ചിത്രീകരണം: ദേവപ്രകാശ്​

ആയിരം ബലിമൃഗങ്ങളുടെ ദൈന്യം നിറഞ്ഞ
എന്റെ ഉമ്മാന്റെ മുഖം

വെറും മനുഷ്യർ- 18


എന്റെ മുമ്പിൽ ഒടുക്കത്തെ അന്നം തടഞ്ഞ തൊണ്ടയുമായി ഒരു ബലിമൃഗം അലറി കരഞ്ഞു. അതിന്റെ കണ്ണുകളിൽ മരണംപോലും തോറ്റു പോവുന്ന ഭയത്തിന്റെ കറുപ്പ് തിരയടിച്ചു.

നോമ്പുപെരുന്നാള് പോലെയല്ല ഹജ്ജ് പെരുന്നാള്.
നോമ്പുകാലത്തിന്റെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമൊക്കെ കഴിഞ്ഞെത്തുന്ന പെരുന്നാൾ ദിവസം അത്ര വലിയ സന്തോഷം ഒന്നും തരാറില്ല. രണ്ടുമാസം കഴിഞ്ഞ് എത്തുന്ന ഹജ്ജ് പെരുന്നാൾ ഉത്സവത്തിന്റെതാണ്.
അന്ന് വീടാകെ ഉത്സാഹമായിരിക്കും. ചിലപ്പോൾ പുതുവസ്ത്രം കിട്ടിയെന്നും വരും. തക്ബീർ വിളികളോടെ പുലരുന്ന ആ ദിവസം തല നിറയെ എണ്ണ തേച്ച് കണ്ണുകളിൽ ഒലിച്ചെത്തിയ എണ്ണനീറ്റലുമായി വലിയ കുളത്തിലേക്ക് കുളിക്കാൻ ഓടാം ... ഒരു പറ്റം കുട്ടികൾ മറച്ച കുണ്ടികളും മറയ്ക്കാ​ കുണ്ടികളുമായി ഓടിച്ചെന്ന് കുളത്തിന്റെ പാട വരമ്പിൽനിന്ന് എടുത്തു ചാടും.
പെരുംചിലമ്പ് നിവാസികൾ ഒന്നാകെ കുളിക്കുന്ന കുളമായതിനാൽ അതിൽ പായൽ ഉണ്ടാവില്ല. താമരമൊട്ടുകൾ സൂര്യനെ കാത്ത് കൂമ്പി നിൽക്കുന്നുണ്ടാവും മൂന്നു റൗണ്ട് അക്കരെയിക്കരെ നീന്തിക്കഴിയുമ്പോൾ കണ്ണുകൾ ചുവക്കും. അന്നത്തെ ദിവസത്തിനായി മാത്രം കിട്ടുന്ന വാസനസോപ്പ് ദേഹമാകെ പതപ്പിച്ച് ഒന്നുകൂടി മുങ്ങി നിവർന്നാൽ എല്ലാ കുണ്ടികളും ആർപ്പുവിളിച്ചു കൊണ്ട് തിരികെ ഓടും. ഓട്ടത്തിനിടയിൽ മറിഞ്ഞു വീഴുന്നവർക്ക് വീഴാം... ആരും തിരിഞ്ഞു നോക്കില്ല അതാണ് പെരുന്നാൾ നീതി.
വീടെത്തിയാൽ ഉപ്പ കുമാരപുരം ചന്തയിൽ നിന്ന് വാങ്ങിയ പുതുമണമുള്ള ഒറ്റമുണ്ടും കുപ്പായവും ധരിച്ച് അത്തറും പൂശി പള്ളിയിലേക്ക് പറക്കും. അവിടെ വരാന്തയിൽ പായസച്ചെമ്പിൽ ചൂടുള്ള അരിപ്പായസം കാത്തിരിക്കുന്നുണ്ടാവും. തക്ബീർ വിളികളുടെ ആ അന്തരീക്ഷത്തിൽ മധുരപ്പായസത്തിന്റെ ഗ്ലാസും പിടിച്ച് ഞാൻ നിൽക്കും. അതിനിടെ ഞാൻ പറഞ്ഞ സമയം കണക്കാക്കി തങ്കരാജും ശെന്തിലും അവിടെ വന്നെത്തും. അവർക്കും കിട്ടും വലിയ സ്റ്റീൽ ക്ലാസുകളിൽ അരി പായസം. അവരോടൊപ്പം പെരുന്നാൾ പുലരിയിൽ പാതവക്കിലിരുന്ന് കുടിച്ച ആ അരിപ്പായസം ഇപ്പോഴും നാവിൽ മധുര സൗഹൃദമായി ഊറി നിൽക്കുന്നുണ്ട്.
കാലങ്ങൾക്കുശേഷം ഞാൻ സെന്തിലിനെ കണ്ടുമുട്ടിയപ്പോൾ അവൻ ആദ്യം ഓർത്തെടുത്തത് ഈ പായസപ്പുലരികളാണ്.

പായസം കുടിച്ചു കഴിഞ്ഞാൽ അവർ തിരികെ ഓടും. ഞാൻ പള്ളിയിൽ കയറി തക്ബീർ വിളികളിൽ പങ്കാളിയാവും. പലതരം അത്തറിന്റെ ഗന്ധങ്ങൾ പള്ളിക്കുള്ളിൽ കോക്ക്ടൈലായി നിറഞ്ഞു നിൽക്കും.
പെരുന്നാൾ ഖുതുബയും നമസ്‌കാരവും കഴിഞ്ഞാൽ വീട്ടിലെ പായസം റെഡിയായിട്ടുണ്ടാവും. ശർക്കര പായസമാണ്. അത് ഞങ്ങൾക്ക് കൃത്യം ഓരോ ഗ്ലാസ് വീതം വിളമ്പാൻ പാകത്തിൽ ഉമ്മ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടും. അക്കാലത്തൊന്നും എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ഈദ് മുബാറക് പറയുന്ന ശീലമുണ്ടായിരുന്നില്ല. പാലൈവനം ഉസ്താദ് മാസ്റ്ററെ മാത്രം കെട്ടിപ്പിടിക്കുന്നതും ഇരുകവിളിലും മാറിമാറി മുത്തം വെക്കുന്നതും കാണാം. മാസ്റ്ററുടെ കൈ ചുരുട്ടിപ്പിടിച്ച നൂറിന്റെ നോട്ടുകളുമായി പാലൈവനത്തിന്റെ കുപ്പായക്കീശയിലേക്ക് നീളുന്നതും കാണാം. പണം കൊടുത്ത് വാങ്ങുന്ന ആ മുത്തങ്ങൾ മാസ്റ്റർക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഉച്ചചോറിന് വീടിന്റെ നടുത്തളത്തിൽ ഒന്നിച്ചാണ് ഇരിക്കാറ്. എല്ലാ പാത്രങ്ങളിലേക്കും ഉമ്മ ചോറുവിളമ്പും. പെരുന്നാളിന് അറുക്കാനായി വളർത്തിയ കോഴിയുടെ ഏറിയപങ്കും ഉമ്മ വിളമ്പി വെച്ചിട്ടുണ്ടാകും. ഉപ്പയും ഞങ്ങൾ എഴ് ആൺമക്കളുമാണ് ആ വട്ടത്തിലിരുന്ന് ചോറ് തിന്നാറ്. ഉമ്മയും മൂന്ന് പെങ്ങമ്മാരും ഞങ്ങൾ തിന്നുകഴിഞ്ഞിട്ട് അടുക്കളയിൽ ഇരുന്നാണ് ചോറ് തിന്നുന്നത്. അവരുടെ കറിപ്പാത്രത്തിൽ കോഴിയിറച്ചിയുടെ ഓർമ്മയ്ക്കായി ഒന്നോ രണ്ടോ എല്ലിൻ തുണ്ടുകൾ മാത്രം ഉണ്ടാവും.

അനിയൻ ആ വട്ടത്തിലിരുന്ന് കറി ഒഴിക്കാത്ത തേങ്ങാച്ചോറ് തിന്നും. അതുവരെ ഞങ്ങളുടെ കൂടെ ജീവിച്ച കോഴിയെ അറുക്കുന്നതും അതിന്റെ ഇറച്ചി തിന്നുന്നതും അവന് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല.

അനിയൻ ആ വട്ടത്തിലിരുന്ന് കറി ഒഴിക്കാത്ത തേങ്ങാച്ചോറ് തിന്നും. അതുവരെ ഞങ്ങളുടെ കൂടെ ജീവിച്ച കോഴിയെ അറുക്കുന്നതും അതിന്റെ ഇറച്ചി തിന്നുന്നതും അവന് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. തലേന്ന് രാത്രിയിൽ അവൻ ആരും കാണാതെ ആ കോഴിയെ അഴിച്ചുവിട്ടതാണ്. പക്ഷേ അത് വീടിനു ചുറ്റും കറങ്ങി കറങ്ങി മൂത്ത ഏട്ടന്റെ കൈയ്യിൽ ഒതുങ്ങി പാലൈവനത്തിന്റെ കത്തിക്ക് കഴുത്ത് നീട്ടിക്കൊടുക്കുക തന്നെ ചെയ്യും. അനിയൻ ആദ്യം ഉറക്കെ കരഞ്ഞ് പിന്നെയത് തേങ്ങലായി മാറി നിറകണ്ണുകളോടെ ഇരുന്ന് ചോറ് തിന്നും.
ഞങ്ങളെല്ലാവരും അവനെ കളിയാക്കുമ്പോൾ അവന്റെ തേങ്ങൽ പിന്നെയും കരച്ചിലായി മാറും. ഉമ്മ അവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കിട്ടുന്ന കോഴിയിറച്ചിക്കറി വേണ്ടെന്ന് വെക്കാൻ അവന് എങ്ങനെ കഴിയുന്നുവെന്ന് ഞാൻ അത്ഭുതപ്പെടും. ഉമ്മാക്ക് ഗാന്ധിജിയെ കുറിച്ച് വലിയ പിടിപാട് ഒന്നുമില്ലെങ്കിലും അവന്റെ കരച്ചിൽ ഉച്ചത്തിലാവുമ്പോൾ ഉമ്മ അവനോട് പറയും; ‘‘ന്റെ കുട്ടി കരയണ്ട. ഇ ജ്ജ് വല്താവുമ്പോ കാന്ധിയേക്കാളും വല്യ കാന്തിയാവും.''

ഉച്ചചോറിന്റെ സമയം കഴിഞ്ഞാൽ അറവ് തുടങ്ങും. മാസ്റ്ററുടെ വീട്ടിലും പള്ളിമുറ്റത്തും വേളിമല എസ്റ്റേറ്റിലും അറവുമൃഗങ്ങൾ ഒടുക്കത്തെ പുല്ല് തിന്നുന്നുണ്ടാവും. അവരുടെ ജീവനെടുക്കാനുള്ള കത്തി ആരൊക്കെയോ മൂർച്ച കൂട്ടുന്നുണ്ടാവും. മൂന്നിടത്തും ബലിമൃഗത്തിന്റെ ജീവനെടുക്കുന്നത് പാലൈവനം ഉസ്താദാണ്. അതിന് മൂന്നിടത്ത് നിന്നും മൂപ്പർക്ക് പണവും കിട്ടും. പെരുന്നാളിന് എല്ലാ വീടുകളിൽ നിന്നും മൂപ്പർക്ക് ചെറിയ ചെറിയ പാരിതോഷികങ്ങൾ പണമായി കിട്ടും. ഈ പണവും മൂന്നിടത്ത് നിന്നും കിട്ടുന്ന ബലിമൃഗത്തിന്റെ ഇറച്ചിയും കൊണ്ടാണ് വൈകുന്നേരം മൂപ്പർ നാട്ടിലേക്ക് പോവുക.

ആദ്യത്തെ അറവ് പള്ളിയിലാണ്. ഒരിക്കൽ മാത്രം അത് കണ്ടുനിന്ന എന്റെ ഉള്ളിൽ ആ ചോരക്കളം ഭയത്തിന്റെ കരിമ്പടം നിവർത്തിയിട്ടതിനാൽ പിന്നീടൊരിക്കലും ഞാൻ അങ്ങോട്ടുപോയില്ല. ദൂരെ മാറിനിന്ന് ആ ബഹളങ്ങൾ കേൾക്കും. കാൽച്ചുവട്ടിലൂടെ ചോരയുടെ ചുവപ്പ് ഒഴുകുന്നുണ്ടോ എന്ന് നോക്കും. രണ്ടാമത്തെ അറവ് മാസ്റ്ററുടെ തൊടിയിലാണ്. അവിടെയും ആൾക്കൂട്ടമുണ്ടാവും. മൂന്നാമത്തെതും ഒടുക്കത്തേതുമായ അറവ് വേളിമലയിലാണ്. എസ്റ്റേറ്റ് മാനേജറുടെ വീടിന്റെ പിറകു വശത്താണ് ആ ചോരക്കളം എന്ന അറിവ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
പള്ളിയിലെ ഇറച്ചിക്ക് ടോക്കൺ ഉണ്ട്. തേക്കിലയിൽ പൊതിഞ്ഞു കിട്ടുന്ന ആ ഇറച്ചിക്കായി ടോക്കണും പിടിച്ച് ആളുകൾ നിൽക്കും. മാസ്റ്റർ അടക്കം അത്യാവശ്യം സമ്പന്നർക്കൊന്നും ടോക്കൺ ആവശ്യമില്ല. അവർക്കുള്ള ഓഹരി ആദ്യംതന്നെ മാറ്റിവെക്കും. പിന്നെ മഹല്ല് കമ്മറ്റി പ്രസിഡണ്ട് സെക്രട്ടറി ഖജാൻജി അങ്ങനെ കുറെ ആളുകളും വരി നിൽക്കാതെ തന്നെ ഇറച്ചി വാങ്ങും.
നമ്പർ വിളിക്കുന്നതും കാത്ത് വരിനിൽക്കുന്നവരിലധികവും കുട്ടികളായിരിക്കും. അവരുടെ വായിൽ ഇറച്ചിയുടെ കൊതിനീര് ഊറും. അന്തരീക്ഷത്തിൽ മസാലയോടൊപ്പം വേവുന്ന ഇറച്ചിയുടെ ഗന്ധം ശ്വസിച്ച് വെയിലറിയാതെ സമയമറിയാതെ അവർ നിൽക്കും .തങ്ങളുടെ ഊഴം എത്തുമ്പോൾ പൊതിഞ്ഞു കിട്ടിയ ഇറച്ചിയുമായി വീടുകളിലേക്ക് ഓടും. പുതു വസ്ത്രത്തിൽ രക്തക്കറ പുരളും. എത്ര കഴുകിയാലും പോവാതെ കൊല്ലത്തിൽ ഒരിക്കൽ കിട്ടുന്ന ഇറച്ചിയുടെ ഓർമയായി ആ രക്തക്കറ അടയാളപ്പെട്ടു കിടക്കും.

മാസ്റ്ററുടെ തൊടിയിലെ ഇറച്ചി വിതരണം ടോക്കൺ വിളിച്ചല്ല. ബലിമൃഗത്തിന്റെ തോല് നീക്കി ഇറച്ചി വെട്ടി കൂട്ടി ഇട്ടുകഴിഞ്ഞാൽ മൂപ്പർക്കു തോന്നുന്ന ആളെ ആദ്യം വിളിക്കും. എന്നിട്ട് ഇത്ര പിടി ഇറച്ചി എന്ന് പണിക്കാരോട് പറയും .അത്രയും പിടി ഇറച്ചി ആ ഭാഗ്യവാന് ലഭിക്കും. അവിടെ അച്ചടക്കത്തോടെ ഇറച്ചി കാത്ത് നിൽക്കുന്നത് മുതിർന്നവരും സ്ത്രീകളുമാണ്. ആളുടെ മുഖവും താനുമായുള്ള ബന്ധവും നോക്കിയാണ് മാസ്റ്റർ പിടി കണക്ക് പറയാറ്. ഓരോരുത്തരും തങ്ങളുടെ മുഖത്ത് മാസ്റ്റർ കാണാൻ പാകത്തിൽ കഴിയുന്നത്ര ദൈന്യം വരുത്തി കാത്തുനിൽക്കും.
വേളിമലയിലെ ഇറച്ചി വിതരണം രാത്രിയാണ്. ഇറച്ചി വെട്ടുന്നിടത്ത് പെട്രോൾ മാക്‌സുകൾ എരിയുന്നുണ്ടാവും. ഇരുട്ട് പുതച്ചുനിൽക്കുന്ന അന്തരീക്ഷത്തിൽ ചോരയുടെ മണമുണ്ടാവും. അവിടെയും സമ്പന്നർക്കും പളളിയുമായി ബന്ധപ്പെട്ടവർക്കും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. അവരുടെ വീടുകളിലേക്ക് ഇറച്ചി പൊതികൾ പണിക്കാർ കൊണ്ടുകൊടുക്കും. മറ്റുള്ളവർ കാത്തുനിൽക്കും. ആദ്യത്തെ അഞ്ചാളുകൾക്ക് കൊടുത്ത് കഴിഞ്ഞാൽ അടുത്ത അഞ്ചാളുകൾ വെളിച്ചത്തിലേക്ക് നീങ്ങി നിൽക്കും.രാവിരിട്ടിലൂടെ ഓലച്ചൂട്ടുകൾ ഇറച്ചി പൊതികൾക്ക് വഴി കാണിച്ച് മുമ്പേ നടക്കും. ആ പാതകളിൽ ദിവസങ്ങളോളം ബലിമൃഗത്തിന്റെ ചോര പെരുന്നാൾ ഓർമയായി തെളിഞ്ഞു കിടക്കും.
എസ്റ്റേറ്റിലെ ഇറച്ചിവരിയിലേക്ക് മൂത്ത ഏട്ടനും പള്ളിയിലെ ഇറച്ചി വരിയിലേക്ക് അനിയനും മാസ്റ്ററുടെ വീട്ടിലെ ഇറച്ചി വരിയിലേക്ക് ചെറിയാക്കയുമാണ് സാധാരണ പോവാറ്. അത്തവണ മാസ്റ്ററുടെ വീട്ടിലെ ഇറച്ചി വരിയിലേക്ക് ചെറിയാക്ക പോയില്ല. അവനും സാജിദയുമായുള്ള പ്രണയം നാട്ടിലാകെ മാസ്റ്റർക്ക് അപമാനമായി മാറി കഴിഞ്ഞിരുന്നു. സത്യത്തിൽ എല്ലാവരും പോവാൻ വിസമ്മതം അറിയിച്ചപ്പോഴാണ് ഞാൻ പോയത്. പോയതല്ല, ഉമ്മ എന്നെ പറഞ്ഞയച്ചതാണ്.
‘‘കൊല്ലത്തില് ഒരിക്കല് കിട്ട്ണ്ട ഒളുഅത്ത് എറച്ചിയല്ലേ ... അദെന്തിനാ മാണ്ടാന്ന് വെക്ക്ണ്ടത്?''

എനിക്ക് വേദന തോന്നിയില്ല. ഒന്നും തോന്നിയില്ല. എന്റെ മുമ്പിൽ ഒടുക്കത്തെ അന്നം തടഞ്ഞ തൊണ്ടയുമായി ഒരു ബലിമൃഗം അലറി കരഞ്ഞു. അതിന്റെ കണ്ണുകളിൽ മരണംപോലും തോറ്റു പോവുന്ന ഭയത്തിന്റെ കറുപ്പ് തിരയടിച്ചു.

അത് ശരിയാണെന്ന് എനിക്കും തോന്നി. ഞാൻ ചെല്ലുമ്പോൾ ഇറച്ചി വെട്ടുന്നിടത്ത് നിറയെ മനുഷ്യരായിരുന്നു. മൂന്നിടത്തും മുസ്‌ലിംകൾക്കാണ് ഇറച്ചി കൊടുത്തിരുന്നത്. ബാക്കിയാവുന്ന എല്ലും കുടൽമാലയും മറ്റ് വേസ്റ്റുകളും വാങ്ങാൻ ഒരുപാട് അമുസ്‌ലിംകൾ മൂന്നിടത്തേക്കും ചെല്ലുമായിരുന്നു. മാസ്റ്ററുടെ തൊടിയിലെ ആൾക്കൂട്ടത്തിൽ ശെന്തിലിന്റെയും കുമുദത്തിന്റെയും അപ്പൻമാർ ഉണ്ടായിരുന്നു. എനിക്ക് മുഖം അറിയാത്ത കുറേ പേർ അവരുടെ ഒപ്പം വേറെയും ഉണ്ടായിരുന്നു. ആ മുഖങ്ങളിലൊക്കെ ദൈന്യത ചമയങ്ങളണിയാതെ തെളിഞ്ഞുതന്നെ നിന്നിരുന്നു.

മാസ്റ്റർ ഓരോരുത്തരെയായി പേരുവിളിച്ചു. പേര് വിളിക്കപ്പെട്ട ഭാഗ്യവാൻമാർ മാസ്റ്റർക്ക് സലാം ചൊല്ലി ഇറച്ചിയും വാങ്ങി സന്തോഷത്തോടെ മടങ്ങിപ്പോയി. നാലഞ്ച് പേർ വാങ്ങിക്കഴിഞ്ഞപ്പോൾ മാസ്റ്ററുടെ കണ്ണുകൾ ആൾക്കൂട്ടത്തെയാകെ തൊട്ടുഴിഞ്ഞു. കുറച്ചുമാറി സെന്തിലിനോടൊപ്പം നിന്ന എന്റെ മുഖത്ത് ആ നോട്ടം തറഞ്ഞുനിന്നു. മാസ്റ്റർ അർളോസിനോട് എന്തോ ചെവിയിൽ പറഞ്ഞു. പറയുന്നത് ഞാൻ കേട്ടില്ലെങ്കിലും അത് എന്നെ കുറിച്ചാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മൂന്നുപേർ കൂടി ഇറച്ചി വാങ്ങി കഴിഞ്ഞപ്പോൾ അർളോസ് എന്നെ മാടി വിളിച്ചു. ഞാൻ സന്തോഷത്തോടെ ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി അങ്ങോട്ട് ചെന്നു.
എനിക്കുമുമ്പിൽ അറവുമൃഗത്തിന്റെ തോലിൽ ഇറച്ചി കൂനയായി കിടന്നു. അവസാനമായി തിന്ന പുല്ലിന്റെ പച്ചപ്പും വായിൽ പിടിച്ച് അറുത്ത് മാറ്റപ്പെട്ട പോത്തിൻ തല അതിന്റെ തുറിച്ച കണ്ണുകളുമായി എന്നെ നോക്കി.
‘ഇജ് കൊച്ചാക്കാന്റെ മോനല്ലേ ...?'
മാസ്റ്റർ എന്നോടായി ചോദിച്ചു. മരണം തൊട്ടപ്പോൾ വായിൽ തടഞ്ഞ് നിന്ന പുല്ലുമായി രണ്ട് കണ്ണുകൾ എന്നെ നോക്കി. അന്തരീക്ഷത്തിന് ചോരയുടെ മണമായിരുന്നു.

‘അന്റെ കുടീന്ന് മൂത്തോരാരും വന്നീലേ ...?'
ഇല്ല എന്ന് ഞാൻ തലയാട്ടി.
‘വെരൂലടാ... ഇന്റെ മുറ്റത്ത് വന്നുനിക്കാൻ ആ നായിന്റെ മോന് അണ്ടിയൊറപ്പ് ണ്ടാവൂല ...'
മാസ്റ്ററുടെ ഒച്ച നിന്നപ്പൊ ചുറ്റും മരണത്തണുപ്പുള്ള ശാന്തത പരന്നു. എന്റെ തല ഒന്നുകൂടി കുനിഞ്ഞു. ആ ഒച്ച കേട്ട് വീടിനകത്ത് ഒരു പെൺമനസ് ഞടുങ്ങിയിരിക്കണം. മരണം തൊട്ട കണ്ണുകളുമായി പോത്തിൻ തല എന്നെ നോക്കി.
‘മണ്ടടാ ... നായിന്റെ മോനേ ...'
അതൊരു അലർച്ചയായിരുന്നു. ഇറച്ചി വെട്ടുന്ന പണിക്കാരന്റെ കയ്യിലെ കത്തി ആ അലർച്ചയിൽ നിലത്തേക്ക് വീഴുന്ന ശബ്ദം ഞാൻ വ്യക്തമായും കേട്ടു.
മറ്റ് ശബ്ദങ്ങളൊന്നും ഇല്ലാത്ത ആ അന്തരീക്ഷത്തിലൂടെ ബലിമൃഗത്തിന്റെ തോലിൽ നിന്ന് നീണ്ടുകിടന്ന വാലിൽ ചവിട്ടാതെ ഞാൻ തല താഴ്ത്തി തിരികെ നടന്നു. എനിക്ക് വേദന തോന്നിയില്ല. ഒന്നും തോന്നിയില്ല. എന്റെ മുമ്പിൽ ഒടുക്കത്തെ അന്നം തടഞ്ഞ തൊണ്ടയുമായി ഒരു ബലിമൃഗം അലറി കരഞ്ഞു. അതിന്റെ കണ്ണുകളിൽ മരണംപോലും തോറ്റു പോവുന്ന ഭയത്തിന്റെ കറുപ്പ് തിരയടിച്ചു. എനിക്ക് പിറകിൽ മാസ്റ്ററുടെ ശബ്ദം ഞാൻ കേട്ടു.
‘ഇത്തറീം ഒക്കെ ആയിട്ടും ഉളുപ്പില്ലാതെ പറഞ്ഞയച്ച്ക്ക്ണു. നായിന്റെ മോൻ ...'
ആ നായിന്റെ മോൻ എന്റെ ഉപ്പയല്ലാന്നും സാജിദാനെ പ്രണയിച്ച എന്റെ ചെറിയാക്ക ആണെന്നും അപ്പോൾ എനിക്ക് മനസിലായില്ല. മക്കൾക്ക് ഒരു നേരത്തെ നല്ല ഭക്ഷണമെന്ന മോഹം ഒളുഹിയത്ത് ഇറച്ചിയുടെ പുണ്യത്തിൽ ഒളിപ്പിച്ചുവെച്ച് മകനെ പറഞ്ഞയച്ച് ഇറച്ചിയും കാത്തിരിക്കുന്ന ഭൂമിയിലെ ഏറ്റവും നിസ്സഹായയായ അമ്മയുടെ മുഖം, എന്റെ ഉമ്മാന്റെ മുഖം ആ അന്തിവെളിച്ചത്തിൽ ഞാൻ കണ്ടു. ആ കണ്ണുകളിലെ ദൈന്യത്തിനുപകരം വെക്കാൻ ആയിരം ബലിമൃഗങ്ങളുടെ ഇറച്ചി മതിയാവുമായിരുന്നില്ല. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments