Photo: Biju Ibrahim

ഇറച്ചിയിലും ചോറിലും മാത്രം നോക്കിയ കണ്ണുകൾ

നേർച്ചക്കൊന്നും പിന്നീട് അധികം പോയിട്ടില്ല. പക്ഷെ ഇറച്ചിക്കഷണങ്ങളിൽ നിന്ന് മുക്തനാകാൻ ആഗ്രഹിക്കാത്തതിനാൽ ആ അനുഭവങ്ങളും ഓർമകളും ഇന്നും പിന്തുടരുന്നു. മലപ്പുറത്തെ കാർഷിക ജീവിതവും നേർച്ചകളും 'ബീഫിസ്ഥാനെ' സൃഷ്ടിച്ചു. അതു വളരെ വളരെ പഴയ ഭക്ഷണ സംസ്‌ക്കാരമാണ്, ആരെതിർത്താലും ഈ റിപ്പബ്ലിക്ക് കടന്നു പുറത്തു പോകുമ്പോഴും അതേ ഭക്ഷണ സംസ്‌കാരം ഞങ്ങളെ പിന്തുടരുന്നു, അതിൽ ലയിച്ചു തന്നെയാണ് ഞങ്ങൾ വളർന്നതും

ശുഹദാക്കളുടെ നേർച്ചയാണ്, ചോറും ഇറച്ചിയുമുണ്ട്, ശബ്ദം പുറത്തു കേൾക്കാത്ത വിധം വീട്ടിൽ പറഞ്ഞു. 'അതിനൊന്നും പോണ്ട'; ഉപ്പയും ഉമ്മയും തടഞ്ഞു.

പക്ഷെ പോണമെന്നും ചോറും അതിലേക്കൊഴിക്കുന്ന കുമ്പളങ്ങ ചാറും ഇറച്ചി വരട്ടിയതും എങ്ങിനേയും കഴിക്കണമെന്നും കടുത്ത ആഗ്രഹമുണ്ട്. അടക്കാൻ വയ്യ. മഞ്ചേരിയിൽ ഞങ്ങളന്ന് താമസിച്ചിരുന്ന വാടക വീടിന്റെ വലതുവശത്ത് ടാറിടാത്ത റോഡാണ്. ആ റോഡിലാണ് നേർച്ചയുടെ ഭക്ഷണമുണ്ടാക്കുന്നത്.

മുഹമ്മദാക്ക എന്ന നളപാചകക്കാരൻ ഉണ്ടാക്കുന്ന ഭക്ഷണം കിട്ടാൻ നാലു മണിയോളമാകും. അസർ ബാങ്ക് വിളിക്കുന്നതിനു തൊട്ടുമുമ്പാണ് ഭക്ഷണം വിതരണം ചെയ്യുക. മദ്രസയിൽ വെച്ച് മജീദ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞുതന്നിട്ടുണ്ട്.

അന്ന് രാവിലെ മദ്രസയിൽ പോകുമ്പോൾ അവൻ പറഞ്ഞിരുന്നു, 'നിന്നെ പാത്രം തന്നു വിടുന്നില്ലെങ്കിൽ നിന്റെ പാത്രം എന്നെ ഏൽപ്പിച്ചാൽ മതി, ഞാൻ വാങ്ങിക്കൊണ്ടു വന്നു തരാം. (സ്‌കൂളിൽ നിന്നും ഉപ്പുമാവ് വാങ്ങി തരുന്നതും മജീദാണ്). പോരിശയാക്കപ്പെട്ട ഇറച്ചിയും ചോറുമാണ്, കഴിക്കാതിരിക്കരുത്, ശുഹദാക്കൻമാർ വലിയ ആളുകളാണ്!.' അവൻ പറഞ്ഞതിൽ ഒരു കാര്യം മാത്രം മനസ്സിലായി, പോരിശയാക്കപ്പെട്ട ഇറച്ചിയും ചോറും. അതെങ്ങിനെയും കഴിക്കണം.

Illustration: V.K. Sankaran

റോഡരുകിൽ കൂട്ടിയ അടുപ്പിൽ നിന്ന് ഇറച്ചി വേവുന്ന മണം പൊന്താൻ തുടങ്ങി. ആ മണത്തിൽ നിന്നുതന്നെ എന്തുമാത്രം രുചിയുള്ളതാകും ആ ഇറച്ചി എന്ന് മനസ് കണക്കുകൂട്ടാൻ തുടങ്ങി. പക്ഷെ, ഞങ്ങളുടെ വാടക വീടിനു ചുറ്റുമുള്ള എല്ലാവരും ചോറും ഇറച്ചിയും വാങ്ങാൻ പോകുന്നുണ്ട്.

ഉപ്പാക്ക് ഇതൊക്കെ അന്ധവിശ്വാസമാണെന്ന തോന്നലുണ്ടാകാം, ഉമ്മാക്കും അങ്ങിനെ തന്നെ. ഒപ്പം ചോറു വാങ്ങാൻ മകൻ വരി നിൽക്കുന്നത് മോശമാണെന്ന വിചാരവും. ആ റോഡിൽ നിൽക്കുന്നവരാരോ ബദർ പടപ്പാട്ടിലെ വരികൾ ഉച്ചത്തിൽ ചൊല്ലുന്നത് കേൾക്കാം.

ജീവിതത്തിൽ ആദ്യമായി കേട്ട് ഇഷ്ടപ്പെട്ട പാട്ടാണ്.

അസർ ബാങ്ക് വിളിക്കാൻ അധിക സമയമില്ല. ഞങ്ങളുടെ വാടക വീടിന്റെ മതിലിൽ കയറി ഇരുന്നാൽ ചോറിനും ഇറച്ചിക്കും ആളുകൾ വരി നിൽക്കുന്നത് കാണാം. തൂ വെള്ള ചോറ് മുഹമ്മദാക്ക തട്ടത്തിലേക്ക് കോരിയിടുന്നുമുണ്ട്. തൊട്ടപ്പുറത്ത് ഇറച്ചി വെന്തുമറിയുകയോ, കുറുകി വരട്ടായി മാറുകയോ ആണ്.

ആ റോഡിൽ നിൽക്കുന്നവരാരോ ബദർ പടപ്പാട്ടിലെ വരികൾ ഉച്ചത്തിൽ ചൊല്ലുന്നത് കേൾക്കാം.

ജീവിതത്തിൽ ആദ്യമായി കേട്ട് ഇഷ്ടപ്പെട്ട പാട്ടാണ്.

അപ്പോഴാണ് ഞങ്ങളുടെ മതിൽചാരി, മറിയാത്ത പാത്രങ്ങളുമായി വന്നത്. 'എന്താ കുട്ട്യേ നേർച്ചച്ചോറ് വേണ്ടേ' എന്നവർ ചോദിച്ചു. വേണം എന്നു തന്നെ പറഞ്ഞു. 'പിന്നെന്താ, വിളമ്പാനായി, പാത്രം വാങ്ങിപ്പോര്, കുട്ടിക്ക് ഞാൻ വാങ്ങിത്തരാം, തിക്കാനും തിരക്കാനുമൊന്നും നിക്കണ്ട', അവർ ഉറപ്പു പറഞ്ഞു. ഞങ്ങൾ അവിടെ വാടകക്കാരായി വന്നിട്ട് ആദ്യമായി നേർച്ച നടക്കുകയാണ്. അതിനെക്കുറിച്ചൊന്നും വേണ്ടത്ര അറിയുമായിരുന്നില്ല.

ശുഹദാക്കളുടെ നേർച്ചപ്പെട്ടികൾ പലയിടത്തും കാണാറുണ്ട്. പരീക്ഷ പാസാകാൻ നേർച്ച പെട്ടിയിൽ പത്തു പൈസ ഇട്ടാൽ മതിയെന്ന് മജീദ് പറഞ്ഞു തന്നിട്ടുമുണ്ട്. ഒരിക്കൽ വീട്ടിൽ നിന്ന് മോഷ്ടിച്ച പത്തു പൈസ ഇട്ടതുമാണ്, പക്ഷെ ആ പരീക്ഷയിൽ ഞാൻ തോറ്റു പോയി.

അതിനാൽ ശുഹദാക്കൾ അത്ര ശരിയല്ല എന്ന തോന്നൽ എനിക്കുണ്ട്. പഠിക്കാതെ പത്തു പൈസ നേർച്ചയിട്ടാലൊന്നും പരീക്ഷ പാസാകില്ലെന്ന് ഉമ്മയും ഉപ്പയും എന്റെ കളവ് കണ്ടു പിടിച്ചശേഷം പറയുകയും ചെയ്തതാണ്. എന്നാലും ജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങൾ അവഗണിക്കാൻ പാടില്ലെന്ന അഭിപ്രായം അന്ന് കമ്യൂണിസ്റ്റായിരുന്ന ഉപ്പാക്കുണ്ട്.

ജനങ്ങൾ എന്തിനാണ് ഒരിടത്ത് ഒന്നിച്ചു ചേരുന്നത്, തടിച്ചു കൂടുന്നത് എന്ന് എപ്പോഴും ശ്രദ്ധിക്കണമെന്ന് പറയും. മനുഷ്യർ ഒന്നിച്ചു നിന്നാണ് പലതും നേടിയെടുത്തതെന്നും കൂട്ടിച്ചേർക്കും. അതൊന്നും അന്ന് മനസ്സിലായിട്ടില്ല. ആ ദിവസം ഇറച്ചിയിലും ചോറിലും മാത്രമായിരുന്നു കുട്ടിയായ എന്റെ കണ്ണ്.

ഞാൻ അടുക്കളയിലേക്കോടി, കയ്യിൽ കിട്ടിയ പാത്രവുമായി മറിയാത്തയുടെ അടുത്തെത്തി. പാത്രം കൊടുത്തു, പിന്നെ അവരുടെ പിന്നാലെ നടന്നു. മറിയാത്ത മുഹമ്മദാക്കയോട് പറഞ്ഞു, 'ഞാൻ വരി നിന്നോളാം, ഇതു നമ്മളെ ഓഫീസറുടെ കുട്ടിയാണ്, അവന് നിങ്ങള് ചോറും ഇറച്ചിയും വരി നിർത്താതെ കൊടുക്കീന്ന്'.

ജനങ്ങൾ എന്തിനാണ് ഒരിടത്ത് ഒന്നിച്ചു ചേരുന്നത്, തടിച്ചു കൂടുന്നത് എന്ന് എപ്പോഴും ശ്രദ്ധിക്കണമെന്ന് പറയും. മനുഷ്യർ ഒന്നിച്ചു നിന്നാണ് പലതും നേടിയെടുത്തതെന്നും കൂട്ടിച്ചേർക്കും. അതൊന്നും അന്ന് മനസ്സിലായിട്ടില്ല.

മുഹമ്മദാക്ക എന്നെ നോക്കി, പാത്രത്തിലേക്ക് നോക്കി, 'അവിടെ ആറാളില്ലേ, നാലാള് ചെറിയ കുട്ടികളാണ്, ഇന്നാലും ഈ പാത്രം പോര കുട്ട്യേയ്, തികയൂല, വലിയ പാത്രം കൊണ്ടന്നാളാ'. ഞാൻ പാത്രം മടക്കി വാങ്ങി തിരിച്ചോടി, വലിയൊരു പാത്രവുമായി വീണ്ടും മുഹമ്മദാക്കാന്റെ അടുത്തെത്തി. കൈലു കൊണ്ട് ചോറു വിളമ്പി, അതിലേക്ക് മഞ്ഞ നിറത്തിലുള്ള കുമ്പളങ്ങാച്ചാറൊഴിച്ചു, പിന്നെ മരക്കൈലുകൊണ്ട് ഇറച്ചി കോരിയിട്ടു. എനിക്ക് താങ്ങിക്കൊണ്ടു പോകാൻ കഴിയുന്നതിലും കനം പാത്രത്തിനുണ്ടായിരുന്നു.

പെട്ടെന്ന് മജീദ് പ്രത്യക്ഷപ്പെട്ടു. അവനാപാത്രം എന്റെ തലയിലേക്ക് വെച്ചുതന്നു. ചൂട് തലമുടിയെ കരിയിക്കുമായിരുന്നു. പെട്ടെന്നൊരാൾ പൊടിയണ്ണിയുടെ ഇല എടുത്തു വന്നു, പാത്രം തലയിൽ നിന്നുമിറക്കി, ആദ്യം തലയിൽ ഇല വെച്ചു, പിന്നെ അതിനു മേൽ പാത്രം വെച്ചു, ഇനി ചൂട് തട്ടില്ല.

അയാൾ പറഞ്ഞു, 'അല്ലേ മയമ്മദേ കുട്ടിക്ക് അവുത്തറച്ചി (കരൾ) കഷണം കൊടുത്തില്ലേ,' അയാൾ ചോദിച്ചു. സംശയം കൊണ്ടായിരിക്കണം രണ്ടു കഷണം ഇറച്ചി കൂടി പാത്രത്തിലേക്കു വീണു, ഞാൻ അൽപ്പം കുനിഞ്ഞു നിന്നതിനാൽ ഇറച്ചിക്കഷണങ്ങൾ പാത്രത്തിനു തന്നെ കിട്ടി, വീണു പോയില്ല.
ഞാൻ വിജയിയുടെ ഭാവത്തോടെ വീട്ടിലേക്കു നടന്നു.

ഇറച്ചിക്കും ചോറിനും വരി നിൽക്കുന്നവർ ഏറെയുണ്ട്, നീണ്ട വരിയാണ്. അതിനോട് ചേർന്ന് നടന്നു പോകുമ്പോൾ അടുത്ത വീട്ടിലെ പരിചയക്കാരിൽ പലരും ചോദിച്ചു, 'കുട്ട്യേയ് നല്ലോണം കിട്ടീല്ലേ' തലയാട്ടിയാൽ പാത്രം താഴെ വീണു പോകുമെന്ന് ഭയന്ന് നിറഞ്ഞ് ചിരിച്ച് എല്ലാവരോടും 'കിട്ടി, കിട്ടി' എന്നു പറഞ്ഞ് വീടിനകത്തേക്ക് ഓടിക്കയറി. ഞങ്ങൾ ഒന്നിച്ചിരുന്ന് ഇറച്ചിയും ചോറും കഴിച്ചു. ആവിയിലല്ലേ വേവിക്കുന്നത്, ഇറച്ചിക്ക് എന്തൊരു ചാദ് (രുചി), കൂട്ടത്തിൽ ആരോ അങ്ങിനെ പറഞ്ഞു.

ഭക്ഷണം കഴിച്ചശേഷം നേർച്ചയുടെ അന്നദാനം നടക്കുന്ന റോഡിലേക്ക് നോക്കിയപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും തലയിലേറ്റിയ പാത്രങ്ങളിൽ ഭക്ഷണവും വഹിച്ചു വീടുകളിലേക്കു പോകുന്ന കാഴ്ച്ച കണ്ടു. മിക്കവരും തങ്ങളുടെ പാത്രങ്ങൾ വാഴയില കൊണ്ട് മൂടിയിട്ടുണ്ട്.

എവിടെ നിന്നെത്തിയതെന്നറിയില്ല, കാക്കകളും പരുന്തുകളും അവരെ പിന്തുടരുന്നുണ്ട്. അവയുമായി പൊരുതി തങ്ങളുടെ ഒരു വറ്റോ ഒരു കഷണം ഇറച്ചിയോ നഷ്ടപ്പെടാതെ എല്ലാവരും നോക്കുന്നുണ്ട്. അതത്ര എളുപ്പമായിരുന്നില്ല. കാക്കകളായിരുന്നു കൂടുതൽ, പരുന്തുകൾ കുറവായിരുന്നു. ഇറച്ചിമീൻ മാർക്കറ്റിലാണ് മുമ്പ് അവയെ കണ്ടിട്ടുള്ളത്.

പരുന്തുകൾ ഇറച്ചിക്കഷണങ്ങൾ തിന്നുന്നത് മനുഷ്യരെപ്പോലെ തന്നെ എന്നു തോന്നി. കടിച്ചും മുറിച്ചും മസാലയുടെ നീര് കുടിച്ചും.

പെട്ടെന്ന് മുഹമ്മദാക്ക കുറച്ച് ചോറും ഇറച്ചിയും റോഡിലെ ഒഴിഞ്ഞ ഒരിടത്ത് കൊട്ടി. ആകാശത്തേക്കു നോക്കി വിളിച്ചു പറഞ്ഞു, വന്നു തിന്നോളീ, നേർച്ചയുടെ അന്നത്തിന് നിങ്ങൾക്കും അവകാശമുണ്ട്, അതേ വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു.

പറവകൾ ആകാശത്തു നിന്ന് താഴേക്കിറങ്ങി. റോഡിൽ കൊട്ടിയ ഭക്ഷണം കൂട്ടത്തോടെ കൊത്തിത്തിന്നാൻ തുടങ്ങി.

പരുന്തുകൾ ഇറച്ചിക്കഷണങ്ങൾ തിന്നുന്നത് മനുഷ്യരെപ്പോലെ തന്നെ എന്നു തോന്നി. കടിച്ചും മുറിച്ചും മസാലയുടെ നീര് കുടിച്ചും. ഈ സമയം കൊണ്ട് ആളുകൾ വലിയ പരിക്കുകളൊന്നുമേൽക്കാതെ തങ്ങളുടെ വീടുകളിലെത്തി.

മുഹമ്മദാക്ക പറഞ്ഞത് ഒരിക്കലും മറക്കില്ല, 'ഓരോരുത്തർക്ക് കൊടുക്കാനുള്ളത് അവർക്ക് കൊടുക്കണം. എന്നാൽ ഒരു പ്രശ്‌നവുമുണ്ടാകില്ല, ഇല്ലെങ്കിൽ പ്രശ്‌നങ്ങൾ ഒരിക്കലും തീരുകയുമില്ല.

നമ്മളെ വിചാരം ഇതൊരു ഔദ്യാരമാണെന്നാണ്, അങ്ങിനെയല്ല, ഇതെല്ലാം ഓരോരുത്തരുടേയും അവകാശമാണ്. അവകാശങ്ങൾ കൊടുത്തില്ലെങ്കിൽ നാടിന് ഒരു സമാധാനവുമുണ്ടാകില്ല, ശുഹദാക്കൾ പഠിപ്പിച്ചു തന്നിട്ടുള്ളത് ഇതല്ലേ ' ആ വാക്കുകൾ അന്ന് പൂർണ്ണമായും മനസ്സിലായിരുന്നില്ല.

പിന്നീട് ഇറച്ചിയും ചോറും തിന്നുമ്പോഴെല്ലാം ഓർമകളിലേക്ക് കടന്നു വന്നതും മുതിരുന്നതിനൊപ്പം വളർന്നതുമായിരുന്നു. ഒരിക്കലും മറക്കാതെ ഇന്നും പിന്തുടരുന്ന വാക്കുകൾ. അതുമാത്രമല്ല, 'സുമിതേയ്, വേലായുധോ, അച്ചായോ പാത്രം കാണിക്ക്' എന്ന് മുഹമ്മദാക്ക പറഞ്ഞതും മറന്നിട്ടില്ല. ങള് വന്നില്ലെങ്കിൽ വീട്ടിൽ കൊണ്ടു വന്നു തരണമെന്ന് കരുതിയിരിക്കുകയായിരുന്നു, നിങ്ങൾക്കുള്ളത് മാറ്റിവെച്ചിട്ടുണ്ട്, അതിന് അവരിൽ ആരോ പ്രതികരിച്ചു: 'ങളെ ചോറും ഇറച്ചിയും ആർക്കാ വേണ്ടാത്തത്!.'
പിൽക്കാലത്ത് ഡോ. എം.ഗംഗാധരനും ഹൊയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റീഫൻ എഫ്.ഡെയിലും സംയുക്തമായി എഴുതിയ 'നേർച്ചയുടെ കേരളീയ മാനങ്ങൾ' എന്ന പ്രബന്ധം വായിച്ചു. അതിന്റെ ആദ്യ ഭാഗം ഇങ്ങിനെയാണ്: 'മിക്ക ഇസ്‌ലാമിക സമൂഹങ്ങളിലും സാധാരണമായ മതാനുഷ്ഠാന രൂപമാണ് പുണ്യാത്മാക്കളെ ആരാധിക്കുക എന്നത്. എന്നാൽ ദക്ഷിണേന്ത്യയിലെ കേരള സംസ്ഥാനത്ത് ജീവിക്കുന്ന മാപ്പിള മുസ്‌ലിംകളുടെ മതജീവിതത്തിൽ അതിന് പ്രത്യേക പ്രാധാന്യമുണ്ട്.

മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും മതപരമായ സംസ്‌കാരവും പഠിക്കാൻ സാധ്യമായ ഏറ്റവും പ്രധാനമായ മാർഗങ്ങളിലൊന്നാണ് നേർച്ചകൾ.

നേർച്ച എന്നറിയപ്പെടുന്ന അനുഷ്ഠാനം പുണ്യാത്മാക്കളെ ആരാധിക്കുന്നതിന്റെ ബഹുവിധ രൂപങ്ങളിലൊന്നാണ്. മാപ്പിളമാരുടെ ഏറ്റവും വലിയ പൊതു ഉത്സവമാണത്. ഇവ വമ്പിച്ചതും ചെലവേറിയതുമായ ആഘോഷങ്ങളാണ്.

നാമമാത്ര ഇസ്‌ലാമിക ഘടകങ്ങളും പ്രാദേശികമായ ചില നാടൻ ഉത്സവങ്ങളുടെ ചില പ്രത്യേക സ്വഭാവങ്ങളും അവയിൽ കൂട്ടിയിണക്കിയിരിക്കുന്നു.

അങ്ങിനെ നോക്കുമ്പോൾ ഓരോ നേർച്ചയുടേയും മൂലാധാരം പീറിനോടോ ശൈഖിനോടോ ശഹീദ് (രകതസാക്ഷി) ആയവരോടോ ഉള്ള ഭക്തിയായിരിക്കത്തന്നെ, ഈ ഉത്സവങ്ങളെല്ലാം കേരളത്തിലെ നാടൻ ആരാധനാ മൂർത്തികളെ ഉപാസിക്കുന്ന ഘടനയുടെ ചട്ടക്കൂട്ടിലൊതുങ്ങി നിന്നുകൊണ്ട് നടന്നുപോരുന്നവയാണ്.

ഈ സങ്കര സ്വഭാവം കൊണ്ടു തന്നെ നേർച്ചകൾക്ക് പ്രാധാന്യമുണ്ട്.

അതായത് പുണ്യാത്മാക്കളേയോ രക്തസാക്ഷികളേയോ ആരാധിക്കുന്ന സങ്കീർണവും സവിശേഷവുമായ ഒരുതരം ഇസ്‌ലാമിക സമ്പ്രദായത്തിന്റെ ഉദാഹരണമാണവ. കേരള മുസ്‌ലിംകളെക്കുറിച്ചുള്ള വിവരങ്ങളുടെ ഉറവിടം എന്ന നിലയിൽ മാത്രം വീക്ഷിക്കുമ്പോഴും ഈ ഉത്സവങ്ങൾക്ക് അത്ര തന്നെ പ്രാധാന്യമുണ്ട്.

കാരണം മാപ്പിളമാർക്ക് അവരുടെ ഭൂതകാലത്തെക്കുറിച്ച് വളരെ തുണ്ടു തുണ്ടായ ചില രേഖകളേയുള്ളൂ. ഈ പ്രമുഖ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും മതപരമായ സംസ്‌കാരവും പഠിക്കാൻ സാധ്യമായ ഏറ്റവും പ്രധാനമായ മാർഗങ്ങളിലൊന്നാണ് നേർച്ചകൾ'.

ആ ലേഖനത്തിന്റെ അടിക്കുറിപ്പിൽ ഇങ്ങനെയും കാണാം: ഈ ലേഖനത്തിന്റെ കർത്താക്കൾ ഇതു സംബന്ധിച്ച ഒരു വിവാദത്തിൽ പെടുകയുമുണ്ടായി. ഞങ്ങൾ നേർച്ചകളിൽ പങ്കെടുത്തതായി കോഴിക്കോട്ടെ ചില ദിനപത്രങ്ങളിൽ വാർത്ത വന്നതിനെത്തുടർന്നായിരുന്നു അത്.

പത്രവാർത്ത വന്നു കഴിഞ്ഞ്, ഒരു ദിവസം കോളേജ് വിദ്യാഭ്യാസം ലഭിച്ച ഒരു വിഭാഗം ചെറുപ്പക്കാരായ മാപ്പിളമാർ, ഞങ്ങളെ ചോദ്യം ചെയ്തു. ഞങ്ങൾ നേർച്ചകളിൽ പങ്കെടുത്തതിനെ അവർ വളരെയധികം വിമർശിച്ചു. ഇത്തരം അനിസ്‌ലാമികാചാരങ്ങളുടെ വിശ്വാസ്യതക്ക് താങ്ങായിത്തീരും ഞങ്ങളുടെ സന്ദർശനങ്ങൾ എന്നായിരുന്നു അവർ കരുതിയിരുന്നത്.

ശുഹദാക്കളുടെ നേർച്ചയുടെ അന്നദാനത്തിനു പോയ അന്നു മുതൽ ഈ വിമർശനങ്ങളും കേട്ടു തുടങ്ങിയതാണ്. മലപ്പുറം മാപ്പിളമാർ സംഘം തിരിഞ്ഞ് ഏറ്റവും കൂടുതൽ തർക്കിച്ചതും പ്രസംഗ പരമ്പരകൾ നടത്തിയതും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു വേണ്ടി തന്നെയായിരുന്നു. 'കുറാഫാത്ത്' എന്നാണ് നേർച്ചയടക്കമുള്ള കാര്യങ്ങളെ 'പരിഷ്‌ക്കരണവാദികൾ' വിളിച്ചു പോന്നത്. അതിന്നും തുടരുന്നു.

നേർച്ചക്കൊന്നും പിന്നീട് അധികം പോയിട്ടില്ല. പക്ഷെ ഇറച്ചിക്കഷണങ്ങളിൽ നിന്ന് മുക്തനാകാൻ ആഗ്രഹിക്കാത്തതിനാൽ ആ അനുഭവങ്ങളും ഓർമകളും ഇന്നും പിന്തുടരുന്നു. മലപ്പുറത്തെ കാർഷിക ജീവിതവും നേർച്ചകളും 'ബീഫിസ്ഥാനെ' സൃഷ്ടിച്ചു.

അതു വളരെ വളരെ പഴയ ഭക്ഷണ സംസ്‌കാരമാണ്, ആരെതിർത്താലും ഈ റിപ്പബ്ലിക്ക് കടന്നു പുറത്തു പോകുമ്പോഴും അതേ ഭക്ഷണ സംസ്‌ക്കാരം ഞങ്ങളെ പിന്തുടരുന്നു, അതിൽ ലയിച്ചു തന്നെയാണ് ഞങ്ങൾ വളർന്നതും. അതിനാലായിരിക്കാം, ടി.വി.കൊച്ചുബാവയുടെ 'ഇറച്ചിയേറ്' എന്ന കഥയിൽ അമിതമായി ഇറച്ചി തിന്ന്, അലസവിശ്രമ ജീവിതം നയിച്ച് ഗൾഫിൽ ഹൃദയാഘാതമുണ്ടായി മരിച്ച യുവാവിന്റെ ജീവിതാഖ്യാനം ഇന്നും എനിക്ക് വിശ്വസിക്കാൻ കഴിയാത്തത്.

മലപ്പുറത്തെ കാർഷിക ജീവിതവും നേർച്ചകളും 'ബീഫിസ്ഥാനെ' സൃഷ്ടിച്ചു.

ഒരിക്കൽ വീടിനടുത്ത് ഇതിനു സമാനമായ സംഭവമുണ്ടായി. ഒരാൾക്ക് നെഞ്ചു വേദന വന്നു, വായുകോപമാണ് എന്നു പറഞ്ഞ് അയാൾ തെങ്ങിന് തടം കീറാൻ തുടങ്ങി, ആ തെങ്ങിന്റെ തടത്തിലേക്ക് കമിഴ്ന്നുവീണ് അയാൾ മരിക്കുകയും ചെയ്തു.

ഭക്ഷണ സംസ്‌കാരത്തിൽ മരണം വരേയും (മരണത്തിൽ പോലും) ഞങ്ങൾ വിശ്വസിച്ചു പോന്നു, അതു മാറ്റുക അസാധ്യമായിരിക്കും.

മലപ്പുറം വിട്ട് സൗദി അറേബ്യയിലേക്ക് പോകണമായിരുന്നു. ഞാനൊക്കെ മുട്ടിലിഴയാൻ തുടങ്ങിയ കാലത്തേ തറവാട്ടിൽ നിന്നും അടുത്ത വീടുകളിൽ നിന്നും അവിടേക്ക് ആളുകൾ പോവുകയും വരികയും ചെയ്യുന്നുണ്ട്. പേർഷ്യക്കാർ എന്നാണ് അവരെ ആദ്യം വിളിച്ചിരുന്നത്. ഇറാഖിലേക്കും ഇറാനിലേക്കും പോയവരെക്കുറിച്ചുള്ള പരാമർശമായിരുന്നു അത്. എന്നാൽ രാജ്യങ്ങൾ മാറിയിട്ടും ആ പ്രയോഗം ഏറെക്കാലം നിലനിന്നു.

ബ്രിട്ടീഷുകാർ ഇന്ത്യ കോളനിയാക്കിയിരുന്നില്ലെങ്കിൽ, ഇന്ന് ഇംഗ്ലീഷ് ഉപയോഗിക്കുന്നതു പോലെ നമ്മൾ പേർഷ്യൻ പൊതു ഭാഷയായി സ്വീകരിക്കുമായിരുന്നുവെന്ന് യുവ ചരിത്രകാരൻ മനു എസ്.പിള്ള ഹൈദരാബാദ് സാഹിത്യോത്സവത്തിൽ മുഖാമുഖം പരിപാടിയിൽ പറയുന്നതു കേട്ടപ്പോൾ പേർഷ്യക്കാർ എന്ന പദം എങ്ങിനെ വന്നു ഭവിച്ചു എന്നതിന് കൂടുതൽ തെളിച്ചം കിട്ടി.

'എല്ലാവരും മടങ്ങാൻ നോക്ക്ണ കാലത്താണോ നിന്റെ വരവെന്ന്' അവരെല്ലാവരും ചോദിച്ചു. നിവൃത്തിയില്ല, മറ്റു വഴിയില്ല എന്നിങ്ങനെ പറഞ്ഞ് ഗൾഫ് ജീവിതത്തെ ന്യായീകരിച്ച് അവിടെ ജീവിച്ചു തുടങ്ങി. ഒരിക്കലും ഗൾഫിലേക്ക് പോകില്ലെന്ന് കരുതി നാട്ടിൽ തന്നെ ജോലി ചെയ്തു ജീവിക്കുകയായിരുന്നു.

പക്ഷെ ആ പോക്കിൽ നിന്ന് മിക്കവാറും മലപ്പുറത്തുകാർക്കൊന്നും അന്ന് വിടുതിയുണ്ടായിരുന്നില്ല. 33ാം വയസ്സിൽ ജിദ്ദയിലേക്ക് പോകുമ്പോൾ, കൂടെ പഠിച്ച പലരും അവിടെ സീനിയേഴ്‌സായി മാറിക്കഴിഞ്ഞിരുന്നു.

അവധിക്കു വന്ന് മടങ്ങുമ്പോൾ ലഗേജിൽ പാചകം ചെയ്ത ബീഫിന്റെ പൊതിയുണ്ടാവും. ബാച്ചിലർ മുറിയിലെ സഹമുറിയൻമാരുടെ ഏക ആവശ്യം നാട്ടിലെ ബീഫായിരിക്കും. കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ വന്നതോടെ ഇറച്ചിപ്പൊതികൾ കൊണ്ടുപോകുന്നത് സ്വാഭാവികവും സാധാരണവുമായി.

സ്വന്തം റിപ്പബ്ലിക്ക് വിട്ടു പോകുമ്പോഴും ആ പൊതികൾ ഞങ്ങൾക്കൊപ്പം യാത്ര ചെയ്തു. അതൊരു ആചാരമായിരുന്നു. മടങ്ങുന്ന ദിവസം അതിരാവിലെ ഉണർന്ന് ഇറച്ചിക്കടയിലേക്കു പോകും. അഞ്ചു കിലോ ബീഫ് വാങ്ങിക്കും. അത് വരട്ടിയും പൊരിച്ചും പ്ലാസ്റ്റിക്ക് കവറുകളിലാക്കും. പിന്നെ നല്ല കടലാസിൽ പൊതിയും. റബ്ബർ ബാൻഡിട്ട് സുരക്ഷിതമാക്കും.

അവധിക്കു വന്ന് മടങ്ങുമ്പോൾ ലഗേജിൽ പാചകം ചെയ്ത ബീഫിന്റെ പൊതിയുണ്ടാവും. ബാച്ചിലർ മുറിയിലെ സഹമുറിയൻമാരുടെ ഏക ആവശ്യം നാട്ടിലെ ബീഫായിരിക്കും.

ബേക്കറി പലഹാരങ്ങൾക്കും പത്തിരിക്കുമൊപ്പം ബീഫും വെക്കും. ചിലപ്പോൾ കപ്പയും കാച്ചിലും കൂർക്കയുമുണ്ടാകും. ചക്കയുടെ കഷണങ്ങൾ, മാമ്പഴങ്ങൾ, പലർക്കുമുള്ള ആയുർവേദ മരുന്നുകൾ (പ്രസവരക്ഷാ മരുന്നുകൾ ഉൾപ്പെടെ) അങ്ങിനെ മലപ്പുറത്തിന്റെ പലവിധ രുചികളുമായി, ചികിത്സാ സാന്ത്വനങ്ങളുമായി മടങ്ങും.

മടക്ക ദിവസം വലിയ വിഷാദം വന്നു പൊതിയുമ്പോഴെല്ലാം നാട്ടുരുചികൾ കൂടെ താമസിക്കുന്നവരിൽ ആഹ്ലാദം പകരുന്നതിനെക്കുറിച്ചോർത്ത് സ്വയം സമാധിക്കും. ബീഫ് പൊതികൾ സുരക്ഷിതമല്ലേ എന്നു പല തവണ നോക്കിയ ശേഷം പെട്ടികെട്ടും. അങ്ങിനെ നിരവധി മലപ്പുറം രുചികളുമായി കരിപ്പൂരിൽനിന്ന് വിമാനം കയറും.

വിമാനത്തിൽ എല്ലാവരും പരസ്പരം പറയുന്നത് ലഗേജിലെ ഭക്ഷണങ്ങളെക്കുറിച്ചായിരിക്കും. 'ലഗേജിന് അനുവദിച്ചതിലും ഭാരം കൂടിപ്പോയി' ഒരു ചക്ക മുഴുവനായി ഉപേക്ഷിക്കേണ്ടി വന്നയാൾ പറഞ്ഞു, എങ്കിലും ബീഫ് പൊതികൾ പോയില്ലല്ലോ, അതു മതി!.

ഒരു അവധിക്കാലം കഴിഞ്ഞ് മടങ്ങുന്ന ദിവസം പതിവുപോലെ ബീഫ് വാങ്ങി വന്നു. അടുക്കളയിൽ അവളും ഞാനും അതു പാചകം ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരാളുടെ സന്ദേശം വന്നു, ഒരു പ്രമേഹ രോഗിക്ക് ചില ഒറ്റമൂലികൾ കൊണ്ടു പോകണം. വിളിച്ചയാൾക്ക് ഞങ്ങളുടെ വീടറിയില്ല. ഒന്നു മെയിൻ റോഡുവരെ വരാമോ എന്നു ചോദിച്ചു. അടുത്താണ്, നടന്നു പോയി വരാം. ഉടനെ വരാം എന്നും പറഞ്ഞ് അടുക്കളയും വീടും വിട്ടിറങ്ങി. ഒറ്റമൂലികൾ വാങ്ങി മടങ്ങി വന്നു.

അടുക്കളയിൽ വേവുന്ന ഇറച്ചിയുടെ മണം ആസ്വദിച്ചു ഉമ്മറത്തു നിൽക്കുമ്പോൾ അവൾ വന്നു വാതിൽ തുറന്നു. അവളുടെ മാക്‌സിയിൽ ഇറച്ചിയുടെ മസാലക്കൂട്ട് തെറിച്ചു വീണിട്ടുണ്ട്, എന്തോ കുഴപ്പം പറ്റിയിട്ടുണ്ട് എന്നു മനസ്സിലാക്കിയ നിമിഷത്തിൽ അവൾ പറഞ്ഞു, പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു.

'നിനക്കെന്തെങ്കിലും പറ്റിയോ?', അവളുടെ കഴുത്ത് മുതൽ മാറിടം വരെ പൊള്ളിയിട്ടുണ്ട്. നമുക്കുടനെ ഡോക്ടറെ കാണാം എന്നു പറഞ്ഞു. അതു സാരമില്ല, ഞാൻ പല്ലു തേക്കുന്ന പേസ്റ്റ് തേച്ചിട്ടുണ്ട്. ആരോ പറഞ്ഞു കൊടുത്തതാണ്. (ഇതുകൊണ്ട് മുറിവുകൾ എളുപ്പം തണുക്കുമെത്ര) വീടിനകം മുഴുവൻ ബീഫ് കഷണങ്ങൾ തെറിച്ചു കിടക്കുന്നുണ്ട്. ചുമരിലും മച്ചിലും ഇറച്ചിച്ചാർ സ്‌പ്രേയുണ്ട്. വീടിനു പുറത്ത് വളപ്പിലേക്കു പോലും ഇറച്ചിക്കഷണങ്ങൾ തെറിച്ചിട്ടുണ്ട്. എവിടേയും ഇറച്ചിയുടെ മണമാണ്.

അവളെ തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ചു. ചില മരുന്നുകൾ തന്നു. പക്ഷെ കഴുത്തിൽ പൊള്ളിയ മുറിവും പാടും തെളിഞ്ഞു കാണാം. പൊതുവിൽ ആൾ പേടിതീരെ ഇല്ലാത്ത കൂട്ടത്തിലാണ്. അതിനാൽ എന്റെ യാത്ര മുടക്കേണ്ട എന്ന നിലയിലാണ് അവൾ. സത്യത്തിൽ പൊള്ളി നീറുന്നത് കടിച്ചു പിടിച്ചു നിൽക്കുകയായിരുന്നു.

മൂന്നു കിലോ കൊള്ളുന്ന കുക്കറിൽ അഞ്ചു കിലോ ഇട്ടു. മർദം കൂടുകയാണെന്നു തോന്നിയപ്പോൾ സേഫ്റ്റി വാൽവ് തുറക്കാൻ നോക്കി. ആ നിമിഷം കുക്കർ പൊട്ടിത്തെറിച്ചു. ആ നിമിഷത്തിൽ അവൾ ദൂരേക്കോടി. അതിനാൽ ആദ്യത്തെ സ്‌പ്രേ മാത്രം ശരീരത്തിൽ വീണു. പക്ഷെ, അതു തന്നെ ഗുരുതരമായിരുന്നു.

ഷർട്ട് പോക്കറ്റിൽ പാസ്‌പോർട്ടും ടിക്കറ്റും വെച്ചു. ലഗേജിൽ എന്തെങ്കിലും വെക്കാൻ മറന്നുവോ എന്ന പതിവു നോട്ടമൊന്നുമുണ്ടായില്ല. ശരിക്കും ചത്തിരുന്നു.

ആദ്യം കാണിച്ച ഡോക്ടറെ വിശ്വാസത്തിലെടുക്കാൻ പറ്റുമായിരുന്നില്ല. നല്ലൊരു ചർമ രോഗ വിദഗ്ധനെ തന്നെ കാണിക്കേണ്ടതുണ്ട്. ഞാൻ ജിദ്ദയിൽ ഓഫീസിൽ വിളിച്ചു, ഒരാഴ്ച കൂടി ലീവ് നീട്ടിത്തരാൻ ചോദിച്ചു, അനുവദിക്കാൻ പറ്റില്ലെന്ന മറുപടി കിട്ടി. (ഞാൻ ചെന്നിറങ്ങുന്ന അന്ന് മറ്റൊരാൾക്ക് അവധിയിൽ നാട്ടിലേക്കു വരാനുള്ളതാണ്). അത് ഏറ്റവും തിരക്കുപിടിച്ച സീസണായിരുന്നു, മറ്റൊരു ദിവസം ജിദ്ദക്ക് വിമാനടിക്കറ്റും കിട്ടാനില്ല.

'ങള് പോയ്‌ക്കോളീൻ, ഇത് ഞങ്ങള് നോക്കാം.' മക്കൾ രണ്ടും ചെറുതാണ്. അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന പ്രായമായിട്ടില്ല. ഉമ്മ വന്നു, 'നല്ലൊരു ഡോക്ടറെ തന്നെ കാണിക്കാം, നീ പോകാൻ നോക്ക്, പേടിക്കേണ്ട' എന്നു പറഞ്ഞു.

പക്ഷെ, പേടിയോടെ തന്നെയാണ് മടങ്ങിയത്. അവൾക്ക് വേണ്ടും വിധത്തിലുള്ള ചികിത്സ പോലും ഏർപ്പാടാക്കാൻ കഴിയാതെയുള്ള മടക്കയാത്ര. ലഗേജൊക്കെ എല്ലാവരും കൂടി കെട്ടി. കയ്യിൽ വെക്കുന്ന സ്യൂട്ട്‌കേസിൽ പുതിയ അലക്കി തേച്ച വസ്ത്രങ്ങൾ അടുക്കിവെച്ചു. ഷർട്ട് പോക്കറ്റിൽ പാസ്‌പോർട്ടും ടിക്കറ്റും വെച്ചു. ലഗേജിൽ എന്തെങ്കിലും വെക്കാൻ മറന്നുവോ എന്ന പതിവു നോട്ടമൊന്നുമുണ്ടായില്ല. ശരിക്കും ചത്തിരുന്നു.

കാറു വന്നു. കയറി ഇരുന്നു, ഒരു മണിക്കൂറിനുള്ളിൽ വിമാനത്താവളം തെളിഞ്ഞു വന്നു. പതിവു നോട്ടങ്ങൾ, ചോദ്യങ്ങൾ... എല്ലാം കഴിഞ്ഞ് ഡിപ്പാർച്ചർ ലോഞ്ചിലിരിക്കുമ്പോൾ വീട്ടിലേക്കു വിളിച്ചു, ഉമ്മ പറഞ്ഞു, ഇവിടെ പുതിയൊരു ചർമരോഗ വിദഗ്ധനുണ്ട്. അയാളെ കാണിച്ചു. പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞു, മുറിവുകൾ പെട്ടെന്നുണങ്ങും, പാടുകൾ മൂന്നു മാസത്തെ മരുന്നുകൊണ്ടും. അവൾക്കിപ്പോൾ നല്ല സമാധാനമുണ്ട്. നീ ബേജാറാകരുത്. എന്നിട്ടും സമാധാനമുണ്ടായില്ല.

വിമാനത്തിലിരിക്കുമ്പോൾ എന്തു കൊണ്ടോ എനിക്കു കരച്ചിൽ വന്നു. തൊട്ടടുത്ത സീറ്റിലിരിക്കുന്നയാൾ 'എന്തു പറ്റി, കണ്ണുനിറയുന്നുണ്ടല്ലോ' എന്ന് ചോദിച്ചു. 'പോകുന്നതിന്റെ വിഷമം, ഇല്ലേ എനിക്കുമൊക്കെ ഉണ്ടായിരുന്നു ആദ്യം, പിന്നെ ശീലമാക്കുക തന്നെ, നമുക്ക് വേറെ വഴിയില്ല, ങള് വിഷമിക്കാണ്ടിരിക്കിൻ'.

പക്ഷെ എന്തായിട്ടും ആ വിഷമം മാഞ്ഞു പോയില്ല. അയാൾ പറഞ്ഞു, 'ഇന്നലെയാണ് എന്റെ വാപ്പ മരിച്ചത്, കണ്ണോക്കിനു പോലും നിൽക്കാതെയാണ് ഞാൻ മടങ്ങുന്നത്. '

ഗൾഫുകാരന്റെ കാര്യങ്ങൾ അങ്ങിനെയൊക്കെയാണ്. മൂന്നു വർഷം കഴിഞ്ഞ് വന്നതാണ്, ആറു മാസത്തെ ലീവിന്. നീട്ടാൻ ഒരു വഴിയുമില്ല. റീ എൻട്രി നാളെ തീരും. പിന്നെ വിസ പോകും. കൂടപ്പിറപ്പുകൾ പറഞ്ഞു പോയ്‌ക്കോളാൻ, മൂത്തവൾക്ക് ആലോചനകളൊക്കെ വരുന്ന സമയവുമാണ്, പോകാതെ മറ്റു വഴിയില്ല.

അയാൾ പറഞ്ഞു, ഇന്നലെയാണ് എന്റെ വാപ്പ മരിച്ചത്, കണ്ണോക്കിനു പോലും നിൽക്കാതെയാണ് ഞാൻ മടങ്ങുന്നത്.

ഇതൊക്കെ നമുക്ക് പറഞ്ഞ കാര്യമാണ്, അതിനാൽ ങള് എടങ്ങാറാകാതെ നോക്കീന്ന്. അയാൾ എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. അയാളെ ഞാനും സമാധാനിപ്പിക്കേണ്ടതല്ലേ എന്ന് ആദ്യം തോന്നിയിരുന്നു, പക്ഷെ അൽപ സമയത്തിനുള്ളിൽ അക്കാര്യം മറന്നുപോയി.

റിയാദിൽ രണ്ടു മണിക്കൂർ നിർത്തുന്ന വിമാനത്തിലായിരുന്നു യാത്ര. അവിടെ നിന്ന് ജിദ്ദയിലേക്കുപോകും. റിയാദിൽ നിർത്തിയപ്പോൾ മൊബൈൽ ഓണാക്കി. മുറിയിലുള്ളവരെ അപകട വാർത്ത അറിയിച്ചു. ബീഫില്ലാത്ത വരവാണ്, ക്ഷമിക്കണമെന്ന് പറഞ്ഞു.

ഏയ് ഇതെന്തു വർത്താനം, കേട്ടിട്ട് തന്നെ പേടിയാകുന്നു, കുക്കർ പൊട്ടിത്തെറിച്ചാൽ എന്തും സംഭവിക്കാം, ഇതിൽ അവസാനിച്ചുവെന്ന് സമാധാനിക്കാം. അവരെല്ലാവരും എന്നെ സമാധാനിപ്പിച്ചു. ജിദ്ദ ജീവിതത്തിൽ ആദ്യമായി ബീഫ് പൊതികളില്ലാതെ വരികയാണ്, മുംബൈ വഴി ഹബ്ബ് ആന്റ് സ്‌പോക്ക് സർവീസിൽ പോയിരുന്ന കാലത്തു പോലും ഈ പൊതികൾ കൊണ്ടു പോകുന്നത് മുടക്കിയിരുന്നില്ല.

എയർപോർട്ടിൽ ലഗേജുകൾ പരിശോധിക്കുന്ന സൗദി ഓഫീസർമാർ പറയും, പാസ്‌പോർട്ടില്ലെങ്കിലും മലബാരികളുടെ കയ്യിൽ ഇറച്ചിപ്പൊതികൾ തീർച്ചയായും ഉണ്ടാകുമെന്ന്. ജംബോ വിമാനങ്ങളുടെ ലഗേജിൽ വരുന്നത് ഏതാണ്ട് രണ്ടു ഉരുക്കളുടെ ഇറച്ചിയായിരിക്കും.

എങ്ങിനെയാണ് ഈ രീതി വന്നത്, എന്നു മുതൽ ഇതുണ്ട്, ഇനിയും എത്ര കാലം തുടരും ഇതൊന്നും ആരും ഗവേഷണം ചെയ്തു കണ്ടു പിടിച്ചിട്ടില്ല, പക്ഷെ മലബാറിയുടെ ലഗേജിലുള്ള ഇറച്ചിപ്പൊതികൾ പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രശസ്തമായിരുന്നു.

മുറിയിലെത്തി. എല്ലാവരും എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് എമർജൻസി ലീവിൽ നാട്ടിൽ പോകാമല്ലോ എന്നുപദേശിച്ചു. എല്ലാം വേഗം ഭേദമാകുമെന്ന് പറഞ്ഞു. ഡോക്ടറുടെ നൈപുണ്യത്തെക്കുറിച്ച് വരെ അവർ നാട്ടിൽ അന്വേഷിച്ച് വിവരങ്ങൾ തന്നു. 'അയാൾ വളരെ മിടുക്കനായ ഡോക്ടറാണ്, പൊള്ളൽ ഭേദമാക്കാൻ അയാളെപ്പോലെ മറ്റൊരാൾ ഇപ്പോൾ നമ്മുടെ ചുറ്റുവട്ടത്തൊന്നുമില്ലെന്നാണ് പറയുന്നത്, പാടുപോലും ഉണ്ടാകില്ല, ഉറപ്പ്'; മുറിയിലുള്ളവർ മാറി മാറി എന്നെ ആശ്വസിപ്പിച്ചു.

ബീഫില്ലെങ്കിലും ബേക്കറി സാധനങ്ങളുണ്ട് ഞാനവരോട് പറഞ്ഞു. പെട്ടി അഴിച്ചോളൂ. അത് അഴിച്ച് സാധനങ്ങൾ മേശപ്പുറത്ത് വെച്ചു. അതിനിടയിൽ ബഷീറാണെന്ന് തോന്നുന്നു പറഞ്ഞത്, അല്ല ഭായ് ഇതിൽ ബീഫുണ്ടല്ലോ. ബീഫോ, അതെങ്ങിനെ ശ്രീകാന്തും തോമസും ആവർത്തിച്ചു, 'ഉണ്ട്, ഇതാ, ഇത് ബീഫല്ലാതെ മറ്റെന്ത് പതിവ് അളവിലില്ല എന്നേ ഉള്ളൂ, പക്ഷെ സംഗതിയുണ്ട്. ഉണ്ടെന്നേ സത്യം'

അവർ ബീഫ് പൊതി എടുത്ത് ഉയർത്തിക്കാണിച്ചു. ഇതെങ്ങിനെ സംഭവിച്ചുവെന്നറിയാത്ത അന്ധാളിപ്പ് എന്നെ പിടികൂടി.

ഞാനവളെ വിളിച്ചു. നാട്ടിൽ നട്ടപ്പാതിര കഴിഞ്ഞിരിക്കും. വേദനിക്കുന്നുണ്ടോ, പൊള്ളൽ കുറയുന്നുണ്ടോ, കുഴപ്പമൊന്നുമില്ല എന്ന് പ്രതികരണം, ബേജാറാകേണ്ട, അതൊക്കെ ശരിയാകും, 'നിങ്ങൾ റൂമിലെത്തിയോ?' എത്തി, അതല്ല ബീഫ് എങ്ങിനെ പെട്ടിയിൽ വന്നു? പൊട്ടിത്തെറിക്കു ശേഷം ബാക്കിയായത്. ഞാനത് പൊതിഞ്ഞെടുത്ത് വെച്ചതാണ്, ബീഫല്ലേ ജിദ്ദയിലേയും മലപ്പുറത്തേയും പാസ്‌പോർട്ട്, ഉള്ളത് വെച്ചതാണ്, എല്ലാ കുറിയിലുമുള്ള കാര്യമല്ലേ. സഹമുറിയൻമാർ കുബ്ബൂസും ബീഫും തിന്നാൻ തുടങ്ങിയിരുന്നു.

ഓരോ അടുക്കളകളിൽ നിന്ന്, നേർച്ചപ്പറമ്പുകളിൽ നിന്ന്, വിമാനത്തിന്റെ ലഗേജ് അറകളിൽ അങ്ങിനെ ഞങ്ങളുടെ ബീഫിസ്ഥാൻ വളർന്നു കൊണ്ടേയിരുന്നു. മതവും ജാതിയുമില്ലാതെ അത് തിന്നാൻ പഠിപ്പിച്ച സർവകലാശാല മലപ്പുറത്തെ നേർച്ചപ്പറമ്പുകൾ തന്നെയായിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിക്കുക, എല്ലാവർക്കുമൊപ്പം ഭക്ഷണം പങ്കിടുക എന്നതായിരുന്നു നേർച്ചകൾ പറഞ്ഞു തന്നത്. ശുഹദാക്കളൊക്കെ പിന്നെയേ വരുന്നുള്ളൂ.

പക്ഷെ, ഇതിനെല്ലാം എത്രയോ വർഷങ്ങൾക്കു മുമ്പ് ഇറച്ചിപ്പൊതികൾ അപ്രത്യക്ഷമാകുന്ന ഒരു വീടുണ്ടായിരുന്നു. ഞാനവിടെ കുറച്ചുനാൾ പാർത്തു നോക്കുകയും ചെയ്തിരുന്നു.

(തുടരും)


Comments