മുഹമ്മദ് അബ്ബാസ് / Photo: Muhammad Hanan

ചോരയിലും കഫത്തിലും കുതിർന്ന ഒരു പത്തുരൂപാ നോട്ട്​

വെറും മനുഷ്യർ- 48

രാവിലെ ഞാനറിഞ്ഞ ദുർഗന്ധങ്ങളെല്ലാം എന്നിലേക്ക് ആർത്തലച്ച് വന്നു. ഞാനാ പൊതുവഴിയിൽ കുനിഞ്ഞിരുന്ന് ഛർദ്ദിച്ചു. ഉച്ചക്ക് കഴിച്ച വളിച്ച വെണ്ടക്കയും, ദഹിക്കാത്ത പഴഞ്ചോറും എന്റെ മുമ്പിൽ കഫക്കട്ടകളായി ചോര പുരണ്ട് കിടന്നു.

ട്ടൻ അന്നെന്നെ പണിക്കുകൊണ്ടാക്കിയത് രണ്ടത്താണിയിലെ ഒരു ഡോക്ടറുടെ, തറവാട്ടുവീട്ടിലാണ്. ഡോക്ടറുടെ പുതിയ വീടിന്റെ പെയിന്റിങ്ങിലായിരുന്നു ഏട്ടനും മറ്റുള്ളവരും. അങ്ങാടിയിൽനിന്ന് കുറേ മാറി നിറയെ പച്ചപ്പുകളുള്ള ഒരിടത്തായിരുന്നു ആ തറവാട് വീട്. ആ വീടിൻറെ കിണറിനുമുകളിലിട്ട ഗ്രില്ല് പെയിൻറു ചെയ്യാനാണ് ഏട്ടൻ എന്നെ അവിടെ കൊണ്ടാക്കിയത്. സാൻറ്​ പേപ്പർ തന്ന്, ആദ്യം ഗ്രില്ല് ഉരച്ച് വൃത്തിയാക്കാൻ പറഞ്ഞ് ഏട്ടൻ പണിസ്ഥലത്തേക്ക് പോയി .ആകെ തുരുമ്പുപിടിച്ച് എരപ്പായി കിടക്കുകയായിരുന്നു ആ ഗ്രില്ല്. അതിന്റെ മുകളിൽ കയറിയിരുന്നുവേണം ഉരയ്ക്കാൻ. ഒരുവിധം അതിനുമുകളിൽ കയറിപ്പറ്റിയ ഞാൻ താഴേക്ക് നോക്കിയപ്പോൾ ശരിക്കും പേടിച്ചുപോയി. ആഴങ്ങളിൽ എവിടെയോ വെള്ളത്തിന്റെ തിളക്കം. വക്കിലൊക്കെ പാഴ്‌ച്ചെടികൾ വളർന്ന് കാടു പിടിച്ച് നിൽക്കുന്നു.

ഉരക്കടലാസ് വെയിലത്തുവെച്ച് ചൂടാക്കിയെടുക്കാൻ ഏട്ടൻ പറഞ്ഞുതന്നിരുന്നു. പഴയ ഒരു കത്തികൊണ്ട് ആദ്യം വലിയ തുരുമ്പൊക്കെ അടർത്തിക്കളഞ്ഞിട്ട് വേണം പേപ്പർ കൊണ്ട് ഉരയ്ക്കാൻ. ഞാനാ പണി ചെയ്യുമ്പോൾ, ആ വീട്ടിലെ ഒരു സ്ത്രീ വന്ന് എന്നെ അകത്തേക്കുവിളിച്ചു. അടുക്കള വാതിൽ വഴി ഞാൻ അവരോടൊപ്പം അകത്തേക്ക് കയറി.

ഒരു മനുഷ്യനാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. എല്ലും തോലുമായ ദേഹത്തിൽ ഒരു മുണ്ട് മാത്രമേയുള്ളൂ. കണ്ണുകൾ അഗാധതകളിൽ എവിടെയോ പൂണ്ടുകിടന്നു. തീട്ടത്തിന്റെയും മൂത്രത്തിന്റെയും നാറ്റമായിരുന്നു മുറി നിറയെ.

മങ്ങിയ വെളിച്ചമേ അകത്തുണ്ടായിരുന്നുള്ളൂ. അവരെന്നെ കൊണ്ടുപോയത് ഒരു മുറിയിലേക്കാണ്. അടച്ചിട്ട വാതിൽ തുറന്ന് അവർ അകത്തുകടന്നു. അസഹ്യമായ നാറ്റമായിരുന്നു ആ മുറിക്ക്. അതിനുള്ളിൽ കാഴ്ചകൾ തെളിഞ്ഞുവരാൻ കുറച്ച് നേരമെടുത്തു. വയസ്സായ ഒരു വെല്ലിപ്പയായിരുന്നു ആ മുറിയിലെ കട്ടിലിൽ കിടന്നിരുന്നത്. ശ്വാസം വലിക്കാൻ ആ മനുഷ്യൻ വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു. എല്ലകൾ തെളിഞ്ഞുകാണുന്ന നെഞ്ചിൻകൂട് ഓരോ ശ്വാസം എടുക്കുമ്പോഴും അടർന്നുവീഴുമെന്ന് തോന്നുന്നത്ര ദുർബലമായിരുന്നു ആ ശരീരം.

ഒരു മനുഷ്യനാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. എല്ലും തോലുമായ ദേഹത്തിൽ ഒരു മുണ്ട് മാത്രമേയുള്ളൂ. കണ്ണുകൾ അഗാധതകളിൽ എവിടെയോ പൂണ്ടുകിടന്നു. തീട്ടത്തിന്റെയും മൂത്രത്തിന്റെയും നാറ്റമായിരുന്നു മുറി നിറയെ. ആ സ്ത്രീ മൂക്കു പൊത്തി കട്ടിലിനടിയിലെ ബക്കറ്റ് എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു. കാര്യം മനസ്സിലാവാതെ ഞാൻ മിഴിച്ച് നിന്നപ്പോൾ, അവർ മൂക്കിലെ പിടിത്തം വിട്ട് പറഞ്ഞു, ‘അദ് ഇങ്ങട്ട് ഇട്‌ക്കേ... '

ഞാനാ ബക്കറ്റെടുത്തു. രണ്ടോ മൂന്നോ ദിവസത്തെ മനുഷ്യമൂത്രം അതിൽ മഞ്ഞ നിറമായി കൊഴുത്തുനിന്നു. കൊത്തളങ്ങകൾ അതിൽ ആർക്കുന്നുണ്ടായിരുന്നു. മൂക്ക് പൊത്താതിരിക്കാൻ കഴിഞ്ഞില്ല. ഒരു കൈ കൊണ്ട് മൂക്കുപൊത്തി മറ്റേ കയ്യിൽ ബക്കറ്റുമായി ഞാൻ അവരുടെ പിന്നാലെ നടന്നു. അടുക്കള മുറ്റത്തെ തൊടിയിൽ അതൊഴിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ അത് അവിടെ ഒഴിച്ചു. കുരച്ച് തുപ്പിയ കഫക്കട്ടകൾ ആ മഞ്ഞ മൂത്രത്തിൽ അലിയാതെ കിടന്നിരുന്നു.

പൈപ്പ് ചൂണ്ടിക്കാണിച്ച് ആ ബക്കറ്റ് കഴുകിയെടുക്കാൻ അവർ പറഞ്ഞു. പതിഞ്ഞ ഒച്ചയിലാണ് പറയുന്നതെങ്കിലും ആ പറച്ചിലിന് ആജ്ഞാശക്തിയുണ്ടായിരുന്നു. ഞാനാ ബക്കറ്റ് കഴുകി വൃത്തിയാക്കി. പിന്നെയവർ വെല്ലിപ്പ കിടക്കുന്ന മുറി തുടച്ച് വൃത്തിയാക്കാൻ പറഞ്ഞു. ഞാൻ പെയിൻറ്​ പണിക്കാണല്ലോ വന്നതെന്ന് എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല.

ഞാൻ ആ ബക്കറ്റിൽ തന്നെ വെള്ളമെടുത്ത്​ അവർ തന്ന ഡെറ്റോളൊഴിച്ച്​ നിലം തുടച്ചു. മൊസൈക്കിട്ട തറയിലാകെ കഫത്തിന്റെയും രക്തത്തിന്റെയും കട്ടകൾ ഒട്ടിപ്പിടിച്ചുകിടന്നു. നഖം കൊണ്ട് അതൊക്കെ ഇളക്കിയെടുക്കുമ്പോൾ ഞാൻ കുറുക്കൻ കുണ്ടിനേയും മറിയാത്താനെയും ഓർത്തു. മാനുട്ടനെ ഓർത്തു. വീണ്ടും വീണ്ടും മാലിന്യങ്ങളിലേക്ക് വന്നെത്തുന്ന എന്റെ തന്നെ ജീവിതത്തെ കുറിച്ച് ഓർത്തു.

ആ വെല്ലിപ്പാക്ക് ക്ഷയമായിരുന്നു. ഒരു ഡോക്ടറുടെ അമ്മോശനായിരുന്നു ആ മനുഷ്യൻ. പക്ഷേ ഞാനാ മുറിയിലൊന്നും മരുന്നുകൾ കണ്ടില്ല. കട്ടിലിനു നേരെ അടഞ്ഞുകിടന്ന ജനൽപ്പടിയിൽ താളുകൾ പിഞ്ഞിയ ഖുർആൻ കണ്ടു. കട്ടിലിന്റെ ഒരു മൂലയിൽ, കഫവും രക്തക്കട്ടകളും നിറഞ്ഞുനിന്ന കോളാമ്പി കണ്ടു. അവർ പറയും മുമ്പുതന്നെ ഞാനാ കോളാമ്പിയെടുത്തുകൊണ്ടുപോയി, അതിലെ ദുർഗന്ധങ്ങൾ കൊട്ടിക്കളഞ്ഞ് കഴുകി വൃത്തിയാക്കി. നിലത്തെ വെള്ളം ഉണങ്ങാൻ ഫാനിന്റെ സ്വിച്ചിട്ടപ്പോൾ ആ മനുഷ്യൻ കൈ ഉയർത്തി എന്തോ പറഞ്ഞു. ഫാൻ ഓഫാക്കാനാണ് പറയുന്നതെന്ന് മനസ്സിലായപ്പോൾ, ഞാനത് വേഗം ഓഫാക്കി. അയാൾ കട്ടിലിൽ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഞാൻ ചുമരിനോട് ചേർന്ന് തലയണ വെച്ച് മൂപ്പരെ അതിലേക്ക് ചാരിയിരുത്തി. ഒരു പക്ഷിത്തൂവലിന്റെ കനം പോലുമില്ലാത്ത ആ ദേഹത്തിൽ അപ്പോൾ മിടിച്ചിരുന്നത് ജീവന്റെ ഒടുക്കത്തെ മിടിപ്പുകളായിരുന്നു.

കോളാമ്പിയിലേക്ക് കട്ടച്ചോര വീഴുന്നത് കണ്ട് ഞാനാകെ വെറുങ്ങലിച്ച് നിന്നു. യാതൊരു കൂസലുമില്ലാതെ ആ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു, ‘ഇത്തന്തനെ അസ്രായീലിനും മാണ്ടല്ലോ റബ്ബേ ... പണ്ടാരടങ്ങാൻ ചത്ത് കിട്ട്ണും ഇല്ലല്ലോ മമ്പറത്തെ പാപ്പാ ...'

നിലം തുടച്ച് വൃത്തിയാക്കിയിട്ടും ആ മുറിയിലെ ദുർഗന്ധം പോയില്ല. കഫത്തിന്റെ, മൂത്രത്തിന്റെ, വിയർപ്പിന്റെ, മരണത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യശരീരത്തിന്റെ ഗന്ധമായിരുന്നു അത്. കാറ്റും വെളിച്ചവും വരുമല്ലോന്ന് കരുതി ഞാൻ ജനൽ തുറന്നിട്ടു. അധികം ചൂടില്ലാത്ത വെയിൽ ദേഹത്ത് തട്ടിയപ്പോൾ ആ വെല്ലിപ്പ ചിരിച്ചു. അടർന്നുപോയ പല്ലുകളുടെ വിടവ് കാട്ടിയുള്ള ആ ചിരിക്ക് എന്റെ അനിയത്തിയുടെ ചിരിയുടെ കുട്ടിത്തവും ചന്തവും ഉണ്ടായിരുന്നു.

‘എത്താ അന്റെ പേര് കുട്ടിയേ ...? '
അത് ചോദിച്ചത് ആ മനുഷ്യൻ തന്നെയാണോ എന്ന അമ്പരപ്പോടെ ഞാനയാളെ നോക്കി. വീണ്ടും അതേ ചോദ്യം ആ വായിൽ നിന്ന് വന്നപ്പോൾ ഞാൻ പേര് പറഞ്ഞു. അയാൾ കൈ നീട്ടി എന്നെ തൊട്ടു. ഞരമ്പുകൾ ഉന്തി നിന്ന ആ കൈകളിൽ നിറയെ ചെതുമ്പൽ പോലെ എന്തോ സാധനം പറ്റിപ്പിടിച്ച് നിന്നിരുന്നു. പെട്ടെന്നാണ് കൊടുങ്കാറ്റടിച്ചത്...
‘ആരാടാ നായേ അന്നോടിത് തൊറക്കാൻ പറഞ്ഞത് ?'
ആ കൊടുങ്കാറ്റ് എന്നെ തള്ളിമാറ്റി ജനാലയുടെ വാതിലുകളടച്ചു. എന്നിട്ട് നിന്ന് കിതച്ചു.
‘അന്റെ ബാപ്പാന്റല്ല ഈ പെര, മനസിലായോ? '

ഒന്നും പറയാനാവാതെ ഞാനാ കൊടുങ്കാറ്റിൽ ഉലഞ്ഞുനിന്നു. വെല്ലിപ്പ ചാരിയുള്ള ഇരുത്തം മതിയാക്കി വേഗം കട്ടിലിലേക്ക് ചരിഞ്ഞു. ആ കണ്ണുകളുടെ അരികുകളിൽ പൊറ്റ കെട്ടിക്കിടന്ന പീളകളിൽ നിന്നും കണ്ണീരിറ്റുന്നത് ഞാൻ കണ്ടു.
‘പറഞ്ഞ പണി ഇട്ത്താ മതി ട്ടാ ....'

കൊടുങ്കാറ്റ് ശാന്തമാവുകയാണെന്ന് കരുതിയ എനിക്ക് തെറ്റി. അവർ ആ മനുഷ്യന്റെ ദുർബലമായ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു, ‘തന്തേ ... അനക്ക് മുണുങ്ങാനൊന്നും മാണ്ടേ? '

അവരുടെ കുലുക്കലിന്റെ ശക്തിയിൽ വെല്ലിപ്പാക്ക് വേദനിച്ചിരിക്കണം. ആ ദേഹമാകെ അട്ടയെപ്പോലെ ചുരുണ്ടു. പിന്നെയത് കുരയ്ക്കാൻ തുടങ്ങി. കഫം കെട്ടി നിന്ന നെഞ്ചിൽ നിന്ന് ചോരയും കഫവും ഒരുമിച്ച് പുറത്തേക്ക് തെറിച്ചു. ആരോ പറഞ്ഞ് പഠിപ്പിച്ച പോലെ ഞാൻ കോളാമ്പിയെടുത്ത് നീട്ടിപ്പിടിച്ചു. ആ കിടക്ക വിരിയിലാകെ പഴയതും പുതിയതുമായ കഫരക്തപ്പാടുകൾ അടയാളപ്പെട്ട് കിടന്നു. കോളാമ്പിയിലേക്ക് കട്ടച്ചോര വീഴുന്നത് കണ്ട് ഞാനാകെ വെറുങ്ങലിച്ച് നിന്നു. യാതൊരു കൂസലുമില്ലാതെ ആ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു, ‘ഇത്തന്തനെ അസ്രായീലിനും മാണ്ടല്ലോ റബ്ബേ ... പണ്ടാരടങ്ങാൻ ചത്ത് കിട്ട്ണും ഇല്ലല്ലോ മമ്പറത്തെ പാപ്പാ ...'

ഞാൻ ആ കേട്ടത് അവരുടെ , ഒരു മനുഷ്യസ്ത്രീയുടെ വായിൽ നിന്ന് തന്നെയായിരുന്നു. അത് അവരുടെ ഉപ്പയായിരുന്നു. വീണ്ടും വീണ്ടും രക്തംപുരണ്ട കഫ കട്ടകൾ കുരച്ച് തുപ്പുന്ന ആ മനുഷ്യൻ ഇതൊന്നും കേട്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ കേട്ടുകേട്ട് അയാൾക്കത് ശീലമായി മാറിയിരിക്കണം. വന്നതിനേക്കാൾ വേഗത്തിൽ അവർ പുറത്തേക്ക് പോയി, എന്നോട് കൂടെ വരാനും പറഞ്ഞു. ഞാൻ കോളാമ്പി കിടക്കയിൽ വെച്ചുകൊടുത്ത്, ഭൂമിയിലെ നരകവഴികളിലൂടെ, മനുഷ്യനെന്ന അത്ഭുതത്തിന്റെ അറിയാത്ത പൊരുളുകളിലൂടെ പുറത്തേക്കുനടന്നു. ആ വീട്ടിൽ മറ്റുള്ളവരുടെ ശബ്ദം ഞാൻ കേൾക്കുന്നുണ്ടായിരുന്നു. കുറെയൊക്കെ മുതിർന്ന കുട്ടികളുടെ ശബ്ദമായിരുന്നു അത്. പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ല.

വേദനയോടെ ഞാനാ പത്ത് രൂപ വാങ്ങി. ഇരുപത് രൂപയെങ്കിലും വേണമെന്ന് എനിക്കവരോട് പറയണം എന്നുണ്ടായിരുന്നു. പക്ഷേ എല്ലാ അനീതികൾക്ക് മുമ്പിലും അടഞ്ഞുപോവുന്ന തൊണ്ടയുമായി ഞാൻ അവരെ മിഴിച്ചുനോക്കി.

അടുക്കള മുറ്റത്തെ പൈപ്പിനു ചുവട്ടിൽ എച്ചിൽപാത്രങ്ങൾ കുന്നുകൂടി കിടന്നു. അത് കഴുകാൻ അവരെന്നോട് പറഞ്ഞു. അപ്പോഴും ഞാൻ വന്നത് പെയിൻറ്​ പണിക്കാണെന്ന് എനിക്കവരോട് പറയാൻ കഴിഞ്ഞില്ല. ആ പാത്രങ്ങളുടെ കൂമ്പാരത്തിൽ നിന്നാണ് ഞാൻ ആദ്യമായി മിക്‌സി എന്ന അത്ഭുത വസ്തുവിനെ കാണുന്നത്. പാത്രം കഴുകുന്നതിനിടെ അവരെനിക്ക് മധുരമില്ലാത്ത കട്ടൻചായ തന്നു. അടുക്കളയിൽ നിന്ന് ഭക്ഷണ സുഗന്ധങ്ങൾ വന്നു. ഇറച്ചിയും മീനും പൊരിക്കുന്നതിന്റെ കൊതിപ്പിക്കുന്ന ആ ഗന്ധത്തിൽ എന്റെ കട്ടൻ ചായക്ക് മധുരമുണ്ടായി. പാത്രം മുഴുവൻ കഴുകി കഴിഞ്ഞപ്പോൾ അവരെന്നെ, ഞാൻ വന്ന ജോലി ചെയ്യാൻ വിട്ടു.

അപ്പോഴേക്കും കിണറിനു മുകളിൽ ഉറവയില് ആളാൻ തുടങ്ങിയിരുന്നു. ഉരക്കടലാസ് കൊണ്ട് ആ ഗ്രില്ലിന്റെ ഓരോ കമ്പിയും ഉരക്കുമ്പോൾ പരിചയക്കുറവുകൊണ്ട് എന്റെ വിരലുകൾ കമ്പിയിൽ തട്ടി, തൊലിയുരഞ്ഞ് ചോര പൊടിയാൻ തുടങ്ങി. ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോൾ ഡോക്ടറുടെ കാറ് വന്നു. ഡോക്ടർ കിണറ്റിൻകരയിലേക്ക് വന്നു. ഒരു ഡോക്ടർ കിണറ്റിൻകരയിൽ വരിക എന്നത് ഞാനെന്ന കുട്ടിക്ക് അത്ഭുതവും കൗതുകവുമായിരുന്നു.

‘ഇത്രയും നേരായിട്ട് താനിത് ഉരച്ച് കഴിഞ്ഞില്ലേ?' എന്ന മൂപ്പരുടെ ചോദ്യത്തിൽ ആ കൗതുകവും അത്ഭുതവും ഒലിച്ചുപോയി. ഞാനയാളെ തുറിച്ച് നോക്കി. വെളുത്ത് തുടുത്ത ആ മുഖം കോപം കൊണ്ട് ചുവന്നു.
‘തന്നെയൊക്കെ ഈ പണിക്ക് വിട്ട ആ മൈരനെ പറഞ്ഞാ മതി'
ഒരു ഡോക്ടർ മൈരൻ എന്ന വാക്ക് ഉച്ചരിക്കുന്നതും ഞാൻ അന്നാണ് ആദ്യമായി കേട്ടത്.
‘ഇത് ഇന്നുതന്നെ ഉരച്ച് വൃത്തിയാക്കി പെയിന്റും അടിച്ചിട്ട് താനിവിടുന്ന് പോയാ മതി.’
അതും പറഞ്ഞ് ഡോക്ടർ അകത്തേക്ക് പോയി. ഞാനയാളുടെ പാന്റിന്റെയും ഷർട്ടിന്റെയും ഭംഗിയും വൃത്തിയും നോക്കി അന്തം വിട്ടിരുന്നു. വെയില് തലക്കു മുകളിൽ തീയായി നിന്ന് കത്തി. തൊലിയുരഞ്ഞ വിരലുകളുമായി ഞാൻ വേഗം ആ ഗ്രില്ല് മുഴുവൻ ഉരച്ചെടുത്തു. വിശക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ നിന്ന് വന്ന സുഗന്ധങ്ങൾ വിശപ്പ് കൂട്ടി. ചോറ് തിന്നുമ്പോൾ അതിന്റെ കൂടെ കിട്ടുന്ന പൊരിച്ച ഇറച്ചിയോർത്ത് വെള്ളമിറക്കി, ഞാൻ വെയില് കൊണ്ടു.

ഒടുവിൽ ചോറ് അടുക്കളമുറ്റത്തെ തിണ്ടിൽ അവർ കൊണ്ടുവെച്ചപ്പോൾ ഞാൻ വേഗം കൈ കഴുകി അതിനരികിൽ ചെന്നിരുന്നു. അവിടെയും വെയിലായിരുന്നു. പക്ഷേ പൊരിച്ച ഇറച്ചി വരാനുണ്ടല്ലോ എന്ന സന്തോഷത്തിൽ ഞാനാ ചോറിനും പുളിച്ച വെണ്ടക്കാ കറിയിലും തൊട്ടും തടവിയും ഇരുന്നു. ചോറും ചെറുതായിട്ട് പുളിച്ചിരുന്നു. നല്ലോണം പുളിച്ച കറി ഒഴിച്ചപ്പോൾ ചോറിന്റെ പുളി പ്രത്യേകമായി അറിഞ്ഞില്ലെന്ന് മാത്രം. ഏറെ നേരം കാത്തിരുന്നിട്ടും വേറെയൊന്നും വന്നില്ല. പൊരിച്ച ഇറച്ചിയോ, മീനോ, പപ്പടമോ, അച്ചാറോ ഒന്നും വന്നില്ല. സകല ദൈവങ്ങളെയും പ്രാകി ഞാനാ വളിച്ച വെണ്ടക്കാക്കറിയൊഴിച്ച് പുളിച്ച ചോറ് തിന്നു.

‘വെള്ളം മാണെങ്കി ആ പൈപ്പ്ന്ന് കുടിച്ചോ ട്ടാ ...' എന്ന അവരുടെ നിർദേശം കേട്ടപ്പോൾ നെഞ്ചിൽ വലിയൊരു കല്ല് കയറ്റി വെച്ച ഭാരം തോന്നി. തൊണ്ടയിൽ തടഞ്ഞ ചോറ് ഇറങ്ങിപ്പോകാൻ ഞാനാ പൈപ്പിലേക്ക് വായ കാട്ടി വെള്ളം കുടിച്ചു. പിന്നെ ചോറ് തിന്ന പാത്രവും ആ പൈപ്പിൽ നിന്നുതന്നെ കഴുകിയെടുത്തു. എന്നിട്ട് ഏട്ടൻ മിക്‌സ് ചെയ്ത് വെച്ചിരുന്ന കറുത്ത ഇനാമൽ പെയിന്റെടുത്ത് ഗ്രില്ലിന് മുകളിൽ കയറിയിരുന്ന് പെയിന്റടിച്ചു. ഇടയ്ക്കിടയ്ക്ക് ആ പൈപ്പിൽ നിന്ന് ഇരുമ്പ് ചുവയുള്ള വെള്ളം ധാരാളമായി കുടിച്ചു.

‘തന്നെയൊക്കെ ഈ പണിക്ക് വിട്ട ആ മൈരനെ പറഞ്ഞാ മതി'
ഒരു ഡോക്ടർ മൈരൻ എന്ന വാക്ക് ഉച്ചരിക്കുന്നതും ഞാൻ അന്നാണ് ആദ്യമായി കേട്ടത്.

ഡോക്ടറുടെ വണ്ടി മടങ്ങിപ്പോവുന്ന ഒച്ച കേൾക്കുമ്പോൾ പാതി ഗ്രില്ലും പെയിന്റടിച്ച് കഴിഞ്ഞിരുന്നു. വെയിലിന് ചൂടാറാൻ തുടങ്ങിയിരുന്നു. ഇരുമ്പുചുവയുള്ള വെള്ളം കുടിച്ചുകുടിച്ച് എനിക്ക് മനം പിരട്ടാൻ തുടങ്ങി. വളിച്ച കറിയും പുളിച്ച ചോറും വയറ്റിൽ കിടന്ന് കലമ്പൽ കൂട്ടി.

ഏതാണ്ട് ആറ് മണിയായപ്പോൾ, പണി കഴിഞ്ഞ് കൈകാലുകൾ കഴുകി. അക്കാലത്ത് പെയിന്റർക്ക് അമ്പത് രൂപയും, ഹെൽപർക്ക്​ മുപ്പത് രൂപയുമാണ് കൂലി. ആ മുപ്പത് രൂപ കിട്ടിയിട്ട് വേണം, പോവുന്ന വഴിക്ക് നല്ലൊരു ചായ കുടിക്കാനെന്ന് ഉറപ്പിച്ച്, മുൻവശത്തേക്ക് ചെന്നു. ഇതിനിടയിൽ ഞാൻ ആ വെല്ലിപ്പാനെ പാടെ മറന്നുപോയിരുന്നു. ആ മനുഷ്യൻ ഇപ്പോൾ ഞാൻ വൃത്തിയാക്കിയ തറയിലേക്ക് കഫവും ചോരയും കുരച്ച് തുപ്പുകയാവുമെന്ന് എനിക്കുതോന്നി. മുൻവശത്തുനിന്ന് കുറെ തവണ കുരച്ചും മുരണ്ടും ഒച്ചയുണ്ടാക്കിയപ്പോൾ ആ സ്ത്രീ വന്ന് വാതിൽ തുറന്നു. അവരുടെ നീട്ടിപ്പിടിച്ച കയ്യിൽ പത്ത് രൂപയുടെ ഒരു നോട്ട് ഉണ്ടായിരുന്നു. അത് എനിക്ക് തന്നിട്ട് അവർ പറഞ്ഞു, ‘ഇദ് തരാനാണ് ഇവ്ട്‌ത്തെ ആള് പറഞ്ഞത്.’

വേദനയോടെ ഞാനാ പത്ത് രൂപ വാങ്ങി. ഇരുപത് രൂപയെങ്കിലും വേണമെന്ന് എനിക്കവരോട് പറയണം എന്നുണ്ടായിരുന്നു. പക്ഷേ എല്ലാ അനീതികൾക്ക് മുമ്പിലും അടഞ്ഞുപോവുന്ന തൊണ്ടയുമായി ഞാൻ അവരെ മിഴിച്ചുനോക്കി. അവർ എന്നോട് പൊയ്‌ക്കോളാൻ ആംഗ്യം കാട്ടിയപ്പോൾ, ഞാനാ പത്ത് രൂപ കീശയിലിട്ട് പടി കടന്നു.

അന്നേരം രാവിലെ ഞാനറിഞ്ഞ ദുർഗന്ധങ്ങളെല്ലാം എന്നിലേക്ക് ആർത്തലച്ച് വന്നു. ഞാനാ പൊതുവഴിയിൽ കുനിഞ്ഞിരുന്ന് ഛർദ്ദിച്ചു. ഉച്ചക്ക് കഴിച്ച വളിച്ച വെണ്ടക്കയും, ദഹിക്കാത്ത പഴഞ്ചോറും എന്റെ മുമ്പിൽ കഫക്കട്ടകളായി ചോര പുരണ്ട് കിടന്നു.
വായിൽ കയ്പു നിറഞ്ഞു.
വീണ്ടും വീണ്ടും ഞാൻ ഛർദ്ദിച്ചു.
വഴിയിലൂടെ നടന്നുപോവുന്നവർ എന്നെ നോക്കുന്നുണ്ടായിരുന്നു, എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments