ചിത്രീകരണം: ജാസില ലുലു

കടപ്പുറത്തെ ആണുങ്ങൾ സ്വന്തമാക്കിയിരുന്ന
​വെള്ളിയാഴ്​ച തിയേറ്ററുകൾ

കടപ്പുറത്തുള്ളവർ എങ്ങനെയാണ് പുതിയ ഇസ്‌ലാം ആവുന്നതെന്ന് ഇന്നും മനസ്സിലായിട്ടില്ല. തീരപ്രദേശങ്ങളിൽ നിന്നുള്ളവരാകാം പിൽക്കാലത്ത് മതം സ്വീകരിച്ചവർ എന്നുകരുതണം. ‘പുതിയ ഇസ്‌ലാം’ എന്ന വിശേഷണം ഒരു അന്യവത്കരണത്തിന്റെ സൂചന കൂടി വഹിക്കുന്നുണ്ട്.

കുന്നുമ്മൽ പാടം എന്ന തറവാട്ടുവീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് ഞങ്ങളുടെ ഏക വിനോദോപാധി സിനിമ കാണലായിരുന്നു. വീട്ടിൽ നിന്ന് അനുവാദം കിട്ടാൻ പ്രയാസമായിരുന്നെങ്കിലും ഏതെങ്കിലും അമ്മാവൻമാരുടെയോ വിരുന്നുവരുന്ന എളാമയുടെ കൂടെയോ അതെപ്പോഴും സാധ്യമായിരുന്നു. പുതിയ പുതിയ സിനിമാ പോസ്റ്ററുകൾ കാണുമ്പോൾ ഞങ്ങൾ കാത്തിരിക്കും, ഈ ആഴ്ച എളാമ വരണേ എന്ന് പ്രാർഥിച്ച്. അല്ലെങ്കിൽ ഞങ്ങളെ കൊണ്ടുപോവാൻ സാധ്യതയുള്ള വിരുന്നുകാരുടെ വരവിനായി. ഞങ്ങൾക്ക് കിട്ടിയിരുന്ന ചെറിയ പോക്കറ്റ് മണി ഉപയോഗിച്ച് സിനിമക്കുപോകാൻ ചിലപ്പോൾ അനുവാദം കിട്ടാറുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ കുട്ടികൾ കുറച്ചധികം പേരുണ്ടാവും. എല്ലാവരും കൂടി ഏറ്റവും മുന്നിലുള്ള തേഡ് ക്ലാസ് ടിക്കറ്റാണെടുക്കുക. ചിലപ്പോൾ നിരത്തിയിട്ട ബെഞ്ച് പോലുള്ള പ്രതലത്തിലിരുന്നും സിനിമ കണ്ട ഓർമയുണ്ട്.

അക്കാലത്തും വെള്ളിയാഴ്ചകളിൽ പുതിയ സിനിമകളിറങ്ങുമെങ്കിലും വെള്ളിയാഴ്ചകളിൽ തിയേറ്ററിൽ പോകാൻ വീട്ടിൽ നിന്ന് അനുവാദമുണ്ടായിരുന്നില്ല. അതിനുള്ള കാരണം ഒരിക്കലും മതപരമായിരുന്നില്ല. വെള്ളിയാഴ്ച കടപ്പുറത്തുള്ള ആണുങ്ങൾക്കുവേണ്ടിയുള്ളതാണ് തിയേറ്ററുകൾ എന്ന് അവരും ഞങ്ങളും വിശ്വസിച്ചിരുന്നു. അവർ തിയേറ്ററിൽ ഉച്ചത്തിൽ സംസാരിക്കുകയും കൂക്കിവിളിക്കുകയും പലപ്പോഴും മുറുക്കിത്തുപ്പിയും മറ്റും വൃത്തികേടാക്കുകയും ചെയ്യും. അവരോട് തർക്കിക്കാൻ തിയേറ്ററുകാർക്കും പേടിയായിരുന്നു. തുഴ പിടിച്ച് തഴമ്പിച്ച അവരുടെ അടി നല്ല വേദനയുണ്ടാക്കുന്നതുമായിരുന്നു. ആദ്യമായി ഞാൻ കണ്ട സംഘശക്തി/സംഘബോധം അവരുടേതായിരുന്നു. അവരിൽ ആരെങ്കിലുമായി വഴക്കിട്ടാലോ അടിയുണ്ടാക്കിയാലോ അവർ സംഘമായെത്തും. ഇത്രയും ഒരുമിച്ചുനിൽക്കുന്ന സംഘബോധമുള്ള ഒരു കമ്യൂണിറ്റിയെ ഇപ്പോഴും വേറെ കാണാനാവില്ലെന്ന് ഞാൻ കരുതുന്നു. കടലിനോടടുത്ത് താമസിക്കുകയും കടലിൽ പോവുന്ന തൊഴിലെടുക്കുകയും ചെയ്യുമ്പോൾ അവർക്ക് ജീവിതത്തിൽ ഒന്നിനും സുരക്ഷിതത്വമില്ല. ഏതുനിമിഷവും കടൽ കയറി തകർന്നുപോകാവുന്ന വീടുകൾ. വഞ്ചിയിലും ചെറിയ ബോട്ടുകളിലുമായി ആഴക്കടലിൽ മീൻ പിടിക്കാൻ പോകുന്ന അവരുടെ തൊഴിലും വലിയ അപകടം നിറഞ്ഞതാണ്. ഇതിനെ നേരിട്ട്​ജീവിക്കുന്നതുകൊണ്ടാവാം എല്ലാ കാര്യങ്ങളിലും ഇവരൊരുമിച്ച് നിൽക്കുന്നത്.

വീട്ടിൽ സ്ഥിരസന്ദർശകരായ കടപ്പുറത്തുനിന്നുള്ള സ്ത്രീകളുണ്ടായിരുന്നു. അവരും പെട്ടെന്ന് പിണങ്ങുകയും വേഗം വഴക്കടിക്കുകയും ചെയ്തിരുന്നു. ആരോടും എതിർത്തുനിൽക്കാനുള്ള തന്റേടവും അവർക്കുണ്ടായിരുന്നു.

വെള്ളിയാഴ്ച അവധി ദിവസമായതിനാൽ അവർ അങ്ങാടിയിലെത്തും. നല്ല ഭക്ഷണം കഴിക്കും. സിനിമ കാണും. അന്നത്തെ ദിവസം ഹോട്ടലുകാർക്കും നല്ല കോളാണ്. സ്ത്രീകൾ അപൂർവമായേ തിയേറ്ററുകളിലെത്തൂ. വീട്ടിൽ സ്ഥിരസന്ദർശകരായ കടപ്പുറത്തുനിന്നുള്ള സ്ത്രീകളുണ്ടായിരുന്നു. അവരും പെട്ടെന്ന് പിണങ്ങുകയും വേഗം വഴക്കടിക്കുകയും ചെയ്തിരുന്നു. ആരോടും എതിർത്തുനിൽക്കാനുള്ള തന്റേടവും അവർക്കുണ്ടായിരുന്നു. അവരുടെ ഭാഷയിൽ ബഹുമാന സൂചകങ്ങളായ പദങ്ങൾ അധികം ഉണ്ടായിരുന്നില്ല എന്നതായിരുന്നു അക്കാലത്ത് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു പ്രത്യേകത, അവരുടെ മാതാപിതാക്കളെയും നീ എന്നോ അവൻ എന്നോ ഒക്കെ സംബോധന ചെയ്യുന്നതാണ്​. ഈ ഭാഷയിൽ മറ്റുള്ളവരോട് സംസാരിക്കുന്നതുകൊണ്ടാവാം കടപ്പുറത്തുനിന്നുള്ളവരുടെ സാധാരണ മട്ടിലുള്ള സംസാരം പോലും മറ്റുള്ളവർക്ക് പ്രകോപനപരമായത്. അതുകൊണ്ടുതന്നെ കടപ്പുറക്കാർ എന്നാൽ വഴക്കാളികളായും തല്ലുണ്ടാക്കുന്നവരായും മറ്റുള്ളവർ കരുതിപ്പോന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ അത് കൊടുക്കാൻ വൈകിയാൽ പോലും അവർ ചോദ്യം ചെയ്യും. അവരുടെ സംബോധന "എന്താടാ ചോദിച്ചത് കേട്ടില്ലേ' എന്നാകുമ്പോൾ എത്ര തന്നെ നിയന്ത്രണത്തോടെ പറഞ്ഞാലും കേൾക്കുന്നവർക്ക് അത് വഴക്കായി തോന്നും. അതിനാൽ അവരും അങ്ങാടിക്കാരും തമ്മിലുള്ള വഴക്ക് സാധാരണമായിരുന്നു. പലപ്പോഴും ഇവരോട് വഴക്കിലേയ്ക്ക് നീങ്ങാതിരിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

അവർ വഴക്കടിക്കുന്നതുപോലെ തന്നെ സ്‌നേഹിക്കാനും മുമ്പിലായിരുന്നു. പ്രിയപ്പെട്ടവർക്കുവേണ്ടി എന്ത് ത്യാഗം സഹിക്കാനും അവർ തയ്യാറായിരുന്നു. പുതിയ മീൻ അല്ലെങ്കിൽ വിശേഷപ്പെട്ട മീനുകൾ കിട്ടിയാൽ ഉടൻ അവർ കൂട്ടുകാർക്ക് എത്തിക്കും. അവർക്കുവേണ്ടി എന്ത് ജോലിചെയ്യാനും ഇവർ തയ്യാറാകും. കടപ്പുറത്ത് എപ്പോഴെത്തിയാലും ഒരു കടൽയാത്ര ഉറപ്പ്. വിറകും തേങ്ങയും ശേഖരിക്കാനാണ് സ്ത്രീകൾ അധികവും വീട്ടിലെത്തുന്നത്. അതിന് അധികവും മീനായിരിക്കും കൂലി. വല്ലിമ്മ ഇത് ചെറിയ സ്വകാര്യ സമ്പാദ്യശേഖരണത്തിനുവേണ്ടി വിൽക്കുന്നതായതിനാൽ എപ്പോഴും പണത്തിനുതന്നെ മുൻതൂക്കം കൊടുക്കും. ആസറുന്ത എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഇവരും വല്ലിമ്മയും തമ്മിലുള്ള കച്ചവടം തന്നെ രസകരമായ കാഴ്ചയായിരുന്നു. പിന്നൊരാൾ മറിയക്കുട്ടി ആയിരുന്നു. ഉറക്കെ,​ ഞങ്ങളെയെല്ലാം ശാസിക്കുന്ന തരത്തിൽ സംസാരിക്കുന്നവരായിരുന്നു മറിയക്കുട്ടി താത്ത. അവർ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. കടപ്പുറത്തുള്ള മയമാക്കയാണ് ഞങ്ങളുടെ വീടുമായി ബന്ധമുള്ള മറ്റൊരാൾ. അദ്ദേഹത്തിന് വഞ്ചിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നോട്ടത്തിൽ പോലും ഞങ്ങളോടുള്ള സ്‌നേഹം പെട്ടെന്ന് തിരിച്ചറിയാനായിരുന്നു.

പുസ്ലാൻ എന്നാണ് കടപ്പുറം ഭാഗത്തുനിന്നുള്ള വ്യക്തികളെ പുറത്തുള്ളവർ വിളിച്ചിരുന്നത്. സ്ത്രീകൾ പുസ്ലലാത്തികളും. ഇതവരെ അപഹസിക്കുന്ന രൂപത്തിലാണ് ഉപയോഗിച്ചിരുന്നത്. വളരെക്കാലം കഴിഞ്ഞാണ് അതിനർഥം പുതിയ ഇസ്‌ലാം എന്ന് മാത്രമാണെന്ന് മനസ്സിലായത്.

മറിയക്കുട്ടിത്താത്തയുടെ മകൾ സൂറയാണ് പിന്നീട് ഞങ്ങൾ വീടുമാറി പോയപ്പോൾ ഞങ്ങളെ വീട്ടുജോലികളിൽ സഹായിക്കാനെത്തിയിരുന്നത്. ആർക്കും വഴങ്ങാത്ത ഒരു ഭാവവും ഉറക്കെ സംസാരിക്കുന്ന ശീലവും സൂറയ്ക്കുമുണ്ടായിരുന്നു. അവരുടെ കല്യാണത്തിൽ ഞങ്ങൾ പങ്കെടുത്തിരുന്നു. അന്ന് ഞങ്ങളവിടെ വിശിഷ്ടാതിഥികളായി മറിയിരുന്നു. ഇങ്ങനെ ഞങ്ങളുമായി വളരെ അടുത്ത ബന്ധം പലരും പുലർത്തിയിരുന്നെങ്കിലും ഇവർ പൊതുവെ വഴക്കാളികളായാണ് കണക്കാക്കപ്പെട്ടത്.

ഒരിക്കൽ കടപ്പുറത്ത് പോയപ്പോൾ, അവി​ടത്തെ കുട്ടികളിൽ ചിലർ ചുറ്റും കൂടി. വളരെ പെട്ടെന്ന് അത് വലിയ സംഘമായി ഞങ്ങൾക്കുചുറ്റും കൈകോർത്ത് വളഞ്ഞുനിന്നു. കുറച്ച് പേടിച്ചുപോയെങ്കിലും അവർ ചുറ്റും നിന്ന്‌ പാടാൻ തുടങ്ങി. ‘‘ഐനാ കൂയ്‌നാ ഞാന് ഇങ്ങളെ എന്താക്കി ഞാനിങ്ങളെ ഒന്നും കാട്ടീട്ടില്ലല്ലോ’’

വട്ടമിട്ട് ഈ പാട്ടുപാടി അവർ പിരിഞ്ഞുപോവുകയും ചെയ്തു. ഇപ്പോൾ, ആലോചിക്കുമ്പോൾ അവർക്ക് ഞങ്ങളോട് പറയാനുള്ള കാര്യം തന്നെയാണവർ പാട്ടാക്കിയത്. അവരോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തിനോടുള്ള ശക്തമായ വിമർശനം കൂടിയായിരുന്നു അത്. എന്തായാലും ആ ഈണം/ വരികൾ ഒരിക്കലും എന്നെ വിട്ടൊഴിഞ്ഞില്ല.

പുസ്ലാൻ എന്നാണ് കടപ്പുറം ഭാഗത്തുനിന്നുള്ള വ്യക്തികളെ പുറത്തുള്ളവർ വിളിച്ചിരുന്നത്. സ്ത്രീകൾ പുസ്ലലാത്തികളും ആയിരുന്നു അവർക്ക്. ഇതവരെ അപഹസിക്കുന്ന രൂപത്തിലാണ് ഉപയോഗിച്ചിരുന്നത്. വളരെക്കാലം കഴിഞ്ഞാണ് അതിനർഥം പുതിയ ഇസ്‌ലാം എന്ന് മാത്രമാണെന്ന് മനസ്സിലായത്. പുതിയ ഇസ്‌ലാം എന്നതിനെ അപഹസിക്കുന്ന രീതി പൊതുവെ ഉണ്ടായിരുന്നെങ്കിലും അവരെ അതിഥികളെപ്പോലെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നവോത്ഥാന ഘട്ടത്തിലെത്തിയ മുസ്‌ലിം പരിഷ്‌കർത്താക്കൾ ഉദ്‌ബോധിപ്പിച്ചിരുന്നു. ഹലീമാ ബീവിയെപ്പോലുള്ള പരിഷ്‌കർത്താക്കളും അവരെ പൊതുസമൂഹം പരിഗണിക്കുന്ന രീതിയെ വിമർശിക്കുന്നുണ്ട്. പക്ഷെ കടപ്പുറത്തുള്ളവർ എങ്ങനെയാണ് പുതിയ ഇസ്‌ലാം ആവുന്നതെന്ന് ഇന്നും മനസ്സിലായിട്ടില്ല. തീരപ്രദേശങ്ങളിൽ നിന്നുള്ളവരാകാം പിൽക്കാലത്ത് മതം സ്വീകരിച്ചവർ എന്നുകരുതണം. മാധവിക്കുട്ടിയെപ്പോലുള്ളവരും പുതിയ ഇസ്‌ലാം ആയിരുന്നു. പക്ഷെ അവർക്ക് ലഭിച്ച പരിഗണന ഒരിക്കലും തീരപ്രദേശത്തുള്ളവർക്ക് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്ലാൻ/ പുസ്ലലാത്തി എന്നുള്ളതിൽ പുതിയ ഇസ്‌ലാം എന്ന പദാർഥം മാത്രമല്ല ഇപ്പോഴും പ്രവർത്തിക്കുന്നത്. ഒരു അന്യവത്കരണത്തിന്റെ സൂചന കൂടി അത് വഹിക്കുന്നുണ്ട്.

നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കലാരൂപം തന്നെയാണ് കടപ്പുറത്തുകാരെ എന്റെ ഓർമയിലേയ്ക്ക് ഇപ്പോൾ കൊണ്ടുവന്നത് എന്നതുതന്നെ സന്തോഷകരമായ കാര്യമാണ്. സിനിമ ഇങ്ങനെ പലരെയും ഒന്നിപ്പിക്കുന്ന ഇടമായി മാറുന്നു എന്നതും അതിന്റെ സ്‌ഫോടനാത്മക തലത്തെ വെളിവാക്കുന്നുണ്ട്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments