ചിത്രീകരണം : ദേവപ്രകാശ്

ഉമ്മ, എഴുതാൻ കിട്ടാത്ത ഒരു വാക്ക്​

വെറും മനുഷ്യർ- 46

പത്ത് മക്കളെ പെറ്റ ആ അമ്മ കട്ടിലിൽ എല്ലും തോലുമായി സ്ഥലകാലങ്ങൾ മറന്ന് ചുരുണ്ടുകൂടി കിടപ്പുണ്ട്. കിടന്നിടത്ത് തന്നെ വിസർജിക്കുന്നുണ്ട്. എത്ര തവണ മൂത്രമൊഴിച്ചാലും അടുത്ത നിമിഷത്തിൽ, പിന്നെയും മൂത്രമൊഴിക്കാനുണ്ടെന്ന ശങ്കയിൽ ഒരു കുഞ്ഞിനെപ്പോലെ കുളിമുറിയുടെ വാതിലിലേക്ക് ചുമരിൽ പിടിച്ച് പിച്ച വെക്കുന്നുണ്ട്.

സിനിമ കഴിഞ്ഞിറങ്ങുമ്പോൾ എനിക്കുമുമ്പിൽ അപരിചിതമായ പട്ടണരാത്രി ...
അതിന്റെ വെളിച്ചങ്ങൾ ...
പകൽ ഞാൻ കണ്ട പട്ടണമേ ആയിരുന്നില്ല അത്.
തിയേറ്ററിൽ നിന്നിറങ്ങിയ ആൾക്കൂട്ടം പലവഴിക്ക് പിരിഞ്ഞുപോയി.
വഴികൾ വിജനമാവാൻ തുടങ്ങുന്നു. തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ അടഞ്ഞുകിടക്കുന്ന ഷട്ടറുകൾ. അവയുടെ മുമ്പിൽ, മാറാപ്പും അരികിൽ വച്ച് ഉറക്കത്തിന് തയ്യാറെടുക്കുന്ന മനുഷ്യർ.

സമയം രാത്രിയാണെന്ന ബോധം എന്റെ ചിന്തയിലേക്ക് മെല്ലെയാണ് അരിച്ചുകയറിയത്. ഒരു പരിചയക്കാരൻ പോലുമില്ലാത്ത ഈ പട്ടണത്തിൽ തികച്ചും ഏകനാണെന്ന ചിന്ത എന്നെ ഭയപ്പെടുത്തി. കുട്ടികളെ പിടിച്ചുകൊണ്ടുപോയി കണ്ണ് കുത്തിപൊട്ടിച്ച് ഭിക്ഷക്കിരുത്തുന്ന കഥകൾ ധാരാളം കേട്ടതാണ്. കാണുന്ന ഓരോ മുഖത്തിലും ഞാൻ ഒരു കുട്ടിയെപ്പിടുത്തക്കാരനെ തിരഞ്ഞു . റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ഞാൻ മറന്നുപോയിരുന്നു. ഭയം മണക്കുന്ന ആ അന്തരീക്ഷത്തിൽ ഇനിയത് കണ്ടുപിടിക്കാനും കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഞാൻ കരഞ്ഞുപോയി.

തിരിഞ്ഞുനോക്കിയ ആ അച്ഛൻ മകനെ ചേർത്തുപിടിച്ച് എന്നോട് എന്തോ ചോദിച്ചു. ഞാനത് കേട്ടില്ല, ഞാൻ ഒന്നും കേട്ടില്ല. എന്റെ ചെവിയിൽ ഉമ്മാന്റെ നെഞ്ച് പൊട്ടിയുള്ള വിളി വന്ന് തൊട്ടു ....മോനേ ...അബ്ബാസേ ...

എന്നോളം പ്രായമുള്ള മകന്റെ തോളിൽ കൈവച്ച് ഒരു അച്ഛൻ എന്റെ മുമ്പിലൂടെ നടന്നു. അവർ ഉത്സാഹത്തോടെ ന്യൂഡൽഹി സിനിമയുടെ കഥ പറയുകയാണ്. പൊരിവെയിലത്ത് മഴ പെയ്താലെന്നപോലെ എന്റെ ഭയങ്ങൾക്കുമേൽ ഉമ്മാന്റെ മുഖം തെളിഞ്ഞു. ഉമ്മാനെ കണ്ടിട്ട് കാലങ്ങളായതുപോലെ എനിക്കുതോന്നി. ആ തോന്നൽ നിയന്ത്രിക്കാനാവാതെ എന്റെ കരച്ചിൽ ഉച്ചത്തിലായി.
തിരിഞ്ഞുനോക്കിയ ആ അച്ഛൻ മകനെ ചേർത്തുപിടിച്ച് എന്നോട് എന്തോ ചോദിച്ചു. ഞാനത് കേട്ടില്ല, ഞാൻ ഒന്നും കേട്ടില്ല. എന്റെ ചെവിയിൽ ഉമ്മാന്റെ നെഞ്ച് പൊട്ടിയുള്ള വിളി വന്ന് തൊട്ടു ....
മോനേ ...അബ്ബാസേ ...
ഓരോ കാഴ്ചയിലും കേൾവിയിലും ഞാൻ വീണ്ടും വീണ്ടും ആ വിളി കേട്ടു.
ഉപ്പുരുചിയുള്ള കണ്ണീർ മറയ്ക്കപ്പുറം, ബസ് സ്റ്റാൻറ്​ പാതി ഒഴിഞ്ഞുകിടന്നു. ഞാൻ ബസ് സ്റ്റാൻഡിലേക്ക് കയറി. അപ്പോൾ, ആ നിമിഷങ്ങളിൽ എനിക്ക് ഉമ്മാനെ കാണണമെന്ന് തോന്നി. മറ്റൊരു കാഴ്ച്ചയും എനിക്കപ്പോൾ ആശ്വാസമായില്ല, ആവുമായിരുന്നില്ല...

കോട്ടക്കൽ വഴി മഞ്ചേരിയിലേക്ക് പോവുന്ന അവസാന ബസ്​, സ്റ്റാന്റിൽ നിന്ന് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. നാടുവിട്ട് പോകുന്നതിനെക്കുറിച്ച് ഓർക്കുക പോലും ചെയ്യാതെ ഞാനാ ബസിൽ കയറിയിരുന്നു. ഉമ്മാന്റ മണങ്ങൾ എന്റെ മൂക്കിൽ വന്ന് തൊട്ടു. ഉമ്മാന്റെ കൈകൾ എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. ‘ഇന്റെ കുട്ടി എങ്ങട്ടാ പോയത് റബ്ബേ ... ' എന്ന നിലവിളി ആ ബസിനുള്ളിൽ ഞാൻ കേട്ടു. ബസിൽ വളരെ കുറച്ചു ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഒഴിഞ്ഞു കിടന്ന സീറ്റിൽ കവിളിൽ തൊടുന്ന സ്വന്തം കണ്ണീരിന്റെ നനവിൽ കൂടുതൽ വേദനിച്ച് ഞാൻ ഇരുന്നു. പട്ടണവും പാതകളും എന്റെ പിറകിലേക്ക് ഓടി മറഞ്ഞു. ബസ്​ മുമ്പോട്ട് പോകും തോറും ഇരുട്ട് കൂടിക്കൂടി വന്നു. നല്ല വേഗതയിലാണ് ബസ് ഓടിയിരുന്നത്. പക്ഷേ എനിക്ക് ആ വേഗം പോരായിരുന്നു.

കോട്ടക്കൽ സ്റ്റാൻറിൽ ബസ് ചെന്ന് കയറുമ്പോൾ അവിടം ശൂന്യമായിരുന്നു. ഓട്ടം മതിയാക്കി നിർത്തിയിട്ട മൂന്ന് ബസുകൾ അവിടെ അനാഥമായി കിടന്നു. വീട്ടിലേക്കെത്തുവാൻ ഇനി നടക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല എന്ന് ബോധ്യമായപ്പോൾ എന്റെ ഭയം മടങ്ങിവന്നു. മങ്ങിയ തെരുവുവിളക്കുകൾ കത്തുന്ന കോട്ടക്കൽ അങ്ങാടിയിലൂടെ ഞാൻ ഓടി. ഉമ്മർ ഹാജിയുടെ കടയെത്താൻ നേരം കണ്ണടച്ച് ഓടി.ഓടി ഓടി പുത്തൂര് കയറ്റത്തിനുമുമ്പിലെത്തിയപ്പോൾ ഞാൻ നിന്ന് കിതച്ചു.

പോത്താവാനും വാഹനങ്ങളാവാനും കഴിയുന്ന ഒടിയന്മാരുടെ അനന്തമായ കടൽ എനിക്കുമുമ്പിൽ ആർത്തിരമ്പി. ആ മുക്കവലയിലെ ചീനി മരത്തിനുചുവട്ടിൽ ഞാൻ തളർന്നിരുന്നു. ദാഹവും വിശപ്പും മടങ്ങിവന്നു. ഉമ്മർഹാജി മടങ്ങിവന്നു. എന്റെ നേർക്ക് കരുണയോടെ നീണ്ട സ്വർണവളയിട്ട കൈ മടങ്ങി വന്നു. വടിയുമായി നിൽക്കുന്ന ഏട്ടൻ മടങ്ങി വന്നു. പിന്നിട്ട പാതയിൽ മരുഭൂമികളും മുമ്പിലെ പാതയിൽ കടലുമാണെന്ന് തോന്നിപ്പോയി.

അപ്പോഴാണ് പുത്തൂര് ജുമാ മസ്ജിദിൽ നിന്ന് ചെറിയൊരു ആൾക്കൂട്ടം പുറത്തേക്കിറങ്ങി പരന്നത് .പള്ളിയിൽ മൗലൂദായിരുന്നു. മൗലൂദും കഴിഞ്ഞ് ചീരിണിയും തിന്ന് പല്ലിട കുത്തി ഒരു മനുഷ്യൻ മുമ്പിലേക്കുള്ള കയറ്റം കയറുന്നത് കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ് അയാളുടെ പിന്നാലെ കൂടി. വെള്ളത്തുണിയും വെള്ളക്കുപ്പായവും വെള്ള തലയിൽ കെട്ടുമായി കയ്യിലൊരു പൊതിയും പിടിച്ച് അയാൾ മുമ്പേ നടന്നു. എന്റെ കിതപ്പിന്റെ ഒച്ച കേട്ട് അയാൾ തിരിഞ്ഞ് നോക്കി. എന്റെ അപ്പോഴത്തെ ഭാവം ഭയന്ന് വിറച്ച ഒരു നായ്ക്കുട്ടിയുടേതായിരിക്കണം.

‘ഏതാടാ നായേ ഇജ്?'

അയാൾ ചോദിച്ചു. ഞാൻ പേരു പറഞ്ഞു. വീട്ടുപേരും ഉപ്പാന്റെ പേരും പറഞ്ഞു. അപ്പോൾ, എങ്ങോട്ടാണ് ഈ രാത്രിയിൽ നീ പോയിരുന്നതെന്ന് അയാൾ ചോദിച്ചു. നാടുവിടാൻ പോയി മടങ്ങിവരികയാണെന്ന് പറയാൻ ധൈര്യമില്ലാതെ ഞാൻ പാതി സത്യം പറഞ്ഞു; ‘സിനിമക്ക് പോയതാണ് '
‘അന്നെ ഈ ഹറാമിയത്തിന് ആരാ പറഞ്ഞയച്ചത് ?'
‘ആരും പറഞ്ഞയച്ചതല്ല, ഞാൻ ഒറ്റക്ക് പോയതാണ് '

എന്നെ ആരോ കല്ലെടുത്ത് എറിയുന്നുണ്ട് . അത്ര വലിയ കല്ലല്ല, ചെറിയ ചെറിയ കല്ലുകൾ... അത് എന്റെ ചന്തിയിലും മുതുകത്തും വന്ന് വീഴുന്നുണ്ട് .ഏറിൽ കൂടുതൽ ഭയന്ന് കൂടുതൽ വേഗത്തിൽ ഞാൻ ഓടിയപ്പോൾ ഏറിന്റെ വേഗവും കൂടി

പിന്നെ അയാൾ ഒന്നും ചോദിച്ചില്ല. കയ്യിലെ പൊതി തുറന്ന് അതിൽ നിന്ന് ശർക്കരയുടെ തുണ്ടും തേങ്ങാപ്പൂളും എടുത്ത് എനിക്കുതന്നു. ആർത്തിയോടെ അത് തിന്നുതീർത്തപ്പഴാണ് എന്റെയുള്ളിൽ ആ സന്ദേഹം ഉദിച്ചത്. ഇയാള് ഒടിയനാണോ...?

ആണോ എന്ന സന്ദേഹം, ആണ് എന്ന തീർപ്പിലേക്കെത്താൻ അധികനേരം വേണ്ടി വന്നില്ല .തലയിൽ കെട്ടിന്റെ വാല് പിറകോട്ട് നീണ്ടുകിടപ്പുണ്ട് . അതിന്റെ വെള്ള നിറം മാറി കറുപ്പാവുകയാണ്. ചുറ്റും ഇരുട്ടാണ്. വാഹനങ്ങൾ ഒന്നും വരുന്നില്ല. ഒരു ശബ്ദവും കേൾക്കുന്നില്ല. ഒരു പോത്തിന്റെ മുരൾച്ച കേൾക്കുന്നുണ്ടോ...? ഉണ്ടായിരുന്നു. ഞാനത് കേട്ടു. ഞാൻ ഓടി... പിന്നാലെ ആരോ ഓടുന്നുണ്ടെന്ന് തോന്നിയപ്പോ എന്റെ കാലുകൾ തളരാൻ തുടങ്ങി. വിട്ടുകൊടുക്കാൻ പാടില്ല. ഓടിയേ പറ്റൂ ...ഇല്ലെങ്കിൽ നാളെ ഞാൻ എവിടെയെങ്കിലും രണ്ടായി ഒടിഞ്ഞ് കിടക്കുന്നുണ്ടാവും.

പിറകിൽ നിന്നുള്ള അയാളുടെ ചിരി പോത്ത് അമറും പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ റോഡിൽ നിന്ന് മാറി സൈഡിലൂടെയാണ് ഓടുന്നത്. എന്നെ ആരോ കല്ലെടുത്ത് എറിയുന്നുണ്ട് . അത്ര വലിയ കല്ലല്ല, ചെറിയ ചെറിയ കല്ലുകൾ... അത് എന്റെ ചന്തിയിലും മുതുകത്തും വന്ന് വീഴുന്നുണ്ട് . മണ്ണും ചരലുമുള്ള പാതയിലൂടെ ഹവായ് ചെരുപ്പുമിട്ടാണ് ഞാൻ ഓടുന്നതെന്നോ, ഓട്ടത്തിനിടയിൽ എന്റെ ചെരിപ്പിൽ നിന്നുള്ള കല്ലാണ് എന്റെ മേലേക്ക് തെറിക്കുന്നതെന്നോ ചിന്തിക്കാനുള്ള യുക്തി എനിക്കുണ്ടായില്ല. ആ ഏറിൽ കൂടുതൽ ഭയന്ന് കൂടുതൽ വേഗത്തിൽ ഞാൻ ഓടിയപ്പോൾ ഏറിന്റെ വേഗവും കൂടി. മുകളിൽ നിന്ന് വന്ന ജീപ്പിന്റെ വെളിച്ചം താഴേക്ക് പോയപ്പോൾ ഞാൻ ഓട്ടം നിർത്തി തിരിഞ്ഞുനോക്കി. ആ മനുഷ്യനെ അവിടെയെങ്ങും കാണാനില്ല.

നെഞ്ച് പൊട്ടി ഹൃദയം പുറത്ത് ചാടുകയായിരുന്നു. ഒടിയന്മാരുടെ വീടുകൾക്കു മുമ്പിലൂടെയാണ് ഓടുന്നതെന്ന ഓർമ പോലുമില്ലാതെ ഹൃദയം കയ്യിൽ പിടിച്ച് ഞാൻ ഓടി ... ആനോളിയും അരിച്ചോളും പിന്നിട്ട്, ഞങ്ങളുടെ കവലയിലെത്തി ഓട്ടം നിർത്തുമ്പോൾ ഞാൻ നായയെപ്പോലെ അണച്ചു.

കവലയിലെങ്ങും ഒറ്റ വെളിച്ചവുമില്ല. അബ്ദുവാക്കാന്റെ ചായപ്പീടികയിലെ പെട്രോൾ മാക്‌സും പള്ളി മിനാരത്തിലെ പച്ച വെളിച്ചവും അണഞ്ഞ് കഴിഞ്ഞിരുന്നു. ലക്ഷംവീട് കോളനിക്കുമുമ്പിലൂടെ നടക്കുമ്പോൾ നിലവിലെ ഭയം മാറി, ഏട്ടനെന്ന വലിയ ഭയം എന്നെ പിടികൂടി . ഏട്ടൻ ഉറങ്ങിയിട്ടുണ്ടാവില്ല, വടിയുമായി എന്നെ കാത്തിരിക്കുന്നുണ്ടാവും.

ഇന്നലെ രാത്രി ഞാൻ വീട്ടിലേക്ക് വരില്ലെന്ന് ഉമ്മാനോട് പറഞ്ഞിട്ടില്ല. ആ രാത്രിയും കഴിഞ്ഞ് പിന്നെയൊരു പകലും കഴിഞ്ഞിരിക്കുന്നു .ഉമ്മ ആകെ ബേജാറായിട്ടുണ്ടാവും. എന്നെ കാണാഞ്ഞ് കരഞ്ഞിട്ടുണ്ടാവും. അതുകേട്ട് ഏട്ടന്റെ ദേഷ്യം കൂടിയിട്ടുണ്ടാവും. എന്ത് പണ്ടാരം കൊണ്ട് എത്ര തല്ല് കിട്ടുമെന്ന സംശയമേ ഇനിയുള്ളൂ ...

തലേന്ന് രാത്രി എന്നെ കാണാഞ്ഞ്, ഉമ്മ അനിയനെ രാവിലെ ഉമ്മർ ഹാജിയുടെ കടയിലേക്ക് വിട്ട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു . ഞാൻ അവിടുത്തെ പണി മതിയാക്കി ഇരുപത് രൂപയും വാങ്ങി വീട്ടിലേക്ക് പോയല്ലോ, എന്നാണ് ഉമ്മർ ഹാജി അനിയനോട് പറഞ്ഞത്. സ്വന്തം കഫത്തിന്റെ കഥ പറയാൻ അയാൾക്ക് കഴിയില്ലല്ലോ ...രാവിലെ അവിടുന്ന് പോന്നിട്ട് രാത്രിയായിട്ടും വീടെത്താത്ത എന്നെയോർത്ത് ഉമ്മ വിഷമിച്ചിരിക്കുകയായിരുന്നു.

വരാന്തയിൽ തന്നെ ചോറും വിളമ്പിവെച്ച്, കാറ്റത്ത് മണ്ണെണ്ണവിളക്കിന്റെ നാളം കെടാതിരിക്കാൻ കൈ മറയിട്ട് ഉമ്മ മകനെ കാത്തിരുന്നു. ഞാൻ ഏട്ടന്റെ അടി ഭയന്ന്, ദേഹമാകെ വിറച്ച് കൊണ്ട് വീട്ടിലേക്ക് കയറി .വരാന്തയിൽ കാത്തിരിക്കുന്ന ഉമ്മാനെ കണ്ടപ്പോൾ എനിക്ക് ആശ്വാസമായി.
‘എവിടേന്നുടാ ഇജ് ...? '
ഉമ്മാന്റെ ശബ്ദത്തിന് കണ്ണീർ നനവുണ്ടായിരുന്നു. കൈ പോലും കഴുകാതെ ആ ചോറിനും പരിപ്പുകറിക്കും മുമ്പിൽ ഇരുന്ന എന്നെ ഉമ്മ കൂട്ടിപ്പിടിച്ചു. മക്കളുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഉമ്മ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, ‘സിൽമക്ക് പോവാന്നെങ്കി അനക്ക് ഇന്നോടെങ്കിലും പറഞ്ഞൂടായ്‌ന്നോ? '
എന്റെ തൊണ്ടയിൽ ചോറ്റുരുള തടഞ്ഞുനിന്നു. ഉമ്മാന്റെ ശബ്ദം താണത് ഏട്ടനെ പേടിച്ചിട്ടാണ്. സിനിമയ്ക്ക് പോയീന്നറിഞ്ഞാൽ ഏട്ടൻ കെട്ടിയിട്ട് തല്ലും. സിനിമ എന്താണെന്നറിയാത്ത ഉമ്മ, മക്കൾക്ക് ആനന്ദം നൽകുന്ന ഒന്നാണ് അതെന്ന അറിവിൽ ഉള്ളിൽ അതിനായി ഇത്തിരി ഇടം എപ്പോഴും സൂക്ഷിച്ച് വെച്ചിരുന്നു.
‘എത്ത് സിൽമേണ് ഇജ് കണ്ടത് ? '
ചോറിലേക്ക് ഉണക്കമീൻ വെച്ച് തന്ന് ഉമ്മ ചോദിച്ചു.
കൃത്യമായ ഒരു ഉത്തരം പറയാനാവാതെ ഞാൻ പരുങ്ങി ...
‘ഒര് സിനിമ ...'
ഉള്ളിൽ നടരാജ് വിഷ്ണുവെന്ന ത്യാഗരാജൻ നീണ്ട് നിവർന്നുനിന്നു, ആ നിൽപ്പിന്റെ ആനന്ദത്തിൽ ഞാൻ പറഞ്ഞു; ‘ജയിലിന്റെ സിനിമയാണ് കണ്ടത്.’

ജയിലോ ജയിലിനെ കുറിച്ചുള്ള സിനിമയോ എന്താണെന്ന് അറിയാതെ, ജീവിതത്തിൽ ഒരിക്കലും സിനിമ കണ്ടിട്ടില്ലാത്ത ഉമ്മ ,അതുവരെ എനിക്കായി വിശന്ന് കാത്തിരിക്കുകയായിരുന്നു. മകൻ മടങ്ങിയെത്തിയ ആശ്വാസത്തിൽ ഉമ്മ എന്റെ പാത്രത്തിലേക്ക് കുറച്ചുകൂടി ചോറ് വിളമ്പി, അതിൽ നിന്നുതന്നെ വാരി തിന്നാൻ തുടങ്ങി. ഉണക്കമീനിൽ തൊടാതെ അത് എനിക്കായി മാറ്റിവെച്ചു.

ഇതെഴുതുമ്പോൾ അനിയന്റ വീട്ടിൽ എന്റെ ഉമ്മയുണ്ട്. പത്ത് മക്കളെ പെറ്റ ആ അമ്മ കട്ടിലിൽ എല്ലും തോലുമായി സ്ഥലകാലങ്ങൾ മറന്ന് ചുരുണ്ടുകൂടി കിടപ്പുണ്ട്. കിടന്നിടത്ത് തന്നെ വിസർജിക്കുന്നുണ്ട്. എത്ര തവണ മൂത്രമൊഴിച്ചാലും അടുത്ത നിമിഷത്തിൽ, പിന്നെയും മൂത്രമൊഴിക്കാനുണ്ടെന്ന ശങ്കയിൽ ഒരു കുഞ്ഞിനെപ്പോലെ കുളിമുറിയുടെ വാതിലിലേക്ക് ചുമരിൽ പിടിച്ച് പിച്ച വെക്കുന്നുണ്ട്. തൊട്ടുമുമ്പാണ് താൻ മൂത്രമൊഴിച്ചതെന്ന കാര്യം ഉമ്മ എപ്പോഴും മറന്നുപോവുന്നു. എന്നോ നിർത്തിയ വെറ്റില മുറുക്കൽ മറക്കാനാവാതെ, തന്നെ കാണാൻ വരുന്നവരോട് വെറ്റിലയും അടക്കയും പുകയിലയും ചുണ്ണാമ്പും കൊണ്ട് തരാൻ പറയുന്നു. ചെവി കേൾക്കാത്ത ഉമ്മാന്റെ മുമ്പിൽ, കൈവിരലുകൾ ഓരോന്നായി മടക്കി ഞാൻ പറയുന്നു;
വെറ്റില...
പോല ....
അടക്ക ...
നൂറ് ...

‘പത്തുറുപ്യക്ക് മതി’
ഉമ്മ പറയുന്നു; ‘ആലിയാക്കാന്റെ പീടീല്ണ്ടാവും. ആ അബ്ബാസ് ഇന്ക്ക് കൊണ്ട് തരല്ണ്ട് . ഇപ്പൊ ഓനെ കാണലേ ഇല്ല... ഓന് എവിടേണാവോ?’

അബ്ബാസാണ് ഞാനെന്ന് പറഞ്ഞാൽ പോലും, പലയാവർത്തി പറഞ്ഞാൽ പോലും ഉമ്മ പിന്നെയും ചോദിക്കും; ‘ഓനിം, സുബൈറിനിം കദിയാനിം കദിയാന്റെ കുട്ടിനീം കാണാല്ല, ഇജ് കണ്ട്ക്കുണോ?'

കണ്ടു എന്ന് പറഞ്ഞാൽ ‘ഇജ് ആര്‌ടെ കുട്ടിയാന്ന്’ ഉമ്മ ചോദിക്കും.
ഉമ്മാ ... ഞാൻ ഉമ്മാന്റെ കുട്ടിയാണ്.അന്നത്തെ ആ രാത്രിയിൽ മാത്രമല്ല, ഉമ്മ എനിക്കായി വിശന്നിരുന്നത്. ഓരോ മക്കൾക്ക് വേണ്ടിയും പല രാത്രികളിലും ഉമ്മ വിശന്നിരുന്നു. വിശപ്പും ഇല്ലായ്മകളും കണ്ണീരും ജീവിതമാക്കി ഉമ്മ നടന്ന് തീർത്ത ദൂരങ്ങളൊക്കെ എല്ലാരും മറന്നല്ലോ ഉമ്മാ ... തണലിടങ്ങൾ ഇല്ലാത്ത ആ ദൂരങ്ങൾ പിന്നിട്ട് ഇപ്പൊ ഇത്തിരി തണൽ കിട്ടുമ്പോൾ, എന്റെ ഉമ്മ തണലോ വെയിലോ മഴയോ മഞ്ഞോ വിശപ്പോ അറിയാത്ത മറു ലോകത്തിലാണ്. ഉമ്മാ... എത്ര എഴുതിയാലാണ് എനിക്ക് ഉമ്മാനെ കുറച്ചെങ്കിലും പകർത്താനാവുക ?
ഏത് വാക്കുപയോഗിച്ചാണ് ഞാൻ ഉമ്മാനെ കുറിച്ച് എഴുതുക?
കണ്ണീർ മണമുള്ള കാറ്റുകൾക്ക്, തീരാത്ത ദുരിതങ്ങൾക്ക് ജീവിതമെന്ന് പേരിട്ടത് ആരാണ് ഉമ്മാ ...?

ഒന്നും വിഡ്ഢിയായ ഈ മകന് അറിയില്ല; ഒന്നും... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments