ചിത്രീകരണം : ദേവപ്രകാശ്.

പ്രണയമെന്ന നൂൽപ്പാലത്തിലെ 2714 ചുവടുകൾ

വെറും മനുഷ്യർ- 39

പ്രണയമെന്നത് ജീവിതത്തിനും മരണത്തിനും ഇടയിലെ, ദൈവങ്ങൾക്കും പിശാചുകൾക്കും ഇടയിലെ വഴുക്കുന്ന നൂൽപ്പാലമാണെന്ന്​ നീ അറിഞ്ഞേക്കും.

സുകൂലി എന്നുപറഞ്ഞ് തങ്ങൾ എനിക്ക് ദിവസവും അഞ്ചുരൂപ തരാൻ തുടങ്ങി. മൂന്നുദിവസം കോട്ടക്കൽ നിന്ന് വലിയപറമ്പിലേക്ക് ബസ് കയറിയെങ്കിലും, നാലാംനാൾ ഞാൻ കയറിയ ബസ് പെരിന്തൽമണ്ണ എന്ന ബോർഡ് വെച്ച ബസായിരുന്നിട്ടും, അത് കോട്ടക്കൽ നിന്ന് പുറപ്പെട്ട് പുത്തൂർ എത്തിയപ്പോൾ, കുത്തനെയുള്ള കയറ്റം കയറാതെ വളഞ്ഞ് മറ്റൊരു പാതയിലേക്ക് കടന്നു.
അത് മലപ്പുറം റോഡായിരുന്നു. അക്കാലത്ത് കോട്ടക്കൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് മലപ്പുറം വഴിയും ബസുകൾ ഓടിയിരുന്നു. പെരിന്തൽമണ്ണ എന്ന വാക്ക് തന്നെ അതിലെ അക്ഷരങ്ങളുടെ എണ്ണംകൊണ്ടും വടിവുകൾ കൊണ്ടുമാണ് ഞാൻ വായിച്ചെടുക്കുന്നത്. അതിനുതാഴെ എഴുതിവെച്ച വഴികളൊന്നും എനിക്ക് വായിക്കാൻ അറിയില്ലായിരുന്നു.
ബസ്​ പുത്തൂരും കഴിഞ്ഞ് പിന്നെയും കുറച്ചുദൂരം പോയിക്കഴിഞ്ഞിരുന്നു. എനിക്കിവിടെ ഇറങ്ങണമെന്ന് പറഞ്ഞു ഞാൻ ബഹളം വച്ചെങ്കിലും കണ്ടക്ടർ ചൂടായി.
‘പുത്തൂര് നിർത്തിയപ്പൊ എറങ്ങായിര്ന്നില്ലേടാ? '
‘ഇന്ക്ക് പുത്തൂരല്ല എറങ്ങേണ്ടത്. വല്യറമ്പിലാണ് '

പിന്നെ എന്തിനാടാ ഈ ബസിൽ കയറിയത് എന്ന അയാളുടെ ആക്രോശത്തിനും, എന്റെ ചെവി പിടിച്ചുള്ള തിരുമ്മലിനും ഇടയിൽ ബസ് എനിക്കറിയാത്ത ദൂരങ്ങളിലേക്ക് ഓടി. ബോർഡിലെ വഴി വായിക്കാൻ അറിയാതെ പറ്റിയ അബദ്ധമാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാൻ സംസാരിക്കുന്നത് മലയാളമാണ്. എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് കൃത്യമായി പറയാനും അറിയാം. ബസിലെ മറ്റ് യാത്രക്കാർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പുറത്തെ ഇരുട്ടും, അറിയാത്ത ഇടത്തിലേക്കുള്ള ബസ്സിന്റെ പാച്ചിലും എന്നെ വല്ലാതെ ഭയപ്പെടുത്തി.

എനിക്ക് പറ്റിയ അബദ്ധത്തിൽ സ്വയം പഴിച്ച്, ഭൂമിയിലെ ഏറ്റവും നിസഹായനായ കുട്ടിയായി ഞാനാ ബസിൽ നിന്നു. കണ്ടക്ടർ എന്നെ പിടിച്ച് പുറത്തേക്ക് തള്ളുവോളം ബസിൽ ചിരിയായിരുന്നു. എന്നെ പരിഹസിച്ചാണ് അവർ ചിരിച്ചതെന്ന തികഞ്ഞ ബോധ്യത്തോടെ, വീണിടത്തുനിന്ന്​ഞാൻ എഴുന്നേറ്റുനിന്നു.

ടിക്കറ്റ് എടുക്കാതിരിക്കാനുള്ള വെളവാണ്, വിരുതാണ്, തട്ടിപ്പാണ് തുടങ്ങി എന്തൊക്കെയോ ആരൊക്കെയോ പറഞ്ഞു. കണ്ടക്ടർ എന്റെ അഞ്ചുരൂപ പിടിച്ചുവാങ്ങിയിട്ട്, ബാക്കി പിന്നെ വാങ്ങിച്ചോളാൻ പറഞ്ഞു. പലവട്ടം പല ബസിലും ടിക്കറ്റെടുക്കാതെ കയറിയതല്ലേ... ഓന് ബാക്കി കൊടുക്കണ്ട എന്നും ആരോ പറഞ്ഞു. അടുത്ത സ്റ്റോപ്പിൽ ആള് കയറാനോ ഇറങ്ങാനോ ഇല്ലാത്തതിനാൽ ബസ് അവിടെയും നിർത്താതെ പിന്നെയും കുറെ ദൂരം ഓടി.

ഞാനാ ബസിനുള്ളിൽ ഉടുതുണി ഉരിഞ്ഞ്, നാണംകെട്ട്, തട്ടിപ്പുകാരനായി നിന്നു. കുട്ടികൾക്ക് ഇത്ര വിരുത് പാടില്ലെന്നും, ചെറുതായിട്ട് തന്നെയാണ് എല്ലാവരും വലുതാവുന്നതെന്നും, ഇപ്പോഴേ കള്ളത്തരം പഠിച്ചാൽ മുതിരുമ്പോൾ വലിയ കള്ളനാവും എന്നൊക്കെയുള്ള ഉപദേശ- നിർദേശ- പരിഹാസങ്ങൾ കേട്ട്, കരയാൻ പോലുമാവാതെ, എനിക്ക് പറ്റിയ അബദ്ധത്തിൽ സ്വയം പഴിച്ച്, ഭൂമിയിലെ ഏറ്റവും നിസഹായനായ കുട്ടിയായി ഞാനാ ബസിൽ നിന്നു. ബസ് നിർത്തി കണ്ടക്ടർ എന്നെ പിടിച്ച് പുറത്തേക്ക് തള്ളുവോളം ബസിൽ ചിരിയായിരുന്നു. എന്നെ പരിഹസിച്ചാണ് അവർ ചിരിച്ചതെന്ന തികഞ്ഞ ബോധ്യത്തോടെ, വീണിടത്തുനിന്ന്​ഞാൻ എഴുന്നേറ്റുനിന്നു.
എന്നെ കടന്നുപോയിട്ടും അതിനുള്ളിൽ മുഴങ്ങിയ ചിരി, ഇന്നും ഏത് ബസിൽ കയറിയാലും ഞാൻ കേൾക്കാറുണ്ട്. ഇരുണ്ടുതുടങ്ങിയ ആ അന്തരീക്ഷത്തിൽ, ജനുവരിത്തണുപ്പിൽ അപരിചിതമായ ആ വഴിയോരത്ത് കാൽമുട്ടും തടവി ഞാൻ നിന്ന ആ നിൽപ്പും ഓർക്കാറുണ്ട്.
ആ ഇരുട്ടിലൂടെ ഞാൻ തിരികെ നടന്നു. ഒടിയന്മാരും കുട്ടികളെപ്പിടുത്തക്കാരും എന്റെയുള്ളിൽ പല ശബ്ദങ്ങളുണ്ടാക്കി ഒപ്പം നടന്നു. ഏതുനിമിഷവും പോത്തിന്റെ രൂപം വെടിഞ്ഞ്, പിറന്നപടി ഒരു മനുഷ്യൻ എന്റെ മുമ്പിൽ വന്നുനിൽക്കുമെന്ന ഉറപ്പിന്റെ ഭയത്തിൽ, ഓരോ ചുവടിലും ഞാൻ വിറച്ചു.

പതിവിലും വൈകിയാണ് ഞാനന്ന് തങ്ങളുടെ അടുത്തുനിന്നിറങ്ങിയത്. വഴിമാറി കയറിയ ബസ്​ ഓടിയ ദൂരമത്രയും തിരികെ നടന്ന് പുത്തൂര് എത്തിയപ്പോൾ സമയം രാത്രി. ഇനി കുത്തനെയുള്ള കയറ്റം കയറണം. കയറ്റം കയറി എത്തുന്നത് ആനോളിയിലേക്കാണ്. ആനോളിക്കും അരിച്ചോളിനും ഇടയിലെ ദൂരത്താണ് ഒടിയന്മാർ പാർക്കുന്നത്. മുതിർന്നവർ പോലും രാത്രികാലങ്ങളിൽ നടക്കാൻ ഭയക്കുന്ന ഇടമാണത്.

തെരുവുവിളക്കുകൾ അന്ന് ഇത്ര സുലഭമായിരുന്നില്ല. ഒരു വെളിച്ചത്തിനും മറുവെളിച്ചത്തിനും ഇടയിലെ നീണ്ട ദൂരങ്ങളിലെ ശബ്ദങ്ങളെ ഭയന്ന്, അപൂർവമായി കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും ഭയന്ന്, പോത്താവാൻ കഴിയുമെങ്കിൽ ഒടിയന്മാർക്ക് വാഹനങ്ങളാവാനും കഴിയുമെന്ന യുക്തിയിൽ കൂടുതൽ ഭയന്ന്, രാവിരുളിൽ കുരയ്ക്കുന്ന പട്ടികളെ ഭയന്ന്, തണുതണുത്ത കാറ്റിൽ ഉടലാകെ വിറച്ച് കയറ്റം കയറി ഞാൻ ഒരുവിധത്തിൽ ആനോളിയിലെത്തി.

ഞാൻ വിയർത്തു, വിറച്ചു. ഇനിയുള്ള ദൂരം പെരുംകടലായി മുമ്പിൽ ഇരമ്പിയാർക്കുന്നുണ്ട്. ഉമ്മ എപ്പോഴും വിളിക്കുന്ന മമ്പറത്തെ പാപ്പാനെ ഉറക്കെ വിളിച്ച്, കണ്ണുകൾ അടച്ച് ഞാൻ ഓടി. ഓട്ടത്തിനിടയിൽ ചെറിയ ശബ്ദങ്ങൾ പോലും വലിയ ശബ്ദങ്ങളായി തോന്നി. കണ്ണടച്ച് ഓടിയാൽ എന്നെ ഒടിക്കാൻ വരുന്നയാളെ കാണില്ലെന്ന ഭയത്തിൽ, പിന്നെ ഞാൻ കണ്ണുതുറന്ന് ഓടി. പാതയുടെ ഇടതുവശത്തായി അവരുടെ വീടുകളുണ്ട്. ആ വീടുകളിലെ വരാന്തയിൽ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിൽ കൂനിക്കൂടിയിരിക്കുന്ന മനുഷ്യർ, ആരെ ഒടിക്കണം എന്നല്ല വല്ലാതെ പൊരിയുന്ന വയറുകൾക്ക് എന്തുകൊടുത്ത് പൊരിച്ചിലടക്കുമെന്ന് ചിന്തിച്ച്, സ്വന്തം ജീവിതങ്ങളുടെ രാവെട്ടങ്ങളെയും ഇരുളിനെയും ശപിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

അരിച്ചോളും കഴിഞ്ഞ് വലിയപറമ്പ് കവലയിലെത്തി എന്റെ ഓട്ടം അവസാനിക്കുമ്പോൾ പള്ളിയിൽനിന്ന് ഒടുക്കത്തെ പ്രാർഥനയും കഴിഞ്ഞ് ആളുകൾ ഇറങ്ങുകയായിരുന്നു. അക്കൂട്ടത്തിൽ ഉപ്പയുണ്ട്. അബ്ദുവാക്കാന്റെ ചായപ്പീടികയിലെ പെട്രോൾമാക്‌സിന്റെ വെട്ടത്തിലേക്ക് ഉപ്പ കാണാനായി ഞാൻ നീങ്ങിനിന്നു. വീട്ടിലേക്ക് നടക്കുമ്പോൾ ബസ് മാറി കയറിയ കാര്യം ഞാൻ ഉപ്പാനോട് പറഞ്ഞു. പതിവ് നിസംഗതയും നമ്മൾ പറഞ്ഞത് മൂപ്പർ കേട്ടോ എന്ന് സംശയിച്ചുപോകുന്നത്ര നീണ്ട ഇടവേളയും കഴിഞ്ഞ്, പതിഞ്ഞ ശബ്ദത്തിൽ ഉപ്പ പറഞ്ഞു, ‘ഞ്ഞ് ന്റെ കുട്ടി ബസില് കയറണ്ട, അക്കായിക്ക് വല്ലതും വാങ്ങി തിന്നോണ്ടീ... '

പഴയൊരു ചോറ്റുപാത്രത്തിൽ ഉമ്മ രാവിലെ ചോറും മുളകുചമ്മന്തിയും വച്ചുതരും. അതൊരു പ്ലാസ്റ്റിക് കവറിലിട്ട് കോട്ടക്കലിലേക്ക് നടക്കും. അവിടെ ആ ഹാളിൽ എന്നെ കാത്തുകിടക്കുന്ന വർണങ്ങളും ചിത്രകഥാ പുസ്തകങ്ങളും അക്ഷരങ്ങളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു.

അതൊരു നല്ല നിർദേശമായി എനിക്ക് തോന്നി. രണ്ടുരൂപയാണ് അക്കാലത്ത് കോട്ടക്കലിലേക്കുള്ള ബസ് കൂലി. ഒരു രൂപയാണ് ചായയുടെ വില. പക്ഷേ രാത്രി അക്കണ്ട ദൂരമത്രയും ഭയന്നുവിറച്ച് ഓടണമല്ലോ എന്നോർത്തപ്പോൾ, അങ്ങോട്ട് പോകുമ്പോൾ നടക്കാമെന്നും പകലിൽ ഒടിയന്മാർ ഉണ്ടാവില്ലെന്നും, മടങ്ങിവരുമ്പോൾ ബസിൽ വരാമെന്നും ഉറപ്പിച്ച് അന്നത്തെ രാത്രി സ്വസ്ഥമായി ഞാൻ ഉറങ്ങി.

ജീവിതം കൂടുതൽ സുന്ദരമാവുകയായിരുന്നു. പഴയൊരു ചോറ്റുപാത്രത്തിൽ ഉമ്മ രാവിലെ ചോറും മുളകുചമ്മന്തിയും വച്ചുതരും. അതൊരു പ്ലാസ്റ്റിക് കവറിലിട്ട് (ആ പ്ലാസ്റ്റിക് കവർ ഞാൻ രണ്ടുരൂപയ്ക്ക് വാങ്ങിയതായിരുന്നു) കോട്ടക്കലിലേക്ക് നടക്കും. അവിടെ ആ ഹാളിൽ എന്നെ കാത്തുകിടക്കുന്ന വർണങ്ങളും ചിത്രകഥാ പുസ്തകങ്ങളും അക്ഷരങ്ങളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു. ആ നടത്തത്തിലാണ് പാഠപുസ്തകങ്ങളും നെഞ്ചോടുചേർത്ത് കൺവിഷാദവും അധരച്ചുവപ്പുമായി അവൾ എന്റെ മുമ്പിൽ നടന്നത്. അവൾ തനിച്ചായിരുന്നു. ആർപ്പുവിളിച്ചും, കൂട്ടംകൂടിയും സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾക്കിടയിൽ അവൾ മാത്രം തനിയെ നടന്നു.
പിറകിൽ നിന്നുള്ള സൂര്യവെളിച്ചത്തിൽ അവളുടെ നീലയും വെള്ളയും യൂണിഫോം തിളങ്ങുമായിരുന്നു. അവയിൽ ചളിയുടെയോ കറയുടെയോ നേർത്ത പാടുകൾ പോലുമില്ലായിരുന്നു. കറുത്ത തട്ടത്തിൽ നിന്ന് അതിനേക്കാൾ കറുത്ത തലമുടി പിന്നിലേക്ക് തൂങ്ങിക്കിടക്കുന്നുണ്ടാവും. നടക്കുമ്പോൾ ആ മുടിത്തുമ്പിൽ നിന്നിറ്റുന്ന വെള്ളത്തുള്ളികൾ ഇരുവശത്തേക്കും തെറിക്കും. ആ വെള്ളതുള്ളികളിൽ വെയിൽ തിളങ്ങുന്നതുകണ്ട്, ആ വൃത്തിയും വെടിപ്പും കണ്ട് ഞാനും രാവിലെ കുളിക്കാൻ തുടങ്ങി. ഞാൻ മുഖം കണ്ണാടിയിൽ നോക്കാൻ തുടങ്ങിയത് അവൾക്കുവേണ്ടിയായിരുന്നു. ചുണ്ടുകൾക്കുമേൽ നനുത്ത രോമങ്ങൾ തല നീട്ടുന്നത് ഞാൻ കാണാൻ തുടങ്ങി. അറിയാൻ തുടങ്ങി...

വെയിൽനനവുള്ള കാറ്റുകൾക്കുകീഴിൽ ഞങ്ങൾ നടന്നു. അവൾ എന്നും എന്റെ മുമ്പിലായിരുന്നു. എന്നും ആ മുടിത്തുമ്പിൽ നിന്ന് ജലം ഇറ്റിവീണു വാസന സോപ്പിന്റെ ഗന്ധവുമായി അവളെ തൊട്ട കാറ്റ് എന്നെയും തൊട്ടു. ഞങ്ങൾ ശ്വസിക്കുന്നത് ഒരേ വായുവാണെന്നതിൽ, ഞങ്ങൾ നടക്കുന്ന പാത ഒരേ പാതയായതിൽ, എനിക്കുവേണ്ടിയാണ് ആ വസ്ത്രങ്ങൾ ഇത്രമാത്രം വൃത്തിയായ തെന്ന മിഥ്യാധാരണയിൽ ഞാൻ ആനന്ദമറിഞ്ഞു. ഒരു മനുഷ്യജീവിക്ക് ഭൂമിയിൽ അറിയാൻ കഴിയുന്ന ഏറ്റവും നിഷ്‌കളങ്കമായ ആനന്ദമായിരുന്നു അത്.

എന്നെ കാണുന്നതേയില്ല എന്ന ഭാവത്തിലാണ് അവൾ നടന്നത്. എന്നെ കാണുന്നേ ഇല്ല എന്ന ഭാവത്തിലാണ് അവൾ തിരിഞ്ഞുനോക്കിയത്. ആ കൺവിഷാദങ്ങളുടെ അതിരിൽ പടരാതെനിന്ന കൺമഷിക്കറുപ്പിൽ ഞാൻ മുഴുലോകവും കണ്ടു. ആ അതിരിലൂടെയാണ് നേരിൽ ഞാൻ കാണാത്ത തീവണ്ടികൾ കൂവിപ്പാഞ്ഞത്. ആ അതിരിനുമപ്പുറത്ത് കൃഷ്ണമണിയുടെ വെയിൽപൊട്ടിലാണ് ഞാൻ നക്ഷത്രങ്ങൾ കണ്ടത്. ജീവിതത്തെ ഉറ്റുനോക്കുന്ന ആ കറുത്ത കൺപീലികളിലാണ് എന്റെ ഉന്മാദം പൂത്തുവിടർന്നത്.

അവളുടെ കാൽച്ചുവട് അളന്നാണ് ഞാൻ നടന്നത്. പുത്തൂർ ഇറക്കത്തിൽ, ആര്യവൈദ്യശാലയുടെ ഹെർബൽ ഗാർഡൻ തീർത്ത പച്ചപ്പുകളിലൂടെ, പുലരിയുടെ സൂര്യവെളിച്ചത്തിലൂടെ, സ്‌നേഹത്തോടെ പറക്കുന്ന അനേകം ശലഭങ്ങളുടെ നേർത്ത ചിറകടികളുടെ സംഗീതത്തിലൂടെ, ഞാൻ അവളിലേയ്ക്ക് നടക്കുകയായിരുന്നു. ജീവിതകാലമത്രയും ഓർക്കാനുള്ള ആദ്യപ്രണയത്തിന്റെ, പ്രണയനഷ്ടത്തിന്റെ, നഷ്ടവും നേട്ടവും അർഥരഹിതമായിത്തീരുന്ന ഏറ്റവും വിശുദ്ധമായ ആനന്ദമായിരുന്നു അത്.

അതായിരുന്നിരിക്കണം ഞാൻ അറിഞ്ഞ ധ്യാനം. അതായിരുന്നിക്കണം ദൈവങ്ങൾ തോറ്റുപോവുന്ന പ്രണയമെന്ന അത്ഭുതം. അതായിരുന്നിരിക്കണം ഞാനറിഞ്ഞ സ്വർഗീയ അനുഭൂതിയും ആത്മീയതയും.

ഷൈൻ ആർട്‌സിന്റെ അകച്ചുമരിലെ, ബാനറുകളിലും ബോർഡുകളിലും വർണങ്ങളിലും, ഊതിക്കുടിക്കുന്ന ചായയിലും, വിരലിൽ പുരണ്ട ഇനാമൽ പെയിന്റിന്റെ ഒട്ടലിലിലും, ഉച്ചയ്ക്ക് കഴിക്കുന്ന മുളകുചമ്മന്തിയുടെ എരിവിലും, ബാൽക്കണിയിൽ നിന്ന് കണ്ട കോട്ടക്കൽ അങ്ങാടിയിൽ മുഴുവനും അവളുണ്ടായിരുന്നു. തോരാതെ പെയ്യുന്ന മഴയായി ആ മുടിത്തുമ്പ് എന്റെ ഇരുലോകങ്ങളിലും ജലം പൊഴിച്ചുകൊണ്ടിരിന്നു.

ഓരോ പുലരിനടത്തവും തീർന്നുപോവല്ലേ എന്ന്, ഓരോ പകലും രാത്രിയും എത്രയും വേഗം തീർന്നുപോവണേ എന്ന്, ദൈവങ്ങളോട് ഞാൻ പ്രാർഥിച്ചു. അവൾക്കായി ഞാൻ ദൈവങ്ങളോട് കലഹിച്ചു. അവൾ എന്നെ പിരിഞ്ഞുപോവുന്ന താഴെ കോട്ടക്കലിലെ മുക്കവലയിൽ, ജീവൻ തന്നെ പറിഞ്ഞുപോവുംപോലെ... കുറേ ദൂരം നടന്ന് ലീന തീയേറ്ററിന്റെ മുമ്പിലെത്തുമ്പോൾ അവൾ എന്നെ തിരിഞ്ഞുനോക്കുന്നത് കാണാൻ, ഹൃദയമിടിപ്പിന്റെ താളം എണ്ണി, മറ്റ് കാഴ്ച്ചകളെയൊക്കെ പാടെ മറന്ന് ഞാൻ നിന്നു.

ആ തിരിഞ്ഞുനോട്ടത്തിൽ, അതിനായുള്ള ഭ്രാന്തോളമെത്തിയ കാത്തുനിൽപ്പിൽ എന്റെ എല്ലാ ഇന്ദ്രിയഗുണങ്ങളും അവളെന്ന ഒറ്റ ബിന്ദുവിലേയ്ക്ക് ചുരുങ്ങുമായിരുന്നു. അപ്പോൾ... ആ വിനാഴികകളിൽ ഞാനറിഞ്ഞത് ദൈവസ്പർശത്തേക്കാൾ അഗാധവും ഉണർച്ചയുള്ളതുമായ പ്രണയ സ്പർശമായിരുന്നു. അതായിരുന്നിരിക്കണം ഞാൻ അറിഞ്ഞ ധ്യാനം. അതായിരുന്നിക്കണം ദൈവങ്ങൾ തോറ്റുപോവുന്ന പ്രണയമെന്ന അത്ഭുതം. അതായിരുന്നിരിക്കണം ഞാനറിഞ്ഞ സ്വർഗീയ അനുഭൂതിയും ആത്മീയതയും. ഇന്നും ആ കാത്തുനിൽപ്പിൽ എനിക്ക് പൈങ്കിളിത്തം തോന്നാത്തത് ഞാനതിനെ അത്രമേൽ സ്‌നേഹിച്ചതുകൊണ്ടാവണം.

അവളോടൊപ്പം ഞാൻ ചേരുന്ന ഇടത്തുനിന്ന്, അരിച്ചോളിലേക്ക് അവൾ വെക്കുന്ന ചുവടുകളും അവിടുന്ന് ആനോളിയും കടന്ന് പുത്തൂരുവരെ വെക്കുന്ന ചുവടുകളും, പിന്നെ എന്നെ പിരിയുന്ന ആ മുക്കവല വരെ അവൾ വെക്കുന്ന കാൽച്ചുവടുകളും, കൃത്യം 2714 ചുവടുകളായിരുന്നു. ആ ചുവടുവെപ്പുകളിൽ ഒന്ന് കൂടുകയോ രണ്ടെണ്ണം കുറയുകയോ ചെയ്താൽ ഞാനത് അറിയുമായിരുന്നു. അത്രയ്ക്കും അഗാധമായ ഉള്ളുണർവോടെ, അത്രയേറെ ക്ഷമയോടെ അതിലേറെ ആനന്ദത്തോടെയാണ് ഞാനാ ചുവടുകൾ എണ്ണിയത്. എണ്ണിപ്പഠിച്ചത്. ഭാഷ എഴുതാനോ വായിക്കാനോ കൃത്യമായി അറിയില്ലെങ്കിലും, എനിക്ക് എണ്ണാൻ അറിയുന്നതിൽ ഞാൻ അതിയായി ആനന്ദിച്ചു. മുഴുലോകത്തോടും ഉറക്കെ വിളിച്ചുപറയണമെന്നു തോന്നുന്നത്ര ആനന്ദം... ഇതാ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ നടക്കുന്ന ദൂരങ്ങളിലെ കാൽച്ചുവടുകൾ 2714 ആണ്​. ഞാനത് എണ്ണിയെണ്ണി കാണാപാഠമാക്കിയിരിക്കുന്നു...

നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാൾ നടക്കുന്ന ദൂരങ്ങളിലെ ആ കാൽച്ചുവടുകളെ എണ്ണിനോക്കിയിട്ടുണ്ടോ...? ഇല്ലെങ്കിൽ പ്രണയം എന്നത് നിങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഞാൻ പറയും. ഒന്നും രണ്ടും ചുവടല്ല, പത്തും ഇരുപതും ചുവടല്ല, 2714 ചുവടുകൾ...

കടുംനീല പാവാടയ്ക്കുകീഴിൽ, വെള്ളിക്കൊലുസുകൾ കിലുങ്ങുന്ന താളത്തിനും താഴെ, കറുത്ത വള്ളികൾ ഉള്ള ചെരുപ്പായിരുന്നു അവളുടേത്. ആ പാദങ്ങൾ ഇപ്പോഴും അതിന്റെ വൃത്തിയിലും വെൺമയിലും, നഖച്ചിരികളിലും എനിയ്ക്ക് കാണാം... അത് വെക്കുന്ന ഓരോ ചുവടും എനിയ്ക്ക് എണ്ണാം... ചുമലുകൾ കുലുങ്ങുന്നതിന്റെയും, മുടി ഉലയുന്നതിന്റെയും താളത്തിൽ നിന്ന് എനിയ്ക്കത് എണ്ണിയെടുക്കാം ...

അത്തരം തിരിഞ്ഞുനോട്ടങ്ങളിലൊന്നിൽ അവളെന്നോട്, മാസങ്ങളായി പിറകെ നടക്കുന്ന എന്നോട് പേരെന്താണ് എന്ന് ചോദിച്ചപ്പോൾ, എന്റെ ശ്വാസം നിലയ്ക്കുംപോലെ എനിയ്ക്കുതോന്നി.

എന്നും ഒരേ വെള്ളത്തുണിയും നീലക്കുപ്പായവും ധരിച്ച്, അവളുടെ പിറകിൽ നടക്കുമ്പോൾ എന്റെ വസ്ത്രങ്ങളെ ഓർത്ത് ഞാൻ ലജ്ജിച്ചില്ല. അവളുടെ പാദങ്ങൾ എന്റെതായിരുന്നെങ്കിൽ, അവളെയും ചുമന്ന് നടക്കുന്നത് ഞാനായിരിക്കുമല്ലോ എന്ന ചിന്ത പോലും എനിക്ക് വല്ലാത്തൊരു ആനന്ദം നൽകി. എന്റെ ചുറ്റുമുള്ള ലോകം മാറുകയായിരുന്നു. പാതകൾക്ക് നീളവും വെയിലിന് ചൂടും തണുപ്പിന് തണുപ്പും കുറയുകയായിരുന്നു. പച്ചപ്പുകൾ പച്ച കൂടുകയും, ആകാശത്തിനുമേഘ വെൺമകൾ കൂടുകയുമായിരുന്നു. അക്കാലത്ത് പറങ്കിമാവിൻ പൂക്കൾക്ക് പനിനീർ പൂക്കളുടെ സുഗന്ധമായിരുന്നു. രാത്രികൾക്ക് നീളം കൂടുതലായിരുന്നു. ഉറക്കത്തിന് നീളം കുറവായിരുന്നു.

ജൈവഘടികാരത്തിന്റെ മിടിപ്പുകൾക്കുള്ള ഉത്തരങ്ങളായിരുന്നു അത്. എന്നെ അനാവശ്യമായി ചീത്ത പറയുന്ന ഏട്ടനോടുപോലും എനിക്ക് സ്‌നേഹം തോന്നി. ഞാൻ തൊഴിൽ പഠിക്കുന്ന വേഗത കണ്ട് തങ്ങൾക്ക് എന്നോട് ഇഷ്ടം കൂടി.

ബസുകൂലിയായി മൂപ്പർ തരുന്ന അഞ്ചുരൂപയിൽ, മൂന്നുരൂപ വീതം ചേർത്തുവച്ച്, വഴിയോരത്ത് വിൽക്കുന്ന വിലകുറഞ്ഞ തരം ഷർട്ടുകളിൽ ഒന്ന്, ചുവപ്പിൽ കറുത്ത കള്ളികളുള്ള ഒന്ന് ഞാൻ വാങ്ങി. പിറ്റേന്ന് അതും ധരിച്ച് അവളുടെ പിറകിൽ നടക്കുമ്പോഴാണ്, ആ അധരച്ചുവപ്പിനുള്ളിലെ വെണ്മ എനിക്കായി ആദ്യം തെളിഞ്ഞത്. അതിന്റെ അന്ധാളിപ്പിലും, ഉടലാകെ വിറയ്ക്കുന്ന ആനന്ദത്തിലും പെട്ട്, പകരം ചിരിയ്ക്കാൻ എനിയ്ക്ക് കഴിയാതെപോയി. പിന്നീട് അവൾ നോക്കിയ തിരിഞ്ഞുനോട്ടങ്ങളെല്ലാം എന്റെ കണ്ണുകളിൽ ഉടക്കുന്നതായിരുന്നു, എന്റെ ഹൃദയത്തോളം ചെന്ന് അതിന്റെ മിടിപ്പ് കൂടുന്നതായിരുന്നു.

അത്തരം തിരിഞ്ഞുനോട്ടങ്ങളിലൊന്നിൽ അവളെന്നോട്, മാസങ്ങളായി പിറകെ നടക്കുന്ന എന്നോട് പേരെന്താണ് എന്ന് ചോദിച്ചപ്പോൾ, എന്റെ ശ്വാസം നിലയ്ക്കുംപോലെ എനിയ്ക്കുതോന്നി. എന്റെ ദേഹം എന്നെ ചതിച്ചുകൊണ്ട് ആ പാതയിൽ മറിഞ്ഞുവീഴുമെന്ന് ഞാൻ ഭയന്നു. താൻ ചോദിച്ചത് ഇവൻ കേട്ടിട്ടുണ്ടാവില്ല എന്നുകരുതി അവൾ ഒരിക്കൽക്കൂടി എന്നോട് പേര് ചോദിച്ചു.

ഒരുപാട് അപകർഷതകളെ ഉള്ളിൽ ചുമക്കുന്ന ഞാൻ, തല താഴ്ത്തി അവളുടെ തൊട്ടരികിൽ ചേർന്നുനിന്ന് എനിയ്ക്കുപോലും കേൾക്കാത്തത്ര പതിഞ്ഞ ഒച്ചയിൽ പേര് പറഞ്ഞു. അവളത് കേട്ടിട്ടുണ്ടാവില്ല, പിന്നീടൊരിക്കലും അവൾ എന്നോട് പേര് ചോദിച്ചിട്ടില്ല. അവളുടെ പേര് എന്താണെന്ന് ചോദിക്കണമെന്നോ, അത് അറിയണമെന്നോ എനിക്ക് തോന്നിയതേയില്ല.

എന്റെ മുമ്പിൽ, പിറകിൽ, വശങ്ങളിൽ, എന്റെ ഉണർച്ചകളിൽ ഉറക്കത്തിൽ, എന്റെ ലോകത്തിന്റെ മുഴു അന്തരീക്ഷത്തിലും അവളുണ്ടായിരുന്നു. ആ മുടിത്തുമ്പിൽ നിന്ന് ജലം തോരാതെ പെയ്തു. വെള്ളിക്കൊലുസുകൾ കറുത്ത വള്ളികളുള്ള ചെരുപ്പിന്റെയും ടാറിട്ട റോഡിന്റെയും പശ്ചാത്തലത്തിൽ ഒരു വിനാഴികയുടെ വിശ്രമം പോലുമില്ലാതെ കിലുങ്ങിക്കൊണ്ടിരുന്നു. രാത്രികളിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അവളുടെ നോട്ടവും, അധരച്ചുവപ്പിനെ രണ്ടായി പകുത്ത് തെളിയുന്ന ആ ചിരിവെൺമയും എനിയ്ക്ക് കാണാമായിരുന്നു.

ഈ വാക്കുകൾ എഴുതുമ്പോൾ, ആ രാത്രികളെച്ചൊല്ലി, ആ കാലത്തെച്ചൊല്ലി അന്നത്തെ എന്റെ ചിന്തകളെച്ചൊല്ലി എനിയ്ക്ക് ഖേദമോ ചിരിയോ ലജ്ജയോ തോന്നാത്തത്, അവളെ ഞാൻ അത്രമാത്രം സ്‌നേഹിച്ചതുകൊണ്ടാണ്.

അവളെന്നെ പിരിയുന്ന ആ മുക്കവല ഇന്ന് ഒരുപാട് മാറിക്കഴിഞ്ഞു. അവിടം നിറയെ വലിയ വലിയ കെട്ടിടങ്ങളാണ്. അവൾ നടന്നുപോയ ആ ഇടുങ്ങിയ പാതയ്ക്ക് ഇന്ന് ഒരുപാട് വീതിയുണ്ട്. അതിന്റെ വശങ്ങളിൽ നിന്നിരുന്ന നിരപ്പലകകളുള്ള, ഓടിട്ട കെട്ടിടങ്ങളെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആ കെട്ടിടങ്ങളിലെ കുരുമുളക് കച്ചവടങ്ങളും, സംഭാരക്കടകളും സർവത്ത് കടകളും അടയാളങ്ങൾ ഏതുമില്ലാതെ കാലത്തിന്റെ ചതുപ്പിലാണ്ടുകഴിഞ്ഞു.

ഇന്നും ഇടയ്‌ക്കൊക്കെ കോട്ടക്കലിലേക്ക് നടക്കുമ്പോൾ ഞാനെന്റെ ചുവടുകൾ എണ്ണാറുണ്ട്. 2714 ചുവടുകൾ ഞാൻ എണ്ണിത്തീർത്ത ആ ദൂരത്തിൽ, ഇന്ന് 2316 ചുവടുകളേയുള്ളൂ. ബാക്കി 398 ചുവടുകൾ, വളർച്ചയുടെ പടവുകളിൽ എനിക്ക് നഷ്ടമായിക്കഴിഞ്ഞു

കുറേ നടന്ന് അവൾ എന്നെ തിരിഞ്ഞുനോക്കുന്ന ലീനാ തിയേറ്ററിന്റെ മുൻവശം ആകെ മാറിപ്പോയിരിക്കുന്നു. എതിർവശത്തെ പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും പുതിയ കെട്ടിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇക്കണ്ട കാലമത്രയും കഴിഞ്ഞിട്ടും, ഇന്നും ആ മുക്കവലയിൽ എത്തുമ്പോൾ ഞാൻ പോലുമറിയാതെ ഞാൻ നിന്നുപോവുന്നു. അറിയാതെ മുമ്പോട്ടുനോക്കി പോകുന്നു. അത്രമേൽ പ്രിയപ്പെട്ട ഒരാൾ അവിടെ, ലീനാ തിയേറ്ററിന്റെ മുൻവശത്തായി കാലം വളർച്ച മുരടിച്ചുനിൽക്കുന്ന ആ ഒരൊറ്റ ബിന്ദുവിൽ നിന്നുകൊണ്ട് എന്നെ തിരിഞ്ഞുനോക്കുന്നു. ആ നോട്ടം സ്വീകരിക്കാൻ ഞാനില്ലാതെപോയ അനന്തമായ പുലരികൾ അവിടെയുണ്ട്. കാഴ്​ചവെട്ടത്തുനിന്ന് അവൾ മറഞ്ഞുപോവുമായിരുന്ന അതേ പാത അവിടെയുണ്ട്...

ഇന്നും ഇടയ്‌ക്കൊക്കെ കോട്ടക്കലിലേക്ക് നടക്കുമ്പോൾ ഞാനെന്റെ ചുവടുകൾ എണ്ണാറുണ്ട്. 2714 ചുവടുകൾ ഞാൻ എണ്ണിത്തീർത്ത ആ ദൂരത്തിൽ, ഇന്ന് 2316 ചുവടുകളേയുള്ളൂ. ബാക്കി 398 ചുവടുകൾ, വളർച്ചയുടെ പടവുകളിൽ എനിക്ക് നഷ്ടമായിക്കഴിഞ്ഞു. ആ പാതയിലൂടെ കറുകറുത്ത മുടിയിൽനിന്ന് ജലമിറ്റിച്ച് നടന്നുപോയ ആ നിലാവഴകും നഷ്ടമായിക്കഴിഞ്ഞു.
എന്നിട്ടും എന്നെ തിരിഞ്ഞുനോക്കാൻ, നോട്ടം കൊണ്ട് എന്റെ ഹൃദയതാളം തെറ്റിക്കാൻ അവൾ മുമ്പിലുണ്ടെന്ന തോന്നലിൽ, ഞാനാ ചുവടുകൾ എണ്ണിത്തീർക്കുന്നു. കാലം കീഴ്‌മേൽ മറിഞ്ഞ്, അവൾ മുമ്പിൽ വന്നുനിൽക്കുന്നുവെന്ന് തോന്നിപ്പോകുന്നു. ചുവപ്പിൽ കറുത്ത കള്ളികളുള്ള ഷർട്ടുമിട്ട് ഞാൻ നടന്ന ആ ആദ്യപുലരിയിൽ, ഹെർബൽ ഗാർഡന്റെ ഈ പച്ചപ്പുകൾക്കുനടുവിൽ, അവൾ എന്നെ തിരിഞ്ഞുനോക്കിയിട്ടെന്ന വണ്ണം എന്റെ ശ്വാസം നിന്നുപോകുന്നു. എന്റെ തൊണ്ട വരണ്ടുപോകുന്നു...

വൈദ്യശാലയുടെ ആ ഹെർബൽ ഗാർഡനും അതിലെ പച്ചപ്പുകളും ഇപ്പോഴും ഇവിടെയുണ്ട്. ആ കൂറ്റൻ ഗെയിറ്റിനുള്ളിൽ പുതിയതായി ഒരു ആട് ഫാമുണ്ട്. ഗെയിറ്റിനുമുമ്പിലെ ചെറിയ കൂടാരപ്പുരയിൽ സെക്യൂരിറ്റി ഗാർഡുണ്ട്. വാർധക്യത്തിന്റെ എല്ലാ പരാധീനതകളുമായി, അയാൾ ആ കൂടാരപ്പുരയിലിരുന്ന് എന്നെ നോക്കാറുണ്ട്. വാഹനങ്ങൾ അലറിപ്പായുന്ന പാതയിലൂടെ കാൽനടയായി പോകുന്ന ഈ മനുഷ്യൻ ആരാവുമെന്ന്, എന്ത് ഭ്രാന്തിന്റെ പുറത്താണ് ഇയാൾ നടക്കുന്നതെന്ന് എന്നെയോർത്ത് അയാൾ അത്ഭുതപ്പെടുന്നുണ്ടാവും...
എനിക്ക് അയാളോട് ചോദിക്കണമെന്നുണ്ട്.
കുറച്ചുനേരം മുമ്പ് വെയിലിന് ഇത്ര ചൂടാവും മുമ്പ് , നീലയും വെള്ളയും യൂണിഫോമിട്ട് പാഠപുസ്തകങ്ങൾ നെഞ്ചോടുചേർത്തുപിടിച്ച് ഒരു പെൺകുട്ടി ഇതിലെ നടന്നുപോകുന്നത് നിങ്ങൾ കണ്ടോ... കറുത്ത തട്ടത്തിനുള്ളിൽ നിന്ന് അതിനേക്കാൾ കറുത്ത തലമുടി അവൾ പിറകോട്ട് ചീകിയിട്ടിട്ടുണ്ടാവും... ആ മുടിത്തുമ്പിന് വാസന സോപ്പിന്റെ മണമുണ്ടാവും... അതിൽനിന്ന് ജലം തോരാതെ പെയ്യുന്നുണ്ടാവും... അവളുടെ വസ്ത്രങ്ങളിൽ ചെളിയോ കറയോ ഉണ്ടാവില്ല... അവളുടെ കാലിൽ വെള്ളിക്കൊലുസുകളുണ്ടാവും... അത് കിലുങ്ങുന്ന സംഗീതം നിങ്ങൾക്ക് കേൾക്കാനാവും... കറുത്ത വള്ളികളുള്ള ചെരുപ്പാവും അവൾ ധരിച്ചിട്ടുണ്ടാവുക... ആ പാദങ്ങളുടെ വൃത്തിയും വെൺമയും കണ്ട് നിങ്ങൾ അത്ഭുതപ്പെടും...

എന്നെങ്കിലും അവളീവഴി പോകുന്നതുകണ്ടാൽ, ഞാനീ പറഞ്ഞ അടയാളങ്ങൾക്ക് പുറമേ, അവളുടെ ഇടത്തെ പുരികത്തിനുമുകളിൽ ചെറിയൊരു മറുകുകൂടി കണ്ടാൽ അവളോട് നിങ്ങൾ പറയണം, വർഷങ്ങൾക്കുമുമ്പ്, അവളുടെ പിറകിൽ ഹൃദയം കൈയിൽ പിടിച്ച് നടന്ന ആ പയ്യൻ, വല്ലാതെ മുതിർന്നിരിക്കുന്നുവെന്ന്... ഈ പാതയിലൂടെ ഇപ്പോഴും അവൻ നടന്നുപോകാറുണ്ടെന്ന്... ഏറ്റവും സ്‌നേഹത്തോടെ അവനവളെ ഓർക്കാറുണ്ടെന്ന്... ആ ഓർമകളിൽ ഇപ്പോഴും അവന്റെ ഹൃദയം വല്ലാതെ മിടിക്കാറുണ്ടെന്ന്.... അവന്റെ പേര് ‘അബ്ബാസ് ' എന്നാണെന്നുകൂടി നിങ്ങളവളോട് പറയണം...

പക്ഷേ അയാളോട് ഒന്നും പറയാതെ ഒന്നും ചോദിക്കാതെ, ഞാനീ ചുവടുകൾ എണ്ണുന്നു. പണ്ടത്തെ അതേ ആനന്ദത്തോടെ, അതേ ക്ഷമയോടെ, അതേ സ്‌നേഹത്തോടെ...

അവളോടൊപ്പം ഞാൻ ചേരുന്ന, പാലമരത്തിൽ നിന്ന് അരിച്ചോൾ വരെ 536 ചുവട്... അവിടുന്ന് ആനോളിയും കടന്ന്, പുത്തൂര് എത്തുംവരെ 1289 ചുവട്... പിന്നെ എന്നെ അവൾ പിരിയുന്ന ആ മുക്കവല വരെ 889 ചുവട്... പിഴയ്ക്കാത്ത 2714 ചുവടുകൾ...
നിന്റെ ചെറിയ പാദങ്ങൾ നടന്നുതീർത്ത ഈ ദൂരത്തിന് ഇത്രയും ചുവടുകളുണ്ടെന്ന് ഒരിക്കലും നീ അറിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷേ ഇത് വായിക്കുമ്പോൾ നീ അറിഞ്ഞേക്കും... ആ 2714 ചുവടുകളെ എത്രമാത്രം അഗാധമായ സ്‌നേഹത്തോടെയാണ് ഞാൻ അളന്നതെന്ന്... തെറ്റിയും തിരുത്തിയും അവനാ ചുവടുകളെ എത്രമാത്രം ക്ഷമയോടെയാണ് എണ്ണിപ്പഠിച്ചതെന്ന്...
നീ അവനെ തനിച്ചാക്കിപ്പോയ ഈ ഗ്രാമത്തിൽ, ഈ പാതകളിൽ തകർന്നുചിതറിയ സ്വന്തം ജീവിതത്തെ എത്രമാത്രം പൊള്ളലോടെയാണ് അവൻ വാരിയെടുത്തതെന്ന് നീ അറിഞ്ഞേക്കും...

പ്രണയമെന്നത് ജീവിതത്തിനും മരണത്തിനും ഇടയിലെ, ദൈവങ്ങൾക്കും പിശാചുകൾക്കും ഇടയിലെ വഴുക്കുന്ന നൂൽപ്പാലമാണെന്നും നീ അറിഞ്ഞേക്കും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments