ചിത്രീകരണം : ദേവപ്രകാശ്

​മതപ്പിരാന്തുരാഷ്​ട്രീയം

വെറും മനുഷ്യർ- 37

മതങ്ങൾ എക്കാലത്തും ഇല്ലാത്തവന്റെ മേലാണ് അതിന്റെ നീരാളിക്കൈകൾ നീട്ടിയത്. ആ നീരാളിപ്പിടിത്തത്തിൽ വിശപ്പും അപമാനങ്ങളും ദുരിതങ്ങളും സഹിച്ച് ചെറിയ മോഹങ്ങളെയും സ്വപ്നങ്ങളെയും ഉള്ളിൽ തന്നെ കുഴിച്ചിട്ട്, മതം വരച്ച വരയിലൂടെ ഇല്ലാത്തവരും അവരുടെ മക്കളും ജീവിച്ചു.

വീടും വീട്ടിലെ അന്തരീക്ഷവും വല്ലാതെ മാറിപ്പോയിരുന്നു, നടന്നെത്താവുന്ന ദൂരത്തായിട്ടും എനിക്ക് കുറുക്കൻകുണ്ടിൽ നിന്ന് വീട്ടിലേക്ക് ആ ഒന്നര വർഷത്തിനിടയ്ക്ക് വരാൻ സാധിച്ചത് മൂന്ന് തവണയാണ്. ആ വരവ് തന്നെ കുറഞ്ഞ സമയത്തേക്കായതിനാൽ വീടും വീട്ടുകാരും മാറുന്നത് ഞാൻ അറിഞ്ഞതേയില്ല.

പെട്ടെന്നൊരു സന്ധ്യയിൽ അവിടെ ചെന്നുകയറിയ ഞാൻ ആ അന്തരീക്ഷത്തിൽ തികച്ചും അപരിചിതനായി നിന്നു. വീടിന്റെ ഓലച്ചുമരുകൾ മാറ്റി പകരം മൺകട്ട കൊണ്ടുള്ള ചുമരുകൾ പണിത് കഴിഞ്ഞിരുന്നു .ആ മൺകട്ടകളെല്ലാം വീടിനു താഴെ പണ്ട് ഞാൻ പല്ലി മുട്ടകളുടെ മണമറിഞ്ഞ അവോക്കരാജിയുടെ തൊടിയിലെ മണ്ണ് കുഴച്ച് ഉണ്ടാക്കിയതായിരുന്നു.

അനിയനും ഉമ്മയും ചെറിയാത്തയുമാണ് ആ മൺകട്ടകളൊക്കെ ഉണ്ടാക്കിയത്. മണ്ണ് കൊത്തിക്കിളച്ച് കൂനയാക്കി അതിലെ കല്ലും പുല്ലുമൊക്കെ എടുത്ത് കളഞ്ഞ് വെള്ളമൊഴിച്ച് മൂന്നാളുകൾ നിന്ന് ചവിട്ടിക്കുഴച്ച് പാകപ്പെടുത്തി, മരത്തിന്റെ ഒരു ചെറിയ അച്ചിലേക്ക് വാരിയിട്ട് അവർ ഉണ്ടാക്കിയതായിരുന്നു ആ മൺകട്ടകൾ. മണ്ണിന് മയം വരാൻ കാട്ടെള്ള് പറിച്ച് വെള്ളത്തിലിട്ട് അതിന്റെ കൊഴുപ്പ് മണ്ണിലേക്ക് പകർന്ന് ചവിട്ടിക്കുഴച്ചതും ഓരോ കട്ടകളായി വാർത്തെടുത്തതും കട്ടകൾ ഉണങ്ങിയപ്പോ, ഓരോന്നായി തലച്ചുമടായി കൊണ്ട് വന്നതുമൊക്കെ അനിയൻ എനിക്ക് പറഞ്ഞ് തന്നു. ആ മൺകട്ടകളുടെ ചുമരുകൾക്കുള്ളിൽ നടുമുറിയിൽ വിരിച്ച ഓലപ്പായയിൽ ഒരറ്റത്ത് എനിക്കുള്ള സ്ഥലമുണ്ടാക്കി ഞാൻ കിടക്കുവോളം ഉപ്പ കവലയിൽ നിന്ന് വന്നില്ല. ഉപ്പാക്ക് ഞങ്ങൾ താമസിക്കുന്ന ഇടത്തുനിന്ന് കുറച്ചു മാറി ചെറിയൊരു റബ്ബർ തോട്ടത്തിൽ ജോലി കിട്ടിയിരുന്നു. വീട്ടുകാര്യങ്ങളൊക്കെ നോക്കിയത് ഏട്ടനാണ്, അനിയന്മാർ ജോലിയെടുത്ത് കിട്ടുന്ന പണമൊക്കെ ഏട്ടന് കൊടുക്കണമായിരുന്നു.

അക്കാലത്ത് ഈ നാട്ടിൽ അധികമൊന്നും പ്രചാരത്തിലില്ലാത്ത ജമാഅത്തെ ഇസ്​ലാമി എന്ന സംഘടനയുടെ അനുഭാവിയായി ഏട്ടൻ മാറി. വല്ലാത്തൊരു മാറ്റമായിരുന്നു അത്. എന്റെ നേരെ മൂത്ത ഏട്ടൻ വാർപ്പ് പണിക്ക് ഹെൽപ്പറായി പോയി കിട്ടുന്ന പണമത്രയും ഏട്ടന് കൊടുക്കണമായിരുന്നു. അങ്ങനെ കൊടുക്കുന്ന പണത്തിൽ നിന്ന് ഒരിക്കൽ കുറച്ച് മാറ്റിവെച്ച് അതും കൊണ്ട് സിനിമ കാണാൻ പോയ അവനെ ഏട്ടൻ മുറ്റത്തെ ഞാവൽ മരത്തിൽ കെട്ടിയിട്ട് ദേഹമാകെ ചോര പൊടിയുവോളം തല്ലി.

ഏട്ടനിൽ വന്ന മാറ്റങ്ങളെ ദാർശനികവത്കരിക്കാതെ ലളിതമായി അനിയൻ എനിക്ക് പറഞ്ഞുതന്നു; ‘ഓന് പിരാന്താണ് '

ഏട്ടന്റെ എല്ലാ ജമാഅത്തിനും ഇസ്​ലാമിക്കും കീഴിൽ അനിയന്മാർ അടി കൊണ്ടു. വിലക്കുകൾ നേരിട്ടു. ഏതാണ്ട് എല്ലാ കാര്യത്തിനും വിലക്കായിരുന്നു, സുബഹി നമസ്‌കരിക്കാതെ കാലിച്ചായ കുടിച്ചതിന്, പള്ളിയിൽ പോകാതെ വീട്ടിൽ നിന്ന് നിസ്‌കരിച്ചതിന്, സിനിമ കാണുന്നതിന്, ഖുർആൻ ഓതാത്തതിന് നമസ്‌കരിക്കാൻ വുളു എടുക്കുമ്പോൾ നനയേണ്ട ഭാഗങ്ങൾ നനയാത്തതിന്, കൂടിയിരുന്ന് സിനിമാ കഥകൾ പറഞ്ഞതിന്, ഭാഷ പഠിക്കാനായി മംഗളവും മനോരമയും മറിച്ച് നോക്കിയതിനു മൊക്കെ ഞങ്ങൾ അടി കൊണ്ടു. അടി കിട്ടാതിരിക്കാനുള്ള കാരണങ്ങൾ പറയുന്നതാവും എളുപ്പം...

ഉപ്പാന്റെ മൗനവും ഉൾവലിയലും മെല്ലെ മെല്ലെ ഉമ്മയിലേക്കും പകർന്നു. ഉമ്മയിൽ നിന്ന് അത് ചെറിയാത്തയിലേക്കും മറ്റ് ഏട്ടൻമാരിലേക്കും പകർന്ന് പകർന്ന് വീട് മൗനത്തിന്റെ കുപ്പായമണിഞ്ഞ് ഏട്ടനെ ഭയന്നുനിന്നു. അവന് തയ്യാറാക്കുന്ന ഭക്ഷണത്തിൽ മുടിനാര് പെടാതിരിക്കാൻ ചെറിയാത്ത എപ്പോഴും ശ്രദ്ധിച്ചു.

ഉപ്പ അതിരാവിലെ എഴുന്നേറ്റ് റബ്ബർ വെട്ടാൻ പോവും. ഉപ്പാന്റെ ഒപ്പം ഉപ്പാന്റെ പൂച്ചകളും ഉണ്ടാവും, കവലയിലെ അബ്ദുവാക്കാന്റെ ചായപ്പീടികയിൽ നിന്ന് പൂച്ചകൾക്ക് വെള്ളയപ്പം വാങ്ങിക്കൊടുത്ത് ഉപ്പ കാലിച്ചായ കുടിച്ച് ജോലിക്കിറങ്ങും, ജോലിയുടെ ഇടവേളയിൽ ആ വീട്ടുടമ കൊടുക്കുന്ന ഭക്ഷണം കഴിക്കും. ജോലികഴിഞ്ഞ് ആ വീട്ടിൽ നിന്ന് തന്നെ കുളിച്ച് വസ്ത്രങ്ങൾ മാറി ഉപ്പ പള്ളിയിലേക്ക് പോയി. ഉപ്പാന്റെ കൂട്ടുകാരൊന്നും സിനിമക്ക് പോയിരുന്നില്ല. അതുകൊണ്ടാവണം ഉപ്പ തന്റെ തിരശ്ശീലകളെയും എം.ജി. ആറിനെയും ശിവാജി ഗണേശനേയും മറന്നു. അക്കാലത്ത് അന്തരീക്ഷത്തിൽ സിനിമ ഹറാമാണെന്ന് അദൃശ്യമായ അക്ഷരങ്ങളിൽ എഴുതി വെച്ചിരുന്നു. സിനിമ കണ്ടാൽ കുട്ടികൾ വഴിതെറ്റുമെന്നും മമ്മൂട്ടിയും പ്രേംനസീറുമൊക്കെ കാഫിറുകളാണെന്നും ആളുകൾ പരസ്യമായി തന്നെ പറഞ്ഞ് നടന്നിരുന്നു.

എന്നിട്ടും സിനിമയെന്ന ആകർഷണത്തിൽപെട്ട് അത് കാണാനുള്ള പണത്തിന്​ പറങ്കിയണ്ടിയും തേങ്ങയും വീടുകളിലെ അലൂമിനിയ പാത്രങ്ങളും മോഷ്ടിച്ച് വിറ്റ് പണമുണ്ടാക്കി കുട്ടികൾ വീട്ടുകാർ അറിയാതെ സിനിമയ്ക്ക് പോയി. സമ്പന്ന വീടുകളിലെ കുട്ടികൾ അവരുടെ കുടുംബത്തോടൊപ്പമിരുന്ന് ഉത്സാഹത്തോടെ സിനിമ കണ്ടു. മതങ്ങൾ എക്കാലത്തും ഇല്ലാത്തവന്റെ മേലാണ് അതിന്റെ നീരാളിക്കൈകൾ നീട്ടിയത്. ആ നീരാളിപ്പിടിത്തത്തിൽ വിശപ്പും അപമാനങ്ങളും ദുരിതങ്ങളും സഹിച്ച് ചെറിയ മോഹങ്ങളെയും സ്വപ്നങ്ങളെയും ഉള്ളിൽ തന്നെ കുഴിച്ചിട്ട്, മതം വരച്ച വരയിലൂടെ ഇല്ലാത്തവരും അവരുടെ മക്കളും ജീവിച്ചു.

സിനിമയില്ലാതെ, വായനയില്ലാതെ, അക്കാലത്തെ മറ്റ് വിനോദങ്ങൾ ഒന്നുമില്ലാതെ, ഒന്നിനുമുള്ള പണമില്ലാതെ, സ്വയം കണ്ടുപിടിച്ച ചെറിയ ചെറിയ വിനോദങ്ങളിൽ മുഴുകി കുട്ടികൾ തങ്ങളുടെ ബാല്യകൗമാരങ്ങൾ അളന്നുതീർത്തു. പുലരുമ്പോൾ തുടങ്ങി രാത്രി കിടക്കുവോളം ചെയ്യാനും ചൊല്ലാനും ഓതാനുള്ള മതപാഠങ്ങളിൽ കുരുങ്ങി വീടിനുള്ളിലെ ഏകാന്തതയിൽ പുതഞ്ഞ് , പരസ്പരം കളിചിരികളില്ലാതെ, ഏതുസമയത്തും വന്നുകയറിയേക്കാവുന്ന ഏട്ടന്റെ കാലടി ശബ്ദങ്ങളെപ്പോലും ഭയന്നുഭയന്നങ്ങനെ കഴിയവേ, ഞാൻ ഒരു നരകത്തിൽ നിന്ന് മറ്റൊരു നരകത്തിലേക്കാണ് വന്നുപെട്ടിരിക്കുന്നതെന്ന് ബോധ്യമായി.

അക്കാലത്താണ് വലിയപറമ്പ് എന്ന ഈ ദേശത്തേക്ക് അന്നത്തെ കോട്ടക്കൽ പഞ്ചായത്തിലെ മാലിന്യം തള്ളാൻ പദ്ധതി ആരംഭിച്ചത്. മതമാണോ രാഷ്ട്രീയമാണോ തങ്ങളുടെ പ്രവർത്തന മേഖല എന്ന് അന്നും ഇന്നും തീർപ്പില്ലാത്ത മുസ്​ലിം ലീഗിന്റെ പച്ചക്കൊടികളാണ് അക്കാലത്ത് വലിയപറമ്പിലും കോട്ടക്കലിലും ഞാൻ കാണുന്ന ഇടങ്ങളിലൊക്കെ പാറി പറന്നത്. അപൂർവമായി എവിടെയെങ്കിലും ഒരു ചുവന്ന കൊടി പ്രത്യക്ഷപ്പെട്ടാൽ അത് ദിവസങ്ങൾക്കുള്ളിൽ പിഴുതുമാറ്റപ്പെട്ടിരുന്നു.

അന്ന് പഞ്ചായത്ത് ആയിരുന്നപ്പോഴും ഇപ്പോൾ മുനിസിപ്പാലിറ്റി ആയിരിക്കുമ്പോഴും ഭരണം മുസ്​ലിംലീഗിനാണ്. പെരും ചിലമ്പിൽ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഉപ്പ സ്വന്തം ദേശത്ത് എത്തിയപ്പോൾ കൂട്ടുകാരുടെ കൂടെ കൂടി ലീഗുകാരനായി. മുസ്​ലിംലീഗിൽ നിന്ന് മതം എടുത്ത് മാറ്റാൻ കഴിയില്ല, അല്ലെങ്കിൽ മതം എടുത്തുമാറ്റിയാൽ മുസ്​ലിംലീഗെന്ന രാഷ്ട്രീയ പാർട്ടി ഇല്ല. മതം വിറ്റും മതം തിന്നുമാണ് ആ പാർട്ടി തടിച്ചുകൊഴുത്തത്, ഇപ്പോഴും തടിച്ചുകൊഴുക്കുന്നത്.

പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും വലിയപറമ്പിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ തരിശു നിലത്തിൽ കൊണ്ടിടാൻ ഭരണസമിതി തീരുമാനിക്കുമ്പോൾ അതിനെ എതിർക്കാനുള്ള അംഗബലമോ ശേഷിയോ ഇടതുപക്ഷത്തിനുണ്ടായിരുന്നില്ല. ലക്ഷംവീട് കോളനിയായിരുന്നു അന്ന് വലിയപറമ്പിൽ ലീഗിന്റെ കാര്യമായ വോട്ട് ബാങ്ക്. മറ്റു വീടുകൾ അന്നിവിടെ കുറവായിരുന്നു താനും.

വലിയൊരു ആഘോഷമായിട്ടാണ് അത് നടപ്പാക്കപ്പെട്ടത്. കവലയാകെ പച്ചക്കൊടി കൊണ്ട് അലങ്കരിച്ചു. മാലിന്യവണ്ടി കടന്നു പോവേണ്ട പാതയുടെ കവാടത്തിൽ പനയോല കൊണ്ടും പച്ചക്കൊടി കൊണ്ടും ചന്തം വരുത്തി. ലീഗ് പ്രവർത്തകർ കുട്ടികൾക്കും മുതിർന്നവർക്കും മിഠായി വിതരണം ചെയ്തു , മുതിർന്നവർക്ക് അബ്ദുവാക്കാന്റെ ചായപ്പീടികയിൽ ചായയും പഴംപൊരിയും ഏർപ്പാടാക്കിയിരുന്നു. ചായപ്പീടികയിൽ അബ്ദുവാക്ക കണക്ക് എഴുതിക്കൂട്ടി, തലേന്നുതന്നെ വിവരം കിട്ടിയതിനാൽ അധികം പാലും പഞ്ചസാരയും മൂപ്പര് കരുതിയിരുന്നു. ചെറിയ കുട്ടികൾ പച്ച കൊടിയും പിടിച്ച് നിരത്തുകളിലൂടെ ഓടിക്കളിച്ചു.

എല്ലാവരും കാത്തു നിൽക്കുകയാണ്...
കോട്ടക്കൽ അങ്ങാടിയിൽ വെച്ച് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുൻ മന്ത്രിയുമായിരുന്ന യു.എ. ബീരാൻ മാലിന്യ വണ്ടികൾക്ക് കൊടി വീശിക്കാണിച്ച് പദ്ധതി ഉദ്ഘാടനം ചെയ്​തു.
അന്നന്നത്തെ അന്നത്തിന് വകയില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങളുടെ മുമ്പിൽ ആദ്യത്തെ മാലിന്യ വണ്ടി വന്ന് നിന്നു. പടക്കങ്ങൾ പൊട്ടി .സിന്ദാബാദ് വിളികൾ മുഴങ്ങി. വാർഡ് മെമ്പർ പച്ചക്കൊടി കാണിച്ച് മാലിന്യവണ്ടിക്ക് ആരതിയുഴിഞ്ഞു. നല്ല അന്തസ്സുള്ള നാറ്റവുമായി വണ്ടി വില്ലൂർ റോഡിലേക്ക് കടന്നുവരാൻ പോകുന്ന വികസനത്തെ കുറിച്ച് ചെറിയൊരു പ്രസംഗവുമുണ്ടായി. പിൽക്കാലത്ത് മാർക്വിസിനെ വായിക്കുമ്പോൾ ഞാനീ രംഗങ്ങളൊക്കെ ഓർക്കുമായിരുന്നു.

മതാധികാരവും രാഷ്ട്രീയാധികാരവും ഒന്നിച്ച് ചുമക്കുന്ന ഒരു പാർട്ടി അതിന്റെ പ്രവർത്തകർക്കും അനുഭാവികൾക്കും, പട്ടണത്തിൽ നിന്ന് വരുന്ന മാലിന്യ വണ്ടിയിലെ കുപ്പികളും പാട്ടകളും തകരവും പൊറുക്കി വിറ്റ് എങ്ങനെ പണമുണ്ടാക്കാം എന്ന് പറഞ്ഞുകൊടുത്തു. പച്ചക്കൊടികളും പിടിച്ച് കുട്ടികൾ ആ ടിപ്പറിന്റെ പിന്നാലെ പാഞ്ഞു. അന്ന് ആ പരിസരത്തൊന്നും അധികം വീടുകൾ ഉണ്ടായിരുന്നില്ല. ഉള്ളവർക്ക് വരാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് കൃത്യമായ ധാരണയും ഉണ്ടായിരുന്നില്ല. ധാരണയുണ്ടായിരുന്നവർ നിരീശ്വരവാദികളായ മാർക്‌സിസ്റ്റുകാരായി മുദ്രകുത്തപ്പെട്ടു.

നിങ്ങൾ ഒരു നിരീശ്വരവാദിയോ മാർക്‌സിസ്​റ്റോ ആണെങ്കിൽ തല്ലിക്കൊല്ലേണ്ട പേപ്പട്ടിയാണ്. നിങ്ങൾക്ക് തങ്ങൻമാരുടെ, സാക്ഷാൽ പാണക്കാട് തങ്ങൻമാരുടെ കുരുത്തക്കേട് കിട്ടും. കൈകാലുകൾ അളിഞ്ഞ് പുഴുത്ത് നിങ്ങൾ ചാവും. പാണക്കാട് തങ്ങൻമാരുടേതായിരുന്നു അക്കാലത്ത് എന്തിനും ഏതിനും അവസാന വാക്ക്. ആ കുടുംബത്തിൽ പെട്ടവരെ ആരും കുറ്റം പറയാൻ പാടില്ല, കുറ്റം പറയുകയും വേണ്ടിവന്നാൽ ചീത്തപറയും ചെയ്യേണ്ട രാഷ്ട്രീയത്തിൽ എന്തിന് ആ കുടുംബം ഇടപെടുന്നുവെന്ന് ആരും ചോദിച്ചില്ല, ഇന്നും ചോദിക്കുന്നില്ല.

പിൽക്കാലത്ത് മാലിന്യം പെരുകിപ്പെരുകി അതിലൂടെ വഴിനടക്കാനോ, ആ പരിസരത്ത് വീട് വെക്കാനോ, ഉള്ള വീടുകൾ വിറ്റഴിക്കാനോ കഴിയാതെ ജനം വലഞ്ഞു. പട്ടണം നഗരമായി മാറിയപ്പോൾ അത് പുറന്തള്ളുന്ന മാലിന്യങ്ങളുടെ അളവ് കൂടി, മാലിന്യങ്ങളുടെ ആ മലനാറ്റത്തിനരികിലൂടെയാണ് വില്ലൂർ യു .പി സ്‌കൂളിലേക്ക് കുട്ടികൾക്ക് പോവേണ്ടിയിരുന്നത്. വല്ലാതെ പെരുകിയ നായകൾ കുട്ടികളെ കടിക്കുന്ന വാർത്ത സ്ഥിരമായി കേട്ടുതുടങ്ങിയപ്പോഴാണ് ആ വികസനത്തിന്റെ യഥാർത്ഥ ഗുണഫലത്തെക്കുറിച്ച് ജനത്തിന് ബോധ്യം വന്നത്.

ഈയടുത്ത് കേരളത്തിന്റെ മുഖ്യമന്ത്രി മുസ്​ലിം ലീഗിനോട് നിങ്ങൾ മതത്തിന്റെ വക്താക്കളാണോ അതോ രാഷ്ട്രീയപാർട്ടി ആണോ എന്ന് ചോദിച്ചപ്പോൾ പലരും വാ പൊളിക്കുന്നത് കണ്ടു. അങ്ങനെ ഒരു ചോദ്യത്തിനേ പ്രസക്തിയില്ലാത്ത വണ്ണം, മതം വിറ്റ്, മതം തിന്ന്, മതത്തെ വോട്ടാക്കി അധികാരം നേടുന്ന ഒരു കക്ഷി തന്നെയാണ് മുസ്​ലിം ലീഗ്. ഇലക്ഷൻ കാലത്ത് എതിർസ്ഥാനാർത്ഥിയുടെ മതവും ലിംഗവും തന്നെയാണ് ആ പാർട്ടി അതിന്റെ വോട്ടർമാരോട് ചർച്ച ചെയ്യാറുള്ളത്. തട്ടമിടാത്ത സ്ഥാനാർത്ഥിയും നോമ്പിന് പരസ്യമായി വെള്ളം കുടിക്കുന്ന സ്ഥാനാർഥിയുമാണ് ചർച്ചചെയ്യപ്പെടാറ്. അല്ലാതെ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമല്ല.

കോണിയിലൂടെയാണ് സ്വർഗത്തിലേക്ക് കയറിപ്പോകാൻ പറ്റുക എന്നത് വിലകുറഞ്ഞ ഒരു രാഷ്ട്രീയ ഫലിതമല്ല, എന്റെ ഉമ്മയെ പോലെ അനേകം ഉമ്മമാരും ഉപ്പമാരും അങ്ങനെ തന്നെയാണ് വിശ്വസിച്ചത്. ‘റസൂലിന്റെ സന്തതി പരമ്പരയിൽ പെട്ടവർ’ എന്ന് വിശ്വസിക്കപ്പെടുന്ന പാണക്കാട് തങ്ങന്മാർ നേതൃത്വം കൊടുക്കുന്ന ഒരു പാർട്ടിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് നരകമാണെന്ന് തന്നെയാണ് അവരെ പറഞ്ഞ് പഠിപ്പിച്ചത്. വോട്ടെടുപ്പിന്റെ തലേ രാത്രിയിൽ വീടുകളിൽ പാണക്കാട്ട് നിന്നുള്ള എഴുത്തും മന്ത്രിച്ചൂതിയ ചരടും കുരുമുളകും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്​ലിം ലീഗുകാർ വിതരണം ചെയ്തിരുന്നു. ഇത് എന്ത് രാഷ്ട്രീയമാണെന്ന്, ഇടതുപക്ഷ മനസുള്ള ഒരു നേതാവും പരസ്യമായി ചോദിക്കാത്തത് എന്താണെന്ന് ഓർത്താണ് നമ്മൾ വാ പൊളിക്കേണ്ടത്.

മഞ്ചേരി ലോക്‌സഭാമണ്ഡലത്തിലെ ‘അവസാന എം.പി’യായി മാറിയ, ടി .കെ. ഹംസ മത്സരിച്ച ഇലക്ഷനിൽ, മൂപ്പർ നോമ്പുകാലത്ത് പരസ്യമായി വെള്ളം കുടിക്കുന്ന ആളാണെന്ന് കവലയിൽ മൈക്ക് കെട്ടി പ്രസംഗിച്ചവരാണ് മുസ്​ലിം ലീഗുകാർ. സൈനബ ടീച്ചർ മത്സരിച്ചപ്പോൾ അവർ തലയിൽ തട്ടമിടില്ലെന്നും മൂത്രമൊഴിച്ചാൽ കഴുകാറില്ലെന്നുമാണ് മുസ്​ലിംലീഗുകാർ പ്രസംഗിച്ചത്.

ഇത്തരം നൂറായിരം ലൊട്ടുലൊടുക്ക് മതന്യായങ്ങളും യുക്തികളും വിശ്വാസങ്ങളും വിറ്റാണ് ലീഗുകാർ വളർന്നു തിടംവെച്ചത്. കുറേക്കാലം മുമ്പ് ചെർക്കളം അബ്ദുള്ള എന്ന മന്ത്രി തിലകം തൊട്ടപ്പോൾ അദ്ദേഹത്തെ ദീനിൽ നിന്ന് പുറത്താക്കിയതും പിന്നെ ദീനിലേക്ക് മടക്കി എടുത്തതും പാണക്കാട്ടെ തങ്ങൻമാരാണ്. നിലവിളക്ക് താൻ കൊളുത്തില്ലെന്നും അത് ഇസ്​ലാമിക വിരുദ്ധമാണെന്നും പരസ്യമായി പറഞ്ഞ നേതാവിനെ കൂടി ഓർക്കുക .

കേരളത്തിലെ ഒട്ടുമിക്ക പള്ളി മഹല്ലുകളുടെയും ഭരണം മുസ്​ലിംലീഗിന്റെ പോഷക സംഘടനക്കാണ്. ആ പള്ളികളിലൊക്കെ സ്ത്രീകൾക്ക് നമസ്‌കരിക്കാൻ ഇടമുണ്ടെന്ന ബോർഡ് നിങ്ങൾക്ക് കാണാം. അത്തരമൊരു ബോർഡ് പ്രത്യക്ഷപ്പെട്ടതുതന്നെ ഈ അടുത്തകാലത്താണ്. അതുവരെ സ്ത്രീകൾ പള്ളിയിൽ വരുന്നതിനെയും സംവരണം ഉണ്ടാകുന്നതുവരെ മുസ്​ലിം സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെയും എതിർത്തവരാണ് മുസ്​ലിം ലീഗുകാർ. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വാർഡിലെ ജനകീയനായ സ്ഥാനാർഥിക്കെതിരെ, ലീഗുകാർ പറഞ്ഞ പ്രധാന ആരോപണം അദ്ദേഹത്തിന് മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ അറിയില്ലെന്നും, അദ്ദേഹത്തിന്റെ ഭാര്യ വീടിനകത്ത് തട്ടം ഇടാറില്ല എന്നതുമാണ്.
അത്ര നിസാരമല്ല ഈ ആരോപണം. ഒരു മുനിസിപ്പൽ കൗൺസിലറുടെ പണി മരണവീട്ടിൽ ഖുർആൻ ഓതലല്ല എന്ന ജനാധിപത്യ ബോധത്തിന്, തടയിടുന്നതാണ് മതവിശ്വാസത്തിൽ കുറ്റിയുറപ്പിച്ച ഈ ആരോപണങ്ങൾ.

നേതൃത്വം വാതോരാതെ മതേതരത്വത്തെക്കുറിച്ച് പൊതുവേദികളിൽ പറയുമ്പോഴും താഴെതട്ടിൽ ഇന്നും മതത്തെയും മതവിശ്വാസങ്ങളെയും വളമാക്കി കൊണ്ട് തന്നെയാണ് മുസ്​ലിം ലീഗ് എന്ന മത രാഷ്ട്രീയ കക്ഷി ജീവിച്ചു പോരുന്നത്. അവർ പറയുന്ന മതേതരത്വം എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments