ചിത്രീകരണം : ദേവപ്രകാശ്

നരകം നഷ്​ടമാകുന്നതിന്റെ വേദന

വെറും മനുഷ്യർ- 36

നരകങ്ങൾ അങ്ങനെയാണ് ...എത്ര വെറുത്താലും എത്രമാത്രം പീഡിപ്പിച്ചാലും പട്ടിണിക്കിട്ടാലും അവ എന്തൊക്കെയോ ബാക്കിവെക്കുന്നു, സ്‌നേഹമായും സുരക്ഷിതത്വമായും അലിവായും കരുണയായും...

നുഷ്യൻ എന്നത് അത്ര മനോഹരമായ പദമല്ലെന്നും ആണെന്നും ഒരേ പോലെ തോന്നിയത് മാനുട്ടനും ഞാനുമായുള്ള ബന്ധത്തിൽ നിന്നാണ്, ഇപ്പോൾ പിന്നിട്ട ദൂരങ്ങളിലെ കാഴ്ച്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും എനിക്ക് ബാലകൃഷ്ണൻ എന്ന മാനുട്ടനെ മനസ്സിലാക്കാനാവുന്നുണ്ട്. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട് സ്വന്തം ആനന്ദങ്ങൾ തെരഞ്ഞുനടന്ന്, മദ്യത്തിൽനിന്ന് രതിയിലേക്കും ഒരു സ്ത്രീയിൽ നിന്ന്​മറ്റൊരു സ്ത്രീയിലേക്കുമുള്ള അയാളുടെ യാത്ര, അയാളുടെ മാത്രം തിരഞ്ഞെടുപ്പായിരുന്നു.

പിതൃസ്വത്തായി കിട്ടിയതൊക്കെ അയാൾ രതിക്കും ലഹരിക്കും ഒഴുക്കിക്കളഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് വേദനിക്കാനോ നേട്ടങ്ങളെക്കുറിച്ച് ആനന്ദിക്കാനോ അയാൾക്ക് സമയമില്ലായിരുന്നു. ലഹരിയിൽ മുങ്ങി, പെണ്ണിൽ നിവർന്നുകുളിച്ചുതീർത്ത ജീവിതത്തിന്റെ ഒടുക്ക കാലത്ത് കോട്ടക്കൽ അങ്ങാടിയിലൂടെ കാണുന്നവരോടൊക്കെ കൈനീട്ടി അയാൾ നടന്ന ആ നടപ്പും അയാളുടെ മാത്രം തെരഞ്ഞെടുപ്പായിരുന്നു.
അത്തരം നടപ്പുകളിലൊന്നിൽ അയാൾ എന്റെ മുമ്പിലും വന്നുനിന്നു, മുഷിഞ്ഞ വസ്ത്രങ്ങളും മദ്യത്തിന്റെ മണവും ചത്ത കണ്ണുകളും മെല്ലിച്ച ശരീരവുമായി മുമ്പിൽ നിൽക്കുന്നത് മാനുട്ടനല്ല, ഒരു കാലം മുഴുവനുമാണ് എന്നെനിക്ക് തോന്നി. മകൾക്ക് മരുന്ന് വാങ്ങാൻ ഞാൻ നിന്ന ആ മെഡിക്കൽ സ്റ്റോറിന്റെ ഉടമ മാനുട്ടനെ ആട്ടി: ‘കള്ള് കുടിച്ചാനല്ലേ നായേ... ഒറ്റ പൈസ ഞാന് തരൂല, പോടാ പന്നീ ഇവ്ട്ന്ന്'

മാനുട്ടൻ എന്നെ തിരിച്ചറിഞ്ഞോ എന്നറിയില്ല, കൗണ്ടറിൽനിന്ന് മടക്കിയ കൈ അയാൾ എന്റെ നേരെ നീട്ടി, ഞാൻ ആ കൈകളിലേക്ക് നോക്കി. മാരിമുത്തുവിനെ തല്ലിച്ചതച്ച കൈ, എന്റെ മുഖത്തടിച്ച കൈ, ഒരു കുട്ടിയോട് ചെയ്യായാവുന്ന എല്ലാ ക്രൂരതകളും എന്നോട് ചെയ്ത ആ മനുഷ്യൻ. എല്ലാം നഷ്ടമായി എല്ലും തോലുമായി എന്റെ മുമ്പിൽ നിൽക്കുന്നു

ആ നിമിഷങ്ങളിൽ പകയോ കരുണയോ അല്ല എനിക്ക് തോന്നിയത്, അവരിചിതമായ ഏതോ നഗരത്തിൽ ഞാൻ മുഷിഞ്ഞ വസ്ത്രങ്ങളുമായി നിൽക്കുന്നു, എന്റെ മുമ്പിലൂടെ വാഹനങ്ങൾ അലറിപ്പായുന്നു, ചുറ്റും ജീവിതത്തിന്റെ ഇരമ്പൽ ... ഉള്ളവനും ഇല്ലാത്തവനും യാചകനും ജാരനും വിശ്വാസിയും അവിശ്വാസിയും കവിയും ചിത്രകാരനും അഭിനേതാവും ദാർശനികനും ആ ഇരമ്പലിൽ പങ്കുചേരുന്നു, ഓർമയുടെ ഏതോ ശിഖരം എന്നെ വന്ന് തൊട്ടു.

‘ബാലേട്ടാ ...'
ഞാൻ വിളിച്ചു .
അയാൾ എന്നെ മിഴിച്ചുനോക്കി.
സബാലേട്ടന് വെശക്ക്ണ്ടാ ...? '
എന്റെ ചോദ്യം കേട്ടതും കാലങ്ങളായി മരിച്ചുകിടന്ന വിശപ്പിന്റെ തീപ്പക്ഷികൾ അയാളെ കൊത്തിപ്പറിച്ചിരിക്കണം.
‘ണ്ട് മോനേ ... '
എന്റെ കയ്യിൽ അധികം പണമണ്ടായിരുന്നില്ല, മോളുടെ മരുന്നുചീട്ട് മടക്കിവാങ്ങി മാനുട്ടന്റെ കൈയും പിടിച്ച് ഞാനാ ഉച്ച വെയിലിലൂടെ നടന്നു, പുതുക്കിപ്പണിഞ്ഞ് ആകെ കോലം മാറിയ എമറാൾഡ് ഹോട്ടലിന്റെ മുമ്പിലെത്തിയപ്പോൾ കാലങ്ങൾക്കു മുമ്പ് മാനുട്ടൻ എന്നെയും കൊണ്ട് ആ ഹോട്ടലിന്റെ പടവുകൾ കയറി. അവിടെ പട്ടണച്ചൂടിനെ ഇല്ലാതാക്കുന്ന പങ്കകൾ കറങ്ങി, കാപ്പി നിറമുള്ള സൺമൈക്ക ടേബിളുകൾക്കുചുറ്റുമിരുന്ന് ആളുകൾ ഭക്ഷണം കഴിച്ചു. ഹോട്ടലിൽ കയറിയാൽ ആദ്യം കൈ കഴുകണമെന്ന് മാനുട്ടനിൽ നിന്ന് ഞാൻ പഠിച്ചു. കൈകഴുകി ഒഴിഞ്ഞ ഒരു മേശക്ക് ഇരുപുറവുമായി ഞങ്ങൾ ഇരുന്നു.

ഓർഡറെടുക്കാൻ വന്ന സപ്ലൈയറോട് മാനുട്ടൻ ഞങ്ങൾക്ക് പൊറോട്ടയും മട്ടൻ ചാപ്‌സും കൊണ്ടുവരാൻ പറഞ്ഞു. ഞാൻ ആ പങ്കകൾ ഓരോന്നായി എണ്ണി, പന്ത്രണ്ട് പങ്കകൾ ആ വലിയ ഹാളിൽ നിർത്താതെ കറങ്ങി. പങ്കത്തണുപ്പിന്റെ ചുവട്ടിലിരുന്ന് ഞാൻ ജീവിതത്തിലാദ്യമായി പൊറോട്ട തിന്നു. അന്നേരം പണ്ട് വേളിമലയിലേക്ക് പൊറോട്ടയെന്ന അത്ഭുത വിഭവത്തിനായി ഞാൻ നടന്ന വഴികൾ എന്റെ മുമ്പിൽ തെളിഞ്ഞു. നിന്നു കൊണ്ട് പൊറോട്ട തിന്നുന്ന അനേകം മനുഷ്യരെ ഞാൻ കണ്ടു. എന്റെ മുമ്പിലെ ഭൂമി വട്ടം ചുറ്റിയതും ഞാൻ തല മിന്നി വീണതും ഓർത്തു, മട്ടൻ ചാപ്‌സിന്റെ ഇളംമഞ്ഞയിലേക്ക് എന്റെ കണ്ണീര് ഇറ്റിവീണു.

‘മോന് ഒന്നും വേണ്ടേ...? '
മാനുട്ടൻ ചോദിക്കുകയാണ്. കോഴിയിറച്ചിക്കറിയിൽ മുക്കി മാനുട്ടൻ പൊറോട്ട തിന്നുകയാണ്, അയാളുടെ ജഡ പിടിച്ച മുടിയിലേക്കും, മുഷിഞ്ഞ വസ്ത്രങ്ങളിലേക്കും അയാളുടെ ആർത്തിയിലേക്കും ആളുകൾ നോക്കുകയാണ്. ഞങ്ങളിൽ ആർക്കാണ് ഭ്രാന്തെന്ന് അവർ പരസ്പരം ചോദിക്കുകയാണ്.
നിർവചിക്കാനാവാത്ത, ജീവിതമെന്ന യഥാർത്ഥ ഭ്രാന്തിൽ പെട്ട് ഏത് കാലത്തിലാണ് ഇരിക്കുന്നത് ഞാൻ അത്ഭുതപ്പെടുകയാണ്.

കൈപ്പടം മുഴുവൻ നക്കിത്തോർത്തി ചൂടുചായ ആർത്തിയോടെ കുടിച്ച്​ എന്റെ മുമ്പിലിരിക്കുന്ന മനുഷ്യൻ, അയാളുടെ കറുത്ത നിറമുള്ള കുഴഞ്ഞ ലിംഗം എന്റെ നേർക്ക് നീട്ടി അലറുകയാണ്... ‘കഴുകെടാ നായിന്റെ മോനേ...'
കട്ടിലിൽ മറിയാത്ത കാഴ്ചകൾ കണ്ട് കിടക്കുകയാണ് , എന്റെ മകൾ വീട്ടിൽ മരുന്ന് കാത്തിരിക്കുകയാണ്, പുറത്തെ ഉച്ചവെയിലിലൂടെ ജീവിതങ്ങൾ അലറിപ്പായുകയാണ്, പാതി കുടിച്ച ചായക്ലാസ് മേശയിൽ വച്ച് ഞാൻ മാനുട്ടനെ നോക്കുകയാണ്.

ആ കണ്ണുകളുടെ തീരങ്ങളിൽ എവിടെയോ ഞാനെന്ന കുട്ടിയുണ്ട്. ആ കുട്ടിയെ കൊണ്ട് ലിംഗം കഴുകിച്ച് അയാൾ നേടിയ ക്രൂരമായ ആനന്ദങ്ങളുണ്ട്, ചൂതാടിതീർത്ത മുഴു ജീവിതമുണ്ട്, നൊന്ത് വിളിക്കാൻ ഉള്ളിൽ ദൈവങ്ങൾ ഇല്ലാത്തതിൽ അന്നാദ്യമായി ഞാൻ ഖേദിച്ചു, വിവരിക്കാനാവാത്ത എന്തിന്റെയൊക്കെയോ ഭാരത്താൽ എന്റെ നെഞ്ച് കനത്തു, തൊണ്ടയിൽ വാക്കുകൾ ശ്വാസം കിട്ടാതെ പിടഞ്ഞു.

...ബാലേട്ടാ ആരും തുണയില്ലാത്ത ഒരു പതിനാലുകാരൻ കുട്ടിയെ കൊണ്ട് സ്വന്തം ലിംഗവും ഇണചേർന്ന സ്ത്രീയുടെ യോനിയും കഴുകിച്ചതുകൊണ്ട് നിങ്ങൾ എന്ത് ആനന്ദമാണ് നേടിയത്? അവന്റെ മുഖത്തും മുതുകിലും നെഞ്ചത്തും തൊഴിച്ചതു കൊണ്ട് എന്ത് ആനന്ദമാണ് നിങ്ങൾക്ക് കിട്ടിയത് ? ഇപ്പോൾ മോൾക്ക് മരുന്ന് വാങ്ങാനുള്ള പണം കൊണ്ട് നിങ്ങൾക്ക് ഭക്ഷണം വാങ്ങിത്തന്നിട്ട് എന്ത് ആനന്ദമാണ് ഞാൻ നേടുന്നത് ...? മടങ്ങിച്ചെല്ലുമ്പോൾ ഭാര്യയോട് എന്താണ് ഞാൻ മറുപടി പറയേണ്ടത്...?

ഉത്തരങ്ങളില്ലാത്ത ആ ഉച്ചവെയിലിൽ അയാളെ അലയാൻ വിട്ട്, അന്ന് ഞാൻ തിരികെ ബസ് കയറുമ്പോൾ പിന്നിൽ നിന്ന് ആരോ വിളിക്കുന്നതുകേട്ട് ഞാൻ തിരിഞ്ഞു നോക്കി, കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ പെയിൻറ്​ ചെയ്ത വീടിന്റെ ഉടമയായിരുന്നു അത്, കരാറ് പണിയെടുത്തതിൽ എനിക്ക് ബാക്കി കിട്ടാനുള്ള പണം അയാൾ എന്റെ നേരെ നീട്ടിയപ്പോൾ ദൈവങ്ങൾ ആകാശത്താണ് വസിക്കുന്നതെന്ന പൊട്ട തോന്നലിൽ ഞാൻ ആകാശത്തേക്ക് നോക്കിപ്പോയി, വിശ്വാസമില്ലാഞ്ഞിട്ടും ദൈവത്തിന് നന്ദി പറഞ്ഞുപോയി.

മോൾക്കുള്ള മരുന്നും വാങ്ങി തിരികെ ബസ് കയറുമ്പോൾ ചുറ്റും കത്തി നിന്ന വെയില് നിലാവായി മാറി, പൊരുളറിയാത്ത ഏതൊക്കെയോ ആശ്വാസങ്ങൾ എന്നെ വന്ന് തൊട്ടു, കുറുക്കൻ കുണ്ടിന്റെ കരിമ്പച്ചകളും നീർച്ചോലയും കാക്കകളും പോത്താങ്കീരികളും കുറുക്കൻമാരും, ബസ്സിൽ എനിക്ക് ചുറ്റും നിറഞ്ഞു നിന്നു.

അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ഭാര്യ ചോദിച്ചു; ‘എത്താണ് ഇങ്ങളീ ആലോയ്ച്ച് കൂട്ട്ണ്ടത്?’

ഞാൻ ഓർക്കുകയായിരുന്നു, ബീരാൻ കാക്ക ഗൾഫിൽ നിന്ന് വന്ന ദിവസം ... ആ രാത്രി വെട്ടങ്ങളിൽ അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്ന സുഗന്ധങ്ങൾ ... ബീരാൻ കാക്കാന്റെ കണ്ണുകളിലെ ആനന്ദത്തിരകൾ ... യാത്ര പോലും പറയാതെ ഇറങ്ങി പോവുന്ന മാനുട്ടന്റെ കുനിഞ്ഞ ശിരസ്സ് ... എന്താണ് കണ്ണുകളിലും മുഖത്തുമെന്ന് പിടി തരാതെ നിന്ന മറിയാത്താന്റെ ഉടൽ ചലനങ്ങൾ ...

എനിക്ക് തരേണ്ട ശമ്പളമൊക്കെ എന്റെ ഉമ്മ വന്ന്​ കൊണ്ടുപോയി എന്നാണ് മറിയാത്ത ഭർത്താവിനോട് പറഞ്ഞത്, അതിനെ എതിർക്കാനോ
‘ഇവ്‌ടെ വന്നപ്പോ നൂല് പോലെ ണ്ടായീന്ന ചെക്കനിപ്പൊ വരിക്കച്ചക്ക പോലെ തടിച്ചു' എന്ന അവരുടെ പ്രസ്താവനയെ ചെറുക്കാനോ ശേഷിയില്ലാതെ, അന്നുരാത്രി കൂടി ഞാനാ മാളികപ്പുറത്തെ മുറിയിൽ കിടന്നു. എന്റെ ഒപ്പം മറിയാത്താന്റെ കുട്ടി കിടന്നു, ഉറക്കത്തിൽ അവൾ ചിരിച്ചു, കുട്ടികൾ ഉറക്കത്തിൽ ചിരിക്കുന്നത് സ്വർഗ്ഗ കാഴ്ച്ചകൾ സ്വപ്നം കണ്ടിട്ടാണെന്ന് ഉമ്മ പറയാറുള്ളത് ഞാൻ ഓർത്തു.

ആ രാത്രിയോടെ എന്റെ അവിടുത്തെ നരകജീവിതം തീരുകയാണ് എന്നറിഞ്ഞപ്പോൾ എനിക്കാ മുറിയോടും അന്തരീക്ഷത്തോടും എന്തെന്നില്ലാത്ത സ്‌നേഹം തോന്നി , ആ നരകം നഷ്ടമാവുന്നതിൽ സത്യമായും വേദന തോന്നി, നരകങ്ങൾ അങ്ങനെയാണ് ...എത്ര വെറുത്താലും എത്രമാത്രം പീഡിപ്പിച്ചാലും പട്ടിണിക്കിട്ടാലും അവ എന്തൊക്കെയോ ബാക്കിവെക്കുന്നു, സ്‌നേഹമായും സുരക്ഷിതത്വമായും അലിവായും കരുണയായും...

താഴെ നിന്ന് ബീരാൻ കാക്കാന്റെ കളി ചിരികളുടെ ഒച്ചകൾ എന്നെ തേടിയെത്തി, ഞാൻ പിന്നാമ്പുറത്തേക്ക് തുറക്കുന്ന ജനാല തുറന്നു , അവിടെ നിറനിലാവിൽ നീർച്ചോല സ്വർഗക്കാഴ്​ചയായി ഒഴുകി ... ആ ഒഴുക്കിന്റെ ശബ്ദത്തിന് ഒരിക്കലുമില്ലാത്ത സംഗീതം ... നിലാവ് തട്ടുന്ന പച്ചകളിൽ നീർക്കണങ്ങൾ... ചോലയുടെ മുകൾഭാഗത്തായി നീർക്കോലികൾ പാർക്കുന്ന മടകളിൽനിന്ന് തവളകളുടെ കരച്ചിൽ...

അവിടെ ജീവിച്ച ഒന്നര വർഷക്കാലം എനിക്ക് നേരിൽ കാണാൻ അനുവാദമില്ലാത്ത കാഴ്ച ഞാൻ കാണുകയാണ് , വടക്കിനി വാതിൽ തുറന്ന് മറിയാത്തയും മാനുട്ടനും ചോലയിലേക്ക് വരികയാണ് ... ചോലവക്കത്തെ മരങ്ങളിൽ, ശിഖരങ്ങളിൽ, ഇലച്ചാർത്തുകളിൽ നിലാവ് മഴയായി പെയ്യുകയാണ്.

ആ മഴയിൽ രണ്ട് ശരീരങ്ങൾ അവയുടെ വസ്ത്രവാതിലുകൾ തുറക്കുകയാണ്, നിലാവത്ത് അവരുടെ രഹസ്യ ഇടങ്ങൾ പോലും തിളങ്ങുകയാണ്... ആകാശം താഴോട്ട് ഇറങ്ങി വരികകയാണ്... നക്ഷത്രങ്ങളെ കാണാൻ പറ്റാത്ത പൂർണചന്ദ്രന്റെ ആകാശത്തിലേക്ക് മാനുട്ടൻ മറിയാത്താനെ എടുത്തുയർത്തുകയാണ്, അവരുടെ മുലകൾ രണ്ടും മാനുട്ടന്റെ കാഴ്​ചകളെ മറച്ചുകൊണ്ട് നിലാവ് നനയുകയാണ്.

ഭൂമിയിലെ ഏറ്റവും മധുരമായ, ഏറ്റവും പ്രണയാതുരമായ ശബ്ദങ്ങളും കളി ചിരികളും ഞാൻ കേൾക്കുകയാണ്... വഴിതെറ്റിയ ഏതോ രാപ്പക്ഷി ചിറകിൽ നിലാവുമായി ചന്ദ്രനിലേക്ക് പറക്കുകയാണ്, ചോലയിലെ തണുതണുത്ത വെള്ളത്തിലേക്ക് മറിയാത്താനെ എടുത്തിട്ട് മാനുട്ടനും ഒപ്പം ചാടുകയാണ്, ചോല ജലം ആകാശത്തോളം ഉയരുകയാണ് നിലാവത്ത് അന്തരീക്ഷത്തിലെ ജലത്തുള്ളികൾ മഴവില്ലുകൾ തീർക്കുകയാണ്. ഇനി അവർ രണ്ടുപേരും ചോലയുടെ അക്കരയിക്കരെ മത്സരിച്ച് നീന്തും, ആ മത്സരത്തിൽ മാനുട്ടൻ തോറ്റു കൊടുക്കും. നീന്തി തളരുമ്പോൾ കരയ്ക്ക് കയറിനിന്ന് അവർ പരസ്പരം സോപ്പ് പതപ്പിച്ച് ശരീരങ്ങൾ വൃത്തിയാക്കും, പിന്നെയും ചോലയിലേക്ക് ചാടി നീന്തും ...

അവർക്ക് കാണാൻ പറ്റാത്ത എന്റെ കണ്ണുകളെയും നിലാവിനെയും നക്ഷത്രങ്ങളെയും തണുത്ത അന്തരീക്ഷത്തിൽ വിരിഞ്ഞ മഴവില്ലു കളെയും മീനുകളെയും നീർക്കോലികളെയും സാക്ഷിയാക്കി അവർ ചോലവക്കത്തെ പുൽത്തകിടിയിൽ കിടന്ന് ഇണചേരും, മായികമായൊരു കാഴ്​ചയായി ഇപ്പോഴും എന്റെ കൺമുമ്പിൽ അതേ ചോലയുണ്ട്, അതേ പുൽത്തകിടികളുണ്ട് അതേ മഴവില്ലുകളുണ്ട് മാനുട്ടന്റെ മുകളിൽ ചലിക്കുന്ന മറിയാത്തയുണ്ട്.
ഈ രാത്രിയോടു കൂടി എല്ലാ കാഴ്ചകളും എനിക്ക് നഷ്ടമാവുകയാണ്. കരിംപച്ചകളും ചോലയും മറിയാത്തയും മാനുട്ടനും എല്ലാം എനിക്ക് നഷ്ടമാവുകയാണ്.

താഴെ നിന്ന്​ മറിയാത്താന്റെ ഒച്ച കേൾക്കാം ...‘ഒന്ന് കുളിച്ചോക്കീ മന്ഷ്യാ ...നാറീട്ട് വെയ്യ ഇങ്ങളെ.’
​മൂന്നുവർഷക്കാലം മരുഭൂമികളുടെ നാട്ടിൽ ഭാര്യയുടെ സ്പർശം കാത്ത്, ഉടൽ കാത്ത്, ചുംബനങ്ങൾ കാത്ത് ദിവസങ്ങൾ എണ്ണിത്തീർത്ത ആ മനുഷ്യൻ ആസക്തികളെയെല്ലാം ഉള്ളിലൊതുക്കി കുളിമുറിയിലേക്ക് കുളിക്കാൻ പോവുകയാണ് , ജാലകം അടച്ച് കുഞ്ഞിന്റെ ഒപ്പം കിടന്ന് ഞാൻ ഉറക്കത്തിലേക്ക് വഴുതിവീഴുകയാണ്.

പിറ്റേന്ന് പുലർച്ചയിൽ മറിയാത്ത എന്നെ വിളിച്ചില്ല. വൈകി എഴുന്നേറ്റ ഞാൻ കോണിപ്പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ ഏറ്റവും സ്‌നേഹത്തോടെ അവരെനിക്ക് ചായ നീട്ടുന്നു.
‘കുലുക്കുയിഞ്ഞിട്ട് ചായ കുടിച്ചാ മതീന്ന് എന്നും ഞാനീ ചെക്ക നോട് പറയണല്ലോ റബ്ബേ...'
ഞാൻ മിഴിച്ചു നിൽക്കുമ്പോൾ അവരുടെ വിരലുകൾ എന്റെ മുടിയിൽ തലോടുന്നു, ‘കുലുക്കുഴിഞ്ഞിട്ട് വാ...'

ഞാൻ വായ് കഴുകുന്നു. നിറയെ മധുരവും പാലുമുള്ള ചായ രുചിയോടെ ഊതി കുടിക്കുന്നു, വടക്കിനി തിണ്ടിൽ മറിയാത്താനെ തൊട്ടും തഴുകിയും ഇരിക്കുന്ന ബീരാൻ കാക്ക പറയുന്നു; ‘ഇജ് ഈ ചെക്കനെ കൊഞ്ചിച്ച് കേടെരുത്തീക്ക്ണു.
‘ഓനും നമ്മളെ കുട്ടിയന്നെ അല്ലേ ? '
അരുതാത്തിടങ്ങളിൽ തൊട്ട ഭർത്താവിന്റെ വിരലുകളെ സ്‌നേഹത്തോടെ തട്ടിമാറ്റി, എന്നും ഞാൻ ചെയ്യുമായിരുന്ന ജോലികൾ തനിയെ ചെയ്യുന്ന മറിയാത്താനെ ഞാൻ അന്തം വിട്ട് നോക്കുകയാണ്...
‘പോയി പല്ല് തേച്ച് കുളിച്ചിട്ട് വാ...', മറിയാത്ത പറയുന്നു.
‘ഇങ്ങളും ചെല്ലീ ...കുളിച്ചിട്ട് മതി ബാക്കിള്ള കൊഞ്ചല്, ന്റെ സുബഹിം കൂടി ഇങ്ങള് മൊടക്കി.’

ബീരാൻ കാക്ക എന്നെയും കൂട്ടി ചോലയിലേക്ക് നടക്കുന്നു, ഞങ്ങളെ രണ്ടാളെയും തട്ടിമാറ്റിക്കൊണ്ട് അവരുടെ മകൻ ഓടിച്ചെന്ന് ചോലയിലേക്ക് ചാടുന്നു, അന്നത്തെ ആ കുളി അവിടത്തെ അവസാനത്തെ കുളിയാണെന്ന് എനിക്ക് അറിയാമായിരുന്നു. അന്നത്തെ അവിടുത്തെ ചായയും പലഹാരങ്ങളും എനിക്ക് കിട്ടുന്ന അവസാനത്തേതാണെന്നും എനിക്ക് അറിയാമായിരുന്നു.

ഉച്ചയൂണിനു ശേഷം ബീരാൻ കാക്കയുടെ പഴയൊരു ബാഗിൽ എനിക്കുള്ള സമ്മാനങ്ങൾ മറിയാത്ത അടുക്കിപ്പെറുക്കി വെച്ചു, പാതി തീർന്ന സ്‌പ്രേ കുപ്പികൾ, കവറ് പൊട്ടിക്കാത്ത പഴയ സോപ്പുകൾ, അവരുടെ മകന് ധരിക്കാൻ പറ്റാത്ത വലിയ കുപ്പായങ്ങൾ, പഴയ ഒരു ബ്ലാങ്കറ്റ് , കുറച്ച് ഗ്യാസ് ലൈറ്ററുകൾ, കേടായ ഒരു ടോർച്ച്, അവർക്ക് ഇഷ്ടപ്പെടാത്തതിനാൽ മാറ്റിവെച്ച പുള്ളിത്തുണികൾ...

ഇറങ്ങാൻ നേരം ബീരാൻ കാക്ക കുറച്ചു നോട്ടുകൾ എന്റെ കീശയിൽ ഇട്ടു തന്നു, മറിയാത്ത എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തോന്നുമ്പോൾ കരയാനും കരച്ചിൽ മാറ്റി ചിരിക്കാനും കഴിയുന്ന അവരുടെ അഭിനയ പാടവത്തിനു മുമ്പിൽ ഞാൻ അന്തിച്ച് നിന്നു, പുതുവസ്ത്രങ്ങൾ ധരിച്ച് സുഗന്ധം പൂശി മൂന്നു വയസ്സുകാരി സുനീറ വരാന്തയുടെ കോണിൽ എന്നെ തന്നെ നോക്കി നിന്നു, ഞാൻ അവളുടെ അടുത്തേക്ക് ചെന്നു , തീട്ടം കോരിയും ചന്തി കഴുകിച്ചും കുളിപ്പിച്ചും പാട്ടുപാടി ഉറക്കിയും ഒന്നരവർഷക്കാലം ഞാൻ പോറ്റിയ കുട്ടി ...ആ കണ്ണുകളിൽ പെയ്യാൻ പാകത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിന്നു, ഞാനവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു, അന്നേരം എന്റെ തന്നെ മൂത്രത്തിന്റെ പുളിപ്പും നാറ്റവും ഞാനറിഞ്ഞു.

എന്റെ കാലടികൾക്കുചുവട്ടിൽ കുറുക്കൻ കുണ്ടിന്റെ മണ്ണ് പിറകോട്ട് അകന്നു പൊയ്‌ക്കൊണ്ടിരുന്നു, ദൂരെ കവുങ്ങിൻ തോട്ടത്തിൽ വെറ്റിലക്കൊടികൾക്ക് വെള്ളം തേവി കൊണ്ട് മാനുട്ടൻ നിൽക്കുന്നത് ഞാൻ കണ്ടു, എന്നെ കണ്ടിട്ടും അയാൾ ചിരിച്ചില്ല. എന്തിനോടൊക്കെയോ ഉള്ള ഈർഷ്യയിൽ അയാൾ കവുങ്ങിൻ പാള കൊണ്ട് വെറ്റിലക്കൊടികളുടെ ചുവട്ടിലേക്ക് വെള്ളം ശക്തിയായി തേവി കൊണ്ടേയിരുന്നു.

നടന്ന ദൂരത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കി , പച്ചപ്പുകൾക്കുനടുവിൽ എന്നെ എരിയിച്ച ആ നരകം അവിടെ തന്നെ തല ഉയർത്തി നിൽക്കുന്നു, അതിന്റെ വരാന്തയിൽ എന്നെ തന്നെ നോക്കി കൊണ്ട് മൂന്ന് വയസ്സുകാരി സുനീറ തനിച്ച് നിൽക്കുന്നു, അവളുടെ കുഞ്ഞിക്കൈകൾ എന്റെ നേർക്കുയരുന്നു, തിരികെ കെ വീശാനാവാതെ എന്റെ ഭാണ്ഡവും തോളിലിട്ട് , ഇനി എന്തൊക്കെയാണ് ജീവിതം എനിക്കായി കരുതിവെച്ചിരിക്കുന്നത് എന്നറിയാതെ, ഞാനെന്ന പതിനാലുകാരൻ നടന്ന ആ കരിം പച്ചകൾക്കും ഒറ്റയടിപ്പാതകൾക്കും തണലുകൾക്കും കണ്ണീരിന്റെ നിറവും മണവുമായിരുന്നു.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments