'കാണാതായ' ഇറച്ചിപ്പൊതികൾ ബീഫിസ്ഥാൻ-2

മലപ്പുറത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. 1960 കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റത്തിന്റെ, അത് സാധ്യമാക്കിയ സാമൂഹിക മാറ്റത്തിന്റെ ചരിത്രം. മിത്തുകളിലൂടെയും നുണക്കഥകളിലൂടെയും എങ്ങനെയാണ് ഗൾഫിൽ പോയ മുസ്‌ലിംകളെ പൊതുസമൂഹം അപരവൽക്കരിച്ചത് എന്നതിന്റെ സൂക്ഷ്മ രാഷ്ട്രീയം പറയുകയാണ് മുസഫർ അഹ്മദ്.

നി കുള്ളൻമാരാണ്, പൂണൂലിട്ടിട്ടുണ്ട്, കയ്യിൽ ചെറിയ കുടമണികളുണ്ട്. രാവിലെ അവർ ആ നാലുകെട്ടിലേക്കു വരും. എവിടെ നിന്നാണ് എന്നൊന്നും അറിയില്ല. അടുക്കളയിലെ വീതനപ്പുറത്ത് കൊണ്ടു വന്നു വെച്ച പോത്തെർച്ചിപ്പൊതിയുണ്ടെങ്കിൽ, പയ്യെർച്ചിപ്പൊതിയുണ്ടെങ്കിൽ അതെടുത്ത് ഒരു ചാക്കു നൂലിൽ കെട്ടി, ജാഥ പോലെ ആ സംഘം നടന്നു പോകും. മണി അടിച്ചുകൊണ്ടിരിക്കും. ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതെയ്, എവിടെ നിന്നു വന്നു, എവിടേക്കു പോയി എന്നൊന്നും ആർക്കുമറിയില്ല. വീണ്ടും പോത്തെർച്ചി വാങ്ങി അടുപ്പിന്റെ വീതനപ്പുറത്ത് കൊണ്ടൊന്ന് വെച്ചു നോക്ക്, ആ ദിവസം വീണ്ടും പൂണൂലിട്ട കുള്ളൻമാർ വരും. അവരത് എടുത്തു കൊണ്ടു പോകും. പോത്തെർച്ചി (ബീഫിനുള്ള പൊതു പേരാണിത്) വാങ്ങി ആവശ്യത്തിനുള്ളതെടുത്ത് പാചകം ചെയ്ത് ബാക്കി എടുത്തു വെച്ചാലും പിറ്റേന്ന് അതി പുലർച്ചെ ഈ സംഘം വരും, ഇറച്ചിപ്പൊതി എടുത്തു കൊണ്ടു പോകും- ഒടുവിൽ എന്തുണ്ടായി, അതാണല്ലോ കഥയിലെ കാര്യം, മാപ്പളാര് മന വിട്ടു, ഇപ്പോ ആളും അനക്കവുമില്ലാതെ മന കിടക്കുന്നു. കഥ പറയുന്നയാൾ തനിക്കു ചുറ്റും കൂട്ടം കൂടി നിൽക്കുന്നവരോട് പറഞ്ഞ് അവസാനിപ്പിച്ചു, വെറ്റിലയിൽ നൂറു തേക്കാൻ തുടങ്ങി.
80തുകളുടെ തുടക്കത്തിലാണ് ഈ കഥ പലയിടത്തു നിന്നായി കേൾക്കുന്നത്. വിശദാംശങ്ങളിൽ ചില മാറ്റങ്ങളുണ്ടാകാറുണ്ട്. ഒരു ഗൾഫുകാരൻ തകർച്ചയിലേക്ക് കൂപ്പു കുത്തുന്ന ഒരു നമ്പൂതരി മന വാങ്ങുന്നു (ചില കഥ പറച്ചിലുകാർ നായൻമാരിൽനിന്നും നാലു കെട്ടു വാങ്ങി എന്നാണ് പറയുക), താമസം തുടങ്ങി മനയിലെ/നാലു കെട്ടിലെ അടുക്കളയിൽ പാല് കാച്ചിയതിനു തൊട്ടു പിന്നാലെ ബീഫ് വരട്ടിയുണ്ടാക്കാൻ തുടങ്ങുന്നു.

ആ മനയുടെ/ നാലു കെട്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് അടുക്കളയിൽ ഇറച്ചി തിളക്കുന്നത്.

അതോടെ അതിനെ പ്രതിരോധിക്കാൻ അപര ലോകത്തു നിന്നും കുള്ളൻമാരായ മനുഷ്യർ, സൂക്ഷ്മ ജീവികളായ മനുഷ്യർ അവതരിപ്പിക്കുന്നു. അവർ ഒരിക്കലും ഇറച്ചി പാചകം ചെയ്യാൻ അനുവദിക്കില്ല. ഇനി അവരില്ലാത്ത നേരത്ത് പാചകത്തിനു ശ്രമിച്ചാൽ അടുപ്പിൽ തീ കത്തില്ല. പാത്രങ്ങൾ പൊട്ടിത്തെറിക്കും. ഇങ്ങിനെ പല നിലയിൽ, പല അടരുകളിലായി ആ കഥ വികസിച്ചു കൊണ്ടിരുന്നു. മുസ്‌ലിം ഗൾഫുകാരൻ നടത്തുന്ന "അധിനിവേശത്തിന്റെ' ആദ്യ കഥകളിലൊന്നാണിത്.

നാട്ടിൽ ഒരു ഗൾഫുകാരൻ നാലു കെട്ട് വാങ്ങിയത് എനിക്കു നേരിട്ടറിയാം. ഒരു പക്ഷെ ഒരു ഗൾഫുകാരൻ നാലു കെട്ട് വാങ്ങിയ ഏക സംഭവം. ഗൾഫുകാരന്റെ കുടുംബം അവിടെ താമസിച്ചതൊന്നുമില്ല.

1982ൽ ഗബ്രിയേൽ ഗാർസിയ മാർകേസ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുമ്പോൾ ബീഫ് പ്രതിരോധ മാജിക്കൽ റിയലിസം മലപ്പുറത്ത് അരങ്ങു തകർക്കുന്നുണ്ടായിരുന്നു.

അയാൾക്കതിന് ഉദ്ദേശവുമുണ്ടായിരുന്നില്ല. കുറച്ചുകാലം ആ നാലു കെട്ട് അടഞ്ഞു കിടന്നു. അതു കഴിഞ്ഞ് ആ നാലു കെട്ട് ഗൾഫുകാരൻ പൊളിച്ചു വിറ്റു. ഞങ്ങളുടെ നാട്ടിൽ അത്തരമൊരു ബിസിനസിന് തുടക്കം കുറിക്കപ്പെടുന്നത് അങ്ങിനെയാണ്. എന്നാൽ ഗൾഫുകാർ പിന്നീട് ഇത്തരത്തിലുള്ള കെട്ടുകൾ അധികമായി വാങ്ങിയതായി കേട്ടിട്ടില്ല. ആദ്യ കഥയിൽ പറയുന്ന മനയിൽ ചില ദിവസങ്ങൾ താമസിക്കാൻ അവസരം കിട്ടിയിട്ടും അവിടെ അസ്വാഭാവികമായി ഒന്നും നടന്നതായി തോന്നിയിട്ടുമില്ല. പക്ഷെ ഈ കഥകൾ അങ്ങിനെ തന്നെ നിന്നു, അതു പല വഴിക്ക് തഴച്ചു വളർന്നു. അതി മാരകമായ ഫാന്റസി പ്രയോഗിക്കുന്ന കഥ പറച്ചിലുകാർ അറിഞ്ഞോ അറിയാതെയോ ബീഫിസ്ഥാനെ പിളർത്തിക്കൊണ്ടിരുന്നു. ഇറച്ചിയായിരുന്നു മുഖ്യ ശത്രു. ഒരിടത്തും പൂണൂൽ ധരിച്ച കുള്ളൻമാരെ എനിക്കു കാണാനായില്ല.

1982ൽ ഗബ്രിയേൽ ഗാർസിയ മാർകേസ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുമ്പോൾ ബീഫ് പ്രതിരോധ മാജിക്കൽ റിയലിസം മലപ്പുറത്ത് അരങ്ങു തകർക്കുന്നുണ്ടായിരുന്നു. മാർകേസിന്റെ രണ്ടു പുസ്തകങ്ങൾ അദ്ദേഹത്തിനു നോബൽ സമ്മാനം കിട്ടി ചില വർഷങ്ങൾക്കു ശേഷം എനിക്കു കൊണ്ടു വന്ന് തന്നത് ഒരു ഗൾഫുകാരനായിരുന്നു. ദുബായിലെ ബുക്ക് ഷോപ്പിൽ നിന്നുമാണ് അയാൾ ആ പുസ്തകങ്ങൾ വാങ്ങിയത്. പക്ഷെ മാർകേസിനെ തോൽപ്പിക്കാൻ പോന്ന ഒരു കഥ (പിൽക്കാലത്ത് ഇതേ പോലെ പ്രചാരം നേടിയ വാമൊഴി കഥ "കുളമ്പു മനുഷ്യന്റേ'തായിരുന്നു) മലപ്പുറത്ത് നിരവധി പതിപ്പുകൾ വാമൊഴിയിൽ പ്രചരിക്കുന്നുവെന്നും അത് പിൽക്കാലത്ത് എത്തരത്തിൽ ഉപേയാഗിക്കപ്പെടുമെന്നതും ആദ്യമൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.

അൽപ്പ കാലം കഴിഞ്ഞത് വ്യക്തമായി. ഈ പ്രമേയം മറ്റു പല രൂപത്തിൽ മലയാള വാണിജ്യ സിനിമ ഏറ്റെടുത്തു. അതങ്ങിനെ ചരിത്ര സത്യമെന്ന മട്ടിൽ പ്രചരിച്ചു,. സ്ഥാപിക്കപ്പെട്ടു. ഈ കഥാ പരമ്പരയെക്കുറിച്ച്, അതുണ്ടാക്കിയ ഒറ്റപ്പെടുത്തലുകളെക്കുറിച്ച്, പൊതു ബോധത്തെക്കുറിച്ച് ആരും പഠിക്കുകയുണ്ടായില്ല. പഠിക്കാൻ കഴിയാത്ത സാധാരണ മലപ്പുറത്തുകാരൻ പതം പറയാനും അധികം നിന്നില്ല. കൊറോണയെ ജിഹാദ് വൈറസാക്കി രൂപാന്തരപ്പെടുത്തിയ പൊതുബോധത്തിലേക്ക് പല നാടുകളിൽ നിന്നും ഇങ്ങിനെ വന്നു ചേർന്ന വാമൊഴി ആഖ്യാനങ്ങൾക്ക് പ്രമുഖമായ, കൃത്യമായ പങ്കുണ്ട്.
ഒരു ചങ്ങാതി ആ കാലത്ത് ഇങ്ങിനെ പറയുമായിരുന്നു: "അവിടെ ഒന്നു പോയി താമസിക്കണം, ആ നാലുകെട്ടിൽ/മനയിൽ. എന്താണു സംഭവിക്കുക എന്നറിയണമല്ലോ' . വെറുതെ ഒരു കഥമാത്രമാകുമത്, എങ്കിലും സംശയം തീർക്കാം, ഇല്ല, ഇല്ല അങ്ങിനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല, എന്റെ യുക്തിക്ക് നീ പറയുന്ന ഈ കാര്യം ഒരു നിലക്കും ദഹിക്കുന്നില്ല.- അവൻ എന്നോട് ഉറപ്പിച്ചു പറഞ്ഞു. ഹേയ്, നീ എന്താണീപ്പറയുന്നത്, അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, അല്ല അത് എങ്ങിനെ സാധ്യമാകും, കഴമ്പില്ലാത്ത ഒരു കഥമാത്രമാകുമത്. ഇല്ല, അതൊരിക്കലും സത്യമാകില്ല- അവൻ ഈ വാക്കുകൾ എന്നോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ ഈ കഥ ഒരിടത്തു നിന്നും കേട്ടതാണ്, ഞാൻ പറഞ്ഞു നോക്കി.

വെളിച്ചമാണ് എപ്പോഴും ഈ കെട്ടുകഥകളെ തോൽപ്പിച്ചത്. വൈദ്യുതി വന്നപ്പോൾ നിരവധി പ്രേതങ്ങളും അവയുമായി ബന്ധപ്പെട്ട കഥകളും അപ്രത്യക്ഷമായതു പോലെ.

ഞങ്ങളൊക്കെ യൗവ്വനത്തിലേക്ക് പതുക്കെ മുതിരുന്നതേയുള്ളൂ. തറവാട്ടിലേയും ഞങ്ങൾ താമസിച്ചിരുന്ന വാടക വീടുകളിലേയും ചുമരുകളിലെ ചില വെട്ടുകൾ ദേവതമാർ മുതൽ കാളികളും കൂളികളും അർധരാത്രി കടന്നു പോകുന്ന വഴികളായിരുന്നുവെന്ന് മുതിർന്നവർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. വരവും പോക്കിനുമുള്ള വഴിയാണ് ചുമരിലെ ത്രികോണാകൃതിയിലോ ചതുരത്തിലോ ഉള്ള വെട്ടുകൾ എന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അമ്പലങ്ങളിലേക്കോ നാലുകെട്ടുകളിലേക്കോ/മനകളിലേക്കോ ഉള്ള വഴികൾ. പരദേവതകൾ, തറവാട് പ്രതിഷ്ഠകളിലെ ദൈവങ്ങൾ ഇങ്ങിനെയുള്ളവർ രാത്രി വൈകിയോ അതി പുലർച്ചയോ ചുമരിലെ വെട്ടുവിടവിലൂടെ കാറ്റു പോലെ കടന്നു പോകുന്നതിന്റെ ശബ്ദങ്ങൾ കേൾക്കാമെന്ന് മുതിർന്നവർ പറയുമായിരുന്നു.
തൊട്ടടുത്ത അമ്പലത്തിലെ പ്രതിഷ്ഠയായ ഭഗവതി ചുമർ വെട്ടുവഴിയിലൂടെ കടന്നു പോയപ്പോൾ കിരീടം വേണ്ട പോലെ ചെരിച്ചെടുക്കാൻ പറ്റാത്തതിനാൽ അതിൽ നിന്നുള്ള ചില മണികൾ തറവാട്ടിലെ മുറിയിൽ വീണു കിടന്നത് രാവിലെ കണ്ടവരുണ്ട്. ഞാൻ കണ്ടതാണ്, കണ്ടതാണ് എന്ന സത്യവാങ്മൂലം പലരും നൽകും. സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ് അടുക്കള ഉണരുന്നതിനു തൊട്ടുമുമ്പായാണ് ഇത്തരം കഥകൾ സജീവമായി നിൽക്കുക. സൂര്യൻ ഉദിക്കുന്നതോടെ, പ്രകാശം പരക്കുന്നതോടെ, വെയിൽ ശക്തമാകുന്നതോടെ ഇത്തരത്തിലുള്ള 'സത്യ'ങ്ങളെല്ലാം കഥകൾ മാത്രമാകും. വെളിച്ചമാണ് എപ്പോഴും ഈ കെട്ടുകഥകളെ തോൽപ്പിച്ചത്. വൈദ്യുതി വന്നപ്പോൾ നിരവധി പ്രേതങ്ങളും അവയുമായി ബന്ധപ്പെട്ട കഥകളും അപ്രത്യക്ഷമായതു പോലെ. എവിടെ ഭഗവതിയുടെ മുത്തും മാലയും എന്നൊക്കെ ഞാൻ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും പോത്തു പോലെ കിടന്നുറങ്ങിയാൽ ഒന്നും കാണാൻ പറ്റില്ലെന്നാകും കഥയുടെ ഉപജ്ഞാതാക്കളുടെ കൊള്ളിവാക്ക്. ഭഗവതി കടന്നു പോയെന്ന് കരുതുന്ന മുറിയിലാണ് ആ രാത്രി ഞാൻ കിടന്നിരുന്നതും.

രാത്രി ഒരു നിലയിലും ആരും വരാത്ത സ്ഥലമെന്ന നിലക്കാണ് ചുടലപ്പറമ്പ് കഞ്ചാവു വലിക്കാരുടെ സുരക്ഷിത സ്ഥലമായി മാറിയത്. ചിലപ്പോൾ അണഞ്ഞിട്ടില്ലാത്ത ചിതയിൽ നിന്നും തീക്കനലെടുത്ത് അവർ കഞ്ചാവു ബീഡി കത്തിക്കുന്നതും അന്ന് കണ്ടു.

അങ്ങിനെയുള്ള നിരവധി കഥകളിലൊന്നുപോലെ തന്നെയാകും പോത്തെർച്ചിപ്പൊതി കാണാതാവുന്ന നാലു കെട്ടിന്റേയും കഥയെന്ന് എനിക്ക് ആദ്യമേ തോന്നിയിട്ടുണ്ട്. ചുടലപ്പറമ്പിൽ ഒരു രാത്രി താമസിച്ച് ഒരു കുഴപ്പവും കൂടാതെ സുഹൃത്തും ഞാനും തിരിച്ചെത്തിയിട്ട് അധിക നാളുകളായിരുന്നില്ല. ആ രാത്രിയിലാണ് അയാൾ നാലുകെട്ടിൽ പോയി താമസിക്കണമെന്ന് പറഞ്ഞത്. നാട്ടിലെ ചിലർ അതിരഹസ്യമായി കഞ്ചാവു വലിക്കാൻ വന്നിരുന്നത് ആ ചുടലപ്പറമ്പിലായിരുന്നു. രാത്രി ഒരു നിലയിലും ആരും വരാത്ത സ്ഥലമെന്ന നിലക്കാണ് ചുടലപ്പറമ്പ് കഞ്ചാവു വലിക്കാരുടെ സുരക്ഷിത സ്ഥലമായി മാറിയത്. ചിലപ്പോൾ അണഞ്ഞിട്ടില്ലാത്ത ചിതയിൽ നിന്നും തീക്കനലെടുത്ത് അവർ കഞ്ചാവു ബീഡി കത്തിക്കുന്നതും അന്ന് കണ്ടു.

ചുടലപ്പറമ്പിലെ നിലാവുള്ള രാത്രികളിൽ കഞ്ചാവ് ലയിക്കുമ്പോൾ മത്തുപിടിപ്പിച്ചിരുന്നുവെന്ന് അതിൽ ഒരാൾ പിന്നീട് ജിദ്ദയിൽ വെച്ചു കണ്ടപ്പോൾ ഓർത്തു. അക്കാലത്തുതന്നെ ഒറ്റക്കുള്ള ഒരു യാത്രയിൽ മറ്റൊരു രഹസ്യ സ്ഥലം കൂടി തീർത്തും അവിചാരിതമായി ഞാൻ കണ്ടെത്തിയിരുന്നു. വലിയൊരു ആനക്കൊട്ടിൽ. നിരവധി ആനകൾ നിറഞ്ഞു നിൽക്കുന്ന കൊട്ടിൽ. എവിടേയും ആനപ്പിണ്ടത്തിന്റെ മണം. ഇടക്കിടെ അവിടേക്ക് ആനവാൽ മോതിര മോഹികൾ വരുന്നുണ്ട്. അവരിൽ നിന്നും പണം വാങ്ങി ആന രോമം പറിച്ചു കൊടുക്കുന്ന പാപ്പൻമാർ. ആനപ്പിണ്ടത്തിന്റെ മറവിൽ നിന്നെന്ന വണ്ണം പലയിടങ്ങളിൽ നിന്നായി പുക പൊന്തുന്നു. പാപ്പാൻമാരുടെ ചുണ്ടുകളിൽ നിന്നുള്ള ബീഡിയിൽ നിന്നാണ് പുകയെന്ന് ഒരു വട്ടം അവിടെ ചുറ്റി നടന്നപ്പോൾ തോന്നി. എന്താ, ആനവാൽ വേണ്ടേ എന്ന് ചില പാപ്പാൻമാർ ചോദിച്ചു, ഞാൻ തലയാട്ടി മുന്നോട്ടു നടന്നു, ആനകളെ പരമാവധി അടുത്തു നിന്ന് കാണാൻ ശ്രമിച്ചു.
ആ നടത്തത്തിൽ ഒരാളെ കണ്ടു, അയാൾ കുന്തിച്ചിരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് എന്റെ നേരെ കൈവീശി. അതെ, നാട്ടിലെ ചുടലപ്പറമ്പിൽ രാത്രി വരാറുണ്ടായിരുന്ന സംഘത്തിൽ പെട്ടയാളാണ്. ആനപ്പിണ്ടത്തിനിടയിലിരുന്ന് വലിച്ചാൽ കഞ്ചാവിന്റെ മണം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റില്ല. അതു കൊണ്ടാണ് ഇവിടെ വരുന്നത്, ഞാൻ മാത്രമല്ല, ഇനിയും ചിലർ കൂടി വരും, വെറുതെ ബീഡി വലിക്കുന്നവർ എന്നേ കണ്ടു നിൽക്കുന്നവർക്ക് തോന്നൂ. അയാൾ ചീട്ടുകളിക്കാർക്ക് ഒത്താശ ചെയ്യുന്നയാളായിരുന്നു. പണം വെച്ച് ചീട്ടുകളിക്കുന്നവരുടെ സഹായി.

ആനപ്പിണ്ടത്തിന്റെ മറവിൽ നിന്നെന്ന വണ്ണം പലയിടങ്ങളിൽ നിന്നായി പുക പൊന്തുന്നു. പാപ്പാൻമാരുടെ ചുണ്ടുകളിൽ നിന്നുള്ള ബീഡിയിൽ നിന്നാണ് പുകയെന്ന് ഒരു വട്ടം അവിടെ ചുറ്റി നടന്നപ്പോൾ തോന്നി.

മടിക്കുത്ത് നിറയെ പണവുമായി വന്ന് ഒരു രൂപ പോലും കയ്യിൽ അവശേഷിക്കാതെ മടങ്ങുന്നവരെക്കുറിച്ച് അന്ന് അയാൾ പറഞ്ഞു. വളരെക്കുറച്ച് പണവുമായി വന്ന് ആയിരക്കണക്കിന് രൂപ കളിയിൽ നിന്നും വാരിയെടുത്ത് മടങ്ങുമ്പോൾ ഒരു കൈ കൂടി കളിക്കാൻ നിന്ന് കയ്യിലുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ചും അയാൾ പറഞ്ഞു. മുതിർന്നപ്പോഴാണ് ജീവിത നാടകത്തിലെ വലിയൊരു രംഗമായിരുന്നു ആ ആനക്കൊട്ടിലും അവിടെ നിന്നു കണ്ടയാളും അയാൾ പറഞ്ഞ കഥകളുമെല്ലാം എന്ന് മനസ്സിലായത്. പല പുസ്തകങ്ങളേയും തോൽപ്പിക്കുന്നതാണെന്ന് അവയെല്ലാമെന്ന് പിൽക്കാലത്ത് തോന്നിയിരുന്നു.

ഇതെല്ലാം ഓർമ്മയിലേക്ക് വന്നത് ഇതേ കാലത്താണ് മനയിലേക്ക് പോകാനും അവിടെ താമസിക്കാനും ഞാനും എന്റെ സുഹൃത്തും തീരുമാനിച്ചത് എന്നതു കൊണ്ടാണ്. ചുടലപ്പറമ്പിലെ രാത്രി ജീവിതം ഒരേ വിധത്തിൽ ഞങ്ങളിൽ ഫാന്റസിയും ഭയവുമുണ്ടാക്കി, അതേ അളവിൽ ഞങ്ങളെ യുക്തിവാദികളുമാക്കി. അതിനാൽ നാലുകെട്ടിൽ പോയി താമസിക്കാൻ ഇതിലും പറ്റിയ മറ്റൊരു സന്ദർഭമില്ലെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ഞങ്ങൾ താമസിച്ചത് ഒരു മനയിലായിരുന്നു. അത് നാലു കെട്ടായിരുന്നില്ല. അതു തമ്മിലുള്ള വ്യത്യാസവും അന്ന് അറിയില്ല. മന വാങ്ങിയ ഗൾഫുകാരന്റെ ബന്ധുക്കളിലൊരാൾ ഞങ്ങളുടെ സഹപാഠി ആയതിനാൽ താമസത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.

ചുടലപ്പറമ്പിലെ രാത്രി ജീവിതം ഒരേ വിധത്തിൽ ഞങ്ങളിൽ ഫാന്റസിയും ഭയവുമുണ്ടാക്കി, അതേ അളവിൽ ഞങ്ങളെ യുക്തിവാദികളുമാക്കി.

ഗൾഫുകാരൻ അവധിക്ക് വന്ന കാലമായിരുന്നു. അയാളോട് ഇറച്ചിപ്പൊതികൾ കാണാതാകുന്നതിനെക്കുറിച്ച് ചോദിച്ചു- അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു: പറ്റുമെങ്കിൽ ഇവിടെ ഇറച്ചി പാചകം ചെയ്യരുതെന്ന് മന വിൽക്കുമ്പോൾ ഇവിടുത്തെ കാരണവർ പറഞ്ഞിരുന്നു, ഞങ്ങളത് അനുസരിക്കുകയും ചെയ്തതാണ്, ഈ കഥ എവിടെ നിന്നുമുണ്ടായി എന്ന് എനിക്കറിയില്ല. മനയിൽ താമസിക്കാൻ ഞങ്ങൾക്കുദ്ദേശമില്ല. പൊളിച്ച് നാലു സഹോദരങ്ങൾക്ക് വീടുണ്ടാക്കണമെന്നാണ് കരുതുന്നത്, മരം നല്ലതായിരിക്കും- ഗൾഫുകാരൻ ഒരു വർഷം കൊണ്ട് പറഞ്ഞതു പോലെ തന്നെ ചെയ്തു. പക്ഷെ ഇറച്ചിപ്പൊതി കഥ ഒരു യഥാർഥ സംഭവമായി തന്നെ പ്രചരിച്ചു, നില നിന്നു. ആ കഥ എന്നും ഒരു ലിഞ്ചിങ്ങ് ഉപകരണമായി നിൽക്കുമെന്നതിൽ സംശയമില്ല. ആ കഥകൾ തങ്ങളെ എങ്ങിനെയെല്ലാം പിളർക്കുമെന്നതിനെക്കുറിച്ച് അന്ന് മലപ്പുറത്തുകാർ ഓർത്തിരിക്കില്ല.
പരീക്ഷണാർഥം നാലുകെട്ടുകളും മനകളും വാങ്ങിയ അപൂർവ്വത്തിൽ അപൂർവ്വം ഗൾഫുകാരുണ്ട്. എന്നാൽ 40 കൊല്ലം ഗൾഫിൽ കഴിഞ്ഞിട്ടും സ്വന്തമായി ഒരു കൂര പോലും വെക്കാൻ കഴിയാതെ ഇന്നും വാടക വീടുകളിൽ കഴിയുന്നവരുമുണ്ട്. അവരെ ആരും കാണാറുമില്ല. മലപ്പുറത്തുകാരന്റെ ഗൾഫിലേക്കുള്ള പോക്കിനെക്കുറിച്ച് ഇന്ന് വിശദവും ആഴത്തിലും പഠിക്കുമ്പോൾ തെളിഞ്ഞു വരുന്ന മൂന്നു കാര്യങ്ങളുണ്ട്. പത്തേമാരിയിൽ പോയവർ, പ്രായപൂർത്തിയാകാത്തതിനാൽ മീശ വരച്ചുണ്ടാക്കി പാസ്‌പോർട്ടുണ്ടാക്കി പോയവർ, ഭർത്താവിന്റെ അസാന്നിധ്യമുണ്ടാക്കിയ വിരഹവും സംഘർഷവും മറി കടക്കാൻ ഉറക്ക ഗുളികകളിൽ അഭയം തേടിയ ഗൾഫുകാരുടെ ഇണകൾ- ഇവരിലൂടെയാണ് ഗൾഫുകാരുടെ ആത്മകഥാഖ്യാനങ്ങൾ അതിന്റെ യഥാർഥ്യവും സത്യസന്ധവുമായ അവസ്ഥകളെ കാണിച്ചു തരിക.

പരീക്ഷണാർഥം നാലുകെട്ടുകളും മനകളും വാങ്ങിയ അപൂർവ്വത്തിൽ അപൂർവ്വം ഗൾഫുകാരുണ്ട്. എന്നാൽ 40 കൊല്ലം ഗൾഫിൽ കഴിഞ്ഞിട്ടും സ്വന്തമായി ഒരു കൂര പോലും വെക്കാൻ കഴിയാതെ ഇന്നും വാടക വീടുകളിൽ കഴിയുന്നവരുമുണ്ട്.

നാലു കെട്ടും മനയുമൊക്കെ വാങ്ങിയ മലപ്പുറത്തെ ഗൾഫുകാർ എണ്ണത്തിൽ കുറവാണ്. മലപ്പുറത്തുകാർ ഗൾഫിലേക്ക് തൊഴിൽ തേടി പോകാൻ തുടങ്ങി രണ്ടു പതിറ്റാണ്ടിനു ശേഷം 1990ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ മലയാളികളടക്കമുളളവർക്ക് നാടുകളിലേക്ക് മടങ്ങേണ്ടി വന്നു. മലപ്പുറത്തേക്കും അത്തരത്തിലുള്ള മടക്കമുണ്ടായി. മധ്യ തിരുവിതാംകൂറിലേക്കുണ്ടായ മടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവായിരുന്നു. എന്നാൽ തറവാടുകളിലെ ജീവിതം അവസാനിക്കുകയും ഗൾഫുകാർ സ്വന്തം വീടുകളുണ്ടാക്കി മാറിത്താമസിക്കാൻ തുടങ്ങുന്നതും ഈ മടങ്ങലിനു ശേഷമാണ്. (കുവൈത്തിൽ നിന്നും മടങ്ങിയവരെക്കുറിച്ച് പഠിച്ച ഡോ. ജിനു സക്കറിയ ഉമ്മൻ ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്). മടങ്ങി വന്ന് രണ്ടു വർഷത്തോളം തറവാടുകളിൽ കഴിഞ്ഞപ്പോഴാണ് ഗൾഫുകാരനും കുടുംബവും അധികപ്പറ്റാണെന്ന മട്ടിലുള്ള പ്രതികരണങ്ങൾ സഹോദരങ്ങളിൽ നിന്നുണ്ടാകാൻ തുടങ്ങിയത്. അതാണ് അവരെ പിന്നീട് അണുകുടുംബ നിർമ്മിതിയിലേക്ക് നയിച്ചത്.

ഒരിടവേളക്കു ശേഷം ഗൾഫിലേക്ക് മടങ്ങിയവരെല്ലാം ആദ്യം കിട്ടിയ ശമ്പളം തൊട്ടേ വീടുനിർമാണത്തിലേക്കിറക്കി. 90കളിലാണ് ഈ പ്രവണത മലപ്പുറത്തും കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെടുന്നത്. ഗൾഫിൽ നിന്നും പണം അയക്കുമ്പോൾ മാത്രം സ്വീകാര്യരാവുകയും അല്ലാത്ത സമയത്ത് പുറംതള്ളപ്പെടുകയും ചെയ്യുമെന്നത് അനുഭവിച്ചതിനെത്തുടർന്നാണ് വീടുവെക്കലുകൾ പെരുകിയത്. കുവൈത്തിൽ നിന്നും മടങ്ങി വന്നവരുടെ അനുഭവം നേരിൽ കണ്ടവർക്കെല്ലാം ലഭിച്ച സന്ദേശം അണുകുടുംബമായി മാറുക എന്നതായിരുന്നു. അതിനു മുമ്പും വീടുവെച്ചു മാറിത്താമസിച്ചവരുണ്ട്. എന്നാൽ കുവൈത്ത് പ്രവാസികളുടെ അനുഭവം 90കളിൽ ഇതിനു ആക്കം കൂട്ടി.
അങ്ങിനെ മലപ്പുറത്തും ഗൾഫുകാർ ഏറ്റവും കൂടുതലായി നിക്ഷേപിക്കുന്നത് വീടുകളിലായി മാറി. കേരളത്തിൽ അടഞ്ഞു കിടക്കുന്ന 13 ലക്ഷം വീടുകളുണ്ടെന്ന കണ്ടെത്തൽ ഈ പ്രവണതയുടെ വളർച്ചയായേ കാണാനാകൂ. കിടപ്പാടമില്ലാതാകുമെന്ന ഭയം ആദ്യം ഗൾഫുകാരനേയും പിന്നീട് മറ്റുള്ളവരേയും തറവാടുകളിൽ നിന്നും ഇറങ്ങാൻ പ്രേരിപ്പിച്ചു. മലപ്പുറത്തും വാസ്തവത്തിൽ ഇതാണു നടന്നത്. കാണുന്ന നാലുകെട്ടും മനയും വാങ്ങി അവിടെയെല്ലാം ഇറച്ചി വേവിക്കുന്നതല്ല സംഭവിച്ചത്. പക്ഷെ പൊതുബോധത്തിൽ ഇത്തരം കഥകൾ വൈറസിനെപ്പോലെ പെറ്റു പെരുകി.
1969 ജൂൺ 16ന് മലപ്പുറം ജില്ല നിലവിൽ വന്നു. അതിനും മുമ്പെ ഇവിടെയുള്ളവരുടെ ഗൾഫിലേക്കുള്ള തൊഴിൽ തേടിയുള്ള ജീവിതം ആരംഭിച്ചിരുന്നു. പത്തേമാരികളിൽ 1964 മുതൽ മലപ്പുറത്തുകാർ ഗൾഫിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. ജില്ല വരുന്നതിനും അഞ്ചു വർഷം മുമ്പ്.

പ്രായം ആയിരുന്നില്ല, ആവശ്യമായിരുന്നു ഓരോരുത്തരേയും ഗൾഫിലേക്ക് നയിച്ചത്. അതിനനുസരിച്ചുള്ള രേഖകൾ ഓരോരുത്തർക്കും സ്വന്തമാക്കാനും കഴിഞ്ഞു. ഇന്ന് 51 വർഷത്തെ മലപ്പുറത്തെക്കുറിച്ച് പറയുമ്പോൾ, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തൊഴിൽ പ്രവാസികളായ ഈ ഗൾഫുകാരാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്കും ശ്രീലങ്ക, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കും അതിനു മുമ്പെ മലപ്പുറത്തുകാർ പുറപ്പെട്ടു പോയിട്ടുണ്ട്.

അടിയന്തിരാവസ്ഥ രാഷ്ട്രീയ അനുഭവങ്ങളുടെ ആദ്യപാഠങ്ങൾ അറിയാതെ, അതിന്റെ നിഴൽക്കഥകൾ മാത്രം മനസ്സിലാക്കുകയായിരുന്നു ഗൾഫുകാർ. പിൽക്കാലത്തും അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ ഈ കമ്മി, കുറവ് ബാധിച്ചിരുന്നു.

ബീഡിക്കമ്പനി മുറങ്ങൾ ബോംബെയിലെ തൊഴിൽ ശാലയിൽ ഉപേക്ഷിച്ച് റഫിയുടെ ഗാനങ്ങളുമായി പലരും അവിടെ നിന്നേ ഗൾഫിലേക്ക് പോയി. അവരുടെ മുമ്പിലൂടെ അടിയന്തരാവസ്ഥ തടവുകാരെ വിലങ്ങണിയിച്ച് കൊണ്ടു പോയി. ആ തടവുകാരും ഗൾഫിൽ പോകാൻ ഊഴം കാത്തു നിന്നവരും ഒരിക്കലും മുഖാമുഖം വന്നില്ല, അവർ തമ്മിൽ രാഷ്ട്രീയത്തെക്കുറിച്ച് ഒരിക്കലും സംവാദങ്ങളുണ്ടായില്ല, അങ്ങിനെ അടിയന്തിരാവസ്ഥ രാഷ്ട്രീയ അനുഭവങ്ങളുടെ ആദ്യപാഠങ്ങൾ അറിയാതെ, അതിന്റെ നിഴൽക്കഥകൾ മാത്രം മനസ്സിലാക്കുകയായിരുന്നു ഗൾഫുകാർ. പിൽക്കാലത്തും അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ ഈ കമ്മി, കുറവ് ബാധിച്ചിരുന്നു.
ഈ വിമർശനം ആദ്യ തലമുറ ഗൾഫുകാരൻ എക്കാലത്തും നേരിട്ടിട്ടുണ്ട്, അത് മലപ്പുറത്തിനുമുള്ള വിമർശനമായിരുന്നു. ആ ഗൾഫുകാർ അതിനു മറുപടി പറഞ്ഞിട്ടുണ്ട്, അതിജീവനത്തിന്റെ നിരവധി ആഖ്യാനങ്ങളിലൂടെ. തീർച്ചയായും ഗൾഫിൽ പോയവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു എന്നതിൽ സംശയമേതുമില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവർ ചെയ്ത ഒരേ ഒരു കുറ്റകൃത്യം (അത് കടുത്തതായിരുന്നു) ഗൾഫ് കുടിയേറ്റത്തിൽ ദലിതുകളെ കൂടെ കൂട്ടാത്തതാണ്. അൺസ്‌കിൽഡ് വിഭാഗക്കാരായ അന്നത്തെ മലപ്പുറത്തുകാരിൽ മുസ്‌ലിങ്ങളും ദളിതുകളും ഏറെക്കുറെ ഒരേ ജോലികൾ തന്നെയാണ് ചെയ്തു വന്നത്. എന്നിട്ടും ഗൾഫിലേക്കുള്ള യാത്രാ വഴിയിൽ ദലിതുകളെ മുസ്‌ലിങ്ങൾ കൂടെ കൂട്ടിയില്ല. ഈ വിമർശനം ഇപ്പോൾ കൂടുതൽ സജീവമായി ഉയർന്നു വരുന്നുണ്ട്, അതിന് മുസ്‌ലിം ജനസാമാന്യത്തിന് മറുപടിയുമില്ല. മലപ്പുറം മുസ്‌ലിങ്ങളെ "ജാതി' പിടികൂടിയ സന്ദർഭമായിരുന്നുവോ അത്?. ജില്ലയുടെ 51 വർഷത്തെ തൊഴിൽ പ്രവാസ ചരിത്രത്തിലെ ഏറ്റവും പ്രധാന ചോദ്യം ഇതു തന്നെ. പള്ളികളിലെ നോട്ടീസ് ബോർഡുകളിൽ വിസ നൽകി സഹായിക്കാനുള്ള അഭ്യർഥനകൾ പതിഞ്ഞു കൊണ്ടിരുന്ന കാലം കൂടിയായിരുന്നു എഴുപതെൺപതുകൾ. ആ അഭ്യർഥനകളിൽ ഒരിക്കലും ഒരു ദളിതന്റേയും പേര് പതിയുകയുണ്ടായില്ല. ദളിതരും കൂടി ഈ തൊഴിൽ പ്രവാസ യാത്രയിലുണ്ടായിരുന്നെങ്കിൽ മലപ്പുറത്തിന്റെ മാത്രമല്ല, കേരളത്തിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. അതുണ്ടായില്ല, ഒരിക്കലും.

അൺസ്‌കിൽഡ് വിഭാഗക്കാരായ അന്നത്തെ മലപ്പുറത്തുകാരിൽ മുസ്‌ലിങ്ങളും ദളിതുകളും ഏറെക്കുറെ ഒരേ ജോലികൾ തന്നെയാണ് ചെയ്തു വന്നത്. എന്നിട്ടും ഗൾഫിലേക്കുള്ള യാത്രാ വഴിയിൽ ദലിതുകളെ മുസ്‌ലിങ്ങൾ കൂടെ കൂട്ടിയില്ല.

ദലിത്-മുസ്‌ലിം ഐക്യം എന്ന ചില സംഘടനകൾ മുന്നോട്ടു വെക്കുന്ന ആശയം ദലിതർക്ക് സ്വീകാര്യമാകാത്തതും ഗൾഫ് കാല ഓർമകളുമായി ബന്ധപ്പെട്ടു കൊണ്ടാണ് എന്നതിൽ സംശയം വേണ്ട. നേർച്ചപ്പറമ്പുകളിൽ ഇറച്ചിയും ചോറും ഒന്നിച്ചുണ്ടാക്കിയത് മുസ്‌ലിങ്ങളും ദളിതരുമായിരുന്നു. ഭക്ഷണത്തിന്റെ പങ്കിടലിന്റേയും ആഘോഷത്തിന്റേയും വേളകളിലുണ്ടായതു പോലുള്ള ഒരുമ ഗൾഫ് പ്രവാസത്തിന്റെ ചരിത്രത്തിലുണ്ടായില്ല എന്നത് വസ്തുതയാണ്.
മലപ്പുറത്തുകാരുടെ ഗൾഫ് പ്രവാസം ബാച്ചിലർ ജീവിതമായിരുന്നു. ആദ്യ മൂന്നു പതിറ്റാണ്ടുകളിലും. ഏറ്റക്കുറച്ചിലോടെ അതിന്നും തുടരുന്നു. (അവരാണ് കൊറോണ വൈറസ് വാഹകരെന്ന് പ്രചരിപ്പിക്കാൻ അവരുടെ ഉപഹാരങ്ങൾ മടിയേതും കൂടാതെ സ്വീകരിച്ചവർക്ക് ഇന്ന് സംശയങ്ങളൊന്നുമില്ല). പുരുഷൻ ഗൾഫിലും ഭാര്യ നാട്ടിലും. മനുഷ്യ ജൻമത്തിലെ ഏറ്റവും വിചിത്രമായ ഒറ്റപ്പെടലാണ് മലപ്പുറത്തെ സ്ത്രീകൾ അനുഭവിച്ചത്. എം. ഗോവിന്ദൻ (മലപ്പുറം ജില്ലയിലെ തവനൂരിനടുത്ത കൂരട സ്വദേശിയാണ് ഗോവിന്ദൻ) സി.ജെ. തോമസിന്റെ നാടകത്തെക്കുറിച്ച് എഴുതുമ്പോൾ ഉപയോഗിച്ച "വിദൂര ഭർതൃത്വം' എന്ന പ്രശ്‌നം കൂടുതലായി അനുഭവിച്ചത് ഈ സ്ത്രീകളായിരുന്നു. 80കളിൽ ഗൾഫിലായിരുന്ന ചിലരുമായി ഈ അടുത്ത് സംസാരിക്കുമ്പോൾ തങ്ങളുടെ സ്ത്രീകളുടെ ഡയസപാം-കാമ്പോസ് കാലത്തെക്കുറിച്ച് അവരിൽ ചിലർ ഓർക്കുകയുണ്ടായി. ഭർത്താവ് ഗൾഫിലേക്ക് പോയാൽ പിന്നീടുള്ള മൂന്നോ നാലോ മാസങ്ങൾ സ്ത്രീകൾ സംഘർഷങ്ങളും സങ്കീർണ്ണതകളും അനുഭവിക്കും.

അവർക്ക് ഉറക്കമില്ലാതാകും. ഉറക്കത്തിനു വേണ്ടി ഡയസപാം, കാമ്പോസ് ഗുളികകൾ ഉപയോഗിക്കും. പനിക്കുള്ള ഗുളിക ഫാർമസിയിൽ നിന്നും വാങ്ങുന്നതു പോലെ ഈ ഗുളികകൾ അവർക്ക് വാങ്ങേണ്ടി വന്നു. മൂന്നോ നാലോ മാസം കൊണ്ട് തങ്ങളുടെ യാഥാർഥ്യങ്ങളുമായി അവർ സമരസപ്പെട്ടു. പിന്നീട് ഉറങ്ങാൻ ഗുളികകൾ വേണ്ടാതായി. പടിഞ്ഞാറൻ നാടുകളിൽ വിഷാദത്തിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തിയിരുന്ന ചില ഗുളികകളുടെ അതേ റോളാണ് ഉറക്ക ഗുളികകൾക്ക് അന്നു മലപ്പുറത്തുണ്ടായിരുന്നത്. പക്ഷെ ആ വിഷാദ പർവ്വങ്ങളെയെല്ലാം സ്ത്രീകൾ മറികടന്നു. തങ്ങളുടെ മക്കളെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർ എത്തിച്ചു.
മലപ്പുറം ഗൾഫ് പ്രവാസത്തിലെ ഏറ്റവും ശക്തരായവർ നാട്ടിൽ ഒറ്റക്കു ജീവിക്കേണ്ടി വന്ന സ്ത്രീകളാണ്. അവർ വിഷാദ രോഗത്തിന് കീഴടങ്ങിയിരുന്നുവെങ്കിൽ ഇന്ന് മലപ്പുറം എന്ന ജില്ല തന്നെ അവശേഷിക്കുമായിരുന്നില്ല. അതുകൊണ്ട് പുറപ്പെട്ടു പോയ ആണുങ്ങളല്ല, ഇവിടെ തന്നെ നിൽക്കേണ്ടി വന്ന പെണ്ണുങ്ങളാണ്, അവരുടെ സഹനങ്ങളാണ് പ്രവാസ ചരിത്രത്തിലെ ഉജ്ജ്വല അധ്യായം രചിച്ചത്. അവരുടെ സഹനം സമാനതകളില്ലാത്തതായിരുന്നു. ശരീരത്തിന്റെ ഇച്ഛകളെ തടഞ്ഞു നിർത്തുക, തന്റെ പുരുഷനൊത്തുള്ള സഹജീവിതം ഏറെക്കുറെ അസാധ്യമാവുക- ഇതിനോടാണവർ ഏറ്റുമുട്ടിയത്. ആ പെണ്ണിനെ നമ്മുടെ സിനിമയിലും സാഹിത്യത്തിലും സാമൂഹിക-ചരിത്ര പഠനത്തിലുമൊന്നും കാണാനാകില്ല. എന്നു മാത്രമല്ല, ആ സ്ത്രീകൾ ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, അവരോട് ഇതിനെക്കുറിച്ച് ആരും ചോദിച്ചിട്ടുമില്ല. സ്ത്രീകൾ പറയാത്ത സഹനത്തിന്റെ ആ ചരിത്രമാണ് അരനൂറ്റാണ്ട് പ്രായമുള്ള മലപ്പുറം ജില്ലയുടെ യഥാർഥ ചരിത്രം.
എഴുപതുകളിൽ മലപ്പുറത്തു നിന്നും ഗൾഫിലേക്ക് കത്തുകൾ യാത്ര തുടങ്ങുമ്പോൾ സ്ത്രീകളും പുരുഷൻമാരും നിരക്ഷരരോ അർധ സാക്ഷരരോ മാത്രമായിരുന്നു. മിക്കവരും മദ്രസയിൽ നിന്നും പഠിച്ചെടുത്ത അറബി മലയാളത്തിലാണ് കത്തുകളെഴുതിയത്. കത്തുകൾ എഴുതിക്കൊടുക്കുന്ന നിരവധി സഹായികളെ അക്കാലത്ത് ഓരോ ഗ്രാമത്തിലും കാണാമായിരുന്നു.

ഓഡിയോ കത്തുകൾ നമ്മുടെ ചരിത്രത്തിൽ ആദ്യം സംഭവിക്കുന്നതും അക്കാലത്താണ്. ടേപ്പ് റിക്കോർഡറുകളും കാസറ്റുകളുമായി അവധിക്ക് വരുന്ന പുരുഷൻമാർ മടങ്ങിയതിനു ശേഷം പരസ്പരം ശബ്ദം കേൾക്കാനുള്ള ഉപാധികളായിരുന്നു അവ. സ്ത്രീകളുടെ ഓഡിയോ കത്തുകളിൽ വീടിനകത്തെ പല ശബ്ദങ്ങളും അടങ്ങിയിരുന്നു. കുട്ടികളുടെ കരച്ചിലും ചിരിയും, വീട്ടിലെ മുതിർന്നവരുടെ ശാസനാ ശബ്ദങ്ങൾ, വളർത്തു മൃഗങ്ങളുടെ ശബ്ദങ്ങൾ- അങ്ങിനെ ആയിരക്കണക്കിന് വീടുകളിലെ ശബ്ദകോശങ്ങൾ ഇങ്ങിനെ അറബിക്കടൽ കടന്നു പോയിക്കൊണ്ടിരുന്നു.

മിക്കവരും മദ്രസയിൽ നിന്നും പഠിച്ചെടുത്ത അറബി മലയാളത്തിലാണ് കത്തുകളെഴുതിയത്. കത്തുകൾ എഴുതിക്കൊടുക്കുന്ന നിരവധി സഹായികളെ അക്കാലത്ത് ഓരോ ഗ്രാമത്തിലും കാണാമായിരുന്നു.

"ആസാം പണിക്കാരിൽ' വൈലോപ്പിള്ളി അസമിലേക്ക് ജോലി തേടി പോയവരെ വിളിക്കുന്നത് പരിഷകൾ എന്നാണ്. അങ്ങിനെ നാടുവിട്ടു ജോലി തേടിപ്പോയവർക്ക് ഇന്നത്തെ കേരള നിർമിതിയിൽ വലിയ പങ്കുണ്ട്. പരിഷ പൗരനിലേക്ക് വളർന്ന ചരിത്രമാണത്. അതിൽ ബീഫ് ഒരു ഭക്ഷ്യ ശീലവും ഭക്ഷ്യ വസ്തുവും മാത്രമാണ്. അതിനപ്പുറത്തേക്ക് അതിനെ മാറ്റിപ്രതിഷ്ഠിച്ചത് ആരാണ്? അത്തരത്തിലൊരു ഒറ്റപ്പെടുത്തലിലേക്ക്, "ലിഞ്ചിങ്ങി'ലേക്ക് മലപ്പുറം ജീവിതത്തെ എങ്ങിനെ മാറ്റിയെടുക്കാൻ കഴിഞ്ഞു?
യക്ഷിക്കഥകൾക്കു സമാനമായ കഥകളാണ് ഈ സാംസ്‌ക്കാരിക ലിഞ്ചിങ്ങിനായി ഉപയോഗപ്പെടുത്തപ്പെട്ടതെന്ന കാര്യത്തിൽ സംശയമില്ല. കെട്ടുകഥകളെക്കുറിച്ച് പഠിക്കാൻ യുക്തി ബോധം മൂലധനവും കൈമുതലുമായുള്ള നമ്മുടെ ബുദ്ധിജീവികൾ തയ്യാറായില്ല. അവരത് മുഖ്യധാരാ സിനിമയിൽ വന്നപ്പോൾ മാത്രമാണ് അൽപ്പമെങ്കിലും മനസ്സിലാക്കിയത്. "സുഡാനി ഫ്രം നൈജീരിയ' പൊതു ബോധം എളുപ്പത്തിൽ മറക്കുന്ന സിനിമയാകുന്നത് അതിനു മുമ്പേ വേരുപിടിച്ച ഇറച്ചിപ്പൊതി കഥകളിൽ നിന്നാണ്. അതിനും മുമ്പെയുള്ള നിരവധി ആഖ്യാനങ്ങളിൽ നിന്നാണ്.
ഗൾഫ് പ്രവാസം കൊണ്ടു വന്ന ചില ആശയങ്ങൾ മലപ്പുറത്തും എത്തിയിരുന്നു. എന്നാൽ അതൊരിക്കലും വേരുപിടിച്ചില്ല. തീവ്രവാദത്തിന്റെ പല രൂപങ്ങളിൽ മലപ്പുറത്തെ ഭൂരിപക്ഷത്തിന് ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ അവയ്ക്കെല്ലാം എത്തി നോക്കി പിൻവാങ്ങേണ്ടി വന്നു. എന്നാൽ ഓരോ എത്തിനോട്ടവും കഥകളുണ്ടാക്കിക്കൊണ്ടേയിരുന്നു. ചില നിഴലുകൾ, ചില സംശയങ്ങൾ മാത്രം പരക്കുമ്പോൾ മലയാള സിനിമയിൽ ഡയലോഗുകൾ പിറന്നു, തോക്കോ, അത് മലപ്പുറം അങ്ങാടിയിൽ വാങ്ങാൻ കിട്ടുമല്ലോ!. ഇതിനോട് ജീവിതം കൊണ്ട് പ്രതികരിക്കാനും പ്രതിരോധിക്കാനും മാത്രമേ മലപ്പുറത്തുകാരന് കഴിയൂ. അത് നിത്യജീവിതത്തിൽ ഇന്നും സംഭവിക്കുന്നു, വലിയ മാറ്റങ്ങളില്ലാതെ. മലപ്പുറത്തിന് അതിന്റെ ജൈവികത നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാകുന്നത് നിത്യജീവിതത്തിലെ ഓരോ നിമിഷങ്ങളിൽ നിന്നുമാണ്.
പക്ഷെ, മലപ്പുറത്തിന്റെ ഒറ്റപ്പെടുത്തപ്പെടലിന്റെ ചരിത്രം ബീഫിൽ നിന്നല്ല ആരംഭിച്ചത്, അത് ഒരു നൂറ്റാണ്ടു മുമ്പാണ് തുടങ്ങിയത്. മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ പഠിക്കാൻ ചേർന്ന ദിവസം മജീദ് എന്നോട് പറഞ്ഞു, വാടാ സായിപ്പിന്റെ ഖബറ് കാണാൻ പോകാ. കൈലാസത്തിനടുത്താണ്, അതിനപ്പുറത്ത്, മതിലിനപ്പുറത്ത് ജില്ലാ കോടതിയാ.... സ്‌കൂളിന്റെ സമതലത്തിൽ നിന്നും പടികൾ കയറി ചെറിയ കുന്നുകൾ കയറി ഞാനും മജീദും ഉയരത്തിലേക്ക് കാലടികൾ വെക്കാൻ തുടങ്ങി, ഇജ്ജ് വെച്ചുത്തി മറിയാതെ മുന്നോട്ട് നോക്കി നടക്ക്, മജീദ് എനിക്ക് വഴി കാട്ടി.
(തുടരും)



Summary: മലപ്പുറത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. 1960 കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റത്തിന്റെ, അത് സാധ്യമാക്കിയ സാമൂഹിക മാറ്റത്തിന്റെ ചരിത്രം. മിത്തുകളിലൂടെയും നുണക്കഥകളിലൂടെയും എങ്ങനെയാണ് ഗൾഫിൽ പോയ മുസ്‌ലിംകളെ പൊതുസമൂഹം അപരവൽക്കരിച്ചത് എന്നതിന്റെ സൂക്ഷ്മ രാഷ്ട്രീയം പറയുകയാണ് മുസഫർ അഹ്മദ്.


Comments