ചിത്രീകരണം : ദേവപ്രകാശ്

‘ന്യൂഡൽഹി’യിലെ ത്യാഗരാജനും ഞാനും

വെറും മനുഷ്യർ- 45

നടരാജ്​ വിഷ്​ണുവിനെപ്പോലെ കുറെ പേരെ കൊല്ലുന്ന തടി മിടുക്കുള്ളവനാവാനും നെഞ്ചിലും കൈകാലുകളിലും ചങ്ങലയണിഞ്ഞ് ജയിലിലേക്ക് ആനയിക്കപ്പെടാനും, പൊട്ടിയ കണ്ണടച്ചില്ലുമായി നിൽക്കുന്ന ജി.കെ യോട് സംസാരിക്കുവാനും, എന്തുകൊണ്ട് ഞാൻ തീവ്രമായി ആശിച്ചു എന്നതിനും എനിക്കൊരു ഉത്തരമില്ല.

ന്നത്തെ രാത്രി പുലരുവോളം എന്റെ അന്തരീക്ഷത്തിൽ ഭയമായിരുന്നു. കേൾക്കുന്ന ശബ്ദങ്ങളിൽ, കണ്ണടച്ചിട്ടും കാണുന്ന കാഴ്ചകളിൽ, കൈവിരലുകൾ അറിയാതെ തൊടുന്ന ഇടങ്ങളിലെ തണുപ്പിൽ, ചൂടിൽ, എന്തിലുമേതിലും ഭയം...

അകത്ത് ഉമ്മർ ഹാജിയുടെ ശബ്ദങ്ങൾ ഒടുങ്ങിയമർന്നതേയില്ല. പിടിച്ചു മാറ്റാനോ എതിർക്കാനോ ആരുമില്ലാത്ത ആ വീടിനകത്ത് അയാൾ ഭാര്യയെ പോത്തിനെ തല്ലും പോലെ തല്ലി. അവരുടെ ഞരക്കത്തിന്റെ ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല. ഭർത്താവിന്റെ ഏത് അക്രമത്തെയും സഹിക്കാൻ ആരാണ് അവരെ പഠിപ്പിച്ചത് എന്നറിയില്ല.

ആ രാത്രിയിൽ നിന്ന് ഞാൻ എത്രയോ മുതിർന്നുകഴിഞ്ഞു. ആ രാത്രിയുടെ ഭയങ്ങളിൽ നിന്ന് എത്രയോ ദൂരെയാണ് ഞാനിപ്പോൾ. പക്ഷേ ഇപ്പോഴും എന്റെയീ വാടക ക്വാർട്ടേഴ്‌സിന്റെ അഞ്ച് മുറികളിലൊന്നിൽ, ഒരുത്തൻ ഭാര്യയെ തല്ലുന്നു. കയ്യിൽ കിട്ടുന്നതെന്തും എടുത്ത് അടിക്കുന്നു. കഞ്ചാവിന്റെയോ കള്ളിന്റെയോ ലഹരിയെന്ന് പറഞ്ഞ് എഴുതി തള്ളാനാവില്ല ഇത്തരം ആക്രമണങ്ങളെ.

ഭാര്യയെ തല്ലി മടുക്കുമ്പോൾ ചത്ത പാമ്പിൽ കഫം പുരട്ടി ഉമ്മർഹാജി മടങ്ങി വരുമെന്ന് തന്നെ ഞാൻ കരുതി. ചുറ്റുമുള്ള ലോകം ഉറങ്ങുമ്പോൾ ഞാനാ കുറ്റിയില്ലാത്ത വാതിലടച്ച് അതിൻമേൽ ചാരി നിന്നു.

ചോറിന്റെ കൂടെ കൂട്ടാൻ എത്താൻ ഇത്തിരി വൈകുന്നതിന്, പതിയെ പറഞ്ഞത് കേൾക്കാതെ പോയതിന്, മടലും പത്തി കൊണ്ട് അയാൾ ഭാര്യയെ അടിക്കുന്നു. അവരുടെ ഒമ്പത് വയസ്സുകാരി മകൾ ഈ കാഴ്ചകളിൽ ഭയന്നുവിറച്ച് ഉറക്കെ കരയുന്നു. തടി മാറ്റുകയോ എതിരു പറയുകയോ ചെയ്യാതെ ഈ യുവതി ആ അടിയൊക്കെയും കൊള്ളുന്നു. ചോദിക്കാൻ ചെന്ന എന്നോട്, എന്റെ ഭാര്യയുമായി തനിക്കെന്താണ് രഹസ്യ ബന്ധമെന്ന് ചോദിച്ച് അവനെന്നെ മടക്കി അയക്കുന്നു. തൊട്ടപ്പുറത്തെ വീട്ടിലെ വനിതാ വക്കീലും മനുഷ്യത്വരഹിതമായ ഈ ക്രൂരതയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. നിർത്താതെ അടി കൊള്ളുമ്പോഴും ഈ യുവതി ക്വാർട്ടേഴ്‌സിൽ നിന്ന് ഒന്ന് ഇറങ്ങിയോടുന്നതുപോലുമില്ല. ആരാണ് ഈ സഹനങ്ങൾ ഇവരെയൊക്കെ പഠിപ്പിച്ചതെന്ന് പിടികിട്ടാതെ ഞാൻ എന്റെ മാത്രം ലോകത്തിലേക്ക് ചുരുങ്ങുന്നു.

ഭാര്യയെ തല്ലി മടുക്കുമ്പോൾ ചത്ത പാമ്പിൽ കഫം പുരട്ടി ഉമ്മർഹാജി മടങ്ങി വരുമെന്ന് തന്നെ ഞാൻ കരുതി. ചുറ്റുമുള്ള ലോകം ഉറങ്ങുമ്പോൾ ഞാനാ കുറ്റിയില്ലാത്ത വാതിലടച്ച് അതിൻമേൽ ചാരി നിന്നു. അയാളൊന്ന് തള്ളിയാൽ ഞാൻ മറിഞ്ഞുവീഴുമെന്നറിഞ്ഞിട്ടും ഞാനാ നിൽപ്പ് നിന്നു. ഭയത്തിന്റെ ആ മണൽ കാറ്റിൽ, എന്റെ എല്ലാ ഇന്ദ്രിയ ഗുണങ്ങളും ഉമ്മർ ഹാജി എന്ന ഒറ്റ മനുഷ്യനിലേക്ക് ചുരുങ്ങി. ഏതുനിമിഷവും അയാൾ വന്നേക്കുമെന്ന് ഭയന്നുഭയന്ന് ഞാൻ അതേ നിൽപ്​ നിന്നു.

അയാൾ ദൈവത്തോട് പ്രാർത്ഥിച്ച, ഈണത്തിൽ ഖുർആൻ ഓതിയ ആ മുറിയിൽ, അകത്തെവിടെയോ മിടിക്കുന്ന ഘടികാരത്തിന്റെ ശബ്ദമളന്ന് ഞാനെന്ന കുട്ടി നിന്നു. കരയാൻ പോലുമാവാത്ത വിധം ഭയം എന്നെ കീഴ്‌പ്പെടുത്തിയിരുന്നു. മുറിയിൽ ഒരു പാറ്റ ചിറകനക്കുന്നതിന്റെ ശബ്ദം പോലും എനിക്ക് കേൾക്കാമായിരുന്നു. എന്റെ തന്നെ നെഞ്ചിടിപ്പിന്റെ ശബ്ദം പോലും എന്നെ ഭയപ്പെടുത്തി. കൈയ്യോ കാലോ ഇളകുമ്പോഴുണ്ടാവുന്ന ചെറിയ ശബ്ദം പോലും അയാൾ കേൾക്കുമെന്നുഭയന്ന് ഞാൻ അനങ്ങാതെ നിന്നു.

അകത്തെ ഘടികാരത്തിൽ മൂന്ന് മണിയടികൾ ഞാൻ കേട്ടു. ഉറക്കം തൊടാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണുകൾ തുറന്നുപിടിച്ചു. എന്നിട്ടും നാലാമത്തെ മണി കേൾക്കും മുമ്പ് ഞാൻ ആ വാതിലിൽ ചാരിയിരുന്ന് ഉറങ്ങിപ്പോയി. പുലർച്ചെ അവർ വന്ന് വാതിൽ തുറക്കാൻ നോക്കുമ്പോൾ ഞാനാ നിലത്ത് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. അവരെന്നെ കുലുക്കി വിളിച്ച് നനവുണങ്ങാത്ത എന്റെ വസ്ത്രങ്ങൾ എനിക്ക് തന്നു. സങ്കടവും ലജ്ജയും കാരണം ഞാനാ മുഖത്തേക്കു നോക്കിയില്ല. അവരുടെ ചുരുട്ടിപ്പിടിച്ച കൈ എന്റെ നേർക്ക് നീണ്ടു വന്നു. അതിൽ അമ്പത് രൂപയുടെ രണ്ട് നോട്ടുകളുണ്ടായിരുന്നു.

‘പൊയ്‌ക്കോ, ഇഞ്ഞ് ഇജ് ഈ നരകത്ത്ക്ക് വരരുത്.’

അവർക്കും ഉണ്ടായിരുന്നു എന്റെ പ്രായത്തിൽ ഒരു അനിയൻ. അവർ എന്നോട് കാണിച്ച വാത്സല്യം ഒരു എട്ടത്തിയുടേതായിരുന്നു എന്ന് തിരിച്ചറിയാൻ എനിക്ക് പിന്നെയും കാലങ്ങൾ വേണ്ടി വന്നു. രാത്രി മുഴുവൻ ഭാര്യയെ തല്ലി തളർന്ന ഉമ്മർഹാജി അപ്പോഴും ഉണർന്നിട്ടുണ്ടായിരുന്നില്ല. ഞാനാ നനവുള്ള തുണിയും കുപ്പായവും ധരിച്ചു. യാത്ര പറയാനെന്നോണം വരാന്തയിൽ അവരെ നോക്കിയപ്പോൾ കണ്ടില്ല. അടഞ്ഞ മുൻ വാതിലിൽ മുട്ടി വിളിക്കാനുള്ള ധൈര്യം ഉണ്ടായില്ല. തലേന്ന് കൊണ്ടു വന്ന മുന്തിരിങ്ങകൾ വരാന്തയിൽ ചിതറിക്കിടന്നു. മൂപ്പരുടെ പരാക്രമത്തിനിടയിൽ ഞെരിഞ്ഞമർന്ന് വയറുകൾ പൊട്ടിയ മുന്തിരിങ്ങകൾ ആ കാവി നിലത്തിൽ കണ്ണീർത്തുള്ളികളായി രക്തമിറ്റിച്ച് കിടക്കുന്നത്, എനിക്കിപ്പോഴും കാണാം.

മുമ്പിലോ പിമ്പിലോ ആരുമില്ലാത്ത, അപരിചിതമായ ദേശത്ത് എന്ത് തൊഴിൽ ചെയ്യുമെന്ന് പിടിയില്ലാത്ത പതിനഞ്ച് കാരന്റെ ആ ശൂന്യയിലേക്ക്, റെയിൽ പാളങ്ങളോ മരക്കൊമ്പുകളോ കയർ കുരുക്കുകളോ തെളിഞ്ഞു വന്നില്ല

ഉണരാൻ തുടങ്ങുന്ന പാതകളിലൂടെ കനിവായി കിട്ടിയ ആ നോട്ടുകളും പിടിച്ച് ഞാൻ നടന്നു. ഇനിയെന്ത് എന്ന വലിയ ചോദ്യം എന്റെയുള്ളിൽ പുകഞ്ഞു. സ്വന്തം ഇഷ്ടത്തിന് തെരഞ്ഞെടുത്ത ജോലിയായതിനാൽ വീട്ടിൽ ചെന്ന് ആരോടും പരാതി പറയാൻ പറ്റില്ല. സ്വന്തം ഇഷ്ടത്തിന് ഉപേക്ഷിച്ച ഷൈൻ ആർട്‌സിലെ ജോലിയിൽ തിരികെ കയറാനും കഴിയില്ല.

കാൽക്കീഴിൽ പാതകൾ തെന്നിക്കളിച്ചു. ഉറക്കച്ചടവോടെ, ഒട്ടും പ്രസരിപ്പില്ലാത്ത മുഖങ്ങളോടെ കുട്ടികൾ മദ്രസയിലേക്ക് പോവുന്നുണ്ടായിരുന്നു. കോട്ടക്കൽ അങ്ങാടിയിലെ മെയിൻ റോഡിലേക്ക് കടക്കുന്ന വക്കത്ത്, ഓലച്ചുമരുകളുള്ള ഒരു ഹോട്ടലുണ്ടായിരുന്നു. എനിക്ക് വിശക്കുന്നുണ്ടായിരുന്നു. അവിടെ പുട്ടും ചായയും ഉണ്ടായിരുന്നു. അത് കഴിക്കുമ്പോഴും നെഞ്ച് വല്ലാതെ മിടിച്ചു. വീട്ടിലേക്ക് മടങ്ങി ചെന്നാൽ ഈ പണി ഉപേക്ഷിച്ചതിന്റെ കാരണം പറയേണ്ടിവരും. എന്തെങ്കിലും കള്ളം പറഞ്ഞ് രക്ഷപ്പെട്ടാൽ തന്നെ നാളെ മുതൽ ഏട്ടന്റെ കൂടെ പെയിന്റിങ് പണിക്ക് പോവേണ്ടിവരും. രണ്ടു ദിവസം മുമ്പാണ് എന്റെ നേരെ മൂത്തയാൾ ചുണ്ട് പൊട്ടി ചോരയൊലിച്ച പാടുമായി ഏട്ടന്റെ കൂടെ പണി കഴിഞ്ഞ് മടങ്ങി വന്നത്. എന്തോ നിസ്സാര പിഴവിന് ഏട്ടൻ കൈ കൊണ്ട് അടിച്ച് ചുണ്ട് പൊട്ടിച്ചതാണ്.

ശൂന്യത എന്ന വാക്കും അതിന്റെ പൊരുളും അന്ന് എനിക്കറിയില്ലെങ്കിലും, ഞാൻ അന്ന് അനുഭവിച്ചത് തികഞ്ഞ ശൂന്യതയാണ്. മുമ്പിലോ പിമ്പിലോ ആരുമില്ലാത്ത, അപരിചിതമായ ദേശത്ത് എന്ത് തൊഴിൽ ചെയ്യുമെന്ന് പിടിയില്ലാത്ത പതിനഞ്ച് കാരന്റെ ആ ശൂന്യയിലേക്ക്, റെയിൽ പാളങ്ങളോ മരക്കൊമ്പുകളോ കയർ കുരുക്കുകളോ തെളിഞ്ഞു വന്നില്ല. അത്തരമൊരു സാധ്യതയെ കുറിച്ച് ചിന്തിക്കാൻ പോലും അറിയില്ലായിരുന്നു.

ചായ കുടിയൊക്കെ കഴിഞ്ഞ് കുറച്ചുനേരം അങ്ങാടിയിലൂടെ അലഞ്ഞ് ഒടുക്കം ഞാൻ നാട് വിടാൻ തീരുമാനിച്ചു. തിരൂർ എന്ന ദേശത്താണ് റെയിൽവേ സ്റ്റേഷനുള്ളത് എന്ന് അറിയാമായിരുന്നു. കോട്ടക്കൽ ബസ് സ്റ്റാന്റിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കയറി. എന്റെ കുപ്പായത്തിന്റെ നനവ് ഉണങ്ങിക്കഴിഞ്ഞിരുന്നു. കുപ്പായ കീശയിൽ അവർ തന്ന നൂറുരൂപയിൽ തൊണ്ണൂറു രൂപ ബാക്കിയുണ്ടായിരുന്നു. ബസ് സ്റ്റാന്റും കഴിഞ്ഞ് ചങ്കുവെട്ടി എത്തും മുമ്പേ എനിക്ക് ലോകം അപരിചിതമായി. അറിയാത്ത വഴികളിലൂടെ ബസ് മുമ്പോട്ടു പോയി. നഷ്ടമായ ഉറക്കം തിരികെ വന്ന് എന്റെ കണ്ണുകളെ മൂടി. സുഖകരമായ ആ ഉറക്കത്തിൽ നിന്ന് ഞാൻ ഉണരുമ്പോൾ ബസ്​ തിരൂർ സ്റ്റാന്റിലെത്തിയിരുന്നു.

അത്രയും വലിയ മമ്മൂട്ടിയെ ആ തിയേറ്ററിന്റെ മുറ്റത്തെ കൂറ്റൻ ബോർഡിലാണ് ഞാൻ ആദ്യമായി കാണുന്നത്. കയ്യിൽ ഒരു സ്റ്റീൽ വടിയും കുത്തിപ്പിടിച്ച് പാന്റും കോട്ടുമൊക്കെ ഇട്ട് കണ്ണട വെച്ച് മൂപ്പർ ആ ബോർഡിൽ നീണ്ട് നിവർന്നങ്ങനെ നിന്നു.

അവിടെ നിറച്ചും ബഹളമായിരുന്നു. വെറ്റിലക്കെട്ടുകൾ ചുമന്ന് ഓടുന്നവരുടെ, സ്‌കൂൾ കുട്ടികളുടെ, ചുമട്ടുതൊഴിലാളികളുടെ, ജോലിക്ക് കാത്തിരിക്കുന്ന തമിഴന്മാരുടെ ശബ്ദങ്ങൾ ...പിന്നെയും ശബ്ദങ്ങൾ ... അന്ന് തിരൂർ ചെറിയൊരു പട്ടണമായിരുന്നെങ്കിലും എനിക്കത് മഹാനഗരമായിരുന്നു. പല വഴിക്ക് പോകുന്ന പാതകളുടെയും രണ്ടുനില കെട്ടിടങ്ങളുടേയും വാഹനങ്ങളുടേയും മഹാനഗരം.

അറിയാത്ത പാതയിലൂടെ ഞാൻ നടന്നു. ബസിൽ കിടന്ന് ഉറങ്ങിയതിന്റെ സുഖത്തിലും ചുറ്റും മിടിക്കുന്ന ജീവിതങ്ങളുടെ കാഴ്ചകളിലും എനിക്ക് ആനന്ദം തോന്നി. മുമ്പോട്ട് നടക്കുന്തോറും എന്റെ ഭയം കുറഞ്ഞുകുറഞ്ഞ് വന്നു. തെരുവോരച്ചുമരുകളിൽ സിനിമാ പോസ്റ്ററുകൾ ചിരിച്ചുനിന്നു. ഒരു പോസ്റ്ററിലെ, ന്യൂഡൽഹി എന്ന ഉരുണ്ട അക്ഷരങ്ങൾ ഞാൻ വായിച്ചു. സിനിമയിലെ നടൻ മമ്മൂട്ടിയാണെന്ന് ഏകദേശ ധാരണ കിട്ടി. നടിമാരുടെയും മറ്റ് നടന്മാരുടെയും പേരുകൾ അറിയില്ലായിരുന്നു. അവർ ജീവിക്കുന്നത് തിരൂർ സെൻട്രൽ തിയേറ്ററിലാണെന്ന് ആ പോസ്റ്ററിലെ മറ്റൊരു ചെറിയ പോസ്റ്റർ എന്നോട് പറഞ്ഞു.

ഞാൻ നടക്കുന്നത് ആ തിയേറ്ററിലേക്കുള്ള പാതയിലൂടെയായിരുന്നു. വലിയ കൂടാരം പോലുള്ള ആ തീയേറ്ററിന്റെ തുറക്കാത്ത ഗെയിറ്റിനു മുമ്പിൽ ആളുകൾ വരി നിൽക്കുന്നുണ്ടായിരുന്നു. ഒന്നാം കളിക്ക് പിന്നെയും എത്രയോ സമയമുണ്ടെന്ന് ആരോ എനിക്ക് പറഞ്ഞ് തന്നു. അക്കാലത്ത് തിരൂരിലാണ്​ സിനിമകൾ റിലീസ് ചെയ്തിരുന്നത്. കോട്ടക്കലിലെ ലീനയിലും രാധാകൃഷ്ണയിലും എത്തിയിരുന്നത്, തിരൂരിലെ തിയേറ്ററുകളിൽ ഓടിത്തളർന്ന സിനിമകളായിരുന്നു.

വെയില് ചൂടാവാൻ തുടങ്ങിയിരുന്നു. എന്റെ പ്രായത്തിലുള്ള കുട്ടികൾ വരിയിൽ തീരെ കുറവായിരുന്നു. ഒരു വട്ടം ന്യൂഡെൽഹി കണ്ടവരും ആ വരിയിലുണ്ടായിരുന്നു. അവർ സിനിമയുടെ കഥയും സംഭാഷണവും ആവേശത്തോടെ പറയുന്നുണ്ടായിരുന്നു. തിരക്ക് കൂടിക്കൂടി വന്നു, പിന്നിൽ നിന്നും മുന്നിൽ നിന്നും ആളുകൾ തിരക്കി. ഗെയിറ്റ് തുറന്നപ്പോൾ വരിയാകെ അലങ്കോലമായി. ആളുകൾ പരക്കം കെട്ടി ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി. ഞാനാ തിരക്കിൽ പെട്ട് വരിയിൽ നിന്ന് പുറത്തായി. ഭ്രാന്തെടുത്ത പോലെ ആളുകൾ പരസ്പരം തള്ളി മറിച്ചിട്ടു. ആ ഭ്രാന്തിന്റെ ഉച്ചിയിൽ നിന്ന് ആരോ ഉറക്കെ പറഞ്ഞു, ‘നമസ്‌കാരം പണിക്കര് ചേട്ടാ ...ഞാനെല്ലാം മറന്നു എന്ന് നീ കരുതി അല്ലേടാ തെണ്ടി കഴുവേറി മോനേ... '

ആരാണ് പണിക്കര് ചേട്ടൻ എന്നറിയാതെ ആ ആൾക്കൂട്ട ഭ്രാന്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഞാൻ വട്ടം കറങ്ങി. ഒരു കൈ കൊണ്ട് ഞാൻ കീശ പൊത്തി പിടിച്ചു. പണം കളവ് പോയാലുണ്ടാവുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഞാനും എന്റെ പ്രായത്തിലുള്ള മൂന്നു കുട്ടികളും കുപ്പായത്തിൽ പുരണ്ട പൊടി തട്ടി ഒരു വരിയുടെ ഏറ്റവും പിന്നിലായി പോയി നിന്നു.

അത്രയും വലിയ മമ്മൂട്ടിയെ ആ തിയേറ്ററിന്റെ മുറ്റത്തെ കൂറ്റൻ ബോർഡിലാണ് ഞാൻ ആദ്യമായി കാണുന്നത്. കയ്യിൽ ഒരു സ്റ്റീൽ വടിയും കുത്തിപ്പിടിച്ച് പാന്റും കോട്ടുമൊക്കെ ഇട്ട് കണ്ണട വെച്ച് മൂപ്പർ ആ ബോർഡിൽ നീണ്ട് നിവർന്നങ്ങനെ നിന്നു. ആ മനുഷ്യൻ ഇപ്പോൾ എന്ത് ചെയ്യുകയാവും എന്ന് ഞാൻ അത്ഭുതപ്പെട്ടു. ആ മനുഷ്യന്റെ സിനിമ കാണാനാണല്ലോ ഇക്കണ്ട ആളുകൾ മുഴുവൻ പൊരി വെയില് കൊള്ളുന്നതെന്ന് ഞാൻ അസൂയപ്പെട്ടു.

അത്ഭുതങ്ങളും അസൂയയും തിക്കും തിരക്കുമൊക്കെ കഴിഞ്ഞ് ടിക്കറ്റ് കിട്ടി തിയേറ്ററിനകത്തേക്ക് കടന്നപ്പോൾ എനിക്ക് അതിയായ ആനന്ദം തോന്നി. നാട്ടിലെ എന്റെ പ്രായക്കാർ കാണാത്ത സിനിമയാണ് ഞാൻ കാണാൻ പോവുന്നത്. ആളുകൾ തിയേറ്ററിനുള്ളിൽ ഉത്സവപ്പറമ്പിലെന്ന പോലെ കലമ്പൽ കൂട്ടി. തിരശ്ശീലയിൽ വെളിച്ചം തെളിഞ്ഞപ്പോൾ ഉറക്കെ കൈയ്യടിച്ചു. ആർപ്പ് വിളിച്ചു. ഞാൻ പോലുമറിയാതെ എന്റെ കയ്യും കൂട്ടിയടിക്കപ്പെട്ടു. പോയ കാലങ്ങളൊന്നും അപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല. ആ നിമിഷങ്ങൾ മാത്രം... അതിന്റെ ത്രസിപ്പിക്കുന്ന ആനന്ദങ്ങൾ മാത്രം...

തിരശ്ശീലയിൽ ജീവിതങ്ങളും കാഴ്ചകളും തെളിയാൻ തുടങ്ങി. ഞാൻ കാണുന്നത് രാജ്യത്തിന്റെ തലസ്ഥാനമാണെന്നോ റിപ്പബ്ലിക് പരേഡാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ത്യാഗരാജൻ എന്ന നടനെ കണ്ട ആദ്യത്തെ സീൻ ഇപ്പോഴും ഓർമയുണ്ട്. ദേഹത്തും കൈ കാലുകളിലും ചങ്ങലയിട്ട ആ മനുഷ്യൻ ജയിൽ പൊലീസിന്റെ അകമ്പടിയോടെ നടന്നുവരുന്നു .... വല്ലാത്തൊരു നടത്തമായിരുന്നു അത്. സിനിമയിലെ കഥ അതിന്റെ നേർവഴിക്ക് പോയി . ഞാൻ നടരാജ് വിഷ്ണുവെന്ന ത്യാഗരാജന് വേണ്ടി കാത്തിരുന്നു. അയാളും കൂട്ടാളികളും ജയിൽ ചാടുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ, ജി.കെ എന്ന നായകനുവേണ്ടി അയാൾ ചെയ്യുന്ന പ്രതികാര നടപടികൾ എല്ലാം വിജയിക്കാൻ ഞാൻ തീവ്രമായി ആശിച്ചു. ഒടുക്കം അയാൾ ഒരു സ്വിമ്മിംഗ് പൂളിലോ മറ്റോ വെടിയേറ്റു മരിച്ചപ്പോൾ എന്റെ ന്യൂഡൽഹി സിനിമ അവിടെ അന്തിച്ച് നിന്നു. യഥാർത്ഥ ന്യൂഡൽഹി പിന്നെയും നീണ്ടു. ഇന്നും ആ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാവുന്നത്, ഓർമ വച്ച ശേഷം ഞാൻ കണ്ട ആദ്യ സിനിമയായതുകൊണ്ട് മാത്രമല്ല, ത്യാഗരാജൻ എന്ന നടൻ അതിൽ ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ്.

ത്യാഗരാജൻ പ്രത്യക്ഷപ്പെടുന്ന രംഗത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. ഇന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. അയാളെപ്പോലെ കുറെ പേരെ കൊല്ലുന്ന തടി മിടുക്കുള്ളവനാവാനും നെഞ്ചിലും കൈകാലുകളിലും ചങ്ങലയണിഞ്ഞ് ജയിലിലേക്ക് ആനയിക്കപ്പെടാനും എന്തുകൊണ്ട് ഞാൻ തീവ്രമായി ആശിച്ചു എന്നതിനും എനിക്കൊരു ഉത്തരമില്ല.

ഞാൻ കണ്ടത് മോണിംഗ് ഷോയായിരുന്നു. അന്ന് രണ്ടുമൂന്ന് തിയേറ്ററുകൾ തിരൂരിലുണ്ടായിരുന്നെങ്കിലും മറ്റൊരു സിനിമ കാണാൻ പോവാതെ, കുറെ നേരം തിരൂർ പട്ടണത്തിലൂടെ അലഞ്ഞുനടന്ന് ഭക്ഷണമൊക്കെ കഴിച്ച്, റെയിൽവേ സ്റ്റേഷൻ കണ്ടുപിടിച്ച്, അതേ സെൻട്രൽ തിയേറ്ററിൽ തന്നെ മടങ്ങിയെത്തി അതേ ന്യൂഡൽഹി സിനിമ ഞാൻ വീണ്ടും കണ്ടു. ത്യാഗരാജൻ പ്രത്യക്ഷപ്പെടുന്ന രംഗത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. ഇന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. നായകനെയും സിനിമയേയും ശ്രദ്ധിക്കാതെ, ഞാൻ ആ കഥാപാത്രത്തെ മാത്രം എന്തുകൊണ്ട് ഇത്ര ഇഷ്ടപ്പെട്ടുവെന്നും, അയാളെപ്പോലെ കുറെ പേരെ കൊല്ലുന്ന തടി മിടുക്കുള്ളവനാവാനും നെഞ്ചിലും കൈകാലുകളിലും ചങ്ങലയണിഞ്ഞ് ജയിലിലേക്ക് ആനയിക്കപ്പെടാനും, പൊട്ടിയ കണ്ണടച്ചില്ലുമായി നിൽക്കുന്ന ജി.കെ യോട് സംസാരിക്കുവാനും, എന്തുകൊണ്ട് ഞാൻ തീവ്രമായി ആശിച്ചു എന്നതിനും എനിക്കൊരു ഉത്തരമില്ല. ഉത്തരമില്ലാത്ത അനേകം വൈരുദ്ധ്യങ്ങളുടെ ആകത്തുകയാണല്ലോ ജീവിതം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments