മരിച്ചാൽ കുഴിച്ചിടാൻ മണ്ണില്ലാത്തവർ

മദ്യം കഴിക്കാത്തവർ പോലും കുടകിൽ പണിക്കുപോയാല്‍ മുഴു മദ്യപാനികളായാണ്​​ തിരിച്ചുവരിക. കുടകില്‍ പണിക്കു പോയി കുറേ പേര്‍ മരിച്ചിട്ടുണ്ട്​. മരിക്കുന്നവരെ പുറംലോകമറിയിക്കാതെ ആദിവാസികളെക്കൊണ്ടുതന്നെ രാത്രി കുഴിച്ചുമൂടിക്കും.

അധ്യായം 48 (തുടർച്ച)

യനാടിന്റെ മക്കള്‍ ആദിവാസികളായിരുന്നു. അവര്‍ക്ക് താമസിക്കാനിടവും ഭക്ഷണവും നല്‍കാന്‍കാടുണ്ടായിരുന്നു. ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത് വയനാട് ജില്ലയിലാണ്. പണിയര്‍, അടിയര്‍, കുറിച്യര്‍, മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, ഊരാളി കുറുമര്‍, വയനാടന്‍ കാടര്‍ തുടങ്ങി ഏഴ് വ്യത്യസ്​ത ഗോത്രവിഭാഗങ്ങള്‍ ഇവിടെയുണ്ട്. പണിയ സമുദായമാണ് ഏറ്റവും കൂടുതൽ.

1940- കളില്‍ മധ്യതിരുവിതാംകൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ നിന്നുണ്ടായ കുടിയേറ്റത്തെ തുടർന്ന്​ ആദിവാസി ഭൂമി വ്യാപകമായി നഷ്ടപ്പെടുകയും ഉപജീവനമാര്‍ഗമില്ലാതാവുകയും ചെയ്തു. എനിക്കെല്ലാം അറിവായി തുടങ്ങിയപ്പോള്‍ ആദിവാസികളുടെ പ്രദേശത്ത് മറ്റുള്ളവരും താമസം തുടങ്ങിയിരുന്നു. കുടിയേറ്റക്കാര്‍ വന്നപ്പോൾ നമ്മുടെ ഭൂമിയെല്ലാം ഇവരുടെ കൈയ്യിലായി. നമ്മുടെ കാര്‍ന്നോന്മാര്‍ക്ക് കള്ളും വെറ്റിലയും അടയ്ക്കയും പുകയിലയും കൊടുത്താണ്​ ഇവര്‍ ഭൂമിയെല്ലാം കൈക്കലാക്കിയത്. മേലാളന്മാർ കള്ളിന്റെ പൈസ ചോദിക്കും. നമ്മുടെ ആളുകൾക്ക്​ കൊടുക്കാന്‍ പൈസയുണ്ടാവില്ല. ‘എന്നാ നിങ്ങളുടെ ഭൂമി തന്നാല്‍ മതി’യെന്ന് അവർ പറയും. ചായക്കടയില്‍ കള്ളക്കണക്കെഴുതിവെക്കും.​ ഒരു ഉണ്ടയും ചായയും കൊടുത്ത്, അതിന്റെ പൈസ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് നമ്മുടെ ആളുകൾക്ക്​ ഭൂമി വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്. അന്നൊന്നും ആര്‍ക്കും കണക്കും കാര്യമൊന്നും അറിയില്ല. ആദിവാസികളുടെ അറിവില്ലായ്​മ ചൂഷണം ചെയ്തവരാണ് അവരെ ഇന്ന് കുറ്റം പറയുന്നത്.

മേലാളന്മാർ കള്ളിന്റെ പൈസ ചോദിക്കും. നമ്മുടെ ആളുകൾക്ക്​ കൊടുക്കാന്‍ പൈസയുണ്ടാവില്ല. ‘എന്നാ നിങ്ങളുടെ ഭൂമി തന്നാല്‍ മതി’യെന്ന് അവർ പറയും. / Photo: Nandagopal Rajan, flickr.com
മേലാളന്മാർ കള്ളിന്റെ പൈസ ചോദിക്കും. നമ്മുടെ ആളുകൾക്ക്​ കൊടുക്കാന്‍ പൈസയുണ്ടാവില്ല. ‘എന്നാ നിങ്ങളുടെ ഭൂമി തന്നാല്‍ മതി’യെന്ന് അവർ പറയും. / Photo: Nandagopal Rajan, flickr.com

അന്ന് മാസങ്ങളോളം ശക്തമായ മഴ പെയ്യും. ഒറ്റ മഴക്കുതന്നെ പാടത്ത് 50,000 ലിറ്ററോളം വരെ വെള്ളം നിറയും. അങ്ങനെയുള്ള പാടങ്ങള്‍ ഒരു പ്രദേശം മൊത്തമുണ്ടായിരുന്നു. വരമ്പു വെക്കാനും, ഞാറു പാകാനും പറിക്കാനും നല്ലോണം വെള്ളം വേണം. വരമ്പിനൊപ്പം ആറു മാസം വെള്ളമുണ്ടാവും. കൊയ്​ത്തിന്റെ ഒരാഴ്ച മുമ്പാണ് വെള്ളം തുറന്നുവിടുക. കൈത്തോട്​, ചെറിയ തോട്, വലിയ തോട്, പുഴ എന്നിവയെല്ലാം അന്ന്​ ഭദ്രമായിരുന്നു.

വലിയ മഴയിൽ തോടിന്റെയും, പുഴയുടെയും അപ്പുറത്തും ഇപ്പുറത്തുമുള്ള പാടത്ത് വെള്ളം കേറും. പാടത്തിന്റെ ചുറ്റും വരമ്പായതുകൊണ്ട് വലിയ കുത്തൊഴുക്കുണ്ടാക്കാതെ മണ്ണിലേക്കു തന്നെ വെള്ളം താഴ്ന്നിറങ്ങും. സമീപത്തുള്ള നീരുറവകളും അരുവികളും തോടുകളും പുഴകളും കിണറുകളും നിറഞ്ഞ് വെള്ളം ബാക്കി സ്ഥലങ്ങളിലേക്ക് ഒഴുകിയിരുന്നു. ശുദ്ധമായ വെള്ളത്തിന് നല്ല തണുപ്പായിരുന്നു. ആ സമയത്ത് വെള്ളത്തിന്​ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. വരള്‍ച്ചയും ഇല്ലായിരുന്നു.

ആദിവാസികള്‍ ആരും മാര്‍ക്കറ്റിനെ ആശ്രയിച്ചല്ല ജീവിച്ചിരുന്നത്​. ആകെ വാങ്ങിയിരുന്നത് ഉപ്പായിരുന്നു.

കോരിച്ചൊരിയുന്ന മഴയിൽ ‘കൊരമ്പ’ കുട ചൂടിയാണ് പണിക്കു പോകുന്നത്. പ്രകൃതിയില്‍ നിന്ന്​ ശേഖരിക്കുന്ന ഇല്ലിയും ഓടയും കാട്ടുകൂവയുടെ ഇലയും കൊണ്ടാണ് കൊരമ്പക്കുട ഉണ്ടാക്കുന്നത്. മൂന്നുനാല് ദിവസമെല്ലാം കൊരമ്പ കുടയുണ്ടാക്കാൻ പണിയെടുക്കണം. കാട്ടില്‍ പോയി ഇല്ലിയും ഓടയും കൂവയുടെ ഇലയും കൊണ്ടുവരണം. ഇതെല്ലാം ചീന്തിയെടുത്ത് മെടഞ്ഞാണ് കുട ഉണ്ടാക്കുന്നത്. സൂക്ഷിച്ചാല്‍ അഞ്ചാറ് കൊല്ലം ഉപയോഗിക്കാം. മഴക്കാലം കഴിഞ്ഞാല്‍ പുകയത്ത് കെട്ടിത്തൂക്കിവെയ്ക്കണം. അപ്പോൾ, പുകയടിച്ച് ഇല്ലിയ്ക്കും ഓടയ്ക്കും കൂവയിലയ്ക്കും നല്ല ബലം വെക്കും. കൊരമ്പ കുടയുടെ ഉള്ള് അടച്ചുറപ്പുള്ള അറ പോലെ ഭദ്രമാണ്. അത് ചൂടി നിന്നാല്‍ എത്ര വലിയ കാറ്റും മഴയും വന്നാലും ആര്‍ക്കും ഒന്നും ഏല്‍ക്കില്ല. ആദിവാസികള്‍ തന്നെയാണ് ഇതുണ്ടാക്കുക. ഇന്ന്, അവശേഷിക്കുന്ന പാടത്ത് പച്ചയും ചുവപ്പും കറുപ്പും നീലയും നിറമുള്ള പ്ലാസ്റ്റിക് കവര്‍ ചൂടി പണിയെടുക്കുന്നതാണ് കാണുക. പ്ലാസ്റ്റിക് വന്നതോടെ ‘കൊരമ്പകുട’യുണ്ടാക്കി ജീവിച്ചിരുന്ന ആദിവാസികളുടെ വരുമാനമില്ലാതായി.

അവശേഷിക്കുന്ന പാടത്ത് പച്ചയും ചുവപ്പും കറുപ്പും നീലയും നിറമുള്ള പ്ലാസ്റ്റിക് കവര്‍ ചൂടി പണിയെടുക്കുന്നവരെയാണ്​ കാണുക.  / Photo: thehansindia.com
അവശേഷിക്കുന്ന പാടത്ത് പച്ചയും ചുവപ്പും കറുപ്പും നീലയും നിറമുള്ള പ്ലാസ്റ്റിക് കവര്‍ ചൂടി പണിയെടുക്കുന്നവരെയാണ്​ കാണുക. / Photo: thehansindia.com

മനുഷ്യര്‍ക്കുവേണ്ട ഭക്ഷ്യസാധനങ്ങള്‍ക്കും അന്ന്​ ക്ഷാമമുണ്ടായിരുന്നില്ല. ആദിവാസികള്‍ ആരും മാര്‍ക്കറ്റിനെ ആശ്രയിച്ചല്ല ജീവിച്ചിരുന്നത്​. ആകെ വാങ്ങിയിരുന്നത് ഉപ്പായിരുന്നു. കാടുകളില്‍ നിന്ന്​ നൂറക്കിഴങ്ങ്, അരിക്കിഴങ്ങ്, നാരക്കിഴങ്ങ്, കവലക്കിഴങ്ങ്, ചെലപ്പക്കിഴങ്ങ്, തുടങ്ങിയ കിഴങ്ങുകളും ചുരുളിചപ്പ്, കാക്കചപ്പ്, താള്, കൈതമുണ്ടേ (കൈതോലയുടെ കൂമ്പ്), പാറച്ചീര, കടമ്മചപ്പ്, ആളൊട്ടി ചപ്പ് (കണ്ടോനെക്കുത്തി) ചൂരല്‍ചപ്പ്, ബരുമ്മ വള്ളി, തകര, പൊന്നാക്കണ്ണി, ചപ്പരചപ്പ് (കല്ലുരുക്കി), ബോചപ്പ്, കാന്താരിചപ്പ്, ഉനുവേല്‍ ചപ്പ്, ഉഖേ ചപ്പ് (മുരിങ്ങയുടെ ഇലപോലെയുള്ളത്, നല്ല വാസനയാണ്), പച്ചച്ചീര, കോവള ചപ്പ്, ചൊവന്ന ചീര, കാട്ടുപാവയ്ക്ക, പീച്ചി ചപ്പ്, ചൊരങ്ങ ചപ്പ് തുടങ്ങിയ ഇലകളും കിട്ടും. വിവിധ തരം കുമിലുകളായ (കൂൺ) കരടി കുമില്, പുറ്റു കുമില്, മുതു കുമില്, തരി കുമില്, പന്നി കുമില്, പറമ്പ് കുമില്, നായിമൂല കുമില്, കട്ട കുമില്, മരക്കുമില് തുടങ്ങിയവയും കിട്ടും. കൊട്ടപാമു, കൊട്ടക്കായ്, കോടനെവലു (വലിയ ഞാവല്‍പ്പഴം), കൊരട്ട് നെവലു (ചെറിയ ഞാവല്‍ പഴം), ചങ്ങലപ്പഴം, കണ്ണന്‍ചൂരി, ചടച്ചികായ്, പാണല്‍പ്പഴം, ബൈയ, കാക്കുളുക്കായ്, നെഞ്ചിക്കായ്, തുടങ്ങിയ പഴങ്ങളും കാട്ടില്‍ നിന്ന്​ കിട്ടും. മഴക്കാലത്ത് മുളക്കൂമ്പ് കിട്ടും. ഇത്​ അരിഞ്ഞ് ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടുവെക്കും. പിറ്റേന്ന്​ മൂന്ന് തവണ കഴുകിയെടുക്കുമ്പോഴേക്കും അതിന്റെ കട്ട് പോകും. അരിഞ്ഞപാടെ വെച്ച് തിന്നണമെന്നു തോന്നിയാല്‍, ചൂടുവെള്ളത്തില്‍ തിളപ്പിച്ച് വാട്ടും. വെള്ളം ഊറ്റിക്കളഞ്ഞ് കഴുകിയെടുത്ത് തോരനുണ്ടാക്കി കഴിക്കും. മഴക്കാലത്ത് മുളക്കൂമ്പ് ചെറുതായിട്ട് കൊത്തിയരിഞ്ഞ് പുകയത്ത് കോര്‍ത്തിടും. വേനല്‍ക്കാലത്തേക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

പാടങ്ങളില്‍ ഇഞ്ചികൃഷി ചെയ്യുമ്പോള്‍ ഞണ്ടുകള്‍ ഇഞ്ചിയുടെ മുള നുറുക്കിക്കളയും. അതിനാൽ തിമിറ്റ്, ഫ്യൂറഡാൻ വിഷങ്ങള്‍ തളിച്ച്​ ഞണ്ടുകളെ നശിപ്പിച്ചു. പാടത്തുണ്ടായിരുന്ന പിരിങ്ങയും ഇല്ലാതായി. വിഷം കഴിച്ച് ചത്തുവീഴുന്ന ഞണ്ടുകളെ തിന്ന് കുറുക്കന്മാർക്ക്​ വംശനാശം സംഭവിച്ചു.

പാടങ്ങളിലും തോടുകളിലും പുഴകളിലും ധാരാളം മീനുണ്ടായിരുന്നു. മുളം പാളി കൊണ്ടുണ്ടാക്കിയ ‘കുടാമ്പെ' ഉപയോഗിച്ച് മീന്‍ പിടിക്കും. തോടിന്റെ ഇരുവശവും മണ്ണുകൊണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തും. തടഞ്ഞുവെച്ചതിന്റെ ഒരു ഭാഗത്ത് വെള്ളം ചെറുതായി തുറന്നുവിടും. അവിടെ രാത്രി മുഴുവന്‍ കൂടാമ്പെ താഴ്ത്തിവെയ്ക്കും. കുടാമ്പെയുടെ വായ്​ ഭാഗത്തെ ചെറിയ ഗ്യാപ്പിലൂടെ മീന്‍ ഉള്ളില്‍ കടക്കും. രാവിലെ നോക്കുമ്പോള്‍ കുടാമ്പെ നിറയെ മീനുണ്ടാവും. കണ്ണിമീന്‍, കൊച്ചമീന്‍ (പാടത്ത് വെള്ളം വീഴുന്ന ചാലില്‍ ഇത് ധാരാളമുണ്ടാവും, ചെതുമ്പലുണ്ടാവില്ല, വെറും ഇറച്ചി മാത്രം), പരല്‍, കരുവെ (വട്ടോന്‍), കല്ലേമുട്ടി, കണ്ണന്‍ ചൂരി, ഞവണി… ഇതെല്ലാം ഞങ്ങളുടെ പ്രധാന ഭക്ഷണമായിരുന്നു. മുള പായ പോലെ മെടഞ്ഞ് തട്ടുണ്ടാക്കി അടുപ്പിനുമുകളിൽ സ്ഥാപിക്കും. മഴക്കാലത്ത് മീനും മറ്റ് ഭക്ഷ്യവസ്തുക്കളും ഉണക്കി സൂക്ഷിക്കുന്നത് ഇതിലായിരുന്നു.

കണ്ണിമീന്‍, കൊച്ചമീന്‍, പരല്‍, കരുവെ (വട്ടോന്‍), കല്ലേമുട്ടി, കണ്ണന്‍ ചൂരി, ഞവണി… ഇതെല്ലാം ഞങ്ങളുടെ പ്രധാന ഭക്ഷണമായിരുന്നു. / Photo: aquapost.in
കണ്ണിമീന്‍, കൊച്ചമീന്‍, പരല്‍, കരുവെ (വട്ടോന്‍), കല്ലേമുട്ടി, കണ്ണന്‍ ചൂരി, ഞവണി… ഇതെല്ലാം ഞങ്ങളുടെ പ്രധാന ഭക്ഷണമായിരുന്നു. / Photo: aquapost.in

പാറ ഞണ്ട്​, കുരാത്തി ഞണ്ട്, ഏരി ഞണ്ട്, കൊറ്റി ഞണ്ട് എന്നിങ്ങനെ ഞണ്ടുകള്‍ തന്നെ പലതരത്തിലുണ്ടായിരുന്നു. പാറഞണ്ട് കഴിച്ചാല്‍ വലിവ് സുഖപ്പെടും. കൊറ്റിഞണ്ടിനാണ് അധികം ഔഷധഗുണം. പാടത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സമയത്ത് മാത്രമേ ഇതുണ്ടാവൂ. നെല്ല് കൃഷി ചെയ്യുന്ന സമയത്ത് പാടവരമ്പത്ത് ചെറിയ പൊത്തില്‍ ആറെണ്ണമെല്ലാം ഒന്നിച്ചുണ്ടാവും. സാധാരണ ഞണ്ടിന്റെയത്ര വലിപ്പം വരില്ല. ചെറുതായിരിക്കും. കൈതോലയുടെ കൂമ്പും ഞണ്ടും ഒന്നിച്ച് വെക്കുന്ന കറിയ്​ക്ക്​ നല്ല രുചിയാണ്​, ഒരു ഔഷധക്കൂട്ടുമാണിത്​.

ഇന്ന് വയനാട്ടിലെ കാലാവസ്ഥ മാറി. മഞ്ഞില്ല. മഴ കുറവാണ്​. പഴയ തണുപ്പില്ല. ഇന്ന് രണ്ടുമൂന്നാഴ്ച അടുപ്പിച്ച് മഴ പെയ്താലായി. അങ്ങനെ പെയ്യുമ്പോഴേക്കും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുന്നു.

ഞങ്ങള്‍ക്ക് ജീവിക്കാനുള്ള മുഴുവന്‍ സാധനങ്ങളും പ്രകൃതിയില്‍ നിന്നുതന്നെ കിട്ടുമായിരുന്നു. ഇപ്പോള്‍ ഇതൊന്നും എവിടെയുമില്ല. പാടങ്ങളില്‍ ഇഞ്ചികൃഷി ചെയ്യുമ്പോള്‍ ഞണ്ടുകള്‍ ഇഞ്ചിയുടെ മുള നുറുക്കിക്കളയും. അതിനാൽ തിമിറ്റ്, ഫ്യൂറഡാൻ വിഷങ്ങള്‍ തളിച്ച്​ ഞണ്ടുകളെ നശിപ്പിച്ചു. പാടത്തുണ്ടായിരുന്ന പിരിങ്ങയും (ഇളംമ്പക്ക) ഇല്ലാതായി. വിഷം കഴിച്ച് ചത്തുവീഴുന്ന ഞണ്ടുകളെ തിന്ന് കുറുക്കന്മാർക്ക്​ വംശനാശം സംഭവിച്ചു. പണ്ട് രാത്രിയെല്ലാം ഏതെങ്കിലും ഒരു കുറുക്കന്‍ കൂവിയാല്‍ പിന്നെ ആ പരിസര പ്രദേശത്തുള്ള മുഴുവന്‍ കുറുക്കന്മാരും ഒന്നിച്ച് കൂവും. കുറുക്കന്‍ കാട്ടുപന്നിക്കുട്ടികളെ തിന്നും. കുറുക്കന് വംശനാശം സംഭവിച്ചപ്പോള്‍ പന്നികളുടെ എണ്ണം വര്‍ദ്ധിച്ചു. പന്നിയിറങ്ങി ഇന്ന് കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തിവെയ്ക്കുന്നു.

ഇന്ന് കാടെല്ലാം നാടാക്കി, പാടങ്ങളെല്ലാം പറമ്പാക്കി, അവിടെയെല്ലാം വീടായി. കുന്നെല്ലാം ഇടിച്ചുനിരത്തി വീടും ഫ്ലാറ്റും കച്ചവട സ്ഥാപനങ്ങളും പണിതു. മഴ പെയ്യുമ്പോള്‍ വെള്ളം സംഭരിച്ചുനിര്‍ത്താന്‍ പറ്റുന്നില്ല. മഴ പെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വെള്ളം വയനാട്ടില്‍ നിന്ന്​ പുറത്തേയ്ക്ക് വാര്‍ന്നൊലിച്ചുപോകുന്നു. കുന്നില്ല, കാടില്ല, പാടങ്ങളില്ല, പാരമ്പര്യ നെല്‍കൃഷിയില്ല, നീറുറവകളും തോടുകളും പുഴകളും കാണാനേയില്ല. മീനില്ല, ഞണ്ടില്ല, പുഴയോരത്തും, തോട്ടിന്‍കരയിലും നീരുറവ സംരക്ഷിച്ചു നിലനിര്‍ത്തുന്ന കൈതോലക്കാടുകള്‍ നഷ്ടപ്പെട്ടു. പുഴ നിറഞ്ഞൊഴുകുമ്പോഴാണ് തോടുകളിലേക്കും പാടങ്ങളിലേക്കും ഞണ്ടും ഞവണിയും മീനുമെല്ലാം കേറുന്നത്. ഇന്ന് ഇതെല്ലാം അപ്രത്യക്ഷമായി. കഴിക്കാന്‍ ഇലക്കറികളും പഴവര്‍ഗങ്ങളുമില്ല. ഇല്ലിക്കൂമ്പും ഇല്ലിയരിയുമില്ല. ഇല്ലിക്കൂട്ടങ്ങളെ കാണാനില്ല.

മീനില്ല, ഞണ്ടില്ല, പുഴയോരത്തും, തോട്ടിന്‍കരയിലും നീരുറവ സംരക്ഷിച്ചു നിലനിര്‍ത്തുന്ന കൈതോലക്കാടുകള്‍ നഷ്ടപ്പെട്ടു.
മീനില്ല, ഞണ്ടില്ല, പുഴയോരത്തും, തോട്ടിന്‍കരയിലും നീരുറവ സംരക്ഷിച്ചു നിലനിര്‍ത്തുന്ന കൈതോലക്കാടുകള്‍ നഷ്ടപ്പെട്ടു.

മോണോകള്‍ച്ചര്‍ കൃഷിരീതി വന്നതോടെ ഭൂമിയിൽ വെള്ളം ശേഖരിക്കപ്പെടാതെയായി. പാടത്ത്​ ചാലു കീറിയാണ് ഇഞ്ചിയും കാപ്പിയും തെങ്ങും കവുങ്ങും കൃഷി ചെയ്യുന്നത്​. ചാലു കീറുമ്പോള്‍ നീരുറവ അടിയിലേക്കു പോയ്‌പ്പോകും, പിന്നെ മുകളിലേക്കുവരില്ല. മുകളിൽ അവശേഷിക്കുക ഫലപുഷ്ടി നഷ്ടപ്പെട്ട, ജീവനില്ലാത്ത മണ്ണാണ്​. മോണോകള്‍ച്ചര്‍ കൃഷിയുടെ ഭാഗമായി പാടത്തും പറമ്പിലും മാരക വിഷം തളിക്കുന്നതിനാൽ ജീവജാലങ്ങളും മണ്ണിനു ഫലഭൂയിഷ്​ഠത നല്‍കുന്ന മണ്ണിരയും നശിച്ചുപോവുകയാണ്. പണ്ട് കൃഷിയിടങ്ങളില്‍ രാസവളം ഉപയോഗിച്ചിരുന്നില്ല, അതുകൊണ്ട് മണ്ണിന്​ ദോഷമുണ്ടായില്ല. ഇപ്പോൾ മണ്ണിലൊന്നും വെള്ളമില്ല. പാരമ്പര്യ പ്രകൃതിയില്‍ തേക്ക്, യൂക്കാലി, അക്കേഷ്യ മരങ്ങള്‍ നട്ടുപിടിപ്പിച്ചതോടെ വെള്ളം തീരെ കുറഞ്ഞു. യൂക്കാലി മരം ഏഴു മീറ്റര്‍ അടിയില്‍ നിന്നുവരെ വെള്ളം വലിച്ചെടുക്കും. ഇവ വന്നതോടെ നീരുറവ പോലും വറ്റി, പുല്ലുപോലും വളരാത്ത അവസ്ഥയായി. തേക്കിന്റെയും യൂക്കാലിയുടെയും ഇലകളില്‍ നിന്നു വീഴുന്ന ഒരു തരം എണ്ണ മണ്ണില്‍ കലര്‍ന്നാല്‍ അവിടെ പുല്ലു പോലും മുളക്കില്ല.

1980- ല്‍ വനനിയമം വന്നതോടെ കാടുകളില്‍ കയറാനുള്ള അവകാശങ്ങള്‍ ഞങ്ങള്‍ക്ക് നിഷേധിച്ചു. അതുകൊണ്ട് കിഴങ്ങും ചപ്പും ഞണ്ടും ഞവണിയും മീനും ശേഖരിക്കാനൊന്നും പോകാന്‍ പറ്റാണ്ടായി.

കൂപ്പു വ്യവസായം വന്നതോടെയാണ് വയനാട്ടില്‍ ഇത്തരം മരങ്ങള്‍ വ്യാപകമായത്. ക്വാറി പ്രവര്‍ത്തനവും പ്രകൃതിയെ വ്യാപകമായി നശിപ്പിച്ചു. പണ്ട്​ എന്തു നട്ടാലും നന്നായി വിള ലഭിച്ചിരുന്നു. നല്ല ഭക്ഷണം കഴിച്ചിരുന്നതുകൊണ്ട് ആശുപത്രിയിലും പോവേണ്ടി വന്നിരുന്നില്ല. പ്രസവം അടക്കം കുള്ളുകളിലാണ്​ നടന്നിരുന്നത്​. ഇന്ന് കുള്ളുകളിൽ പ്രസവിച്ചാല്‍ മരിച്ചതു തന്നെ. എന്റെ ചെറുപ്പത്തില്‍ ഗുളികയൊന്നും കഴിച്ചിരുന്നില്ല. ഞങ്ങൾക്കിടയില്‍ വലിയ അസുഖങ്ങളുമില്ലായിരുന്നു. ചെറിയ അസുഖങ്ങള്‍ വന്നാല്‍ തന്നെ പച്ചമരുന്നുകളായിരുന്നു ഉപയോഗിച്ചിരുന്നത്. തലവേദന വന്നാല്‍ വാതക്കൊടി വള്ളിയെടുത്ത് ഞെരടി മൂക്കില്‍ വലിക്കും. വയറിളക്കം വന്നാല്‍ പാടതാളി കിഴങ്ങ് (പാവട്ട കിഴങ്ങ്) അരച്ച് കഴിക്കും. മൂത്രത്തില്‍കല്ല് മാറ്റുന്ന ‘കല്ലുരുക്കി’ പോലുള്ള ഔഷധ സസ്യങ്ങള്‍ പാടവരമ്പത്ത് കൂടുതലായി ഉണ്ടാവും. എനിക്കിപ്പോഴും പ്രിയപ്പെട്ട ഭക്ഷണം കഞ്ഞിയും, കാന്താരി ചമ്മന്തിയുമാണ്. ഇല്ലിയുടെ കൂമ്പു കൊണ്ടുള്ള അച്ചാറും ഇഷ്ടമാണ്.

പണ്ട് കൃഷിയിടങ്ങളില്‍ രാസവളം ഉപയോഗിച്ചിരുന്നില്ല, അതുകൊണ്ട് മണ്ണിന്​ ദോഷമുണ്ടായില്ല. / Photo: Unsplash
പണ്ട് കൃഷിയിടങ്ങളില്‍ രാസവളം ഉപയോഗിച്ചിരുന്നില്ല, അതുകൊണ്ട് മണ്ണിന്​ ദോഷമുണ്ടായില്ല. / Photo: Unsplash

ഇന്ന് വയനാട്ടിലെ കാലാവസ്ഥ മാറി. മഞ്ഞില്ല. മഴ കുറവാണ്​. പഴയ തണുപ്പില്ല. ഇന്ന് രണ്ടുമൂന്നാഴ്ച അടുപ്പിച്ച് മഴ പെയ്താലായി. അങ്ങനെ പെയ്യുമ്പോഴേക്കും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുന്നു. പണ്ട് നെല്ല് പുഴുങ്ങി ഉണക്കാന്‍ വെച്ചാല്‍ മൂന്നു ദിവസം കഴിയണം, കുത്താന്‍ പാകത്തിലാവാന്‍. ഇപ്പോൾ രാവിലെ എട്ടു മണിക്ക്​ ഉണക്കാനിട്ടാല്‍ പതിനൊന്നര മണിയാവുമ്പോഴേക്ക് വാരിയില്ലെങ്കില്‍ ഉണക്കം കൂടി നെല്ല്​ പൊടിഞ്ഞു പോകുന്ന അവസ്ഥയിലാകും. അത്രയ്ക്ക് മാറ്റം വന്നു വയനാട്ടില്‍. ഇന്ന് ചൂട് കാരണം പുറത്തും കോണ്‍ക്രീറ്റ് വീടിനകത്തും ഇരിക്കാന്‍ പറ്റില്ല. രാത്രി ആർക്കും പുതുപ്പ്​ വേണ്ട. പണ്ടത്തെ നമ്മുടെ കുള്ള് മുള കൊണ്ടുണ്ടാക്കിയാണ്. വൈക്കോല്‍ മേഞ്ഞ്, മുള മെടഞ്ഞ് ഭിത്തിയാക്കി, വെള്ളം കൂട്ടി മണ്ണു കുഴച്ച് മുള ഭിത്തിയില്‍ എറിഞ്ഞുപിടിപ്പിക്കും. മണ്ണും ചാണകവും യോജിപ്പിച്ച് നിലം കല്ലുവെച്ച് ഉരച്ച്​ മിനുസമാക്കി, കരിയും ചാണകവും ചേര്‍ത്ത് മെഴുകും. ഈ കുള്ള്​ മഴക്കാലത്ത് ചൂടും വേനലിൽ തണുപ്പും തന്നിരുന്നു. അന്ന് ശക്തമായ കാറ്റും മഴയും ഉണ്ടായാല്‍ കുള്ള് വീണ്​ ആരും മരിച്ചു പോകില്ല.

കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ആദിവാസികള്‍ക്ക് വനത്തില്‍ ജീവിക്കാന്‍ കഴിയില്ല, അവർ കാടു നശിപ്പിക്കും എന്നെല്ലാം പറഞ്ഞ് ആദ്യം ആദിവാസികളെ കുടിയിറക്കി. കടുത്ത ഭൂരഹിത്യത്തിലേക്കും, ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ്​ ഞങ്ങൾ കുടിയിറക്കപ്പെട്ടത്.

1980- ല്‍ വനനിയമം വന്നതോടെ കാടുകളില്‍ കയറാനുള്ള അവകാശങ്ങള്‍ ഞങ്ങള്‍ക്ക് നിഷേധിച്ചു. അതുകൊണ്ട് കിഴങ്ങും ചപ്പും ഞണ്ടും ഞവണിയും മീനും ശേഖരിക്കാനൊന്നും പോകാന്‍ പറ്റാണ്ടായി. പണ്ട് നമ്മുടെ ആളുകള്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്നത് ‘അച്ച്​ കുത്താന്‍’ വരുന്നതിനെയാണ്​. വെള്ളമുണ്ടും ഷര്‍ട്ടുമിട്ട്​ വരുന്നവരെ കണ്ടാല്‍ ഓടിയൊളിക്കും. ‘ഉണ്ടിഗെ’ വെയ്ക്കുന്നത് എന്നാണ് അച്ചുകുത്തലിനെ ഞങ്ങള്‍പറഞ്ഞിരുന്നത്.

തോടും പുഴയും ഒഴുകുന്ന വഴികളും പാടവും കാടും കുന്നുമെല്ലാം കൈയ്യേറി മണ്ണിട്ട് നികത്തിയും, കുന്നിടിച്ചും റോഡുകളും വീടുകളും ഫ്ലാറ്റുകളും കച്ചവട സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നു. മഴ പെയ്യുമ്പോള്‍ തോടും പുഴയും അവരുടെ വഴിയെ ഒഴുകും. അതിനെ തടഞ്ഞു നിര്‍ത്താനൊന്നും നമ്മളെക്കൊണ്ട്​ കഴിയില്ല. അപ്പോള്‍ പ്രദേശമാകെ വെള്ളം കേറും, മണ്ണിടിച്ചിലുണ്ടാവും. ജനം വരുത്തി വെയ്ക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍. പണ്ട് വലിയ മലകളുടെ അടുത്ത് ആളുകള്‍ താമസിച്ചിരുന്നില്ല. മഴ പെയ്താല്‍ കുന്നിലൂടെ വെള്ളം ഒലിച്ചിറങ്ങി തോടുവഴി പുഴകളിലേയ്ക്ക് ഒഴുകുമായിരുന്നു. ഇന്ന് കാടെല്ലാം വെട്ടിപ്പിടിച്ച്, കുന്നിടിച്ച്, പാറ പൊട്ടിച്ച് ആളുകള്‍ അവിടെ താമസിക്കുന്നു. അറിഞ്ഞുകൊണ്ടു തന്നെ നമ്മള്‍ നമുക്കുള്ള കുഴി തോണ്ടുകയാണ്.

Photo: dailynews
Photo: dailynews

മഴക്കാലത്തൊഴികെ കുടിവെള്ളം കേരളത്തില്‍ പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. പാറ പൊട്ടിക്കുമ്പോള്‍ ഒരാള്‍ക്ക് ലക്ഷക്കണക്കിന് രൂപ കിട്ടുമായിരിക്കും. പക്ഷേ ഒരാളുടെ സുഖത്തിന് എത്രയാളുകളുടെ ജീവനാണ് ബലിയാടാവുന്നത്. ജീവജാലങ്ങള്‍ക്ക് വംശഹത്യ സംഭവിക്കുന്നു. വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, പുഴകള്‍, കായലുകള്‍, കാവുകള്‍ എന്നിവ നികത്തുകയും കുഴിക്കുകയും നശിപ്പിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിക്കണം.

ഞങ്ങള്‍ക്ക് ഭക്ഷണം തന്നത് കാടും വയലുമായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ആദിവാസികള്‍ക്ക് വനത്തില്‍ ജീവിക്കാന്‍ കഴിയില്ല, അവർ കാടു നശിപ്പിക്കും എന്നെല്ലാം പറഞ്ഞ് ആദ്യം ആദിവാസികളെ കുടിയിറക്കി. കടുത്ത ഭൂരഹിത്യത്തിലേക്കും, ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ്​ ഞങ്ങൾ കുടിയിറക്കപ്പെട്ടത്​. അവിടങ്ങളില്‍ റിസോര്‍ട്ടുകളും, വമ്പന്‍ കെട്ടിടങ്ങളും പണിതുയര്‍ത്തി, കാടിനെ കോണ്‍ക്രീറ്റ് കാടാക്കി. ടൂറിസത്തിനായി ആദിവാസി മേഖലകളാണ് അധികവും ഏറ്റെടുത്തിട്ടുള്ളത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശരിക്കും കേരളത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയുടെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആവശ്യമാണത്.

ഇന്നിപ്പോൾ, മരിച്ചാല്‍ കുഴിച്ചിടാന്‍ മണ്ണില്ലാതെയായി. നീരുറവകളും തോടും പുഴയും കിണറും വറ്റിവരണ്ട്​ ശുദ്ധജലം കിട്ടാതെയായി. ഇന്ന്​, ഞങ്ങളും രാത്രി ഉറങ്ങാതെ പൈപ്പുവെള്ളത്തിനായി കാത്തിരിക്കുന്നു. ഒരു ദിവസം മോ​ട്ടോർ കേടായാല്‍ ആദിവാസികളുടെ വീടുകളില്‍ വെള്ളം മുടങ്ങും. നഗരങ്ങളില്‍ വെള്ളം പിടിക്കുന്ന അതേ അവസ്ഥയാണ് ഇന്ന് ആദിവാസികള്‍ക്കും. പുഴയില്‍ നിന്ന്​ വെള്ളം അടിച്ച് കൃഷി ചെയ്തിരുന്നവര്‍ക്കെല്ലാം പുഴ വറ്റിയപ്പോള്‍ ഉപജീവനമാര്‍ഗം തന്നെ ഇല്ലാതായി. നമ്മളെ ആളുകള്‍ക്ക് കൂലിപ്പണിയും ഇല്ലാതായി. കാടെല്ലാം വെട്ടി വയനാടിനെ കാപ്പി- കുരുമുളക്​ തോട്ടമാക്കി. അവശേഷിച്ച കാടുകളില്‍ യൂക്കാലിയും അക്കേഷ്യയും തേക്കും നട്ടുവളര്‍ത്തിയപ്പോൾ മൃഗങ്ങള്‍ക്ക് തിന്നാന്‍ തീറ്റയില്ലാതായി. അപ്പോള്‍ അവ നാട്ടിലേക്കിറങ്ങി കൃഷിയിടങ്ങളെ ആശ്രയിക്കുന്നു. മൃഗങ്ങളുടെ നിരന്തര ശല്യം കാരണം കര്‍ഷകര്‍ക്ക് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍സമരം ചെയ്യാനേ നേരമുള്ളൂ. മൃഗങ്ങള്‍ക്കറിയില്ലല്ലോ അവര്‍ക്കെതിരെയാണ് ഇവർ സമരം ചെയ്യുന്നതെന്ന്. അവറ്റകള്‍ക്ക് വിശക്കുമ്പോള്‍ തിന്നാന്‍ കാട്ടിലൊന്നുമില്ല. അപ്പോൾ അവർ നാട്ടിലിറങ്ങും, വിശപ്പടക്കും. കാട് നശിപ്പിച്ച് മൃഗങ്ങളെ പട്ടിണിയാക്കിയത് മനുഷ്യരാണ്.

Photo: Unspalsh
Photo: Unspalsh

പ്രകൃതിയെ ദൈവമായി കാണുന്നവരാണ് ആദിവാസികള്‍. പുറമെയുള്ളവര്‍ വിഗ്രഹത്തെ ആരാധിക്കുമ്പോള്‍ ഞങ്ങൾ കല്ലിനെയും മണ്ണിനെയും ജലത്തെയും മരത്തിനെയുമാണ് ദൈവമായി കണ്ട് ആരാധിക്കുന്നത്. പ്രകൃതിയോടും മനുഷ്യനോടും ബന്ധപ്പെട്ടതാണ് ആദിവാസി ആചാരങ്ങള്‍. വലിയ മരത്തിന്റെ ഒരു കമ്പുപോലും വെട്ടാതെയും പരിസരം വൃത്തികേടാക്കാതെയും ഞങ്ങൾ സൂക്ഷിക്കും. മരത്തിന് ദൈവികതയുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനെ അങ്ങനെ പരിപാലിക്കും. ശരിക്കും മരത്തിനുമാത്രം തരാന്‍ കഴിയുന്ന ഒരു സമാധാനമുണ്ട്. ‘തണല്‍’ എന്നു പറഞ്ഞാല്‍ ശരിക്കും സമാധാനമാണ്. ഒരു മരച്ചുവട്ടില്‍ പോയി ഇരിക്കുമ്പോള്‍ മനസ്സിനുണ്ടായിരുന്ന ഭാരം പോയി എന്നൊരു തോന്നലുണ്ട്. മരം കാണുമ്പോള്‍, ചെറിയ കാറ്റ് വീശുമ്പോഴൊക്കെ മനസ്സിന് അനുഭവപ്പെടുന്നത് കുളിര്‍മയാണ്.

കുടകില്‍ പണിക്കു പോയി കുറേ പേര്‍ മരിച്ചിട്ടുണ്ട്​. മരിക്കുന്നവരെ പുറംലോകമറിയിക്കാതെ ആദിവാസികളെക്കൊണ്ടുതന്നെ രാത്രി കുഴിച്ചുമൂടിക്കും. ഞാനിടപ്പെട്ട് കുറെ കേസുകള്‍ കൊടുത്തിരുന്നു. കര്‍ണ്ണാടകയില്‍ മരിച്ചതുകൊണ്ട് കേരള പോലീസ് കേസെടുക്കില്ല.

2018, 2019 വര്‍ഷങ്ങളിൽ വയനാട്ടില്‍ കുറേ സ്ഥലങ്ങളിൽ ഉരുള്‍പൊട്ടി. ചിലയിടങ്ങളിൽ വെള്ളം കേറാതെ തന്നെ ഭൂമി പിളര്‍ന്ന് മണ്ണ് അമര്‍ന്നു പോയി. കുറേ വീടുകള്‍ നശിച്ചു. 2018-ൽ പ്രളയമുണ്ടായപ്പോൾ ചക്കിനി കോളനിയിലെ ദേവി, ബിന്ദു, സന്ദീപ്, രതീഷ്, ശ്രീജിത്ത്, സജിത്ത്, പാര്‍സി കോളനിയിലെ റീന, എന്റെ സഹോദരന്റെ മകന്‍ അരുണ്‍, തമിഴ്‌നാട്ടിലെ ശോഭ എന്നിവർക്കൊപ്പം ഞാൻ കുറേ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ച് ആളുകൾക്കെത്തിക്കുകയും ചെയ്​തു. ഇതുവഴി എനിക്ക് വലിയൊരു സാമ്പത്തിക ബാധ്യത വന്നു. അതുകൊണ്ട് 2019-ലെ പ്രളയത്തില്‍ ആരെയും സഹായിക്കാന്‍ പറ്റിയില്ല.

വയനാട്ടില്‍ കബനീ നദി ഒഴുകുന്ന ഭാഗങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍കൂടുതലായി ഉണ്ടായത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശരിക്കും കേരളത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയുടെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആവശ്യമാണത്. ഒട്ടേറെ ജീവജാലങ്ങള്‍ക്കും, മനുഷ്യര്‍ക്കും ആവാസവ്യവസ്ഥ തന്നെയാണ് പശ്ചിമഘട്ടം. അതുകൊണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. പ്രകൃതിയെ സംരക്ഷിച്ചു നിലനിര്‍ത്തുന്നതാണ് ഗോത്ര സംസ്കാരം. ആദിവാസികളില്‍ നിന്നു വേണം കേരളത്തിലെ ആധുനിക സമൂഹം പ്രകൃതി സംരക്ഷണം പഠിക്കാൻ.

മദ്യപാനം ഉണ്ടാക്കുന്ന ദുരന്തമാണ്​ ഞങ്ങളുടെ ആളുകള്‍ക്കിടയിലെ മറ്റൊരു പ്രധാന പ്രശ്​നം. തൊഴിലില്ലായ്മ, പട്ടിണി, ആരോഗ്യക്കുറവ്, ശിശുമരണം, രോഗങ്ങള്‍, ചികിത്സയുടെ അഭാവം, ആത്മഹത്യ എന്നിവയെല്ലാം ഇന്ന് നമ്മുടെ ആളുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.

ഇവിടെ പണിയൊന്നുമില്ലാത്തതുകൊണ്ട് നമ്മുടെ ആളുകള്‍ അധികവും ഇപ്പോൾ കുടകിലാണ്​ പണിക്കുപോകുന്നത്. വയനാട്, കണ്ണൂര്‍ ഭാഗത്തുള്ള ആദിവാസികളാണ് അധികവും കുടകില്‍ പോകുന്നത്. ഇവിടുത്തെ മുതലാളിമാര്‍ കുടകില്‍ പോയി ഇഞ്ചികൃഷി നടത്തും. ഭക്ഷണവും താമസവും കൊടുക്കുന്നതുകൊണ്ട് കൂലി കുറവായിരിക്കും. പാക്കറ്റ് ചാരായം വാങ്ങിക്കൊടുത്ത്​ അധിക പണിയുമെടുപ്പിക്കും. വൈകുന്നേരം ചായക്കുപകരം ചാരായമാണ് കൊടുക്കുക. മദ്യം കഴിക്കാത്തവർ പോലും അവിടെ പോയാല്‍ മുഴു മദ്യപാനികളായാണ്​​ തിരിച്ചുവരിക. കുടകില്‍ പണിക്കു പോയി കുറേ പേര്‍ മരിച്ചിട്ടുണ്ട്​. മരിക്കുന്നവരെ പുറംലോകമറിയിക്കാതെ ആദിവാസികളെക്കൊണ്ടുതന്നെ രാത്രി കുഴിച്ചുമൂടിക്കും. ഞാനിടപ്പെട്ട് കുറെ കേസുകള്‍ കൊടുത്തിരുന്നു. കര്‍ണ്ണാടകയില്‍ മരിച്ചതുകൊണ്ട് കേരള പോലീസ് കേസെടുക്കില്ല. കേരളത്തിലെ ആളായതുകൊണ്ട് കര്‍ണാടക പോലീസും കേസെടുക്കില്ല. മുതലാളിമാര്‍ക്ക് നല്ല സ്വാധീനമുള്ളതുകൊണ്ട് ആദിവാസികള്‍ കൊടുക്കുന്ന കേസ് ഒന്നുമല്ലാതായിത്തീരും. കുടകില്‍പണിക്കു പോകുന്നവര്‍ ഒന്നുകില്‍ മുഴു മദ്യപാനിയായി തിരിച്ചുവരും, അല്ലെങ്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കും.

(തുടരും)


Summary: tribal deaths in kodaku.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments