അബ്ബാസിന്റെ ഉമ്മ സെെനബ

ഇലക്കൂട്ടാൻ കൂട്ടി മണ്ണിന്റെ ചോറു തിന്ന
​കളിപ്പകലുകളുടെ മണം

കാലങ്ങൾക്കുശേഷം, ഉന്മാദത്തിന്റെ രണ്ടാം കാലത്തിൽ, ആ മുപ്പത്തിയാറാം വാർഡിലേക്ക്, പുകയുന്ന തലച്ചോറും ഭയങ്ങളുടെ അഗ്‌നികുണ്ഡങ്ങളും ചുമന്ന് ഞാൻ ചെന്നെത്തുക തന്നെ ചെയ്തു.

രാത്രിയുടെ വിളക്കുകളെല്ലാം തെളിഞ്ഞുകഴിഞ്ഞ മെഡിക്കൽ കോളേജിന്റെ ആ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ കണ്ണീർമറയിട്ട കാഴ്ചകളായിരുന്നു എനിക്കുചുറ്റും. വേണ്ടപ്പെട്ടവരാരോ അവിടെയുള്ള ഒരു കുട്ടിയാണ് ഞാനെന്ന് ബസിലുള്ളവരെല്ലാം എന്റെ കരച്ചിൽ കേട്ട് ഉറപ്പിച്ചിരുന്നു. കണ്ടക്ടറും ലോട്ടറി വിൽപനക്കാരനും എന്നെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു.

ആശ്വാസവാക്കുകളൊന്നും ഉള്ളിലേക്ക് കടക്കാത്തവണ്ണം, അവിടെ ഉമ്മ നിറഞ്ഞു നിന്നു. ഉമ്മാന്റെ മണങ്ങൾ എന്നെ അത്രയും തീവ്രമായി തൊടുകയായിരുന്നു. എനിക്ക് ഉമ്മാനെ കാണണമായിരുന്നു. ഉമ്മാനെ കെട്ടിപ്പിടിച്ച് കരയണമായിരുന്നു. സമയം അപ്പോൾ എട്ടു മണിയായി കാണണം. ഇനി കുറച്ചു നേരം കൂടി കഴിഞ്ഞാൽ ഉമ്മ അടുക്കളനിലത്ത് അലൂമിനിയ പാത്രങ്ങൾ നിരത്തിവെയ്ക്കും. ഒമ്പത് പാത്രങ്ങൾ... ആ ഒമ്പത് പാത്രങ്ങളിലേക്കും ചോറ് വിളമ്പും. പക്ഷേ ആ ഒമ്പതിലൊരാളായി അവിടെയിരിക്കാൻ, മണ്ണെണ്ണ വിളക്കിന്റെ ആ മങ്ങിയ വെളിച്ചത്തിലിരുന്ന് ചോറു തിന്നാൻ ഉമ്മാന്റെ ഈ മകനുണ്ടാവില്ല.

ആ ഇരുട്ടത്ത് ഉമ്മ മാത്രം, വിളമ്പി വെച്ച ചോറിനു മുമ്പിൽ, എത്ര വൈകിയാലും ഞാൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. ഉമ്മാന്റെ ഉള്ളിലൂടെ ആ രാത്രിയിൽ എന്നെ ഗർഭത്തിൽ ചുമന്ന ദുരിതകാലങ്ങളൊക്കെയും കടന്നു പോയിരിക്കണം.

എനിക്കുമുമ്പിൽ ഇറക്കമായിരുന്നു. ഒരു വശത്ത് മെഡിക്കൽ കോളേജിന്റെ കെട്ടിടങ്ങൾ, മറുവശത്ത് ഗഫൂറ് പറഞ്ഞുതന്ന കഞ്ഞിക്കടകൾ. ആ കടകളുടെ മുമ്പിൽ ആളുകൾ തിരക്കുകൂട്ടി. അധികവും സ്ത്രീകളായിരുന്നു. അവരുടെ കൈയിൽ സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും തൂക്കുപാത്രങ്ങൾ. കഞ്ഞി, തൂക്ക് പാത്രങ്ങളിലേക്ക് ഒഴിച്ചുകിട്ടിയവർ ചുറ്റുമുള്ളവരെ തിക്കിത്തിരക്കി പുറത്തുചാടി. തിരക്കിൽ തൂക്കുപാത്രങ്ങൾ ഉലഞ്ഞ് ചൂടുകഞ്ഞി കയ്യിൽ വീണ് പലർക്കും പൊള്ളി.

നിലാവെളിച്ചത്തെ തോൽപ്പിക്കുന്ന വെളിച്ചമായിരുന്നു അവിടം നിറയെ. ഓരോ കടയുടെ മുമ്പിലും ബൾബുകൾ കത്തി. ഓരോ കടയുടെ മുമ്പിലും ഓരോ വിളിച്ചുപറച്ചിലുകാരൻ നിന്ന് ആളുകളെ മാടിവിളിച്ചു. മറ്റ് കടകളിലെ കഞ്ഞി പഴയതാണെന്ന് ഓരോരുത്തരും ഉറക്കെ വിളിച്ചു പറഞ്ഞു. വല്ലാത്ത ബഹളക്കാഴ്ചയായിരുന്നു അത്. കണ്ണീർ മറയിട്ടുനിന്ന ആ കാഴ്ചകളിലൂടെ ഞാൻ നടന്നു. ആൾത്തിരക്കും ബഹളവും ആശ്വാസം തന്നു. എന്റെയുള്ളിലെ അടുക്കളയിൽ കത്തി നിന്ന മണ്ണെണ്ണ വിളക്കണഞ്ഞു.

ആ ഇരുട്ടത്ത് ഉമ്മ മാത്രം, വിളമ്പി വെച്ച ചോറിനു മുമ്പിൽ, എത്ര വൈകിയാലും ഞാൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. ഉമ്മാന്റെ ഉള്ളിലൂടെ ആ രാത്രിയിൽ എന്നെ ഗർഭത്തിൽ ചുമന്ന ദുരിതകാലങ്ങളൊക്കെയും കടന്നു പോയിരിക്കണം. എന്റെ നേരെ മൂത്ത ആളായ ഉമ്മറിനെ ഒക്കത്തെടുത്ത് നിറവയറുമായി നടന്ന ദുരിത ദൂരങ്ങളൊക്കെയും ഉമ്മ ആ രാത്രിയിൽ ഓർത്തിരിക്കണം. തീരെ മെലിഞ്ഞ ഞാനെന്ന കുട്ടിക്കായി താൻ വേവിച്ച ഒച്ചുകളെ ഉമ്മ ഓർത്തിരിക്കണം. റബ്ബർ കുരു അരച്ച് അതിൽ ആട്ടിൻപാലൊഴിച്ച് മകന് കൊടുത്ത സ്‌നേഹത്തിന്റെ ആ ദ്രാവകങ്ങളെ ഓർത്തിരിക്കണം.

ഉമ്മാ ...
ഉമ്മാന്റെ മോൻ ഇവിടെയാണ്, ഈ വിദൂരതയിൽ...
ഈ ആൾത്തിരക്കിൽ, അപരിചിതമായ ഈ മണങ്ങളിൽ ...
തീരെ സഹികെട്ടാണ് ഉമ്മാന്റെ മോൻ അവിടുന്ന് ഓടിപ്പോന്നത്. ഉമ്മറ് കൊണ്ടുനിൽക്കും പോലെ ഉമ്മാന്റെ ഈ മോന് ആ അടികൾ കൊണ്ടുനിൽക്കാൻ ശേഷിയില്ല. എത്ര ഒളിഞ്ഞിരുന്നാലും രാത്രി ആ വടിത്തുമ്പിലേക്കുതന്നെ മടങ്ങിവരാനുള്ളതുകൊണ്ട് ഉമ്മാന്റെ മോന് ഒളിഞ്ഞിരിക്കാനും കഴിയില്ല.

നടന്നുനടന്ന് മെയിൻ ഗെയിറ്റിന്റെ മുമ്പിലെത്തിയിരുന്നു. ആ ഗെയിറ്റും കടന്ന് ആൾത്തിരക്കിലൂടെ മുമ്പോട്ടു നടന്നു. അവിടെ വലിയ ഒരു ഷട്ടർ ഗ്രില്ലിലൂടെയാണ് ആളുകൾ അകത്തേക്ക് കടന്നുപോകുന്നത്. ആ വാതിൽക്കൽ യൂണിഫോമിട്ട കാവൽക്കാരൻ നിന്നു. അയാളുടെ നോട്ടം മുറിച്ച് അകത്തേക്കുകടക്കാൻ ഞാൻ ഭയന്നു. അയാൾ ചിലരോടൊക്കെ എന്തോ ചോദിക്കുന്നുണ്ട്. അവർ കീശയിൽ നിന്ന് കടലാസ് ചീട്ട് കാണിക്കുന്നുണ്ട്. അതിനും കുറച്ചു താഴെ മറ്റൊരു വലിയ ഷട്ടർ ഗ്രില്ല് തുറന്നു കിടന്നു. അവിടെ തിരക്കില്ലായിരുന്നു. ഞാൻ അങ്ങോട്ട് നടന്നു.

അതായിരുന്നു ഗഫൂറ് പറഞ്ഞു തന്ന ആ വലിയ ഹാൾ. അവിടെ കാവൽക്കാരനില്ല, ധൈര്യമായി അതിനകത്തേക്ക് കടന്നു. വിശാലമായ ഒരു ഹാളായിരുന്നു അത്. മൊസൈക്കിട്ട ആ ഹാളിൽ പത്രങ്ങൾ നിരന്നുകിടന്നു. പലരും ആ പത്രങ്ങളിൽ കിടന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. ആ കാഴ്ച കണ്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. അവിടുന്ന് പുറത്തിറങ്ങുമ്പോൾ എന്റെ മുമ്പിലെ കാഴ്ചകൾക്ക് കണ്ണീരിന്റെ മറ ഉണ്ടായിരുന്നില്ല.

വിശേഷ ദിവസങ്ങളിൽ മാത്രം ഉമ്മ പൊരിക്കുന്ന പപ്പടം എന്ന അത്ഭുതവസ്തു എന്റെ അനിയത്തിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമായിരുന്നു. അത് രണ്ടെണ്ണം കിട്ടാൻ, അവൾ അവളുടേതായ ഭാഷയിൽ ഉമ്മാനോട് കെഞ്ചുമായിരുന്നു

മുമ്പിലെ റോഡ് മുറിച്ചുകടന്ന് ഞാൻ കഞ്ഞിപ്പിടികകളിലേക്ക് നടന്നു. തിരക്കില്ലാത്ത കടകൾ താഴെയായിരുന്നു. അവിടെയിരുന്ന് ആളുകൾ കഞ്ഞി കുടിച്ചു. ഒട്ടും തിരക്കില്ലാത്ത, വിളിച്ചു പറച്ചിലുകാരൻ ഇല്ലാത്ത ഒരു കടയുടെ ഉള്ളിലെ നീണ്ട ഇരുമ്പുബെഞ്ചിൽ ചെന്നിരുന്നു. എനിക്കുമുമ്പിൽ ആവി പാറുന്ന കഞ്ഞിപ്പാത്രം കൊണ്ടുവെച്ചത് എന്റെ തന്നെ പ്രായമുള്ള കുട്ടിയായിരുന്നു. കഞ്ഞിക്കുപുറമേ ചെറിയ ഒരു സ്റ്റീൽ പാത്രത്തിൽ അച്ചാറും പപ്പടവും കൊണ്ടുവെച്ചു.

സ്‌പെഷ്യൽ എന്തെങ്കിലും വേണോ എന്നവൻ ചോദിച്ചത് എനിക്ക് മനസ്സിലായില്ല. ബീഫ് ഫ്രൈയോ പൊരിച്ച മീനോ ആണ് അവൻ ഉദ്ദേശിച്ചത്. അത് മനസ്സിലാക്കാതെ ഞാൻ തല താഴ്ത്തിയിരുന്ന് കഞ്ഞി കുടിച്ചു. ചൂടുള്ള കഞ്ഞിക്ക് തൊട്ടുകൂട്ടാൻ എരിവുള്ള അച്ചാറ് കൂടിയായപ്പോ, ഞാനെന്ന കുട്ടി മറ്റെല്ലാം മറന്നു. പെട്ടെന്ന് സങ്കടപ്പെടാനും പെട്ടെന്ന് സന്തോഷിക്കാനും കഴിയുന്ന പ്രായമായിരുന്നു അത്. മട്ട അരിയുടെ കഞ്ഞിയായിരുന്നു. അച്ചാറിനു മുകളിൽ കുമിളകളുമായി കിടന്ന പപ്പടമെടുത്ത് നാവിൽ വച്ചതും ഞാൻ അനിയത്തിയെ ഓർത്തു.

വിശേഷ ദിവസങ്ങളിൽ മാത്രം ഉമ്മ പൊരിക്കുന്ന പപ്പടം എന്ന അത്ഭുതവസ്തു എന്റെ അനിയത്തിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമായിരുന്നു. അത് രണ്ടെണ്ണം കിട്ടാൻ, അവൾ അവളുടേതായ ഭാഷയിൽ ഉമ്മാനോട് കെഞ്ചുമായിരുന്നു. പക്ഷേ പത്ത് മക്കൾക്ക് ഒരമ്മ എണ്ണിച്ചുട്ട പപ്പടങ്ങളായിരുന്നു അത്. അവൾ എത്ര കെഞ്ചിയാലും, ഉമ്മ ഒന്നിൽ കൂടുതൽ അവൾക്ക് കൊടുക്കില്ല. കൊടുക്കാൻ ഉമ്മാന്റെ കലവറയിൽ ഇല്ലായിരുന്നു. കിട്ടാതാവുമ്പോ, അവൾ ഞങ്ങളെ ഓരോരുത്തരെയും മാറി മാറി നോക്കും. ഏട്ടൻമാർ ആദ്യം തന്നെ പപ്പടം തിന്നിട്ടുണ്ടാവും. ആസ്വദിച്ച് കഴിക്കാനായി ഞാനും അനിയനും പപ്പടം മാറ്റിവെക്കും.
അതിലാണ് അവളുടെ കൊതി നോട്ടം വന്നുവീഴുക. അനിയൻ തന്റെ പപ്പടത്തിൽ നിന്ന് ഒരു കണ്ടം കൊതി കൂടാതിരിക്കാൻ അവൾക്ക് കൊടുക്കും. അത് തിന്നു കഴിഞ്ഞ് അവളുടെ പപ്പടം മാറ്റിപ്പിടിച്ച് അവളെന്റെ പപ്പടത്തിലേക്ക് നോക്കും. ആ നോട്ടത്തിന് അവളുടെ ജീവിതത്തിന്റെ ദൈന്യതയത്രയും ഉണ്ടായിരുന്നു. ആ നോട്ടത്തിൽ ഞാൻ പോലുമറിയാതെ എന്റെ കൈ ആ പപ്പടത്തെ അവൾക്ക് കൊടുക്കും. അത് കിട്ടിക്കഴിയുമ്പോൾ അവളെന്നെ നോക്കി ചിരിക്കും. മുൻ വരിയുടെ മുകൾഭാഗത്ത് അവൾക്ക് തെറിച്ചുനിൽക്കുന്ന ഒരു പല്ലുണ്ട്. അത് കാട്ടിയുള്ള ആ ചിരിയിൽ ഞാൻ പപ്പടത്തെ മറക്കും.

ഇപ്പോൾ എന്റെ മുമ്പിൽ ആ പപ്പടം ഉണ്ട്. അത് നീട്ടാൻ അവൾ ഇവിടെയില്ല. അവളുടെ കൈ നീണ്ട് എത്താത്ത ആ ദൂരത്തിലിരുന്ന് ഞാനവളെ ഓർത്തു. തേറ്റപ്പല്ല് കാട്ടി പപ്പടം വാങ്ങാൻ അനിയത്തിയില്ലാത്ത ആ കഞ്ഞിക്കുമുമ്പിലിരുന്ന് ഞാൻ കരഞ്ഞു. ഞാനവളെ കണ്ടു. അവളുടെ ഭാഷ കേട്ടു. അവൾ പൂച്ചകൾക്കിട്ടു കൊടുത്ത കൺമഷിയെ കണ്ടു. അവളുടേത് മാത്രമായ ആ അടുക്കള കണ്ടു. അവിടെ തനിച്ചിരുന്ന് ഇലകൾ മുറിച്ച് കൂട്ടാനുണ്ടാക്കുന്ന, മണ്ണ് കുഴച്ച് ചോറുണ്ടാക്കുന്ന അവളെ കെട്ടിപ്പിടിച്ച് കരയാൻ എനിക്കപ്പോൾ കഴിയുമായിരുന്നു. ആ കഞ്ഞിക്കടയുടെ ഇരുമ്പുമേശയിൽ തല താഴ്ത്തിയിരുന്ന് ഞാൻ കരഞ്ഞു. അവൾ വീണ്ടും വീണ്ടും ആ തേറ്റപ്പല്ല് കാട്ടി ചിരിച്ചു. ഞാൻ ഓടിപ്പോന്നത് ഏട്ടന്റെ അടികളിൽ നിന്ന് മാത്രമല്ല , എന്റെ തന്നെ രക്തം പങ്കിടുന്ന അനിയത്തിയിൽ നിന്ന് കൂടിയാണ്.
എനിക്കവളെ കാണണം ...
എനിക്കവളെ കാണണം...
എന്റെ കൈ കഞ്ഞിപ്പാത്രം തട്ടി മറിച്ചു, അച്ചാറുപാത്രം തട്ടിമറിച്ചു.

എന്റെ നേർക്ക് അവളുടെ കൈ നീണ്ടുവന്നു, ആ കൈകളിലേക്ക് പപ്പടം വെച്ചു കൊടുക്കാൻ നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു. കഞ്ഞി വിളമ്പിത്തന്ന കുട്ടിയും, ആ കടയുടെ ഉടമയും വേറെയും ചിലർ എന്നോട് എന്തൊക്കെയോ ചോദിച്ചു. എന്റെ മുടിയിൽ ആരുടെയോ വിരൽ തൊട്ടു. മോനെന്തിനാ കരയണത് എന്ന ആ ചോദ്യത്തിൽ സ്വയം തകർന്നുചിതറി ഞാനാ കയ്യിൽ പിടിച്ചു, മുറുക്കിപ്പിടിച്ചു. ആ മനുഷ്യൻ എന്നെ ആശ്വസിപ്പിച്ച്​ ഒപ്പമിരുന്നു.

‘മോന്റെ ആരാ ഇവിടെയുള്ളത്? ' അയാൾ എന്റെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു. എന്റെ മുഖം അപ്പോഴും എച്ചിൽമണമുള്ള ആ ഇരുമ്പുമേശയിൽ തന്നെ അമർന്നിരുന്നു. കണ്ണുകൾ നീറി, നെഞ്ച് നീറി, വയറിൽ എന്തൊക്കെയോ ഇളകി മറിഞ്ഞു. എനിക്കുമുമ്പിലെ അന്തരീക്ഷമാകെ ഇരുണ്ടു. ആ ഇരുട്ടിൽ ഉമ്മാനെ ചേർന്നിരുന്ന് കൈയാഗ്യം കാണിച്ച്, എന്നെ തിരക്കുന്ന അനിയത്തിയെ ഞാൻ കണ്ടു. അവൾ പൂച്ചകൾക്ക് പുരട്ടിക്കൊടുത്ത കൺമഷി കലങ്ങുന്നത് കണ്ടു. അവളുടെ അടുക്കളയിലെ ഇലക്കൂട്ടാനും കൂട്ടി മണ്ണിന്റെ ചോറു തിന്ന അനേകം കളിപ്പകലുകൾ എന്റെ അന്തരീക്ഷത്തിൽ അതിന്റെ എല്ലാ മണങ്ങളുമായി തെളിഞ്ഞു നിന്നു.

എന്നെ പിടിച്ചുകുലുക്കുന്ന ആ മനുഷ്യനെ കെട്ടിപ്പിടിച്ച് ഞാൻ ഉറക്കെയുറക്കെ കരഞ്ഞു. തലോടലിനും ആശ്വാസവാക്കുകൾക്കും എന്റെ കരച്ചിൽ തടയാനായില്ല. എനിക്ക് വീട്ടിൽ പോകണമായിരുന്നു. ഉമ്മയേയും അനിയത്തിയേയും കാണണമായിരുന്നു. എന്റെ കണ്ണീരും മൂക്കളയും ആ മനുഷ്യന്റെ, കാലം എനിക്കായി അവിടെയെത്തിച്ച സ്‌നേഹത്തിന്റെ ആ കുപ്പായനിറത്തിൽ വീണ് നനഞ്ഞു.

‘മോന്റെ ആരാ ഇവ്‌ടെ കെടക്ക്ണത്?'
‘ന്റെ അനിയത്തി ', ഞാൻ അറിയാതെ പറഞ്ഞുപോയി.
‘എന്താ അവൾക്ക് സൂക്കേട്?'
‘ഓൾക്ക് മുണ്ടാൻ പറ്റൂല, ചെവിം കേക്കൂല, ഇന്ക്ക് ഓളെ കാണണം '
‘ഏത് വാർഡിലാ?'

അതിനുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. എന്താണ് ഞാൻ കാട്ടിക്കൂട്ടിയതെന്ന അമ്പരപ്പിൽ സ്വിച്ചിട്ട പോലെ എന്റെ കരച്ചിൽ നിന്നു. ഇനിയും അവിടെയിരുന്നാൽ എന്റെ കള്ളത്തരങ്ങളൊക്കെ പൊളിയുമെന്ന ഉൾഭയത്തിൽ ഞാൻ വേഗം എഴുന്നേറ്റു. ആ മനുഷ്യൻ എന്നെ മിഴിച്ചുനോക്കി. എനിക്ക് വഴിമാറിത്തരുമ്പോൾ അയാൾ പറഞ്ഞു, ‘മോന്റെ അനിയത്തിക്ക് സൂക്കേടൊക്കെ മാറും ട്ടോ ... ഇനി കരയരുത് '

ഞാനയാളെ നോക്കി. അയാളായിരുന്നു ആ കടയുടെ ഉടമ. കഞ്ഞിക്ക് പണം നീട്ടിയപ്പോൾ അയാളത് വാങ്ങിയില്ല. എന്നെ കടയിൽ നിന്ന് പുറത്തേക്ക് കൊണ്ടു വന്ന്, റോഡ് മുറിച്ചു കടക്കുമ്പോൾ, നല്ലോണം ശ്രദ്ധിക്കണമെന്നുപറഞ്ഞ് അയാൾ തിരിച്ചുപോയി. ഞാൻ മുകളിലേക്ക് നടന്നു. അവിടെ പുസ്തകങ്ങൾ തൂങ്ങിക്കിടക്കുന്ന സ്റ്റാളുകൾ കണ്ടിരുന്നു. ബാലരമയും ബാലമംഗളവുമൊക്കെ അന്നെനിക്ക്​ തപ്പിത്തടയാതെ വായിക്കാൻ കഴിയുമായിരുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിൽ സംസാരിക്കുന്ന അതിലെ ലോകങ്ങളും എനിക്ക് ഇഷ്ടമായിരുന്നു.

തിയേറ്ററിലെ ഓപ്പറേറ്റർ ജോലി എന്താണെന്ന് മനസ്സിലായില്ലെങ്കിലും, അയാൾ ത്യാഗരാജനേയും മറ്റു നടീനടന്മാരെയുമൊക്കെ നേരിൽ കാണുന്നുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു. തികഞ്ഞ ആരാധനയോടെ ഞാൻ അയാളെ നോക്കി.

ആ സ്റ്റാളുകളിൽ ചന്ദനത്തിരികൾ എരിഞ്ഞു. അതിന്റെ മണമാണ് ഇന്നും ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ അനുഭവിക്കാറ്. പലതരം ചന്ദനത്തിരികളുടെ മണമുള്ള ആ അന്തരീക്ഷത്തിൽ തൂങ്ങിക്കിടന്ന പുസ്തകങ്ങളിലൊന്നും ബാലരമയോ ബാലമംഗളമോ ഉണ്ടായിരുന്നില്ല. കുറേ തിരഞ്ഞു നടന്നിട്ടും കിട്ടാതായപ്പോ, ഞാൻ അവിടുത്തെ ഒരു സ്റ്റാളിൽ നിന്ന് , സഖി എന്ന വാരിക വാങ്ങി. അതിന്റെ മുഖചിത്രം ഏതോ ഒരു സ്ത്രീയുടെതായിരുന്നു. കറുപ്പിലും വെളുപ്പിലും അവരാ കടലാസിൽ വശ്യമായി ചിരിച്ചുനിന്നു.

അതിൽ തുടർക്കഥകളുണ്ടായിരുന്നു. ഞാൻ പണം കൊടുത്ത് വായിക്കാൻ വാങ്ങിയ ആദ്യത്തെ വാക്കുകൾ അതായിരുന്നു. അതും മറിച്ചുനോക്കി ഗെയിറ്റും കടന്ന് ഞാനാ രണ്ടാമത്തെ ഹാളിലേക്ക് കയറി .ആ ഹാൾ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ആദ്യം ഞാൻ കണ്ട പേപ്പറുകളൊക്കെ പലരും മുൻകൂട്ടി ബുക്ക് ചെയ്തു വെച്ച കിടപ്പിടങ്ങളായിരുന്നു. ആരൊക്കെയോ അവിടെയിരുന്ന് പുകവലിച്ചു. ആരൊക്കെയോ പരസ്പരം സങ്കടങ്ങൾ പറഞ്ഞു. ആരൊക്കെയോ ചീട്ടു കളിച്ചു. ആ ബഹളങ്ങൾക്കിടയിലും ആരൊക്കെയോ അവിടെ കിടന്ന് കൂർക്കം വലിച്ചുറങ്ങി.

ആരുടെയും ദേഹത്ത് ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ച് , ഞാനാ ഹാളിന്റെ തെക്കേ മൂലയിൽ ഇത്തിരി ഒഴിവു കണ്ട ഇടത്തേക്ക് നടന്നു. എല്ലാവരും പേപ്പർ വിരിച്ച് അതിലാണ് കിടക്കുന്നത്. കുറച്ചുപേർ ഉടുതുണി അഴിച്ചുവിരിച്ച് അതിൽ കിടന്നു. അത് കണ്ടപ്പഴാണ് എന്റെ തുണിയും കുപ്പായവും പൊതിഞ്ഞ കടലാസ് പൊതി ഓർത്തത്. ആ പുള്ളിത്തുണിയും കുപ്പായവും ഇങ്ങോട്ടുള്ള യാത്രയിൽ ബസിൽ മറന്നുപോയിരുന്നു. അതായിരുന്നു എന്നെ വീടുമായി ബന്ധിപ്പിച്ച ഒടുക്കത്തെ ഭൗതിക ഘടകം.

ഞാൻ ചെന്നുനിന്ന ഇടത്ത്, കാണാൻ ഭംഗിയുള്ള, വൃത്തിയായി വേഷം ധരിച്ച ഒരു മനുഷ്യൻ, തന്റെ പാന്റിനും ഷർട്ടിനും ചുളിവു വരാതിരിക്കാൻ ശ്രദ്ധിച്ച് അവിടെ കിടക്കുന്നുണ്ടായിരുന്നു. അയാളും പേപ്പർ വിരിച്ച് അതിന്മേലാണ് കിടന്നത്. എന്നെ കണ്ടതും അയാൾ ചിരിച്ചു. പകരം ചിരിക്കാൻ മറന്ന് ഞാനാ ഇത്തിരി ഇടത്തിലിരുന്ന് കാലുകൾ നീട്ടിവെച്ചു . എനിക്കു മുമ്പിൽ ആ വലിയ ഹാൾ നിറയെ മനുഷ്യർ കിടന്നു. ചരിഞ്ഞും മലർന്നും ചുരുണ്ടുകൂടിയും കിടക്കുന്ന അനേകം മനുഷ്യർ. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ, ചീട്ടുകളി സംഘം ഊതിവിട്ട പുക വിചിത്രരൂപങ്ങൾ തീർത്ത് അവിടെയാകെ ഒഴുകി നടന്നു. അയാൾ എന്റെയടുത്തു നിന്ന് ആ വാരിക വാങ്ങി മറിച്ചു നോക്കി. പിന്നെ എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു; ‘സഖിയും ജനനി’യുമൊന്നും അത്ര പോരാ... മനോരമ വായിക്കണം ഇല്ലെങ്കി മംഗളം, രണ്ടിലും നല്ല നല്ല നോവലുകണ്ടുണ്ട് '

ഞാൻ കാണുന്ന ആദ്യത്തെ വായനക്കാരനായിരുന്നു അത്. പഠിപ്പുള്ള ആളാവും. വസ്ത്രങ്ങളിൽ ഒറ്റ ചുളിവുമില്ല. മുടി രണ്ടായി പകുത്ത് ഭംഗിയിൽ വാർന്നുവെച്ചിട്ടുണ്ട്. അയാളെന്നോട് പേരും നാടുമൊക്കെ ചോദിച്ചു. ഇവിടെ ആരാണ് അഡ്മിറ്റായി കിടക്കുന്നത് എന്ന ചോദ്യത്തിന് കുറച്ചുമുമ്പ് പറഞ്ഞ അതേ കള്ളം ആവർത്തിച്ചു. അയാളുടെ അമ്മ ഇവിടെ ഒന്നര മാസമായി കിടക്കുകയാണെന്നും, വല്യ ഒരു ഓപ്പറേഷൻ കഴിഞ്ഞതാണെന്നും, വീട് നാദാപുരത്താണെന്നും, അവിടെ ഒരു തിയേറ്ററിലെ ഓപ്പറേറ്റർ ആണെന്നുമൊക്കെ അയാൾ പറഞ്ഞുതന്നു.

തിയേറ്ററിലെ ഓപ്പറേറ്റർ ജോലി എന്താണെന്ന് മനസ്സിലായില്ലെങ്കിലും, അയാൾ ത്യാഗരാജനേയും മറ്റു നടീനടന്മാരെയുമൊക്കെ നേരിൽ കാണുന്നുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു. തികഞ്ഞ ആരാധനയോടെ ഞാൻ അയാളെ നോക്കി. അയാൾ തന്റെ രണ്ട് അട്ടി പേപ്പറിൽ നിന്ന് ഒരു അട്ടിയെടുത്ത് എനിക്കുതന്നു. അത് വിരിക്കാൻ എന്നെ സഹായിച്ചു. അനിയത്തി ഏത് വാർഡിലാണ് കിടക്കുന്നതെന്ന് അയാൾ ചോദിച്ചാൽ മുപ്പത്തിയാറാം വാർഡിലാണെന്ന് കള്ളം പറയാൻ ഞാൻ ഒരുങ്ങി കഴിഞ്ഞിരുന്നു. ആ നമ്പറിൽ ഒരു വാർഡ് അവിടെ ഉണ്ടോ എന്ന സന്ദേഹമൊന്നും എനിക്കപ്പോൾ ഉണ്ടായില്ല.

കാലങ്ങൾക്കുശേഷം, ഉന്മാദത്തിന്റെ രണ്ടാം കാലത്തിൽ, ആ മുപ്പത്തിയാറാം വാർഡിലേക്ക്, പുകയുന്ന തലച്ചോറും ഭയങ്ങളുടെ അഗ്‌നികുണ്ഡങ്ങളും ചുമന്ന് ഞാൻ ചെന്നെത്തുക തന്നെ ചെയ്തു. അവിടെയും ഷട്ടർ ഗ്രില്ല് ഉണ്ടായിരുന്നു. അതിന് കാവൽക്കാരനും ഉണ്ടായിരുന്നു. പകുതിയിലേറെ അടഞ്ഞ ആ ഗ്രില്ലിനു മുമ്പിൽ നിൽക്കുമ്പോൾ, അതിനു മുകളിലെ മുപ്പത്തിയാറ് എന്ന നമ്പർ വായിക്കുമ്പോൾ, ഞാൻ ഈ മനുഷ്യനെ ഓർത്തു. ജീവിതത്തിൽ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത അയാൾ എനിക്ക് പകർന്നുതന്ന നഗരപാഠങ്ങളിൽ ഒന്നാമത്തേതിനെയും ഓർത്തു.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments