അനിയൻ നടന്നടുക്കുന്നത് ഉന്മാദത്തിന്റെ ഇരുട്ടിലേക്കും, അലർച്ചകളിലേക്കും ആണെന്ന് ആദ്യം മനസ്സിലാക്കിയതും സാഹിബായിരുന്നു.

ചോരനിസ്‌കാരം

രണ്ട് ദിവസത്തെ ചികിത്സ കഴിഞ്ഞിട്ടും രോഗി കോണിപ്പടികളിലൂടെ ഓടിക്കൊണ്ട് ആയത്തുൽ കുർസി ഓതി മകൾക്ക് വേണ്ടി മയ്യത്ത് നിസ്‌കരിച്ചു. മകളുടെ മയ്യത്ത് അയാൾക്ക് പള്ളിക്കാട്ടിൽ ഒഴിവാക്കി പോരാൻ കഴിയുമായിരുന്നില്ല. അയാളത് നെഞ്ചിനുള്ളിൽ ചുമന്നു. നെഞ്ച് കനത്തപ്പോൾ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

മരണത്തിനുശേഷം കൊട്ടാരം മൗനത്തിന്റെ മണങ്ങളിലേക്ക് പുതഞ്ഞു. അധികമാരും സംസാരിച്ചില്ല, സംസാരിച്ചവർതന്നെ വളരെ പതുക്കെ മാത്രം. വാ തോരാതെ സംസാരിക്കുന്ന റസിയ താത്ത അടുക്കളമുറ്റത്തെ അരമതിലിൽ ചെന്നിരുന്ന് ശൂന്യതയെ നോക്കി നിശ്ശബ്ദം കരഞ്ഞു. ജോലി ചെയ്യുമ്പോൾ മൂളിപ്പാട്ട് പാടിയിരുന്ന സാബിറ താത്ത ചുണ്ട് അനക്കിയതേയില്ല. പക്ഷിക്കൂട്ടം പോലെ കലപില കൂട്ടിയിരുന്ന കുട്ടികൾ പോലും തങ്ങൾക്കറിയാത്ത ദുഃഖത്തിന്റെ ആ ചതുപ്പിലൂടെ മൗനം ധരിച്ചുനടന്നു.

സാഹിബിന്റെ ഉമ്മാക്ക് പുകയില വാങ്ങാൻ പോവുമ്പോൾ എല്ലാവരും എന്നെ തുറിച്ചുനോക്കി. അവിടെ, ലവ കാക്കാന്റെ പെട്ടിപ്പിടികയ്ക്കടുത്ത് ഞാൻ മുനീർ മുഹമ്മദിനെ തിരഞ്ഞു. കാണാഞ്ഞിട്ട് ആ പാതയിലൂടെ അയാളുടെ തുന്നൽ കടയോളം നടന്നു. കത്തിക്കരിഞ്ഞ ഓടും നിരപ്പലകകളും കഴുക്കോലുകളും വെറും ചവറുകൂനയായി അവിടെക്കിടന്നു. ചുമരിൽ പുക പിടിച്ച പച്ചനിറത്തിൽ, ഡ്രീം മൗണ്ട് ഡ്രസ്സസ് വെന്തുനിന്നു.

പുകയില തരുമ്പോൾ ലവ കാക്ക പറഞ്ഞു, ‘ഇജ് അവുട്ന്ന് കയ്ച്ചിലാവാൻ നോക്കെ, അതാ അനക്ക് നല്ലത്.’

മറുപടി പറയാനില്ലാതെ തിരികെനടക്കുമ്പോൾ ആ പാതകളിൽ, പെൻസിൽ കൊണ്ട് വരച്ച റോസാപ്പൂക്കൾ ജീവന്റെ അനക്കങ്ങളുമായി വിരിഞ്ഞുനിന്നു. മാളികപ്പുറത്തെ ജാലകം എന്നെന്നേക്കുമായി അടഞ്ഞുകിടന്നു. ആ ജാലകത്തിലൂടെയാണ് ഒരു പെൺകുട്ടി ഞാൻ നടന്നുവരുന്നതും നോക്കി നിന്നത്. അതിനുള്ളിലാണ് അവൾ മരണത്തിലേക്ക് കുരുക്കിട്ടത്. മരണം എന്നത് അപ്പോഴും എനിക്കന്യമായ ഒരു ഭാഷയായിരുന്നു. എനിക്ക് അതിന്റെ വ്യാകരണങ്ങൾ അറിയുമായിരുന്നില്ല. മറ്റാരൊക്കെയോ പഠിച്ച ആ ഭാഷയ്ക്ക് ദുഃഖത്തിന്റെ നിറവും, കണ്ണീരിന്റ മണവുമാണെന്നുമാത്രം മനസ്സിലായി.

ആ ജാലകത്തിലൂടെയാണ് ഒരു പെൺകുട്ടി ഞാൻ നടന്നുവരുന്നതും നോക്കി നിന്നത്. അതിനുള്ളിലാണ് അവൾ മരണത്തിലേക്ക് കുരുക്കിട്ടത്.
ആ ജാലകത്തിലൂടെയാണ് ഒരു പെൺകുട്ടി ഞാൻ നടന്നുവരുന്നതും നോക്കി നിന്നത്. അതിനുള്ളിലാണ് അവൾ മരണത്തിലേക്ക് കുരുക്കിട്ടത്.

മകൾ ജീവൻവെടിഞ്ഞ ആ മുറിയിലേക്ക് സാഹിബിന്റെയും ഉമ്മാന്റെയും വിലക്കുകളെ വകവെക്കാതെ ഉപ്പ കടന്നുചെന്നു. അവൾക്ക് പ്രായപൂർത്തിയായ ശേഷം അയാൾ ആ മുറിയിലേക്ക് പോയിട്ടേയില്ല. മകളുടെ മരണംവരേക്കും കാത്തുനിൽക്കേണ്ടി വന്നു അയാൾക്ക് ആ മുറിയിലേക്കുകടക്കാൻ. മുറിയിൽ കടന്ന് അയാൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു. ബാങ്കോ, ഇകാമത്തോ ഇല്ലാതെ, വുളു എടുക്കാതെ നിസ്‌കാരപ്പായ വിരിക്കാതെ അയാൾ ആ മുറിയിൽ നിസ്‌കരിക്കാൻ നിന്നു. ദൈവത്തിനോടുള്ള പ്രതിഷേധം പോലെ അയാൾ ഖിബ് ലക്ക് പുറം തിരിഞ്ഞാണ് നിന്നത്.

നീണ്ട ആ നിസ്‌കാരത്തിനുശേഷം അയാൾ വാതിൽതുറന്ന് പുറത്തേക്കുവന്നു. നെറ്റിപൊട്ടിയൊലിച്ച ചോര അയാളുടെ വെള്ളക്കുപ്പായത്തിൽ അടയാളപ്പെട്ടു കിടന്നു. ദൈവത്തോടല്ല അയാൾ മാപ്പിരന്നത്...

പുറത്തുനിന്ന് ഞങ്ങൾ ആ നിസ്‌കാരത്തിന്റെ ദിക്‌റുകളും തക്ബീറുകളും പ്രാർത്ഥനകളും കേട്ടു. നാല് റകാഅത്തിലോ മൂന്ന് റകാഅത്തിലോ അവസാനിപ്പിക്കാതെ അയാൾ നിസ്‌കരിച്ചുകൊണ്ടേയിരുന്നു. റുകൂഉം സുജൂദും ക്രമംതെറ്റി പലതവണ ആവർത്തിച്ചു. സാഹിബിന്റെ ഉമ്മ ആ വാതിലിൽ മുട്ടിവിളിച്ചിട്ടും അയാളുടെ നിസ്‌കാരം നിന്നില്ല. സുജൂദിലേക്ക് നെറ്റി മുട്ടിക്കുന്ന ഒച്ച പുറത്തുനിന്ന് കേൾക്കാമായിരുന്നു.

നീണ്ട ആ നിസ്‌കാരത്തിനുശേഷം അയാൾ വാതിൽതുറന്ന് പുറത്തേക്കുവന്നു. നെറ്റിപൊട്ടിയൊലിച്ച ചോര അയാളുടെ വെള്ളക്കുപ്പായത്തിൽ അടയാളപ്പെട്ടു കിടന്നു. ദൈവത്തോടല്ല അയാൾ മാപ്പിരന്നത്, സ്വന്തം നെറ്റി ദൈവത്തിനുമുമ്പിൽ സുജൂദിലേക്കിട്ട് അയാൾ തന്റെ മകളോട് ചോര കൊണ്ട് മാപ്പ് പറയുകയായിരുന്നു. അപ്പോഴും കിനിയുന്ന രക്തവുമായി അയാൾ കോണിപ്പടികളിറങ്ങി അടുക്കളയിലേക്കുവന്നു.

സാഹിബിന്റെ ഉമ്മ ആ വാതിലിൽ മുട്ടിവിളിച്ചിട്ടും അയാളുടെ നിസ്‌കാരം നിന്നില്ല. സുജൂദിലേക്ക് നെറ്റി മുട്ടിക്കുന്ന ഒച്ച പുറത്തുനിന്ന് കേൾക്കാമായിരുന്നു.
സാഹിബിന്റെ ഉമ്മ ആ വാതിലിൽ മുട്ടിവിളിച്ചിട്ടും അയാളുടെ നിസ്‌കാരം നിന്നില്ല. സുജൂദിലേക്ക് നെറ്റി മുട്ടിക്കുന്ന ഒച്ച പുറത്തുനിന്ന് കേൾക്കാമായിരുന്നു.

അടുക്കളമുറ്റത്തെ അരമതിലിലിരുന്ന് ശൂന്യതയിലേക്കുനോക്കി കണ്ണുനിറച്ച റസിയ താത്താന്റെ അടുത്തെത്തി അയാൾ നിന്നു. ആ ചോരയും മുഖത്തെ പ്രത്യേക ഭാവവും കണ്ട് എല്ലാവരും ഭയന്നു. റസിയ താത്ത അയാളെ ഭയമില്ലാതെ നോക്കി. അവരുടെ കൈപിടിച്ച് തന്റെ നെറ്റിയിൽ തേച്ച് അയാൾ തന്റെ ചോര റസിയ താത്താക്ക് നൽകി, ‘മണത്ത് നോക്യേ, മണത്ത് നോക്യേ റസിയാ...'

അയാളുടെ ശരീരമൊന്നാകെ വിറച്ചു. വെള്ളക്കുപ്പായത്തിലെ ചോരപ്പാടുകൾ വിറച്ചു. എന്നിട്ടും റസിയ താത്ത ഭയമേതുമില്ലാതെ അയാളെത്തന്നെ നോക്കിനിന്നു. അന്നേരം തന്റെ ഉടലിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച ആദ്യത്തെ പുരുഷനായ അയാളോട് റസിയ താത്താക്ക് അലിവ് തോന്നിയിരിക്കണം. അയാളുടെ കൈ കൂട്ടിപ്പിടിച്ച് റസിയ താത്ത പറഞ്ഞു, ‘അവുത്ത്ക്ക് വെരീ സാഹിബേ...'

അമ്മ വിളിച്ച കുട്ടിയെപ്പോലെ അയാൾ അനുസരണയോടെ റസിയ താത്താന്റെ ഒപ്പം വീടിനകത്തേക്ക് കയറി. അകത്ത്, അയാളെ കാത്തുനിന്ന, ഭയന്നുനിന്ന ഭാര്യയുടെ കയ്യിലേക്ക് അയാളുടെ കൈ ഏൽപ്പിക്കുമ്പോൾ റസിയ താത്ത ഉറച്ച ശബ്ദത്തിൽ പറഞ്ഞു, ‘അവനാന്റെ ചോരക്ക് വല്ലതും പറ്റണം. അപ്പളേ എല്ലാരും പഠിക്കൂ...'

എക്​സ്​ തറവാട്ടിലെ പെൺകുട്ടി വൈ തറവാട്ടിലെ തുന്നൽക്കാരനെ കല്യാണം കഴിക്കുന്നത് ആകാശത്തിനുപോലും സഹിക്കില്ലെന്നും, ആകാശം ഇടിഞ്ഞു വീഴുമെന്നും അവർ ഉറച്ചുവിശ്വസിച്ചു. ആ ശൂന്യവിശ്വാസമാണ് മുനീർ മുഹമ്മദിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കേണ്ട പെൺകുട്ടിയെ ഖബറിലേക്കെത്തിച്ചത്.

എന്താണ് പഠിക്കേണ്ടതെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും, സാഹിബിന്റെ ഉമ്മാനെ നോക്കിയ റസിയ താത്താന്റെ കണ്ണുകളിൽ ഞാൻ അഗ്‌നി കണ്ടു. അതിന്റെ ചൂടുതട്ടി പൊള്ളിയിട്ടെന്ന പോലെ അവർ തല കുനിക്കുന്നതും കണ്ടു. മകൾ ഒരു തുന്നൽക്കാരന്റെ കൂടെ ജീവിക്കുന്നതിൽ ആ ഉപ്പാക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല. അയാളത് തറവാട്ടിലെ കാരണവത്തിയായ ഉമ്മാനോട് പറഞ്ഞതാണ്. പക്ഷേ ആ ഉമ്മ, സാഹിബിന്റെയും അയാളുടെയും ഉമ്മ, അതിനെ എതിർത്തു. എക്​സ്​ തറവാട്ടിലെ പെൺകുട്ടി വൈ തറവാട്ടിലെ തുന്നൽക്കാരനെ കല്യാണം കഴിക്കുന്നത് ആകാശത്തിനുപോലും സഹിക്കില്ലെന്നും, ആകാശം ഇടിഞ്ഞു വീഴുമെന്നും അവർ ഉറച്ചുവിശ്വസിച്ചു. ആ ശൂന്യവിശ്വാസമാണ് മുനീർ മുഹമ്മദിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കേണ്ട പെൺകുട്ടിയെ ഖബറിലേക്കെത്തിച്ചത്.

അന്നത്തെ ആ ചോരനിസ്‌കാരം കൊണ്ട് അയാളുടെ വേദനയും കുറ്റബോധവും ഒടുങ്ങിയില്ല. ചോര പുരണ്ട, നജസ് പുരണ്ട വസ്ത്രവുമായി അയാൾ വീണ്ടും ആ മുറിയിൽ കയറി ഖിബ് ലക്ക് പുറംതിരിഞ്ഞുനിന്ന് നിസ്‌കരിച്ചു. ഇത്തവണ അയാൾ തഖ്ബീർ കെട്ടി ഫാതിഹ ഓതിയശേഷം, ഖുർ ആനിലെ ഏറ്റവും വലിയ സൂറത്തായ അൽ ബഖറയാണ് ഓതിയത്. ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു മനുഷ്യൻ അൽ ബഖറ ഒറ്റ നിൽപ്പിൽ കാണാതെ ഓതുന്നത് ഞാൻ അന്നാണ് കേട്ടത്. അൽ ബഖറയിലെ ആയത്തുൽ കുർസി യിലെത്തിയപ്പോൾ അയാളുടെ ശബ്ദം ഇടറി. ഇടറൽ കരച്ചിലായി മാറി. കരഞ്ഞു കൊണ്ടുതന്നെ ആ മനുഷ്യൻ അൽ ബഖറ മുഴുവൻ ഓതിത്തീർത്തു.

പിന്നെ അയാൾ മകൾക്കുവേണ്ടി മയ്യത്ത് നിസ്‌കരിച്ചു. ഒരു തവണയല്ല, പല തവണ. വാതിലിനുപുറത്ത് എല്ലാം കണ്ടും കേട്ടും നിന്ന സാഹിബിന്റെ കണ്ണിൽ ജലം പൊടിഞ്ഞു. അനിയൻ നടന്നടുക്കുന്നത് ഉന്മാദത്തിന്റെ ഇരുട്ടിലേക്കും, അലർച്ചകളിലേക്കും ആണെന്ന് ആദ്യം മനസ്സിലാക്കിയതും സാഹിബായിരുന്നു.

അന്നുരാത്രിതന്നെ ഡോക്ടർ വന്നു. ഡോക്ടറുടെ പെട്ടിയും തൂക്കി സാഹിബ് പിന്നാലെ വന്നു. അവർ കോണിപ്പടികൾ കയറിപ്പോകുന്നത് ഞങ്ങൾ താഴെ ഭയത്തോടെ നോക്കിനിന്നു. റസിയ താത്ത കൊണ്ടുകൊടുത്ത ഭക്ഷണവും വെള്ളവും ആ മുറിയിൽ അതേപടിയിരുന്നു. മകളുടെ മയ്യത്തിൽ തൊട്ട ഈച്ചകൾ ആ ഉപ്പാന്റെ അന്നത്തിലും തൊട്ടു.

അയാൾ കോണിപ്പടികളിലൂടെ താഴേക്കും മുകളിലേക്കും ഓടി. ഓട്ടത്തിനിടയിലും അയാൾ മകൾക്കുവേണ്ടി ആയത്തുൽ കുർസി ഓതിക്കൊണ്ട് മയ്യത്ത് നിസ്‌കരിച്ചു. ഇടറിയ ഈണത്തിലുള്ള ആ ഓത്ത് ഞാൻ കേട്ടു

ആൾക്കൂട്ടത്തിൽനിന്ന് മാറി സാഹിബിന്റെ അനിയന്റെ ഭാര്യ നിന്നു. അവരെ തൊട്ടുകൊണ്ട്, മരിച്ച പെൺകുട്ടിയുടെ അനിയന്മാരും നിന്നു. അവർ മാത്രം ആ കടലിൽ തനിച്ചായതുപോലെ എനിക്കുതോന്നി. എനിക്കറിയാത്ത കാരണങ്ങളാൽ റസിയ താത്ത അവരുടെ അടുത്തേക്ക് പോയില്ല. ഡോക്ടർ മുകളിൽ അയാളെ പരിശോധിക്കുമ്പോൾ, താഴെ അടുക്കളയിലെ ചുമരിൽ ചാരിനിന്ന് റസിയ താത്ത പ്രാർത്ഥിച്ചു. ആർക്കുവേണ്ടിയാണ് അവർ പ്രാർത്ഥിക്കുന്നതെന്ന് ഞാൻ അത്ഭുതം കൊണ്ടു. മുകളിൽ നിന്ന് അതുവരെ ആ വീട്ടിൽ കേൾക്കാത്ത ചീത്തവാക്കുകൾ എന്നെവന്നു തൊട്ടു.

ഏറെനേരത്തെ സംസാരത്തിനും സോപ്പിടലിനും പിടിവലിക്കും ശേഷം ഡോക്ടർ രോഗിക്ക് ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചു. ആ വാതിൽ പുറത്തേക്ക് അടഞ്ഞു. മകൾ മരണമൊഴി എഴുതാനിരുന്ന അതേ കട്ടിലിൽ ഉപ്പ തളർന്നുകിടന്നു. എല്ലാം ശാന്തമായെന്നുകരുതി ഉറങ്ങാൻ കിടന്നവരെ ആ മനുഷ്യന്റെ അലർച്ച വിളിച്ചുണർത്തി.

അയാൾ കോണിപ്പടികളിലൂടെ താഴേക്കും മുകളിലേക്കും ഓടി. ഓട്ടത്തിനിടയിലും അയാൾ മകൾക്കുവേണ്ടി ആയത്തുൽ കുർസി ഓതിക്കൊണ്ട് മയ്യത്ത് നിസ്‌കരിച്ചു. ഇടറിയ ഈണത്തിലുള്ള ആ ഓത്ത് ഞാൻ കേട്ടു, ‘അള്ളാഹു ലാ ഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം, ലാ തഹ് ഹുദുഹു സിനതുൻ വലാ നൗം ലഹു മാഫിസ്സമാവാത്തി വമാ ഫിൽ അർളി, മൻദല്ലദീ യശ്ഫഉ ഇൻദഹു ഇല്ലാ ബി ഇദ്‌നിഹി, യഹ് ലമു മാ ബൈന ഐദീഹിം വമാ ഹൽഫഹും, വലാ യുഹീത്വൂന ബിശൈഇൻ മിൻ ഇൽമിഹി ഇല്ലാ ബിമാ ശാഅ വസിഅ കുർസിയ്യുഹുസ്സമാവാത്തി വൽ അർള വലാ യഊദുഹു ഹിഫ്‌ളുഹുമാ വഹുവൽ അലിയ്യുൽ അളീം.....'

മുസ്ലിയാര് ഓതുന്നതിനേക്കാൾ ഈണത്തിലും ഭംഗിയിലും രോഗി യാസീൻ ഓതി. മുസ്ലിയാരുടെ ഓത്തിന് പിഴവ് പറ്റുമ്പോൾ രോഗി അത് തിരുത്തിക്കൊടുത്തു.
മുസ്ലിയാര് ഓതുന്നതിനേക്കാൾ ഈണത്തിലും ഭംഗിയിലും രോഗി യാസീൻ ഓതി. മുസ്ലിയാരുടെ ഓത്തിന് പിഴവ് പറ്റുമ്പോൾ രോഗി അത് തിരുത്തിക്കൊടുത്തു.

ഓരോ വാക്കിനിടയിലും അയാൾ വിതുമ്പി. അന്നെനിക്ക്​ ആയത്തുൽ കുർസിയുടെ അർത്ഥം അറിയുമായിരുന്നില്ല.
ഉമ്മ എപ്പോഴും ഓതുന്ന സൂക്തമായിരുന്നു അത്. മക്കൾക്ക് അസുഖം വന്നാൽ, ഞങ്ങൾ എന്തെങ്കിലും കണ്ടുപേടിച്ചാലൊക്കെ, ഉമ്മ ആയത്തുൽ കുർസി ഓതിയിട്ട് ദേഹത്തേക്ക് മൂന്നുവട്ടം ഊതും. ഇല്ലെങ്കിൽ ഗ്ലാസിൽ പച്ചവെള്ളമെടുത്ത് അതിലേക്കോതി കുടിക്കാൻ തരും.

മയ്യത്ത് നിസ്‌കാരത്തിന് ആയത്തുൽ കുർസി ഓതുമോ എന്ന സന്ദേഹത്തിനപ്പുറം ആ മനുഷ്യന്റെയുള്ളിൽ ഉരുവം കൊള്ളുന്ന ഉന്മാദത്തിന്റെ കടലിനെ എനിക്കറിയാൻ കഴിഞ്ഞില്ല. ഉറങ്ങാൻ കുത്തിവെക്കുന്ന ഇഞ്ചക്ഷനെ തോല്പിച്ച്​അയാൾ എഴുന്നേറ്റുനിന്ന് നിസ്‌കരിച്ചു. ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കണമെന്ന ഡോക്ടറുടെ നിർദ്ദേശം സാഹിബ് പാതിമനസ്സോടെ അംഗീകരിച്ചെങ്കിലും, സാഹിബിന്റെ ഉമ്മ സമ്മതിച്ചില്ല.

‘ഓന് അങ്ങനത്തെ സൂക്കേടൊന്നും ഇല്ല. ഇത് വെപ്രാളാണ്. ഈ വെപ്രാളം മാറും അതിന് എന്താ മാണ്ട തെന്ന് ഇന്ക്കറിയാം '

ഉമ്മാനെ നോക്കിയ സാഹിബിന്റെ കണ്ണുകളിൽ ജലം പൊടിഞ്ഞുനിന്നിരുന്നു. അത്രയും നിസ്സഹായനായി തളർന്നുനിൽക്കുന്ന സാഹിബിനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.

‘ഓന് തുണിയഴിച്ച് കാട്ട്ണൊന്നും ഇല്ലല്ലോ, നിസ്‌കാരം ഓത്തും അല്ലേ, അതിന് ന്റെ ഈ ഇന്തിരീസ് മരുന്നല്ല മാണ്ടത്.’

പിറ്റേന്ന് നീളൻ വെള്ളക്കുപ്പായവും, തലയിൽ കെട്ടും നീണ്ട താടിയുമുള്ള മുസ്ലിയാരെയും കൂട്ടി അമ്പുട്ടിക്ക വന്നു. മുസ്ലിയാർ ആരുടെ മുഖത്തേക്കും നോക്കാതെ നേരെ മാളികയിലേക്ക് കയറിപ്പോയി. നല്ല ഉയരവും വണ്ണവും ഉള്ള ഒരു ആളായിരുന്നു അത്.

അയാളുടെ വെള്ളക്കുപ്പായം കോണിപ്പടികൾ കയറി മറയുമ്പോൾ, ഞാൻ ഒക്കാലി മൂടിനെ ഓർത്തു. ആ പാടിയിൽ മുഴങ്ങിയ മന്ത്രങ്ങളും ദിക്‌റുകളും എന്റെ ചെവിയിൽ വന്നലച്ചു. കാൽച്ചങ്ങലയ്ക്കപ്പുറം അമ്മായി തല മാന്തിക്കൊണ്ട് പാട്ടുപാടി. ആയുസ്സത്രയും ഭാര്യയുടെ സൗഖ്യത്തിന്​ ചെലവഴിച്ചുതീർത്ത അമ്മാവനെ ഞാനോർത്തു. ആ തോളിൽ മന്ത്രവാദത്തിനുള്ള പൊരുളുകൾ മാറാപ്പായി തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു.

ആ മുസ്ലിയാര് പെണ്ണുങ്ങളുടെ മുഖത്തേക്കുതന്നെ നോക്കില്ല എന്ന് അമ്പുട്ടിക്ക പറഞ്ഞപ്പോൾ റസിയ താത്ത മാത്രം ആദരവൊന്നുമില്ലാതെ തികഞ്ഞ നിസ്സംഗതയോടെ പറഞ്ഞു, ‘മോത്ത്ക്ക് നോക്കീല്ലെങ്കിലും നോക്കണ്ടേടത്ത്ക്ക് നോക്ക്ണ് ണ്ട് ... '

അയാൾ കോണിപ്പടികളിലൂടെ താഴേക്കും മുകളിലേക്കും ഓടി. ഓട്ടത്തിനിടയിലും അയാൾ മകൾക്കുവേണ്ടി ആയത്തുൽ കുർസി ഓതിക്കൊണ്ട് മയ്യത്ത് നിസ്‌കരിച്ചു. ഇടറിയ ഈണത്തിലുള്ള ആ ഓത്ത് ഞാൻ കേട്ടു

അതുകേട്ടപ്പോൾ സാഹിബിന്റെ ഉമ്മ റസിയ താത്താനെ രൂക്ഷമായി നോക്കി. ആ രുക്ഷതക്കുമുമ്പിൽ ആദ്യമായി റസിയ താത്ത തലകുനിക്കാതെ നിന്നു. മുകളിൽ മാളികമുറിയിൽ നിന്ന് രോഗിയുടെ അലർച്ചകളും അർത്ഥമില്ലാത്ത അറബി വാക്കുകൾ ഉച്ചത്തിൽ ചൊല്ലുന്ന മുസ്ലിയാരുടെ ഒച്ചയും ഞങ്ങൾ കേട്ടു. അമ്പുട്ടിക്ക വന്ന് ഉലുവയും കടുകും ഉണക്കമുളകും വാങ്ങിക്കൊണ്ടുപോയി.

‘മോല്യേര് അച്ചാറ് ഇടാൻ വന്നതാ അമ്പുട്ടിയേ...' ന്ന് റസിയ താത്ത പരിഹസിച്ചു. ഇത്തവണ സാഹിബിന്റെ ഉമ്മയാണ് തലകുനിച്ചുനിന്നത്. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റസിയ താത്ത അടുക്കളമുറ്റത്തേക്ക് പോയി. ഞാൻ അവരുടെ പിന്നാലെ ചെന്നു. അരമതിലിൽ ഇരിക്കാൻ നേരം റസിയ താത്ത എന്നെ നോക്കി പറഞ്ഞു, ‘ഈ തള്ളക്ക് ഇനി മൂച്ചിപ്പിരാന്തിന്റെ കുല്മാന്തിരിം കൂടി കാണണം അയ്‌നാണ്, അതും കൂടി കണ്ടാലേ തള്ളന്റെ വമ്പത്തരം തീരുള്ളൂ... കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജെന്തു.’

മുസ്ലിയാര് എന്തൊക്കെയോ പൊടികൾ കലക്കി രോഗിക്ക് കൊടുത്തു. പച്ചമരുന്നുകൾ കൊടുത്തു. ഇടയ്ക്ക് ഉറത്ത് തുള്ളി, മുസ്ലിയാര് ഓതുന്നതിനേക്കാൾ ഈണത്തിലും ഭംഗിയിലും രോഗി യാസീൻ ഓതി. മുസ്ലിയാരുടെ ഓത്തിന് പിഴവ് പറ്റുമ്പോൾ രോഗി അത് തിരുത്തിക്കൊടുത്തു.

രണ്ട് ദിവസത്തെ ചികിത്സ കഴിഞ്ഞിട്ടും രോഗി കോണിപ്പടികളിലൂടെ ഓടിക്കൊണ്ട് ആയത്തുൽ കുർസി ഓതി മകൾക്ക് വേണ്ടി മയ്യത്ത് നിസ്‌കരിച്ചു. മകളുടെ മയ്യത്ത് അയാൾക്ക് പള്ളിക്കാട്ടിൽ ഒഴിവാക്കി പോരാൻ കഴിയുമായിരുന്നില്ല. അയാളത് നെഞ്ചിനുള്ളിൽ ചുമന്നു. നെഞ്ച് കനത്തപ്പോൾ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചു. അറ്റമില്ലാത്ത ആ പ്രാർത്ഥനകളുടെ നൂൽപ്പാലത്തിലൂടെ അയാൾ നടന്നടുക്കുന്നത് ഉന്മാദത്തിന്റെ ഇരുണ്ട ചതുപ്പുകളിലേക്കാണെന്ന്, എനിക്കന്ന് അറിയില്ലായിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments