ഭാര്യയുടെ ഗര്‍ഭപാത്രങ്ങള്‍ക്കുമേലുള്ള പുരുഷന്റെ അധികാരപ്രയോഗങ്ങള്‍

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീയുടെതാണെന്നും, ഗര്‍ഭം ധരിക്കുകയാണെങ്കില്‍ തന്നെ ആരുടെ ബീജത്തെ താന്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതും സ്ത്രീയാണെന്ന് ഞാനവരോട് പറയുന്നത് 23 വര്‍ഷം മുമ്പാണ്.

ആത്മകഥ | വെറും മനുഷ്യര്‍- 99

ഭാര്യ മൂത്ത മകളെ ഗര്‍ഭത്തില്‍ ചുമക്കുന്ന കാലമാണ്. എന്റെ വിഷാദരോഗം അതിന്റെ ഉച്ചിയില്‍ എത്തി, സകലതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ച കാലം. ഒന്നും വായിക്കാതെ, ആരോടും കളിചിരിയില്ലാതെ ഞാന്‍ എന്നിലേക്കുചുരുങ്ങിയ ആ കാലത്ത് ഭാര്യയെയും കൂട്ടി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോവുമായിരുന്നു.

ഓരോ പോക്കിലും എനിക്ക് ആ സ്ത്രീഡോക്ടറോട് കലഹിക്കേണ്ടിവന്നു. അടുത്ത രോഗിയെ വിളിക്കാന്‍ അവര്‍ നഴ്‌സിനോട് പറയുമ്പോള്‍, എട്ടാം ക്ലാസുകാരനായ ഞാനവരെ തിരുത്തും; എന്റെ ഭാര്യ രോഗിയല്ല. ഗര്‍ഭം ഒരു രോഗമല്ല എന്നൊക്കെ പറയും. എന്റെ ഉന്മാദങ്ങളെ കുറിച്ച് ചെറിയൊരു ധാരണ കിട്ടിയിട്ടുള്ള ഡോക്ടര്‍ എന്നോട് കലഹിക്കാന്‍ നിന്നില്ല.

അവസാനത്തെ പോക്കില്‍ സ്‌കാനിങ്ങൊക്കെ കഴിഞ്ഞ്, അവര്‍ സുഖപ്രസവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, സ്ത്രീയായിട്ടും പ്രസവമെന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്ന് എനിക്കവരോട് പറയേണ്ടിവന്നു. ഒപ്പം, ശാശ്വതമായ ഗര്‍ഭനിരോധനവഴിയായി അവര്‍

ട്യൂബക്ടമിയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഒച്ചയിട്ടു.

Photo: Blue Sugar Photography

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീയുടെതാണെന്നും, ഗര്‍ഭം ധരിക്കുകയാണെങ്കില്‍ തന്നെ ആരുടെ ബീജത്തെ താന്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതും സ്ത്രീയാണെന്ന് ഞാനവരോട് പറയുന്നത് 23 വര്‍ഷം മുമ്പാണ്. അതുകൊണ്ടാവണം അവരെന്നെ ഒരു മുഴുഭ്രാന്തനെ നോക്കുന്ന പോലെ അന്തംവിട്ട് നോക്കിയത്.

ഭാര്യയുടെ ഗര്‍ഭപാത്രം അടച്ചുപൂട്ടാന്‍ എനിക്ക് അവകാശമില്ലെന്നും ഞാന്‍ വാസക്ടമി ചെയ്തു കൊള്ളാമെന്നും പറഞ്ഞപ്പോള്‍ അവരുടെ അത്ഭുതം വര്‍ദ്ധിച്ചു. തന്റെ പത്തു കൊല്ലത്തെ ചികിത്സാകാലത്തിനിടയ്ക്ക് വാസക്ടമി ചെയ്യാന്‍ തയ്യാറാണെന്ന് പറയുന്ന രണ്ടാമത്തെ പുരുഷന്‍ ഞാനാണെന്ന് അവര്‍ സൗമ്യതയോടെ എനിക്ക് പറഞ്ഞുതന്നു. ആദ്യത്തെ പുരുഷന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചില്ല. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെയായ എന്റെ കൂട്ടുകാരില്‍ ചിലരെല്ലാം ഭാര്യയുടെ പ്രസവം നിര്‍ത്തിക്കഴിഞ്ഞിരുന്നു.

ചിലരുടേത് സിസേറിയന്‍ വേണ്ടി വന്നു എന്ന ഒറ്റക്കാരണത്താല്‍ അതിന്റെ കൂടെ ട്യൂബക്ടമിയും ചെയ്തതാണ്. അല്ലാത്തവരിലും അന്നും ഇന്നും ബലപ്പെട്ട് കിടക്കുന്നത് വാസക്ടമിയെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളാണ്. അത് ചെയ്തുകഴിഞ്ഞാല്‍ ശരീരം ക്ഷയിക്കും, സ്ഖലനം സാധ്യമാവില്ല, രതിമൂര്‍ച്ഛയില്‍ എത്താന്‍ കഴിയില്ല തുടങ്ങി നൂറു കൂട്ടം അന്ധമായ വിശ്വാസങ്ങള്‍.

ഇനി കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുമ്പോൾ, എപ്പോഴും ഒന്നാമത്തെ ഓപ്ഷന്‍ ഭാര്യയുടെ പ്രസവം നിര്‍ത്തുക എന്നതാണ്. രണ്ടാം ഓപ്ഷനായി പോലും പുരുഷ വന്ധ്യംകരണത്തിലേക്ക്​ നാം എത്തുന്നില്ല.

പ്രസവം കഴിഞ്ഞപ്പോള്‍ ആ ഡോക്ടര്‍ ഭാര്യയോട് പറഞ്ഞത്, ഇങ്ങനത്തെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ നീ പുണ്യം ചെയ്യണം എന്നാണ്. പക്ഷേ ഭാര്യയോട് ഞാന്‍ ചെയ്തിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത അനീതികളെക്കുറിച്ച് ഡോക്ടര്‍ക്ക് അറിയില്ലല്ലോ. എന്നെ നല്ലവനാക്കി നിലനിര്‍ത്താന്‍ ഭാര്യ അതൊന്നും ഡോക്ടറോട് പറഞ്ഞതുമില്ല.

ഒന്നോ രണ്ടോ കുഞ്ഞുങ്ങളായിക്കഴിഞ്ഞാല്‍ ദമ്പതികള്‍, ഇനി തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തുന്നു. ആ തീരുമാനം അവര്‍ ഏക മനസ്സോടെയാണ് എടുക്കുന്നത്.

Photo: Unsplash

പക്ഷേ അത് നടപ്പിലാക്കേണ്ട ഘട്ടത്തില്‍ എപ്പോഴും ഒന്നാമത്തെ ഓപ്ഷന്‍ ഭാര്യയുടെ പ്രസവം നിര്‍ത്തലാക്കുക എന്നതാണ്. രണ്ടാം ഓപ്ഷനായി പോലും എന്തുകൊണ്ട് പുരുഷ വന്ധ്യംകരണം നടപ്പിലാക്കാമെന്ന തീരുമാനത്തില്‍ നമ്മള്‍ എത്തുന്നില്ല?

സ്ത്രീകളില്‍ നടത്തുന്ന ട്യൂബക്ടമിയേക്കാള്‍ ലളിതവും സുരക്ഷിതവും

പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ വാസക്ടമി എന്തുകൊണ്ട് പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്നില്ല? ജാതി- മത- വര്‍ഗ- വര്‍ണ വ്യത്യാസമില്ലാതെ, പുരുഷു എന്തുകൊണ്ടാവും ഭാര്യയെ വന്ധീകരിക്കുന്നത്?

പ്രധാനമായും സമൂഹത്തിലെ പുരുഷുവിന്റെ ആധിപത്യം തന്നെ. പിന്നെ വാസക്ടമിയെ കുറിച്ച്, മേല്‍പ്പറഞ്ഞ അന്ധവിശ്വാസങ്ങളും. (സ്ത്രീയില്‍ ട്യൂബക്ടമി നടത്തിയാല്‍ അവര്‍ക്കത് കുറഞ്ഞു പോവുമോ എന്ന ശങ്ക പുരുഷുവിന് ഒട്ടുമില്ല). നിങ്ങളുടെ പരിസരങ്ങളിലെ വന്ധ്യംകരണത്തിന്റെ കണക്കെടുത്തു നോക്കുക. പത്തില്‍ ഒമ്പതിലും പെണ്ണാവും വന്ധ്യംകരിക്കപ്പെട്ടിട്ടുണ്ടാവുക.

ആദ്യ പ്രസവത്തോടെ ഇനി കുഞ്ഞ് വേണ്ട എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ഭാര്യ സമ്മതിച്ചില്ല. അങ്ങനെ രണ്ടാമത്തെ പ്രസവമായി.

ഏതാണ്ട് ഒരു മണിക്കൂറിന്റെ മാത്രം കലാപരിപാടിയാണ് വാസക്ടമി. ലോക്കല്‍ അനസ്‌തേഷ്യ തന്ന് ഡോക്ടര്‍ അത് ഭംഗിയായി നിര്‍വഹിച്ചു.

അപ്പോഴും ഞങ്ങള്‍ വാസക്ടമിയെ കുറിച്ച് ചര്‍ച്ച ചെയ്തു. രണ്ടും പെണ്‍കുട്ടികളായതിനാല്‍ നമുക്കൊരു ആണ്‍കുട്ടി വേണം എന്ന ഭാര്യയുടെ ആഗ്രഹത്തെ മാനിച്ച്, പിന്നെയും വാസക്ടമി നടത്തിയില്ല. പിന്നീട്, മൂന്നാമത്തെ പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചപ്പോള്‍, ഭാര്യയെ ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ച് ഞാന്‍ വാസക്ടമി ചെയ്തു.

എന്റെ കാര്യത്തില്‍ വൃഷണസഞ്ചിയില്‍ രണ്ട് വശങ്ങളിലുമായി ചെറിയ ദ്വാരങ്ങളുണ്ടാക്കി,

വൃഷണങ്ങളില്‍ നിന്ന് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന കുഴലുകള്‍ അടയ്ക്കുകയാണ് ഡോക്ടര്‍ ചെയ്തത്. (ഇപ്പോള്‍ അതിലും നൂതനമായ മാര്‍ഗങ്ങളുണ്ടെന്ന് തോന്നുന്നു). വാസക്ടമിക്കു ശേഷവും വൃഷണങ്ങള്‍ ബീജം ഉല്‍പാദിപ്പിക്കുമെങ്കിലും, അവ ശുക്ലം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയിലേക്ക് എത്തിച്ചേരാതെ തടയപ്പെടും. വാസക്ടമിക്കുശേഷവും പുരുഷുവിന് സ്ഖലനം സംഭവിക്കുമെങ്കിലും, ശുക്ലത്തില്‍ ബീജത്തിന്റെ സാന്നിധ്യം ഉണ്ടാവില്ല. അപ്പോള്‍ ബീജ സംയോഗവും ഗര്‍ഭധാരണവും നടക്കില്ല.

Photo: Pixabay

ഏതാണ്ട് ഒരു മണിക്കൂറിന്റെ മാത്രം കലാപരിപാടിയാണ് വാസക്ടമി. ലോക്കല്‍ അനസ്‌തേഷ്യ തന്ന് ഡോക്ടര്‍ അത് ഭംഗിയായി നിര്‍വഹിച്ചു. പത്ത് ദിവസത്തോളം ഇണചേരരുത് എന്ന ഒറ്റ കണ്ടീഷനേ ഡോക്ടര്‍ എന്നോട് പറഞ്ഞുള്ളൂ.

കാര്യങ്ങള്‍ ഇത്ര ലളിതമായിരിക്കേ എന്തുകൊണ്ട് പുരുഷന്മാര്‍ വാസക്ടമി ചെയ്യുന്നില്ല? വിവാഹത്തോടെ ഭാര്യയുടെ ഗര്‍ഭപാത്രം നമുക്ക് സ്വന്തമായി എന്ന ധാരണയാണോ?

ധാരാളം വിവാഹബന്ധങ്ങള്‍ തകരുന്ന ഇക്കാലത്ത് ട്യൂബക്ടമി ചെയ്ത സ്ത്രീക്ക്, പുനര്‍വിവാഹത്തില്‍ ഒരു കുഞ്ഞ് വേണമെന്നുതോന്നിയാല്‍ അത് അത്രയെളുപ്പം സാധിച്ചു കൊള്ളണമെന്നില്ല. ട്യൂബക്ടമി ചെയ്തവര്‍ക്ക് പിന്നീട് ഗര്‍ഭധാരണം എളുപ്പമാണോ എന്നത് ആ വിഷയത്തില്‍ അറിവുള്ളവര്‍ പറയട്ടെ.

ഭാര്യയുടെ ഗര്‍ഭപാത്രം അടച്ചുപൂട്ടാന്‍ ആരാണ് ഭര്‍ത്താവിന് അവകാശം കൊടുത്തത്?

വാസക്ടമി ചെയ്താല്‍ പിന്നെയെനിക്ക് കൂലിപ്പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യമുണ്ടാവില്ല എന്നായിരുന്നു ഭാര്യയുടെ വിശ്വാസം.

ഞാന്‍ ട്യൂബക്ടമി ചെയ്യില്ല, വേണമെങ്കില്‍ നീ വാസക്ടമി ചെയ്‌തോ എന്ന് സ്ത്രീകള്‍ എന്തു കൊണ്ട് പറയുന്നില്ല?

എന്റെ ഗര്‍ഭധാരണശേഷി നിലനിര്‍ത്തുന്നതും ഇല്ലാതാക്കുന്നതും എന്റെ മാത്രം അവകാശമാണെന്ന് പ്രിയപ്പെട്ട സ്ത്രീയേ, നിങ്ങള്‍ എന്നു മുതലാണ് പറഞ്ഞുതുടങ്ങുക?

മറ്റൊരു ഓപ്ഷന്‍ ഉണ്ടെന്നിരിക്കെ, സ്ത്രീവന്ധ്യംകരണം എപ്പോഴും ഒന്നാമത്തെ ഓപ്ഷനാവുന്നത് പുരുഷന്മാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നല്ല. പുരുഷന്‍മാരില്‍ മാത്രമല്ല അത്തരം അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത്. വാസക്ടമി ചെയ്താല്‍ പിന്നെയെനിക്ക് കൂലിപ്പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യമുണ്ടാവില്ല എന്നായിരുന്നു ഭാര്യയുടെ വിശ്വാസം.

ആ അറിവിന്റെ വേര് തേടിപ്പോയപ്പോള്‍, അത് അവള്‍ക്ക് കിട്ടിയത് സമൂഹത്തില്‍നിന്നുതന്നെയാണെന്ന് മനസിലായി. ചെയ്തുകാണിച്ചാല്‍ തീരാവുന്നതേയുള്ളൂ ഇത്തരം അന്ധവിശ്വാസങ്ങള്‍.

പുനര്‍വിവാഹം കഴിക്കാന്‍ സ്ത്രീക്കും അവകാശമുണ്ടല്ലോ. ആ ബന്ധത്തില്‍ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തോന്നിയാല്‍, ട്യൂബക്ടമി ചെയ്ത സ്ത്രീ പിന്നീട് ഒരുപാട് കടമ്പകള്‍ കടക്കണമെന്ന് തോന്നുന്നു. കേരളത്തില്‍ പുരുഷവന്ധ്യംകരണത്തിന്റെ കണക്ക് 2 ശതമാണ് എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നില്ലെങ്കില്‍, നമുക്കെന്തോ കുഴപ്പമുണ്ട് എന്നുതന്നെയാണ് അര്‍ത്ഥം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments