മുഹമ്മദ് അബ്ബാസ്

ഒടുവിൽ എവിടേക്കോ ഒരു പെരും പാച്ചിൽ...

വെറും മനുഷ്യർ- 50

​ആ നിമിഷങ്ങളിൽ എന്റെ അന്തരീക്ഷത്തിൽ, മാലാഖമാരാണോ ചെകുത്താൻമാരാണോ മണം പരത്തി നിന്നതെന്നറിയില്ല. സ്റ്റോപ്പിൽ പോലും നിർത്താത്ത ആനവണ്ടിക്ക്, അതും ആ കയറ്റത്തിൽ ഞാൻ കൈ കാണിച്ചു. ബസ്​ ഒന്ന് കുലുങ്ങിക്കിതച്ച്​ നിന്നു. ഞാൻ അതിലേക്ക് ചാടിക്കയറി. എനിക്കുപോലും അറിയില്ലായിരുന്നു, ഞാൻ നാടുവിട്ട് പോവുകയാണെന്ന്.

മൂന്നുമാസത്തോളം ഞാൻ ഏട്ടന്റെ കൂടെ പെയിൻറിങിന് ഹെൽപ്പറായി പോയി. വല്ലാത്തൊരു നരക കാലമായിരുന്നു അത്. ആ കാലത്താണ് കൂടെ ജോലി ചെയ്യുന്നവരോട് എങ്ങനെയൊക്കെ പെരുമാറരുതെന്ന് ഞാൻ പഠിച്ചത്. ഓരോ ജോലി ദിവസവും ഉറക്കെപ്പായയിലേക്ക് ഒന്ന് വീണു കിട്ടിയാൽ മതി എന്ന അവസ്ഥയായിരുന്നു. പല പല വീടുകളിലാവും ജോലി. രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന പണി രാത്രി എട്ടര വരെയൊക്കെ നീണ്ടുപോകും. താമസമില്ലാത്ത പുതിയ വീടാണെങ്കിൽ കഷ്ടപ്പാട് പറയണ്ട. അടുത്തൊന്നും ഹോട്ടൽ ഇല്ലെങ്കിൽ അക്കണ്ട മണിക്കൂറുകളൊക്കെ പച്ചവെള്ളം കുടിച്ചും, പറമ്പിൽ പൊഴിഞ്ഞു കിടക്കുന്ന തേങ്ങ പൊളിച്ച് ശാപ്പിട്ടും പണിയെടുക്കണം.

ഏട്ടന് പെയിന്റിങ്ങും പ്ലംബിംഗും ഉണ്ടായിരുന്നു. ജോലിസ്ഥലത്തേക്കും തിരികെ വീട്ടിലേക്കുമുള്ള ബസുകൂലി മാത്രമേ ഏട്ടൻ തരൂ. പലപ്പോഴും ആ കാശിന് എന്തെങ്കിലുമൊക്കെ വാങ്ങി തിന്നിട്ട് പണി കഴിഞ്ഞ്, ഞാൻ കിലോമീറ്ററുകളോളം നടന്നു. നാലഞ്ച് തവണ ടിക്കറ്റെടുക്കാതെ ബസിൽ യാത്ര ചെയ്ത്, പിടിക്കപ്പെട്ട് നാണം കെട്ടപ്പോൾ, കള്ളവണ്ടിയെന്ന കലാപരിപാടി ഉപേക്ഷിച്ചു. ഓരോ ദിവസവും പുലരുന്നത് പുതിയൊരു നരകത്തിലേക്കായിരിക്കും. അവനവനോട് തന്നെയുള്ള യുദ്ധങ്ങളിൽ, ഏട്ടൻ അനിയന്മാരെ മറന്നു. കാരണമൊന്നുമില്ലാതെ അല്ലെങ്കിൽ തീരെ ചെറിയ കാര്യങ്ങൾക്ക്, കയ്യിൽ കിട്ടിയതെടുത്ത് ഏട്ടൻ ഞങ്ങളെ അടിക്കും. ഏട്ടൻ എപ്പോൾ എന്ത് പറയുമെന്നോ എന്ത് ചെയ്യുമെന്നോ ഊഹിക്കാൻ പോലും കഴിയില്ല. സ്വയം മനുഷ്യനല്ലാതായി മാറിയ ഒരാൾക്ക്, ചുറ്റുമുള്ളവരെ മനുഷ്യരായി കാണാൻ കഴിയില്ലെന്ന് ഞാൻ കണ്ടും കൊണ്ടും അറിയുകയായിരുന്നു.

അറവിന് കൊണ്ടുപോവുന്ന ആടിനെ പോലെയാണ് ദിവസവും ഏട്ടന്റെ കൂടെ ജോലിക്കുപോയത്. തലേന്നത്തെ ശിക്ഷയുടെ വേദന മാറും മുമ്പേ, പുതിയ ശിക്ഷ കടുംവേദനയായി ശരീരത്തിൽ അടയാളപ്പെടും. ഏട്ടന്റെ കൂടെ ഒരേ വീട്ടിലാണ് ജോലിയെങ്കിൽ അന്ന് അടിയുടെ വല്യ പെരുന്നാളായിരിക്കും. കരണത്തും മുതുകത്തുമൊക്കെ ഒട്ടും ദയയില്ലാതെ ഏട്ടൻ പൊട്ടിക്കും. കണ്ണിലൂടെ പൊന്നീച്ചയും വെള്ളി ഈച്ചയുമൊക്കെ ഒന്നിച്ചുപറക്കും.

രണ്ടത്താണിയിലെ ആദ്യത്തെ ഇറക്കത്തിലുള്ള ഒരു വല്യ വീട്ടിലായിരുന്നു അന്നത്തെ ജോലി. അവിടുത്തെ പെയിന്റിങ്ങും പ്ലമ്പിങ്ങും ഏട്ടനാണ് ചെയ്തിരുന്നത്. പെയിന്റിങ്ങ് ഒന്നാംഘട്ടം കഴിഞ്ഞ്, ഏട്ടൻ പ്ലമ്പിങ്ങിന്റെ രണ്ടാംഘട്ടത്തിലായിരുന്നു. ഞാനും അവനും പിന്നെ മൊസൈക്ക് പണിക്കാരുമാണ് അന്ന് പണിക്കുണ്ടായിരുന്നത്. ആ ഇറക്കം തുടങ്ങുന്നിടത്ത് ഹോട്ടൽ ഉണ്ടായിരുന്നു. ഏട്ടൻ ഒപ്പമുള്ളതുകൊണ്ട് എന്തെങ്കിലുമൊക്കെ തിന്നാൻ കിട്ടുമെന്ന ആശ്വാസം ഉണ്ടായിരുന്നു.

അറവിന് കൊണ്ടുപോവുന്ന ആടിനെ പോലെയാണ് ദിവസവും ഏട്ടന്റെ കൂടെ ജോലിക്കുപോയത്. തലേന്നത്തെ ശിക്ഷയുടെ വേദന മാറും മുമ്പേ, പുതിയ ശിക്ഷ കടുംവേദനയായി ശരീരത്തിൽ അടയാളപ്പെടും.

അക്കാലത്ത് യൂറോപ്യൻ ക്ലോസറ്റുകളും ഒരു കുളിമുറിയിൽ നിന്ന് പച്ചവെള്ളവും ചൂടുവെള്ളവും വരുന്നതുമൊക്കെ വലിയ അത്ഭുതങ്ങളായിരുന്നു. ചെന്നയുടൻ ഏട്ടൻ കൈക്കോട്ട് എടുത്തുതന്ന്, വേസ്റ്റ് പൈപ്പ് കൊണ്ടുപോകാനുള്ള ചാലെടുക്കാൻ എന്നോടുപറഞ്ഞു. രാവിലെ തിന്ന ഓട്ടടയും ചായയും വയറ്റിൽ ദഹിച്ചുതുടങ്ങിയിരുന്നു. ചാലിന് എത്ര ആഴം വേണമെന്നറിയാത്തതിനാൽ ഞാൻ വലിയ കുഴിയാണ് എടുത്തത്. അതുകണ്ട് ഏട്ടൻ ചൂടായി.
‘അന്റെ ബാപ്പാനെ കുഴിച്ച്ടാൻ ള്ള ഖബറ് കുത്താനല്ല നായേ, ഞാൻ അന്നോട് പറഞ്ഞത് '

എന്റെ ബാപ്പ അവന്റെയും ബാപ്പയാണല്ലോ, ഞാൻ നായിയാവുമ്പോൾ ഏട്ടനായ അവനും നായിയായി മാറുമല്ലോ എന്ന ആശ്വാസ ചിന്തകളൊന്നും ഫലം കണ്ടില്ല. ആ മുറ്റത്തെ ഉറച്ച മണ്ണിൽ അവൻ കാണിച്ചുതന്ന വഴികളിലൂടെ, അവനോടുള്ള ദേഷ്യത്താൽ പുകഞ്ഞ് ഞാൻ ചാലുകീറി. അവൻ ഉദ്ദേശിച്ച രൂപത്തിൽ, ഉദ്ദേശിച്ചതിലും വേഗത്തിൽ എന്റെ ചാലുകീറൽ പുരോഗമിക്കുന്നത് കണ്ടപ്പോൾ അവൻ പിന്നെയും ചൂടായി.
‘ഇദ് മാന്തി തീർത്തിട്ട് അന്ക്ക് തൂറാൻ പോവാൻ ണ്ടോ ...? '

കൈക്കോട്ടും പിടിച്ച് ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവനെ മിഴിച്ച് നോക്കി.
‘ബാക്കിള്ളതും കൂടി കീറടാ....'

ഏട്ടൻ അലറുകയായിരുന്നു. അത് എന്നോടല്ലെന്നും, അവന്റെ പെണ്ണിനെ അവനിൽനിന്ന് ജീവൻ അടർത്തുമ്പോലെ, അടർത്തി മാറ്റിയ മാസ്റ്ററോടണെന്നും ഇന്നെനിക്ക്​ മനസ്സിലാവുന്നുണ്ട്. പക്ഷേ അന്ന് മറ്റു പണിക്കാർ നോക്കിനിൽക്കെ അപമാനം കൊണ്ടും വേദനകൊണ്ടും കുനിഞ്ഞ ശിരസ്സുമായി ഞാനാ മണ്ണിൽ എന്റെ തന്നെ ഗതികേടിനോട് യുദ്ധം ചെയ്തു. കക്കൂസ് കുഴിയോളം എത്തുന്ന ആ ചാല് കീറി കഴിഞ്ഞപ്പോൾ വിശപ്പുകൊണ്ട് ഞാനാകെ തളർന്നു. ഞാനാ കുഴിയുടെ വക്കത്തെ ഇത്തിരി തണലിലിരുന്ന് കിതച്ചു. സമയം 11 മണിയായിക്കാണും. ഏട്ടൻ എന്റെ ആ തളർച്ചയിലേക്ക് മൂർച്ചയുള്ള വാക്കുമായി വന്നു; ‘പണി ഇട്ക്കാതെ അനക്കൊക്കെ മൂന്നുനേരം തിന്നാൻ തരാൻ ഇന്ക്ക് നേർച്ച കടമൊന്നും ഇല്ല.’

നേരം ഇത്രയായിട്ടും എനിക്ക് ഒന്നും തിന്നാൻ കിട്ടിയില്ലെന്നോ, ഞാൻ പണിയെടുക്കുകയണെന്നോ, ഒന്നും ഞാൻ മറുപടി പറഞ്ഞില്ല. തളർച്ചയും വയറെരിയുന്ന വിശപ്പും വകവെക്കാതെ, അടുത്ത പണി എന്താണെന്നറിയാൻ ഞാനവന്റെ പിന്നാലെ അകത്തേക്ക് നടന്നു. മുറിച്ചിട്ട ഒരു പി.വി.സി.പൈപ്പിന്റെ അളവിൽ, കുറേ പൈപ്പുകൾ മുറിച്ചിടാൻ അവൻ എനിക്ക് ഒരു ഓക്‌സോ ഫ്രെയിം തന്നു. വീടിനകത്തെ തണലിലാണല്ലോ പണിയെടുക്കേണ്ടത് എന്ന് ഞാൻ ആശ്വാസം കൊണ്ടു. അവിടെ വച്ചിരുന്ന അലൂമിനിയ കലത്തിൽ നിന്ന് ധാരാളം വെള്ളം കുടിച്ചു. ഞാനാകെ വിയർപ്പിൽ കുതിർന്നിരുന്നു. വിയർപ്പിന്റെ ആ നനവിലേക്ക് കാറ്റ് തട്ടിയപ്പോൾ ചെറിയ ഉത്സാഹമൊക്കെ തോന്നി.

മുതുകത്തും തുടയിലും കയ്യിലും വീഴുന്ന അടികളൊക്കെ മറ്റാരുടേയോ ദേഹത്താണ് വീഴുന്നതെന്ന മരവിപ്പിലായിരുന്നു ഞാൻ. പഴന്തുണിക്കെട്ടുപോലെ ഏട്ടൻ എന്നെ വലിച്ചിഴച്ചു. എന്റെ തല ചുമരിൽ വെച്ച് ഇടിച്ചു.

ഏട്ടൻ കാണിച്ചു തന്ന അളവുപൈപ്പ് വെച്ച് അളവെടുത്ത്, ആ വലിയ പൈപ്പിൽ നിന്ന് മുറിച്ച് തുടങ്ങി. രണ്ടു കണ്ടം മുറിക്കുവോളം കുഴപ്പമൊന്നും ഉണ്ടായില്ല. മൂന്നാമത്തെ കണ്ടം മുറിക്കുമ്പോൾ ഫ്രെയിം ചെരിഞ്ഞ് അതിൽ ഘടിപ്പിച്ച ഓക്‌സോ ബ്ലയിഡ് പൊട്ടി. അത് പൊട്ടാൻ കാത്തുനിന്ന പോലെ ഏട്ടൻ ഓടി വന്ന്, ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ എന്റെ നടുമ്പുറത്ത് ചവിട്ടി. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ ചവിട്ടിൽ ഞാൻ കൈയും കുത്തി നിലത്തേക്ക് വീണു.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും ശേഷിയില്ലാതെ, ഞാനാ വെറും നിലത്ത് കിടന്നു. ഏട്ടൻ എന്നെ പിടിച്ചെണീപ്പിച്ച്, കയ്യിലെ പൈപ്പ് കൊണ്ട് എന്നെ തലങ്ങും വിലങ്ങും തല്ലി. മുതുകത്തും തുടയിലും കയ്യിലും വീഴുന്ന അടികളൊക്കെ മറ്റാരുടേയോ ദേഹത്താണ് വീഴുന്നതെന്ന മരവിപ്പിലായിരുന്നു ഞാൻ. പഴന്തുണിക്കെട്ടുപോലെ ഏട്ടൻ എന്നെ വലിച്ചിഴച്ചു. എന്റെ തല ചുമരിൽ വെച്ച് ഇടിച്ചു. അനിയനോടെന്നല്ല, ആരോടും പറയാൻ പാടില്ലാത്ത തെറികളൊക്കെ ഏട്ടൻ പറയുന്നുണ്ടായിരുന്നു. മൊസൈക്ക് പണിയെടുക്കുന്നവരിൽ ഒരാൾ ഏട്ടനെ പിടിച്ച് മാറ്റുവോളം ഒറ്റ വാക്കും എതിരായി പറയാതെ, ഞാനാ ശിക്ഷകളൊക്കെ ഏറ്റുവാങ്ങി. ജീവിച്ചിരിക്കുക എന്ന വലിയ തെറ്റിനുള്ള ശിക്ഷയായിട്ടാണ് എനിക്ക് അതൊക്കെ അനുഭവപ്പെട്ടത്.

ആ കട്ടിളപ്പടിയിൽ വിശപ്പും വേദനയും അപമാനവും വസ്ത്രങ്ങളാക്കി ധരിച്ച് ഞാൻ ഇരുന്നു. ഏട്ടനെ പിടിച്ചു മാറ്റിയ ആൾ എനിക്ക് കുടിക്കാൻ വെള്ളം തന്നു. വരണ്ട തൊണ്ടയിലൂടെ ആ വെള്ളം ഇറങ്ങിപ്പോകുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. തീയാളുന്ന വയറ്റിലെത്തി, വെള്ളം തിളയ്ക്കുകയാണെന്ന് തോന്നി. ഏട്ടനെ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല. കാലങ്ങൾക്കുശേഷം, അവനെന്നോട് പറഞ്ഞിട്ടുണ്ട്, കാണാതായ ആ നേരമത്രയും അവനാ വീടിന്റ ടെറസിലിരുന്ന് കരയുകയായിരുന്നു എന്ന്.

എന്തിനാണ് താൻ അനിയൻമാരോട് ക്രൂരമായി പെരുമാറുന്നതെന്ന് അവനു പോലും അറിയില്ലായിരുന്നു. സ്വന്തം നഷ്ടങ്ങളുടെ വേദനയിൽ അവൻ തിളച്ച് മറിയുകയായിരുന്നു. ഓരോ നിശ്വാസത്തിലും അവൻ അവളെ ഓർക്കുകയായിരുന്നു. മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞിട്ടും, നെഞ്ചിൽ അവൾക്കായി അവൻ തീർത്ത ആ മരണപ്പാടുകളിൽ രക്തം പൊടിയുകയായിരുന്നു. തുടകളിൽ നിന്ന് ഇറച്ചി വെട്ടിയെടുത്ത പാടുകളിൽ രക്തം പൊടിയുകയായിരുന്നു. ഇതൊന്നും അറിയാനുള്ള ശേഷിയില്ലാതെ ഞാനെന്ന അനിയൻ ഏട്ടനെ ശപിച്ചു. അറിയാവുന്ന ചീത്തയൊക്കെ ഉള്ളിൽ വിളിച്ചു. എനിക്കുചുറ്റും ആ വീട് ഒന്നാകെ വട്ടം കറങ്ങി. പൊള്ളയായ കുടം പോലെ എന്റെ തല കഴുത്തിനു മുകളിൽ വട്ടം കറങ്ങി.
ഏട്ടൻ വന്ന് പറഞ്ഞു, ‘ഇര്ന്ന് കാറാതെ പോയി ബ്ലെയിഡ് വാങ്ങി കൊണ്ടരടാ നായേ ... '

ഏതാണ്ട് നാലുകാലിൽ നടക്കേണ്ട നായയുടെ സ്ഥിതിയിലായിരുന്നു ഞാനപ്പോൾ. ഇന്നയിടത്തെന്ന് തൊട്ടുകാണിക്കാനാവാത്ത വിധം വേദന ശരീരമാകെ പടർന്ന് നിന്നു. ഉപയോഗിക്കാത്ത നാലഞ്ച് ബ്ലെയിഡുകൾ അവിടെയിരിപ്പുണ്ട്. ഞാനതിലേക്ക് നോക്കുന്നത് കണ്ടപ്പോൾ, ഏട്ടൻ പറഞ്ഞു, ‘അദ്മ്മക്ക് നോക്കണ്ട, ഇജ് പൊട്ടിച്ചത് ഇജന്നെ കൊണ്ടരണം.’

കുറേ ദൂരം നടക്കണം കവലയിലേക്ക്. കടകളിൽ ഓക്‌സോ ബ്ലയിഡ് കിട്ടുമോന്നറിയില്ല. കിട്ടിയില്ലെങ്കിൽ പിന്നെ, പുത്തനത്താണിയോളം നടക്കണം. നടക്കുകയല്ലാതെ, നരകങ്ങളെ അനുഭവിക്കുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല. ഞാൻ ഒരു വിധം എഴുന്നേറ്റ് നിന്നപ്പോൾ ഏട്ടൻ പറഞ്ഞു, ‘കീശീന്ന് ആ പേഴ്‌സ് ഇട്‌ത്തോ, കായി അതിലിണ്ട്. പേഴ്‌സ് അവ്‌ടെ വെച്ചിട്ട് പോണ്ട'

മറ്റ് പണിക്കാരെ സംശയമുള്ളതുകൊണ്ട് പഴ്‌സ് കൊണ്ടുപോകാനാണ് ഏട്ടൻ പറഞ്ഞത്. അവരും ആ പറച്ചിൽ കേട്ടിരിക്കണം . ഏട്ടന്റെ ചുവന്ന കള്ളിഷർട്ടിന്റെ കീശയിൽ നിന്ന് പഴ്‌സെടുത്ത്, തലതാഴ്ത്തിപ്പിടിച്ച് അടി കൊണ്ട നായയായി ഞാൻ ഞരങ്ങി നടന്നു. എനിക്കുമുമ്പിൽ ഉച്ച വെയിലായിരുന്നു. ആ വീടിന്റെ നീണ്ട മുറ്റം ചെന്നെത്തുന്നത് മെയിൻ റോഡിലേക്കാണ്.
പിന്നിൽനിന്ന് ഏട്ടൻ വിളിച്ചു പറഞ്ഞു, ‘അവിട്ന്ന് എന്തെങ്കിലും തിന്നോണ്ടീ ... '

എന്റെ വിശപ്പ് എവിടെപ്പോയി എന്ന് ഞാൻ അത്ഭുതപ്പെട്ട് തീരും മുമ്പ്, അസ്ത്ര മൂർച്ചയായി അത് വയറ്റിൽ കുത്താൻ തുടങ്ങി. പുറത്തേക്ക് വരുന്ന ശ്വാസത്തിന് വെന്ത കുടലിന്റെ മണമുണ്ടെന്നു തോന്നി. ഞാൻ മറ്റെല്ലാം മറന്നു. വേദന മറന്നു. അപമാനങ്ങൾ മറന്നു. തുടയിൽ പൊടിയുന്ന ചോരയുടെ മണം മറന്നു. വിശപ്പ് അങ്ങനെയാണ്, അത് മുഴുലോകത്തെയും മറക്കും. മുമ്പിലുള്ളത് എച്ചിൽ കൂനയാണെന്ന് മറക്കും. അതിനരികിൽ കടിപിടി കൂടുന്ന നായ്ക്കളെ മറക്കും. അവരോട് യുദ്ധം ചെയ്ത് ആ എച്ചിൽ വാരി തിന്നും. അങ്ങനെ തിന്നിട്ടുണ്ട് ഞാൻ.

ആ ഉച്ചവെയിലിലൂടെ നടക്കുമ്പോൾ ഏട്ടന്റെ പഴ്‌സിലെ പണം എണ്ണി നോക്കി. അത് കൃത്യം 360 രൂപയുണ്ടായിരുന്നു. അന്നത് എനിക്ക് വലിയ സംഖ്യയാണ്. അതിന്റെ ഉടമ മുതലാളിയാണ്, ആ മുതലാളിയോട് എനിക്കപ്പോൾ ബഹുമാനവും സ്‌നേഹവും തോന്നി. രണ്ടത്താണിയിലെ ആ ഇറക്കം ഇറങ്ങുകയായിരുന്നു ഞാൻ. സൂര്യൻ തലയ്ക്ക് മുകളിലല്ല, തലയിലാണെന്ന് തോന്നിപ്പോവുന്നത്ര ചൂടുണ്ടായിരുന്നു.

ഒരു ആനവണ്ടി കയറ്റം കയറി വരുന്നുണ്ട്...
അക്കാലത്ത് സർക്കാരിന്റെ ആനവണ്ടികൾ സ്റ്റോപ്പിൽ നിർത്താറില്ല, ആളെ കയറ്റാറില്ല. ആർക്കോ വേണ്ടി, എന്തിനോ വേണ്ടി അവ പെരുംപാച്ചിൽ പായുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള ബസായിരുന്നു അത്. ആ നിമിഷങ്ങളിൽ എന്റെ അന്തരീക്ഷത്തിൽ, മാലാഖമാരാണോ ചെകുത്താൻമാരാണോ മണം പരത്തി നിന്നതെന്നറിയില്ല. സ്റ്റോപ്പിൽ പോലും നിർത്താത്ത ആനവണ്ടിക്ക്, അതും ആ കയറ്റത്തിൽ ഞാൻ കൈ കാണിച്ചു. ബസ്​ ഒന്ന് കുലുങ്ങിക്കിതച്ച്​ നിന്നു. ഞാൻ അതിലേക്ക് ചാടിക്കയറി. എനിക്കുപോലും അറിയില്ലായിരുന്നു, ഞാൻ നാടുവിട്ട് പോവുകയാണെന്ന്.

ആ വിളി എന്റെ ഇരുചെവികളിലും വ്യക്തമായും കേട്ടു.
ഉമ്മാന്റെ നിറം മങ്ങിയ വസ്ത്രങ്ങൾ ഉണങ്ങാനിട്ട അയല് പൊട്ടി ചാടുന്നത് കണ്ടു. വെളുത്തുള്ളി മണമുള്ള ഉമ്മാന്റെ കൈകൾ എന്നെ കൂട്ടിപ്പിടിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട്, ഞാനാ ബസിലിരുന്ന് ഉറക്കെ കരഞ്ഞു.

ബസിൽ ധാരാളം സീറ്റുകൾ ഒഴിവുണ്ടായിരുന്നു. മൂന്നാൾക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ ഞാനിരുന്നു. എന്റെ മുണ്ടിലും കുപ്പായത്തിലും, മണ്ണും ചെളിയുമായിരുന്നു. വിയർപ്പ് നാറുന്നുണ്ടായിരുന്നു. ബസ് കയറ്റം കയറി കഴിഞ്ഞപ്പോഴാണ് എനിക്ക് ബോധ്യമായത്, ഞാൻ ഏട്ടന്റെ പണവുമായി നാട് വിട്ട് പോവുകയാണെന്ന്. അന്നും ഇന്നും തൃശ്ശൂരുഭാഗത്തുനിന്ന് വരുന്ന ബസുകൾ, പ്രത്യേകിച്ചും ആന വണ്ടികൾ കോട്ടക്കൽ സ്റ്റാൻഡിലേക്ക് കയറാറില്ല. കോട്ടക്കലിലേക്കുള്ള യാത്രക്കാരെ, ചങ്കുവെട്ടിയിൽ ഇറക്കി വിടാറാണ് പതിവ് . ഇന്നും ആ പതിവിന് മാറ്റമില്ല.

ചങ്കുവെട്ടിക്കപ്പുറം എനിക്ക് ലോകം അപരിചിതമാണ്. അപരിചിതമായ ആ ലോകത്തിലൂടെ എന്നെയും കൊണ്ട് ബസ്​ ഓടുകയാണ്. കെട്ടിടങ്ങളും മരങ്ങളും വീടുകളും പള്ളി മിനാരങ്ങളും പിറകോട്ട് പിറകോട്ട് ഒഴുകിമറയുകയാണ്. കീശയിൽ കിടക്കുന്ന 360 രൂപയുടെ ധൈര്യത്തിൽ ഞാൻ ഇരുന്നു. കോഴിക്കോടെന്ന നഗരം എനിക്ക് അപരിചിതമാണ്. അവിടെ മെഡിക്കൽ കോളേജെന്ന വലിയ ആശുപത്രി ഉണ്ടെന്നും, അതിനു മുമ്പിൽ ധാരാളം കഞ്ഞിപ്പീടികകൾ ഉണ്ടെന്നും, രോഗികളുടെ ഒപ്പമുള്ളവർക്ക് കിടക്കാൻ അവിടെ വലിയൊരു ഹാളുണ്ടെന്നും കൂട്ടുകാരൻ ഗഫൂർ പറഞ്ഞ് കേട്ടിട്ടുണ്ട്. അവന്റെ ഉമ്മ അവിടെ അഡ്മിറ്റായി കിടന്നപ്പോ അവനാണ് ഉമ്മാക്ക് കൂട്ടിരുന്നത്. അവിടെ ധാരാളം സിനിമാ തിയേറ്ററുകൾ ഉണ്ടെന്നും, തിരൂരിലേതുപോലെ അവിടെയും സിനിമകൾ റിലീസാവാറുണ്ടെന്നും അവൻ എനിക്ക് പറഞ്ഞുതന്നിരുന്നു.

എന്റെ അബോധത്തിൽ ആ സിനിമാ തിയേറ്ററുകളും, കിടക്കാനുള്ള വലിയ ഹാളും ഉണ്ടായിരുന്നിരിക്കണം. അതാവണം ഞാൻ കോഴിക്കോട് എന്ന ബോർഡ് വായിച്ചതും ഈ ബസിന് കൈ കാണിക്കാൻ കാരണമായതും. തണുത്ത കാറ്റുകൾ എന്നെ വന്ന് തൊട്ടു. കക്കാട് എന്ന സ്ഥലവും കഴിഞ്ഞ് കുറെ ദൂരം കൂടി പോയിക്കഴിഞ്ഞപ്പോൾ, ഞാൻ വരണ്ട് കിടക്കുന്ന പാടങ്ങൾ കണ്ടു. അതിനപ്പുറം ഒരു ഓല വീടിന്റെ മുറ്റത്ത്, വിറക് കീറുന്ന ഒരു ഉമ്മാനെ കണ്ടു. അവരുടെ നീല പുള്ളിത്തുണി എന്റെ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ, തിരമാലകൾപോലെ എന്റെയുള്ളിലേക്ക് ഉമ്മയെന്ന കടൽ ആർത്തലച്ചുവന്നു. ഞാനാ ദൂരങ്ങളിൽ എന്റെ ഉമ്മാനെ കണ്ടു. സ്‌നേഹത്തിന്റെ ആ വിരലുകളെ കണ്ടു. സിമന്റടർന്ന അടുക്കള തറയിൽ നിരത്തിവെച്ച വക്ക് പൊട്ടിയ അലൂമിനിയ പാത്രങ്ങളിലേക്ക് തള്ളക്കയില് കൊണ്ട്, കഞ്ഞി അളന്നൊഴികുന്ന ആ മെല്ലിച്ച കൈകൾ കണ്ടു. ആ കണ്ണുകളിൽ പൊടിയുന്ന കണ്ണീര് കണ്ടു. ഉമ്മ എന്നെ വിളിക്കുകയാണ് ...
മോനേ... അബ്ബാസേ... '
ആ വിളി എന്റെ ഇരുചെവികളിലും വ്യക്തമായും കേട്ടു.
ഉമ്മാന്റെ നിറം മങ്ങിയ വസ്ത്രങ്ങൾ ഉണങ്ങാനിട്ട അയല് പൊട്ടി ചാടുന്നത് കണ്ടു. വെളുത്തുള്ളി മണമുള്ള ഉമ്മാന്റെ കൈകൾ എന്നെ കൂട്ടിപ്പിടിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട്, ഞാനാ ബസിലിരുന്ന് ഉറക്കെ കരഞ്ഞു. കണ്ണീരിന്റെ മറവിനപ്പുറത്ത് തെളിഞ്ഞ സൈൻ ബോർഡുകളിൽ, ഞാൻ തപ്പിത്തടഞ്ഞ് രാമനാട്ടുകര എന്ന സ്ഥലപ്പേര് വായിച്ചു. ആ ബോർഡുകളിലും ബസിനകത്തും എന്റെ മുഴുവൻ അന്തരീക്ഷത്തിലും ഉമ്മയെന്ന തീരാത്ത കടൽവേദന നിറഞ്ഞു നിന്നു. ▮

(മുഹമ്മദ്​ അബ്ബാസിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം അവസാനിച്ചു. മൂന്നാം ഭാഗം തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments