കുമാരനാശാൻ / ചിത്രീകരണം: ദേവപ്രകാശ്

അമ്മയും അച്ഛനും

ഞാൻ മാത്രമല്ലാത്ത ഞാൻ

പന്ത്രണ്ട്

രിച്ചു പോയവരെപ്പറ്റി, പ്രത്യേകിച്ചും അച്ഛനമ്മമാരെപ്പറ്റി മോശമായി ഒന്നും പറയരുത് എന്ന നിലപാട് പൊതുസമ്മതിയുള്ളതാണ്. അതിനെ ചോദ്യം ചെയ്ത് വിപ്ലവകാരിയാവാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്നു തോന്നുന്നു. എന്റെ തലമുറയിലെയും ഭാവിയിലെയും രക്ഷിതാക്കൾക്ക് അത് പ്രയോജനപ്പെട്ടേക്കും.

എന്റെ അമ്മ തീരെ ദരിദ്രമായ ഒരു കുടുംബത്തിലല്ല ജനിച്ചത്. ആവശ്യത്തിന് വിദ്യാഭ്യാസം നേടാനും 1947ൽ തന്നെ ഒരു ടീച്ചറാവാനും കഴിഞ്ഞത് അതുകൊണ്ടാണ്. ഇളയമ്മമാർക്ക് രണ്ടുപേർക്കും എന്തുകൊണ്ടെന്നറിയില്ല, ചെറിയ ക്ലാസിനപ്പുറം പോവാൻ പറ്റിയില്ല. അമ്മാമൻമാരിൽ ഏറ്റവും മുത്തയാളെപ്പറ്റി നേരത്തേ പറഞ്ഞു കഴിഞ്ഞു. അമ്മയുടെ ഏച്ചി (അമ്മമ്മയുടെ ആദ്യവിവാഹത്തിലുണ്ടായ പാറു എന്നവർ)ചെറുപ്രായത്തിൽത്തന്നെ നല്ല നിലയിൽ വിവാഹിതയായി ഭർത്താവിനൊപ്പം സുഖമായ ജീവിതം നയിക്കുന്ന അവസ്ഥയിലായി. അമ്മാമന്മാരിലൊരാൾ പട്ടാളക്കാരനായിരുന്നു. ഇളയ അമ്മാമൻ പതിനാറ് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ സിംഗപ്പൂരിലേക്ക് പോയി. അവിടെ നിന്ന് പിന്നെ ലണ്ടനിലേക്കും. ഇങ്ങനെയൊക്കെ നോക്കിയാൽ അമ്മയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നില്ല എന്നു തന്നെ പറയാം. പക്ഷേ, അമ്മയുടെ കുട്ടിക്കാലം പരാധീനതകൾ നിറഞ്ഞതായിരുന്നുവെന്നും അമ്മയ്ക്ക് ആവശ്യമായ ഉപദേശനിർദ്ദേശങ്ങളും സഹായവും നൽക്കാൻ ആരുമുണ്ടായിരുന്നില്ല എന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് അമ്മ സ്വയം പരിശ്രമിച്ച് ജോലി നേടി. ആദ്യം സ്വകാര്യ സ്‌കൂളിലും പിന്നെ സർക്കാർ സ്‌കൂളിലും. ഈ അനുഭവം അമ്മയിൽ ആത്മവിശ്വാസത്തിനു പുറമെ നിർണായക ഘട്ടങ്ങളിൽ താൻ ഒറ്റയ്ക്കായിരിക്കുമെന്നും ആരെയും കാര്യമായി ആശ്രയിക്കാനാവില്ല എന്നും ഉള്ള ബോധവും ഉണ്ടാക്കി. ഇളയ സഹോദരനൊഴിച്ച് മറ്റുള്ളവരുമായുള്ള അമ്മയുടെ ബന്ധം മിക്കപ്പോഴും വേണ്ടത്ര ഊഷ്മളമായിരുന്നില്ല. ആരോടും ശത്രുത കാണിച്ചിരുന്നില്ലെന്നതും പലപ്പോഴും ബന്ധുക്കളുടെ സഹായം തേടിയിരുന്നു എന്നതും സത്യമാണ്. എന്നെയും എന്റെ സഹോദരിമാരിൽ രണ്ടുപേരെയും വളർത്തുന്നതിൽ ജാനകി എന്ന സഹോദരിയും അമ്മയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ യശോദ എന്ന സഹോദരിയും വലിയ സഹായം ചെയ്തിരുന്നു എന്ന കാര്യവും എനിക്ക് മറക്കാനാവില്ല. പാറു ഏച്ചിയോട് അമ്മയ്ക്ക് എല്ലാ കാലത്തും ആഴമേറിയ സ്‌നേഹമുണ്ടായിരുന്നുവെന്ന് എനിക്ക് കൃത്യമായി അറിയുകയും ചെയ്യാം.

പക്ഷേ, പറശ്ശിനിക്കടവിലും കണ്ണാടിപ്പറമ്പിലും അച്ഛന്റെ വീട്ടുകാരുള്ള പട്ടുവം എന്ന സ്ഥലത്തുമായി പടർന്നു കിടക്കുന്ന വലിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന തോന്നൽ സജീവമായി നിലനിർത്തിക്കൊണ്ടല്ല ഞാനും സഹോദരങ്ങളും വളർന്നത്. അമ്മ നേരത്തേ പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ, അല്ലെങ്കിൽ താൻ ഒറ്റയ്ക്കാണ് എന്ന അമ്മയുടെ ശക്തമായ തോന്നലിന്റെ, സ്വാധീനം ഞങ്ങളെ ബാധിച്ചതുകൊണ്ടാകാം കുടുംബബന്ധങ്ങളിൽ ആഴത്തിൽ വേരുകളുണ്ട് എന്ന തോന്നലുമായി ജീവിക്കുന്നവർ അനുഭവിക്കുന്ന ആഹ്ലാദവും ആത്മവിശ്വാസവും ഞങ്ങൾക്ക് കൈവന്നില്ല. അതിൽ മുമ്പൊന്നും കാര്യമായ വിഷമം തോന്നാതിരുന്നത് ആറോ ഏഴോ മാസങ്ങളുടെ ഇടവേള നിലനിർത്തിക്കൊണ്ടാണെങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കും വരവും തുടരുന്നുണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇന്നത്തേതു പോലെ വാഹനസൗകര്യങ്ങളും മൊബൈൽഫോണും ലാന്റ് ഫോൺ തന്നെയും ഇല്ലാതിരുന്ന കാലത്ത് വരുമാനം വളരെ പരിമിതമായിരിക്കുക കൂടി ചെയ്യുന്ന അവസ്ഥയിൽ പല സ്ഥലത്തായി ജീവിക്കുന്നവർക്കിടയിൽ കുടുംബബന്ധങ്ങൾ അത്രയുമേ നിലനിർത്തിക്കൊണ്ടുപോവാനാവൂ എന്ന പ്രശ്‌നവും ഉണ്ട്.

എങ്കിലും ചിലപ്പോഴൊക്കെ വിപരീത ദിശയിൽ ഞാൻ ചിന്തിക്കാറുണ്ട്. കുടുംബത്തിന്റെ വൈപുല്യം ഉപരിപ്ലവമായല്ലാതെ തന്നെ ആഘോഷിക്കുന്ന അവസ്ഥ രൂപപ്പെടുകയാണെങ്കിൽ അത് നല്ലതു തന്നെയാണ്. തലമുറകൾ മുമ്പുള്ള ബന്ധത്തിന്റെ കണ്ണികളെല്ലാം ചേർത്തു പിടിക്കാനാവുമെങ്കിൽ പല പ്രകൃതക്കാരായ, പല അനുഭവമേഖലകളിലൂടെ കടന്നു വന്ന ആളുകൾക്ക് ഒത്തുകൂടാനാവും. അത് ജീവിക്കുന്നതിന്റെ ആനന്ദവും സുരക്ഷിതത്വബോധവുമൊക്കെ വർധിപ്പിക്കുന്നതിന് ചെറിയ അളവിലെങ്കിലും സഹായിക്കും. കഴിഞ്ഞ ഒന്നുരണ്ട് ദശകത്തോളമായി കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ പല കുടുംബക്കാരും താൽപര്യം പ്രകടിപ്പിച്ചു വരുന്നതായി കാണാറുണ്ട്. അത്തരം യോഗങ്ങൾക്ക് തുടർച്ചകൾ സംഭവിക്കുന്നത് വിരളമാണെന്നു മാത്രം. വിപുലമായ കുടുംബകൂട്ടായ്മകൾ പലതുണ്ടാവുകയും അവതമ്മിലുള്ള സ്വതന്ത്രമായ ആശയവിനമയം സംഭവിക്കുക കൂടി ചെയ്യുകയാണെങ്കിൽ സാമൂഹ്യജീവിതത്തിന് അത് നല്ല ഉണർവുണ്ടാക്കിയേക്കുമെന്നാണ് തോന്നുന്നത്.

കുടുംബത്തിലുള്ളവരെല്ലാം പരസ്പരം അറിയണമെന്നും കുടുംബവൃക്ഷത്തിന്റെ ചിത്രം എല്ലാ ശാഖകളും കൃത്യമായിത്തന്നെ അടയാളപ്പെടുത്തിക്കൊണ്ട് വരച്ചുവെക്കണമെന്നും അടുത്ത കാലത്തായി പലർക്കും തോന്നിത്തുടങ്ങിയതിന്റെ കാരണങ്ങൾ പലതാവാം. അവയിൽ ഒന്നുമാത്രം ചൂണ്ടിക്കാണിക്കാം. ആഗോളവൽക്കരണം ഒരു യാഥാർത്ഥ്യമായിത്തീർന്നതോടെ പല കുടുംബങ്ങളിലെയും ഒരുപാടുപേർ തൊഴിൽ നേടിയും വിദ്യാഭ്യാസത്തിനു വേണ്ടിയും ലോകത്തിന്റെ പല കോണുകളിൽ എത്തിച്ചേരുന്നുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെ അമേരിക്കയിലും ആസ്‌ട്രേലിയയിലും കാനഡയിലും ഇംഗ്ലണ്ടിലും ഗൾഫ് നാടുകളിലുമെല്ലാമായിരിക്കുന്നതിൽ ഇക്കാലത്ത് ആരും അത്ഭുതം പ്രകടിപ്പിക്കാറില്ല. മിക്ക കേരളീയ ഗ്രാമങ്ങളിലും അത്തരത്തിലുള്ള പല കുടുംബങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ, എല്ലാം ചിതറിപ്പോവുകയാണ്, ഓർമകൾ അനാഥമാവുകയാണ്, പാരമ്പര്യമെന്നത് നിരർത്ഥമാവുകയാണ്, എല്ലാറ്റിനെയും യോജിപ്പിച്ചു നിർത്താനും പരിരക്ഷിക്കാനുമായി ഒരു കേന്ദ്രം ആവശ്യമാണ് എന്നൊക്കെ ഇടത്തരം സാമ്പത്തിക ശേഷിയുള്ള പല കുടുംബങ്ങളിലെയും ആളുകൾക്ക് തോന്നിത്തുടുങ്ങുക സ്വാഭാവികമാണ്. ആഗോളവൽക്കരണകാലത്ത് എല്ലാവരും ലോകത്തിന്റെ എല്ലാ ഭാഗങ്ങളുമായി കണ്ണി ചേർക്കപ്പെടുമ്പോൾത്തന്നെ നേരെ എതിർദിശയിലേക്ക് സഞ്ചരിച്ച് അവനവന്റെ ഭാഷയും സംസ്‌കാരവും പ്രാദേശികവും കുടുംബപരവുമായ ഓർമകളും സംരക്ഷിക്കാനുള്ള വെമ്പലും ശക്തിപ്പെടുന്നുണ്ട്. സ്‌കൂളുകളിലെയും കോളേജുകളിലെയും പൂർവവിദ്യാർത്ഥിക്കൂട്ടായ്മകൾ മുതൽ വിപുലമായ കുടുംബയോഗങ്ങൾ വരെ ഒന്നുചേരാനും ഓർമകൾ പങ്കുവെക്കാനുമുള്ള ശ്രമങ്ങൾ പലതും ഉണ്ടാവുന്നതിന്റെ പശ്ചാത്തലം ഇതാണ്. പ്രാദേശിക ചരിത്രത്തിന്റെ നിർമാണം, സ്വന്തം പ്രദേശത്തു കൂടി ഒഴുകുന്ന നദിയുടെ സ്രോതസ്സ് മുതൽ അത് ഒഴുകി കടലിൽ പതിക്കുന്നതു വരെയുള്ള വഴിയുടെ മാപ്പ് തയ്യാറാക്കൽ, നദീതീരത്തെ ജനപഥങ്ങളുടെ ചരിത്രമെഴുതൽ, ഓരോ ഗ്രാമത്തിന്റെയും പുരാവസ്തുപഠനം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ജനങ്ങൾക്ക് മുമ്പില്ലാതിരുന്ന താൽപര്യം ഉണ്ടായി വന്നതും ഈ സാഹചര്യത്തിൽ തന്നെ. നാടോടി വിജ്ഞാനീയം എന്ന ജ്ഞാനമേഖലയിൽ വ്യാപരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വമ്പിച്ച വർധനവിനെ കൂടി ഇതിനോട് ചേർത്തുവെക്കാം. സാർവലൗകികതയെ ആശ്ലേഷിക്കാനുള്ള വെമ്പലിനോടൊപ്പം പ്രാദേശികസംസ്‌കാരത്തിന് പുതിയ ഊർജം നൽകാനുള്ള ശ്രമങ്ങളും ശക്തിപ്പെടുന്നത് ആഗോളതലത്തിൽത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

ഞാൻ എന്റെ അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞു തുടങ്ങിയേടത്തു നിന്നാണ് വഴി മാറി ഇവിടം വരെ എത്തിയത്. ഇനി അവരിലേക്കു തന്നെ തിരിച്ചു വരാം. അവർ തമ്മിൽ ഏകദേശം ഇരുപത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടായിരുന്നു. വിദ്യാഭ്യാസം, ജോലി എന്നിവയിലുള്ള അന്തരത്തിനു പുറമെ രാഷ്ട്രീയത്തിലും സാമൂഹ്യകാര്യങ്ങളിലുമുള്ള താൽപര്യത്തിന്റെ അളവിലെ പൊരുത്തക്കേടും അവരെ വല്ലാതെ അകറ്റിയിരുന്നു. രണ്ട് വിവാഹബന്ധങ്ങൾ വേർപെടുത്തിയതിനു ശേഷം അച്ഛൻ മൂന്നാമത് വിവാഹം കഴിച്ച സ്ത്രീയാണ് എന്റെ അമ്മ. വിവാഹജീവിതത്തിന്റെ ആദ്യത്തെ ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ, അതായത് എനിക്ക് മൂന്നുനാല് വയസ്സായപ്പോൾത്തന്നെ അവർ തമ്മിലുള്ള പൊരുത്തക്കേടുകൾ വലിയ വഴക്കുകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും എത്തിച്ചേർന്നിരുന്നു. അതിനൊക്കെ സാക്ഷികളായാണ് ഞാനും എന്റെ സഹോദരങ്ങളും വളർന്നത്. പൊരുത്തക്കേടും സംഘർഷവും അവരിരുവരുടെയും സ്വഭാവത്തിൽ വരുത്തിത്തീർത്ത മാറ്റങ്ങളുടെ ഫലങ്ങൾ ഞാനും എന്റെ തൊട്ടുതാഴെയുള്ള സഹോദരി പ്രകാശിനിയും താരതമ്യേന കുറഞ്ഞ തോതിലാണ് അനുഭവിച്ചത്. പ്രസന്ന, പ്രസൂന എന്നീ അനിയത്തിമാർക്കും അനിയൻ പ്രദീപനുമാണ് അത് താങ്ങാൻ പറ്റാത്ത അളവിൽ സഹിക്കേണ്ടി വന്നത്. വിശേഷിച്ചും അനിയന്.

കോവിഡ് കാലത്ത് ആറേഴുമാസത്തിലധികം കാലം ഞാൻ പുറംലോകം കാണാതെ വീട്ടിനകത്തു തന്നെ കഴിച്ചു കൂട്ടി. പരിഹരിക്കാൻ പ്രയാസമായ ചില ശ്വാസകോശപ്രശ്‌നങ്ങളുള്ള ഞാൻ അറിഞ്ഞുകൊണ്ട് ആപത്ത് വിളിച്ചു വരുത്തേണ്ട എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. 2020 മാർച്ച് മുതലിങ്ങോട്ട് ആദ്യത്തെ ആറ് മാസത്തിലേറെ കാലം കാര്യമായ ബുദ്ധിമുട്ടൊന്നുമില്ലാതെ കടന്നുപോയി. മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി ഇരുന്ന് എഴുതാനും വായിക്കാനു കഴിയുന്നതിന്റെ സുഖം ഞാൻ അനുഭവിച്ചു എന്നു പോലും പറയാം. പക്ഷേ, പെട്ടെന്നൊരു ദിവസം എന്തോ കാരണത്താൽ എനിക്ക് അകാലത്തിൽ ജീവിതമവസാനിപ്പിച്ച എന്റെ അനിയന്റെ ഓർമ വന്നു. ഒപ്പം ഞങ്ങളുടെ വീടിന്റെ ഓർമയും. അത് വല്ലാത്തൊരു വരവ് തന്നെയായിരുന്നു. അനിയന്റെ രൂപം, തീരെ ചെറിയ കുട്ടിയായിരുന്ന കാലം മുതൽ അവൻ എന്നോട് കാണിച്ച അടുപ്പം, ഞങ്ങൾ തമ്മിൽ സംസാരിച്ച കാര്യങ്ങൾ, ഒന്നിച്ചു നടന്ന വഴികൾ ഇങ്ങനെ എത്രയോ കാര്യങ്ങൾ ഉള്ളിൽ തിക്കിത്തിരക്കിയെത്തി. ഓരോന്നും നീണ്ടുനീണ്ടുപോകുന്ന ഓരോ വലിയ നീറ്റലായിരുന്നു. നീറിനീറി ജീവിതം തന്നെ വളരെ പെട്ടെന്ന് അവസാനിച്ചേക്കും എന്നെനിക്ക് തോന്നി. മരണഭയമല്ല എന്നെ അലട്ടിയത്. ഓർമകൾ തരുന്ന വേദന എനിക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ പല മടങ്ങായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ പലരെയും വിളിച്ചു. കോവിഡ് ഒരുപാട് പേരുടെ മാനസികജീവിത്തിനുമേൽ കടുത്ത ആഘാതമേൽപിച്ചിട്ടുണ്ട്.

പുറത്തിറങ്ങി മറ്റ് മനുഷ്യരെ കാണാനും നേരിട്ട് രണ്ട് വർത്തമാനം പറയാനും സാധ്യമാവാത്തതു കാരണം ഫോണിൽ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോൾ തന്നെ കരയുന്ന അവസ്ഥയിലാണ് പലരും. നിത്യവരുമാനക്കാരായ എത്രയോ പേർ കടുത്ത സാമ്പത്തിക ദുരിതത്തിൽ അകപ്പെട്ടിട്ടുണ്ട്. തുടർച്ചയായി വീട്ടിലിരിക്കേണ്ടി വന്നതിൽ നിന്നുണ്ടായ മനസിക സമ്മർദ്ദവും ഈ അവസ്ഥ ഇങ്ങനെ തന്നെ തുടർന്നേക്കുമോ എന്ന ഭീതിയും കാരണം ചിലരൊക്കെ മനോനില തെറ്റിയ അവസ്ഥയിൽ തന്നെ എത്തിയിട്ടുണ്ട്. ആത്മഹത്യകൾ പലതും നടക്കുന്നുണ്ട്. സ്വയം ജീവിതമവസാനിപ്പിക്കുന്നവരിൽ എല്ലാ പ്രായക്കാരും ഉണ്ട്. അവരിൽ പലരെയും അതിലേക്ക് നയിച്ചത് എന്താണെന്ന കാര്യം വ്യക്തമല്ല. അന്നന്ന് കഴിഞ്ഞു കൂടാൻ ബുദ്ധിമുട്ടുന്നവരൊന്നുമല്ല ആത്മഹത്യചെയ്തവരിൽ പലരും. സാമ്പത്തികമായി ഒട്ടും അരക്ഷിതരല്ലാത്തവരും കൂട്ടത്തിലുണ്ട്. അവരുടെ കാര്യത്തിൽ കടുത്ത ഏകാന്തതയും ഭാവിയെപ്പറ്റിയുള്ള അന്തമില്ലാത്ത ആശങ്കകളുമൊഴിച്ച് മറ്റൊരു കാരണവും പറയാനാവില്ല. സുഹൃത്തുക്കളിൽ നിന്ന് കൈവന്ന ഈ വക വിവരങ്ങളൊന്നും എന്റെ അവസ്ഥയെ നേരിടാനുള്ള മനോബലം എനിക്ക് തന്നില്ല. ഒടുവിൽ അമ്പത് വർഷമായി അടുത്ത സൗഹൃദമുള്ള ഒരു സുഹൃത്തിനോട് വിഷമങ്ങളെല്ലാം ഞാൻ വിസ്തരിച്ച് പറഞ്ഞു. സുഹൃത്ത് പറഞ്ഞു: "നിന്റെ വേദന കുറെയൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ, പരിഹാരമില്ലാത്ത ഒരു പ്രശ്‌നത്തെച്ചൊല്ലിയാണ് നീയിങ്ങനെ വേദനിക്കുന്നത്. ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. പ്രശ്‌നം നിന്റെതു മാത്രമല്ല. ഈ കോവിഡ് കാലത്ത് ഒരുപാട് പേർ ഇത്തരം വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്. സുഹൃത്തുക്കളിൽ കുറച്ചുപേരെ നേരിൽക്കണ്ട് പലതും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിൽ നീ ഈ അവസ്ഥയിൽ എത്തില്ലായിരുന്നു. അത് പറഞ്ഞിട്ട് കാര്യമില്ല. രോഗം നമ്മളെ വീട്ടുതടങ്ങലിലാക്കിയിരിക്കാണ്. നേരത്തേ തന്നെ ആരോഗ്യപ്രശ്‌നങ്ങളുള്ള അറുപത് വയസ്സ് കഴിഞ്ഞവർക്ക് ഏതായാലും കുറച്ച് മാസങ്ങൾ കൂടി പുറത്തിറങ്ങാനാവില്ല. പക്ഷേ, ഈ അവസ്ഥയിൽ നിന്ന് നീ എത്രയും പെട്ടെന്ന് രക്ഷപ്പെട്ടേ പറ്റൂ. മരുന്ന് കഴിക്കുന്നതിലേക്ക് എത്തിപ്പെടരുത് എന്ന് ഞാൻ ഉറപ്പിച്ചു പറയും. സാധാരണ കൗൺസിലർമാർ നിന്റെ കാര്യത്തിൽ വൻപരാജയമാകാനാണ് സാധ്യത. നിനക്ക് കാര്യങ്ങളൊക്കെ അറിയാം. നിന്നെ ഉപദേശിച്ചു നന്നാക്കാനുള്ള ശേഷി അവർക്കുണ്ടാവില്ല. പക്ഷേ, ബുദ്ധിയും വിവേകവും തന്റെ തൊഴിലിൽ പ്രാഗത്ഭ്യവമുള്ള ഒരു സൈക്യാട്രിക് കൗൺസിലറെ പരിചയപ്പെടുത്തിത്തരാം. ഓൺലൈൻ കൺസൽട്ടേഷന് അയാൾ തയ്യാറാവും. ബന്ധപ്പെടുത്തിത്തരുന്ന കാര്യം ഞാൻ ഏറ്റു. നിന്നെക്കുറിച്ച് ആദ്യമേ തന്നെ ഞാൻ അയാൾക്കൊരു ധാരണയുണ്ടാക്കാം. നിനക്ക് അനുയോജ്യമായ രീതിയിലുള്ള സമീപനം സ്വീകരിക്കാൻ അത് അയാൾക്ക് സഹായകമാവും. നീ തുറന്നു സംസാരിച്ചാൽ മതി.'ഞാൻ ആ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറായി.

സുഹൃത്ത് നിർദ്ദേശിച്ച കൗൺസിലർ ബുദ്ധിയും വകതിരിവുമുള്ള ആൾ തന്നെയായിരുന്നു. രണ്ട് ദിവസം രാത്രി ഓരോ മണിക്കൂർ വീതം അദ്ദേഹത്തോട് സംസാരിച്ചപ്പോൾതന്നെ എനിക്ക് വലിയ ആശ്വാസം കൈവന്നതു പോലെ തോന്നി. അതിദയനീയമായ അവസ്ഥയിൽ വീണുകിടക്കുകയായിരുന്ന എന്നെ അദ്ദേഹം ഒന്നെഴുന്നേറ്റു നിൽക്കാൻ സഹായിച്ചു എന്നു പറയാം. എന്റെ അനിയനെക്കുറിച്ചും അച്ഛനമ്മമാരെക്കുറിച്ചും അനിയൻ ജീവിച്ചിരുന്ന കാലത്തെ ഗൃഹാന്തരീക്ഷത്തെക്കുറിച്ചുമെല്ലാം ഞാൻ അദ്ദേഹത്തോട് വിസ്തരിച്ച് പറഞ്ഞു. അനിയനെക്കുറിച്ച് ഒരക്ഷരവും എനിക്ക് മോശമായി പറയാനുണ്ടായിരുന്നില്ല. അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നുകയും ചെയ്തു. അവരുടെ സ്വഭാവത്തിന്റെ നല്ല വശങ്ങളെ കുറിച്ച് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ സത്യസന്ധത പാലിക്കുന്നതിലും മറ്റുള്ളവരെ സഹായിക്കുന്നതിലും യുക്തിബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നതിലുമൊക്കെ അവർ എനിക്ക് പരിചയമുള്ള മറ്റാളുകളിൽ ബഹുഭൂരിപക്ഷത്തെയുംകാൾ മീതെയായിരുന്നു. പക്ഷേ,അച്ഛൻ ഹൈപ്പർ അസിഡിറ്റി, എക്‌സിമ, ഹെർണിയ തുടങ്ങി പല രോഗങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ആളാണ്. അമ്മയാണെങ്കിൽ യാഥാർത്ഥ്യബോധത്തോടെ തന്റെയും മക്കളുടെയും ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സാമർത്ഥ്യം തീരെ ഇല്ലാത്ത ആളായിരുന്നു. പിന്നെ ഗാർഹികജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കിത്തീർക്കുന്നതിനുള്ള പുതിയ വീട്ടുപകരണങ്ങൾ, വസ്തുക്കൾ ഇവയൊക്കെ വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടായിട്ടും അതൊന്നും സ്വന്തമാക്കാൻ അമ്മ ശ്രമിച്ചതേയില്ല. അങ്ങേയറ്റം മിതത്വം പാലിച്ചും ആവുന്നത്ര കൂടുതൽ അധ്വാനിച്ചും ജീവിക്കുക എന്നത് കുട്ടിക്കാലം തൊട്ടേ ഒരു ശീലമായി അമ്മയുടെ ഉള്ളിൽ ഉറച്ചുപോയതാകാം അതിനുള്ള കാരണം. ഇളയ അനിയനെ പഠിപ്പിച്ച് സിംഗപ്പൂരിലേക്കയച്ച അനുഭവം കാരണം തന്റെ കാര്യപ്രാപ്തിയിൽ അമ്മയ്ക്ക് അമിത വിശ്വാസമുണ്ടായതും പിന്നീട് പ്രശ്‌നമായി.

സംസാരത്തിന്റെ മൂന്നാം ദിവസം ഡോക്ടർ എന്നോട് പറഞ്ഞു : "നിങ്ങൾക്കും സഹോദരങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കളിൽ നിന്നുണ്ടായ അനുഭവത്തെപ്പറ്റി വിസ്തരിച്ചു തന്നെ പറഞ്ഞോളൂ. ഇപ്പോഴത്തെ നിങ്ങളുടെ മാനസികാവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ അത്തരമൊരു സംസാരം അത്യാവശ്യമാണ്.'ഞാൻ പറഞ്ഞു: "ഡോക്ടർ,എനിക്കിപ്പോൾ അവരോട് സഹാനുഭൂതിയേ ഉള്ളൂ. അവരുടെ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളും കണക്കിലെടുത്ത് പറയുകയാണെങ്കിൽ അവർ എന്തായിരുന്നോ അതേ അവർക്ക് ആവാൻ പറ്റുമായിരുന്നുള്ളൂ. മുമ്പൊക്കെ ചിലപ്പോൾ ചില കാര്യങ്ങളോർത്ത് വെറുപ്പും സങ്കടവും തോന്നിയിരുന്നു. ഇപ്പോൾ പക്ഷേ, എനിക്കവരോട് വെറുപ്പ് തോന്നുന്നതേയില്ല.' അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് അവരോട് സിംപതിയല്ല ഉള്ളത്. നിങ്ങൾക്കുള്ളത് എംപതിയാണ്. നിങ്ങൾ അവരെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ സ്ഥാനത്തു നിന്ന് അവർക്കു വേണ്ടി സംസാരിക്കുകയാണ് ചെയ്യുന്നത്. ഈ ഘട്ടത്തിൽ അതിന്റെ ആവശ്യമില്ല. വസ്തുതകളെ അവയുടെ യഥാർത്ഥരൂപത്തിൽ തന്നെ ഓർമിച്ചെടുത്ത് അഭിമുഖീകരിക്കുക. വിശകലനം ചെയ്യുക. ഇപ്പോൾ ഈ കോവിഡ് കാലത്ത് മാസങ്ങളായി വീട്ടിൽ നിന്ന് പുറത്തുകടക്കാത്ത അവസ്ഥയിൽ നിന്ന് നിങ്ങൾ നിങ്ങളുടെ ഓർമകളോട് എന്തൊക്കെ കൂട്ടിച്ചേർക്കുന്നുണ്ടെന്ന് കൃത്യമായി തിരിച്ചറിയുക. ഓർമകൾ നിങ്ങൾക്കുണ്ടാക്കുന്ന മനോവിഷമത്തെ അങ്ങനെ മറികടന്നു പോവുന്നതാണ് നല്ലത്. അല്ലെങ്കിൽ അവ നിങ്ങളെ വീണ്ടും വീണ്ടും ആക്രമിച്ചുകൊണ്ടേയിരിക്കും.' അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ, 1983ൽ മരിച്ചുപോയ അച്ഛനെയും 2002ൽ മരിച്ച അമ്മയെയും ഇനി ഞാൻ വിചാരണ ചെയ്യേണ്ടതില്ല എന്നു തന്നെ ഞാൻ തീരുമാനിച്ചു. അതുകൊണ്ട് ഡോക്ടറോട് ഞാൻ കൂടുതലായി ഒന്നും പറഞ്ഞില്ല. പക്ഷേ, ഇവിടെ ഇപ്പോൾ ചില കാര്യങ്ങൾ കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

അമ്മയുടെ പ്രധാനപ്രശ്‌നം ഒരു പ്രായം കഴിഞ്ഞപ്പോൾ മക്കളെല്ലാം അവരുടെ ഭാവി തന്റെ തീരുമാനങ്ങൾക്കനുസരിച്ചു തന്നെ രൂപപ്പെടുത്തണം എന്ന വാശി അവരുടെ സ്വഭാവത്തിൽ മേൽക്കെ നേടി എന്നതാണ്. "ഭർത്താവിൽ നിന്ന് കാര്യമായ സാമ്പത്തിക സഹായമൊന്നും കിട്ടില്ല, ഇളയ സഹോദരനിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സഹായവും ഇനി അധികകാലം കിട്ടാനിടയില്ല. വീട്ടുകാര്യങ്ങളും മക്കളുടെ ഭാവിയുമെല്ലാം എന്റെ കയ്യിലാണ്' എന്നൊക്കെയുള്ള തിരിച്ചറിവുകൾ അല്ലെങ്കിൽ വേവലാതികൾ ആണ് അമ്മയിൽ അങ്ങനെയൊരു മാറ്റം വരുത്തിയത്. പലപ്പോഴും അത് വല്ലാത്ത കാർക്കശ്യം തന്നെയായിത്തീർന്നു. മക്കളിൽ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആത്മവിശ്വാസവും ജീവിക്കാനും വളരാനുമുള്ള പ്രേരണയും വളർത്തിക്കൊണ്ടേയിരിക്കലാണ് ഒരമ്മ ചെയ്യേണ്ടുന്ന ആദ്യത്തെ കാര്യം എന്നത് അവർ മറന്നേ പോയി. പ്രതികൂല സാഹചര്യത്തിൽ താൻ വളർത്തിയെടുക്കുന്ന മക്കൾ തന്റെ പ്രതീക്ഷകളെല്ലാം സാക്ഷാൽക്കരിച്ചു തരണമെന്ന് അവർ ആഗ്രഹിക്കുകയും വിഫലമായി വാശിപിടിക്കുകയും ചെയ്തു.

വീടിന്റെ അന്തരീക്ഷം ചെറുപ്രായം മുതൽക്കേ എനിക്ക് സുഖകരമായി തോന്നിയിരുന്നില്ല. മറ്റ് വീടുകളിലേത് വളരെ മെച്ചമാണെന്ന് താരതമ്യത്തിലൂടെ തിരിച്ചറിഞ്ഞതുകൊണ്ടൊന്നുമായിരുന്നില്ല അത്. എന്റെ പരിചിതവൃത്തത്തിൽ വന്ന പല വീടുകളിലും അപരിഹാര്യമായ പല പ്രശ്‌നങ്ങളും സംഘർഷങ്ങളും നിലവിലുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്തായാലും, പ്രിഡിഗ്രി സെക്കന്റ് ഇയർ ആയപ്പോൾ തന്നെ ഡിഗ്രിക്ക് ചേരുന്നത് തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലായിരിക്കും എന്നു ഞാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനു പിന്നിൽ ഒന്നുരണ്ട് കാരണങ്ങൾ വേറെയും ഉണ്ടായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ എന്റെ നാട്ടുകാരനാണ്. കുഞ്ഞികൃഷ്ണനെ ഹൈസ്‌കൂൾ കാലം തൊട്ടേ എനിക്കറിയാം. ധർമടത്ത് ബ്രണ്ണൻ കോളേജിന് തൊട്ടടുത്തു തന്നെയുള്ള ഒരു ലോഡ്ജിൽ താമസിച്ച് പഠിക്കുകയായിരുന്ന കുഞ്ഞികൃഷ്ണൻ ഇടക്കിടെ നാട്ടിൽ വരുമ്പോഴെല്ലാം എന്നെ കാണും. ഞങ്ങൾ ലോകകാര്യങ്ങൾ പറഞ്ഞ് മാടായി പാറപ്പുറത്ത് ഒരുപാട് നേരം നടക്കും. ആ സംസാരത്തിനിടയിൽ പലപ്പോഴും കുഞ്ഞികൃഷ്ണൻ ബ്രണ്ണൻ കോളേജിന്റെ ഗുണഗണങ്ങളെപ്പറ്റി വാചാലനാവും. "പഠിക്കുന്നെങ്കിൽ പഠിക്കണം ബ്രണ്ണൻ കോളേജിൽ' എന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു പറയും.അങ്ങനെ ബ്രണ്ണൻ എനിക്ക് വലിയൊരു പ്രലോഭനമായിത്തീർന്നു. പിന്നത്തെ കാരണം യാദൃച്ഛികമായി ഉണ്ടായതാണ്. മലയാളനാട് വാരികയിൽ സാഹിത്യ അക്കാദമിയുടെ ഒരു ക്യാമ്പിന്റെ റിപ്പോർട്ട് വന്നിരുന്നു. 1969 അവസാനത്തിലോ 70 ആദ്യമോ ആയിരുന്നിരിക്കണം അത്. ആ റിപ്പോർട്ടിൽ എം.എൻ.വിജയന്റെ ഒരു പ്രസംഗത്തിലെ ചില ആശയങ്ങൾ സംഗ്രഹിച്ച് അവതരിപ്പിച്ചിരുന്നു.അത് വായിച്ചപ്പോൾത്തന്നെ അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനം തോന്നി. എം.എൻ.വിജയൻ ബ്രണ്ണൻ കോളേജിലെ മലയാളം അധ്യാപകനാണെന്ന കാര്യം ഞാൻ നേരത്തേ മനസ്സിലാക്കിയിരുന്നു. അദ്ദേഹം പഠിപ്പിക്കുന്ന കോളേജിൽ മലയാളം ബി.എക്ക് ചേരണം എന്ന കാര്യം ആ റിപ്പോർട്ട് വായിച്ചതോടെ ഞാൻ ഒന്നുകൂടി ഉറപ്പിച്ചു. അങ്ങനെ 1970 ആഗസ്ത് മാസം മുതൽ ഞാൻ വീട്ടിൽ നിന്ന് സ്വതന്ത്രനായി. പിന്നീടങ്ങോട്ട് ഞാൻ അവിടെ ഒരു സന്ദർശകൻ മാത്രമായി. ആഴ്ചയിലൊരിക്കൽ, ചിലപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ മാത്രം ഞായറാഴ്ച ദിവസം ഞാൻ വീട്ടിലെത്തി. 1976 മുൽ 79 വരെയുള്ള കാലത്ത് നാലോ അഞ്ചോ മാസത്തിലൊരിക്കലായിരുന്നു എന്റെ വരവ്.

അങ്ങനെ അച്ഛനും അമ്മയ്ക്കും എന്റെ മേലുള്ള നിയന്ത്രണം ഏറെക്കുറെ പൂർണമായിത്തന്നെ ഇല്ലാതായി. എന്റെ അച്ഛൻ ഒരു കമ്യൂണിസ്റ്റനുഭാവിയായിരുന്നു. ചെറുപ്പം തൊട്ടേ അദ്ദേഹം ശക്തനായ ഒരു യുക്തിവാദിയും അൽപം സാഹസികമായിത്തന്നെ ദൈവനിഷേധ പ്രവർത്തനങ്ങളിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിലും ഏർപ്പെട്ട ആളുമായിരുന്നു. ഏതാനും ഹരിജൻ കുട്ടികളെയും കൂട്ടി നടന്നുപോവുകയായിരുന്ന സ്വാമി ആനന്ദതീർത്ഥനെ നെരുവമ്പ്രം എന്ന സ്ഥലത്തു വെച്ച് ചില ജാതിക്കോമരങ്ങൾ കടന്നാക്രമിക്കാൻ ശ്രമിച്ചപ്പോൾ അവരെ എതിരിട്ട് സ്വാമിയോടൊപ്പം അടിവാങ്ങിയ ആളാണ് അച്ഛൻ. പൊതുകാര്യങ്ങളിലും രാഷ്ട്രീയസംഭവവികാസങ്ങളിലും അച്ഛൻ എന്നും ശ്രദ്ധിച്ചിരുന്നു. സാഹിത്യവായനയിൽ വലിയ താൽപര്യം പ്രകടിപ്പിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. പക്ഷേ, കുമാരനാശാന്റെ രണ്ട് ഖണ്ഡകൃതികൾ എന്ന ചെറിയ പുസ്തകം അച്ഛൻ വാങ്ങി വായിച്ച് ഒരു വിശുദ്ധഗ്രന്ഥമെന്ന പോലെ സൂക്ഷിച്ചു വെച്ചിരുന്നു.

പത്തെഴുത് വയസ്സായപ്പോൾ അച്ഛൻ തന്റെ തുണിക്കച്ചവടം അവസാനിപ്പിച്ചു. അതിനു മുമ്പേ തന്നെ ആത്മീയ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. അഴീക്കോടുകാരനായ ഒരു പഴയ അധ്യാപകനെ തന്റെ ആത്മീയാചാര്യനായി അംഗീകരിച്ച് അയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി അച്ഛൻ ദീർഘനേരം ചർച്ചയിലേർപ്പെടുന്നതു കണ്ടിട്ടുണ്ട്. ആത്മീയതയിലുള്ള താൽപര്യം വെച്ചടിവെച്ചടി വർധിച്ചു. അച്ഛൻ ആധ്യാത്മിക ഗ്രന്ഥങ്ങളും ദൈവങ്ങളുടെ ചില്ലിട്ട ചിത്രങ്ങളും വാങ്ങിക്കൂട്ടി. നേരത്തേ തന്നെ വാങ്ങിവെച്ചിരുന്ന കുമാരനാശാന്റെ സാമാന്യം വലിയ ഫോട്ടോ ദൈവങ്ങൾക്കു നടുവിൽ തിളങ്ങി നിന്നു. ആധ്യാത്മികതയിലുള്ള അച്ഛന്റെ ആഭിമുഖ്യം ഒന്നുരണ്ട് കൊല്ലത്തിലധികം നിലനിന്നില്ല. ഒരു ദിവസം അച്ഛൻ തന്റെ ആധ്യാത്മിക ഗ്രന്ഥങ്ങളും ദൈവങ്ങളുടെ ഫോട്ടോകളും വലിച്ചെറിഞ്ഞു. പൂജാവിളക്കിനു മുന്നിൽ കുമാരനാശാനെ മാത്രം നിലനിർത്തി.

അവസാനകാലത്ത് ആഴ്ചകളോളം അച്ഛൻ ഏതാണ്ടൊരു മയക്കത്തിലായിരുന്നു. ഇടയ്‌ക്കൊരു ദിവസം ഈ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് പരിഭ്രാന്തനായി എന്നെ വിളിച്ചു ചോദിച്ചു: "മഹാത്മാഗാന്ധിയെ ആരോ വെടിവെച്ചു അല്ലേ?'എനിക്ക് അച്ഛനോട് ഏറ്റവുമധികം ബഹുമാനം തോന്നിയ ദിവസമായിരുന്നു അത്.

കൗമാരപ്രായം മുതൽ കമ്യൂണിസ്റ്റായിരുന്ന അച്ഛന് ഒരു നല്ല കമ്യൂണിസ്റ്റുകാരന്റെ കുടുംബജീവിതം എന്തുകൊണ്ട് സാധ്യമായില്ല എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. കൃത്യമായൊരുത്തരത്തിൽ ഞാൻ എത്തിച്ചേർന്നിട്ടില്ല. ചില സാമാന്യനിരീക്ഷണങ്ങളേ ഇക്കാര്യത്തിൽ എനിക്ക് സാധ്യമാവൂ. കമ്യൂണിസ്റ്റ് ദർശനവും പാർട്ടി പ്രവർത്തനവും കേരളത്തിലെ സാധാരണ പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ജീവിതത്തിന്റെ ചില തലങ്ങൾക്കപ്പുറം പ്രവേശിച്ചതായി തോന്നുന്നില്ല. തൊഴിലാളികളിലും കർഷകരിലും അവകാശബോധമുണ്ടാക്കാൻ, ജാതി, മതം, ദേശം എന്നിവ മനുഷ്യത്വത്തിന്റെ ആവിഷ്‌കാരത്തിന് തടസ്സമാവരുത് എന്ന് പഠിപ്പിക്കാൻ, അടിത്തട്ടിലുള്ളവരുടെ വിമോചനത്തിനായി ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന സമരങ്ങളോടും മനസ്സുകൊണ്ട് ഐക്യപ്പെടാനുള്ള സന്നദ്ധത സൃഷ്ടിക്കാൻ ഒക്കെ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇവയൊക്കെ വ്യക്തിജീവിതത്തിന്റെ ആഴങ്ങളിലും പരപ്പുകളിലും എത്തിച്ചേർന്ന് അടിമുടി നവീകരിക്കപ്പെട്ട പുതിയ മനുഷ്യരായിത്തീർന്ന ആളുകളെ അധികമൊന്നും ഞാൻ കണ്ടിട്ടില്ല. ആദ്യകാല പാർട്ടി സഖാക്കളിൽ പലരും അങ്ങനെയായിരുന്നിരിക്കാം. പക്ഷേ, പിന്നീടുപിന്നീട് അന്യവർഗസ്വാധീനം എന്ന് ഒരു കാലത്ത് കമ്യൂണിസ്റ്റുകാർ പറഞ്ഞിരുന്നത് പൊതുവെ സംഭവിക്കുന്നതാണ് കണ്ടത്. അതിലും വലിയ പ്രശ്‌നം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട് പരമ്പരാഗത ശീലങ്ങൾ കുടഞ്ഞെറിയാനും കുടുംബത്തിനകത്തെ ബന്ധങ്ങളെയും പെരുമാറ്റരീതികളെയും കുറിച്ചുള്ള സങ്കൽപങ്ങളിൽ പൊളിച്ചെഴുത്ത് നടത്താനും അവർ ശ്രമിച്ചതേയില്ല എന്നതാണ്.

ഇത് പാർട്ടിയുടെ നേതൃത്വം കയ്യാളിയ വ്യക്തികളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണെന്ന് ഞാൻ കരുതുന്നില്ല. സ്വന്തം ജീവിതത്തെ അന്യജീവനുതുകും വിധം പരിവർത്തിപ്പിച്ച് ധന്യമാക്കിത്തീർക്കാൻ അധികമാളുകൾക്കൊന്നും കഴിയില്ല. തങ്ങൾ താൽപര്യപൂർവം വായിച്ചും കേട്ടും പഠിച്ച പുതിയ ലോകബോധവും ജീവിതബോധവും ആവശ്യപ്പെടും വിധം അടിമുടി സ്വയം നവീകരിക്കാനും മഹാഭൂരിപക്ഷത്തിനും കഴിയില്ല. അങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞ ഏതാനും ചില മാതൃകാകമ്യൂണിസ്റ്റുകാർ ഒരു കാലത്ത് കേരളത്തിലെ പല ഗ്രാമങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ, ബഹുജനങ്ങൾ അവരെ അകലെ മാറിനിനിന്ന് അൽപം ബഹുമാനത്തോടെ നോക്കിക്കണ്ടതല്ലാതെ അവരുടെ ജീവിതത്തിൽ നിന്ന് കാര്യമായി ഒന്നും സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചില്ല. അതുകൊണ്ട് അവരുടെ വ്യക്തിത്വം അപരിഹാര്യമായൊരു വൈരുധ്യത്തിൽ അകപ്പെട്ടു.

പൊതുജീവിതത്തിൽ ഉദാരമതികളും പുരോഗമനവാദികളായിരിക്കെത്തന്നെ സ്വകാര്യജീവിതത്തിൽ അവർ സ്വാർത്ഥമതികളും യാഥാസ്ഥിതികരും സ്‌നേഹശൂന്യർപോലുമായി.

ജീവിതത്തിൽ ഏറിയ കാലവും അച്ഛൻ ഉറച്ച കമ്യൂണിസ്റ്റുകാരനും യുക്തിവാദിയുമൊക്കെയായിരുന്നു. അതിന്റെ ചില ഗുണങ്ങൾ അച്ഛന്റെ സ്വഭാവത്തിൽ ഉണ്ടായിരുന്നു. വ്യക്തിഗതമായ നേട്ടത്തിനു വേണ്ടി അഭിപ്രായങ്ങളിൽ വെള്ളം ചേർക്കാതിരിക്കുക, അമിതലാഭത്തിനുവേണ്ടി ചെറിയ ശ്രമംപോലും നടത്താതിരിക്കുക, രാഷ്ട്രീയത്തിൽ ഓരോ ഘട്ടത്തിലും രൂപപ്പെടുന്ന പുതിയ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് കൃത്യമായ ധാരണ സ്വരൂപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. നാട്ടിലെ സാംസ്‌കാരിക സംരംഭങ്ങളിൽ താൽപര്യം പുലർത്തുക ഈ വക കാര്യങ്ങളിൽ അച്ഛൻ വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ട് പൊതുസമൂഹത്തിൽ നിന്ന് അച്ഛന് അർഹിക്കുന്ന ആദരവ് ലഭിച്ചിരുന്നു. താൻ ചെയ്ത സാഹസ പ്രവർത്തനങ്ങളെപ്പറ്റിയോ തനിക്ക് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങളെപ്പറ്റിയോ അച്ഛൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നിട്ടും അച്ഛന്റെ മൃതദേഹം ചിതയിലേക്കെടുക്കാൻ നേരത്ത് ഞങ്ങളുടെ അയൽക്കാരനും ഗവേഷകയും എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ.പി.കെ ഭാഗ്യലക്ഷ്മിയുടെ അച്ഛനുമായ പട്ടേരി കുഞ്ഞപ്പേട്ടൻ പറഞ്ഞു: "എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്. ബ്രിട്ടീഷ് പൊലീസിന്റെയും സ്വാതന്ത്ര്യാനന്തരകാലത്ത് നമ്മുടെ പോലീസിന്റെയും അടികൊണ്ടയാളാണ് കുഞ്ഞമ്പുവേട്ടൻ. ഇപ്പോൾ ഈയൊരു കാര്യം ഓർമിപ്പിച്ചില്ലെങ്കിൽ അതൊരു തെറ്റായിപ്പോവും എന്നതുകൊണ്ടു മാത്രമാണ് ഞാനിത് പറയുന്നത്. '

പതിമൂന്ന്

കാവും കാടും

രിപുരത്തെ എന്റെ വീടിന്റെ മുന്നിൽ റോഡിന്റെ അങ്ങേവശത്താണ് മാടായിക്കാവിലേക്കുള്ള പ്രധാന കവാടം.കെ.കെ.ആർ.വെങ്ങരയാണ് കവാടത്തിന്റെ ശിൽപി. ഉത്തരകേരളത്തിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് മാടായിക്കാവ് എന്നറിയപ്പെടുന്ന മാടായി തിരുവർകാട്ട് ഭഗവതി ക്ഷേത്രം. മലബാറിലെ പ്രധാന രാജവംശങ്ങളിലൊന്നായിരുന്ന കോലത്തിരിമാരുടെ കുലദേവതയാണ് മാടായിക്കാവിലച്ചി. സവർണ ക്ഷേത്രമാണെങ്കിലും
കോഴിയറവ്, തെയ്യം, കലശം, കളിയാട്ട ദിവസം ദേവിക്ക് ആചാരപൂർവം മദ്യകുംഭം നിവേദിക്കൽ ഇതൊക്കെ പണ്ടുപണ്ടേ മാടായിക്കാവിലുണ്ട്. കാവിലെ പൂജാരിമാരായ പിടാരന്മാർ എന്നറിയപ്പെടുന്ന ബ്രാഹ്‌മണർക്ക് മീനും മദ്യവും മാം സവും നിഷിദ്ധമല്ല. പിടാരന്മാരുടെ പൂർവികന്മാർ ആന്ധ്രയിൽ നിന്ന് വന്നവരാണെന്ന് ചിലരും അല്ല ബംഗാളിൽ നിന്ന് വന്നവരാണെന്ന് മറ്റു ചിലരും പറയുന്നു. അഞ്ച് വയസ്സുള്ളപ്പോൾ തൊട്ടേ കാവും പരിസരവും എനിക്ക് പരിചയമുള്ളതാണ്. ഹൈസ്‌കൂൾ പ്രായം കഴിയുന്നതുവരെ ഇടയ്ക്കിടെ കാവിൽ പോകാറുണ്ടായിരുന്നു. എന്റെ സഹപാഠികളിലും കളിക്കൂട്ടുകാരിലും പലരും കാവുമായി ബന്ധപ്പെടുന്നവരായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ദേവിക്ക് ദിവസേന മദ്യവും മാംസവും നിർബന്ധമാണ്; കള്ളും റാക്കും വേണം. മദ്യത്തിലും മാംസത്തിലും വിരൽമുക്കി വിഗ്രഹത്തിൽ തർപ്പണം ചെയ്യും എന്നൊന്നും എനിക്കറിയില്ലായിരുന്നു. കെ.ബാലകൃഷ്ണന്റെ "ഏഴിമല' എന്ന പുസ്‌കത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. മാടായിക്കാവിലച്ചിക്കുള്ള പൂജാദികർമങ്ങൾ കൗളാചാരപ്രകാരമാണ് നടത്തുക. അച്ചി ആദ്യം തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലായിരുന്നുവെന്നും അവിടത്തെ സാത്വികപൂജയിൽ താൻ തൃപ്തയല്ല തനിക്ക് ശാക്തേയ പൂജയും തന്ത്രമന്ത്രങ്ങളുമൊക്കെ തന്നെ വേണം എന്ന് വാശിപിടിച്ചതിനെ തുടർന്നാണ് മാടായിപ്പാറയുടെ വടക്കുകിഴക്കേ ചെരിവിലെ കാട്ടിൽ ഒരു കാവുണ്ടാക്കി ദേവിയെ അവിടെ പ്രതിഷ്ഠിച്ചതെന്നുമാണ് കഥ. ശാസ്ത്രവിധി പ്രകാരം തയ്യാറാക്കിയ മാംസം ദേവന്മാർക്ക് ഭക്ഷിക്കാമെന്നാണ് ശാക്തേയന്മാർ വിശ്വസിക്കുന്നത്. ശാക്തേയവിധി പ്രകാരമുള്ള പൂജയുടെ ഭാഗമാണ് മൃഗബലി. ആടിനെയും പോത്തിനെയുമൊക്കെ ഈ പൂജയുടെ ഭാഗമായി അറുക്കാം. മാടായിക്കാവിൽ പക്ഷേ, കോഴിയറവ് മാത്രമേ നടക്കാറുള്ളൂ. കാവിൽ കോഴിയറവ് നടത്തിക്കഴിഞ്ഞാൽ പ്രത്യേകരീതിയിൽ പാകം ചെയ്തു കിട്ടുന്ന കോഴിയിറച്ചിയുടെ സവിശേഷമായ രുചി പൊതുവെ പ്രകീർത്തിക്കപ്പെടാറുണ്ട്.

മാടായിക്കാവിലെ ഭഗവതി ഭദ്രകാളി തന്നെയാണെന്ന വിശ്വാസവുമായി ഒത്തുപോകാത്ത ചില നാടോടി വിശ്വാസങ്ങളുണ്ട്. കോലത്തിരിയോട് ഏറ്റുമുട്ടി മരിച്ച ഉറുവാടി എന്ന സ്ത്രീയാണ് വടക്കൻ കേരളത്തിലെ ഫോക് വിശ്വാസമനുസരിച്ച് ദൈവക്കരുവായി തീർന്നത് എന്നതാണ് അതിലൊന്ന്. മറ്റൊരു വിശ്വാസമനുസരിച്ച് കോലത്തിരിയുടെ വംശത്തിൽപ്പെട്ട ഒരു പെൺകുട്ടി തന്നെയാണ് ദേവതയുടെ പൂർവരൂപം. അവൾ അപഥസഞ്ചാരം എന്ന കുറ്റം ആരോപിച്ച് പുറത്താക്കപ്പെട്ടു. ആ കുട്ടിയെ എരുവേശ്ശിയിലെ മന്ദനാർ എന്ന തിയ്യരാജാവ് സ്വീകരിച്ചു. ഏതോ ഒരു ഘട്ടത്തിൽ മന്ദനാറും അവളെ ഉപേക്ഷിച്ചു. അവൾ അലഞ്ഞലഞ്ഞ് മാടായപ്പാറയുടെ വടക്കു കിഴക്കേ ചെരിവിലെ കാട്ടിൽ വന്നുചേർന്നു. അവിടെ വെച്ച് മരിച്ചുപോവുകയും ചെയ്തു. അവൾ പിന്നെ ദൈവക്കരുവായിത്തീർന്നു. കാടിന്റെ ഒരു ഭാഗം വൃത്തിയാക്കി അവിടെ ഭക്തജനങ്ങൾ കാവ് പണിത് ദേവിയെ കുടിയിരുത്തി. മാടായിക്കാവിനോട് ചേർന്നുള്ള കാട് പത്തമ്പത്തഞ്ച് വർഷം മുമ്പ് ഞാൻ കാണുമ്പോൾ വലിയ കാടായിരുന്നു. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും അതിനകത്തേക്ക് കടക്കാൻ പേടി തോന്നും.ഇപ്പോൾ കാട് ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. കലശത്തിന്റെയും മറ്റും സമയത്ത് ഒരുപാടുപേർ കയറിയിറങ്ങുന്നതുകൊണ്ടും വീഡിയോ ചെയ്യുന്നതുകൊണ്ടുമൊക്കെ കാടിനെക്കുറിച്ചുള്ള ഭയം പഴങ്കഥയാവുകയും ചെയ്തിരിക്കുന്നു.

കാവ് എന്ന വാക്കിന് കാട് എന്നുകൂടി അർത്ഥം വന്നു തുടങ്ങിയത് എന്നു മുതൽക്കാണെന്നറിയില്ല.. പഴയ കാലത്തെ കാവുകൾ പലതും കാടിനോട് ചേർന്നോ കാടിനുള്ളിൽത്തന്നെയോ നിർമിക്കപ്പെട്ടതുകൊണ്ടു കൂടിയാവും അർത്ഥത്തിന്റെ ഈ കൈമാറ്റം നടന്നത്. മാടായിക്കാവിന്റെ തുടർച്ച എന്നു തന്നെ പറയാവുന്ന കാടിനെക്കുറിച്ച് "ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങളി'ൽ ഇ. ഉണ്ണികൃഷ്ണൻ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് : "ഇന്ന് ഏറെക്കുറെ ക്ഷയിച്ചില്ലാതായിത്തുടങ്ങിയിരിക്കുന്ന ഈ കാവ് മാടായിപ്പാറയിൽ ആയിരം വർഷം മുമ്പു തന്നെ നിലനിന്നിരുന്നുവത്രെ. പുണ്യവ, മരോട്ടി എന്നിവയാണ് കാവിലെ ഇപ്പോഴത്തെ പ്രധാനമരങ്ങൾ. കൂറ്റൻ പുല്ലാഞ്ഞിവള്ളികൾ ഈ കാവിന്റെ പ്രത്യേകതയാണ്. ഇലപൊഴിയും കാവുകളിലെ പ്രധാന അന്തേവാസിയായ പുല്ലാഞ്ഞിയുടെ കാണ്ഡത്തിൽ ധാരാളം ജലം സംഭരിച്ചുവെച്ചിട്ടുണ്ടാവും. പഴയ കാലത്ത് നായാട്ടുകാർ കാട്ടിൽ വെള്ളം കിട്ടാതെ വരുമ്പോൾ പുല്ലാഞ്ഞി കൊത്തി വെള്ളം കുടിക്കുമായിരുന്നുവത്രെ.'

പ്രസിദ്ധമായ മാടായിക്കാവിനു പുറമെ എന്റെ വീടിനു മുന്നിലായി മറ്റൊരു കാവ് കൂടിയുണ്ട്. ചാലിക്കാവ് എന്നാണ് അതിന്റെ പേര്. ഈ കാവിന് പിന്നിലും വശങ്ങളിലുമായി സാമാന്യം വലിയൊരു കാടുണ്ടായിരുന്നു.അതിനെ "ചാലിക്കാട്' എന്നാണ് വിളിച്ചിരുന്നത്. നാനാതരം മരങ്ങളും വലിയ വള്ളികളുമുള്ള കാടായിരുന്നു ചാലിക്കാട്. കാടിനു നടുവിൽ വർഷത്തിൽ നാലഞ്ച് മാസവും വെള്ളമൊഴുകുന്ന വലിയൊരു തോടുണ്ടായിരുന്നു. കുട്ടിക്കാലത്ത് ചാലിക്കാട്ടിൽ കയറി ചാലിക്കാവ് വരെ നടന്നെത്തുമ്പോൾ വലിയൊരു സാഹസം ചെയ്തതിന്റെ ഹരമാണ് അനുഭവപ്പെട്ടിരുന്നത്.

ഒഴിവുദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ എത്രനേരം വള്ളികളിൽ ഊഞ്ഞാലാടിക്കളിച്ചിരുന്നെന്ന് പറയാനാവില്ല. ഈ കാടിന്റെ ഒരറ്റത്ത് വലിയ ഒരു ഇലഞ്ഞിമരമുണ്ടായിരുന്നു. അതിന്റെ ചുവട്ടിൽ ഇലഞ്ഞിപ്പൂക്കൾ വീണ് അട്ടിയട്ടിയായിക്കിടന്ന് നല്ല പതുപതുപ്പുള്ളമെത്തപോലെയുണ്ടാവും. ഇലഞ്ഞിപ്പുക്കളുടെ മണമാസ്വദിച്ച് മരത്തിനു ചുവട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്നതിന്റെ ആഹ്ലാദം പല ദശകങ്ങൾക്കു ശേഷവും എനിക്ക് ഓർത്തെടുക്കാനാവുന്നുണ്ട്. ചാലിക്കാട് നിന്നിരുന്ന സ്ഥലത്ത് പിന്നീട് വീടുകൾ പലതും വന്നും മരങ്ങളും വള്ളികളും നഷ്ടപ്പെട്ടും ഇപ്പോൾ കാട് അതിന്റെ പഴയ ഓർമ നിലനിർത്താൻ പാട് പെടുന്ന അവസ്ഥയായി. "അദൃശ്യവനങ്ങൾ' എന്ന എന്റെ ലഘുനോവലിൽ ഈ കാടിന്റെ അനുഭവം ഒന്നുമിന്നിമറയുന്നുണ്ട്. ചാലിക്കാവിനെ "കാവ്ക്കാരുടെ കാവ്' എന്നാണ് നാട്ടുകാർ പറയുക. മാടായിക്കാവിലെ പൂജാദികാര്യങ്ങളെല്ലാം ചെയ്യുന്ന പിടാരന്മാരുടെ സ്വന്തം കാവാണത്. അവിടത്തെ ഉത്സവം കാണാൻ പുറമെ നിന്നുള്ളവർ സാധാരണ പോകാറില്ല. ചാലിൽ ഭഗവതി, ഗുളികൻ, പൂതം എന്നീ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടിക്കപ്പെടുക. ഈ ഉത്സവത്തിന് നിശ്ചിത തിയ്യതിയില്ല. എങ്കിലും എല്ലാ വർഷവും ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ് ആദ്യം രാത്രിയിലാണ് ഉത്സവം നടക്കുക. കുട്ടിക്കാലത്ത് വേനലവധിയുടെ ദിവസങ്ങളിലൊന്നിൽ രാത്രി എട്ടൊമ്പത് മണിയാവുമ്പോൾ അവിചാരിതമായി ചെണ്ടകൊട്ട് കേട്ടാൽ ഞാൻ ചാലിക്കാവ് വരെ പോയി അൽപനേരം പുറത്തു നിന്ന് നോക്കി തിരിച്ചുവരാറുണ്ടായിരുന്നു.

കളത്തിലരി, പൂരം, കലശം എന്നിവയാണ് മാടായിക്കാവിലെ പ്രധാന ഉത്സവങ്ങൾ. കളത്തിലരിയുടെ വിശദാംശങ്ങളൊന്നും എനിക്കിപ്പോൾ ഓർമയില്ല. നവംബർ-ഡിസംബർ മാസങ്ങളിലായി മുപ്പത് ദിവസക്കാലമാണ് ഇത് നടന്നിരുന്നത്. ഈ കാലത്ത് എല്ലാ ദിവസവും വൈകുന്നേരം ഞങ്ങൾ കുട്ടികൾ ചുവന്ന കോണകവും മുട്ട് മറയാത്ത തോർത്തും മാത്രം ധരിച്ച് കാവിൽ പോകുമായിരുന്നു. നിറയെ ചെറിയ നെയ് വിളക്കുകൾ കത്തിച്ചുവെച്ച ചുറ്റമ്പലത്തിൽ നാന്തകവാളുമായി മുന്നിൽ നടക്കുന്ന പിടാരരുടെ പിന്നാലെ ഭക്തിയുമായോ വിശ്വാസവുമായോ ബന്ധമില്ലാത്തതും എന്നാൽ ആനന്ദകരവുമായ ഏതോ ഒരു വികാരത്തോടെ ഞങ്ങൾ നടന്നു. ഓർമയിൽ ആ നടത്തത്തെ പുനർജനിപ്പിക്കുമ്പോൾ അവാച്യമായൊരു വിഷാദം അതിനോട് കൂടിച്ചേരുന്നുണ്ട്. ഒരോർമയ്ക്കും മാറ്റമേതും വരാതെ നിശ്ചലമായി നിലനിൽക്കാനാവില്ല. കടന്നുപോയ ജീവിതം നൽകിയ നാനാതരം അനുഭവങ്ങളിലും അറിവുകളിലും ചിലത് അവയുടെ ചില അംശങ്ങൾ അതിനോട് ചേർത്തുവെക്കും. അതോടെ ഓർമ വലിയൊരു വികാരമായും നഷ്ടബോധമായും വേദനയായുമൊക്കെ രൂപാന്തരപ്പെടും.

കാവിലെ പൂരോത്സവം ഒമ്പത് ദിവസം നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ വീട്ടുമുറ്റത്ത് ചാണകം കൊണ്ട് കാമദേവന്റെ വിഗ്രഹം ഉണ്ടാക്കിവെച്ച് പൂവിട്ട് പൂജിക്കും. ചാണകത്തിനു പകരം ചുരുക്കം ചിലർ കളിമണ്ണ് കൊണ്ടും വിഗ്രഹമുണ്ടാക്കും. ചെമ്പകപ്പൂവും ചെടപ്പൂവ് എന്ന് പേരുള്ള മങ്ങിയ നിറമുള്ള ചെറുപൂവും മുരിക്കിൻപൂവും എരിക്കിൻപൂവുമൊക്കെയാണ് കാമനെ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നത്. ചെമ്പകപ്പൂവ് കാമന്റെ തലയിൽ ചൂടും. മറ്റ് പൂക്കൾ കാൽക്കലും ചുറ്റിലും വിതറും. ഓരോ ദിവസവും ഓരോ കാമനെയാണ് ഉണ്ടാക്കുക. ഇങ്ങനെ ഒമ്പതാം ദിവസമാകുമ്പോൾ മുറ്റത്ത് കാമദേവന്റെ ഒമ്പത് രൂപങ്ങളുണ്ടാവും. ആദ്യദിവസത്തെ ചെറിയ കാമനേക്കാൾ അൽപം വലുതായിരിക്കും രണ്ടാം ദിവസത്തെ കാമൻ. ദിവസം കഴിയുന്തോറും വലുതായി വലുതായി ഒമ്പതാം ദിവസമാവുമ്പോഴേക്കും കാമന് ഒരടിയിലധികം ഉയരവും അതിനൊത്ത ഉടൽവലിപ്പവും ഉണ്ടാവും. പൂരം നാളിൽ ഒമ്പത് കാമന്മാരെയും അവരെ പൂജിച്ച പൂവോടുകൂടി മുറത്തിൽ വാരിയെടുത്ത് പറമ്പിലെ പ്ലാവിൻചുവട്ടിൽ കൊണ്ടുപോയി ഇടും. കാമനെ യാത്രയയക്കുന്ന ചടങ്ങാണിത്. അപ്പോൾ "എനിയത്തെ കൊല്ലോം വെരണേ കാമാ നേരത്തേ കാലത്തേ വെരണേ കാമാ' എന്ന് എല്ലാവരും ചേർന്ന് പാടും.

പൂരോത്സവത്തിന്റെ സമാപനദിവസമാണ് വടുകുന്ദപ്പുഴയിലെ പൂരംകുളി. പുഴ എന്നാണ് കാലാകാലമായി പറഞ്ഞുവരുന്നതെങ്കിലും ചെറിയൊരു തടാകം അല്ലെങ്കിൽ കുളമാണ് വടുകുന്ദപ്പുഴ. അറ്റ വേനലിലും വെള്ളം വറ്റാത്ത തടാകം. പാറപ്പുറത്തെ ഒരത്ഭുതം. തിരുവർകാട്ട് ഭഗവതിയുടെ വിഗ്രഹത്തെ വടുകുന്ദപ്പുഴയിൽ കുളിപ്പിക്കുന്ന ചടങ്ങാണ് പൂരംകുളി. അന്ന് പൂജാരിയും പിടാരന്മാരിൽ ചിലരും വിഗ്രഹത്തോടൊപ്പം വടുകുന്ദപ്പുഴയിൽ മൂന്നു തവണ മുങ്ങിനിവരും. ഒപ്പം ഭക്തന്മാരിൽ ചിലരും.

പൂരംകുളി കാണാൻ പോവുന്നതിന് പൂരക്കടോത്ത് പോവുക, വടൂന്നയ്ക്ക് പോവുക എന്നൊക്കെയാണ് പൊതുവെ പറഞ്ഞിരുന്നത്. അന്ന് വടുകുന്ദയിൽ വലിയൊരു ചന്തയുണ്ടാകും. പ്രാദേശിക ഉൽപന്നങ്ങൾക്കായിരുന്നു പഴയ കാലത്ത് ചന്തയിൽ മേൽക്കൈ. മാതമംഗലം കലം, മാങ്ങാടൻ തോർത്ത്, പാപ്പിനിശ്ശേരിക്കത്തി എന്നിങ്ങനെ ഓരോരോ നാടിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സാധനങ്ങളെല്ലാം അവിടെ വാങ്ങാൻ കിട്ടും. നീതിസാരം, സീതാദു:ഖം, ഹരിനാമകീർത്തനം, ശ്രീകൃഷ്ണചരിതം മണിപ്രവാളം എന്നിങ്ങനെയുള്ള പുസ്തകങ്ങളും ആളുകൾ "വടൂന്ന'യിൽ നിന്നാണ് വാങ്ങിയിരുന്നത്. "വടൂന്ന'യ്ക്ക് ചുറ്റുമായി പാറയിലെ പൊരിവെയിലിൽ ചുറ്റിത്തിരിയുന്നവരുടെ ദാഹമകറ്റാനായി പണ്ടൊക്കെ ഒന്നുരണ്ട് നീണ്ട കൽത്തൊട്ടികളിൽ ആരോ സംഭാരം നിറച്ചുവെക്കുമായിരുന്നു. സംഭാരം മുക്കിക്കുടിക്കാനുള്ള ചിരട്ടയും ആ കൽത്തൊട്ടികളിൽത്തന്നെ ഉണ്ടാവും. ഉച്ചവെയിൽ മൂക്കുന്നതോടെ വടുകുന്ദയിൽ നിന്ന് ആളുകൾ പിൻവാങ്ങാൻ തുടങ്ങും. പതുക്കപ്പതുക്കെ കച്ചവടക്കാരും ഓരോരുത്തരായി സ്ഥലം വിടും.

വടുകുന്ദയിലെ പൂരച്ചന്ത പല നൂറ്റാണ്ടുകളായി നടന്നുവരുന്നതാവാം. പഴയകാലത്ത് അത് ആളുകൾക്ക് താന്താങ്ങൾ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ കൊടുത്ത് തങ്ങൾക്കാവശ്യമുള്ളത് പകരം വാങ്ങാനുള്ള വലിയൊരു സൗകര്യം കൂടി ആയിരുന്നിരിക്കണം. ഈ ചന്തയിൽ വെച്ച് ഒരു കാലത്ത് അടിമക്കച്ചവടം കൂടി നടന്നിരുന്നു എന്ന് കരുതാവുന്നതാണ്. വാർന്താട്ട് ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മി പിൽക്കാലത്ത് പുലിമറഞ്ഞ തൊണ്ടച്ചനായിത്തീർന്ന കാരിഗുരുക്കൾക്ക് ജന്മം നൽകിയ വിരുന്തിയെയും കരിമ്പനെയും വിലയ്ക്കു വാങ്ങിയത് ഈ ചന്തയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു. വടുകുന്ദച്ചന്തയിൽ വെച്ചാണ് വിരുന്തിയെയും കരിമ്പനെയും വാർന്താട്ട് കുഞ്ഞമ്പു വാങ്ങിയത് എന്ന് തോറ്റം പാട്ടിൽ പറയുന്നില്ല. പക്ഷേ തിരവർകാട്ട് ഭഗവതിയുടെ കാക്കത്തൊള്ളായിരം അടിമകളിൽ പെടുന്നവരാണ് അവരെന്നും മീനമാസത്തിലെ പൂരത്തിന് എഴുന്നള്ളിയ കോലത്തിരി കാവിലെ മൂത്തപിടാരരുടെ സാന്നിധ്യത്തിലാണ് അവരെ കൈമാറിയതെന്നും തോറ്റത്തിൽ പറയുന്നുണ്ട്.

അതിനുള്ള പണം കുഞ്ഞമ്പു കൊടുത്തതിന്റെ വിവരവും തോറ്റത്തിലുണ്ട്. ഇത്രയും വിവരങ്ങൾ തോറ്റംപാട്ടിൽ നിന്ന് ലഭിക്കുന്ന നിലയ്ക്ക് വടുകുന്ദച്ചന്തയിൽ അടിമക്കച്ചവടം നടന്നിരുന്നു എന്ന ഊഹം യുക്തിസഹം തന്നെയാണ്. തെയ്യംപുരാവൃത്തങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ചരിത്രപശ്ചാത്തലം പരിശോധിച്ചാൽ ഒരു കാലത്ത് കേരളസമൂഹത്തിൽ നിലനിന്നിരുന്ന പല ദുരാചാരങ്ങളുടെയും സാമൂഹ്യതിന്മകളുടെയും കൂടി ചിത്രം നമുക്ക്
ലഭിക്കും. വലിയ അസമത്വങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിന് കീഴാളർ കലയുടെ സഹായം തേടിയിരുന്നതിനുള്ള ധാരാളം തെളിവുകൾ ഫോക്ലോറിൽ സുലഭമാണ്. ഒപ്പം കീഴാളർക്ക് പ്രതീകാത്മക സംതൃപ്തി നൽകി അവരെ ശാന്തരാക്കി വരുതിയിൽ നിർത്തി തങ്ങളുടെ താൽപര്യങ്ങൾ യഥേഷ്ടം നടപ്പിലാക്കാനുള്ള മേലാളരുടെ ശ്രമങ്ങളും അവയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മാടായിക്കാവുമായി ബന്ധപ്പെട്ട് ചില പ്രത്യേകാവകാശങ്ങളുള്ളയാളാണ് പൊള്ള എന്ന ആചാരപ്പേരുള്ള പുലയമൂപ്പൻ. കർക്കിടകം പതിനാറാം തിയ്യതി കാവിന്റെ പരിസരത്തുവെച്ച് മാരിത്തെയ്യങ്ങളെ ഊരുചുറ്റാനായി അണിയിച്ചൊരുക്കി പുറപ്പെടുവിക്കുന്നതിനുള്ള അധികാരം അദ്ദേഹത്തിനാണ്. മാരിക്കലിയൻ, മാരിക്കലിച്ചി, മാമായക്കലിയൻ, മാമായക്കലിച്ചി, മാമായക്കുളിയൻ, മാരിക്കുളിയൻ എന്നീ ആറ് തെയ്യങ്ങളാണ് മാരിത്തെയ്യങ്ങൾ. എന്റെ കുട്ടിക്കാലത്ത് ഈ തെയ്യങ്ങളെ പുലത്തെയ്യങ്ങൾ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ആ പ്രയോഗം ഉപേക്ഷിക്കപ്പെട്ടിട്ട് ദശകങ്ങളായി.

കുരുത്തോലകൊണ്ടാണ് മാരിത്തെയ്യങ്ങളുടെ ഉടയാടകൾ. മാരിക്കലിയനും മാരിക്കലിച്ചിക്കും തേപ്പ് ഉണ്ടാകും. കുളിയന്മാർ പൊയ്മുഖങ്ങളണിയും. തുടിയും ചേങ്ങലയുമാണ് വാദ്യങ്ങൾ. മാരിത്തെയ്യങ്ങളുടെ കഥ പറയുന്ന പാട്ടിനും ഈ അനുഷ്ഠാനത്തിന് ആകെത്തന്നെയും മാരിപ്പാട്ട് എന്നാണ് പേര്. ആരിയനാട്ടിൽ നിന്നു വന്ന കപ്പലിൽ മലനാട്ടിലെത്തിച്ചേർന്ന ദുർദ്ദേവതകളാണ് മാരിയും മാമായവും. നാട്ടിൽ രോഗാദി ദുരിതങ്ങൾ (മാരിശ്ശനി) വിതക്കുന്ന ഈ ദുർദ്ദേവതകളെ ഒഴിപ്പിക്കാൻ പൊള്ളയ്ക്കു മാത്രമേ കഴിയൂ. മാരിത്തെയ്യങ്ങൾ നാടാകെ ഓടി നടന്ന് മാരിശ്ശനിയെ ആവാഹിക്കും. സന്ധ്യയോടെ അവർ അതിനെ കടലിൽ കൊണ്ടുപോയി ഒഴുക്കും. ഇതാണ് മാരിത്തെയ്യങ്ങളെ സംബന്ധിച്ച വിശ്വാസം.

ആരിയനാട്ടിൽ നിന്നു വന്ന ദുർദ്ദേവതകൾ, അവരെ ഒഴിപ്പിക്കാൻ ശേഷിയുള്ള അധഃകൃതർ. ഈ രണ്ട് സംഗതികളെ മറ്റ് തെളിവുകളോട് ചേർത്തുവെച്ച് പഠിക്കാൻ തയ്യാറാവുന്ന നരവംശശാസ്ത്ര ഗവേഷകർക്ക് പലതും കണ്ടെത്താൻ
കഴിഞ്ഞേക്കും. നൂറ്റാണ്ടുകൾക്കു മുമ്പ് ഉത്തരേന്ത്യയിൽ നിന്ന് ബ്രാഹ്‌മണസംഘങ്ങൾ കേരളത്തിലെത്തി എന്നതും അവർ ഇവിടത്തെ സാമൂഹ്യജീവിതത്തിൽ പല അട്ടിമറികളും പ്രശ്നങ്ങളും ഉണ്ടാക്കി എന്നതും ചരിത്ര വസ്തുതയാണ്. അവരുടെ ആധിപത്യം സൃഷ്ടിച്ച ദുരിതങ്ങൾ ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടി വന്ന കീഴാളർ അതിനെതിരെ നടത്തിയ ബോധവൽക്കരണത്തിന്റെയും ചെറുത്തുനിൽപ്പുകളുടെയും കലാത്മകാവിഷ്‌കാരമാണോ മാരിത്തെയ്യങ്ങൾ? പത്തറുപതുവർഷം മുമ്പ് ഒരു കുട്ടിയായിരുന്ന ഞാൻ കർക്കിടകത്തിൽ ഇടമുറിയാതെ
പെയ്തുതിമിർക്കുന്ന മഴ കണ്ണിനുമുന്നിൽ തീർക്കുന്ന മറയെ ഭേദിച്ച് അലറിയും കൂവിയും വിളിച്ച് ഓടിയെത്തുന്ന പുലത്തെയ്യങ്ങളെ ഭീതിയോടും അത്ഭുതത്തോടും കൂടി നോക്കിനിന്നിട്ടുണ്ട്. ആ രൂപങ്ങൾക്ക് ഇപ്പോൾ മാത്രമാണ് എന്റെ മനസ്സിൽ പുതിയ അർത്ഥങ്ങളുണ്ടാവുന്നത്! ▮

(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments