കവലയിലെ പറമ്പൻ മൊയ്തീൻ സ്മാരക സ്തൂപത്തിന്റെ ചുവപ്പിലേക്ക് ചോറിന്റെ വറ്റുകൾ ഉതിർന്നു വീഴും... അത് കൊത്തി തിന്നുന്ന കാക്കച്ചുണ്ടുകളിൽ രക്തം പൊടിയും... മോചനമില്ലാത്ത ആ കാഴ്ചകൾക്ക് നേരെ ഞാനെന്റെ കണ്ണുകൾ ഇപ്പോൾ ഇറുക്കിയടക്കുകയാണ്.
എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷക്ക് ക്ലാസ് ഒരുങ്ങുകയാണ്.
തങ്കരാജ് മീൻപിടുത്തമൊക്കെ നിർത്തി എന്നും ക്ലാസിൽ വരുന്നുണ്ട്. തൊട്ടടുത്തിരുന്ന് എന്നോട് സന്ദേഹങ്ങൾ ചോദിക്കുന്നുണ്ട്. ടീച്ചർമാരും സാറന്മാരുമൊക്കെ മയത്തിലാണ് ഞങ്ങളോട് ഇടപഴകുന്നത്. എട്ടാം ക്ലാസ് പരീക്ഷ ഞങ്ങളുടെ സ്‌കൂളിൽ വച്ചല്ല എഴുതേണ്ടത്, തക്കലയിലെ വലിയ സ്‌കൂളിലാണ്.
എട്ടാം ക്ലാസിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പും തുടർഠനത്തിന് സഹായവുമൊക്കെ സർക്കാരിൽ നിന്ന് കിട്ടും. എട്ടാം ക്ലാസിൽ പഠനം നിർത്തി പലപല തൊഴിലുകളിലേക്ക് കുട്ടികൾ ചിതറിപ്പോകുന്നത് തടയാൻ അധ്യാപകരൊക്കെ അക്കാലത്ത് ആവുന്നത്ര പരിശ്രമിച്ചിരുന്നു.
ഉയർന്ന മാർക്ക് കിട്ടിയാൽ പോലും തുടർപഠനത്തിന് പോകുന്ന കുട്ടികൾ ചുരുക്കമായിരുന്നു. മൺവെട്ടി എടുക്കാനും കാളവണ്ടി ഓടിക്കാനും ചാണകവറളി ഉണ്ടാക്കാനും മീൻപിടിക്കാനും വിറക് ശേഖരിക്കാനുമൊക്കെ എട്ടാം ക്ലാസ് വിദ്യാഭ്യാസം തന്നെ ധാരാളമാണെന്ന് പെരുംചിലമ്പിലെ രക്ഷിതാക്കൾ വിധിയെഴുതിയതാണ്. ആ വിധിയെ ലംഘിച്ച് പെരുംചിലമ്പിൽ നിന്ന് തക്കലയിലെ സ്‌കൂളിലേക്ക് തുടർപഠനത്തിന് വളരെ കുറച്ചകുട്ടികളെ പോയുള്ളൂ.
സ്‌കൂളിൽ ശെന്തിലിനും അബുവിനും പൊന്നഴകിക്കും ഇളങ്കോവനുമാണ് പ്രത്യേക ക്ലാസുകൾ നടന്നത് . അവരെ ഓഫീസ് റൂമിനും സ്റ്റോർ റൂമിനും ഇടയിലെ ചെറിയ വരാന്തയിലിരുത്തി ഹെഡ്മാസ്റ്റർ ഗണപതി സാറ് തന്നെ ക്ലാസ്സെടുത്തു. ഇത്രമാത്രം ക്ഷമയും സൗമ്യതയും ഗണപതി സാറിനുണ്ടെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇടയ്ക്ക് അവർ കോട്ടുവായ ഇടുമ്പോൾ മുനിയാർ പാണ്ടിയുടെ മുറുക്കാൻ കടയിൽനിന്ന് സ്വന്തം കാശിന് സാറ് അവർക്ക് കടലമിഠായിയും, ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞു വരുന്ന എലുമിച്ചമ്പഴ ഊറുകയും വാങ്ങിച്ചു കൊടുത്തു.
മറ്റ് ക്ലാസുകളിൽ ടീച്ചർമാർ ശബ്ദം കുറച്ച് ക്ലാസ്സെടുത്തു. സിസിലി ടീച്ചർ റൂൾത്തടിയൊക്കെ മാറ്റിവെച്ച് ഞങ്ങളോട് വളരെ സൗമ്യമായി പെരുമാറുന്നതുകണ്ടപ്പോൾ എട്ടാം ക്ലാസിൽ തന്നെ കുറേ കാലം ഇരുന്നാൽ മതിയെന്നു തോന്നിപ്പോയി. ഞങ്ങളങ്ങനെ അഭിമാനത്തോടെ പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് ഉച്ച ബെല്ലിന്റ നേരത്ത് ഓഫീസ് റൂമിൽ നിന്ന് ഒരു ബഹളം കേട്ടത്.
ഓഫീസ് റൂമിൽ നിന്ന് ഗിരീഷിന്റെ ചോറ്റുപാത്രം കാണാതായിരിക്കുന്നു. അക്കണ്ട കാലമത്രയും ആ ജനൽ പടിയിൽ അത് ഭദ്രമായി ഇരുന്നതാണ്. മൂന്ന് തട്ടുകളും അവയ്‌ക്കെല്ലാം അടപ്പുമുള്ള ആ തൂക്കുപാത്രം ആരാണ് കട്ടെടുത്തതെന്ന് ഒരു പിടിയുമില്ല. ഓഫീസ് റൂമിൽ നിന്നിറങ്ങി ഗണപതി സാർ പ്രത്യേക ക്ലാസിനു പോയ ദിവസമായിരുന്നു. സാറ് ഇല്ലാത്ത നേരത്താണ് കളവ് നടന്നിരിക്കുന്നത്.
മുത്തയ്യൻ സാറ് ആദ്യം എട്ടാം ക്ലാസിലെ കുട്ടികളെ ഓരോരുത്തരെയായി മാറ്റിനിർത്തി ചോദ്യം ചെയ്തു. ഉത്തരമൊന്നും കിട്ടിയില്ല. എനിക്കുള്ള ചോറ് സാറ് തന്നെ കൊണ്ടുവരുന്നതിനാൽ എന്നോട് ചോദ്യമൊന്നും ഉണ്ടായില്ല. ആ തൂക്കുപാത്രം വിലപിടിപ്പുള്ളതാണ്. ഓരോ ക്ലാസിലെയും കുട്ടികളെ അതാത് ക്ലാസ് ടീച്ചർമാർ ചോദ്യം ചെയ്തു. ആരും എടുത്തിട്ടില്ല. പുറത്തു നിന്ന് ആരും വരുന്നതായി ജയന്തിയക്കയും മണിയണ്ണനും കണ്ടിട്ടില്ല.
സ്‌കൂളിന്റെ പരിസരത്തൊന്നും ആ പാത്രം ഉണ്ടായിരുന്നില്ല. ഗിരീഷിന് അവന്റെ വീട്ടിൽനിന്ന് വേറെ ചോറ് വന്നു. ഉച്ച ബെല്ലിന്റെ സമയം കഴിഞ്ഞ് ക്ലാസുകൾ തുടങ്ങിയെങ്കിലും മൂന്നു തട്ടുകളുള്ള, സ്റ്റീലിലിന്റെ ആ തൂക്കുപാത്രം ടീച്ചർമാരെ അസ്വസ്ഥപ്പെടുത്തി. എന്നാലും... ? എന്ന വലിയ ചോദ്യം കുട്ടികളുടെയുള്ളിലും കിടന്ന് പുകഞ്ഞു.
ഉച്ചക്കുശേഷം ഗണപതി സാറിന്റെ സ്‌പെഷ്യൽ ക്ലാസിൽ നിന്ന് എഴുന്നേറ്റ് അബു ഞങ്ങളുടെ ഒപ്പം വന്നിരുന്നു. അവനെയും മുത്തയ്യൻ സാറ് ചോദ്യം ചെയ്തതാണ്. അബുവിന്റെ വീട് കരിപ്പാലിക്കും ഒക്കാലി മൂടിനും ഇടയിലെ കുന്നിൻ മുകളിലാണ്. എല്ലാ വീടുകളെയും പോലെ ചോർന്നൊലിക്കുന്ന മേൽക്കൂരയും മൺകട്ടകളുടെ ചുമരുകളും ഉള്ള ചെറിയൊരു വീട്.
അബുവിന്റെ ഉപ്പ പറമ്പൻ മൊയ്തീൻ എന്ന മനുഷ്യനായിരുന്നു. മലപ്പുറം മുണ്ടുപറമ്പിൽ നിന്ന് കുടിയേറിയ മൊയ്തീന് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമായിരുന്നു. വേളിമല എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു പറമ്പൻ മൊയ്തീൻ. ആ മനുഷ്യനാണ് വേളിമല എസ്റ്റേറ്റിലെ തൊഴിലാളികളെ ചുവന്ന കൊടിക്കിഴിൽ അണിനിരത്തിയത്. ചെറുതും വലുതുമായ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് ക്ലാസെടുത്തത്. അതുവരെ മുളപൊട്ടി വന്ന യൂണിയനുകളെയെല്ലാം പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും ഇല്ലാതെയാക്കിയ മാനേജർക്ക് പക്ഷേ പറമ്പൻ മൊയ്തീന്റെ മുമ്പിൽ തന്റെ വാക്ചാതുരിയും അടവുകളും മടക്കിക്കെട്ടേണ്ടി വന്നു.
ചുവപ്പിന്റെ രാഷ്ട്രീയം പറമ്പൻ മൊയ്തീന് വെറുമൊരു അലങ്കാരമോ തൊഴിലോ ആയിരുന്നില്ല. രക്തത്തിൽ കലർന്ന ജീവവായുവായിരുന്നു. ആ ജീവവായുവിന്റെ ഊർജജത്താൽ അയാളുടെ തല നിവർന്നുതന്നെ നിന്നു. മൊയ്തീന്റെ ഉറച്ച നിലപാടുകളിൽ വിശ്വാസം വന്ന വേളിമല എസ്റ്റേറ്റിലെ ഏതാണ്ട് എല്ലാ തൊഴിലാളികളും യൂണിയനിൽ ചേർന്നു, യൂണിയൻ പരിപാടികളിൽ പങ്കെടുത്തു.
ആ യൂണിയനാണ് ടാപ്പിംഗ് കഴിഞ്ഞ് തൊഴിലാളികൾ പ്രതിഫലമില്ലാതെ പൊറുക്കി അളന്ന് കൊടുത്തിരുന്ന റബ്ബർ കുരുവിന് വില വാങ്ങിക്കൊടുത്തത്. ആ യൂണിയനാണ് മറ്റ് വലിയ എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് കൊല്ലത്തിലൊരിക്കൽ കൊടുത്തിരുന്ന കമ്പിളിയും കുടയും സമരം ചെയ്ത് വേളിമലയിലെ തൊഴിലാളികൾക്കും വാങ്ങി കൊടുത്തത്. ടാപ്പിംഗ് കഴിഞ്ഞ് എസ്റ്റേറ്റ് ഗേറ്റ് കടക്കുമ്പോൾ സ്ത്രീകളെയടക്കം ദേഹപരിശോധന നടത്തിയിരുന്ന സൂപ്പർവൈസർമാരുടെ വികൃതിക്ക് വിരാമമിട്ടത്.
ആ സമരങ്ങളുടെയെല്ലാം മുമ്പിൽ പറമ്പൻ മൊയ്തീൻ എന്ന മെലിഞ്ഞ മനുഷ്യനുണ്ടായിരുന്നു. ആ മെലിഞ്ഞ ശരീരത്തിനുള്ളിൽ തിളയ്ക്കുന്ന ചോരയുണ്ടായിരുന്നു. വർഗബോധമുണ്ടായിരുന്നു. ആ കണ്ണുകളിൽ തീയും കരുണയും സഹജീവി സ്‌നേഹവും ഉണ്ടായിരുന്നു.
ചെറിയ ചില അവകാശങ്ങൾ തൊഴിലാളികൾക്ക് അനുവദിച്ച കൊടുക്കേണ്ടി വന്നപ്പോൾ മാനേജ്‌മെന്റ് നിസ്സാര കാരണങ്ങൾ പറഞ്ഞ് മൂന്നു തൊഴിലാളികളെ ജോലിയിൽ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു. സ്വാഭാവികമായും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ സമരമുണ്ടായി. ആ സമരത്തിന്റെ മുമ്പിൽ തല ഉയർത്തി പറമ്പൻ മൊയ്തീൻ നിന്നു. ആ തല താഴ്ത്താനായി എസ്റ്റേറ്റ് മാനേജർ പലതും ചെയ്തു നോക്കി. ആ ചുവന്ന കൊടി മടക്കി കെട്ടാനായി പറമ്പൻ മൊയ്തീന് പല വാഗ്ദാനങ്ങളും നൽകപ്പെട്ടു. സമരം ശക്തിപ്പെട്ടതല്ലാതെ മറ്റ് ഫലങ്ങളൊന്നും ഉണ്ടായില്ല.
നമ്മൾ പുച്ഛത്തോടെ കാണുന്ന സിനിമാ കഥകളിലെന്നപോലെ രാത്രിയിൽ മൊയ്തീനെ തോട്ടത്തിലെ മൂന്നു തൊഴിലാളികൾ വന്ന് വിളിച്ചുണർത്തി. വിളിച്ചയാൾ യൂണിയനിൽ ഉള്ളവനും മറ്റ് രണ്ടുപേർ യൂണിയനിൽ ഇല്ലാത്തവരുമായിരുന്നു. പുറത്തെ ഇരുട്ടിൽ തിളങ്ങിയ കത്തി പറമ്പൻ മൊയ്തീന്റെ വയറ്റിലേക്ക് കുത്തിത്താഴ്ത്തി കറക്കിവലിച്ചത് യൂണിയനിൽ ഇല്ലാത്ത ആ രണ്ടുപേരിൽ ഒരാളായിരുന്നു. ഓല വീടിന്റെ വരാന്തയിൽ ചാരിവെച്ചിരുന്ന ചുവന്ന കൊടികളേക്കാൾ ചുവപ്പുള്ള ചോരയുമായി ഒന്ന് നിലവിളിക്കാൻ പോലുമാവാതെ പറമ്പൻ മൊയ്തീൻ വീട്ടുമുറ്റത്തേക്ക് കമിഴ്ന്നുവീണു. ഒച്ചയും ബഹളവും ആയപ്പോഴേക്കും വന്നവർ ഓടിപ്പോയി.
ഉപ്പ മുറ്റത്ത് കിടന്ന് ചോരവാർന്ന് മരിക്കുമ്പോൾ അബു എന്ന അബൂബക്കർ തൊട്ടിലിലായിരുന്നു. അവന്റെ ഏട്ടൻ സൈനുദ്ദീനും, ഉമ്മ നബീസയും ഏട്ടത്തി ഹലീമയും ഉപ്പാന്റെ മയ്യത്തിനു ചുറ്റുമിരുന്ന് അലറി കരയുമ്പോൾ കൈവിരൽ വായിലിട്ട് തൊട്ടിലിൽ കിടന്നുറങ്ങിയ അബു വെന്ന കുട്ടി പിൽക്കാലത്ത് എങ്ങനെയാവും ഉപ്പാന്റെ മരണത്തെ ഉൾക്കൊണ്ടിട്ടുണ്ടാവുക എന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്.
രണ്ട് ദിവസം കൊണ്ടുതന്നെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മാനേജരെയും അറസ്റ്റ് ചെയ്തു. പക്ഷേ മാനേജർ കൂടുതൽ തെളിച്ചത്തോടെ എസ്റ്റേറ്റിലേക്ക് മടങ്ങിവന്നു. പറമ്പൻ മൊയ്തീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാരും പിന്നെ വേളിമലയിലേക്ക് തിരിച്ചുവന്നില്ല. പെരുംചിലമ്പിനും, വേളിമലയിലേക്കുള്ള കയറ്റത്തിനും ഇടയിലെ ഞങ്ങളുടെ ചെറിയ കവലയിൽ ചുവന്ന ചായം പൂശിയ സ്തൂപത്തിൽ സഖാവ് പറമ്പൻ മൊയ്തീൻ ഇന്നും അടയാളപ്പെട്ടുകിടപ്പുണ്ട്.
ആ മൊയ്തീന്റെ മകനായ അബുവിനെ കുറിച്ചാണ് തങ്കരാജ് എന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞത്; ‘ഇവയ് അന്ത ടിപിൻ കാറിയറെ ജനൽ വളി വെളിയിലെ പോട്‌റതെ ണാ പാത്തേൻ ടാ ...'
ഞാൻ അവിശ്വാസത്തോടെ അബുവിനെ നോക്കി. അവൻ തങ്കരാജ് പറഞ്ഞത് കേട്ടിരിക്കണം ഡെസ്‌കിൽ മുഖം താഴ്ത്തി അവൻ തങ്കരാജിന്റെ തൊട്ടപ്പുറത്ത് ഇരുന്നു.
‘ടീച്ചർക്കിട്ടെ ശൊല്ലട്ടവാ ...? '
തങ്കരാജിന്റെ സ്വകാര്യം പറച്ചിൽ അല്പം ഉച്ചത്തിലായി. ബോർഡിൽ എന്തോ എഴുതിക്കൊണ്ടിരുന്ന പൊന്നഴുകി ടീച്ചർ അതുകേട്ട് തിരിഞ്ഞു നോക്കി.
‘എന്നെ അങ്കെ പേച്ച് വാർത്തെ? '
പൊന്നഴകി ടീച്ചർ എല്ലാവരോടുമായി ചോദിച്ചു. എനിക്ക് തടയാൻ കഴിയും മുമ്പ് തങ്കരാജ് എഴുന്നേറ്റു നിന്നു.
‘‘ദോ ഇവനന്ത ടിപിൻ കാറിയറെ എട്ത്ത് ജനൽ വളി വെളിയെ പോട്‌റതെ നാൺ പാത്തേൻ ടീച്ചർ ...''
തങ്കരാജ് ചൂണ്ടിയ വിരലിന് കീഴിൽ ഡെസ്‌കിൽ മുഖം താഴ്ത്തിയിരുന്ന് അബു കരഞ്ഞു. ക്ലാസ് ഒന്നാകെ അബുവിനെ നോക്കി. അവന്റെ കരച്ചിൽ കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് തങ്കരാജിനും തോന്നിയിരിക്കണം. പൊന്നഴകി ടീച്ചർ ചോക്ക് മേശയിലിട്ട് ഞങ്ങളുടെ ബെഞ്ചിന് നേർക്ക് നടന്നുവന്നു. അടുത്തടുത്തു വരുന്ന അവരുടെ ചെരുപ്പിന്റെ ശബ്ദം കേട്ട് അബുവിന്റെ കരച്ചിൽ ഉച്ചത്തിലായി. ടീച്ചർ അബുവിനെ തൊട്ട് വിളിച്ചു.
‘ഉൺമയാടാ ...? '
അബുവിന്റെ ദേഹമാകെ കരച്ചിലിന്റെ വിറയലിൽ ഉലഞ്ഞു. അവൻ മുഖം ഉയർത്തിയില്ല.
‘കേക്കിറേൻ ല്ലേ ... ണീ ടിഫിൻ കരിയറെ എടുത്തിയാ ...? '
കൂടുതൽ ഉച്ചത്തിൽ കരഞ്ഞതല്ലാതെ അബു ഒന്നും മറുപടി പറഞ്ഞില്ല. തല ഉയർത്തിയതുമില്ല.
ചോക്ക് എടുക്കാനായി ഓഫീസ് റൂമിലേക്ക് അവനെ ഗണപതി സാർ പറഞ്ഞയച്ചപ്പോൾ അവൻ ഗിരീഷിന്റെ ചോറ്റുപാത്രമെടുത്ത് അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് ഇട്ടിരിക്കണം. മുഴുപ്പട്ടിണിയുടെ മണിക്കൂറുകൾ താണ്ടിത്തളർന്ന അവൻ മൂത്രമൊഴിക്കാനുള്ള അനുവാദവും വാങ്ങി പിന്നീട് ചോറ്റുപാത്രം ചെന്നെടുത്ത് ആ മണ്ണിൽ പതുങ്ങിയിരുന്ന് ചോറ്റുപാത്രത്തിലെ ചോറ് തിന്നിരിക്കണം. പക്ഷേ പാത്രം ...പാത്രം എവിടെ? എല്ലാ കുട്ടികളും ആ ചോദ്യമാണ് ഉള്ളിൽ ചോദിച്ചത്.
പൊന്നഴകി ടീച്ചർ പിന്നെ അവനോട് ഒന്നും ചോദിക്കാതെ ഓഫീസ് റൂമിലേക്ക് പോയി. ക്ലാസിൽ അബുവിന്റെ കരച്ചിൽ മാത്രം... പുറത്തെ പാതയിലൂടെ ഒരു കാളവണ്ടി കടന്നുപോയി. ഏതുനിമിഷവും ആരും അവനെ കളിയാക്കിയേക്കുമെന്ന ഭയത്തിൽ ഞാൻ ഇരുന്നു. എന്റെ നെഞ്ച് മിടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. തങ്കരാജിന്റെ കണ്ണുകളും നിറയാൻ ഓങ്ങി നിന്നു. അവൻ കൈനീട്ടി അബുവിനെ തൊട്ടെങ്കിലും അബു ആ കൈ തട്ടിമാറ്റി കൂടുതൽ ഉച്ചത്തിൽ കരഞ്ഞു. മുത്തയ്യൻ സാർ കൊണ്ടുവന്ന തൈര് സാദം എന്റെ വയറ്റിൽ കിടന്നു കത്തി.
ഗണപതി സാറ് വടിയുമായി ക്ലാസിലേക്ക് വരുമെന്നോ അല്ലെങ്കിൽ അബുവിനെ ഓഫീസ് റൂമിലേക്ക് വിളിപ്പിക്കുമെന്നോ കരുതിയ ഞങ്ങളുടെ ധാരണയെ തെറ്റിച്ചുകൊണ്ട്, നേർത്ത ചിരിയുമായി മുത്തയ്യൻ സാറാണ് ക്ലാസിലേക്ക് വന്നത്. തല താഴ്ത്തിയിരുന്ന് കരയുന്ന അബുവിന്റെ തലമുടിയിൽ സാറ് തൊട്ടു .അവൻ ആ കൈ തട്ടി മാറ്റിയില്ല.
‘വാ രാസാ... കേക്കട്ടും '
മുത്തയ്യൻ സാർ വിളിച്ചപ്പോൾ അവൻ തല ഉയർത്തി. ആ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു. കണ്ണീര് കവിളിലൂടെ ഒലിച്ച് അവന്റെ നെഞ്ചാകെ നനഞ്ഞിരുന്നു. മുഷിഞ്ഞ കുപ്പായത്തിൽ ആ നനവ് ഭൂപടങ്ങൾ തീർത്തു. സാറ് അവനെ മെല്ലെ എഴുന്നേൽപ്പിച്ചു.
പിന്നെ ഞങ്ങളോടായി പറഞ്ഞു; ‘അപുവുക്ക് ഒടമ്പ് ശെരിയില്ലെ, നീങ്കെ എല്ലാറും അമൈതിയാ ഇര്ക്കണം. പുരിയിതാ ...'
ക്ലാസിൽ അമൈതി തന്നെയായിരുന്നു.
വിശപ്പിന്റെ വില അറിയുന്ന വയറുകൾക്ക് ഒരേ ഭാഷയായിരുന്നു. കണ്ണീരിനെല്ലൊം ഒരേ ഉപ്പുരുചി തന്നെയാണെന്ന് ഞങ്ങൾ ഇരുപത്തിയാറ് കുട്ടികളും എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് എനിക്കറിയില്ല. ആരും അബുവിനെ കളിയാക്കിയില്ല. ക്ലാസിൽ ഒരു മൂലയിൽ ആരോടും അധികം കൂട്ടില്ലാതെ അധികം സംസാരിക്കാതെ തലതാഴ്ത്തിപ്പിടിച്ച് ഇരിക്കുമായിരുന്ന അബുവെന്ന കുട്ടി ഒരു രക്തസാക്ഷിയുടെ മകനാണെന്ന് ഞങ്ങൾക്ക് അന്ന് അറിയില്ലായിരുന്നു. രക്തത്തിനപ്പുറം വിശപ്പ് സാക്ഷ്യം പറയുന്ന ആ അന്തരീക്ഷത്തിൽ അവന്റെ പോക്കും നോക്കി ഞങ്ങളിരുന്നു.
വെള്ളനൂല് കൊണ്ട് അവന്റെ ഉമ്മ തുന്നിക്കൂട്ടിയ നീലനിക്കറിന്റെ പിൻഭാഗം വരാന്തയിലൂടെ മറയുമ്പോൾ തങ്കരാജ് കരയുകയായിരുന്നു. അവന്റെ മഞ്ഞ ചലം പുരണ്ട കവിളുകളിൽ കവിൾ ചേർത്ത് ഞാൻ അവനെ കെട്ടിപ്പിടിച്ചു. എത്ര അടക്കിയിട്ടും നിർത്താനാവാത്ത അവന്റെ ആ കരച്ചിൽ ആദ്യം പെൺകുട്ടികളിലേക്കാണ് പടർന്നത്. പിന്നെയത് ഗിരീഷടക്കം ഇരുപത്തിയാറ് കുട്ടികളുടെ കൂട്ടക്കരച്ചിലായി മാറി. എന്തിനാണ് കരയുന്നതെന്ന് ഞങ്ങളോട് ആരും ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കിൽ ജീവിതമെന്ന വലിയ ദൈന്യത്തിനു മുമ്പിൽ ഉത്തരമില്ലാതെ ഞങ്ങൾ കൂടുതൽ ഉച്ചത്തിൽ കരയുമായിരുന്നു.
ക്ലാസിലെ കൂട്ടക്കരച്ചിൽ കേട്ട് ഗണപതി സാറും പൊന്നഴകി ടീച്ചറും വന്നു. പിന്നാലെ മറ്റ് ടീച്ചർമാർ. അതിനും പിന്നാലെ മറ്റ് കുട്ടികൾ ...ഏതോ ദുരന്തഭൂമിയിലെന്നപോലെ അവരെല്ലാം നിശബ്ദരായി നിൽക്കുന്നത് ഈ കുറിപ്പെഴുതുമ്പോൾ എനിക്ക് കാണാനാവുന്നുണ്ട്. എന്റെ ആ കാഴ്ചയിലേക്ക് സ്‌കൂൾ മതിലിന്റെ അപ്പുറത്തു നിന്ന് ഗിരീഷിന്റെ ചോറ്റുപാത്രവുമായി മുത്തയ്യൻ സാറ് വരുന്നുണ്ട്. ആ കണ്ണുകളിൽ മുഴുജീവിതത്തോടുമുള്ള കണ്ണീര് കത്തുന്നത് ഞാൻ കാണുന്നുണ്ട്. മണ്ണ് പുരണ്ട ആ ചോറ്റുപാത്രം വിശപ്പൊടുങ്ങിയപ്പോൾ അബു വലിച്ചെറിഞ്ഞതാണെന്ന് ഊഹിക്കാനാവുന്നുണ്ട്.
വെയില് കത്തുന്ന സ്‌കൂൾ മുറ്റത്തേക്ക് പറമ്പൻ മൊയ്തീൻ എന്ന രക്തസാക്ഷിയുടെ ഇളയമകൻ അലറിവിളിച്ചുകൊണ്ട് ഇറങ്ങി ഓടുന്നത് എനിക്ക് കാണാനാവുന്നുണ്ട്. ആരും അവനെ ചീത്ത വിളിച്ചിരുന്നില്ല , വഴക്ക് പറഞ്ഞിരുന്നില്ല. പക്ഷേ അവൻ ഓടി. വിശപ്പ് സഹിക്കാനാവാതെ സഹപാഠിയുടെ ചോറ് കട്ടുതിന്ന് അബുവെന്ന കുട്ടി അവനെ തന്നെ സൂക്ഷിക്കുകയായിരുന്നു. സ്‌കൂൾ ഗെയിറ്റും കടന്ന് കറുത്ത പാതയിലൂടെ അവൻ ഓടുന്നതിന്റെ കിതപ്പ് ഇപ്പോഴും എനിക്ക് കേൾക്കാം...
ഗണപതി സാറ് ആ ഓട്ടം കണ്ട് വാ പൊളിച്ചു നിന്നു. വരാന്തയിലെ തൂണിൽ ചാരി നിന്ന സിസിലി ടീച്ചർ കണ്ണു തുടയ്ക്കുന്നത് ഞാൻ കണ്ടു. ഓഫീസ് റൂമിലെ കസേരയിൽ, മുമ്പിലെ മേശയിലേക്ക് തല താഴ്ത്തി മുത്തയ്യൻ സാറ് ഇരുന്നു. ആ ശരീരം ഒന്നാകെ വിറക്കുന്നത് ഞാൻ കണ്ടു.
അബു പിന്നീടൊരിക്കലും സ്‌കൂളിലേക്ക് വന്നില്ല. എട്ടാം ക്ലാസ് പരീക്ഷ എഴുതിയില്ല. അവനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ മണ്ണ് പുരണ്ട ചോറ്റുപാത്രവും തൂക്കിപ്പിടിച്ച് മുത്തയ്യൻ സാറ് എന്റെ മുമ്പിൽ വന്നു നിൽക്കും. കവലയിലെ പറമ്പൻ മൊയ്തീൻ സ്മാരക സ്തൂപത്തിന്റെ ചുവപ്പിലേക്ക് ചോറിന്റെ വറ്റുകൾ ഉതിർന്നു വീഴും... അത് കൊത്തി തിന്നുന്ന കാക്കച്ചുണ്ടുകളിൽ രക്തം പൊടിയും... മോചനമില്ലാത്ത ആ കാഴ്ചകൾക്ക് നേരെ ഞാനെന്റെ കണ്ണുകൾ ഇപ്പോൾ ഇറുക്കിയടക്കുകയാണ്.
എന്നിട്ടും എന്റെ ഉൾക്കണ്ണിലൂടെ, മധുരയെ എരിക്കാൻ കാലിൽ ഒറ്റ ചിലമ്പുമായി കണ്ണകി ഓടിയ അതേ പാതയിലൂടെ അബൂബക്കർ ഓടുകയാണ്. അവന്റെ നീല നിക്കറിന്റെ പിൻവശത്ത് വെള്ള നൂലുകൊണ്ട് അവന്റെ ഉമ്മ തുന്നിച്ചേർത്തത് വെറും ദ്വാരമായിരുന്നില്ല. മറവിയുടെയും നന്ദികേടിന്റെയും ജീവിത പൊരുളുകളായിരുന്നു. സഹജീവികൾക്കുവേണ്ടി ചോര ചിന്തി മരിച്ച സഖാവ് പറമ്പൻ മൊയ്തീന്റെ രക്തസാക്ഷിത്വം ബാക്കിയാക്കിയ ദുരിതങ്ങളെയായിരുന്നു.
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പ്രിയ സഖാവേ... ലാൽസലാം. ▮