ചിത്രീകരണം : ദേവപ്രകാശ്

വളവുകളിൽ വഴുക്കിയും കൂർത്ത പാറകളിൽ മുറിവേറ്റും
ഞാൻ വാക്കുകളെ പഠിച്ചു

വെറും മനുഷ്യർ- 38

ഞാൻ ലഹരി അറിയുകയായിരുന്നു, ഭാഷയുടെ ലഹരി. ആ ലഹരിയിൽ ഉറക്കം നഷ്ടമായി, ഉണർച്ച നഷ്ടമായി, പലപ്പോഴും ഛർദ്ദിച്ച്, അപമാനങ്ങളിലും പരിഹാസങ്ങളിലും പൊള്ളിപ്പിടഞ്ഞ് ഞാൻ മലയാളം പഠിക്കുകയായിരുന്നു.

കാലങ്ങൾക്കുശേഷം ഷൈൻ ആർട്‌സ് ഉടമ തങ്ങൾക്ക് ഞാൻ ഇങ്ങനെ കത്തെഴുതി:

‘തങ്ങളേ... എനിക്ക് തിരിച്ചുവരണം എന്നുണ്ട്, എന്നെ തിരിച്ചെടുക്ക്വോ? കൂലിയൊന്നും വേണ്ട, ഞാനാ പണി മുഴുവൻ പഠിച്ചോട്ടേ ... അവിടന്ന് പോന്നതിൽ സത്യായിട്ടും എനിക്ക് സങ്കടം ണ്ട്.'

ആ കത്ത് അയാൾക്ക് കിട്ടിയോ അയാൾ അത് വായിച്ചോ എന്നൊന്നും എനിക്കറിയില്ല. നിലവിലെ തൊഴിൽ സാഹചര്യങ്ങളിൽ മനം മടുത്താണ് അങ്ങനെ ഒരു കത്തെഴുതിയത്. ഷൈൻ ആർട്‌സ്, കോട്ടക്കൽ, മലപ്പുറം ജില്ല, എന്നതിനപ്പുറം ആ വിലാസത്തിൽ എഴുതിച്ചേർക്കാൻ മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇക്കണ്ട കാലത്തിനിടയ്ക്ക് ഞാൻ കുറച്ചെങ്കിലും ആനന്ദത്തോടെ ചെയ്ത ജോലി വി.കെ. തങ്ങൾ എന്ന കമേർസ്യൽ ആർട്ടിസ്റ്റിന്റെ ഹെൽപ്പറായിട്ടായിരുന്നു.
പെരുംചിലമ്പിലെ കരിമ്പാറകളിൽ ചവിടിക്കട്ട കൊണ്ട് ഞാൻ വരച്ചിട്ട രജനീകാന്തിന്റെ മുഖം ഉപ്പ ശ്രദ്ധിച്ചിരുന്നു എന്നറിയുന്നത്, വളരെ വൈകിയാണ്. അല്ലെങ്കിലും തിരിച്ചറിവുകൾ വൈകിമാത്രം എത്തിച്ചേരുന്ന ജീവിതമാണ് എന്റേത്.
ഏട്ടന്റെ കൂടെ പെയിന്റിംഗ് പണിക്ക് പോകേണ്ടിവരുമെന്ന അവസ്ഥ നിർബന്ധമായപ്പോൾ, ഉപ്പയാണ് ഇടപെട്ടത്.
‘ഓൻ വേറെ പണിക്ക് പൊയ്‌ക്കോളും.'
‘വേറെ എന്ത് പണിയാണാവോ?'

ഏട്ടൻ പരിഹാസത്തോടെ ഉപ്പാനെയും എന്നെയും മാറിമാറി നോക്കി. സമയം രാത്രിയായിരുന്നു... മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം വീഴുന്ന മുറ്റത്ത് ഒരു തവള അതിന്റെ ഉണ്ടക്കണ്ണുകൾ മിഴിച്ച് അന്തംവിട്ട് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ദൂരെ ....ദേവകീ സൈനുവിന്റെ വീട്ടിലെ റാന്തൽ വെളിച്ചം ഇരുട്ട് തുളച്ച് കുറേദൂരം മുമ്പോട്ട് വരുന്നുണ്ടായിരുന്നു. ഉപ്പ കവലയിൽ നിന്ന് വന്ന് കയറുമ്പോൾ, ഏട്ടൻ നാളെ തന്റെ ഒപ്പം പണിക്ക് വരാൻ എന്നെ നിർബന്ധിക്കുകയായിരുന്നു. മറ്റ് ഏട്ടന്മാരുടെ ദുരനുഭവങ്ങൾ ഉള്ളിൽ വച്ച് ഞാൻ അതിനു സമ്മതം മൂളാതെ നിന്നു.

‘അനക്കൊക്കെ മൂന്ന് നേരം മുണുങ്ങാൻ നായി നയ്ച്ചും പോലെ നയ്ച്ചിണ്ടത് ഞാനാണ് '

മറവിയിലേക്ക് തള്ളാൻ കഴിയാതെ നെഞ്ചിൽ വന്നു തറക്കുന്ന അസ്ത്രമൂർച്ചകളുടെ വാക്കുകൾ പിന്നെയും ഏട്ടൻ പറഞ്ഞുകൊണ്ടിരുന്നു. അത് കേട്ടുകൊണ്ടാണ് ഉപ്പ കയറിവന്നത്. ഉപ്പാനെ കണ്ടിട്ടും ഏട്ടന്റെ ശബ്ദത്തിന് മാറ്റമൊന്നും വന്നില്ല. വല്ലാതെ മാറിപ്പോയ ഏട്ടനു മുമ്പിൽ മുട്ടുവിറച്ചു കൊണ്ട് ഞാൻ നിന്നു. ഓൻ വേറെ പണിക്കു പൊയ്‌ക്കോളും എന്ന് ഉപ്പ പറഞ്ഞെങ്കിലും, വേറെ എന്ത് പണിയാണ് ഈ വിശാലമായ ഭൂമിയിൽ എനിക്ക് കണ്ടെത്താൻ കഴിയുക എന്നറിയാതെ നെഞ്ച് കനത്ത്, കണ്ണു നിറഞ്ഞ് ഞാൻ ഉറക്കപ്പായയിൽ കിടന്നു.

പിറ്റേന്ന് ഉച്ചയായപ്പോൾ ഉപ്പ കവലയിൽ നിന്ന് വന്നു. ജോലി കഴിഞ്ഞുള്ള വരവായിരുന്നു. എന്നോട് കുളിച്ച് വസ്ത്രം മാറാൻ പറഞ്ഞു. വീട്ടുമുറ്റം കരി കൊണ്ട് മെഴുകുന്ന ഉമ്മാനെ സഹായിക്കുകയായിരുന്നു ഞാൻ. ദേഹത്തും കയ്യിലും പുരണ്ട കരിയൊക്കെ കഴുകി കളഞ്ഞ് വസ്ത്രം മാറാൻ നോക്കുമ്പോഴാണ് എനിക്ക് പഴയ ഒരു പുള്ളി തുണിയല്ലാതെ മറ്റൊന്നും ഉടുക്കാൻ ഇല്ലെന്ന് ഞാൻ മനസ്സിലാക്കിയത്. പെരുംചിലമ്പിൽ നിന്ന് വരുമ്പോൾ കൊണ്ടു വന്ന നിക്കറും കുപ്പായവുമൊക്കെ എന്നെക്കാൾ ചെറുതായി കഴിഞ്ഞിരുന്നു.

പഴയ ആ പുള്ളിത്തുണിയും പിടിച്ച് ശങ്കിച്ച് നിൽക്കുന്ന എനിക്ക് ഉമ്മ ഒരു വെള്ള തുണി തന്നു. പാറ്റ ഗുളികകളുടെ മണമുള്ള പുത്തൻ തുണി. ഞാൻ കുറുക്കൻ കുണ്ടിൽ നിന്ന് കൊണ്ടുവന്ന പാകമല്ലാത്ത ഒരു വലിയ നീല കുപ്പായവും ഉമ്മ എടുത്തു തന്നു. മക്കൾക്ക് ധരിക്കാൻ ആവശ്യത്തിന് വസ്ത്രങ്ങൾ ഇല്ലാത്തതിന് എപ്പോഴും പടച്ചോനോട് സങ്കടം പറഞ്ഞത് ഉമ്മയാണ്. ആ സങ്കടം അന്നേരത്തും ചുണ്ടനക്കമായി ഉമ്മാന്റെ മുഖത്ത് ഞാൻ കണ്ടു.

എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ലെങ്കിലും എന്തോ ഒരു ജോലിക്കാണ് ഉപ്പ എന്നെ കൊണ്ടുപോകുന്നതെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. എന്താവും ആ ജോലിയെന്ന ബേജാറിനേക്കാൾ, ജമാഅത്തും ഇസ്​ലാമിയും തലയിൽ കയറിയ ഏട്ടന്റെ പേടിപ്പെടുത്തുന്ന ശരീരഭാഷയിൽ നിന്ന്​ എനിക്ക് രക്ഷപ്പെടണമായിരുന്നു. പണിയെടുക്കാതെ തിന്നുന്ന ഓരോ പിടി അന്നത്തിനും ഏട്ടനിൽ നിന്ന് കേൾക്കുന്ന ചീത്തയിൽ നിന്ന് എനിക്ക് രക്ഷപ്പെടണമായിരുന്നു.
ഉപ്പ മുമ്പിൽ നടന്നു. ഉപ്പാന്റെ പൂച്ചകൾക്ക് പിന്നാലെ ഞാനും... ജനുവരിക്കാലമായിരുന്നു. പറങ്കിമാവുകൾ പൂക്കാൻ തുടങ്ങിയിരുന്നു. ചെങ്കൽ പാറകളിൽ കുടിപാർത്ത കുറുക്കൻ മൈലാഞ്ചികളും കാട്ടെള്ളും പുതിയ തളിരുകൾ നീട്ടി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഉച്ച വെയിലായിട്ടും കമ്മ്യൂണിസ്റ്റപ്പക്കാടുകളിൽ പുലരി മഞ്ഞിന്റെ നനവ് തിളങ്ങി നിന്നിരുന്നു. കവലയിൽ എത്തിയപ്പോൾ ഉപ്പ ചോദിച്ചു, ‘അനക്ക് ചായ മാണോ?'

വേണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ തലതാഴ്ത്തി നിന്നു.
എന്റെ ആ നിൽപ്പിന്റെ പൊരുളറിഞ്ഞ് ഉപ്പ എന്റെ കയ്യും പിടിച്ച് റോഡ് മുറിച്ചു കടന്ന്, അബ്ദുവാക്കാന്റെ ചായപ്പീടികയിലേക്ക് കയറി. ആരുടെയൊക്കെയോ വിയർപ്പും ചെളിയും വിരസതയും വ്യാമോഹങ്ങളും കറപിടിച്ചു കിടന്ന മര ബെഞ്ചിൽ ഞാൻ ഇരുന്നു. ഉപ്പ ചായക്ക് പറഞ്ഞു. എനിക്കായി പറഞ്ഞ വെള്ളച്ചായയിൽ എന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കാണാഞ്ഞ് വെള്ള ചായ ക്യാൻസൽ ചെയ്ത്, ലൈറ്റ് ചായക്ക് ഓർഡർ കൊടുത്തു.

അന്നേരം പണ്ട് കുട്ടൻനായരുടെ ഹോട്ടലിലേക്ക് സെന്തിലിനെയും കൂട്ടി ഞാൻ നടന്ന വഴികൾ എന്റെ മുമ്പിൽ തെളിഞ്ഞു. ഉപ്പ അകത്തുണ്ട് എന്നറിയാതെ കള്ളം പറഞ്ഞതും, ആ കള്ളം പിടിക്കപ്പെട്ടതും, സെന്തിലിന്റെ മുടിയിൽ തലോടി ഉപ്പ കുളിക്കാൻ നടന്നു പോകുന്നതും ഞാൻ കണ്ടു. സെന്തിലും ചെടയാറും, തങ്കരാജും മുത്തയ്യൻ സാറും, നെൽപ്പാടങ്ങളും താമരക്കുളങ്ങളും നഷ്ടമായ ഒരു സ്ഥല കാലത്തിലാണ് ഞാനിരിക്കുന്നത് എന്ന വെയിലോർമ്മയിൽ പൊള്ളി പിടഞ്ഞ് ഞാൻ ചായ കുടിച്ചു.

എന്റെ ഉപ്പ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല. എത്ര വർഷമായി ഉപ്പ മരിച്ചിട്ടെന്ന് ഓർത്തെടുക്കേണ്ട വണ്ണം ഞാൻ ഉപ്പാനെ മറന്നു പോയിരിക്കുന്നു. പള്ളിക്കാട്ടിലെ ഉപ്പാന്റെ ഖബറിടത്തിലേക്ക് ഏട്ടന്മാരും അനിയനും പോവാറുണ്ട്.

വിശ്വാസത്തിനും അവിശ്വാസത്തിനുമൊക്കെ ഇപ്പുറത്ത് ഓരോ ദിവസത്തെയും മീനിന്റെയും, അരിയുടെയും, പഞ്ചസാരയുടേയും, വിറകിന്റെയും അറ്റമില്ലാത്ത കണക്കുകളിൽ പെട്ട്, ജീവിതമെന്ന പെരുമഴയിൽ നനഞ്ഞ് ഉപ്പാന്റെ ഈ മകൻ മാത്രം, കേറി കിടക്കാൻ സ്വന്തമായൊരു വീട് ഈ വിശാല ഭൂമിയിൽ നേടിയില്ലല്ലോ എന്ന ഉള്ളുരുക്കത്തിൽ പിടഞ്ഞ് ഈ വരികൾ എഴുതുമ്പോൾ....

ഉപ്പാ ...എനിക്ക് ഓർമ്മയുണ്ട്, കിട്ടാതെ പോയ കടലാസറിവുകളുടെ പിന്നാലെ പരക്കം പാഞ്ഞ്, ചിന്ത പെരുത്ത് ഉറക്കം നഷ്ടമായി പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള തലച്ചോറുമായി നടന്ന കാലത്ത്, അറുപത് അൽപ്രാക്‌സ് ഗുളികകൾ ഒരുമിച്ച് വിഴുങ്ങി ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ ഒന്നര ദിവസം ബോധമില്ലാതെ കിടന്ന ഈ മകൻ കണ്ണുതുറക്കുമ്പോൾ കണ്ടത് ഉപ്പാനെയാണ്.

എന്തിന് ചാവാൻ നോക്കി എന്ന ചോദ്യത്തെ ഗർഭംധരിച്ചു നിന്ന അന്തരീക്ഷത്തിൽ ഉപ്പാന്റെ വിരലുകൾ ഇളം ചൂടോടെ ഈ മകന്റെ നെറ്റിയിൽ തൊട്ടു.

‘അനക്ക് തിന്നാനെന്തെങ്കിലും മാണോ ? '

ആ ചോദ്യത്തിനു മുമ്പിൽ, എല്ലാ അഹന്തകളെയും വ്യർത്ഥമായ അറിവിന്റെ കടലാസ് കടലുകളെയും കുടഞ്ഞിട്ട് ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു. ഉപ്പാന്റെ ഇളംചൂട് എന്റെ കണ്ണീർ തണുപ്പിനെ ഒപ്പിയെടുത്തു. ഒന്നും പറയാതെ എഴുന്നേറ്റു പോയി ഫ്‌ലാസ്‌കിൽ ചായയും വാങ്ങി മടങ്ങി വന്ന ഉപ്പ, അന്നും എന്റെ ഉള്ള് വായിച്ചെടുത്തു. വല്ലാതെ വരണ്ടുപോയ എന്റെ തൊണ്ടയ്ക്ക് അപ്പോൾ തണുത്ത ജലമായിരുന്നില്ല വേണ്ടിയിരുന്നത്. കടുപ്പത്തിലുള്ള ചായ തന്നെയായിരുന്നു .

ആ ചായ കുടിക്കുമ്പോൾ ഈ മകൻ ഓർത്തത് അബ്ദുവാക്കാന്റെ ചായ പീടികയിലെ, വിയർപ്പും ചെളിയും വിരസതയും വ്യാമോഹങ്ങളും കറപിടിച്ചു കിടന്ന മര ബെഞ്ചിലിരുന്ന് അവൻ കുടിച്ച അന്നത്തെ ആ ചായയെ ആയിരുന്നു.

ചായകുടിച്ച് പറ്റുബുക്കിൽ കണക്കെഴുതി, റോഡ് മുറിച്ചുകടന്ന് ഉപ്പ കോട്ടക്കലിലേക്കുള്ള ബസ്സ് കാത്തു നിന്നു. അക്കാലത്ത് കോട്ടക്കലിൽ നിന്നും അങ്ങാടിപ്പുറം വരെ ജീപ്പുകൾ ടാക്‌സിയായി ഓടിയിരുന്നു. അങ്ങനെ അങ്ങാടിപ്പുറത്ത് പോയി മടങ്ങി വരുന്ന ജീപ്പിൽ ഉപ്പ എന്നെയും കൊണ്ട് കയറി. ഉപ്പാന്റെ പൂച്ചകൾ ജീപ്പിന് പിന്നാലെ കുറച്ചു ദൂരം ഓടി, തങ്ങളുടേതായ ഭാഷയിൽ എന്തൊക്കെയോ പരിഭവം പറഞ്ഞ് മടങ്ങിപ്പോയി.

താഴേ കോട്ടയ്ക്കലിലാണ് ഉപ്പ ഇറങ്ങിയത്. ഉപ്പ റബ്ബർ വെട്ടുന്ന തോട്ടത്തിന്റെ ഉടമയുടെ സുഹൃത്തായിരുന്നു വി. കെ. തങ്ങൾ. ആ സുഹൃത്ത് വഴി എനിക്ക് ഇവിടെയുള്ള ജോലി ഉറപ്പിച്ചിട്ടാണ്, ഉപ്പ എന്നെയും കൊണ്ട് ആ ഇടുങ്ങിയ സിമന്റ് ഗോവണി കയറിയത്. ഒരുപാട് കയറ്റിറക്കങ്ങളുടെ അടയാളങ്ങൾ ആ പടികളിൽ പറ്റിപ്പിടിച്ചു കിടന്നിരുന്നു.

കോണി കയറി ചെന്നത് വിശാലമായ ഒരു ഹാളിലേക്കാണ്. ആ ഹാളിനപ്പുറം ബാൽക്കണിയിൽ നിന്നാൽ കോട്ടക്കൽ അങ്ങാടി മുഴുവനും കാണാമായിരുന്നു.

ഉയരം കുറഞ്ഞ് തടിച്ച ഒരു മനുഷ്യനായിരുന്നു വി.കെ. തങ്ങൾ. കണ്ണുകൾക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ മൂപ്പർ ആ ഹാളിൽ ചുമരിൽ തറച്ച കറുത്ത ബാനറിൽ ഏതോ മലയാളവാക്ക് എഴുതുകയായിരുന്നു. അല്ല, എഴുതിക്കഴിഞ്ഞ വെള്ള അക്ഷരങ്ങൾക്കുമേൽ ഓറഞ്ച് നിറമുള്ള ഫ്‌ളൂറസൻറ്​ കളർ ബ്രഷ് ചെയ്യുകയായിരുന്നു. കറുത്ത ബാനറിൽ ഓറഞ്ച് നിറമണിഞ്ഞ് വരുന്ന അക്ഷരങ്ങളെ എണ്ണി ഞാൻ നിന്നു.

ബ്രഷും കളറും തൊട്ടരുക്കിലെ സ്റ്റൂളിൽ വെച്ച്, തങ്ങൾ ഉപ്പാനെ നോക്കി. പിന്നെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു, ‘ഇവനിവിടെ നിൽക്കട്ടെ. പണി പടിക്കാലോ... പണി പടിച്ചിട്ട് ഞമ്മക്ക് എന്താച്ചാ ചെയ്യാ...'

ഉപ്പ സമ്മതഭാവത്തിൽ തല കുലുക്കി.

‘ന്നാ തൊടങ്ങിക്കോ', തങ്ങൾ സ്റ്റൂളിലെ കളറും ബ്രഷും ചൂണ്ടി എന്നോട് പറഞ്ഞു.
‘വെള്ളമ്മന്ന് കൊറച്ചെങ്ങാനും മാറിയാ അന്റെ നടുമ്പൊറം ഞാൻ അങ്ങാടിപ്പൊറമാക്കും''

അതും പറഞ്ഞ് അയാൾ ഉപ്പാനെയും കൂടി താഴേക്കിറങ്ങിപ്പോയി. പണ്ടെന്നോ ചുമരിൽ തറച്ച് എഴുതിയ ബാനറുകളിലെ അക്ഷരങ്ങളുടെ ചാഞ്ഞും ചരിഞ്ഞുമുള്ള പാടുകളുമായി ആ ചുമര് എന്റെ മുമ്പിൽ നിന്നു. പാതി ഓറഞ്ച് നിറമണിഞ്ഞ അക്ഷരങ്ങൾ എന്നെ മാടിവിളിച്ചു. ഞാൻ ബ്രഷും കളറും കയ്യിലെടുത്തു. അയാൾ നിർത്തിയ ഇടത്തു നിന്ന് ആ വെള്ള അക്ഷരങ്ങൾക്ക് ഞാൻ ഓറഞ്ച് നിറം കൊടുത്തു തുടങ്ങി.

ബ്രഷ് എന്റെ കയ്യിലിരുന്ന് വിറച്ചു. എത്ര ശ്രമിച്ചിട്ടും ഓറഞ്ച് നിറം വെള്ളയുടെ അതിരുകൾ കടന്ന് കറുത്ത ബാനറിലേക്ക് പടർന്നു. കൈ കൊണ്ട് അത് തുടക്കാൻ നോക്കിയപ്പോൾ ആകെ പരന്നു. വലത്തെ കയ്യിന്റെ വിറയൽ നിൽക്കാനായി ഇടത്തെ കൈ കൊണ്ട് ഞാൻ വലത്തെ കയ്യിൽ പിടിച്ചു.

ഞാൻ നടക്കാൻ പഠിക്കുകയായിരുന്നു. പൊതുസമ്മേളനം എന്ന് എഴുതിയ അക്ഷരങ്ങൾക്കാണ് ഞാൻ നിറം കൊടുക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനു താഴെ വെള്ള നിറത്തിൽ സമ്മേളനം നടക്കുന്ന സ്ഥലവും തീയതിയും എഴുതിവെച്ചിരുന്നു. പുറത്തുനിന്ന് വരുന്ന ബഹളങ്ങൾക്കിടയിൽ, അപരിചിതമായ അക്ഷരങ്ങൾക്ക് നടുവിൽ, ചുറ്റും പടർന്ന് കിടന്ന വർണ്ണങ്ങൾക്കും അക്ഷരപ്പാടുകൾക്കും നടുവിൽ, ഏകനായി ഞാൻ നിന്നു. ശരീരമാകെ വിയർത്തു. പക്ഷെ ഒരു വിധത്തിൽ ഞാനാ പൊതുസമ്മേളനത്തിനെ ഓറഞ്ച് കുപ്പായമണിയിച്ചു.

കയ്യിൽ ഒരു ചായ ക്ലാസും പിടിച്ച് തങ്ങൾ മടങ്ങിവന്നു. മൂപ്പരുടെ പിറകിൽ ഉപ്പാനെ തിരഞ്ഞ എന്റെ കണ്ണുകൾക്ക് തങ്ങൾ മറുപടി പറഞ്ഞു, ‘ഉപ്പ പോയി. അനക്ക് ഒര് ആറ് മണിയാവുമ്പൊ പോവാം, എന്തേ? '
മതിയെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി. കറുപ്പിലേക്ക് പടർന്ന ഓറഞ്ച് നിറം കണ്ട്, മൂപ്പരെന്നെ ചീത്ത പറയുമെന്ന് ഭയന്ന് നിന്ന എന്റെ തോളിൽ കൈ വച്ച് ആ കുറിയ മനുഷ്യൻ പറഞ്ഞു, ‘തെറ്റ് പറ്റിയാല് എന്ത് തെറ്റാണ് പറ്റിയത് എന്നറിയാതെ അത് തിരുത്താൻ നോക്കരുത് ട്ടാ ...'

ഞാൻ കൈകൊണ്ട് തുടച്ചപ്പോൾ കൂടുതൽ പരന്ന ഓറഞ്ച് നിറത്തെ ചൂണ്ടിയാണ് മൂപ്പരത് പറഞ്ഞത്. എന്നിട്ട് എന്നോട് ചായ കുടിക്കാൻ പറഞ്ഞിട്ട്, ഹാളിന്റെ മൂലയിൽ നിന്ന് ചെറിയ ഒരു ടിന്നെടുത്ത് അതിലെ കറുത്ത ഇനാമലിൽ, മറ്റൊരു ബ്രഷ് മുക്കി, ഞാൻ പടർത്തിയ ഓറഞ്ച് നിറത്തെ മൂപ്പർ കൃത്യതയോടെ മായ്ച്ചു കളഞ്ഞു.

അന്നേരം എന്നെ തൊട്ട ജനുവരിക്കാറ്റിന് വല്ലാത്ത കുളിരുണ്ടായിരുന്നു. ആകെ വിയർത്ത ദേഹത്തിൽ ആ കാറ്റ് സാന്ത്വനമായി ഇഴഞ്ഞു നടന്നു. അന്തരീക്ഷത്തിന് വർണങ്ങളുടെ മണമായിരുന്നു. പുറത്തെ ബാൽക്കണിയുടെ ചുമരുകളിൽ മൂപ്പർ വരച്ച മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, എനിക്ക് മനസ്സിലാവാത്ത വേറെ കുറെ ചിത്രങ്ങളും ഫ്രെയിം ചെയ്തു തൂക്കിയിട്ടിരുന്നു.

രണ്ട് കുതിരകളെ വരച്ച് അതിനു ചുവട്ടിൽ ഷൈൻ ആർട്‌സ് എന്നെഴുതിയ മൂപ്പരുടെ സൈൻബോർഡും ഞാൻ അപ്പോഴാണ് കണ്ടത്. ആ കുതിരകൾക്ക് ജീവനുണ്ടായിരുന്നു. കടുംകാപ്പി പശ്ചാത്തലത്തിൽ അവയുടെ വാലുകൾ ഇളകുന്നുണ്ടായിരുന്നു.

ആ ഹാളിനുള്ളിലാണ് മലയാള അക്ഷരങ്ങൾ എന്നെ കാത്തു കിടന്നത്. ‘ണ്ഡ 'യുടെ ദയനീയതയും, ‘ഋ ' വിന്റെ വിഷാദവും , ‘ച്ഛ ' യുടെ അമ്പരപ്പും, ‘ത്സ' യുടെ നിഗൂഡതയും , ‘അ' യുടെ അത്ഭുതവും ഞാൻ പഠിച്ചതും അറിഞ്ഞതും വർണ്ണങ്ങളുടെ മണമുള്ള ആ അന്തരീക്ഷത്തിൽ നിന്നായിരുന്നു.

എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന സത്യം മനസ്സിലാക്കിയപ്പോൾ, താൻ ബോർഡിലും ബാനറിലും പോസ്റ്ററുകളിലും എഴുതുന്ന ഓരോ അക്ഷരവും, ഇന്നയിന്നതാണെന്നും, അക്ഷരങ്ങൾ കൂട്ടി എഴുതിയ വാക്കുകൾ ഇന്നതാണെന്നും അഗാധമായ ക്ഷമയോടെ, അതിലേറെ സ്‌നേഹത്തോടെ ആ മനുഷ്യൻ എനിക്ക് പറഞ്ഞു തന്നു. ഓരോ അക്ഷരവും പഠിച്ച് അത് വ്യക്തമായി ഞാൻ ഉച്ചരിക്കുമ്പോൾ എന്നേക്കാൾ സന്തോഷിച്ചതും, സഹോദരനോടെന്ന പോലെ വാത്സല്യം കാട്ടിയതും ആ കുറിയ മനുഷ്യനായിരുന്നു.

മൂപ്പർ ഏതാണ്ട് എല്ലാ ചിത്രകഥാ പ്രസിദ്ധീകരണങ്ങളും വാങ്ങുമായിരുന്നു. അതിലെ ചിത്രങ്ങൾ നോക്കി ഒരു കൊച്ചുകുട്ടിയെപ്പോലെ ഏറെ നേരം ഇരിക്കുമായിരുന്നു. കഥ വായിക്കുന്നതിലുപരി ആ ചിത്രങ്ങൾ എങ്ങനെയൊക്കെയാണ് വരച്ചിട്ടുള്ളതെന്ന് മനസ്സിലാക്കുകയും എനിക്ക് പറഞ്ഞു തരികയും ചെയ്യുമായിരുന്നു. ചിത്രങ്ങളിൽ അല്ല, അവയുടെ മുകളിലും താഴെയും വശങ്ങളിലും, വൃത്തത്തിലും ചതുരത്തിലും, എഴുതി വെച്ച വാക്കുകളിൽ വാക്കുകൾ ഉൾക്കൊള്ളുന്ന അർത്ഥങ്ങളിൽ, അർത്ഥങ്ങൾ ഒന്നായിച്ചേരുന്ന കഥകളായിരുന്നു എനിക്കിഷ്ടം.

എനിക്കറിയാത്ത ലോകമായിരുന്നു അത്. നരിയും പൂച്ചയും സിംഹവും മാനും മുയലും എലിയും ഡിങ്കനും മായാവിയും പപ്പൂസും നമ്പോലനും സ്ത്രീകളും കുട്ടികളും മുതിർന്നവരും ആ ലോകങ്ങളിൽ എനിക്ക് പൊരുളറിയാൻ കഴിയാത്ത അക്ഷരങ്ങളും വാക്കുകളും ചുമന്നുനിന്നു.

ആ ചുമടുകളിലൊക്കെ എന്താവുമെന്നോർത്ത് ഞാൻ അത്ഭുതപ്പെടും. ബോർഡിലും ബാനറിലും ഞാൻ നിറം കൊടുക്കുന്ന അക്ഷരങ്ങളെ ആ കഥയിൽ കണ്ടെത്തി, അർത്ഥമറിയാത്ത വാക്കുകളാക്കി വായിച്ച് ഞാൻ അന്തം വിടും.

മെല്ലെ മെല്ലെ ഞാൻ വാക്കുകൾ പഠിക്കുകയായിരുന്നു. കുത്തനെയുള്ള ഒരു മല കയറും പോലെ ആയിരുന്നു അത്. കൂർത്ത പാറകളും വഴുക്കുന്ന വളവുകളും, എല്ല് തണുപ്പിക്കുന്ന മഞ്ഞുമുള്ള, ആ മല കയറ്റത്തിൽ ഞാൻ ഉരുണ്ട് വീണു. പാറകളുടെ കൂർപ്പിൽ തട്ടി കാലുകൾ മാത്രമല്ല മുറിഞ്ഞത്. വളവുകളിൽ വഴുതി വീണത് ശരീരം മാത്രമല്ല, മഞ്ഞിൽ പുതഞ്ഞത് അകം ലോകം മാത്രമല്ല.

ഞാൻ ലഹരി അറിയുകയായിരുന്നു. ഭാഷയുടെ ലഹരി. എനിക്കു ചുറ്റും കടലു പോലെ തിരയിളക്കി പരന്നു കിടന്ന, പതിഞ്ഞു കിടന്ന, രേഖപ്പെട്ടു കിടന്ന, അച്ചടിമഷി പുരണ്ട് കിടന്ന വാക്കുകളുടെ അർത്ഥങ്ങൾ അറിയുകയായിരുന്നു. അത്ര എളുപ്പമായിരുന്നില്ല അത്. ആ ലഹരിയിൽ ഉറക്കം നഷ്ടമായി, ഉണർച്ച നഷ്ടമായി, പലപ്പോഴും ഛർദ്ദിച്ച്, ആ ചർദ്ദിൽ കോരി കളഞ്ഞ്, ചിലപ്പോൾ ആ ചർദ്ദിൽ കണ്ട് മനം മറിഞ്ഞ് വീണ്ടും ഛർദ്ദിച്ച്, അപമാനങ്ങളിലും പരിഹാസങ്ങളിലും പൊള്ളിപ്പിടഞ്ഞ് ഞാൻ മലയാളം പഠിക്കുകയായിരുന്നു.

ആ പഠിത്തത്തിന് ആക്കം കൂട്ടാനായി, തങ്ങൾ എന്നോട് മൂപ്പരെ തമിഴ് പഠിപ്പിക്കാൻ പറഞ്ഞു. ഒരു മലയാളം വാക്ക് മൂപ്പർ എഴുതി വായിച്ചു തന്നാൽ അതിനു ചുവട്ടിൽ, അതിന്റെ തമിഴ് വാക്ക് എഴുതി ഞാൻ മൂപ്പർക്ക് വായിച്ച് കൊടുക്കാമെന്ന ഉടമ്പടിയിലാണ് ആ പഠനം നടന്നത്. മൂപ്പർ തമിഴ് പഠിക്കും മുമ്പ് തന്നെ ഞാൻ മലയാളം ഏതാണ്ട് വായിക്കാൻ പഠിച്ചു.

എനിക്ക് ജീവിക്കണമായിരുന്നു. ബസിന്റെ ബോർഡ് വായിക്കണമായിരുന്നു. സ്റ്റാളുകളിൽ തൂങ്ങിക്കിടന്ന് എന്നെ കളിയാക്കുന്ന വാരികകളുടെ വസ്ത്രങ്ങൾ അഴിക്കണമായിരുന്നു. വായിക്കാനറിയാതെ ഞാൻ വഴിമാറിക്കയറിയ ബസുകളിൽ നിന്ന് എനിക്ക് കിട്ടിയ അപമാനങ്ങൾക്ക്, ആഴത്തിൽ പതിഞ്ഞ മുറിവുകൾക്ക്, ഔഷധം വേണമായിരുന്നു. ദന്താശുപത്രിയും, ഭ്രാന്താശുപത്രിയും ഒറ്റ അക്ഷരത്തിന്റെ വളവുതിരിവുകൊണ്ട് രണ്ടർത്ഥങ്ങളായി പരിണമിച്ച് എന്നെ പരിഹസിച്ചതിന് എനിക്ക് മറുപടി പറയണമായിരുന്നു.

തെരുവുചുമരുകളിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും വഹിച്ചുകൊണ്ട് നിന്ന അനേകം സിനിമാ പോസ്റ്ററുകളുടെ, ആ പോസ്റ്ററുകളിൽ ആകർഷകമായ വടിവുകളിൽ പതിഞ്ഞു കിടന്ന സിനിമാ പേരുകൾ എനിക്ക് വായിക്കണമായിരുന്നു. ആ പോസ്റ്ററുകൾക്കുമുമ്പിൽ വായിക്കാനറിയാതെ അതിനെ തൊട്ടും തടവിയും നിന്ന കുട്ടിയുടെ വിരലുകൾ ശോഭനയുടെയും സുമലതയുടെയും കവിളുകളിൽ പരതിയതിന് മറ്റൊരു അർഥം കൽപ്പിച്ച് എന്നെ ആട്ടിയോടിച്ച ആക്രോശങ്ങൾക്ക് എനിക്ക് മറുപടി പറയണമായിരുന്നു.

രണ്ടക്ഷരങ്ങളുള്ള ‘മുദ്ര’ എന്ന സിനിമയുടെ പേരാണ് ഞാൻ ആദ്യം ഉറക്കെ വായിച്ചത്. പിന്നീട് ‘അധിപൻ’ എന്ന സിനിമയുടെ പോസ്റ്ററിനുമുമ്പിൽ നിന്ന് ആ നാലക്ഷരം ഉറക്കെ പറഞ്ഞ കുട്ടിയെ സിനിമാപ്രാന്തൻ എന്ന് കരുതി ആരും പരിഹസിച്ചില്ല. ഏത് ബോർഡും ഏതുപേരും പലയാവർത്തി ഉള്ളിൽ ഉരുവിട്ട്, അത് അങ്ങനെ തന്നെയാവണേന്ന് പലവട്ടം പ്രാർത്ഥിച്ചാണ് ആ കുട്ടി അതിനെ ഉറക്കെ പറഞ്ഞത്. ആ ആനന്ദങ്ങളെല്ലാം അവന്റെത് മാത്രമായിരുന്നു.

മകൻ മലയാള ഭാഷ വായിക്കാൻ പഠിക്കുന്നതോ, എഴുതാൻ പഠിക്കുന്നതോ, മാതാപിതാക്കൾ അറിഞ്ഞില്ല. അഭിനന്ദിക്കാനോ മാർക്കിടാനോ ആരുമുണ്ടായില്ല. തെറ്റുമ്പോൾ ശിക്ഷിക്കാനും ആരുമുണ്ടായില്ല. അത് എന്റെ മാത്രം ലോകവും, എന്റെ മാത്രം വഴികളും, എന്റെ മാത്രം നരകവും, എന്റെ മാത്രം സ്വർഗ്ഗവും ആയിരുന്നു. അവിടെ എന്റെത് മാത്രമായ ബ്ലാക്ക് ബോർഡുകളിൽ, എന്നെ മുമ്പിലിരുത്തി ഞാൻ തന്നെ ചോക്കു കൊണ്ട് എഴുതി.
‘അബ്ബാസ്'.
എന്റെ പേരാണ് ഞാൻ ആദ്യം എഴുതാൻ പഠിച്ചത്.
പിന്നെ ആ ബ്ലാക്ക് ബോർഡുകളിൽ വർണചോക്കുകൾ കൊണ്ട് തികച്ചും നിശബ്ദവും ഏകാന്തവുമായ ക്ലാസ് മുറിയിലിരുന്ന് ഞാൻ എഴുതി, ‘കടൽ.’
ഞാൻ വായിച്ചു, ‘കടൽ ', ഞാനെഴുതി, ‘ആകാശം', ഞാൻ വായിച്ചു, ‘ആകാശം’, ഞാൻ എഴുതി, ‘സൂര്യൻ’, ഞാൻ വായിച്ചു, ‘സൂര്യൻ ' .

ആരും ഏറ്റുപറയാനില്ലാത്തതുകൊണ്ട് ഞാൻ ഉച്ചരിച്ച വാക്കുകളത്രയും ചിതറി പരക്കാതെ എന്റെ ചെവിയിലേക്കുതന്നെ വന്നു. തനിയെ എഴുതി, തനിയെ വായിച്ച്, തനിയെ അർത്ഥമാരാഞ്ഞ്, ഞാൻ പരീക്ഷ എഴുതിത്തീർത്ത ആ ക്ലാസ് മുറികളുടെ ഏകാന്തതയും കുളിരും വിഷാദവും മലയാളത്തിന്റെ ഇതിഹാസമായ ‘ഖസാക്കി’ന്റെ വായനയിൽ, അതിലെ ഭാഷയുടെ മാധുര്യത്തിൽ, രണ്ട് ജീവ ബിന്ദുക്കളുടെ കഥയിൽ, ‘അനിയത്തീ... നീയെന്നെ മറന്നുവല്ലോ '
എന്ന സസ്യ വിലാപത്തിൽ എന്റെ കണ്ണുകളിൽ ജലമായി പരിണമിച്ചു.

പരിണാമത്തിന്റെയും അകൽച്ചയുടെയും ആ വിജയസ്പർശം വായിക്കാനാണ് ഞാൻ മലയാള ഭാഷ പഠിച്ചതെന്ന് ഏറ്റവും ആഹ്ലാദത്തോടെ ഞാൻ മനസ്സിലാക്കിയത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments