ചിത്രീകരണം: ദേവപ്രകാശ്

എന്റെ കൊടും ക്രൂരമായ മുറിവുകളിൽനിന്ന്​ ചോദിക്ക​ട്ടെ,
​ഞാൻ ആരുടെ പക്ഷത്താണ്​ നിൽക്കേണ്ടത്​?

വെറും മനുഷ്യർ- 34

ഞാൻ ആ ദരിദ്രനും നിസ്സഹായനുമായ പതിനാലുകാരന്റെ പക്ഷത്ത് നിൽക്കുന്നു. അതുകൊണ്ടുതന്നെയാണ് എനിക്ക് ഹലാൽ ഭക്ഷണത്തിന്റെയും ഹറാം ഭക്ഷണത്തിന്റെയും ഒപ്പം നിൽക്കാൻ പറ്റാത്തത്. അതുകൊണ്ടാണ് എനിക്ക് മതങ്ങളുടെ പക്ഷത്ത് നിൽക്കാൻ പറ്റാത്തത്.

രു വീട്ടുവേലക്കാരനായി ഞാൻ ജീവിച്ച കുറുക്കൻകുണ്ടിലെ ആ ഒന്നര വർഷക്കാലത്തെ കുറിച്ച് മുഴുവൻ എഴുതിയാൽ അതിന് വിലാസിനിയുടെ അവകാശികൾ എന്ന നോവലിനെക്കാൾ വലിപ്പം വരും.

അല്ലെങ്കിലും എന്തിനെ കുറിച്ചൊക്കെയാണ് എഴുതുക?

മദ്യലഹരിയിൽ എന്നെ മുമ്പിൽ പിടിച്ചിരുത്തി മാനുട്ടൻ മറിയാത്തയുമായി ഇണ ചേർന്ന അനേകം നരകക്കാഴ്ചകളെ കുറിച്ചോ? എന്താണ് രതി എന്ന കൃത്യമായ ധാരണയില്ലാതെ രതിയുടെ ഭാഷയെക്കുറിച്ചോ വ്യാകരണത്തെ കുറിച്ചോ ഉന്മാദങ്ങളെ കുറിച്ചോ അറിയാതെ ഉടലാകെ പൊള്ളിപ്പിടഞ്ഞ് ഞാൻ ഇരുന്ന ആ ഇരിപ്പുകളെ കുറിച്ചോ? ആ കാഴ്ചകൾക്കുനേരെ കണ്ണടയ്ക്കുമ്പോൾ ‘കണ്ണ് തൊറന്ന് കാണടാ നായിന്റെ മോനേ' എന്നലറുന്ന മാനുട്ടന്റെ കണ്ണുകളിലെ നിഗൂഢമായ ആനന്ദങ്ങളെ കുറിച്ചോ?

ദാനം കിട്ടിയ എച്ചിൽ തിന്നുന്ന പതിനാലുകാരന്റെ മുഖത്തും നെഞ്ചത്തും മുതുകത്തും വന്നു വീണ തൊഴികളെ കുറിച്ചോ?
മകന്റെ ശമ്പളം വാങ്ങാൻ വന്ന്​ അത് കിട്ടാതെ കുറച്ച് അരിയും തേങ്ങയും ചുമന്ന് കണ്ണീർ മഴകളെ നെഞ്ചിലൊതുക്കി എന്റെ ഉമ്മ നടന്നു പോയ വഴികളെ കുറിച്ചോ?
നോമ്പുകാലത്ത്, മുഴുപ്പട്ടിണിയായ കുട്ടിജീവിതം എന്ന പേരിൽ ചെയ്തു തീർത്ത അറപ്പിക്കുന്ന ജോലികളെ കുറിച്ചോ?

അവർ ഇണ ചേരുന്നത് കണ്ടിരുന്ന അതേ കിടപ്പറയിലെ തറയിലിരുന്ന് അവരുടെ ലൈംഗികാവയവങ്ങൾ കഴുകി വൃത്തിയാക്കേണ്ട ജോലി ചെയ്യുന്ന കുട്ടിയുടെ നിസ്സഹായത കണ്ട് ആനന്ദനിർവൃതിയടഞ്ഞ ആ രണ്ട് മുതിർന്നവരെ കുറിച്ചോ?
പതിനാലാം വയസ്സിൽ ഒരു സ്ത്രീയുടെ ലൈംഗികാവയവം, അവർ ഇണ ചേർന്നതിനു ശേഷം കഴുകി കൊടുക്കേണ്ട ഗതികേടിലായ ഞാനെന്ന കുട്ടിയോട് എന്ത് ലിംഗസമത്വത്തെ പറ്റിയാണ് നിങ്ങൾക്ക് പറയാനാവുക?

നോമ്പുകാലത്ത് ജാരനോടൊപ്പമിരുന്ന് മദ്യപിച്ച് ലക്കുകെട്ട് ഉറക്കെ ഖുർആൻ ഓതുകയും ജാരനോടൊപ്പം എന്നോടും അത് ഏറ്റു ചൊല്ലാൻ പറയുകയും ചെയ്ത അവരുടെ മതബോധത്തെ കുറിച്ച്, അത്തരം മതങ്ങൾ വിഭാവനം ചെയ്യുന്ന ദൈവങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് എന്നോട് പറയാൻ കഴിയുക?

പനി പിടിച്ച് വിറച്ചു തുള്ളുന്ന കുഞ്ഞിനെ വേലക്കാരന്റെ ഒപ്പം കിടത്തി, ദിവസത്തിൽ രണ്ടും മൂന്നും തവണ ജാരനുമായി ഇണചേരുന്ന ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ മാനിക്കാൻ എനിക്ക് ഇന്ന് കഴിയുമെങ്കിലും, അവരിലെ മനുഷ്യത്വം എന്ന ഗുണത്തെ മാനിക്കാൻ കഴിയാത്തതിന് ഏത് കള്ളിയിലാണ് നിങ്ങളെന്നെ പെടുത്തുക ?

സ്ത്രീ വിരുദ്ധതയുടെ കള്ളിയിലോ ?

അതോ ഇതൊക്കെ വെറും ഭാവനയാണ് എന്ന് പറഞ്ഞു നിങ്ങൾ എഴുതിത്തള്ളുമോ? പക്ഷേ എനിക്ക് എന്റെ ജീവിതത്തെ എഴുതിത്തള്ളാൻ കഴിയില്ലല്ലോ?

ചുരുളി സിനിമയിൽ നമ്മൾ കേട്ടു എന്ന് പറയുന്ന തെറി വാക്കുകളേക്കാൾ തെറിയോടെ മാനുട്ടൻ എന്ന മനുഷ്യൻ എന്റെ മുഖം പിടിച്ച് മറിയാത്തയുടെ അരക്കെട്ടിലേക്ക് താഴ്​ത്തി, നക്കടാ നായേന്ന്, പറഞ്ഞ് അലറുമ്പോൾ അതിനെ തടയാതെ കാലുകൾ വിരിച്ചുവെച്ച്, തമാശ ആസ്വദിച്ചുചിരിച്ചത് മറിയാത്ത മാത്രമല്ല, ഒരു പതിനാലുകാരന്റെ ലോകത്തിലെ മുഴുവൻ സ്ത്രീകളുമാണ്.

ഞാൻ ആരുടെ പക്ഷത്താണ് നിൽക്കേണ്ടത്?
മാനുട്ടന്റെയോ മറിയാത്തയുടേയോ ?

ഞാൻ ആ ദരിദ്രനും നിസ്സഹായനുമായ പതിനാലുകാരന്റെ പക്ഷത്ത് നിൽക്കുന്നു. അതുകൊണ്ടുതന്നെയാണ് എനിക്ക് ഹലാൽ ഭക്ഷണത്തിന്റെയും ഹറാം ഭക്ഷണത്തിന്റെയും ഒപ്പം നിൽക്കാൻ പറ്റാത്തത്. അതുകൊണ്ടാണ് എനിക്ക് മതങ്ങളുടെ പക്ഷത്ത് നിൽക്കാൻ പറ്റാത്തത്. അതുകൊണ്ടാണ് ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് നിങ്ങൾ മധുവിനെ അടിച്ചു കൊന്നപ്പോൾ എന്റെ ഉള്ള് പിടഞ്ഞത്. അതുകൊണ്ടാണ് നിങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ തെറികൾ എനിക്ക് തെറികൾ അല്ലാതാവുന്നത്.
പൊലയാടി മോനും ചെറ്റയും കഴുവേറിയും ബ്ലാക്ക് ലിസ്റ്റിൽ പെടുത്തേണ്ട തെറികളാണ് എന്ന ബോധ്യം എനിക്കുതന്നത് പുസ്തകങ്ങളോ മതങ്ങളോ ദർശനങ്ങളോ അല്ല. ജീവിതമെന്ന നീണ്ട ദുരിതമാണ്.

ചുരുളിയിലെ ലോകം ആണിന്റെതാണെന്നും, ആണിന്റെ തെറികളാണ് ആ തെറികളെന്നും ഒരു സ്​ത്രീ ഫേസ്​ബുക്കിൽ എഴുതി കണ്ടപ്പോൾ, ഞാൻ മറിയാത്താനെയും, ഇംഗ്ലീഷ് കദിയാത്താനെയും, ബീക്കുട്ടി മാമാനെയും, ദേവകീ സൈനുവിനെയും ഓർത്തു. അവർ പറയുന്ന പച്ചയും ഉണങ്ങിയതുമായ തെറികളെ ഓർത്തു. മാനുട്ടനുമായി ഇണ ചേരുന്നത് കാണാൻ എന്നെ പിടിച്ചിരുത്തി, ഞാൻ ഓടി പോവാതിരിക്കാൻ വാതിലടച്ച് കുറ്റിയിട്ട്, ഇണചേരലിനിടയിൽ മറിയാത്ത പറഞ്ഞ തെറികളിൽ ഏറിയ പങ്കും പെണ്ണിന്റെ ലൈംഗികാവയവങ്ങൾ തന്നെയായിരുന്നു.

ആരെയാണ് ഞാൻ കുറ്റപ്പെടുത്തേണ്ടത്?
ലൈംഗികാവയവങ്ങളെ തെറിവാക്കുകളാക്കിയ അദൃശ്യമായ സമൂഹത്തെയോ?
ആരാണ് ഈ സമൂഹം ?

ഞാനും നിങ്ങളും മാനുട്ടനും മറിയാത്തയും അടങ്ങിയ ആൾക്കൂട്ടമല്ലാതെ മറ്റെന്താണ് സമൂഹം? സമൂഹ നിർമിതി, സമൂഹത്തിന്റെ തെറ്റ് എന്നൊക്കെ ലാഘവത്തോടെ പറഞ്ഞൊഴിയാൻ നിങ്ങൾക്ക് കഴിയില്ല സമൂഹമെന്നത് നിങ്ങൾ കൂടി ഉൾപ്പെടുന്നതാണ്.

മറിയാത്താന്റെ വീട്ടിൽ വിറക് കൊത്താൻ വന്ന മാരിമുത്തുവുമായി എനിക്ക് പെട്ടെന്ന് സൗഹൃദത്തിലാകാൻ കഴിഞ്ഞത് ഞങ്ങൾക്കിടയിലെ തമിഴുകൊണ്ടു മാത്രമല്ല, പൊരിവെയിലത്ത് ആ മനുഷ്യൻ വിറക് കൊത്തുമ്പോൾ അയാളുടെ ഉറച്ച മാംസപേശികളെ ചൂണ്ടി മാനുട്ടൻ മറിയാത്താനോട് പറഞ്ഞ ആൺബോധത്തിന്റെ നെറികെട്ട തമാശകൾ കൊണ്ടുകൂടിയാണ്.
മാരിമുത്തു വിറക് കൊത്തിയ മൂന്നുദിവസങ്ങളിലും അയാൾക്കൊപ്പം ഇരുന്ന് ഒരുനേരമെങ്കിലും വയറു നിറച്ച് കഞ്ഞി കുടിക്കാൻ എനിക്കും കഴിഞ്ഞു. മാരിമുത്തുവിന് കരുവാട് ഇഷ്ടമല്ലാത്തതിനാൽ അയാളുടെ ഓഹരി കരുവാട് കൂടി എനിക്ക് കിട്ടി. അയാളെന്നോട് എന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഞാൻ ചെയ്തുകൂട്ടുന്ന ജോലിക്ക് ദിവസം അമ്പത് രൂപ കിട്ടിയാലും മതിയാവില്ലെന്ന് എനിക്ക് പറഞ്ഞു തന്നു. പറഞ്ഞുറപ്പിച്ച അഞ്ച് രൂപ തന്നെ ഇതുവരെ കിട്ടിയിട്ടില്ല എന്ന സത്യം ഞാൻ പറഞ്ഞപ്പോൾ മാരിമുത്തു പിറുപിറുത്തു; ‘തിമിറ്...പണം ഇര്ക്ക്തുങ്ക്‌റ തിമിറ്​.’

കടപുഴകിയ നാല് പറങ്കിമാവുകളും മൂന്ന് പൊടുവണ്ണിയും കുറേ കവുങ്ങുകളും നൂറ് രൂപയ്ക്കാണ് അയാൾ അടങ്കലെടുത്തത്. കവുങ്ങും പൊടുവണ്ണിയുമൊക്കെ ആദ്യദിവസം തന്നെ അയാൾ മുറിച്ച് കൊത്തി വിറകുകളാക്കി. പിന്നത്തെ രണ്ടു ദിവസവും നല്ല ഉറപ്പുള്ള പറങ്കിമാവിൽ അയാൾക്ക് അധ്വാനിക്കേണ്ടി വന്നു. പതിനൊന്ന് മണിക്ക് കിട്ടുന്ന ഒരു നേരത്തെ കഞ്ഞി മാത്രം കുടിച്ച് അയാൾ വൈകിട്ട് ആറു മണി വരെ പണിയെടുത്തു. ഇടയ്ക്കിടയ്ക്ക് ധാരാളം പച്ചവെള്ളം കുടിച്ചു.

മൂന്നാംദിവസം ഉച്ചയായപ്പോൾ ചോലയിൽ അലക്കിക്കൊണ്ടിരുന്ന ഞാൻ അയാളുടെ നിലവിളികേട്ട് മുൻവശത്തേക്ക് ഓടിച്ചെന്നു. കൊത്തിയിട്ട വിറകിൽ നിന്ന് ഒരു കൊള്ളി എടുത്ത് മാനുട്ടൻ മാരിമുത്തുവിന്റെ നടുമ്പറത്തും കാലുകളിലും ഉറക്കെ ഉറക്കെ അടിക്കുന്നു.

‘ണാ എടുക്കലയ്യാ... കടവുൾ സത്യമാ നാൺ എടുക്കല.’

അയാളുടെ കറുത്ത മുതുകിൽ അടികൊണ്ട് ചോര പൊടിയുന്നുണ്ടായിരുന്നു. ദയനീയമായി കൈ കൂപ്പുന്നുണ്ടായിരുന്നു.
കാര്യമെന്തെന്നറിയാതെ ഞാൻ അന്തം വിട്ടു നിന്നപ്പോൾ മറിയാത്ത എന്നോട് ചോദിച്ചു; ‘ടാ ഇജ് മാളൂനെ കുളിപ്പിക്കുമ്പം ഓളെ അരഞ്ഞാണം അരയില് ണ്ടായിരുന്നോ? '

ഞാനവരെ മിഴിച്ചു നോക്കി. ഓർക്കാൻ നോക്കി. കുട്ടിയുടെ അരയിൽ സ്വർണത്തിന്റെ അരഞ്ഞാണം ഉണ്ട് എന്നല്ലാതെ അന്ന് അവളുടെ ദേഹത്ത് അത് കണ്ടിരുന്നോ എന്ന് എനിക്ക് ഓർമ്മയില്ലായിരുന്നു.
‘ഇന്ക്ക് ഓർമ്മല്ല’, ഞാൻ പറഞ്ഞു.
‘ഇജ് മുണ്ടരുത്’, മാനുട്ടൻ എന്റെ നേരെ വടിയുമായി വന്നു, ഞാൻ പിന്നോട്ട് മാറി നിന്നു.
‘കൊടുക്കീ നായരുട്ട്യേ രണ്ടെണ്ണം കൂടി, കള്ള നായി സത്യം പറയട്ടെ.’

മാനുട്ടൻ പിന്നെയും മാരിമുത്തുവിനെ അടിച്ചു. കഴുത്തിൽ വീണ അടിയുടെ വേദനയിൽ പുളഞ്ഞ് അയാൾ നിലത്തേക്ക് വീണ്​ ഇരു കൈയും കൂപ്പി ദയനീയമായി പറഞ്ഞു; ‘അയ്യാ... അന്ത മുരുകൻ മേലെ സത്യമാ സൊല്ല്‌റേൻ നാൺ തിരുടലയ്യാ...'
കുട്ടി അയാളുടെ അടുത്തേക്കുപോലും ചെന്നിട്ടില്ല. അയാൾ കുട്ടിയുടെ അടുത്തേക്കും വന്നിട്ടില്ല.
‘ആ കാക്കാനെ തല്ലണ്ടാന്ന് പറയീ മറിയാത്താ...'
ഞാൻ അവരോട് പറഞ്ഞു.
‘അന്റെ ഒര് കാക്ക...', അവരെന്നെ പിടിച്ചുതള്ളി; ‘ഇജും അണ്ണാച്ചി തന്നല്ലേ, അപ്പൊ ഇങ്ങള് രണ്ടാളും കൂടി ഇട്ത്തിട്ട്ണ്ടാവും.’
അവരെന്റെ കവിളത്തടിച്ചു. കണ്ണിലൂടെ പൊന്നീച്ച പാറി. തലയ്ക്കുള്ളിൽ വണ്ടുകൾ മുരണ്ടു. പൊരിവെയിലത്ത് വെറും മണ്ണിൽ കമിഴ്​ന്നുകിടന്ന് മുരുകനെന്ന ആണ്ടവനെ വിളിച്ച് മാരിമുത്തു കരഞ്ഞു. ആ കറുത്ത മുതുകിലെ ചോരത്തുള്ളികൾ വിയർപ്പിൽ കലർന്ന് വാരിയിലൂടെ താഴേക്ക് ഒലിച്ചു. പാമ്പിനെ തല്ലും പോലെ മാനുട്ടൻ കണ്ണടച്ച് അയാളെ തല്ലിക്കൊണ്ടിരുന്നു.
‘മതി നായരുട്ട്യേ...', മറിയാത്ത പറഞ്ഞു.
‘ഇഞ്ഞും തച്ചാ നായിന്റെ മോൻ ചാവും.’

മാനുട്ടൻ നിന്ന് കിതച്ചു. കിതപ്പിനിടയിലും എന്നോട് വെള്ളം കൊണ്ടു വരാൻ പറഞ്ഞു. മാരിമുത്തുവിന് കൊടുക്കാനാവും എന്ന് കരുതി ഞാൻ വേഗം ചോലയിലേക്ക് ഓടി വെള്ളവുമായി വന്നു. വെള്ളത്തിന്റെ ജഗ്ഗ് വാങ്ങി സ്വന്തം വായിലേക്ക് കമിഴ്ത്തി മാനുട്ടൻ ബാക്കിയായ വെള്ളം മാരിമുത്തുവിന്റെ ചോരയൊലിക്കുന്ന മുതുകിലേക്ക് ഒഴിച്ചു.
അപ്പോഴും മാരിമുത്തു പറയുന്നുണ്ടായിരുന്നു; ‘അന്ത പളനി ആണ്ടവൻ സത്യമാ, എൻ പുള്ള സത്യമാ നാൺ എടുക്കലയ്യാ...'

ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങി പൊരിവെയിലത്ത് ആ മനുഷ്യജീവി കിടന്ന്​ ആളി, വെയിലിലല്ല, തീയിൽ. ആ തീയിൽ ചവിട്ടി ഞാൻ ചോലയിലേക്ക് ഓടി വെള്ളം മുക്കിക്കൊണ്ടുവന്ന് മാരിമുത്തുവിന്റെ അടുത്തിരുന്നു. ചളിയിൽ പൂണ്ടു പോയ ആ ദേഹത്തെ ചോരപ്പാടുകൾ കല്ലിൽ കൊത്തിയ പോലെ മായാതെ ഇപ്പോഴും കാണാം. ഞാനയാളെ തൊടുമ്പോൾ ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
‘പന്നി ചത്തോ...? '
മറിയാത്തയും മാനുട്ടനും ഒരുമിച്ചാണ് എന്നോടത് ചോദിച്ചത്. ഞാനയാളെ താങ്ങിപ്പിടിച്ച് മലർത്തിക്കിടത്തി. അയാളുടെ വായിൽ നിന്ന് ചോര ഒലിച്ചു. കണ്ണുകൾ ഇറുക്കിയടച്ച് അയാൾ മലർന്നുകിടന്നു. ആ വായിലേക്ക് വെള്ളമൊഴിച്ചു കൊടുക്കാൻ തുടങ്ങുമ്പോ മാനുട്ടൻ അലറി.
‘എണീപ്പിച്ച് നിർത്തീട്ട് കൊടുക്കടാ പന്നീ... ല്ലെങ്കി തര്പ്പ് പോയി പണ്ടാരം ചാവും.’

ഞാനയാളെ തിരിഞ്ഞു നോക്കി. എന്തോ ധീരകൃത്യം ചെയ്ത പോലെ, ഏതോ വിഷപ്പാമ്പിനെ തല്ലിക്കൊന്ന വിജയ ഭാവത്തോടെ അയാൾ മറിയാത്താന്റെ മടിയിൽ തലവച്ച് കിടക്കുകയാണ്. അവരുടെ വിരലുകൾ അയാളുടെ മുടിയിൽ തലോടുകയാണ്.
‘എന്തടാ നോക്കി പേടിപ്പിക്ക്ണ്ട്​?’
മാനുട്ടൻ അതേ കിടപ്പ് കിടന്ന് എന്നോട് ദേഷ്യപ്പെട്ടു. നോക്കിയാൽ പേടി തോന്നുന്ന എന്തോ ഒന്ന് എന്റെ കണ്ണുകളിൽ അന്നേരം കത്തിയിരിക്കണം.

കൊത്തിയിട്ട വിറകുകൂട്ടത്തിലേക്ക് ഞാൻ മാരിമുത്തുവിനെ താങ്ങിപ്പിടിച്ച് വലിച്ചിഴച്ച് ചാരിയിരുത്തി. ചളിയും ചോരയും പുരണ്ട ആ ശരീരത്തിൽ നിന്ന് അപ്പോഴും ‘നാൺ എടുക്കല യ്യാ ' എന്ന നിസ്സഹായത പുറത്തുചാടി എന്റെ നെഞ്ചിൽ തൊട്ടു. മുകളിൽ കത്തിയുരുകുന്ന സൂര്യനു താഴെ, വിറകിൽ തട്ടിയ മുതുകിലെ മുറിപ്പാടുകളിൽ ഞെട്ടി ഞരങ്ങി അയാൾ കണ്ണ് തുറന്നു. പിന്നെ നെഞ്ചിൽ കൈവെച്ച് ഓക്കാനത്തോടെ ശർദ്ദിച്ചു. എന്റെ ഉടുമുണ്ടിലേക്ക് ദഹിക്കാത്ത വറ്റുകളും കട്ട ചോരയും ഒരു പല്ലും അടർന്ന് വീണു. പിന്നെയും അയാൾ വായിലെ ചോര തുപ്പി. മുണ്ടിൽ കിടന്ന് ചുവക്കുന്നത് ചോരയല്ല, മാരിമുത്തു പറഞ്ഞ പോലെ പണമുണ്ടെന്ന തിമിറാണെന്ന് ഞാൻ അറിഞ്ഞു.

അയാളുടെ വായിലേക്ക് ജഗ്ഗുയർത്തി ഞാൻ പറഞ്ഞു; ‘തണ്ണി കുടിങ്കോ അണ്ണാ... '

ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു ഭാവത്തിൽ അയാളെന്നെ നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. വിദൂരമായൊരു വീട്ടുമുറ്റത്ത് അയാളെ കാത്തിരിക്കുന്ന ഭാര്യ, ചാണകം മെഴുകിയ നിലത്ത് ഓടിക്കളിക്കുന്ന മകൾ, അച്ഛൻ, അമ്മ...ഒരു നിസ്സഹായ ജീവിതത്തിന്റെ മുഴു ലോകവും ആ നോട്ടത്തിലുണ്ടായിരുന്നു.

ഏറെ പണിപ്പെട്ട് അയാൾ വെള്ളം കുടിച്ചു. തൊണ്ടക്കുഴിയിലെ മുഴ അനങ്ങിയപ്പോൾ കഴുത്തിൽ നിന്ന് ചോര പൊടിഞ്ഞു. അടി കൊള്ളാത്തതായി അയാളുടെ ദേഹത്ത് ഒരിടവും ഉണ്ടായിരുന്നില്ല. വെള്ളം വയറ്റിലെത്തി നേരിയ ആശ്വാസം കിട്ടിയപ്പോൾ അയാൾ ദൈവത്തെ വിളിച്ചു; ‘ആണ്ടവാ.... മുരുകാ.. '

ദൈവങ്ങൾ രക്ഷയ്ക്കില്ലാത്ത ആ ഇരുണ്ട അന്തരീക്ഷത്തിൽ അയാൾ നിസ്സഹായനായി വീണ്ടും വീണ്ടും മുരുകനെ വിളിച്ചു. പിന്നെ ഒരു വെള്ളച്ചാട്ടത്തിന്റെ ചിതറൽ പോലെ അമ്മയെ വിളിച്ചു: ‘അമ്മാ... ഉൻ പുള്ളയെ പാര്മ്മാ...'

ഞാനെന്ന പതിനാലുകാരൻ ലോകത്തിന്റെ ക്രൂരമായ നിയമങ്ങൾക്കുമുമ്പിൽ പകച്ചുനിന്ന്​ അടി കൊണ്ടത് എനിക്കും കൂടിയാണ്. എന്റെ നെഞ്ച് വേദനിക്കുന്നു, മുതുക് വേദനിക്കുന്നു.
‘അളാതെ പുള്ളേ...'ന്നും പറഞ്ഞ് മാരിമുത്തു എന്നെ കൂട്ടിപ്പിടിച്ചു. ചോരയും വിയർപ്പും കണ്ണീരും ഉമിനീരും എന്റെ മുഖത്തും നെഞ്ചത്തും തീത്തെലമായി ചുട്ടു നീറി.

മാരിമുത്തുവിന് കൊടുക്കേണ്ട ബാക്കി പണം അവർ കൊടുത്തില്ല. എനിക്ക് കിട്ടിയ ഉച്ച ഭക്ഷണം ഞാൻ അയാളുമായി പങ്കിട്ട് കഴിച്ചു. ആ ഭക്ഷണം മുഴുവൻ അയാൾക്ക് കൊടുക്കാൻ കഴിയാത്ത എന്റെ നിസ്സഹായത എന്നെ ഒരു കടുകുമണിയോളം ചെറുതാക്കി. ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരുവിധം എഴുന്നേറ്റു നിന്നു. പിന്നെ എന്റെ തോളിൽ പിടിച്ച് ഒരു കുഞ്ഞ് പിച്ചവെക്കുമ്പോലെ കവിങ്ങിൻ തോട്ടത്തിലെത്തി, അവിടുത്തെ തണലിൽ ഞാൻ വിരിച്ചു കൊടുത്ത ഓല തടുക്കിൽ കിടന്നു.

ഉമ്മ കാണിക്കുന്നതുകണ്ട അറിവിൽ ഞാൻ കമ്മ്യൂണിസ്റ്റപ്പയുടെ ഇലകൾ പറിച്ചെടുത്ത് കശക്കി അതിന്റെ നീര് അയാളുടെ ദേഹത്ത് ഇറ്റിച്ചു. ഇറച്ചി തെറിച്ചു നിന്ന വലിയ മുറിവുകളിൽ, തൈ തെങ്ങിന്റെ മടലിൽ പറ്റിനിൽക്കുന്ന പൂപ്പൽ പോലത്തെ ഇളം മഞ്ഞ വസ്തു ചുരണ്ടിയെടുത്ത് വെച്ചുകൊടുത്തു. നീറ്റലും വേദനയും അറിയാത്ത മരവിപ്പിലേക്ക് അയാളുടെ ശരീരം കളം മാറിയിരുന്നു.
കവുങ്ങിൻ തോപ്പിലെ തണലിൽ കിടന്ന് അയാൾ ഉറങ്ങി. ഉറക്കത്തിൽ അയാൾ തന്റെ അമ്മയെ കണ്ടിരിക്കണം. താൻ വാരിയെടുത്ത് ഉമ്മ വെക്കുന്ന മകളെ കണ്ടിരിക്കണം. തന്നെ നടക്കാൻ പഠിപ്പിച്ച അപ്പനെ കണ്ടിരിക്കണം.

ജോലി ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഞാൻ അയാളെ ചെന്നു നോക്കി. നീരുവറ്റിയ മുറിവുകളിൽ പിന്നെയും കമ്മ്യൂണിസ്റ്റപ്പയുടെ നീര് ഇറ്റിച്ച് കൊടുത്തു.
ആകാശം ഇരുണ്ടുതുടങ്ങിയപ്പോൾ അയാൾ ഉണർന്ന്​ തൊട്ടു മുമ്പിലിരിക്കുന്ന എന്നെ തുറിച്ചു നോക്കി, പിന്നെ പുഞ്ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു; ‘കൊഞ്ചം തണ്ണി കൊട് പുള്ളേ... '
ഞാൻ ചോലയിലേക്ക് ഓടി തണ്ണീരുമായി മടങ്ങിവന്നു. എന്റെ കയ്യിൽ നിന്ന് ജഗ്ഗ് വാങ്ങി അയാൾ അതിലെ വെള്ളം മുഴുവൻ കുടിച്ച് തീർത്തു.
‘മതിയെടാ കൊഞ്ചിച്ചത്...', വരാന്തയിൽ നിൽക്കുന്ന മറിയാത്ത ഞങ്ങളെ നോക്കി പറഞ്ഞു. അവരുടെ അരയിൽ കുഞ്ഞുണ്ട്. കുഞ്ഞിന്റെ അരയിൽ സ്വർണ്ണത്തിന്റെ ആ അരഞ്ഞാണമുണ്ട്. എന്റെ ഉള്ളിലൂടെ സങ്കടത്തിന്റെയും നടുക്കത്തിന്റെയും അമ്പരപ്പിന്റെയും അസ്ത്രങ്ങൾ പാഞ്ഞു. ആ അസ്ത്രങ്ങൾ തട്ടി എവിടെയൊക്കെയോ മുറിയുന്നത് ഞാനറിഞ്ഞു.

അസ്തമനത്തിന്റെ ആ ഇരുണ്ട പച്ചപ്പിലൂടെ തന്റെ കായ സഞ്ചി തൂക്കിയിട്ട മഴുവും തോളിൽ വെച്ച്, ആടിയുലഞ്ഞ് നടന്നുപോവുന്ന മാരിമുത്തുവിനെ നോക്കിയ എന്റെ കണ്ണുകൾക്കുമുമ്പിൽ ഉപ്പുരുചിയുള്ള മഴപെയ്തു. തികച്ചും നിസ്സഹായനായി ആ മഴയുടെ നീറ്റലിൽ പിടഞ്ഞ് ഞാനിരുന്ന ആ ഇരിപ്പിനെ നിങ്ങൾ എന്ത് പേരിട്ട് വിളിക്കും?

കുഞ്ഞിന് മുല കൊടുക്കാനിരുന്ന വടക്കിനി തിണ്ടിന്റെ അടിയിലേക്ക് ഊർന്നു പോയി കൺവെട്ടത്തു നിന്ന് മറഞ്ഞുകിടന്ന ഒന്നര പവന്റെ ആ അരഞ്ഞാണത്തിനു വേണ്ടി ഒരു മനുഷ്യജീവിയെ നായയെ തല്ലും പോലെ തല്ലി കൊല്ലാനാക്കിയ ആ ക്രൂരതയെ നിങ്ങൾ ഏത് കള്ളിയിൽ പെടുത്തും?
ആ കാഴ്​ചകൾക്കൊക്കെ സാക്ഷിയായി തീരെ ചെറിയ കുട്ടിയെ പോലെ അന്ന്​ആ മുറ്റത്തിരുന്ന് നെഞ്ച് പൊട്ടിക്കരഞ്ഞ എന്നോട് ആരുടെ പക്ഷത്ത് നിൽക്കാനാണ് നിങ്ങൾ പറയുക? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments