ചിത്രീകരണം : ദേവപ്രകാശ്

ലണ്ടനിലെ അമ്മാമൻ

ഞാൻ മാത്രമല്ലാത്ത ഞാൻ

പത്തൊമ്പത്

ന്റെ മൂന്ന് അമ്മാമന്മാരിൽ ഏറ്റവും ഇളയ ആളാണ് ദാമു അമ്മാമൻ.
ഞാനും സഹോദരങ്ങളും "ലണ്ടനിലെ അമ്മാമൻ' എന്നാണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത്.
ദാമു അമ്മാമനു പുറമെ അമ്മയുടെ നേർസഹോദരന്മാരായി രണ്ട് അമ്മാമന്മാർ കൂടിയാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. കുഞ്ഞിരാമമ്മാമനും നാരാണമ്മാമനും. നാരാണമ്മാമൻ പട്ടാളക്കാരനായിരുന്നു.
എല്ലാ വർഷവും അമ്മാമൻ ലീവിൽ വന്നാൽ ഞാൻ കാണാൻ പോകും.
ഒരു റോൾ പേപ്പറും കുറെ കടലാസ് പെൻസിലുകളും അമ്മാമൻ എനിക്ക് തരും. അവസാനകാലത്ത് നാരാണമ്മാമൻ ശാരീരികമായി വലിയ അവശതയിലായിരുന്നു. ഓർമയും നന്നേ കുറഞ്ഞു.
ഒരു ദിവസം ഞാൻ കാണാൻ പോയപ്പോൾ അമ്മാമൻ ചോദിച്ചു: ""നീ ഏട്ന്നാ വെര്ന്ന്?''""എരിപുരത്തുനിന്ന്'' ""എരിപുരത്തുനിന്ന് അല്ലേ, അവിടെ എന്റെ ഏച്ചി കല്യാണിയുണ്ട്. ടീച്ചറാണ്. കല്യാണിയുടെ മകനായി ഒരുത്തനുണ്ട്. പേര് ഞാൻ മറന്നു. എഴുതുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ്. അറിയോ?''""അത് ഞാൻ തന്നെയാണ്'' എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ അമ്മാമന്റെ മുഖത്ത് സന്തോഷവും വാത്സല്യവും നിറഞ്ഞ ഒരു ചിരി വിടർന്നു.

ഒരു സാധാരണ പട്ടാളക്കാരന്റെ സാമ്പത്തികശേഷിയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ജീവിക്കുന്നതിന്റെ പരിമിതികൾ നാരാണമ്മാമന്റെ ജീവിതത്തിന് എന്നും ഉണ്ടായിരുന്നു.എങ്കിലും, ലീവിൽ നാട്ടിലെത്തുമ്പോഴെല്ലാം അമ്മാമൻ
നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തെ വളരെ ലാഘവത്തോടെ നേരിടുന്ന ഒരാളുടെ പ്രസാദം അമ്മാമന്റെ മുഖത്ത് എപ്പോഴും കാണാമായിരുന്നു. ഞാൻ ഏറ്റവുമധികം അടുപ്പം പുലർത്തിയതും തിരിച്ചിങ്ങോട്ട് എന്നോട് ഏറ്റവുമധികം അടുപ്പം പുലർത്തിയതും ദാമു അമ്മാമനാണ്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലത്തു തന്നെ എനിക്ക് അദ്ദേഹവുമായി സ്വതന്ത്രമായ ആശയവിനിമയം സാധിച്ചിരുന്നു. മൂപ്പരുടെ പ്രകൃതത്തിൽ അടുപ്പവും സ്വാതന്ത്ര്യവും തോന്നിക്കുന്ന പല ഘടകങ്ങളുമുണ്ടായിരുന്നു. എന്നോട് മാത്രമല്ല എന്റെ അനിയത്തിമാരോടും അനിയനോടും അമ്മാമൻ വളരെ സ്നേഹത്തോടു കൂടിയാണ് പെരുമാറിയത്.

കണ്ണൂർജില്ലയിൽ സി.പി.ഐ തീരെ ദുർബലമായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പും അംഗബലത്തിന്റെ കുറവും കാരണം ഞെരുങ്ങിയിരുന്ന അക്കാലത്ത് പാർട്ടിപ്രവർത്തനത്തിന് പരിമിതികൾ പലതുമുണ്ടായിരുന്നു

ദാമു അമ്മാമൻ ആദ്യം സിംഗപ്പൂരിലായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ സിംഗപ്പൂരിലേക്ക് പോയി. 1953 ലോ 54 ലോ മറ്റോ ആയിരിക്കണം അത്. എന്റെ അമ്മയാണ് കപ്പൽയാത്രക്കും വഴിച്ചെലവിനുമുള്ള പൈസ കൊടുത്തത്. അതിന്റെ നന്ദി അമ്മാമന് അവസാനകാലം വരെ ഉണ്ടായിരുന്നു. നാട്ടിൽ വന്നാൽ അമ്മാമന്റെ താമസം മിക്കവാറും എരിപുരത്തുള്ള എന്റെ വീട്ടിൽത്തന്നെ ആയിരുന്നു.

മദിരാശിയിൽ നിന്നാണ് അമ്മാമൻ സിംഗപ്പൂരിലേക്ക് കപ്പൽ കയറിയത്. മദിരാശിയിലെ ഒന്നോ രണ്ടോ ദിവസത്തെ താമസത്തിന് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കെ.പി.ഗോപാലൻ അമ്മാമന് സഹായം ചെയ്തുകൊടുത്തിരുന്നു. അക്കാലത്ത് അദ്ദേഹം മദിരാശി നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭയൊക്കെ പോയി 1964ൽ പാർട്ടി പിളർന്നപ്പോൾ കെ.പി.ഗോപാലൻ ആദ്യം സി.പി.ഐയിലായിരുന്നു. കണ്ണൂർ ജില്ലയിൽ സി.പി.ഐ തീരെ ദുർബലമായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പും അംഗബലത്തിന്റെ കുറവും കാരണം ഞെരുങ്ങിയിരുന്ന അക്കാലത്ത് പാർട്ടിപ്രവർത്തനത്തിന് പരിമിതികൾ പലതുമുണ്ടായിരുന്നു. നേതാക്കൾ പോലും ആത്മവിശ്വാസം സൂക്ഷിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലം. 1965ലെ അസംബ്ലി ഇലക്ഷനിൽ സി.പി.ഐ സ്ഥാനാർത്ഥിയായി കണ്ണൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ.പി.ഗോപാലന് കിട്ടിയത് 3377 വോട്ടാണ്. ആകെ പോൾ ചെയ്ത വോട്ടിന്റെ 5.69 ശതമാനം മാത്രം.

കുറച്ചു കഴിഞ്ഞപ്പോൾ കെ.പി.ഗോപാലൻ രാഷ്ട്രീയം ഏതാണ്ട് ഉപേക്ഷിച്ച മട്ടായി. പിന്നീട് അദ്ദേഹം കണ്ണൂരിൽ "സുദർശൻ ചിട്ടിക്കമ്പനി'യുടെ മാനേജരായി കുറച്ചു കാലം ജോലി നോക്കിയിരുന്നു. അക്കാലത്ത് നാട്ടിൽ വന്ന അമ്മാമൻ എന്നെയും കൂട്ടി ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോവുകയുണ്ടായി. അദ്ദേഹത്തിന് സമ്മാനിക്കാനായി എന്തൊക്കെയോ സാധനങ്ങൾ അമ്മാമൻ കയ്യിൽ കരുതിയിരുന്നു. കെ.പി.ഗോപാലൻ പണ്ട് തന്നെ സഹായിച്ച കാര്യമൊക്കെ അന്നാണ് അമ്മാമൻ എന്നോട് പറഞ്ഞത്. പഴയ കാലത്തെ ഒരു വലിയ കമ്യൂണിസ്റ്റ് നേതാവ് ചിട്ടിക്കമ്പനി മാനേജരായതിലുള്ള അസ്വാസ്ഥ്യം ഞാൻ പ്രകടിപ്പിച്ചപ്പോൾ അമ്മാമൻ പറഞ്ഞു: ""അതിനെന്ത്;അദ്ദേഹം ഒരു ജോലി ചെയ്യുന്നു. അങ്ങനെ കണ്ടാൽ പോരേ?''
സിംഗപ്പൂരിലെത്തിയ അമ്മാമൻ ആദ്യകാലത്ത് തരക്കേടില്ലാത്ത ഒരു തൊഴിൽ കണ്ടെത്തുന്നതിന് വളരെ വിഷമിച്ചിരുന്നു. സഹായിക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ഒരു സിനിമാ തിയറ്ററിൽ പോസ്റ്ററൊട്ടിക്കുകയും ഗേറ്റിന് നിൽക്കുകയും ചെയ്തതിനെക്കുറിച്ച് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ജോലിയിലായിരുന്ന കാലത്ത് അമ്മാമന്റെ ഉറക്കം തിയറ്ററിനകത്തു തന്നെ ആയിരുന്നുവത്രെ.

ജോലിയും വരുമാനവുമൊക്കെ അധികം വൈകാതെ മെച്ചപ്പെട്ടിരിക്കണം. സിംഗപ്പൂരിൽ നിന്ന് രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോഴാണ് അമ്മാമൻ നാട്ടിൽ വന്നിരുന്നത്. വലിയ ഒന്നുരണ്ട് പെട്ടികളുമായിട്ടായിരുന്നു വരവ്. അതിൽ പൗഡർ, നെയിൽ കട്ടർ, സ്ററീലിന്റെ സ്പൂൺ, മനോഹരമായ പാത്രങ്ങൾ, കുട്ടിക്കുപ്പായങ്ങൾ തുടങ്ങിയ സാധനങ്ങൾ ഇഷ്ടം പോലെ ഉണ്ടാവും. അവയിൽ ഞങ്ങൾക്ക് വേണ്ടത്ര ഞങ്ങൾക്കെടുക്കാം. ബാക്കി ആവശ്യക്കാരായ നാട്ടുകാർക്ക് വേണ്ടിയുള്ളതാണ്. രണ്ടോ മൂന്നോ ദിവസം വീട്ടിൽ തങ്ങിയ ശേഷം അമ്മാമൻ പറശ്ശിനിക്കടവിലെ ബന്ധുക്കളുടെ അടുത്തേക്ക് പോകും. അവർക്കും ഉണ്ടാവും ഓരോരോ സമ്മാനങ്ങൾ. ആ യാത്രയിൽ എല്ലായ്പോഴും അദ്ദേഹത്തിന്റെ സഹായി ഞാൻ തന്നെയായിരുന്നു. അമ്മാവന്റെ വരവ് അന്നൊക്കെ ഞങ്ങൾക്ക് വലിയൊരാഘോഷം പോലെയായിരുന്നു.

സിംഗപ്പൂർ സ്വതന്ത്രമായി ഒരു വർഷം കഴിഞ്ഞപ്പോൾ, 1966ൽ അമ്മാമൻ ലണ്ടനിലേക്ക് പോയി. പിന്നെയുള്ള വരവ് വളരെ രാജകീയമായിട്ടായിരുന്നു. 1970ൽ വിവാഹം കഴിക്കുമ്പോൾ ലണ്ടൻ നഗരത്തിന്റെ ഒരു ഭാഗത്ത് (ഇത് പിന്നീട്
അദ്ദേഹം താമസിച്ചിരുന്ന ക്രോയ്ഡൻ തന്നെയോ എന്ന് ഉറപ്പില്ല) അദ്ദേഹത്തിന് ഒരു പലചരക്ക് കടയുണ്ടായിരുന്നു.ഭേദപ്പെട്ട നിലയിൽ നടന്നുവന്നിരുന്ന ആ കട അമ്മാമനെ സമ്പന്നനാക്കിയിരുന്നു. നാട്ടിൽ നിന്ന് വലിയ തോതിൽ പപ്പടം ഉണ്ടാക്കി ലണ്ടനിലേക്ക് കയറ്റി അയച്ച് തന്റെ പലചരക്കുകടയുടെ ഭാഗമായിത്തന്നെ പപ്പടത്തിന്റെ ഹോൾസെയിൽ വ്യാപാരം നടത്താൻ അമ്മാമൻ ഒരു ശ്രമം നടത്തിയിരുന്നു.ആ പപ്പടത്തിന് "ശ്രീദേവി പപ്പടം' എന്നാണ് പേരിട്ടത്. തനിക്ക് ആദ്യമായി ഉണ്ടായ പെൺകുട്ടിക്ക് അമ്മാമൻ തന്റെ അമ്മയുടെ ഓർമയ്ക്കായി ശ്രീദേവി എന്ന പേര് നൽകിയിരുന്നു. അമ്മമ്മയുടെ
പേരായ "ചീയേയ്യി'യുടെ ഒറിജിനൽ സംസ്‌കൃതരൂപം.

കണ്ണൂർ, കോഴിക്കോട് ഭാഗത്തുനിന്ന് ലണ്ടനിൽ മെഡിസിൻ, എഞ്ചിനിയറിംഗ്, നിയമം ഇവയൊക്കെ പഠിക്കാൻ പോയിരുന്ന സമ്പന്ന ഗൃഹങ്ങളിലെ ചെറുപ്പക്കാരായിരുന്നു അമ്മാവന്റെ കൂട്ടുകാർ. അവരിൽ ചിലർ അദ്ദേഹത്തിൽ നിന്ന് കടമായി വലിയ തുക കൈപ്പറ്റിയിരുന്നു. ചിലർ അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹത്തെ ചൂഷണം ചെയ്തിരുന്നു. നാട്ടിൽ വന്നാൽ അമ്മാവന്റെ ഒരു പ്രധാനപണി താൻ ലണ്ടനിൽവെച്ച് കടംകൊടുത്ത പണം തിരിച്ചു ചോദിക്കാൻ പോകലായിരുന്നു. അതിനു വേണ്ടി അദ്ദേഹം എറണാകുളത്തേക്കും മദ്രാസിലേക്കും പല തവണ പോയിരുന്നു. പണമൊന്നും തിരിച്ചുകിട്ടിയില്ല എന്നാണ് എന്റെ അറിവ്.

അമ്മാമൻ തിരിച്ചുപോയി ഒരു വർഷം കഴിഞ്ഞ് അമ്മായി തനിച്ചാണ് ലണ്ടനിലേക്ക് പോയത്. അമ്പത് വർഷം മുമ്പ് അതൊരു സാഹസയാത്ര പോലെയാണ് ഞങ്ങൾക്കെല്ലാം തോന്നിയത്

ദാമു അമ്മാമന് സാമ്പത്തിക അച്ചടക്കം തീരെ കുറവായിരുന്നു. ഒരുപാട് പണമുണ്ടാക്കി. ലണ്ടനിൽ വലിയൊരു വീട് വാങ്ങി. താൻ താമസിച്ചിരുന്ന പ്രദേശത്തെ മലയാളികൾക്കിടയിൽ വേണ്ടപ്പെട്ടവനായി. സമ്പാദിച്ച പണത്തിന്റെ ചെറിയൊരു പങ്ക് എന്റെ അമ്മയ്ക്കും മറ്റ് സഹോദരിമാർക്കും കൊടുത്തു. ബാക്കി മുഴുവൻ സുഹൃത്തുക്കളും മറ്റുള്ളവരും കൊണ്ടുപോയി. അവസാനകാലത്ത് അമ്മാവൻ തന്റെ ഭാര്യയെ ഉപേക്ഷിച്ചു. 1970ൽ അലവിൽ എന്ന സ്ഥലത്തുനിന്നാണ് അമ്മാമൻ സരസ്വതി എന്ന സ്ത്രീയെ വിവാഹം കഴിച്ചത്. കണ്ണൂർ എസ്.എൻ.കോളേജിൽ നിന്ന് പ്രീ ഡിഗ്രി പാസ്സായി നിൽക്കയായിരുന്ന അവർ വിവാഹശേഷം പഠനം തുടർന്നില്ല.

അമ്മാമൻ തിരിച്ചുപോയി ഒരു വർഷം കഴിഞ്ഞ് അമ്മായി തനിച്ചാണ് ലണ്ടനിലേക്ക് പോയത്. അമ്പത് വർഷം മുമ്പ് അതൊരു സാഹസയാത്ര പോലെയാണ് ഞങ്ങൾക്കെല്ലാം തോന്നിയത്. അമ്മാമൻ ബന്ധം വേർപെടുത്തിയതിനു ശേഷം മൂന്ന് മക്കളുമായി അമ്മായി ലണ്ടനിൽ വളരെയേറെ മനഃപ്രയാസമനുഭവിച്ചാണ് ജീവിച്ചത്. മക്കളിൽ മൂത്തവളായ ശ്രീദേവിയുടെ വിവാഹം അമ്മാമന്റെ വിവാഹമോചനത്തിന് മുമ്പ് തന്നെ നടന്നിരുന്നു. അവൾക്ക് ജോലിയും ഉണ്ടായിരുന്നു. മറ്റുള്ള രണ്ട് മക്കളും (ഷീല,സൈമൺ) ജോലി നേടുകയും വിവാഹിതരാവുകയും ചെയ്തതോടെ അമ്മായിയുടെ പ്രയാസങ്ങൾക്ക് കുറെയൊക്കെ കുറവ് വന്നു. ഇപ്പോൾ വർഷം തോറും ഏതാനും മാസക്കാലം നാട്ടിലും ബാക്കി ലണ്ടനിലുമായാണ് അവരുടെ ജീവിതം. ഒരു കാലത്ത് എനിക്ക് ലണ്ടനിൽ പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.എന്തുകൊണ്ടെന്നറിയില്ല, അത് കലശലായ ഒരു മോഹമൊന്നുമായിരുന്നില്ല. എന്റെ അമ്മയും അച്ഛനുമാണെങ്കിൽ ഞാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചിരുന്നതേയില്ല.

വയസ്സ് അറുപത്തിനാല് പിന്നിട്ടപ്പോൾ അമ്മാമൻ ലണ്ടൻ ഉപേക്ഷിച്ച് നാട്ടിൽ വന്നു. 2000ലായിരുന്നു അത്. ഇനിയങ്ങോട്ടുള്ള ജീവിതം നാട്ടിൽ തന്നെയാണ് എന്നുറപ്പിച്ചു കഴിഞ്ഞ അമ്മാമന് ആദ്യം തോന്നിയ കാര്യം നാട്ടുകാരെ മുഴുവൻ ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും പഠിപ്പിക്കണം എന്നായിരുന്നു. തോന്നൽ ശക്തമായപ്പോൾ അമ്മാമൻ ഒരു വട്ടമേശ, ഏതാനും കസേരകൾ എന്നിവയുമായി എരിപുരത്തെ റേഷൻഷാപ്പിന്റെ മുകളിലുള്ള മുറി വാടകയ്ക്കെടുത്ത് "Sreedevi Institute of English' എന്ന ബോർഡും വെച്ച് വിദ്യാർത്ഥികളെ കാത്തിരിപ്പായി. ഇംഗ്ലീഷിൽ പ്രാവീണ്യം നേടാനുള്ള മോഹവുമായി അഞ്ചാറുപേർ എത്തിയിരുന്നു എന്നാണോർമ. വാടക കൊടുക്കാനുള്ളതിന്റെ പാതിപോലും അവരിൽനിന്ന് കിട്ടില്ല എന്നുറപ്പായപ്പോൾ അമ്മാമൻ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടി വട്ടമേശയും കസേരയും ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നുവെച്ചു. രണ്ടുമൂന്നു പേർ ഏതാനും ദിവസം വീട്ടിലും പഠിക്കാനായി എത്തിയിരുന്നു. പിന്നെ അവരും വരാതായി. നാട്ടുകാരെ ഇംഗ്ലീഷ്
പഠിപ്പിക്കാനുള്ള മോഹം അമ്മാമൻ അതോടെ ഉപേക്ഷിച്ചു. പിന്നെ താമസിച്ചില്ല, കണ്ണൂരെ പയ്യാമ്പലത്തു നിന്ന് വത്സല എന്ന സ്ത്രീയെ കണ്ടെത്തി അമ്മാമൻ പുതിയൊരു വിവാഹബന്ധത്തിൽ ഏർപ്പെട്ടു. പുതിയ ഭാര്യയുമായി അമ്മാമൻ
എരിപുരത്തുള്ള വീട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നു.

എല്ലാവർക്കും തുല്യനീതിയും തുല്യഅവസരവും ഉറപ്പാക്കാനും വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവ സൗജന്യമായി ലഭിക്കാനും കമ്യൂണിസം വരണമെന്ന് നിർബന്ധമൊന്നുമില്ലെന്ന് അമ്മാമൻ എന്നോട് തർക്കിക്കാറുണ്ടായിരുന്നു

താൻ ബ്രിട്ടനിൽ ജീവിച്ച ആളാണ്, ബ്രിട്ടീഷ് പൗരനാണ് എന്നതിലൊക്കെ അമ്മാമൻ ആദ്യകാലത്ത് വലുതായി അഭിമാനിച്ചിരുന്നു. അധികം വൈകാതെ അത് ഉപേക്ഷിക്കേണ്ടി വന്നു. ബ്രിട്ടനിലെ നിയമവ്യവസ്ഥയെപ്പറ്റിയും അവിടത്തെ ജനങ്ങൾ ദൈനംദിന ജീവിതവ്യവഹാരങ്ങളിൽ പുലർത്തിയിരുന്ന മര്യാദ, പരസ്പര ബഹുമാനം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് ബ്രിട്ടനിൽ ലഭിക്കുന്ന അംഗീകാരം എന്നിവയെപ്പറ്റിയും അമ്മാമൻ ഏറെ മതിപ്പോടെയാണ് സംസാരിച്ചിരുന്നത്. അവിടത്തെ ഓഫീസുകളിലെത്തുന്നവർക്ക് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന മാന്യമായ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും വാചാലനാകാറുണ്ടായിരുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളുമായി ചെന്നാൽപ്പോലും നാട്ടിലെ ഒരോഫീസിൽ നിന്നും തനിക്ക് പ്രത്യേകമായ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും ഒരു കാര്യം സാധിച്ചു കിട്ടാൻ ഒരേ ഓഫീസിൽ പല തവണ കയറിയിറങ്ങേണ്ടിവരുന്നുവെന്നും ബോധ്യമായപ്പോൾ അദ്ദേഹത്തിന് ഉണ്ടായ മനസ്സിടിവ് ചെറുതായിരുന്നില്ല. ചില ഓഫീസുകളിൽ നിന്ന് വളരെ മോശമായ അനുഭവമുണ്ടായപ്പോൾ മാന്യമായ ഭാഷയിൽ എന്നാൽ അൽപം ഉൽക്കർഷബോധത്തോടെ തന്നെ ജീവനക്കാരോട് വഴക്കിടാൻ പുറപ്പെട്ട അദ്ദേഹത്തിന് കൂടുതൽ രൂക്ഷമായ പ്രതികരണങ്ങളാണ് തിരിച്ചുകിട്ടിയത്.

സിംഗപ്പൂരിലേക്ക് പോകുന്നതിനു മുമ്പുതന്നെ കമ്യൂണിസത്തെപ്പറ്റിയും കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനരീതിയെപ്പറ്റിയുമെല്ലാം അമ്മാമൻ പലതും മനസ്സിലാക്കിവെച്ചിരുന്നു. ചെറിയ തോതിലുള്ള കമ്യൂണിസ്​റ്റ്​ അനുഭാവം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ലണ്ടനിൽ ജീവിക്കാൻ തുടങ്ങിയതിൽപ്പിന്നെ അമ്മാമന് കമ്യൂണിസത്തിൽ പ്രത്യേകിച്ച് താൽപര്യമൊന്നുമില്ലാതായി. എല്ലാവർക്കും തുല്യനീതിയും തുല്യഅവസരവും ഉറപ്പാക്കാനും വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവ സൗജന്യമായി ലഭിക്കാനും കമ്യൂണിസം വരണമെന്ന് നിർബന്ധമൊന്നുമില്ലെന്ന് അമ്മാമൻ എന്നോട് തർക്കിക്കാറുണ്ടായിരുന്നു. ഇംഗ്ളണ്ടിൽ ഇതൊക്കെ എല്ലാവർക്കും ലഭ്യമാവുന്നുണ്ടെന്നാണ് അമ്മാമൻ ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നത്. എന്റെ രാഷ്ട്രീയധാരണകളും താൽപര്യങ്ങളും തന്റെതുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അമ്മാമന് അറിയാമായിരുന്നു.
ഒരു തവണ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം മോസ്‌കോവിലേക്കിറങ്ങിയപ്പോൾ ഒരു പിക്ചർപോസ്റ്റ് കാർഡിൽ എനിക്കെഴുതി: ""Dear Prabhakaran, I am in your promised land''
പിന്നെയും കുറച്ചു വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""നിങ്ങളൊക്കെ പാടിപ്പുകഴ്ത്തിയ സോവിയറ്റ് യൂനിയൻ ഇല്ലാതായല്ലോ. ഞാൻ കഴിഞ്ഞ മാസം മോസ്‌കോവിൽ പോയിരുന്നു. കമ്യൂണിസ്റ്റുകാർ പ്രചരിപ്പിച്ചതൊന്നും ശരിയല്ല. റഷ്യയുടെ സാമ്പത്തികസ്ഥിതി ദയനീയമാണ്. നിസ്സാര വസ്തുക്കൾക്കു പോലും ജനങ്ങൾ ആർത്തിപിടിച്ചോടുന്നത് ഞാൻ നേരിൽ കണ്ടു.''
​ലണ്ടൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിൽപ്പിന്നെയും അമ്മാമൻ രാഷ്ട്രീയത്തിൽ അൽപവും താൽപര്യം കാണിച്ചില്ല. തന്നെപ്പോലൊരാൾക്ക് അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. അല്ലെങ്കിലും നാട് വിട്ടതുമുതൽ അദ്ദേഹത്തിന്റെ നിൽപ് രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞു തന്നെയായിരുന്നു.

"നീ ലണ്ടൻ കാണേണ്ടതു തന്നെയായിരുന്നു. നിന്നെ ഞാൻ ഒരിക്കലെങ്കിലും അങ്ങോട്ട് കൊണ്ടുപോവേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നത് തെറ്റായിപ്പോയി.' അമ്മാമൻ ഉള്ളിൽ തട്ടിത്തന്നെയാണ് ഇത് പറഞ്ഞത്

താൻ നേരത്തേ നിക്ഷേപം നടത്തിയ വകയിൽ മാസത്തിൽ ഒരു ലക്ഷത്തിനടുത്തുള്ള ഒരു തുക മാസം തോറും അമ്മാമന് പെൻഷനായി കിട്ടിയിരുന്നു. പക്ഷേ, പണം കൈകാര്യം ചെയ്യുന്നതിൽ അൽപവും സൂക്ഷ്മതയില്ലാതിരുന്ന അമ്മാമൻ മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയിലെത്തുമ്പോഴേക്കു തന്നെ ദരിദ്രനാവും. ആ അവസ്ഥയിലാവുമ്പോൾ ചിലപ്പോഴൊക്കെ അദ്ദേഹത്തിന് താൻ അത്രയും കാലം ജീവിച്ചുതീർത്ത ജീവിതത്തെപ്പറ്റി കുറ്റബോധം തോന്നും. താൻ ചെയ്ത കാര്യങ്ങൾ പലതും പാളിപ്പോയെന്നും ചെയ്യേണ്ടിയിരുന്ന പലതും ചെയ്തില്ലെന്നുമുള്ള തിരിച്ചറിവിൽ അദ്ദേഹം വല്ലാതെ വേദനിക്കും.അത്തരമൊരു സന്ദർഭത്തിൽ അമ്മാമൻ എന്നോട് പറഞ്ഞു: ""നീ ലണ്ടൻ കാണേണ്ടതു തന്നെയായിരുന്നു. നിന്നെ ഞാൻ ഒരിക്കലെങ്കിലും അങ്ങോട്ട് കൊണ്ടുപോവേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നത് തെറ്റായിപ്പോയി.'' അമ്മാമൻ ഉള്ളിൽ തട്ടിത്തന്നെയാണ് ഇത് പറഞ്ഞത്. കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. ചെറിയ കുട്ടിയായിരുന്നപ്പോൾ തുടങ്ങി അമ്മാമന്റെ കൂടെ നടക്കുന്നതാണ് ഞാൻ. കോഴിക്കോട്ടും എറണാകുളത്തുമെല്ലാം അദ്ദേഹത്തോടൊപ്പം പോയിട്ടുണ്ട്. മികച്ച സാഹിത്യ വായനക്കാരനൊന്നുമല്ലായിരുന്നെങ്കിലും അമ്മാമന് എഴുത്തിന്റെ ലോകം എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സാഹിത്യത്തെയും മനുഷ്യപ്രജ്ഞയുടെ മറ്റ് നേട്ടങ്ങളെയും അദ്ദേഹം ഏറെ ആദരവോടെ തന്നെയാണ് കണ്ടിരുന്നത്.

ഞാൻ ഒരു കോളേജ് വിദ്യാർത്ഥിയായതു മുതലിങ്ങോട്ട് അമ്മാമന്റെ എന്നോടുള്ള സംസാരം പലപ്പോഴും ഇംഗ്ലീഷിലായിരുന്നു. വാക്കുകളുടെയും ഉച്ചാരണത്തിന്റെയും കാര്യത്തിൽ അങ്ങേയറ്റം ലാളിത്യം പാലിച്ചുകൊണ്ടുള്ള ഇംഗ്ലീഷിൽ. ഇംഗ്ലീഷ് ഭാഷയും മലയാളവും തമ്മിലുള്ള അകലം ഇത്രയും കുറവാണല്ലോ എന്ന് തോന്നിപ്പിക്കും വിധം സുതാര്യമായിരുന്നു അമ്മാമന്റെ സംസാരം. എനിക്ക് ഇംഗ്ലീഷ് ഭാഷയോട് അൽപവും അകൽച്ച തോന്നാതിരിക്കുന്നതിന് അത് കാരണമായി. ആ ഭാഷയിൽ ഇപ്പോഴും എനിക്ക് പ്രാവീണ്യമില്ല. ഇംഗ്ലീഷിൽ സംസാരിക്കാൻ കടുത്ത മടി തന്നെയാണ്. പക്ഷേ, ഇംഗ്ലീഷിനെ ഞാൻ ഭയക്കുന്നതേയില്ല. കഴിഞ്ഞ ഒന്നുരണ്ട് ദശകക്കാലമായി ഞാൻ മലയാളപുസ്തകങ്ങൾ വായിക്കുന്ന അത്രയും തന്നെ താൽപര്യത്തോടെ, അത്രയും തന്നെ അനായാസത അനുഭവിച്ചുകൊണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കുന്നുണ്ട്. ഇങ്ങനയൊരു അനുകൂലമനോഭാവം ഇംഗ്ലീഷിനു നേരെ ഉണ്ടാവുന്നതിന് മുഖ്യകാരണക്കാരൻ തീർച്ചയായും "ലണ്ടനിലെ അമ്മാമൻ' തന്നെ. ജീവിതം സംബന്ധിച്ച് ഒരു നിർദേശവും ദാമു അമ്മാമൻ എനിക്ക് തന്നിരുന്നില്ല. പക്ഷേ, ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടണമെന്നും അമിതമായ ആദർശപരത ഗുണം ചെയ്യില്ലെന്നുമൊക്കെ അദ്ദേഹം പറയാതെ പറഞ്ഞിരുന്നു. എത്ര വലിയ സമ്പന്നനായാലും ബന്ധുക്കളെ മറക്കരുതെന്നും ആരെയും ചെറുതായി കാണരുതെന്നും സ്വന്തം പ്രവൃത്തികളിലൂടെയും പെരുമാറ്റരീതികളിലൂടെയും അമ്മാമൻ എന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. പുകവലിയും മദ്യപാനവും അമ്മാമന്റെ ശീലങ്ങളിൽ
പെട്ടിരുന്നില്ല. പക്ഷേ, മാന്യമായ ജീവിതം, ലൈംഗികസദാചാരത്തിൽ ഊന്നിക്കൊണ്ടുള്ള ജീവിതം എന്നിങ്ങനെയുള്ള സങ്കൽപങ്ങളോട് അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. അതേസമയം സാമ്പത്തിക
കാര്യങ്ങളിൽ അദ്ദേഹം തികച്ചും സത്യസന്ധനായിരുന്നു. തന്നെ ഒരുപാടുപേർ പറ്റിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നറിയുമ്പോഴും പണമിടപാടുകളിൽ അമ്മാമൻ ചെറിയ തിരിമറികൾക്കു പോലും തയ്യാറായിരുന്നില്ല.

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അമ്മാമൻ എന്തൊക്കെയോ വെപ്രാളങ്ങളിലായിരുന്നു. ലോകത്തിലെ ഒരു മഹാനഗരത്തിൽ സാമാന്യം ഭേദപ്പെട്ട സാമ്പത്തികപദവിയിൽ രണ്ടുമൂന്ന് ദശകത്തിലേറെക്കാലം കഴിഞ്ഞിട്ടും
നാട്ടിലെത്തി വളരെ വൈകാതെ തന്നെ തനിക്കിവിടെ ആരിൽ നിന്നും പ്രത്യേകമായ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് കണ്ടപ്പോൾ അമ്മാമന് വലിയ വിഷമം തോന്നിയിരിക്കണം. പക്ഷേ, അത് മറച്ചുവെച്ചു തന്നെയാണ് അദ്ദേഹം ജീവിച്ചത്. പഴയ ശീലങ്ങൾ, വിശ്വാസങ്ങൾ ഇവയൊക്കെ വീണ്ടെടുക്കാനും ദീർഘകാലമായി ബന്ധപ്പെടാതിരുന്ന അകന്ന ബന്ധുക്കളെ പ്പോലും തേടിപ്പിടിച്ച് ചെന്നുകാണാനും അമ്മാമൻ വെപ്രാളപ്പെടുന്നുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് വിട്ടശേഷം ഏതാനും മാസക്കാലം അമേരിക്കയിൽ ചുറ്റിക്കറങ്ങിയ അമ്മാമൻ പിന്നെ യു.എ. ഇയിലെത്തി. അവിടെ ഒരു വടകരക്കാരനുമായി ചേർന്ന് കൂട്ടുകച്ചവടം ആരംഭിച്ചെങ്കിലും വമ്പിച്ച സാമ്പത്തിക നഷ്ടത്തിലാണ് അത് കലാശിച്ചത്. പിന്നെയങ്ങോട്ട് അമ്മാമൻ വ്യാപാരത്തിൽ ഭാഗ്യപരീക്ഷണത്തിന് ശ്രമിച്ചില്ല. കാലം അതിവേഗത്തിൽ മാറുന്നുണ്ടെന്നും ലണ്ടനിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ശാസ്ത്രത്തിന്റെ പുതുപുത്തൻ സംഭാവനകളെന്ന നിലയിൽ താൻ പരിചയിച്ച സംഗതികളെല്ലാം നാട്ടിലും എത്തിക്കൊണ്ടിരിക്കുകയാണെന്നും പുതിയ തലമുറ തന്നെ പഴയ ഒരാളായി മാത്രമേ മനസ്സിലാക്കുന്നുള്ളൂ എന്നും ഉള്ള തിരിച്ചറിവ് പഴമയോടുള്ള കടുത്ത ആസക്തിയായി അമ്മാമനിൽ രൂപാന്തരപ്പെട്ടു. താൻ ഉൾപ്പെടുന്ന പഴയ കുടുംബത്തിന്റെ കണ്ണികളായ മൂന്ന് കുടുംബങ്ങളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സംഭവിച്ച മൂന്ന് ദുർമരണങ്ങളുടെ(എന്റെ അനിയന്റെതുൾപ്പെടെ രണ്ട് ആത്മഹത്യകൾ, ഒരു അപകടമരണം)കാരണം കണ്ടെത്താൻ അമ്മാമൻ പ്രശ്നം വെച്ചു നോക്കുകയും തുടർന്ന് പ്രശ്നക്കാരന്റെ നിർദ്ദേശപ്രകാരം തന്നെയോ എന്നറിയില്ല "കുറത്തിത്തെയ്യം' കഴിപ്പിക്കുകയും ചെയ്തു. അമ്മമ്മയുടെ അച്ഛന്റെ വീട്ടിലാണ് തെയ്യം കഴിപ്പിച്ചത്. അവിടെയുള്ള പുതുതലമുറയിലെ ആളുകളെ കണ്ടെത്തി ബന്ധപ്പെട്ടാണ് അതിനുള്ള ഏർപ്പാടൊക്കെ ചെയ്തത്. പ്രശ്നക്കാരൻ ഈ ദുർമരണങ്ങൾക്കുള്ള കാരണമായി പറഞ്ഞ സംഗതി കേട്ടപ്പോൾ എനിക്ക് ചിരിയും കരച്ചിലും വന്നു. ആ വീട്ടിലെ പഴയ ഏതോ തലമുറയിൽപ്പെട്ട രണ്ട് സ്ത്രീകൾ വീട്ടിലെല്ലാവരും കൂടി കൃഷി ചെയ്തുണ്ടാക്കിയ ഉഴുന്നിൽ ചെറിയൊരു ഭാഗം വീട്ടിലെ പുരുഷന്മാറിയാതെ കൈക്കലാക്കി ഒളിപ്പിച്ചുവെച്ചു. അവർ അത് മറ്റാരുമറിയാതെ പൊങ്ങിച്ച് തിന്നുകയും പായസം വെച്ച് കുടിക്കുകയും ചെയ്തു. ആ പാപമാണ് തറവാടുമായി കണ്ണിചേരുന്ന വീടുകളിലെ പുതുതലമുറയിലെ മൂന്ന് പേരെ ദുർമരണത്തിലെത്തിച്ചത്. ഇങ്ങനെയൊരു കണ്ടെത്തൽ അമ്മാമന്റെ മുന്നിൽ അവതരിപ്പിക്കുന്നതിൽ അധൈര്യവും ലജ്ജയും തോന്നേണ്ടെന്ന് തോന്നാൻ മാത്രം പാവവും പഴഞ്ചനുമായി മാറിക്കഴിഞ്ഞിരുന്നു അവസാനകാലത്ത് അമ്മാമൻ.

ഒരു കാലത്ത് വളരെ പ്രതാപിയായിരുന്ന, ലണ്ടൻകാരനെന്ന നിലയ്ക്ക് ഒരുപാട് പേർ അസൂയ കലർന്ന ആദരവോടെ നോക്കിക്കണ്ടിരുന്ന അമ്മാമൻ ഏറ്റവുമടുത്ത ബന്ധുക്കളിലൊഴിച്ച് മറ്റാരിലും മതിപ്പുളവാക്കാത്ത അവസ്ഥയിലാണ് മരണത്തിന് കീഴടങ്ങിയത്

പല വിധ രോഗങ്ങൾ അവസാനകാലത്ത് അമ്മാമനെ അലട്ടിയിരുന്നു. അന്ത്യനാളുകൾ അടുത്തപ്പോൾ മലവിസർജനവും മൂത്രമൊഴിക്കലും അമ്മാമന്റെ പൂർണ നിയന്ത്രണത്തിലല്ലാതായി. മിഷൻ ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന ചെറുകുന്നിലെ സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റലിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അമ്മാമൻ ചികിത്സ തേടിയിരുന്നു. 2009 ൽ അദ്ദേഹം മരിച്ചു. ആന്തൂർ മുനിസിപ്പാലിറ്റിയിലെ തളിയിൽ എന്ന സ്ഥലത്തെ ‘സൂര്യഗ്രാമം' എന്ന ഹൗസിംഗ് കോളനിയിൽ താൻ വാങ്ങിയ ചെറിയ വീട്ടിലായിരുന്നു അവസാനനാളുകളിൽ അദ്ദേഹത്തിന്റെ താമസം.

ഒരു കാലത്ത് വളരെ പ്രതാപിയായിരുന്ന, ലണ്ടൻകാരനെന്ന നിലയ്ക്ക് ഒരുപാട് പേർ അസൂയ കലർന്ന ആദരവോടെ നോക്കിക്കണ്ടിരുന്ന അമ്മാമൻ ഏറ്റവുമടുത്ത ബന്ധുക്കളിലൊഴിച്ച് മറ്റാരിലും മതിപ്പുളവാക്കാത്ത അവസ്ഥയിലാണ് മരണത്തിന് കീഴടങ്ങിയത്. ആലോചിച്ചു നോക്കുമ്പോൾ ആ ജീവിതം "ഒരു വിഡ്ഡി പറഞ്ഞ ശബ്ദബഹളങ്ങൾ നിറഞ്ഞ നിരർത്ഥമായ കഥ' തന്നെയായിരുന്നു. എങ്കിലും അദ്ദേഹത്തെക്കുറിച്ച് സ്നേഹത്തോടെ മാത്രമേ എനിക്ക് ഓർക്കാനാവൂ. ഞാൻ ഒന്നുമല്ലാതിരുന്ന കാലത്ത് എന്നെ അവിടെയും ഇവിടെയും കൂട്ടിനടന്നും എല്ലാം മനസ്സിലാക്കാൻ കെൽപുള്ള ഒരു സുഹൃത്തിനോടെന്ന പോലെ എന്നോട് പലതിനെക്കുറിച്ചും സംസാരിച്ചും ബോധപൂർവമായിട്ടല്ലാതെ തന്നെ എന്നിൽ ആത്മവിശ്വാസം വളർത്തിയ വലിയ മനുഷ്യനാണ് അദ്ദേഹം. വലുതായിരിക്കെത്തന്നെ ഈ ലോകം ചെറുതാണെന്നും സമ്പന്നമായിരിക്കെത്തന്നെ ഈ ലോകം ദരിദ്രമാണെന്നും അമ്മാമനാണ് എന്നെ ബോധ്യപ്പെടുത്തിയത്. ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും മലയാളി അവസാനമായി സ്വന്തം നാട്ടിലേക്ക് വരാൻ വെമ്പൽ കൊള്ളുമെന്നും തന്റെ വേരുകളെ മറ്റെന്തിനേക്കാളുമധികം വിലമതിക്കുമെന്നു കൂടി അദ്ദേഹം എനിക്ക്
വെളിപ്പെടുത്തിത്തന്നു. അമ്മാമൻ മരിച്ചപ്പോൾ ആദ്യഭാര്യ വന്നില്ല. മക്കളിൽ രണ്ടുപേർ, ഷീലയും സൈമണും, വന്നു. ശരീരം ചിതയിലേക്കെടുക്കാനായി ശ്മശാനത്തിൽ കിടത്തിയപ്പോൾ മുതിർന്നവരെങ്കിലും കുട്ടികളുടെ രൂപസൗകുമാര്യവും പാവത്തവുമുള്ള അവർ ഓരോ റോസാപ്പൂവ് അവരുടെ അച്ഛന്റെ ശരീരത്തിൽ വെച്ചു ▮

(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments