മുഹമ്മദ്​ അബ്ബാസ്​

വിശുദ്ധ വസ്​ത്രങ്ങളാൽ മൂടിവെച്ച പല്ലും നഖവും

വെറും മനുഷ്യർ- 49

സ്വന്തം ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതിന് ആ രണ്ട് കന്യാസ്ത്രീകൾ എന്റെ അനിയത്തിയെ അടിച്ച അടികളുടെ ചോരപ്പാടുകൾ അവളുടെ തുടകളിലും വളർച്ചയെത്താത്ത മുലകളിലും ഞാൻ കണ്ടു.

ന്റെ പരക്കംപാച്ചിലുകൾക്കും നെട്ടോട്ടങ്ങൾക്കുമിടയിൽ അനിയത്തി വളരുകയായിരുന്നു. സംസാരശേഷിയോ കേൾവിശക്തിയോ ഇല്ലാത്ത അവൾ തന്റേതായ ഭാഷയും, തന്റേതുമാത്രമായ ഒരു ലോകവും തീർത്ത് അതിനുള്ളിൽ കഴിഞ്ഞു. അവൾ ഉപ്പാന്റെ പൂച്ചകളോട് സംസാരിച്ചു. പൂച്ചകൾക്കുമാത്രം മനസ്സിലാവുന്ന കഥകൾ പറഞ്ഞ് കൊടുത്തു. പൂച്ചകളും അവരുടേതായ ഭാഷയിൽ അവളോട് സംസാരിച്ചു .ഉമ്മ എണ്ണിച്ചുട്ട് വെച്ച ദോശയും, പൊരിച്ച് വെച്ച മീനും അവൾ പൂച്ചകൾക്ക് എടുത്ത് കൊടുത്തു. അത് തിന്നുന്ന പൂച്ചകളുടെ മുതുകിൽ തലോടിയും, കഴുത്തും ചെവിയും ഉഴിഞ്ഞ് കൊടുത്തും കൂടെയിരുന്നു.

ചുട്ടു വച്ച ദോശയും പൊരിച്ച മീനും കാണാതെ, മക്കൾ തിന്നേണ്ട ഭക്ഷണം പൂച്ചകൾ തിന്നുന്നതുകണ്ട് ഉമ്മ അവളെ വടിയെടുത്ത് തല്ലും. എത്ര അടികൊണ്ടാലും അവൾ കരയില്ല. കിട്ടുന്ന അടിയൊക്കെ വാങ്ങി, ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ തലകുനിച്ച് നിൽക്കുന്ന അവളെ ചേർത്തുപിടിച്ച് ഉമ്മ കരഞ്ഞു. ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും ലോകത്തിലേക്ക് ഇങ്ങനെയൊരു മിണ്ടാപ്രാണിയെ തന്നതിന് പടച്ചോനോട് ഉമ്മ എപ്പോഴും കലഹിച്ചു. അവൾക്ക് ഏട്ടനെയായിരുന്നു ഏറ്റവും ഭയം. ഏട്ടനെ എല്ലാരും ഭയന്നിരുന്നല്ലോ... അവന്റെ കാലൊച്ച അവൾ തിരിച്ചറിഞ്ഞു. മറ്റ് ശബ്ദങ്ങൾ ഒന്നും കേൾക്കാത്ത അവളുടെ ചെവിയിലേക്ക് എങ്ങനെയാണ് ഏട്ടന്റെ ശബ്ദം മാത്രം വന്നെത്തുന്നതെന്ന് ഞങ്ങളെല്ലാം അത്ഭുതപ്പെട്ടു.

ആദ്യത്തെ ഉത്സാഹമൊക്കെ നഷ്ടപ്പെട്ട് ഒരാഴ്ചക്കുള്ളിൽ അവൾ മദ്രസയിലേക്ക് പോവാൻ മടിച്ച്, കോഴിക്കൂടിനടുത്ത് ഒളിച്ചിരിക്കാൻ തുടങ്ങി. ഉമ്മ അവളെ കണ്ട് പിടിച്ച് അവൾക്ക് മനസ്സിലാവുന്ന ആംഗ്യ ഭാഷയിൽ വഴക്കുപറഞ്ഞ് ഉന്തിത്തള്ളി മദ്രസയിലേക്ക് പറഞ്ഞയച്ചു.

ദുരിതങ്ങൾക്കും നിറയാത്ത വയറുകൾക്കും പുകയുന്ന തലച്ചോറുകൾക്കും ഇടയിൽ അവൾ വളരുകയായിരുന്നു. ഷെഡ്ഡിയിൽ നിന്ന് ഷെമ്മിയിലേക്ക്, പിന്നെ അരപ്പാവാടയിലേക്ക് ... അവളുടെ പാവാടയിൽ കിടന്ന് പൂച്ചകൾ ഉറങ്ങി. അവയെ ഉണർത്താതിരിക്കാൻ അവൾ മണിക്കൂറുകളോളം അനങ്ങാതിരുന്നു. അവളുടെ കൈയ്യിലും ഒക്കത്തും മടിയിലും പൂച്ചകളായിരുന്നു. ഉപ്പാന്റെ പൂച്ചകളെ ഉപ്പാനേക്കാൾ സ്‌നേഹിച്ചതും പരിപാലിച്ചതും അവളാണ്. പൂച്ചക്കുട്ടികളെ തുണി നനച്ച് തുടച്ച് , പൗഡറിട്ട് കണ്ണെഴുതിച്ച് സുന്ദരിമാരാക്കി, അവൾ ചിരിക്കുന്ന ഒരു ചിരിയുണ്ട് .അത്രയും നിഷ്‌കളങ്കമായ ചിരി ഞാനീ ജീവിതത്തിൽ മറ്റെവിടെയും കണ്ടിട്ടില്ല.

ഈ നാട്ടിലെത്തിയിട്ട് എന്നെയും അനിയനെയുമാണ് വീട്ടുകാർ സ്‌കൂളിൽ ചേർക്കാൻ ശ്രമിച്ചത്. അനിയൻ തനിക്ക് സ്‌കൂളിൽ പോവണ്ടാന്ന് ആദ്യമേ പറഞ്ഞു. എട്ടാം ക്ലാസ് വരെ തമിഴ് പഠിച്ച എന്നോട്, പറങ്കിമൂച്ചിക്കൽ സ്‌കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റർ മലയാളത്തിൽ കുറെ ചോദ്യങ്ങൾ ചോദിച്ചിട്ട്, കുറച്ച് മലയാളം വാക്കുകൾ വായിക്കാൻ തന്നു. ഞാൻ ആ വാക്കുകളിലേക്ക് മിഴിച്ചുനോക്കിയിരുന്നു. അതുകണ്ട ഹെഡ്മാസ്റ്റർ ഉപ്പാനോട് പറഞ്ഞു, ‘ഇവനെ മൂന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ഇരുത്തേണ്ടി വരും.’

ഉപ്പാന്റ മുഖം വാടി. മൂന്നാം ക്ലാസിലെ കുട്ടികളെ കണ്ടപ്പോൾ എന്റെ മുഖം അതിനേക്കാൾ വാടി. എന്റെ അരയോളം മാത്രം വലിപ്പമുള്ള ആ കുട്ടികളുടെ കൂടെയിരുന്ന് പഠിക്കുന്നതിന്റെ നാണക്കേടോർത്ത്, എനിക്ക് അവരുടെയത്ര പോലും മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നത് ഓർക്കാതെ ഞാനാ സ്‌കൂൾ മുറ്റത്ത് നിന്ന് തലതാഴ്ത്തി പിടിച്ച് മടങ്ങിയതാണ്.

അനിയത്തിയെ ഉപ്പ ആദ്യം ഇവിടത്തെ മദ്രസയിൽ ചേർത്തു.
ചെവി കേൾക്കാത്ത, സംസാരിക്കാൻ കഴിയാത്ത അവൾ, കൂട്ടുകാരികൾ ആരുമില്ലാതെ ഉപ്പാന്റെ കൈപിടിച്ച് മദ്രസയിലേക്ക് പോയി. അവിടെ അവൾ കുട്ടികൾക്കും ഉസ്താദുമാർക്കും നല്ലൊരു കളിപ്പാട്ടമായിരുന്നു. അവളുടെ ഇല്ലായ്മകളെ കളിയാക്കുന്നത് അവൾക്ക് കേൾക്കാൻ കഴിയില്ലല്ലോ ...
ആദ്യത്തെ ഉത്സാഹമൊക്കെ നഷ്ടപ്പെട്ട് ഒരാഴ്ചക്കുള്ളിൽ അവൾ മദ്രസയിലേക്ക് പോവാൻ മടിച്ച്, കോഴിക്കൂടിനടുത്ത് ഒളിച്ചിരിക്കാൻ തുടങ്ങി. ഉമ്മ അവളെ കണ്ട് പിടിച്ച് അവൾക്ക് മനസ്സിലാവുന്ന ആംഗ്യ ഭാഷയിൽ വഴക്കുപറഞ്ഞ് ഉന്തിത്തള്ളി മദ്രസയിലേക്ക് പറഞ്ഞയച്ചു. അവൾ പൂച്ചകളെ കൂടെ കൂട്ടി മദ്രസയിലേക്ക് പോയി. പൂച്ചകൾ മദ്രസയുടെ വാതിൽക്കൽ അവൾക്ക് കാവൽ നിന്നു .മറ്റു കുട്ടികൾ പൂച്ചകളെ ഉപദ്രവിച്ചാൽ അവൾക്ക് ദേഷ്യം വരും. അവൾ അവരെ വഴക്ക് പറയും. അവൾ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ കുട്ടികൾ വിചിത്രമായ അവളുടെ ഭാഷയെ കളിയാക്കും.

ഭൂമിയിൽ ഒരു ഭാഷയും ഉച്ചരിക്കാൻ കഴിയാത്ത എന്റെ അനിയത്തി, അറബി വാക്കുകൾ ഉച്ചരിക്കാത്തതിന് ഉസ്താദുമാരുടെ അടി കൊണ്ടു. തെറ്റി ഉച്ചരിച്ച വാക്കിന്, മറ്റു കുട്ടികൾക്ക് കിട്ടിയ അടിയുടെ കൂട്ടത്തിലാണെങ്കിലും ഉസ്താദിന്റെ ആ ചൂരൽ വടി, അവളുടെ കയ്യിലും തുടയിലും മുതുകത്തും ചുവന്ന് തടിച്ചുകിടന്നു.

ഞങ്ങൾ വീട്ടുകാർ കണ്ടെത്തും മുമ്പ് മദ്രസയിലെ കുട്ടികൾ, അവളുടെ മുമ്പിൽ വച്ച് മൂക്ക് ചൊറിയുന്നത് അവളെ ദേഷ്യം പിടിപ്പിക്കുമെന്ന് കണ്ടെത്തി. ആ ദേഷ്യം കാണാനായി കുട്ടികൾ അവളുടെ മുമ്പിൽ നിന്ന് സ്വന്തം മൂക്കുകൾ ചൊറിഞ്ഞു. ആരോടൊക്കെ ദേഷ്യപ്പെടണമെന്നറിയാതെ, ഏതുഭാഷയിൽ ഏത് ദൈവത്തോട് സങ്കടം പറയണം എന്നറിയാതെ എന്റെ അനിയത്തി ആ മദ്രസയിൽ വെച്ച് സഹിക്കേണ്ടിവന്ന അപമാനങ്ങളെ ഏത് ഭാഷയിലാണ് ഞാൻ പകർത്തുക ...?അവൾ ദേഷ്യപ്പെട്ടു. വല്ലാതെ ദേഷ്യപ്പെട്ടു. കയ്യിൽ കിട്ടിയവരെയൊക്കെ മാന്തിപ്പൊളിച്ചു. സ്വന്തം ഭാഷയിൽ ഉറക്കെ അലമുറയിട്ടു. ഉസ്താദുമാരോട് പരാതി പറഞ്ഞു. ഉസ്താദുമാർ ആ പരാതി പറച്ചിൽ കേട്ട് ചിരിച്ചു. ഉസ്താദുമാരോ സഹപാഠികളോ ദൈവങ്ങളോ കാവലില്ലാത്ത സ്വന്തം ജീവിതത്തിന്റെ ആ നരക വഴികളിൽ എന്റെ അനിയത്തി തനിച്ചുതനിച്ച്.
തനിച്ച് കരഞ്ഞു.
ഉറക്കെയുറക്കെ കരഞ്ഞു.
ആ കരച്ചിൽ പോലും മറ്റ് കുട്ടികൾക്ക് തമാശയായിരുന്നു.

മദ്രസയെന്ന നരകം സ്വപ്നം കണ്ട് അവൾക്ക് രാത്രികളിൽ ഉറക്കം ഞെട്ടി. ഇരു കൈകൊണ്ടും മുഖം പൊത്തി പൊട്ടിക്കരയുന്ന അവളെ ഉമ്മ ചേർത്തുപിടിച്ചു. ഉമ്മാക്ക് മാത്രം കൃത്യമായി മനസ്സിലാവുന്ന, നിസ്സഹായ ഭാഷയിൽ അവൾ ഉമ്മാനോട് മദ്രസയിലെ ദുരനുഭവങ്ങൾ പറഞ്ഞു. എന്നിട്ടും അവൾക്ക് മദ്രസയിലേക്ക് പോവേണ്ടിവന്നു.

ഭൂമിയിൽ ഒരു ഭാഷയും ഉച്ചരിക്കാൻ കഴിയാത്ത എന്റെ അനിയത്തി, അറബി വാക്കുകൾ ഉച്ചരിക്കാത്തതിന് ഉസ്താദുമാരുടെ അടി കൊണ്ടു. തെറ്റി ഉച്ചരിച്ച വാക്കിന്, മറ്റു കുട്ടികൾക്ക് കിട്ടിയ അടിയുടെ കൂട്ടത്തിലാണെങ്കിലും ഉസ്താദിന്റെ ആ ചൂരൽ വടി, അവളുടെ കയ്യിലും തുടയിലും മുതുകത്തും ചുവന്ന് തടിച്ചുകിടന്നു. വസ്ത്രങ്ങൾ അഴിച്ച് ഉമ്മാക്ക് അത് അവൾ കാട്ടി കൊടുക്കുമ്പോൾ ഉപ്പ ഉണ്ടായിരുന്നു അടുത്ത്.

ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലാത്ത തികച്ചും ശാന്തനായ ഉപ്പ, തന്റെ മിണ്ടാപ്രാണി യായ മകളെ അടിച്ച് വേദനിപ്പിച്ച ഉസ്താദിനെ തിരഞ്ഞുപിടിച്ച്, അയാളുടെ കരണത്ത് തന്നെ അടിച്ചു. അതോടെ അവളുടെ മദ്രസ പഠനം നിലച്ചു. മദ്രസയിൽ പോവാഞ്ഞിട്ടും, എന്റെ അനിയത്തി നിസ്‌കരിക്കാനും, നോമ്പ് നോൽക്കാനും പഠിച്ചു. ഖുർ ആൻ ഓതാനും പ്രാർത്ഥിക്കാനും പഠിച്ചു. ഒരുപക്ഷേ അവൾ ഓതുന്നത് അവളുടേതുമാത്രമായ ഒരു ഖുർ ആൻ ആയിരിക്കും. അതിൽ അൽ ബഖറയും യാസീനും ഇല്ലായിരിക്കാം. പക്ഷേ ആ ഓത്തിൽ ഇല്ലാത്ത ദൈവ വചനമൊന്നും ലോകത്ത് ഒരു ഖുർആനിലും ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. ദൈവം കരുണാമയനും കാരുണ്യനിധിയും ആണെങ്കിൽ എന്റെ അനിയത്തിയുടെ ഖുർആൻ ഓത്തിനെ അംഗീകരിച്ച്, അവളെ ചേർത്ത് പിടിക്കുക തന്നെ ചെയ്യും. അവളീ ഭൂമിയിൽ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും എടങ്ങേറുകൾക്കും പകരമായി അവളോട് മാപ്പ് പറയുക തന്നെ ചെയ്യും.

മൂന്നുമാസത്തെ ആ മദ്രസപഠനം നിലച്ചപ്പോൾ അവളുടെ മുഖം പഴയപടി പ്രസരിപ്പുള്ളതായി. ഒപ്പം മറ്റൊരു മാറ്റവും അവളിൽ വന്നു. അവൾ ഏട്ടനെ കണ്ടാൽ ഓടി ഒളിക്കാതെയായി. അവന്റെ മുമ്പിൽ ചെന്നു നിന്ന്, തന്റെ പൂച്ചകൾക്കു വേണ്ട കൺമഷിയും പൗഡറും ആവശ്യപ്പെടാനും തുടങ്ങി. ഓരോ കൂടപ്പിറപ്പിനും അവൾ ഓരോരോ അടയാളങ്ങൾ പഠിച്ചെടുത്ത് വെച്ചു. ഏട്ടന് ചുരുണ്ട മുടിയായതിനാൽ, രണ്ട് കയ്യും തലയിലേക്ക് ഉയർത്തി വിരിച്ച് പിടിച്ച്, കവിൾ വീർപ്പിച്ചാൽ ഞങ്ങൾ വീട്ടുകാർക്ക് മനസ്സിലാവും അത് ഏട്ടനെ കുറിച്ചാണെന്ന്.

അക്കാലത്ത് ഈ കവലയിൽ ഒരു ഓല ഷെഡുണ്ടായിരുന്നു. അംഗനവാടിയെന്നോ, നഴ്‌സറിയെന്നോ, വിളിക്കാവുന്ന തരത്തിലുള്ള ഒന്ന്. പിന്നെ അവളെ പഠിക്കാൻ വിട്ടത് അങ്ങോട്ടാണ് .അവിടെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ക്ലാസുണ്ടാവും. ഓരോ കുട്ടിയും മാസത്തിൽ അഞ്ചു രൂപ വീതം കൊടുക്കണം. മദ്രസയിൽ വച്ചുണ്ടായ ദുരനുഭവങ്ങളെല്ലാം മറന്ന് അവൾ നഴ്‌സറിയിലേക്ക് പോയി. അവിടേക്കും അവൾ പൂച്ചകളെ കൊണ്ടുപോയി. അവൾ കൊണ്ടുപോയില്ലെങ്കിലും പൂച്ചകൾ കൂട്ടത്തോടെ അവളുടെ ഒപ്പം കൂടുമായിരുന്നു. അവളുടെ കാലുകളിൽ മുട്ടിയുരുമ്മി ഒരു ഘോഷയാത്ര ആയിട്ടാണ് പൂച്ചകൾ നഴ്‌സറിയിലേക്ക് പോയത്.

കല്ല് സ്ലേറ്റും മലയാള അക്ഷരമാലയുടെ പുസ്തകവും ഉച്ചക്ക് കഴിക്കാനുള്ള ചോറുമായി ഒരാഴ്ച അവൾ കുഴപ്പമൊന്നുമില്ലാതെ നഴ്‌സറിയിൽ പോയി വന്നു. പക്ഷേ അവിടെയും അവൾ തനിച്ചായിരുന്നു. അവിടെയും അവൾ പരിഹസിക്കപ്പെട്ടു. പക്ഷേ, അവിടുത്തെ സുഭദ്ര ടീച്ചർക്ക് അവളെ വല്യ ഇഷ്ടമായിരുന്നു. മറ്റു കുട്ടികൾ അവളെ ഉപദ്രവിക്കാതിരിക്കാൻ ടീച്ചർ അവളെ തന്റെ കസേരയിലിരുത്തി. അവൾ കസേരയിൽ ഇരുന്ന് സ്ലൈറ്റിൽ അക്ഷരങ്ങൾ എഴുതുമ്പോൾ, ഏതെങ്കിലും ഒരു കുട്ടി പെൻസിൽ കൊണ്ട് അവളെ എറിയും. ഏറു വന്ന ദിക്കിലേലേക്ക് അവൾ നോക്കുമ്പോൾ കുട്ടികൾ കൂട്ടത്തോടെ മൂക്ക് ചൊറിയും. അവളെ ആ ചൊറിച്ചിൽ എത്ര സ്വാഭാവികമായിട്ടാണോ ദേഷ്യം പിടിപ്പിക്കുന്നത്, അത്രയും സ്വാഭാവികമായി തന്നെയാണ് മറ്റ് കുട്ടികൾ, തങ്ങൾ മൂക്ക് ചൊറിഞ്ഞാൽ അവൾക്ക് ദേഷ്യം വരുമെന്ന് കണ്ടെത്തിയതും ചൊറിഞ്ഞതും.

സുഭദ്ര ടീച്ചറുടെ വഴക്ക് പറച്ചിൽ കൊണ്ടൊന്നും കുട്ടികൾ മൂക്ക് ചൊറിയുന്നത് നിർത്തിയില്ല . എല്ലാ കുട്ടികളെയും അതിനായി ടീച്ചർക്ക് ശിക്ഷിക്കാനും കഴിയില്ലല്ലോ ...ടീച്ചർ അവളെ മറ്റ് കുട്ടികൾക്ക് പുറം തിരിച്ചിരുത്തി. ‘പൊട്ടത്തിയേ...' ‘ചെവി ടൊട്ടത്തിയേ ...' എന്ന വിളിയൊന്നും അവൾക്ക് കേൾക്കാൻ കഴിയില്ലല്ലോ ... പക്ഷേ മറ്റുള്ളവരുടെ ചുണ്ടനങ്ങുന്നതിൽ നിന്ന് അവൾ എല്ലാ കാര്യങ്ങളും വായിച്ചെടുക്കും.

മെല്ലെ മെല്ലെ സുഭദ്ര ടീച്ചർക്കും മടുത്തുതുടങ്ങി. അവർ അവളെ അങ്ങനെ ശ്രദ്ധിക്കാതെയായി. വികൃതിക്കുട്ടികൾ അവളുടെ ചോറ്റുപാത്രം അവൾ കാണാതെ തുറന്ന് അതിലെ കൂട്ടാനൊക്കെ എടുത്തുതിന്നു. പകരം അവിടെ കല്ലോ മണ്ണോ എടുത്ത് വെച്ചു. ഉച്ചക്ക് വിശന്ന് പൊരിഞ്ഞ് അവൾ ചോറ്റുപാത്രം തുറക്കുമ്പോൾ, അതിൽ കല്ലും മണ്ണും ചിലപ്പോൾ ചാണകവും ടാറിന്റെ കട്ടകളും ഉണ്ടാവും. അത് അപ്പടി അടച്ച് വെച്ച് വിശപ്പ് സഹിച്ചിരുന്ന്, വീട്ടിലെത്തി അവളത് ഉമ്മാക്ക് കാട്ടി കൊടുക്കും.

അവൾക്ക് പഠിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. കൂട്ടുകൂടാൻ ഇഷ്ടമായിരുന്നു. മറ്റു കുട്ടികൾക്കുള്ള എല്ലാ വികാരവിചാരങ്ങളും അവൾക്കും ഉണ്ടായിരുന്നു. ഉമ്മയെ പിരിഞ്ഞ സങ്കടം ഉള്ളിലൊതുക്കി, അവളവിടെ പാർത്ത് പഠിച്ചു. എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും അവൾ മടങ്ങി വന്നു.

അതിന് ഉമ്മ ,സുഭദ്ര ടീച്ചറോട് പരാതി പറഞ്ഞപ്പഴാണ്, ടീച്ചർ അവളെ പ്രത്യേക സ്‌കൂളിൽ ചേർക്കാൻ പറഞ്ഞത്. അങ്ങനെയൊരു സ്‌കൂൾ ഉണ്ടെന്ന് അതുവരെ ഉപ്പാക്ക് അറിയില്ലായിരുന്നു, ഉമ്മാക്കും അറിയില്ലായിരുന്നു. മാലാപ്പറമ്പിൽ അങ്ങനെയൊരു സ്‌കൂൾ ഉണ്ടായിരുന്നു. അന്ധ ബധിര മൂക വിദ്യാലയം എന്നൊരു ബോർഡും അതിനു മുമ്പിൽ തൂങ്ങിക്കിടന്നിരുന്നു.

ക്രിസ്ത്യൻ മാനേജ്‌മെന്റാണ് അത് നടത്തിയിരുന്നത്. കന്യാസ്ത്രീകളായിരുന്നു ടീച്ചർമാർ. അക്കാലത്ത് തരക്കേടില്ലാത്ത ഒരു തുക അവിടെ, ഡൊണേഷനായി കൊടുത്തിട്ടാണ് ഏട്ടൻ അവളെ അവിടെ ചേർത്തത്. അവിടെ ബുദ്ധിവികാസം ഇല്ലാത്ത കുട്ടികളും ചെവി കേൾക്കാത്തവരും മിണ്ടാൻ കഴിയാത്തവരും ഒക്കെയാണ് പഠിച്ചിരുന്നത്. അവിടെ ഹോസ്റ്റലും മെസ്സും ഉണ്ടായിരുന്നു.

രണ്ട് ജോഡി പുതിയ ഡ്രസ്സും ഒരു പാത്രവും ഗ്ലാസും പിന്നെ അല്ലറ ചില്ലറ സാധനങ്ങളും ഒരു തകരപ്പെട്ടിയിലിട്ട്, അവൾ ഏട്ടന്റെ കൂടെ പോകാനൊരുങ്ങി. ‘നിന്നെപ്പോലുള്ള കുട്ടികളാണ് അവിടെയുള്ളതെന്ന്’ ഉമ്മ അവളെ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. എന്നിട്ടും പോവാൻ നേരം അവൾ ചിണുങ്ങി നിന്നു. കണ്ണ് നിറച്ച് ഞങ്ങളെയെല്ലാം നോക്കി. ചുവന്ന പുള്ളി പാവാടയും മഞ്ഞ കുപ്പായവും തലയിൽ കറുത്ത തട്ടവുമായി, കയ്യിൽ ആ പച്ച തകരപ്പെട്ടിയും പിടിച്ച് ഏട്ടന്റെ പിന്നാലെ അവൾ നടന്നു. നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ തിരിഞ്ഞുതിരിഞ്ഞ് നോക്കി. ആ പെട്ടി അവിടെയിട്ട് , പൊട്ടിക്കരഞ്ഞ് അവൾ തിരികെ വരുമെന്നാണ് ഞങ്ങൾ ഓരോരുത്തരും കരുതിയത്.

പക്ഷേ അവളങ്ങനെ ചെയ്തില്ല. അവൾക്ക് പഠിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. കൂട്ടുകൂടാൻ ഇഷ്ടമായിരുന്നു. മറ്റു കുട്ടികൾക്കുള്ള എല്ലാ വികാരവിചാരങ്ങളും അവൾക്കും ഉണ്ടായിരുന്നു. ഉമ്മയെ പിരിഞ്ഞ സങ്കടം ഉള്ളിലൊതുക്കി, അവളവിടെ പാർത്ത് പഠിച്ചു. എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും അവൾ മടങ്ങി വന്നു. ഞായറാഴ്ച വൈകുന്നേരങ്ങളിൽ തിരികെപ്പോയി. ആദ്യത്തെ കുറച്ചാഴ്ചകളിൽ ഏട്ടനാണ് അവളെ കൊണ്ടാക്കിയതും കൊണ്ടുവന്നതും. ഏട്ടന്റെ കൂടെയായതു കൊണ്ടാവണം അവൾ എതിരൊന്നും പറയാതെ പോയത്.

പിന്നെ ഉമ്മയും അനിയനും ചേർന്നാണ് അവളെ കൊണ്ടുപോയതും കൊണ്ടുവന്നതും. അവിടുത്തെ അന്തരീക്ഷവും കുട്ടികളും അവൾക്ക് ഇഷ്ടമായിരുന്നു. പക്ഷെ അവിടത്തെ ഹോസ്റ്റലിലെ താമസവും ഉറക്കവും അവൾക്ക് ഇഷ്ടമായിരുന്നില്ല. ആദ്യത്തെ മൂന്നാഴ്ച കൊണ്ടുതന്നെ അവൾ മലയാള അക്ഷരമാല എഴുതാനും അവളുടേതായ ഭാഷയിൽ പറയാനും പഠിച്ചു. പിന്നെ വാക്കുകൾ പഠിച്ചു. വാക്കുകൾ കൂട്ടി വായിക്കാനും പഠിച്ചു.

ഏതാണ്ട് ഒരു വർഷത്തോളം അവളങ്ങനെ ആ സ്‌കൂളിലേക്ക് പോയിവന്നു. ഉമ്മാനോട് അവിടുത്തെ ഉറക്കത്തെക്കുറിച്ചും, ഏതോ രണ്ട് സിസ്റ്റർമാരെ കുറിച്ചും പരാതി പറഞ്ഞു. ഉമ്മയത് കാര്യമാക്കി എടുത്തില്ല. ഏട്ടനോടോ ഉപ്പാനോടോ അത് ഉമ്മ പറഞ്ഞതുമില്ല. അപ്പഴേക്കും അവളെ കൊണ്ടുപോവുന്നതും കൊണ്ടുവരുന്നതും എന്റെ ഡ്യൂട്ടിയായി മാറിയിരുന്നു.

അവളുടെ അങ്ങോട്ടുള്ള പോക്ക് എപ്പോഴും സങ്കടത്തിന്റെതാണ്. ഇങ്ങോട്ടുള്ള വരവ് സന്തോഷത്തിന്റെതും. അവളുടെ ഭാഷ, ഞങ്ങൾ വീട്ടുകാർക്കെല്ലാം നന്നായി മനസ്സിലാവുമായിരുന്നു. അങ്ങോട്ടുള്ള പോക്കിൽ അവൾ എന്നും എന്നോട് സങ്കടങ്ങൾ പറഞ്ഞു. രാത്രി അവൾക്കവിടെ ഉറങ്ങാൻ കഴിയാറില്ലെന്നും രണ്ട് ടീച്ചർമാർ (നെറ്റിയിൽ കുരിശു വരച്ചാണ് അവളവരെ എനിക്ക് അടയാളം കാണിച്ച് തന്നത് ) തന്നെ കാരണമൊന്നുമില്ലാതെ അടിക്കാറുണ്ടെന്നും, അവളുടെ ചോറ്റുപാത്രം എപ്പോഴും അവരെടുത്ത് ഒളിപ്പിച്ച് വെക്കുമെന്നും, പാത്രമില്ലാഞ്ഞ് അവൾക്ക് ഭക്ഷണം കിട്ടാറില്ലെന്നും ഒക്കെ അവൾ എന്നോട് പരാതി പറഞ്ഞു.

എന്തോ ചെറിയ കുഴപ്പമുണ്ട് എന്നല്ലാതെ മറ്റൊന്നും എനിക്ക് തോന്നിയില്ലെങ്കിലും, അവിടുത്തെ പ്രിൻസിപ്പലായ കന്യാസ്ത്രീയോട്, ഞാൻ അവൾ പറഞ്ഞ പരാതികളൊക്കെ പറഞ്ഞു. അതൊക്കെ താൻ നോക്കിക്കോളാമെന്നും, ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും അവരെനിക്ക് വാക്കുതരികയും ചെയ്തു.

റബ്ബർ മരങ്ങളുടെ കുളിരിനും ഏകാന്തതയ്ക്കും നടുവിലായിരുന്നു ആ കെട്ടിടം. അതിന്റെ മുറ്റത്ത് നിറയെ പൂക്കളുണ്ടായിരുന്നു. പല നിറത്തിലും പല മണങ്ങളിലുമുള്ള പൂക്കൾ ... ആ പൂന്തോട്ടം അവിടെ താമസിച്ചുപഠിക്കുന്ന കുട്ടികൾ ഉണ്ടാക്കിയതായിരുന്നു. താൻ നട്ട പത്തുമണി മുല്ലകൾ പൂത്ത് നിൽക്കുന്നത്, അനിയത്തി എനിക്ക് ആഹ്ലാദത്തോടെ കാണിച്ചുതന്നു. ജീവിതം തരാത്തതൊക്കെ പിടിച്ചുവാങ്ങാനായി ആ കുട്ടികൾ നട്ട് നനച്ച് വളർത്തിയ പൂന്തോട്ടത്തിനപ്പുറം, നിന്ന രണ്ട് കന്യാസ്ത്രീകളെ അനിയത്തി എനിക്ക് ചൂണ്ടിക്കാണിച്ചുതന്നു. ബ്രൗൺ നിറത്തിലുള്ള കുപ്പായങ്ങളും വെള്ള ശിരോ വസ്ത്രങ്ങളുമണിഞ്ഞ്, വലിയ രണ്ട് പൂക്കളായി നിൽക്കുന്ന അവരാണ് എന്റെ അനിയത്തിയെ കടുപ്പം കാട്ടുന്നതെന്ന് വിശ്വസിക്കാനായില്ല. അവൾ തൊണ്ടയിടറി പറഞ്ഞിട്ടും എനിക്ക് വിശ്വാസമായില്ല.

അത്തവണ ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ പോയപ്പോൾ, ദൂരെ നിന്ന് നടന്നുവരുന്ന എന്നെ കണ്ടതും അവൾ കരഞ്ഞു വിളിച്ച്, പൂച്ചട്ടികൾ തട്ടി മറിച്ചിട്ട് എന്റെ അരികിലേക്ക് ഓടി വന്നു. അവളെന്നെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞു. സങ്കടം കാരണം അവളുടെ ഭാഷ ചിതറി വികൃതമായി. എന്നെ മുമ്പോട്ട് പോവാൻ പോലും വിടാതെ അവളെന്നെ മുറുക്കിപ്പിടിച്ചു. ഞാനാകെ അന്തം വിട്ട് നിൽക്കെ, ഒരു ഏട്ടനോട് അനിയത്തിക്ക് പറയാൻ കഴിയാത്ത, സ്വവർഗരതിയുടെ ക്രൂരമായ ആംഗ്യങ്ങളെ അവളെനിക്ക് അന്തരീക്ഷത്തിൽ വരച്ചും സ്വന്തം ദേഹത്ത് തൊട്ടും കാണിച്ചുതന്നു.

ചുറ്റും കത്തിയെരിയുന്ന ആ പൂന്തോട്ടത്തിൽ, അനിയത്തി തട്ടിമറിച്ചിട്ട ചെടിച്ചട്ടികളിൽ അവൾ നട്ടുനനച്ച് വളർത്തിയ പത്ത് മണി മുല്ലകളും ഉണ്ടായിരുന്നു. ആ മുല്ലകൾക്ക് കടും ചുവപ്പ് നിറമായിരുന്നു.

എനിക്കും അന്ന് അറിയില്ലായിരുന്നു, സ്ത്രീകൾ സ്വവർഗ്ഗരതിയിൽ ഏർപ്പെടുമെന്നോ, അത് മിണ്ടാപ്രാണിയായ എന്റെ അനിയത്തിയുടെ ദേഹത്തോളം വന്നെത്തുമെന്നോ, അത് അവൾക്ക് ഉമ്മാനോട് പോലും പറയാനാവാത്ത വണ്ണം ക്രൂരമാണെന്നോ, ഒന്നും എനിക്ക് അറിയില്ലായിരുന്നു

പക്ഷേ അവളുടെ തോളിലും മാറിലും തുടകളിലും പതിഞ്ഞുകിടന്ന പല്ലടയാളങ്ങളും, നഖപ്പാടുകളും എനിക്കത് കാണിച്ചുതന്നു. സ്വന്തം ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതിന് ആ രണ്ട് കന്യാസ്ത്രീകൾ എന്റെ അനിയത്തിയെ അടിച്ച അടികളുടെ ചോരപ്പാടുകൾ അവളുടെ തുടകളിലും വളർച്ചയെത്താത്ത മുലകളിലും ഞാൻ കണ്ടു. മുലകളിൽ ഉണങ്ങാതെ കിടന്ന മുറിവ് അവളെനിക്ക് കാണിച്ചുതന്നു. ഞാനെന്ന ഏട്ടൻ, ഞാനെന്ന കുട്ടി ആ മുറിവുകൾക്കുമുമ്പിൽ, നെഞ്ചുപൊട്ടിയുള്ള അവളുടെ കരച്ചിലിനു മുമ്പിൽ തരിച്ചു നിന്നു.

എന്റെ മുമ്പിൽ ആ പൂന്തോട്ടം നിന്ന് കത്തി. വിശുദ്ധ കുപ്പായങ്ങളും ശിരോ വസ്ത്രങ്ങളും കത്തി. കുരിശേറിയ മനുഷ്യപുത്രൻ, സ്വന്തം മുറിവുകളിലെ ചോരയുമായി ആ മുറ്റത്ത് നിന്നു. ആ പ്രതിമയിലേക്ക് ചൂണ്ടി, അത് ആരാണെന്ന് പോലും അറിയാത്ത എന്റെ അനിയത്തി, വെറും ഒമ്പത് വയസ്സുകാരി, അത് നല്ല മനുഷ്യനാണെന്ന് എനിക്ക് പറഞ്ഞുതന്നു. ആ പ്രതിമ ഒരിക്കലും അവളുടെ രഹസ്യ ഇടങ്ങളിലേക്കോ മറ്റുള്ളവരുടെ രഹസ്യ ഇടങ്ങളിലേക്കോ അവളെ ക്ഷണിച്ചിട്ടില്ല. രാത്രികളിൽ അവളുടെ ഉറക്കപ്പായയിലേക്ക് ആ പ്രതിമ അതിന്റെ കൂർത്ത നഖങ്ങൾ നീട്ടി ചെന്നിട്ടില്ല. ചുറ്റും കത്തിയെരിയുന്ന ആ പൂന്തോട്ടത്തിൽ, അനിയത്തി തട്ടിമറിച്ചിട്ട ചെടിച്ചട്ടികളിൽ അവൾ നട്ടുനനച്ച് വളർത്തിയ പത്ത് മണി മുല്ലകളും ഉണ്ടായിരുന്നു. ആ മുല്ലകൾക്ക് കടും ചുവപ്പ് നിറമായിരുന്നു.

ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോൾ എനിക്ക് പ്രാർത്ഥിക്കാൻ കഴിയും; ‘കർത്താവേ... അവർ ചെയ്തത് എന്താണെന്ന് അവർ അറിയുന്നു. നീയവരോട് പൊറുക്കരുതേ...'▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments