയ പുതിയ കൊടിമരം പള്ളിക്കുമുമ്പിൽ സ്ഥാപിക്കപ്പെട്ടു. ഇന്നായിരുന്നെങ്കിൽ ഒരു മുസ്‌ലിം പള്ളിയുടെ കൊടിമരത്തിൽ ഹിന്ദുവിന്റെ പേര് എഴുതിവെക്കാൻ നമ്മുടെ നാട്ടിലെ ഒരു ഓഫീസറും ഉത്തരവിടുമായിരുന്നില്ല. അത് സ്വീകരിക്കാൻ ഒരു മഹല്ലും തയ്യാറാവുമായിരുന്നില്ല

പെരുംചിലമ്പിലെ ചർച്ചിൽ നടക്കുന്ന കഞ്ഞിവീഴ്ത്തൽ ചടങ്ങിലിരുന്ന് നാലഞ്ചുതവണ വയറുനിറയെ ഞാൻ കഞ്ഞി കുടിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ട മൂലധനം ആരുടേതാണെന്ന് കൃത്യമായി എനിക്ക് അറിയുമായിരുന്നില്ല. എനിക്കെന്നല്ല പലർക്കും അതിനുപിന്നിലെ പണം ആരുടേതെന്ന് അറിയില്ലായിരുന്നു.

എല്ലാവരും കരുതിയ പോലെ ഫാദർ പാക്കിയവും സഭയുമാണ് അതിനുപിന്നിലെന്ന് ഞാനും കരുതി. പക്ഷേ വിശപ്പിന്റെ പെരുംങ്കടലുകൾക്ക് അന്നമായി മാറിയ ആ ദൈവപ്പണം മനോഹരൻ എന്ന മനുഷ്യന്റെതായിരുന്നു. പെരുംചിലമ്പിൽ മാത്രമല്ല, കൊറ്റിയോട്ടിലെ മീൻ ചന്തയിലും കുമാരപുരത്തെ പിള്ളയാർ കോവിലിലും വർഷം തോറും നടത്തിയിരുന്ന കഞ്ഞിവീഴ്ത്തലിന്റെ പണം മനോഹരന്റെതാണ് എന്ന് അതാത് നാട്ടുകാരറിഞ്ഞത് അയാളുടെ അപകട മരണത്തെ തുടർന്നാണ്.

പെരുംചിലമ്പിനും വേളിമലയ്ക്കും ഇടയിൽ കരിപ്പാലി കുന്നുകളിൽ മനോഹരന് റബ്ബർതോട്ടം ഉണ്ടായിരുന്നു. അവിടുത്തെ ടാപ്പിംങ്ങ് തൊഴിലാളികൾക്കാണ് അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത്. തന്റെ തോട്ടത്തിൽ പണിയെടുക്കുന്ന ഒമ്പത് പണിക്കാരുടെയും വീടുകളിൽ വസ്ത്രമായും അന്നമായും കുടയായും പുതപ്പായും പഠനോപകരണങ്ങളായും മനോഹരന്റെ സ്‌നേഹത്തണുപ്പ് പടർന്ന് നിന്നു. ആ ഒമ്പത് കുടുംബങ്ങളും ഒരിക്കലും പട്ടിണിയറിഞ്ഞില്ല.
കുമാരപുരം പട്ടണത്തിലെ രണ്ടുനില കെട്ടിടവും മനോഹരന്റെതായിരുന്നു. ആ കെട്ടിടത്തിൽ കാലങ്ങളോളം ഒരേ വാടകയായിരുന്നു. വാടകപ്പണം കൊടുക്കാൻ കഴിയാത്തതിനാൽ അവിടുന്ന് ആരും കച്ചവടം ഒഴിയേണ്ടി വന്നിട്ടില്ല. മനോഹരന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതോ നഷ്ടപ്രണയത്തിന്റെ കടും വർണങ്ങളിൽ പുതഞ്ഞ് മനോഹരൻ ഇണയില്ലാതെ ജീവിച്ചു. അമ്മ മകനോട് കല്യാണം കഴിക്കാൻ പറഞ്ഞുപറഞ്ഞ് തന്റെ മകന്റെ പ്രണയം നിരസിച്ച യുവതിയെ ശപിച്ചുശപിച്ച് ഭൂമിയിൽനിന്ന് ജീവിതം മതിയാക്കി മരണത്തിലേക്ക് മടങ്ങിപ്പോയി.
തനിച്ചായിപ്പോയ വീട്ടിൽ ഒറ്റക്കുപാചകം ചെയ്ത് ഒറ്റക്കുവിളമ്പി ഒറ്റക്കുതന്നെ കഴിച്ച് മനോഹരൻ ജീവിച്ചു. അയാളുടെ ട്രങ്ക് പെട്ടിയിൽ വാടിയ കനകാംബരങ്ങളും മുടിനാരുകളും പ്രണയകാലത്തിന്റെ നൊമ്പരപ്പാടുകളായി കണ്ണീരണിഞ്ഞ് കിടന്നു. തന്നെ തനിച്ചാക്കി പോയ പെണ്ണിനുപകരം മറ്റൊരുവളെ അയാൾ തിരഞ്ഞെടുത്തില്ല. സമ്പത്തും സന്മനസ്സും കരുണയുമുള്ള അയാളെ തേടി പല വിവാഹ ആലോചനകളും വന്നെങ്കിലും അയാൾ അതൊന്നും സ്വീകരിച്ചില്ല. നന്മയുടെ നേരെ കല്ലെറിയുന്ന മനുഷ്യസഹജമായ ശീലത്താൽ അയാളെയും അയാളുടെ കീഴിൽ പണിയെടുക്കുന്ന കുടുംബങ്ങളിലെ യുവതികളെയും ചേർത്ത് പലപല കഥകളും നാട്ടിൽ പ്രചരിച്ചു. തന്റെ ചെവിയിലെത്തിയ ആ കഥകളുടെ ഉറവിടം തേടി അയാൾ പോയതേയില്ല.

തന്റെ വരുമാനത്തിൽ നിന്ന് തനിക്ക് ഭൂമിയിൽ ജീവിക്കാൻ വേണ്ടതുമാത്രമെടുത്ത് ബാക്കിയെല്ലാം അയാൾ ദാനം ചെയ്തു. ചെയ്യുന്നത് താനാണെന്ന് ആരോടും പറഞ്ഞില്ല. ആഴ്ചയിലൊരിക്കൽ മുറതെറ്റാതെ ഞങ്ങളുടെ സ്‌കൂളിൽ എത്തിയിരുന്ന പരിപ്പുവടയും പാൽ ചായയും മനോഹരനെന്ന മനുഷ്യന്റെ കരുതലായിരുന്നു. പക്ഷേ ഹെഡ്മാസ്റ്റർ ഗണപതി സാർ അത് സ്വന്തം പണം കൊണ്ടാണെന്ന് ഓരോ ആഴ്ചയിലും ഞങ്ങൾ കുട്ടികളെ ഓർമപ്പെടുത്തി. സത്യാവസ്ഥ അറിയുന്ന മുത്തയ്യൻ സാറാവട്ടെ ആരുടേത് എന്നതിലുപരി ആർക്ക് എന്ന പൊരുളിൽ മാത്രം ശ്രദ്ധിച്ചു.
തന്റെ വീട് നിൽക്കുന്ന കുമാരപുരത്ത് നിന്ന് ബസ് കയറി മനോഹരൻ പെരുംചിലമ്പിലിറങ്ങും. എന്നിട്ട് ഞങ്ങളുടെ വീടിനുമുന്നിലെ റോഡിലൂടെ തല താഴ്ത്തി നടന്നുപോവും. നഷ്ടമായത് എന്തോ തിരയുന്ന ഭാവമായിരുന്നു എപ്പോഴും അയാളുടെ മുഖത്ത്. മനോഹരൻ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു. തലമുടി എണ്ണ തേച്ച് മിനുക്കി ഭംഗിയിൽ വാർന്നുവെച്ചു. ഇളം തവിട്ട് നിറമുള്ള മുഖത്ത് പൗഡർ പൂശി, ദേഹത്ത് സുഗന്ധം പുരട്ടി നടന്നുപോവുന്ന അയാളെ മുതിർന്ന പെൺകുട്ടികൾ ആരാധനയോടെ നോക്കി നിന്നു.

തന്നെ നോക്കുന്ന കണ്ണുകളെ അയാൾ ശ്രദ്ധിച്ചതേയില്ല. നോക്കി നോക്കി കണ്ണ് കഴച്ച ചില യുവതികൾ അയാൾ കേൾക്കാൻ വേണ്ടി തന്നെ പാഞ്ഞു; "എന്നാ ഒര് തിമിര്.... മക്കൾ തിലകം ങ്ക്‌റ നടിപ്പ് ...'
മനോഹരൻ നടിക്കുകയായിരുന്നില്ല. അയാളുടെ ഉള്ളിൽ കുപ്പിവള കിലുക്കങ്ങളും കനകാംബരത്തിന്റെ വർണങ്ങളും ഉണ്ടായിരുന്നു. ആ സുഗന്ധത്തിലാണ് അയാൾ ജീവിച്ചത്. തനിക്ക് ചുറ്റും പെയ്തിറങ്ങുന്ന മോഹങ്ങളെയോ ആസക്തികളെയോ അയാൾ അറിഞ്ഞില്ല. കടും വർണ ചേലചുറ്റി തല നിറയെ കനകാംബരങ്ങൾ ചൂടി സെന്തമിൾ പേച്ചുമായി തന്നെ പൊതിഞ്ഞുനിന്ന ആ നഷ്ടകാലത്തിന്റെ ഉണർവ്വുകളിൽ അയാൾ തലതാഴ്ത്തി നടന്നു.

മറ്റാരുടെയോ ഭാര്യയായി മാറിയ ആ യുവതി എന്നെങ്കിലും തന്നിലേക്ക് മടങ്ങിവരുമെന്നുതന്നെ അയാൾ വിശ്വസിച്ചു. ആ വിശ്വാസത്തിൽ, അതിന്റെ ഉറപ്പിൽ അയാൾ സംതൃപ്തനായിരുന്നു. ചെന്നിയിൽ നരകയറി തുടങ്ങിയപ്പോൾ തക്കലയോളം ചെന്ന് അവിടുത്തെ മുന്തിയ ബാർബർ ഷോപ്പിൽ നിന്ന് അയാളാ നരയുടെ വെളുപ്പിനുമേൽ കാത്തിരിപ്പിന്റെ കറുപ്പ് പുരട്ടി മടങ്ങി വന്നു.
അക്കാലത്ത് റബർ തോട്ടങ്ങളിലെ സൂപ്പർവൈസർമാർ വരെ വിറകുതേടി വരുന്ന യുവതികളെ അവരുടെ ഗതികേടിന്റെ കരിയില കിടക്കകളിൽ തള്ളിയിട്ട് അവരുടെ സമ്മതമില്ലാതെ തന്നെ ഭോഗിച്ചപ്പോൾ തന്റെ മുമ്പിൽ കടലുപോലെ നഗ്‌നമായി കിടന്ന സമ്മതങ്ങളുടെ ഉടലുകളെ മനോഹരൻ പാടെ അവഗണിച്ചു. അയാളുടെ തോട്ടത്തിൽ നിന്ന് ആർക്കും പ്രതിഫലമൊന്നുമില്ലാതെ വിറകും റബ്ബർ കുരുവും പൊറുക്കാമായിരുന്നു. തന്റെ അമ്മയുടെ ഓർമക്ക് അയാൾ നടത്തിയിരുന്ന അന്നദാനങ്ങളിൽ ജാതി മതഭേദമില്ലാതെ ആർക്കും വിശപ്പറ്റാമായിരുന്നു.
മനോഹരൻ സംസാരിച്ചിരുന്ന അപൂർവം മനുഷ്യ ജീവികളിൽ ഒരാൾ എന്റെ ഉമ്മയായിരുന്നു. ഞങ്ങളുടെ വീടിനുമുമ്പിലൂടെ നടന്നുപോവുന്നതിനിടയിൽ ദാഹിച്ചാൽ കുടിവെള്ളം ചോദിക്കാൻ അയാൾ ഉമ്മാനെ വിളിക്കുമായിരുന്നു. ഏറ്റവും വൃത്തിയുള്ള പാത്രത്തിൽ അയാൾക്ക് വെള്ളം കൊടുത്തിട്ട് ഉമ്മ ചോദിക്കും;
"അനക്ക് തിന്നാൻ എന്തെങ്കിലും മാണോ മനോരാ ...'
അയാൾ വേണ്ടെന്ന് തലയാട്ടും. തല താഴ്ത്തിപ്പിടിച്ച് നടന്നുപോകുന്ന മനോഹരനെ നോക്കി ഉമ്മ പറയും;
"എന്തൊരു നല്ല ചെക്കനാണ്. ന്ന്ട്ടും അയിനൊരു എണതൊണയില്ല.''
ഇണതുണയില്ലാതെ തന്നെ മനോഹരൻ ജീവിച്ചു. പാലൈവനത്തിന് മനോഹരൻ ഇടയ്‌ക്കൊക്കെ കാശ് കൊടുത്തു. പള്ളി വെള്ള വലിക്കാനുള്ള പണം എല്ലാ കൊല്ലവും കൊടുത്തു.
ഒരു ഞായറാഴ്ച ദിവസം ഞാനും അനിയനും കൂടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ മനോഹരൻ കരിപ്പാലിക്കുന്നിറങ്ങി വന്നു. അയാളാകെ വിയർത്തുകുളിച്ചിരുന്നു. മുഖത്ത് പൂശിയ പൗഡർ വിയർപ്പിലലിഞ്ഞ് വെള്ള നൂലായി കവിളിലൂടെ ഒലിച്ചു. ചോദിക്കാതെ തന്നെ ഉമ്മ അയാൾക്ക് കഞ്ഞി വെള്ളം കൊണ്ട് കൊടുത്തു. അത് മുഴുവൻ ഒറ്റ വീർപ്പിന് കുടിച്ചുതീർത്തിട്ട് അയാൾ എന്റെ മുടിയിൽ തലോടി. പേരറിയാത്ത ഏതോ സുഗന്ധം എന്നെ തൊട്ടതുപോലെ എനിക്കുതോന്നി. അനിയൻ എന്നെ തനിച്ചാക്കി പോയിക്കഴിഞ്ഞിരുന്നു.
സമയം അപരാഹ്നമായിരുന്നു.

കുഞ്ഞു പൂമ്പാറ്റകൾ വെയിൽദൂരങ്ങളിൽ പറന്നുകളിച്ചു. കറുത്ത പാന്റും ഇളം നീല കുപ്പായവുമായിരുന്നു അയാളുടെ വേഷം. പാത മുറിച്ചുകടന്ന് അയാൾ പള്ളിക്കുമുമ്പിലെ നേർച്ചപ്പെട്ടിയിൽ പണമിടാനായി പോക്കറ്റിൽ തിരയുന്ന നേരത്ത് പള്ളിയുടെ കൊടിമരം വെയിൽ ദൂരങ്ങളിലൂടെ താഴേക്കടർന്ന് അയാളുടെ നെറുകയിൽ പതിച്ചു.

അമ്മാ... എന്ന അയാളുടെ അലർച്ചകേട്ട് ഉമ്മ ഓടി വന്നു. എനിക്കുമുമ്പിൽ ചോരയുടെ പൂമ്പാറ്റകൾ പറന്നു. കൊടിമരത്തിന്റെ തുമ്പത്തെ ഇരുമ്പുകമ്പി അയാളുടെ തല പിളർത്തി കഴിഞ്ഞിരുന്നു. എന്റെ തലയാകെ കനത്തു. വയറ്റിൽനിന്ന് എന്തോ ഉരുണ്ടുകൂടി കണ്ണുകളിലെത്തിയപ്പോൾ ആ ചോരപ്പാറ്റകൾക്കുനേരെ ഞാൻ മറിഞ്ഞുവീണു.

ഓർമ തെളിയുമ്പോൾ എനിക്കുമുമ്പിൽ ആൾക്കൂട്ടമായിരുന്നു. ആ ബഹളത്തിനിടയിൽ എന്നെ ആരും ശ്രദ്ധിച്ചില്ല. പക്ഷേ ബോധത്തിന്റെ ഏതോ അതിർവരമ്പിൽ അയാളുടെ നിലവിളി കേട്ട് ഉമ്മ അയാളുടെ നേർക്ക് ഓടുന്നതും വല്യാത്ത പാത്രത്തിൽ വെള്ളവുമായി വരുന്നതും ഉമ്മ ആ വെള്ളം ചോരപ്പാറ്റകളെ തുടച്ചുകളഞ്ഞ് അയാളുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുന്നതും ഞാൻ കണ്ടു.
അയാൾ ഒരു കൈ ഉമ്മാന്റെ കഴുത്തിൽ പിടിച്ച് മറ്റേ കൈ കൊണ്ട് തലയിൽ പൊത്തിപ്പിടിച്ചു. ആ വിരലുകൾക്കിടയിലൂടെ ചോര ഒലിച്ചിറങ്ങുന്നതാണ് ഞാൻ അവസാനമായി കണ്ടത്.

ആൾക്കൂട്ടങ്ങൾ ചില തീർപ്പുകളിലെത്തുന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അന്ന് അവിടെ കൂടിയ ആൾക്കൂട്ടം ആരുടെയും പ്രത്യേക നിർദ്ദേശമില്ലാതെ തന്നെ ഒരു തീർപ്പിലെത്തി.
പള്ളിയുടെ കൊടിമരം ഒടിഞ്ഞുവീണ് മനോഹരൻ മരിച്ചതിനാൽ മനോഹരനെ പള്ളിയിൽ തന്നെ ഖബറടക്കണമെന്ന ആ തീർപ്പിന് ഒരു ഗ്രാമമാകെ കത്തിയെരിയാൻ വേണ്ട ശക്തിയുണ്ടായിരുന്നു. മനോഹരന്റെ മതം പെട്ടെന്നാണ് വെളിപ്പെട്ടത്. മതത്തെയും കവച്ചുവെച്ച് അയാളുടെ ജാതി അതിലും ശക്തിയായി വെളിപ്പെട്ടു.

മനോഹരൻ നാടാർ സമുദായത്തിൽ പെട്ട ആളാണ്. ആൾക്കൂട്ടം രണ്ടായി പിരിഞ്ഞു. നാടാർമാരും തുലുക്കൻമാരും ... ജീവൻ വെടിഞ്ഞുകിടന്ന മനോഹരന്റെ ശരീരത്തിൽ നിന്ന് അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദങ്ങൾ സന്ധ്യയായതോടെ വാക്കേറ്റത്തിൽ എത്തി.
"എങ്ക പുനിതമാന മനോഹരനെ ഇന്ത കോവിലിലെ താൻ അടക്കം പണ്ണണും ... '
"കണ്ണീ കണ്ട കാഫറീങ്ങക്ക് ള്ളതല്ല ഞങ്ങളെ പള്ളിപ്പറമ്പ് '
ഞങ്ങളും നിങ്ങളുമായി, നിങ്ങളും ഞങ്ങളുമായി രണ്ടുകൂട്ടം മനുഷ്യർ ഒരു ശവശരീരത്തിനുമുമ്പിൽ നിന്ന് വഴക്കിട്ടു. മനോഹരന്റെ കരുണ തൊട്ട ജീവിതങ്ങൾ ആ രണ്ടു കൂട്ടത്തിലും ഉണ്ടായിരുന്നു. അയാളുടെ കരുതലും കരുണയും സഹജീവി സ്‌നേഹവുമൊക്കെ റദ്ദ് ചെയ്യപ്പെട്ട് വെറും നാടാരായി, പള്ളിക്കാട്ടിൽ പ്രവേശനമില്ലാത്ത കാഫിറായി മാറുന്നത് വേദനയോടെ കണ്ടുനിന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

മനുഷ്യ രക്തത്തിന്റെ ഗന്ധത്തിന് ഇത്രമാത്രം കടുപ്പമുണ്ടെന്ന് ഞാനറിഞ്ഞത് അന്നാണ്. അപരാഹ്നത്തിന്റെ പൂമ്പാറ്റകൾ ഒഴിഞ്ഞ ആകാശത്തിലേക്ക്, സന്ധ്യ വരികയായിരുന്നു. ഇത്തിരി ദൂരം മാത്രം പറക്കുന്ന പൂമ്പാറ്റകളും ഒരുപാട് ഉയരത്തിൽ പറക്കുന്ന പരുന്തുകളും ഒരേ പോലെ പങ്കിടുന്ന അയാശച്ചുവട്ടിൽ ക്ഷോഭിക്കുന്ന മനുഷ്യർ കൂട്ടം കൂടി നിന്നു. വാക്കേറ്റം കയ്യാങ്കളിയുടെ വക്കത്തെത്തിയപ്പോൾ പൊലീസ് ജീപ്പ് വന്നു.

അന്ന് ആദ്യമായിട്ടാണ് ഞാൻ പൊലീസിനെ അത്ര അടുത്ത് കാണുന്നത്. ജീപ്പിൽ നിന്ന് അവർ നാലുപേരും ഇറങ്ങിയപ്പോൾ ആൾക്കൂട്ടത്തിന്റെ മുറുക്കം ചെറുതായിട്ടൊന്ന് അയഞ്ഞു.

പള്ളിക്കുള്ളിലെ തന്റെ മുറിയിൽ പാലൈവനം പേടി കൊണ്ട് വിറച്ചു. ഇതിനിടയിൽ ആരോ പള്ളിക്കുനേരെ കല്ലെടുത്തെറിഞ്ഞിരുന്നു. കൊറ്റിയോടും കുമാരപുരത്തും പെരുംചിലമ്പിലുമൊക്കെയുള്ള നാടാർമാർ അവിടെ ഒത്തുകൂടിയിരുന്നു.
പൊലീസ് ആദ്യം ചെയ്തത് ഒരു പനമ്പായ വരുത്തിച്ച് മനോഹരന്റെ മയ്യത്ത് മറയ്ക്കലായിരുന്നു. വിശുദ്ധമാക്കപ്പെട്ട ആ ശരീരം പള്ളിയിൽ തന്നെ മറവുചെയ്യണമെന്ന് നാടാർമാർ വാശി പിടിച്ചു. അപ്പഴേക്കും വേളിമലയിലെയും ഒക്കാലിമൂട്ടിലെയും കരിപ്പാലിയിലേയും മുസ്‌ലിംകളെല്ലാം പള്ളിയുടെ പരിസരത്തായി തടിച്ചുകൂടി. പലരും കയ്യിൽ ആയുധങ്ങൾ കരുതിയിരുന്നു.
വീടിനകത്ത് ഉമ്മ പകച്ച് നിന്നു. മനോഹരന്റെ ചോര പുരണ്ട വസ്ത്രങ്ങൾ ഈരി മാറ്റി ഉമ്മാനെ ആരൊക്കെയോ കുളിപ്പിച്ചിരുന്നു. വാക്കുകൾ ഉമ്മാന്റെ തൊണ്ടക്കുഴിയിൽ തടഞ്ഞ് നിന്നു. ആ കണ്ണുകൾ മനോഹരനെന്ന മനുഷ്യന് വേണ്ടി കരഞ്ഞു. ഒച്ചയില്ലാത്ത ആ കരച്ചിൽ ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

പൊലീസുകാരെത്തി സമാധാനം പറഞ്ഞിട്ടും ആൾക്കൂട്ടം വഴങ്ങിയില്ല. ആൾക്കൂട്ടത്തിന് അതിന്റേതായ ഭ്രാന്തുകളിൽ അഭിരമിക്കണമായിരുന്നു. ആയുധങ്ങൾ വേണമായിരുന്നു. അന്യന്റെ രക്തം വേണമായിരുന്നു. നിരർത്ഥകമായ കലഹങ്ങളിൽ മുഴുകി ഉള്ളിലെ മൃഗചോദനയെ അടക്കി നിർത്തണമായിരുന്നു.
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഉയർന്ന പൊലിസ് ഓഫീസർമാർ എത്തി. ആൾക്കൂട്ടത്തിന്റെ രക്തച്ചൂട് തണുപ്പിക്കാൻ അവരുടെ കൈയ്യിൽ വലിയ മാന്ത്രികതയൊന്നും ഇല്ലായിരുന്നു. എങ്കിലും പരിഹാരമായി വെച്ച നിർദ്ദേശം ആൾക്കൂട്ടം സ്വീകരിച്ചു. പള്ളിക്ക് പുതിയ കൊടിമരമുണ്ടാക്കി അതിൻമേൽ മനോഹര നാടാരുടെ പേരെഴുതി വെക്കുന്ന ആ നിർദ്ദേശം പിന്നീട് നടപ്പിലാക്കപ്പെട്ടു.

മനോഹരനെ പനമ്പായയിൽ പൊതിഞ്ഞ് കൊണ്ടുപോയി. രാത്രിയായപ്പോൾ ആൾക്കൂട്ടം പിരിയാൻ തുടങ്ങി. തങ്ങളാണ് വിജയിച്ചതെന്ന് രണ്ടുകൂട്ടരും അവകാശപ്പെട്ടു. വിജയപരാജയങ്ങൾക്കപ്പുറത്ത് സഫലമാവാതെ പോയ പ്രണയ സ്മരണകളുമായി മനോഹരൻ യാത്രയായി. മനോഹരന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ആ യുവതി എന്തായിരിക്കും ഓർത്തിരിക്കുക എന്ന് ഇപ്പോഴും ഞാൻ അത്ഭുതപ്പെടാറുണ്ട്.

തന്റെ മുടിയിഴകളും തലയിൽ നിന്നടർന്ന് വീണ കനകാംബരങ്ങളും സൂക്ഷിച്ച വെച്ച മനോഹരന്റെ പെട്ടി ജീവിതത്തിൽ ഒരിക്കലും അവൾ കണ്ടിട്ടുണ്ടാവില്ല. ഒരു പക്ഷേ ഇങ്ങനെയൊരു മനുഷ്യൻ തന്നെ മാത്രം ഓർത്ത് ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് പോലും അവൾ അറിഞ്ഞിട്ടുണ്ടാവില്ല.

ഒരുപാട് കാലം എന്റെയുമ്മ മനോഹരനെ കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അയാൾ ഉമ്മാന്റെ കയ്യിൽ നിന്ന് അവസാനമായി വെള്ളം കുടിക്കുമ്പോൾ ആ വെള്ളത്തോടൊപ്പം വായയിലേക്ക് ഇറങ്ങിപ്പോയ ചോര ഉമ്മാന്റെ രാത്രികളെ ഉറക്കമില്ലാതെയാക്കി.

പള്ളിക്കുമുമ്പിൽ തളം കെട്ടി കട്ടപിടിച്ചുകിടന്ന ചോര പിറ്റേന്ന് കഴുകിക്കളയാൻ പാലൈവനവും കൂട്ടരും ഒരുപാട് അദ്ധ്വാനിച്ചു. അത്രമാത്രം ആ രക്തത്തിന് ആ മണ്ണിനോട് സ്‌നേഹമുണ്ടായിരുന്നു. അവിടുത്തെ മനുഷ്യരോട് സ്‌നേഹമുണ്ടായിരുന്നു.

മനോഹരന്റെ പേരെഴുതിയ പുതിയ കൊടിമരം പള്ളിക്കുമുമ്പിൽ അധികം വൈകാതെ തന്നെ സ്ഥാപിക്കപ്പെട്ടു. പച്ചക്കൊടിമരത്തിൽ വെള്ള അക്ഷരങ്ങളായി മനോഹര നാടാർ അടയാളപ്പെട്ടുകിടന്നു. ഇന്നായിരുന്നെങ്കിൽ ഒരു മുസ്‌ലിം പള്ളിയുടെ കൊടിമരത്തിൽ ഹിന്ദുവിന്റെ പേര് എഴുതിവെക്കാൻ നമ്മുടെ നാട്ടിലെ ഒരു ഓഫീസറും ഉത്തരവിടുമായിരുന്നില്ല. അത് സ്വീകരിക്കാൻ ഒരു മഹല്ലും തയ്യാറാവുമായിരുന്നില്ല . ഒരു പക്ഷേ നമ്മൾ നടക്കുന്നത് പിറകിലോട്ടായിരിക്കും. മൃഗങ്ങൾ പോലും മുമ്പോട്ടുനടക്കുമ്പോൾ നമ്മൾ മനുഷ്യർ പിറകോട്ടുനടക്കുന്നു. മനുഷ്യൻ എന്നത് അത്ര മനോഹര പദമൊന്നുമല്ല.

കാലങ്ങൾക്കുശേഷം ഞാനാ പള്ളിമുറ്റത്ത് നിൽക്കുമ്പോൾ അന്നത്തെ ആ അപരാഹ്നത്തിലൂടെ ഇളം നീല ഷർട്ടും കറുത്ത പാന്റുമണിഞ്ഞ് തല താഴ്ത്തിപ്പിടിച്ച് ഉള്ളിൽ പ്രണയത്തിന്റെ കനകാംബരങ്ങൾ സൂക്ഷിച്ചു കൊണ്ട് മനോഹരൻ എന്റെ മുമ്പിൽ വന്നുനിന്നു.

മുസ്‌ലിം കുടുംബങ്ങളെല്ലാം തങ്ങൾ പുറപ്പെട്ടുവന്ന നാടുകളിലേക്ക് തന്നെ മടങ്ങിപ്പോയപ്പോൾ പള്ളി അനാഥമായി. പള്ളിക്കാട്ടിൽ പ്രാർത്ഥനകൾ ലഭിക്കാതെ ആത്മാവുകൾ ഖബറിടങ്ങളിൽ കിടന്നലറിക്കരഞ്ഞു. അക്കൂട്ടത്തിൽ മനോഹരന്റെ ആത്മാവും ഉണ്ടായിരുന്നിരിക്കണം. പാലൈവനം അന്തിയുറങ്ങിയ മുറിയിലേക്ക് ആഞ്ഞിലി മരങ്ങൾ വേരുകൾ താഴ്ത്തി പടർന്നുപന്തലിച്ചുനിന്നു. എന്റെ ഉമ്മയുടെ മടിയിൽക്കിടന്ന് അവസാനത്തെ രണ്ടിറക്ക് വെള്ളം കുടിച്ചിട്ട് അയാൾ അവസാനമായി ഉച്ചരിച്ച വാക്ക് മൈഥിലി എന്നായിരുന്നു.

അയാളുടെ പ്രണയം തിരസ്‌കരിച്ച് മറ്റൊരാളുടെ കൂടെ ജീവിക്കാൻ പോയ യുവതിയുടെ പേരും മൈഥിലി എന്നായിരുന്നു. ചില പ്രണയങ്ങൾ ജീവന്റെ ഒടുക്കത്തെ തുടിപ്പിലും ഓർക്കപ്പെടുന്നു. തൊട്ടുമുമ്പിൽ മരണമാണെന്ന് അറിയുമ്പോഴും ആ കറുത്ത കുതിരയുടെ കഴുത്തറുത്തുകൊണ്ട് പ്രണയം ഭൂമിയിൽ അടയാളപ്പെടുന്നു.

മൈഥിലീ... നീ എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു. നിന്റെ പ്രണയം ആ മനുഷ്യന് കൂട്ടായിട്ട് ഉണ്ടായിരുന്നെങ്കിൽ കൊടിമരമെന്നല്ല ആകാശം തന്നെ അടർന്ന് വീണാലും ആ മനുഷ്യൻ മരിക്കുമായിരുന്നില്ല. ആത്മാവിന്റെ നേരുള്ള പ്രണയമൊഴികളെ നീ തിരിച്ചറിയാതെ പോയല്ലോ മൈഥിലീ... നീ തലയിൽ ചൂടിയ കനകാംബരങ്ങൾക്ക് ഒരു പുരുഷായുസിന്റെ വിലയുണ്ടായിരുന്നുവെന്ന് നീയറിഞ്ഞില്ലല്ലോ മൈഥിലീ...▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments