മുഹമ്മദ്​ അബ്ബാസ്​

കാളുന്ന വയറിലേക്ക്​ എച്ചിലിലയും വാരിപ്പിടിച്ച്​ ഒരോട്ടം

എച്ചിലിലയും വാരിപ്പിടിച്ചുള്ള ഓട്ടത്തിൽ അവന് വഴിപിഴച്ചുപോയിരുന്നു. ഏതു വഴിയും ഒരുപോലെയായ ജീവിതത്തിന്റെ ആ നട്ടുച്ചയിൽ, ആരുടെയോ എച്ചിൽ, അത് വിളമ്പിയ ഇലയടക്കം തിന്നുതീർത്ത് ആ കുട്ടി നടന്നു. അവൻ നഗരത്തിലേക്ക് കടക്കുകയായിരുന്നു. സ്വവർഗരതിയുടെ ശുക്ലഗന്ധങ്ങൾ അവിടെ തന്നെ കാത്തിരിപ്പുണ്ടെന്ന് അവനറിഞ്ഞില്ല.

ജീവിതത്തിൽ താൻ തികച്ചും തനിച്ചാണെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുന്ന അവസരങ്ങളുണ്ട്. അത് കുറേ നിമിഷങ്ങളിലേക്കോ മണിക്കൂറുകളിലേക്കോ ദിവസങ്ങളിലേക്കോ ഒക്കെയാവാം. പക്ഷേ ആ തിരിച്ചറിവിനുമുമ്പിൽ, തന്റെ തന്നെ മുമ്പിൽ ധ്യാനത്തിലെന്നപോലെ ആഴത്തിൽ സ്വയം തൊട്ടുകൊണ്ട് നിൽക്കാതെ ഒരു മനുഷ്യജീവിയും ഈ ഭൂമിയിൽ നിന്ന് മരിച്ചുപോയിട്ടുണ്ടാവില്ല, പോകാൻ കഴിയില്ല.

തിരിച്ചറിവിന്റെ ആ വെളിച്ചത്തിൽനിന്ന് പിന്നെ മനുഷ്യന് എങ്ങോട്ടുവേണമെങ്കിലും പോകാം. ഭ്രാന്തിലേക്കോ മരണത്തിലേക്കോ പ്രവാചകത്വത്തിലേക്കോ ബുദ്ധനിലേക്കോ തിരുമുറിവുകളുടെ ലഹരിയിലേക്കോ കൊലപാതകിയിലേക്കോ ഉയർന്ന ലക്ഷ്യങ്ങളിലേക്കോ എങ്ങോട്ടുവേണമെങ്കിലും...

കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് പുതിയ ബസ്​സ്​റ്റാൻഡിലേക്കുള്ള ദൂരങ്ങളിലൂടെ നടക്കുമ്പോൾ ഞാനും ആ തിരിച്ചറിവിനെ തൊട്ടു. ആരും ആരെയും ശ്രദ്ധിക്കാതെ കടന്നുപോകുന്ന, പാതി പ്രാണനുമായി മരണത്തെ മണക്കുന്ന മനുഷ്യരെയും ചുമന്ന് അലറിവിളിച്ചോടുടുന്ന ആംബുലൻസുകളുടെ, ആ പാത എനിക്കുമുമ്പിൽ വെയിലിന്റെ തീച്ചൂടുമായി നീണ്ടുകിടന്നു. ഞാൻ ആ ചൂടിലൂടെ നടന്നു.

അവൻ നഗരത്തിലേക്ക് കടക്കുകയായിരുന്നു. സ്വവർഗരതിയുടെ ശുക്ലഗന്ധങ്ങൾ അവിടെ തന്നെ കാത്തിരിപ്പുണ്ടെന്ന് അവനറിഞ്ഞില്ല. കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇന്നും, ഇത്രയും മുതിർന്നിട്ടും, അവനാ വാഴയിലയുടെ എച്ചിൽ മണങ്ങളെ അറിയുന്നു.

എന്റെ തന്നെ പ്രായമുള്ള ഒരു കുട്ടിക്ക് തോന്നിയ ക്രൂരമായ കുസൃതിയിൽ ഞാനാകെ നനഞ്ഞുകുളിച്ചിരുന്നു. ആ നനവിനെ ചൂട് വലിച്ചെടുത്തു. ഓരോരുത്തരെക്കുറിച്ചുള്ള ഓർമകൾ ഉളളിലുണ്ടാവുമ്പോൾ, അവർ എന്റെ ആരുമല്ല എന്നുഞാൻ തിരിച്ചറിഞ്ഞു. ഉപ്പയും ഏട്ടനും കളിക്കൂട്ടുകാരും വല്യാത്തയും അനിയത്തിയും ഞാൻ പിറന്നനാടും ആ നാടിന്റെ ഹരിതപാതകളും ഓരോന്നായി എന്റെയുള്ളിൽ തെളിഞ്ഞു. പെട്ടെന്നുതന്നെ ആ ഓർമകളിലെ വ്യക്തിയും സ്ഥലവും എന്റെ ആരുമല്ലെന്ന്, ഒന്നുമല്ലെന്ന് ഞാൻ
തിരിച്ചറിഞ്ഞു.

പെരുമഴയായി ആർത്തിരമ്പി ഉമ്മയും എന്റെയുള്ളിൽ പെയ്ത് നിറഞ്ഞു. സ്‌നേഹ വാതിലുകൾ തുറന്നിട്ട് ഉമ്മ വിളിച്ചു, മോനെ... മടങ്ങി വാ ...
ഉമ്മാനോട് ഞാനെന്ന കുട്ടി ചോദിച്ചു, ഉമ്മാക്ക് എന്നെ വേണ്ടേ...? ഉമ്മാക്ക് എന്നെ തിരഞ്ഞു വന്നൂടെ....?
എങ്ങനെ, എങ്ങോട്ടാണ് ഞാൻ നിന്നെ തിരഞ്ഞുവരേണ്ടതെന്ന് ഉമ്മ എന്നോട് ചോദിച്ചു.
ഉമ്മാക്ക് ഏട്ടനോട് ചോദിച്ച്, ഞാൻ എവിടെ നിന്നാണ് നാടുവിട്ടതെന്ന് മനസ്സിലാക്കാലോ... അവിടേക്ക് ഉപ്പാനെയും കൂട്ടി പോവാലോ... രണ്ടത്താണിയിലെ ആ ഇറക്കത്തിൽ ഞാൻ ആനവണ്ടിക്ക് കൈ കാണിച്ചത് ആരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ ... അവരോടുചോദിച്ച്, ഉമ്മാക്ക് ആ ബസ്​ എങ്ങോട്ടാണ് പോയതെന്ന് മനസ്സിലാക്കാലോ ...
അങ്ങനെയങ്ങനെ ഉമ്മയെന്ന പൊരുളിനോട് ഞാൻ തർക്കിച്ചുകൊണ്ടേയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്താനുള്ള എന്റെ ആഗ്രഹത്തിന്റെ തീവ്രതയാണ് ആ ചോദ്യങ്ങളെന്ന് ഇന്നെനിക്ക്​ തിരിച്ചറിയാനാവുന്നുണ്ട്.

പക്ഷേ, അപ്പോൾ കാലുതളർന്ന്, വയറു തളർന്ന് നടന്ന ആ നടത്തത്തിൽ ഞാൻ ഉമ്മാനോട് തർക്കിച്ചുതർക്കിച്ച് ഉമ്മാനെയും തള്ളിക്കളഞ്ഞു. ആരും, ഉമ്മ പോലും ജീവിതത്തിൽ എനിക്ക് കൂട്ടില്ലെന്ന ആ വല്ലാത്ത തിരിച്ചറിവിൽ ഞാൻ കരഞ്ഞില്ല, എന്റെ കണ്ണ് നിറഞ്ഞില്ല. തൊണ്ടയിൽ ഒന്നും തടഞ്ഞുനിന്നില്ല. മനുഷ്യർ എന്നെ കടന്നുപോയി. ആംബുലൻസുകളും അകമ്പടി വാഹനങ്ങളും എന്നെ കടന്നുപോയി. സൈക്കിളുകളിലെ ഹാൻഡിലിൽ ചോറ്റുപാത്രങ്ങൾ തൂക്കിയിട്ട് ആരൊക്കെയോ ഭക്ഷണം കഴിക്കാൻ ഓടി.

Illustration : Pixels.com
Illustration : Pixels.com

മനസ്സും ശരീരവും ബോധവും വിശപ്പെന്ന ഒറ്റ പ്രേരണയിലേക്ക് ചുരുങ്ങി. കണ്ണിൽ, ചുണ്ടിൽ, വയറിൽ, നാവിൽ, ഓർമകളിൽ, മുമ്പിലെ പാതയിൽ, എവിടെയും എന്തിലും ഞാൻ വിശപ്പിനെ കണ്ടു, അറിഞ്ഞു. ഇഴഞ്ഞിഴഞ്ഞുള്ള ആ നടത്തത്തിൽ ഓരോ വീടിന്റെയും വരാന്തയിലേക്ക് ഞാൻ നോക്കി. അവിടെ മുത്തയ്യൻ സാറ് പറഞ്ഞുതന്ന സിനിമാക്കഥകളിലേതുപോലെ ആരെങ്കിലും ഒരാൾ നിൽക്കുന്നുണ്ടാവും, അയാൾ എന്നെ മാടിവിളിക്കും, എനിക്ക് ഭക്ഷണം തരും, കിടക്കാനിടം തരും, മക്കളില്ലാത്ത അയാൾ എന്നെ സ്വന്തം മകനായി കരുതി വളർത്തി വലുതാക്കും, വളർന്നുവലുതായി വലിയ ആളാവുമ്പോൾ ഞാൻ ഏട്ടന്റെ മുമ്പിൽ കാറിൽ ചെന്നിറങ്ങും, പക്ഷേ ആ കാറിന്റെ നിറത്തിലും ഞാൻ വിശപ്പിനെ കണ്ടു, അറിഞ്ഞു.

ഏതെങ്കിലും ഒരു അടുക്കള കണ്ടിരുന്നെങ്കിൽ, അതിന്റെ വാതിൽ തുറന്നു വെച്ചിരുന്നെങ്കിൽ, ആ അടുക്കളയിൽ കലം നിറയെ ചോറും കറികളും ഉണ്ടായിരുന്നെങ്കിൽ... തോന്നലുകളിൽനിന്ന് ആ എങ്കിലുകൾ സത്യമായി പരിണമിച്ചില്ല. ഇറക്കാൻ ഉമിനീരുപോലും എന്റെ തൊണ്ടയിൽ ഇല്ലായിരുന്നു .നാവ്, ചത്ത പല്ലിയെ പോലെ വായ്ക്കുള്ളിൽ മരവിച്ചുകിടന്നു. ഇനിയും നടന്നാൽ വീണു പോവുമെന്നുറപ്പായപ്പോൾ ഞാനാ വഴിവക്കിൽ കണ്ട ഇത്തിരി തണലിൽ ഇരുന്നു.

എന്റെ മുമ്പിലെ കാഴ്ചകളൊക്കെ വട്ടംകറങ്ങി. ആകാശവും ഞാനിരുന്ന ഇടവും, പാതയിലെ വാഹനങ്ങളും ഒന്നാകെ വട്ടം കറങ്ങി. കറങ്ങിക്കറങ്ങി എന്റെ തലയും കറങ്ങി. വയറ്റിൽ നിന്ന് ബഹളങ്ങൾ കേട്ടു. തൊണ്ടയിലേക്ക് എന്തോ കയറി വന്നു. നാവിൽ കൊടും കയ്​പിന്റെ പിത്തരസം രുചിച്ചപ്പോൾ ഞാൻ ഓക്കാനിച്ചു, ശർദിച്ചു. കുറച്ച് മഞ്ഞനീര് പുറത്തേക്കുചാടി. അതിന്റെ വല്ലാത്ത നാറ്റത്തിൽ ഞാൻ പിന്നെയും ചർദിച്ചു. പുറത്തുചാടാൻ വയറ്റിൽ പിന്നെയൊന്നും ഉണ്ടായിരുന്നില്ല.

നെഞ്ച് വല്ലാതെ മിടിച്ചു. മോഡേൺ ബേക്കറി എന്നെഴുതിയ ബോർഡ് കുറച്ചകലത്തായി കണ്ടു. ‘ബേക്കറി & കൂൾബാർ’ എന്നെഴുതി വെച്ച ആ ബോർഡിൽ മാവൂർ എന്ന സ്ഥലപ്പേരും ഉണ്ടായിരുന്നു. ആ ഇരുത്തം ഇരുന്നാൽ അവിടെക്കിടന്ന് ഉറങ്ങിപ്പോകുമെന്ന ഭയത്തിൽ ഞാൻ എഴുന്നേറ്റ് നടന്നു. നടക്കുകയായിരുന്നില്ല, ഉച്ചവെയിലിന്റെ കാറ്റുകൾ എന്നെ പറത്തിക്കൊണ്ടുപോവുകയായിരുന്നു.

കണ്ണുകളെ മോഹിപ്പിച്ച്, മഞ്ഞയിൽ നിന്ന് നിറം മാറിയ ആ പഴത്തൊലി എന്റെ തൊട്ടടുത്ത് കിടന്ന് ചിരിച്ചു. ഞാൻ അതെടുത്ത് ഉൾഭാഗം കാർന്നുതിന്നു. മതിയാവാതെ ആ തൊലി മുഴുവൻ തിന്നു.

നടന്നിട്ടും നടന്നിട്ടും തീരാതെ വളവുകളും തിരിവുകളും ടാർകറുപ്പിന്റെ ചൂടുമായി റോഡ് പിന്നെയും നീണ്ടുകിടന്നു. ചെറിയൊരു വളവു കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും ഇരുന്നു. ഇരുന്ന മരച്ചുവടിനുപിന്നിൽ മതിലുണ്ടായിരുന്നു. ആ മതിലിനപ്പുറം ഓടിട്ട വീട്​. അവിടെ നിന്ന് ഒരു കുട്ടിയുടെ കരച്ചിൽ, ആ കുട്ടി
എന്തിനോ വാശിപിടിച്ച് കരയുകയായിരുന്നു. ഞാൻ വീടിനെയോർത്തു, ഉമ്മാനെ ഓർത്തു, സിമൻറടർന്ന അടുക്കളത്തറ ഓർത്തു. അവിടെ ചോറ് തീർന്ന കലം ഉമ്മ കഴുകി കമഴ്ത്തിവെച്ചിരുന്നു.

കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലാവുകയും എന്റെ തൊട്ടടുത്തേക്ക് ഒരു നേന്ത്രപ്പഴം വന്നുവീഴുകയും ചെയ്തു. മറ്റെന്തിനോ വേണ്ടി വാശിപിടിച്ച് കരയുന്ന കുട്ടിക്ക് അമ്മ കൊടുത്ത ആ നേന്ത്രപ്പഴം അവൻ വലിച്ചെറിഞ്ഞത് എനിക്കുവേണ്ടിയാണ്, എനിക്കുവേണ്ടി മാത്രം. ആ പഴത്തിന്റെ മഞ്ഞ നിറമായിരുന്നു എനിക്കപ്പോൾ ദൈവത്തിന്റെ നിറം. അതെടുക്കാൻ കൈനീട്ടിയ ഞാൻ അവിടേക്ക് ചരിഞ്ഞുവീണു. വീണപടി കിടന്ന് ആ പഴം എടുത്തു. അതിന്റെ തൊലിയടർത്തി ആ റോഡിന്റെ വക്കത്തിരുന്ന് അത് തിന്നു. തിന്നുകയായിരുന്നില്ല, വിഴുങ്ങുകയായിരുന്നു. അതിന്റെ രുചി പോലും ശരിക്കറിയാൻ പറ്റും മുമ്പ് അത് തൊണ്ടയിലൂടെ ഇറങ്ങിപ്പോയി.

ആ കുട്ടി ഇനിയും വാശി കാട്ടി കരയുമെന്നും, വാശി മാറാൻ അമ്മ അവന് പഴം കൊടുക്കുമെന്നും, അതും അവൻ വലിച്ചെറിയുമെന്നും അത് എന്റെ മുമ്പിൽ വന്നുവീഴുമെന്നും പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നു. ഞാനിരുന്ന മരച്ചുവടിനപ്പുറം തെങ്ങിൻ തോപ്പിലൂടെ അപരാഹ്നത്തിന്റെ പക്ഷികൾ പറന്നുപോയി. പാതകളിലൂടെ വാഹനങ്ങൾ കടന്നുപോയി. ബസിലിരുന്ന് മനുഷ്യമുഖങ്ങൾ ഞാനെന്ന കൗതുകത്തെ ഉറ്റുനോക്കി.

ഏറെ നേരം കാത്തിരുന്നിട്ടും പിന്നെ പഴമൊന്നും വന്നുവീണില്ല. വാശി മതിയാക്കി കരച്ചിൽ നിർത്തി ആ കുട്ടി കളിക്കാൻ പോയിരിക്കണം. വെള്ളം തട്ടാത്ത തൊണ്ടയിൽ പഴം തടഞ്ഞുനിൽക്കുമ്പോലെ തോന്നി. ഞാൻ തൊണ്ടയും നെഞ്ചും ഉഴിഞ്ഞു. ഒട്ടിക്കിടന്ന വയറെന്ന അവയവത്തെ ഓർത്ത് എനിക്ക് കരച്ചിൽ വന്നു. പക്ഷേ ആ കരച്ചിൽ കൊണ്ട് കാര്യമൊന്നുമില്ലെന്നും, കരയാൻ ഇനിയും ഒരുപാടവസരങ്ങൾ ബാക്കിയുണ്ടാവുമെന്നും ഞാൻ എന്നോടുതന്നെ തമാശ പറഞ്ഞു.

അവിടുന്ന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ, കണ്ണുകളെ മോഹിപ്പിച്ച്, മഞ്ഞയിൽ നിന്ന് നിറം മാറിയ ആ പഴത്തൊലി എന്റെ തൊട്ടടുത്ത് കിടന്ന് ചിരിച്ചു. ഞാൻ അതെടുത്ത് ഉൾഭാഗം കാർന്നുതിന്നു. മതിയാവാതെ ആ തൊലി മുഴുവൻ തിന്നു. അന്നേരം മുമ്പിലൂടെ കടന്നുപോയ കറുത്ത നിറമുള്ള കാറിലിരുന്ന് ഒരു സ്ത്രീ എന്നെ നോക്കി മൂക്ക് പൊത്തി. അലഞ്ഞുതിരിഞ്ഞ്, എച്ചിലുകൾ വാരിത്തിന്ന് ജീവിക്കുന്ന ഞാനെന്ന ഭ്രാന്തന്റെ മണങ്ങൾ അവരെ തൊട്ടിരിക്കണം.

വെള്ളം ...വെള്ളം... വെള്ളം ...കുടിച്ചിട്ടും കുടിച്ചിട്ടും തീരാത്ത ദാഹത്തിൽ  വയറ്റിലേക്ക് ഇരുമ്പിൻ ചുവയുള്ള വെള്ളം ഒരുപാടിറങ്ങിപ്പോയി.  / Photo : Unsplash.cpm
വെള്ളം ...വെള്ളം... വെള്ളം ...കുടിച്ചിട്ടും കുടിച്ചിട്ടും തീരാത്ത ദാഹത്തിൽ വയറ്റിലേക്ക് ഇരുമ്പിൻ ചുവയുള്ള വെള്ളം ഒരുപാടിറങ്ങിപ്പോയി. / Photo : Unsplash.cpm

തലേന്ന് ധരിച്ച എന്റെ ഷർട്ടും മുണ്ടും ചെളി പുരണ്ട്, വെള്ളം നനഞ്ഞ് ആകെ വൃത്തികേടായത് അപ്പഴാണ് ശ്രദ്ധിച്ചത്. പക്ഷേ എനിക്കപ്പോൾ വെള്ളം വേണമായിരുന്നു, ഭക്ഷണം വേണമായിരുന്നു. ഉടുമുണ്ടും കുപ്പായവും ഊരിക്കൊടുത്താൽ ആരെങ്കിലും കുറച്ച് ചോറ് തരുമെങ്കിൽ ഞാനത് ഊരി കൊടുക്കാൻ തയ്യാറായിരുന്നു. കാരണം, വയറ് നിറഞ്ഞാലേ നിങ്ങൾക്ക് വസ്ത്രത്തിൽ ശ്രദ്ധിക്കാൻ പറ്റൂ. വയറും നിറഞ്ഞ് നാണം മറക്കാൻ വസ്ത്രവും കിട്ടിയാലേ കിടപ്പാടത്തെ കുറിച്ച് ചിന്തിക്കാൻ പറ്റൂ. ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും അപ്പുറത്താണ് ദൈവങ്ങളും മതങ്ങളും രാഷ്ട്രവും രാഷ്ട്രീയവും കലയും സാഹിത്യവും ചരിത്രവുമെല്ലാം.

ആ നേരത്ത് എന്നോട് ആരെങ്കിലും ലോക മഹാത്ഭുതങ്ങൾ കാണണോ, അതോ ഇത്തിരി കഞ്ഞി വേണോ എന്ന് ചോദിച്ചിരുന്നെങ്കിൽ കഞ്ഞി മതി എന്നുഞാൻ ഉറപ്പിച്ചു പറയുമായിരുന്നു. തുറിച്ചുനോട്ടങ്ങൾക്കും മൂക്കുപൊത്തലുകൾക്കും വെയിൽച്ചൂടിനും നടുവിലൂടെ ഞാൻ നടന്നു. കുറച്ചുകൂടി മുമ്പോട്ട് നടന്നപ്പോൾ റോഡുവക്കത്തെ കുഴൽക്കിണറിന്റെ ഹാൻഡ് പമ്പ് താഴ്ത്തിയും ഉയർത്തിയും ഒരു സ്ത്രീ കുടത്തിലേക്ക് വെള്ളമെടുക്കുന്നത് കണ്ടു.

എച്ചിലിലയും വാരിപ്പിടിച്ചുള്ള ഓട്ടത്തിൽ അവന് വഴിപിഴച്ചുപോയിരുന്നു. ഏതു വഴിയും ഒരുപോലെയായ ജീവിതത്തിന്റെ ആ നട്ടുച്ചയിൽ, ആരുടെയോ എച്ചിൽ, അത് വിളമ്പിയ ഇലയടക്കം തിന്നുതീർത്ത് ആ കുട്ടി നടന്നു

സമൃദ്ധമായി ഞാനനുഭവിച്ച ജലമെന്ന സ്വർഗത്തിന്റെ ഓർമയിൽ, അത് പാഴാക്കിക്കളഞ്ഞ അനേകം അവസരങ്ങളെയോർത്ത്​ ഞാനാ സ്ത്രീയുടെ മുമ്പിൽ ചെന്നുനിന്നു. അന്നേരം, ഞാൻ ചെടയാറിന്റെ ജലസംഗീതം കേട്ടു. അതിന്റെ മണൽപുറങ്ങളിൽ വീണുകിടന്ന അരളിപ്പൂക്കളെ കണ്ടു.

എന്റെ കോലവും ഭാവവും കണ്ട അവർ എന്നോട് ഒന്നും ചോദിക്കാതെ നിറയാത്ത കുടം മാറ്റിവെച്ച്, ആ പമ്പിന്റെ ഹാൻഡിൽ ഉയർത്തിയും താഴ്ത്തിയും എനിക്ക് വെള്ളം അടിച്ചുതന്നു. ഞാനാ വെള്ളത്തിലേക്ക് കൈ രണ്ടും കുമ്പിളാക്കി പിടിച്ച്, അതിൽ വായ വച്ച് കുടിച്ചു. ഇരുമ്പിന്റെ ചുവയുള്ള ആ വെള്ളം തൊണ്ടയും കടന്ന് നെഞ്ചിലെത്തിയപ്പോൾ, ആനന്ദം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു.
വെള്ളം ...വെള്ളം... വെള്ളം ...കുടിച്ചിട്ടും കുടിച്ചിട്ടും തീരാത്ത ദാഹത്തിൽ വയറ്റിലേക്ക് ഇരുമ്പിൻ ചുവയുള്ള വെള്ളം ഒരുപാടിറങ്ങിപ്പോയി. മതിയാവോളം കുടിച്ച്​ അവരുടെ കുടം പമ്പിനടുത്തേക്ക് നീക്കിവെച്ചു.
ഞാനാ മുഖത്തേക്ക് നോക്കി.
ജീവിതം വടുക്കൾ വീഴ്ത്തിയ ആ മുഖത്തുനിന്ന് രണ്ട് കണ്ണുകൾ കണ്ണീരോടെ എന്നെയും നോക്കി. ദൈവത്തിന്റെ കണ്ണുകൾക്ക് ആ നിറമായിരിക്കുമെന്ന് എനിക്കപ്പോൾ തോന്നി. അവർ ശബ്ദമില്ലാതെ കരയുകയായിരുന്നു. ഞാൻ വരുന്നതിനും മുമ്പേ അവർ കരയുകയായിരുന്നു. എന്തിന് എന്ന് ചോദിക്കാൻ ധൈര്യമുണ്ടായില്ല. സ്വന്തം ദുഃഖങ്ങൾ ഉള്ളിൽ വെയിലുകൊണ്ട് കിടക്കുമ്പോൾ അവരോട് എന്ത് ചോദിക്കാനാണ്? കരയുന്നതിന്റെ കാരണം അവർ പറഞ്ഞാൽ പോലും ഞാനെന്ന കുട്ടിക്ക് അതിന് പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നില്ലല്ലോ.

ഞാൻ പമ്പ് അടിച്ചു കൊടുക്കാൻ നോക്കിയപ്പോൾ അവർ എന്റെ കൈ തട്ടിമാറ്റി. അവരെയും പിറകിലുപേക്ഷിച്ച് എനിക്ക് നടക്കണമായിരുന്നു. നടന്നു. നടത്തത്തിന് ചെറിയ ഉത്സാഹമൊക്കെ കിട്ടി. അറ്റമില്ലാതെ നീണ്ടും വളഞ്ഞും പുളഞ്ഞും കിടക്കുന്ന ആ റോഡ് എന്നാണ് പുതിയ ബസ്​സ്​റ്റാൻറിലെത്തിച്ചേരുക എന്ന് അറിയില്ലായിരുന്നു. ഇനി എത്തിയാൽ തന്നെ അവിടെനിന്ന് വീട്ടിലേക്ക് എങ്ങനെ പോകുമെന്നും അറിയില്ലായിരുന്നു. വീടെത്തുക എന്നത് എന്റെ അപ്പോഴത്തെ ആവശ്യമോ ആഗ്രഹമോ ആയിരുന്നില്ല. പുതിയ ബസ്​സ്​റ്റാൻറിലെത്തലും ആവശ്യമായിരുന്നില്ല. എന്നിട്ടും ശൂന്യതയുടെ ശിഖരങ്ങളിൽ തൊട്ട്​, ഞാനെന്ന കുട്ടിയെ അറിഞ്ഞുകൊണ്ട് ഞാൻ​ നടന്നു.

ആ കുട്ടി ഒന്നും ഓർത്തില്ല, മുമ്പിൽ വിളമ്പിവെച്ച ഭക്ഷണമൊഴികെ മറ്റൊന്നും കണ്ടില്ല. ഭക്ഷണത്തിന്റേതല്ലാത്ത മണങ്ങളൊന്നും അവൻ അറിഞ്ഞില്ല. ആർക്കു വേണ്ടെങ്കിലും അവന് അവനെ വേണമായിരുന്നു. ആ അവനെ നിലനിർത്താൻ ഭക്ഷണം വേണമായിരുന്നു. അപൂർവം അവസരങ്ങളിൽ അവനുപേക്ഷിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെയോർത്ത് അവൻ വേദനിച്ചു. അങ്ങനെ ഒഴിവാക്കിയതിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് സ്വയം പറഞ്ഞു.

Photo : Wikimedia Commons
Photo : Wikimedia Commons

അവന്റെ തലയ്ക്കുമുകളിൽ സൂര്യൻ താണുവന്നു. ഉച്ചവെയിലുകൾ അവന്റെ നിറുകയിൽ തൊട്ടു. റോഡുവക്കത്തെ എച്ചിൽവീപ്പയും അതിനുള്ളിലെ എച്ചിലിലകളും അവൻ കണ്ടു. അതിനുചുറ്റും കടിപിടി കൂടുന്ന തെരുവുനായ്​ക്കളെ കണ്ടു. അവൻ മറ്റൊന്നും കണ്ടില്ല, ഹോട്ടലിനു മുമ്പിൽ വച്ച ആ വീപ്പയിലേക്ക്, ആരോ ഒരാൾ കൊണ്ടുവന്നിട്ട ഇല കൂട്ടിപ്പിടിച്ച് അവനെടുത്തു. ആ എച്ചിലില നെഞ്ചോടുചേർത്ത് അവൻ ഓടി, തന്റെപിറകിൽ ആരൊക്കെയോ ഓടിവരുന്നുണ്ടെന്ന ഭയത്തിൽ തിരിഞ്ഞുനോക്കാതെ ഓടി.

ഓടിയോടി പണി നടക്കുന്ന കെട്ടിടത്തിന്റെ നീണ്ട ഇടനാഴികയിലേക്ക് കയറി. അവിടെ മരത്തടികൾ കൂട്ടിയിട്ടിരുന്നു. കമ്പിയും സിമൻറ്​ ചാക്കുകളും കൂട്ടിയിട്ടിരുന്നു. ആ സിമൻറ്​ ചാക്കിന്റെ അട്ടിയിലിരുന്ന് അവൻ കിതപ്പാറ്റി. ചുറ്റും നോക്കി. ആരും അടുത്തില്ലെന്ന് ഉറപ്പുവരുത്തി അവനാ എച്ചിലില മടിയിൽ നിവർത്തി വെച്ചു. അതിൽ ഒരു പിടിയോളം ചോറും, കടിച്ചീമ്പിയ മുരിങ്ങക്കോലിന്റെ ചണ്ടിയും, തക്കാളിയും കറിവേപ്പിലയും കുറച്ച് അവിയലും ഉണ്ടായിരുന്നു. അവനാ ചോറ് ആർത്തിയോടെ തിന്നു. ആരോ കടിച്ചീമ്പി മാറ്റിവച്ച ആ മുരിങ്ങക്കോലുകൾ അവൻ വായിലിട്ട് ചവച്ചു.

അന്നേരം അവൻ ഗിരീഷിന്റെ എച്ചിൽ തിന്ന കുറ്റിക്കാടിനെ ഓർത്തു. അവന് കാവിൽ നിന്ന സെന്തിലെന്ന കൂട്ടുകാരനെ ഓർത്തു. അവന്റെ തോളിൽ തൊട്ട മുത്തയ്യൻ സാറിന്റെ സ്‌നേഹവിരലുകളെ ഓർത്തു. അതെല്ലാം എന്നോ കണ്ടുമറന്ന സിനിമയിലെ കാര്യങ്ങളായിട്ടാണ് അപ്പോൾ അവന് തോന്നിയത്. അവസാന തരി എച്ചിലും പൊറുക്കി തിന്ന് അവനാ വാഴയില നക്കിത്തുടച്ചു.

വിവേകബുദ്ധിയില്ലാത്ത ഒരു പോത്തിനോളം വലുതായി അവനാ വാഴയില മുഴുവൻ തിന്നുതീർത്തു. കൈയിൽ പുരണ്ട പുളിയും എരിവും നക്കിത്തോർത്തി അവൻ ചിരിച്ചു. അവൻ അവനുവേണ്ടി മാത്രം ചിരിച്ച ചിരിയായിരുന്നു അത്.

ഓടിയ ഓട്ടമെല്ലാം ഇതിനായിരുന്നോ എന്നോർത്ത് അവന്റെ നെഞ്ച് കനത്തില്ല. അവനാ വാഴയിലയുടെ വക്കിൽ കടിച്ച് ഒരു തുണ്ട് തിന്നു. രുചി തോന്നിയപ്പോൾ പിന്നെയും ഒരു തുണ്ട് കൂടി കടിച്ചുതിന്നു, പിന്നെ വിവേകബുദ്ധിയില്ലാത്ത ഒരു പോത്തിനോളം വലുതായി അവനാ വാഴയില മുഴുവൻ തിന്നുതീർത്തു. കൈയിൽ പുരണ്ട പുളിയും എരിവും നക്കിത്തോർത്തി അവൻ ചിരിച്ചു. അവൻ അവനുവേണ്ടി മാത്രം ചിരിച്ച ചിരിയായിരുന്നു അത്. അത് കേൾക്കാൻ അവന്റെ ആരും അവിടെയുണ്ടായിരുന്നില്ല. ആരുമില്ലാത്തവർക്ക് തുണയാവുന്ന ദൈവങ്ങളും അവിടെയുണ്ടായിരുന്നില്ല.

എച്ചിലിലയും വാരിപ്പിടിച്ചുള്ള ഓട്ടത്തിൽ അവന് വഴിപിഴച്ചുപോയിരുന്നു. ഏതു വഴിയും ഒരുപോലെയായ ജീവിതത്തിന്റെ ആ നട്ടുച്ചയിൽ, ആരുടെയോ എച്ചിൽ, അത് വിളമ്പിയ ഇലയടക്കം തിന്നുതീർത്ത് ആ കുട്ടി നടന്നു. അവന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നില്ല. വീട് അതിന്റെ ഓർമവാതിലുകൾ തുറന്നിട്ട് അവനെ അപ്പോൾ മാടിവിളിച്ചില്ല.

അവൻ നഗരത്തിലേക്ക് കടക്കുകയായിരുന്നു. സ്വവർഗരതിയുടെ ശുക്ലഗന്ധങ്ങൾ അവിടെ തന്നെ കാത്തിരിപ്പുണ്ടെന്ന് അവനറിഞ്ഞില്ല. കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇന്നും, ഇത്രയും മുതിർന്നിട്ടും, അവനാ വാഴയിലയുടെ എച്ചിൽ മണങ്ങളെ അറിയുന്നു. അന്നമില്ലാത്ത എച്ചിലിന്റെ വാഴയിലച്ചവർപ്പിൽ അവന്റെ നാവ് ഉമിനീരിനെ തൊടുന്നു. ഉമിനീര് കയ്ക്കുന്നു, ആ കയ്​പ്പിനെ പുറത്തേക്കുതുപ്പാതെ അവൻ കുടിച്ചിറക്കുന്നു. ▮​

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments