ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

ചതിയുടെ ചവർപ്പും അംഗീകാരത്തിന്റെ മധുരവും

അങ്ങനെ ഒട്ടേറെ അനശ്ചിതത്വങ്ങളുടെ അവസാനം, മൂന്നു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം, പ്രമോഷൻ ഓർഡർ കൈയിൽകിട്ടുന്നു! തൊഴിലാളിയിൽനിന്ന് ഓഫീസറിലേക്കുള്ള മാറ്റം! ഇതെനിക്ക് ഒരു പുതുജീവൻ കിട്ടിയതുപോലെയായി!

ദ്ഘാടനദിവസം രാവിലെ മുതൽ അവിടെ ആളുകൾ എത്തിത്തുടങ്ങി.
ഡിപ്പാർട്ട്‌മെന്റിലെ തന്നെ പലരും ആദ്യമായി ആ ലാബും ഇൻസ്ട്രുമെന്റുകളും കാണുന്നു!
ഡി.ജി.എം വരികയല്ലേ, എല്ലാരും മുന്നിലേക്ക് തള്ളിക്കയറി! ആ ചെറിയ റൂമിലാകെ തിക്കും തിരക്കും. ഞാനവിടന്ന് പുറത്തേക്കിറങ്ങിനിന്നു.
അൽപസമയത്തിനുള്ളിൽ ഡി.ജി.എം എത്തി. അതോടൊപ്പം ഓഫീസർമാരുടെ ഒരു പടയും. എല്ലാവരും കൂടി അകത്തേക്ക് ഇടിച്ചുകയറി. ഒരുവിധത്തിലും അകത്തേയ്ക്ക് കയറാനാവാത്തകൊണ്ട് ഞാൻ പുറത്തുതന്നെ നിന്നു. ഡി.ജി.എമ്മിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തത്രപ്പാടിൽ ആരും എന്നെ ശ്രദ്ധിക്കുന്നേയില്ല. എനിക്കൽപം വിഷമം തോന്നി. "പെരുന്തച്ചൻ' സിനിമ അന്ന് ഇറങ്ങിയിരുന്നില്ല. അല്ലെങ്കിൽ അതിലെ ഒരു ഡയലോഗ് ഞാനപ്പോൾ ഓർമിച്ചേനെ!
‘‘കല്ല് ദേവിയായിക്കഴിഞ്ഞു. ഇനി തച്ചൻ തൊട്ടാൽ അശുദ്ധം!''

അകത്ത് മാനേജർ ഡി.ജി.എമ്മിന് "വിശദ'മായി എല്ലാം പറഞ്ഞുകൊടുക്കുകയാണ്! (ആദ്യമായാണ് കക്ഷി ഈ സംഗതികൾ കാണുന്നതുതന്നെ. എന്നാലും കസറുകയാണ്!) തൊട്ടടുത്ത് എന്റെ ഷിഫ്റ്റ് ഇൻ ചാർജ്ജും ഉണ്ട്. അദ്ദേഹവും ഇടക്കിടയ്ക്ക് കാര്യങ്ങൾ വിശദീകരിക്കുന്നത് ഗ്ലാസ് ഡോറിലൂടെ എനിക്ക് കാണാം. ഫോട്ടോഗ്രാഫർ വന്നു. ഡി.ജി.എം ചെറിയൊരു പ്രസംഗത്തിനുശേഷം, ഞാൻ റെഡിയാക്കിവച്ചിരുന്ന ബട്ടണിൽ അമർത്തി ഉദ്ഘാടനം ചെയ്തു. വലിയ കൈയടി മുഴങ്ങി. അദ്ദേഹം മാനേജരേയും ഷിഫ്റ്റ് ഇൻ ചാർജ്ജിനേയും തോളിൽത്തട്ടി അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടു സ്‌നേഹിതർവന്ന് എനിക്ക് കൈതന്നു. അത്രയും സന്തോഷംതോന്നി!

അപ്പോഴാണ് ഡി.ജി.എം ചോദിക്കുന്നത്; ‘‘ഇതൊക്കെ ചെയ്ത ഒരാളുണ്ടല്ലോ? അയാളെവിടെ?''
എന്റെ മനസ്സ് നിറഞ്ഞു. ആരോ ചിലരൊക്കെ എന്നെ തള്ളി ഡി.ജി.എമ്മിന്റെ മുന്നിലെത്തിച്ചു. എന്നെ നോക്കി അദ്ദേഹം പറഞ്ഞു; ‘‘ഇയാളല്ല, വേറൊരാളുണ്ടല്ലോ?''

ഞാനും, എന്നെ തള്ളി മുന്നോട്ടു കൊണ്ടുചെന്നവരും ഒരുപോലെ ഞെട്ടി!
പെട്ടെന്ന് അദ്ദേഹം എന്റെ ഷിഫ്റ്റ് ഇൻ ചാർജ്ജിനെ കണ്ടു; ‘‘ഇയാളാണ്, വരൂ!''
ഞാൻ വീണ്ടും ഞെട്ടി!
അദ്ദേഹം മുന്നോട്ടുചെന്ന് ഡി.ജി.എമ്മിന്റെ മുന്നിൽ അഭിമാനത്തോടെ നിന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നു!
ഒരു ചതിയുടെ ചുരുൾ പതിയെ നിവർന്നുവരികയായിരുന്നു!

അക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തിൽ അദ്ദേഹത്തിന്റെ സേവനത്തിന് അവാർഡ് നൽകപ്പെട്ടു! ലാബിൽ മിക്കവർക്കും സന്തോഷം! വളരെക്കാലത്തിനു ശേഷമാണ് ലാബിൽ ഒരാൾക്ക് റിപ്പബ്ലിക്ദിന അവാർഡ് കിട്ടുന്നത്! ലാബിലൊരു അനുമോദനയോഗം കൂടി. ഞാനദ്ദേഹത്തിന്റെ പ്രസംഗത്തിനു കാത്തുനിന്നു. ആ പ്രസംഗത്തിലോ അവിടെ പ്രസംഗിച്ച മറ്റാരെങ്കിലുമോ എന്റെ പേരുപോലും പരാമർശിച്ചില്ല എന്നത് എനിക്ക് വലിയ ഷോക്കായി! ഞാൻ പതിയെ എന്റെ പുറന്തോടിനുള്ളിലേയ്ക്ക് പിൻവലിഞ്ഞു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും ഇതിലൊക്കെ അമർഷമുണ്ടായിരുന്നു.

അതിനിടയിൽ ഞങ്ങൾക്ക് പ്രമോഷനുള്ള ഇന്റർവ്യൂ കഴിഞ്ഞിരുന്നു. രണ്ട് വേക്കൻസികളുണ്ട്. അതിലൊന്ന് റിസർവേഷനാണ്. അതിന് അർഹതയുള്ള ഒരാളുണ്ട്. പിന്നീട് സീനിയർ ഞാനാണ്. ആ വേക്കൻസിയിൽ എനിക്ക് പ്രമോഷൻ കിട്ടും എന്നുറപ്പായി. രണ്ട് ഷിഫ്റ്റ് ഇൻ ചാർജുമാർ അസിസ്റ്റന്റ് മാനേജരായി പ്രമോട്ട് ചെയ്യപ്പെടുകയും മറ്റ് രണ്ട് സീനിയർ കെമിസ്റ്റുമാർ ഷിഫ്റ്റ് ഇൻ ചാർജുമാരായി പ്രമോട്ട് ചെയ്യപ്പെടുകയും ചെയ്യുമ്പോൾ വരുന്ന രണ്ട് സീനിയർ കെമിസ്റ്റ് വേക്കൻസികളാണത്.

ഷിഫ്റ്റ് ഇൻ ചാർജ്ജുമാർക്ക് ഓർഡർ കിട്ടി അവർ അസിസ്റ്റൻറ്​ മാനേജർമാരായി ചാർജ്ജെടുത്തു. അതോടെ ഒഴിവുവന്ന ഷിഫ്റ്റ് ഇൻ ചാർജ്ജ് വേക്കൻസിയിലേക്ക് രണ്ട് സീനിയർ കെമിസ്റ്റുമാർക്ക് പ്രമോഷൻ ഓർഡർ കിട്ടി. പക്ഷേ അവരത് കൈപ്പറ്റി ചാർജ്ജെടുത്തിരുന്നില്ല. അവർ ചാർജ്ജെടുത്താലേ അവരുടെ വേക്കൻസി ഒഴിവുവരികയും ഞങ്ങൾക്ക് പ്രമോഷൻ കിട്ടുകയും ചെയ്യൂ.

അങ്ങനെ മൂന്നുകൊല്ലത്തെ വിളംബത്തിനുശേഷം പ്രമോഷൻ കിട്ടുമെന്ന് ഈ സങ്കടങ്ങൾക്കിടയിലും സന്തോഷിച്ചിരിക്കുമ്പോഴാണ് ഒരു ദിവസം വൈകിട്ട് എച്ച്.ആർ ഡിപ്പാർട്ടുമെന്റിലെ ഒരു സുഹൃത്ത് എന്നെ വിളിക്കുന്നത്. ആ രണ്ടു വേക്കൻസികളിൽ ഒരെണ്ണം മാത്രം പ്രമോഷൻ കൊടുത്താൽ മതി എന്നും അത് സംവരണമുള്ളയാളിന് കൊടുക്കണമെന്നും തീരുമാനിച്ചു എന്നും അതുകൊണ്ട് എനിക്ക് പ്രമോഷൻ കിട്ടാൻ സാദ്ധ്യതയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഞാനാകെ നിരാശയിലായി. പെട്ടെന്ന് തോന്നിയ ഒരു തോന്നലിൽ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിന്റെ ക്വാർട്ടേഴ്‌സിലേക്കു ചെന്ന് അദ്ദേഹത്തോട് ഈ വിവരം പറഞ്ഞു.
‘‘അതൊന്നും നടക്കില്ല, ഞാനൊന്നു നോക്കട്ടെ'', എന്ന് അദ്ദേഹം പറഞ്ഞു.

ലാബിലെ പ്രവർത്തനങ്ങൾ അംഗീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന് ഞാൻ ചെയ്ത കാര്യങ്ങളോട് മതിപ്പായിരുന്നു. അതുകൊണ്ട് ഷിഫ്റ്റ് ഇൻ ചാർജായി പ്രമോഷൻ കിട്ടിയ സീനിയർ കെമിസ്റ്റുമാരെ രണ്ടുപേരെയും വിളിച്ച് അന്ന് ഈവനിങ് ഷിഫ്റ്റിൽത്തന്നെ പ്രമോഷൻ ഓർഡർ കൈപ്പറ്റാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവർ അപ്പോൾത്തന്നെ അത് ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ മാനേജർ എച്ച്. ആർ മാനേജരെ കണ്ടു. ഒഴിവുള്ള രണ്ട് സീനിയർ കെമിസ്റ്റുമാരുടെ ഒഴിവ് ഉടൻ നികത്തണം എന്നാവശ്യപ്പെട്ടു. പക്ഷേ ഒരാൾക്കേ പ്രമോഷൻ കൊടുക്കൂ എന്ന നിലപാടിൽ എച്ച്.ആർ മാനേജർ ഉറച്ചുനിന്നു. ലാബ് മാനേജരാകട്ടെ, രണ്ട് വേക്കൻസി നികത്തിയേ പറ്റൂ എന്നും അത് ഉടൻ ചെയ്തില്ലെങ്കിൽ ലാബിന്റെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നും ഇക്കാര്യങ്ങൾ ജനറൽ മാനേജരെ അറിയിക്കുമെന്നും നിലപാടെടുത്തു. അവസാനം അദ്ദേഹത്തിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഞങ്ങൾക്ക് രണ്ടുപേർക്ക് പ്രമോഷൻ നൽകി ഉത്തരവായി. ആ ഉത്തരവ് നേരിട്ടുവാങ്ങിക്കൊണ്ടാണ് ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ് ലാബിലേക്കെത്തിയത്.
അങ്ങനെ ഒട്ടേറെ അനശ്ചിതത്വങ്ങളുടെ അവസാനം, മൂന്നു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം, പ്രമോഷൻ ഓർഡർ കൈയിൽകിട്ടുന്നു! തൊഴിലാളിയിൽനിന്ന് ഓഫീസറിലേക്കുള്ള മാറ്റം! ഇതെനിക്ക് ഒരു പുതുജീവൻ കിട്ടിയതുപോലെയായി!

ഇതിനിടയിൽ രസകരമായ ചില കാര്യങ്ങൾ നടന്നിരുന്നു. ഞാനന്ന് ഫാക്ട് വർക്കേഴ്‌സ് യൂണിയൻ അംഗമാണ്. അമോണിയ ലാബിൽ ഞാൻ ചെയ്ത കാര്യങ്ങളും അവിടെ നടന്ന കാര്യങ്ങളുമെല്ലാം അറിയാമായിരുന്ന വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി പി. ബി. ഉണ്ണികൃഷ്ണൻ ഇക്കാര്യങ്ങളെല്ലാം അന്ന് ജനറൽ മാനേജരായിരുന്ന പി. ജയരാമനെ അറിയിച്ചിട്ട്, അക്കൊല്ലത്തെ റിപ്പബ്ലിക്ദിന അവാർഡിന് എന്നെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോഴാണ് പണ്ടെങ്ങോ തൊഴിലാളികളെ അവാർഡിനു പരിഗണിക്കണ്ട എന്നൊരു മണ്ടൻ തീരുമാനം യൂണിയനുകളെടുത്തിരുന്നെന്നും അതുകൊണ്ട് തൊഴിലാളിയായ എന്നെ പരിഗണിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞത്. പക്ഷേ ഇക്കാര്യം ഉണ്ണികൃഷ്ണൻ എന്നോട് പറഞ്ഞിരുന്നില്ല. ഏറ്റവും രസകരമായ കാര്യം ജനുവരി 27 നാണ് എനിക്ക് പ്രമോഷൻ കിട്ടി ഓഫീസറാവുന്നത്. അതുകൊണ്ട് ജനുവരി 26 ലെ അവാർഡിൽ എന്നെ പരിഗണിക്കാനായില്ല!

അന്നത്തെ ജനറൽ മാനേജരായിരുന്ന പി. ജയരാമനെപ്പറ്റി പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. പ്രഗത്ഭനായ കെമിക്കൽ എഞ്ചിനീയറായ, ‘ജയറാം സാർ' എന്നറിയപ്പെട്ടിരുന്ന ജയരാമൻ, ഫാക്ടിൽ മാനേജുമെൻറ്​ ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഫാക്ടം ഫോസ് പ്ലാന്റ് നിർമാണഘട്ടം മുതൽ അതുമായി ബന്ധപ്പെട്ടിരുന്ന ജയറാം സാറിനെപ്പോലെ പ്ലാന്റുകളിലെ ഒരോ നട്ടും ബോൾട്ടും വരെ പരിചയമുള്ള ഒരു എഞ്ചിനീയർ പിന്നീട് ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. രാപകലില്ലാതെ അദ്ദേഹം പ്ലാന്റുകളിൽ ഓടിയെത്തുകയും, എമർജൻസി ഘട്ടങ്ങളിൽ നേരിട്ടുവന്നുനിന്ന് ആ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. പിന്നീട് പടിപടിയായി ഡി.ജി.എം വരെ ആയെങ്കിലും അതിനുശേഷമുള്ള ജനറൽ മാനേജർ സ്ഥാനത്തേക്ക് കുറേയധികം കാലം അദ്ദേഹത്തെ എന്തുകൊണ്ടോ മാനേജ്‌മെന്റ് പരിഗണിച്ചില്ല. എങ്കിലും ഒരു പരാതിയുമില്ലാതെ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നു. പ്ലാന്റിലെ ഓരോ കാര്യങ്ങളും വിശദമായി അറിയാവുന്നതുകൊണ്ട് താഴെയുള്ളവർക്ക് അദ്ദേഹത്തെ പറഞ്ഞുപറ്റിക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്കെല്ലാം അദ്ദേഹത്തെ ഭയവുമായിരുന്നു.

കുറേ വർഷങ്ങൾക്കുശേഷമാണ് അവസാനം അദ്ദേഹം ജനറൽ മാനേജരാവുന്നത്. ജോലിയുടെ കാര്യത്തിൽ കണിശക്കാരനായിരുന്ന അദ്ദേഹം പ്രൊഡക്ഷൻ / ടൂൾബോക്‌സ് മീറ്റിങ്ങുകൾ രാവിലെ 8 മണിക്കുതന്നെ നടത്തുമെന്നതിനാൽ ബന്ധപ്പെട്ട എല്ലാ ഓഫീസർമാർക്കും 8 മണിക്കുമുമ്പുതന്നെ കമ്പനിയിലെത്തേണ്ടതുണ്ടായിരുന്നു. അതുകൂടാതെ വെളുപ്പിന് 5 മണിക്ക് എല്ലാ പ്ലാന്റുകളിലും നേരിട്ടുവിളിച്ച് അന്നന്നത്തെ വിവരങ്ങൾ ശേഖരിച്ച് അത് ഡയറിയിൽ കുറിച്ചുവച്ചിട്ടായിരിക്കും ജയറാം സാർ മീറ്റിങ്ങിനു വരിക. പല പ്ലാന്റ് മാനേജർമാരും ഈ വിവരങ്ങളൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. അതിനെപ്പറ്റി മീറ്റിങ്ങിൽ അദ്ദേഹം ചോദിക്കുമ്പോൾ ഇവർക്ക് ഉത്തരംമുട്ടും. അതുകൊണ്ട് എല്ലാ പ്ലാൻറ്​ മാനേജർമാരും ഇതിൽനിന്ന് രക്ഷപ്പെടാൻ രാവിലെ 4:30 നുതന്നെ തങ്ങളുടെ പ്ലാന്റിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ച് മീറ്റിങ്ങിൽ വരാൻ തുടങ്ങിയതോടെ പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെട്ടു. അതുവഴി ഉൽപാദനത്തിലും വർദ്ധനവുണ്ടായി.

അങ്ങനെയിരിക്കുമ്പോഴാണ് ഫാക്ടിന് ടെക്‌നിക്കൽ ഡയറക്ടർ എന്നൊരു പോസ്റ്റ് പുതിയതായി ഉണ്ടാവുന്നതും ആ പോസ്റ്റിലേയ്ക്ക് ജയറാം സാർ തെരഞ്ഞെടുക്കപ്പെടുന്നതും! ചെയർമാൻ കഴിഞ്ഞാൽ അതിനു താഴെയാണ് ഡയറക്ടർ (ടെക്‌നിക്കൽ). ജയറാം സാർ ടെക്‌നിക്കൽ ഡയറക്ടറായി ചാർജ്ജെടുത്തു.

ഒരു ദിവസം രാവിലെ വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഒരു ഗ്രീറ്റിങ് കാർഡുമായി എന്റെയടുത്തുവന്നു. ആ കാർഡിലും അതിന്റെ കവറിലും ഭംഗിയായി എഴുതിക്കൊടുക്കണം. ജയറാം സാറിന് ആശംസകൾ നേർന്നുകൊണ്ടുള്ള കാർഡാണത്. ഞാനതിൽ ഭംഗിയായി ഗ്രീറ്റിങ്‌സും കവറിൽ അദ്ദേഹത്തിന്റെ അഡ്രസും എഴുക്കൊടുത്തു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ ധൃതിയിൽ ലാബിലെത്തി എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ: ഗ്രീറ്റിങ് കാർഡ് ജയറാം സാറിനു കൊടുത്തു. അദ്ദേഹത്തിനു സന്തോഷമായി.
അതിനിടെയാണ് അതിലെ എഴുത്ത് അദ്ദേഹം ശ്രദ്ധിച്ചത്. ‘‘മനോഹരമായ കൈയക്ഷരം. ആരാണിത് എഴുതിയത്?'' എന്നദ്ദേഹം ചോദിച്ചു. ഉണ്ണികൃഷ്ണൻ ആ അവസരം ബുദ്ധിപൂർവം ഉപയോഗിച്ചു. ‘‘സർ, ഇയാളെപ്പറ്റിയാണ് ഞാനന്ന് സംസാരിച്ചത്. ഇയാൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു അംഗീകാരവും കമ്പനി കൊടുത്തിട്ടില്ല. ഇപ്പോൾ പ്രമോഷൻ കൊടുത്തതുപോലും മൂന്നുകൊല്ലം വൈകിയാണ്. സാറിന് എന്തെങ്കിലും ചെയ്യാമെങ്കിൽ ചെയ്യൂ. വളരെ നല്ലൊരു കാര്യമായിരിക്കുമത്.''

അപ്പോൾ ജയറാം സാർ എന്നെപ്പറ്റി കൂടുതൽ അന്വേഷിച്ചു. അദ്ദേഹം തന്റെ ടെക്‌നിക്കൽ അസിസ്റ്റന്റായി ഒരാളെ അന്വേഷിക്കുകയായിരുന്നു. സാധാരണ എഞ്ചിനീയർമാരാണ് ഈ വേക്കൻസികളിൽ പരിഗണിക്കപ്പെടുക. പക്ഷേ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഒരാളെ വേണമെന്നാണ് ജയറാം സാർ ആവശ്യപ്പെട്ടിരുന്നത്. ഇതുകേട്ടപ്പോൾ ഞാൻ തന്നെയാണ് അതിന് അനുയോജ്യൻ എന്ന് ഉണ്ണികൃഷ്ണൻ ജയറാം സാറിനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. ഈ വിവരം എന്നോട് പറഞ്ഞശേഷം ഉണ്ണികൃഷ്ണൻ എന്നോടു പറഞ്ഞു; ‘‘നാളെ മിക്കവാറും ജയറാം സാർ നിന്നെ വിളിപ്പിക്കും. ഒരു ഇന്റർവ്യൂ ആവും. നീയതിന് തയ്യാറായിക്കോ. കിട്ടിയ അവസരം വിട്ടുകളയരുത്. തൽക്കാലം ഇക്കാര്യം ആരോടും പറയണ്ട!''

ഞാനിതൊക്കെക്കേട്ട് അന്തംവിട്ടു നിന്നു. അവസാനം എന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു എന്നൊരു സന്തോഷവും. പക്ഷേ അതിപ്പോൾ ആരോടും പറയാനാവില്ലല്ലോ! എല്ലാം ഉള്ളിലൊതുക്കി. ജയറാം സാറിനെപ്പോലൊരാളുടെ മുന്നിൽ ഇന്റർവ്യൂവിന് ഹാജരാവണമല്ലോ എന്ന ഭയവും എന്നെപ്പൊതിഞ്ഞു.

ഉണ്ണികൃഷ്ണൻ ഇതു പറഞ്ഞിട്ടു പോയി അൽപസമയം കഴിഞ്ഞപ്പോൾ ലാബ് മാനേജർ എന്നെ വിളിപ്പിച്ചു. ""ജയറാം സാറിന്റെ ഓഫീസിലേയ്ക്ക് ചെല്ലാൻ പറഞ്ഞു.'' എന്നു പറഞ്ഞു. ഞാൻ ഒന്നുമറിയാത്തപോലെ ‘‘സാറെന്തിനാണ് എന്നെ വിളിപ്പിക്കുന്നത്?'' എന്ന് ചോദിച്ചു.
മാനേജർ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു; ‘‘താനെന്നും ലേറ്റ് പഞ്ച് അല്ലേ? അതിനു ചാടിക്കാനായിരിക്കും!''
ഞാനൊന്ന് പകച്ചു! സംഗതി ശരിയാണ്! ഞാൻ മിക്കപ്പോഴും ലേറ്റ് പഞ്ച് ആണ്. ആയിടയ്ക്ക് സ്ഥിരമായി ലേറ്റ് ആവുന്നവരെ ജയറാം സാർ പിടികൂടുന്നതായും കേട്ടിരുന്നു. ഇനി അതിനാവുമോ? നാളെ വിളിക്കുമെന്നല്ലേ ഉണ്ണികൃഷ്ണൻ പറഞ്ഞത്? എന്തായാലും പോയേ പറ്റൂ!
അപ്പോഴേക്കും ലേറ്റ് പഞ്ചിന് എന്നെ ജയറാം സാർ ‘പൊക്കിയ' വാർത്ത മാനേജർ ലാബിൽ ‘ബ്രേക്ക്' ആക്കിക്കഴിഞ്ഞിരുന്നു!

ആശങ്കയോടെ ഞാൻ ജനറൽ മാനേജരുടെ ഓഫീസിലെത്തി.
അദ്ദേഹം ടെക്‌നിക്കൽ ഡയറക്ടർ ആയെങ്കിലും ഓഫീസ് റെഡിയാവാത്തതിനാൽ ജനറൽ മാനേജരുടെ ഓഫീസിൽത്തന്നെയാണ് തുടരുന്നത്. പി.എയെ കണ്ട് പേരു പറഞ്ഞു. അകത്തേയ്ക്ക് ചെന്നോളൂ എന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ജനറൽ മാനേജരുടെ റൂമിലേയ്ക്ക് കയറുന്നത്. അതിന്റെയൊരു ടെൻഷനുമുണ്ട്. അദ്ദേഹം എന്നെ നോക്കി. ഞാൻ പേരു പറഞ്ഞു.

‘‘ഇരിക്കൂ'', അദ്ദേഹം പറഞ്ഞു.
മടിച്ചുമടിച്ച് ഞാനിരുന്നു.
ക്വാളിഫിക്കേഷനും ഇപ്പഴത്തെ ഡെസിഗ്‌നേഷനും ചോദിച്ചു. ഞാനത് പറഞ്ഞു.
‘‘എനിക്കൊരു ടെക്‌നിക്കൽ അസിസ്റ്റന്റിനെ വേണം. തനിക്ക് പറ്റുമോ?''
എന്തു പറയണമെന്നറിയാതെ ഞാൻ ഒന്ന് പകച്ചുനിന്നു!
‘‘​പ്രൊഡക്ഷൻ പ്ലാനിങ് അറിയാമോ?''
‘‘ഇല്ല'', ഞാൻ പറഞ്ഞു. എന്നെ ഒഴിവാക്കും എന്ന് എതാണ്ട് ഉറപ്പായി!
‘‘പഠിക്കാമോ?'' എന്നെ അത്ഭുതപ്പെടുത്തിയ മറുചോദ്യം!
‘‘പഠിക്കാം!'' ഞാനതുപറഞ്ഞത് ഇത്തിരി ഉത്സാഹത്തിലായിപ്പോയി!
അദ്ദേഹം ഫോണെടുത്തു. ലാബിന്റെ തലവനായ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിനെ വിളിച്ചു.
‘‘അവിടെ പ്രദീപ് എന്നൊരാളില്ലേ? ഹൗ ഈസ് ഹി?''
അപ്പുറത്തുനിന്ന് എന്നെ മാക്‌സിമം പൊക്കിപ്പറയുന്നത് എനിക്കു കേൾക്കാം.
‘‘അയാളെ കുറച്ചുനാളത്തേയ്ക്ക് എനിക്കുവേണം. ഇപ്പൊത്തന്നെ റിലീവ് ചെയ്ത് പേപ്പറടിക്കൂ''
എന്നെ ‘പൊക്കുന്നത്​' കാത്തിരുന്നയാളുടെ നിരാശ അപ്പുറത്തുനിന്ന് ഫോൺ വഴി ഒഴുകി..
‘‘അയാളെ കൊണ്ടുപോയാൽ പിന്നെ വേറെ ആളിവിടെ ഇല്ല. ഇവിടത്തെ കാര്യങ്ങളെ ബാധിക്കും...’’ ഇമ്മാതിരി സംസാരം നീണ്ടു.

അപ്പോൾ ജയറാം സാർ പറഞ്ഞു; ‘‘അതൊക്കെ പിന്നീടല്ലെ. ഇപ്പോൾ അയാളെ റിലീവ് ചെയ്യൂ, ഇന്നുതന്നെ! ബാക്കിയൊക്കെ പിന്നെ നോക്കാം''
അവിടന്ന് വേറെന്തെങ്കിലും മറുപടി വരുംമുമ്പ് അദ്ദേഹം ഫോൺ കട്ട് ചെയ്ത് എന്നെനോക്കിപ്പറഞ്ഞു; ‘‘അവിടന്ന് റിലീവിങ് പേപ്പർ വാങ്ങി ഡി.ജി.എം ഓപ്പറേഷനു കീഴിലുള്ള പ്രൊഡക്ഷൻ പ്ലാനിങ്ങിൽ ഇന്നുതന്നെ ജോയിൻ ചെയ്യൂ. അവിടത്തെ കാര്യങ്ങളെല്ലാം പഠിക്കണം. പുതിയ ഓഫീസ് ആവുമ്പോൾ എന്റെ ഓഫീസിലേയ്ക്ക് പോസ്റ്റ് ചെയ്‌തോളാം.''

സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
അവിടെ ലാബിലെത്തിയപ്പോഴേക്കും ഡെപ്യൂട്ടി ചീഫിന്റെയും മാനേജരുടേയും മുഖം കടന്നൽ കുത്തിയപോലെ ഇരിക്കുന്നു.
ഡെപ്യൂട്ടി പറഞ്ഞു; ‘‘ഗോപാലകൃഷ്ണാ, ഇയാള് ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിൽ പോണെന്നോ ഒക്കെ കേൾക്കുന്നു. എനിക്കൊന്നും അറിയില്ല. റിലീവിങ് ഓർഡർ അടിച്ചുകൊടുക്ക്!'' (വേറെ നിവൃത്തിയില്ലല്ലോ!)
ആ ശബ്ദത്തിലെ നീരസം എനിക്ക് മനസ്സിലായി. ഞാനും ഈ വിവരമൊന്നും അറിഞ്ഞില്ല എന്നും ഇപ്പോഴാണ് അറിയുന്നതെന്നുമൊക്കെ പറഞ്ഞുനോക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല.
എന്തായാലും അരമണിക്കൂറിനുള്ളിൽ റിലീവിങ് ഓർഡർ തന്നു. ഈ വിവരം അപ്പഴേക്കും ലാബിലൊക്കെ പടർന്നിരുന്നു. പലരും വിളിച്ചു. പലർക്കും വിശ്വസിക്കാനായില്ല. ചുരുക്കം ചിലർ വളരെ സന്തോഷത്തോടെ എനിക്ക് ആശംസകൾ പറഞ്ഞു.

ഉണ്ണികൃഷ്ണനെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹത്തിന് അത്ഭുതവും സന്തോഷവും! ഇത്രയും പെട്ടെന്ന് ഇങ്ങനെയൊക്കെ കാര്യങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹവും കരുതിയില്ല. അദ്ദേഹം എല്ലാ ആശംസകളും നേർന്നു.
ഉച്ചയ്ക്കു മുമ്പുതന്നെ റിലീവ് ചെയ്തു. ഡി.ജി.എം ഓപ്പറേഷന് റിപ്പോർട്ടു ചെയ്തു. ജയറാം സാർ നിർദ്ദേശിച്ചതനുസരിച്ച് പ്രോഡക്ഷൻ പ്ലാനിങ്ങിൽ പോസ്റ്റ് ചെയ്തു.
പുതിയൊരു തുടക്കം....
അല്ല, പുതിയ പലതിന്റേയും തുടക്കമായിരുന്നു അത്! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments