നാഗകൾ സ്വന്തം രാജ്യമെന്ന ആശയവുമായി പ്രവർത്തിക്കാനും പൊരുതാനും തുടങ്ങിയിട്ട് ഏറെക്കാലമായി. പരിഹാരം കാണാനാകാത്ത ഏഷ്യയിലെ ഏറ്റവും വലുതും നീണ്ടുനിൽക്കുന്നതുമായ വിഘടനവാദ പ്രവർത്തനമെന്നാണ് നാഗാലാന്റ് പ്രസ്ഥാനം മുഖ്യധാരയിൽ അടയാളപ്പെട്ടിരിക്കുന്നത്. അങ്ങനെ നാഗ കലാപം കത്തിക്കയറിയ എഴുപതുകളിൽ കലാപകാരികളെ അടിച്ചമർത്താൻ ചെന്ന വിവിധ ഏജൻസികളിലൊന്ന് എം.എസ്.പിയായിരുന്നു. അതെ, മലബാർ കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ രൂപീകരിച്ച, ഇന്നും അതേ പേരിൽ തുടരുന്ന പൊലീസ് സേന. നാഗൻ പറഞ്ഞുതന്നു. മലപ്പുറം എന്നാൽ നാഗൻമാർക്ക് ഈ പൊലീസ് സേനയാണ്. ആ സേനയുടെ നാട്ടിൽ നിന്നുള്ളയാളെന്ന നിലക്ക് നാഗൻമാർക്കും മലപ്പുറം "നരക ലോകം' തന്നെ. പക്ഷെ അയാൾ എന്നോട് ചോദിച്ചു, ശരിക്കും നിങ്ങൾ പന്തുകളിക്കാരാണല്ലേ? അന്ന് ആ നാഗഗ്രാമത്തിൽ അന്തിയുറങ്ങാൻ കഴിഞ്ഞത് മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ തന്ന പാസ്‌പോർട്ടിലായിരുന്നു.
ബ്രിട്ടീഷ് പട്ടാളക്കാരെപ്പോലെ പന്തു വാങ്ങാനോ ബൂട്ടു കെട്ടാനോ നാട്ടുകാർക്ക് സാധിക്കുമായിരുന്നില്ല. അതിനാൽ അവർ പഴന്തുണിയും നാരും കൊണ്ടുള്ള കെട്ടു പന്തുകൾ നിർമ്മിച്ചു കളിക്കാൻ തുടങ്ങി.
മലബാർ കലാപത്തിനു മുമ്പ് മലപ്പുറത്ത് സംഘടിതമായ രീതിയിലുള്ള ഫുട്ബോൾ കളിയുണ്ടായിരുന്നില്ലെന്ന് നാട്ടുകഥകളിൽ കേട്ടിട്ടുണ്ട്. കലാപത്തിനു ശേഷം മലപ്പുറത്തെ ജനങ്ങളും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള അകൽച്ച അതിഭീകരമായി വളർന്നു. സർക്കാർ പ്രതിനിധികളുമായി ഒരു തരത്തിലുള്ള വിനിമയത്തിനും നാട്ടുകാർ തയ്യാറായിരുന്നില്ല. തങ്ങളുടെ നേതാക്കളേയും അസംഖ്യം സാധാരണക്കാരേയും നിഷ്ഠൂരമായി കൊന്നുതള്ളിയ ബ്രിട്ടീഷുകാരെ മനുഷ്യരായി കാണുകയെന്നത് മലപ്പുറത്തുകാർക്ക് സാധ്യമായിരുന്നില്ല. മലബാർ കലാപത്തെ നേരിടാനാണ് ബ്രിട്ടീഷുകാർ മലബാർ സ്‌പെഷൽ പൊലീസുണ്ടാക്കിയത്. കലാപകാരികളെ നേരിടാനായി രൂപീകരിക്കപ്പെട്ട പ്രത്യേക സേന.
ഇതിനിടയിലാണ് ബ്രിട്ടീഷുകാരുടെ ഫുട്‌ബോൾ കളി കടന്നുവരുന്നത്. മലപ്പുറത്തെ കവാത്ത് പറമ്പിൽ (ഇന്നത്തെ കോട്ടപ്പടി ഗ്രൗണ്ട്- പട്ടാളക്കാർ കവാത്ത് നടത്തിയിരുന്നത് ഇതേ സ്ഥലത്തുതന്നെയായിരുന്നു) ബ്രിട്ടീഷുകാർ ക്രിക്കറ്റും ബാസ്‌ക്കറ്റും വോളി ബോളും ഫുട്‌ബോളും കളിക്കും. മറ്റുകളികളിൽ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും ഫുട്‌ബോൾ മലപ്പുറത്തുകാരെ അന്നേ ആകർഷിച്ചിരുന്നു. ആദ്യം അവരത് അവഗണിച്ചെങ്കിലും പിന്നെ പിന്നെ കളി കണ്ടു നിൽക്കാൻ തുടങ്ങി. പുറത്തേക്ക് തെറിച്ചു പോകുന്ന പന്തെടുത്ത് കളിക്കുന്നവർക്ക് എറിഞ്ഞു കൊടുത്തു. ബ്രിട്ടീഷ് പട്ടാളക്കാരെപ്പോലെ (അതിൽ മലയാളികളും അംഗങ്ങളായിരുന്നു) പന്തു വാങ്ങാനോ ബൂട്ടു കെട്ടാനോ നാട്ടുകാർക്ക് സാധിക്കുമായിരുന്നില്ല. അതിനാൽ അവർ പഴന്തുണിയും നാരും കൊണ്ടുള്ള കെട്ടുപന്തുകൾ നിർമ്മിച്ചു കളിക്കാൻ തുടങ്ങി. അതിനു മുമ്പ് വാഴയില പന്തുകളാണുണ്ടായിരുന്നത്. ഒരു ഫുട്‌ബോളിന്റെ വലുപ്പത്തിൽ വാഴയില കുത്തിനിറക്കും, അതിനു പുറമെ വാഴപ്പോള വരിഞ്ഞു ചുറ്റും. ഇങ്ങിനെയുണ്ടാക്കുന്ന പന്ത് ഇട്ടാൽ പൊന്തും, ശരീരത്ത് തട്ടിയാൽ വേദനിക്കുകയുമില്ല. പ്രഭാത പ്രാർഥനക്കു (സുബ്ഹി) പോകുമ്പോഴാണ് പന്തുണ്ടാക്കാനുള്ള വാഴയിലെ ശേഖരിക്കുക. പുലർകാലത്തെ മഞ്ഞോ നനവോ വീണ വാഴയില ചുരുട്ടാൻ എളുപ്പമാണ്, ഇല വാട്ടുന്നതു പോലെ ആയിക്കിട്ടും. ഇങ്ങനെയുണ്ടാക്കിയ പന്തുമായി പാടത്തും പറമ്പുകളിലും മലപ്പുറത്തുകാർ കളിച്ചു തുടങ്ങി.
ഒടുവിൽ ബ്രിട്ടീഷ് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ മാച്ചുകൾ ഉണ്ടായതായും പഴയ കളിക്കാരുടെ തലമുറയിൽ നിന്നു പകർന്നു കിട്ടിയ വിവരങ്ങൾ പറയുന്നു. പട്ടാളക്കാർ ബൂട്ടിട്ടു കളിച്ചു, നാട്ടുകാർ നഗ്‌നപാദരായും. ആ കളികളിൽ നാട്ടുകാർ ജയിച്ചിട്ടുണ്ട്. പട്ടാളച്ചിട്ടയെ അട്ടിമറിച്ചു കൊണ്ടുള്ള ഒരു പ്രവർത്തനം, അത് കളിക്കളത്തിൽ മാത്രം സാധ്യമാകുന്ന അട്ടിമറികൾ, വൈകാതെ ബ്രിട്ടീഷിന്ത്യയിൽ നടക്കാൻ പോകുന്ന മാറ്റത്തിന്റെ സൂചനകളെ സംവഹിച്ചിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതിലൂടെ നാട്ടുകാരും ബ്രിട്ടീഷുകാരും സൗഹൃദത്തിലായി എന്ന് കരുതേണ്ട, അവർ കളിക്കളത്തെ മുഖാമുഖം കാണാനുള്ള ഒരിടമാക്കി, രണ്ടു കൂട്ടരും തങ്ങളുടേതായ രീതിയിലുള്ള, സവിശേഷമായ പന്തുകളി തുടർന്നുകൊണ്ടിരുന്നു. 1930കളിൽ ആയിരിക്കാം ഇങ്ങനെ നടന്നത്. കലാപം കഴിഞ്ഞ് എട്ടോ ഒമ്പതോ കൊല്ലത്തിനു ശേഷം. നാട്ടുകാർ ബൂട്ടു കെട്ടാതെ (ബെയർ ഫൂട്ട്) ബ്രിട്ടീഷുകാരുമായി നടത്തിയ ഫുട്ബോൾ മൽസരത്തിന്റെ ഓർമക്കായി കളിക്കളത്തിലിറങ്ങുന്ന ഒരു ടൂർണമെന്റ് അടുത്ത കാലം വരെ മലപ്പുറം ഹാജിയാർ പള്ളിയിൽ നടത്തിയിരുന്നു.
മുപ്പതുകളുടെ ഒടുവിലും നാൽപ്പതുകളുടെ തുടക്കത്തിലുമായി അരീക്കോട്ടു നിന്ന് മലപ്പുറത്ത് പഠിക്കാനെത്തുകയും പിൽക്കാലത്ത് പ്രസിദ്ധമായിത്തീർന്ന അരീക്കോട് സോക്കറിന്റെ സ്ഥാപകൻ എന്ന ബഹുമതിക്ക് അർഹനാവുകയും ചെയ്ത കാഞ്ഞിരാല മുഹമ്മദലിയുടെ ഓർമ്മകളിലാണ് ബ്രിട്ടീഷുകാരും നാട്ടുകാരും തമ്മിലുണ്ടായ പന്തുകളികളുടെ വിവരങ്ങളും ചിത്രങ്ങളും പച്ച പിടിച്ചു നിന്നിരുന്നത്. അദ്ദേഹം മരിച്ചിട്ട് 16 വർഷം കഴിഞ്ഞു, 2004 ആഗസ്റ്റ് 22നായിരുന്നു മരണം. ഒരിക്കൽ മലപ്പുറത്ത് സ്റ്റോറിൽ പട്ടാളക്കാർ ഉപയോഗിച്ചതിനു ശേഷം വിൽക്കുന്ന ചില സാധനങ്ങളുടെ ലേലം നടന്നു. ആ ലേലത്തിൽ ഒരു ഫുട്‌ബോളും കാറ്റടിക്കുന്ന പമ്പും കാഞ്ഞിരാല മുഹമ്മദലി സ്വന്തമാക്കി. അതുമായി അരീക്കോട്ടെത്തി. ടീമുകളെയുണ്ടാക്കി പന്തുകളി തുടങ്ങി. പിൽക്കാലത്ത് ഖ്യാതി നേടിയ ഫുട്‌ബോളിലെ "അരീക്കോട് സ്‌കൂളിന്റെ' തുടക്കം യഥാർഥത്തിൽ അവിടെ നിന്നാണ്. അദ്ദേഹം മലപ്പുറം സ്‌കൂൾ, പാലക്കാട് ഗവ. വിക്‌ടോറിയാ കോളേജ് എന്നീ ടീമുകളുടെ ക്യാപ്റ്റനായിരുന്നു.
നാഗനോട് മലപ്പുറത്തെ പന്തുകളിയെക്കുറിച്ച് പറഞ്ഞപ്പോൾ മുമ്പൊരിക്കൽ എഴുതിയ ഒരു "ജിന്നി'നെക്കുറിച്ച് കൂടി ഓർത്തു. ഒരിക്കൽ ആ ജിന്നിനെക്കുറിച്ചെഴുതിയ വരികൾ ഇങ്ങിനെയാണ്:
ജിന്നു മൊയ്തീൻ മലപ്പുറം ഫുട്‌ബോൾ ലോറിലെ ഒരു മാർകേസ് കഥാപാത്രമാണ്. എത്രയോ കാലങ്ങൾക്കു ശേഷവും ഇന്നും പഴയ മലപ്പുറത്തിന്റെ ഫുട്‌ബോൾ കഥകളിലേക്ക് പോകുമ്പോൾ ഇതിഹാസ സമാനമായ കഥാപാത്രത്തെപ്പോലെ മൊയ്തീൻ ഉയർത്തെഴുൽക്കും. മലപ്പുറം ഫുട്‌ബോളിൽ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മിത്തുവൽക്കരണത്തിന്റെ വേരുകൾ തേടുമ്പോൾ ഒരു മനുഷ്യനെ ജിന്നായി പരിവർത്തിപ്പിച്ച മലപ്പുറം ഭാവനയുടെ സർഗാത്മക വിസ്‌ഫോടനം നമുക്കു കാണാൻ കഴിയും. മൊയ്തീന്റെ പാസുകൾ, ഡ്രിബിളിംഗുകൾ, ഹെഡ്ഡറുകൾ, ഷോട്ടുകൾ, റിവേഴ്‌സ് കിക്കുകൾ ഒന്നും എതിരാളികൾക്ക് കാണാൻ കഴിയുമായിരുന്നില്ലത്രെ. മൊയ്തീൻ അദൃശ്യനായി മാറി പന്തുകളിക്കുന്ന ഒരവസ്ഥ. വല കുലുങ്ങുമ്പോൾ മാത്രം, അതാ മൊയ്തീൻ ഗോളടിച്ചിരിക്കുന്നു എന്ന് കാണികളും എതിർടീമും എന്തിന് മൊയ്തീന്റെ സ്വന്തം ടീം പോലും തിരിച്ചറിയുകയുള്ളൂ. അത്തരത്തിലുള്ള അവിശ്വസനീയമായ പന്തടക്കം, ഒരു തരം കൺകെട്ട്, ഒടിമറിച്ചിൽ, ഒടുവിൽ ഗോൾ: കുറേക്കാലം കഴിഞ്ഞ് മലപ്പുറത്ത് ജിന്നു മൊയ്തീൻ രണ്ടാമനും ഉണ്ടായി. പന്തുകളിയുടെ കഥകളിൽ അവിശ്വനീയതകളുണ്ട്, മലപ്പുറത്തിന്റെ ചരിത്രത്തിലുള്ളതുപോലെ.
പൊതുവിൽ വെള്ളക്കാച്ചുടുക്കുന്ന (വെള്ളത്തുണി) മാപ്പിള സ്ത്രീകൾക്കിടയിൽ കണ്ട കറുത്ത സൂരിത്തുണിയുടുത്ത സ്ത്രീയെ പുരുഷനാണെന്ന് തെറ്റിദ്ധരിച്ച് ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്ന ഒരു വാമൊഴിക്കഥ ഷംസാദ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഷഹബാസ് അമൻ ഒരിക്കൽ എഴുതി, വീട്ടിലെ പന്തുകളിക്കാരായ ആൺകുട്ടികളുടെ ജഴ്‌സികൾ പുലർച്ചെ അലക്കി തോരയിടുന്ന ഉമ്മമാരെക്കുറിച്ചും പെങ്ങമ്മാരെക്കുറിച്ചും. അവർ ഗ്യാലറികളിൽ വന്നിരുന്ന് കളികൾ കണ്ടിരുന്നവരായിരുന്നില്ല. എന്നാൽ എനിക്കു തോന്നിയിട്ടുണ്ട്, അവരോട് ആരെങ്കിലും പന്തുകളിയെക്കുറിച്ച്, അതിന്റെ അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിൽ, ആ വാമൊഴി മറ്റൊരു ചരിത്രമായേനേ. മലബാർ കലാപകാലത്തെ പെൺവാമൊഴിയന്വേഷിച്ച ഷംസാദ് ഹുസൈൻ രേഖപ്പെടുത്തിയ ആഖ്യാനങ്ങൾ വായിക്കുമ്പോൾ മലപ്പുറം ചരിത്രത്തിൽ എങ്ങിനെയാണ് സ്ത്രീകൾ അദൃശ്യരാക്കപ്പെട്ടത് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. മലപ്പുറത്തെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ട ചരിത്രത്തിൽ സ്ത്രീകൾ എങ്ങിനെ പങ്കെടുത്തുവെന്ന് ആ വാമൊഴി ആഖ്യാനങ്ങളിൽ നിന്നും മനസ്സിലാക്കാം. പൊതുവിൽ വെള്ളക്കാച്ചുടുക്കുന്ന (വെള്ളത്തുണി) മാപ്പിള സ്ത്രീകൾക്കിടയിൽ കണ്ട കറുത്ത സൂരിത്തുണിയുടുത്ത സ്ത്രീയെ പുരുഷനാണെന്ന് തെറ്റിദ്ധരിച്ച് ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്ന ഒരു വാമൊഴിക്കഥ ഷംസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. അതെ ബ്രിട്ടീഷുകാരെ ഫുട്ബോളിൽ തോൽപ്പിച്ച തങ്ങളുടെ ആൺമക്കളെ ഉമ്മമാരും പെങ്ങൻമാരും എങ്ങിനെ വിലയിരുത്തി എന്ന് കളി എഴുത്തുകാരൊന്നും അന്വേഷിച്ചിട്ടില്ല, തീർച്ചയായും മലപ്പുറം അനുകൂലികളും വിരുദ്ധരും ഇക്കാര്യത്തിൽ തൽപരരായിരുന്നില്ല.
മുഖ്യധാര സാഹിത്യ ലോകം, എന്തിന് മാപ്പിളപ്പാട്ട് പഠിതാക്കൾ പോലും ശ്രദ്ധിക്കാത്ത ഈ വരികളിൽ മലപ്പുറം പെണ്ണിന്റെ ആണധികാര ലോകത്തോടുള്ള വിമർശനമുണ്ട്. മലബാർ കലാപ കാലത്ത് ജീവിച്ച മാപ്പിളപ്പാട്ട് കവയിത്രി പുത്തൂർ ആമിനയുടേതാണ് ഈ വരികൾ.
മട്ടിൽ കിട്ടും വരേക്കും
മാനേ തേനേ വിളിക്കും
മറ്റു ലോഗിയം ഉറ്റിടും
പലേ ചക്കര വാക്കും
ഒരു പടി
മക്കളങ്ങു കണക്കിലായാൽ
അടുക്കളേലാക്കും
(ഷംസാദ് ഹുസൈന്റെ പ്രഭാഷണം, ഡോ.കെ.പി.യാസർ അറഫാത്തിന്റെ ലേഖനം എന്നിവ ഈ വരികൾ കണ്ടെത്താൻ സഹായിച്ചു). ഒരു പക്ഷെ മാപ്പിളപ്പെണ്ണ് പറയാൻ ആഗ്രഹിച്ച വിമർശനമാണ് ഈവരികളിലുള്ളത്. സ്തീകൾ എന്തു പറഞ്ഞു, എന്താലോചിച്ചു എന്നു രേഖപ്പെടുത്താത്ത രീതി എവിടെയുമെന്ന പോലെ മലപ്പുറത്തുമുണ്ട്. ഈ വരികൾ ഇന്ന് വായിക്കുമ്പോൾ
മലപ്പുറം സ്ത്രീവാദത്തിന്റെ തീയും ചൂടും നാം അനുഭവിക്കുന്നു).
മലപ്പുറത്തെ ഫുട്ബാൾ കളിക്കാരെക്കുറിച്ച് പറയുമ്പോൾ പാക്കിസ്ഥാൻ ഫുട്ബോൾ ടീമിന്റെ നായകനായി മാറിയ ഇരുമ്പൻ മൊയ്തീൻകുട്ടിയെക്കുറിച്ചും പറയേണ്ടതുണ്ട്. മലപ്പുറം ഫുട്‌ബോളിൽ നിന്ന് പാക്കിസ്ഥാൻ ഫുട്‌ബോളിലേക്കും കൈവഴികൾ വെട്ടപ്പെട്ടു. മേൽമുറി സ്വദേശി കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടി എന്ന ഇരുമ്പൻ മൊയ്തീൻകുട്ടി എന്ന മലപ്പുറം കുട്ടി (മലപ്പുറത്ത് അദ്ദേഹം ഇരുമ്പൻ എന്നും പാക്കിസ്ഥാനിൽ മലപ്പുറം കുട്ടി
എന്നും അറിയപ്പെട്ടു) മലപ്പുറത്തെ ത്രസിപ്പിച്ച കളിക്കാരനായിരുന്നു. മലപ്പുറത്തെ വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച മൊയ്തീൻകുട്ടി 1944ൽ ഇന്ത്യൻ റോയൽ എയർഫോഴ്‌സിൽ ചേർന്നു. വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാനിലേക്ക് പോയി. 1968വരെ പാക്കിസ്ഥാൻ എയർഫോഴ്‌സ് ടീമിൽ. 1954ൽ ഫിലിപ്പൈൻസിലെ മനിലയിൽ നടന്ന രണ്ടാമത് ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി. സിംഗപ്പൂരിനെതിരെ നടന്ന മൽസരത്തിൽ പാക്കിസ്ഥാൻ 6-2ന് ജയിച്ചു. അതിൽ ഒരു ഗോൾ സ്‌കോർ ചെയ്തത് ഇരുമ്പനായിരുന്നു.
പാക്കിസ്ഥാൻ എയർഫോഴ്‌സിൽ നിന്നു വിരമിച്ച ശേഷം 15 വർഷം പാക്കിസ്ഥാൻ ടീമിന്റെ കോച്ചായിരുന്നു. ബെസ്റ്റ് സ്‌പോർട്‌സ് പേഴ്‌സൺ അവാർഡ് ജനറൽ യഹിയാഖാനിൽ നിന്നും ലഭിച്ചു. 81-ാം വയസ്സിൽ (2005, ഡിസംബർ 20) കറാച്ചിയിൽ മരിച്ചു. വണ്ടൂർ സ്വദേശിയായ അൻവർ എന്നൊരു കളിക്കാരനും പാക്കിസ്ഥാൻ ടീമിൽ അംഗമായിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മലപ്പുറത്ത് നിന്നും വിഭജനകാലത്ത് എത്ര പേർ പാക്കിസ്ഥാനിലേക്ക് പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ഇരുമ്പന്റെ കഥയിലുണ്ട്. മലബാർ കലാപമുണ്ടാക്കിയ അനാഥത്വം മലപ്പുറത്തുകാരെ നാടുവിട്ട് അന്നം തേടുവരാക്കിയിരുന്നു. വിഭജനത്തിനു മുമ്പെ പാക്കിസ്ഥാനിലേക്കുള്ള കുടിയേറ്റം നടക്കുന്നത് അങ്ങിനെയാണ്. വെറ്റിലക്കച്ചവടം, ചെറുകിട ഹോട്ടൽ നടത്തിപ്പ്, കൂലിപ്പണി ഇങ്ങിനെയുള്ള ജോലികൾക്കായാണ് മലപ്പുറത്തുകാർ പ്രധാനമായും പോയത്. വിഭനത്തെത്തുടർന്ന് എത്ര പേർ പാക്കിസ്ഥാനിലേക്കു പോയി? എല്ലാവരും കൂട്ടത്തോടെ പാക്കിസ്ഥാനികളാകുമെന്നായിരുന്നു പലരുടേയും കണക്കു കൂട്ടൽ. എന്നാൽ വളരെച്ചെറിയ, അതിതുച്ഛമായ ഒരു വിഭാഗം മാത്രമാണ് പാക്കിസ്ഥാൻ തിരഞ്ഞെടുത്തത്. അതിൽ മഹാഭൂരിഭാഗവും വിഭജനത്തിനു മുമ്പെ
പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ അംഗങ്ങളോ പിൻതലമുറക്കാരോ ആയിരുന്നു. പക്ഷെ, മലപ്പുറത്തുകാരുടെ പാക്കിസ്ഥാൻ ജീവിതവും മറ്റു പല കാര്യങ്ങളുമെന്ന പോലെ പഠിക്കപ്പെട്ടില്ല. ഉർവശി ബൂട്ടാലിയയുടെ "മൗനത്തിന്റെ മറുപുറം' പോലെയുള്ള ഒരു പുസ്തകവും അതിനാൽ മലയാളത്തിൽ പിറന്നതുമില്ല.
തിരൂർ സ്വദേശി ബി.എം.കുട്ടി പാക്കിസ്ഥാനിലേക്ക് കുടിയേറുകയും അവിടെ രാഷ്ട്രീയ-സാമൂഹിക-മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുകയും ചെയ്തയാളാണ്. അദ്ദേഹത്തിന്റെ "മനസ്താപമില്ലാതെ സ്വയം സ്വീകരിച്ച 60 വർഷത്തെ പ്രവാസം- ഒരു രാഷ്ട്രീയ ആത്മകഥ' (നാലു സ്ത്രീകൾക്ക്; ഉമ്മ ബിരിയുമ്മ, ദക്ഷിണേഷ്യൻ സമാധാനത്തിന് പ്രവർത്തിച്ച ദീദി നിർമല ദേശ് പാണ്‌ഡെ, ബേനസീർ ഭുട്ടോ, തന്റെ ഭാര്യ ബിർജിസ് എന്നിവർക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്) വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ വർഷം
ആഗസ്റ്റ് 24ന് അദ്ദേഹം മരിച്ചു. ബി.എം.കുട്ടി പാക്കിസ്ഥാൻകാരിയെ വിവാഹം കഴിച്ചു. 2004ൽ ബി.എം.കുട്ടിയെ ജിദ്ദയിൽ വെച്ച് കണ്ടിരുന്നു. അദ്ദേഹത്തിന്റെ മകൾ അവിടെ ഡോക്ടറായിരുന്നു. അദ്ദേഹത്തോട് ചോദിച്ചു, നാടു വിട്ടതിൽ, പാക്കിസ്ഥാനിൽ പോയതിൽ എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ? അദ്ദേഹം കൃത്യമായി ഒരുത്തരം പറഞ്ഞില്ല, പക്ഷെ നാട് നാട് തന്നെ എന്നു പ്രതികിരിച്ചു. അതിൽ ഒരു മലപ്പുറത്തുകാരന്റെ യഥാർഥ പ്രതികരണമുണ്ട്. ബി.എം.കുട്ടി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാക്കിസ്ഥാൻ
നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചു. ജി.ബി. ബിസിഞ്ചോ ബലൂചിസ്ഥാൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്നു. പാക്കിസ്ഥാൻ ലേബർ പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. സുൽഫിക്കൽ അലി ഭുട്ടോയുടെ ഉന്മൂലനത്തെക്കുറിച്ച് ലോകത്തിനറിയാത്ത നിരവധി കാര്യങ്ങൾ അദ്ദേഹം തുറന്നെഴുതി ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലീഷിലെഴുതിയ കുട്ടിയുടെ ആത്മകഥക്ക് ഇനിയും മലയാള വിവർത്തമുണ്ടായിട്ടില്ല. ആ പുസ്തകത്തിന്റെ ആദ്യ അധ്യായം (കുട്ടിക്കാലം മുതൽ യൗവ്വനത്തിന്റെ തുടക്കത്തിൽ പാക്കിസ്ഥാനിലേക്കു പോകുതുവരെയുള്ള ഭാഗങ്ങൾ) വായിച്ചാൽ മറ്റു നാടുകളിലേക്ക് തൊഴിൽ തേടി പോകുന്ന അതേ ലാഘവത്തോടെയാണ് ബി.എം.കുട്ടി
പാക്കിസ്ഥാനിലേക്ക് പോയതെന്നു കാണാം. വിഭജന രാഷ്ട്രീയമല്ല അദ്ദേഹത്തെ അങ്ങോട്ടു നയിക്കുന്നത്. മലപ്പുറത്തു നിന്ന്പാക്കിസ്ഥാനിലേക്ക് കുടിയേറിയ മനുഷ്യരെ നേരിൽ കണ്ട് സംസാരിച്ച് ഒരു പുസ്തകം ആരെങ്കിലും തയ്യാറാക്കിയിരുന്നുവെങ്കിൽ ഏറെക്കുറെ ഇതേ വികാരം തന്നെയായിരിക്കും രേഖപ്പെടുത്തപ്പെടുക. മലപ്പുറത്തുകാർ കൂട്ടത്തോടെ പാക്കിസ്ഥാനിലേക്ക് പോകാത്തതും അവിടെ പോയവർ ആ കുടിയേറ്റത്തിൽ നിരാശരായതും വെറുതെയല്ല, അവർക്ക് മലപ്പുറം പോലെ ഇഷ്ടമുള്ള മറ്റൊരു പ്രദേശവും ലോകത്തുണ്ടായിരുന്നില്ല എന്നതിനാലാണ്. ആ മനുഷ്യർ ജീവിക്കുന്ന സ്ഥലത്തിന് കുട്ടിപ്പാക്കിസ്ഥാൻ എന്ന പേരു കൊടുത്ത് ആശ്വസിക്കാനും രാഷ്ട്രീയ ആയുധമാക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നർക്ക് മറുപടി നൽകിയത് പാക് പൗരൻമാർ എന്നു പേരിട്ടു വിളിക്കപ്പെട്ട, മലപ്പുറത്ത് ഒളിവിലെ പോലെ, ഭ്രാന്തായതു പോലെ അഭിനയിച്ചു ജീവിച്ചു മരിച്ചു പോയ മനുഷ്യരാണ്. അവരുടെ മൗനത്തിന്റേയും സഹനത്തിന്റേയും യഥാർഥ മറുപുറങ്ങളും ഈ ലോകം കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
മലപ്പുറത്തുകാരായ സെല്ലുലാർ ജയിലിൽ എത്തിയവരെ "മാപ്പിള വിദ്രോഹി' എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചത്, ജയിൽ രേഖകളിലും വിദ്രോഹി പ്രയോഗം കാണാം. ഇന്നും ദേശീയ തലത്തിൽ തന്നെ മലപ്പുറം നേരിടുന്ന അപരവൽക്കരണത്തിന് ആക്കം കൂട്ടാൻ സഹായിച്ചത് ഈ വിദ്രോഹി തന്നെ.
മലപ്പുറം ഡയസ്‌പോറ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ട്. തൊഴിൽ കുടിയേറ്റങ്ങളുടെ ഭാഗമാണ് ഇവയിൽ മഹാഭൂരിഭാഗവും. എന്നാൽ അന്തമാനിലേത് ശരിക്കും ഒരു രാഷ്ട്രീയ ഡയസ്‌പോറയായിരുന്നു. മലബാർ കലാപത്തിൽ പങ്കെടുത്ത് പോർട്ട് ബ്ലേയർ സെല്ലുലാർ ജയിലിൽ അടക്കപ്പെട്ട തടവുകാർ, അവരുടെ പിൻതലമുറ- ഇവരാണ് അന്തമാൻ മലപ്പുറം ഡയസ്‌പോറയിലെ അംഗങ്ങൾ. അന്തമാനിൽ ഇന്നു ചെന്നാൽ ശിക്ഷക്കാരനായി വന്ന പിതാവിന്റെ, മുത്തച്ഛന്റെ പിൻമുറക്കാരെയാണ് കണ്ടുമുട്ടുക. മലപ്പുറത്തെ സ്ഥലനാമങ്ങളും അവിടെയുണ്ട്. അന്തമാനിലെ മനോഹര ബീച്ചുകളിലൊന്നിന്റെ പേര് വണ്ടൂർ എന്നാണ്. ദേശത്തിന്റെ പേരുമായി സെല്ലുലാർ ജയിലിൽ പ്രവേശിക്കുകയും പിന്നീട് ജയിൽ മോചിതരാവുകയും അന്തമാൻ ദ്വീപ് സമൂഹങ്ങളിൽ തന്നെ തുറന്നു വിടുകയും ചെയ്തവർ അവിടെ അതിജീവിച്ചു തുടങ്ങി. അവിടെ തിരൂർ, വണ്ടൂർ, മഞ്ചേരി, മലപ്പുറം, നിലമ്പൂർ, മണ്ണാർക്കാട്, കാലിക്കറ്റ് എന്നീ പേരുകളുള്ള സ്ഥലങ്ങളുണ്ടായി. കൃഷി തന്നെ മുഖ്യ തൊഴിൽ. മലപ്പുറത്ത് ചെയ്തിരുന്ന അതേ കൃഷികൾ തന്നെ പ്രധാനമായും ചെയ്യാൻ തങ്ങൾക്ക് കിട്ടിയ ഭൂമി ഉഴുത് നിരത്തി. മലപ്പുറത്തുകാരായ സെല്ലുലാർ ജയിലിൽ എത്തിയവരെ "മാപ്പിള വിദ്രോഹി' എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചത്, ജയിൽ രേഖകളിലും വിദ്രോഹി പ്രയോഗം കാണാം. ഇന്നും ദേശീയ തലത്തിൽ തന്നെ മലപ്പുറം നേരിടുന്ന അപരവൽക്കരണത്തിന് ആക്കം കൂട്ടാൻ സഹായിച്ചത് ഈ വിദ്രോഹി തന്നെ. അടുത്ത കാലത്ത് ആ പ്രയോഗം സാങ്കേതികമായി തിരുത്തപ്പെട്ടു. പക്ഷെ "ഇന്ത്യൻ ദേശീയ ബോധ'ത്തിൽ അത് പല്ലുകളാഴ്ത്തി അമർന്നു കിടന്നു. കാലാപാനിയിലെ ബ്രിട്ടീഷ് പീഡനങ്ങളുടെ നിരവധി ആഖ്യാനങ്ങൾ പുറത്തു വന്നിട്ടുണ്ട്. തടവുമുറിയിൽ മരിച്ചുവീണവരെക്കുറിച്ച്, അതിക്രൂരമായ ശിക്ഷാവിധികളെക്കുറിച്ച്, കൊടിയ ഏകാന്തതകളെക്കുറിച്ച് അങ്ങിനെ നിരവധി ആഖ്യാനങ്ങൾ. അവയിൽ അപൂർവ്വം ചിലവക്ക് മുഖ്യധാരയിലും ഇടം കിട്ടിയിട്ടുണ്ട്.
പോർട്ട് ബ്ലേയറിലെ സെല്ലുലാർ ജയിൽ മുറ്റത്ത് വൈകുന്നേരങ്ങളിൽ നടക്കുന്ന ലൈറ്റ് ആന്റ് സൗണ്ട്‌ഷോയിലുള്ള ആഖ്യാനങ്ങളിലൊന്ന് പാറ്റ്‌ന ഹൈക്കോടതി ശിക്ഷിച്ച് സെല്ലുലാർ ജയിലിലേക്ക് അയച്ചവരെക്കുറിച്ചാണ്. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു സംഘം പിടിക്കപ്പെടുന്നു. ഇവരെ തൂക്കിക്കൊല്ലാൻ കോടതി വിധിക്കുന്നു. സംഘത്തിലുള്ളവർ (മുസ്‌ലിംകൾ) തൂക്കിക്കൊല വിധി പുഞ്ചിരിയോടെ സ്വീകരിക്കുന്നു. ഇത്തരമൊരു വിധി കേട്ടിട്ടും നിങ്ങൾ എങ്ങിനെ ചിരിക്കുന്നു എന്ന ചോദ്യത്തിന് മരിച്ചാൽ ഞങ്ങൾക്ക് വീരസ്വർഗം കിട്ടുമെന്നായിരുന്നു സംഘാംഗങ്ങളുടെ പ്രതികരണം (മലബാർ കലാപത്തിലും ഇതേവികാരം ശക്തമായി പ്രവർത്തിച്ചിട്ടുണ്ട്). ഓ, അങ്ങിനെയാണോ, എങ്കിൽ നിങ്ങളെ അന്തമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തുന്നുവെന്ന് വിധി മാറ്റി എഴുതുന്നതായി ജഡ്ജി പറയുകയും അവർ സെല്ലുലാർ ജയിലിൽ അടക്കപ്പെട്ടതായും ഈ ആഖ്യാനത്തിൽ പറയുന്നു. ഇങ്ങിനെ അന്തമാനിലെ നാടുകടത്തപ്പെട്ടവരുടെ ആഖ്യാനം പല തലങ്ങളിൽ പ്രവർത്തിക്കുന്നു.
ഒരു അന്തമാൻ പുസ്തകത്തിൽ ഇങ്ങിനെ വായിക്കാം: മറുനാടൻ മലയാളികളിലധികവും തങ്ങളുടെ മാതൃഭാഷ മറന്നപ്പോൾ അന്തമാൻ മാപ്പിള സമൂഹം ഒറ്റപ്പെട്ടു മറഞ്ഞു കിടക്കുന്ന പ്രാന്തപ്രദേശങ്ങളിൽ ഒരു മിനി കേരളം രൂപീകരിച്ചു. ഒരു കൊച്ചു മലപ്പുറവും കാലിക്കറ്റും പടുത്തുയർത്തി. മലയാളത്തെ സ്‌നേഹിക്കുവാനും വാരിപ്പുണരാനുമുള്ള ആസക്തിയും മലയാളിയെന്ന് നെഞ്ചു വിരിച്ചു പറയുതിലുള്ള അഭിമാനവും ഇവരുടെ അപൂർവ്വ സവിശേഷതയത്രെ: 1920തുകളിലെ മലപ്പുറം മലയാളം അധികം മാറ്റങ്ങൾക്കൊന്നും വിധേയമാകാതെ ഇന്നും അന്തമാൻ ദ്വീപ സമൂഹങ്ങളിലെ മലപ്പുറത്തുകാർക്കിടയിൽ നില നിൽക്കുന്നു. ആ ഭാഷയിൽ കാലത്തിന്റെ തന്നെ സ്തംഭനമുണ്ട്. ആ സ്തംഭനം കൊടുങ്കാറ്റുകൾ തട്ടിനിവർത്തി സമതലമാക്കിയ ഒരു ഭൂപ്രദേശത്തെ ഓർമ്മിപ്പിക്കുന്നു. മലയാള ഭാഷ ഗവേഷകരിൽ ആരെങ്കിലും ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എറിയില്ല.
എന്നാൽ പൊതുവിൽ കേരളത്തിലുള്ളവർ ഒരു പക്ഷെ അധികമൊന്നും കേട്ടിട്ടില്ലാത്തതും പരിചയിച്ചിട്ടില്ലാത്തതുമായ ഒന്നാണ് അന്തമാനിലെ ജപ്പാൻ അധിനിവേശകാലത്തെ ആഖ്യാനങ്ങൾ. ഇന്ന് അന്തമാനിലെ മലപ്പുറം പിൻമുറക്കാരോട് സംസാരിച്ചാൽ ബ്രിട്ടീഷുകാരെക്കാൾ ക്രൂരൻമാർ ജപ്പാൻകാരായിരുന്നുവെന്ന് പറയും. കേരളത്തിലെ പല ആഖ്യാനങ്ങളിലും പോർച്ചുഗീസുകാരായിരുന്നു ബ്രിട്ടീഷുകാരേക്കാൾ ക്രൂരർ എന്നു പറയുന്നതിനു സമാനമാണിത്. 1942-44 കാലത്താണ് ജപ്പാൻ സൈന്യം അന്തമാനിൽ ആധിപത്യം സ്ഥാപിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമയുടെ സഹായത്തോടെയായിരുന്നു ജപ്പാൻ അധിനിവേശം. അന്തമാനിലെ ചില ദ്വീപുകളിൽ ജപ്പാൻകാർ സ്ഥാപിച്ച ബങ്കറുകൾ ഇന്നുമുണ്ട്.
ജപ്പാൻ അധിനിവേശ കാലത്തെ രണ്ട് ആഖ്യാനങ്ങൾ ഇങ്ങിനെ: 1. മേലേ വീട്ടിൽ അബ്ദുറഹ്മാന് ജപ്പാൻ കാലത്ത് അന്തമാൻ പൊലീസിലായിരുന്നു ജോലി. പട്ടിണി മൂലം (കൊടിയ ഭക്ഷ്യ ക്ഷാമമായിരുന്നു ആ കാലത്ത്) ആളെ കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജപ്പാൻകാർ ഓരോ ഭാഗത്തു നിന്നും ആളുകളെ കൊല്ലാനായി ഹാവ്‌ലോക്ക് ദ്വീപിലേക്ക് കൊണ്ടു പോകുന്ന വിവരം രഹസ്യമായി ആളുകളെ അറിയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. വൈകാതെ ജപ്പാൻകാർ ലോകമഹായുദ്ധത്തിലെ പരാജയത്തെത്തുടർന്ന് അന്തമാൻ വിട്ടതിനാൽ ഹാവ്‌ലോക്ക് കൊലകളിൽ നിന്നും പല കുടുംബങ്ങളും വ്യക്തികളും രക്ഷപ്പെടുകയായിരുന്നു: 2.: 1942 മാർച്ച് മാസത്തിൽ ഉച്ചകഴിഞ്ഞ് നയാപുരം നിവാസിയായ ചുണ്ടമ്പറ്റ കുഞ്ഞയമുട്ടി (പിതാവ് ഫരീദ്) പാടത്തേക്കിറങ്ങി. വീടും പാടവും തമ്മിൽ ഏതാണ്ട് മൂന്നു കിലോമീറ്റർ അകലമുണ്ട്. ജപ്പാൻകാരുടെ മർദനവും വിളകളും മറ്റും കവർന്നെടുക്കലും സാധാരണമായിരുന്നു. കഴിവതും രാത്രി സമയത്ത് നെല്ല് കൊയ്‌തെടുത്ത് കന്നുകളെ ഉപയോഗിച്ച് മെതിച്ചെടുത്ത് ഉടനെ മണ്ണിനടിയിൽ കുഴച്ചിടുക പതിവായിരുന്നു.
1942-43 കാലങ്ങളോർക്കുമ്പോഴേക്ക് മാപ്പിളമാരുടെ മനസ്സിൽ ഭയപ്പാടുണ്ടാകും. കൊടും ചൂടിനെ കണക്കിലെടുക്കാതെ കുഞ്ഞയമുട്ടി നെല്ല് ലക്ഷ്യം വെച്ച് കൊണ്ട് പാടത്തേക്ക് നടന്നു. വീട്ടിൽ അരിയില്ലാത്തതിനാൽ ഒരു ചാക്ക് നെല്ല് വേഗത്തിൽ എത്തിക്കേണ്ടിയിരുന്നു. സ്ഥലത്തെത്തി കുഞ്ഞയുമുട്ടി അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആരും അടുത്തില്ലെന്ന് കണ്ടപ്പോൾ കുഴച്ചിമൂടിയ ചാക്കിൽ നിന്ന് ഒരു ചാക്ക് നെല്ലെടുത്ത് ചുമലിലേറ്റി. ഏകദേശം 100 മീറ്റർ നടന്നു കാണും, നല്ല മല്ലൻമാരായ രണ്ടു ജപ്പാൻകാർ വന്ന് വഴി തടുത്തു. പരന്ന മൂക്കും ചെറിയ കണ്ണുകളുമുള്ള ഇവർ ജപ്പാൻ ഭാഷയിൽ നെൽചാക്ക് താഴെ വെക്കാൻ ആജ്ഞാപിച്ചു. അവരുടെ കയ്യിലുണ്ടായിരുന്ന തടിച്ച ദണ്ഡു കൊണ്ട് മുട്ടുകാലിലടിച്ചു കൊണ്ട് വന്ന വഴിയിലേക്കു തന്നെ നടക്കാൻ ആവശ്യപ്പെട്ടു. കുഞ്ഞയമുട്ടി വീട്ടിലെ പല പ്രയാസങ്ങളും കേണു പറഞ്ഞെങ്കിലും ജപ്പാൻകാരന് മനസ്സിലായില്ല. തർക്കത്തിനിടയിൽ ഒരു ജപ്പാൻകാരൻ ഒരു ഇഷ്ടിക എടുത്ത് വലത്തെ കയ്യിൽ ഇടിച്ചു. ഇതോടെ കൈ ചുമലുമായുള്ള
ബന്ധമറ്റു. കുഞ്ഞയമുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഇതിനു ശേഷം എന്താണുണ്ടായതെന്നൊന്നും അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞില്ല. ബോധം തിരിച്ചു കിട്ടിയപ്പോൾ വീട്ടിൽ കിടക്കയിൽ കിടപ്പാണ്. മരിക്കുന്നതു വരെ കുഞ്ഞയമുട്ടിയുടെ വലം കൈ ആടിക്കുഴഞ്ഞുകൊണ്ട് തന്നെയായിരുന്നു.
ബാത്തുക്കാരുടേയും പഞ്ചാബിക്കാരുടേയും കഥ ഇതിലും മോശമായിരുന്നു. മാപ്പിളമാരുടെ പക്കൽ തവിട്, ഉമി മുതലായവക്കു വേണ്ടി ഇവർ കെഞ്ചിയിരുന്നു. വിശപ്പടക്കാനുള്ള റൊട്ടിയുണ്ടാക്കാൻ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീടാണറിയുന്നത്: (മാപ്പിള സ്വാതന്ത്ര്യ സമര സേനാനികളും പിൻതലമുറകളും-എ.പി.മുഹമ്മദ് സ്റ്റീവർട്ട് ഗഞ്ച്). യു.പി/ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ദളിതരെ ദ്വീപിൽ ബാത്തുക്കാർ എന്നാണ്വിളിച്ചിരുന്നത്.
ജപ്പാൻകാർ ദേഹാസക്തികൾ തീർക്കാനുണ്ടാക്കിയ പ്ലഷർ ഹൗസുകളെക്കുറിച്ചും അന്തമാനിലെ വാമൊഴി ആഖ്യാനങ്ങളിൽ കേൾക്കാം. ജപ്പാൻകാർ തങ്ങളാണ് ഇനി അന്തമാൻ ഭരിക്കുകയെന്നും അതിനാൽ ഇനിമുതൽ ജപ്പാനീസ് കറൻസിയാണ് പ്രാബല്യത്തിലുണ്ടാവുക എന്നും പറഞ്ഞു. ജപ്പാൻകാർ ദ്വീപുകൾ വിട്ടു പോയപ്പോൾ ഈ കറൻസിക്ക് ഒരു മൂല്യവുമില്ലാതായി. ആ നോട്ടുകൾ അന്തമാനിലുള്ളവർക്ക് കത്തിച്ചു കളയേണ്ടി വന്നു. 1921ൽ അന്തമാനിൽ എത്തിച്ചവർ, അവരുടെ പിൻതലമുറക്കാർ പറയുന്ന ഈ ആഖ്യാനങ്ങളിലാണ് മലപ്പുറം ഡയസ്‌പോറയുടെ ഏറ്റവും വേദനാജനകമായ ആഖ്യാനങ്ങൾ ഇന്നും കേൾക്കാനാവുക എന്നു തോന്നുന്നു.
ഏഴു വർഷക്കാലം അന്തമാൻ-നിക്കോബാർ ദ്വീപുകളിൽ കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന ജോലി ചെയ്ത മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സി.വി. ശ്രീരാമന്റെ കഥകളിൽ അന്തമാനിലെ മലപ്പുറത്തുകാർ കടന്നു വരുന്നേയില്ല.
ബെല്ലാരി, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ജയിലിലുകളിലേക്കും കലാപകാലത്ത് മലപ്പുറത്തുകാർ ശിക്ഷിക്കപ്പെട്ടയക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവിടെയൊന്നും ഇത്തരത്തിലുള്ള സമൂഹങ്ങളെ അധികമായി കാണാൻ കഴിയുന്നില്ല. അന്തമാനിൽ കേൾക്കുന്ന മലപ്പുറം ശബ്ദത്തിനും ഇന്ന് നടക്കുന്ന മലപ്പുറം ചർച്ചകളിൽ ഇടം ലഭിക്കേണ്ടതുണ്ട്. മലയാളി ഡയസ്‌പോറ പഠനങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒട്ടും കടന്നു വരുന്നില്ല. മലപ്പുറം പഠനത്തിന്റെ പ്രധാനപ്പെട്ട ഒരു സെഗ്മെൻറ് അന്തമാൻ പഠനങ്ങളിൽ കൂടിയാണ് കുടികൊള്ളുന്നത്. എന്നാൽ ചരിത്ര-സാംസ്‌ക്കാരിക പഠനത്തിൽ ഇത്തരമൊരു കാഴ്ചപ്പാട് ഒട്ടുമേ കടന്നു വരുന്നില്ല. ഏഴു വർഷക്കാലം അന്തമാൻ-നിക്കോബാർ ദ്വീപുകളിൽ കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന ജോലി ചെയ്ത മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സി.വി. ശ്രീരാമന്റെ കഥകളിൽ അന്തമാനിലെ മലപ്പുറത്തുകാർ കടന്നുവരുന്നേയില്ല. സാംസ്കാരികമായ രേഖപ്പെടുത്തലുകളിലെ ഒരഭാവത്തെ തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ അഭാവത്തിൽ നിന്നും മലപ്പുറത്തുകാർക്ക് മോചനം ലഭിക്കുന്നില്ല. മലപ്പുറത്തിന്റെ ആത്മകഥയുടെ തലക്കുറി ഇന്നും ഈ അഭാവം, അസാന്നിധ്യം തന്നെ. ഇതു തന്നെയാണ് മലപ്പുറം അപരവൽക്കരണത്തിന്റേയും അടിത്തറ.
മലപ്പുറം ജില്ലയിലെ ഒരുൾനാടൻ അങ്ങാടിയിൽ ഒരു മൗലവിയുണ്ടായിരുന്നു. മദ്രസയിൽ ക്ലാസെടുക്കുമ്പോൾ ഇങ്ങിനെ പറയും: പ്രവാചകർ എന്നു പറയാൻ പറ്റില്ലെങ്കിലും താടിയും മുടിയും നീട്ടി വളർത്തിയ രണ്ടു പേർ, ഏതാണ്ടു പ്രവാചകരെപ്പോലെ തന്നെയുള്ളവർ, അവരും മനുഷ്യർ നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് തന്നെയാണ് സ്വപ്‌നം കണ്ടത്, പ്രവാചകരെപ്പോലെ. അവർ മാർക്‌സും എംഗൽസും!. സംശയിക്കേണ്ട മൗലവി മദ്രസയിൽ നിന്നും പുറത്താക്കപ്പെട്ടു. മലപ്പുറത്തെ ജനങ്ങൾ പല തരത്തിലുള്ള രാഷ്ട്രീയ പ്രയോഗങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. അതിന്റെ അതിശക്തമായ സൂചനയായിരുന്നു ഈ ആഖ്യാനത്തിലെ മൗലവി. ഈ സങ്കൽപ്പത്തിൽ നിന്നും ആരംഭിക്കുമ്പോൾ മലപ്പുറം നേരിടുന്ന നിരവധി ചോദ്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നാണ് തോന്നുന്നത്. ഉത്തരങ്ങളുമായി പൊന്തിവരികയല്ല, ചില ചോദ്യങ്ങളുടെ മർമ്മങ്ങളിലേക്ക് പ്രവേശിക്കാൻ മൗലവിയുടെ കഥ സഹായിക്കുമെന്ന് കരുതാം. ഈ ചോദ്യങ്ങളിൽ നിന്നുമാണ് പിൽക്കാലത്ത് മലപ്പുറം അതിന്റെ ഒരു പക്ഷെ ഉത്തരം കിട്ടാതെ പോകുമോ എന്നു തോന്നിപ്പിച്ച ഭൂതകാലത്തിന്റെ ചില കുപ്പായങ്ങൾ അഴിച്ചു വെച്ച് മുന്നോട്ടു യാത്ര ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഓരോ കടവിലും പഴയ ചോദ്യങ്ങൾ തന്നെ ആവർത്തിക്കപ്പെട്ടു. മലപ്പുറത്തിന്റെ ഉള്ളറിവിലേക്കു നോക്കിക്കൊണ്ട്, മലപ്പുറം മനുഷ്യർ നേരിട്ടതും മറികടന്നതുമായ സന്ദർഭങ്ങൾ, അതിലൂടെ നൽകിയ മറുപടികൾ, ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ നേരിട്ട ആത്മനിന്ദകൾ, മലപ്പുറത്തുകാർ സ്വയം അകപ്പെട്ട ചില ഇടുക്കങ്ങൾ... എല്ലാം ഒരാൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കൂ. (തുടരും)