കൊട്ടാരത്തിലെ ഹാളിൽനിന്ന് സാഹിബ് നയിച്ച വഴിയിലൂടെ ഞാൻ നടന്നു. അന്നുവരെ കാണാത്ത കാഴ്ചകളായിരുന്നു അവിടം നിറയെ. മേൽക്കൂരയിൽ തറയോടുകളിൽ, ചുമരുകളിലെ നിറങ്ങളിൽ, ജാലകവിരികളിൽ, അവിടെ എരിഞ്ഞ വിളക്കുകളിൽ എല്ലാത്തിലും പുതുമ... കണ്ണുതള്ളിപ്പോകുന്ന സമ്പന്നതയുടെ അടയാളങ്ങൾ.
പാലൈവനം ഉസ്താദ് പറഞ്ഞു തന്ന സ്വർഗം അതായിരുന്നു.
അവിടെ പാലും തേനും ഒഴുകുന്ന അരുവികളും, തല കറക്കാത്ത മദ്യവും ഉണ്ടെന്നുതന്നെ ഞാൻ കരുതി.
ദൈവത്തിന് സ്തുതി പറയുന്ന അറബി വാചകങ്ങൾ സ്വർണനിറത്തിൽ കൊത്തിവെച്ച വാതിലിനു മുമ്പിലെത്തിയപ്പോൾ സാഹിബ് നിന്നു. ചുമരിലെ സ്വിച്ചിൽ വിരലമർത്തി തന്റെ വരവ് ആരെയോ അറിയിച്ചു.
അകത്ത്, വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം.
വള കിലുങ്ങുന്ന സംഗീതം.
വാതിൽ തുറന്നത് ചെറിയൊരു പെൺകുട്ടിയാണ്.
ആ മുറിയെ പകലാക്കി, എരിയുന്ന ചിത്രവിളക്കുകളിലേക്ക് ഞാൻ അന്തം വിട്ടു നോക്കി. വാതിൽ തുറന്നുതന്ന പെൺകുട്ടി ഞങ്ങളെ നോക്കാതെ തല കുനിച്ച് മുറിയിൽ നിന്നിറങ്ങിപ്പോയി. അവിടെ വീട്ടിക്കട്ടിലിൽ സാഹിബിന്റെ ഉമ്മ ഇരുന്നു. അവരുടെ കയ്യിൽ ഖുർആൻ ഉണ്ടായിരുന്നു. കണ്ണട വെച്ച ആ മുഖത്തിന് എന്റെ സങ്കല്പത്തിലെ ഹൂറിലീങ്ങളെക്കാൾ സൗന്ദര്യമുണ്ടായിരുന്നു. എനിക്കറിയാത്ത സുഗന്ധങ്ങൾ ആ മുറിയിൽ പുകഞ്ഞു.
സാഹിബ് പിറകിലേക്ക് കൈ നീട്ടി എന്നെ പിടിച്ച് അവരുടെ മുമ്പിലേക്ക് നീക്കി നിർത്തി. എന്റെ ദേഹമാകെ വിറച്ചു. അങ്ങനെ വിറപ്പിക്കുന്നതായിരുന്നു അവരുടെ നോട്ടം. ആ നോട്ടത്തിന്റെ ചൂടിൽ തലതാഴ്ത്തി ഞാൻ നിന്നു.
കറുത്ത കരയുള്ള കസവിന്റെ കാച്ചിത്തുണിയും ചുവന്ന പെൺകുപ്പായവുമാണ് അവരുടെ വേഷം. കഴുത്തിൽ സ്വർണത്തിന്റെ മാലക്കൂട്ടങ്ങൾ. മുകളിൽ ഏറ്റവും വലുത്. അതിനുള്ളിൽ അതിലും ചെറുത്, പിന്നെ അതിലും ചെറുത്. കാതിൽ സ്വർണ്ണച്ചിറ്റുകൾ. ആ ചിറ്റുകളിൽ തട്ടി തിളങ്ങിയ വെളിച്ചങ്ങൾ. കസവിന്റെ കാച്ചിത്തുണിക്കും മേലെ ചുവന്ന കുപ്പായത്തെ തൊട്ടുകൊണ്ട് വീതിയുള്ള സ്വർണത്തിന്റെ അരഞ്ഞാണം. തലമറച്ച തത്തമ്മ പച്ചത്തട്ടത്തിനുള്ളിൽ നരച്ച മുടിയിഴകൾ.
അവരുടെ ഖുർആൻ ഓത്ത് കഴിയാൻ സാഹിബ് കാത്തുനിന്നു. അവരാണ് കൊട്ടാരത്തിലെ റാണിയെന്ന്, ഞാൻ എനിക്ക് പറഞ്ഞുകൊടുത്തു. വിശാലമായ ആ മുറിക്ക് ഒറ്റ ഒരു ജാലകം മാത്രം. അതിന്റെ വിരിയിൽ സ്വർണനിറമുള്ള പൂക്കൾ വിരിഞ്ഞുനിന്നു. കട്ടിലിനടിയിൽ നിന്നാണ് സുഗന്ധപ്പുക വരുന്നത്. അത് വെറും സുഗന്ധമായിരുന്നില്ല, സുഗന്ധങ്ങളുടെയെല്ലാം സുഗന്ധമായിരുന്നു. തലയാകെ മത്ത് പിടിപ്പിക്കുന്ന ആ സുഗന്ധം ഊദിന്റെതാണെന്ന് ഇന്ന് എനിക്കറിയാം .പക്ഷേ അന്ന് ആ സ്വർഗീയസുഗന്ധത്താൽ മത്തായ തലയും വിചാരങ്ങളുമായി ഞാൻ സാഹിബിന്റെ പിറകിൽ ചുരുണ്ടുകൂടി നിന്നു.
അവർ ഖുർ ആൻ ഓതി കഴിഞ്ഞ്, അതിൽ മുത്തി അടച്ചുവച്ചു. എന്നിട്ട് കണ്ണടയൂരി സാഹിബിനെ നോക്കി. സാഹിബ് ഭവ്യതയോടെ ആ ഖുർ ആൻ വാങ്ങി ചുമരിൽ ഘടിപ്പിച്ച മരത്തിന്റെ ചെറിയ പെട്ടിയിൽ വെച്ച് അടച്ചു. കൈ രണ്ടും മുഖത്തേക്ക് ഉയർത്തി എന്തൊക്കെയോ പ്രാർത്ഥിച്ചിട്ട് , മുഖം കൈകൊണ്ടുഴിഞ്ഞ് അവർ ചോദിച്ചു, ‘എന്തിയേടാ കുഞ്ഞീ ...? '
സാഹിബ് പിറകിലേക്ക് കൈ നീട്ടി എന്നെ പിടിച്ച് അവരുടെ മുമ്പിലേക്ക് നീക്കി നിർത്തി. എന്റെ ദേഹമാകെ വിറച്ചു. അങ്ങനെ വിറപ്പിക്കുന്നതായിരുന്നു അവരുടെ നോട്ടം. ആ നോട്ടത്തിന്റെ ചൂടിൽ തലതാഴ്ത്തി ഞാൻ നിന്നു.
‘എവിടുന്നേ ഇതിനെ കിട്ടീത്? '
‘അമ്പുട്ടി കൊണ്ട് തന്നതാണ്’, സാഹിബ് പറഞ്ഞു.
അന്നേരം ഞാനൊരു മനുഷ്യക്കുട്ടിയിൽ നിന്ന് പരിണമിച്ച് നായ്ക്കുട്ടിയായി മാറി. എന്റെ യജമാനന്മാർ പരസ്പരം എന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. തെരുവിൽ നിന്നെടുത്തുകൊണ്ടുവന്ന് കുളിപ്പിച്ച് വസ്ത്രം മാറ്റി എന്നെ മുമ്പിൽ
നിർത്തിയ ജമാനന്മാർക്കുനേരെ ആട്ടാൻ എന്റെയുള്ളിൽ ഒരു വാല് മുളയ്ക്കുക യായിരുന്നു .
‘നോക്കീം കണ്ടും നിന്നാ അനക്ക് നന്ന്’, അവർ എന്നോടായി പറഞ്ഞു.
ഞാൻ ഉള്ളിലെ വാലും പുറത്തെ തലയും ഒരുമിച്ച് ആട്ടി. ഞങ്ങൾ തിരികെ പോന്നപ്പോൾ അതുവരെ എവിടെയോ ഒളിച്ചുനിന്ന ആ പെൺകുട്ടി തലതാഴ്ത്തിപ്പിടിച്ച്മുറിയിലേക്ക് കയറി. വാതിൽ ഞങ്ങൾക്കുപിറകിൽ അടഞ്ഞു. ഞങ്ങൾ നടന്ന ഇടനാഴികയിൽ പിന്നെയും കുറെ വാതിലുകൾ അകത്തേക്കുതുറക്കുന്ന മുറികളിലേക്ക് അടഞ്ഞ് കിടന്നു .അതിനുള്ളിൽ മനുഷ്യർ ഉണ്ടായിരുന്നു. പെൺ ശബ്ദങ്ങൾ ഉണ്ടായിരുന്നു .തിരികെ നടന്നെത്തിയത് ഞാൻ വന്നുകയറിയ ഹാളിലേക്കല്ല, മറ്റൊരു ഹാളിലേക്കാണ്.
ആകപ്പാടെ അന്തം വിട്ട്, വന്ന വഴിയറിയാതെ ഞാൻ സാഹിബിന്റെ പിന്നാലെ നടന്നു. ആ ഹാളിലെ വലിയ മേശയിലേക്ക് വൃത്തിയിൽ വേഷം ധരിച്ച രണ്ട് സ്ത്രീകൾ ഭക്ഷണ തളികകൾ കൊണ്ടുവച്ചു. അവിടുത്തെ ബെയിസിനിൽനിന്ന് എന്നോട് കൈ കഴുകാൻ പറഞ്ഞ് സാഹിബ് എങ്ങോട്ടോ പോയി. കൈ കഴുകി ഞാനാ മേശക്കുമുമ്പിൽ അമ്പരന്നുനിന്നു. ഭക്ഷണ തളികകൾ പിന്നെയും വന്നുകൊണ്ടിരുന്നു. ആ സ്ത്രീകൾ എന്നെ നോക്കി ചിരിച്ചു. എന്നോട് പേരു ചോദിച്ചു. അവരോട് പേരു പറഞ്ഞ്, സ്വർഗത്തിലെ ആദ്യ അത്താഴത്തിനുമുമ്പിൽ ഞാൻ കൊതിനീരിറക്കി കാത്തുനിന്നു.
പിന്നെയും പിന്നെയും അവർ കൊണ്ടുവെക്കുന്ന വിഭവങ്ങളിലേക്ക് നോക്കി, ഭൂമിയിലെ ഭക്ഷണസ്വർഗങ്ങളുടെ സുഗന്ധങ്ങളിൽ മുഴുകിനിൽക്കുമ്പോൾ, ഞാൻ സെന്തിലിനെ ഓർത്തു. അവന്റെ കീശയിലെ റബ്ബർക്കുരുവിനെ ഓർത്തു, അതിന്റെ കയ്പും ചവർപ്പും നൊട്ടിനുണയുന്ന അവൻ ഈ ഭക്ഷണസ്വർഗം കണ്ടെങ്കിൽ എന്താവും സ്ഥിതി എന്നോർത്ത് ഞാൻ ഉള്ളിൽ ചിരിച്ചു. പക്ഷേ ആ ചിരിക്ക് കണ്ണീരിന്റെ മഴത്തണുപ്പുണ്ടായിരുന്നു. എട്ടാം ക്ലാസുകാർക്ക് ചോറില്ല എന്നറിഞ്ഞപ്പോൾ അവൻ അലറിവിളിച്ചോടിയ സ്‌കൂൾ മുറ്റം ഞാൻ കണ്ടു. അവന്റെ ശബ്ദം ഞാൻ കേട്ടു.
ചിത്രവിളക്കുകൾ പ്രകാശം പരത്തിനിന്ന ആ വലിയ മേശയിലെ കൊതിയൂറുന്ന അനേകം വിഭവങ്ങൾക്ക് മുമ്പിൽ, അല്ല, അതിന്റെ മുകളിൽ വക്കുപൊട്ടിയ അലുമിനിയ പാത്രം പിടിച്ച് ഉച്ചച്ചോറിനായി നെഞ്ചുപൊട്ടി വിലപിക്കുന്ന സെന്തിലെന്ന കൂട്ടുകാരൻ നിറഞ്ഞുനിന്നു. അവൻ ഓരോ വിഭവങ്ങളിലും കയ്യിട്ടു വാരി തന്റെ പാത്രം നിറയ്ക്കുന്നത് ഞാൻ കണ്ടു. ഉച്ചച്ചോറ് ഇല്ലാതായപ്പോൾ പഠിത്തം നിർത്തിപ്പോയ എന്റെ കൂട്ടുകാരെ ഒന്നാകെ ഞാനപ്പോൾ കണ്ടു. ഞങ്ങൾക്ക് ഈ ഭക്ഷണങ്ങളൊക്കെ നിഷേധിച്ച പടച്ചോനെ, മനുഷ്യപുത്രനെ, മാരിയമ്മനെ, സകല ദൈവങ്ങളെയും ഞാനെന്റെയുള്ളിൽ തെറിവിളിച്ചു.
ഞാനാ കസേരകളിലൊന്നിലിരുന്നു. മുമ്പിൽ കണ്ട ചോറ്റുതളികയിൽ നിന്ന് ചോറുവിളമ്പി ഒരു പാത്രത്തിലേക്കിട്ടു. കൈത്തുമ്പിൽ കണ്ട കറിപ്പാത്രത്തിൽനിന്ന് കറിയെടുത്ത് ചോറിലേക്കൊഴിച്ചു. ഞാനതുവരെ കഴിക്കാത്ത ആട്ടിറച്ചിയുടെ കറിയായിരുന്നു അത്. സ്ഥലകാലങ്ങൾ മറന്ന് ഞാനാ കറിയിലെ ഇറച്ചിക്കഷ്ണങ്ങളെല്ലാം എന്റെ ചോറ്റുപാത്രത്തിലേക്ക് കോരിയിട്ടു.
എനിക്കുമുമ്പിൽ ആ സ്ത്രീകൾ അന്തം വിട്ടുനിന്നു. അവർ അവിടുത്തെ വേലക്കാരികളാണെന്ന് എനിക്കറിയില്ലായിരുന്നു. അവർ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും ഇറച്ചി കടിച്ചുവലിക്കുന്ന എന്റെ മൃഗഭാവത്തിലമ്പരന്ന്, പരിഭ്രമിച്ച് അവരെന്നെ നോക്കി. ഞാനും അവരെ പോലെ ആ വീട്ടിലേക്ക് വേലക്ക് വന്നവനാണെന്ന് അവർക്കും അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ എന്നെ അവിടുന്ന് അന്ന് പിടിച്ചു വലിച്ച് താഴെയിടുമായിരുന്നു എന്ന് അവർ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.
എല്ലാവരും വന്നിരുന്നിട്ട് വേലക്കാരികൾ ഓരോരുത്തർക്കായി ഭക്ഷണം വിളമ്പിത്തരും എന്നെനിക്കറിയില്ലായിരുന്നു. വരാനുള്ളവർ ആ വീട്ടിലെ കുട്ടികളാണെന്നോ, അവിടുത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതുപോലത്തെ മറ്റ് രണ്ടിടത്ത് രണ്ട് തീൻ മേശകളുണ്ടെന്നോ, അവിടെ ഇതിലും മികച്ച വിഭവങ്ങൾ വിളമ്പി വെച്ചിട്ടുണ്ടെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു.
എനിക്ക് വിശപ്പായിരുന്നു.
ഞാൻ തന്നെ വിശപ്പിന്റെ ആൾരൂപമായിരുന്നു.
വിശപ്പിന്റെ വികാരവിചാരങ്ങളും ബോധങ്ങളും ബോധ്യങ്ങളും ഞാൻ തന്നെയായിരുന്നു. ഞാനവരെ നോക്കാതെ ഓരോ ഇറച്ചിക്കണ്ടവും ആർത്തിയോടെ കടിച്ചുചവച്ചു. കൊതി കാരണം, രുചി കാരണം, ചെറിയ തുണ്ടുകൾ ചവയ്ക്കാതെ തന്നെ വിഴുങ്ങി. വിളമ്പിയ ചോറ് അതേപടി പാത്രത്തിൽ കിടന്നു.
ഞാനെന്ന ജന്തുവിനെ വേലക്കാരികൾ നോക്കിനിന്നു. ഞാനെന്ന ജന്തു ഇരുന്ന കസേര ആ കുട്ടി ശക്തിയായി വലിച്ചെടുത്തു. കയ്യിൽ പിടിച്ച ഇറച്ചിക്കണ്ടവുമായി ഞാനെന്ന ജന്തു ആ തറയിലേക്ക് ഊരയും കുത്തി വീണു. അവിടം നിറയെ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടി.
അപ്പഴാണ് കുട്ടികൾ ആർത്തലച്ച് അങ്ങോട്ടുവന്നത് .അവർ ഓരോരുത്തരും അന്തം വിട്ട് എന്നെ നോക്കി. ഞാനവരുടെ വസ്ത്രങ്ങളിലെ നിറങ്ങളിലേക്കാണ് നോക്കിയത്. അതിന്റെ ചന്തത്തിലേക്ക്, അത് ധരിക്കാൻ ഭാഗ്യം കിട്ടിയ ജന്മങ്ങളുടെ പ്രസരിപ്പിലേക്ക്, അവരുടെ കണ്ണുകളിലേക്ക്...
എന്റെ വായിൽ ചവക്കാൻ മറന്ന ഇറച്ചിക്കണ്ടം തടഞ്ഞുനിന്നു. വേലക്കാരികൾ ഞാൻ കാലിയാക്കിയ കറിപ്പാത്രത്തിനുപകരം മറ്റൊന്ന് കൊണ്ടുവെച്ചു. കുട്ടികൾ ഓരോരുത്തരായി ആ വലിയ മേശയ്ക്കു ചുറ്റുമുള്ള കസേരകളിലിരുന്നു. തീരെ മെലിഞ്ഞ ഒരു കുട്ടി എന്റെയടുത്തേക്ക് വന്നു. അവന്റെ മുഖത്ത് കണ്ണടയുണ്ടായിരുന്നു. കണ്ണടച്ചില്ലിനപ്പുറം ആ കണ്ണുകൾ കോപം കൊണ്ട് കത്തുന്നത് ഞാൻ കണ്ടു. അവൻ വേലക്കാരികളെ നോക്കി, ‘ഏതാ ഈ ജന്തു? ഇതിനോട് എണീക്കാൻ പറയീ ... '
ഞാനെന്ന ജന്തുവിനെ വേലക്കാരികൾ നോക്കിനിന്നു. ഞാനെന്ന ജന്തു ഇരുന്ന കസേര ആ കുട്ടി ശക്തിയായി വലിച്ചെടുത്തു. കയ്യിൽ പിടിച്ച ഇറച്ചിക്കണ്ടവുമായി ഞാനെന്ന ജന്തു ആ തറയിലേക്ക് ഊരയും കുത്തി വീണു. അവിടം നിറയെ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടി.
വല്ലാതെ വേദനിച്ച ഊരയും തടവി ഞാൻ എഴുന്നേറ്റിരുന്നു. വീഴ്ചയിൽ കയ്യിൽ നിന്ന് തെറിച്ചു പോയ ഇറച്ചിക്കണ്ടം ദേഹത്ത് തട്ടിയ മറ്റൊരു കുട്ടി, അതെടുത്ത് എന്നെ തിരിച്ചെറിഞ്ഞു. എന്റെ നീല കുപ്പായത്തിൽ വന്നു വീണ ഇറച്ചിക്കണ്ടം ഞാൻ എടുത്തു. മാലപ്പടക്കങ്ങൾ പൊട്ടിയമരുന്നതും വീണ്ടും പൊട്ടിത്തുടങ്ങുന്നതും ഞാനറിഞ്ഞില്ല. ജീവിതത്തിൽ ആദ്യമായി കഴിച്ച ആട്ടിറച്ചിയുടെ കൊതിപ്പിക്കുന്ന രുചിയിൽ കുരുങ്ങി, ഒട്ടും ഉളുപ്പില്ലാതെ ഞാനാ ഇറച്ചിക്കണ്ടം വായിലേക്കിട്ടു.
എനിക്ക് വേദന തോന്നിയില്ല. ഒന്നും തോന്നിയില്ല.
അങ്ങനെ വീണുകിടന്ന് പരിഹാസത്തിന്റെ മാലപ്പടക്കങ്ങൾ പൊട്ടിയമരുന്നതു കേൾക്കാൻ ഞാൻ തീർത്തും അർഹനായിരുന്നു. വേലക്കാരികളിൽ ഒരാൾ വന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. ‘മാലപ്പടക്ക’ങ്ങളുടെ ശബ്ദം കേട്ട് സാഹിബ് അങ്ങോട്ട് വന്നു. മൂപ്പരെ കണ്ടതും ചിരിപ്പടക്കങ്ങൾ ഒന്നാകെ വായ മൂടി. എന്താണ് സംഭവിച്ചതെന്ന് സാഹിബ് ഊഹിച്ചിരിക്കണം. എഴുന്നേറ്റുനിൽക്കുന്ന എന്റെ ഊരക്ക് അപ്പോഴും നല്ല വേദനയുണ്ട്. എന്നിട്ടും ഞാനെന്തുകൊണ്ട് കരയുന്നില്ല എന്ന് ഞാനത്ഭുതപ്പെട്ടു. ഞാൻ അറിയുകയായിരുന്നു, രണ്ടു ദിവസം കൊണ്ട് ഞാൻ വല്ലാതെ മാറിപ്പോയെന്ന്. എന്തിനും ഏതിനും നെഞ്ച് കനക്കുന്ന, തൊണ്ടയിടറുന്ന പഴയ അബ്ബാസല്ല ഞാനെന്ന്.
കാലങ്ങൾക്കുശേഷം അതേനഗരത്തിലെ വിജയാ ഹോസ്പിറ്റലിൽ ഉന്മാദ പെരുക്കങ്ങളുമായി ഷോക്ക് ട്രീറ്റ്‌മെൻറ് കാത്തുകിടക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ട എൻറെ കുട്ടിത്തം ആ ഹാളിൽ വീണുചിതറിയത് ഞാൻ കണ്ടു. തെറിച്ചുവന്ന ഇറച്ചിക്കണ്ടം പിടിച്ചെടുത്ത് എന്നെ തിരിച്ചെറിഞ്ഞ, പെൺകുട്ടിയെ ഞാൻ കണ്ടു. അവളുടെ മുഖത്തെ പരിഹാസത്തെ, ക്രൂരമായ ആനന്ദത്തെ ഞാൻ കണ്ടു.
വിജയൻ ഡോക്ടർ എന്നോട് ചോദിക്കുകയാണ്, ‘കാതിൽ അശരീരി പോലെ വല്ലതും കേൾക്കുന്നുണ്ടോ? '
എണ്ണിത്തിട്ടപ്പെടുത്താനാവാത്തവണ്ണം പറഞ്ഞുമടുത്ത അതേ ഉത്തരം ഞാൻ ആവർത്തിക്കുകയാണ്, ‘ഇല്ല ഡോക്ടർ.’
‘ആരെങ്കിലും ആക്രമിക്കാൻ വരുമ്പോലെ തോന്നുന്നുണ്ടോ? '
‘ഇല്ല ഡോക്ടർ '
ഞാൻ കേട്ടത് അശരീരിയല്ല, അവളെന്നെ തിരിച്ചെറിഞ്ഞ ഇറച്ചിക്കണ്ടം വായിലിട്ട് ചവയ്ക്കുമ്പോൾ അവളുടെ മുഖത്ത് കണ്ട അറപ്പിനെ, ചുണ്ടിൽ നിന്ന് ചിതറിയ പരിഹാസത്തിന്റെ ആ ചിരികളെയായിരുന്നു. മനുഷ്യ മനസെന്ന അത്ഭുതത്തെ അറിയാനാവാത്ത ആ മനോരോഗ വിദഗ്ദൻ കേസ് ഷീറ്റിൽ എനിക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റിന് കൈയൊപ്പ് ചാർത്തുകയായിരുന്നു.
വിജയൻ ഡോക്ടറുടെ വെളുത്ത സഫാരി സ്യൂട്ടിലേക്ക് ഇറച്ചിക്കണ്ടത്തിന്റെ ചോര നിറം പടരുന്നത് കണ്ട് ഞാൻ കണ്ണടക്കുമ്പോൾ, പുറത്ത് ...നഗരം അലറി വിളിച്ചു. നഗരഭ്രാന്തുകൾ തുണിയുരിഞ്ഞിട്ട് ഓടുന്നത് ഞാൻ ഉൾക്കണ്ണിൽ കണ്ടു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.