ഞാൻ പഴയ നിലയിലേയ്ക്ക് മടങ്ങാൻ ശ്രമിച്ചു. പക്ഷേ പൊള്ളലുകൾ നീറിക്കൊണ്ടേയിരുന്നു. ലാബിലും ആരുടെയും ഒരു ഔദാര്യവും സ്വീകരിക്കരുതെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. ഷിഫ്റ്റിൽ പോസ്റ്റിങ് കിട്ടിയെങ്കിലും അത് സന്തോഷത്തോടെ സ്വീകരിച്ചു. ഡേ ഷിഫ്റ്റ് ഒഴികെയുള്ള സമയങ്ങളിൽ കുറച്ചുപേരെ മാത്രം അഭിമുഖീകരിച്ചാൽ മതിയല്ലോ എന്ന് ആശ്വസിച്ചു. കഴിവതും ഗ്രൂപ്പുകളിൽനിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിച്ചു. എന്റെ സാന്നിദ്ധ്യം അധികമാരും ശ്രദ്ധിക്കാതിരിക്കാൻ കഴിവതും ശ്രമിച്ചു. കെട്ട സമയത്തും ധൈര്യം തന്ന് പിടിച്ചുനിർത്തിയ വിരലിലെണ്ണാവുന്ന ചില സുഹൃത്തുക്കളുമായി മാത്രം സംവദിച്ചു. സത്യത്തിൽ എനിക്ക് ഭയമായിരുന്നു. ആരാണ് ബന്ധു, ആരാണ് ശത്രു എന്ന തിരിച്ചറിയാനാവാത്ത ദയനീയ അവസ്ഥ! ഇതിനിടയിൽ ഒന്നുരണ്ടു സംഭവങ്ങളുമുണ്ടായി.
ഒരു ദിവസം ഈവനിങ് ഷിഫ്റ്റിൽ ജോലിക്കെത്തുമ്പോൾ ഒരു പഴയ സുഹൃത്ത് യാദൃച്ഛികമായി എന്നെ കണ്ടു. ഗൾഫിൽനിന്ന് മടങ്ങിയെത്തിയ ഉടനേ ഞാനൊരു പുതിയ കാർ വാങ്ങിയിരുന്നു. കാർ പാർക്കിങ്ങിൽ കാർ നിർത്തി ഞാനിറങ്ങുമ്പോഴാണ് ഈ സുഹൃത്ത് എന്നെ കാണുന്നത്. കാറിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറിമാറി നോക്കി.. എന്നിട്ട് പുച്ഛ ഭാവത്തോടെ ‘ഓ! റിറ്റ്‌സൊക്കെ വാങ്ങി..' എന്ന് ഉച്ചത്തിലൊരു ആത്മഗതവും. ഈ തെണ്ടിത്തിരിഞ്ഞിരിക്കുന്നവൻ കാറ് വാങ്ങിയിരിക്കുന്നു! എന്നാണ് അതിന്റെ അർത്ഥമായി അപ്പഴത്തെ മാനസികാവസ്ഥയിൽ എനിക്ക് തോന്നിയത്. വലിയ അപമാനം സംഭവിച്ചപോലെ എന്റെ മനസ്സിലെ മുറിവുകളിൽ രക്തം പൊടിഞ്ഞു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ കാര്യമാക്കേണ്ടതുണ്ടായിരുന്നോ എന്ന് തോന്നുന്നുണ്ട്.
‘സാറേ, ഈ പഞ്ചർ കണ്ടിട്ട് ഇത് ആകസ്മികമായി സംഭവിച്ചതായി തോന്നുന്നില്ല. സ്‌ക്രൂഡ്രൈവർ പോലെ ഷാർപ്പായ എന്തോ ഒരു ഉപകരണം വച്ച് കുത്തിക്കയറ്റി പഞ്ചറാക്കിയതാണ്. ആരോ മനഃപൂർവം ചെയ്തതാണ്!'
ഒറ്റപ്പെടലിന്റെ പുറന്തോടിലേയ്ക്ക് ഉൾവലിയാനുള്ള പ്രേരണ കൂടിക്കൂടി വന്നു.
മറ്റൊരു ദിവസം ഡേ ഷിഫ്റ്റ് കഴിഞ്ഞ് വൈകുന്നേരം വണ്ടിയെടുത്ത് പുറത്തേയ്ക്ക് പോവുമ്പോൾ എന്തോ ഒരു കുഴപ്പം തോന്നി. സെക്യൂരിറ്റി ഗേറ്റിലെത്തിയപ്പോഴാണ് ഒരാൾ പുറകിലെ ടയർ പഞ്ചറാണെന്ന് വിളിച്ചുപറയുന്നത്! എനിക്ക് അത്ഭുതം തോന്നി! പുതിയ വണ്ടി, ട്യൂബ്ലെസ് ടയറുകൾ. പെട്ടെന്ന് എങ്ങനെ പൂർണമായും പഞ്ചറാവും! വിഷണ്ണനായി നിൽക്കുമ്പോഴാണ് മെക്കാനിക്കൽ വർക്ക് ഷോപ്പിൽനിന്ന് ഒരു സുഹൃത്ത് ഡ്യൂട്ടി കഴിഞ്ഞ് വന്നത്. അദ്ദേഹം വേഗം വണ്ടി നിർത്തി. ഒന്നുരണ്ടുപേരെക്കൂടി കൂട്ടി നിമിഷനേരം കൊണ്ട് ടയർ മാറ്റിയിട്ടുതന്നു! അടുത്തു പരിചയമൊന്നുമില്ലെങ്കിലും അദ്ദേഹം കാണിച്ച ആ സ്‌നേഹം എന്നെ വീർപ്പുമുട്ടിച്ചു. പഞ്ചറായ ടയറുമായി ഒരു കടയിൽ ചെന്നു.
അയാൾ ആ ടയർ പരിശോധിച്ചിട്ട് എന്നോടു ചോദിച്ചു, ‘സാറിന് ശത്രുക്കളാരെങ്കിലും ഉണ്ടോ?'.
ഞാനൊന്ന് അമ്പരന്നു.
‘അതെന്താ അങ്ങനെ ചോദിച്ചത്?', അത്ഭുതത്തോടെ ഞാനയാളോടു ചോദിച്ചു.
‘സാറേ, ഈ പഞ്ചർ കണ്ടിട്ട് ഇത് ആകസ്മികമായി സംഭവിച്ചതായി തോന്നുന്നില്ല. സ്‌ക്രൂഡ്രൈവർ പോലെ ഷാർപ്പായ എന്തോ ഒരു ഉപകരണം വച്ച് കുത്തിക്കയറ്റി പഞ്ചറാക്കിയതാണ്. അതുകൊണ്ടാണ് പൂർണമായും കാറ്റ് പോയത്. ആരോ മനഃപൂർവം ചെയ്തതാണ്!', അയാൾ ഉറപ്പായി പറഞ്ഞു!
എന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി! എന്റെ ജീവൻ തന്നെ അപകടത്തിലാണെന്നൊരു തോന്നൽ എന്നെ വലയം ചെയ്തു. അത് എന്നെ കൂടുതൽ നിരായുധനും നിരാലംബനുമാക്കി. ഈവനിങ്, നൈറ്റ് ഷിഫ്റ്റുകളിൽ ശത്രുപാളയത്തിലകപ്പെട്ട ഒരുവന്റെ മനസ്സായിരുന്നു എന്റേത്. ഞാൻ എന്റെ തോടിനുള്ളിലേയ്ക്ക് വലിയാൻ തുടങ്ങി.
തിരിച്ചു ജോയിൻ ചെയ്തശേഷം ആദ്യ ശമ്പളം വന്നു. രണ്ടുകൊല്ലത്തിനുശേഷം കിട്ടുന്ന ശമ്പളം. പേ സ്ലിപ്പ് നോക്കിയപ്പോൾ എന്റെ തലകറങ്ങി! ശമ്പളം മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു! ലാബിലെ ഏറ്റവും താഴെയുള്ള ലാബ് അസിസ്റ്റൻറ് വാങ്ങുന്നതിലും കുറഞ്ഞ ശമ്പളം! മറ്റാരെങ്കിലും കാണുന്നതിനുമുമ്പ് ഞാൻ എന്റെ പേ സ്ലിപ്പെടുത്ത് പോക്കറ്റിൽ വച്ചു. സമയം പോകുന്തോറും എന്റെ മനോനില തെറ്റുമോ എന്ന് ഭയന്നു. വൈകീട്ട് വീട്ടിലെത്തിയിട്ട് ഇരിക്കാൻ തോന്നിയില്ല. ആരോടും ഒന്നും പറയാതെ പുറത്തിറങ്ങി ലക്ഷ്യമില്ലാതെ നടന്നു.
ഭ്രാന്തമായ ഒരവസ്ഥ! ആൾക്കൂട്ടത്തിലൂടെ അലേയമായ ഒരു കണിക പോലെ ഞാൻ അലഞ്ഞുനടന്നു. ആരെ ദ്രോഹിച്ചിട്ടാണ് എനിക്കീ കടുത്ത ശിക്ഷകിട്ടിയതെന്ന് എന്നോടുതന്നെ ചോദിച്ചു. കുറേ നേരം അങ്ങനെ നടന്നു. നേരത്തേയുദിച്ച നിലാവ് മനസ്സിനെ തണുപ്പിച്ചു. അല്പം ആശ്വാസം തോന്നി. തിരിച്ച് വീട്ടിലേയ്ക്കു നടന്നു. പിന്നീട് അതൊരു പതിവായി. എന്റെ പിരിമുറുക്കങ്ങളെ ഈ ഒറ്റയ്ക്കുള്ള അലയൽ വളരെയധികം കുറച്ചു. ഒരു നെർവസ് ബ്രേക്ക്ഡൗണിന്റെ വക്കത്തുനിന്ന്എന്നെത്തന്നെ പിടിച്ചുകയറ്റുകയായിരുന്നു. ഈ വിവരം വീട്ടിലാരും ശ്രദ്ധിക്കാതിരിക്കാനും ഈ അലഞ്ഞുതിരിയൽ സഹായിച്ചു.
മാസങ്ങൾ കടന്നു.. ഒരു വർഷം കഴിഞ്ഞു! അപ്പീലിനെപ്പറ്റി ഒരു വിവരവുമില്ല. ഒരു റിമൈൻഡർ അയച്ചു. രണ്ടെണ്ണമായി.. രണ്ടുവർഷമായി.. ഒരനക്കവുമില്ല. ഒരോ മാസവും അൻപതിനായിരത്തോളം രൂപയാണ് എന്റെ ജൂനിയറിനേക്കാൾ ശമ്പളത്തിൽ കുറവ് വന്നുകൊണ്ടിരിക്കുന്നത്.
തോൽക്കരുത്, തോറ്റുകൊടുക്കരുത്.. എപ്പോഴും എന്നോടുതന്നെ പറഞ്ഞുകൊണ്ടേയിരുന്നു. ലാബിലെ ജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങിവന്നുകൊണ്ടിരുന്നു. സാമ്പത്തികാടിത്തറ യഥാർത്ഥത്തിൽ തകർന്നിരുന്നെങ്കിലും അത് ആരുമറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഭാര്യ ചില ആക്ഷൻ പ്ലാനുകൾ തയ്യാറാക്കിയിരുന്നു. അതനുസരിച്ച് ചെലവ് ക്രമീകരിച്ച് വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോയി.
നിയമപ്രകാരം, ഈ ശിക്ഷാനടപടികൾക്കെതിരെ എനിക്ക് അപ്പീൽ പോകാം. ചെയർമാനാണ് അപ്പീൽ കൊടുക്കേണ്ടത്. ഞാൻ വിശദമായി ഒരു അപ്പീൽ തയ്യാറാക്കി ചെയർമാന് കൊടുത്തു. മുൻകാല സർവീസിൽ ചെയ്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞ്, അതിന്റെ അടിസ്ഥാനത്തിൽ ശിക്ഷാനടപടികൾ ഇളവുചെയ്തു തരണമെന്നാണ് അഭ്യർത്ഥിച്ചത്. അക്കാലത്ത് ഫാക്ടിന് മുഴുവൻ സമയ ചെയർമാൻ ഉണ്ടായിരുന്നില്ല. ഫെർട്ടിലൈസർ സെക്രട്ടറി തന്നെയായിരുന്നു ആ ചുമതല വഹിച്ചിരുന്നത്. അദ്ദേഹം ഇടയ്‌ക്കൊക്കെ വന്നുപോവുകയായിരുന്നു. ആ കാരണം പറഞ്ഞ് എന്റെ അപ്പീൽ അത്ര പ്രധാന കാര്യമല്ല എന്ന രീതിയിൽ ഓരോ തവണയും ചെയർമാന്റെ അടുത്തെത്താതെ സൂക്ഷിക്കാൻ ഒരു സംഘം തന്നെ കോർപറേറ്റ് ഓഫീസിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് പിന്നീട് മനസ്സിലായി! മാസങ്ങൾ കടന്നു.. ഒരു വർഷം കഴിഞ്ഞു! അപ്പീലിനെപ്പറ്റി ഒരു വിവരവുമില്ല. ഒരു റിമൈൻഡർ അയച്ചു. രണ്ടെണ്ണമായി.. രണ്ടുവർഷമായി.. ഒരനക്കവുമില്ല. ഒരോ മാസവും അൻപതിനായിരത്തോളം രൂപയാണ് എന്റെ ജൂനിയറിനേക്കാൾ ശമ്പളത്തിൽ കുറവ് വന്നുകൊണ്ടിരിക്കുന്നത്. ഞെങ്ങി ഞെരുങ്ങി കഴിഞ്ഞുകൂടുകയാണ്. എന്റെയീ അവസ്ഥകണ്ട് സങ്കടം തോന്നിയ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ പരിചയക്കാരൻ വഴി അന്ന് കേന്ദ്രമന്ത്രിയായിരുന്ന പ്രൊഫ. കെ. വി. തോമസിന്റയടുത്ത് എന്നെ കൂട്ടിക്കോണ്ടുപോയി. അദ്ദേഹം എന്റെ അപേക്ഷ വാങ്ങി നോക്കി.
‘‘ജോലി തിരിച്ചുകിട്ടിയില്ലേ? പിന്നെന്താ?''
‘‘അതല്ല സാർ, ഒരു അപ്പീൽ കൊടുത്തിട്ട് രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു. അത് സ്വീകരിച്ചോ തിരസ്‌കരിച്ചോ ഒരു മറുപടി ഇതുവരെ തന്നിട്ടില്ല. പല റിമൈൻഡറുകൾ കൊടുത്തെങ്കിലും അതിന് മറുപടിയുമില്ല. ഇനി എനിക്ക് പറയാൻ വേറെ ആരുമില്ല. സ്ഥലം എം. പി. എന്ന നിലയിൽ സാർ അവരോട് അപ്പീൽ തീർപ്പാക്കാൻ ഒന്ന് ആവശ്യപ്പെടണം.''
അദ്ദേഹത്തിന് കാര്യം മനസ്സിലായെന്ന് തോന്നുന്നു. ‘‘ഇതിൽ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ താമസം വരുത്താതെ സ്വീകരിക്കണം'' എന്ന നോട്ടോടുകൂടി സി.എം.ഡി ക്ക് അയയ്ക്കാൻ പറഞ്ഞിട്ട് എന്നോടു ചോദിച്ചു:
‘‘നിങ്ങളുടെ മാനേജ്‌മെൻറ് ഞാൻ പറഞ്ഞാൽ കേൾക്കുമോ?
നിങ്ങളുടെ എച്ച്. ആർ. ഇന്ത്യൻ രാഷ്ട്രപതി പറഞ്ഞാൽ കേൾക്കുമോ?
അവര് അതിനുമൊക്കെ മേലെയല്ലേ?''
അദ്ദേഹത്തിന്റെ വാക്കുകളിൽ രോഷം പ്രകടമായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഫാക്ട് എച്ച്. ആറിന്റെ പല പ്രവർത്തനങ്ങളും.
മന്ത്രിയുടെ കത്ത് ചെയർമാന്റെ ഓഫീസിലെത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ പിന്നീട് അനക്കമൊന്നുമില്ല, ഞാൻ അവസാനം ഓഫീസേഴ്‌സ് യൂണിയനെ സമീപിച്ച് അപ്പീലിൽ തീർപ്പുണ്ടാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചു. അവർ പറഞ്ഞതനുസരിച്ച് യൂണിയൻ ജനറൽ സെക്രട്ടറിയെ കാണുകയും വിശദമായി കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ബന്ധപ്പെട്ട രേഖകളുടെ കോപ്പികൾ കൊടുക്കുകയും ചെയ്തു. അദ്ദേഹം ശ്രമിക്കാം എന്ന് ഉറപ്പും തന്നു. അതിനിടയിൽ ജെയ്വീർ ശ്രീവാസ്തവ പുതിയ ചെയർമാനായി ചാർജ്ജെടുത്തു. അദ്ദേഹം ‘സെക്രട്ടേറിയറ്റ്' എന്നൊരു സംവിധാനം കൊണ്ടുവന്നു. ഓരോ ഡിപ്പാർട്ട്‌മെന്റിൽനിന്നും മുതിർന്ന ഓരോ ഉദ്യോഗസ്ഥരെ കോർപറേറ്റ് ഓഫീസിലേയ്ക്ക് കൊണ്ടുവന്നാണ് ഈ സമ്പ്രദായം ആരംഭിച്ചത്. ഈ സെക്രട്ടേറിയറ്റിലേയ്ക്ക് യൂണിയൻ ജനറൽ സെക്രട്ടറിയും എത്തിയത് എനിക്ക് ആശയ്ക്ക് വക നൽകി.
ഞാൻ ചെയർമാന്റെ സെക്രട്ടേറിയറ്റിലുള്ള നേതാവിനെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹം ഓരോ തവണയും ചെയർമാൻ തിരക്കിലാണ്, അതുകൊണ്ട് ഇക്കാര്യം സംസാരിക്കാൻ കഴിഞ്ഞില്ല എന്ന് ഒരു റെഡിമെയ്ഡ് മറുപടി പറഞ്ഞുകൊണ്ടിരുന്നു
പക്ഷേ, അപ്പീൽ കൊടുത്ത് മൂന്നുകൊല്ലം കഴിഞ്ഞിട്ടും എന്തെങ്കിലും അനക്കം കാണുന്നേയില്ല. സഹികെട്ട് ഞാൻ അന്നത്തെ എച്ച്. ആർ. ചീഫ് മാനേജരെ കണ്ടു. അദ്ദേഹത്തിന് എന്നെ അറിയാം. ആ ധൈര്യത്തിലാണ് അദ്ദേഹത്തെ കണ്ടത്. പക്ഷേ അനുഭവം അമ്പരപ്പിക്കുന്നതായിരുന്നു!
‘‘സാർ, അപ്പീൽ തന്നിട്ട് മൂന്നുകൊല്ലമാവുന്നു. അതിന്മേലൊരു തീരുമാനമാക്കിക്കൂടേ?'' ഞാൻ ചോദിച്ചു.
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘പ്രദീപ്, നിങ്ങൾ മൂന്നുകൊല്ലം മുമ്പ് കൊടുത്ത അപ്പീൽ ഇവിടെയുണ്ട്. അതിനുശേഷം തന്ന രണ്ട് റിമൈൻഡറുകളും ഇവിടെയുണ്ട്. കഴിഞ്ഞ മാസം മിനിസ്റ്റർ തന്ന കത്തും ഇവിടെയുണ്ട്. ഇതൊരു പൊതുമേഖലാ സ്ഥാപനമാണ്. ഇറ്റ് വിൽ ടേയ്ക്ക് ടൈം!''
മൂന്നുകൊല്ലമായി ഫയലിനുമേൽ അടയിരുന്ന് കൊടുത്ത റിമൈൻഡറുകളും പൂഴ്ത്തിവച്ചിരിക്കുന്നവൻ പറയുന്നതുകേട്ടിട്ട് എനിക്ക് ദേഷ്യം ഇരച്ചുകയറി!
‘‘മൂന്നുകൊല്ലം കഴിഞ്ഞിട്ട് ഇനിയും ടേയ്ക്ക് ചെയ്യുന്ന ആ സമയം എത്രയാണ്?'' ഞാൻ രോഷത്തോടെ ചോദിച്ചു.
‘‘ഇറ്റ് വിൽ ടേയ്ക്ക് ടൈം.'' വീണ്ടും അയാൾ മൊഴിയുന്നു!
ഞാനെഴുന്നേറ്റു. എന്നിട്ട് പറഞ്ഞു, ‘‘സാറിന് ഒരു ലജ്ജയുമില്ലാതെ ഇങ്ങനെ പറയാൻ കഴിയുന്നല്ലോ. സാറിന്റെ കൈയിൽനിന്ന് എന്തെങ്കിലുമൊരു നീതി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സാറ് അത് കൈയിൽത്തന്നെ വച്ചോ!'' ഞാൻ പുറത്തേയ്ക്ക് നടന്നു.
വർഗീയതയുടെ അപ്പോസ്‌തോലന്മാരിലൊരാളായ ഇദ്ദേഹം എന്തുകൊണ്ടാണിത് പറയുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നു.
ഞാൻ ചെയർമാന്റെ സെക്രട്ടേറിയറ്റിലുള്ള നേതാവിനെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹം ഓരോ തവണയും ചെയർമാൻ തിരക്കിലാണ്, അതുകൊണ്ട് ഇക്കാര്യം സംസാരിക്കാൻ കഴിഞ്ഞില്ല എന്ന് ഒരു റെഡിമെയ്ഡ് മറുപടി പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് അതിൽ അല്പം അസ്വാഭാവികത തോന്നാതിരുന്നില്ല, കാരണം ഇദ്ദേഹത്തിന്റെ പ്രധാന ഉപദേശിയും അടുപ്പക്കാരനും എന്റെ തിരിച്ചുവരവിന്റെ വാർത്ത വിതരണം ചെയ്ത് എന്നെ കുഴപ്പത്തിലാക്കിയ നേതാവാണ് എന്നതുതന്നെ!
ഈ സമയത്ത് എച്ച്. ആർ. ചീഫ് ജനറൽ മാനേജരായി ജെ. പി. പ്രദീപ് ചുമതലയെടുത്തിരുന്നു. അദ്ദേഹം വളരെ നല്ലൊരു ഉദ്യോഗസ്ഥനാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതുകൊണ്ട് ഇക്കാര്യം പ്രദീപ് സാറുമായി ഒന്ന് സംസാരിക്കണം എന്ന് നമ്മുടെ നേതാവിനോട് ഞാൻ പറഞ്ഞു.
ചെയ്യാം എന്ന് ഉറപ്പുതന്നു.
വീണ്ടും ഒന്നുരണ്ടു മാസങ്ങൾ കടന്നുപോയി. അന്വേഷിക്കുമ്പോഴൊക്കെ പ്രദീപ് സാർ തിരക്കിലാണ്, അതുകൊണ്ട് കണ്ടില്ല എന്ന മറുപടി കിട്ടിയപ്പോൾ കാര്യങ്ങൾ സംഘടിതമായ ജാതിക്കളിയിലാണ് നീങ്ങുന്നതെന്ന് വ്യക്തമായി.
എന്റെ സുഹൃത്തായ കുമാരസ്വാമി ഒരു ദിവസം പറഞ്ഞു; ‘‘താനിവരെയൊന്നും വിശ്വസിക്കരുത്. ഇവർ ഒരുകാലത്തും ഇക്കാര്യം ചെയർമാന്റെയോ എച്ച്. ആർ. ചീഫ് ജി. എമ്മിന്റെയോ അടുത്ത് പറയാൻ പോവുന്നില്ല. പ്രദീപ് സാർ നല്ലൊരു മനുഷ്യനാണ്. താൻ നേരിട്ടുപോയി അദ്ദേഹത്തോട് വിവരം പറഞ്ഞുനോക്ക്. എന്തെങ്കിലും ഗുണമുണ്ടാവും.''
അത് ശരിയാണെന്ന് എനിക്കും തോന്നി.
പിറ്റേദിവസം നമ്മുടെ നേതാവിനെ കണ്ടപ്പോൾ പ്രദീപ് സാറിനെ കണ്ടോ എന്ന് ഞാൻ ചോദിച്ചു.
‘‘ബോർഡ് മീറ്റിങ് ആയതുകൊണ്ട് അദ്ദേഹം തിരക്കിലാണ്'' എന്നായിരുന്നു മറുപടി.
പക്ഷേ, പൂച്ച പുറത്തുചാടി! ഒരു കൊല്ലത്തിലധികം കോർപറേറ്റ് ഓഫീസിൽ ജോലിചെയ്തിരുന്ന എനിക്ക് അറിയാമായിരുന്നു ബോർഡ് മീറ്റിങിൽ എച്ച്. ആർ. ചീഫ് ജി. എമ്മിന് പങ്കെടുക്കാനാവില്ലെന്ന്! എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അത് നേരത്തെ കൊടുക്കും. അതിനുള്ള മറുപടി കൊടുക്കുകമാത്രമാണ് ജി.എമ്മിന്റെ കടമ. ബോർഡ് മീറ്റിങിൽ മാനേജിങ് ഡയറക്ടർ, ഡയറക്ടർമാർ എന്നിവർ മാത്രമേ പങ്കെടുക്കൂ. കമ്പനി സെക്രട്ടറി മാത്രമാണ് അല്ലാതെ പങ്കെടുക്കുന്ന മറ്റൊരാൾ. പക്ഷേ അദ്ദേഹത്തിന് മിനിറ്റ്‌സ് തയ്യാറാക്കുക മാത്രമേ ചെയ്യാനുള്ളു.
ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന, എംപ്ലോയീസ് യൂണിയൻ നേതാവായ ചന്ദ്രൻപിള്ളയോട് ഇക്കാര്യം ഒന്ന് പറയാൻ കുമാരസ്വാമി എന്നെ ഉപദേശിച്ചു.
അത് നല്ലതായിരിക്കും എന്നുതോന്നി. അങ്ങനെ ഞാൻ പ്രദീപ് സാറിനെയും സഖാവ് ചന്ദ്രൻപിള്ളയേയും കാണാൻ തീരുമാനിച്ചു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.