ചിത്രീകരണം: ദേവപ്രകാശ്

കോട്ടുമല ഔലിയക്കൊപ്പം സൈക്കിളിൽ ആകാശത്തേക്ക്

വെറും മനുഷ്യർ- 23

കോട്ടുമല ഔലിയ അന്നു രാത്രി എന്റെ അരികിലെത്തി. ദേഹത്തൊരു നൂലിഴ പോലുമില്ലാതെയായിരുന്നു ആ വരവ്. ഒരു ചെറിയ സൈക്കിളിൽ കാല് നിലത്തുകുത്തി നിന്ന് ഔലിയ എന്നെ മാടിവിളിച്ചു. ഭയന്നുനിന്ന എന്നെ വന്ന് പൊക്കിയെടുത്ത് സൈക്കിളിന്റെ മുമ്പിലിരുത്തി ആകാശത്തിലേക്ക് ഉയർന്നു

ന്റെ എട്ടാം ക്ലാസ് പരീക്ഷ കഴിയുമ്പോഴേക്കും ഞങ്ങളുടെ വീട് വിൽക്കാനുള്ള ഏർപ്പാട് ഉപ്പ തുടങ്ങിക്കഴിഞ്ഞിരുന്നു. സ്വന്തം വേരുകൾ ഉപ്പാനെയും ഉമ്മാനെയും അതിന്റെ കുളിരും സുരക്ഷിതത്വവും കാണിച്ച് ആസക്തിയോടെ മാടിവിളിച്ചു. ആ വിളിക്ക് ഉത്തരം നൽകാതിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.
കാലങ്ങൾക്കുമുമ്പ് ഉപജീവനം തേടി മലബാറിൽ നിന്ന് അന്നത്തെ തിരുവിതാംകൂറിലേക്ക് കുടിയേറിയ കുടുംബങ്ങളുടെയെല്ലാം ഉള്ളിൽ ആ വിളി എക്കാലത്തും ഉണ്ടായിരുന്നു. പലരും ആ വിളിക്ക് ഉത്തരമായി ഉള്ളതൊക്കെ വിറ്റു പൊറുക്കി പോയിക്കഴിഞ്ഞിരുന്നു. അറ്റുപോകാത്ത വേരുകളുടെ ആകർഷണത്തിൽ അവരൊക്കെ അവിടം വിട്ടുപോവുമ്പോൾ ഈ മണ്ണിൽ വേരുകളാഴ്ത്തിയ അവരുടെ സന്തതികളിൽ പലരും അവരോടൊപ്പം പോയില്ല.

ഫക്കീറിന്റെ പ്രാർത്ഥനകൾക്ക് നേരകാലങ്ങൾ ഇല്ലായിരുന്നു. നട്ടുച്ചവെയിലിലും കൂരിരുട്ടിലും ആ കരിമ്പാറയിൽ നീണ്ടുനിവർന്നുനിന്ന് ഇരുകൈകളും ആകാശത്തേക്കുയർത്തി ഫക്കീർ ദൈവത്തോട് പ്രാർത്ഥിച്ചു. കലഹിച്ചു. ദേഷ്യപ്പെട്ടു. പിണങ്ങി.

തക്കലയിലെ വലിയ സ്‌കൂളിൽ എട്ടാം ക്ലാസ് പരീക്ഷയൊക്കെ എഴുതി ഫലം കാത്തിരിക്കുമ്പോൾ എട്ടന്റെ ജീവൻ തിരിച്ചു കിട്ടാനായി ഉമ്മ നേർന്ന നേർച്ചയുടെ ഫലമായി ഞങ്ങളുടെ കുടുംബമൊന്നാകെ കോട്ടുമല ഔലിയയുടെ ജാറത്തിലേക്ക് സിയാറത്ത് പോയി. ഏട്ടൻ കോട്ടക്കലിൽ ആയതിനാൽ ബാക്കി ഒമ്പത് മക്കളും ഉമ്മയും ഉപ്പയും വല്യാത്താന്റെ ഭർത്താവ് യൂസഫും, വല്യാക്കാന്റെ ഭാര്യ ചെള്ളി താത്തയുമടക്കം പതിമൂന്ന് പേരുടെ ആ യാത്ര ഒരു പുലർച്ചയിലായിരുന്നു. വേളിമല കയറി ഇറങ്ങിയാൽ എത്തുന്ന കാട്ടിലായിരുന്നു കോട്ടുമല ഔലിയയുടെ ജാറം.
കാലങ്ങൾക്കുമുമ്പ് വേളിമലയിൽ റബ്ബർ തോട്ടങ്ങൾ ഉണ്ടാവുന്നതിനും മുമ്പ്, മരുഭൂമികളും കടലും താണ്ടി ഒരു ഫക്കീർ കോട്ടുമലയിലെത്തി. വന്യജീവികളുടെ സങ്കേതമായ കോട്ടുമലയിൽ ഒരു ഉയർന്ന പാറപ്പുറത്ത് ഫക്കീർ താമസമുറപ്പിച്ചു. ചുറ്റും കാട് മാത്രം. കാട്ടുജീവികൾ മാത്രം. കാട്ടുപൂവുകളുടെ കടും സുഗന്ധം മാത്രം ... തന്നെ പൊതിഞ്ഞു നിന്ന ഇരുട്ടിനും നിശബ്ദതയ്ക്കും നടുവിൽ, കണ്ണിൽ കണ്ട കായ്കനികൾ തിന്ന് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഫക്കീർ ദൈവത്തോട് സംവദിച്ചു. സംവാദത്തിന്റെ ജപമണികൾ ഉരുണ്ടു കളിക്കുന്ന തലച്ചോറിൽ മറ്റു ചിന്തകളൊന്നും ഉണ്ടായിരുന്നില്ല.

ഫക്കീർ ധരിച്ച വസ്ത്രങ്ങൾ ദൈവനിർമിതിയല്ലാത്തതിനാൽ അത് മുഷിഞ്ഞ് പിഞ്ഞി ആ ദേഹത്തുനിന്ന് അടർന്നുവീണ് മണ്ണിൽ കിടന്ന് നശിച്ചു. സ്വന്തം നഗ്‌നതയെ കുറിച്ചുള്ള ബോധമില്ലാത്ത ഫക്കീർ വേറെ വസ്ത്രങ്ങൾ തേടി പോയില്ല. മഴക്കാലത്തും മഞ്ഞുകാലത്തും ആ കരിമ്പാറയിൽ കാട്ടുപനയുടെ ഓല കൊണ്ടുണ്ടാക്കിയ മറയിൽ ഫക്കീർ അന്തിയുറങ്ങി. വേനലിലും വസന്തത്തിലും ആ മറ പൊളിച്ചുകളഞ്ഞ് വെറും പാറയിൽ ഉറങ്ങി.

ഫക്കീറിന്റെ പ്രാർത്ഥനകൾക്ക് നേരകാലങ്ങൾ ഇല്ലായിരുന്നു. നട്ടുച്ചവെയിലിലും കൂരിരുട്ടിലും ആ കരിമ്പാറയിൽ നീണ്ടുനിവർന്നുനിന്ന് ഇരുകൈകളും ആകാശത്തേക്കുയർത്തി ഫക്കീർ ദൈവത്തോട് പ്രാർത്ഥിച്ചു. കലഹിച്ചു. ദേഷ്യപ്പെട്ടു. പിണങ്ങി. ഭക്തിയുടെ സുരത മൂർച്ചയിൽ തളർന്നുവീണ് ഉറങ്ങി.
പെരുമ്പാമ്പുകളും ഉടുമ്പുകളും മുള്ളൻ പന്നികളും മയിലുകളും മാനുകളും ഫക്കീറിനെ തങ്ങളിൽ ഒരാളായി സ്വീകരിച്ച് ആ ശരീരത്തെ ഒട്ടുമേ ശ്രദ്ധിക്കാതെ അതിലൂടെ കടന്നുപോയി. ഫക്കീർ അവരെയൊന്നും കണ്ടില്ല. പ്രാർത്ഥനയെന്ന ഭൂമിയിലെ ഏറ്റവും വീര്യം കൂടിയ ലഹരിയിൽ ഉന്മത്തനായി ആ മനുഷ്യൻ ജീവിച്ചു. വിശന്നപ്പോൾ കണ്ണിൽ കണ്ടതൊക്കെ പറിച്ച് തിന്നു . വയറിളകിയപ്പോൾ കിടക്കുന്നിടത്ത് തന്നെ വിസർജിച്ചു. ദാഹിച്ചപ്പോൾ കാട്ടരുവിയിലിറങ്ങി വെള്ളം കുടിച്ചു.

ഉടുമ്പുകളെ വേട്ടയാടാൻ വന്ന തമിഴരാണ് ആദ്യമായി ഫക്കീറിനെ കണ്ടത്. തികച്ചും നഗ്‌നനായി ആകാശത്തേക്ക് കൈയുയർത്തി നിൽക്കുന്ന, നീണ്ട താടി മുടികളുള്ള ഗുഹ്യരോമങ്ങളിലും തുടകളിലും പൂപ്പൽ പിടിച്ച ഫക്കീറിനു മുമ്പിൽ അവർ കമിഴ്ന്നുവീണു.
‘ചാമിയേ ...'
ചാമി അവരെ നോക്കിയില്ല. ചാമി ഉരുവിടുന്നത് തങ്ങൾക്കറിയാത്ത ഭാഷയിലെ മന്ത്രങ്ങളാണെന്ന് കണ്ട് അവർ കൂടുതൽ ഭയഭക്തരായി. ആരും ഫക്കീറിനെ തൊട്ടു വിളിക്കാൻ ധൈര്യപ്പെട്ടില്ല. ആ മുഖത്ത് അവരുടെ മനസ്സുകൾക്ക് വായിച്ചെടുക്കാൻ പാകത്തിൽ ദിവ്യത്വം അടയാളപ്പെട്ടു കിടന്നിരുന്നു.

ഉടുമ്പുകളെ മറന്ന് അവർ മലയിറങ്ങി. പിന്നെ മല കയറി വന്നത് ഒരുകൂട്ടം ആളുകളാണ്. അതിൽ നായ്ക്കറും, നാടാരും, തേവരും, മുസ്‌ലിമും, ക്രിസ്ത്യനും ഉണ്ടായിരുന്നു. അവരെത്തുമ്പോൾ ഫക്കീർ കാട്ടരുവിയിൽ കുളിക്കുകയായിരുന്നു. ഫക്കീർ പ്രാർത്ഥിക്കാൻ നിന്ന പാറയിൽ രണ്ടു കാൽപാദങ്ങളുടെ അടയാളമുണ്ടായിരുന്നു. കരിമ്പാറയുടെ ഹൃദയം പോലും ദ്രവിച്ചു പോയ പ്രാർത്ഥനയുടെ ദിവ്യശക്തിക്കു മുമ്പിൽ, വന്നവരെല്ലാം അവരവരുടെ ദൈവങ്ങളെ വിളിച്ചുകൊണ്ട് ആ പാടുകളിലേക്ക് കമിഴ്ന്ന് വീണു.

തനിക്കും ദൈവത്തിനും ഇടയിൽ കമിഴ്ന്നു കിടക്കുന്ന മനുഷ്യരെ കണ്ട ഫക്കീർ അവരെ അറബി ഭാഷയിൽ ചീത്തവിളിച്ചു. അതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും പറഞ്ഞത് തങ്ങളുടെ ഭാഷയാണെന്ന് മനസ്സിലാക്കിയ മുസ്‌ലിംകൾ, ‘ഔലിയ പാപ്പാ' എന്നുറക്കെ വിളിച്ച് ഫക്കീറിനെ കെട്ടിപ്പിടിച്ചു. ഫക്കീർ അവരെ തള്ളിമാറ്റി പാറയിൽ പടർന്നു നിന്നിരുന്ന കാട്ടെള്ളിന്റെ ഇലകൾ പറിച്ചെടുത്ത് അവരുടെ നേർക്ക് എറിഞ്ഞു. ക്രോധത്തിന്റെ ആ ഇലകൾ പ്രസാദമായി മാറി . ഔലിയയുടെ വിരൽ തൊട്ട ആ ഇലകൾ പൊറുക്കിയെടുക്കാനായി, വന്നവരൊക്കെയും ചുറ്റും തിരഞ്ഞു. കൂടുതൽ ദേഷ്യത്തിൽ, അവരെ ആട്ടിയോടിക്കാനായി ഫക്കീർ കൂടുതൽ ഇലകൾ പറിച്ചെടുത്ത് എറിഞ്ഞു. ആ കണ്ണുകളിലെ കോപം പ്രസാദമായി. ആ കൈ തൊട്ട ഇലകളൊക്കെയും വിശുദ്ധമായി. വന്നവർക്കൊക്കെ പെറുക്കിയെടുക്കാൻ മാത്രം ഇലകൾ കിട്ടിയപ്പോൾ മുസ്‌ലിംകൾ ഔലിയയുടെ മേലുള്ള തങ്ങളുടെ അവകാശം ഉറപ്പിച്ചു: ‘ഇത് ഞങ്ങളുടെ ഔലിയയാണ്. കോട്ടുമല ഔലിയ.'

വല്യാത്താന്റെ കയ്യിലെ സഞ്ചിയിൽ കിടന്ന് പൂവൻ കോഴി കരഞ്ഞു. അവനെ ഉമ്മ കോട്ടുമല ഔലിയക്ക് നേർച്ച നേർന്നതാണ്. അവിടം വരെ അതിനെ കൊണ്ടുചെന്ന് അതിന്റെ ഇറച്ചി വേവിച്ച് ചോറും കൂട്ടി തിന്നാനാണ് ഞങ്ങൾ പോവുന്നത്

അർത്ഥമറിയാത്ത അറബി വാക്കുകളുടെ ആ പുകച്ചിൽ അവർക്ക് മന്ത്രങ്ങളായി. അതിനെ അതേപടി ഉരുവിട്ടുകൊണ്ടാണ് അവർ മലയിറങ്ങിയത്. അന്ധതയ്ക്ക് മതമില്ലാത്തതിനാൽ അന്നുമുതൽ ഫക്കീർ എല്ലാവരുടെയും കോട്ടുമല ഔലിയയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
വലിയ സന്നാഹങ്ങളുമായി അടുത്ത സംഘമെത്തുമ്പോൾ ഔലിയ അവിടെ ഉണ്ടായിരുന്നില്ല. ചുറ്റുവട്ടത്തൊക്കെ തിരഞ്ഞെങ്കിലും ആർക്കും പിന്നീട് ഔലിയയെ കണ്ടെത്താൻ കഴിഞ്ഞില്ല. മനുഷ്യവാസമില്ലാത്ത ഇടംതേടി ഫക്കീർ ആ രാത്രിയിൽ ഒരു പാട് ദൂരം നടന്നിരിക്കണം. അടയാളങ്ങളിൽ മാത്രം വിശ്വസിക്കാൻ വിധിക്കപ്പെട്ട ജനത ആ കാൽപ്പാടുകൾ ചുറ്റും വേലി കെട്ടി . കോട്ടുമലയിലെ കാട്ടെള്ള് സകല രോഗങ്ങൾക്കുമുള്ള മരുന്നായി. കോട്ടുമല ഔലിയ കുളിച്ച കാട്ടരുവിയിലെ വെള്ളം ഔഷധമായി.

ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും പരിഹാരമായി മനുഷ്യർ അവിടെ കോഴികളെ അറുത്തു.

തനിക്കുപോലും പൊരുളറിയാത്ത ഏതോ ശക്തിക്കു മുമ്പിൽ, ശരീരബോധമില്ലാതെ കായ്കനികൾ മാത്രം തിന്ന്, കാട്ടരുവിയിൽ കുളിച്ച്, പ്രാർത്ഥനയുടെ ലഹരിയിൽ ജീവിച്ച ആ മനുഷ്യന്റെ കാലുകൾ തൊട്ട ഇടങ്ങളിലെല്ലാം ബലിച്ചോര ഒഴുകി. കൂടുതൽ സമ്പത്തുള്ളവർ ആടുകളെ നേർച്ചയാക്കി മല കയറ്റി കൊണ്ട് വന്ന് ആ കാൽപ്പാടുകൾക്ക് അരികിലിട്ട് അറുത്ത് പുണ്യം നേടി.

ഉടുമ്പുകളും മയിലുകളും പെരുമ്പാമ്പുകളും മാനുകളും മുള്ളൻപന്നികളും മനുഷ്യരെ ഭയന്ന് അവിടം വിട്ടു. കാലാന്തരത്തിൽ കോട്ടുമല തീർത്ഥാടന കേന്ദ്രമായി മാറി. അവിടെ കമ്പിവേലി വന്നു. മണ്ഡപം ഉണ്ടായി. താഴെ, ചന്ദനത്തിരികളും തേങ്ങയും വിൽക്കുന്ന കടകൾ വന്നു.
ഇത്തരത്തിലുള്ള കോട്ടുമല പുരാണങ്ങളിൽ കരിമ്പാറയിലെ ആ കാൽപ്പാടുകൾ മാത്രം എനിക്ക് പിടിത്തം തന്നില്ല. പാലൈവനം ഉസ്താദിനോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മൂപ്പർ പറഞ്ഞു:
‘അദ് കറാമത്ത്, കോട്ടുമല ഔലിയന്റെ കറാമത്ത്. പടച്ചോനോട് അടുത്തോർക്ക് മാത്രം കിട്ടുന്ന കറാമത്ത്.'

ആ കറാമത്തിന് കുറച്ചെങ്കിലും ഇണങ്ങുന്ന വിശദീകരണം തന്നത് മുത്തയ്യൻ സാറായിരുന്നു. സാറ് പറഞ്ഞത് പണ്ടെന്നോ അവിടെ നായാടാൻ പോയ ആരോ സ്വന്തം കാൽപാദത്തിന്റെ അളവിൽ ആ കരിമ്പാറയിൽ കൊത്തിയുണ്ടാക്കിയ പാടുകളാണ് അവയെന്നാണ്. ഞങ്ങൾ അങ്ങോട്ട് പോവുന്ന കാലത്ത് കോട്ടുമല ഔലിയയുടെ പ്രതാപകാലം അസ്തമിച്ചിരിന്നു. പക്ഷേ അപ്പോഴും കോട്ടുമലയിലെ കാട്ടെള്ളിന്റെ ഇലകൾ സർവ്വരോഗ സംഹാരിയായി, ഹൗസ്ഫുൾ ബോർഡ് വെച്ച് തകർത്ത് ഓടിയിരുന്നു.

സുബഹി ബാങ്കിനും മുമ്പാണ് ആ യാത്ര തുടങ്ങിയത്. ഉപ്പാന്റെ കൈയിലെ ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണ് ഞങ്ങൾ നടന്നത്. ഉമ്മാന്റെ ഒക്കത്ത് അനിയത്തി ഇരുന്നു. അനിയൻ അളിയന്റെ കൈപിടിച്ച് നടന്നു. വല്യാത്താന്റെ കയ്യിലെ സഞ്ചിയിൽ കിടന്ന് പൂവൻ കോഴി കരഞ്ഞു. അവനെ ഉമ്മ കോട്ടുമല ഔലിയക്ക് നേർച്ച നേർന്നതാണ്. അവിടം വരെ അതിനെ കൊണ്ടുചെന്ന് അതിന്റെ ഇറച്ചി വേവിച്ച് ചോറും കൂട്ടി തിന്നാനാണ് ഞങ്ങൾ പോവുന്നത് എന്ന അറിവിൽ ഞാൻ ഉത്സാഹത്തോടെ നടന്നു.

കരിപ്പാലി കുന്നുകൾക്കപ്പുറം സൂര്യന്റെ ആദ്യ ചുംബനങ്ങൾ ഏറ്റുവാങ്ങി ആകാശം തുടുക്കാൻ തുടങ്ങിയിരുന്നു. പാതയിൽ പുലരി മഞ്ഞിന്റെ തണുപ്പുണ്ടായിരുന്നു. കൂട്ടത്തോടെയുള്ള നടത്തത്തിൽ ആരും അധികമൊന്നും സംസാരിച്ചില്ല. വരാൻ പോകുന്ന മരണത്തെ കുറിച്ചറിയാതെ സഞ്ചിയിലെ പൂവൻ കോഴി കൂവി. അതിന്റെ കാല് രണ്ടും കൂട്ടി കെട്ടിയിരുന്നു. തല ഉയർത്തി ചുവന്ന പൂവിളക്കി അത് കൂവുന്നത് ചൂട്ടിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു.

എനിക്ക് പോലുമറിയാത്ത ഭാഷയിൽ എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. നിനക്കീ നാടും വീടും സ്‌കൂളും കൂട്ടുകാരും താമരക്കുളങ്ങളും നെൽപ്പാടങ്ങളും നഷ്ടമാവാൻ പോവുകയാണ്. കാലിൽ തൊടുന്ന ഈ പുലരി മഞ്ഞ് നഷ്ടപ്പെടാൻ പോവുകയാണ്. നീ നടന്ന പാതകളൊക്കെയും നിന്നെ മറക്കാൻ പോവുകയാണ്. എന്നെങ്കിലും നീ ഇവിടേക്കു മടങ്ങിയെത്തിയാൽ നിന്നെ ഓർക്കാൻ ഇന്നാട്ടിൽ ഒരു വഴിയോര പൂവ് പോലും ഉണ്ടാവില്ല. ഉദയം കൊള്ളുന്ന ഈ സൂര്യന്റെ വെളിച്ചം വീണ് കിടക്കുന്ന സ്‌കൂൾ മുറ്റത്ത് ഇനി നിന്നെ തങ്കരാജ് കാത്തു നിൽക്കില്ല. മുത്തയ്യൻ സാറിന്റെ കളഭമണം എന്നെന്നേക്കുമായി നിനക്ക് നഷ്ടമാവും. പൊന്നഴകി ടീച്ചറുടെ മധുരശബ്ദത്തിൽ നീയിനി തിരുക്കുറൾ കേൾക്കില്ല.
നെഞ്ചിൽ കനത്ത് തുടങ്ങിയ ആകുലതകൾ കണ്ണിലെത്തി കണ്ണീരായി മാറുമ്പോൾ ഒക്കാലിമൂട്ടിലെ റബ്ബർ തോട്ടങ്ങൾക്കപ്പുറം ആകാശം പുലരിയുടെ വർണ്ണങ്ങളിൽ തുടുത്ത് ഉണർന്നിരുന്നു. പുലരിയുടെ പക്ഷികൾ പതിവ് ശബ്ദങ്ങളുമായി എന്നെ കടന്നുപോയി. കൂട്ടത്തോടൊപ്പം എത്താൻ എനിക്ക് നടത്തത്തിന്റെ വേഗത കൂട്ടേണ്ടിവന്നു.

സഞ്ചിയിൽനിന്ന് വല്യാത്ത പുറത്തിറക്കിയ കോഴി നിലത്ത് ചെരിഞ്ഞുകിടന്ന് ഓട്ടടത്തുണ്ടുകൾ കൊത്തി തിന്നു. അതിനെയെടുത്ത് മടിയിൽ വെച്ച് തൂക്കു പാത്രത്തിന്റെ മൂടിയിൽ അവൾ അതിന് ചായ ഒഴിച്ചുകൊടുത്തു

വലിയൊരു തേക്ക് മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ അനിയന്റെ കൈ വിടുവിച്ച് അളിയൻ പറഞ്ഞു; ‘ഇവടേണ് മച്ചാന്റെ പജ്ജിനെ കുഴിച്ചിട്ടത്.'
ചൊറിയാക്ക ചിട്ടി പിടിച്ച് വാങ്ങിക്കൊണ്ടുവന്ന പശുക്കളിൽ ഒന്നിനെ കുഴിച്ചുമൂടിയ ഇടം കാട് മൂടി കിടന്നു. ഞാനവനെ ഓർത്തു. എനിക്കറിയാത്ത ദേശത്തിൽ ഈ പുലരിയിൽ അവൻ എന്ത് ചെയ്യുകയാവും എന്ന് ഞാൻ അത്ഭുതപ്പെട്ടു. അവന്റെ നെഞ്ചിലെ മുറിപ്പാടുകളുടെ രൂപത്തിൽ ആകാശമേഘങ്ങൾ എന്നെ നോക്കി. സഞ്ചിയിൽനിന്ന് പുറം ചാടാനായി ഉമ്മാന്റെ നേർച്ചക്കോഴി ചിറകിട്ടടിച്ചു. അതിന്റെ ചുവന്ന പൂവിൽ രക്തം പൊടിയും പോലെ എനിക്ക് തോന്നി. ആ രക്തം പള്ളിയുടെ അകത്തും പടവുകളിലും ഞങ്ങളുടെ വീട്ടുമുറ്റത്തും വീണു കിടന്നത് ഒമ്പത് മാസം മുമ്പാണ്.

വേളിമലയുടെ തുഞ്ചത്ത് സൂര്യൻ അതിന്റെ ചൂട് വീണ്ടെടുത്ത് താഴെ ഞങ്ങളുടെ മേലേക്ക് വെയിലായി വന്ന് വീണു. റബ്ബർ മരങ്ങൾ അതിരിട്ട പാതയിൽ വട്ടത്തിലിരുന്ന് ഞങ്ങൾ ഓട്ടടയും ചായയും കുടിച്ചു. ഉമ്മ ഇത്രയും ഓട്ടടകൾ ചുട്ടെടുക്കുന്നതോ, അത് പൊതിഞ്ഞെടുത്തതോ ഞാൻ കണ്ടിരുന്നില്ല. ചായക്ക് നല്ല മധുരമുണ്ടായിരുന്നു.
സഞ്ചിയിൽനിന്ന് വല്യാത്ത പുറത്തിറക്കിയ കോഴി നിലത്ത് ചെരിഞ്ഞുകിടന്ന് ഓട്ടടത്തുണ്ടുകൾ കൊത്തി തിന്നു. അതിനെയെടുത്ത് മടിയിൽ വെച്ച് തൂക്കു പാത്രത്തിന്റെ മൂടിയിൽ അവൾ അതിന് ചായ ഒഴിച്ചുകൊടുത്തു. വേളിമലയ്ക്കുമപ്പുറം കോട്ടുമല ഹരിതപുതപ്പണിഞ്ഞു നിന്നു. ആ പുതപ്പിൽ നിന്ന് പുക പോലെ മഞ്ഞ് പൊന്തി. ആകാശത്തിനു ചുവട്ടിൽ ഇരുകൈകളും മുകളിലേക്കുയർത്തി പ്രാർത്ഥിച്ചു നിൽക്കുന്ന ഒരു നഗ്‌നമനുഷ്യന്റെ രൂപമായിരുന്നു കോട്ടുമലയ്ക്ക് അപ്പോൾ.

ഈ മലയിറങ്ങി ആ മലയും കയറണമല്ലോ എന്നോർത്തപ്പോൾ എനിക്ക് ഉത്സാഹമാണ് തോന്നിയത്. ജീവിതത്തിലൊരിക്കലും ഇനിയാ മല കയറലുണ്ടാവില്ല എന്ന് എന്റെയുള്ളിലെ ആ സ്വരം പറഞ്ഞു. അത് ശരിയുമായിരുന്നു. കാലങ്ങൾക്കുശേഷം പല കാലത്തിൽ പല തവണ വേളി മല കയറിയെങ്കിലും ഞാൻ കോട്ടുമലയിലേക്ക് പോയില്ല. അങ്ങോട്ടേക്കുള്ള ആദ്യത്തെയും അവസാനത്തെയും യാത്രയായിരുന്നു അത്.
കോട്ടുമലയുടെ താഴ്‌വരകളിലൂടെ പുഴ ഒഴുകി. ചെടയാറ് ഒഴുകിയെത്തുന്നത് ഈ പുഴയിലേക്കാണ്. ഞാൻ കുളിച്ച ജലം ഒഴുകിയെത്തുന്നത് ഈ പുഴയിലേക്കാണല്ലോ എന്നോർത്തപ്പോൾ ആറും പുഴയും പുഴ ചെന്നെത്തുന്ന ഞാൻ കാണാത്ത കടലുമൊക്കെ ഒരു വലിയ കുളമായിട്ട് എനിക്ക് തോന്നി. ഉമ്മാന്റെ ഓഹരി കൂടി തിന്നിട്ടും അനിയത്തി ഓട്ടടക്കു വേണ്ടി വാശി പിടിച്ചു കരഞ്ഞു. അവളുടെ കരച്ചിലിനെ കളിയാക്കും പോലെ സഞ്ചിയിൽ കിടന്ന് നേർച്ചക്കോഴി കൂവി.

കോട്ടുമലയിൽ ഞങ്ങൾ എത്തുമ്പോൾ സൂര്യൻ ഉച്ചയിലെത്തിയിരുന്നു. എല്ലാവരും കിതയ്ക്കുന്നുണ്ടായിരുന്നു. കാട്ടുപാതകളിലൂടെ നടന്നതിനാൽ എല്ലാവരുടെ കാലിലും ചെറിയ ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. ഞങ്ങളല്ലാതെ അന്നേരത്ത് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ക്ഷീണിച്ചു തളർന്നവരൊക്കെ പാറകളിലും മരച്ചുവട്ടിലും കിടന്നു. സർവ്വരോഗ സംഹാരിയായ കാട്ടെള്ള് പാറകളിൽ പടർന്നു പന്തലിച്ച് കിടന്നു. ഞാനതിന്റെ ഇല നുള്ളിയെടുത്ത് കൈയിലിട്ട് ഞരടി നോക്കി. കൊഴുത്ത ഒരു ദ്രാവകമായി അത് എന്റെ കയ്യിൽ പുരണ്ടു.
ഔലിയയുടെ കാൽപ്പാടുകൾ കെട്ടി മറച്ച കമ്പിവേലി തുരുമ്പെടുത്തു നശിച്ചിരുന്നു. അതിന്റെ വിടവിലൂടെ നൂണുകടന്ന് കാട്ടെള്ളിന്റെ ഇലകളിൽ ചവിട്ടാതെ ഞാനാ കാൽപ്പാടുകൾക്ക് അരികിലെത്തി. പൂപ്പലിന്റെ പാടുകളുമായി ആ കാൽപാദങ്ങൾ എന്നെ നോക്കി. കൃത്യമായും ഒരു മനുഷ്യന്റെ രണ്ട് കാൽപാദങ്ങളുടെ രൂപത്തിലുള്ള കുഴിയായിരുന്നു അത്. ഞാൻ എന്റെ കാലുകൾ ആ കുഴിയിലേക്ക് ഇറക്കി വെച്ച് നിന്നു.
ഉടനെ ഉമ്മാന്റെ ഒച്ച പൊന്തി; ‘എടാ കുരുത്തക്കേട് കിട്ടും. എറങ്ങെടാ അയിമ്മന്ന്.'
കുരുത്തക്കേട് കിട്ടാതിരിക്കാൻ ഞാനാ കുഴിയിൽ നിന്ന് കാലെടുക്കുമ്പോൾ കമ്പിവേലിക്കപ്പുറത്തെ പച്ചപ്പുകളിലൂടെ നീണ്ട വാലും വലിച്ച് ഒരു മയില് നടന്നു പോയി. ചെറിയൊരു കല്ലെടുത്ത് ഞാൻ മയിലിനെ എറിഞ്ഞു.

ഏത് സിനിമാകാഴ്ചകളെയും നിസ്സാരമാക്കും വിധം മയില് തന്റെ നീണ്ട വാലും കൊണ്ട് അപ്പുറത്തേക്ക് പറന്നു. ആ പറക്കലിന്റെ സൗന്ദര്യവും ഒച്ചയും ഇപ്പോഴും എന്റെ മുമ്പിലുണ്ട്. അത് പറന്നുചെന്നിരുന്ന പാറക്കുചുറ്റും മയിലുകളുടെ ഒരു കൂട്ടം മഴവില്ലുപോലെ സകല സൗന്ദര്യങ്ങളുമായി നിന്ന് വികൃതമായ ശബ്ദങ്ങൾ ഉണ്ടാക്കി.
ഉപ്പ കോഴിയെ അറുത്തു. അടുപ്പുകൂട്ടി വിറകു കത്തിച്ച്, മാറാപ്പിൽ നിന്ന് പാത്രങ്ങളെടുത്ത് ഉമ്മയും വല്യാത്തയും ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. അനിയൻ അതുവരെ ഞങ്ങളുടെ വീട്ടുമുറ്റത്ത് സന്തോഷത്തോടെ ജീവിച്ചിരുന്ന നേർച്ചക്കോഴിയുടെ മരണം കണ്ട് ഉറക്കെ കരഞ്ഞു. കരയാൻ മറ്റൊരു കാരണം കൂടി അവനുണ്ടായിരുന്നു. കോട്ടുമല ഔലിയക്ക് നേർച്ചയാക്കിയ വിശുദ്ധ കോഴിയുടെ ഇറച്ചിക്കറി അവനും തിന്നണമെന്ന് ഉമ്മാക്ക് നിർബന്ധമുണ്ടായിരുന്നു. അവൻ ഞങ്ങളിൽ നിന്നൊക്കെ മാറി ഒരു മരക്കൊമ്പിൽ കയറിയിരുന്ന് കരഞ്ഞു.
മയിലുകളെ കാണിച്ചു തരാമെന്ന് പറഞ്ഞ് ഞാനവനെ വിളിച്ചെങ്കിലും അവൻ വന്നില്ല. ഒരു കാലത്ത് നിറയെ മാനുകളും ഉടുമ്പുകളും പെരുമ്പാമ്പുകളും മുള്ളൻപന്നികളും ഉണ്ടായിരുന്ന കോട്ടുമലയിൽ അപ്പോൾ മയിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുണ്യത്തിന്റെ പേരുപറഞ്ഞ് അനേകം മനുഷ്യർ പറിച്ചെടുത്ത കാട്ടെള്ള് മാത്രം അവിടമാകെ തഴച്ചു വളർന്ന് നിന്നിരുന്നു.

ചോര തൂറിപ്പിക്കുന്ന ഔലിയയുടെ കറാമത്തിനെ ഭയന്ന് ജീവിതത്തിലാദ്യമായി അവൻ വളർത്തുകോഴിയുടെ ഇറച്ചിക്കറി ഒഴിച്ച ചോറ് തിന്നു. അന്ന് രാത്രിയിൽ വയറ്റിൽ കിടന്ന് കൂവി കൊത്തുന്ന കോഴിയെ സ്വപ്നം കണ്ട് ഉറക്കം ഞെട്ടിയുണർന്ന് അവൻ ഉറക്കെ കരഞ്ഞു.

കോട്ടുമലയിലെ കാട്ടരുവിക്ക് ചെടയാറിന്റെ വീതിയും ചെടയാറിനേക്കാൾ നീളവും ഉണ്ടായിരുന്നു. കണ്ണീർ തെളിച്ചമുള്ള ആ വെള്ളത്തിൽ കാലുവച്ചപ്പോൾ എനിക്കുപോലും അറിയാത്ത ആ ഭാഷ എന്റെ ഉള്ളിൽ കിടന്നു കലമ്പി.
ഈ വെള്ളം മാത്രമല്ല, ഈ ദേശത്തെ എല്ലാ വെള്ളങ്ങളും കാഴ്ചകളും നിനക്ക് നഷ്ടമാവും. നിന്റെ രുചികൾ മാറും. രൂപം മാറും. മഞ്ഞ ചലം ഒലിക്കുന്ന ചെവിയുമായി തങ്കരാജിനെ നീയിനി കാണില്ല. വിശപ്പിന്റെ തീയിൽ അലറിക്കരയുന്ന ശെന്തിലിനെ കാണില്ല. നീ നടന്ന പാതകളിലൂടെ നിന്റ കാലടിപ്പാടുകളെ മായ്ച്ചുകൊണ്ട്, മുത്തയ്യൻ സാറും, ഗിരീഷും, മജീദും സിസിലി ടീച്ചറും നടന്നുപോവും. മറ്റേതോ ദേശത്തിന്റെ പാതകളിലൂടെ ഇവരെയൊക്കെ വേദനയോടെ ഓർത്തു കൊണ്ട് നീ നടക്കും. തേളി മീനുകൾ ഒളിച്ചുപാർക്കുന്ന താമരക്കുളങ്ങളും വലിയ കുളത്തിലെ ആമ്പലുകളും നിന്റെ ഓർമകളിൽ നിന്ന് പോലും ഇല്ലാതെയാവും.

ഉള്ളിലെ ആ ഭാഷ പിന്നീട് പലപ്പോഴും ഞാൻ ഓർത്തെടുക്കാൻ നോക്കിയെങ്കിലും അതിന്റെ വ്യാകരണമോ അക്ഷരങ്ങളോ എനിക്ക് തെളിഞ്ഞു കിട്ടിയില്ല. നമ്മുടെയെല്ലാം ഉള്ളിൽ അത്തരം ഭാഷകൾ ഉണ്ടാവാം ...നമ്മുടെ അനുവാദമില്ലാതെ ആ ഭാഷ നമ്മോട് പലതും പറയുന്നുണ്ടാവാം...
കോഴിച്ചാറിന്റെ മണം മൂക്കിൽ വന്നു തൊട്ടപ്പോൾ ഞാൻ അരുവിയിൽ നിന്ന് കുളിച്ചുകയറി. കാട്ടിലകളിൽ വിളമ്പിവെച്ച ചോറിനും അതിന്മേൽ ഒഴിച്ച, കോഴിച്ചാറിനും മുമ്പിലിരുന്ന് അനിയൻ കരഞ്ഞു. വിശപ്പ് വയറ്റിൽ കത്തുന്നതിനാൽ അവനെ കാത്തുനിൽക്കാതെ എല്ലാവരും ചോറ് തിന്നാൻ തുടങ്ങി. ഉമ്മ അവനെ കൂട്ടിപ്പിടിച്ച് ഒരു പിടി ചോറ് ഉരുട്ടിയെടുത്ത് പറഞ്ഞു; ‘തിന്നടാ ബർക്കത്താണ്. നേർച്ച ചോറ് തിന്നില്ലെങ്കി അനക്ക് ഔലിയന്റെ കുരുത്തക്കേട് തട്ടും.'
എന്നിട്ടും വാ തുറക്കാതെ കണ്ണീരൊലിപ്പിച്ചിരുന്ന അവനോട് ഉമ്മ പറഞ്ഞു; ‘മര്യാദക്ക് തിന്ന്ണ്ടാണ് അനക്ക് നല്ലത്. ല്ലെങ്കി ഇജ്ജ് ചോര തൂറും.'
അതൊരു പേടിപ്പിക്കലാണെന്ന് ഉമ്മാന്റെ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു. പക്ഷേ അവൻ അത് കണ്ടില്ല. ചോര തൂറിപ്പിക്കുന്ന ഔലിയയുടെ കറാമത്തിനെ ഭയന്ന് ജീവിതത്തിലാദ്യമായി അവൻ വളർത്തുകോഴിയുടെ ഇറച്ചിക്കറി ഒഴിച്ച ചോറ് തിന്നു. അന്ന് രാത്രിയിൽ വയറ്റിൽ കിടന്ന് കൂവി കൊത്തുന്ന കോഴിയെ സ്വപ്നം കണ്ട് ഉറക്കം ഞെട്ടിയുണർന്ന് അവൻ ഉറക്കെ കരഞ്ഞു.

ചോറ് തിന്നുകഴിഞ്ഞ് ഉപ്പ പ്രാർത്ഥിച്ചു. ഉമ്മയും ഞങ്ങളും ആ പ്രാർത്ഥനയ്ക്ക് ആമീൻ ചൊല്ലി. ഈ നാടുവിട്ട് എത്രയും വേഗം സ്വന്തം നാട്ടിലെത്താനും, ഞങ്ങളുടെ വീട് ന്യായവിലയ്ക്ക് വിറ്റുപോവാനുമാണ് ഉപ്പ കാര്യമായി പ്രാർത്ഥിച്ചത്.
ആ പ്രാർത്ഥന സ്വീകരിച്ചേക്കാവുന്ന കോട്ടുമല ഔലിയ അന്നു രാത്രിയിൽ എന്റെ അരികിലെത്തി . ദേഹത്തൊരു നൂലിഴ പോലുമില്ലാതെയായിരുന്നു ആ വരവ്. ഒരു ചെറിയ സൈക്കിളിൽ കാല് നിലത്തു കുത്തി നിന്ന് ഔലിയ എന്നെ മാടിവിളിച്ചു. ഭയന്നുനിന്ന എന്നെ വന്ന് പൊക്കിയെടുത്ത് സൈക്കിളിന്റെ മുമ്പിലിരുത്തി ആകാശത്തിലേക്ക് ഉയർന്നു. ഞങ്ങൾക്കുചുറ്റും കാട്ടെള്ളിന്റെ ഇലകളും പടർപ്പുകളും പച്ചമേഘങ്ങളായി പറന്നു. കാട്ടെള്ളിന്റെ കൊഴുത്ത നീര് നാവിലേക്ക് ഇറ്റി വീഴുന്നതും, അത് തൊള്ളയിൽ കിടന്ന് പറയുന്നതും അറിഞ്ഞ് ഞാൻ ഞെട്ടിയുണർന്നു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments