ചിത്രീകരണം: ദേവപ്രകാശ്

അസ്തമനച്ചോപ്പിൽ വെന്ത വേരുകൾ

വെറും മനുഷ്യർ- 25

ഒന്നുമറിയാതെ ഞാനിരുന്നു. ഈ വലിയ ആൽമരത്തിന് ചുവട്ടിലെ ചെറിയ പാർക്ക് കഴിഞ്ഞാൽ പിന്നെ ലോകം എനിക്ക് അപരിചിതമാണ്. വരാൻ പോകുന്നത് എന്തെന്നറിയാതെ, അന്ന് ആ അസ്തമനത്തിന്റെ ചുവപ്പു നോക്കിയിരുന്നു ആ കുട്ടി.

കൈവിരലുകളിൽ കൂട്ടിയ കണക്കിന്റെ അവസാനവിരലും മടക്കി തീർന്നപ്പോൾ ആ ദിവസവും വന്നുചേർന്നു.
അന്ന് വെള്ളിയാഴ്ചയായിരുന്നു.
ഉമ്മാന്റെയും ഉപ്പാന്റെയും മുഖത്ത് സന്തോഷം വായിച്ചെടുക്കാൻ പാകത്തിൽ തെളിഞ്ഞുനിന്നു.
പതിവില്ലാതെ അന്ന് ഉപ്പയും ഞങ്ങൾ ആൺമക്കളും ഒന്നിച്ചാണ് സുബഹി നമസ്‌കാരത്തിന് പള്ളിയിൽ പോയത്.

പ്രാർത്ഥിച്ചാൽ തിരികെ കിട്ടാത്ത എന്റെ നഷ്ടങ്ങളുടെ നൊമ്പരം ഉള്ളിലൊതുക്കി ഞാൻ തങ്കരാജിനും ശെന്തിലിനും മുത്തയ്യൻ സാറിനും സിറാജിനും ഗിരീഷിനും നല്ലതുവരാൻ പ്രാർത്ഥിച്ചു. പിന്നെ പൊന്നഴകി ടീച്ചർക്കും മജീദിനും വേണ്ടി പ്രാർത്ഥിച്ചു. ഏറ്റവുമൊടുക്കം എന്നെ എന്നും കളിയാക്കുകയും പരിഹസിച്ച് വേദനിപ്പിക്കുകയും ചെയ്ത ആബിദാക്ക് വേണ്ടിയും പ്രാർത്ഥിച്ചു.
ഒടുക്കത്തെ മുസൽമാനും പോയിക്കഴിയുമ്പോൾ അനാഥമാവുന്ന പള്ളിയേയും ഖബറിടങ്ങളേയും ഓർത്ത് അവിടം വിട്ടുപോയവരെല്ലാം വേദനിച്ചിരുന്നു എന്നതാണ് സത്യം. പള്ളിയിൽ നിന്നിറങ്ങിയ ഉപ്പ കാണുന്നവരോടൊക്കെ യാത്രപറഞ്ഞു. നാലു ദിവസം മുമ്പ് കരുവാട് കുട്ടയും ചുമന്നുവന്ന മുനിയമ്മയോട് ഉമ്മയും യാത്ര പറഞ്ഞതാണ്. ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഏട്ടന്മാർക്കും പെങ്ങന്മാർക്കും അനിയനുമൊക്കെ അവരവരുടേതായ ലോകങ്ങളും അതിൽ കൂട്ടുകാരും ബന്ധങ്ങളും ഉണ്ടായിരുന്നിരിക്കണം. അവർ ഓരോരുത്തരോടും അവരും യാത്ര പറഞ്ഞിരിക്കണം.

ഒരിക്കൽ കൂടി ആ ആറ്റുവെള്ളത്തിൽ കുളിക്കണമെന്നുണ്ട്. പക്ഷേ, ഇപ്പോ ഉമ്മ അതിനു സമ്മതം തരില്ല. വീടിന്റെ പിറകുവശം നഗ്‌നമായി കിടന്നു. ആട്ടുകല്ലും അമ്മിക്കല്ലുമൊക്കെ അകത്തേക്ക് മാറ്റിക്കഴിഞ്ഞു

പള്ളിയിൽ നിന്നിറങ്ങി വീട്ടിലെത്തി ഉമ്മ തന്ന കട്ടൻ ചായയും കുടിച്ച് ഞാൻ വീടിനുപിറകിലെ കരിമ്പാറ കയറി. അതിന്റെ ഉച്ചിയിൽനിന്ന് ഞാൻ ചുറ്റും നോക്കി. ഈ പച്ചപ്പുകളും പാതകളും ചെടയാറും സ്‌കൂളും അവയ്‌ക്കെല്ലാം മേൽക്കൂരയായി നിൽക്കുന്ന ആകാശവും ഇന്നത്തെ ഉച്ചയോടെ എനിക്ക് നഷ്ടമാവും. മൂന്നാഴ്ച കൂടി കഴിഞ്ഞാൽ സ്‌കൂൾ തുറക്കും. ഈ പാതകളിലൂടെ കുട്ടികൾ സ്‌കൂളിലേക്ക് പോകും. പാഠപുസ്തകങ്ങൾ ഇല്ലെങ്കിലും അവരുടെ കയ്യിൽ ചോറ് വാങ്ങാനുള്ള പാത്രങ്ങളുണ്ടാവും. അവരെ കടന്നുപോകുന്ന കാറ്റുകൾ തങ്കരാജിനെയും ചെന്നുതൊടും. താമരക്കുളത്തിന്റെ വരമ്പിൽ ചൂണ്ടയും പിടിച്ച് അവൻ നിൽക്കുന്നുണ്ടാവും. ദൂരെ ... കണ്ണീർത്തെളിച്ചമുള്ള വെള്ളവുമായി ചെടയാറ് ഒഴുകുന്നുണ്ടാവും.

ഒരിക്കൽ കൂടി ആ ആറ്റുവെള്ളത്തിൽ കുളിക്കണമെന്നുണ്ട്. പക്ഷേ, ഇപ്പോ ഉമ്മ അതിനു സമ്മതം തരില്ല. വീടിന്റെ പിറകുവശം നഗ്‌നമായി കിടന്നു. ആട്ടുകല്ലും അമ്മിക്കല്ലുമൊക്കെ അകത്തേക്ക് മാറ്റിക്കഴിഞ്ഞു. ഞങ്ങൾക്ക് പോവാനുള്ള ലോറി ജുമുഅക്കുമുമ്പുതന്നെ വരും. ആരാവും ഇനി ഞങ്ങളുടെ ഈ വീട്ടിൽ താമസിക്കുക? ഞങ്ങൾ ഒന്നിച്ച് കിടന്നുറങ്ങിയ നാടുമുറിയിൽ ഇനി ആരൊക്കെയാവും കിടന്നുറങ്ങുക?

പച്ചപ്പുകളിലേക്കും പാതകളിലേക്കും വെയിൽ വീഴുകയാണ്. താഴെ, തരിശുനിലങ്ങൾക്കും വാഴത്തോപ്പുകൾക്കും അപ്പുറം ശെന്തിലിന്റെ വീട് അവ്യക്തമായി കാണാം. അവൻ അപ്പന്റെയൊപ്പം പണിക്കുപോകാനെരുങ്ങുകയാവും. ഇന്നലെ ഞങ്ങളുടെ വീടിനു മുമ്പിലൂടെ അവൻ അപ്പന്റെ പിന്നാലെ മൺവെട്ടിയും തോളിൽ വച്ച് നടന്നു പോകുന്നത് ഞാൻ കണ്ടതാണ്. ഞാൻ ചിരിച്ചിട്ടും അവൻ എന്നോട് പകരം ചിരിച്ചില്ല. അപ്പന്റ കൂടെ പണിക്കു പോകുന്നത് അവന് ഇഷ്ടമായിരിക്കില്ല.

പഠിക്കേണ്ട പ്രായത്തിൽ, കളിച്ചുതിമിർത്ത്, ആറ്റിൽ കുളിച്ച് , വഴക്കുകൂടി, തമ്മിൽത്തല്ലി, പിണങ്ങിയിണങ്ങി ജീവിക്കേണ്ട പ്രായത്തിൽ ഒരുപാട് ശെന്തിൽമാർ മൺവെട്ടിയും ചുമന്ന് പണിക്കുപോയത് പെരുംചിലമ്പിൽ മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത ഗ്രാമനഗരങ്ങളിലാണ്. അവരുടെ ദുരിതങ്ങളുടെയും വിശപ്പിന്റെയും കഷ്ടപ്പാടുകളുടെയും പേരും ജീവിതം എന്നുതന്നെയാണല്ലോ... അവരിലൊരാളായ എന്റെ വാക്കുകൾക്ക് ആ കണ്ണീർക്കടലുകളുടെ ഉപ്പുരുചിയെ പകർത്താൻ കഴിവില്ല. കുടലു കരിഞ്ഞ് മണക്കുന്ന വിശപ്പെന്ന ഉന്മാദത്തിൽ എന്തും ചെയ്തുപോകുന്ന പെരുങ്കാടുകളിലെ ഇരുട്ടും വെളിച്ചവും പകർത്താൻ എനിക്ക് കഴിവില്ല . പകർത്താൻ നോക്കുമ്പോൾ പിടിതരാതെ പോകുന്ന ആ ജീവിതങ്ങൾ എന്റെതുകൂടിയാണ്.

എന്നെ നോക്കുമ്പോഴൊക്കെ വെറുപ്പും പുച്ഛവും തിരതല്ലിയ ആ കണ്ണുകളിൽ എനിക്കറിയാത്ത വികാരത്തിരകൾ വന്നടിയുന്നു. ആ തിരയിളക്കങ്ങളുടെ നുരയും പതയും ജലമായി കണ്ണീരായി അടർന്നുവീഴാൻ ഒരുങ്ങി നിൽക്കുന്നു

വിശക്കുന്ന മനുഷ്യരും ഭക്ഷണം കുഴിച്ചുമൂടുന്ന മനുഷ്യരും ഈ ഭൂമിയിലുണ്ടെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. വിശപ്പിന്റെ രാഷ്ട്രീയം അറിയില്ലായിരുന്നു. അതിനേക്കാൾ വലിയ രാഷ്ട്രീയമൊന്നും ഈ ഭൂമിയിൽ ഇല്ലെന്നും അറിയില്ലായിരുന്നു. വിശന്നപ്പോൾ ഞാനും കരഞ്ഞു . എന്റെ മാത്രം വിശപ്പിനെ ഓർത്താണ് ഞാൻ കരഞ്ഞത്. മറ്റുള്ളവരുടെ വിശപ്പും കണ്ണീരും തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് എന്നും, അന്ന് എനിക്കറിയില്ലായിരുന്നു.
പിറകിൽനിന്ന് എന്നെയാരോ പേരുചൊല്ലി വിളിക്കുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. പാറയുടെ ചരിവിൽ പുലരി സൂര്യന്റെ പൊൻവെയിൽ പുരണ്ട ചുരുൾമുടിയും നിവർത്തിയിട്ട്, ആബിദ നിന്നു. ചുവന്ന പാവാടയും മഞ്ഞയിൽ ചുവന്ന പൂക്കളുള്ള കുപ്പായവും കരിനീല തട്ടവുമായിരുന്നു അവളുടെ വേഷം. അപൂർവമായി മാത്രം ഞാൻ കണ്ട ആ ചുരുൾമുടികളെ മുഴുവൻ വെളിവാക്കി കൊണ്ട് കരിനീല തട്ടം അവളുടെ തോളിൽ കിടന്നു.

തീട്ടം തിന്നാൻ വകയില്ലാത്തവനായ ഞാൻ അവളുടെ മുമ്പിൽ നിന്നു. ഞങ്ങൾക്കു ചുറ്റും പുലരിയുടെ സ്വര സംഗീതങ്ങളായിരുന്നു. കരിപ്പാലി കുന്നുകളിൽ നിന്ന് പുകപോലെ മഞ്ഞ് ഉയരുന്നുണ്ടായിരുന്നു. എനിക്കിപ്പോഴും ഓർക്കാനാവുന്നുണ്ട്.
എന്നെ നോക്കുമ്പോഴൊക്കെ വെറുപ്പും പുച്ഛവും തിരതല്ലിയ ആ കണ്ണുകളിൽ എനിക്കറിയാത്ത വികാരത്തിരകൾ വന്നടിയുന്നു. ആ തിരയിളക്കങ്ങളുടെ നുരയും പതയും ജലമായി കണ്ണീരായി അടർന്നുവീഴാൻ ഒരുങ്ങി നിൽക്കുന്നു. പൊരുളറിയാത്തൊരു പ്രേരണയിൽ അക്കണ്ട കാലമത്രയും അവളെന്നെ പരിഹസിച്ച വാക്കുകളുടെ മുള്ളുകൾ തീർത്ത നൊമ്പരപ്പാടുകളിൽ സ്വയം മറന്ന് ഞാൻ പറഞ്ഞു; ‘തീട്ടം തിന്നാൻ വകല്ലാത്ത ഞങ്ങള് ഇവിട്ന്ന് പോവാണ്. ഇത്ത് ഇജ് ആരെയാ കളിയാക്കാ? '
‘ഞാൻ കളിയാക്കീട്ടില്ലല്ലോ ...', ആ കണ്ണുകളിലെ കണ്ണീര് അവളുടെ കവിളിലേക്ക് അടർന്നുവീണു. സ്‌കൂളിൽ, മദ്രസയിൽ, പാലൈവനത്തിന്റെ മടിയിൽ... തനിച്ചു കിട്ടുമ്പോഴൊക്കെ എന്നെയും എന്റെ ഇല്ലായ്മകളുടെ അടയാളങ്ങളെയും കളിയാക്കി ചിരിച്ച അവളീ ഒടുക്കത്തെ പകലിൽ യാതൊരു ലജ്ജയുമില്ലാതെ എന്നോട് പറയുകയാണ്; കളിയാക്കിയിട്ടില്ലെന്ന്...

താഴെ മെയിൻ റോഡിലൂടെ എട്ടുമണിയുടെ കുളച്ചിൽ ബസ് പോകുന്നതും നോക്കി ഞാൻ നിന്നു . കാലം എനിക്കായി കരുതിവച്ച ആ വിനാഴിക ഉറുമ്പിന്റെ സഞ്ചാരവേഗത്തിൽ എന്റെ അരികിലേക്ക് നടന്നുവന്നു. കാച്ചിയ വെളിച്ചെണ്ണയുടെയും വാസനസോപ്പിന്റെയും ഗന്ധം എന്റെ അന്തരീക്ഷത്തിൽ നിറഞ്ഞു. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിൽ സ്വപ്നത്തിലെന്ന പോലെ ഞാൻ മിഴിച്ചുനിൽക്കവേ അവൾ എന്നെ തൊട്ടു . ആദ്യം എന്റെ കൈത്തണ്ടയിൽ. പിന്നെ കഴുത്തിൽ, തലമുടിയിൽ... ഉരുൾപൊട്ടൽ പോലെ ആർത്തലച്ച് അവളെന്നെ കെട്ടിപ്പിടിച്ചു. ചുരുൾമുടികൾ എന്റെ മുഖത്തും തോളിലും പെരു മഴയായി പെയ്തു.

‘ഞാൻ കളിയാക്കീട്ടാ ഇങ്ങള് ഇവിട്ന്ന് പോണ്ടത്? '
പറയാൻ ഉത്തരങ്ങൾ ഒന്നുമില്ലാതെ ഞാനെന്ന പതിമൂന്നുകാരൻ ആ കെട്ടിപ്പിടുത്തത്തിൽ ശ്വാസം മുട്ടി നിന്നു. അന്തരീക്ഷമാകെ വാസനസോപ്പിന്റെതായി. എന്നെക്കാൾ ഉയരമുള്ള അവൾ തലകുനിച്ച് എന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു.
‘ഇങ്ങള് പോവണ്ട ഇന്നാട്ട്ന്ന് പോവണ്ട.'

എന്റെ കവിളുകളിൽ വീണ കണ്ണീരിന് ചൂടായിരുന്നു. അവളുടെ ദേഹത്തിന് ചൂടായിരുന്നു. ചുരുൾമുടിക്കും വാസന സോപ്പിന്റെ ഗന്ധത്തിനും ചൂടായിരുന്നു.
അവളോട് ഞാൻ സൂക്ഷിച്ച വെറുപ്പിന്റെ അവസാന തരിയും അലിഞ്ഞില്ലാതാവും വരെ ആ കണ്ണീര് എന്റെ കവിളിലും മൂക്കിലും വീണു പൊള്ളി. എല്ലാ കളിയാക്കലുകളും റദ്ദ് ചെയ്യപ്പെട്ട ആ കെട്ടിപ്പിടിത്തത്തിന്, താഴെനിന്ന് പാറ കയറി വരുന്ന സെന്തിലിന്റെ കാലടിയൊച്ച വിരാമമിട്ടു.

അവന്റെ കഴുത്തിൽ മൺവെട്ടി ഉണ്ടായിരുന്നു.
അവൻ ഞങ്ങൾ രണ്ടാളെയും മാറി മാറി നോക്കി.
അരുതാത്തത് എന്താ ആണ് സംഭവിച്ചതെന്ന് എനിക്കുമാത്രമാണ് തോന്നിയത്.
സെന്തിലിന്റെ മുഖത്ത് പതിവുള്ള നിസ്സംഗത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവൻ ഒക്കാലിമൂട്ടിലേക്ക് ജോലിക്ക് പോവുകയായിരുന്നു.
താഴെ നിന്നും ഉമ്മാന്റെ വിളി വന്നു; ‘ടാ ... മുണുങ്ങാൻ മാണെങ്കി അവ്ട്ന്ന് എറങ്ങി വാ ...'

കരയാനും ഉടനടി ചിരിക്കാനും കഴിയുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നപ്പോൾ ഞാനാ കടലിരമ്പം കേട്ടു. തീരങ്ങളിൽ തലതല്ലി ചിരിക്കുന്ന വിശ്രമമില്ലാത്ത ആ കടലിരമ്പം

അവിടെ നിന്ന് നോക്കിയാൽ ഉമ്മാക്ക് ഞങ്ങളെ കാണാൻ പറ്റില്ല.
ഞാൻ ആബിദാനെ നോക്കി. ആ കണ്ണുകളിലെ ജലം വറ്റി അവിടെ പുലരി സൂര്യൻ തിളങ്ങി. ആ ചുണ്ടുകൾ എനിക്കായി വിടർന്നു. ചിരിയോടെ അവൾ കയ്യിലെ പൊതി എനിക്ക് നീട്ടി. ആ വാഴയിലപ്പൊതിയിൽ ഉണ്ണിയപ്പമായിരുന്നു. കാപ്പിക്കും കടുംചുവപ്പിനുമിടയിൽ മുകൾഭാഗത്ത് തേങ്ങാക്കൊത്തുകളുമായി ആ ആറ് ഉണ്ണിയപ്പങ്ങൾ എന്നെ നോക്കി ചിരിച്ചു.

കരയാനും ഉടനടി ചിരിക്കാനും കഴിയുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നപ്പോൾ ഞാനാ കടലിരമ്പം കേട്ടു. തീരങ്ങളിൽ തലതല്ലി ചിരിക്കുന്ന വിശ്രമമില്ലാത്ത ആ കടലിരമ്പം. കാലങ്ങൾക്കുശേഷം കടൽ എന്ന അത്ഭുതത്തിനു മുമ്പിൽ ഞാൻ ആദ്യമായി നിൽക്കുമ്പോൾ എന്റെ നെറ്റിയിൽ കണ്ണീർ മണമുള്ള ആ ചുംബനങ്ങൾ വീണ് പൊള്ളി.
‘ഞങ്ങളും പോവും, ഈ നാട്ട്ന്ന്'; ആബിദ പറഞ്ഞു.
ഞാൻ ഒരു പൊട്ടനെപ്പോലെ മൂളി.
ഉമ്മാന്റെ വിളി വീണ്ടും വന്നു.
യാത്ര ചോദിക്കലോ പറയലോ ഉണ്ടായില്ല.

എന്റെ കയ്യിലെ വാഴയില പൊതിയിലിരുന്ന് ആറ് ഉണ്ണിയപ്പങ്ങൾ ചിരിച്ചു.
അവളുടെ കണ്ണുകളിൽ വീണ്ടും കാർമേഘങ്ങൾ ഉരുണ്ടുകൂടി.
അവസാന നോട്ടം എന്നെ നോക്കി അവൾ തിരികെ പാറയിറങ്ങി.
കാറ്റത്ത് സ്ഥാനം തെറ്റിയ കരിനീല തട്ടവും ചുവന്ന പാവാടയും മഞ്ഞക്കുപ്പായവും എന്നിൽ നിന്ന് അകന്നകന്ന് പോകുന്നതും നോക്കി ഞാൻ നിന്നു.
താഴെ പാറ അവസാനിക്കുന്നിടത്ത്, തരിശുനിലങ്ങൾ ആരംഭിക്കുന്ന ഇടത്ത്, ചെമ്മൺ പാതയിൽ നിന്ന് അവൾ മുകളിലേക്ക് നോക്കി. ആ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു. ഒട്ടും വേദന തോന്നാത്ത എന്നെ ഓർത്ത് ഞാനും പാറ ഇറങ്ങി.

പത്തുമണിക്ക് ഒരു വലിയ ലോറി വന്നു.
പള്ളിമുറ്റത്തിട്ടു തിരിച്ച് അത് ഞങ്ങളുടെ വീടിന് മുമ്പിൽ നിർത്തിയിട്ടു.
കുട്ടികൾ കൂട്ടത്തോടെ ലോറിയെ പൊതിഞ്ഞു.
വലിയ കൊമ്പൻമീശയുള്ള ലോറി ഡ്രൈവർ കുട്ടികളെ ആട്ടിയോടിച്ചു.
ലോറിയിലേക്ക് സാധനങ്ങൾ കയറ്റാൻ തുടങ്ങി. ഏട്ടന്റെ കട്ടിലാണ് ആദ്യം കയറ്റിയത്.

എല്ലാവരും അവരവരുടെ സാധനങ്ങൾ പൊതിഞ്ഞെടുക്കുന്ന തിരക്കിലാണ്. വല്യാക്കാക്ക് വേളിമല എസ്റ്റേറ്റിൽ ജോലി കിട്ടിയതുകൊണ്ട് അവനും ഭാര്യയും ഞങ്ങളുടെ ഒപ്പം വരുന്നില്ല . ഞാൻ നോക്കുമ്പോഴുണ്ട് അവന്റെ കീശയിൽ എനിക്ക് മുത്തയ്യൻ സാറ് തന്ന ഫൗണ്ടൻ പേന! പാഠപുസ്തകങ്ങൾ വെച്ച ഇടത്ത് ചെറിയൊരു മരപ്പലകയിലാണ് എന്റെ സ്ഥാവരജംഗമങ്ങളെല്ലാം കുടി പാർത്തത്. അവിടെ കണ്ട പേന എടുത്തു അവൻ കീശയിൽ ഇട്ടതാണ്. ഞാൻ അത് തിരികെ ചോദിച്ചു.
‘അനക്കെന്തിനാടാ ഇത്രീം നല്ല പേന? '

എന്റെ കരച്ചിൽ കേട്ട ഉപ്പ ഇടപെട്ടാണ് അവന്റെ അടുത്തുനിന്ന് ആ പേന എനിക്ക് വാങ്ങിത്തന്നത്. എല്ലാവരുടെ വസ്ത്രങ്ങളും അടുക്കി കെട്ടിയിട്ട ചാക്കിൽ എന്റെ വസ്ത്രങ്ങളും വല്യാത്ത എടുത്തിട്ടിരുന്നു. പിന്നെ അവശേഷിച്ചത് എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളും, എഴുതി തീർന്ന നോട്ട്ബുക്കുകളുമാണ്. ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിൽ ഒലിവർ ട്വിസ്റ്റിന്റെ ഭാഗങ്ങളുണ്ടായിരുന്നു. അതും സാറ് തന്ന തിരുക്കുറളും മാത്രം ഞാനെടുത്ത് വല്യാത്താക്ക് കൊടുത്തു. അവളത് ഏതോ ചാക്ക് കെട്ടിലേക്ക് ഇട്ടു.

ചാക്കുകെട്ടുകളും വിറകും, പാത്രങ്ങളും, ആട്ടുകല്ലും, അമ്മിക്കല്ലുമടക്കം ലോറിയിലേക്ക് കയറ്റി ക്കഴിഞ്ഞപ്പോൾ ജുമാ നമസ്‌കാരത്തിന് നേരമായി. പള്ളി വരാന്തയിൽ മജീദും സിറാജും ഉണ്ടായിരുന്നു. വെള്ളത്തുണിയും നീല അരക്കയ്യൻ കുപ്പായവും വല്ല്യാത്ത എനിക്കുവേണ്ടി മാറ്റി വെച്ചിരുന്നു. ഉള്ളതിൽ ഏറ്റവും നല്ലതായിരുന്നു അത്. കുളി കഴിഞ്ഞ് ആ നീലക്കുപ്പായം ഇടുമ്പോൾ വല്യാത്ത ചെറിയൊരു അത്തറ് കുപ്പിയിൽ നിന്ന് സുഗന്ധം പുരട്ടി തന്നു.
ആ സുഗന്ധവുമായി ഞാൻ പള്ളിക്കാട്ടിലേക്ക് നടന്നു. കാടുപിടിച്ചു കിടന്ന പച്ചപ്പുകൾ... നിറയെ പൂത്ത മൈലാഞ്ചികൾ ... കാട്ടെള്ള് പടർന്നുകയറിയ മീസാൻ കല്ലുകൾ... ഓർത്തെടുക്കാൻ അധികം ഖബറിടങ്ങളൊന്നും എനിക്കവിടെ ഇല്ലായിരുന്നു. ഒക്കാലി മൂട്ടിലെ അമ്മാവന്റെയും അമ്മായിയുടേയും ഖബറിടങ്ങൾ ഒരേ വരിയിലായിരുന്നു. ആ ഖബറിടങ്ങൾക്ക് മുമ്പിൽ മീസ്സാൻ കല്ലുകളായി അതിരിട്ടു നിന്ന മൈലാഞ്ചികളിൽ നിറയെ കുഞ്ഞു വെള്ളപ്പൂക്കൾ വിരിഞ്ഞുനിന്നു. അമ്മായിയുടെ ഖബറിലെ ചങ്ങലകിലുക്കം ഞാൻ കേട്ടു. താത്താന്റെ മുഖത്തേക്ക് ചോറ് തുപ്പി ചിരിക്കുന്ന അമ്മായിയുടെ മുഖം ഞാൻ കണ്ടു. മരണം വരേയ്ക്കും തന്റെ ഇണയുടെ സ്വബോധം തിരിച്ചുകിട്ടാനായി പൂജകളും മന്ത്രങ്ങളും നടത്തി തളർന്ന അമ്മാവന്റെ വിളർത്ത മുഖവും വിലാപവും ഞാൻ കേട്ടു. ഈ പള്ളിക്കാട്ടിലേക്ക് പ്രവേശനമില്ലാത്ത താത്താന്റെ പുതിയ ജീവിതത്തെക്കുറിച്ച് ഓർത്തു.

കർമങ്ങളുടെ ഭാണ്ഡവുമായി പള്ളിക്കാട്ടിൽ അന്ത്യവിധി കാത്തുകിടന്ന മുഴുവൻ ഖബറാനികൾക്കും ഞാൻ സലാം ചൊല്ലി. കാട്ടുവള്ളികൾ പടർന്ന് മീസാൻ കല്ലുകളോ അതിരുകളോ ഇല്ലാതെ അനാഥമായി കിടന്ന പറമ്പൻ മൊയ്തീന്റെ ഖബറിടത്തിനു മുമ്പിൽ നിന്നപ്പോൾ ആരൊക്കെയോ പറഞ്ഞു തന്ന കഥകളിലെ ചുവപ്പൻ മുദ്രാവാക്യങ്ങൾ എന്റെ കാതിൽ വന്നലച്ചു. ഞാൻ അബുവിനെ ഓർത്തു. അവൻ മാസങ്ങൾക്കുമുമ്പ് സ്‌കൂളിൽ നിന്ന് ഇറങ്ങിയോടിയ ഓട്ടത്തിന്റെ കിതപ്പ് ഞാൻ കേട്ടു. അവനിപ്പോൾ കരിപ്പാലി എസ്റ്റേറ്റിൽ അവന്റെ ഏട്ടന്റെ കൂടെ ടാപ്പിംങിന് പോവുകയാണ്.

എനിക്ക് മുഖമറിയാത്ത പേരറിയാത്ത കുറേ മനുഷ്യരുടെ ഒടുക്കത്തെ വഴിയമ്പലമായ ആ പള്ളിക്കാട്ടിൽ ഒളിച്ചിരുന്ന് ചെമ്പോത്തുകൾ കരഞ്ഞു.
ജുമാ നമസ്‌കാരത്തിന് പള്ളിയിലേക്ക് കയറുമ്പോൾ പാലൈവനത്തിന്റെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചുനോക്കി. മരുഭൂമി പോലെ ഒഴിഞ്ഞ തല, കോങ്കണ്ണിന്റെ അക്ഷരത്തെറ്റ്, ചുണ്ടിൽ ഊറി നിന്ന ഉമിനീര്. ആവശ്യത്തിനും അനാവശ്യത്തിനും മൂപ്പരടിച്ച അടിയെല്ലാം എന്റെ കെെത്തണ്ടയിലും കവിളിലും മുഖത്തും തുടയിലും കിടന്ന് നീറി. എന്നിട്ടും ആ മനുഷ്യന്റെ മുഖത്തേക്കുതന്നെ കുറെ നേരം നോക്കി നിന്നപ്പോൾ എന്റെ ഉള്ളിൽ എന്തൊക്കെയോ ഉടഞ്ഞു തകർന്നു.

ദൂര എവിടെയോ ഈ മനുഷ്യനെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. വിശക്കുന്ന വയറുകളുണ്ട്. താൻ കാണാപാഠം പഠിച്ചതെല്ലാം ഞങ്ങൾ കുട്ടികളെയും പഠിപ്പിക്കുക എന്നതിനപ്പുറം ഈ മനുഷ്യൻ എന്താണ് എന്നോട് ചെയ്തത്? എന്ത് അറിവാണ് എനിക്ക് പകർന്നുതന്നത്? മെല്ലെ മെല്ലെ ആ മുഖം അപരിചിതമായി മാറി. അപരിചിതനായ ഏതോ ഒരു മനുഷ്യൻ. എല്ലാവരും പോയിക്കഴിഞ്ഞിട്ട് ഒടുക്കം മാത്രം ഈ മണ്ണിൽ നിന്ന് പോവാൻ വിധിക്കപ്പെട്ടവൻ.

കിതപ്പറിയാതെ ഞാൻ അവന്റെ താമര ക്കുളത്തിലേക്ക് ഓടി. നെൽപ്പാടങ്ങളും താമരക്കുളങ്ങളും വിജനമായിരുന്നു. അവിടെയൊന്നും അവനുണ്ടായിരുന്നില്ല. ചർച്ചിന്റെ മതിൽ ചാടിക്കടന്ന് ഞാൻ ചെടയാറ്റിലേക്ക് ഓടി. ചുവന്ന അരളിപ്പൂക്കൾ വീണുകിടന്ന മണൽപ്പുറങ്ങളിൽ എന്റെ കാല് പൂഴ്​ന്നു.

ജുമുഅ നമസ്‌കാരം കഴിഞ്ഞ് പാലൈവനം ഞങ്ങളുടെ വീട്ടിൽ പ്രാർത്ഥന നടത്തുമ്പോൾ വടക്കിനി പുറത്തെ കഴുക്കോലിനിടയിൽ തിരുകിവെച്ച പൊതിയുമെടുത്ത് ആരുടേയും കണ്ണിൽ പെടാതെ ഞാൻ ഓടി. എനിക്കുമുന്നിൽ പാതകൾ നീണ്ടുകിടന്നു. തങ്കരാജിന്റെ വീടിനടുത്തെത്തിയപ്പോൾ ഓട്ടം നിർത്തി, അവൻ ചൂണ്ടക്കോൽ ചാരിവെക്കുന്ന ഇടത്തേക്ക് ഞാൻ നോക്കി. അത് അവിടെയില്ല. അപ്പോൾ അവൻ വന്നിട്ടില്ല, കിതപ്പറിയാതെ ഞാൻ അവന്റെ താമര ക്കുളത്തിലേക്ക് ഓടി. നെൽപ്പാടങ്ങളും താമരക്കുളങ്ങളും വിജനമായിരുന്നു. അവിടെയൊന്നും അവനുണ്ടായിരുന്നില്ല. ചർച്ചിന്റെ മതിൽ ചാടിക്കടന്ന് ഞാൻ ചെടയാറ്റിലേക്ക് ഓടി. ചുവന്ന അരളിപ്പൂക്കൾ വീണുകിടന്ന മണൽപ്പുറങ്ങളിൽ എന്റെ കാല് പൂഴ്​ന്നു.

ആറ്റിലേക്ക് വീണുകിടന്ന മരത്തിന്റെ മുകളിൽ അവൻ ഇരിക്കുന്നത് ഞാൻ കണ്ടു. എന്റെ ഓട്ടത്തിന്റെ കിതപ്പ് കേട്ട് അവൻ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അവന്റെ ചുണ്ടുകൾ വിടർന്ന് നിലാവ് പരന്നു. കയ്യിലെ പൊതി അവന് നീട്ടുമ്പോൾ ഞാൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
‘എന്നടാ ...ഇത്?'
പൊതി വാങ്ങിയ അവൻ ചോദിച്ചു. മറുപടി പറയാൻ പറ്റാത്ത വിധം ഞാൻ നിന്ന് അണച്ചു. അവൻ പൊതി അഴിച്ച് അത്ഭുതത്തോടെ എന്നെ നോക്കി.
‘എങ്കിറുന്ത് ടാ ഇത്? '

ആബിദ തന്നതാണെന്നോ, ഞാൻ പോലും തിന്നാതെ അത് അവനുവേണ്ടി കരുതിവെച്ചതാണെന്നോ ഞാൻ പറഞ്ഞില്ല. അവൻ പൊതിയിൽ നിന്ന് ഉണ്ണിയപ്പം എടുത്ത് വായിലേക്കിട്ടു. മറ്റൊന്നുകൂടി എടുത്ത് വായിലേക്കിട്ട് രണ്ടിനെയും രണ്ട് കവിളുകളിലേക്ക് തള്ളി കവിൾ തുറിപ്പിച്ച് ചിരിച്ചു. മരണം വരെയും അവനെ ഓർക്കാൻ ആ ചിരി മതിയായിരുന്നു.

ഉണ്ണിയപ്പവും വായിലിട്ട് അവൻ വെള്ളത്തിലേക്ക് ചാടി. അടിത്തട്ടിലെ വെള്ളമണൽ കാണുന്ന ജലത്തിൽ നിന്ന് പൊന്തിവന്ന് അവൻ എന്നെ മാടിവിളിച്ചു. ചെടയാറിന്റെ ജല സംഗീതവും എന്നെ മാടിവിളിച്ചു. വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടാവും. അവസാനത്തെ ആമീനും ചൊല്ലി പാലെവനം, ഉപ്പ കൊടുക്കുന്ന നോട്ടുകൾ വാങ്ങുകയായിരിക്കും. വെള്ളത്തിലേക്ക് എടുത്തു ചാടാനുള്ള കൊതിയെ ഉള്ളിൽ കുഴിച്ചുമൂടി ഞാൻ തിരികെ നടന്നു. അവൻ പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. നടത്തത്തിന് വേഗം കൂടി ഓട്ടമായി മാറി. എനിക്കുപിറകിൽ ചെടയാറിന്റെ ജലസംഗീതം നേർത്ത് നേർത്ത് ഇല്ലാതെയായി.
ചർച്ചിന്റെ മതിൽ ചാടുമ്പോൾ ഞാൻ സ്‌കൂളിലേക്ക് നോക്കി. "അരസു നടു നിലൈ പള്ളി ' എന്ന ബോർഡിലെ അക്ഷരങ്ങൾ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഉച്ചവെയിലിൽ കുളിച്ച് സ്‌കൂൾമുറ്റം കിടന്നു. ഞാൻ ഓടി. തങ്കരാജിന്റെ വീടും കടന്ന്, ചെറിയ കയറ്റം കയറി വീടെത്തുമ്പോൾ എല്ലാവരും ലോറിയിലേക്ക് കയറി കഴിഞ്ഞിരുന്നു. ഞാൻ ഓടിപ്പോയതോ തിരികെ വന്നതോ ആരുമറിഞ്ഞില്ല. ഉപ്പാക്കുചുറ്റും നാലഞ്ച് ആളുകളുണ്ട്. ഉപ്പ അവരെ കെട്ടിപ്പിടിച്ച് യാത്ര പറയുകയാണ്.

കാലങ്ങൾക്കു മുമ്പ് പതിനാലുകാരിയായ ഭാര്യയേയും കൊണ്ട് ഉപജീവനം തേടിയെത്തിയ യുവാവിന് അഭയം കൊടുത്ത മണ്ണാണ് അത്. ആ മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ വേരുകളൊക്കെ ഉപ്പ മുറിച്ചു മാറ്റുകയാണ്. ഉമ്മാന്റെ ചുറ്റും ഏതൊക്കെയോ സ്ത്രീകൾ നിന്നു. അവർ എന്തൊക്കെയോ ഉമ്മാനോട് പറഞ്ഞു. ഉമ്മ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഉമ്മ വീട്ടിലേക്കുതന്നെ നോക്കുകയാണ്. എന്തൊക്കെയാവും ഉമ്മാന്റെ ഉള്ളിൽ കിടന്ന് കത്തുന്നത് ? വിറകൂതിയ അടുപ്പുകളോ? മക്കൾക്ക് അന്നം തേടി അലഞ്ഞ വഴികളോ? വയറ്റിലും ഒക്കത്തും വിരൽത്തുമ്പിലുമായി കാട്ടെള്ള് പോലെ പടർന്നുപിടിച്ച മക്കളെയോ? അവരെ ഗർഭം ചുമന്ന ദുരിത കാലങ്ങളെയോ?

അനിയനും ഉപ്പയും ലോറിയുടെ മുൻവശത്ത് കയറി. കട്ടിൽ ചെരിച്ച് വെച്ച വിടവിൽ ഉമ്മയും പെങ്ങന്മാരും ഇരുന്നു. വിറകട്ടികളുടെ മുകളിൽ ഏട്ടന്മാരും അവരുടെ ഓരം ചാരി ഞാനും ഇരുന്നു.

അപരാഹ്നത്തിന്റെ പക്ഷികൾ പള്ളികാട്ടിലെ പച്ചകളിൽ നിന്നുയർന്ന് സന്ധ്യയുടെ ആകാശം തേടി പറന്നു. ഉപ്പ ആരോടൊക്കെയോ സലാം ചൊല്ലി. ആരൊക്കെയോ സലാം മടക്കി. വണ്ടി സ്റ്റാർട്ടായി. ആദ്യം ഒന്നു കുലുങ്ങി പിന്നെ അത് മെല്ലെ മുന്നോട്ട് നീങ്ങി. ഞാൻ വീടിനുനേർക്ക് നോക്കി. അതിന്റെ ദ്രവിച്ച മേൽക്കൂരയിൽ കണ്ണീർ പൊടിഞ്ഞുനിന്നിരുന്നു. മുറ്റത്തെ പുളിമരത്തിൽ നിന്ന് പുളിയിലകൾ പൊഴിഞ്ഞു വീണു. വീടിന്റെ വടക്കിനിപ്പുറത്ത്, ചെറിയാക്ക പശുവിനെ കുഴിച്ചിട്ട് അതിൻമേൽ നട്ട മൈലാഞ്ചികൾ കാടുപിടിച്ചു കിടന്നു. അതിന്റെ വെള്ള പൂക്കളിൽ വെയിൽ ശലഭങ്ങൾ പറന്നു കളിച്ചു. അർളോസിന്റെ വീടും, പൊട്ടേൻ കാക്കയുടെ വീടും, പള്ളിയും പള്ളിക്കാടും മനോഹര നാടാരുടെ പേരെഴുതിയ കൊടിമരവും എന്റെ പിന്നിലേക്ക് നീങ്ങി പോയി.

മാസ്റ്ററുടെ വീടിനുമുമ്പിലെ ഗ്രിൽ അടഞ്ഞുകിടന്നു.
ലോറി ഇറക്കമിറങ്ങി മെയിൻ റോഡിലേക്ക് കടന്നു.
ഞാനിരുന്ന ഭാഗത്തായി സഖാവ് പറമ്പൻ മൊയ്തീൻ സ്മാരക സ്തൂപത്തിന്റെ ചുവന്ന നിറത്തിൽ ചാരി ലോറി മുമ്പോട്ടു നീങ്ങി. പരിചയമുള്ള കാഴ്ചകളൊക്കെ പിന്നിലേക്ക് മറയുകയാണ്. മാസ്റ്ററുടെ വീടും ചെറിയ കവലയും ഇപ്പോൾ ദൂരെയാണ്. എന്റെ വീട് ദൂരെയാണ്. ചതുരവിള എസ്റ്റേറ്റിലെ റബ്ബർ മരങ്ങളും പിന്നിട്ട് കൊറ്റിയോട്ടിലേക്കുള്ള യാത്രയിലെ വഴിയോരക്കാഴ്ചകളെല്ലാം എനിക്ക് പരിചിതമാണ്. അതിനപ്പുറം കുമാരപുരവും തക്കലയും എന്റെ പരിചയ കാഴ്ച്ചകളല്ല. അറിയുന്നതും അറിയാത്തതുമായ വീടുകളുടെ മേൽക്കൂര കളെല്ലാം പിന്നിലാക്കി ലോറി മുമ്പോട്ട് പോവുകയാണ്.

ഉമ്മാന്റ ഏങ്ങലടികൾ കേട്ടപ്പോഴാണ് ഞാൻ എനിക്കു ചുറ്റും ആ ലോറിയിൽ ഇരുന്ന എന്റെ രക്തബന്ധങ്ങളെ ഓർത്തത്. ഉമ്മ അനിയത്തിയെ കൂട്ടിപ്പിടിച്ച് കരയുകയാണ്. എല്ലാ മുഖങ്ങളിലും വേർപാടിന്റെ നൊമ്പരം ഞാൻ കണ്ടു. എല്ലാവർക്കും വേദനയുണ്ടാക്കുന്ന ഈ യാത്ര എന്തിനാണെന്ന് ഞാൻ ആരോട് ചോദിക്കാനാണ്?

എന്തിനാണ് കരയുന്നത് എന്നുചോദിക്കാൻ ആളില്ലാതെ ഉള്ളിലെ ഉമി തീയിനു മുകളിൽ പെയ്‌തൊഴിയുന്ന പെരുമഴകളറിയാതെ, ഒന്നുമറിയാതെ ഞാനിരുന്നു.

ചെടയാറ്റിലെ കണ്ണീർ തെളിച്ചമുള്ള വെള്ളത്തിൽ തങ്കരാജ് ഇപ്പോഴും കുളിക്കുന്നുണ്ടാവും. മരത്തിന്മേൽ അവൻ വെച്ച ആ പൊതിയിലെ ഉണ്ണിയപ്പത്തിൽ ഒന്നെങ്കിലും അവൻ തന്റെ തങ്കച്ചിക്ക് കൊണ്ടുകൊടുക്കും. ഉണ്ണിയപ്പ മധുരം വായിൽനിന്ന് ഇല്ലാതാവും വരെയെങ്കിലും അവൻ എന്നെ ഓർക്കും. പിന്നെയോ...? പിന്നെയും ഇവിടെ ഉദയാസ്തമയങ്ങൾ ആവർത്തിക്കും. പാതകളിലൂടെ ആളുകൾ നടന്നുപോകും. പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയരും. പള്ളി വരാന്തയിലെ മദ്രസയിൽ ഇരുന്ന് കുട്ടികൾ പാലൈവനത്തിന്റെ അടി വാങ്ങും. അവിടെയൊന്നും ഞാൻ ഉണ്ടാവില്ല. എന്റെ സാന്നിധ്യം ഉണ്ടാവില്ല. നെൽപ്പാടങ്ങളിലൂടെയാണ് ഇപ്പോൾ ലോറി പോകുന്നത്. ഈ പാടങ്ങൾ കഴിഞ്ഞാൽ തക്കലയാണ്. അവിടുത്തെ വലിയ സ്‌കൂളിൽ പരീക്ഷയെഴുതി തീർന്ന ഒടുക്കത്തെ ദിവസം മുത്തയ്യൻ സാറ് വാങ്ങിത്തന്ന കോലൈസിന്റെ മധുരം ഉപ്പായി എന്റെ നാവിൽ വന്നു തൊട്ടു.

എന്തിനാണ് കരയുന്നത് എന്നുചോദിക്കാൻ ആളില്ലാതെ ഉള്ളിലെ ഉമി തീയിനു മുകളിൽ പെയ്‌തൊഴിയുന്ന പെരുമഴകളറിയാതെ, ഒന്നുമറിയാതെ ഞാനിരുന്നു. ഈ വലിയ ആൽമരത്തിന് ചുവട്ടിലെ ചെറിയ പാർക്ക് കഴിഞ്ഞാൽ പിന്നെ ലോകം എനിക്ക് അപരിചിതമാണ്. അപരിചിതമായ ആ ലോകത്തിലേക്ക് എന്നെയും ഉള്ളിലിരുത്തി ലോറി ഓടുകയാണ്.
​വരാൻ പോകുന്നത് എന്തെന്നറിയാതെ, അന്ന് ആ അസ്തമനത്തിന്റെ ചുവപ്പുനോക്കിയിരുന്നു ആ കുട്ടി. ▮

(‘വെറും മനുഷ്യർ ' എന്ന ആത്മകഥയുടെ ഒന്നാം ഭാഗം ഈ അധ്യായത്തോടെ അവസാനിക്കുന്നു)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments