ചിത്രീകരണം: ദേവപ്രകാശ്

ശകലിതം ഈ വിചാരങ്ങൾ (വേദനകളും)​

ഞാൻ മാത്രമല്ലാത്ത ഞാൻ

ഞാൻ ഞാൻ മാത്രമല്ല, ആവുകയുമില്ല, അവസാനശ്വാസം വരെയും

ഇരുപത്തിനാല്

ആറ്

ത്തു നാൽപത് വർഷം മുമ്പു തന്നെ മനസ്സ് എന്ന പ്രതിഭാസത്തെയും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങൾക്കും വ്യക്തിയ്ക്ക് മേലുള്ള സ്വാധീനത്തെയും കുറിച്ച് ചില ധാരണകൾ ഞാൻ സ്വരൂപിച്ചിരുന്നു. പക്ഷേ, മൂർത്തമായ ജീവിതസാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയാത്തിടത്തോളം അറിവിനെ അറിവ് എന്നു വിളിക്കാനാവില്ല. എന്റെ അനിയൻ ആരാണ്, അവന്റെ മാനോലോകം എത്തരത്തിലുള്ളതാണ്, അവനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്, സാമാന്യം ഉയർന്ന ബുദ്ധിശക്തിയുണ്ടായിട്ടും എന്തുകൊണ്ടാണ് അവന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തത്, അവന്റെ സമപ്രായക്കാരായ ആളുകളിൽ എത്ര കുറച്ചു പേരുമായി മാത്രമേ അവന് കമ്യൂണിക്കേഷൻ സാധിക്കൂന്നുള്ളൂ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ കുറേക്കൂടി ആഴത്തിൽ ആലോചിക്കേണ്ടതായിരുന്നു. അത് ഞാൻ ചെയ്തില്ല. അത് മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ്. അക്കാലത്ത് എനിക്കുണ്ടായിരുന്ന പല പരിമിതികളും കാരണമാണ് അങ്ങനെ സംഭവിച്ചത്. സാധാരണക്കാരായ എല്ലാ മനുഷ്യർക്കും ഉണ്ടാവുന്ന തരം പരിമിതികളും പ്രശ്‌നങ്ങളും തന്നെയായിരുന്നു അവ. പക്ഷേ, അവ എന്നിൽ നിന്ന് ശ്രദ്ധയും സമയവും വളരെ കൂടുതൽ ആവശ്യപ്പെട്ടു. മറ്റൊരാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലാഘവത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ പോലും എനിക്ക് വളരെ വലുതും മറികടക്കാൻ വലിയ ശ്രമം ആവശ്യമുള്ളവയുമായി തോന്നി.

അനുകൂലമായ ഭൗതികപരിസരങ്ങളും സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധതമായും ആർജവത്തോടുകൂടിയും നിലനിർത്തുന്ന ആശയലോകവും പിന്തുണയ്ക്കാനുണ്ടെങ്കിൽ വ്യക്തികൾക്ക് ഏതാണ്ട് എല്ലാ മാനസികപ്രയാസങ്ങളെയും അതിജീവിക്കാൻ കഴിയും

എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ ചില സംഗതികൾ തന്നെയാകാം അതിനുള്ള കാരണം. എന്റെ രൂപവും ഭാവവും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാൻ പോന്ന തരത്തിലുള്ളതായിരുന്നില്ല. എന്റെ മേൽ കുതിര കയറാനുള്ള പ്രേരണയുണ്ടാക്കുന്ന എന്തൊക്കെയോ അവയിൽ ഉണ്ടായിരുന്നുവെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. എങ്ങോട്ട് തിരിയുമ്പോഴും ശത്രുതാപരമായ പെരുമാറ്റവും അപമാനവും പ്രതീക്ഷിക്കണം എന്ന അവസ്ഥയിലാണ് അന്നൊക്കെ ഞാൻ ജീവിച്ചത്. പലതും എന്റെ ഭാഗത്തുള്ള പ്രകടമായ അധീരതയും ആത്മവിശ്വാസക്കുറവും സൃഷ്ടിച്ച പ്രശ്‌നങ്ങൾ തന്നെയാണ്. എഴുത്തിലൂടെയും വായനയിലൂടെയും കുറെയൊക്കെ ഞാൻ രക്ഷപ്പെട്ടിരുന്നു. പക്ഷേ, ഓരോ ദിവസവും മിക്കവാറും എന്നിൽത്തന്നെ കേന്ദ്രീകരിച്ച് ജീവിക്കേണ്ടി വന്നതുകൊണ്ടാവാം എന്റെ അനിയനെ എനിക്ക് വേണ്ടും വണ്ണം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. നല്ല ബുദ്ധിയുണ്ടായിരുന്നെങ്കിലും ജന്മസിദ്ധമായ അതിശുദ്ധി കാരണം അവൻ മനസ്സുകൊണ്ട് വളരെ ദുർബലനായിരുന്നു. ഞാൻ അനിയൻ എന്ന നിലയിൽ നിന്നു മാറ്റി എന്റെ സ്‌നേഹം വലിയ തോതിൽ ആവശ്യമുള്ള ഒരു കുട്ടിയായി അവനെ കാണേണ്ടതായിരുന്നു. എനിക്കതിന് കഴിഞ്ഞിരുന്നെങ്കിൽ ഒരുവേള അവൻ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു എന്ന് ഞാൻ വെറുതെ മോഹിച്ചു പോവുകയാണ്.

അനുകൂലമായ ഭൗതികപരിസരങ്ങളും സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധതമായും ആർജവത്തോടുകൂടിയും നിലനിർത്തുന്ന ആശയലോകവും പിന്തുണയ്ക്കാനുണ്ടെങ്കിൽ വ്യക്തികൾക്ക് ഏതാണ്ട് എല്ലാ മാനസികപ്രയാസങ്ങളെയും അതിജീവിക്കാൻ കഴിയും. നാട്ടിൽ വളരെ സജീവമായ ഒരു സാംസ്‌കാരികക്കൂട്ടായ്മ നിലനിന്നിരുന്നെങ്കിൽ അവൻ രക്ഷപ്പെടുമായിരുന്നു എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. അവന്റെ സമപ്രായക്കാരായ ചിലർ ഒരു സാഹിത്യക്കൂട്ടായ്മയ്ക്ക് രൂപം നൽകിയപ്പോൾ അവൻ അതിൽ വളരെ സജീവമായിരുന്നുവെന്നും അന്നൊന്നും അവന് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അവന്റെ സുഹൃത്തുക്കൾ വർഷങ്ങൾക്കു ശേഷം എന്നോട് പറഞ്ഞിരുന്നു.

മാന്യമായ ജോലി, മാന്യമായ ജീവിതം ഇവയൊക്കെ സംബന്ധിച്ച് സമൂഹം അടിച്ചേൽപ്പിക്കുന്ന സങ്കൽപങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയാണ് ജനങ്ങളിൽ മഹാഭൂരിപക്ഷവും ചെയ്തു വരുന്നത്. പിന്നെ, തങ്ങളുടെയും തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെയും ജീവിതം ഈ സങ്കൽപങ്ങൾക്കനുസരിച്ച് വെട്ടിയൊരുക്കി ചെത്തിമിനുക്കി എടുക്കുന്നതിലായിരിക്കും ആളുകളുടെ മുഴുവൻ ശ്രദ്ധയും. സ്വപ്‌നസാക്ഷാത്കാരത്തിൽ വരുന്ന ചെറിയ വീഴ്ചകളുമായി സ്വയം പൊരുത്തപ്പെടാൻ ആളുകൾ തയ്യാറാവും. എന്നാൽ ഒരാളുടെ ജീവിതം സമൂഹത്തിന്റെ കുറിപ്പടികളെ പൂർണമായും നിരാകരിച്ചുകൊണ്ടാണെന്നു കണ്ടാൽ ഏറ്റവും അടുത്ത ബന്ധുക്കൾ പോലും പ്രകോപിതരാവും. മറ്റുള്ളവരുടെ കാര്യം പ്രത്യേകം പറയാനില്ല. കുട്ടൻ ഏറ്റവും പരിമിതമായ അർത്ഥത്തിൽ പോലും ഒരു വിപ്ലവകാരിയോ സാഹസികനോ ആയിരുന്നില്ല. അവന് സ്വന്തമായ ഒരു മാനസികലോകമുണ്ടായിരുന്നു. നല്ല ജീവിതത്തെക്കുറിച്ച്, അവനവൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സ്വയം രൂപീകരിച്ച ചില ധാരണകളുണ്ടായിരുന്നു. അവയുമായി മുന്നോട്ട് പോകെ സമൂഹം അതിന് പരിചയമുള്ളതും അത് ഉയർത്തിപ്പിടിക്കുന്നതുമായ ചില ജീവിതസങ്കൽപങ്ങൾ അവനെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു. ഈ വൈരുധ്യമാണ് അവന്റെ മാനസിക ജീവിതത്തെ പിളർത്തിക്കളഞ്ഞത്. സമൂഹത്തിന്റെ അനുശാസനങ്ങളെ അപ്പാടെ അവഗണിച്ച് ഞാൻ മുന്നോട്ടുപോകും എന്ന ഒരു തീരുമാനമൊന്നും അവൻ കൈക്കൊണ്ടിരുന്നില്ല. അവന് ആത്മാവ് പണയപ്പെടുത്താതെ, കറപുരളാത്ത ഒരു മനുഷ്യനായി ജീവിച്ചു പോകണമായിരുന്നു. അതിലപ്പുറം ഒന്നും തന്നെ അവൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, അങ്ങനെ ജീവിച്ചുപോകാനുള്ള ഒരു വ്യക്തിയുടെ ശ്രമത്തെ കടുത്ത ധിക്കാരമായോ അങ്ങേയറ്റത്തെ കഴിവുകേടായോ സമനിലയില്ലായ്കയായോ മാത്രമേ ഭൂരിപക്ഷം പേരും മനസ്സിലാക്കുകയുള്ളൂ. മറ്റൊരു രീതിയിൽ ചിന്തിക്കാനുള്ള വിവേകം അവർക്കുണ്ടാവില്ല. അവരുടെ ഇല്ലായ്മയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് വ്യക്തിയായിരിക്കും.
ഒറ്റപ്പെടുത്തൽ, പരിഹാസം, അധിക്ഷേപം ഇവയൊക്കെ പല രൂപത്തിൽ പല കോണുകളിൽ നിന്ന് അവന് അനുഭവിക്കേണ്ടിവന്നിരുന്നു. അവയുടെ പെരുപ്പത്തിനിടയിൽ ഏതാനും ചില സുഹൃത്തുക്കളിൽ നിന്നും ഏറ്റവുമടുത്ത ബന്ധുക്കളിൽ ചിലരിൽ നിന്നും കിട്ടിയ സ്‌നേഹം വലിയൊരു സമാശ്വാസമായിത്തീർന്നില്ല അവന്. അതുകൊണ്ടാണ് അവൻ മിഥ്യാഭ്രമങ്ങളിൽ അഭയം തേടിയത്. അവന്റെ മസ്തിഷ്‌കത്തിൽ നേരത്തേ തന്നെ ഉണ്ടായിരുന്ന അനുകൂല ഘടകങ്ങൾ അയഥാർത്ഥ ലോകങ്ങളിലേക്കുള്ള സഞ്ചാരത്തിന്റെ ഗതിവേഗം വർധിപ്പിച്ചിട്ടുമുണ്ടാവാം. അവൻ അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഭീകരത പൂർണാർത്ഥത്തിൽ മനസ്സിലാക്കി അവനെ രക്ഷിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അവന്റെ വേദനകൾ ഞാൻ മോഷ്ടിച്ചെടുത്തു എന്ന് കടുത്ത രോഗാവസ്ഥയിൽ അവൻ എന്നോടു തന്നെ പറഞ്ഞെങ്കിലും സത്യം ആ പറഞ്ഞതിൽ നിന്നും അകലെയായിരുന്നു. ആവശ്യമായ സമയത്ത് അവന്റെ സ്ഥാനത്ത് സ്വയം സ്ഥാപിച്ച് അവന്റെ വേദനകൾ എന്റെതാക്കിത്തീർക്കാൻ എനിക്ക് കഴിഞ്ഞില്ല. അന്നത്തെ അവസ്ഥയിൽ അങ്ങനെയൊരു ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും മാനസികപരിപാകവും എനിക്കുണ്ടായിരുന്നില്ല.

മനോരോഗം എന്ന യാഥാർത്ഥ്യത്തിനു മുന്നിലെത്തുമ്പോൾ ആവിയായി അപ്രത്യക്ഷമായിത്തീരുന്ന മനഃശാസ്ത്രജ്ഞാനവും "ആന്റി സൈക്യാട്രിയു'മെല്ലാം തികച്ചും നിഷ്​പ്രയോജകമാണ്

മനോരോഗം എന്ന പരികൽപനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് തോമസ് സാസ് (Thomas Sazz M.D.)എഴുതിയ "The Myth of Mental Illness' എന്ന പുസ്തകം 1973ലോ 74ലോ ഞാൻ ബ്രണ്ണൻ കോളേജ് ജനറൽ ലൈബ്രറിയിൽ നിന്നെടുത്ത് വായിച്ചതാണ്. ലെയ്ഞ്ചി (R.D.Laing)ന്റെ ആശയങ്ങളുമായും അക്കാലത്തു തന്നെ ഞാൻ പരിചയപ്പെട്ടിരുന്നു. വലിയ വ്യക്തതയോടു കൂടിയൊന്നുമല്ലെങ്കിലും "ആന്റി സൈക്യാട്രി'എന്ന ആശയത്തെക്കുറിച്ച് വീറോടെ സംസാരിക്കുന്ന പലരും അക്കാലത്ത് കോളേജിലും പുറത്തും ഉണ്ടായിരുന്നു. ഞാൻ വായിച്ചും കേട്ടും അറിഞ്ഞ മനോരോഗവിരുദ്ധമായ ആശയങ്ങളും മനഃശാസ്ത്രം തന്നെയും എന്റെ അനിയന്റെ രോഗാവസ്ഥയെ സമീപിക്കുന്നതിൽ എനിക്ക് ഒട്ടും സഹായകമായില്ല. മനഃശാസ്ത്രം പോലൊരു വിഷയത്തിലുള്ള അറിവിനെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രയോഗക്ഷമമാക്കാൻ പ്രത്യേകമായ ഒരു മനോഭാവവും പരിശീലനവും ആവശ്യമാണ്. മനോരോഗം എന്ന യാഥാർത്ഥ്യത്തിനു മുന്നിലെത്തുമ്പോൾ ആവിയായി അപ്രത്യക്ഷമായിത്തീരുന്ന മനഃശാസ്ത്രജ്ഞാനവും "ആന്റി സൈക്യാട്രിയു'മെല്ലാം തികച്ചും നിഷ്​പ്രയോജകമാണ്. സാമൂഹ്യാനുഭവങ്ങളിൽ ചിലതിനെയും സാഹിത്യകൃതികളിൽ ചിലതിനെയും വ്യാഖ്യാനിക്കാൻ അവ പ്രയോജനപ്പെട്ടേക്കും. രോഗം അങ്ങനെയുള്ള വ്യാഖ്യാനം കൊണ്ട് ശമിപ്പിക്കാനാവുന്ന ഒന്നല്ല. മനോരോഗം എന്ന പരികൽപന തന്നെ വളരെ അവ്യക്തവും അസമർത്ഥവുമാണെന്ന അഭിപ്രായക്കാരനായിരുന്നു തോമസ് സാസ്. മാനസിക പ്രശ്‌നങ്ങളെ രോഗം എന്ന് വിളിക്കുന്നതിനു തന്നെ എതിരായിരുന്നു ഒരു സൈക്യാട്രിസ്റ്റ് കൂടിയായ അദ്ദേഹം. പക്ഷേ, തന്നെ മനസ്സിലാക്കാൻ കൂട്ടാക്കാത്ത ലോകത്തോട് പ്രതികരിക്കാനുള്ള ഒരു വഴി കണ്ടെത്തുക മാത്രമാണ് രോഗിയായി മുദ്ര കുത്തപ്പെടുന്ന ആൾ ചെയ്യുന്നത് എന്നു പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാനാവുമോ? രോഗമായി നാം തെറ്റിദ്ധരിക്കുന്ന സംസാരവും പെരുമാറ്റവും ഒരു ആശയാവിഷ്‌കാരരീതി തന്നെയാണ് എന്ന് അംഗീകരിക്കുന്നതാണ് യുക്തിസഹം എന്ന് പറയാൻ എളുപ്പമാണ്. അങ്ങനെ പറയുന്നത് പൂർണമായും തെറ്റല്ലാതിരിക്കെത്തന്നെ അതിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്നതും വസ്തുതയാണ്.

സ്‌കിസോഫ്രേിനിയ രോഗികൾക്ക് മരുന്നില്ലാതെ സ്വതന്ത്രമായി ജീവിക്കാനായി കിംഗ്സ്ലി ഹാളിൽ (ബ്രിസ്‌റ്റൊൾ -ലണ്ടൻ) ലെയ്ഞ്ച് ഒരുക്കിക്കൊടുത്ത സുരക്ഷിത സങ്കേതം ഒരു പരാജയമാണെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിയിക്കപ്പെട്ടതും നാല് സ്ത്രീകളിലായി പത്ത് മക്കളുള്ള ലെയ്ഞ്ച് സ്വന്തം പ്രശ്‌നവും കുടുംബത്തിനകത്തെ പ്രശ്‌നങ്ങളും മക്കളുടെ പ്രശ്‌നങ്ങളും പരിഹാരിക്കാനാവാതെ ഉഴറിയ ആളാണെന്ന വാസ്തവം അദ്ദേഹത്തെ വ്യക്തിയെന്ന നിലയിൽ അടുത്തറിയുന്നവർക്ക് ബോധ്യപ്പെട്ടതും മനോരോഗചികിത്സയുടെ വിരുദ്ധരായി സ്വയം പ്രഖ്യാപിക്കുന്നതിൽ അഭിമാനം കൊണ്ടിരുന്നവരും പിൽക്കാലത്ത് മനസ്സിലാക്കിയിട്ടുണ്ട്.
​ഇങ്ങനെയൊക്കെയാണെങ്കിലും രോഗനിർണയവും ചികിത്സയും എല്ലാ തരം മനോരോഗങ്ങളുടെ കാര്യത്തിലും യുക്തിഭദ്രമായല്ല നടക്കുന്നത് എന്ന് രോഗികളായി മുദ്രകുത്തപ്പെട്ടവരുടെ അനുഭവങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളവർക്ക് ബോധ്യപ്പെടാതിരിക്കില്ല.

രോഗം എന്ന അവസ്ഥയിലേക്ക് വ്യക്തി വലിച്ചെറിയപ്പെടുന്നത് പലപ്പോഴും ജീവിതത്തിന്റെ പാർശ്വഫലം എന്ന നിലയക്ക് തന്നെയാണ്.

സ്വഭാവത്തിന്റെ ഭാഗമായുള്ള അപാകതകൾ പലപ്പോഴും മനോരോഗത്തിന്റെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ആ ലക്ഷണങ്ങൾക്ക് ചികിത്സ നൽകാൻ ശ്രമിച്ചാൽ ഒരു പ്രയോജനവുമുണ്ടാവില്ല."താങ്കളുടെ സ്വഭാവത്തിൽ ഇന്നിന്ന പ്രശ്‌നങ്ങളുണ്ട്. അത് താങ്കൾക്കും മറ്റുള്ളവർക്കും ഇത്രയുമൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് 'എന്ന് രോഗിയെ വ്യക്തമായി ബോധ്യപ്പെടുത്താനുള്ള ഒരു വഴി കണ്ടെത്തുകയേ ഇത്തരം കേസുകളിൽ പരിഹാരമാവുകയുള്ളൂ. രോഗം എന്ന അവസ്ഥയിലേക്ക് വ്യക്തി വലിച്ചെറിയപ്പെടുന്നത് പലപ്പോഴും ജീവിതത്തിന്റെ പാർശ്വഫലം എന്ന നിലയക്ക് തന്നെയാണ്. (Side effects of Living എന്നത് മനോരോഗം എന്ന അനുഭവത്തെ വിവരിക്കുന്ന ലേഖനങ്ങളുടെയും ഇതര രചനകളുടെയും ഒരു സമാഹാരത്തിന്റെ പേരാണ്. എഡിറ്റർമാർ: Jhilmil Breckenridge and Namarita Kathait ) ഈ അവസ്ഥ രൂപപ്പെടുന്നത് എങ്ങനെയൊക്കെയാണ്, അത് ഇല്ലാതാക്കുന്നതിൽ സമൂഹത്തിന് എന്തൊക്കെ ചെയ്യാനാവും എന്നീ കാര്യങ്ങളെപ്പറ്റി വളരെ ഗൗരവപൂർണമായ ആലോചനകൾ നമ്മുടെ സമൂഹത്തിൽ നടക്കേണ്ടതുണ്ട്. കുറെയധികം മനോരോഗികളെ രക്ഷപ്പെടുത്തുന്നതിന് ആ ആലോചനകൾ വഴി തുറക്കാതിരിക്കില്ല.

ലെയ്ഞ്ച് രൂപം നൽകിയതിനേക്കാൾ കുറേക്കൂടി പരിഷ്‌കൃതമായ രൂപത്തിലുള്ള "സുരക്ഷിത സങ്കേതങ്ങൾ' രൂപപ്പെടുത്തിയെടുക്കുക എന്നതാണ് മറ്റൊരു വഴി. രോഗികളായിത്തീർന്നവർക്ക് അത്തരം സങ്കേതങ്ങളിൽ അൽപവും അപകർഷതാബോധം അനുഭവിക്കാതെ ജീവിക്കാനും അവരവർക്ക് ഇഷ്ടപ്പെട്ട തൊഴിലുകളിലും സർഗാത്മക വ്യവഹാരങ്ങളിലും ഇടപെടാനും ഉള്ള സൗകര്യങ്ങൾ ലഭ്യമാക്കാനാവുകയാണെങ്കിൽ മനോരോഗചികിത്സയിലെ ഏറ്റവും വലിയ കുതിപ്പ് അതുതന്നെയായിരിക്കും.

മറ്റുള്ളവരിൽ ആത്മവിശ്വാസവും ജീവിതാഭിമുഖ്യവും വളർത്താൻ കഴിവുള്ള ചിലരെ പലപ്പോഴായി പലേടത്തായി ഞാൻ കണ്ടിട്ടുണ്ട്. ഏറെ അറിവും ധൈഷണികശേഷിയുമുള്ള ആളുകൾക്ക് ഇങ്ങനെയുള്ളവർ കൈക്കൊള്ളുന്ന രീതികൾ വളരെ ബുദ്ധിപൂർവമാണെന്ന് തോന്നണമെന്നില്ല. മനഃശാസ്ത്രത്തിലും ഇതരവിഷയങ്ങളിലമുള്ള അവരുടെ അറിവ് വളരെ പരിമിതമാണെന്ന് തോന്നുകയും ചെയ്യാം. പക്ഷേ, ചില സന്ദർഭങ്ങളിൽ, ചില പ്രശ്‌നങ്ങളെ നേരിടുമ്പോൾ അറിവോ പ്രാഗത്ഭ്യമോ ദാർശനിക ഗൗരവമോ അല്ല ഉന്മേഷവും പ്രസാദാത്മകതയും വ്യക്തിയുടെ കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ് അയാൾക്ക്/ അവൾക്ക് ഉതകുന്ന ചില പരിഹാരമാർഗങ്ങളും ചെറിയ ചില ഉപായങ്ങളുമൊക്കെ ഉപദേശിച്ചുകൊടുക്കാനുള്ള ശേഷിയുമാണ് കൂടുതൽ പ്രയോജനം ചെയ്യുക. പേഴ്സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസും മോട്ടിവേഷൻ ക്ലാസും എടുക്കുന്നവരിൽ പലരോടും ശരാശരിയിൽ കവിഞ്ഞ വിവരവും വിവേകവും ഉള്ള ആളുകൾക്ക് മതിപ്പ് തോന്നുന്നതായി കാണാറില്ല. പക്ഷേ, വ്യക്തിത്വവികസനത്തിന്റെ വിദ്യകൾ പഠിപ്പിക്കുന്നവർക്കും ജീവിതവിജയത്തിന്റെ വഴികളിലേക്ക് ആളുകളെ പ്രചോദിപ്പിച്ച് വിടുന്നവർക്കും ഇടയിൽ നല്ല കൗൺസിലർമാരാകാൻ ശേഷിയുള്ള ഏതാനും ചിലർ ഉണ്ടാവുക തന്നെ ചെയ്യും. മന:ശാസ്ത്രം ഔപചാരികമായി പഠിച്ച കൗൺസിലർമാരെക്കാൾ വിജയകരമായി പ്രവർത്തിക്കാൻ അവർക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ നാട്ടിലെ ലൈബ്രറികൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും. മനസ്സുവെച്ചാൽ അനായാസമായി സാധിക്കാവുന്ന കാര്യമാണിത്.

ജീവിതവിജയത്തെക്കുറിച്ച് മാനുഷികതയിൽ ഊന്നിക്കൊണ്ടുള്ള സങ്കൽപങ്ങളെ ഉയർത്തിക്കാട്ടുന്ന, അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പഠനമനനങ്ങൾ പോത്സാഹിപ്പിക്കപ്പെടുന്ന ഇടങ്ങൾ സമൂഹത്തിന്റെ ആവശ്യം തന്നെയാണ്.

"എന്നെ ഏതെങ്കിലും ആശ്രമത്തിൽ കൊണ്ടുചെന്നാക്കണം' എന്ന് എന്റെ അനിയൻ ഒന്നിലധികം തവണ എന്നോടാവശ്യപ്പെട്ടിരുന്നതാണ്. മത്സരാധിഷ്ഠിതമായ ലോകത്തിന്റെ മൂല്യസങ്കൽപങ്ങളെയും ജീവിതവിജയത്തെക്കുറിച്ചുള്ള സങ്കൽപങ്ങളെയും മാനിക്കാതെ സമാധാനത്തോടെ ജീവിച്ചുപോകാൻ പറ്റുന്ന ഇടങ്ങൾ എന്ന നിലയ്ക്കാവും അവൻ ആശ്രമങ്ങളെ സങ്കൽപിച്ചിട്ടുണ്ടാവുക. ആശ്രമജീവിതം അവനെപ്പോലൊരാൾക്ക് അല്ലെങ്കിൽ മനോരോഗം എന്ന് നാം പറഞ്ഞുവരുന്ന അവസ്ഥയിലേക്ക് വീണുകഴിഞ്ഞ ഒരാൾക്ക് പൊരുത്തപ്പെട്ടു പോവാൻ പറ്റുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, അവനടക്കം പലരും ആഗ്രഹിക്കുന്ന തരത്തിൽ ജീവിതവിജയത്തെക്കുറിച്ച് മാനുഷികതയിൽ ഊന്നിക്കൊണ്ടുള്ള സങ്കൽപങ്ങളെ ഉയർത്തിക്കാട്ടുന്ന, അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പഠനമനനങ്ങൾ പോത്സാഹിപ്പിക്കപ്പെടുന്ന ഇടങ്ങൾ സമൂഹത്തിന്റെ ആവശ്യം തന്നെയാണ്. വിശാല താൽപര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനകളാവണം ഇങ്ങനെയുള്ള സങ്കേതങ്ങളുടെ സംഘാടനവും നടത്തിപ്പും ഏറ്റെടുക്കുന്നത്. അവർക്ക് വളരെ ജനാധിപത്യപരമായ രീതിയിൽ അവയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാവും.

ആര് നിർദ്ദേശിക്കുന്ന ഏത് പരിഹാരമാർഗവും യാഥാർത്ഥ്യമായിത്തീരണമെങ്കിൽ മനോരോഗം എന്ന അവസ്ഥയിലേക്ക് വീണുപോകാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്തി രക്ഷിക്കുന്നതിൽ ജാഗരൂകമായിരിക്കുന്ന ഒരു സമൂഹത്തിന്റെ നിർമിതിയാണ് ആദ്യം സംഭവിക്കേണ്ടത്. രാഷ്ട്രീയപ്പാർട്ടികളും സന്നദ്ധസംഘടനകളും സാസ്‌കാരിക പ്രസ്ഥാനങ്ങളുമെല്ലാം അതാതിന്റെ വഴിയിലും കൂട്ടായും ശ്രമിക്കുകയാണെങ്കിലേ അത് സംഭവിക്കൂ. മനോരോഗത്തെ വളരെ കാൽപനികമായ രീതിയിൽ സമീപിക്കുന്നതിനോട് ഒരിക്കലും എനിക്ക് യോജിപ്പ് തോന്നിയിട്ടില്ല. തന്നെ നാനാതരത്തിൽ പീഡിപ്പിക്കുന്ന സമൂഹത്തോട് വ്യക്തി പ്രകടിപ്പിക്കുന്ന പ്രതിഷേധത്തിന്റെയും അയാൾ/ അവൾ നടത്തുന്ന പോരാട്ടത്തിന്റെയും രൂപമായി മനോരോഗത്തെ കാണണമെന്ന വാദത്തെ അതേപടി അംഗീകരിക്കാൻ എനിക്ക് കഴിയില്ല. രോഗാവസ്ഥയിൽ വ്യക്തി അനുഭവിക്കുന്നത് സർഗാത്മകമായ നിഷേധത്തിന്റെയും പ്രതിപ്രവർത്തനത്തിന്റെയും സുഖമാണെന്നും ആ സുഖം ചികിത്സയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിലൂടെയോ ഇല്ലായ്മ ചെയ്യരുത് എന്നും പറയുന്നവർ വ്യക്തി ഈ അവസ്ഥയിൽ അനുഭവിക്കുന്ന വേദനയെ പാടേ അവഗണിക്കുകയാണ് ചെയ്യുന്നത്. അതിലെ ക്രൂരതയോട് ചേർന്നുനിൽക്കാൻ എനിക്ക് കഴിയില്ല.

ഏഴ്

കുട്ടാ,
നിന്റെ മനോവ്യാപാരങ്ങളും വേദനകളും ഭാവനാനിർമിതികൾ തന്നെയും ഞാൻ മോഷ്ടിക്കുകയായിരുന്നു എന്ന നിന്റെ ആരോപണം തീർത്തും തെറ്റായിരുന്നെങ്കിലും നീ അങ്ങനെ കരുതിയതിൽ ഇന്ന് ഞാൻ കുറ്റം കാണുന്നില്ല. എന്നെ സമ്പൂർണമായും മനസ്സിലാക്കിയ ഒരാൾ എന്നതിലപ്പുറം കടന്ന് വ്യക്തി എന്ന നിലയിൽ ഞാനുമായി താദാത്മ്യപ്പെടാൻ നീ ശ്രമിച്ചിരുന്നു. ജ്യേഷ്ഠൻ എന്ന നിലയ്ക്ക് നിന്റെ മേൽ ചെറിയ അളവിലുള്ള അധികാരപ്രയോഗത്തിനു പോലും ഞാൻ ശ്രമിച്ചില്ല. നിന്നെ നിന്റെ വഴിക്ക് വിടുക എന്നതായിരുന്നു ഞാൻ സ്വീകരിച്ച നിലപാട്. പക്ഷേ, നീ എന്നിൽ നിന്ന് ഉപദേശനിർദ്ദേശങ്ങൾ പ്രതീക്ഷിച്ചിരുന്നു, പല സന്ദർഭങ്ങളിലും നിന്റെ രക്ഷകനെപ്പോലെ ഭാവിച്ചു തന്നെ ഞാൻ പെരുമാറേണ്ടതായിരുന്നു, ഏത് ഘട്ടത്തിലും നിന്നെ സഹായിക്കാൻ ഞാൻ ഉണ്ടാവും എന്ന് ആവർത്തിച്ച് പറഞ്ഞ് നിന്നിൽ ആത്മവിശ്വാസം വളർത്തേണ്ടതായിരുന്നു എന്നീ വക കാര്യങ്ങളിലേക്ക് എന്റെ മനസ്സ് പോയില്ല.
അതിനുള്ള വകതിരിവ് അന്നെനിക്കുണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. ഈ വക കാര്യങ്ങളെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് അന്നത്തെ കാലത്ത് പൊതുവിൽ നിലവിലുണ്ടായിരുന്ന ധാരണകളെ പിൻപറ്റുക മാത്രമേ ഞാൻ ചെയ്തുള്ളൂ എന്നും പറയാം. ആ കാലത്തിന്റെതായ മറ്റ് പല പരിമിതികളും കൂടി നമ്മൾ തമ്മിലുള്ള ആശയ വിനിമയത്തെ തടസ്സപ്പെടുത്തിയിരുന്നു. ഇന്നായിരുന്നെങ്കിൽ നിന്നെ ഞാൻ ആദ്യം കൊണ്ടുപോവുന്നത് ഒരു കൗൺസിലറുടെ അടുത്തേക്കായിരിക്കും. ആ കൗൺസിലർ വളരെ വിദഗ്ധനാണെങ്കിൽ തീർച്ചയായും നിന്നെ അയാൾക്ക് കുറെയൊക്കെ സഹായിക്കാൻ കഴിയും. സ്‌കിസോഫ്രേനിയാ രോഗികളുടെ കാര്യത്തിൽ കൗൺസിലർമാർ എത്രത്തോളം വിജയിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. എങ്കിലും ആ ഒരു സാധ്യത ഞാൻ ആദ്യം പരീക്ഷിച്ചു നോക്കുമെന്ന കാര്യം തീർച്ചയാണ്.
നമ്മൾ തമ്മിൽ ആഴ്ചയ്ക്കാഴ്ചയ്ക്ക് കാണാറുണ്ടായിരുന്നു. കുറച്ചു നേരം സംസാരിക്കാറുമുണ്ടായിരുന്നു. പക്ഷേ, ഇന്നായിരുന്നെങ്കിൽ നമ്മുടെ രണ്ടുപേരുടെയും കയ്യിൽ മൊബൈൽഫോൺ ഉണ്ടാവും. കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന ഏത് സന്ദർഭത്തിലും നിനയ്ക്ക് എന്നെ ബന്ധപ്പെടാനാവും. മണിക്കൂറുൾ തന്നെ നമുക്ക് സംസാരിക്കാനാവും. അന്ന് അങ്ങനെയൊരു സൗകര്യം ഉണ്ടായിരുന്നില്ല.

എല്ലാമായിട്ടും എവിടെയൊക്കെയോ ചില വിടവുകൾ ഉണ്ടായിരുന്നു. നിന്റെ രോഗം ഉണ്ടാക്കിയതാണ് ആ വിടവ് എന്നു തന്നെയേ പറയാനാവൂ. രോഗം എവിടെ നിന്നുണ്ടായി എന്നതിനാണ് കൃത്യമായി ഒരുത്തരം കിട്ടാത്തത്.

നിന്നെ ചികിത്സിച്ച ഡോക്ടർമാരിൽ പലരും നല്ല ഉത്തരവാദിത്വബോധമുള്ളവർ തന്നെ ആയിരുന്നു. പക്ഷേ, സ്‌കിസോഫ്രേനിയ തന്നെ പല രോഗികൾക്ക് പലതാണെന്നാണ് ഞാൻ കരുതുന്നത്. രോഗം അതിന്റെ മൂർധന്യാവസ്ഥയിലെത്തിയാൽ രോഗികളെല്ലാവരും ഏറെക്കുറെ ഒരേപോലെയായിരിക്കും. അതിനു മുമ്പ് അവർ പലരാണ്. അവരിൽ നിന്നെപ്പോലുള്ളവർക്ക് മരുന്നിനേക്കാൾ ആവശ്യം ഉറച്ച മാനസിക പിന്തുണയും ഉപദേശ നിർദ്ദേശങ്ങളും സമാനമന‌സ്‌കരുമായുള്ള നിരന്തരമായ ആശയവിനിമയവുമൊക്കെയാണ്. അങ്ങനെയുള്ളവരെ കണ്ടെത്താൻ നീ സ്വയം ശ്രമിച്ചിരുന്നു. പവിത്രനും ദിവാകരനുമായി നീ ദീർഘനേരം സാഹിത്യചർച്ചകളിൽ ഏർപ്പെട്ടിരുന്നു. മിക്കവാറും നീ തന്നെയാണ് സംസാരിച്ചിരുന്നത് എന്നാണ് ദിവാകരൻ പിന്നീട് എന്നോട് പറഞ്ഞത്. എരിപുരത്തെ അക്കാലത്തെ ചെറുപ്പക്കാരിൽ ഏറ്റവും ഉയർന്ന സാഹിത്യബോധമുള്ളയാൾ നീയായിരുന്നുവെന്ന് പവിത്രനും എന്നോട് പറഞ്ഞിട്ടുണ്ട്. "സാമാന്യം നല്ല ധാരണയുണ്ടായിരുന്നു അവന്. വളരെ സെൻസിബിൾ ആയി മാത്രമേ അവൻ സംസാരിച്ചിരുന്നുള്ളൂ.' കഴിഞ്ഞ ദിവസം നിന്നെപ്പറ്റി സംസാരിച്ചപ്പോൾ ശശിമാഷും പറയുകയുണ്ടായി. സോമൻ, ഹരി, അരുൺ തുടങ്ങിയവരുടെ കൂട്ടായ്മയിൽ എരിപുരത്ത് സംഘടിപ്പിക്കപ്പെട്ടിരുന്ന സാഹിത്യ ചർച്ചകളിൽ ഒരു ഘട്ടം വരെ നീ സജീവമായിരുന്നു. അക്കാലത്ത് പുസ്തകപ്രസാധനരംഗത്തു കൂടി പ്രവർത്തിച്ചിരുന്ന ദാമോദരൻ കുളപ്പുറത്തോട് നീ നിന്റെ ഒരു കഥാസമാഹാരം പുറത്തിറക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. ഹരിദാസ് കരിവെള്ളൂരിന്റെ ഇതൾ പബ്ലിക്കേഷൻസ് പുറത്തിറക്കിയ "ഒന്നാമധ്യായം' എന്ന സമാഹാരത്തിലേക്ക് പുതിയ എഴുത്തുകാരുടെ കഥകൾ ക്ഷണിച്ചപ്പോൾ നീ "സ്വന്തം കൃഷ്ണൻ' എന്ന ഒരു കഥ അയച്ചുകൊടുക്കുകയും അവർ അത് ആ സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പറഞ്ഞവരെല്ലാം നിന്നോട് വളരെ സ്‌നേഹപൂർവം പെരുമാറിയരാണ്. നല്ല സാഹിത്യതാൽപര്യമുള്ളവരാണ്. ശശിമാഷാണെങ്കിൽ അന്നു തന്നെ ഏറ്റവും മികച്ച പുസ്തകങ്ങളുടെ നല്ല ഒരു ശേഖരം സ്വന്തമായി ഉള്ള ആളായിരുന്നു. വായനയിലും എഴുത്തിലുമെല്ലാം നിനക്ക് ആവശ്യമായ നിർദ്ദേശങ്ങൾ തരാൻ അദ്ദേഹം സന്നദ്ധനുമായിരുന്നു. മാഷുടെ കയ്യിൽ നിന്ന് നീ മാധവിക്കുട്ടിയുടെ "My Story' വായിക്കാൻ വാങ്ങിയിരുന്നു.

എല്ലാമായിട്ടും എവിടെയൊക്കെയോ ചില വിടവുകൾ ഉണ്ടായിരുന്നു. നിന്റെ രോഗം ഉണ്ടാക്കിയതാണ് ആ വിടവ് എന്നു തന്നെയേ പറയാനാവൂ. രോഗം എവിടെ നിന്നുണ്ടായി എന്നതിനാണ് കൃത്യമായി ഒരുത്തരം കിട്ടാത്തത്.
"ഞാൻ വൃദ്ധരായ മാതാപിതാക്കളുടെ മകനാണ്. എന്റെ പ്രശ്‌നം അതാണ്' എന്ന് പല തവണ നീ ദിവാകരനോട് പറഞ്ഞിരുന്നു. അത് ശരിയായിരിക്കാം. അത്തരത്തിലുള്ള ഒരു അപകർഷതാബോധം നിനയ്ക്ക് ഉണ്ടായിരുന്നിരിക്കാം. ഒരിക്കൽ യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായിരുന്ന അച്ഛൻ നീ കാൺകെത്തന്നെ വിശാസിയായി, ഭക്തനായി, ആത്മീയ ചിന്തകൾ തലയ്ക്കു പിടിച്ചതുപോലെ നടക്കുന്നതിലെ വൈരുധ്യം നിനയ്ക്ക് താങ്ങാൻ പറ്റാത്തതാണെന്നും നീ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതും ശരിയായിരിക്കാം. പക്ഷേ, നിന്റെ സ്ഥാനത്ത് മറ്റൊരാൾക്ക് അതൊന്നും അത്ര വലിയ പ്രശ്‌നമായിത്തീരില്ല.

നിനയ്ക്ക് കുറ്റബോധം തോന്നാതിരിക്കാനും നിന്റെ മനോബലം നഷ്ടപ്പെട്ടുപോവാതിരിക്കാനും എന്നെക്കൊണ്ട് ആവുന്നതൊക്കെും ഞാൻ ചെയ്തിരുന്നു. പക്ഷേ, അത്രയുമൊന്നും മതിയാവുമായിരുന്നില്ല നിനയ്ക്ക് എന്ന് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്

എന്നിൽ നിന്ന് വേണ്ടത്ര സ്‌നേഹം കിട്ടുന്നില്ലെന്ന് നീ ഒന്നുരണ്ട് പേരോട് പറഞ്ഞിരുന്നതായി പിന്നീട് ഞാൻ മനസ്സിലാക്കി. സാധാരണഗതിയിൽ നിനയ്ക്ക് അങ്ങനെ തോന്നേണ്ട കാര്യമേയില്ല. അങ്ങനെ തോന്നി എന്നതിനാലാണ് സ്‌നേഹത്തിന്റെ വലിയ തോതിലുള്ള പ്രകടനവും ഒരുപാട് ശ്രദ്ധയും നീ എന്നിൽ നിന്ന് ആഗ്രഹിച്ചിരുന്നു എന്ന് പിന്നീട് എനിക്ക് ബോധ്യമായത്. ആ ആഗ്രഹം നല്ല സമചിത്തതയുള്ള ഒരു യുവാവിന് ഉണ്ടാകാനിടയില്ല. ആ ഒരു കാരണം മാത്രം അടിസ്ഥാനമാക്കി നിനയ്ക്ക് സമചിത്തത നഷ്ടപ്പെട്ടിരുന്നു എന്ന് ഞാൻ പറയില്ല. പക്ഷേ, കുറച്ചുകൂടി പ്രായോഗിക ബുദ്ധിയും ബൗദ്ധികമായ പക്വതയും ആ കാര്യത്തിൽ നിനയ്ക്ക് ഉണ്ടാകാതെ പോയത് വളരെയേറെ വേദനാജനകമായ ഒരു ഭാഗ്യക്കേട് തന്നെയാണ്.

ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ആദ്യത്തെ നിർണായകപങ്ക് വഹിക്കുന്നത് ഗാർഹികാന്തരീക്ഷം തന്നെയാണ്. വീട്ടിൽ ചെറിയ പ്രായത്തിൽ നീ അവഗണിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. എസ്.എസ്.എൽ.സി വരെ അത്തരത്തിലുള്ള അനുഭവങ്ങളൊന്നും നിനയ്ക്കുണ്ടായതായി എനിക്ക് തോന്നുന്നില്ല. ഞായറാഴ്ചകളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും വെക്കേഷൻ കാലത്തും ഞാൻ വീട്ടിലുണ്ടായിരുന്നപ്പോഴൊന്നും നീ വിഷാദിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എസ്.എസ്.എൽ.സി പരീക്ഷ ആദ്യവട്ടം നീ എഴുതിയില്ല. അച്ഛനും അമ്മയും നിന്റെ നേരെ മുകളിലുള്ള സഹോദരി പ്രസൂനയും ആ സമയത്ത് വീട്ടിലുണ്ട്. നീ പരീക്ഷ എഴുതാതിരുന്നതെന്തുകൊണ്ട് എന്ന് എനിക്ക് മനസ്സിലായില്ല. 1982 മാർച്ചിലാണ് നീ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആ സമയത്ത് നിന്റെ മനോബലം കെടുത്തി പരീക്ഷയെഴുതുന്നതിൽ നിന്ന് നിന്നെ പിന്തിരിപ്പിക്കാൻ പോന്ന പ്രത്യേകസംഭവങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല. എന്നിട്ടും നീ എന്തുകൊണ്ട് പരീക്ഷ എഴുതിയില്ലെന്ന് എനിക്ക് അന്ന് മനസ്സിലാക്കാനേ കഴിഞ്ഞിരുന്നില്ല. നിന്നിൽ രൂപപ്പെട്ടുകൊണ്ടിരുന്ന, അല്ലെങ്കിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന രോഗാവസ്ഥയുടെ ആദ്യത്തെ വ്യക്തമായ വെളിപ്പെടലായിരുന്നു അതെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.

1983 ൽ പരീക്ഷയെഴുതി. ഫസ്റ്റ് ക്ലാസ് നേടി പാസ്സായ നീ പ്രിഡിഗ്രി സെക്കന്റ് ഇയർ പരീക്ഷ വന്നപ്പോൾ അതും എഴുതിയില്ല. അപ്പോഴും ഞാൻ നിന്നെ ഒരു വാക്ക് കൊണ്ടുപോലും കുറ്റപ്പെടുത്തിയില്ല. നിനയ്ക്ക് കുറ്റബോധം തോന്നാതിരിക്കാനും നിന്റെ മനോബലം നഷ്ടപ്പെട്ടുപോവാതിരിക്കാനും എന്നെക്കൊണ്ട് ആവുന്നതൊക്കെും ഞാൻ ചെയ്തിരുന്നു. പക്ഷേ, അത്രയുമൊന്നും മതിയാവുമായിരുന്നില്ല നിനയ്ക്ക് എന്ന് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. നിന്നെ ഞാൻ ഒരു കുട്ടിയെ സ്‌നേഹിക്കുന്നതു പോലെത്തന്നെ സ്‌നേഹിക്കണമായിരുന്നു. വീട്ടിൽ നിന്നും പുറത്തുനിന്നും ഉണ്ടാവുന്ന കുറ്റപ്പെടുത്തലുകളിൽ, കാർക്കശ്യം കലർന്ന പെരുമാറ്റങ്ങളിൽ, നിന്നെ മനസ്സിലാക്കാതുള്ള പ്രതികരണങ്ങളിൽ ഏറ്റവും നിസ്സാരമായവ പോലും നിനയ്ക്ക് താങ്ങാൻ പറ്റുമായിരുന്നില്ല. അത് അതിന്റെ പൂർണാർത്ഥത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നെങ്കിൽ പല സന്ദർഭങ്ങളിലും നിനയ്ക്ക് കുറച്ചൊക്കെ സമാശ്വാസം നൽകാൻ എനിക്ക് കഴിയുമായിരുന്നു. അതുകൊണ്ട് മാത്രം നീ രക്ഷപ്പെടുമായിരുന്നു എന്നൊന്നും എനിക്ക് പറയാനാവില്ല.

നിന്റെ കാര്യങ്ങളെല്ലാം അപ്പപ്പോൾ ഞാൻ അന്വേഷിച്ചിരുന്നു. അതിലപ്പുറം പോയി നിന്നെ രക്ഷിക്കാനും നിനയ്‌ക്കൊരു നല്ല ജീവിതം ഉണ്ടാക്കിത്തരാനും ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റുന്ന സാമ്പത്തികസ്ഥിതിയിലായിരുന്നില്ല അന്ന് ഞാൻ. ഒരു വിധം പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു എന്നു മാത്രമേ അന്നത്തെ എന്റെ അവസ്ഥയെപ്പറ്റി പറയാനാവൂ. ആ അവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്തു. ഒരു കാര്യത്തിലേ എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുള്ളൂ. നിന്നോട് ഒരു പാട് ദിവസങ്ങളിൽ ഒരുപാട് നേരം സംസാരിക്കാൻ ഞാൻ ബോധപൂർവം ശ്രമിക്കണമായിരുന്നു. അന്ന് അത് സാധ്യമാവുമായിരുന്നോ, നീ അതിന് താൽപര്യപ്പെടുമായിരുന്നോ എന്നൊക്കെ എനിക്ക് സംശയമുണ്ട്. എങ്കിലും, ആ ഒരു ശ്രമവും കൂടി നടത്തിനോക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോവുകയാണ്.

പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും ലോകത്തെ കബളിപ്പിക്കാനും ഉള്ള മിടുക്ക് എത്രത്തോളമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോകം ഒരാളെ പരിഗണിക്കുക. അതിനെയാണ് ബുദ്ധി, വകതിരിവ് എന്നൊക്കെ ആളുകൾ പറയുക

നീ മരിക്കുന്നതിനു മുമ്പും പിമ്പും ഒരുപാട് മനുഷ്യരെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പലരുമായും അടുത്തിടപഴകിയിട്ടുണ്ട്. ഈ അനുഭവങ്ങളൊക്കെ വെച്ചുകൊണ്ട് പറയാം; ഞാൻ പരിചയപ്പെട്ട മനുഷ്യരിൽ ഒരാളെപ്പോലെയുമായിരുന്നില്ല നീ. അവരിൽ പലരും നിന്നെക്കാൾ ബുദ്ധിമാന്മാരാണ്. സമർത്ഥരാണ്. വകതിരിവുള്ളവരാണ്. പലരും നല്ല മനുഷ്യരുമാണ്. പക്ഷേ,നിന്റെ അത്രയും മന:ശുദ്ധിയും സൂക്ഷ്മസംവേദനശേഷിയും അവരിൽ ആരിലും തന്നെ ഞാൻ കണ്ടിട്ടില്ല.

അന്യരെ സന്മനോഭാവത്തോടെ കാണാനും സത്യസന്ധമായി ജീവിക്കാനുമുള്ള സന്നദ്ധത സമൂഹം വളരെ ചെറിയ തോതിലേ വ്യക്തിയിൽ നിന്ന് ആവശ്യപ്പെടുന്നുള്ളൂ. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും ലോകത്തെ കബളിപ്പിക്കാനും ഉള്ള മിടുക്ക് എത്രത്തോളമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോകം ഒരാളെ പരിഗണിക്കുക. അതിനെയാണ് ബുദ്ധി, വകതിരിവ് എന്നൊക്കെ ആളുകൾ പറയുക. അതിനെ മാത്രമേ സമൂഹം മാനിക്കുകയുള്ളൂ. നിനയ്ക്ക് അത് ജന്മസിദ്ധമായിത്തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവർക്കും ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കഴിയാറുണ്ട്. അതിന് അവനവന്റെ യഥാർത്ഥ താൽപര്യങ്ങൾ എന്തൊക്കെയാണെന്നും കഴിവുകൾ (അവ എത്ര പരിമിതമായ അളവായിരുന്നാലും) എന്തൊക്കെയാണെന്നും വ്യക്തി തിരിച്ചറിയണം. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ തന്റെതായ ഒരു ജീവിതശൈലി രൂപപ്പെടുത്തണം. അതും നിനയ്ക്ക് സാധ്യമായില്ല. നീ ഒരു പച്ചപ്പാവമായിരുന്നു.

എട്ട്

കുട്ടൻ പോയ്ക്കഴിഞ്ഞപ്പോൾ അമ്മയ്ക്ക് കടുത്ത ഏകാന്തതയും മറ്റ് മന:പ്രയാസങ്ങളും ഉണ്ടായി. അതിനൊക്കെയുള്ള പരിഹാരമായി ആരോ നിർദ്ദേശിച്ചതായിരുന്നു ഒരു ഗണപതിഹോമം. അമ്മ വാസ്തവത്തിൽ ഒരു വിശ്വാസിയായിരുന്നില്ല. ആചാരാനുഷ്ഠാനങ്ങളിലൊന്നും യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും ഈ നിർദ്ദേശം അമ്മ സ്വീകരിച്ചു. ഹോമം നിർദ്ദേശിച്ച ആൾ തന്നെ അത് നടത്താനുള്ള ആളെയും ഏർപ്പാടാക്കിക്കൊടുത്തു. ഇത്രയും കഴിഞ്ഞാണ് അമ്മ എന്നോട് വിവരം പറഞ്ഞത്. ഞാൻ എതിരായി ഒന്നും പറഞ്ഞില്ല. ഇത്തരം സന്ദർഭങ്ങളിൽ യുക്തിവാദത്തിന്റെ പക്ഷം ചേർന്നു നിന്ന് വാശിപിടിക്കേണ്ട, അമ്മയുടെ മന:സമാധാനം തന്നെയാണ് പ്രധാനം എന്നെനിക്ക് തോന്നി. ആ തോന്നൽ ശരിയായിരുന്നു എന്നു തന്നെയാണ് ഇന്നും ഞാൻ കരുതുന്നത്.
1994 ഡിസംബർ 30ന് സന്ധ്യ കഴിഞ്ഞാണ് എരിപുരത്തെ വീട്ടിൽ ഗണിപതിഹോമം നടന്നത്. ആ വീട്ടിൽ അതിന് മുമ്പും പിമ്പും അങ്ങനെയൊന്ന് നടന്നിട്ടില്ല.. വെള്ളിയിൽ തീർത്ത ചെറിയ ആൾരൂപം ഹോമത്തിനു ശേഷം പൂജാരി എന്റെ കയ്യിൽ തന്നു.

പിറ്റേന്ന് രാവിലെ ആ ആൾരൂപവുമായി ഞാനും ചാരു(സുചേത്)വും ദിവാകരനും തൃച്ഛംബരം ക്ഷേത്രത്തിൽ പോയി. തീർത്ഥക്കുളത്തിൽ കഴുകി വൃത്തിയാക്കിയ രൂപം വെച്ച് പൂജാരിയുടെ നിർദ്ദേശാനുസരണം ചാരു പിണ്ഡം വെച്ചു. പിന്നെ രൂപം ക്ഷേത്രത്തിന് സമർപ്പിച്ച് ഞങ്ങൾ മടങ്ങി.

95 ജനുവരി ഒന്നാം തിയ്യതി ഞാൻ എന്റെ നോട്ടുപുസ്തകത്തിൽ ഇങ്ങനെ കുറിച്ചു: കുട്ടനില്ലാതെ പുതിയ ഒരു വർഷം പിറക്കുന്നു. എന്തൊക്കെയോ വിചാരങ്ങൾ കൊണ്ട് വിങ്ങുകയാണ് ഞാൻ. കഴിഞ്ഞുപോയ ഓരോ ദിവസവും അവനെ ഞാൻ പല കുറി ഓർമിച്ചിരുന്നു. നാളെയും ഓർക്കും. ജീവിതാന്ത്യം വരെ ഇത് തുടരും.

ഒമ്പത്

ഒരാളുടെ സ്വത്വം എന്നത് അയാൾക്ക് മാത്രമായി രൂപപ്പെടുത്താനാവുന്ന ഒന്നല്ല എന്ന അറിവ് ഇക്കാലത്ത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷേ, ഈ അറിവ് ചില സ്‌കിസേഫ്രേനിയ രോഗികളുടെ കാര്യത്തിൽ വളരെ തീക്ഷ്ണമായ ഒന്നാണ്. അയാളെ സംബന്ധിച്ചിടത്തോളം അന്യനും അയാളും തമ്മിൽ അകലമില്ല.

പലപ്പോഴും അന്യനും അയാൾക്കുമിടയിൽ ഒരു ശൂന്യസ്ഥലമില്ല. അന്യനും അയാളും ഒന്നു തന്നെയാണ്. എന്നാൽ സാധാരണജീവിതത്തിൽ അന്യൻ ഈ വസ്തുത അംഗീകരിക്കില്ല. അയാൾ അയാളുടെതായ ഒരു സ്വതന്ത്രജീവിതം നയിക്കുകയാണ്. ആരാണോ തന്നെ അയാളുടെ സ്വത്വത്തിന്റെ തുടർച്ചയായി കാണുന്നത് ആ മനുഷ്യന്റെ തോന്നലിനെ അവഗണിച്ചുകൊണ്ടാണ് അന്യൻ ജീവിക്കുന്നത്. ഇത് മനസ്സിലാക്കുന്നതോടെ രോഗിക്കുണ്ടാവുന്ന വെറുപ്പും രോഷവും കഠിനമായിരിക്കും. കുട്ടന് രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്നോട് തോന്നിയ വെറുപ്പിന്റെയും രോഷത്തിന്റെയും യഥാർത്ഥ കാരണം ഇതാണ്. തക്ക സമയത്ത് ഞാൻ കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഞങ്ങളുടെ ബന്ധത്തിന് ആ ഘട്ടത്തിൽ പോലും അവന് സമാശ്വാസം നൽകും വിധത്തിലുള്ള പുതിയൊരു തലം ഉണ്ടാക്കിയെടുക്കാമായിരുന്നുവെന്ന് പിന്നീട് ഞാൻ ആലോചിച്ചുപോയിട്ടുണ്ട്.
സ്‌നേഹം പല രൂപത്തിലാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും അത് പൊസസ്സീവ് സെൻസ് മാത്രമാണ്. ചിലരുടെ കാര്യത്തിൽ അത് തന്നെ മറ്റൊരാളിൽ ലയിപ്പിക്കലാണ്. പലരുടെയും കാര്യത്തിൽ അത് സ്‌നേഹം എന്ന് വിളിക്കപ്പെടാൻ യോഗ്യതയുള്ള ഒന്നു തന്നെയല്ല. കാര്യസാധ്യത്തിനു വേണ്ടിയുള്ള നീക്കുപോക്കുകൾ മാത്രമാണ്.

മന:ശാസ്ത്രജ്ഞാനത്തിന്റെ പ്രയോഗത്തിന് മറ്റൊരാളുടെ മനസ്സിലെ രഹസ്യങ്ങൾ കണ്ടെത്തി ആ രഹസ്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് അയാളെ പുറത്തുകടക്കാൻ സഹായിക്കുക എന്നു മാത്രം അർത്ഥം കൽപിക്കുന്ന ധാരാളം പേരുണ്ട്. ചിലരുടെ കാര്യത്തിൽ ഈ അർത്ഥം പ്രസക്തമായിരിക്കും. എന്നാൽ പലരുടെ കാര്യത്തിലും ഇത് അസംബന്ധവും അപ്രസക്തവുമായിരിക്കും. ആരെയും കുറ്റം പറയുകയല്ല. കഠിനമായ ചില ധാരണപ്പിശകുകൾ ഈ മേഖലയിൽ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്.

കൗമാരത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രണയവും ലൈംഗികബന്ധങ്ങളുമൊക്കെ സാധ്യമായിരുന്നെങ്കിൽ ഒരു വേള നീ വേറൊരാളാവുമായിരുന്നു. ചെറുപ്പത്തിലേ മദ്യപാനം ശീലിച്ചിരുന്നെങ്കിലും നിന്റെ അവസ്ഥ മറ്റൊന്നാവുമായിരുന്നു.

കുട്ടാ, നിന്റെ യഥാർത്ഥ പ്രശ്‌നം നിന്നിലെ ലൈംഗികതയ്ക്ക് പ്രയോഗക്ഷമമാവാൻ അവസരം കിട്ടിയില്ല എന്നതാണെന്ന് ധരിച്ചവരുണ്ട്. അവർ കരുതുന്നതുപോലെ കൗമാരത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രണയവും ലൈംഗികബന്ധങ്ങളുമൊക്കെ സാധ്യമായിരുന്നെങ്കിൽ ഒരു വേള നീ വേറൊരാളാവുമായിരുന്നു. ചെറുപ്പത്തിലേ മദ്യപാനം ശീലിച്ചിരുന്നെങ്കിലും നിന്റെ അവസ്ഥ മറ്റൊന്നാവുമായിരുന്നു. നീ പുകവലി ശീലിച്ചിരുന്നെങ്കിലും നിന്റെ പ്രകൃതത്തിൽ മാറ്റങ്ങളുണ്ടാവുമായിരുന്നു. ഇങ്ങനെയുള്ള ഒരുപാട് സാധ്യതകൾ കണ്ടെത്തി അവ യാഥാർത്ഥ്യമായിത്തീർന്നില്ല അതാണ് നിന്നെ രോഗിയാക്കിയത് എന്നു പറയുന്നതിന് ഞാൻ യാതൊരു ഗൗരവവും കൽപിച്ചിട്ടില്ലെങ്കിലും അത്തരം പറച്ചിലുകളിലും ചില ശരികളുണ്ടല്ലോ എന്ന് ആലോചിച്ചു പോയ ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ, ഞാൻ പലവട്ടം ഗൗരവത്തിൽ ആലോചിച്ച കാര്യം മറ്റൊന്നാണ്: നിന്റെ ഒരാളുടെ മാത്രമല്ല നിന്നെപ്പോലുള്ള പലരുടെയും മനോലോകം സഞ്ചരിക്കുന്ന വഴികളുമായി ബന്ധപ്പെട്ട സംഗതികളെക്കുറിച്ച് വളരെ അർത്ഥപൂർണവും സർഗാത്മകവുമായ ആലോചനകൾ അവതരിപ്പിക്കുകയും സംവാദങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനുള്ള മികച്ച ഒരു സംവിധാനം നമ്മുടെ നാട്ടിലുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, നീ ഒരു രക്ഷാമാർഗം കണ്ടെത്തുമായിരുന്നു. ആ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നിന്റെ വളരെ വ്യക്തിഗതമായ വിചാരങ്ങളിലേക്കും താൽപര്യങ്ങളിലേക്കും എത്തിച്ചേരണമെന്നില്ല. നിന്റെ മനസ്സ് പോകുന്ന വഴികളിലേക്ക് അത് ഇടയ്ക്കിടെ പ്രവേശിച്ചാൽ മതിയായിരുന്നു. കലയും സാഹിത്യവും ചരിത്രവും ശാസ്ത്രവുമെല്ലാം ഇടുങ്ങിയ താൽപര്യങ്ങളാൽ അസ്വതന്ത്രമാക്കപ്പെട്ടല്ലാതെ പഠിക്കാനും ചർച്ച ചെയ്യാനുമുള്ള ഉന്നത നിലവാരം പുലർത്തുന്ന അനൗപചാരിക സംവിധാനങ്ങളായി നമ്മുടെ നാട്ടിലെ ഗ്രന്ഥാലയങ്ങളും മറ്റ് സാംസ്‌കാരിക സംരംഭങ്ങളും മാറുകയാണെങ്കിൽ നിന്നെപ്പോലുള്ള ഒരുപാട് ചെറുപ്പക്കാർ രക്ഷപ്പെടുമെന്നതിൽ എനിക്ക് സംശയമേയില്ല.

പത്ത്

കുട്ടാ,
ഞാനെഴുതിയതെല്ലാം നീ എഴുതിയതാണ് എന്ന് നീ പറഞ്ഞു നടന്നതിൽ ഒരു നുള്ള് വാസ്തവമുണ്ടെന്ന് ഇന്നെനിക്ക് തോന്നിപ്പോവുന്നുണ്ട്. എന്റെയും നിന്റെയും ജീവിതം രണ്ട് വഴിയിലൂടെയാണ് സഞ്ചരിച്ചതെങ്കിലും ഒരു ഘട്ടം വരെ മനസ്സുകൊണ്ട് നമ്മൾ ഒന്നായിരുന്നുവെന്നും നിന്നെ നയിച്ച വികാരങ്ങളും ലോകാനുരാഗവും ആ അളവിലല്ലെങ്കിലും എന്നിലും പ്രവർത്തിച്ചിരുന്നുവെന്നും ഞാൻ കരുതുന്നു. അതുകൊണ്ട് നീ എഴുതേണ്ടത് ഞാൻ എഴുതി, അല്ലെങ്കിൽ നിന്റെ എഴുത്ത് ഞാൻ മോഷ്ടിച്ചു എന്ന ആരോപണത്തിൽ തീർച്ചയായും ശരിയുണ്ട്.
കുട്ടാ, ഇപ്പോൾ എനിക്ക് മറ്റൊന്നു കൂടി തോന്നുന്നുണ്ട്: ജീവിച്ചിരുന്നെങ്കിൽ നിനയ്ക്ക് എഴുതാൻ കഴിയുമായിരുന്ന, ഒരു വേള നീ എഴുതുമായിരുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ എഴുതുന്നത്. ആ അർത്ഥത്തിൽ നിന്റെ എഴുത്തിനെ ഞാൻ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഞാൻ ഞാൻ മാത്രമല്ല. എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത് എഴുതുകയേ ചെയ്യാത്ത ഒരുപാട് മനുഷ്യരാണ്. അവരെല്ലാം കൂടിച്ചേർന്നതാണ് ഞാൻ. ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു: ഇങ്ങനെ രൂപപ്പെട്ട എന്റെ സ്വത്വത്തിന്റെ പരമ പ്രധാനമായ ഒരു ഭാഗം തന്നെയായിരുന്നു നീ. മരണാനന്തരവും നീ അങ്ങനെ തന്നെ തുടരുകയാണ്. ഞാൻ ഞാൻ മാത്രമല്ല, ആവുകയുമില്ല, അവസാനശ്വാസം വരെയും.▮​(അവസാനിച്ചു.)


Comments