മുഹമ്മദ് അബ്ബാസ്

മുനീർ മുഹമ്മദ്​, ലിപിയില്ലാത്ത
​ഒരു പുരാതനഭാഷ

കൊട്ടാരത്തിലെ ആ പെൺകുട്ടിയെ പ്രണയിക്കുക എന്നത് അയാളെ സംബന്ധിച്ച് അക്കാലത്ത് സ്വപ്നങ്ങളുടെ പർവ്വതം കയറൽ തന്നെയായിരുന്നു. അത് അറിഞ്ഞുകൊണ്ടാവും അയാൾ തന്റെ, മുനീർ ടൈലേഴ്‌സിനെ മാറ്റിയെഴുതി, ‘ഡ്രീം മൗണ്ട് ഡ്രസ്സസ് ' ആക്കിയത്.

ടുക്കളത്തോട്ടത്തിന്റെ ഭാഗത്ത് പുറത്തേക്കുള്ള വഴിയുണ്ടായിരുന്നു. ആളുയരത്തിൽ നിൽക്കുന്ന മതിലിൽ ചെറിയൊരു ഗേറ്റ്.
ആ ഗേറ്റിലൂടെയാണ് മുനീർ മുഹമ്മദിന്റെ പ്രണയമൊഴികൾ പകർത്തിയ കത്തും കീശയിലിട്ട് ഞാൻ നടന്നത്.
മഴയറിയാതെ, കാറ്ററിയാതെ, കണ്ണുകളിൽ പ്രണയത്തിന്റെ മഞ്ഞുപടലങ്ങളുമായി അയാൾ എന്നെ കാത്തുനിന്നു.
കൊട്ടാരത്തിനുള്ളിൽ അയാളുടെ കാമുകിയുണ്ട്, അത് ആരാണെന്ന് എനിക്കറിയുമായിരുന്നില്ല.

റസിയ താത്തയാണ് എനിക്ക് കത്തുകൾ തന്നത്.
ആദ്യത്തെ ദിവസം അത് തരുമ്പോൾ അവർ പറഞ്ഞു, ‘പുതിയുട്ടിയേ... ലവ കാക്കാന്റെ പീട്യന്റെ അട്ത്ത് പാന്റിട്ട ഒരാള് നിക്ക്ണുണ്ടാവും. ഈ കത്ത് ഓന്ക്ക് കൊടുക്കണം.'

കാര്യം മനസ്സിലാവാതെ ഞാൻ അവരെ മിഴിച്ചുനോക്കി.
അടുക്കളമുറ്റത്തേക്ക് എന്നെ ഇറക്കിക്കൊണ്ടുവന്ന്, കത്ത് എന്റെ കീശയിലിട്ടുതന്നിട്ട് റസിയ താത്ത പറഞ്ഞു, ‘പൊട്ടൻ പുതിയുട്ടിയേ... അന്നെ കാത്ത് ആ ആള് അവ്‌ടെ നിക്ക്ണുണ്ടാവും. ഇജ് ഈ കത്ത് ഓന് കൊടുക്കണം. ഓന് എന്തെങ്കിലും തന്നാ അദ് മാങ്ങി ആരും കാണാതെ ഇന്ക്ക് കൊണ്ട് തരണം മനസ്സിലായോ...?'

കത്തിൽ എന്താവും എന്നറിയാൻ എനിക്ക് വല്ലാത്ത പൂതി തോന്നി. കത്ത് ഒട്ടിച്ചിട്ടൊന്നുമില്ല. നാലായി മടക്കിയ കടലാസാണ്.

കാര്യം മനസ്സിലായ ഞാൻ കീശയിൽ അമർത്തിപ്പിടിച്ച് ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി. അതിനുമുമ്പ് മൂന്നുതവണ ഞാൻ ലവ കാക്കാന്റെ പെട്ടി പീടികയിലേക്ക് പോയിട്ടുണ്ട്. നാല് ചക്രങ്ങൾ ചുമക്കുന്ന ആ പെട്ടിപ്പീടികയ്ക്ക് നീല നിറമായിരുന്നു. ലവ കാക്കാന്റെ ഇടത്തേ കാല് കുഴഞ്ഞുകിടന്നു. ശരീരത്തിന് ഒട്ടും ആവശ്യമില്ലാത്ത ആ കാലും ചുമന്ന് തൊക്കിൽ വടിയും കുത്തിയാണ് ലവ കാക്ക നടക്കാറ്.

ലവ കാക്കാന്റെ പെട്ടിപ്പീടികയിലെ ഭരണികളിൽ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും പല നിറത്തിലുള്ള മിഠായികളും നിരന്നുനിന്നു. സാഹിബിന്റെ ഉമ്മാക്ക് സാഹിബ് അറിയാതെ, മറ്റാരുമറിയാതെ പുകയില വാങ്ങിക്കൊടുക്കാനാണ് ആദ്യം ഞാനാ കടയിലേക്ക് പോയത്. അന്നും റസിയ താത്ത തന്നെയാണ് അഞ്ച് രൂപയുടെ നോട്ട് തന്നിട്ട് പറഞ്ഞത്, ‘ബീവിത്താക്ക് ള്ള മുട്ടായീന്ന് പറഞ്ഞാ മതി. ലവ കാക്ക തരും. അത് തൊറന്ന് നോക്കര്ത് ട്ടാ '

കയ്യിൽ കിട്ടിയ കടലാസ് പൊതി ആദ്യം ഞാൻ മണത്തുനോക്കി. പിന്നെ ചാക്ക് നൂലിന്റെ കെട്ടഴിച്ചുനോക്കി. പുകയിലയാണെന്നറിഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്റെ ഉമ്മ പുകയില കൂട്ടി മുറുക്കുന്നത് ഞങ്ങളൊക്കെ കാൺകെയാണ്. ഉമ്മ രഹസ്യമായിട്ടല്ല പുകയില വാങ്ങിച്ചത്.
സാഹിബിന്റെ ഉമ്മാക്ക് പുകയില തൊടാൻ പാടില്ലെന്ന് റസിയ താത്തയാണ് എനിക്ക് പറഞ്ഞുതന്നത്. അവർ വെറ്റിലമുറുക്കാറില്ല, പുകയില മാത്രം വായിലിട്ട് ചവച്ച് കവിളിനുള്ളിൽ ഒളിപ്പിച്ചുവെക്കും. അങ്ങനെ വെച്ചുവെച്ച്, കവിളിൽ അസുഖം വന്നപ്പോൾ സാഹിബ് പുകയില നിരോധിച്ചു. ആ നിരോധനമാണ് റസിയ താത്ത വഴി ഞാൻ നീക്കിക്കൊടുക്കുന്നത്.

എന്റെ ഉമ്മ പുകയില കൂട്ടി മുറുക്കുന്നത് ഞങ്ങളൊക്കെ കാൺകെയാണ്. ഉമ്മ രഹസ്യമായിട്ടല്ല പുകയില വാങ്ങിച്ചത്. / Photo: Pexels

പുകയില തരുമ്പോൾ ലവ കാക്ക അതിന്റെ കൂടെ എനിക്കുള്ള മിഠായിയും തരും. ചിലപ്പോ ഉപ്പിലിട്ട മാങ്ങയോ നെല്ലിക്കയോ തരും. കീശയിൽ കിടക്കുന്ന കത്തുമായി ലവ കാക്കാന്റെ പീടികയിലേക്ക് നടക്കുമ്പോൾ, ആ കത്തിൽ എന്താവും എഴുതിയിട്ടുണ്ടാവുക എന്നറിയാൻ എനിക്ക് വല്ലാത്ത പൂതി തോന്നി. കത്ത് കവറിലിട്ട് ഒട്ടിച്ചിട്ടൊന്നുമില്ല. നാലായി മടക്കിയ കടലാസാണ്.

അദൃശ്യമായ എന്തോ ഒന്ന്, ആ അക്ഷരങ്ങൾ വായിക്കാനുള്ള എന്റെ പൂതിക്ക് തടയിട്ടു. ഞാൻ ചെയ്യുന്നത് തികച്ചും രഹസ്യമായ ഒരു കാര്യമാണെന്ന്, മറ്റാരും അറിയാൻ പാടില്ലാത്ത കാര്യമാണെന്ന് റസിയ താത്ത പറയാതെ തന്നെ എനിക്ക് മനസ്സിലായി. ആ ചരൽ പാതക്കിരുവശവും വീടുകളുണ്ടായിരുന്നു. വീടുകളുടെ മുൻ വാതിലുകളെല്ലാം ആ പാതക്കുനേരെയാണ് തുറന്നുകിടന്നത്.

കൊട്ടാരത്തിലെ വേലക്കാരനാണ് ഞാനെന്ന് എന്നെ നോക്കുന്നവർക്കെല്ലാം അറിയാമായിരുന്നു. അവരുടെ കണ്ണുകൾ എന്നോടത് പറഞ്ഞു. ആ നോട്ടങ്ങൾക്കുമുമ്പിലൂടെ തല നിവർത്തിപ്പിടിച്ച് അഭിമാനത്തോടെയാണ് ഞാൻ നടന്നത്.

ചാറ്റൽമഴ പെയ്യുന്ന ആ അന്തരീക്ഷത്തിൽ ലവ കാക്കാന്റെ പീടികയോടുചേർന്ന്, നിവർത്തിപ്പിടിച്ച കുടയുമായി മുനീർ മുഹമ്മദ് നിന്നു. ആ കണ്ണുകൾ എന്നെ തേടുകയായിരുന്നു. എന്നെ കണ്ടതും അയാൾ ചിരിച്ചു. തന്റെ വെള്ള പാന്റിൽ തൊട്ട് കാണിച്ചു. കറുപ്പിൽ ചുവന്ന കള്ളികളുള്ള കുപ്പായവും, ചുരുണ്ട മുടിയും, വെളുത്ത കൈയിലെ കടും കാപ്പി പട്ടയുള്ള വാച്ചും അയാളെ കൂടുതൽ സുന്ദരനാക്കി.

അയാളുടെ കണ്ണുകളിലാണ് ഞാൻ ആദ്യമായി കാത്തിരിപ്പിന്റെ കടലുകളെ കണ്ടത്. പ്രണയം കൊണ്ടുമാത്രം വിരിയുന്ന പൂക്കളുടെ സൗന്ദര്യവും ആ കണ്ണുകളിലാണ് ഞാൻ ആദ്യമായി കണ്ടത്. മണിക്കൂറുകളായിട്ട് അയാളവിടെ എന്നെ കാത്തുനിൽക്കുകയായിരുന്നു. എന്നെയല്ല, എന്റെ കീശയിലെ കത്തിനെ, ആ കടലാസിൽ അയാൾക്കായി കുറിച്ചിട്ട പ്രണയത്തിന്റെ വാക്കുകളെ വായിക്കാൻ ഹൃദയം കൈയിൽ പിടിച്ച് അയാൾ കാത്തുനിന്നു.

കോളറക്കാലത്തെ പ്രണയം വായിക്കുമ്പോൾ, ഫ്‌ളോറന്റിനോയുടെ രൂപത്തിൽ മുനീർ മുഹമ്മദ് എന്റെ മുമ്പിൽ വന്നുനിന്നു.

ഞങ്ങൾക്കുചുറ്റും മഴ പെയ്തു. അയാൾ എന്നെ കുടയിലേക്ക് ചേർത്തുനിർത്തി മുമ്പോട്ട് നടന്നു. എന്റെ തോളിൽ കിടന്ന അയാളുടെ കൈ വിറച്ചു. പാതകളിലും വീടുകളുടെ മേൽക്കൂരകളിലും മരങ്ങളിലും മഴ പെയ്തു. മഴ കൊള്ളുന്ന വലിയൊരു മരത്തിനുചുവട്ടിലെത്തിയപ്പോൾ ആ വിറയ്ക്കുന്ന കൈ എന്റെ നേരെ നീണ്ടു. ഞാൻ കീശയിൽനിന്ന് കത്തെടുത്ത് അയാൾക്ക് കൊടുത്തു. അയാളത് വാങ്ങി തന്റെ മൂക്കിനോട് ചേർത്തുപിടിച്ചു. പ്രണയത്തിന്റെ മണം അയാൾ അറിയുന്നത് ഞാൻ കണ്ടുനിന്നു. എനിക്കറിയാത്ത ആ മണങ്ങളിൽ അയാളുടെ കണ്ണുകളടഞ്ഞു.

അയാളുടെ ആകാശങ്ങളിൽ പ്രണയമേഘങ്ങൾ കനത്തിരുണ്ട് ഇടിവെട്ടി പെയ്തിരിക്കണം. അടഞ്ഞ കണ്ണിൽ നിന്ന് കണ്ണീർത്തുള്ളികൾ ഇറ്റിവീണു. ഭൂമിയിൽ ഒരു മനുഷ്യന് പൊഴിക്കാവുന്ന ഏറ്റവും വിശുദ്ധമായ കണ്ണീരാണ് അതെന്ന് അറിയാൻ എനിക്ക് പിന്നെയും കാലങ്ങൾ വേണ്ടിവന്നു. അപ്പോൾ ആ നിമിഷങ്ങളിൽ, മഴ പെയ്യുന്ന അന്തരീക്ഷത്തിൽ കുടക്കീഴിൽ ചേർന്നുനിന്ന് ഞാനയാളെ ആരാധനയോടെ നോക്കി. ആ കണ്ണുകൾ കലങ്ങിയിരുന്നില്ല, അവിടെ എനിക്കറിയാത്ത വെളിച്ചങ്ങൾ പൂത്തുനിന്നു. അയാളാ കത്ത് കീശയിലേക്ക് വെച്ചു. എന്നിട്ട് വെള്ള പാന്റിന്റെ കീശയിൽ നിന്ന് ബിസ്‌കറ്റ് നിറത്തിലുള്ള കവറെടുത്ത് എനിക്ക് തന്നു, ‘റസിയ താത്താക്ക് കൊടുക്കണം ട്ടാ... ആരും അറിയരുത്, ആരും... '

അത് പറയുമ്പോൾ ആ ചുവന്ന ചുണ്ടുകൾ വിറച്ചു.
കാലങ്ങൾക്കുശേഷം, വിജനമായൊരു കുന്നിൻപുറത്ത് കരിയില കിടക്കയിൽ കിടന്ന്, മാർകേസിന്റെ കോളറക്കാലത്തെ പ്രണയം വായിക്കുമ്പോൾ, ഫ്‌ളോറന്റിനോയുടെ രൂപത്തിൽ മുനീർ മുഹമ്മദ് എന്റെ മുമ്പിൽ വന്നുനിന്നു. പ്രണയത്തിന്റെ തീവ്രമായ ഏകാന്തതയും അവഗണനയും അലച്ചിലും ആസക്തികളും ഞാനറിഞ്ഞു. ഫെർമിനയെ കാണാൻ ഫ്‌ളോറന്റിനോ അരിസ കാത്തിരുന്ന മരച്ചുവടും ചെറിയ പാർക്കും എന്റെ മുമ്പിൽ ലവ കാക്കാന്റെ പീടികയായി കളംമാറി.

അയാൾ തന്ന കവറും കീശയിലിട്ട്, ലവ കാക്ക തന്ന കാലൊടിഞ്ഞ കുടയും നിവർത്തിപ്പിടിച്ച് ഞാനാ മഴയിലൂടെ നടന്നു.

ആ പീടികയ്ക്കും കൊട്ടാരത്തിന്റെ മതിലുകൾക്കും ഇടയിലൂടെ മുനീർ മുഹമ്മദ് നടന്നുതീർത്ത ദൂരങ്ങളെ ഞാനറിഞ്ഞു. അയാളുടെ ഫെർമിന, മാളികയിലെ ജാലകം തുറന്നിട്ട് അയാളെ കാണാൻ കാത്തുനിന്നിരുന്നു. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ആ യുവതിക്ക് ഇന്നും എന്റെ യുള്ളിൽ ഫെർമിന ഡാസയുടെ മുഖമാണ്.

അയാൾ തന്ന കവറും കീശയിലിട്ട്, ലവ കാക്ക തന്ന കാലൊടിഞ്ഞ കുടയും നിവർത്തിപ്പിടിച്ച് ഞാനാ മഴയിലൂടെ നടന്നു. ആ കവറിന് ജീവനുണ്ടെന്നു തോന്നിപ്പോയി. അത് എന്റെ കീശയിൽ കിടന്ന് വിറച്ചു. കീശ മഴ നനയാതിരിക്കാൻ കുട ചരിച്ചുപിടിച്ചു. ഞാൻ മടങ്ങിവരുന്നതും കാത്ത് മാളികയിൽ ഏതോ ജാലകം തുറന്നുകിടന്നിരിക്കണം. അതിലൂടെ പ്രണയം പൂത്ത രണ്ട് കണ്ണുകൾ എന്നെ നോക്കിയിരിക്കണം. എന്റെ ഓരോ കാൽവെപ്പിനെയും ആ കണ്ണുകളുടെ ഉടമ എണ്ണിയിരിക്കണം. എന്റെ നടത്തത്തിന്റെ വേഗത ഒരു ഉറുമ്പിന്റെ സഞ്ചാരവേഗമായി ആ യുവതിക്ക് തോന്നിയിരിക്കണം.

അവൾ പ്രണയിച്ച, അവളെ പ്രണയിച്ച, മുനീർ മുഹമ്മദ് തുന്നൽക്കാരനായിരുന്നു. ലവ കാക്കാന്റെ പീടികയും കഴിഞ്ഞ് പിന്നെയും കുറേ നടന്നാൽ, നിരപ്പലകകളുള്ള ആ തുന്നൽക്കട കാണാം. ഓടിട്ട ചെറിയ കെട്ടിടത്തിൽ ആ തുന്നൽപീടിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. പീടികയുടെ ചുമരിൽ, മുനീർ മുഹമ്മദ് തന്നെ എഴുതിവച്ച അക്ഷരങ്ങളെ ഇങ്ങനെ വായിക്കാമായിരുന്നു, ‘ഡ്രീം മൗണ്ട് ഡ്രസ്സസ് '

മുനീർ മുഹമ്മദാണ് കൊട്ടാരത്തിലെ അംഗങ്ങൾക്ക് പുതുവസ്ത്രങ്ങൾ തുന്നിക്കൊടുത്തത്. അതിനായി അളവെടുക്കാൻ അയാൾക്ക് കൊട്ടാരത്തിലേക്ക് വരണമായിരുന്നു. സാഹിബിന്റ ഉമ്മാന്റെ മുറിയിൽ ഓരോരുത്തരെയായി നിർത്തി ആ തുന്നൽക്കാരൻ അളവെടുത്തു. കുട്ടികളെയും മുതിർന്നവരെയും സ്ത്രീകളെയും അയാൾ അളന്നു. തന്റെ നാട ടാപ്പ് കൊണ്ട് അയാൾ ഓരോരുത്തരുടെയും ഇറക്കവും വീതിയും നീളവും അളന്നു. സ്ത്രീകളുടെ അളവെടുക്കുന്ന സമയത്ത് സാഹിബിന്റെ ഉമ്മ അയാളെ സൂക്ഷിച്ച് നോക്കും. അനാവശ്യമായി എവിടെയെങ്കിലും അയാളുടെ വിരലുകൾ തൊടുന്നുണ്ടോ എന്ന് നിരീക്ഷിക്കും.

ആ നോട്ടത്തിനും നിരീക്ഷണത്തിനും ഇടയിൽ, ഞാനവിടെ വന്നെത്തുന്നതിനും വളരെ മുമ്പ്, ഒരു ശരീരത്തിൽ മാത്രം അയാളുടെ വിരലുകൾ അളവുമറന്ന് അന്തിച്ച് നിന്നു. ആ ഉടലിന്റെ ഭംഗി തന്നെയാവും അയാളെ ആദ്യമായി തൊട്ടിരിക്കുക. തൊട്ടുമുമ്പിൽ, തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹിബിന്റെ ഉമ്മാനെ അയാളാ നിമിഷങ്ങളിൽ മറന്നിരിക്കണം. പ്രണയം അങ്ങനെയാണ്, അത് നിങ്ങളെ മറവിയുടെ മഴനനവുള്ള ഇരുണ്ട ചതുപ്പിലേക്ക് തള്ളിയിടും. ഒന്നുകിൽ അവിടെ കിടന്ന് ശ്വാസംമുട്ടി മരിക്കാം, ഇല്ലെങ്കിൽ ആ ആഴങ്ങളിൽ നിന്ന് കരകയറാൻ നോക്കാം.

മുനീർ മുഹമ്മദ് ആ ആഴങ്ങളിൽ കിടന്ന് ശ്വാസംമുട്ടി പിടഞ്ഞു. തന്റെ അളവ് പിഴച്ചെന്ന് കള്ളം പറഞ്ഞ് കുറ്റബോധത്തോടെ അയാൾ മടങ്ങിവന്നു. സാഹിബിന്റെ ഉമ്മാക്ക് അയാളിൽ സംശയമൊന്നും തോന്നിയില്ല. അയാൾ വീണ്ടും ആ ഉടലിനുമുമ്പിൽ, അതിന്റെ മണങ്ങൾക്ക് മുമ്പിൽ അന്തിച്ചുനിന്നു. നാട ടാപ്പ് പിടിച്ച അയാളുടെ കൈകൾ വിറച്ചു. ആ വിറയലിനെ അറിഞ്ഞ ഒരു പെൺമനസ്സ് അയാൾക്കുനേരെ ആർദ്രമായി നോക്കി. അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോൾ ആ മുറിക്കുള്ളിൽ സുഗന്ധങ്ങൾ നിറഞ്ഞു.

ബിസ്‌കറ്റ് നിറമുള്ള കവറിനുമുകളിൽ മുനീർ മുഹമ്മദ് വരച്ചിട്ട റോസാപ്പൂക്കൾക്ക് വല്ലാത്ത ചന്തമുണ്ടായിരുന്നു.

വീണ്ടും പിഴച്ചുപോയ അളവടയാളങ്ങളുമായി അയാൾ തിരികെപോയി.
അന്നത്തെ അയാളുടെ രാത്രിയെ എനിക്ക് അനുഭവിച്ചുതന്നെ അറിയാൻ പറ്റും. അകന്ന ബന്ധത്തിലുള്ള സാബിറാത്താനോടാണ് അയാളാദ്യം തന്റെ സ്വപ്ന പർവതത്തെക്കുറിച്ച് പറഞ്ഞത്. കൊട്ടാരത്തിലെ ആ പെൺകുട്ടിയെ പ്രണയിക്കുക എന്നത് അയാളെ സംബന്ധിച്ച് അക്കാലത്ത് സ്വപ്നങ്ങളുടെ പർവതം കയറൽ തന്നെയായിരുന്നു. അത് അറിഞ്ഞുകൊണ്ടാവും അയാൾ തന്റെ, മുനീർ ടൈലേഴ്‌സിനെ മാറ്റിയെഴുതി, ‘ഡ്രീം മൗണ്ട് ഡ്രസ്സസ്' ആക്കിയത്.

സ്വന്തം കൈപ്പടയിൽ പച്ച ഇനാമൽ പെയിൻറുകൊണ്ട് അയാൾ എഴുതി വച്ച ആ അക്ഷരങ്ങൾക്ക്, ഇത് എന്റെ ജീവിതമാണ് എന്ന അർഥം കൂടി ഉണ്ടായിരുന്നു. സാബിറാത്താനോട് അയാൾ പറഞ്ഞ സ്വപ്നം റസിയാത്ത വഴിയാവും ആ പർവതത്തെ തൊട്ടത്. തന്റെ ഉടലിൽ മാത്രം വിറകൊണ്ട ആ വിരലുകളുടെ ഭാഷ അവൾക്ക് മനസ്സിലായി കാണണം. ലിപിയില്ലാത്ത ആ പുരാതന ഭാഷയ്ക്ക് മറുപടി പറയാൻ അവളുടെ ഉള്ളിലും മഴകൾ പെയ്തിരിക്കണം.

റസിയ താത്താക്ക് പിൻവശത്തെ ആ ഗേറ്റ് വഴി പുറത്തേക്ക് പോവാൻ പരിമിതികളുണ്ടായിരുന്നു. എന്നിട്ടും പല കള്ളങ്ങളും പറഞ്ഞ് അവർ പോയി. എഴുതാനോ വായിക്കാനോ അറിയാത്ത അവർക്ക് എല്ലാ ഭാഷയും ഒരേ പോലെയായിരുന്നു. ജീവിതമെന്ന പൊള്ളുന്ന ഭാഷയെ അറിഞ്ഞ് അനുഭവിക്കുന്ന അവർക്ക് ഈ പ്രണയഭാഷ കുളിർമഴയായിരുന്നു. ഞാൻ വരുന്നതുവരെ രണ്ടുപേരുടെ കത്തുകളും കൈമാറിയത് റസിയ താത്തയാണ്.
കൊട്ടാരത്തിലെ ആൾക്കൂട്ടത്തിൽ എവിടെയോ ഞാൻ കാണുന്ന ആ മുഖം, മുനീർ മുഹമ്മദിന്റെ സ്വപ്നപർവതത്തിന്റെ മുഖം ഏതെന്ന് ഞാൻ റസിയ താത്താനോട് പലവട്ടം ചോദിച്ചിട്ടുണ്ട്.
‘അത് ഇജ് അറിയണ്ട ട്ടാ...' എന്നും പറഞ്ഞ് അവരെന്റെ മുതുകത്ത് കൊട്ടി വിടും. എന്നിട്ടും ഓരോ മുഖത്തിലും ഞാനാ മുഖം തിരഞ്ഞു. മുനീർ മുഹമ്മദിന് ഏറ്റവും പ്രിയപ്പെട്ട മുഖം.ആ പെൺകുട്ടിക്ക് എന്നെ നല്ലപോലെ അറിയാം എന്നത് എന്നെ കൂടുതൽ കുഴപ്പത്തിലാക്കി. അവളുടെ കത്തും കൊണ്ട് പോവുമ്പോഴും, മറുപടി കത്തുമായി മടങ്ങുമ്പോഴും, ഞാൻ മാളികപ്പുറത്തെ തുറന്നിട്ട ജാലകങ്ങളിലേക്ക് നോക്കി, ആരാണ് അതെന്നറിയാൻ...

ബിസ്‌കറ്റ് നിറമുള്ള കവറിനുമുകളിൽ മുനീർ മുഹമ്മദ് വരച്ചിട്ട റോസാപ്പൂക്കൾക്ക് വല്ലാത്ത ചന്തമുണ്ടായിരുന്നു. വെറും പെൻസിൽ കൊണ്ടാണ് അയാളാ പൂക്കളൊക്കെ വരച്ചത്. ഷൈൻ ആർട്‌സിന്റെ ഉടമയായ, തങ്ങൾക്ക് റോസാപൂക്കൾ വരയ്ക്കാൻ ചുവപ്പും വെള്ളയും മഞ്ഞയും നിറങ്ങൾ വേണമായിരുന്നു.
ആ നിറങ്ങളെ പലവിധത്തിൽ ചാലിച്ച്, തങ്ങൾ വരച്ച റോസാപ്പൂക്കൾക്ക് ഭംഗി ഉണ്ടായിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നില്ല.

പക്ഷേ മുനീർ മുഹമ്മദ് വെറും പെൻസിൽ കൊണ്ട് വരച്ച റോസാപ്പൂക്കൾക്ക് ജീവനുണ്ടായിരുന്നു. കാറ്റ് തട്ടി അതിന്റെ ഇതളുകൾ ഇളകുന്നുവെന്ന് തോന്നിപ്പോവുന്നത്ര ജീവനുണ്ടായിരുന്നു. ഹൃദയം കൊണ്ടാവും അയാൾ ആ പൂക്കളെ വരച്ചത്. അതിന്റെ ഓരോ രേഖയിലും ജീവനായി തുടിച്ചുനിന്നത് പ്രണയമായിരുന്നു.

എത്ര വഴുതി വീണാലും പിന്നെയും പിന്നെയും മനുഷ്യർ പ്രണയമെന്ന പാതയിലൂടെ നടക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments