കലഹങ്ങൾ കുതൂഹലങ്ങൾ; ഒരു മാപ്പിളയുടെ ലോക ജീവിതം - 1

ഒരു മലപ്പുറത്തുകാരൻ മലയാളി - ഒരു മാപ്പിള - കേരളത്തിനോടും അതിനു പുറത്തുള്ള ഇന്ത്യയോടും അതിനും പുറത്തുള്ള വിശാലമായ ലോകത്തോടും ഇടപഴകിയതിന്റെ പ്രസക്തമെന്നു തോന്നുന്ന ചില അനുഭവങ്ങൾ, മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കുറെ വ്യക്തികളും സ്ഥലങ്ങളും സംഭവങ്ങളും, രാഷ്ട്രീയമായും ആശയപരമായും ചില ബോധ്യങ്ങൾ ഉണ്ടായതിന്റെ നാൾവഴികളും സന്ദർഭങ്ങളും, എന്റെ ജീവിതകാലത്തു നടന്ന രാജ്യത്തെയും ലോകത്തെയും ചരിതസംഭവങ്ങളും അവയുണ്ടാക്കിയ അനുരണങ്ങളും, പരമ്പരയുടെ ആദ്യ ഭാഗം.

മ്പത് വർഷം. അര നൂറ്റാണ്ട്. ഇതെങ്ങനെ ഇത്ര പെട്ടെന്ന് തീർന്നു? അനാദിയും അനന്തവുമായ സമയപ്രവാഹത്തിൽ എനിക്കനുവദിച്ച ചെറുമാത്രയിൽ സിംഹഭാഗം ജീവിച്ചു തീർത്തു. ഇനിയുള്ളത് ബോണസാണ്. അതെത്രയുണ്ടെന്നോ എങ്ങനെയായിരിക്കുമെന്നോ ആർക്കും പ്രവചിക്കുക വയ്യ. ഈ അപ്രവചനീയതയാണ് ജീവിതം അർത്ഥശൂന്യമാണെന്ന നിഗമനത്തിലേക്ക് ചിലരെയും അർത്ഥപൂർണമാണെന്ന ഉറപ്പിലേക്ക് മറ്റു ചിലരെയും കൊണ്ടെത്തിക്കുന്നത്. അര നൂറ്റാണ്ടു പൂർത്തിയാക്കുന്ന എന്റെ ജീവിതം ഇത് വരെ കുലംകുത്തിയൊഴുകുന്ന ഒരു നദി പോലെയായിരുന്നു. നിലയ്ക്കാത്ത, ബണ്ടു കെട്ടി ഒരിക്കൽ പോലും കെട്ടിനിർത്തപ്പെടാത്ത ഒരനുസ്യൂതപ്രവാഹം. കൊറോണ വന്ന് ആ പ്രവാഹത്തെ ഒന്ന് പിടിച്ചു കെട്ടി. ജോലി വീട്ടിൽ നിന്നായി. നിരന്തരമായ ചലനാത്മകതയ്ക്ക് അർദ്ധവിരാമമായി. ഒഴുക്ക് നിലച്ചുവെങ്കിലും പൂർവാധികം ശക്തിയിൽ വീണ്ടുമൊഴുകാനുള്ള ആന്തരികമായ ത്വര കുറച്ചൊന്നുമല്ല. പക്ഷെ അദൃശ്യമായ ആ സൂക്ഷ്മാണു അമ്പത് കൊല്ലം തികയുന്ന എന്റെ ജീവിതനദിയെ നിശ്ചലാവസ്ഥയിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതുവരെ കൂടെയുണ്ടായിരുന്ന ഉറപ്പുകളൊന്നും ഇപ്പോഴില്ല. അബുദാബിയിൽ നിന്ന് എപ്പോഴാണ് നാട്ടിലേയ്ക്കിനി ഒരു യാത്ര സാധിക്കുക? എന്നാണ് ഇനി വീട്ടിൽ ഒരു വിരുന്നൊരുക്കുക? ഒരു വിരുന്നിനു പോയി മൂക്കറ്റം തിന്നുകയും നല്ലൊരു വെടിവെട്ടം ആസ്വദിക്കുകയും ചെയ്യുക? എന്നാണിനി ഒരു നല്ല വിനോദയാത്ര തരമാവുക ? ആർക്കറിയാം? സാധാരണത ഇനി എപ്പോഴെങ്കിലും സാധ്യമാവുമോ? പ്രിയപ്പെട്ടവരുമായി സ്‌നേഹസമാഗമങ്ങൾ ഇനിയെന്ന്? അതിനു മുമ്പ് എന്തൊക്കെ അപ്രസന്നതകൾ തരണം ചെയ്യേണ്ടി വരും?
അമ്പത്തൊന്നിലേക്കു കടക്കുമ്പോൾ ലോകം പുതിയൊരു അനിശ്ചിതകാലത്തേക്ക് സംക്രമിക്കുക കൂടിയാണ്.

ഇതുവരെ കൂടെയുണ്ടായിരുന്ന ഉറപ്പുകളൊന്നും ഇപ്പോഴില്ല. അബുദാബിയിൽ നിന്ന് എപ്പോഴാണ് നാട്ടിലേയ്ക്കിനി ഒരു യാത്ര സാധിക്കുക? എന്നാണ് ഇനി വീട്ടിൽ ഒരു വിരുന്നൊരുക്കുക?

കൊറോണാനന്തരകാലം ഒരു നവചരിത്രദശയായിരിക്കുമെന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നു. അതിന്റെ രൂപഭാവങ്ങൾ അത്ര സുഖകരമാവില്ലെന്നു തന്നെയാണ് സൂചനകൾ. മനുഷ്യരുടെ ആത്യന്തികനിസ്സഹായതയുടെ ഉൽക്കണ്ഠ നിറഞ്ഞ ഭാവങ്ങളാണോരോ മണിക്കൂറിലും ഫോണിലൂടെ വരുന്നത്. കൊറോണ ബാധിച്ചവർ, നാട്ടിലേക്ക് പോകാൻ സഹായമാവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, ചുറ്റും മനുഷ്യർ ഹതാശരാവുന്നത് കണ്ടു കണ്ടു മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടവർ. ഈ സങ്കീർണലോകത്ത് അര നൂറ്റാണ്ടു തീർക്കുന്നത് ഇത്ര അഭിശപ്തമായ ഒരവസ്ഥയിലായിരിക്കുമെന്ന് സ്വപ്‌നേപി കരുതിയിരുന്നില്ല. സ്വതവേ ശാപഗ്രസ്തമായ ഒരു രാഷ്ട്രീയാവസ്ഥയിലേക്കായിരുന്നു വർഷാദ്യം കോവിഡ്-19 കടന്നു വന്നത്. അപ്പോഴേക്ക് തന്നെ ഇന്ത്യക്കാരനാവുന്നതിനെക്കുറിച്ച് ആഗ്രഹചിന്തകളോടെ മനസ്സിൽ മുഴപ്പിച്ചുവച്ചിരുന്ന ആഹ്ലാദാഭിമാനങ്ങളൊക്കെ മൃതാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. നിരാശയ്ക്കു കീഴ്‌പെടുന്നതല്ല ആശയുടെ കൃത്രിമസ്രോതസ്സുകളെങ്കിലും സൃഷ്ടിക്കുന്നതാണ് അഭികാമ്യമെന്ന വിചാരം വികാരങ്ങളുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജീവിതത്തിലെപ്പോഴും സ്വപ്നാടനത്തെയും ആഗ്രഹചിന്തയെയും യഥാതഥത്വത്തിന്റെ വിരസാനുഭവത്തിനുമേൽ വിലമതിക്കുക ശീലിച്ചതിനാൽ ഇപ്പോഴും മ്ലാനതയ്ക്കു മനസ്സിലിടമനുവദിച്ചിട്ടില്ല. "പാരമ്പര്യവഴിക്കു പൈതൃകമാ'യെനിക്ക് ലഭിച്ച മിക്കസംഗതികളും ആവശ്യമില്ലെന്നു തോന്നി ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ ഉപേക്ഷിക്കുകയോ പാർശ്വവൽക്കരിക്കുകയോ ചെയ്തെങ്കിലും താവഴിയായി കിട്ടിയ വളയാത്തൊരു നട്ടെല്ലിതുവരെ കൈവിട്ടുപോകാതെ കാത്തുപോന്നു. അതുകൊണ്ട് തന്നെ കോവിഡ് കാലത്തു പോലും ഭയമല്ല വൈരസ്യമാണ് അലോസരപ്പെടുത്തുന്നത്.

താനാളൂരിലെ വീട്ടിനുമുന്നിൽ

തുറന്ന വാതിലുകൾ ജനാലകൾ
മലപ്പുറം ജില്ലയിലെ താനാളൂരിൽ തുടങ്ങി, ന്യൂഡൽഹിയും ചെന്നൈയും ദുബായിയും വഴി ഇപ്പോൾ അബൂദാബിയിലെത്തി നിൽക്കുന്ന ഈ യാത്രയുടെ വഴിയമ്പലങ്ങളിൽ സുകൃതം വിളമ്പിയ എത്രയോ മുഖങ്ങൾ മനസ്സിൽ നിറയുന്നു. കാറ്റും വെളിച്ചവും കടന്നു വരാതിരിക്കാനായി വാതിലുകളും ജനാലകളും കൊട്ടിയടക്കുന്നവർക്കിടയിൽ നിരന്തരമായി തുറക്കുന്നൊരു ജീവിതം സംവിധാനിച്ചതിന് പിന്നിൽ സ്വന്തത്തേക്കാളേറെ മറ്റു പലരുടെയും - വ്യക്തികൾ, പുസ്തകങ്ങൾ, സിനിമകൾ, യാത്രകൾ, പ്രസംഗങ്ങൾ - പ്രചോദനവും പ്രതിഭാസ്വാധീനവുമായിരുന്നു. നിരന്തരമായി ജീവിതം തുറന്നുകൊണ്ടിരുന്നപ്പോഴും പുരുഷനായി ജനിച്ചതിന്റെ പ്രായോഗിക മെച്ചങ്ങൾ പൂർണമായി വലിച്ചെറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മതം, ഭാഷ, നാട്, തറവാട് എന്ന് വേണ്ട ജന്മനാ കിട്ടിയ പലതിനെയും സ്വന്തം ശരികളോടനുപൂരകമായ വിധത്തിൽ ഉടച്ചുവാർക്കാനും പുനർനിർവ്വചിക്കാനും കഴിഞ്ഞിട്ടുണ്ട്. ആശയതലത്തിൽ ഒരു മലയാളിപുരുഷനാവുന്നതിന്റെ അസ്‌കിതകളെക്കുറിച്ചും ആ സ്വത്വത്തിന്റെ ജന്മകർമ്മദോഷങ്ങളെക്കുറിച്ചും ഫെമിനിസ്റ്റ്ചിന്തകർ പറയുന്ന മിക്കകാര്യങ്ങളും നൂറുക്കുനൂറു ശരിയാണെന്നു തോന്നിയിട്ടുണ്ട്. പക്ഷേ ലിംഗസമത്വത്തിനും ലിംഗനീതിക്കുമനുസൃതമായി സ്വന്തം ജീവിതം ഉടച്ചുവാർക്കാനും പ്രായോഗികതലത്തിൽ ഈ ബോദ്ധ്യങ്ങൾ പൂർണമായി പ്രാവർത്തികമാക്കാനും സാധിച്ചിട്ടുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചിൽ കൈവച്ചു അതെ എന്നുത്തരം പറയാൻ കഴിയില്ല. ആ അർത്ഥത്തിൽ ഒരു മലയാളിപുരുഷനായിത്തന്നെ തുടരുന്നു; ഒരു പരിവർത്തനം അക്കാര്യത്തിൽ ഉൽക്കടമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും. മാറിയിട്ടില്ലെന്നല്ല. കുറെയേറെ മാറിയിട്ടുണ്ട്. പക്ഷെ മാറേണ്ട എത്രയോ ഇനിയും എന്റെ ആൺ സ്വത്വത്തിൽ വേരാഴ്ന്നു കിടക്കുന്നു. അത്രമേൽ സ്പഷ്ടമായാണ് ആൺകോയ്മയുടെ ഉൾഭാവങ്ങൾ ജാഗ്രത കുറഞ്ഞ സമയങ്ങളിൽ സ്വയം വെളിപ്പെടുന്നത്. വിശേഷാധികാരങ്ങളുടെ, വരേണ്യതയുടെ സകലഭാവങ്ങളെയും നോക്കിലും വാക്കിലും പ്രവൃത്തിയിലും ഇല്ലാതാക്കുമ്പോഴും ആണാവുന്നതിന്റെ രാപ്പകലുള്ള സൗകര്യങ്ങൾ - പ്രിവിലിജ് എന്ന ആംഗലപദത്തിന് ഒരു നല്ല മലയാളവിവർത്തനം ബുദ്ധിമുട്ടാണ് - വേണ്ടെന്നു വയ്ക്കുക എളുപ്പമല്ല. അതിനു മാത്രമുള്ള ആത്യന്തികമായ നൈതികശുദ്ധിയും പരിശീലനവും ഇതുവരെ എനിക്ക് കരഗതമായിട്ടില്ല. ഒരു പക്ഷേ ഇക്കാര്യത്തിലുള്ള കുറ്റബോധമാണ് ഇതുവരെ എന്റെ ജീവിതത്തിലുള്ള ഏറ്റവും കടുത്ത ഖേദം. ആ ഖേദം പോലും എത്രമാത്രം ദുർബലമാണെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട് താനും. ആൺബോധം പോലെത്തന്നെ ജീവിതത്തിലുടനീളം അനുധാവനം ചെയ്ത മറ്റൊരു കാര്യം അലസതയാണ്. മടിമൂലം നഷ്ടപ്പെടുത്തിയ ആയിരക്കണക്കിന് മണിക്കൂറുകളിൽ എന്തൊക്കെ ചെയ്യാമായിരുന്നു? എന്തുകൊണ്ടോ മടി മൂലം കളഞ്ഞ സമയം ഒരു ഖേദവും ജനിപ്പിക്കുന്നില്ല. മടി പിടിച്ചു ദിവാസ്വപ്നം കണ്ടു സമയം കളയുന്നതിൽ അവാച്യമായ ആനന്ദലബ്ധിയുണ്ട്. രതിപോലൊരനുഭൂതിയാണ് സുഖദമായ ആലസ്യവും തരുന്നത്. അതാകട്ടെ ഒരു വിരാമബിന്ദുവിൽ ഒടുങ്ങുന്നതുമില്ല.

വിശേഷാധികാരങ്ങളുടെ, വരേണ്യതയുടെ സകലഭാവങ്ങളെയും നോക്കിലും വാക്കിലും പ്രവൃത്തിയിലും ഇല്ലാതാക്കുമ്പോഴും ആണാവുന്നതിന്റെ രാപ്പകലുള്ള സൗകര്യങ്ങൾ - പ്രിവിലിജ് എന്ന ആംഗലപദത്തിന് ഒരു നല്ല മലയാളവിവർത്തനം ബുദ്ധിമുട്ടാണ് - വേണ്ടെന്നു വയ്ക്കുക എളുപ്പമല്ല

ഒരർത്ഥത്തിൽ ജീവിതം തുറന്നുവയ്ക്കുന്ന സാധ്യതകൾ അപാരമാണ്. സ്ഥലങ്ങൾ വ്യക്തികൾ ആശയങ്ങൾ. ഇവ മൂന്നിലൂടെയും കൈവരുന്ന അനുഭവങ്ങളും അനുഭൂതികളും. ആശയങ്ങൾ ഇവിടെ അനന്തവിശാലമായ അർത്ഥത്തിലാണ് ഉപയോഗിച്ചത്. കലയും സാഹിത്യവും വിവിധ വിജ്ഞാനീയങ്ങളുമടക്കം അതുൾക്കൊള്ളുന്ന അർത്ഥതലം നിർവചനാതീതമാണ്. ഓരോ നിമിഷവും ചില ആശയങ്ങളുടെ മരണബിന്ദുവും മറ്റു ചിലവയുടെ ജന്മമുഹൂർത്തവുമാണ്. ആശയങ്ങളുടെ ഈ അമൂർത്തലോകവുമായി നൈരന്തര്യമാർന്ന ബന്ധത്തിലേർപ്പെടുന്ന ഒരാളെ സംബന്ധിച്ചേടത്തോളം അയാൾ അവനവനോട് നിർദ്ദയം കലഹിക്കുന്നേടത്തോളം ജീവിതം ജീവിതവ്യവും ഹർഷഭരിതവുമായിരിക്കും. ജീവിതത്തിലെ സാധാരണപ്രശ്‌നങ്ങളൊന്നും അയാളെ ഒരു പരിധിക്കപ്പുറം വ്യാകുലനാക്കുകയില്ല. മിസ്റ്റിക്കുകൾ ദൈവത്തെ അന്വേഷിക്കുന്ന പോലത്തെ ഒരു പ്രക്രിയാണത്.

മിസ്റ്റിക്കുകൾക്ക് അനുഭൂതിയാണ് സ്ഥായിഭാവമെങ്കിൽ ബൗദ്ധികർക്കതു ആശയസംഘർഷത്തിന്റെ യുക്തിവീര്യമാണ്. ആശയാന്വേഷണം സാമൂഹ്യപ്രതിബദ്ധതയുള്ള ഒരാദർശവാദമായി ചിലർക്കെങ്കിലും മാറുമ്പോൾ മിസ്റ്റിക്കുകൾ പോലും അസൂയപ്പെടുന്ന അനുഭൂതികൾക്ക് അവർ വിധേയരാവുന്നു. അങ്ങനെ ധൈഷണികപുളകങ്ങളിൽ രാപ്പകൽ അഭിരമിക്കുന്ന കുറെ ചെറുപ്പക്കാരെ ജെ.എൻ.യുവിൽ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തെ 360 ഡിഗ്രി മാറ്റിമറിച്ചത്. ജെ.എൻ.യു എന്ന മൂന്നക്ഷരം എനിക്കിന്നും എന്നും എന്നെ ഞാനാക്കിയ പുണ്യസ്ഥലമാണ്.

അതിനേക്കാളും പവിത്രവും വിമലവുമായ മറ്റൊന്നും ഞാൻ അനുഭവിക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. ആ കാമ്പസിന്റെ അരാജകമെന്ന് മുമ്പും രാജ്യദ്രോഹോന്മുഖമെന്ന് ഇന്നും പഴിക്കപ്പെടുന്ന നിസ്സീമസ്വാതന്ത്ര്യത്തിന്റെ സകലവിവക്ഷകളെയും ഉൾപ്പെടുത്തിയും ഉൾക്കൊണ്ടുമാണ് ഞാനിവിടെ പവിത്രം വിമലം എന്നീ വാക്കുകളെ അർത്ഥതസ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്നത്. വാക്കുകളും അർത്ഥങ്ങളുമൊക്കെ വലിയ അധികാരലീലകളിലെ ചട്ടുകയുക്തിക്കുള്ളിലാണ് പുലരുന്നതെന്നു പഠിപ്പിച്ചതും ജെ.എൻ.യു തന്നെയായിരുന്നു. ആ കാമ്പസ് ഇന്ന് കടന്നു പോകുന്ന ദുരവസ്ഥ അതുകൊണ്ടു തന്നെ എനിക്ക് വ്യക്തിപരമായ രോഷവും വേദനയുമാണ്. ജീവിതത്തിൽ സ്വന്തമാക്കിയ നാനാസ്വത്വങ്ങളിൽ ഏറ്റവുംഅഭിമാനത്തോടെ, ഒട്ടൊരു അഹങ്കാരത്തോടെ, ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരേ ഒരു സ്വത്വം ആ കാമ്പസ്സിൽ ഒരു വിദ്യാർത്ഥിയായിരുന്നുവെന്നതാണ്. അത് ജാംബവാന്റെ കാലത്തു കഴിഞ്ഞ കാര്യമല്ലേ എന്ന് തോന്നാം പക്ഷെ ഇന്നും അക്കാലത്തു ബോധ്യപ്പെട്ട തിരിച്ചറിവുകളും കണ്ട മനുഷ്യരുമാണ് ലോകത്തെ വെറുക്കാതെ ശുഭാപ്തിവിശ്വാസത്തോടെ ഈ മുടിഞ്ഞ കാലത്തോട് അഭിമുഖീകരണം നടത്താനുള്ള പ്രചോദനമാവുന്നത്. ഈ അതിവൈകാരികത മാറ്റി നിർത്തിയാൽ ഞാനടിമുടി മസ്തിഷ്‌കകേന്ദ്രിതനാണ്; ഹൃദയത്തെ മസ്തിഷ്‌കം കൊണ്ട് മെരുക്കുകയാണ്, മറിച്ചല്ല വേണ്ടതെന്നുറച്ചു വിശ്വസിക്കുന്ന, കാല്പനികത കവിതയിലൊഴികെ മഹാബോറാണെന്നു കരുതുന്ന നിരാർദ്രൻ. പ്രീഡിഗ്രിക്കാലത്ത് ഒരു കോളേജ് പ്രേമം ഉണ്ടായതൊഴിച്ചാൽ ജീവിതത്തിലിന്നു വരെ ഞാൻ സാമ്പ്രദായികമായ അർത്ഥത്തിലുള്ള കാല്പനികകാമുകവേഷമണിഞ്ഞിട്ടില്ല. ജീവിതപങ്കാളിയുമായി സാമ്പ്രദായികപ്രണയമല്ല തികച്ചും ബൗദ്ധികവും സാഹിത്യോന്മുഖവുമായ ഒരു സൗഹൃദമാണ് തുടക്കത്തിലേ ഉണ്ടായത്. കാല്പനികതയെക്കാൾ തീവ്രവും തീക്ഷ്ണവും നിർവചനാതീതവുമായ, അതേ സമയം ഹൃദ്യവും തലച്ചോറിന് പങ്കാളിത്തമുള്ളതുമായ, മനുഷ്യബന്ധങ്ങൾ എക്കാലവും ജീവിതത്തിലെ ആവേശോജ്വലവും സാഹസികവുമായ ഒരു ഘടകമായി തുടർന്ന് പോരുകയും ചെയ്തു.
സ്ഥലങ്ങൾ വ്യക്തികൾ ആശയങ്ങൾ
ഇങ്ങനെയൊരു കൊറോണക്കാലത്തിന്റെ അനുഭവതീക്ഷ്ണതയിൽ പുറകോട്ടു നോക്കുമ്പോൾ അനുഭൂതിസാന്ദ്രവും അനുഭവവൈവിധ്യത്താൽ സമ്പന്നവുമായ ഒരു ജീവിതമാണ് ഇതുവരെ ആടിത്തീർത്തത്. ഗൗരവവും രസികത്തവും ഹർഷപുളകങ്ങളും ഹരങ്ങളുമൊക്കെ ഒരു പോലെ നിറഞ്ഞു നിന്ന പതിറ്റാണ്ടുകൾ. പല കാരണങ്ങളാൽ മനസ്സിൽ വലിയ അനുഭവമുദ്രകൾ അവശേഷിപ്പിക്കുന്ന സ്ഥലങ്ങൾ എനിക്ക് വളരെ പ്രധാനമായി തോന്നിയിട്ടുണ്ട്. ചില സ്ഥലങ്ങൾ നമുക്ക് പോലുമറിയാത്ത കാരണങ്ങളാൽ ഹൃദയത്തിൽ കയറി ഇരിപ്പുറപ്പിക്കും, ചില വ്യക്തികളെപ്പോലെയും ആശയങ്ങളെപ്പോലെയും തന്നെ. അവയങ്ങനെ ഉള്ളിലിരുന്നു പുതിയ രൂപങ്ങളിലേക്കും ഭാവങ്ങളിലേക്കുമൊക്കെ പരിണമിക്കും. നമ്മുടെ മനസ്സിലങ്ങനെ രൂപമാറ്റത്തിന് വിധേയമാവുന്ന സ്ഥലങ്ങൾ പലപ്പോഴും നാം കണ്ണ് കൊണ്ട് കണ്ടതിൽ നിന്ന് വ്യത്യസ്തമായിരിക്കും.

ഉമ്മയോടൊപ്പം

21 വർഷം മുമ്പ് സന്ദർശിച്ച മദ്ധ്യപ്രദേശിലെ ബാഗ്ലി അങ്ങനെയൊരു സ്ഥലമായിരുന്നു. വളരെ പ്രിയപ്പെട്ടൊരാൾ അവിടെ ജോലിചെയ്തിരുന്നു എന്ന ഒറ്റക്കാരണത്താലാണ് വിനോദസഞ്ചാരഭൂപടത്തിലില്ലാത്ത ബാഗ്ലിയിലേക്ക് അഞ്ചു ദിവസത്തെ യാത്ര പോയത്. അതിനെക്കുറിച്ചെഴുതിയ "പട്ടിണിയുടെ സാമ്രാജ്യത്തിലൂടെ' എന്ന കുറിപ്പ് എന്റെ "അകം പുറം' എന്ന പുസ്തകത്തിൽ ഒരദ്ധ്യായമാണ്. 21 കൊല്ലം കഴിഞ്ഞിട്ടും ബാഗ്ലി എന്റെ ഹൃദയത്തിൽ നിന്നിറങ്ങിപ്പോയിട്ടില്ല. അപൂർവമായ പ്രകൃതി സൗന്ദര്യമോ അപാരമായ ചരിത്രപൈതൃകമോ കൈമുതലായ സ്ഥലമല്ല ബാഗ്ലി. വിവരണാതീതമായ എന്തോ കാരണത്താൽ അതിന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.
സ്ഥലങ്ങൾ പോലെത്തന്നെ ചില വ്യക്തികളും പുസ്തകങ്ങളും ദിവാസ്വപ്നങ്ങളുമൊക്കെ അവ്യാഖ്യേയവും അജ്ഞേയവുമായ കാരണങ്ങളാൽ നമ്മുടെ ഭാഗമാകും. എന്തുകൊണ്ടിയാളെ, അല്ലെങ്കിലീ സ്ഥലത്തെ, ഈ നിമിഷത്തെ ഇത്രമേൽ അടുപ്പമുള്ളതായി തോന്നുന്നുവെന്നു പറയാനാവാതെ വരുന്ന അനുഭവങ്ങളുടെ ആകത്തുകയാണ് ജീവിതത്തിലെ ഓരോരുത്തരുടെയും അന്യാദൃശഘടകം. ബാക്കിയെല്ലാം പ്രവചനീയമാണ്. പൊതുവാണ്. സൗന്ദര്യം കൊണ്ട് എല്ലാവരെയും കണ്ണഞ്ചിപ്പിക്കുന്ന സ്ഥലങ്ങളും വ്യക്തികളും എഴുത്തുകളും ആരുടേയും അന്യാദൃശാനുഭവമല്ല. അതുകൊണ്ട് തന്നെ അവയെല്ലാം വ്യാഖ്യാനവിധേയവും സ്പഷ്ടഗ്രാഹിയുമാണ്. അങ്ങനെയല്ലാത്ത അനുഭവങ്ങളാണ് ഒരാളുടെ അനന്യതയെ നിർണ്ണയിക്കുന്നത്. കലാകൗമുദിയിൽ "അകം പുറം' പംക്തി ചെയ്തിരുന്ന ഘട്ടത്തിൽ ഞാൻ പരാമർശിച്ച കുറെ പുസ്തകങ്ങൾ മുഖ്യധാരാവായനയിൽ ഒരിക്കൽപോലും കടന്നു വരാത്തവയായിരുന്നു. എന്തുകൊണ്ടവയെപ്പറ്റി എഴുതിയെന്ന് മുഖം ചുളിച്ചവരുണ്ടായിരുന്നു. എന്റെ ചില ദീർഘകാലസൗഹൃദങ്ങൾ പല സുഹൃത്തുക്കൾക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. കാരണം ഈ സുഹൃത്തുക്കളെക്കുറിച്ച് പൊതുവെ നിലനിൽക്കുന്ന അഭിപ്രായങ്ങൾ - അവ വസ്തുതാപരമായി ശരിയുമായിരിക്കാം- അങ്ങേയറ്റം മോശമായത് കൊണ്ട്തന്നെ ഞാൻ അവരുമായി ചങ്ങാത്തം കൂടുന്നത് എനിക്ക് ദോഷം ചെയ്യുമെന്ന ഭയമാണ് അലോസരഹേതു. എല്ലാവരും മോശം പറയുന്ന ചില പുസ്തകങ്ങൾ - വ്യക്തികളും - ഒരാൾക്ക് ഗംഭീരമായിത്തോന്നാം. ഇങ്ങനെ രൂപം കൊള്ളുന്ന വൈയക്തികാനന്യതയാണ്, അതിനെ മാനിക്കുന്നത് വഴി വിധികല്പനകൾക്കപ്പുറമുള്ള ഒരു തലത്തിലേക്ക് സ്വയം പരിവർത്തിപ്പിക്കാനുള്ള സന്നദ്ധതയാണ്, വാസ്തവത്തിൽ ജീവിതത്തിൽ ഒരാളെ ലോകവൈചിത്ര്യങ്ങളുമായും വൈവിധ്യങ്ങളുമായും ധനാത്മകമായ രീതിയിൽ അഭിമുഖീകരിക്കാൻ സഹായിക്കുന്നത്.
ഉണ്ണികൃഷ്ണൻ തിരുവാഴിയോട് എഴുതിയ ഹിപ്പി എന്ന നോവൽ ഓർമ വരുന്നു. ഇന്ന് കേരളത്തിൽ ഒരു പക്ഷെ ആരും ഓർക്കുക പോലും ചെയ്യാത്ത ഒരു പുസ്തകം. ആ നോവൽ വായിച്ചത് പതിനാറാം വയസ്സിലോ മറ്റോ ആണ്. അജ്ഞേയമായ കാരണത്താൽ അതിന്നും എന്റെ വായനാസ്മൃതിയിൽ തെളിവോടെ നിൽക്കുന്നു. അതേ സമയത്ത് ആ കാലത്തു വായിച്ച ജനപ്രിയമോ സാഹിത്യപ്രധാനമോ ആയ മറ്റു മിക്ക പുസ്തകങ്ങളും മനസ്സിൽനിന്നെന്നോ ഇറങ്ങിപ്പോയി. പ്രീഡിഗ്രിക്കാലത്തു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ യൂസഫലി കേച്ചേരി നടത്തിയ പ്രസംഗം ഇന്നുമെനിക്ക് ഇന്നലെ നടന്നതു പോലെ ഓർമയുണ്ട്. നിത്യ ചൈതന്യ യതിയുടെ ഭാരതീയ മനശ്ശാസ്ത്രത്തിന് ഒരാമുഖം, മൂല്യങ്ങളുടെ കുഴമറിച്ചിൽ എന്നീ കൃതികളും കൗമാരകാലവായനയിൽ നിന്ന് മനസ്സിൽ പതിഞ്ഞവയാണ്. ഓർമ ചില സംഗതികളെ കാര്യകാരണങ്ങളില്ലാതെ ഇങ്ങനെ ശാശ്വതീകരിക്കുന്നതും അവയേക്കാൾ പ്രധാനമായ മറ്റു പലതിനെയും അബോധത്തിന്റെ ചവറ്റുകൊട്ടയിലേക്കു സ്ഥലം മാറ്റുന്നതുമെന്തിനാണെന്ന് എനിക്കറിയില്ല. ഒരു കാര്യമുറപ്പാണ്. ഓർമ ഏകപക്ഷീയമായും സ്വേച്ഛാധിപത്യസ്വഭാവത്തിലും നമ്മുടെ തലച്ചോറിൽ അട്ടിയട്ടിയായി വയ്ക്കുന്ന ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടേയുമൊക്കെ ഈടുവയ്പുകളാണ് ആത്യന്തികമായി ഓരോ വ്യക്തിയും. നമ്മുടെ മസ്തിഷ്‌കങ്ങൾ തന്നെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. പക്ഷെ സ്വന്തം തലച്ചോറുകളെപ്പോലും മറികടന്നു കൊണ്ടാണ് മനുഷ്യൻ ബൗദ്ധികനേട്ടങ്ങൾ സാധിക്കുന്നതെന്ന് ആലോചിക്കാൻ രസമുണ്ട്.

ഓർമ ഏകപക്ഷീയമായും സ്വേച്ഛാധിപത്യസ്വഭാവത്തിലും നമ്മുടെ തലച്ചോറിൽ അട്ടിയട്ടിയായി വയ്ക്കുന്ന ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടേയുമൊക്കെ ഈടുവയ്പുകളാണ് ആത്യന്തികമായി ഓരോ വ്യക്തിയും

ആശയങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും - വ്യക്തികളെക്കുറിച്ചും - മുകളിൽ പറഞ്ഞ നിരീക്ഷണങ്ങൾ ശരിയാണ്. ചില ആശയങ്ങൾ അവയുടെ ഉള്ളടക്കം നമ്മുടെ ബോധ്യങ്ങൾക്കു കടകവിരുദ്ധമായിരിക്കുമ്പോൾ തന്നെ നമ്മെ ഉൽക്കടമായി ആകർഷിക്കും. ചിലപ്പോഴത് ഭാഷയുടെ ഭംഗി കൊണ്ടാവാം. അനഭിഗമ്യമായ സങ്കീർണതയും ഭാഷയും സംഗമിക്കുമ്പോൾ ആശയക്ലിഷ്ടത തടസ്സമാവുമ്പോഴും നാം ചിലപ്പോൾ ആകർഷിതരാവും. ഉത്തരാധുനികചിന്തകർ പലരും വലിയ അനുയായിവൃന്ദമുണ്ടാക്കിയത് ദുർഗ്രഹത ആകർഷണോപാധിയാക്കിയാണ്. 1990 കളിൽ ഉത്തരാധുനികരെക്കൊണ്ടു വഴിനടക്കാൻ വയ്യാത്ത സ്ഥിതിയായിരുന്നു കേരളത്തിൽ. അക്കാലത്തു വന്ന മിക്ക രചനകളും എഴുതിയവർക്കു പോലും മനസ്സിലായതായി തോന്നിയിരുന്നില്ല. ഒരു ഫാഷനായിരുന്നു ഉത്തരാധുനികത അക്കാലത്ത്. ലേഖനങ്ങളിലും കവിതകളിലും ചെറുകഥകളിലുമൊക്കെ ഉത്തരാധുനികത എന്ന വാക്ക് ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്ന അക്കാലത്ത് അതിനോട് ചെറുവിയോജിപ്പു പ്രദർശിപ്പിച്ചാൽ പോലും പരിഹാസപാത്രമായിപ്പോകും. ചില വൃത്തങ്ങളിലെങ്കിലും ജെഎൻയു വിലും സ്ഥിതി മറിച്ചായിരുന്നില്ല. അലൻ സോക്കലിന്റെ പ്രസിദ്ധമായ "സോക്കൽ ഹോക്‌സ്' വ്യാപകശ്രദ്ധ പിടിച്ചു പറ്റുകയും സോക്കലും ജോൺ ബ്രിക്‌മോണ്ടും ചേർന്നെഴുതിയ Intellectual Impostures: Postmodern philosophers' Abuse of Science എന്ന മാരകപ്രഹരശേഷിയുള്ള പുസ്തകം പ്രചാരം നേടുകയും ചെയ്തതോടെയാണ് കൊറോണ പോലെ ലോകമാകെ പടർന്നു കൊണ്ടിരുന്ന ഉത്തരാധുനികവൈറസിന് ശമനമായത്. കഴിഞ്ഞ കുറെ വർഷങ്ങളായി പോസ്‌ററ്‌മോഡേണിസം ഉത്തരാധുനികത മുതലായ വാക്കുകൾ കാണാറേയില്ല. ഉത്തരാധുനികത മൊത്തമായും തട്ടിപ്പായിരുന്നുവെന്നു എനിക്ക് വാദമില്ല. മൗലികവും പ്രസക്തവുമായ വലിയ ഒരു ചിന്താപദ്ധതി തന്നെയായിരുന്നു അത്. പക്ഷെ അതിന്റെ ഭാഷാഘടനയും ശൈലിയും പരിമിതവിഭവർക്ക് "പൂഴ്ന്ത് വിളയാടാൻ' പറ്റുന്ന രീതിയിലായിരുന്നു. ഉത്തരാധുനികബുദ്ധിജീവികളായി കേരളത്തിലന്നു വിലസിയിരുന്ന പലരും അതിന് ശേഷം "സംപൂജ്യരും' അപ്രസക്തരുമായി പരിണമിച്ചത് അതുകൊണ്ടു തന്നെയാവണം. അവരെഴുതിയ ഒരു വരി പോലും മനസ്സിലായില്ലെങ്കിലും എല്ലാമറിയുന്ന ഭാവം നടിച്ച് ഒതുങ്ങിക്കൂടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ നിങ്ങളെയവർ മeന്ത്രികദണ്ഡ് വീശി ബുദ്ധിരഹിതജീവിയാക്കി മാറ്റിക്കളയുമായിരുന്നു നിമിഷങ്ങൾക്കകം!
കലാകൗമുദിയിലെ എന്റെ "അകം പുറം' പംക്തിയിൽ 2001 സെപ്റ്റംബർ മാസത്തിലെഴുതിയ ഉത്തരാധുനികതാസംബന്ധിയായ കുറിപ്പിൽനിന്നു ഒരു ഖണ്ഡിക ഉദ്ധരിക്കുന്നത് ഈ സന്ദർഭത്തിൽ പ്രസക്തമായിരിക്കുമെന്നു തോന്നുന്നു: "അടിമയുടെ ഹതാശമായ പാരിതോവസ്ഥയിലാണ് മലയാളത്തിലിറങ്ങുന്ന സൈദ്ധാന്തിക കൃതികളുടെ കർത്താക്കളിൽ പലരും. അവരാകട്ടെ അത് തിരിച്ചറിയുന്നില്ല താനും. സായ്പിന്റെ ചിന്തക്ക് നിരന്തരമായി ഫുട്‌നോട്ടെഴുതിക്കൊണ്ടിരിക്കുക ഒരു ജനതയുടെ ധൈഷണികനിയോഗമാവുകയെന്നാൽ, അതൊരു ദാരുണമായ വിപര്യയം തന്നെയാണ്. ആർക്കാണേറ്റവും നല്ല ഫുട്‌നോട്ടെഴുതാൻ കഴിയുകയെന്നതിലുള്ള അഭിപ്രായാന്തരങ്ങളാണ് ധൈഷണികസംവാദങ്ങളായി പലപ്പോഴും പരിണമിക്കാറ്. എന്റെ ഫുട്‌നോട്ട്, നിന്റേതിനേക്കാൾ കേമമാണെന്നു തെളിയിക്കാനുള്ള തത്രപ്പാട് നമ്മുടെ ആശയസംഘർഷങ്ങളുടെ ഭൂമികയായി നിലകൊള്ളുന്നു. ഫുട്‌നോട്ടെഴുത്തുകാർക്കാകട്ടെ തങ്ങളുടെ സാഹസികവൃത്തിക്ക് പുറത്തുള്ള സകലതിനോടും മൂന്നാംകിട അക്കാദമിക്കുകൾക്ക് സഹജമായുണ്ടാവുന്ന അപകർഷതാജന്യമായ പുച്ഛമാണ്. തങ്ങളാരോടാണ് ആശയവിനിമയം നടത്തുന്നത്, തങ്ങളുടെ കൃതികളുടെ വായനക്കാരോട് തങ്ങളുടെ വാക്കുകൾ എന്തെങ്കിലും അർത്ഥങ്ങൾ വിനിമയം ചെയ്യുന്നുണ്ടോ തുടങ്ങിയ പ്രശ്‌നങ്ങളൊന്നും നമ്മുടെ ഇത്തിക്കണ്ണി സൈദ്ധാന്തികരെ അലട്ടാറില്ല. ആരെങ്കിലും ഇത്തരം പ്രശ്‌നങ്ങളുന്നയിച്ചാൽ അവരെക്കൂടി തങ്ങളുടെ വിശാലമായ പുച്ഛവലയത്തിലേക്കാനയിക്കാനും ഇവർ സമർത്ഥരാണ്. 'പറഞ്ഞു വന്നത് ഇതാണ്: നമുക്ക് തന്നെ അറിയാത്ത കാരണങ്ങളാൽ ചില ആശയങ്ങളോട് നാം താദാത്മ്യം പ്രാപിക്കും. അത് പലപ്പോഴും നമ്മുടെ മൗലികമായ മത-പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് കടകവിരുദ്ധമായിരിക്കും. ചിലപ്പോഴത് നമുക്കു മനസ്സിലായിട്ടു പോലുമുണ്ടാവില്ല. ഒരു മഹാപിന്തിരിപ്പനാണെന്നെനിക്ക് എപ്പോഴും തോന്നിയിട്ടുള്ള എഴുത്തുകാരനാണ് ആഷാ മേനോൻ. അദ്ദേഹമെഴുതുന്ന ഗദ്യവും അതിന്റെ ഉള്ളടക്കവും ഘടികാരത്തെ പിറകോട്ടു തിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ ആശയപരമായി ഞാൻ യോജിക്കുന്ന പല എഴുത്തുകാരുടെ ഗദ്യത്തെക്കാളും ആഷാ മേനോന്റെ ഗദ്യം എന്നിൽ എനിക്കുതന്നെ അറിയാത്ത ഒരനുഭൂതി നിറയ്ക്കാറുണ്ട്. പണ്ട് ജി എൻ പിള്ളയുടെ ഗദ്യം വായിക്കുമ്പോഴും അതേ അനുഭൂതി എന്നെ വലയം ചെയ്തിരുന്നു. ഇത്തരം അവ്യാഖ്യേയതകൾ ഒരു പക്ഷെ നമുക്ക് തന്നെ അറിയാത്ത നമ്മുടെ ഉള്ളിലുള്ള മറ്റൊരാളിന്റെ വെളിപ്പെടലായിരിക്കണം. നമുക്കജ്ഞേയമായ നമ്മുടെ ഒരംശം. നമുക്കറിയാത്ത ആ നമ്മളോടുള്ള ആന്തരികസംഭാഷണങ്ങളാണ് ജീവിതത്തിന്റെ പരമമായ ആഹ്‌ളാദം. അതിൽ നിന്നാണ് ഏതൊരാളുടെയും മൗലികത രൂപപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവനവനോട് തന്നെയുള്ള നിരന്തരവും നിർദ്ദയവുമായ കലഹങ്ങൾ. എന്നോട് കലഹിച്ചത്ര ഞാൻ മറ്റാരോടും കലഹിച്ചിട്ടില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞത് അവ്യക്തമായി ഓർമ വരുന്നു. അത് കൊണ്ട് തന്നെയാണാവണം നമുക്ക് സച്ചിദാനന്ദനെ ലഭിച്ചത്.
അവനവനോടൊരിക്കലും കലഹിക്കാത്തത് കൊണ്ടാണ് ഇ എം എസ്, ഇ എം എസ്സായത്. ഇത് ജീവിതത്തിന്റെ രണ്ട് വ്യത്യസ്തങ്ങളായ തിരഞ്ഞെടുപ്പുകളാണ്. അവനവന്റെ ഉള്ളിൽ തന്നെ വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദം പ്രയോഗവത്കരിക്കുന്നതിനെയാണോ ഞാനിതു കൊണ്ടുദ്ദേശിക്കുന്നത്? അറിയില്ല. ഇത്തരം അറിയില്ലായ്മകൾ തുറന്നു സമ്മതിക്കാൻ അവനവനോട് കലഹിക്കുന്നവർക്കു മാത്രമേ കഴിയൂ. കാരണം അവർ അവരോടു മാത്രമേ ഉത്തരം ബോധിപ്പിക്കേണ്ടതുള്ളൂ. അവർ ഒരു കൂട്ടായ്മയുടെയും അവിഭാജ്യഘടകമല്ല. അതേ സമയം മാനുഷ്യകമെന്ന വലിയൊരു കൂട്ടായ്മയുടെ ഉത്തരവാദിത്വബോധമുള്ള അംഗങ്ങളായാണവർ സ്വയം നിർവചിക്കുന്നത്. ആ നിർവ്വചനത്തിനുള്ള അഹംബോധം സ്വന്തം നൈതികബോധ്യങ്ങളിൽ നിന്നാണവർക്ക് ലഭിക്കുന്നത്. നൈതികവും ധാർമ്മികവും (Ethics and morality) കടലും കടലാടിയും പോലെ വ്യത്യസ്തമാണ്. ധാർമ്മികം കാലദേശവ്യക്തിനിർണ്ണിതമാണ്. സാർവലൗകികമെന്നോ സാർവജനീനമെന്നോ വിവരിക്കാവുന്ന ഒരു ധാർമ്മികതയും ഇത് വരെയുണ്ടായിട്ടില്ല. നൈതികതയാവട്ടെ കാലദേശവ്യക്തിസമൂഹവ്യതിരിക്തകൾക്കതീതമായ ഒരു സങ്കല്പമാണ്.

ഒരു മലപ്പുറത്തുകാരൻ മലയാളി - ഒരു മാപ്പിള - കേരളത്തിനോടും അതിനു പുറത്തുള്ള ഇന്ത്യയോടും അതിനും പുറത്തുള്ള വിശാലമായ ലോകത്തോടും ഇടപഴകിയതിന്റെ പ്രസക്തമെന്നു തോന്നുന്ന ചില അനുഭവങ്ങൾ

അമ്പതു കൊല്ലത്തെ എന്റെ ജീവിതത്തിൽ - അതിലെ പ്രായപൂർത്തിയായ ശേഷമുള്ള മിക്ക വർഷങ്ങളും- നിരന്തരമായി കടന്നുവന്നിരുന്ന ഒരു പ്രമേയമാണ് നൈതികതയും ധാർമ്മികതയും തമ്മിലുള്ള വ്യത്യാസം. ധാർമ്മികതയെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്ന പലരുടെയും ജീവിതത്തിൽ നൈതികത വിരളമായേ കണ്ടിട്ടുള്ളൂ. തങ്ങളുടെ നൈതികപരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള ഒരു തന്ത്രമായാണ് പലപ്പോഴും വ്യക്തിധർമ്മികതയെക്കുറിച്ചുള്ള ഉദ്ദീരണങ്ങൾ അനുഭവപ്പെട്ടിട്ടുള്ളത്. ധാർമ്മികത വ്യക്തിയുടെ ആന്തരികജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. അത് കാലത്തിനും ദേശത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. നൈതികതയാവട്ടെ വ്യക്തിയ്ക്ക് മറ്റുള്ളവരോടും ലോകത്തോടുമുള്ള വ്യവഹാരങ്ങളെ മുഴുവൻ പൊതുവിൽ ഉൾക്കൊള്ളുന്നു. അത് കാലദേശനിരപേക്ഷമാണ് താനും. ഒരുദാഹരണം പറയാം. മതവിശ്വാസികളെല്ലാം പൊതുവെ സൃഷ്ടിസിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണ്. പരിണാമസിദ്ധാന്തമാണ് മതത്തിന് ശാസ്ത്രത്തോടുള്ള ഏറ്റവും വലിയ ചൊരുക്ക്. ഗലീലിയോയുടെ കാലം മുതൽ ശാസ്ത്ര - മത സംഘർഷത്തിന് ഉള്ളടക്കമായിരുന്ന മിക്ക കാര്യങ്ങളിലും മതം അനുരഞ്ജനത്തിനും കാലോചിതമായ പുനശ്ചിന്തനത്തിനും സന്നദ്ധമായി. ഈ പ്രക്രിയ നൂറ്റാണ്ടുകളെടുത്തു. പക്ഷെ പരിണാമസിദ്ധാന്തം മാത്രമാണ് കീറാമുട്ടിയായി ഇന്നും നിൽക്കുന്ന മുഖ്യവിഷയം. ഇതിനെ അടിസ്ഥാനമാക്കി നമുക്ക് ധാർമ്മികതയെയും നൈതികതയെയും ഒന്ന് വിലയിരുത്തി നോക്കാം. സെമിറ്റിക് സൃഷ്ടിസിദ്ധാന്തമനുസരിച്ചു ദൈവം ആദ്യമായി സൃഷ്ടിച്ചത് ആദാമിനെയും ഹവ്വയേയും. അവരിൽ നിന്ന് മക്കളുണ്ടായി. ആ മക്കളിൽ നിന്ന് മാനവരാശിയുണ്ടായി. അപ്പോൾ ഒരു ലളിതമായ ചോദ്യം: മാനവരാശിയുടെ രണ്ടാം തലമുറ അഗമ്യഗമനം നടത്തിയാൽ മാത്രമല്ലേ മാനവരാശിക്ക് തുടർച്ച ഉണ്ടാവുകയുള്ളൂ? അതെ എന്ന് തന്നെയാണ് ഉത്തരം. അത് ധാർമ്മികമായിരുന്നു അന്ന്. പക്ഷെ ആ കാരണം കൊണ്ട് അഗമ്യഗമനം എക്കാലത്തേക്കും ധാർമ്മികമായി സ്വീകാര്യമായ ഒരു കാര്യമാണെന്ന് ആരെങ്കിലും പറയുമോ? തീർച്ചയായും ഇല്ല. അതേസമയം ആദാമിന്റെ ഒരു മകൻ കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊല്ലുന്നു. അന്നും ഇന്നും ഭ്രാതൃഹത്യ നൈതികമായി സാധൂകരിക്കപ്പെടുന്നില്ല. അതേസമയം അന്ന് അനിവാര്യമായിരുന്ന അഗമ്യഗമനം ഇന്നും നടക്കുന്നുണ്ടെങ്കിലും ആരുമതിനെ ന്യായീകരിക്കുന്നില്ല. സമൂഹത്തിന്റെ പൊതുഅഭിപ്രായത്തെക്കുറിച്ചാണ് ഇപ്പറയുന്നത്.

ഒരു മലപ്പുറത്തുകാരൻ മലയാളി - ഒരു മാപ്പിള - കേരളത്തിനോടും അതിനു പുറത്തുള്ള ഇന്ത്യയോടും അതിനും പുറത്തുള്ള വിശാലമായ ലോകത്തോടും ഇടപഴകിയതിന്റെ പ്രസക്തമെന്നു തോന്നുന്ന ചില അനുഭവങ്ങൾ, മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കുറെ വ്യക്തികളും സ്ഥലങ്ങളും സംഭവങ്ങളും, രാഷ്ട്രീയമായും ആശയപരമായും ചില ബോധ്യങ്ങൾ ഉണ്ടായതിന്റെ നാൾവഴികളും സന്ദർഭങ്ങളും, എന്റെ ജീവിതകാലത്തു നടന്ന രാജ്യത്തെയും ലോകത്തെയും ചരിതസംഭവങ്ങളും അവയുണ്ടാക്കിയ അനുരണങ്ങളും. ഇങ്ങനെ കുറെ കാര്യങ്ങളാണ് ഇനി വരാനുള്ള ഭാഗങ്ങളിൽ പ്രമേയമാവുക. രാഷ്ട്രീയധൈഷണികാനുഭവങ്ങളുടെ ആഖ്യാനമെന്ന നിലയ്ക്കാണ്, ജീവിതകഥനമെന്ന നിലയ്ക്കല്ല ഇത് വിഭാവനം ചെയ്തത്. അതിനിടയിൽ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ സന്ദർഭോചിതം പരാമർശിക്കുകയുമാവാം.ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments