ചിത്രീകരണം: ദേവപ്രകാശ്

പുളിയിലകൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്ന പാതകൾ

വെറും മനുഷ്യർ- 21

അപരിചിതമായ ഏതോ ദേശത്തേക്ക് ഏട്ടൻ പോവുകയാണ്. അറിയാത്ത പണിയെടുത്ത് അറിയാത്ത ദേശത്തിൽ ഞങ്ങളാരും കൂട്ടില്ലാതെ ഏട്ടൻ തനിയെ ജീവിക്കാൻ പോവുകയാണ് .

ട്ടൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ ഉത്സാഹം നാലഞ്ചുദിവസമേ നീണ്ടുനിന്നുള്ളൂ.
ഏട്ടൻ ആരോടും സംസാരിച്ചില്ല.
ഉമ്മ ചോദിക്കുന്ന ചുരുക്കം ചില ചോദ്യങ്ങൾക്കുമാത്രം മറുപടി പറഞ്ഞു.
ഏട്ടന് നല്ല ഭക്ഷണം കൊടുക്കണം എന്ന് ഡോക്ടർമാർ വിധിച്ചതാണ്.
ഭക്ഷണം തന്നെ മൂന്നുനേരം ഒപ്പിക്കാൻ എടങ്ങേറാവുന്ന ഉമ്മ നല്ല ഭക്ഷണമായി കണ്ടെത്തിയത് റോഡരികിൽ തഴച്ചുവളരുന്ന മുള്ളൻ ചീരയും, എപ്പോഴെങ്കിലും കിട്ടുന്ന മത്തിയുടെ പനഞ്ഞിലും, പൊട്ടേൻ കാക്കയുടെ വീട്ടിൽനിന്ന് കിട്ടുന്ന ആട്ടിൻപാലുമായിരുന്നു.
ഏട്ടൻ അതൊന്നും കഴിച്ചില്ല. ഉമ്മ വിളിക്കുമ്പോഴൊന്നും ഭക്ഷണം കഴിക്കാൻ ചെന്നില്ല.
വിളി കരച്ചിലായി മാറുമ്പോൾ എപ്പോഴെങ്കിലും എഴുന്നേറ്റുചെന്ന് അടുക്കളയിലെ മൺതറയിലിരുന്ന് ഏട്ടൻ കഞ്ഞി കുടിച്ചു. നടക്കാനും ഇരിക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും ഏട്ടൻ വല്ലാതെ പ്രയാസപ്പെട്ടു.
കണ്ടുനിൽക്കാൻ സുഖമുള്ള കാഴ്ചകളായിരുന്നില്ല അതൊന്നും.

ആ മുറിയുടെ ജാലകം ഏട്ടൻ പിന്നീടൊരിക്കലും തുറന്നില്ല.
തുറന്നാൽ പാതയും പള്ളിയും കാണാമായിരുന്നു. പള്ളിക്കാട്ടിലെ കരിമ്പച്ചകൾക്കുള്ളിൽ പുതഞ്ഞുകിടക്കുന്ന ഖബറിടങ്ങൾ കാണാമായിരുന്നു.

ദിവസം രണ്ടുനേരം കുളിച്ചിരുന്ന, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്ന ഏട്ടൻ കുളിക്കാതെ കൈലിമുണ്ടുടുത്ത് നെഞ്ചിലെ മുറിപ്പാപ്പാടുകൾ മറച്ചുപിടിക്കാൻ ഒരു മുഷിഞ്ഞ തോർത്തും കഴുത്തിലിട്ട് തന്റെ മുറിയിലെ കട്ടിലിൽ മലർന്നുകിടന്നു. തന്റെ പ്രണയിനിക്കായി പണികഴിപ്പിച്ച ആ മുറിയുടെ ഓരോ ഇഷ്ടികയും ഏട്ടനോട് പലതും പറഞ്ഞിരിക്കണം. പല ഗന്ധങ്ങളെയും പകർന്നുനൽകിയിരിക്കണം.
ആ മുറിയുടെ ജാലകം ഏട്ടൻ പിന്നീടൊരിക്കലും തുറന്നില്ല.
തുറന്നാൽ പാതയും പള്ളിയും കാണാമായിരുന്നു. പള്ളിക്കാട്ടിലെ കരിമ്പച്ചകൾക്കുള്ളിൽ പുതഞ്ഞുകിടക്കുന്ന ഖബറിടങ്ങൾ കാണാമായിരുന്നു.

ആ പള്ളിക്കാട്ടിൽ എത്തിച്ചേരാതെ പോയ തന്റെ ജീവിതത്തെ ഓർത്ത് ഏട്ടൻ വേദനിച്ചിരിക്കണം. നാലു മാസത്തോളം അരികിൽനിന്ന് മാറാതെ തന്നെ പരിപാലിച്ച ഉമ്മാന്റെ കണ്ണീരുപ്പ് ഏട്ടൻ രുചിച്ചിരിക്കണം. ഏട്ടൻ ആശുപത്രി വിടും മുമ്പുതന്നെ സാജിദാന്റെ കല്യാണം കഴിഞ്ഞിരുന്നു. ആ വാർത്ത ഞങ്ങളുടെ വീട്ടിലെത്തിച്ച പാലൈവനത്തിനുനേരെ ഉപ്പ നോക്കിയ നോട്ടം മരണംവരേക്കും അയാൾ മറന്നിട്ടുണ്ടാവില്ല.

നാലുമാസത്തിനുശേഷം പുകഞ്ഞു തുടങ്ങിയ അടുപ്പിലെ തീക്കനലുകൾ പിന്നെയും കെടാൻ തുടങ്ങി . അനിയൻ വിശപ്പ് സഹിക്കാനാവാതെ ഉറക്കെ കരഞ്ഞു. ഏട്ടനുവേണ്ടി കൊണ്ടുവരുന്ന ആട്ടിൻപാൽ അനിയനും ഞാനും ചേർന്ന് കട്ടുകുടിച്ചു. ഞങ്ങൾക്ക് അന്നം വേണമായിരുന്നു. വല്യാക്ക സ്വന്തം ഭക്ഷണം സ്വയം കണ്ടെത്തി കഴിച്ചു. പെങ്ങന്മാർ ഉമ്മാന്റെ ഒപ്പം പട്ടിണി കിടന്നു. ഉപ്പ കുട്ടൻനായരുടെ ഹോട്ടലിൽ കാലി ചായക്കുമുമ്പിൽ അന്തിച്ചിരുന്നു. സഹതാപത്തിന്റെ പർദ്ദയണിഞ്ഞ ആശ്വാസ വാക്കുകൾ ഞങ്ങളുടെ കുടുംബത്തിനായി ആരും എഴുതിയില്ല, ആരും അത് വായിച്ചതുമില്ല. സഹതാപം പോലും അർഹിക്കാത്ത കുടുംബത്തിലെ എട്ടാം പൗരനായ ഞാൻ എല്ലാത്തിനും നടുവിൽ സഹനങ്ങളുടെ കരിമ്പടം പുതച്ച് എന്റെ ചെറിയ ലോകത്തിൽ തലതാഴ്​ത്തിപ്പിടിച്ച് നടന്നു.

അഞ്ചുനേരവും മുടങ്ങാതെ നിസ്‌കരിക്കുമായിരുന്ന ഏട്ടൻ ആശുപത്രിയിൽനിന്ന് വന്ന ശേഷം ഒറ്റനേരവും നിസ്‌കരിച്ചില്ല. തന്നെ കൈവിട്ട ആ ദൈവപ്പുരയിലേക്ക് പിന്നീടൊരിക്കലും ഏട്ടൻ പോയില്ല.

ഏട്ടനെ കാണാൻ ഉപ്പാന്റെ നാട്ടിൽ നിന്ന് പല ബന്ധുക്കളും വന്നു.
വന്നവരിൽ ചിലർ ഏട്ടനെയും ഏട്ടന്റെ ബുദ്ധിയില്ലായ്മയേയും കളിയാക്കി. മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങൾക്ക് സ്വന്തം ജീവൻ തന്നെ ബലി നൽകാൻ കഴിയുന്ന ജീവിതമെന്ന തടിയൻ പുസ്തകം ഞാൻ വായിക്കേണ്ട താളുകളുമായി കാലത്തിന്റെ ഇരുൾ മറവിൽ എന്നെ കാത്തു കിടന്നു.
തോർത്തുകൊണ്ട് മറച്ചിട്ടും ഏട്ടന്റെ നെഞ്ചിലെ മുറിപ്പാടുകൾ എന്റെ കാഴ്ചകളിലെ നിറസാന്നിധ്യമായി. അതിന്റെ ഭൂപടാകൃതി കണ്ടുനിൽക്കാനാവാതെ കണ്ണുകൾ എത്രതന്നെ തിരിച്ചാലും എന്നെ ചതിച്ചുകൊണ്ട് നോട്ടം അവിടേക്ക് തന്നെ ഇഴഞ്ഞെത്തും. ആ മുറിപ്പാടുകളിൽ നിന്ന് രക്തം ചീറ്റുന്നത് കണ്ട് ഞെട്ടിയുണർന്ന രാത്രികൾക്കെല്ലാം ടൈഗർ ബാമിന്റെ ഗന്ധമായിരുന്നു.

അഞ്ചുനേരവും മുടങ്ങാതെ നിസ്‌കരിക്കുമായിരുന്ന ഏട്ടൻ ആശുപത്രിയിൽനിന്ന് വന്ന ശേഷം ഒറ്റനേരവും നിസ്‌കരിച്ചില്ല. തന്നെ കൈവിട്ട ആ ദൈവപ്പുരയിലേക്ക് പിന്നീടൊരിക്കലും ഏട്ടൻ പോയില്ല. നിലമ്പൂരിനും അപ്പുറം ചുള്ളിയോട്ടിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് സാജിദ പിന്നീടൊരിക്കലും പെരുംചിലമ്പിലേക്ക് വന്നില്ല. പെരുംചിലമ്പിലെ വീടും പാതകളും കുളവും സ്‌കൂളും ഒക്കെ എന്റെയുള്ളിൽ രൂപം മാറി നിറം മാറി മെല്ലെ മെല്ലെ അപരിചിതത്വത്തിന്റെ കുപ്പായം അണിയുകയായിരുന്നു.

വിശപ്പിന്റെയും അപമാനത്തിന്റെയും ആ നാളുകളാവും എന്നിലെ അന്തർമുഖനെ സൃഷ്ടിച്ചെടുത്തതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്.
ക്ലാസിൽ എന്റെ സ്ഥാനം രണ്ടിൽ നിന്ന് നാലും അഞ്ചും കടന്ന് ഏഴിലെത്തിയപ്പോൾ മുത്തയ്യൻ സാറ് എന്റെ വീട്ടിലേക്ക് ആദ്യമായി വന്നു.
അതൊരു സന്ധ്യാനേരമായിരുന്നു.
സാറിന്റെ കളഭമണം എന്റെ വീടിന്റെ വരാന്തയിൽ തങ്ങി നിന്നു.
പള്ളി മിനാരത്തിൽ വിളക്കുകൾ എരിയുന്നുണ്ടായിരുന്നു.
പാതയും കടന്ന് ആ വെളിച്ചം സാറിന്റെ മുഖത്ത് വന്ന് തൊട്ടു.

അവസാന തരി മധുരവും വടിച്ചെടുത്തിട്ട് വല്യാത്ത തയ്യാറാക്കിയ കട്ടൻചായ ഉമ്മാന്റെ കയ്യിൽ നിന്ന് വാങ്ങി ആ ഗ്ലാസും പിടിച്ച് സാറ് ഇരുന്നു. പറയാൻ കരുതിയ വാക്കുകളൊക്കെ എന്റെ വീടിന്റെ മരണമൂകതയാൽ സാറിന്റെ തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നിരിക്കണം. ഉപ്പയും ഞാനും സാറിന്റെ അരികിൽ നിന്നു. ഉമ്മാന്റ കണ്ണുകൾ നിറയുന്നതും നോക്കി അനിയൻ ഉമ്മാന്റെ കോന്തലയും പിടിച്ചുനിന്നു.
പണ്ടൊക്കെ എന്റെ പഠനകാര്യങ്ങൾ സാറിനോട് ചോദിച്ചറിഞ്ഞിരുന്ന ഏട്ടൻ തന്റെ മുറിയിൽ അതേ കിടപ്പ് കിടന്നു. പന്ത്രണ്ട് മനുഷ്യരുടെ നിശ്വാസങ്ങൾ മാത്രം കേൾക്കുന്ന ആ വീടിന്റെ അന്തരീക്ഷം അതിന്റെ നൂൽപ്പാലത്തിലൂടെ സാറിനെ ചെന്ന് തൊട്ടു. പാതി കുടിച്ച ചായക്ലാസ് ഉമ്മാക്ക് കൊടുത്ത് സാറ് ഏട്ടന്റെ മുറിയിലേക്ക് കടന്നു. നെഞ്ചിലെ മുറിപ്പാടുകളെ മറച്ച തോർത്തും, വെള്ളം കാണാതെ കാടുപിടിച്ച മുടിയുമായി ഏട്ടൻ കട്ടിലിൽ മലർന്നു കിടന്നു. ഏട്ടൻ സാറിനെ നോക്കിയില്ല. ഏട്ടന്റെ നോട്ടം മേൽക്കൂരയിലെ ദ്രവിച്ച പട്ടികയിൽ മാന്ത്രിക യാഥാർഥ്യമായി തങ്ങിനിൽക്കുന്ന ഓടുകളിലായിരുന്നു.

സാറ് ഏട്ടന്റെ അരികിൽ കട്ടിലിലിരുന്നു. എന്നിട്ട് കൈ നീട്ടി ഏട്ടന്റെ നെറ്റിയിൽ തൊട്ടു. ഏട്ടന്റെ നോട്ടം മാറിയില്ല. കാറ്റത്ത് സ്ഥാനം തെറ്റിയ തോർത്തിലൂടെ കണ്ട മുറിപ്പാടുകളിലേക്ക് നോക്കി സാറ് നെടുവീർപ്പിടുന്നത് ഞാൻ കേട്ടു. ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ സാറിന്റെ കൺപീലികളിൽ ജലം പൊടിഞ്ഞുനിന്നിരുന്നു. സ്വീകരിക്കാനും യാത്രയാക്കാനും ആരുമില്ലാത്ത വീട്ടിൽ നിന്നിറങ്ങുമ്പോൾ സാറ് എന്റെ കയ്യിൽ പിടിച്ചു. താഴത്തെ വീട്ടിൽ നിന്ന് എം.ജി.ആറിന്റെ ചില്ലിട്ട ഫോട്ടോ പറന്നുവന്ന് പാതയിൽ വീണ് ചിതറി. ചാരായം മണക്കുന്ന തെറിയുടെ ഉറവിടത്തിലേക്ക് നോക്കാതെ സാറ് എന്നോട് പറഞ്ഞു;
‘എല്ലാമേ കടവുളോടെ ശോധനൈ. നീ നല്ലാ പടിച്ച് നല്ലവനാ വാള്‌റതുക്ക് കടവുൾ പോട്‌റ ശോധനൈ... പുരിയിതാ? '

ദൈവത്തിന്റെ പരീക്ഷണങ്ങൾ മനസ്സിലാവാത്ത ഞാനെന്ന കുട്ടി ആ കളഭമണത്തിന്റെ കുളിരിൽ ചാരി വെറുതെ മൂളി. പാതയിൽ ഇരുട്ട് വീണു. ആ ഇരുട്ടിലേക്ക് സാറ് നടന്നുപോകുന്നതും നോക്കി ഞാൻ നിന്നു.
ഏട്ടന്റെ പരിണാമത്തിൽ മനസ് നൊന്ത ഉമ്മയും ഉപ്പയും ഏട്ടനെ അവരുടെ നാടായ കോട്ടക്കലിലേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചു. ഏട്ടൻ അതിന് എതിരൊന്നും പറഞ്ഞില്ല. എണ്ണ തേച്ച് മിനുക്കി വാർന്ന് വെക്കുമായിരുന്ന ഏട്ടന്റെ മുടി കാടുപിടിച്ച് കിടന്നു. അതിനുള്ളിൽ നിറയെ പേനുകളാവുമെന്ന് ഞാൻ ഊഹിച്ചു. ഏട്ടനിലും ഏട്ടന്റെ മുറിയിലും ജീവിതനൈരാശ്യത്തിന്റെ മുഷിഞ്ഞ ഗന്ധം ഓക്കാനമുണ്ടാക്കും വിധം പടർന്നു നിന്നു.

കോട്ടക്കലുള്ള ഉപ്പാന്റെ ബന്ധുവീട്ടിൽ ഏട്ടന് വേണ്ട സൗകര്യങ്ങളും ജോലിയും ഉറപ്പാക്കാൻ ഉപ്പ പോയി. പതിവുള്ള ഫാഷൻ വസ്ത്രങ്ങളൊന്നുമില്ലാതെ മുഷിഞ്ഞ വെള്ള തുണിയും അരക്കയ്യൻ കുപ്പായവുമായി ഉപ്പ പടിയിറങ്ങുമ്പോൾ എനിക്കറിയില്ലായിരുന്നു എന്റെ വേരുകൾ ആ മണ്ണിൽ നിന്ന് അടരുന്നതിന്റെ ആദ്യത്തെ സൂചനയാണ് ഉപ്പാന്റെ ആ യാത്രയെന്ന്...

ഏട്ടന് താമസിക്കാൻ ഇടവും പെയിൻറിംങ്​ ജോലിയും ശരിയാക്കി ഉപ്പ മടങ്ങിവരുമ്പോൾ എനിക്കറിയില്ലായിരുന്നു, മുത്തയ്യൻ സാറിനെ പോലെ ഒരു നല്ല അധ്യാപകനാവാനുള്ള എന്റെ മോഹത്തിന്റെ മേലേക്ക് പെയിൻറ്​ പാട്ടയും ബ്രഷും വന്ന് വീഴുകയാണെന്ന് ... ഉപ്പ മടങ്ങിവരും മുമ്പ് തന്നെ ഉമ്മ തീരുമാനിച്ച് കഴിഞ്ഞിരുന്നു. എന്നും ദുരിതങ്ങളും കണ്ണീരും മാത്രം തന്ന ആ നാടു വിട്ട് സ്വന്തം നാട്ടിലേക്ക് പോവാൻ...

ഉമ്മ ഏട്ടനെ ചേർത്തുപിടിച്ചു. ഏട്ടൻ തലതാഴ്​ത്തി. ഉമ്മ ആ നെറ്റിയിൽ ചുണ്ട് ചേർത്തു. ഏട്ടൻ ഞങ്ങൾ ഓരോരുത്തരെയും മാറി മാറി നോക്കി. ആ മുഖത്ത് സങ്കടത്തിനും സന്തോഷത്തിനും മറയിടുന്ന നിസ്സംഗതയായിരുന്നു.

ഉപ്പ കാര്യം പറഞ്ഞപ്പോൾ ഏട്ടൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ ആ കണ്ണുകളിൽ സമ്മതത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു. അതൊരു വെള്ളിയാഴ്ചയായിരുന്നു. പള്ളി പിരിഞ്ഞ് ഉച്ച ചോറിന് പാലൈവനം ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഉപ്പ എങ്ങനെയൊക്കെയോ സംഘടിപ്പിച്ച കോഴിയിറച്ചിയും കൂട്ടി ഉസ്താദ് ചോറുണ്ടു. ഏട്ടൻ അടുക്കളയിയിലിരുന്ന് ഭക്ഷണം കഴിച്ചു. പിന്നെ കറുത്ത പാന്റും ഇളം മഞ്ഞ കുപ്പായവും ധരിച്ചു. ഏട്ടൻ പാന്റും ഷർട്ടും ധരിച്ച് ഞാൻ കാണുന്നത് അന്നാണ്. കാടുപിടിച്ചു കിടന്ന ചുരുൾമുടി ഒരു വിധത്തിൽ ചീകിയൊതുക്കി ഒരു തുണി സഞ്ചിയുമായി ഉസ്താദിന്റെ പ്രാർത്ഥന കഴിയാൽ ഏട്ടൻ കാത്തു നിന്നു. നീണ്ട പ്രാർത്ഥനയ്ക്കുശേഷം നീട്ടി ആമീൻ ചൊല്ലി ഉപ്പ കൊടുത്ത അമ്പത് രൂപയും വാങ്ങി ഉസ്താദ് പോയി.

വേർപാടിന്റെ വേദനയായിരുന്നില്ല ആരുടെ മുഖത്തും. ആശ്വാസമായിരുന്നു... നീണ്ട കാലം നീണ്ടുനിന്ന ദുഃസ്വപ്നങ്ങളിൽ നിന്നുള്ള മോചനം പതിനൊന്ന് മുഖങ്ങളിലും തെളിഞ്ഞുതന്നെ കാണാമായിരുന്നു. ഉമ്മ കരയും എന്ന് കരുതിയ എന്റെ ധാരണയൊക്കെ തെറ്റി. ഉമ്മ ഏട്ടനെ ചേർത്തുപിടിച്ചു. ഏട്ടൻ തലതാഴ്​ത്തി. ഉമ്മ ആ നെറ്റിയിൽ ചുണ്ട് ചേർത്തു. ഏട്ടൻ ഞങ്ങൾ ഓരോരുത്തരെയും മാറി മാറി നോക്കി. ആ മുഖത്ത് സങ്കടത്തിനും സന്തോഷത്തിനും മറയിടുന്ന നിസ്സംഗതയായിരുന്നു. സഞ്ചിയും തൂക്കി ഏട്ടൻ പടിയിറങ്ങി. ഉപ്പയും വല്യാക്കയും പിന്നാലെ ഇറങ്ങി.
അപരാഹ്നത്തിന്റെ പക്ഷികൾ പള്ളിക്കാട്ടിലെ കരിം പച്ചകളിൽ ഏതൊക്കെയോ ആത്മാവുകളുടെ രോദനത്തിനു മറുപടി പറഞ്ഞു. നിറയെ പൂത്തുനിന്ന മൈലാഞ്ചിക്കാടുകൾ പള്ളിയുടെ മതിൽ കടന്ന് പാതയിലേക്ക് എത്തിനോക്കിയിരുന്നു. ഏട്ടൻ അതിൽ നിന്ന് പൂവ് നുളളിയെടുത്ത് കൈവിരൽ കൊണ്ട് ഞരടി മണത്തു നോക്കി. രണ്ട് മണിയോടെ ബസ് പെരുംചിലമ്പ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ഒച്ച ഞങ്ങൾ കേട്ടു. അവസാനമായി ഞങ്ങളെ തിരിഞ്ഞു നോക്കിയ ഏട്ടന്റെ മുഖത്ത് നിസ്സംഗതയുടെ തോട് പൊളിച്ച സങ്കടങ്ങളുടെ ആകാശം ഇരുളുന്നത് ഞാൻ കണ്ടു.

ഉപ്പ മുമ്പിൽ നടന്നു. പഴയ നടത്തത്തിന്റെ എക്‌സ് റേ പ്രിൻറ്​ പോലെ ഏട്ടൻ തല താഴ്​ത്തി ഉപ്പാന്റെ പിറകിൽ നടന്നു. വലിയ കുളത്തിന്റെ വളവിൽ നിർത്തി ആളെ കയറ്റിയ ബസ് താഴെ ഞങ്ങളുടെ സ്റ്റോപ്പിലെത്തി . അവിടെ ഏട്ടനെ യാത്രയാക്കാൻ കാത്തുനിന്ന കൂട്ടുകാരെയൊന്നും ഏട്ടൻ കണ്ടില്ല. ആ തല താഴ്​ന്നു തന്നെ ഇരുന്നു. ആ കറുത്ത പാന്റും ഇളംമഞ്ഞ കുപ്പായവും ബസിലേക്ക് കയറുന്നത് കണ്ണീർ മറവിലൂടെ ഞാൻ കണ്ടു. ഏട്ടനും വേറെ ഒരാളും മാത്രമേ അവിടെ നിന്നും ബസ് കയറാൻ ഉണ്ടായിരുന്നുള്ളൂ. ബസിനുള്ളിൽ ഏട്ടന്റെ ചുരുൾ മുടിയും കുപ്പായവും താഴുന്നത് ഞാൻ നോക്കി നിന്നു.

കറുത്ത പുക തുപ്പി കൊണ്ട് ബസ് പോയി.
​കാറ്റ് തട്ടാതെ തന്നെ എനിക്ക് മുൻപിൽ പുളിയിലകൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അപരിചിതമായ ഏതോ ദേശത്തേക്ക് ഏട്ടൻ പോവുകയാണ്. അറിയാത്ത പണിയെടുത്ത് അറിയാത്ത ദേശത്തിൽ ഞങ്ങളാരും കൂട്ടില്ലാതെ ഏട്ടൻ തനിയെ ജീവിക്കാൻ പോവുകയാണ് . ചതുര വിള എസ്റ്റേറ്റിനു മുൻപിൽ ബസ് എത്തിയപ്പോൾ ഏട്ടൻ ആ രാത്രിയെ ഓർത്തിരിക്കുമോ ...?
അവിടെയാണ് ഏട്ടനും സാജിദാക്കും വേണ്ടി മനോഹരൻ പറഞ്ഞയച്ച ടൂറിസ്റ്റ് കാർ കാത്തു കിടന്നത്. അതേ കാറിൽ തന്നെയാണ് ജീവന്റെ ഒടുക്കത്തെ തുള്ളികളുമായി ഏട്ടന്റെ ദേഹം നാഗർകോവിലിലേക്ക് കൊണ്ട് പോയത്.

ആളൊഴിഞ്ഞ പാതയിലൂടെ ഒരു പറ്റം കുട്ടികൾ വലിയ കുളത്തിലേക്ക് കുളിക്കാൻ പോകുന്നത് ഞാൻ കണ്ടു. പിറകിൽ ഉമ്മാന്റെ തേങ്ങൽ കരച്ചിലിന് വഴിമാറുന്നത് ഞാൻ കേട്ടു.
‘ന്റെ കുട്ടിനെ കാത്തോളണേ ബദരീങ്ങളേ ... '

പള്ളിയിൽ നിന്ന് ഇറങ്ങി വന്ന പാലൈവനം ഉമ്മാനെ ആശ്വസിപ്പിക്കാനായി പാഴ്‌വാക്കുകൾ പറഞ്ഞപ്പോൾ ജീവിതത്തിലാദ്യമായി എന്റെയുപ്പ ഒരു പുരോഹിതന്റെ തോളത്ത് കൈവെച്ച് പള്ളിയിലേക്ക് തന്നെ കയറി പോവാൻ പറഞ്ഞത് സന്തോഷത്തോടെയാണ് ഞാൻ കേട്ടുനിന്നത്.

താൻ മമ്പുറത്തേക്ക് 1001 രൂപ നേർച്ച നേർന്നിട്ടാണ് തന്റെ മകന് ആ നാടുവിട്ട് പോരാൻ തോന്നിയതെന്ന് ഉമ്മ ഉറച്ചു വിശ്വസിച്ചു. പാപ്പമാരൊന്നും കാവലില്ലാത്ത ജീവിതത്തിന്റെ വെയിൽ പാതയിൽ പിന്നെയുമെത്രയോ വേദനകൾ ഏട്ടനെ കാത്തിരിക്കുന്നുണ്ടെന്ന് അന്ന് ഞങ്ങളാരും അറിഞ്ഞില്ല. ഏട്ടൻ പോയ കോട്ടക്കൽ എന്ന ദേശത്തേക്ക് ഞങ്ങളുടെ കുടുംബമൊന്നാകെ പറിച്ചു നടപ്പെടുമെന്നും അവിടുത്തെ വഴികളെ വായിച്ചെടുക്കാനുള്ള ഭാഷയറിയാതെ ഞാൻ അന്തിച്ചുനിൽക്കുമെന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.
പള്ളിയിൽ നിന്ന് ഇറങ്ങി വന്ന പാലൈവനം ഉമ്മാനെ ആശ്വസിപ്പിക്കാനായി പാഴ്‌വാക്കുകൾ പറഞ്ഞപ്പോൾ ജീവിതത്തിലാദ്യമായി എന്റെയുപ്പ ഒരു പുരോഹിതന്റെ തോളത്ത് കൈവെച്ച് പള്ളിയിലേക്ക് തന്നെ കയറി പോവാൻ പറഞ്ഞത് സന്തോഷത്തോടെയാണ് ഞാൻ കേട്ടുനിന്നത്.

പള്ളിയിൽ നിന്നിറങ്ങി പുരോഹിതന്മാർ വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടുന്നതിനെ എന്റെ ഉപ്പ മരണം വരെ എതിർത്തു. പറയാൻ വന്ന വാക്കുകൾ വിഴുങ്ങി ഉപ്പ ചൂണ്ടിക്കാണിച്ച പള്ളിയുടെ നേർക്ക് പാലൈവനം നടന്നു.
മുറ്റത്തെ പുളിമരത്തിൽ നിന്ന് അപ്പോഴും പുളിയിലകൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
​താഴെ ... നെൽപ്പാടങ്ങളുടെ കടലിലൂടെ തിരയിളക്കിപ്പോവുന്ന കാറ്റ് ഏട്ടനെയും ചെന്ന് തൊടുന്നുണ്ടാവുമെന്ന് ഞാൻ ഓർത്തു. ചതുരവിളക്കും കൊറ്റിയോടിനും കുമാരപുരത്തിനുമപ്പുറം പാതകൾ ജീവിതം പോലെ നീണ്ടു കിടന്നു. ആ പാതയിലൂടെ ഓടുന്ന ബസിന്റെ സൈഡ് സീറ്റിലിരുന്ന് ഏട്ടൻ ഇപ്പോൾ എന്താവും ഓർക്കുന്നുണ്ടാവുക എന്ന് ഞാൻ കൗതുകപ്പെട്ടു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments