ചിത്രീകരണം : ജാസില ലുലു

പെൺപാട്ടുസംഘങ്ങൾ

കല്യാണ രീതികൾ മാറിയതോടെ പാട്ടുസംഘങ്ങൾ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി. പിന്നീടവർ എങ്ങനെ ജീവിച്ചു എന്നതിനുപോലും നമുക്കുത്തരമില്ല.

ട്ടത്തിൽ നിലത്ത് പടിഞ്ഞിരുന്ന് കൈകൊട്ടി പാടുന്നു കുറെ സ്ത്രീകൾ.
ഒരുപോലുള്ള വസ്ത്രങ്ങളൊന്നുമല്ലെങ്കിലും ഒരു ഐക്യം ഇവയിൽ കാണാൻ പറ്റും. അന്ന് ഒരു കല്യാണ വീട്ടിൽ വെച്ച് ചെറുപ്പത്തിൽ ഇവരെ ആദ്യം കണ്ടപ്പോൾ അവർ പാടിയ പാട്ടിനേക്കാളും അവർ വിരുന്നുകാരിലുണ്ടാക്കിയ ചടുലതാളത്തിലും അപ്പുറം കൗതുകമുള്ള ഒരു സംഭവം കൂടി നടന്നിരുന്നു. പാട്ടും കൊട്ടും നടക്കുന്നതിനിടക്ക് എന്റെ ഉമ്മ അവരിലെ മൂപ്പത്തിയുടെ അടുത്തേക്കുചെന്ന് അവരെ കൈകാട്ടി വിളിച്ചു. അവരെണീറ്റുവന്നു. പാട്ടിനിത് ഭംഗം വരുത്തിയതൊന്നുമില്ല. ഒരേ താളത്തിൽ വ്യത്യസ്ത അടികളിൽ കൂട്ടമായി അവർ പാട്ടു തുടർന്നിരുന്നു. ഉമ്മ അവരുടെ കൈയിലെന്തോ ചുരുട്ടി കൊടുത്തിട്ടു പറഞ്ഞു; എന്റെ പേര് വിളിക്കരുത്. അപ്പോഴാണ് ഈ പാട്ടിന്റെ രീതി ശ്രദ്ധിച്ചത്. കല്യാണത്തിനുവന്ന അതിഥികളെക്കുറിച്ചാണ് പാടുന്നത്.

പാട്ടുപാരമ്പര്യത്തോടൊപ്പം കുറെ അറിയപ്പെടാത്ത പാട്ടുകാരും കവികളുമടങ്ങുന്ന കലാകാരികളും നമുക്ക് നഷ്ടമായി.

അമ്പായത്തുങ്ങൽ വീട്ടിലെ പാത്തുട്ടി ഉമ്മയുടെ പുന്നാര മോളായ കുഞ്ഞീവി താത്താക്ക് വിവാഹ മംഗളം നേരുന്നു...
എന്നിങ്ങനെ വീട്ടുപേര് പറഞ്ഞ് ഉമ്മയുടെ പേരിനോടുചേർത്ത് വിളിക്കുന്നവർ വട്ടമിട്ടിരിക്കുന്ന പാട്ടുകാരികളുടെ മുന്നിലേക്ക് ടിപ്പുകളായി പണമിട്ടുകൊടുക്കുന്നുണ്ട്. ഇത് ഏകദേശം പാട്ടുസദസ്​ കഴിയാറായി എന്നതിന്റെ സൂചന കൂടിയായിരുന്നു. ഈ പാട്ടുകൂട്ടം ഞാൻ കണ്ടത് തിരൂരിലെ ഒരു കല്യാണ വീട്ടിൽ വെച്ചാണ്. മലപ്പുറത്തുതന്നെ പല പ്രദേശങ്ങളിൽ ഈ പാട്ടുസഭകൾ പലതരത്തിൽ അവതരിപ്പിക്കപ്പെടാറുണ്ട്. പ്രദേശത്തിന്റെ മാത്രമല്ല കല്യാണവീടിന്റെ സ്വഭാവത്തിനനുസരിച്ചും പാട്ടവതരണങ്ങളിൽ വ്യത്യാസങ്ങളുണ്ടാവാം. രാത്രി മുഴുവൻ അരങ്ങേറുന്ന കല്യാണാഘോഷങ്ങളിലും ചെറുപ്പത്തിൽ പങ്കെടുത്തത് ഓർമയുണ്ട്. അന്ന് അധികം ദൂരമുള്ള വീടുകളിലായിരുന്നില്ല കല്യാണം. അയൽപക്കക്കാരികളായ ചെറുപ്പക്കാരുടെ പാവാടതുമ്പിൽ പിടിച്ചാണ് അന്ന് കല്യാണത്തിന് കൂടിയത്. രാത്രി പാനീസ് വിളക്കിന്റെ വെളിച്ചത്തിൽ പാട്ടുംപാടി കയ്യുംകൊട്ടിയുള്ള നടത്തം മാത്രമേ ഓർമയിലുള്ളൂ. പക്ഷെ കല്യാണപ്പെണ്ണിന്റെ വീട്ടിലെത്തിയതോടെ സജീവമായ പാട്ടുസംഘം അവരെ വിളിച്ചുണർത്തുന്ന രീതിയിൽ പാട്ടുപാടിത്തുടങ്ങി. ഇത്തരത്തിലുള്ള ചില പാട്ടുകൾ പിൽക്കാലത്ത് പലരും പാടിക്കേട്ടിട്ടുണ്ട്.

‘‘പുതുപ്പെണ്ണ് വരുന്നുണ്ട് വിളക്കൊക്കെ തെളിക്കുവീൻ വിളക്കൊക്കെ തെളിക്കുവീൻ പുതുനാരിക്കിരിക്കുവാൻ വിതാനിക്കുവീൻ- വിതാനിക്കുവീൻ അതിഘോഷപ്പന്തലകം അതിനൊത്ത വിരിപ്പുകൾ അതിനൊത്ത വിരിപ്പുകൾ അലങ്കാരം വരുത്തിക്കൊണ്ടണവാക്കുവീൻ-അണവാക്കുവീൻ ചിലമാലെ വരുന്നുണ്ട് ഉറക്കം വീട്ടുണർന്നോളിൻ ഉറക്കം വിട്ടുണർന്നോളിൻ ചേലൊത്ത നദീശയും പുകൾ പാടുവീൻ-പുകൾ പാടുവീൻ...’’

പെൺവീട്ടുകാരെ വിളിച്ചുണർത്തുകയും അവർ ഒരുക്കിയ അലങ്കാരങ്ങളെ വർണിച്ചു പാടുകയുമെല്ലാം ചെയ്യുന്ന പാട്ടുകൾ ഇവയിലുണ്ടായിരുന്നു. ഇത് ഏറ്റവും സജീവമായി ഞാൻ കണ്ടിട്ടുള്ളത് പൊന്നാനി /കോഴിക്കോട് കല്യാണങ്ങൾക്കാണ്. അതിൽ വളരെ വ്യത്യസ്തമായ പാട്ടുസംഘങ്ങളുണ്ടാവും. കല്യാണപ്പെണ്ണിന്റെ പ്രായക്കാർ ഒരു സംഘം, അതിൽ ചെറിയ കുട്ടികളുടെ മറ്റൊരു സംഘം എന്നിവർ മത്സരിച്ചു പാടുമ്പോൾ പെട്ടെന്ന് എല്ലാവരുടെ ശ്രദ്ധ ഒരു കേന്ദ്രത്തിലേക്ക് നീങ്ങി. മുതിർന്ന സ്​ത്രീകളുടെ ഒരു പാട്ടുസംഘമായിരുന്നു അത്. കാഴ്ചക്കാരെ അമ്പരപ്പിച്ച് അവർ വട്ടത്തിൽ ചുവടുവെച്ച് നീങ്ങുകയും പെട്ടെന്ന് ഒരേ താളത്തിലെത്തി ഒപ്പനച്ചുവടുകളായി അത് മാറുകയും ചെയ്തു. മത്സരങ്ങളിൽ ഒപ്പന പ്രാക്ടീസ് ചെയ്യുമ്പോൾ മുഹമ്മദാലി മാഷ് എപ്പോഴും നടു അൽപം താഴ്ത്തി നിർത്തിയാണ് ഓരോ സ്റ്റെപ്പും പരിശീലിപ്പിച്ചിരുന്നത്. അതിന്റെ പൊരുളും അന്നാണ് പിടികിട്ടിയത്. മുതിർന്ന സ്ത്രീകളുടെ കലാരൂപം കൂടിയായിരുന്നു ഒപ്പന. അതിനെ അനുകരിച്ചുകൊണ്ടാണീ വഴക്കം.

ആണുങ്ങളുടെ പാട്ടുസംഘങ്ങൾ ഒറ്റക്കും തറ്റക്കുമായി നിലനിന്നു. അവർക്ക് പല സ്റ്റേജ് അവതരണങ്ങളെങ്കിലും പിൽക്കാലത്ത് ലഭ്യമായപ്പോഴും പെൺ പാട്ടുസംഘങ്ങൾക്ക് ആ തുടർച്ച ലഭിച്ചില്ല.

ഈ പാട്ടുസംഘങ്ങൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാ വീട്ടിലും ഉണ്ടായിരുന്നു എന്നാണൈന്റ ഓർമ. അതിൽ പണം ശേഖരിക്കുന്ന രീതിയിൽ വ്യത്യാസം കാണും എന്നു കരുതാം. പിൽക്കാലത്ത് കല്യാണവീടുകളിൽ നിന്ന് ഇത്തരം സംഘങ്ങൾ ഇല്ലാതായി തുടങ്ങി. അവിടെ നിന്ന് കല്യാണങ്ങളിലെ അതിഥികൾക്കും മാറ്റം വന്നു. ഒരു പ്രദേശത്തിന്റെ ആഘോഷങ്ങളായിരുന്നു ഒരു കാലത്ത് കല്യാണങ്ങളെങ്കിൽ പിന്നീടത് ബന്ധുക്കളിലേക്ക് കേന്ദ്രീകരിക്കുന്നത് കാണാം.

ആണുങ്ങളുടെ ഭാഗത്തും ഒപ്പനപ്പാട്ടുകളുണ്ടായിരുന്നു. വട്ടപ്പാട്ടെന്നാണ് പൊതുവെ അതിനെ വിളിക്കുക. കല്യാണാഘോഷങ്ങളിൽ കല്യാണച്ചെക്കന്റെ കൂടെയുള്ളവരുടെ പാട്ടുകളും പല വിധത്തിലായിരുന്നു. പൊന്നാനി ഭാഗങ്ങളിൽ കല്യാണച്ചെക്കൻ മുഖക്ഷൗരം ചെയ്യുന്ന സമയത്ത് പാടുന്ന പാട്ടാണ് ‘മൗത്തള'പ്പാട്ടുകൾ.

അറബിമലയാളത്തിൽ സാമ്പ്രദായിക മാപ്പിളപ്പാട്ടെഴുത്തുകാരിൽ അവസാനത്തെ കണ്ണി ആയിരുന്നിരിക്കാം ജമീലാബീവി. ഒരിക്കൽ അവരുമായി നടത്തിയ അഭിമുഖത്തിൽ അവർ പറഞ്ഞ കാര്യം, അവരുടെ നാട്ടിലെ പത്തുപേരടങ്ങിയ പാട്ടുസംഘത്തിൽ അവർ അംഗമായിരുന്നു എന്നാണ്. അതിലവർക്ക് മാതൃകയായത് പൊന്നാനിയിലെ പ്രസിദ്ധ മാപ്പിളപ്പാട്ട് എഴുത്തുകാരിയായ പി.കെ. ഹലീമയായിരുന്നു. പി.കെ. ഹലീമയുടെ പാട്ടുകളിൽ ഏറെ പ്രശസ്തമായത് "ചന്ദിര സുന്ദരിമാല'യാണ്. അത് മുഹമ്മദ് നബിയുടെയും ആയിഷാ ബീവിയുടെയും കല്യാണം ഇതിവൃത്തമാക്കിയുള്ളതുമാണ്. 1909 മുതൽ 1959 വരെയാണവരുടെ കാലമായി ഇതുവരെ കണക്കാക്കിയിട്ടുള്ളത്. പക്ഷെ ഇതുപോലൊരു പാട്ടു പാരമ്പര്യത്തെ അറിഞ്ഞ വ്യക്തിക്കു മാത്രമെ "ചന്ദിര സുന്ദരിമാല' പോലൊരു കൃതി രചിക്കാനാവൂ.

ഞങ്ങളുടെ കല്യാണ വീടുകൾ ഇന്നും സജീവമാണ്. തലേ ദിവസം മൈലാഞ്ചി ഇടീക്കലുമെല്ലാം പുതിയ രീതിയിൽ നമ്മൾ തുടരുന്നുണ്ട്. പണ്ടുള്ളവർ പാടിക്കേട്ട പാട്ടുകളും സിനിമാ പാട്ടുകളുമെല്ലാം ചേർത്ത് പുതിയ തലമുറയും അതിനെ ആഘോഷമാക്കുന്നു

പൊരുത്തംബീ ആയിശ പൂവി ചമഞ്ഞാരെ പൂണ്ടെ ലിബാസാകെ ലങ്കി മറിന്താനേ മുറുകെ തുകിലും ഞൊറിഞ്ഞിട്ടുടുത്താനേ മറ്റും പലെ പലെ പട്ടുംപുതൈത്താനേ കരമിൽ കടകങ്ങൾ മാറ്റേറ്റും പൊന്നാലെ കത്തിമറിയും വളകാണും പിന്നാലെ

ഇങ്ങനെയാണ് കല്യാണപ്പെണ്ണിന്റെ ഒരുക്കങ്ങളുടെ വർണന പോകുന്നത്. ഇതിലെ ഭാഷ ഒരേ സമയം വളരെ ജനകീയമായതും കാവ്യാന്മകവുമായ പാട്ടു പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും കാണാം.
കല്യാണപാട്ടുകളുടെ അതവരണങ്ങളിൽ പലപ്പോഴും പി.കെ. ഹലീമയുടെ ‘ചന്ദിര സുന്ദരിമാല' ഏറെ ആവർത്തിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എഴുത്തിന്റെ പാരമ്പര്യത്തിൽ നിന്നുള്ള ഒരു ഉദാഹരണം മാത്രമാണിവിടെ സൂചിപ്പിച്ചത്. അത് അറബി മലയാള ലിപികളിലാണെങ്കിലും ഇവിടെ നിലനിന്നതായി കാണാം. പക്ഷെ, കല്യാണരീതികൾ മാറിയതോടെ ഈ പാട്ടുസംഘങ്ങൾ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി. പിന്നീടവർ എങ്ങനെ ജീവിച്ചു എന്നതിനുപോലും നമുക്കുത്തരമില്ല. ചില വീടുകളിൽ കുട്ടികളെ ഒപ്പനയോ പാട്ടോ പഠിപ്പിക്കാൻ ചിലരെ ഒന്നുരണ്ടു വട്ടം കണ്ടിട്ടുണ്ട്. അപ്പോൾ മുതിർന്നവർക്കുവേണ്ടി ഇവർ പാട്ടുപാടി അവതരിപ്പിക്കുന്നത് കണ്ടതാണ് അവസാനത്തെ പാട്ടുസംഘത്തെകണ്ട ഓർമ. ആണുങ്ങളുടെ പാട്ടുസംഘങ്ങൾ ഒറ്റക്കും തറ്റക്കുമായി നിലനിന്നു. അവർക്ക് പല സ്റ്റേജ് അവതരണങ്ങളെങ്കിലും പിൽക്കാലത്ത് ലഭ്യമായപ്പോഴും പെൺ പാട്ടുസംഘങ്ങൾക്ക് ആ തുടർച്ച ലഭിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ഇസ്‌ലാമിലെ പരിഷ്‌കണങ്ങളാണ് പലപ്പോഴും സ്ത്രീകളെ സമുദായത്തിനകത്തുതന്നെ മാറ്റിനിർത്താനിടയാക്കിയത് എന്നുകാണാം.

കല്യാണപാട്ടുകൾ പല സന്ദർഭങ്ങളിൽ പലതരത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നു എന്ന് പറഞ്ഞല്ലോ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പഴയ അമ്മായിപ്പാട്ട്. ഇതിൽ അമ്മായിയമ്മ മരുമകനുവേണ്ടി വിഭവങ്ങൾ ഒരുക്കുന്നതും അത് കഴിക്കാൻ അവനെ നിർബന്ധിക്കുന്നതുമാണ് പ്രമേയം.

‘‘ഉരമിട്ട് തരം അപ്പം കൊടുത്തമ്മായീ ഉടൽ തടിമിടുക്കിന്നും മഹബ്ബത്തിന്നും ഉണ്ട് ബന്ന മത്തരം കിസ്‌കിസിയെ ബന്നം പോള കടുംദുടി അപ്പം പൊന്നുപോൽ തീരുന്ന മുട്ട മറിച്ചദ് മിന്നെറിപോൽ ഇലങ്കുന്നെ മുസാറ മികദിയിൽ കലത്തപ്പം കുലുസി അപ്പം മികവുള്ളെ തവാബപ്പം മുടച്ചിലപ്പം മറ്റു മദെത്തിരമുട്ടസ്സുർക്ക ഉറ്റ് പണിന്തുള്ളെ പഞ്ചാരപ്പാറ്റ അറ്റം ഇല്ലാ പുളിയാള കലാഞ്ചി തെറ്റെബെള്ളക്കലത്തപ്പം ഓട്ടപ്പം തകർത്തുകോയ്മുറബ്ബയും തർക്കിപ്പത്തൽ തരം കോഴി മുഴുവനും ബല അപ്പവും തങ്കിത്തിടപൊടി ചെലവ് മികച്ചെ പൊങ്കിടും പഞ്ചാര സീറുകൾ എത്തിര ചൊങ്കിൽ പണിയദ് കോഴിക്കഞ്ഞി ചങ്കിൻ മശമുള്ള ബെള്ളപ്പോള ചമയിച്ചിട്ടൊരുക്കുന്നാൾ പലെ അപ്പവും ചികമുട്ട പൊരിച്ചദും ഇറച്ചിപ്പത്തിൽ ചന്തമെശുന്തുള്ളെ കോയിസ്സിർവാ പന്തിയിൽ പൊന്തുന്നെ നല്ലെ നെയ്യപ്പം എന്തുദിരം പാലൂദകവാബ് ചിന്ത തുളങ്കിടുവാൻ മുട്ടമാല ചിദമുള്ളെ കോഴിമുട്ട നിറച്ചെ അപ്പം ചുറച്ചിട്ടെ ബലാ അപ്പം മടക്ക് പത്തിൽ''

ഈ പാട്ട് തന്നെ പിൽക്കാലത്ത് പലതരത്തിൽ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാസറ്റ് ഗാനങ്ങളിൽ ‘‘തിന്ന് മോനേ, വേണ്ടമ്മായി... തിന്നീംന്നും പറഞ്ഞുങ്കൊണ്ട് മരുമോനെ തീറ്റിക്കുന്ന പുന്നാരമ്മായി...’’
എന്നിങ്ങനെ, പലഹാരങ്ങളുമായി അമ്മായി അറയിൽ ചെല്ലുന്നതും അത് മരുമകനെ തീറ്റിക്കുന്നതുമായ, നാടകീയരംഗങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകികൊണ്ടുള്ള പാട്ടുകൾ. ഇതിന്റെ പ്രശസ്തിയും ജനകീയതയും തന്നെയാണ് ‘‘അപ്പെങ്ങളെമ്പാടും'' എന്ന് തുടങ്ങുന്ന സിനിമാപാട്ടിന് കാരണമായതെന്ന് കരുതാം. ഇവയുടെ ആദ്യരൂപമായ പഴയ അമ്മായിപ്പാട്ട് ആരുണ്ടാക്കിയതാണെന്ന് അറിയില്ല. പക്ഷെ പലഹാരങ്ങളുടെ പേരുകൾ ചേർത്തുവെച്ചാണ് ആ പാട്ടുണ്ടാക്കിയത്. പലഹാരങ്ങൾ വെന്തുവരുമ്പോഴുള്ള നിറംമാറ്റങ്ങൾ പോലും അതിൽ പ്രതിപാദിക്കുന്നത് കാണാം.

‘‘മാല ബൈരം രശ്‌നമാല മികവിലാർക്കും പൂത്തെമാല മാലചക്കര മിന്നിമാല മദിര ചില്ലി എന്ന് മാല കോലമിച്ചലി കൊത്തുമാല കാട്ടെരിഞ്ഞി പൂത്തെമാല ചേലുണിത്തിരാശമാല ചുറമടങ്ങും പാറ്റമാല പാറ്റ നല്ലി കുറവുമാല പദി ബിളങ്കും ബൈരമാല ഈറ്റം കുശക്കുമാല ഉറുദി നല്ലെ കദിറുമാല ’’

അതുപോലെ ആഭരണങ്ങളുടെ പേരുകൾ കൊണ്ട് കെട്ടിയ പാട്ട്, മൈലാഞ്ചിപ്പാട്ടുകൾ എല്ലാംതന്നെ ഈ പാട്ടുപാരമ്പര്യത്തിന്റെ ഭാഗമാവാനാണ് സാധ്യത. ഈ പാട്ടുപാരമ്പര്യത്തോടൊപ്പം കുറെ അറിയപ്പെടാത്ത പാട്ടുകാരും കവികളുമടങ്ങുന്ന കലാകാരികളും നമുക്ക് നഷ്ടമായി. ഏറ്റവുമൊടുവിൽ കണ്ട പാട്ടവതരണം മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി 2018-ൽ വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്ന മൂന്നു പാട്ടുകാരുടേതായിരുന്നു. അരങ്ങിനെക്കുറിച്ചുള്ള ഭീതികളും അങ്കലാപ്പുകളുമെല്ലാമായി അവർ അവതരണം നടത്തി. ഇടതടവില്ലാതെ വരുന്ന പല ഈണങ്ങളിലുള്ള പാട്ടുകൾ ഈ അങ്കലാപ്പിനെയെല്ലം മാറ്റി മുന്നേറിയതായി ആ അവതരണത്തിൽ തോന്നി.
ഇതെല്ലാം അവസാനിച്ചുവെങ്കിലും ഞങ്ങളുടെ കല്യാണവീടുകൾ ഇന്നും സജീവമാണ്. തലേദിവസം മൈലാഞ്ചി ഇടീക്കലുമെല്ലാം പുതിയരീതിയിൽ നമ്മൾ തുടരുന്നുണ്ട്. പണ്ടുള്ളവർ പാടിക്കേട്ട പാട്ടുകളും സിനിമാ പാട്ടുകളുമെല്ലാം ചേർത്ത് പുതിയ തലമുറയും അതിനെ ആഘോഷമാക്കുന്നു. ഇത് കണ്ട് ഞങ്ങൾക്ക് വെറുതെ നിൽക്കാനാവുമോ എന്നുചോദിച്ച് മുതിർന്നവരും കൂടുന്നു. ഒരു പാരമ്പര്യവും പെട്ടെന്ന് അങ്ങ് ഇല്ലാതാവില്ലല്ലോ. ▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments