ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

കമ്പ്യൂട്ടർ എത്തിയപ്പോൾ ഫാക്ടിൽ സംഭവിച്ചത്

കാത്തിരുന്ന ഉദ്ഘാടന ദിനം വന്നെത്തി. പ്രോഗ്രാം അവസാന മിനുക്കുപണികളും എല്ലാം കഴിഞ്ഞ് സജ്ജമായി. ഉദ്ഘാടനത്തിന് എല്ലാവരും എത്തി. ഉദ്ഘാടകനും എത്തി. പിന്നെ നടന്നതൊക്കെ വലിയ ട്വിസ്റ്റുകളായിരുന്നു.

കുടിവെള്ളത്തിൽ സാധാരണയായി പരിശോധിക്കുന്നത് പി. എച്ച് മൂല്യം, കാഠിന്യം (Hardness), നിറം, ടർബിഡിറ്റി, ലവണാംശം എന്നിവയാണ്. കൂടാതെ അതിൽ ഹാനികരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും പരിശോധിക്കേണ്ടതുണ്ട്. ഇരുമ്പ്, ചെമ്പ് തുടങ്ങിയവയുടെ സാന്നിദ്ധ്യവും പരിശോധിക്കും.

പി.എച്ച് മൂല്യം ജലത്തിന് ക്ഷാരഗുണമോ അമ്ലഗുണമോ ഉള്ളത് എന്നതിന്റെ സൂചകമാണ്. ജലം ന്യൂട്രൽ ആയതുകൊണ്ട് പി. എച്ച് മൂല്യം 7 ആണ് ഉണ്ടാവേണ്ടത്. ലോകാരോഗ്യസംഘടനയുടെ ശുപാർശയും ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ചും കുടിവെള്ളത്തിന് 6.5 മുതൽ 7.5 വരെ പി. എച്ച് മൂല്യം ആവാം.
ജലകാഠിന്യം കാൽസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും ലവണങ്ങൾ മൂലമാണ് മുഖ്യമായും ഉണ്ടാവുന്നത്. അതിൽത്തന്നെ കാൽസ്യം കാർബണേറ്റും മഗ്‌നീഷ്യം കാർബണേറ്റുമാണ് പ്രധാന ലവണങ്ങൾ. ഇതുരണ്ടും ചേർത്ത് ടോട്ടൽ ഹാർഡ്‌നെസ് എന്നാണ് പറയുക. കാൽസ്യം കാർബണേറ്റ് ആയാണ് അത് റിപ്പോർട്ട് ചെയ്യുക. (Total Hardness as CaCO3) കാഠിന്യം 200 മില്ലീഗ്രാം/ലിറ്റർ (മറ്റ് കുടിവെള്ളം ലഭ്യമല്ലെങ്കിൽ 600) വരെയാവാം.

രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ ഏലൂർ ഐലന്റിലെ പല ഭാഗങ്ങളിലും പോയി വെള്ളം സാമ്പിൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. അങ്ങനെ പോവുമ്പോൾ കണ്ട മനോഹരമായ കാഴ്ചകളിലൊന്ന് ഏലൂർ ചൗക്കയിലെ രാത്രിക്കാഴ്ചയാണ്.

ജലത്തിലെ ഉപ്പിന്റെ അംശമാണ് ലവണാംശം. അത് സോഡിയം, മഗ്‌നീഷ്യം തുടങ്ങിയവയുടെ ക്‌ളോറൈഡ് ലവണങ്ങളായിരിക്കും. അത് റിപ്പോർട്ട് ചെയ്യുന്നത് ക്ലോറൈഡ് ആയിട്ടാണ്. അത് 250 മില്ലീഗ്രാം/ലിറ്റർ വരെയാവാം.
ജലത്തിലെ സ്വതന്ത്രാവസ്ഥയിലുള്ള ക്ലോറിന്റെയും അമോണിയയുടെയും അളവും അറിയേണ്ടതുണ്ട്.
അപകടകരമായ ബാക്ടീരിയകൾ ഉണ്ടാവാനേ പാടില്ല.
ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടനയേക്കാൾ കർക്കശമായ നിർദ്ദേശങ്ങളാണ് ഇന്ത്യൻ സ്റ്റാൻഡേർഡിലുള്ളത് (അത് പാലിക്കപ്പെടുന്നുണ്ടോ എന്നത് മറ്റൊരു കാര്യം!)

ഉദാഹരണത്തിന് ജലത്തിലെ ഇരുമ്പിന്റെ അംശം 0.3 മില്ലീഗ്രാം/ലിറ്ററിൽ കൂടാൻ പാടില്ല എന്ന് ഇന്ത്യൻസ്റ്റാൻഡേർഡ് നിഷ്‌കർഷിക്കുന്നുണ്ട്. പക്ഷേ ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങളിൽ ആ നിബന്ധന കാണുന്നില്ല.
എൺപതുകളുടെ അവസാനം മുതലാണല്ലോ ഞാൻ ലാബിൽ വാട്ടർ അനാലിസിസുമായി ബന്ധപ്പെടുന്നത്. അക്കാലത്ത് പി. എച്ച് 6.8 നടുത്താണ്. ഇപ്പോഴും അതിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ക്ലോറൈഡ് മഴക്കാലത്ത് 5 മില്ലീഗ്രാം/ലിറ്ററും വേനൽക്കാലത്ത് പെരിയാറ്റിലേക്ക് ഓരുവെള്ളം കയറുന്ന സമയം അത് ഉയർന്ന് 1000-2000 വരെയൊക്കെയാവും. ഇപ്പോഴത് 10 മില്ലീഗ്രാമിനടുത്താണ്. വേനൽ സമയത്തേത് പഴയപോലെതന്നെയാണ്.
കാഠിന്യം പണ്ട് 10 മില്ലീഗ്രാം/ലിറ്റർ ആയിരുന്നത് 20 നടുത്തേയ്ക്ക് ഇപ്പോഴെത്തിയിട്ടുണ്ട്.

വേനൽക്കാലമായാൽ വാട്ടർ അനാലിസിസിന്റെ പ്രസക്തി കൂടും. ക്ലോറൈഡ് 50 ൽ കൂടിയാൽ പ്ലാന്റിൽ പ്രശ്‌നങ്ങളുണ്ടാവും. ഓരുവെള്ളം കയറാൻ തുടങ്ങിയാൽ പെട്ടെന്നുതന്നെ ക്ലോറൈഡിന്റെ അളവ് കുതിച്ചുകയറും. അതുകൊണ്ട് പകലും രാത്രിയും ഇടവിട്ടിടവിട്ട് സാമ്പിളുകൾ ശേഖരിച്ച് അനാലിസിസ് ചെയ്ത് റിപ്പോർട്ട് അപ്പപ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കണം. അങ്ങനെ ചിലപ്പോൾ രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ ഏലൂർ ഐലന്റിലെ പല ഭാഗങ്ങളിലും പോയി വെള്ളം സാമ്പിൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. അങ്ങനെ പോവുമ്പോൾ കണ്ട മനോഹരമായ കാഴ്ചകളിലൊന്ന് ഏലൂർ ചൗക്കയിലെ രാത്രിക്കാഴ്ചയാണ്.

സാമ്പിളെടുക്കാൻ കമ്പനി വാഹനത്തിൽ അവിടെയെത്തുമ്പോൾ വെളുപ്പിന് മൂന്നുമണി സമയമൊക്കെ ആയിട്ടുണ്ടാവും. വളരെ നിശ്ശബ്ദമായിരിക്കും. കെട്ടിയിട്ടിട്ടുള്ള ബോട്ട് വല്ലപ്പോഴും ചെറുതായി അനങ്ങുന്നതൊഴിച്ചാൽ വെള്ളംപോലും നിശ്ചലമായിരിക്കും.. ആകെ ഒരു മനോഹരചിത്രം പോലെ, കണ്ടുകൊണ്ടിരിക്കുന്ന നമ്മളെ ഒരു മോഹനിദ്രയിലേയ്ക്ക് നയിക്കുന്ന ചിത്രം. ചിലപ്പോഴങ്ങനെ കുറേനേരം നോക്കിനിന്നിട്ടുണ്ട് ആ മനോഹരക്കാഴ്ച!
വർഷങ്ങളിലെ ഈ വാട്ടർ അനാലിസിസ് പരിചയമാണ് പിന്നീട് പരിസ്ഥിതി വിജ്ഞാനത്തിൽ ബിരുദാനന്തരപഠനം നടത്തുമ്പോൾ പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച വിഷയത്തിൽ തിസീസ് ചെയ്യാൻ പ്രേരിപ്പിച്ചത്. ആ തിസീസിൽ പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരത്തിൽ ഒരു വർഷമുണ്ടാവുന്ന വ്യതിയാനങ്ങളാണ് മുഖ്യമായും പ്രതിപാദിച്ചത്.
ഫാക്ടിൽ അറുപതുകളിൽത്തന്നെ നല്ലൊരു കമ്പ്യൂട്ടർ സെന്റർ നിലവിലുണ്ടായിരുന്നു. എൺപതുകൾ ആയപ്പോഴേയ്ക്കും അതിന് ഒരു പ്രത്യേക ജനറൽ മാനേജരുടെ കീഴിൽ നല്ലൊരു ടീം നിലവിൽ വന്നിരുന്നു. മാനേജ്‌മെന്റ് വിദഗ്ദ്ധനായ ടി. ആർ. എസ്. മേനോൻ ജനറൽ മാനേജർ ആയതോടെ കമ്പ്യൂട്ടർ വിഭാഗം ആധുനിക സങ്കേതങ്ങളുമായി നവീകരിച്ചു.

എങ്കിലും കമ്പ്യൂട്ടർ സംവിധാനം കമ്പ്യൂട്ടർ സെന്ററിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. പ്ലാന്റുകളിലേയ്ക്കും ലാബുകളിലേയ്ക്കും തൊണ്ണൂറുകളുടെ ആദ്യമാണ് കമ്പ്യൂട്ടറുകൾ വന്നുതുടങ്ങിയത്. അങ്ങനെ ലാബിലേയ്ക്ക് ഒരു കമ്പ്യൂട്ടർ കിട്ടി. സീനിയർ ആളുകൾക്ക് കമ്പ്യൂട്ടറിനോട് അത്ര പ്രതിപത്തി തോന്നാത്തതുകൊണ്ടോ, പഠിച്ചെടുക്കാനുള്ള താൽപര്യക്കുറവുകൊണ്ടോ എന്തോ, അവരതിൽ വലിയ താൽപര്യം കാട്ടിയില്ല. കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കിയിരുന്ന സമയമായതുകൊണ്ട് എനിക്ക് അതിൽ താൽപര്യം തോന്നി. അന്നത്തെ ലാബ് മാനേജർ കമ്പ്യൂട്ടറിനെ എങ്ങനെയൊക്കെ ഉപയോഗിക്കാൻ പറ്റുമെന്ന് പരിശ്രമിച്ചുനോക്കാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ കമ്പ്യൂട്ടർ എന്റെ ചുമതലയിലായി. ഞാൻ പഠിച്ച പ്രോഗ്രാമിങ് എങ്ങനെ ഉപയോഗിക്കാം എന്നായി ചിന്ത. അന്ന് വാട്ടർ അനാലിസിസ് ഉൾപ്പടെയുള്ള പ്രധാന റിപ്പോർട്ടുകൾ ലോഗ് ഷീറ്റിൽ കാർബൺ കോപ്പികൾ വച്ച് എഴുതി ഓഫീസിൽ ഫയൽ ചെയ്ത് സൂക്ഷിക്കുകയും മറ്റ് സ്ഥലങ്ങളിലേയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. അതുകൊണ്ട്, വാട്ടർ അനാലിസിസ് റിസൽട്ടുകൾ എന്റർ ചെയ്യാനും അതിന്റെ റിപ്പോർട്ടുകൾ നിലവിലുള്ള രീതിയിൽത്തന്നെ പ്രിന്റ് ചെയ്‌തെടുക്കാനുമായി ഒരു പ്രോഗ്രാം ആദ്യം ഡെവലപ്പ് ചെയ്‌തെടുത്തു.

ഡാറ്റകൾ സൂക്ഷിക്കാനും ആവശ്യമുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാനും വളരെ എളുപ്പമായതോടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ എല്ലാവർക്കും താൽപര്യം തോന്നിത്തുടങ്ങി.

അതിൽ ഡേറ്റ എന്റർ ചെയ്യുകയും പ്രിന്റെടുക്കുകയും ചെയ്തുതുടങ്ങിയപ്പോൾ എല്ലാവർക്കും കമ്പ്യൂട്ടറിന്റെ ഉപയോഗം ബോധ്യപ്പെട്ടുതുടങ്ങി. അങ്ങനെ അനാലിസിസുകളുടെ കാൽക്കുലേഷനും അനാലിസിസ് വിവരങ്ങളും പ്രോഗ്രാമുകളിലൂടെ സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങി. കൂടുതൽക്കൂടുതൽ റിപ്പോർട്ടുകൾ കമ്പ്യൂട്ടർ ഉപയോഗിച്ച് ജെനറേറ്റ് ചെയ്തുതുടങ്ങി. അതുമൂലം ഡാറ്റകൾ സൂക്ഷിക്കാനും ആവശ്യമുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാനും വളരെ എളുപ്പമായതോടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ എല്ലാവർക്കും താൽപര്യം തോന്നിത്തുടങ്ങി. ലാബിലെ എന്റെ ജോലികൾക്കു പുറമേ ഇത്തരം ആവശ്യങ്ങൾക്കുള്ള പ്രോഗ്രാമുകൾ ഡെവലപ്പ് ചെയ്യുക എന്നതും എന്റെ ചുമതലയായിവന്നു. എന്നോടൊപ്പം കമ്പ്യൂട്ടർ പഠിച്ച ഒരാൾകൂടി ലാബിലുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇതിലൊന്നും താല്പര്യം കാണിച്ചില്ല.
അങ്ങനെ 1990 മുതലുള്ള പെരിയാർ ജലത്തിന്റെ ഡാറ്റ കമ്പ്യൂട്ടറിൽ സൂക്ഷിക്കപ്പെട്ടു. പിന്നീട് പല സമയത്തും ഈ ഡാറ്റ, പല റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ഉപയോഗപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ 2010 ൽ ഈ ഡാറ്റ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്‌ക് തകരാറിലാവുകയും അതിൽനിന്ന് ഡാറ്റ റിക്കവർ ചെയ്യാൻ കഴിയാതെ നഷ്ടപ്പെടുകയും ചെയ്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
2010 ഓടെ സമഗ്രമായ SAP ഫാക്ടിൽ നടപ്പിലായി. അതൊടെ ഫാക്ടിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഡാറ്റയും അതുവഴിയായി.

ആയിടയ്ക്കാണ് അമോണിയ പ്ലാന്റിലെ ലാബ് നവീകരിക്കാൻ തീരുമാനിക്കുന്നത്. അതുവരെയുള്ള പരമ്പരാഗത ഉപകരണങ്ങൾ മാറ്റി ക്രോമറ്റോഗ്രാഫ് പോലെയുള്ള ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ലാബ് സംവിധാനമാകെ മാറ്റേണ്ടതുണ്ടായിരുന്നു. അതിനായി തീരുമാനിച്ച ടീമിന്റെ ഭാഗമായി ഞാനും ആ ലാബിലേയ്ക്ക് നിയമിതനായി. തികച്ചും വ്യത്യസ്തമായി ഒരു ലാബ് ഉണ്ടാക്കിയെടുക്കേണ്ടിവന്നു.

അങ്ങനെ പ്രോഗ്രാമിങ് പുരോഗമിക്കുന്നതിനിടയിലാണ് അത് സംഭവിക്കുന്നത്! ചില ദിവസങ്ങളിൽ രാവിലെ വരുമ്പോൾ പ്രോഗ്രാം എറർ കാണിക്കുകയോ അല്ലെങ്കിൽ തെറ്റായി പ്രവർത്തിക്കുകയോ ചെയ്യുന്നു! പ്രോഗ്രാമിന്റെ ലൈനുകളിൽ ആരോ മാറ്റങ്ങൾ വരുത്തുന്നു!

പുതിയ ഇൻസ്ട്രുമെന്റുകൾ എത്തിയപ്പോഴാണ് പ്രശ്‌നമായത്. സീനിയർ ആളുകൾ ഇൻസ്ട്രുമെന്റിനോടു ചേർന്നുള്ള ഇന്റഗ്രേറ്ററും കീബോർഡും കണ്ടപ്പോൾ ‘‘ഇത് കമ്പ്യൂട്ടറാണ്, ഇത് ഞങ്ങൾക്ക് അറിയില്ല'' എന്നുപറഞ്ഞ് വിമുഖത കാട്ടി. അതിന്റെ പ്രവർത്തനവും അത്ര എളുപ്പമായിരുന്നില്ല. സ്വാഭാവികമായും അത് പ്രോഗ്രാം ചെയ്യേണ്ട ബാദ്ധ്യത എനിക്കുതന്നെ വന്നു. മാന്വലുകൾ മനസ്സിരുത്തി പഠിച്ചു. പ്രോഗ്രാമിങ് തുടങ്ങി. ഒരു കീ അമർത്തിയാൽ ബാക്കിയൊക്കെ ഓട്ടോമാറ്റിക്കായി നടക്കണം, ആ വിധത്തിൽ ഇൻസ്ട്രുമെന്റിനെ പ്രോഗ്രാം ചെയ്യണം - അതാണ് എനിക്കുതന്ന അസൈൻമെൻറ്​. പകൽ മുഴുവനും പ്രോഗ്രാമിങ്ങിനായി ചെലവഴിച്ചു. മൂവായിരത്തിലധികം ലൈനുകൾ പ്രോഗ്രാമിങ്ങിനായി എഴുതേണ്ടിവന്നു. അങ്ങനെ പ്രോഗ്രാമിങ് പുരോഗമിക്കുന്നതിനിടയിലാണ് അത് സംഭവിക്കുന്നത്! ചില ദിവസങ്ങളിൽ രാവിലെ വരുമ്പോൾ പ്രോഗ്രാം എറർ കാണിക്കുകയോ അല്ലെങ്കിൽ തെറ്റായി പ്രവർത്തിക്കുകയോ ചെയ്യുന്നു! പ്രോഗ്രാമിന്റെ ലൈനുകളിൽ ആരോ മാറ്റങ്ങൾ വരുത്തുന്നു! അതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലായി.

പക്ഷേ ഈ മാറ്റം വരുത്തിയതെവിടെയെന്ന് കണ്ടുപിടിക്കുകയാണ് ദുഷ്‌കരം! മൂവായിരത്തിലധികം ലൈനുകളിൽ എവിടെയാണ് മാറ്റം വന്നതെന്നറിയാൻ കഠിന പരിശ്രമം വേണ്ടിവരുന്നു. സമയം ഒരുപാട് നഷ്ടപ്പെടുന്നു! ഏതൊക്കെ ദിവസങ്ങളിലാണ് ഈ പ്രശ്‌നം ഉണ്ടാവുന്നതെന്ന് ശ്രദ്ധിച്ചു. ആ ദിവസം ഈവനിങ്, നൈറ്റ് ഷിഫ്റ്റുകളിൽ അവിടെയുണ്ടാവുന്നവർ ആരൊക്കെയെന്ന് ശ്രദ്ധിക്കുകയും ചെയ്തപ്പോൾ അന്വേഷണം രണ്ടുപേരിലെത്തി നിന്നു! അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അതിലൊരാൾക്ക് അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നും തോന്നിയില്ലെന്നു മാത്രമല്ല, നിങ്ങളാരാണ് അതുപറയാൻ? ഇനിയും ഞാനിത് ചെയ്യും എന്ന രീതിയിലുള്ള മറുപടിയും! മറ്റേയാൾ ഒന്നും പറഞ്ഞുമില്ല.

ഈ പ്രശ്‌നം അവസാനിക്കില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്റെ ചാർജ്ജുള്ള ആളിനോടും ലാബ് മാനേജരോടും പ്രശ്‌നം പറഞ്ഞു. അവരോട് പറഞ്ഞുമനസ്സിലാക്കാനൊന്നും നിൽക്കണ്ട, പ്രോഗ്രാം സുരക്ഷിതമാക്കാൻ എന്തെങ്കിലും ചെയ്യൂ എന്നാണ് അവരുടെ നിലപാട്. എനിക്ക് നിരാശതോന്നി! എങ്കിലും ഞാനൊരു വഴി കണ്ടെത്തുകതന്നെ ചെയ്തു. ഫ്‌ളോപ്പി ഡിസ്‌കുകളിലായാണ് ഈ പ്രോഗ്രാമുകൾ സ്റ്റോർ ചെയ്യപ്പെടുന്നത്.

എല്ലാ ദിവസവും വൈകുന്നേരം പ്രോഗ്രാമിങ് അവസാനിപ്പിക്കുമ്പോൾ അതിന്റെ കോപ്പി രണ്ട് ഫ്‌ളോപ്പി ഡിസ്‌കുകളിലേക്ക് ഞാൻ കോപ്പിചെയ്ത് സൂക്ഷിക്കും. അതിലൊന്ന് ലാബിലെ എന്റെ ലോക്കറിൽ പൂട്ടിവയ്ക്കും. മറ്റൊന്ന് എന്റെ പോക്കറ്റിലിട്ട് വീട്ടിലേയ്ക്ക് കൊണ്ടുപോരും. അതുംപോരാഞ്ഞ്, ഒരു പ്രിന്റൗട്ട് എടുത്ത് ലോക്കറിൽ സൂക്ഷിക്കും. പിറ്റേന്ന് രാവിലെ വന്നാൽ ആദ്യം ചെയ്യുക, കൈയിലുള്ള ഫ്‌ളോപ്പിയിൽനിന്ന് പ്രോഗ്രാം സിസ്റ്റത്തിലേയ്ക്ക് കോപ്പിചെയ്യുക എന്നതാണ്. അതോടെ രാത്രിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് ഇല്ലാതാവുന്നു! പ്രോഗ്രാമിങ് സുഗമമായി മുന്നോട്ടുപോയി. ഇത് മറ്റ് രണ്ട് കക്ഷികളേയും നിരാശരാക്കി എന്ന് പറയേണ്ടതില്ലല്ലോ! പക്ഷേ, ഞാൻ എന്താണ് ചെയ്തിരുന്നതെന്ന് അവർക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം രാത്രി ഞാൻ വീട്ടിലിരിക്കുമ്പോഴാണ് എട്ട് മണിയോടുകൂടി ഇതിലൊരു കക്ഷി ഓടിക്കിതച്ച് എന്നെക്കാണാനെത്തുന്നത്. അദ്ദേഹം ആകെ പരിഭ്രാന്തിയിലായിരുന്നു! രാത്രി പതിവുപോലെ പ്രോഗ്രാമിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ ആ പ്രോഗ്രാം മൊത്തമായി ഡിലീറ്റ് ആയിപ്പോവുകയും, സിസ്റ്റം പ്രവർത്തിപ്പിക്കാനാവാത്ത വിധത്തിലാവുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഇത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളോർത്ത് അദ്ദേഹം പരിഭ്രാന്തനായി എന്റടുത്തേയ്ക്ക് ഓടിവരികയായിരുന്നു. കോപ്പി എന്റെ കൈയിലുണ്ടെന്നും രാവിലെ അത് ഞാൻ സിസ്റ്റത്തിലേയ്ക്ക് കോപ്പി ചെയ്യുമെന്നും അതുകൊണ്ട് ആരും അറിയില്ലെന്നും അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം പിന്നീട് ഇമ്മാതിരി പ്രവർത്തികളിൽനിന്ന് പിന്തിരിയുകയും നല്ല സുഹൃത്തായി മാറുകയും ചെയ്തു. മറ്റേയാൾ തന്റെ പ്രവൃത്തികൾ ഒരു മാറ്റവുമില്ലാതെ തുടരുകയും ചെയ്തു.

നേരെ ലാബ് മാനേജരെ കണ്ടു. എന്റെ പ്രശ്‌നങ്ങൾക്കൊരു പരിഹാരം ഉണ്ടാവാത്തതുകൊണ്ട് ഞാനീ ജോലികൾ നിർത്തിവയ്ക്കുകയാണ്, കെമിസ്റ്റ് എന്ന നിലയിലുള്ള ജോലികൾ മാത്രം ചെയ്‌തോളാം എന്നു പറഞ്ഞ് തിരിച്ചുപോന്നു

അങ്ങനെ മൂന്നുമാസത്തോളം കഠിനമായി പ്രവർത്തിച്ചു. ഒരുപാട് വെല്ലുവിളികളെ നേരിട്ട് 75% ത്തോളം പ്രോഗ്രാമിങ്ങ് പൂർത്തിയായി. അപ്പോൾ ഏകദേശം മൂന്നു കൊല്ലമായി എനിക്കു കിട്ടേണ്ട പ്രമോഷൻ (കാരണമൊന്നുമില്ലാതെ) മുടങ്ങിക്കിടക്കുകയായിരുന്നു. ഈ സന്ദർഭം എന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പറ്റിയതാണെന്ന് എനിക്കു തോന്നി. നേരെ ലാബ് മാനേജരെ കണ്ടു. എന്റെ പ്രശ്‌നങ്ങൾക്കൊരു പരിഹാരം ഉണ്ടാവാത്തതുകൊണ്ട് ഞാനീ ജോലികൾ നിർത്തിവയ്ക്കുകയാണ്, കെമിസ്റ്റ് എന്ന നിലയിലുള്ള ജോലികൾ മാത്രം ചെയ്‌തോളാം എന്നു പറഞ്ഞ് തിരിച്ചുപോന്നു. അൽപസമയം കഴിഞ്ഞപ്പോൾ എന്റെ ഇൻ ചാർജ്ജും, മനേജരും കൂടി വന്നു. ജോലി നിർത്തരുത്, പൂർത്തിയാക്കണം. മാനേജുമെന്റിനെ കാര്യങ്ങൾ അറിയിച്ച് പരിഹാരത്തിനു ശ്രമിക്കാം. എന്നു പറഞ്ഞു. കൂടാതെ ‘ഇക്കൊല്ലത്തെ അവാർഡിന് പ്രദീപിനെ നിർദ്ദേശിക്കാൻ തീരുമാനിച്ചിട്ടുണ്ട്, അതുകൊണ്ട് ജോലി പൂർത്തിയാക്കൂ' എന്ന് രഹസ്യമായും പറഞ്ഞു.

ഞാനത് വിശ്വസിച്ച് ജോലികൾ പൂർത്തിയാക്കി. അങ്ങനെ ട്രയൽ റണ്ണുകൾക്കുശേഷം ഔദ്യോഗികമായ ഉദ്ഘാടനം തീരുമാനിച്ചു. എനിക്കും സന്തോഷം തോന്നി. നാലുമാസത്തെ പരിശ്രമം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. ഒറ്റ കീ അമർത്തിയാൽ അനാലിസിസ് തുടങ്ങി റിസൽട്ട് പുറത്തുവരും. ഓരോ ഷിഫ്റ്റിന്റെയും അവസാനം റിപ്പോർട്ട് വരും. മൂന്ന് ഷിഫ്റ്റ് പൂർത്തിയാവുമ്പോൾ കൺസോളിഡേറ്റഡ് റിപ്പോർട്ട് വരും. ഡാറ്റ മുഴുവൻ ഒരു ഫ്‌ളോപ്പിഡിസ്‌കിലേയ്ക്ക് സേവ് ആവുകയും ചെയ്യും. കൂടാതെ ഓരോ ദിവസത്തെയും പ്രധാന പരാമീറ്ററുകളുടെ ആവറേജ്, വ്യതിയാനങ്ങളുടെ ഗ്രാഫ് ഇവയും ജനറേറ്റ് ചെയ്യാൻ ഈ സോഫ്റ്റ് വെയർകൊണ്ട് സാധിക്കും.
കാത്തിരുന്ന ഉദ്ഘാടനദിനം വന്നെത്തി. പ്രോഗ്രാം അവസാന മിനുക്കുപണികളും എല്ലാം കഴിഞ്ഞ് സജ്ജമായി. ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്‌നിക്കൽ) ആണ് ഉദ്ഘാടകൻ. ഒരു കീ അമർത്തിയാൽ തുടങ്ങാവുന്ന രീതിയിൽ ഇൻസ്ട്രുമെൻറ്​സെറ്റ് ചെയ്തുവച്ചു..
ഉദ്ഘാടനത്തിന് എല്ലാവരും എത്തി.
ഉദ്ഘാടകനും എത്തി..
പിന്നെ നടന്നതൊക്കെ വലിയ ട്വിസ്റ്റുകളായിരുന്നു..
എന്റെ അനുഭവപാഠങ്ങളുടെ തുടക്കം! ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments