Photo : unsplash.com

വലിയ നഖങ്ങൾ കൊണ്ടുള്ള ഒരു ഹൃദയം

അടുത്ത അവധി ദിവസം മാർക്കറ്റിൽ വരുന്നോ എന്നവളെന്നോട് ചോദിച്ചു. മാർക്കറ്റ് എന്നത് വിശാലമായ സങ്കല്പമായിരുന്നു. ഡാൻസ് ബാർ എന്ന സാധ്യത, നിശാസത്രങ്ങൾ എന്നിവ ആ വിശാലതയിലേക്ക് കടന്നുവരും. വന്നിറങ്ങുമ്പോൾ മുതൽ ഭയമാവേശിച്ചിരുന്ന എനിക്ക് അവിടേക്കൊന്നും എത്തേണ്ടി വന്നിട്ടേയില്ല.

ലോകം വല്ലാത്തൊരു സാഹസികതയിലൂടെ കടന്നുപൊയ്‌ക്കൊണ്ടേയിരിക്കുന്ന ഒരു വഴിത്തിരിവിലായിട്ട് രണ്ടുകൊല്ലത്തിൽപരമായിരിക്കുന്നു. അടച്ചിടപ്പെട്ട ലോകജാലകങ്ങൾ പതുക്കെ തുറക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും വൈറസിൽ കയറിക്കൂടിയ മരണം ദൂരെ മറയുന്നതിന്റെ കാലടിശബ്ദം ഇപ്പോഴും നേർത്തുകേൾക്കാം. ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സൈനികശക്തിക്കുമുമ്പിൽ പിറകോട്ട് കാലടി വച്ച് മനുഷ്യൻ പാളയത്തിലേയ്ക്കുമടങ്ങി. മാളത്തിൽ ചുരുണ്ടുകൂടുന്ന പ്രകൃതം ബോധത്തിന്റെയാഴത്തിൽ മുദ്രവച്ചിട്ടുള്ളതുകൊണ്ട് ഓരോരുത്തരും താനേ അടങ്ങി. തടവ് അല്ലെങ്കിൽ ജയിലെന്ന ആശയം എല്ലായിടങ്ങളിലേയ്ക്കും ഇഴഞ്ഞുവന്നു. വിദ്യാർഥികളും അധ്യാപകരും വീട്ടമ്മമാരും കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും കാമുകീകാമുകന്മാരും ഉദ്യോഗസ്ഥരും എല്ലാവരും പുതിയ ജയിലിലേക്കാനയിക്കപ്പെട്ടു.

അതേ, ജീവിതത്തിലിന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പലവിധത്തിലുള്ള സാഹസങ്ങൾ മനുഷ്യനു ചെയ്യേണ്ടിവന്നു. മദ്രസകളടച്ചതിനാൽ ഉസ്താദുമാർ റോഡരികിൽ മുട്ട വിറ്റു. ബിരിയാണി വിറ്റു. മടങ്ങിവന്ന പല ഗൾഫുകാരും വഴിവാണിഭക്കാരായി.

പക്ഷേ മനുഷ്യപ്രകൃതി ജയിലിനെതിരാണ്. ജന്മവാസനകൊണ്ടതിനെ മറികടക്കാൻ അവർ പലതും ചെയ്തു. ചിലർ പൊലീസുകാരോട് കയർത്തു. വലിയ കെട്ടിടങ്ങൾക്കുമുകളിൽ നിന്ന് ചാടി മരിച്ചു. ചിലർ സത്യവാങ്മൂലമെഴുതാത്തതിനാൽ ഫൈനടച്ചു. ചിലർ ഗാർഡനിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റു ചിലർ അടുക്കളയിൽ പുതിയ തീൻവിപ്ലവങ്ങളുണ്ടാക്കി. ഒരുകൂട്ടർ സിനിമകൾ കണ്ടു, തുടരൻ നോവലുകളെഴുതി, പുതിയ തിരക്കഥകളുണ്ടായി. സിനിമ പൊടുന്നനേ തീയേറ്ററിൽ നിന്നിറങ്ങി ഓരോരുത്തരുടെയും മൊബൈലിലെത്തി. അടച്ചിട്ട സ്‌കൂളുകളിൽ നിന്നിറങ്ങേണ്ടിവന്ന അധ്യാപകർ കുട്ടികളുടെ മൊബൈലിനുള്ളിലിരുന്ന് അവരോട് സംവേദനം നടത്തി.

Photo: deshabhimani.com

ഒട്ടേറെ പുതിയ വായനക്കാരുണ്ടായി. പുസ്തകമെന്ന ആശയവും ഒരുപരിധിവരെ മൊബൈൽ സ്‌ക്രീനിനുള്ളിലേയ്ക്ക് ചേക്കേറി. അതേ, ജീവിതത്തിലിന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പലവിധത്തിലുള്ള സാഹസങ്ങൾ മനുഷ്യനു ചെയ്യേണ്ടിവന്നു. മദ്രസകളടച്ചതിനാൽ ഉസ്താദുമാർ റോഡരികിൽ മുട്ട വിറ്റു. ബിരിയാണി വിറ്റു. മടങ്ങിവന്ന പല ഗൾഫുകാരും വഴിവാണിഭക്കാരായി. ഇന്ത്യയിൽ ഒട്ടേറെപ്പേർ നടന്നുമരിച്ചു. അധികാരത്തെ ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലേയ്ക്ക് പല ഭരണാധികാരികളും തങ്ങളുടെ തിരകൾ നിറച്ചു. ലോകം മറ്റൊരുഘട്ടത്തിലേക്ക് കടക്കുകയാണെന്ന തിരിവിൽ തന്നെയാണ് നമ്മളിപ്പോൾ.

കൊറോണക്കാലത്ത് നമ്മൾ പതിവുള്ള പൊലീസിനെയും പതിവില്ലാത്ത പൊലീസിനെയും കണ്ടുമുട്ടിയിരുന്നു. രാജാവിന്റെ മാറ്റം പടയാളി വഴി അറിയാമെന്നതുപോലെ അധികാരപ്രയോഗത്തിന്റെ പുതിയ ഘടന രൂപപ്പെട്ടുവരുന്നതും അതൊരു ട്രെൻഡാകുന്നതും നമ്മൾ കാണുന്നു. പൊലീസ് തന്നെ സ്റ്റേറ്റിൽ നിന്ന് വേർപെട്ട് നില്ക്കുന്നതുപോലെ ചിലപ്പോഴൊക്കെ തോന്നിത്തുടങ്ങുന്നു.

ഇതെഴുതുമ്പോൾ യുക്രെയിനിൽ റഷ്യ ബഹുമുഖമായ ആക്രമണം നടത്തുകയാണ്. എണ്ണവില ഉയർന്നിരിക്കുന്നു. ലോകവിപണിയിൽ സ്വർണവിലയും ഉയർന്നിരിക്കുന്നു. അന്താരാഷ്ട്ര വിപണി ഇടിഞ്ഞ് താഴെ വീണിരിക്കുന്നു. മരണത്തിന്റെ നിഴലിലിരുന്ന് ജീവിതത്തെക്കുറിച്ച് മനുഷ്യർ പക്ഷേ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. മലകയറിയ ബാബു ജീവിതത്തോളം പഴക്കമുള്ള ആ പ്രസ്താവനയുടെ ചെറിയൊരുദാഹരണം മാത്രം.

Photo : Muhammed Fasil

യുക്രൈനിൽ പതിനെണ്ണായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഗൾഫ് യുദ്ധകാലത്ത് യുദ്ധം വീട്ടുമുറ്റത്തെത്തിയത് നമ്മളനുഭവിച്ചു കഴിഞ്ഞതാണ്. പോർവിമാനങ്ങളുടെ ഭീഷണമായ നിഴലിൽ മണ്ണിൽ നടക്കേണ്ടിവരിക എത്ര ഭീതിദമാണ്. വെൺമഴു നിർമിച്ചെന്നുപറയുന്ന നമ്മുടെ ദേശത്തിന്റെ ഭൗതികമാറ്റങ്ങളെ യഥാർഥത്തിലുണ്ടാക്കിയത്പ്രവാസികളാണ്. പന്തിഭോജനത്തിനു പൊടിച്ച പപ്പടവും വിളമ്പിയ ഉപ്പും ദരിദ്രരുടെ കുടിലുകളിലേയ്ക്കെത്താൻ തുടങ്ങിയത് മലയാളി ദേശം വിട്ടു പോയി പണിയെടുക്കാൻ തുടങ്ങിയപ്പോഴാണ്. അവരിപ്പോഴും പലരായി അവിടെത്തന്നെയുണ്ട്.

സാഹസികമായ പ്രണയത്തിന്റെ വിവാഹത്തോടെയുള്ള പരിസമാപ്തിയ്ക്കുശേഷം ഒരു മാസം കഷ്ടിയുള്ളപ്പോഴാണ് ഞാൻ ദുബായിലെത്തിച്ചേർന്നത്. അതിന് തൊട്ടുമുമ്പ് ഈ ലോകത്തിന്നുതന്നെ വേണ്ടാത്ത ഒരു സാഹിത്യമാസിക നടത്തുകയായിരുന്നു.

ഞാൻ കണ്ടിട്ടുള്ള ഗൾഫുകാരിൽ ഏറെപ്പേരും ഒരിക്കലും ഗൾഫിലേയ്ക്ക് തിരിച്ചുപോകാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നവരായിരുന്നില്ല. എല്ലാവരും ഏതെങ്കിലും മലമുകളിൽ പെട്ടവർ. രക്ഷിക്കാനിതുവരെ ഒരു സൈന്യവും വരാത്തവർ. എയർപോട്ടിലിറങ്ങിയപ്പോൾ മുതലുള്ള ശ്വാസംമുട്ടൽ തിരിച്ചിറങ്ങുന്നതുവരെ ഉള്ളവർ. കുറച്ചുവർഷം മുമ്പ് ജോലി നേടി ദുബായ് എയർപോർട്ടിലിറങ്ങുമ്പോൾ എനിയ്ക്കും അതനുഭവപ്പെട്ടിട്ടുണ്ട്.

അപ്രതീക്ഷിത ലോക്ഡൗണിൽ വലഞ്ഞ് നാട്ടിലേക്ക് മടങ്ങി പോകുന്ന ജാർഘണ്ഡിലെ തൊഴിലാളികൾ / Photo : Satyaprakash Pandey, PARI

സാഹസികമായ പ്രണയത്തിന്റെ വിവാഹത്തോടെയുള്ള പരിസമാപ്തിയ്ക്കുശേഷം ഒരു മാസം കഷ്ടിയുള്ളപ്പോഴാണ് ഞാൻ ദുബായിലെത്തിച്ചേർന്നത്. അതിന് തൊട്ടുമുമ്പ് ഈ ലോകത്തിന്നുതന്നെ വേണ്ടാത്ത ഒരു സാഹിത്യമാസിക നടത്തുകയായിരുന്നു. പൊടുന്നനെ ടൈംമെഷീനിൽ കയറി മറ്റൊരു ലോകത്തെത്തിയ ഞാൻ ചെറുപർവതങ്ങൾ പോലുള്ള മെഷീനുകൾ കണ്ട് അവയുടെ താഴെ വിനീതനായി നിന്നു. എയർപോർട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എമിറേറ്റ്‌സിനു കീഴിലുള്ള വലിയൊരു കമ്പനിയുടെ ലോൺട്രി വിഭാഗത്തിലായിരുന്നു എന്റെ ജോലി. അലക്കുകയും ഉണക്കുകയും ഇസ്തിരിയിടുകയും ചെയ്യുന്ന മെഷീനുകൾ, അവയുടെ കൊടും ചൂട്, വിരഹദുഃഖം, ജീവിതത്തിലാദ്യമായി അമ്മയെ പിരിഞ്ഞ ദുഃഖം എന്നിവയിലുപരി മലയാള സാഹിത്യത്തിനും സാമൂഹികജീവിതത്തിനും പുതിയ ആശയദിശ നല്കാനും അതിനോടനുബന്ധമായി വലിയൊരു സാഹിത്യസിംഹമാകാനുമൊക്കെയുള്ള എന്റെ പ്രവർത്തനങ്ങൾ, അതിന്റെ ഭാഗമായി നടത്തിയിരുന്ന മാസിക ഒക്കെ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

ഗൾഫിൽ ആദ്യമായെത്തിയാൽ മിക്കവർക്കുമുണ്ടാകുന്ന മൗനവും ഹോം സിക്ക്‌നസും എനിയ്ക്കുമുണ്ടായി. രാത്രി ക്യാമ്പിലേയ്ക്ക് മടങ്ങിപ്പോകുന്ന വണ്ടിയിലിരുന്ന് മരുഭൂമിയിൽ ഉദിച്ചുനിൽക്കുന്ന ചന്ദ്രനെ നോക്കി ഇപ്പോഴിതെന്റെ പ്രിയപ്പെട്ടവരും കാണുന്നുണ്ടാകുമല്ലോ എന്നാശ്വസിച്ചു. നാട്ടിലേയ്ക്ക് തുടർച്ചയായി കത്തുകളെഴുതി. അമ്മയുടെയും ഭാര്യയുടെയും ശബ്ദം കേട്ട് ഒറ്റയ്ക്കിരുന്നു കരഞ്ഞു.
ഒരു ദിവസം കടുത്ത പനിയുമായി ക്യാമ്പ് ഡോക്ടറെ കാണാൻ ചെന്നു. ഒരു ഫിലിപ്പൈൻ ഡോക്ടറാണ് എന്നെ പരിശോധിച്ചത്. അയാൾ കുറെയധികം നേരം എന്റെ നെഞ്ചിൽ കുഴൽ വച്ച് ഒരു ഗൗരവഭാഷ ശരീരത്തിൽ വരുത്തി എന്നെ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി.

പൊടുന്നനെ എന്റെ സാമാന്യത്തിലധികം വലിപ്പമുള്ള നഖങ്ങളിൽ അയാളുടെ കണ്ണുകളുടക്കി. ‘മൈ ഗോഡ്’ എന്നയാൾ പതുക്കെ ഉരുവിടുന്നത് ഞാൻ കേട്ടു. ഞാനും വർധിച്ച ഭയത്തോടെ അയാളെ നോക്കി. ഡോക്ടർ പെട്ടെന്ന് അവിടെയുണ്ടായിരുന്ന നഴ്‌സുമാരെ കൈകാട്ടി വിളിച്ച് എന്റെ ഹൃദയമിരിക്കുന്ന ഭാഗം തൊട്ടുകാണിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷമാണത് എന്നെനിയ്ക്കുതോന്നി. ഫിലിപ്പൈനി പെ​ട്ടെന്ന് ഫോണെടുത്ത് അബദൽ അസീസ് എന്ന് മൊഴിഞ്ഞു. അല്പസമയത്തിനുള്ളിൽ ആകാശം മുട്ടുന്ന ഉയരമുള്ള മറ്റൊരു ഡോക്ടർ അവിടെയെത്തി. അയാളാണ് ചീഫ്. ലെബനനിയാണ്. അയാളും എന്റെ കൈവിരലുകളിൽ പിടിച്ച് നഖങ്ങൾ പരിശോധിക്കുകയും ഹൃദയത്തിൽ സ്റ്റെതസ്‌ക്കോപ്പു കൊണ്ട് വീണ മീട്ടുകയും ചെയ്തു. പരിശോധനയ്ക്കിടയിൽ ‘മൈ ഗോഡ്’ എന്നുരുവിട്ടുകൊണ്ടിരുന്നു. പേടി സഹിക്കാതായപ്പോൾ ഞാൻ ചോദിച്ചു
‘എന്താണ് എന്റെ പ്രശ്‌നം?'
അയാൾ എന്നെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു, ‘My son, Your heart is very weak. We want an immediate surgery’
അപ്പോൾ തന്നെ മയ്യത്തായ എന്നെ വലിയൊരു ഹോസ്പിറ്റലിലേയ്ക്ക് അയാൾ റഫർ ചെയ്തു. അടുത്തയാഴ്ച ഫുൾ ചെക്കപ്പ്. ഇരുഡോക്ടർമാരും എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. എനിയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞാനയാളോട് പറഞ്ഞുവെങ്കിലും ചെക്കപ്പിനു പോയില്ലെങ്കിൽ എന്നെ ടെർമിനേറ്റ് ചെയ്യാൻ കമ്പനിയോട് പറയുമെന്ന്​ അയാൾ ഭീഷണിപ്പെടുത്തിക്കളഞ്ഞു.

എന്റെയടുത്തു വന്നുനിന്ന്​ റുബയ്​ന നിർത്താതെ കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ അവളുടെ വരൻ സൗദി അറേബ്യയിലേക്ക് ചേക്കേറി. അവൾ ദുബായിലോട്ടും. നീണ്ട വലിയ കണ്ണുകളും പഴുത്ത നിറവുമുള്ള റുബയ്‌ന എന്നോട് അവളുടെ ഭാഷയിലും ഇടയ്ക്കിംഗ്ലീഷിലും വിരഹവേദനയെക്കുറിച്ച് പറയുന്നു.

പിറ്റേദിവസം മുതൽ ജോലിസ്ഥലത്തുള്ളവരിൽ പലരും എന്നെ അനുകമ്പയോടെ നോക്കാൻ തുടങ്ങി. പക്ഷേ പതിനെട്ടു മണിക്കൂർ ജോലി എന്ന പരിപാടിയിൽ ഇളവില്ലാത്തതിനാൽ ആർക്കും പരസ്പരം സംസാരിക്കാനൊന്നും നേരമില്ല. ഒരേ ദേശത്തുള്ളവരെ ഒരു സെക്ഷനിൽ പരമാവധി ജോലിയ്ക്കു നിർത്തില്ല. മലയാളികൾ കൂടുതൽ സംസാരിക്കുന്നവരായതുകൊണ്ട് പ്രത്യേകിച്ചും. എന്റെ കൂടെ മിക്കവാറും നേപ്പാളികളോ ഫിലിപ്പൈനികളോ ആണ്. നേപ്പാളിയായൊരു സുഹൃത്ത് നെഞ്ചിൽ കൈവച്ചുകൊണ്ട് എന്റെ മുമ്പിൽ നിന്ന് സങ്കടത്തോടെ പറഞ്ഞു, ‘മുട്ടു ഗിരാമി'
അതിന്റെ അർഥം ഇന്നുമെനിയ്ക്കറിയില്ല. ഹൃദയത്തിന് പ്രശ്‌നമുള്ളയാൾ എന്നായിരിക്കുമെന്ന് കരുതുന്നു. ഹൃദയത്തിന് പ്രശ്‌നമുള്ള ഞാൻ എന്നെ രാത്രികളിൽ ഉറക്കാൻ പാടുപെട്ടു. മണൽക്കൂമ്പാരങ്ങളിൽ കാറ്റടിക്കുന്ന ശബ്ദം പാതിരകളിൽ കാതോർത്തു. ഉറക്കത്തിൽ മണലിലൂടെ നീണ്ടുപോകുന്ന കാലടികൾ സ്വപ്നം കണ്ടു.

Photo : Armed Forces of Ukraine

രണ്ടുദിവസം കഴിഞ്ഞ് ഞങ്ങളുടെ സെക്ഷനിലേയ്ക്ക് കുറെ സ്ത്രീകളുടെ റിക്രൂട്ട്‌മെൻറ്​ നടന്നു. എല്ലാവരും ഫിലിപ്പൈനികളാണ്. യുവതികളാണെല്ലാം. ചുറുചുറുക്കുള്ളവർ. പല രാജ്യങ്ങളിലെ പലതരം വിമാനങ്ങളിലേയ്ക്ക് ബ്ലാങ്കറ്റ്, പില്ലോ കവേഴ്‌സ്, ടവലുകൾ മറ്റ് തുണിത്തരങ്ങളൊക്കെ കഴുകിയുണക്കി മടക്കുന്ന മായാജാലം പുതിയതായി വന്നവരെ പഠിപ്പിക്കണം. എന്റെയടുത്തു വന്നുനിന്ന പെൺകുട്ടി നിർത്താതെ കണ്ണീരൊലിപ്പിച്ചു കൊണ്ടിരുന്നു. റുബയ്‌ന എന്നായിരുന്നു അവളുടെ പേര്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ അവളുടെ വരൻ സൗദി അറേബ്യയിലേയ്ക്ക് ചേക്കേറി. അവൾ ദുബായിലോട്ടും. നീണ്ട വലിയ കണ്ണുകളും പഴുത്ത നിറവുമുള്ള റുബയ്‌ന എന്നോട് അവളുടെ ഭാഷയിലും ഇടയ്ക്കിംഗ്ലീഷിലും വിരഹവേദനയെക്കുറിച്ച് പറയുന്നു. ഏതായാലും അന്നു പിരിയുന്നതിനുമുമ്പ് ബ്ലാങ്കറ്റുകളും ടവലുകളും ഫോൾഡ് ചെയ്യുന്നതിനൊപ്പം അവളെ ഞാനൊരു മലയാളം പാട്ടു പഠിപ്പിച്ചു. പിറ്റേദിവസം ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ...’ എന്ന് അവൾ മനോഹരമായി പാടി. അന്നവൾ എന്റെ മൊബൈൽ നമ്പർ വാങ്ങി. തീരെ പ്രതീക്ഷിക്കാതെ അന്നു രാത്രി വിളിച്ചു. ഞങ്ങൾ കുറേ പാട്ടുകൾ പാടി. എന്തൊക്കെയോ പറഞ്ഞു ചിരിച്ചു.‘റുബയ്‌ന ഞാൻ മരിക്കാൻ പോവുകയാണ്, എന്റെ ഹൃദയത്തിന് കുഴപ്പമുണ്ടെന്നാണ് ഡോക്ടർ പറയുന്നത്.'
അവൾ ഒന്നു നിശ്ശബ്ദയായി.‘നിങ്ങളുടെ ഹൃദയത്തിൽ നിറയെ പാട്ടാണ് ഡിയർ, മറ്റൊന്നുമില്ല. ആ ലെബനൻ ഡോക്ടറും ഫിലിപ്പൈനിയും മണ്ടന്മാരാണ്. വെറും പനിക്കു ചികിത്സിക്കാൻ ക്യാമ്പിലിരിക്കുന്ന മണ്ടന്മാർ.’

ഏതായാലും ഞങ്ങളുടെ സംഗീതവും രാത്രിയിലെ വിളികളും തുടർന്നു. കുറേ അംഗങ്ങളുള്ള ഒരു വീട്ടിൽ നിന്നാണ് അവൾ ഗൾഫിലേയ്ക്ക് വരുന്നത്. അവളുടെ അപ്പന് മീൻപിടിത്തമാണ്. അമ്മ മരിച്ചവരെ ഒരുക്കാൻ പോകും. ഇടയ്ക്കവളും അമ്മയെ സഹായിക്കാറുണ്ട്. അവൾ മരിച്ചവരോട് സംസാരിക്കാറുണ്ട്. അതൊരു കൗതുകമുള്ള ഏർപ്പാടാണെന്ന് ഞാനവളോട് പറഞ്ഞു. ചിലപ്പോൾ നിനക്ക് എന്നോടും സംസാരിക്കാൻ പറ്റിയേക്കും.

എന്റെ കൈവിരലുകളിൽ പിടിച്ച് നഖങ്ങൾ പരിശോധിക്കുകയും ഹൃദയത്തിൽ സ്റ്റെതസ്‌ക്കോപ്പു കൊണ്ട് വീണ മീട്ടുകയും ചെയ്തു. പരിശോധനയ്ക്കിടയിൽ ‘മൈ ഗോഡ്’ എന്നുരുവിട്ടുകൊണ്ടിരുന്നു

എന്റെ കൃത്യമായ പരിശോധന നടത്താനുള്ള സമയമെത്തി. സെക്ഷൻ മാനേജരോടൊപ്പം കമ്പനിച്ചെലവിൽ വലിയൊരു ഹോസ്​പിറ്റലിലാണ് ചെക്കപ്പുകളെല്ലാം. ഡോക്ടറോടൊപ്പം ഒരുകൂട്ടം പെൺകുട്ടികളുമുണ്ട്. ഡോക്ടർ എന്നെ പരിശോധിച്ചുകൊണ്ട് അവരോട് എന്തൊക്കെയോ വിശദീകരിക്കുന്നുണ്ട്. മെലിഞ്ഞുനീണ്ട ഒരറബിപ്പെൺകുട്ടി മൃദുലമായ വിരലുകളാൽ എന്റെ ഷർട്ടിന്റെ ബട്ടൺസ് അടർത്തി നെഞ്ചത്ത് കൈയമർത്തി. മഞ്ഞിൽ നെഞ്ചു ചേർത്തുവച്ചതുപോലെ എന്റെ മനസ് തണുപ്പാർന്നു. എല്ലാ പരിശോധനകൾക്കും ശേഷം ഡോക്ടർ കൂടെ വന്നയാളോട് പറഞ്ഞു, ‘ഇയാളുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല.’

പി.എസ്​. റഫീഖ്​

ഞാനും റുബയ്‌നയും അന്നൊരുപാട് ചിരിച്ചു. പാട്ടു പാടി. അടുത്ത അവധി ദിവസം മാർക്കറ്റിൽ വരുന്നോ എന്നവളെന്നോട് ചോദിച്ചു. സത്യത്തിൽ ഞാൻ ഗൾഫിൽ വന്നതിനുശേഷം ആകെ പോയിട്ടുള്ളത് ജ്യേഷ്ഠൻ താമസിക്കുന്ന സ്ഥലത്ത് മാത്രമാണ്. നമ്പറിട്ട ബസിൽ കയറിയാൽ കൃത്യമായ സ്ഥലത്തിറങ്ങാം. 25-ാം നമ്പർ ബസിൽ കയറി കൃത്യമായി അവീർ എന്ന സ്ഥലത്തിറങ്ങി നിർത്തിയിട്ട ട്രക്കുകൾക്കും ട്രെയിലറുകൾക്കും നടുവിലുള്ള റോഡിലൂടെ നേരെ നടന്ന് തിരിഞ്ഞാൽ ഒരു വാസസമുച്ചയത്തിലേയ്ക്ക് കയറും. മലയാളി ഡ്രൈവർമാരും പാകിസ്ഥാനി ഡ്രൈവർമാരും ഇടകലർന്ന് താമസിക്കുന്ന ഒരിടം. അതിലൊരു മുറിയിലാണ് എന്റെ ജ്യേഷ്ഠനും സംഘവും. അവിടേയ്ക്കല്ലാതെ മറ്റൊരിടത്തേയ്ക്ക് പോകുന്നതു ചിന്തിക്കാൻ പറ്റാത്ത ആത്മവിശ്വാസമില്ലായ്മയിലേയ്ക്ക് ഞാൻ മാറ്റിപ്പോയിരുന്നു. എന്നാൽ മാർക്കറ്റ് എന്നത് വിശാലമായ സങ്കല്പമായിരുന്നു. ഡാൻസ് ബാർ എന്ന സാധ്യത, നിശാസത്രങ്ങൾ എന്നിവ ആ വിശാലതയിലേക്ക് കടന്നുവരും. വന്നിറങ്ങുമ്പോൾ മുതൽ ഭയമാവേശിച്ചിരുന്ന എനിയ്ക്ക് അവിടേക്കൊന്നും എത്തേണ്ടി വന്നിട്ടേയില്ല.

അവധി ദിവസം കഴിഞ്ഞുള്ള സ്യൂട്ടി ഡേയിൽ അവളെന്നോട് പരിഭവിച്ചു. പിണക്കം കുറച്ചുനേരമേ ഉണ്ടാകൂ. വീണ്ടും പാട്ടുമായി വരും. പാടിയും ചിരിച്ചും കഴിഞ്ഞുപോയ കുറേ ദിനങ്ങൾക്കൊടുവിൽ നാട്ടിലേയ്ക്ക് പോകാൻ ഞാൻ തീരുമാനിച്ചിരുന്നു. പോവുകയാണെന്ന് റുബയ്‌ന അറിഞ്ഞു. പക്ഷേ എന്നോടതേപ്പറ്റി അവൾ ചോദിച്ചില്ല. യാത്ര പറയുന്ന ദിവസം അവൾ എന്റെ സെക്ഷനിലേയ്ക്ക് വന്നതേയില്ല.
എയർപോർട്ടിലേയ്ക്ക് പോകുന്നതിനു തൊട്ടുമുമ്പ് അവൾ വിളിച്ചു, ‘നിങ്ങളുടെ ഭാര്യയോട് എന്റെ സ്‌നേഹാന്വേഷണമറിയിക്കൂ.. ഗോഡ് ബ്ലസ് യൂ'

ഞാനും അതുതന്നെ പറഞ്ഞു. സാഹസികതകളെ ഇഷ്ടപ്പെടുകയും അതിനെ ഭയപ്പെടുകയും ചെയ്തുകൊണ്ട് ഞാനും പറയുന്നു, ‘ഗോഡ് ബ്ലസ് യൂ.’
അവൾക്കായി എന്റെ ഖൽബിലെ വെണ്ണിലാവ് ഒന്നുകൂടി പാടി.
പ്രിയപ്പെട്ട റുബയ്ന... നാം രണ്ടു രാജ്യങ്ങൾ, രണ്ടു ഭാഷകൾ, ഇണകളുള്ളവർ... എങ്കിലും വലിയ നഖങ്ങൾ കൊണ്ടൊരു ഹൃദയം നിന്നെ ഓർക്കുന്നു. തീർച്ചയായും നീയുമെന്നെ ഓർക്കുമെന്ന് എനിക്കറിയാം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments