മറ്റുള്ളവരുടെ അയിത്തം, ഞങ്ങൾക്കിടയിലെ അയിത്തം

മറ്റുള്ളവരിൽ നിന്ന്​ ഏറ്റവും കൂടുതൽ അയിത്തവും ജാതിപ്പേര്​ വിളിച്ചുള്ള അവഹേളനവും നേരിടേണ്ടിവരുന്നത്, കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരാണ്​.

അടിമമക്ക
അധ്യായം 51

ദിവാസികൾ, ഇതരവിഭാഗങ്ങളുടെ അകറ്റിനിർത്തലും അവഗണനയും അയിത്തവും നിരന്തരം അനുഭവിക്കുന്നവരാണ്. ആദിവാസികൾക്കിടയിലും പരസ്​പരം അയിത്തമുണ്ട്. അവരവരുടെ ജാതിയിൽ നിന്നു തന്നെയാണ് കൂടുതൽ പേരും വിവാഹം കഴിക്കുക. ഒരു ഗോത്രത്തിൽ നിന്ന്​ മറ്റൊരു ഗോത്രത്തിലേക്ക് വിവാഹം കഴിച്ചുപോകുന്നത് ചുരുക്കമാണ്. ജാതിയിൽ താണവരെന്നും മുന്തിയവരെന്നുമുള്ള ചിന്താഗതിയുണ്ട്.

എന്റെ ചെറുപ്പത്തിലെ ഒരു സംഭവം ഓർക്കുന്നു. ഞാനും കൂട്ടുകാരും നടന്നുപോകുമ്പോൾ അതുവഴി കുറിച്യ വിഭാഗത്തിൽപെട്ടവർ വന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ പറഞ്ഞു; ‘കുറച്ചങ്ങോട്ട് മാറിനിൽക്ക്, ഞങ്ങൾ കടന്നു പോകട്ടെ, നിങ്ങളുടെ അടുത്തൂടെ കടന്നാൽ ഞങ്ങൾക്ക് തീണ്ടലുണ്ട്.’അപ്പോൾ ഞാനവരോട് പറഞ്ഞു; ‘നിങ്ങൾക്ക് ഏതു കയ്യിലാ തീണ്ടലുള്ളത്, ആ തീണ്ടലുള്ള കൈ അപ്പുറത്തേക്ക് നീട്ടിപ്പിടിച്ച് കടന്നുപൊയ്ക്കോ’ എന്ന്.
ഞങ്ങൾ വഴി മാറിയില്ല. കുറിച്യരുടെ ഭാഷയിൽ ഞങ്ങളെ വഴക്കുപറഞ്ഞ്​ അവർ പോയി. അടിയർക്കിടയിലും അയിത്തമുണ്ടായിരുന്നു. വേറെ ജാതിക്കാരെ അടിയരുടെ വീട്ടിലേക്ക് കയറ്റില്ല. അടിയാന്മാരുടെ വീട്ടിലേക്ക് അടിയാന്മാർ മാത്രമെ പോകൂ. ഇപ്പോൾ അടിയർക്കിടയിൽ ഇങ്ങനെയൊന്നുമില്ല, അവരുടെ മനോഭാവമെല്ലാം മാറി. അയിത്തത്തിനോട് എനിക്ക് പണ്ടേ എതിർപ്പായിരുന്നു.

കാട്ടുനായ്ക്കർ വിഭാഗത്തിലെ ചിലർ മറ്റു ജാതിക്കാരെ ഇപ്പോഴും അവരുടെ അടുക്കളയിൽ കയറ്റില്ല. വേറെ ജാതിക്കാരുടെ വീട്ടിൽ പോയാൽ അവരുടെ അടുക്കളയിൽ ഇവരും കയറില്ല. എതിരായി എന്തെങ്കിലും ചെയ്താൽ ഇവരുടെ ഗാളിക്ക് (ദൈവം) കോപം വരും. ഗാളിക്ക് കോപം വന്നാൽ ഇവരെ ശപിച്ചുകളയുമെന്നാണ് പറയുന്നത്. പക്ഷെ, പണിയ വിഭാഗത്തിനിടയിൽ അയിത്തമില്ല. അവരുടെ വീടുകളിൽ ഏതു ജാതിക്കാർ വന്നാലും കുഴപ്പമില്ല. ഇവരുടെ വീടുകളിലും ഇവരോടൊപ്പവുമാണ് ഞാൻ കൂടുതലും ചെലവഴിച്ചിരിക്കുന്നത്​. അപ്പോഴൊന്നും അയിത്തത്തെക്കുറിച്ച് അവർ പറയുന്നതുപോലും കേട്ടിട്ടില്ല. പക്ഷെ മറ്റുള്ളവരിൽ നിന്ന്​ ഏറ്റവും കൂടുതൽ അയിത്തവും ജാതിപ്പേര്​ വിളിച്ചുള്ള അവഹേളനവും നേരിടേണ്ടിവരുന്നത്, കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരാണ്​.

വയനാട്ടിലാണ് ഏറ്റവും കൂടുതൽ പണിയ സമുദായക്കാരുള്ളത്. എണ്ണത്തിൽ കൂടുതലുള്ള ഇവരുടെ തലയെണ്ണിയാണ്​ പട്ടികവർഗ സംവരണതോത് പോലും വർദ്ധിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഭൂരഹിതർ പണിയർക്കിടയിലാണ്. അതുകൊണ്ടുതന്നെ ആദ്യം മുതലേ പണിയ സമുദായത്തോട് എനിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. എന്റെ ആദ്യത്തെ ഭൂസമരം ഈ വിഭാഗത്തിനു വേണ്ടിയായിരുന്നു. അതിന്റെ ഫലമായി വെള്ളമുണ്ട പഞ്ചായത്തിലെ കോളിക്കംപാളി പണിയ കോളനിയിലെ 10 കുടുംബങ്ങൾക്ക് 10 സെൻറ്​ വീതം ഭൂമി പതിച്ചു നൽകി. എന്റെ നേതൃത്വത്തിൽ നടന്ന ഭൂസമരങ്ങളിൽ ഈ വിഭാഗത്തിന്റെ പങ്കാളിത്തത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. എല്ലാവരാലും അകറ്റിനിർത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ഈ വിഭാഗത്തെ കൂടുതൽ ചേർത്തുനിർത്താനാണ് ഞാൻ ശ്രമിച്ചത്. ഞാൻ ഏറ്റവും കൂടുതൽ സന്ദർശിച്ചിരുന്നതും മീറ്റിംഗ് കൂടിയതും താമസിച്ചതും ഈ വിഭാഗക്കാരുടെ കോളനികളിലാണ്.

കാടറിയുന്ന കരിന്തണ്ടനെക്കുറിച്ച് ബ്രിട്ടീഷുകാർ അറിഞ്ഞു. മലകളിലൂടെ പാത കണ്ടെത്തുന്നതിന് സഹായിയായി അദ്ദേഹത്തെ കൂട്ടുകയും ചെയ്തു.

പണിയർ ഈശ്വരതുല്യമായി ആരാധിച്ചിരുന്ന ചരിത്രപുരുഷനാണ് ‘കരിന്തണ്ടൻ’. തോലടിയൻ നാണ്യത്തിൽ ജനിച്ച കരിന്തണ്ടൻ വയനാട് ചുരത്തിലെ നാലാം വളവിലാണ് താമസിച്ചിരുന്നത്. കരിന്തണ്ടനെ ആരാധിക്കുന്ന പണിയസമുദായക്കാരുടെ കാവുകൾ പല സ്​ഥലങ്ങളിലുണ്ട്. ചൂരൽവടിയും കൊടുവാളും പിച്ചളവളയുമാണ് കരിന്തണ്ടന്റെ പ്രതീകമായി ആരാധിച്ചുവരുന്നത്. കോഴിക്കോട്ടുനിന്ന്​ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിന്റെ വഴികാട്ടിയാണ് ഇദ്ദേഹം.

താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരമെന്നാണ് പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട്ടുനിന്ന്​ വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. ബ്രിട്ടീഷ് എൻജിനീയർമാർക്ക്​ മലവഴി വയനാട്ടിലേക്ക്​ പാത കണ്ടെത്താൻ കഴിഞ്ഞില്ല.

കാട്ടിലായിരുന്നു കരിന്തണ്ടന്റെ താമസം. കാട്ടിലെ അറിഞ്ഞിൽ മരത്തിന്റെ തൊലി ചതച്ച് വീതിയാക്കിയാണ്​ അദ്ദേഹം ഉടുത്തിരുന്നത്. കാട്ടുകിഴങ്ങും കഴിച്ച് കാട്ടുചോലയിലെ നീരും കുടിച്ച് കാടിന്റെ ഓരോ ദിക്കിലും നടന്ന് അവിടെ താമസിക്കും. കാടറിയുന്ന കരിന്തണ്ടനെക്കുറിച്ച് ബ്രിട്ടീഷുകാർ അറിഞ്ഞു. മലകളിലൂടെ പാത കണ്ടെത്തുന്നതിന് സഹായിയായി അദ്ദേഹത്തെ കൂട്ടുകയും ചെയ്തു.

 Photo: reachkerala.com
Photo: reachkerala.com

എളുപ്പം മലകയറാനുള്ള വഴി കാട്ടിത്തരാമെന്നു പറഞ്ഞ് കരിന്തണ്ടൻ മുന്നിലും ബ്രിട്ടീഷുകാർ പുറകിലുമായി നടന്നു. മരത്തിൽ തൊലി കൊത്തി അടയാളപ്പെടുത്തിയാണ് താഴെ നിന്ന്​ മുകളിലേക്ക് അവർ നടന്നുനീങ്ങിയത്. അടയാളപ്പെടുത്തിയ സ്​ഥലത്തൂടെ കാടുവെട്ടി പാതയൊരുക്കി. ബ്രിട്ടീഷുകാരെ പോലെയുള്ള പ്രബലശക്തിക്ക്​ ഒരു ആദിവാസിയുടെ സഹായം തേടേണ്ടിവന്നത് പുറംലോകം അറിയാതിരിക്കാൻ കരിന്തണ്ടനെ ചതിച്ചുകൊന്നുവെന്നാണ് പറയുന്നത്. ആദിവാസികൾ പണ്ടുമുതലേ ചരിത്രതാളുകളിൽ തിരസ്​കരിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഈ യാഥാർത്ഥ്യങ്ങളുടെ എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. ആദിവാസികൾക്കിടയിൽ വായ്മൊഴിയിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണുള്ളത്. ഞാൻ സാക്ഷരതാ ഇൻസ്​ട്രക്ടറായി ജോലി ചെയ്തപ്പോൾ സാക്ഷരതാ ക്ലാസിലിരുന്ന് ഞങ്ങളെല്ലാവരും കരിന്തണ്ടനെക്കുറിച്ച് കവിതയെഴുതിയിരുന്നു.

‘‘തോലടി മാമ്മ മിരെയ്
വഴിയും കാട്ടി,
മേലാളർ കാടും കേറി
നാടുംമാക്കി...’’
എന്നു തുടങ്ങുന്നതായിരുന്നു കവിത. കരിന്തണ്ടനെക്കുറിച്ച് എനിക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നത് കോഴിക്കോട് വട്ടച്ചിറ ഫാമിലെ ചാലൻ മൂപ്പനാണ്. അദ്ദേഹം കരിന്തണ്ടന്റെ കാവിൽ കർമ്മങ്ങൾ ചെയ്യുന്നയാളാണ്. കരിന്തണ്ടന് മരണമില്ല എന്നും വഴികാട്ടിയായി തങ്ങളുടെ കൂടെയുണ്ട് എന്നുമാണ്​ ഇവർ വിശ്വസിക്കുന്നത്.

പണിയ സമുദായങ്ങൾക്കിടയിൽ ഇപ്പോഴും ആങ്ങളയുടെയും പെങ്ങളുടെയും മക്കൾ തമ്മിൽ വിവാഹം കഴിക്കാറുണ്ട്. അതിൽ തെറ്റൊന്നുമില്ലെന്നാണ് ഊരംകൊല്ലി കോളനിയിലെ കുറുക്കൻ മൂപ്പൻ എന്നോട് പറഞ്ഞത്.

തെക്ക് ചുരത്തിൽ (തെക്ക് ഭാഗത്തുള്ള ചുരം) ഇപ്പിമല കോട്ടയിൽ ജനിച്ച ഉത്തപ്പൻ, ഉത്തമ്മ എന്നിവരിൽനിന്നാണ്​ പണിയരുടെ ഉൽഭവം എന്നാണ് ഐതിഹ്യത്തിൽ പറയുന്നത്. തേങ്ങയേറു മെതിക്കല്ല്​ (തേങ്ങയെറിയുന്ന കല്ല്), ചാന്ത് അരടി ചാന്തുകല്ല്​ (ചാന്ത് അരക്കുന്ന കല്ല്), കുറിയരക്കു കുറിക്കല്ല്​, വൊളിച്ചപാടിയെൻ കരിങ്കല്ല്​ തുടങ്ങി ഇപ്പിമലയിൽ വലിയ പാറക്കൂട്ടങ്ങളുണ്ട്. ഇവിടെയാണ് ഉത്തപ്പനും ഉത്തമ്മയും ജനിച്ചു വളർന്നത്. ഇവർ ആങ്ങളയും പെങ്ങളും ആയിരുന്നു. ഇവർ ജനിച്ചപ്പോൾ മുതൽ ഉടുക്കാൻ വസ്​ത്രമില്ലായിരുന്നു. നശരീരത്തോടെയാണ് ജീവിച്ചത്. ഒരു ദിവസം ഇപ്പിമലയിലെ തമ്പിരാൻ ഉത്തപ്പനെയും ഉത്തമ്മയെയും കാണുകയും ഉടുക്കാൻ ഒരു വെള്ളമുണ്ട് കൊടുക്കുകയും ചെയ്തു. ഇതിൽ ഒരറ്റം ഉത്തപ്പനും ഒരറ്റം ഉത്തമ്മയും പുതച്ചു. മേടമാസക്കാലത്ത് ഇപ്പിമലയിൽ വെളുത്ത കൊട്ടപ്പഴം പഴുക്കും. അത്​ തിന്ന് ആങ്ങളയും പെങ്ങളും രണ്ടു ഭാഗത്തേക്ക് മെല്ലെ നടന്നു. തിരിഞ്ഞുനോക്കിയപ്പോൾ കൊട്ടമുള്ള് കൊളുത്തി മുണ്ട് കീറി രണ്ടു കഷ്ണമായി. പെങ്ങൾക്കൊരു കഷ്ണവും, ആങ്ങളക്ക് ഒരു കഷ്ണവും കിട്ടി. പിന്നെ ഇപ്പിമല തമ്പുരാൻ ഇവരെ കല്ല്യാണം കഴിപ്പിച്ചു കൊടുത്തു. അതുകൊണ്ട് പണിയ സമുദായങ്ങൾക്കിടയിൽ ഇപ്പോഴും ആങ്ങളയുടെയും പെങ്ങളുടെയും മക്കൾ തമ്മിൽ വിവാഹം കഴിക്കാറുണ്ട്. അതിൽ തെറ്റൊന്നുമില്ലെന്നാണ് ഊരംകൊല്ലി കോളനിയിലെ കുറുക്കൻ മൂപ്പൻ എന്നോട് പറഞ്ഞത്. ഇദ്ദേഹം പണിയരുടെ കർമ്മങ്ങൾ ചെയ്യാനറിയുന്ന കർമി (‘ആട്ടാളി’) ആണ്. വയനാട്ടിലെ പണിയരുടെ കോളനികളിൽ താമസിക്കുമ്പോൾ ഇവരുടെ ചടങ്ങുകളിൽ ഞാനും പങ്കാളിയായിരുന്നു. ഇല്ല (കുലം) ത്തിന് ‘നാണ്യ’ എന്നാണ് ഇവർ പറയുന്നത്. കൊളേരിയൻ, മൂന്നിലൻ, കിയങ്ങാടൻ, ചാത്തൻ കോടൻ, ചേരങ്കോടൻ, മണിയങ്കോടൻ, ഇളംങ്കോടൻ, ബൊള്ളെങ്കൊലിയൻ, അഞ്ചിലൻ, കറുവമണ്ണൻ, കാരമാടെൻ, വള്ളിമാടൻ, നാലപ്പാടൻ, പുതിയാലെ, ചേമ്പണ്ടിയെ, ഈശണ്ടെ, ഉരുളിയെ, കളിന്തെ, മാക്യം, തിരുമ്മത്ത, പിരിച്ചൂട്ടൻ, കൊല്ലിവയലൻ, പീലോരിയെൻ, ഭരതിയൻ, തരുവാരൻ, കണ്ണൻചാത്തൻ, പന്തുബോറെ, തോലടിയൻ, തുടങ്ങിയ നാണ്യങ്ങൾ ഇവർക്കിടയിലുണ്ട്.

പെൺകുട്ടി ഋതുമതിയായാൽ വയസ്സറിയിക്കൽ കല്ല്യാണം നടത്താറുണ്ട്. തെരണ്ടു കല്ല്യാണം, നിറഞ്ചകല്ല്യാണം എന്നെല്ലാം ഈ ചടങ്ങിനെ പറയും.
പെൺകുട്ടി ഋതുമതിയായാൽ വയസ്സറിയിക്കൽ കല്ല്യാണം നടത്താറുണ്ട്. തെരണ്ടു കല്ല്യാണം, നിറഞ്ചകല്ല്യാണം എന്നെല്ലാം ഈ ചടങ്ങിനെ പറയും.

പെൺകുട്ടി ഋതുമതിയായാൽ വയസ്സറിയിക്കൽ കല്ല്യാണം നടത്താറുണ്ട്. തെരണ്ടു കല്ല്യാണം, നിറഞ്ചകല്ല്യാണം എന്നെല്ലാം ഈ ചടങ്ങിനെ പറയും. പെൺകുട്ടി പ്രായപൂർത്തിയായ വിവരം എല്ലാ ബന്ധുക്കളെയും അറിയിക്കും. തിരി തെളിയിച്ച് കാരണവന്മാരെയും തെയ്യങ്ങളെയും വിളിച്ച് അനുവാദം വാങ്ങിയശേഷമാണ് ചടങ്ങ് നടത്തുക. രാത്രിയാണ് ചടങ്ങുകൾ ആരംഭിക്കുക. ഈ ചടങ്ങിൽ അരിയിടിച്ച് പുട്ടുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പുട്ടുണ്ടാക്കി കഴിഞ്ഞാൽ ചെമ്മി (ചടങ്ങുകളെല്ലാം നടത്തുന്നയാൾ) തെയ്യങ്ങളോടും കാർന്നോർമാരോടും കാര്യങ്ങൾ പറഞ്ഞ് ഒരു വാഴയിലയിൽ പുട്ടും, മറ്റൊരിലയിൽ ചോറും വിളമ്പി വെക്കും. ഒരു കയ്യിൽ പുട്ടും ഒരു കയ്യിൽ ചോറും എടുത്ത് ചെമ്മി മൂന്നുതവണ (മൂന്ന് മറിയം) പുറകോട്ട് നീട്ടും. അവിടെ വരുന്ന മുതിർന്ന കാർന്നേർമാരെല്ലാവരും ഇതു ചെയ്യും. ‘മൂർത്തം’ കൊടുക്കുന്നത് എന്നാണ് ഇതിനെ പറയുന്നത്. പന്തലിൽ പായവിരിച്ച് പെണ്ണിനെ അവിടെയിരുത്തി നേരം വെളുക്കുന്നതുവരെ രണ്ട് കാർന്നോർമാർ തുടിയടിച്ച് കർമ്മങ്ങൾ ചെയ്യും. പെണ്ണിന്റെ ദേഹത്തുള്ള എല്ലാ ദോഷങ്ങളും കർമ്മം ചെയ്യുന്നവർ ഉറഞ്ഞുതുള്ളി ദൈവത്തിനോട് പ്രാർത്ഥിച്ച് ഇറക്കിവിടും. നേരം വെളുത്തു കഴിഞ്ഞാൽ വയസ്സറിയിച്ച പെണ്ണിനെ സ്​ത്രീകൾ കുളിപ്പിക്കാൻ കൊണ്ടുപോകും. അകത്തുനിന്ന് പെണ്ണിനെ കണ്ണ് പൊത്തിയാണ് ഇറക്കിക്കൊണ്ടുവരിക.

പണിയർക്കിടയിൽ ഒരാൾ മരിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ തുടർച്ചയായി മൂന്ന് വർഷം മരണാനന്തര ചടങ്ങ് നടത്തേണ്ടതുണ്ട്. പുല അടിയന്തരം ചെയ്യാതിരുന്നാൽ ജീവിച്ചിരിക്കുന്നവർക്കും, ബന്ധുക്കൾക്കും കഠിന പീഢനങ്ങളും രോഗങ്ങളും മരണവും പ്രകൃതിനാശവും സംഭവിക്കുമെന്നാണ് വിശ്വാസം.

ഒരു കിണ്ണത്തിൽ വെറ്റില, അടക്ക, അരി, തേങ്ങ എന്നിവ കൊണ്ടുപോകും. പുഴയിലോ തോട്ടിലോ ആണ് കുളിപ്പിക്കുക. വലിയ കലത്തിൽ ചൂടുവെള്ളം വെച്ചിട്ടുണ്ടാവും. നെല്ലിൻ്റ മുകളിൽ പായ വിരിച്ച് പെണ്ണിനെ അതിൽ നിർത്തും. മഞ്ഞൾ തേച്ചു കഴിഞ്ഞ്, മുതിർന്ന സ്​ത്രീകൾ ആദ്യം തലയിലും, കാലിലും ഇളം ചൂടുവെള്ളം പാർന്നുകൊടുക്കും. പിന്നെ എല്ലാ സ്​ത്രീകളും അങ്ങനെ ചെയ്യും. പെണ്ണിനെ മുട്ടുകുത്തിയിരുത്തി അവളെക്കൊണ്ട് തേങ്ങ പൊട്ടിക്കും. പെൺകുട്ടിയുടെ കൈയ്യിൽ ഒരു വെറ്റിലയും അടയ്ക്കയും കൊടുക്കും. അത് തോട്ടിലെ വെള്ളത്തിൽ നിന്ന് രണ്ടു കാൽപാദത്തിന്റെയും ഇടയിലൂടെ ഒഴുക്കിവിടും. പെണ്ണിനെ കുളിപ്പിച്ചുകേറ്റി പുതിയ വസ്​ത്രം ധരിപ്പിച്ച് മാലയും, വളയും, പൂവും ചൂടി ഒരുക്കും. തലയിൽ ചുമാട്ടെ (തെരിക) വെച്ച്, മൊന്തയിൽ നിറച്ച വെള്ളം തലയിൽ വെച്ച് കൊടുക്കും. വലതുകൈയ്യിൽ പിച്ചാത്തിയും അരക്കെട്ടിൽ അരിയും തുണിയുടെ കോന്തലിൽ പണവും കെട്ടും. പെണ്ണ് നടന്നുവരുമ്പോൾ പന്തലിനുപുറത്ത്, കുറച്ചു മുന്നിലായി രണ്ടു ആണുങ്ങൾ ചൂരൽവടിയും പിടിച്ച് നിൽക്കും. തുടിയുടെയും കുഴലിന്റെയും ആരവത്തിൽ പെണ്ണിനെ പന്തലിലേക്ക് കൊണ്ടുവരും. മുതിർന്ന കാർന്നോരത്തി പെണ്ണിന്റെ കൈ പിടിച്ചിട്ടുണ്ടാകും. പന്തലിൽ മൂന്നുവട്ടം വലം വെച്ചുകഴിഞ്ഞ് പായയിലിരുത്തും. വെറ്റിലയും അടക്കയും ദക്ഷിണയായി പെൺകുട്ടി മുതിർന്നവർക്ക്​ കൊടുക്കും. ദക്ഷിണ വാങ്ങാൻ വരുന്നവരെല്ലാം കിണ്ണത്തിൽ പൈസയിടും. സദ്യ കഴിഞ്ഞ് നിറഞ്ച കല്ല്യാണത്തിന് വന്നവരെല്ലാം മടങ്ങും. വയസ്സറയിക്കൽ ചടങ്ങ് ചെയ്യാത്ത പെണ്ണിന് കല്ല്യാണം കഴിഞ്ഞ് ഗർഭിണിയാകുന്ന സമയത്ത് ബാധ കേറിയ പോലുള്ള അസ്വസ്​ഥത ഉണ്ടാകുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഗർഭിണിക്ക് അസ്വസ്​ഥത ഉണ്ടായാൽ അത് മാറ്റാൻ നടത്തുന്ന ചടങ്ങിനെ ‘ആട്ട്’ എന്നാണ് പറയുന്നത്. പണ്ട് പ്രസവമെടുത്തിരുന്ന സ്​ത്രീകളെ പണിയ ഭാഷയിൽ ‘പുള്ളെ പുടിക്കാറത്തി’ എന്നായിരുന്നു പറഞ്ഞിരുന്നത്.

Photo: KIRTADS
Photo: KIRTADS

പണിയർക്കിടയിൽ ഒരാൾ മരിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ തുടർച്ചയായി മൂന്ന് വർഷം മരണാനന്തര ചടങ്ങ് (‘പിലെ അടിയന്തരം’) നടത്തേണ്ടതുണ്ട്. പുല (പിലെ) അടിയന്തരം ചെയ്യാതിരുന്നാൽ ജീവിച്ചിരിക്കുന്നവർക്കും, ബന്ധുക്കൾക്കും കഠിന പീഢനങ്ങളും രോഗങ്ങളും മരണവും പ്രകൃതിനാശവും സംഭവിക്കുമെന്നാണ് വിശ്വാസം. അടിയന്തര കർമ്മത്തിലെ പ്രധാന കാർമ്മികൻ ആട്ടാളിയാണ്. പരേതാത്മാക്കൾക്ക് മോക്ഷം നേടി കൊടുക്കുന്നയാളും മരുന്നും മന്ത്രവും അറിയുന്നയാളും പണിയ ഗോത്രത്തിന്റെ ചരിത്രമറിയുന്നയാളുമാണ് ‘ആട്ടാളി’. പണിയ സമൂഹത്തിൽ ആട്ടാളി ബഹുമാന്യനാണ്. ആട്ടാളി സ്​ഥാനം ലഭിക്കണമെങ്കിൽ കർമ്മങ്ങൾ ചെയ്യുന്ന സമയത്ത് 24 മണിക്കൂറും ഊണും ഉറക്കവും വെടിഞ്ഞ് കർമ്മങ്ങൾ അറിയുന്ന മുതിർന്ന ആട്ടാളിയോടൊപ്പമിരുന്ന് അദ്ദേഹം ഉരുവിടുന്ന മന്ത്രങ്ങൾ പഠിക്കണം. മരണശേഷം ഏഴാംനാൾ നടത്തുന്ന ‘പിലെ’ അടിയന്തരമാണ് ‘കരിംപിലെ.’ രണ്ടാം വർഷം, ‘കാക്കപിലെ’, മൂന്നാംവർഷം ‘അടക്കംപിലെ’.
അടക്കംപിലെ വരെ ചുടലയിൽ കഴിയുന്ന ആത്മാവ്​ ചുടലഭദ്രകാളിയുടെ അധീനതയിലായിരിക്കും. അരയിൽ ചങ്ങലയാൽ ബന്ധിതനായി സദാസമയം പീഢനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന മരിച്ചയാളുടെ ആത്മാവിന് അടക്കംപിലെയോടെ മോക്ഷപ്രാപ്തി കൈവരുന്നു. തുടിയടിച്ച് ചീനിയൂതി, പേനെപ്പാട്ടു പാടി കർമ്മങ്ങൾ ചെയ്താണ് ആത്മാവിനെ പൂർവ്വികരെ ഏൽപിക്കുന്നത്. ‘പേനെ’എന്നാണ് മരിച്ചയാളുടെ ആത്മാവിനെ ഇവർ പറയുന്നത്. അടക്കംപിലെയുടെ അവസാനകർമ്മത്തിലെ പേനെപ്പാട്ട് ഇങ്ങനെയാണിവർ പാടുന്നത്.

മൂന്നു കൊല്ലത്തിലു
ഇലെപിലെ കെട്ടികയിച്ചു
ഇല്ലു ഈക്കും കല്ലും കരിയും തീരുത്തു
ഇഞ്ചു നിന്നെ ഒന്നാംപടി തട്ടിത്തുറാന്തു
ഉലാകം പടി തട്ടിത്തുറാന്തു
രണ്ടാപടി തട്ടിത്തുറാന്തു
മൂന്നാംപടി തട്ടിത്തുറാന്തു
നാലാംപടി തട്ടിത്തുറാന്തു
അഞ്ചാംപടി തട്ടിത്തുറാന്തു
ആറാംപടി തട്ടിത്തുറാന്തു
ഏഴാംപടി തട്ടിത്തുറാന്തു

പണിയർക്കിടയിൽ ഒരാൾ മരിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ തുടർച്ചയായി മൂന്ന് വർഷം മരണാനന്തര ചടങ്ങ് (‘പിലെ അടിയന്തരം’)  നടത്തേണ്ടതുണ്ട്.
പണിയർക്കിടയിൽ ഒരാൾ മരിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ തുടർച്ചയായി മൂന്ന് വർഷം മരണാനന്തര ചടങ്ങ് (‘പിലെ അടിയന്തരം’) നടത്തേണ്ടതുണ്ട്.

പരേതാത്മാവിന്റെ എല്ലാ തെറ്റുകുറ്റങ്ങൾക്കും ചെയ്തുതീർക്കേണ്ട പാപപരിഹാരങ്ങൾ മൂന്നുവർഷം കൊണ്ട് ഞങ്ങൾ ചെയ്തുതീർത്തു. ഇന്ന് നിനക്ക് മോക്ഷം ലഭിക്കുകയാണ്. സ്വർഗത്തിന്റെ ഏഴാം പടിയും തട്ടിത്തുറന്ന്​ പരേതാത്മാവിനെ ആദിമാതാപിതാക്കളായ ഉത്തപ്പന്റെയും ഉത്തമ്മയുടെയും സുരക്ഷിത കൈകളിലേക്ക് ആട്ടാളി ഏൽപിച്ചു കൊടുക്കുന്നു എന്നാണ് ഈ പേനെപ്പാട്ടിലൂടെ പറയുന്നത്. ഇതോടെ എല്ലാ പാപകർമ്മങ്ങളിൽ നിന്നും ആത്മാവ്​ മുക്തി നേടുന്നു.

‘ഏഴാംപടി തട്ടിയടാച്ചു
ആറാംപടി തട്ടിയടാച്ചു
അഞ്ചാംപടി തട്ടിയടാച്ചു
നാലാംപടി തട്ടിയടാച്ചു
മൂന്നാംപടി തട്ടിയടാച്ചു
രണ്ടാംപടി തട്ടിയടാച്ചു
ഒന്നാംപടി തട്ടിയടാച്ചു’

എന്നു പാടി പരേതാത്മാവിനെ സ്വർഗ്ഗത്തിലേക്ക് കയറ്റിവിട്ട കോണിയുടെ ഏഴുവാതിലുകളും ആട്ടാളി പൂട്ടും. പടിച്ചവനോടും, പിതൃക്കളോടും, കാർന്നോർമാരോടും വീട്ടിലെ തെയ്യങ്ങളോടും ആട്ടാളി നന്ദി പറയും. ഇനിയും എല്ലാ അനുഗ്രഹങ്ങളും, ഐശ്വര്യങ്ങളും ഉണ്ടാവണമെന്ന് പറഞ്ഞ്​ പേനെപ്പാട്ട് ആട്ടാളി അവസാനിപ്പിക്കും. മൂന്ന് വർഷത്തെ പിലെ അടിയന്തരത്തിനും പേനെപ്പാട്ടുണ്ടാവും. പിലെയടിയന്തരം നടത്താൻ ബന്ധുക്കളുടെയും സമുദായക്കാരുടെയും സഹായവും സഹകരണവും ഉണ്ടാവാറുണ്ട്. ഇവർ പരമ്പരാഗത നൃത്തം കളിക്കുന്നതിനെ ‘വട്ടക്കളി’ എന്നാണ് പറയുക. സ്​ത്രീകളും പുരുഷന്മാരും കുട്ടികളും വട്ടക്കളി കളിക്കും. തുടിയുടെയും കുഴലിന്റെയും ആരവത്തോടെ, വട്ടത്തിൽ ചുവടുവെച്ച്, താളത്തിലാണ് കളി. ആഘോഷം നടക്കുമ്പോൾ പാട്ടുപാടി വട്ടക്കളി കളിക്കുന്നത് കാണാൻ നല്ല രസമാണ്.

പണിയരുടെ കല്ല്യാണചടങ്ങിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ചെക്കൻ വന്ന് പെണ്ണിനെ കണ്ട് പരസ്​പരം ഇഷ്​ടപ്പെട്ടാൽ കല്ല്യാണ തിയ്യതി കുറിക്കും. തിയ്യതി കുറിക്കുന്ന ദിവസം പെണ്ണിന്റെ വീട്ടിലേക്ക് ചെക്കൻ കൂട്ടർ വരും. അന്ന് ചെക്കന്റെ വീട്ടിൽ നിന്ന്​ ഒരു കയറും വടിയും കൊണ്ടുവന്ന് പെണ്ണിന്റെ വീട്ടിൽ വെക്കും. പെണ്ണ് വേറെ ആരുടെയും കൂടെ പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കല്ല്യാണദിവസം പെണ്ണിനെ ഇറക്കികൊടുക്കുമ്പോൾ കയറും വടിയും തിരിച്ചു കൊടുക്കണം. കല്ല്യാണം കഴിച്ചു കൊണ്ടു പോകുന്നതുവരെ പെണ്ണിന്റെ ചെലവെല്ലാം ചെക്കൻ തന്നെ വഹിക്കണം. അവൾക്ക് ആവശ്യമുള്ളതെല്ലാം ചെക്കൻ കൊണ്ടുകൊടുക്കണം.

അകമന കോളനിയിലെ ഗോപിയുടെ കല്ല്യാണത്തിൽ പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമാണ്. രാത്രി തന്നെ പെണ്ണിെൻ്റ വീട്ടിലേക്ക് ചെക്കൻ നെല്ല് ചാക്ക് ചുമന്നുപോകണം. ചെക്കനെയും ചെക്കന്റെ കൂട്ടത്തിൽ പോകുന്നവരെയും പെണ്ണിന്റെ വീട്ടിലേക്ക് അന്ന് കേറ്റില്ല. ഞാൻ ചെക്കന്റെ കൂട്ടത്തിൽ പോയതുകൊണ്ട് എന്നെയും വീട്ടിൽ കേറ്റിയില്ല. മുറ്റത്തിനരികിൽ വാഴയുടെ ചുവട്ടിൽ ഞങ്ങളെ എല്ലാവരെയും നിർത്തി അവിടെ നിന്ന് തുടിയടിച്ച്, ചീനിയൂതി, പരമ്പരാഗത നൃത്തം വെയ്ക്കണം. നന്നായി കളിച്ചാൽ മാത്രമെ പെണ്ണിനെ അവർ കല്ല്യാണം കഴിപ്പിച്ചുതരികയുള്ളൂ. അതുകൊണ്ട് ചെക്കന്റെ കൂടെയുള്ളവരെല്ലാം നൃത്തം വെച്ചുകൊണ്ടിരുന്നു. പെണ്ണിന്റെ വീട്ടിൽ നിന്നും വെള്ളം പോലും അന്ന് ചെക്കന്റെ കൂട്ടർക്ക് തന്നില്ല. പെണ്ണിന്റെ വീടിനുസമീപത്തുള്ള ഒരു വീട്ടുകാരാണ് ഞങ്ങൾക്ക് ചായയും അവിലും തന്നത്. പിറ്റേന്ന്​ വൈകുന്നേരം നാല് മണിക്കാണ് കല്ല്യാണം നടത്താൻ പെണ്ണിന്റെ വീട്ടുകാർ ഞങ്ങളെ ക്ഷണിച്ചത്. ചെക്കൻ തലേന്ന് ചുമന്നുകൊണ്ടുവന്ന നെല്ല് ചാക്ക് കല്ല്യാണപന്തലിൽ കൊണ്ടുവെച്ചു. ചെക്കനെയും പെണ്ണിനെയും ഒരുക്കി, ആ നെൽചാക്കിനുമുകളിലിരുത്തിയാണ് വിവാഹചടങ്ങുകൾ നടത്തിയത്. താലി കെട്ടികഴിഞ്ഞാൽ മുതിർന്നവർക്ക് ദക്ഷിണ കൊടുക്കലും അനുഗ്രഹം വാങ്ങലുമാണ്. അതിനുശേഷം എല്ലാവർക്കും സദ്യ തന്നു. രാത്രി എട്ടു മണിയോടുടെ പെണ്ണിനെയും കൂട്ടി ചെക്കന്റെ വീട്ടിലേക്ക് പോയി. പെണ്ണിനെയും പെണ്ണിന്റെ വീട്ടുകാരെയും അന്ന് ചെക്കന്റെ വീട്ടിൽ കേറ്റില്ല. രാത്രി മുഴുവൻ അവരെ കോലായിലിരുത്തും. രാത്രി മുഴുവൻ ചെക്കന്റെയും പെണ്ണിന്റെയും കൂട്ടർ തുടി അടിച്ച്, ചീനിയൂതി നൃത്തം വെച്ചു. പിറ്റേന്നു രാവിലെ പത്ത് മണിയോടെ വെള്ളാട്ടം നടത്തി. വെള്ളാട്ടം നടത്തുന്ന കർമ്മി ചുവന്ന പട്ടുടുത്ത്, പ്രാർത്ഥിച്ച് ഉറഞ്ഞുതുള്ളി വന്ന്, കല്ല്യാണപെണ്ണിന്റെ കൈപിടിച്ച് വീടിനകത്തുള്ള തെയ്യത്തറയുടെ (ദൈവത്തെ പൂജിക്കുന്ന സ്​ഥലം) മുന്നിൽ പെണ്ണിനെ കൊണ്ടിരുത്തി. അതോടെയാണ് പെണ്ണിനെ ചെക്കന്റെ വീട്ടുകാർ അംഗീകരിക്കുന്നത്. അന്നത്തെ ദിവസം കല്ല്യാണത്തിന് വന്നവർക്കെല്ലാം സദ്യ വിളമ്പി. അതുകഴിഞ്ഞ് പെണ്ണിന്റെ വീട്ടുകാർ തിരിച്ചുപോയി. ഇങ്ങനെയായിരുന്നു ആ കല്ല്യാണം. ഇന്ന് ഈ രീതിയിലുള്ള കല്ല്യാണമൊന്നും കാണാറേയില്ല.

(അവസാനിച്ചു)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments