Photo: Shafeeq Thamarassery

സാമൂഹ്യ ശരീരവും
​ജാതിശരീരവും

നീതി ബലമുള്ളവർക്ക് മാത്രം കിട്ടുന്ന നിയമമാണ്​. മധുവിനും ജോഗിക്കും വിശ്വനാഥനും ലഭിക്കുക നീതിയല്ല, നഷ്ടപരിഹാരം മാത്രമാണ്.

1.5 ശതമാനം മാത്രമുള്ള കേരളത്തിലെ ആദിവാസികളുടെ സാമൂഹിക- സാമ്പത്തിക ഉന്നതി ഉയർത്താൻ കഴിയാത്ത ഒന്നായി, ലോകം മുഴുവൻ കൊട്ടിഘോഷിക്കുന്ന കേരള വികസന മാതൃക ഇന്നും ‘തുടരുന്നു’. ശരിയാംവിധം ഇല്ലാത്ത ഒന്നിനെ കെട്ടിപ്പൊക്കിയെടുക്കാൻ എന്നും കേരളം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ പ്രത്യയശാസ്ത്രം പറഞ്ഞ് നടന്നപ്പോൾ ആദിവാസി വിഭാഗങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തത മനസ്സിലാക്കാൻ കഴിയാതെ പോയി. വിദ്യാഭ്യാസം, ഭൂമി, വരുമാനം എന്നിവയുടെ പുനർവിതരണത്തിൽ കേരള മാതൃക ഗുണം ചെയ്തത് മധ്യവർത്തി ജാതി- വർഗങ്ങൾക്കാണെന്ന വിമർശനം ശക്തമായി ഉയർന്നുവന്നപ്പോഴും, കേരളം ഒന്നാമതാണെന്ന ആഖ്യാനത്തിന്റെ ആനന്ദത്തിൽ, ആദിവാസി ജീവിതങ്ങളുടെ അടിവേരുകൾ തേടാൻ പുരോഗമന കേരളത്തിന് കഴിഞ്ഞില്ല എന്നതാണ് മുത്തങ്ങ സംഭവം, മധുവിന്റെ കൊലപാതകം, കുട്ടികളുടെ മരണം, ഗർഭിണികളുടെ അനാരോഗ്യം എന്നിവ വെളിവാക്കുന്നത്.

വിശ്വനാഥൻ

ഇന്നിതാ, വിശ്വനാഥനും കൊല്ലപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തിനുശേഷം ആറ്റുനോറ്റിരുന്നുണ്ടായ കുഞ്ഞിന്റെ ജനനത്തിന്റെ സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. ആത്മഹത്യക്കുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ്. മധുവിനെ കൊന്നതുപോലെ ആൾക്കൂട്ട മർദ്ദനത്തിന് വിധേയമായ ശേഷമാണ് വിശ്വനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആരാണ്, എന്തിനാണ്​ അദ്ദേഹത്തെ മർദ്ദിച്ചത് എന്ന ചോദ്യം ചോദിക്കാതെ അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന അധികാരഭാഷ്യം ആദിവാസികളോട്​, സംവിധാനങ്ങൾ തുടർന്നുവരുന്ന അതിക്രമത്തിന്റെയും കുറ്റകൃത്യങ്ങളുടെയും മറ്റൊരു ദൃഷ്​ടാന്തം മാത്രം. പൊലീസ് വിശ്വനാഥന്റെ ബന്ധുക്കളുടെ പരാതി സ്വീകരിക്കാൻ തയാറാവാത്തതും പരാതി നൽകാൻ സ്​റ്റേഷനിലെത്തിയ വിശ്വനാഥന്റെ സഹോദരനെ മദ്യപാനിയാക്കാൻ ശ്രമിച്ചതും കുറ്റവാളികളുടെ അതേ മനോഭാവം പൊലീസും പങ്കിടുന്നുവെന്നാണ്​ സൂചിപ്പിക്കുന്നത്​. യു.പിയിലെയൊക്കെ പൊലീസ് ദലിതരോട് കാണിക്കുന്ന ജാതിവിവേചനങ്ങളെ ചൂണ്ടിക്കാട്ടി, യു.പിയെ ക്രൂരദേശം എന്ന് മലയാളികൾ പൊതുവേ പറയാറുണ്ട്​. കാടുകളെ ചൂണ്ടി ‘കാട്ടാളന്മാർ' എന്ന് പറയുന്നതിന് തുല്യമാണിത്. ആദ്യമാത്രയിൽ തന്നെ, സ്വഭാവിക നീതിയുടെ നിഷേധം ദുർബലജനതയോടുമാത്രമേ ഭരണകൂടങ്ങൾ ചെയ്യാറുള്ളൂ എന്നത് ഇവിടെയും ആവർത്തിച്ചിരിക്കുന്നു. അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് നോക്കുമ്പോഴാണ് ജാതി- വർണവെറി എന്നിവ മലയാളിയുടെ മനസ്സിൽ അത്രമാത്രം രൂഢമൂലമാണ്​ എന്ന്​വെളിപ്പെടുന്നത്.

ഭൂപരിഷ്​കരണമാണ്​ കേരളത്തിൽ ദലിത് കോളനികളുടെ എണ്ണം കൂട്ടിയത്. ആ മനുഷ്യവാസത്തെ മലയാളികൾ ‘കോളനി വാണ'ങ്ങൾ എന്ന് അധിക്ഷേപിക്കുന്നു.

ഭൂപരിഷ്​കരണമാണ്​ കേരളത്തിൽ ദലിത് കോളനികളുടെ എണ്ണം കൂട്ടിയത്. ആ മനുഷ്യവാസത്തെ മലയാളികൾ ‘കോളനി വാണ'ങ്ങൾ എന്ന് അധിക്ഷേപിക്കുന്നു. അട്ടപ്പാടി ഒരു ദേശമാണ്. ആദിവാസികളുടെ ആവാസ കേന്ദ്രമാണ്. ഇ​തേ അട്ടപ്പാടി അജ്ഞതയുടെ പര്യായമാക്കുന്നതും മലയാളികളാണ്. മാനസികഭാവം ഭാഷയിലും പ്രയോഗത്തിലും വെളിവാകുന്നതുകൊണ്ടാണ് ഇങ്ങനെ അധിക്ഷേപിക്കുന്ന സമീപനം പുരോഗമന മലയാളിയുടെ തലയിൽ കേറിയിരിക്കുന്നത്. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിപീഡനം നേരിടേണ്ടിവന്ന സ്ത്രീകൾ പരാതിയുമായി വന്നപ്പോൾ അവർ അണിഞ്ഞൊരുങ്ങിവരുന്നു എന്ന്, എന്നോ ഉണ്ണിത്താൻ എന്ന ജാതിവാൽ മുറിച്ച അടൂർ ഗോപാലകൃഷ്ണന് പറയാൻ തോന്നുന്നതും ജാതിയും വംശവിദ്വേഷവും ചരിത്രപരമായി നിർമിച്ചെടുക്കപ്പെട്ടതൂം അത് അബോധാവസ്ഥയിലും കൂടി പ്രവർത്തിക്കുന്നതുകൊണ്ടുമാണ്. ജാതിയും വംശവെറിയൂം ബോധത്തിലല്ല പ്രവർത്തിക്കുന്നത്. Caste and Varna are unconscious എന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്. തനിക്ക് ജാതിയോ മറ്റ് വിവേചനരൂപ സങ്കൽപ്പങ്ങളോ ഇല്ല എന്ന് ഒരാൾ പറയുമ്പോൾ അയാൾ മാത്രം തീരുമാനിച്ചാൽ ഉണ്ടാകുകയോ ഇല്ലാതാകുകയോ ചെയ്യുന്ന ഒന്നല്ല വിവേചന രൂപ ഭാഷാ പ്രയോഗങ്ങൾ എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. നാട്ടുകാർക്കു മുഴുവൻ താൻ ഉണ്ണിത്താനാണ് എന്ന് അറിയുകയും ജാതിവാൽ സ്വയം മുറിച്ചുമാറ്റി എന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നതിന്റെ അർഥമില്ലായ്മ മലയാളിയുടെ മാതൃഭൂമിയിൽ വേരോടിയിട്ടുണ്ട്. ഇതുകൊണ്ടുകൂടിയാണ്, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട പൊലീസ് മർദ്ദനത്തിൽ ആദിവാസി നേതാവ് സി.കെ. ജാനുവിന് മുഖത്ത് മർദ്ദനമേറ്റപ്പോഴും വെടിവെപ്പിൽ ഒരു ആദിവാസി കൊല്ലപ്പെട്ടപ്പോഴും ലാത്തിച്ചാർജിൽ കുട്ടികളും സ്ത്രീകളും അടക്കമുള്ള ആദിവാസികൾക്ക് ക്രൂരമായി പരിക്കേറ്റപ്പോഴും അത് മനുഷ്യർക്കുനേരെ നടന്ന അതിക്രമമായി നമുക്ക് മനസ്സിലാകാതെ പോയത്. മധുവും വിശ്വനാഥനും ഈ മനോഭാവത്തിന്റെ ഉൽപ്പന്നമാണ്.

അടൂർ ഗോപാലകൃഷ്ണൻ

സാമൂഹ്യശാസ്ത്ര വിശകലനത്തിൽ ആദിവാസികൾ ജാതിഘടനക്ക് പുറത്തായി ജീവിക്കുന്ന സമൂഹങ്ങളാണെന്നാണ് പറയാറ്​. ഇടനാട്ടിലെ അമ്പല കേന്ദ്രിത വിഗ്രഹാരാധനയ്ക്ക് ഒരിക്കലും കടന്നുകയറാൻ പറ്റാത്ത ജനസമൂഹങ്ങളായ ആദിവാസികൾ പ്രകൃതിയിലൂന്നിയ ജീവിതക്രമമാണ് സ്വയം ഉണ്ടാക്കിയെടുക്കുക എന്നതും ഇന്നത്തെ കേരളത്തെ സംബന്ധിച്ച് വിപരീതമാണ്. കാടുകളിൽ, വനമേലഖയിൽ ഇടനാട്ടുകാർ ആദ്യം വനവിഭവങ്ങൾ കാടിനുപുറത്തുനിന്ന് വാങ്ങി കാട് കൈയേറിയപ്പോൾ ആദിവാസികളെയും അധിനിവേശ സ്വഭാവത്താൽ, തങ്ങളുടെ അടിമകളെന്ന നിലയിലാണ്​ കണ്ടത്. നാട്ടിലെ വിവേചന സാമൂഹ്യ സ്വഭാവം വച്ച് ആദിവാസികളെയും നോക്കിയപ്പോൾ അവർ ദലിതരേക്കാളും ജാതി- വംശീയ വെറിയുടെ ഇരകളായി മാറി.

കേരളത്തിലെ ദലിത്- ആദിവാസി ജനവിഭാഗങ്ങൾക്ക് പുറത്തുള്ള എല്ലാ ജാതി- മത വിഭാഗങ്ങളിലും ശരീരശുദ്ധാധികാരബോധം പ്രവർത്തിക്കുന്നതുകൊണ്ടാണ് കറുത്തതും ദുർബലവുമായ സാമൂഹിക- സാമ്പത്തിക നിലയുള്ളവരെ അക്രമിക്കാൻ കഴിയുന്ന മനോനില വളരുന്നത്.

ശരീരശുദ്ധിയുടെ ജാതി

ശരീരത്തിന്മേൽ അധിനിവേശസ്വഭാവം കാണിക്കുന്ന പ്രത്യയശാസ്ത്രമാണ് ബ്രാഹ്മണിക് ജാതിവ്യവസ്ഥ. കേരളത്തിലെ നമ്പൂതിരിമാർ ഈ വ്യവസ്ഥയിൽ ശുദ്ധശരീരങ്ങളായി. വെളുത്ത് ഉയരമുള്ള ശരീരം ശുദ്ധതയുടെ മികവിൽ ഉത്തമ ശരീരങ്ങളും അതല്ലാത്തവർ ദുർബലവും വൃത്തികെട്ടതും അടിമയാക്കപ്പെടുന്നതുമായി തീർന്നു. കേരളത്തിലെ ദലിത്- ആദിവാസി ജനവിഭാഗങ്ങൾക്ക് പുറത്തുള്ള എല്ലാ ജാതി- മത വിഭാഗങ്ങളിലും ഈ ശരീരശുദ്ധാധികാരബോധം പ്രവർത്തിക്കുന്നതുകൊണ്ടാണ് കറുത്തതും ദുർബലവുമായ സാമൂഹിക- സാമ്പത്തിക നിലയുള്ളവരെ അക്രമിക്കാൻ കഴിയുന്ന മനോനില വളരുന്നത്. സാമൂഹിക- രാഷ്ട്രീയ വ്യവഹാരത്തിൽ ഒരുതരത്തിലുള്ള അംഗബലവും ശക്തിയുമില്ലാത്ത എല്ലാ സമൂഹങ്ങളും ഈ ബോധത്തിൽ ആക്രമിക്കപ്പെടുന്നു. കാടിനെയും പ്രകൃതിയെയും ആദിവാസികളെയും ആക്രമിച്ചും അതിക്രമം കാട്ടിയും വളർന്ന സമൂഹങ്ങൾ, ആദിവാസി ശരീരത്തെയും ആക്രമിക്കപ്പെടേണ്ടവയാണ്​ എന്ന മട്ടിലാണ്​ സമീപിക്കുന്നത്. മോഷണം നടന്നിട്ടുണ്ടെങ്കിൽ ആ പരിസരത്ത് ആദിവാസിയോ ദലിതനോ ഉണ്ടെങ്കിൽ കുറ്റം ആദ്യം ആദിവാസിയുടെ തലയിലും പിന്നീട് ദലിതന്റെ ചുമലിലും വെച്ചുകെട്ടുന്നത് ഈ ശരീരശുദ്ധിയുടെ ജാതി പ്രവർത്തിക്കുന്നതുകൊണ്ടാണ്.

മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട ആദിവാസിയായ ജോഗിയുടെ രക്തസാക്ഷി സ്തൂപം

സാമൂഹ്യവിവേചനത്തിന്റെ ചരിത്രത്തിൽ ദുർബലരാക്കപ്പെട്ട ജനതയ്ക്ക് നീതി പ്രദാനം ചെയ്യാൻ പറ്റുന്ന ഭരണകൂട സംവിധാനമുണ്ടാകുമെന്ന് പ്രത്യാശിക്കാൻ നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യർക്ക് കഴിയുമോ? നീതി ബലമുള്ളവർക്ക് മാത്രം കിട്ടുന്ന നിയമമാണ്​. മധുവിനും ജോഗിക്കും വിശ്വനാഥനും ലഭിക്കുക നീതിയല്ല, നഷ്ടപരിഹാരം മാത്രമാണ്. കേരളം മലയാളിയുടെ ജാതി- വംശീയ മുറിവുകളാൽ കടലെടുക്കാതിരിക്കണമെങ്കിൽ നീതിബോധമുള്ള മനുഷ്യർ മാത്രമുണ്ടായാൽ പോരാ. നല്ല ഭരണകൂട വ്യവസ്ഥയും ഉണ്ടാകണം. ▮

Comments