മുഹമ്മദ് അബ്ബാസ് / ഫോട്ടോ: മുഹമ്മദ് ഹനാൻ

ഒരാൺകുട്ടിയുടെ പതിനൊന്ന്​​പീഡനരാവുകൾ

ആൺകുട്ടിയായി പിറന്നു എന്ന ഒറ്റക്കാരണത്താൽ, ആൺകുട്ടിയായി ആ വീട്ടിലേക്ക് വേലക്കുചെന്നു എന്ന കാരണത്താൽ, ഞാൻ അനുഭവിച്ച പീഡനങ്ങളുടെ കടൽമണങ്ങളെ, അതിന്റെ ഉപ്പുകാറ്റുകളെ, ശ്വാസം മുട്ടിക്കുന്ന ആ തിരമാലകളെ എങ്ങനെയാണ് ഞാൻ മറക്കുക....?

രാത്രി പുലരുമ്പോൾ എന്റെ മുഖം നഗ്‌നമാക്കപ്പെട്ട രണ്ട് മുലകൾക്കിടയിൽ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഉണർവിന്റെ വെളിച്ചത്തിനും ഉറക്കത്തിന്റെ ഇരുട്ടിനും ഇടയിൽ എനിക്കൊരു നൂൽപ്പാലം കിട്ടി. അതിന്റെ വിളുമ്പിൽ ഞാനാ മുലകൾക്കിടയിലെ വിനാഗിരി മണങ്ങളെ അറിഞ്ഞു. മുഖം അവിടെ നിന്ന് വലിച്ചെടുക്കണമെന്ന് വെളിച്ചവും, മുഖം ആ മണങ്ങളിലേക്ക് കൂടുതൽ ചേർത്ത് വെക്കണമെന്ന് ഇരുട്ടും എന്നോട് പറഞ്ഞു.

സാബിറാത്ത എന്നെ മുറുക്കിപ്പിടിച്ചു.
എന്റെ നെറ്റിയിൽ അവരുടെ നിശ്വാസങ്ങളുടെ ചൂട്, ഇളവെയിലുപോലെ തൊട്ടു നിന്നു. നാവ് നീട്ടിയാൽ എനിക്കാ മുലക്കണ്ണുകളിൽ തൊടാമായിരുന്നു. അവർ എപ്പോഴാണ്​ വന്നുകിടന്നതെന്ന് എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. വിദൂരതയിൽ നിന്ന് സുബഹി ബാങ്ക് മുഴങ്ങി. ആദ്യം ഒന്ന്, പിന്നെ വേറൊന്ന്. തൊട്ടടുത്തുനിന്ന് ഉച്ചത്തിൽ മറ്റൊന്ന്... ബാങ്കുകൾ തമ്മിൽ തട്ടി കലഹിച്ച് ചിതറി പരക്കുന്ന ആ ബഹളങ്ങളിലേക്കാണ് ഉറക്കം വിട്ട് ഞാൻ കണ്ണുതുറന്നത്.

ജാലകച്ചില്ലിനപ്പുറം അണയാതെനിന്ന പൂന്തോട്ടവെളിച്ചങ്ങളിലേക്ക് ചാറ്റൽമഴ പെയ്തു. കട്ടിലിൽ റസിയ താത്ത ഉണ്ടായിരുന്നില്ല. അവർ എഴുന്നേറ്റുപോയത് ഞാനറിഞ്ഞില്ല. തൊട്ടപ്പുറത്ത് അടുക്കളയിൽ നിന്ന് ശബ്ദങ്ങൾ കേട്ടു. എന്നെ മുറുക്കിപ്പിടിച്ച കൈ അയഞ്ഞ് സാബിറാത്ത ഉണർന്നു. ഉണർന്നപ്പോൾ ആ മുലകൾ എന്റെ മുഖത്തുനിന്ന് അല്പം മാറി. പിന്നെ കൂടുതൽ ശക്തിയായി അതിന്റെ വിനാഗിരി മണം എന്റെ മുഖത്തെ പൊതിഞ്ഞു. അവരുടെ ചെറിയ ചലനങ്ങൾക്കൊപ്പം ആ മാംസമുഴകൾ എന്റെ മുഖത്ത് ഉരഞ്ഞു.

മുഖം അവിടെ നിന്ന് വലിച്ചെടുക്കണമെന്ന് വെളിച്ചവും, മുഖം ആ മണങ്ങളിലേക്ക് കൂടുതൽ ചേർത്ത് വെക്കണമെന്ന് ഇരുട്ടും എന്നോട് പറഞ്ഞു. / Painting: Love and Pain (Vampire), Edward Munch
മുഖം അവിടെ നിന്ന് വലിച്ചെടുക്കണമെന്ന് വെളിച്ചവും, മുഖം ആ മണങ്ങളിലേക്ക് കൂടുതൽ ചേർത്ത് വെക്കണമെന്ന് ഇരുട്ടും എന്നോട് പറഞ്ഞു. / Painting: Love and Pain (Vampire), Edward Munch

പിന്നെ അവർ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റിരുന്നു.
‘വാങ്ക് കൊടുത്തോ റബ്ബേ ...' എന്നും പറഞ്ഞ് അവർ കട്ടിലിൽനിന്ന് ധൃതിയിൽ താഴേക്കിറങ്ങി വാതിൽ തുറന്നു. വാതിൽ എന്റെ മുന്നിൽ അടഞ്ഞു. മഴയുടെ മണവുമായി കാറ്റുകൾ എന്നെ വന്നുതൊട്ടു. മൂക്കിൻതുമ്പിൽ അപ്പോഴും വിനാഗിരി മണത്തു. പുറത്ത്, ചാറ്റൽമഴ പെരുമഴയായി മാറി.

ആകെ പതിമൂന്ന് ദിവസമാണ് ഞാൻ ആ കൊട്ടാരത്തിൽ വേലക്കാരനായി നിന്നത്. പക്ഷേ ആ പതിമൂന്ന് ദിവസങ്ങൾ എനിക്ക് പകർന്നുതന്ന അറിവുകളും പഠിപ്പിച്ച പാഠങ്ങളും ഒരു പതിനഞ്ചുകാരൻ കുട്ടിയുടെ ബോധത്തിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

ആദ്യത്തെ രാത്രിയിലേ എനിക്ക് അവരുടെ കൂടെ കിടക്കേണ്ടിവന്നുള്ളൂ. പിറ്റേന്ന് എനിക്കായി സ്റ്റോർ റൂമിന്റെ അടുത്തുള്ള ചെറിയ മുറി അനുവദിച്ചു കിട്ടി. ആ മുറിക്ക് ജാലകങ്ങളുണ്ടായിരുന്നില്ല. ആ മുറിയിലേക്കാണ് പെൺകാമങ്ങൾ എന്നെ തേടി വന്നത്.

അതൊക്കെയും എനിക്ക് അറിഞ്ഞും അനുഭവിച്ചും തീർക്കേണ്ടതുണ്ടായിരുന്നു. ആ വീട്ടിലെ അംഗസംഖ്യ എത്രയാണെന്ന് ചോദിച്ചാൽ കൃത്യമായി എനിക്ക് ഇപ്പോഴും അറിയില്ല. അവിടെ മുതിർന്നവരും കുട്ടികളും ചെറുപ്പക്കാരികളും പുതിയാപ്ലമാരും അവരുടെ അറകളും പലവിധത്തിലുള്ള വീട്ടുപകരണങ്ങളും വേലക്കാരും എല്ലാംകൂടി വലിയൊരു ആൾക്കൂട്ടമായിരുന്നു. വലിയൊരു ഉത്സവപ്പറമ്പ്... ആ ഉത്സവപറമ്പിൽ വഴിതെറ്റിയ കുട്ടിയെപ്പോലെ കാഴ്ചകളും വർണങ്ങളും മുഖങ്ങളും കണ്ട് ഞാൻ അലഞ്ഞുനടന്നു. തല്ലലും തലോടലും ഒരുപോലെ കിട്ടി. അതുവരെ കാണാത്ത കാഴ്ചകളും അറിയാത്ത സുഖങ്ങളും കണ്ടറിഞ്ഞു.

ഏതു മുറിയിൽ ആരാണ് താമസിക്കുന്നതെന്ന് എനിക്കറിയുമായിരുന്നില്ല.
ആരാണ് എന്നോട് കുടിവെള്ളം കൊണ്ടുവരാൻ പറഞ്ഞതെന്ന് അറിയാതെ ഞാനാ മൂറികളിലാകെ തിരഞ്ഞുനടന്നു. എനിക്കവിടെ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല .

സാഹിബിന്റെ ഉമ്മാക്ക് വീട്ടിലെ വേലക്കാർ തന്റെ പ്രൗഢി കാണിക്കാനുള്ള വെറും ഉപകരണങ്ങളായിരുന്നു. അവരെ കാണാൻ അതിഥികൾ വരുമ്പോൾ, അവർ ഞങ്ങളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിക്കും. പേര് പറയാൻ പറയും. എത്രയാണ് ശമ്പളം കിട്ടുന്നതെന്ന് പറയാൻ പറയും. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ എന്നാണ് കിട്ടിയതെന്നും, ഇവിടെ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളതെന്നും പറയണമായിരുന്നു.

ആ മുറിക്ക് ജാലകങ്ങളുണ്ടായിരുന്നില്ല. ആ മുറിയിലേക്കാണ് പെൺകാമങ്ങൾ എന്നെ തേടി വന്നത്.
ആ മുറിക്ക് ജാലകങ്ങളുണ്ടായിരുന്നില്ല. ആ മുറിയിലേക്കാണ് പെൺകാമങ്ങൾ എന്നെ തേടി വന്നത്.

എന്നെ പിടിച്ചുവലിച്ച കൈകൾക്കും, ശ്വാസംമുട്ടിച്ച കാമക്കിതപ്പുകൾക്കും ഉടമകളായവർ, പുറത്ത് ഇതെല്ലാം കേട്ട് നിൽക്കുന്നുണ്ടാവും. സാബിറാത്തയും റസിയാത്തയും കൂടാതെ, ദിവസവും വന്നുപോകുന്ന മറ്റ് മൂന്ന് വേലക്കാരികൾ കൂടി അവിടെ ഉണ്ടായിരുന്നു. പുറംപണിക്കെന്നുപറഞ്ഞ് രണ്ട് ആണുങ്ങളും മൂന്ന് പെണ്ണുങ്ങളും വേറെയും ഉണ്ടായിരുന്നു. പുറംപണിക്കാർക്ക് കൊട്ടാരത്തിനുള്ളിലെ ജോലിയും താമസവും മോഹിപ്പിക്കുന്ന സ്വപ്നമായിരുന്നു.

ആദ്യത്തെ രാത്രിയിലേ എനിക്ക് അവരുടെ കൂടെ കിടക്കേണ്ടിവന്നുള്ളൂ. പിറ്റേന്ന് എനിക്കായി സ്റ്റോർ റൂമിന്റെ അടുത്തുള്ള ചെറിയ മുറി അനുവദിച്ചു കിട്ടി. ആ മുറിക്ക് ജാലകങ്ങളുണ്ടായിരുന്നില്ല. ആ മുറിയിലേക്കാണ് പെൺകാമങ്ങൾ എന്നെ തേടി വന്നത്. പെണ്ണിന്റെ മണങ്ങൾക്ക് എന്റെ ബോധത്തെ കലക്കിമറിക്കാൻ കഴിയുമെന്ന് ഞാനറിഞ്ഞത് ആ മുറിയിൽ വെച്ചാണ്.

ആ മുറിയിലെ മങ്ങിയ വെളിച്ചത്തിലാണ് എന്നെ ആഗ്രഹത്തോടെ സ്പർശിച്ച ആദ്യത്തെ പെണ്ണുടലിന്റെ അധരങ്ങളിൽ നിന്ന് കിനിഞ്ഞ ഉമിനീരിന്റെ രുചി ഞാനറിഞ്ഞത്. ആ മുറിയിലാണ് പെൺകാമങ്ങൾ കിതപ്പാറ്റി ഒടുങ്ങാൻ ഞാൻ നിമിഷങ്ങൾ എണ്ണിത്തീർത്തത്. ആ മുറിയിലെ തണുത്ത അന്തരീക്ഷമാണ്, മനുഷ്യൻ എന്നത് അത്ര സുന്ദരമായ പദമല്ല എന്നെനിക്ക് പറഞ്ഞുതന്നത്. അവിടെയിരുന്നാണ് മനുഷ്യനായി പിറന്നതിൽ, ഇല്ലാത്തവനായി പിറന്നതിൽ, ആർക്കും കടന്നു പിടിക്കാൻ പാകത്തിൽ എനിക്കൊരു ഉടലുണ്ടായതിൽ, ആ ഉടലിൻമേൽ എനിക്ക് അവകാശങ്ങൾ ഒന്നുമില്ലല്ലോ എന്ന അറിവിൽ ഞാൻ ഉള്ളുനൊന്ത് കരഞ്ഞത്. എനിക്കൊരു ലിംഗമുണ്ടായതിൽ ഞാൻ വേദനിച്ചതും ആ മുറിയിൽ വെച്ചാണ്. എന്റെ അനുവാദമില്ലാതെ അത് മറ്റുള്ളവരുടെ വായിലേക്ക് വലിക്കപ്പെടുന്നതും അതിനെ ഉമിനീരുകൊണ്ട് നനച്ച്, നാവുകൊണ്ട് ഉഴിഞ്ഞ് എന്നെ വിറകൊള്ളിച്ചുകൊണ്ട്, മരണം വരേക്കും ഓർക്കാനായി നരകത്തിന്റെ വാതിലുകൾ തുറന്നിട്ട് തന്നതും, പുരുഷൻമാർ ആയിരുന്നില്ല, സ്ത്രീകളായിരുന്നു.

അമ്പത് വയസ്സുള്ള ഒരു സ്ത്രീക്ക് പതിനഞ്ച് വയസ്സുള്ള ആൺകുട്ടിയുടെ ലിംഗത്തിലും മുഖത്തും ചുണ്ടുകളിലും ചന്തിയിലും കടിച്ച് മുറിവുണ്ടാക്കാൻ, ആ മുറിവിലെ ചോരപ്പൊടിപ്പിനെ വിരൽത്തുമ്പിലാക്കി നൊട്ടിനുണയാൻ കഴിയുമെന്ന്, ഏത് ദൈവത്തിനാണ് ഞാൻ സാക്ഷ്യപത്രം എഴുതിക്കൊടുക്കേണ്ടത്...?

മധ്യവയസ്സായവർ, ചെറുപ്പക്കാരികൾ, ദൈവമേ വൃദ്ധ... എന്റെ ഉമ്മാന്റെ പ്രായമുള്ള വൃദ്ധ... ഞാനൊരു ശരീരം മാത്രമായി, ദുർബലമായ ശരീരം മാത്രമായി, ശരീരത്തിലെ വെറും അവയവങ്ങളായി, ആത്മാവിലും ശരീരത്തിലും ബോധത്തിലും ഞാനൊരു ആൺലിംഗം മാത്രമായി ചുരുങ്ങിയത്, അവിടെ... ആ മുറിയിലാണ്. അതിന്റെ ചുമരുകളിൽ മൂട്ടകളെ കൊന്ന ചോരപ്പാടുകളിൽ, ‘ആൺവേശ്യ’യെന്നുപോലും എഴുതിവെക്കാതെ ജീവിതം എന്നെ അവിടെ തനിയെ വിട്ടു.

എല്ലാ ഇരുട്ടുകളെയു ഏറ്റുവാങ്ങാൻ ...
എല്ലാ ദുർഗന്ധങ്ങളെയു അറിയാൻ ...
ഇന്നും ആ ചുമരുകളും അതിനുള്ളിൽ എന്റെ ഉടലിനെ നഗ്‌നമാക്കി കിടത്തി, നക്കി തോർത്തിയ പെൺനാവുകളും, വിയർപ്പിന്റെ ദുർഗന്ധങ്ങളും, കൊതിനീരിന്റെ വഴുവഴുപ്പുകളും, ചലനമറിയാത്തവന്റെ വിറയലുകളും വിതുമ്പലുകളും ഹൃദയം പലതായി നുറുങ്ങി ചിതറിയ പതിനഞ്ചുകാരന്റെ ശബ്ദം നഷ്ടമായ ഭാഷണങ്ങളും, എന്റെയുള്ളിലെ തിരശ്ശീലയിൽ തെളിഞ്ഞുതന്നെ നിൽപ്പുണ്ട്.

ആ കാഴ്ചകളുടെ നിറം മങ്ങാൻ, ആ ഗന്ധങ്ങളുടെ തീവ്രത കുറയാൻ, ആ കിതപ്പുകൾ ഒടുങ്ങിയമരാൻ, ആ നാവുകൾ എന്റെ ലിംഗത്തിൽ ഉരഞ്ഞുണ്ടായ മുറിവുകൾ മറക്കാൻ, ആ മുറിവുകളിൽ കിനിഞ്ഞ അദൃശ്യമായ ചോരയുടെ ചുവപ്പ് മാറാൻ, ഞാൻ ഏത് ദൈവത്തെയാണ് വിളിക്കേണ്ടത്...?

അമ്പത് വയസ്സുള്ള ഒരു സ്ത്രീക്ക് പതിനഞ്ച് വയസ്സുള്ള ആൺകുട്ടിയുടെ ലിംഗത്തിലും മുഖത്തും ചുണ്ടുകളിലും ചന്തിയിലും കടിച്ച് മുറിവുണ്ടാക്കാൻ, ആ മുറിവിലെ ചോരപ്പൊടിപ്പിനെ വിരൽത്തുമ്പിലാക്കി നൊട്ടിനുണയാൻ കഴിയുമെന്ന്, ഏത് ദൈവത്തിനാണ് ഞാൻ സാക്ഷ്യപത്രം എഴുതിക്കൊടുക്കേണ്ടത്...?

ആ മുറിയിലെ എന്റെ പതിനൊന്ന് രാത്രികളെ ഏത് ഭാഷയിലാണ് ഞാൻ അടയാളപ്പെടുത്തുക? ഏത് വാക്കുകൾ ഉപയോഗിച്ചാണ് ഞാൻ എന്റെ വേദനകളെ പകർത്തുക? / Photo: Pixabay
ആ മുറിയിലെ എന്റെ പതിനൊന്ന് രാത്രികളെ ഏത് ഭാഷയിലാണ് ഞാൻ അടയാളപ്പെടുത്തുക? ഏത് വാക്കുകൾ ഉപയോഗിച്ചാണ് ഞാൻ എന്റെ വേദനകളെ പകർത്തുക? / Photo: Pixabay

ആ മുറിയിലെ നട്ടുച്ചകളിൽ പോലും എന്റെ മുമ്പിൽ നഗ്‌നമാക്കപ്പെട്ട യോനികൾ,
ഓക്കാനമുണ്ടാക്കിക്കൊണ്ട് എന്നെ നോക്കിയെന്ന്... അവിടേക്ക് എന്റെ വിരലുകളെ ബലമായി പിടിച്ചുവലിച്ച് തൊടുവിച്ചുവെന്ന്... എന്റെ വിരലുകൾ ഏതൊക്കെയോ ദൂരങ്ങളിലേക്ക് ആഴങ്ങളിലേക്ക്... പുഴുങ്ങിയ കോഴിമുട്ടയുടെ ഗന്ധങ്ങളിലേക്ക് ഭ്രാന്തമായി ചലിപ്പിക്കപ്പെട്ടുവെന്ന്... നിസ്സഹായതയും അമ്പരപ്പും ഓക്കാനവും എന്റെ വായിൽ നിന്ന് ശബ്ദങ്ങളായി പുറംചാടിയെന്ന്, ആ ശബ്ദങ്ങളെ മൂടിയ കൈകളിൽ കിടന്ന് സ്വർണവളകൾ അഹങ്കാരത്തോടെ ചിരിച്ചുവെന്ന്... ഏത് ദൈവത്തോട്? ഭൂമിയിലെ ഏത് കോടതിയോടാണ് ഞാൻ പരാതിപറയേണ്ടത് ?

ആ മുറിയിലെ എന്റെ പതിനൊന്ന് രാത്രികളെ ഏത് ഭാഷയിലാണ് ഞാൻ അടയാളപ്പെടുത്തുക? ഏത് വാക്കുകൾ ഉപയോഗിച്ചാണ് ഞാൻ എന്റെ വേദനകളെ പകർത്തുക? ഭാഷയ്ക്കും വാക്കുകൾക്കും ഒക്കെ അപ്പുറം ആ മുറി ആരാണ് എനിക്കായി ഈ ഭൂമിയിൽ നിർമിച്ചത്? ആൺകുട്ടിയായി പിറന്നു എന്ന ഒറ്റക്കാരണത്താൽ, ആൺകുട്ടിയായി ആ വീട്ടിലേക്ക് വേലക്കുചെന്നു എന്ന കാരണത്താൽ, ഞാൻ അനുഭവിച്ച പീഡനങ്ങളുടെ കടൽമണങ്ങളെ, അതിന്റെ ഉപ്പുകാറ്റുകളെ, ശ്വാസം മുട്ടിക്കുന്ന ആ തിരമാലകളെ എങ്ങനെയാണ് ഞാൻ മറക്കുക...?

നിങ്ങൾക്ക് തീരെ ചെറിയ ആ മുറിയെ സങ്കല്പിക്കാനാവുമോ....?
നിറം മങ്ങിയ ആ ചുമരുകളെ...?
അവിടുത്തെ മണങ്ങളെ...?
വയറുനിറയെ ഭക്ഷണം കിട്ടിയ സന്തോഷത്തിൽ ആ മുറിയിലെ ചൂടിക്കട്ടിലിൽ കിടന്ന്, പകലത്തെ കുളിമുറിക്കാഴ്ചകളെ മറക്കാൻ ശ്രമിച്ച് ചുരുണ്ടുകൂടി കിടക്കുന്ന കുട്ടിയെ സങ്കൽപ്പിക്കാനാവുമോ?
സ്വന്തം ഉടലിന് അഴകുണ്ടോ എന്ന്, സ്വന്തം മുലകൾക്ക് മുഴുപ്പും വടിവുമുണ്ടോ എന്ന് ചോദിക്കുന്ന സ്ത്രീയുടെ മുമ്പിൽ, കുളിമുറിയിൽ അന്തിച്ചുനിന്ന ആ കുട്ടിക്ക് അബ്ബാസ് എന്നുതന്നെയാണ് പേര്.

ഭയത്തിന്റെ കരിമ്പടത്തിൽ കുരുങ്ങിപ്പോയ അവന് ശബ്ദം നഷ്ടമാവുന്നു. ഭാഷ നഷ്ടമാവുന്നു. തന്റെ മുഖത്ത് അമരുന്ന മുലകളുടെ, കക്ഷത്തിന്റെ, വയറിന്റെ വിനാഗിരി മണങ്ങളിൽ അവൻ ഓക്കാനിക്കുന്നു.

കുറ്റിയില്ലാത്ത വാതിൽ തള്ളിത്തുറന്ന് ഏതുനിമിഷവും ആ മുറിയിലേക്ക് ആർക്കും കടന്നുവരാമെന്ന ഭയത്തിൽ കണ്ണുതുറന്നു കിടന്നത് പതിനഞ്ച് വയസുള്ള പെൺകുട്ടിയല്ല, ആൺകുട്ടി തന്നെയാണ്...

ചുമരുകളിലെ മൂട്ടപ്പാടുകളിലേക്ക് നോക്കി, ചൂടിക്കട്ടിലിൽ കുടിപാർക്കുന്ന പരശ്ശതം മൂട്ടകളുടെ കടിയേറ്റ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന കുട്ടിയുടെ മുമ്പിലേക്ക് വാതിൽ തുറക്കപ്പെടുകയാണ്... അവന്റെ നെഞ്ചിടിപ്പ് കൂടുകയാണ്... അരണ്ട വെളിച്ചത്തിൽ അവൻ കാണുന്ന ആ ഉടലിന് പ്രായമില്ല... അത് അവന്റെ കട്ടിലിൽ ഇരിക്കുന്നു. പുറത്ത് രാത്രിയുടെ മഴകൾ പെയ്യുകയാണ്. അകത്ത് കൊടുങ്കാറ്റും പേമാരിയും ആർത്തലയ്ക്കാൻ ഒരുങ്ങുകയാണ്...

അവന് ഉമ്മാനെ വിളിച്ച് കരയണമെന്നുണ്ട്. സാഹിബിനെ വിളിച്ച് കരയണമെന്നുണ്ട്. ഭയത്തിന്റെ കരിമ്പടത്തിൽ കുരുങ്ങിപ്പോയ അവന് ശബ്ദം നഷ്ടമാവുന്നു. ഭാഷ നഷ്ടമാവുന്നു. തന്റെ മുഖത്ത് അമരുന്ന മുലകളുടെ, കക്ഷത്തിന്റെ, വയറിന്റെ വിനാഗിരി മണങ്ങളിൽ അവൻ ഓക്കാനിക്കുന്നു. ഭയത്തിന്റെ നിറവും കയ്പുമുള്ള നീര് അവന്റെ വയറിൽ നിന്ന് നെഞ്ച് വഴി വായിലേക്കെത്തുന്നു. ഓക്കാനിക്കുന്ന അവന്റെ വായ് ബലമായി മൂടിപ്പിടിക്കുന്നത് മൈലാഞ്ചി ചോപ്പുള്ള കൈകളാണ്. വായിലെ ചവർപ്പും കയ്പും തുപ്പിക്കളയാൻ കഴിയാതെ അവൻ കുടിച്ചിറക്കുന്നു. പുറത്ത് പെയ്യുന്ന പെരുമഴയുടെ ആരവം അവൻ കേൾക്കുന്നു.

സ്വന്തം മുലകൾക്ക് മുഴുപ്പും വടിവുമുണ്ടോ എന്ന് ചോദിക്കുന്ന സ്ത്രീയുടെ മുമ്പിൽ അന്തിച്ചുനിന്ന ആ കുട്ടിക്ക് അബ്ബാസ് എന്നുതന്നെയാണ് പേര്. / Painting: Edward Munch
സ്വന്തം മുലകൾക്ക് മുഴുപ്പും വടിവുമുണ്ടോ എന്ന് ചോദിക്കുന്ന സ്ത്രീയുടെ മുമ്പിൽ അന്തിച്ചുനിന്ന ആ കുട്ടിക്ക് അബ്ബാസ് എന്നുതന്നെയാണ് പേര്. / Painting: Edward Munch

ഏതോ പുരുഷന്റെ പേരുവിളിച്ചുകൊണ്ട് ആ ശരീരം അതിന്റെ എല്ലാ ഭാരത്തോടെയും അവന്റെ മേലേക്ക് അമരുന്നു. അവൻ ശ്വാസം കിട്ടാതെ പിടയുന്നു. അവന് അറിയാത്ത ആ മുതിർന്ന പുരുഷൻ ചെയ്ത കാര്യങ്ങളുടെ വിവരണങ്ങൾ മലയാളഭാഷയിൽ തന്നെ അവൻ കേൾക്കുന്നു. കേൾവിക്കപ്പുറം അതിന്റെ പൊരുൾ അവന് മനസ്സിലാക്കാൻ പറ്റുന്നില്ല. ആ പറച്ചിലിന്റെ ക്രൂരവും വന്യവുമായ കയറ്റിറക്കങ്ങളുള്ള ആവർത്തനങ്ങളെ അവൻ കേട്ടുകിടക്കുന്നു.

മൈലാഞ്ചി ചോപ്പുള്ള വിരലുകൾ അവന്റെ അരക്കെട്ടിലെ ജീവനെ പലവിധത്തിലും ഉണർത്താൻ ശ്രമിച്ച് പരാജയപ്പെടുന്നു. ആ പരാജയത്തിന്റെ കിതപ്പ്, അവന്റെ കവിളിലും നെഞ്ചിലും തുടയിലും ഉമിനീർ പുതപ്പിച്ച പല്ലടയാളങ്ങളായി മാറുന്നു... ഉണരാത്ത ജീവന് പകരമായി അവന്റെ വിരലുകൾ പിടിച്ചെടുക്കപ്പെടുന്നു.
വഴുവഴുപ്പുള്ള ഇരുണ്ട തുരങ്കത്തിലേക്ക് അവന്റെ ബോധവും വിരലും ചലിപ്പിക്കപ്പെടുന്നു... കൃത്യമായ ഒരു മുഴുപ്പിൽ തൊട്ട് നിൽക്കാത്ത, ചലിച്ച് നിൽക്കാത്ത അവന്റെ വിരലുകൾ ദയയേതുമില്ലാതെ ഞെരിക്കപ്പെടുന്നു. അന്നുവരെ കണ്ടിട്ടില്ലാത്ത വിചിത്രശബ്ദങ്ങളും ആനന്ദത്തിന്റെ അപകടമണമുള്ള ചെറു അലർച്ചകളും അവൻ കേൾക്കുന്നു. പൊരുളറിയാത്ത പെരുമഴകൾ പെയ്തുതോരാനായി, തന്റെ വിരലുകളെ വേദനകൾ മറന്ന് വിട്ടുകൊടുക്കാൻ അവൻ നിർബന്ധിതനാവുന്നു.

അവർ എന്റെ തലയിൽ തൊട്ട്​ അനുഗ്രഹിക്കും പോലെ പറഞ്ഞപ്പോൾ, പിന്നിൽ നിന്ന് സാബിറാത്തയും റസിയാത്തയും ശബ്ദം പുറത്തുവരാതെ ചിരിച്ചു. ആ നാലഞ്ചു ദിവസം കൊണ്ട് അവർക്ക് എന്റെ ദുരിതങ്ങൾ മനസ്സിലായി കഴിഞ്ഞിരുന്നു.

അടഞ്ഞ വാതിലിനും, പുറത്തെ പെരുമഴയ്ക്കും അപ്പുറം, സാബിറാത്തയും റസിയാത്തയും കിടക്കുന്ന മുറിയിലെ വാതിലിൽ മറ്റൊരു കൊടുങ്കാറ്റ് മുട്ടിവിളിക്കുന്നത് അവൻ കേൾക്കുന്നു. അടഞ്ഞ കണ്ണുകൾക്കുള്ളിൽ അവൻ കൂണുകൾ കാണുന്നു. വീണുകിടക്കുന്ന റബർമരങ്ങളിലും, പറങ്കിമാവിൻ തോട്ടങ്ങളിലും മഴ നനഞ്ഞുകൊണ്ട് ആ കൂണുകൾ പല നിറത്തിൽ അവനെ മാടി വിളിക്കുന്നു.

ആ വീട്ടിലേക്ക് അതിഥിയായി വന്ന രാഷ്ട്രീയക്കാരിക്ക് വേലക്കാരെ പരിചയപ്പെടുത്തുമ്പോൾ, സാഹിബിന്റെ ഉമ്മ എന്നെ ചൂണ്ടി പറഞ്ഞു, ‘ഇത് പുതിയ കുട്ടിയാണ്.’
എന്റെ തലയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കൈവെച്ചു കൊണ്ട് അവർ ചോദിച്ചു, ' വൃത്തീം വെടിപ്പും ണ്ടോ? '

‘അതൊക്കെ ണ്ട് '
‘നിസ്‌ക്കാരൊക്കെ...? '
‘അതും ണ്ട് '
‘ഇവ്‌ടെ തന്നെ നിന്നോ, അനക്ക് വെല്യ ആളാവാ...'

അവർ എന്റെ തലയിൽ തൊട്ട്​ അനുഗ്രഹിക്കും പോലെ പറഞ്ഞപ്പോൾ, പിന്നിൽ നിന്ന് സാബിറാത്തയും റസിയാത്തയും ശബ്ദം പുറത്തുവരാതെ ചിരിച്ചു. ആ നാലഞ്ചു ദിവസം കൊണ്ട് അവർക്ക് എന്റെ ദുരിതങ്ങൾ മനസ്സിലായി കഴിഞ്ഞിരുന്നു. മറ്റൊരു രൂപത്തിൽ അവരും ആ ദുരിതങ്ങളൊക്കെ അനുഭവിക്കുകയാണല്ലോ... അന്നുമുതൽ എന്റെ പേര്, അബ്ബാസിൽ നിന്ന് പുതിയ കുട്ടിയായി മാറി. പുതിയ കുട്ടി പിന്നെ പുതിയുട്ടിയായി ചുരുങ്ങി.

‘പുതിയുട്ടിയേ... ഈ തുണിയൊക്കെ കൊണ്ട് കൊടുക്ക്.’

‘പുതിയുട്ടിയേ... ഇസ്തിരിയിട്ടതൊക്കെ ഇങ്ങട്ട് കൊണ്ടുവായോ...'

‘പുതിയുട്ടിയേ...'

പുതിയുട്ടി ആ വല്യവീടിന്റെ അകത്തളങ്ങളിൽ ദിക്കറിയാതെ ഉഴറിനടന്നു.
തുണി കൊടുക്കേണ്ട മുറിയിൽ വെള്ളം കൊടുത്തു. വെള്ളം കൊടുക്കേണ്ട മുറിയിലേക്ക് സോപ്പ് കൊണ്ടുകൊടുത്തു. പലപ്പോഴും ഇടനാഴികയിലെ ഇരുട്ടുകളിൽ പുതിയുട്ടി പതുങ്ങിനിന്നു. ഒളിച്ചുകളി കളിക്കുന്ന കുട്ടികൾ അതിലേ ഓടുമ്പോൾ പുതിയുട്ടിയുടെ പള്ളയ്ക്ക് വെറുതെ ഇടിച്ച് രസിച്ചു. പള്ള നിറയെ തിന്നാൻ കിട്ടുന്നതുകൊണ്ട് പുതിയുട്ടി ആ ഇടിയും മാന്തലുമൊക്കെ സഹിച്ചു. ഇടനാഴികയ്ക്കും അടുക്കളയ്ക്കും അപ്പുറം, തൊടിയിൽ വെണ്ടക്കയും തക്കാളിയും വഴുതനയും മൂത്ത് കായ്ച്ചുനിന്നു. പുതിയുട്ടി പഴുത്ത തക്കാളികളും, മൂത്ത വെണ്ടക്കയും വഴുതനയും പറിച്ചെടുത്തു.
അടുക്കളത്തോട്ടത്തിൽ പച്ചക്കറിക്ക് വളമിടുന്ന വേലക്കാരൻ പുതിയുട്ടിയെ അസൂയയോടെ നോക്കി. മീശ മുളയ്ക്കാൻ തുടങ്ങുന്ന ഒരു കുട്ടിക്ക്, ആ വീടിനുള്ളിൽ നിന്ന് കിട്ടുന്ന സ്ത്രീസുഖങ്ങളെ ഓർത്ത് അയാൾ ഞെളിപിരികൊണ്ടു. തക്കാളി പറിക്കുന്ന അവന്റെ അടുത്ത് വന്ന് അയാൾ ചോദിച്ചു, ‘വെക്കാനും ഇട്ക്കാനും പായാനുമൊക്കെ അറിയോ ചെർക്കാ അനക്ക്?’

പുതിയുട്ടി അതിനു മറുപടി പറഞ്ഞില്ല. പുതിയുട്ടി തല താഴ്​ത്തിപ്പിടിച്ച്​ നടന്നു. പകലുകളെയും രാത്രികളെയും ഇരുട്ടിനെയും വെളിച്ചത്തെയും ഒരേപോലെ ഭയന്നു. കുളിമുറികളെ ഭയന്നു. പെൺരൂപങ്ങളെ ഭയന്നു. പെൺശബ്ദങ്ങളെ ഭയന്നു. ഒരു വ്യക്തിയെ പെണ്ണായി അടയാളപ്പെടുത്തുന്നതെല്ലാം അവനെ ഭയപ്പെടുത്തി.

എങ്ങനെയെങ്കിലും അവിടുന്ന് ഓടിപ്പോകണമെന്ന് അവൻ ആശിച്ചു.
വിനാഗിരി മണത്തിന്റെ ചതുപ്പുകളിൽ നിന്ന്, ഉമിനീരിന്റെ ദുർഗന്ധങ്ങളിൽ നിന്ന്, അറപ്പിക്കുന്ന ചലനങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്നാശിച്ചു. പക്ഷേ ആ പൂന്തോട്ടങ്ങൾക്കപ്പുറം, അലറിവിളിക്കുന്ന പാതകളിലും വാഹനങ്ങളിലും അവൻ വിശപ്പെന്ന പേര് വായിച്ചു. എച്ചിൽകൂനകളെ വായിച്ചു. നഗരഭ്രാന്തുകളിൽ വല്ലാതെ തനിച്ചായി പോവുന്ന ഒരു കുട്ടിയുടെ ഗതികേടിനെ വായിച്ചു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments