ആ ഹാളിൽ കിടന്നുള്ള അന്നത്തെ രാവുറക്കം പേടിസ്വപ്നങ്ങളുടെതായിരുന്നു. പിറന്നപടി പെരുംചിലമ്പിലെ പാതകളിലൂടെ ഓടിയ വൈദേഹി എന്നെത്തേടിവന്നു. അവളുടെ പിന്നാലെ തങ്കരാജും പാലൈവനം ഉസ്താദും വന്നു. ഉസ്താദിന്റെ കയ്യിൽ വെള്ളിയാഴ്ച ഖുതുബക്ക് കുത്തിപ്പിടിക്കുന്ന മരത്തിന്റെ വാളുണ്ടായിരുന്നു. ആ വാളും ഉയർത്തിപ്പിടിച്ച് ഖുതുബ ചൊല്ലുമ്പോൾ ധരിക്കുന്ന നീളൻ വെള്ളക്കുപ്പായവുമിട്ട് ഉസ്താദ് വൈദേഹിയുടെ പിന്നാലെ ഓടി. കൈതച്ചക്ക വെട്ടിയിടും പോലെ ഉസ്താദ് വൈദേഹിയുടെ തല വെട്ടിയിട്ടു. സ്‌കൂൾ മുറ്റത്തു കൂടി തലയില്ലാത്ത വൈദേഹി ഓടി. സ്‌കൂളിന്റെ മേൽക്കൂരയിലിരുന്ന് ഞാൻ പേടിച്ച് നിലവിളിച്ചു.
നിലവിളിയോടെ ഞാൻ ഞെട്ടിയുണർന്നു.
ഹാളിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു.
എൻറെ തൊട്ടടുത്ത് കിടന്ന് സിനിമാ ഓപ്പറേറ്റർ കൂർക്കം വലിച്ചു.
ചീട്ടുകളി സംഘങ്ങൾ അവരവരുടെ പത്രപ്പായയിലേക്ക് വീണുകഴിഞ്ഞിരുന്നു.
മുൻ വാതിൽക്കൽ ഒരു കാവൽക്കാരനിരുന്ന് പുകവലിച്ചു. ബീഡിപ്പുക ആ വെളിച്ചത്തിലൂടെ നീന്തി, നിറം മാറി ,രൂപം മാറി, തലയറ്റ വൈദേഹിയുടെ ഉടലായി മാറുന്നതുകണ്ട് ഞാൻ കണ്ണുകളിറുക്കിയടച്ചു.
അത് ഒരു പ്രലോഭനമായിരുന്നു. അതറിയാതെ ഞാൻ അയാളോട് ചോദിച്ചു, ‘ന്നാ ഇന്റെ പൈസീം ഇങ്ങളെ പേഴ്‌സില് വെക്കോ...? ' ‘പൈസയൊക്കെ ഞാൻ വെക്കാം. പക്ഷെ മോൻ ആരെയും വിശ്വസിക്കരുത്. '
ഓപ്പറേറ്ററുടെ കൂർക്കംവലിയുടെ ശബ്ദം കേട്ട് ഞാൻ കിടന്നു. അയാൾ നല്ല മനുഷ്യനായിരുന്നു. കയ്യിൽ പണമുണ്ടെങ്കിൽ അത് മറ്റാരും കാണാതെ സൂക്ഷിച്ചു വെക്കണമെന്നും, എത്രയോ പേരുടെ പണം ഇവിടെ കിടക്കുമ്പോൾ കളവു പോയിട്ടുണ്ടെന്നും അയാൾ എനിക്ക് പറഞ്ഞുതന്നു. പണം മുണ്ടിന്റെ കോന്തലയ്ക്കൽ കെട്ടിയിട്ടിട്ടുണ്ട് എന്നുപറഞ്ഞപ്പോൾ അയാൾ ചിരിച്ചു; ‘കോന്തലക്ക് പൂട്ടും താക്കോലുമൊന്നും ഇല്ലല്ലോ ...ണ്ടോ? അതൊക്കെ നമ്മള് ഉറങ്ങുമ്പോ പോക്കറ്റടിക്കാര് അടിച്ച് മാറ്റും....'
പിന്നെയെന്തുചെയ്യുമെന്ന ആശങ്കയിൽ ഞാൻ പതറിനിന്നപ്പോൾ, അയാൾ പാന്റിന്റെ പിൻകീശയിൽ നിന്ന് കറുത്ത പഴ്‌സെടുത്ത് എനിക്ക് കാണിച്ചുതന്നു; ‘എന്റെ പണം ഇതിലാണ്. ഇത് കീശയിലിട്ട് മലർന്ന് കിടന്നാൽ പിന്നെയാർക്കും എടുക്കാൻ കിട്ടൂല, ഏതുറക്കത്തിലും എന്നെയെന്ന് തൊട്ടാ ഞാനപ്പൊ അറിയും.’
അത് ഒരു പ്രലോഭനമായിരുന്നു. അതറിയാതെ ഞാൻ അയാളോട് ചോദിച്ചു, ‘ന്നാ ഇന്റെ പൈസീം ഇങ്ങളെ പേഴ്‌സില് വെക്കോ...? ' ‘പൈസയൊക്കെ ഞാൻ വെക്കാം. പക്ഷെ മോൻ ആരെയും വിശ്വസിക്കരുത്. എന്നോടിപ്പോൾ ചോദിച്ചപോലെ ആരോടും ചോദിക്കാനും പാടില്ല. അവരാ പൈസയും കൊണ്ട് കടന്നുകളഞ്ഞാലോ...? '
അത് ശരിയാണല്ലോന്ന് എനിക്കും തോന്നി. ഞാൻ കോന്തലക്കെട്ടഴിച്ച് അതിലുണ്ടായിരുന്ന 290 രൂപ അയാൾക്ക് കൊടുത്തു. അയാൾ പണം പഴ്‌സിന്റെ മറ്റൊരു അറയിൽ വെച്ച്, സിബ്ബിട്ടു. ശേഷം പഴ്‌സ് പാന്റിന്റെ പിൻകീശയിലേക്കിട്ടു. ഇപ്പോഴും അയാൾ മലർന്നുതന്നെയാണ് കിടക്കുന്നത്. ഒരു പരിചയവുമില്ലാത്ത എന്നോട് അയാൾ കാണിച്ച കരുതലിനും സ്‌നേഹത്തിനും മറ്റൊരു മുഖമുണ്ടെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു.
പാലൈ വനത്തിനെയും വൈദേഹിയേയും മറന്ന് ഞാൻ ആ മനുഷ്യനെ ചേർന്ന് കിടന്നു. പകലൊക്കെ അലഞ്ഞുനടന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. പാതിയിൽ മുറിഞ്ഞ സ്വപ്നത്തിന്റെ ദൂരങ്ങളിൽ നിന്ന് തങ്കരാജ് എന്നെത്തേടി വന്നു. അവന്റെ താമരക്കുളങ്ങളിൽ താമരമൊട്ടുകൾ സൂര്യവെളിച്ചം കാത്തുകിടന്നു. താമരക്കുളത്തിനപ്പുറം ഗോവിന്ദ ചാമിയുടെ നെൽപ്പാടങ്ങളിലൂടെ കാറ്റ് തിരയിളക്കി കടന്നുപോയി. ഗിരീഷിനെ തോളിൽ ചുമന്ന് സെന്തിൽ ഓടിയ സ്‌കൂൾമുറ്റം ഞാൻ കണ്ടു. അതിന്റെ മൺനിറം, നെൽപ്പാടങ്ങളുടെ പച്ചയായി മാറുന്നതും കണ്ടു. ആ പച്ചനിറത്തിൽ താമരകൾ വിരിഞ്ഞു. താമരകളെ തൊട്ട് തഴുകിയെത്തിയ കാറ്റ് കണ്ണുകളിൽ ഞാൻ അനുഭവിച്ചറിഞ്ഞു. ഓർത്തെടുക്കാൻ കഴിയാതെ മുറിഞ്ഞുപോയ കുറേ പേടിസ്വപ്നങ്ങൾ ആ രാത്രി പിന്നെയും കണ്ടു.
പുലരിയുടെ വെളിച്ചം എന്നെ തൊടുമ്പോൾ ആ ഹാൾ ഏതാണ്ട് ശൂന്യമായിക്കഴിഞ്ഞിരുന്നു. ആരുടെയൊക്കെയോ രോഗക്കിടക്കയിലേക്ക് ഭക്ഷണവും സാന്ത്വനവും നൽകാൻ അവരൊക്കെയും പോയിക്കഴിഞ്ഞിരുന്നു. എഴുന്നേറ്റിരുന്നപ്പോൾ നടുക്കത്തോടെ അറിഞ്ഞു, എന്റെ പണം സൂക്ഷിച്ച ആ നല്ല മനുഷ്യൻ കിടന്ന ഇടം ശൂന്യമാണ്. അയാൾ കിടന്ന പേപ്പറിന്റെ പൊടിപോലും കാണാനില്ല.
കൺമുമ്പിൽ ആ ഹാൾ ഒന്നാകെ വട്ടംകറങ്ങി. തലയ്ക്കുള്ളിൽ വെളിച്ചപ്പൊട്ടുകൾ തെളിഞ്ഞു. കരയാൻ പോലുമാവാതെ ഞാനാ ചുമരും ചാരിയിരുന്നു. പുറത്ത് പുലരിയുടെ ബഹളങ്ങൾ ഉച്ചത്തിലായി. അവിടെ ബാക്കിയായ കുറച്ചുപേരിൽ ഒരാൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ നേരെ എതിർവശത്താണ് അയാൾ കിടക്കുന്നത്. അയാളെന്നെ കൈ കാട്ടി വിളിച്ചു. ഞാൻ അങ്ങോട്ടു ചെന്നു. അയാളുടെ തലമുടിയും താടിയും നരച്ചിരിന്നു. നെറ്റിയിലും കൈകളിലും തൊലിച്ചുളിവുകൾ തെളിഞ്ഞുകാണാമായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളിൽ നിന്ന് പുഴുങ്ങിയ കോഴിമുട്ടയുടെ മണം വന്നു.
‘നാരായണൻ അന്നെ പറ്റിച്ചു ല്ലേ...? '
അയാൾ കിടന്നുകൊണ്ടുതന്നെ കൈനീട്ടി എന്നെ തൊട്ടു.
ആ വിരൽനഖങ്ങളിലെ ചളിയും പുകയിലക്കറയും എന്നോട് എന്തോ പറയുകയായിരുന്നു; ‘നീയ് കാശ് മുഴുവൻ അവന്റെയട്ത്ത് കൊടുത്തോ...? '
ഞാൻ അതെയെന്ന് തലയാട്ടി.
എന്നോട് അയാൾ പറഞ്ഞ പേര് നാരായണൻ എന്നായിരുന്നില്ല, മറ്റേതോ മുസ്ലിം പേരായിരുന്നു. എനിക്കത് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, അയാളുടെ മുഖവും കട്ടിമീശയും വൃത്തിയിൽ വാർന്നുവെച്ച മുടിയും ചുളിവു വീഴാത്ത പാന്റും ഷർട്ടുമൊക്കെ, ഓർത്തെടുക്കേണ്ട ആവശ്യം പോലുമില്ലാതെ എന്റെ കൺമുമ്പിൽ തെളിഞ്ഞുനിന്നു.
‘നിന്റെ ആരാ ഇവിടെ അഡ്മിറ്റായി കെടക്ക്ണത് ? '‘ആരും ല്ല ... ', ഞാൻ സത്യം പറഞ്ഞു.
പിന്നെ, അയാൾ എന്തെങ്കിലും ചോദിക്കും മുമ്പ് ഞാനവിടുന്ന് എഴുന്നേറ്റ് ഹാളിൽ നിന്നിറങ്ങി. പുറത്ത് ആളുകളുടെ ബഹളം. മുഖപരിചയം പോലുമില്ലാത്ത ആളുകളുടെ ആ കടലിൽ ഞാനയാളെ തിരഞ്ഞു. അയാളെന്നെ പറ്റിച്ചതാവില്ല, ഓർമയില്ലാതെ എഴുന്നേറ്റ് പോയതാവും. അയാളുടെ അമ്മയ്ക്ക് ചായ വാങ്ങിക്കൊടുക്കാൻ പോയതാവും. മുടി വൃത്തിയിൽ വാർന്നുവെച്ച ഓരോ മനുഷ്യരിലും ഞാനയാളെ തിരഞ്ഞു. അത്രയും വൃത്തിയിൽ വേഷം ധരിച്ച, മംഗളവും മനോരമയുമൊക്കെ വായിക്കുന്ന, ത്യാഗരാജനെ നേരിൽ കാണുന്ന ആ മനുഷ്യന് എന്നെ പറ്റിക്കാൻ കഴിയില്ല എന്നുതന്നെ ഞാൻ വിശ്വസിച്ചു.
കീശയിൽ കിടന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സൈക്കിളിൽ ചായ വിൽക്കുന്ന ആളിൽ നിന്ന് ചായ വാങ്ങിക്കുടിച്ചു. ചൂടുള്ള പാൽച്ചായ വയറിലെത്തിയതും വയറാകെ ഇളകി മറിഞ്ഞു. ഇളകി മറിച്ചിൽ കുത്തിയൊലിക്കലാവും മുമ്പ് , ഒരു ഇടം കണ്ടെത്തണമായിരുന്നു. മെയിൻ ഗെയിറ്റും കടന്ന് താഴേക്ക് നടന്നു. അല്ല, ഓടി ... രാത്രിയിൽ കഞ്ഞി കുടിച്ച കടയും പിന്നിട്ട് പിന്നെയും താഴേക്ക് കുറെ ദൂരം ഓടി. പിടിച്ചുനിർത്താൻ കഴിയാത്ത വണ്ണം വയറിലെ കലങ്ങിമറിയൽ എന്നെ ശ്വാസം മുട്ടിച്ച്, ആ മെയിൻ റോഡിന്റെ വക്കത്തെ പൊന്തക്കാട്ടിൽ പിടിച്ചിരുത്തി.
ഞാൻ അവിടെയിരുന്ന് തൂറി. ആരെങ്കിലും കാണുമെന്നോ, തൂറലിന്റെ ബഹളം കേൾക്കുമെന്നാ ഒന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല. തൂറിക്കഴിഞ്ഞിട്ടാണ് ചന്തി കഴുകാനുള്ള വെള്ളത്തിന്റെ കാര്യം ഓർത്തത്. റോഡിനപ്പുറത്ത് വീടുകളുണ്ടായിരുന്നു. പക്ഷേ അവിടേക്ക് തുണിയും മാടിപ്പിടിച്ച് പോവാൻ പറ്റില്ലല്ലോ... പൊന്തക്കാട്ടിൽ കണ്ട കമ്യൂണിസ്റ്റപ്പ പറിച്ച് ഞാൻ ചന്തി തുടച്ചു. തൃപ്തിയാവാതെ കയ്യിൽ കിട്ടിയ ഇലകളൊക്കെ പറിച്ചെടുത്ത് തുടച്ചു. പിന്നെ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി എഴുന്നേൽക്കുമ്പോൾ, എന്റെ കാലുകൾക്കരികിലൂടെ കറുത്ത നിറമുള്ള ഒരു പാമ്പ് ഇഴഞ്ഞുപോയി. പോയിട്ടും പോയിട്ടും തീരാത്ത അതിന്റെ വലിപ്പം കണ്ട് എനിക്ക് പേടി തോന്നിയില്ല.
പക്ഷേ അന്നത്തെയത്ര തീവ്രമായി, നിസ്സഹായനായി ‘ഇനിയെന്ത്?’ എന്ന ചോദ്യം പിന്നീടൊരിക്കലും ചോദിച്ചിട്ടില്ല. അറിയാത്ത നഗരത്തിൽ അറിയാത്ത ആളുകൾക്കിടയിൽ കയ്യിൽ ഒരു ചില്ലിക്കാശുമില്ലാതെ ഞാനെന്ന പതിനഞ്ചുകാരൻ നടന്നു.
കാലങ്ങൾക്കുശേഷം ഖസാക്കിന്റെ ഇതിഹാസം വായിച്ചുതീരുമ്പോൾ, അതിന്റെ ഒടുക്കത്തെ വരികളിൽ ഹൃദയമുടക്കി നിൽക്കുമ്പോൾ, ആരോഹണമില്ലാത്ത, അവരോഹണല്ലാത്ത, കാലവർഷത്തിന്റെ ആ വെളുത്ത മഴകൾ പെയ്തു തോരാൻ രവി കൂമൻകാവിൽ ബസ് കാത്തുകിടക്കുമ്പോൾ, രവിയുടെ കാൽപ്പടങ്ങളിൽ മൃദുവായി തൊട്ട കുഞ്ഞരിപ്പല്ലുകളുടെ കുസൃതി വായിക്കുമ്പോൾ, ഞാൻ ഉൾക്കണ്ണിൽ കണ്ടത് ഈ പാമ്പിനെയാണ്.
ഞാൻ തൂറുമ്പോൾ ആ പാമ്പ് പൊന്തക്കാട്ടിലുണ്ടായിരുന്നിരിക്കണം. അതെന്നെ കൗതുകത്തോടെ നോക്കിയിരിക്കണം. കറുത്ത തൊലിയിൽ മഞ്ഞ ചിത്രപ്പണികളുള്ള ആ പാമ്പിന് വിഷമുണ്ടായിരുന്നിരിക്കണം. അതെന്നെ കൊത്തിയിരുന്നെങ്കിൽ ഞാനാ പൊന്തക്കാട്ടിൽ എന്റെ തന്നെ, തീട്ടം പുരണ്ട് മരിച്ച് കിടക്കുമായിരുന്നു. വിലാസം തെളിയിക്കാൻ ഒരു രേഖയും കൈവശമില്ലാത്ത എന്നെ അനാഥശവമായി എഴുതിത്തള്ളി, ഫോർമലിന്റെ രൂക്ഷഗന്ധത്തിലേക്ക് മാറ്റപ്പെടുമായിരുന്നു. ഒന്നുങ്കിൽ ആ പ്രായത്തിൽ എനിക്ക് പാമ്പിന്റെ കടിയെക്കുറിച്ചോ വിഷബാധയെ കുറിച്ചോ കാര്യമായ വിവരം ഉണ്ടായിരിക്കില്ല. അല്ലെങ്കിൽ തൂറാൻ മുട്ടി ഓടിക്കയറിയ ആ പൊന്തക്കാട്ടിൽ കാലം എനിക്കായി മരണത്തെ കരുതിവെച്ചിട്ടുണ്ടാവില്ല.
പാമ്പിന്റെ വാലറ്റം വരെ ഇഴഞ്ഞ് മറയുന്നത് ഞാൻ കണ്ടു നിന്നു. മേലാകെ കോരിത്തരിക്കുന്ന അറപ്പാണ് എനിക്കപ്പോൾ തോന്നിയത്. ഓടിയ ദൂരമെല്ലാം തിരികെ നടന്ന് ഞാൻ ആ ഹാളിലേക്കുതന്നെ തിരിച്ചെത്തി. അവിടം തികച്ചും ശൂന്യമായി കിടന്നു. ഉറക്കത്തിന്റെ ഞെളിപിരിയലുകളിൽ ചുരുണ്ടുകൂടിയ പത്രക്കടലാസുകൾ അവിടമാകെ പറന്നുനടന്നു.
നെഞ്ച് കനത്തും നിലവിളിച്ചും ഇലത്തുമ്പിൽ വിതുമ്പി നിന്ന മഴത്തുള്ളികളായി കണ്ണ് നിറച്ചും എനിക്കുചുറ്റും മനുഷ്യക്കടൽ തിരയിളക്കി. ആ തിരമാലകൾക്കിടയിൽ ഞാനെന്ന ചെറുതോണി അയാളെ തിരഞ്ഞു. കയറ്റത്തിൽ, ഇറക്കത്തിൽ, തണൽമരങ്ങളുടെ ചുവട്ടിൽ, മഞ്ഞ പൂക്കൾ പൊഴിഞ്ഞുകിടന്ന സിമൻറ് ബെഞ്ചുകളിൽ, അത്യാഹിത വിഭാഗത്തിനുമുമ്പിലെ പൊട്ടിക്കരച്ചിലുകളിൽ, മോർച്ചറിക്കുമുമ്പിലെ ശബ്ദമില്ലാ കരച്ചിലുകളിൽ ...
കാലുതളർന്ന് വയർ തളർന്ന് ഞാനാ ഗേറ്റിനു മുമ്പിലിരുന്നു. പുതിയ കുപ്പായത്തിന്റെ മണം മൂക്കിൽ തട്ടിയപ്പോൾ അത് വാങ്ങാൻ തോന്നിയ നേരത്തെ ഞാൻ ശപിച്ചു. വെയിലിനു ചൂടു കൂടി. എന്നെ ശ്രദ്ധിക്കാതെ ആളുകൾ അതിലൂടെ അകത്തേക്കും പുറത്തേക്കും പോയി. പിന്നെയും ആ ചോദ്യം എന്റെ അന്തരീക്ഷത്തിൽ തെളിഞ്ഞു, ‘ഇനിയെന്ത്...? '
ഈ ചോദ്യം എന്നെ കുഴപ്പിക്കാതെ ഈ 46 വർഷങ്ങളെയും ഞാൻ ജീവിച്ചു തീർത്തിട്ടില്ല.
എത്രയെത്രയോ അവസരങ്ങളിൽ ഉള്ളിലെ വെളിച്ചങ്ങൾ അണഞ്ഞ ഇരുട്ടിൽ ഞാനാ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇതെഴുതുന്ന ഈ നോമ്പുകാലത്ത്, പെയിൻറ് പണി ഇല്ലാതെയായി, ലോട്ടറി വില്പനയെ കൊറോണ തിന്നുതീർത്ത്, മക്കൾക്ക് പെരുന്നാളിന്റെയന്ന് എന്ത് തിന്നാൻ കൊടുക്കും എന്ന ചോദ്യത്തിൽ എന്റെയുള്ള് കത്തുന്നുണ്ട്.
പക്ഷേ അന്നത്തെയത്ര തീവ്രമായി, നിസ്സഹായനായി ‘ഇനിയെന്ത്?’ എന്ന ചോദ്യം പിന്നീടൊരിക്കലും ചോദിച്ചിട്ടില്ല. അറിയാത്ത നഗരത്തിൽ അറിയാത്ത ആളുകൾക്കിടയിൽ കയ്യിൽ ഒരു ചില്ലിക്കാശുമില്ലാതെ ഞാനെന്ന പതിനഞ്ചുകാരൻ നടന്നു. എങ്ങോട്ടെന്നില്ലാതെ. രാത്രി ബസിറങ്ങിയ സ്റ്റോപ്പിലെത്തിയപ്പോൾ, പുതിയ ബസ് സ്റ്റാൻഡിലേക്കും അവിടുന്ന് പാളയം സ്റ്റാൻഡിലേക്കും നടന്നെത്തിയാൽ, കോട്ടക്കലിലേക്ക് ബസ് കിട്ടും. വീട്ടിലേക്ക് തിരികെ പോവാനുള്ള ബസ് കൂലി എങ്ങനെയുണ്ടാക്കും എന്ന ചിന്തയിൽ പിടഞ്ഞ് ഞാനാ ദൂരങ്ങളിലൂടെ നടന്നു.
എന്റെ ചെറിയ സങ്കടങ്ങൾക്ക് ചുറ്റിലുമായി വലിയ സങ്കടങ്ങളെ നെഞ്ചിലേറ്റി മനുഷ്യർ യാത്ര ചെയ്തു. എങ്ങനെയെങ്കിലും വീടെത്തിയാൽ മതി എന്ന ചിന്തയോടൊപ്പം, വീടെത്തിയാൽ പണം മോഷ്ടിച്ചതിന് ഏട്ടന്റെ കയ്യീന്ന് കിട്ടിയേക്കാവുന്ന അടികളെ ഓർത്ത് ഞാൻ ഭയന്നു. നടക്കുന്ന പാത പിറകോട്ട് തെന്നിനീങ്ങുകയാണെന്ന് തോന്നി. എന്നെ പറ്റിച്ച ആ മനുഷ്യനോടുള്ള ദേഷ്യത്തിൽ കാലുകൾക്ക് കരുത്ത് കിട്ടി. നടന്നിട്ടും നടന്നിട്ടും തീരാതെ റോഡ് നീണ്ടു കിടന്നു....
റോഡിനിരുപുറവും വീടുകളുണ്ടായിരുന്നു. ആ വീട്ടുമുറ്റങ്ങളിൽ മനുഷ്യരുണ്ടായിരുന്നു. നീല പെയിന്റടിച്ച ഒരു വീടിന്റെ മുമ്പിൽ നിന്ന് പൂച്ചെടികൾ നനക്കുന്ന കുട്ടിയെ കണ്ടപ്പോൾ എന്റെയും അവന്റെയും ജീവിതം വച്ചുമാറാൻ കഴിഞ്ഞെങ്കിലെന്ന് തീവ്രമായി ആശിച്ചു. ആ വീടിനകത്ത് അവന് സ്വന്തമായി ഒരു മുറിയുണ്ടാവും. ആ മുറിയിൽ നിന്നാവും അവൻ സ്‌കൂളിലേക്ക് പോവാനൊരുങ്ങുന്നത്. അവിടുത്തെ മേശയിൽ അവന്റെ പാഠപുസ്തകങ്ങളുണ്ടാവും. സ്‌കൂൾ ബാഗുണ്ടാവും . നിറയെ ചോറ് നിറച്ച ചോറ്റുപാത്രമുണ്ടാവും. അവനെ ആരും വടിയെടുത്ത് തല്ലില്ല, സ്‌കൂൾ വിട്ടുവന്നാൽ ഉപ്പാന്റെയോ ഏട്ടന്റെയോ കൂടെ നഗരത്തിൽ സിനിമ കാണാൻ പോവാം. എന്റെ ഗതികെട്ട ജീവിതത്തെ അവന് കൊടുത്ത്, അവന്റെ ജീവിതത്തെ എനിക്കുതരാൻ, ജീവിതത്തിലാദ്യമായി നിറകണ്ണുകളോടെ, പൂർണവിശ്വാസത്തോടെ ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു.
പടച്ചോൻ എന്റെ പ്രാർത്ഥനയും കണ്ണീരും സ്വീകരിച്ചില്ല. അവനെ തന്നെ ഉറ്റുനോക്കുന്ന എന്റെ നേർക്ക് പടച്ചവൻ, അവനെക്കൊണ്ട് കയ്യിലെ പൈപ്പ് എന്റെ നേർക്ക് നീട്ടിപിടിപ്പിച്ചു. അതിൽ നിന്ന് ചീറ്റിവന്ന വെള്ളത്തിൽ എന്റെ കുപ്പായം നനഞ്ഞു.
തുണി നനഞ്ഞു.
മുഖം നനഞ്ഞു.
മുടി നനഞ്ഞു.
കാലം എനിക്കായി അവിടെ കരുതിവെച്ച കളിയാക്കലിന്റെ, പൊട്ടിച്ചിരിയുടെ, ആ മഴ മുഴുവൻ ഞാൻ നനഞ്ഞു തീർത്തു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.