കോട്ടക്കുന്നിന്റെ ചെരിവുകളിൽ കാണുന്നത് ജാലിയൻവാലാബാഗുകളാണ്

മലപ്പുറത്തെ മാപ്പിളമാരുടെ പോരാട്ടവീര്യത്തിന്റെ ചരിത്രം പറയുകയാണ് മലപ്പുറത്തിന്റെ ആത്മകഥയായ ബീഫിസ്ഥാന്റെ മൂന്നാം ഭാഗത്തിൽ. ആനക്കൊലപാതകം വെറുതെ മലപ്പുറത്തെത്തിയതാണെന്ന് കരുതേണ്ടെന്നും അത് കൃത്യമായ പദ്ധതിയുടെ ഭാഗമായിത്തന്നെയുള്ളതാണെന്നും അതിന്റെ ജനിതകം വീര സവർക്കരുടേതാണെന്നും മുസഫർ അഹ്മദ് വിശദീകരിക്കുന്നു. മാപ്പിള വിപ്ലവത്തിന്റെ ചരിത്രം മലപ്പുറത്തുകാർ ജീവിച്ചനുഭവിക്കുന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ നിന്ന് ഏറെ വ്യത്യസ്തമായാണ്.

ജീദ് എന്നെ കൈലാസത്തിന്റെ ഉയരത്തിൽ കൊണ്ടു പോയി, ഇതാ സായിപ്പിന്റെ ഖബർ എന്നു പറഞ്ഞ് ചൂണ്ടിക്കാട്ടി തന്നു. അത് പള്ളിപ്പറമ്പിൽ കണ്ട ഖബറുകളുടെ രൂപത്തിലായിരുന്നില്ല. ഇതെന്താ ഈ ഖബറ് ഇങ്ങിനെ? എടാ, ഇത് മാപ്പിള ഖബറല്ലല്ലോ, സായിപ്പിന്റെയല്ലേ, അത് ഇങ്ങിനെത്തന്നെയാണ്. ഹിയർ ലൈ ദ റിമൈൻസ് ഓഫ് എൻസൺ വൈസ് എന്നെഴുതിവെച്ചത് വായിക്കാൻ അന്ന് പറ്റിയിരുന്നില്ല. സംഗതി എന്താണെന്നറിയാൻ ആ വാചകം പോക്കറ്റിലുണ്ടായിരുന്ന കടലാസിൽ പകർത്തി എഴുതിയെടുത്ത് വീട്ടിൽ കൊണ്ടു വന്ന് ഉപ്പയെ കാണിച്ചു. മരിച്ച എൻസൺ വൈസ് എന്നയാളെ അവിടെയാണ് അടക്കിയിരിക്കുന്നത് എന്നാണതിനർഥം. ഉപ്പ പറഞ്ഞു തന്നു. പക്ഷെ ആരാണീ എൻസൺ വൈസ്. അന്നത് പലരോടും ചോദിച്ചു. സ്‌കൂളിലെ ചരിത്രവും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകർക്കൊന്നും അതിനെക്കുറിച്ച് വിശദീകരിച്ചു തരാൻ കഴിഞ്ഞില്ല. പക്ഷെ മരിച്ച ഒരാളുടെ, അതും സായിപ്പിന്റെ ശവകുടീരം എന്നത് എന്തുകൊണ്ടോ മനസ്സിൽ നിന്നും മായാതെ നിന്ന ഒരു കാഴ്ചയായി. കുറേക്കാലങ്ങൾക്കു ശേഷമാണ് 1849 ആഗസ്റ്റ് 27ന് മാപ്പിളപ്പോരാളികൾ കൊലപ്പെടുത്തിയതാണ് എൻസൺ വൈസിനെയെന്ന് മനസ്സിലായത്. കർഷകരിൽ നിന്നും കൊടിയ നികുതി പിരിക്കാൻ ബ്രിട്ടീഷ് സർക്കാർ നടത്തിയ നീക്കത്തെ മലപ്പുറത്തുകാർ നേരിട്ടു. അത് മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലായി. മഞ്ചേരി യുദ്ധം എന്നു വിളിക്കപ്പെട്ട ഈ സംഭവത്തിൽ 61 മാപ്പിളമാർ മരിച്ചു.

മഞ്ചേരി ബോയ്‌സ് ഹൈസ്കൂളിൽ എൻസൺ വൈസിന്റെ ശവകുടീരം / ഫോട്ടോ-മുഹമ്മദ് സാജിദ്

പ്രത്യാക്രമണത്തിലാണ് എൻസൺ വൈസ് കൊല്ലപ്പെട്ടത്. സ്‌കൂളിലും കോളേജിലും പഠിച്ച ചരിത്ര പുസ്തകങ്ങളിൽ ഈ കാര്യങ്ങളൊന്നും ആരും ഞങ്ങളെ പഠിപ്പിച്ചില്ല. പിൽക്കാലത്ത് മലബാർ കലാപം (മാപ്പിള ലഹള) എന്നു വിളിക്കപ്പെട്ട 1921ലെ കലാപത്തിനും 71 വർഷം മുമ്പാണ് എൻസൺ വൈസ് കൊല്ലപ്പെടുന്നത്. അങ്ങിനെയാണ് മലപ്പുറത്തിന്റെ ചരിത്രം ഖബറുകളിൽ നിന്നാണ് പഠിച്ചു തുടങ്ങേണ്ടതെന്ന് മനസ്സിലാകുന്നത്. കിണറുകളിൽ കൂട്ടത്തോടെ സംസ്‌ക്കരിച്ച മയ്യിത്തുകൾ, വീടുകൾക്കുള്ളിൽ അടക്കം ചെയ്യപ്പെട്ടവർ, ഇന്നത്തെ മലപ്പുറം-കോഴിക്കോട് ഹൈവേയിലെ പിലാക്കലിൽ റോഡിനോടു ചേർന്നുള്ള കൂട്ടക്കുഴിമാടത്തിൽ ഉറങ്ങുന്നവർ (പിലാക്കലിൽ അഞ്ചു സ്ഥലങ്ങളിലായി 400 പേരെയാണ് കൂട്ടക്കുഴിമാടങ്ങളിൽ അടക്കിയത്), മലപ്പുറത്തിന്റെ ചരിത്രം വായിച്ചു തുടങ്ങേണ്ട യഥാർഥ ഇടങ്ങൾ ഇതാണ്.

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ രേഖകളിൽ മൂന്നു വിഭാഗങ്ങളെയാണ് ഫെറോഷ്യസ് എന്നു വിളിച്ചിട്ടുള്ളത്. നാഗകളെ, സന്താളുകളെ, മലപ്പുറം മാപ്പിളമാരെ.

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ രേഖകളിൽ മൂന്നു വിഭാഗങ്ങളെയാണ് ഫെറോഷ്യസ് എന്നു വിളിച്ചിട്ടുള്ളത്. നാഗകളെ, സന്താളുകളെ, മലപ്പുറം മാപ്പിളമാരെ. മലബാർ വിപ്ലവത്തെത്തുടർന്ന് ബ്രിട്ടീഷുകാർക്ക് തങ്ങളുടെ അധികാരം നഷ്ടപ്പെട്ട് ഏതാണ്ട് ഒരു മാസത്തോളം മലപ്പുറത്തു നിന്നും വിട്ടു നിൽക്കേണ്ടി വന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അത്തരത്തിലൊരു സന്ദർഭം മറ്റൊന്നുണ്ടാകാൻ വഴിയില്ല. നാഗകളും സന്താളുകളും ചെറുത്തു നിന്നെങ്കിലും ബ്രിട്ടീഷുകാരെ ഇതേ പോലെ, ഒരു ചെറിയ കാലയളവിലേക്കാണെങ്കിലും സ്ഥാനഭ്രഷ്ടരാക്കി തുരത്താൻ കഴിഞ്ഞിട്ടില്ല. അന്തമാനിൽ ജപ്പാൻ അധിനിവേശത്തിന് ബ്രിട്ടീഷുകാരെ ഒരു വർഷത്തിലേറെ തുരത്താൻ കഴിഞ്ഞു. അത് രണ്ട് അധിനിവേശ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ്. പക്ഷെ മലപ്പുറത്ത് അതല്ല നടന്നത്, അക്ഷരാർഥത്തിൽ വിതറിങ് എവേ ഓഫ് ദ ബ്രിട്ടീഷ് സ്റ്റേറ്റ് (എംപയർ) തന്നെയായിരുന്നു. 1836-1921 വരെയുള്ള കാലങ്ങളിൽ ചെറുതും വലുതുമായ നിരവധി കലാപങ്ങൾ മലപ്പുറത്തു നടന്നു. അതെല്ലാം ബ്രിട്ടീഷ് സാമാജ്യത്വത്തിനെതിരായിരുന്നു.

ആലിമുസിലിയാർ

മലബാർ വിപ്ലവത്തിന്റെ യഥാർഥ നായകർ ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു എന്ന കാര്യത്തിൽ ചരിത്രകാരൻമാർക്ക് ഇന്ന് ഏക സ്വരമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സയ്യിദ് ഫദലിനെ നാടുകടത്തിയ സംഭവത്തോടെയാണ് ബ്രിട്ടീഷുകാരെ നേരിടേണ്ടി വരുക തന്നെ ചെയ്യുമെന്ന ആശയത്തിൽ മലപ്പുറത്തെ പോരാളികൾ എത്തിച്ചേർന്നത്. ഒറ്റക്കുള്ള ശ്രമങ്ങളിൽ നിന്ന് കൂട്ടായ, യോജിച്ച വിപ്ലവത്തിലേക്ക് പതുക്കെ പതുക്കെ അവർ എത്തിച്ചേരുന്നതും അങ്ങിനെയാണ്. എം.പി. നാരായണമേനോനെപ്പോലൊരു നേതാവ് ഇവർക്കൊപ്പം നില കൊള്ളുന്നതും കാണാം.

കുട്ടിക്കാലം മുതൽ തറവാട്ടിൽ മലബാർ വിപ്ലവ കഥകൾ കേൾക്കാമായിരുന്നു. അതിനുള്ള പ്രധാന കാരണം രണ്ടു വല്ല്യാപ്പമാരും (വാപ്പയുടെ വാപ്പയും ഉമ്മയുടെ വാപ്പയും) മലബാർ വിപ്ലവത്തിൽ പങ്കെടുത്ത് 18 മാസം വീതം ബല്ലാരി ജയിലിൽ അടക്കപ്പെട്ടവരായിരുന്നു എന്നതാണ്. വാപ്പയുടെ വാപ്പ വെള്ളാഞ്ചോല കുഞ്ഞിമുഹമ്മദ് വാപ്പാക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. ഉമ്മയുടെ വാപ്പ പച്ചീരി ഇപ്പു എനിക്ക് 28 വയസ്സുള്ളപ്പോഴാണ് മരിച്ചത്. പക്ഷെ അദ്ദേഹം വിപ്ലവകാലത്തെക്കുറിച്ച് സംസാരിക്കുന്നതിൽ വിമുഖനായിരുന്നു. പറയാനുള്ളതെല്ലാം വേദനയുടെ കഥകളാണ്, കുട്ടികളതൊന്നും കേൾക്കേണ്ട എന്നാണു പറയുക. വാപ്പയുടെ വാപ്പ പെരിന്തൽമണ്ണയിലെ കോൺഗ്രസ് ഖിലാഫത്ത് കമ്മറ്റിയിലെ പ്രധാന നേതാവായിരുന്നു. പറമ്പാട്ട് അച്യുത മേനോൻ, വെള്ളാഞ്ചോല കുഞ്ഞഹമ്മദ്, കല്ലിങ്ങൽ കമ്മു എന്നിവരായിരുന്നു നേതാക്കൻമാരെന്ന് ബ്രിട്ടീഷ് രേഖകളിലുണ്ട്. ഖിലാഫത്ത് കമ്മിറ്റികൾ സ്വയംഭരണ പ്രഖ്യാപനവും അതിനായുള്ള പ്രവർത്തനങ്ങളുമാണ് നടത്തിയിരുന്നത്.

മാപ്പിള പ്രക്ഷോഭം രേഖകൾ കവർ

മലബാർ വിപ്ലവത്തിന്റെ ജനകീയ നേതാവ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഈ ആശയത്തിലാണ് ഊന്നിയിരുന്നത്. ആലി മുസ്‌ലിയാരും ഇതേ ആശയക്കാരൻ തന്നെ. പക്ഷെ അദ്ദേഹം സമാധാനത്തിന്റെ വഴിക്ക് പ്രാധാന്യം നൽകണമെന്ന് വാദിച്ചു. വാഗൺ ട്രാജഡി പോലെ അതിമാരകമായ മാനുഷിക പീഡനം നടക്കുന്നത് വിപ്ലവ കാലത്താണ്(സത്യത്തിൽവാഗൺ ട്രാജഡി വാഗൺ മാസക്കർ ആയിരുന്നു. മലപ്പുറത്തെ ചരിത്രത്തെയെല്ലാം ഇത്തരത്തിൽ രണ്ടാം തരം പ്രയോഗത്തിലൂടെയാണ് അവതരിപ്പിക്കാറ്. മലബാർ വിപ്ലവം ചരിത്രത്തിൽ വെറും മാപ്പിള ലഹള മാത്രം. വാഗൺകൂട്ടക്കൊലയിലെ മനുഷ്യരാണ് ഞങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞു നിലവിളിക്കാൻ ശ്രമിച്ചത്. പക്ഷെ അവരുടെ ആ സ്വരം പുറത്തു കേട്ടതുപോലുമില്ല. മലപ്പുറത്തുകാരുടെ ശബ്ദം ഇങ്ങിനെ പുറത്തു കേൾക്കാത്തതായി. ഒരു നൂറ്റാണ്ടിനു ശേഷം മാറിയ ലോകത്ത് ഒരു കറുത്ത വർഗക്കാരന്റെ "ഐ കനോട്ട് ബ്രീത്ത്' എന്ന സ്വരം ലോകത്തിന് കേൾക്കാനെങ്കിലും കഴിയുന്നു).

എന്തുകൊണ്ടാണ് കുമാരനാശാൻ മലപ്പുറം മാപ്പിളയെ ക്രൂരമുഹമ്മദീയൻ എന്നു വിളിച്ചത്? ആ വിളിയിൽ നിന്നും മലപ്പുറം മാപ്പിളക്ക് മോചനം കിട്ടാത്തത് എന്തു കൊണ്ടാണ്? കുമാരനാശാൻ മുതൽ മേനകാ ഗാന്ധി വരെ മലപ്പുറം മാപ്പിളയെ ക്രൂരമുഹമ്മദീയരാക്കുന്നതിന്റെ യുക്തി എന്താണ്?

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അത്തരമൊരു സംഭവം വേറെ ഉണ്ടാകണമെന്നില്ല. വിപ്ലവത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കണക്കുകൾ പലതാണ്. കൃത്യമായ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടുണ്ടോ എന്നു സംശയമാണ്. മലപ്പുറത്തെ മിക്ക വീടുകളിലും മാപ്പിള വിപ്ലവത്തിന്റെ കഥകൾ ഇന്നും വന്നു തൊട്ടു പോകും. തോമസ് ടി.എസ്.ഹിച്ച്‌കോക്ക് എന്ന കുപ്രസിദ്ധ ബ്രിട്ടീഷ് പോലീസ് ഓഫീസർ പറഞ്ഞു: "ഇതിനെ മാപ്പിള ലഹള എന്നു വിളിക്കാനാവില്ല. കാരണം ഇതിൽ പങ്കെടുക്കാത്ത മാപ്പിളമാരാണ് മലപ്പുറത്ത് ഭൂരിപക്ഷം. എന്നു മാത്രമല്ല, ഇതിൽ ഹിന്ദുക്കളും വ്യാപകമായി പങ്കെടുത്തിട്ടുണ്ട്. അതിനാൽ ഇതിനെ മാപ്പിള ലഹള എന്നു വിളിക്കാനാവില്ല'.ഹിച്ച് കോക്കിന് മാപ്പിള പോരാളികളെ അംഗീകരിക്കാൻ ഒരു നിലക്കും സാധ്യമല്ലായിരുന്നുവെന്നതിന്റെ വിളംബരമാണ് ഈ അഭിപ്രായ പ്രകടനം.

പക്ഷെ, മലബാർ വിപ്ലവം പിൽക്കാലത്തേക്കു വേണ്ടി അവശേഷിപ്പിച്ചത് എന്താണ്? നിർബന്ധിതമായ മതംമാറ്റം, കൊള്ള, ഹിന്ദു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ, ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുള്ള പാളിപ്പോയ ശ്രമം.

മലബാർ റെബലിയൻ-കവർ

അങ്ങിനെയൊരു നരേറ്റീവ് മാത്രം ബാക്കിയായി. വൻ ജനക്കൂട്ടം പങ്കെടുത്ത വിപ്ലവത്തിൽ ഒറ്റപ്പെട്ട വാൻഡലിസത്തിന്റെ അംശങ്ങൾ ഉണ്ടായിട്ടുണ്ട്. ഇല്ല എന്നു പറയാൻ കഴിയില്ല. പ്രക്ഷോഭ ശരീരത്തിൽ നിന്നും വാൻഡലിസത്തിന്റെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് വലുതാക്കി അവതരിപ്പിക്കാനും അതിന്റെ തന്നെ പല തരത്തിലുള്ള നരേറ്റീവുകൾ നിർമ്മിക്കാനും ചില കേന്ദ്രങ്ങൾക്കു കഴിഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്തു ജീവനോടെ ബാക്കിയായവർ അതു നോക്കി നിന്നു. അവർക്ക് നെഞ്ചുകീറി നേരിനെ കാട്ടാനുള്ള വഴികൾ അറിയുമായിരുന്നില്ല.

മാപ്പിളമാർ ഇടക്കാലത്തേക്കാണെങ്കിലും ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച കഥ പാടെ വിസ്മരിക്കപ്പെട്ടു. മലബാർ വിപ്ലവം മായ്ക്കാനാകാത്ത മുറിവുകൾ ഉണ്ടാക്കിയെന്നും അതു തലമുറകളിലൂടെ കടന്നു വരികയാണെന്നും അതിനാൽ ആ കലാപത്തെ ആഘോഷിക്കുന്നത് ഒട്ടും ഗുണകരമായിരിക്കില്ലെന്നും മലബാർ വിപ്ലവത്തിന്റെ ചരിത്രകാരൻ എന്ന നിലയിൽ തന്നെ അറിയപ്പെട്ട ഡോ. എം.ഗംഗാധരൻ അഭിപ്രായപ്പെട്ടതിന്റെ യഥാർഥ കാരണങ്ങൾ എന്താണ്? അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധം മലബാർ റെബലിയൻ 1921-22ൽ (1989ൽ അലഹബാദിലെ വോറ പബ്ലിക്കേഷൻസ് പ്രസാധനം) പറഞ്ഞ കാര്യങ്ങൾ വായിച്ചാണ് മലപ്പുറത്തിന്റെ ചരിത്രം ആദ്യമായി ആധികാരികമായി പൊതുസമൂഹം കുറച്ചെങ്കിലും അറിയാൻ തുടങ്ങുന്നത്. മലബാർ വിപ്ലവം എന്തു കൊണ്ട് കൊള്ളയുടേയും കൊലയുടേയും നിർബന്ധിത മതപരിവർത്തനത്തിന്റേയും കഥ മാത്രമായി മാറി? ബ്രിട്ടനെതിരെയുള്ള മാപ്പിള സമരം എങ്ങിനെയാണ് പൂർണ്ണമായും മാഞ്ഞു പോയത്? എന്തുകൊണ്ടാണ് കുമാരനാശാൻ മലപ്പുറം മാപ്പിളയെ ക്രൂരമുഹമ്മദീയൻ എന്നു വിളിച്ചത്? ആ വിളിയിൽ നിന്നും മലപ്പുറം മാപ്പിളക്ക് മോചനം കിട്ടാത്തത് എന്തു കൊണ്ടാണ്? കുമാരനാശാൻ മുതൽ മനേകാ ഗാന്ധി വരെ മലപ്പുറം മാപ്പിളയെ ക്രൂരമുഹമ്മദീയരാക്കുന്നതിന്റെ യുക്തി എന്താണ്? അടുത്ത വർഷം മലബാർ (മലപ്പുറം) വിപ്ലവത്തിന് നൂറു വയസ്സാവുകയാണ്. തീർച്ചയായും ആ സമയത്ത് ഈ വിപ്ലവകാലം വീണ്ടും ചർച്ചകളിലേക്ക് വരും എന്നതിൽ സംശയമില്ല.

ആംഗ്ലോ മാപ്പിള യുദ്ധം-കവർ

വളരെച്ചുരുങ്ങിയകാലത്ത്, കഷ്ടി ഒരു മാസത്തേക്ക് ബ്രിട്ടീഷുകാരിൽ നിന്നും അധികാരം തിരിച്ചു വാങ്ങി സ്വയം ഭരണത്തിന്റെ കൊടി പാറിച്ച മലപ്പുറത്തുകാർ ഇവ്വിധം അപരവൽക്കരിക്കപ്പെട്ടത് എന്തിനാലാണ്? കലാപ കാലത്ത് മോശമായ ചില സംഗതികൾ ഉണ്ടായിട്ടില്ലെന്ന് പറയാൻ കഴിയില്ല. പക്ഷെ അതുമാത്രമായി, ലോക ചരിത്രത്തിൽ സമാനതകൾ അധികമില്ലാത്ത ഒരു വിപ്ലവവും അതിൽ പങ്കെടുത്തവരും അവരുടെ പിൻഗാമികളും എങ്ങിനെ ഇവ്വിധം ഒരു നൂറ്റാണ്ടുകാലമായി "ദേശീയതാ ഹിംസ'യുടെ ഭാഗമായി തുടരുന്നു. മലബാർ കലാപം, മാപ്പിള ലഹള, ആംഗ്ലോ മാപ്പിള യുദ്ധം (എ.കെ.കോടൂർ എന്ന ഗ്രന്ഥകാരൻ വിളിച്ച പേര്), മാപ്പിള പ്രക്ഷോഭം എന്നിങ്ങനെ വിവിധ പേരുകളിൽ ഈ വിപ്ലവം വിളിക്കപ്പെട്ടു. സത്യത്തിൽ അതിനെ വിപ്ലവം എന്നാരും വിളിച്ചില്ല. ലഹളയും കലാപവും യുദ്ധവും അതിന്റെ ജൈവിക ഉള്ളടക്കത്തെ ഉൾക്കൊള്ളുന്നില്ല.

ജ്വൽ ഓഫ് മലബാർ എന്ന ബ്രിട്ടീഷ് നോവൽ

1927ൽ, അതായത് കലാപം കഴിഞ്ഞ് ആറു വർഷത്തിനു ശേഷം ഇറങ്ങിയ നോവലാണ് ഡൊണാൾഡ് സിന്ദർബേ എഴുതിയ "ദി ജ്വൽ ഓഫ് മലബാർ'. നോവലിസ്റ്റ് മലബാർ വിപ്ലവം നേരിൽ കണ്ട ബ്രിട്ടീഷ് പട്ടാളക്കാനായിരുന്നു. 1921ലെ സംഭവങ്ങൾ പ്രമേയമാക്കിയാണ് അദ്ദേഹം ഈ നോവൽ രചിച്ചിട്ടുള്ളത്.

ദി ജ്വൽ ഓഫ് മലബാർ - കവർ

ഒരു പക്ഷെ മലബാർ കലാപത്തെക്കുറിച്ച് എഴുതപ്പെട്ട, അല്ലെങ്കിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഇതായിരിക്കാൻ സാധ്യതയുണ്ട്. 258 പേജുകളുള്ള ഈ നോവൽ (2014ൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇത് പുന: പ്രസിദ്ധീകരിച്ചു) ഒരു ബ്രിട്ടീഷ് സൈനികനും മലപ്പുറത്തെ ഒരു നായർ യുവതിയും തമ്മിലുള്ള പ്രണയ ബന്ധത്തെയാണ് നോവൽ ചിത്രീകരിക്കുന്നത്. മലയാളിയായ ബ്രിട്ടീഷ് സൈനികന്റെ ഭാര്യയായിരുന്ന കമല്യ (കമല എന്നായിരിക്കാം)യാണ് നായിക. ഇവരുടെ ഭർത്താവ് മാപ്പിളമാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. പിന്നീട് ബെന്നി എന്നു വിളിക്കുന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനുമായി യുവതി പ്രണയത്തിലാകുന്നു. (സത്യത്തിൽ അധികാര പ്രയോഗത്തിലൂടെയുള്ള പ്രണയസമ്പാദനമാണതെന്ന് നോവലിസ്റ്റ് അബോധമായി നോവലിൽ പറഞ്ഞു വെക്കുന്നുണ്ട്). അയാളെ മാപ്പിളമാരുടെ തടവിൽ നിന്നുപോലും കമല്യ മോചിപ്പിക്കുന്നുണ്ട്. അവരുടെ ബന്ധത്തെ എതിർക്കുന്നത് ബെന്നിയുടെ മേൽ ഉദ്യോഗസ്ഥരാണ്. വീട്ടുകാരോ ജാതി ഹിന്ദുക്കളോ അല്ല. കമല്യയാകട്ടെ തന്റെ പ്രണയത്തെ ഇങ്ങിനെ ന്യായീകരിക്കുന്നു. "ഞങ്ങളുടെ ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തെ ഞാൻ വെറുക്കുന്നു. മനുഷ്യരെ മറ്റേതോ ജീവിയായി കാണുന്ന രീതിയാണത്. നിങ്ങളുടെ മതത്തിൽ (ക്രിസ്ത്യൻ മതം) ജാതിയില്ല. അതിനാൽ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ മതത്തേയും ഞാൻ സ്‌നേഹിക്കുന്നു'. ഈ യുക്തിയിലാണ് നോവൽ കെട്ടിപ്പടുത്തിരിക്കുന്നത്. നോവലിലെ ഓരോ വരിയിലും പ്രശ്‌നക്കാരും ക്രിമിനലുകളും മാന്യതയില്ലാത്തവരും എന്തിന് മനുഷ്യരല്ലാത്തവർ പോലും മാപ്പിളമാരാണ്. കമല്യയും ബെന്നിയും മാപ്പിളമാരെ മനസ്സിലാക്കുന്നതും വിമർശിക്കുന്നതും ഒരേ സ്വരത്തിലാണെന്നതാണ് രസകരമായി വസ്തുത. ബെന്നിയെ പ്രേമിക്കുന്നു എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ തന്നെ പ്രേമിക്കുന്ന സ്വയം സമർപ്പണമാണെന്നാണ് നോവൽ പറഞ്ഞു സ്ഥാപിച്ചത്.

പുരുഷൻമാർ കൂട്ടത്തോടെ കൊല്ലപ്പെട്ടപ്പോൾ സ്ത്രീകൾ ഖബറുകൾ കുഴിച്ച് തങ്ങളുടെ ആണുങ്ങളെ അടക്കുകയായിരുന്നു.

മലപ്പുറത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ചരിത്രമുള്ള ഹിന്ദു-മുസ്‌ലിം ജൻമിമാരുടെ യുക്തി, ബ്രിട്ടീഷ് രാജ്യത്തോടുള്ള സ്വയം സമർപ്പണം എന്നതായിരുന്നു. ഇതേ സങ്കൽപ്പമാണ് സിന്ദർബേ തന്റെ നോവലിൽ ഒരു പ്രണയ കഥയായി വികസിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർക്കൊപ്പം നിന്ന നിരവധി ഖാൻ ബഹദൂർമാരെ പിൽക്കാലത്ത് മലപ്പുറത്തെ സാധാരണ മാപ്പിളമാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം. സാമുദായിക രാഷ്ട്രീയത്തിന്റെ അടരുകളിലേക്ക് ഖാൻ ബഹദൂർമാരും അവരുടെ പിൻതലമുറക്കാരും കടന്നു വന്നതിനും മലപ്പുറം സാക്ഷ്യം വഹിച്ചിട്ടുണ്ട്. "ദി ജ്വൽ ഓഫ് മലബാർ' ഇന്ന് മലപ്പുറം മാപ്പിളയെ അപരവൽക്കരിക്കുന്നവർ വായിച്ചാൽ അതിൽ ലൗ ജിഹാദിന്റെ ആദ്യ തിരക്കഥ കണ്ടെത്തുമോ എന്നത് കൗതുകകരമായ കാര്യമാണ്. എന്നാൽ ബ്രിട്ടീഷ് പട്ടാളക്കാരനെ പ്രണയിക്കുന്ന കമല്യക്ക് സ്വസമുദായത്തിൽ നിന്നും ഒരു എതിർപ്പുമുണ്ടാകുന്നില്ല. അവരുടെ പ്രണയത്തെ എതിർക്കുന്നത് ബ്രിട്ടീഷ് പട്ടാള മേധാവികളാണ്. അതിനെ നേരിട്ടു തോൽപിക്കാനുള്ള ശ്രമം ബെന്നി നടത്തുന്നുണ്ടെങ്കിലും അയാൾക്കതിൽ വിജയിക്കാൻ കഴിയുന്നില്ല (വിവാഹം സാധുവാക്കാൻ ക്രിസ്ത്യൻ പാതിരിമാരൊന്നും തയ്യാറായില്ല). നോവലിലെ അവസാന വാചകം ഇങ്ങിനെയാണ്."Meanwhile in a lttile convent in an obscure town in the south, Kamalya was starting her life of religion and mercy and self sacrifice'. അങ്ങിനെ ബെന്നിയുമായി ഒത്തു ചേരാനായില്ലെങ്കിലും മലപ്പുറത്തു നിന്നും അകലെ, പുതിയൊരു മതത്തിലേക്ക്, ആത്മബലിയോളം പോന്ന ആത്മീയ വിതാനത്തിലേക്ക് പോകുന്ന നായികയെ അവതരിപ്പിച്ചാണ് നോവൽ അവസാനിക്കുന്നത്.

കാലം,പത്രം,അനുഭവങ്ങൾ-കവർ

ഈ നോവലിൽ പറയുന്ന അതേ കാലത്ത് മലപ്പുറത്തെ മാപ്പിള സ്ത്രീ എങ്ങിനെയാണ് ജീവിച്ചിരുന്നത്? മുതിർന്ന പത്രപ്രവർത്തകൻ പുത്തൂർ മുഹമ്മദ് (1937-2012) തന്റെ ആത്മകഥയുടെ (കാലം, പത്രം അനുഭവങ്ങൾ) ഒന്നാം അധ്യായമായ, ശബ്ദമില്ലാതെ കരഞ്ഞ പെൺകുട്ടി യിൽ തന്റെ ഉമ്മയെക്കുറിച്ച് ഇങ്ങിനെ രേഖപ്പെടുത്തുന്നു: ""അമ്മിനിക്കാടൻ മലയിൽ പടിഞ്ഞാറ് ചേരിയം മുതൽ കിഴക്ക് അരക്കു പറമ്പുവരെ ആറേഴു നാഴിക നീളത്തിൽ വിശാലമായ പ്രദേശത്ത് ഇടതൂർന്ന വനത്തിലെ പാറക്കെട്ടുകളിൽ അവരുടെ സങ്കേതങ്ങൾ.

വലിയങ്ങാടി ജുമാമസ്ജിദിലെ മുക്രിയായിരുന്ന കിഴിശ്ശേരി അയമ്മദാണ് സംഘത്തലവൻ. ലഹളക്കാലത്ത് ഏതാണ്ട് 30 വയസ്സ്. നല്ല പൊക്കവും ഒത്ത വണ്ണവും. ആറു മാസത്തോളം അയാളും സംഘവും പട്ടാളത്തിന് പിടികൊടുക്കാതെ താവളങ്ങളിൽ നിന്നും താവളങ്ങളിലേക്ക് മാറി, കാട്ടിലെ രാജാക്കൻമാരായി വാണു. മുക്രി അയമ്മതിന്റെ ഭാര്യയേയും ഒന്നര വയസ്സുള്ള മകനേയും, പട്ടാളത്തിന്റെ ദ്രോഹത്തിൽ നിന്നും രക്ഷിക്കാൻ കുറേക്കാലം ഒരു താവളത്തിനരികെയുള്ള പാറമടയിൽ പാർപ്പിച്ചിരുന്നു. അയൽപ്പക്കത്തെ ആൺതുണയില്ലാത്ത രണ്ടു സ്ത്രീകളേയും അവരുടെ രണ്ടു വയസ്സുള്ള പേരക്കുട്ടിയേയും അവരോടൊപ്പം താമസിപ്പിച്ചു.

ഇരുട്ടിന്റെ മറപറ്റി, പാറക്കെട്ടുകളുടെ ഓരം ചേർന്ന്, ആയുധമേന്തിയ യുവാക്കളുടെ അകമ്പടിയോടെ മലകയറുമ്പോൾ സ്ത്രീകൾ ആകുന്നത്ര സാധനങ്ങൾ-അരി, ഉപ്പ്, മുളക്, വാഴക്ക, ചേന, ചേമ്പ്, കുമ്പളങ്ങ, ചട്ടി, കലം- എല്ലാം കൂടെ കൊണ്ടുപോയി. അഞ്ചാറു ദിവസം കൊണ്ട് മടങ്ങിപ്പോകാമെന്നാണ് ചെറുപ്പക്കാർ പറഞ്ഞത്. "അപ്പളക്ക് ആ ചെയ്ത്താൻമാരൊക്കെ ഞമ്മള് അരിഞ്ഞു വീഴ്ത്തും'- അവരുടെ വാക്കുകളിൽ വിശ്വാസത്തിന്റെ തീപ്പൊരി പാറി.

കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായിരുന്നു അക്കാലത്ത് അമ്മിനിക്കാടൻ മലയും പരിസരവും. പുലി, കുറുക്കൻ തുടങ്ങിയ വന്യമൃഗങ്ങളും ധാരാളമുണ്ടായിരുന്നു. അതൊന്നും വക വെക്കാതെ ലഹളക്കാരും അവരുടെ സ്വന്തക്കാരും ദിനരാത്രങ്ങൾ തള്ളിനീക്കി.

കുട്ടികളുടെ ചിരിയും കളിയും പാറക്കെട്ടുകളിൽ നിന്ന് മനംമയക്കുന്ന താളത്തിൽ പാൽപ്പത പോലെ അരിച്ചിറങ്ങുന്ന അരുവികളുടെ ഈണവും സന്തോഷം പകർന്ന താവളത്തിൽ, ഏറെ നാൾ കഴിഞ്ഞിട്ടും തിരിച്ചുപോക്കിനെപ്പറ്റി ഒന്നും കേൾക്കാതായപ്പോൾ ഭീതിയുടെ നിഴൽ പരന്നു.

ഒരു ദിവസം രാവിലെ താവളത്തിലെ പെൺകുട്ടി, മ്മ,മ്മ എന്നു വിളിച്ച് വാവിട്ടു കരയാൻ തുടങ്ങി. സ്ത്രീകൾ പേടിച്ചു വിറച്ചു. മൂക്കിലെ ചൂള പോലും പുറത്തുകേൾക്കരുത് എന്നാണ് മുക്രി അയമ്മദിന്റെ കൽപ്പന. എത്ര ശ്രമിച്ചിട്ടും കുട്ടി കരച്ചിൽ നിർത്തുന്നില്ല. "റബ്ബേ, മമ്പുറത്തെ തങ്ങളേ, ഞ്ഞി എന്താ ചെയ്യാ' - സ്ത്രീകൾ തലയിൽ കൈ വെച്ച് മുഖത്തോടു മുഖം നോക്കിയിരിക്കെ മുകളിലെ പാറപ്പുറത്തു നിന്ന് മുക്രി അയമ്മദ് ചാടി എത്തി. കയ്യിൽ ഊരിപ്പിടിച്ച വാൾ.

അയിന്റെ തൊള്ള പൂട്ട്- പല്ലിറുമ്മിക്കൊണ്ടയാൾ അലറി. ഉമ്മമാർക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല. രണ്ടു പേരും കൂടി കുട്ടിയെ കൂട്ടിപ്പിടിച്ച് ആ പെരുത്ത മനുഷ്യന്റെ തീ പാറുന്ന കണ്ണുകളിലേക്ക് ദയനീയമായി നോക്കി.

അയാളുടെ കലി അടങ്ങുന്നില്ല. "ഇങ്ങക്കറീലേ ചെയ്ത്താന്റെ ആളോള് ഇബ്ട്യക്കെ ഒളിച്ചും പാത്തും നടക്ക്വാ. ഒച്ച പുറത്തു കേട്ടാ എല്ലാരെ കതേം കയ്യും'. ആരും ഒന്നും മിണ്ടിയില്ല. അയമ്മദ് പറയുന്നത് നേരാണ്. "തിന്നാനിപ്പം കൊടുത്തയക്കാം. അയിന്റെ തൊള്ള അടക്ക്' എന്ന താക്കീതോടെ അയമ്മദ് പോയി. ഉമ്മാമമാർ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. പിന്നെ അവൾ കരഞ്ഞത് ശബ്ദമില്ലാതെയാണ്: ജീവിത കാലം മുഴുവൻ. ആ കുട്ടിയാണ് എന്റെ ഉമ്മ തിത്തിക്കുട്ടി''"അയ്ന് പയ്ച്ചിട്ടാ മനിസാ. ബടെ ഒരു വസ്തുല്ല '-അയമദിന്റെ ഭാര്യ പറഞ്ഞു.

പുത്തൂർ മുഹമ്മദ് തന്റെ ഉമ്മയെക്കുറിച്ചെഴുതിയ ഈ ജീവിതകഥ മലബാർ വിപ്ലവ സമയത്തെ മുഴുവൻ മാപ്പിള പെൺകുട്ടികളുടേയും സ്ത്രീകളുടേയും യഥാർഥ ജീവിതമാണ്. പുരുഷൻമാർ കൂട്ടത്തോടെ കൊല്ലപ്പെട്ടപ്പോൾ സ്ത്രീകൾ ഖബറുകൾ കുഴിച്ച് തങ്ങളുടെ ആണുങ്ങളെ അടക്കുകയായിരുന്നു. തീർച്ചയായും ആണധികാരത്തിന്റെ കുടുംബവാഴ്ച്ച തന്നെയാണുണ്ടായിരുന്നത്. അവർ അന്നും ഇന്നും ശബ്ദമില്ലാതെ ഉള്ളിൽ കരഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.

ഈ ജീവിത കഥ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നെഞ്ചു കീറി നേരിനെ കാട്ടിയിട്ടുണ്ടെങ്കിലും ആ പെൺജീവിതം മുഖ്യധാരയിൽ ഒരിക്കലും കടന്നു വന്നില്ല. ഡൊണാൾഡ് സിന്ദർബേ പറഞ്ഞതായിരുന്നില്ല മലപ്പുറത്തെ പ്രണയ ജീവിതം, സ്ത്രീ ജീവിതം. മറിച്ച് ആ ചരിത്രം നിശ്ശബ്ദമായി ജീവിതകാലമത്രയും കരഞ്ഞുകൊണ്ടിരുന്ന മാപ്പിള സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. അതംഗീകരിക്കപ്പെടില്ല എന്നതു മറ്റൊരു കാര്യം.

ആനക്കൊലപാതകം വെറുതെ മലപ്പുറത്തെത്തിയതാണെന്ന് കരുതേണ്ട, അത് കൃത്യമായ പദ്ധതിയുടെ ഭാഗമായിത്തന്നെയുള്ളതാണ്. അതിന്റെ ജനിതകം വീര സവർക്കരുടേതാണ്

സിന്ദർബേയുടെ നോവലിൽ കാണുന്ന കൊളോണിയൽ യുക്തിയുടെ (മലപ്പുറം മാപ്പിളയെ അപരവൽക്കരിക്കാനുള്ള ആശയക്കൂട്ട്) കൂടുതൽ വിശദമാക്കലാണ് വിപ്ലവാനന്തരം മലപ്പുറത്തുകാരൻ കേട്ടുകൊണ്ടിരിക്കുന്നത്, സഹിക്കുന്നത്. അതിന്റെ അടരുകൾ പലതാണ്. എല്ലും ഇറച്ചിയും തുളച്ചു പോകുന്ന ഒറ്റപ്പെടുത്തലുകളാണ്. മലബാർ (മലപ്പുറം) വിപ്ലവം ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ അത് കൂടുതൽ വർധിതമാക്കാനുള്ള നീക്കം ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് അന്തമാൻ സെല്ലുലാർ ജയിലിൽ നിന്ന് രക്ഷപ്പെട്ട നേതാവിന്റെ പിൻഗാമികൾ ശക്തമാക്കിയിരിക്കുന്നു. ആനക്കൊലപാതകം വെറുതെ മലപ്പുറത്തെത്തിയതാണെന്ന് കരുതേണ്ട, അത് കൃത്യമായ പദ്ധതിയുടെ ഭാഗമായിത്തന്നെയുള്ളതാണ്. അതിന്റെ ജനിതകം വീര സവർക്കരുടേതാണ്.

അന്തമാൻ തലസ്ഥാനമായ പോർട്ട്‌ബ്ലെയറിൽ സെല്ലുലാർ ജയിലിൽ പോയാൽ കുറേ മനുഷ്യരുടെ ചിത്രങ്ങളും അതിനു താഴെ അവരുടെ പേരുകളും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അരിപ്ര പോക്കർ ഹാജി (മലപ്പുറം, കേരള), ചേലക്കോടൻ അഹമ്മദ് (മലബാർ, കേരള), കൊളമ്പൻ മൊയ്തീൻകുട്ടി (പാലക്കാട്,കേരള), കൊളപ്പറമ്പൻ കുഞ്ഞലവി (മലബാർ, കേരള), കോഴിശ്ശേരി കോയക്കുട്ടി (മലബാർ, കേരള), മച്ചിങ്ങൽ രായിൻ (മലപ്പുറം, കേരള), മാതുങ്ങൽ മരക്കാർ (മലപ്പുറം, കേരള), മാട്ടുങ്ങൽ അഹമ്മദ് കുട്ടി (മലബാർ,കേരള), നെല്ലിപ്പറമ്പൻ അലവി ഹാജി (മലപ്പുറം കേരള), പൂവക്കുണ്ടിൽ അലവി (മലബാർ, കേരള), പൂവക്കുണ്ടിൽ മായിൻ ഹാജി (പാലക്കാട്, കേരള) ഇങ്ങിനെ നിരവധി പേരുകൾ കാണാം. ഇതിൽ മലബാർ എന്നു രേഖപ്പെടുത്തിയവർ കൃത്യമായി എവിടുത്തുകാർ എന്നറിയാത്തവരാണ്. അവരും മിക്കവാറും മലപ്പുറത്തുകാർ തന്നെയായിരിക്കും. അന്തമാനിലെ സെല്ലുലാർ ജയിലിൽ കിടന്നു നരകിച്ച മനുഷ്യരിൽ പ്രധാനികൾ ഇവരായിരുന്നു. ഇവരുടെ ഓരോരുത്തരുടേയും ത്യാഗ ജീവിതത്തിന് എന്തു പ്രസ്‌ക്തി എന്നാണ് ചോദ്യം.

പോർട്ട് ബ്ലെയറിലെ അന്തമാൻ സെല്ലുലാർ ജയിലിൽ പ്രദർശിപ്പിച്ച മാപ്പിള പോരാളികളായ തടവുകാരുടെ ചിത്രങ്ങൾ

ഇന്ന് സെല്ലുലാർ ജയിലിൽ ചെല്ലുമ്പോൾ സവർക്കർ കിടന്ന സെൽ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നതായി കാണാം. അവിടെ വിളക്കു കത്തിച്ചു പൂജയുമുണ്ട്. ഞാനതു കണ്ടിട്ടുണ്ട്. പക്ഷെ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് എഴുതിയ കത്തിലെ വരി ഇതായിരുന്നു: "let me go and I will give up the fight for independence and be loyal to the colonial government'

സവർക്കർ ജയിലിൽ നിന്നും മോചിതനായി ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാനുള്ള അടവായാണ് ഇങ്ങിനെ മാപ്പെഴുതിക്കൊടുത്തതെന്ന്, അതായത് ഒരടവു നയമായിരുന്നു ഇതെന്ന് സവർക്കർ പക്ഷക്കാർ വാദിച്ചു നോക്കി. എന്നാൽ സവർക്കറുടെ ജയിൽ മോചിത ജീവിതത്തിൽ അങ്ങിനെയൊന്നുമുണ്ടായതിന് ഒരു തെളിവുമില്ല. അദ്ദേഹം ബ്രിട്ടീഷുകാർക്ക് ഭിന്നിച്ചു ഭരിക്കാൻ ഹിന്ദുത്വയുടെ ബലിപീഠത്തിലേക്ക് രാജ്യത്തെ നയിക്കുകയായിരുന്നുവെന്നതിന് നിരവധി തെളിവുകൾ ലഭ്യമാണു താനും.

മലബാർ വിപ്ലവത്തെക്കുറിച്ച് നിരവധി ആഖ്യാനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് വിപ്ലവത്തിന്റെ നൂറാം വാർഷികമടുക്കുന്ന വേളയിൽ ഒരാൾക്ക് മലപ്പുറത്തും പരിസരത്തും ബ്രിട്ടീഷുകാർ എങ്ങിനെയാണ് സൈനിക-പോലീസ് നീക്കങ്ങൾ നടത്തിയതെന്നറിയാൻ അവരുടെ തന്നെ രേഖകൾ ലഭ്യമാണ് (ലോഗന്റെ മാന്വലിനെ മാത്രം സമീപിക്കുന്ന രീതിയിൽ മാറ്റം വേണമെന്നർഥം). മാപ്പിള പ്രക്ഷോഭം 1921-1922 ബ്രിട്ടീഷ് രേഖകൾ (വിവർത്തനം: ബൈജുനാദ്, പ്രസാധനം: ദർശനം, വെസ്റ്റ്ഹിൽ, കോഴിക്കോട്). ബ്രിട്ടീഷ് സാമ്രാജ്യത്വം മലപ്പുറത്തുകാരോട് എന്തൊക്കെ ചെയ്തു, മലപ്പുറത്തുകാർ അതിനെ എങ്ങിനെ പ്രതിരോധിച്ചു, തിരിച്ചടിച്ചു എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ ഉതകുന്ന രേഖകളാണ് ഈ പുസ്തകത്തിലെ ഓരോ താളിലും. കാലക്രമമനുസരിച്ചുള്ള ബ്രിട്ടീഷ് രേഖകളുടെ പരിഭാഷയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

'എത്ര വെടികൊണ്ട ദേഹങ്ങളെയാടാ ബ്രിട്ടീഷുകാർ അതിലിട്ടത്. ജീവനോടെയും അല്ലാതെയും. വെടികൊണ്ടവരെ വെട്ടിയരിഞ്ഞ് കാർക്കിച്ചു തുപ്പി അവൻമാർ.'

ഈ രേഖകളിലൂടെ കടന്നു പോകുമ്പോൾ മിനിമം ആയുധങ്ങളുമായി മാപ്പിള പോരാളികൾ ബ്രിട്ടീഷ് സൈന്യത്തോട്, സാമ്രാജ്യത്തോട് എങ്ങിനെ ഏറ്റുമുട്ടി എന്ന് വ്യക്തമാകുന്നു. മതവിശ്വാസം, മരിച്ച മഹാത്മക്കളിലുള്ള വിശ്വാസം എന്നിവയാണ് മാപ്പിളമാരെ നയിക്കുന്ന പ്രധാന വികാരമെന്നും അതിനാൽ ആയുധക്കമ്മി അവരെ ബാധിക്കുന്നില്ലെന്നും ബ്രിട്ടീഷ് സൈനിക രേഖകളിൽ തന്നെ അടയാളപ്പെടുത്തിയത് ഈ പുസ്തകത്തിന്റെ താളുകളിൽ നിന്നും വായിച്ചെടുക്കാം. ഏതാണ്ട് 600 പേജുകളിൽ (വളരെ ചെറിയ പോയിന്റിൽ അച്ചടിച്ച) ശേഖരിച്ചിട്ടുള്ള ഔദ്യോഗിക ബ്രിട്ടീഷ് രേഖകൾ സ്വയം സംസാരിക്കുന്നു. മലപ്പുറത്തിനു നേരെ മലബാർ വിപ്ലവകാലം മുതൽ ഉയരുന്ന ആരോപണങ്ങൾക്കെല്ലാം ഈ പുസ്തകത്തിലെ ഓരോ വാക്കും സാക്ഷി പറയുകയാണ്. ബ്രിട്ടീഷ് പട്ടാളവും പോലീസും മലപ്പുറത്ത് നടത്തിയ തേർവാഴ്ച്ചകൾ അവർക്കു തന്നെ ന്യായീകരിക്കാൻ വയ്യാത്ത തരത്തിലേക്ക് അധ:പതിക്കുന്ന സന്ദർഭങ്ങൾ മാപ്പിള പ്രക്ഷോഭം- ബ്രിട്ടീഷ് രേഖകളിൽ കാണാം. ഗറില്ലകളെ നേരിടാൻ കഴിയാതെ ആടിയുലയുന്ന ബ്രിട്ടീഷ് സാമാജ്ര്യത്വത്തിന്റെ പതറുന്ന ശബ്ദങ്ങൾ ഈ താളുകളിൽ വായിച്ചെടുക്കാം. ഒരു പക്ഷെ, മലബാർ വിപ്ലവകാരികൾ തന്നെ സ്വയം നേരിടാൻ തീരുമാനിച്ച കൊള്ള സംഘങ്ങളെക്കുറിച്ചാണ് ബ്രിട്ടീഷ് രേഖകളിൽ ചിലയിടങ്ങളിലായി പറയുന്നത്. വിപ്ലവകാരികളുണ്ടാക്കുന്ന ലോ ആന്റ് ഓർഡർ പ്രശ്‌നത്തേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ കൊള്ള സംഘങ്ങളുണ്ടാക്കുന്നു എന്നു പോലും ചിലയിടത്ത് ഈ രേഖകളിൽ കാണാം. വിപ്ലകാരികളും ബ്രിട്ടീഷ് സർക്കാരും ഒരേ പോലെ ഇത്തരം കൊള്ള സംഘങ്ങളെ അടിച്ചമർത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷുകാർക്ക് അതിനു സാധിച്ചില്ല, അല്ലെങ്കിൽ വിപ്ലവം പരാജയപ്പെട്ടു കാണാൻ അവരതിനു ഒട്ടും ശ്രമിച്ചില്ല. പക്ഷെ, വിപ്ലകാരികൾ കൊള്ളക്കാരേയും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചരേയും നിർബന്ധ മതപരിവർത്തനം അജണ്ടയാക്കിയവരേയും തങ്ങളാൽ കഴിയുന്ന വിധത്തിൽ നേരിട്ടു. ഖിലാഫത്ത് കോടതിയുടെ ശിക്ഷയും നൽകിയ സന്ദർഭങ്ങൾ മലബാർ വിപ്ലവ ചരിത്രത്തിൽ പലയിടത്തായി കാണാം. എം. ഗംഗാധരന്റെ ഗവേഷണ പ്രബന്ധത്തിൽ ഇത്തരം രംഗങ്ങളുണ്ട്. കെ.എൻ. പണിക്കർ കർഷക വിപ്ലവ സമരമായി ഈ പോരാട്ട ചരിത്രത്തെ കാണുന്നു. എന്നിട്ടും മലബാർ വിപ്ലവത്തിന്, അതിൽ പങ്കെടുത്ത മനുഷ്യർക്കും അവരുടെ പിൻതലമുറക്കും എന്തുകൊണ്ടായിരിക്കാം അപരവൽക്കരണം മാത്രം നേരിടേണ്ടി വന്നത്?

മലബാർ കലാപം- കവർ.

ഒരു ചെറുകഥയിൽ ഇതിനുള്ള മറുപടി അടങ്ങിയതായി തോന്നിയിട്ടുണ്ട്. ജി.ആർ. ഇന്ദുഗോപൻ എഴുതിയ "മലപ്പുറം കോട്ടക്കുന്ന്'എന്ന കഥയിൽ. ഇന്ദുഗോപൻ ആ കഥ എഴുതുന്ന കാലത്ത് മനോരമയുടെ മലപ്പുറം ബ്യൂറോയിൽ ലേഖകനായിരുന്നു. 90 കളിൽ. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നു നോക്കിയാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടി വെച്ചു കൊന്ന കോട്ടക്കുന്നിന്റെ വടക്കേ ചെരിവ് കാണാം. കഥയിലെ ഒരു ഭാഗം ഇങ്ങിനെയാണ്: "ഇപ്പോഴും മഴ പെയ്യുമ്പോൾ കുന്നിന്റെ മുകളിൽ മൈതാനത്ത് നിന്ന് വെള്ളം കുമിഞ്ഞ് താഴേക്കൊഴുകുന്നത് ബ്രിട്ടീഷുകാരന്റെ ഉണ്ട തൊളഞ്ഞ ആ ചെരിവു വഴിയാണ്. കുന്ന് അതിന്റെ വ്രണം കഴുകിക്കളയുകയാണ്. പക്ഷെ ഏതു വശത്തു നിന്നു നോക്കിയാലും ചരിവ് ആ ഭാഗത്തേക്കല്ല. എന്നിട്ടും വെള്ളമൊഴുകുന്നത്... അത്ഭുതം തന്നെ. കുന്നിനൊക്കെ ഹൃദയമുണ്ടോ?... 'നീ കൂടുതൽ കുഴപ്പത്തിലേക്കു നീങ്ങുന്നു'

"താഴെയെത്തുമ്പോൾവെളളത്തിന് ഈയത്തിന്റെ പശപ്പും ചവർപ്പും തിളക്കവുമാണ്. ഈയ ഉണ്ടകളുടെ അവശേഷിപ്പ്... എന്നിട്ട്... എന്നിട്ടിപ്പോൾ ടാ.... എനിക്കു ദേഷ്യം വരുന്നു.

"കുഴപ്പമില്ല'

എന്നിട്ടിപ്പോൾ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യാൻ വന്ന പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കാൻ ഈ കുന്നിലെ മൈതാനത്തെ രണ്ടു കിണറുകൾ കുഴച്ചുമൂടി.ഒരുത്തനും മിണ്ടിയില്ല, അറിയുമോ നിനക്ക്'?.

"ആ പൊട്ടക്കിണറുകളോ'

"ചവിട്ടും ഞാൻ നാറീ' പൊട്ടക്കിണറോടാ. എത്ര വെടികൊണ്ട ദേഹങ്ങളെയാടാ ബ്രിട്ടീഷുകാർ അതിലിട്ടത്. ജീവനോടെയും അല്ലാതെയും. വെടികൊണ്ടവരെ വെട്ടിയരിഞ്ഞ് കാർക്കിച്ചു തുപ്പി അവൻമാർ... ഹോഹോ. തെളിനീരൊഴുകിയിരുന്ന ആ കിണറുകളിൽ വിലായത്ത് സമരക്കാരുടെ ജഡം നിറച്ചു. ചരിത്രം, അതിന്റെ ചത്തുതീരാത്ത അസ്ഥിക്കെട്ട് മണ്ണിനടിയിൽ അനക്കം തീണ്ടാതെ ശ്വസിക്കുന്നുണ്ട്. അതാണ് ഇവിടൊരു പ്രധാനമന്ത്രിക്ക് ഹെലിപ്പാ....ഇവിടുത്തെ ഉദ്യോഗസ്ഥൻമാർ മണ്ണിട്ടുമൂടിയത്'.

"പിന്നല്ലാതെ. ഇന്നിന് പ്രസക്സക്തിയില്ലാത്തതെല്ലാം മണ്ണുമൂടി പോകട്ടെ. ആർക്കു വേണം ചരിത്രം? ഏതു പട്ടിക്കുവേണം. നിലവിൽ... ഇപ്പോൾ എന്തുണ്ട് അതാണു കാര്യം.'

"ശരിയാകില്ല, ഈ വിഷയവും നമുക്കു വിടേണ്ടി വരും'

വേണ്ട. എനിക്കു തുടർന്ന് സംസാരിക്കാൻ വിഷയമൊന്നുമില്ല. നീ തുടര്. അഭിപ്രായ വിത്യാസമുണ്ടെങ്കിലും കേട്ടുകൊണ്ടിരിക്കാം'.

"ടാ ഇപ്പോൾ ഏതാണ്ടൊക്കെ ബോധ്യമാകുന്നുണ്ട്. ഈ കുന്നിന്റെ മുകളിലുണ്ടായിരുന്ന കോട്ടയും മറ്റും ഒരിക്കൽ ടിപ്പുവിന്റെ അധീനതയിലായി. പക്ഷെ ആ ഒരിക്കലിനാണ് പ്രസക്തി. ബ്രിട്ടീഷുകാരൻ പിന്നീടു നടത്തിയ ആയുധ പരിശീലനങ്ങളുണ്ടല്ലോ. ഈ കുന്നിന്റെ നേർക്കുള്ള ഓരോ വെടിയും ടിപ്പുവിനെതിരെയുള്ള അവന്റെ പേടി തീർക്കലുകൂടിയായിരുന്നു. അയാൾ ജീവിച്ചപ്പോഴും തുടർന്ന് മരിച്ചപ്പോഴും....'

മലപ്പുറത്തുകാരുടെ മറുപടികളെല്ലാം കിടക്കുന്നത് കോട്ടക്കുന്നിലാണ്. കോട്ടക്കുന്ന് ശരിക്കും ജാലിയൻവാലാബാഗിനേക്കാൾ പ്രധാനപ്പെട്ട ചരിത്രസ്മാരകമാണ്. കോട്ടക്കുന്നിൽ ഇന്നുള്ളത് ടൂറിസ്റ്റുകൾക്കു വരാനുള്ള പാർക്കാണ്. മലപ്പുറം ടൗൺഹാളോ പൂക്കോട്ടൂരിലെ മലബാർ കലാപ സ്മാരക ഗേറ്റോ ചരിത്ര സ്മാരകങ്ങളല്ല. അതിന്റെ കേന്ദ്രം കോട്ടക്കുന്നാണ്. ഇന്ന് മലപ്പുറം നേരിടുന്ന അപരവൽക്കരണത്തിന് മറുപടി നൽകാൻ കഴിയുക കോട്ടക്കുന്നിൽ ഉയരുന്ന യഥാർഥ ചരിത്ര സ്മാരകത്തിനായിരിക്കും. എന്നാൽ അങ്ങിനെയൊന്നിനെക്കുറിച്ച് ആരും ആലോചിക്കുന്നതായി തോന്നുന്നില്ല. മലപ്പുറത്തെ സാമുദായിക-മത രാഷ്ട്രീയത്തിന് അത്തരമൊരു ഭാവനയിലേക്ക് വളരാനും കഴിയില്ല. ആ പരിമിതിയെ മറികടന്ന് മുന്നോട്ടുവരാൻ ചരിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചറിയുന്നവർക്കു മാത്രമേ കഴിയൂ.

മലപ്പുറം-കോഴിക്കോട് ഹൈവേയിൽ പിലാക്കലിൽ മലബാർ വിപ്ലവാരികളുടെ കൂട്ടക്കുഴിമാടം

ഇന്ദുഗോപന്റെ കഥയിൽ പറയുന്നതു പോലെ ചരിത്രം ആർക്കു വേണം, അതു മണ്ണുമൂടിപ്പോകട്ടെ എന്ന നില മലപ്പുറത്തുണ്ട്. വീരഗാഥകളോ ഹീറോ വർഷിപ്പോ അല്ല ചരിത്ര വസ്തുത അറിയാനും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുമുള്ള വഴി. അങ്ങിനെ ചിന്തിക്കാത്തതിനാൽ മനേകഗാന്ധിക്കു പോലും മലപ്പുറത്തുകാരനെ ഭൽസിക്കാൻ കഴിയുന്നു. അതു തുടരും. അവസാനിക്കാനുള്ള യായാതൊരു സാധ്യതയും കാണുന്നുമില്ല. തീർച്ചയായും അതു തുടർന്നുകൊണ്ടിരിക്കും.

മലബാർ വിപ്ലവത്തെ അടിച്ചമർത്താനുണ്ടാക്കിയ മലബാർ സ്‌പെഷൽ പോലീസിന്റെ (എം.എസ്.പി) വെടിയുണ്ടകൾ തുളഞ്ഞ് നിരവധി മാപ്പിളമാർ മരിച്ചു. പക്ഷെ കാലമിത്ര കഴിഞ്ഞിട്ടും ആ പോലീസ് സേന ഇന്നുമുണ്ട്. അതേ പേരിൽ തന്നെ. മലപ്പുറത്തുകാരൻ എന്ന നിലയിൽ ഞാൻ ഒരിക്കൽ പെട്ടുപോയത് ഒരു നാഗ ഗ്രാമത്തിലാണ്. നാടെവിടെ എന്ന അവരുടെ ചോദ്യത്തിന് മലപ്പുറം എന്നു പറഞ്ഞു. എം.എസ്.പിക്കടുത്താണോ എന്ന് അടുത്ത ചോദ്യം. കുറച്ചൊക്കെ അടുത്താണ് എന്നു മറുപടി. ചോദ്യ കർത്താവ് പാന്റ് നീക്കി കാലിലെ വെടിക്കല കാണിച്ചു. എം. എസ്.പി.യുടെ വെടിയേറ്റതാണ്, അയാൾ പറഞ്ഞു. അതെങ്ങിനെ? നാഗൻ ആ കഥ പറഞ്ഞു തുടങ്ങി.

(തുടരും)


Comments