മുഹമ്മദ് അബ്ബാസ് / Photo: Muhammad Hanan

ചോരക്കണ്ണീരിൽ കുതിർന്നുകിടക്കുന്നു,
​പള്ളിക്കാട്ടിലെ അവളുടെ ഖബറിടം

പള്ളിക്കാട്ടിലെ അവളുടെ ഖബറിടത്തിൽ ഇപ്പോഴും വെള്ളിയാഴ്ചകളിൽ താൻ പോയി നിൽക്കാറുണ്ടെന്ന്, മരണത്തിനപ്പുറമെങ്കിലും അവളെ തനിക്ക് തരണമെന്ന് പടച്ചോനോട് താൻ ഉള്ള് നൊന്ത് പ്രാർത്ഥിക്കാറുണ്ടെന്ന്, ആ മനുഷ്യൻ എനിക്ക് പറഞ്ഞുതന്നത് ഈ കോവിഡ് കാലത്താണ്. ആ മനുഷ്യനെ കാണാതിരിക്കാൻ കഴിയില്ല. അയാൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സങ്കടപ്പറച്ചിലുകളെ കേൾക്കാതിരിക്കാൻ ഒട്ടും കഴിയില്ല.

പ്രണയത്തിന്റെ നനവ് രക്തംപോലെ അരിച്ചെത്തും.
അത് കാൽക്കീഴിൽ വന്ന് തൊടും.
മുനീർ മുഹമ്മദിന്റെ പ്രണയം കൊട്ടാരത്തിന്റെ അനേകം ഇടനാഴികകൾ കടന്ന് സാഹിബിന്റെ ഉമ്മാന്റെ മുറിയിലേക്ക് ആദ്യം അരിച്ചെത്തി, അവിടുന്ന് സാഹിബിന്റെ മുറിയിലേക്ക്, പിന്നെ അതിനുള്ളിലെ പുരുഷപ്രജകളുടെയെല്ലാം കാൽപാദങ്ങളെ പ്രണയത്തിന്റെ ആ ചോര നനവ് ചെന്നു തൊട്ടു.

മാളികപ്പുറത്ത് ആ പെൺകുട്ടിയുടെ വാതിൽ പുറത്തേക്കടഞ്ഞു.
അടയുംമുമ്പ് ആ മുറിയിൽ നിന്നുള്ള നിലവിളികൾ ഞങ്ങൾ കേട്ടു. ആത്മാവിന്റെ നേരിനുനേർക്ക് ജാലകം തുറന്നിട്ട കുറ്റത്തിന് അവളാ മുറിയിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. ‘ഇന്നെ തല്ലല്ലി, വാപ്പച്ചിയേ... ' എന്നുറക്കെ നിലവിളിച്ചു പോവുന്നത്ര അടികളും തൊഴികളും അവൾ ഏറ്റുവാങ്ങി. ഞാൻ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ മുഖം അടി കൊണ്ട് ചീർത്തു. ആ ചുണ്ടുകൾ പൊട്ടി ചോരയൊലിച്ചു. എത്ര അടിച്ചിട്ടും, അവൾ തന്റെ പ്രണയജാലകം അടക്കാൻ കൂട്ടാക്കിയില്ല. സാഹിബിന്റെ അനിയന്റെ മകളാണ് അവളെന്ന്, ഞാൻ റസിയ താത്ത വഴി അറിഞ്ഞു.

പക്ഷേ എത്ര തല്ലി ചതച്ചിട്ടും ജീവനുള്ള റോസാപ്പൂക്കളുടെ ബിസ്‌ക്കറ്റ് കളറ് കവറുകൾ എങ്ങനെ അവളിലേക്കെത്തിയെന്ന് അവൾ പറഞ്ഞില്ല .

റസിയ താത്ത വല്ലാതെ ഭയന്നു. കത്തുകൾ കൈമാറിയ കുറ്റത്തിന് അവരും ഞാനും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ എത്ര തല്ലി ചതച്ചിട്ടും ജീവനുള്ള റോസാപ്പൂക്കളുടെ ബിസ്‌ക്കറ്റ് കളറ് കവറുകൾ എങ്ങനെ അവളിലേക്കെത്തിയെന്ന് അവൾ പറഞ്ഞില്ല .ആ കത്തുകളെല്ലാം അവൾ തന്റെ കിടക്കയുടെ അടിയിൽ സൂക്ഷിച്ചുവച്ചിരുന്നു. അത് വായിച്ചപ്പോ, കത്തെഴുതിയ ആളെ മനസ്സിലായെങ്കിലും കത്തുകൾ എങ്ങനെയാണ് വീടിനകത്തേക്ക് എത്തിയതെന്ന് സാഹിബിന് മനസ്സിലായില്ല.

സാഹിബും മറ്റു സാഹിബുമാരും, സാഹിബിന്റെ ഉമ്മയും റസിയ താത്താനെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തു. റസിയ താത്താക്കാണ് അവളുമായി ആ വീട്ടിൽ കൂടുതലടുപ്പം. മാളികപ്പുറത്തെ മുറികൾ അടിച്ചുവാരുന്നതും തുടക്കുന്നതും അലക്കാനുള്ള തുണികൾ എടുത്തുകൊണ്ടുവരുന്നതുമൊക്കെ റസിയ താത്തയാണ്. അവർ സകല അംബിയാ ഔലിയാക്കളെയും വിളിച്ച് ആണയിട്ട് പറഞ്ഞു, ‘ഇന്‌ക്കൊന്നും അറീല്ല ....'.
ചെറിയ ചില നോട്ടങ്ങൾ എന്റെ നേർക്കും വന്നു. ഭയം തോന്നിയെങ്കിലും എന്നോട് ചോദ്യങ്ങൾ ഒന്നും ചോദിക്കാത്തതുകൊണ്ട് ഞാൻ ആശ്വസിച്ചു.

അതേരാത്രിയിൽ അയാളെ വീട്ടിൽ നിന്ന് ആരൊക്കെയോ വിളിച്ചുകൊണ്ടുപോയി തൊടിയിലെ ഇരുട്ടിൽനിർത്തി പ്രണയത്തിന്റെ സമ്മാനം കൊടുത്തു. തീയിലും ഇരുട്ടിലും അയാളുടെ പ്രണയം ഒടുങ്ങിയമരണമെന്ന് സാഹിബിന്റെ വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു.

അടഞ്ഞ മുറിക്കുള്ളിൽ ആ പെൺകുട്ടി കരഞ്ഞു. കരഞ്ഞുതളർന്നപ്പോൾ അവൾ ജാലകം തുറന്നിട്ട് മുനീർ മുഹമ്മദിനെ കാത്തുനിന്നു. അയാൾവന്നില്ല, അയാൾക്ക് വരാൻ കഴിയില്ലായിരുന്നു. സാഹിബിന്റെ ബന്ധുവിന്റെ കെട്ടിടത്തിലായിരുന്നു അയാളുടെ തുന്നൽക്കട. ആ കടയ്ക്ക് പട്ടാപ്പകൽ തീപിടിച്ചു.

അതേരാത്രിയിൽ അയാളെ വീട്ടിൽ നിന്ന് ആരൊക്കെയോ വിളിച്ചുകൊണ്ടുപോയി തൊടിയിലെ ഇരുട്ടിൽനിർത്തി പ്രണയത്തിന്റെ സമ്മാനം കൊടുത്തു. തീയിലും ഇരുട്ടിലും അയാളുടെ പ്രണയം ഒടുങ്ങിയമരണമെന്ന് സാഹിബിന്റെ വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. തങ്ങളുടെ തറവാട്ടിലെ കുട്ടി ഒരു തുന്നല്ക്കാരനെ പ്രണയിച്ചു എന്നത് അവർക്ക് വലിയ അപമാനമായിരുന്നു. അത് പുറത്താരും അറിയാതിരിക്കാനാണ് അവർ മുനീർ മുഹമ്മദിനെ ജീവനോടെ വിട്ടത്.

സാഹിബിന്റെ ബന്ധുവിന്റെ കെട്ടിടത്തിലായിരുന്നു അയാളുടെ തുന്നൽക്കട. ആ കടയ്ക്ക് പട്ടാപ്പകൽ തീപിടിച്ചു.

എന്നിട്ടും അയാൾ ഒരാഴ്ച ആശുപത്രിയിൽ കിടന്നു. അയാളുടെ ഉമ്മ അയാൾക്ക് കൂട്ടിരുന്നു. പണ്ട്, പാതിജീവൻ പ്രണയത്തിനുകൊടുത്ത് എന്റെ ഏട്ടൻ നാഗർ കോവിലിലെ ആശുപത്രിയിൽ കിടന്നപോലെ. എന്റെ ഉമ്മ കരഞ്ഞ പോലെ, ഈ ഉമ്മയും കരഞ്ഞിരിക്കണം. മകന്റെ മുറിവുകളിൽ വേദനയോടെ തലോടിയിരിക്കണം. തന്റെ മകനെ കൊലക്കുകൊടുത്ത കൊട്ടാരത്തിലെ ആ പെൺകുട്ടിയെ ശപിച്ചിരിക്കണം. രക്തത്തെ മുലപ്പാലാക്കാൻ കഴിയുന്ന രാസവിദ്യ സ്വന്തമായുള്ള ഓരോ പെൺജന്മവും തന്റെ മക്കൾക്കുവേണ്ടി വീഴ്ത്തിയ കണ്ണീരിനാൽ നനഞ്ഞു കുതിർന്നതാണ് ഈ ഭൂമി.

ഓരോ പെണ്ണും ഈ ഭൂമിയെ കണ്ണീരുകൊണ്ട് തൊടുന്നു. അവരുടെ കണ്ണീരിനെ ഭൂമിക്ക് വലിച്ചുകുടിക്കാൻ കഴിയുമായിരുന്നില്ലെങ്കിൽ, അനാദികാലം മുതൽ വീഴുന്ന പെൺകണ്ണീരിനാൽ ഈ ഭൂമി എന്നോ ഒലിച്ചു പോയേനെ.

ജീവൻ തുടിക്കുന്ന റോസാപ്പൂക്കളുമായി പ്രണയ വാചകങ്ങൾ തന്നെ തേടിവരില്ലെന്ന്, അവൾ തിരിച്ചറിഞ്ഞ നിമിഷം അവളെ തൊട്ടത് മരണത്തിന്റെ മണമുള്ള കാറ്റുകളായിരുന്നു.

മുനീർ മുഹമ്മദിന്റെ കടയ്ക്ക് തീപിടിച്ചതും, അയാൾ ഒരാഴ്ച ആശുപത്രിയിൽ കിടന്നതും ഞാനറിഞ്ഞത് റസിയ താത്തയിൽ നിന്നാണ്. മാളികയിലേക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന റസിയതാത്തയിൽ നിന്ന് അവളും ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം.

നട്ടുച്ചക്ക് നിന്ന് കത്തിയ അയാളുടെ തുന്നൽക്കട അവളുടെയുള്ളിൽ തെളിഞ്ഞിരിക്കണം. തന്നെയോർത്ത്​ അയാൾ ആ കടയിൽ, മറ്റെല്ലാം മറന്നു നിൽക്കുന്നത്, തല കുനിച്ചുപിടിച്ച്​ അയാൾ തന്നെ കാണാൻ നടന്നുവരുന്നത്, തന്റെ നേർക്ക് നീളുന്ന ആ കണ്ണുകളിൽ പ്രണയത്തിന്റെ മഞ്ഞുപടലങ്ങൾ കണ്ണീർ തട്ടി തിളങ്ങുന്നത്, തനിക്കഴുതിയ കത്തുകളിൽ അയാൾ പങ്കുവെച്ച സ്വപ്നങ്ങളുടെ കടൽമണങ്ങൾ മൂക്കിൽ വന്നുതൊടുന്നത്... എല്ലാം അവൾ അറിഞ്ഞിരിക്കണം.

അതേരാത്രിയിൽ അയാളെ വീട്ടിൽ നിന്ന് ആരൊക്കെയോ വിളിച്ചുകൊണ്ടുപോയി തൊടിയിലെ ഇരുട്ടിൽനിർത്തി പ്രണയത്തിന്റെ സമ്മാനം കൊടുത്തു.

തനിക്കായി അയാൾ കൊണ്ട അടികളും സഹിച്ച അപമാനങ്ങളും അവളുടെയുള്ളിൽ പെരുമഴയായി പെയ്തിരിക്കണം. ജാലകം തുറന്നിട്ട് താൻ കാത്തു നിൽക്കുന്ന മനുഷ്യൻ ഇനിയൊരിക്കലും ഇതിലേ വരില്ലെന്ന്, പ്രണയാർദ്രമായി തന്നെ നോക്കില്ലെന്ന്, ജീവൻ തുടിക്കുന്ന റോസാപ്പൂക്കളുമായി പ്രണയ വാചകങ്ങൾ തന്നെ തേടിവരില്ലെന്ന്, അവൾ തിരിച്ചറിഞ്ഞ നിമിഷം അവളെ തൊട്ടത് മരണത്തിന്റെ മണമുള്ള കാറ്റുകളായിരുന്നു. തനിക്കായി വിവാഹാലോചനകൾ നടക്കുന്നത് അവളും അറിഞ്ഞിരുന്നു. ഒരാൾ അവളെ പെണ്ണു കാണാൻ വന്നുവെന്നും അവൾ പുറത്തേക്കിറങ്ങാൻ കൂട്ടാക്കാത്തതുകൊണ്ട്, അയാളെ സാഹിബ് വേറെ ചില കള്ളങ്ങൾ പറഞ്ഞ് മടക്കി
അയച്ചുവെന്നും, റസിയതാത്ത എനിക്ക് പറഞ്ഞു തന്നു.

‘ഓള് എന്തെങ്കിലും കടും കൈ കാട്ടോന്നാണ് ഇന്റെ പേടി’, റസിയ താത്ത സാബിറാത്താനോട് പറയുന്നത് ഞാൻ കേട്ടു. അന്നേരം എന്റെ വീട്ടുമുറ്റത്ത് വീണു പരന്ന ഏട്ടന്റ രക്തം ഞാൻ കണ്ടു. ജീവന്റെ ഒടുക്കത്തെ തുമ്പിൽ പിടിച്ച് അവൻ ഇഴഞ്ഞ് നടന്ന നിസ്‌കാരഹാളും പള്ളിവരാന്തയും ഞാൻ കണ്ടു. വെന്ത മനുഷ്യ മാംസത്തിന്റെ മണം മൂക്കിൽ തട്ടിയതും ഞാനവനെ ഓർത്തു. ഈ രാത്രിയിൽ അവൻ എന്ത് ചെയ്യുകയാവുമെന്ന്, അവനോടുള്ള എല്ലാ വിരോധവും മറന്ന് ഞാൻ ആലോചിച്ചു നോക്കി. ആ നെഞ്ചിൽ വൈദ്യുതിക്കാറ്റുകൾ തീർത്ത ഭൂപടങ്ങളെ ഞാൻ കണ്ടു. അവന്റെ ഇടത്തേ കയ്യിലെ പെരുവിരൽ മടങ്ങിനിൽക്കുന്നതും, തുടയിൽ നിന്ന് ഇറച്ചി വെട്ടിയെടുത്ത ആ കുഴികളും ഞാൻ കണ്ടു.

രാത്രിയായിരുന്നു.
മഴ പെയ്യുന്നുണ്ടായിരുന്നു.
പുറത്ത് പൂന്തോട്ടങ്ങളും മഞ്ഞവെളിച്ചങ്ങളും മഴ നനയുന്നുണ്ടായിരുന്നു.

ഓരോ മണവും ഇന്നയിന്നയാളുടേതാണെന്ന് എനിക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുമായിരുന്നു. എനിക്കുമുമ്പിൽ അവർക്ക് വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുടിയും ചർമ്മവും മണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഓർമയുണ്ട്,
ഞാൻ കിടന്ന ചൂടിക്കട്ടിലിലേക്ക് ചുമരിലെ ചെറിയ ദ്വാരത്തിലൂടെ മിന്നൽ വെളിച്ചം കടന്നുവന്നു. വാതിൽ തുറന്ന് ആരോ അകത്തേക്കുവന്നു. ആ മുറിയിലേക്ക് എന്നെ തേടി വരുന്ന ഓരോ ശരീരത്തിന്റെയും മണങ്ങളെ എനിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു. വിനാഗിരിയുടെ, വെളുത്തുള്ളിയുടെ, നാരകങ്ങളുടെ, മത്തിയുടെ, ആട്ടിറച്ചിയുടെ, കുട്ടി ക്യൂറാ പൗഡറിന്റെ, പിയേഴ്‌സ് സോപ്പിന്റെ, അത്തറിന്റെ, കാച്ചിയ വെളിച്ചെണ്ണയുടെ മണങ്ങൾ...

ഓരോ മണവും ഇന്നയിന്നയാളുടേതാണെന്ന് എനിക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുമായിരുന്നു. എനിക്കുമുമ്പിൽ അവർക്ക് വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുടിയും ചർമ്മവും മണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിയേഴ്‌സ് സോപ്പിന്റെ മണമുള്ള ഉടൽ അതിന്റെ വസ്ത്രവാതിലുകൾ തുറക്കുന്ന ഒച്ച ഞാൻ കേട്ടു. ആ ശരീരം എന്റെ അടുത്തിരുന്നപ്പോൾ ചൂടിക്കട്ടിൽ ഞരങ്ങി. മഴയുടെ മണവും കുളിരുമുള്ള കാറ്റുകൾ ആ ചെറിയ ദ്വാരത്തിലൂടെ എന്നെ വന്ന് തൊട്ടു.
സ്വർണ വളകൾ കിലുങ്ങുന്ന കൈ എന്റെ മുഖത്ത് തൊട്ടു. വളകളിൽ നിന്ന് പിയേഴ്‌സ് സോപ്പിന്റെ മണം ഞാനറിഞ്ഞു. ആ ശരീരം അതിന്റെ ഉണർച്ചകളിൽ വിറക്കുന്നത് ഞാനറിഞ്ഞു. വള കിലുക്കവുമായി ആ കൈ എന്റെ ശരീരത്തിലൂടെ കുരുടിപ്പാമ്പായി ഇഴഞ്ഞുനീങ്ങി. അരയ്ക്ക് താഴെയെത്തി ആ വിരലുകൾ എന്റെ ചെറിയ ജീവനെ തൊട്ടപ്പോൾ ഞാനാ കൈ അറിയാതെ തട്ടിമാറ്റിപ്പോയി.

ഒട്ടും ദയയില്ലാതെ ആ കൈ എന്റെ ജീവനെ മുറുക്കിപ്പിടിച്ചു. കൈപ്പടത്തിലെ തണുപ്പ് മെല്ലെ ചൂടായി മാറി.രണ്ട് മാംസഗോളങ്ങളൾ എന്റെ മുഖത്തേക്ക് ചരിഞ്ഞു. എനിക്ക് ശ്വാസം മുട്ടി. നനവുണങ്ങാത്ത മുടി മുഴുവനായി എന്റെ ദേഹത്തിൽ വീണ് പരന്നു. മാംസമുഴകളുടെ കണ്ണ് എന്റെ വായിലേക്ക് തിരുകപ്പെട്ടു. ശ്വാസമെടുക്കാൻ ഞാൻ വായ തുറന്നു പിടിച്ചു. പുളിയും ചവർപ്പും ഞാൻ നാവിലറിഞ്ഞു.

എന്റെ അരക്കെട്ടിലെ ജീവനെ വട്ടം ചുഴറ്റുന്ന ആ കൈകൾക്ക് വല്ലാത്ത ചൂടായിരുന്നു. ഞാനപ്പോൾ വിദൂരതയിലെ ആ പള്ളി വരാന്ത കണ്ടു. കുടിവെള്ളത്തിന്റെ പാത്രം വെച്ച ചുമര് കണ്ടു. ആ ചുമരിൽ പതിച്ച കണ്ണാടി കണ്ടു. കണ്ണാടിയിൽ കണ്ട കാഴ്ചകൾക്കപ്പുറം ഗോവിന്ദച്ചാമിയുടെ നെൽപ്പാടങ്ങളിലൂടെ കാറ്റ് തിരയിളക്കി കടന്നുപോയി. പച്ചപ്പുകൾക്ക് തീ പിടിക്കുന്നതും, ആ തീയിലൂടെ ഞാൻ ഉടുതുണിയില്ലാതെ ഓടുന്നതും കണ്ട് വല്ലാതെ ഭയന്നു.

അപ്പഴാണ് വീടിനുള്ളിൽ നിന്ന് റസിയ താത്താന്റെ അലർച്ച കേട്ടത്. ആരൊക്കെയോ ഓടുന്നതിന്റെ ശബ്ദം, കോണിപ്പടികൾ ചവിട്ടി കയറുന്ന ശബ്ദം, എന്റെ മുഖത്തുനിന്ന് മാംസഗോളങ്ങൾ വലിച്ചെടുത്ത് ആ ഉടൽ എഴുന്നേറ്റു നിന്നു. ആ ഉടൽ അതിന്റെ വസ്ത്രവാതിലുകളെ വാരിയെടുത്ത് അടച്ചു. വീടിനുള്ളിൽ നിന്ന് കൂട്ടനിലവിളി ഉയരുമ്പോൾ എന്റെ മുറിയുടെ വാതിൽ തുറന്ന് ആ ഉടൽ പുറത്തേക്ക് ഓടി. തുറന്ന വാതിലിനപ്പുറം നിറയെ വെളിച്ചമായിരുന്നു. ബഹളമായിരുന്നു. ‘ന്റെ മോളേ ...' എന്ന അലർച്ച, നെഞ്ചു പൊട്ടിയ ആ വിലാപം വീടാകെ മുഴങ്ങി. സാഹിബിന്റെ ഉമ്മാന്റെ ശബ്ദം ആ ബഹളങ്ങൾക്കിടയിലും ഞാൻ വ്യക്തമായി കേട്ടു.

‘ലച്ചണം കെട്ട പന്നി, തറവാടിന്റെ മാനം കളഞ്ഞല്ലോ റബ്ബേ....'

സാഹിബ് അവരെ ശകാരിക്കുന്നതും ഞാൻ കേട്ടു. നിലവിളികൾ ഉച്ചത്തിലായി. വീടാകെത്തന്നെ വലിയൊരു നിലവിളിയായി മാറി. അവിടെ,
മാളികപ്പുറത്ത് മുറിയിലെ ഫാനിന്റെ ഹുക്കിൽ മുനീർ മുഹമ്മദിന്റെ സ്വപ്നപർവ്വതം തന്റെ സാരിയിൽ ജീവൻ വെടിഞ്ഞ് തൂങ്ങി നിന്നു. റസിയ താത്ത നിലവിളിയോടെ എന്റെ മുറിയിലേക്ക് വന്നു. ആകെ അമ്പരന്ന് അന്തംവിട്ടിരിക്കുന്ന എന്നെ അവർ കൂട്ടിപ്പിടിച്ചു.

‘ഓളത് ചെയ്യും ചെയ്യും ന്ന് ഞാനാ തള്ളനോട് പലവട്ടം പറഞ്ഞതാണല്ലോ പടച്ചോനേ.... '

എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാനാ കണ്ണീരും മൂക്കളയും ഏറ്റുവാങ്ങി അതേ ഇരിപ്പ് ഇരുന്നു. സ്വന്തം മകൾ തൂങ്ങി മരിച്ച് നിൽക്കുന്നതുകണ്ട അമ്മയെപ്പോലെ റസിയ താത്ത നെഞ്ചുപൊട്ടി കരഞ്ഞു. അവർ സ്വയം പഴിച്ചു. മുനീർ മുഹമ്മദിനെ ചീത്ത വിളിച്ചു. സാഹിബിനെ ചീത്തവിളിച്ചു. സാഹിബിന്റെ ഉമ്മാനെ പന്നീ പന്നീയെന്ന് വിളിച്ച്​ എന്റെ മുതുകത്ത് നിർത്താതെ അടിച്ചു.

ജീവൻ തുടിക്കുന്ന റോസാപ്പൂക്കളുമായി പ്രണയ വാചകങ്ങൾ തന്നെ തേടിവരില്ലെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം അവളെ തൊട്ടത് മരണത്തിന്റെ മണമുള്ള കാറ്റുകളായിരുന്നു.

എല്ലാ നിലവിളികൾക്കും പതം പറച്ചിലുകൾക്കും പഴിചാരലുകൾക്കും അപ്പുറം, ഫാനിന്റെ ഹുക്കിൽ കെട്ടിയ സാരിയിൽ ഒരു ശരീരം അതിന്റെ ജീവൻ വെടിഞ്ഞ് തൂങ്ങിനിന്നു. നേരിട്ട് കാണാതെ തന്നെ ആ കാലുകൾ ശൂന്യതയെ തൊടുന്നത് എനിക്ക് കാണാമായിരുന്നു. ഇതെഴുതുമ്പോൾ എനിക്കാ മുറി കാണാം. അതിന്റെ മേൽത്തട്ടിലെ ഫാനിന്റെ ഹൂക്ക് കാണാം. ആ മുറിയിൽ ജാലകം തുറന്നിട്ട് മുനീർ മുഹമ്മദിനെ കാത്തു നിന്ന പെൺകുട്ടിയെ കാണാം. മരിക്കുന്നതിനുമുമ്പ് അവൾ ആ ബിസ്‌ക്കറ്റ് നിറമുള്ള കവറിന്റെ പിൻഭാഗത്ത് എഴുതിവച്ച വാക്കുകളെ കാണാം.

അത് അവളുടെ മരണമൊഴി മാത്രമായിരുന്നില്ല. തനിക്കായി ഒരു മനുഷ്യൻ നടന്നു തീർത്ത ദൂരങ്ങൾക്കും, അയാളുടെ ഉപജീവനമായ തുന്നൽക്കടയെ വിഴുങ്ങിയ പകയുടെ അഗ്‌നികൾക്കും, അയാൾ കൊണ്ട അടികൾക്കും സഹിച്ച അപമാനങ്ങൾക്കും അവളിട്ട വിലയായായിരുന്നു അത്. ജീവന്റെ വിലയുള്ള ആ പ്രണയത്തിന് സ്മാരകങ്ങൾ ഉണ്ടായില്ല. അതൊരു ആത്മഹത്യയായി പോലും അടയാളപ്പെട്ടില്ല. അതിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെട്ടില്ല. ആ ശരീരം പൊലീസ് വന്ന് കൊണ്ടുപോയില്ല. കീറിമുറിച്ച് പരിശോധിച്ചില്ല. ഹുക്കിൽ നിന്ന് ഇറക്കി കിടത്തിയ ആ ശരീരം പിറ്റേന്ന് ഉച്ചയ്ക്ക് പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയി.

കോഴിക്കോടുമായി എന്നെ ബന്ധിപ്പിക്കുന്ന ചരടുകളിൽ ഏറ്റവും ബലമുള്ളത് ആ മനുഷ്യന്റെതാണ്. ആ മനുഷ്യനെ കാണാതിരിക്കാൻ കഴിയില്ല. അയാൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സങ്കടപ്പറച്ചിലുകളെ കേൾക്കാതിരിക്കാൻ ഒട്ടും കഴിയില്ല.

ഒരുപാടാളുകൾ ആ വിലാപയാത്രയിൽ പങ്കെടുത്തു. ഒരു മനുഷ്യൻ മാത്രം തനിക്ക് പങ്കെടുക്കാൻ അവകാശമില്ലാത്ത ആ വിലാപയാത്ര കടന്നുപോവുന്നതും നോക്കി വഴിവക്കിൽ നിന്നു. അയാളുടെ കാഴ്ചകളെ കണ്ണീര് മറച്ചു. അയാളുടെ വിരലുകൾ ആദ്യമായി വിറ കൊണ്ട ആ ശരീരം മയ്യത്തും കട്ടിലിൽ വെള്ള പുതച്ചുകിടക്കുന്നത് അയാൾ കണ്ടു. അവൾക്കായി താൻ നടന്നുതീർത്ത ദൂരങ്ങളെ അയാളപ്പോൾ ഓർത്തു. ആ അധരച്ചുവപ്പിൽ തന്റെ ചുണ്ട് ചേർക്കാൻ ജീവൻ തന്നെ പകരമായി നൽകാൻ തയ്യാറായ മുനീർ മുഹമ്മദെന്ന മനുഷ്യൻ ഇപ്പോഴും കോഴിക്കോട് നഗരത്തിൽ ജീവിച്ചിരിപ്പുണ്ട്.

ആ വിലാപയാത്ര തന്നെ കടന്നുപോയ നിമിഷങ്ങളെക്കുറിച്ച്, തന്റെ ഹൃദയം എങ്ങനെ മുറിഞ്ഞുകീറിയെന്ന്, എങ്ങനെയാണ് തന്റെ കണ്ണീരിൽ ചോര കലർന്നതെന്ന്, എങ്ങനെയാണ് അവളില്ലാത്ത നഗരത്തിൽ താൻ ജീവിച്ചിരിക്കുന്നതെന്ന്, അവളുടെ മുഖം ഓർക്കാതെ ഭൂമിയിലെ തന്റെ ഒരു ദിവസം പോലും കടന്നുപോവാറില്ലെന്ന്, പള്ളിക്കാട്ടിലെ അവളുടെ ഖബറിടത്തിൽ ഇപ്പോഴും വെള്ളിയാഴ്ചകളിൽ താൻ പോയി നിൽക്കാറുണ്ടെന്ന്, മരണത്തിനപ്പുറമെങ്കിലും അവളെ തനിക്ക് തരണമെന്ന് പടച്ചോനോട് താൻ ഉള്ള് നൊന്ത് പ്രാർത്ഥിക്കാറുണ്ടെന്ന്, ആ മനുഷ്യൻ എനിക്ക് പറഞ്ഞുതന്നത് ഈ കോവിഡ് കാലത്താണ്.

കോഴിക്കോടുമായി എന്നെ ബന്ധിപ്പിക്കുന്ന ചരടുകളിൽ ഏറ്റവും ബലമുള്ളത് ആ മനുഷ്യന്റെതാണ്. ആ മനുഷ്യനെ കാണാതിരിക്കാൻ കഴിയില്ല. അയാൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന സങ്കടപ്പറച്ചിലുകളെ കേൾക്കാതിരിക്കാൻ ഒട്ടും പറ്റില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments