ഒന്നാം ക്ലാസിലെ ഒതുക്കങ്ങൾ ശീലിക്കാത്ത ഒരു ചെറിയ ക്ലാസ് റൂം.
അവിടെ നിന്ന് ഒരു കുട്ടി ഉറക്കെ വിളിച്ചുപറയുന്നു; ടീച്ചറെ എനിക്ക് ‘പള്ളേല് വർത്തം'. വയർ അമർത്തിപ്പിടിച്ചുനിൽക്കുന്ന കുട്ടിയെ നോക്കി പക്ഷെ എല്ലാവരും ചിരിച്ചു. വേദനയിൽ കാര്യം മനസ്സിലാവാതെ അവൾ ടീച്ചറുടെ സാന്നിധ്യത്തിന് കൊതിച്ചു. ടീച്ചർ ഓടി വന്ന് പ്രതിവിധികളെല്ലാം ചെയ്തു.
കുറച്ചുസമയത്തിനുശേഷം എല്ലാം ശാന്തം.
അതിനുശേഷം ടീച്ചർ ആ കുട്ടിയെ അടുത്തുവിളിച്ച് ഒരു ഉപദേശം കൊടുത്തു. വയറുവേദന വരാതിരിക്കാനുള്ള മുൻകരുതലൊന്നുമല്ല, ഇനി ഈ വാക്ക് ക്ലാസിൽ ഉപയോഗിക്കരുത്. പ്രശ്‌നം മനസ്സിലായില്ലെങ്കിലും എന്തുകൊണ്ടാണ് കൂട്ടുകാർ ചിരിച്ചതെന്ന് അവൾക്ക് മനസിലായി, ഇനി വയറുവേദന എന്നേ പറയാൻ പാടുള്ളൂ എന്ന്. വീട്ടിൽ ആരും വയറുവേദന എന്ന് പറഞ്ഞുകേട്ടിട്ടില്ല. പക്ഷെ വീട്ടിലുപയോഗിക്കുന്ന ഭാഷ സ്കൂളിൽ പറയാൻ പാടില്ലാത്തതാണെന്ന് അവൾ പതുക്കെ തിരിച്ചറിഞ്ഞു. പിന്നീടെത്രയോ കാലം കഴിഞ്ഞ് മലയാളം മുഖ്യവിഷയമായെടുത്ത് പഠിച്ചപ്പോഴാണ് വരുത്ത് എന്നത് എത്ര മനോഹരമായ മലയാളം വാക്കാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ‘‘വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ...'' എന്ന് സിനിമാ പാട്ടിലും ഈ വാക്ക് സ്വീകാര്യമായി.
എന്താണ് നായര് എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത കാലത്തെ ഞാൻ കേട്ടുകൊണ്ടിരുന്ന അഭിനന്ദന വാക്കായിരുന്നു ‘കണ്ടാ നായരുകുട്ടിയാണെന്നേ തോന്നൂ' എന്നത്. മുസ്ലിമായത്വലിയ അബന്ധമാണെന്ന് ആ ഓരോ അഭിനന്ദനവും എന്നെ ഓർമിപ്പിച്ചു.
ഔപചാരിക വിദ്യാഭ്യാസം എനിക്കുതന്ന പാഠം എന്റെ ഭാഷ, വേഷം, സംസ്കാരം എല്ലാം ചീത്തയാണെന്നും അതെല്ലാം മാറ്റപ്പെടേണ്ടതാണ് എന്നുമായിരുന്നു. കുട്ടികളെ ചിരിപ്പിച്ച മറ്റൊരു വാക്കു കൂടി അന്ന് ഞാൻ ക്ലാസിൽ ഉറക്കെ പറഞ്ഞിരുന്നു. അത് ‘പാത്താൻ പോട്ടെ?' എന്ന ചോദ്യമായിരുന്നു. ‘പാത്തുക' എന്നത് വീട്ടിൽ മൂത്രമൊഴിക്കുന്നതിന് പകരമായി ഉപയോഗിച്ചുവന്നതാണ്. ഇപ്പോഴും അതിന്റെ പദോൽപ്പത്തി എനിക്ക് മനസ്സിലായിട്ടില്ല. പാരുക എന്നതിൽ നിന്നാവാം പാത്തുക എന്നതുത്ഭവിച്ചത്. എന്തായാലും അതുപയോഗിച്ചാൽ മലപ്പുറത്തെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും കാര്യം മനസ്സിലാവും. അത്രയ്ക്ക് വ്യാപകമായിരുന്നു ഈ പ്രയോഗം. എന്നിട്ടും എന്തുകൊണ്ടാവാം ഈ വാക്കുകൾക്കെല്ലാം സ്കൂളിനകത്ത് വിലക്കേർപ്പെടുത്തിയത്? എന്താണ് നായര് എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത കാലത്തെ ഞാൻ കേട്ടുകൊണ്ടിരുന്ന അഭിനന്ദന വാക്കായിരുന്നു ‘കണ്ടാ നായരുകുട്ടിയാണെന്നേ തോന്നൂ' എന്നത്. മുസ്ലിമായത്വലിയ അബന്ധമാണെന്ന് ആ ഓരോ അഭിനന്ദനവും എന്നെ ഓർമിപ്പിച്ചു.
ജാതി വ്യത്യാസങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാതിരുന്ന ആ പ്രായത്തിൽ നായരെന്താണെന്നും അതിന്റെ മേന്മ എന്താണെന്നും മനസ്സിലായതുമില്ല. ഇവളെ അക്കൂട്ടത്തിൽ പെടുത്തേണ്ട, ഇവൾ അത്തരക്കാരിയല്ല എന്ന മട്ടിലാണ് മുസ്ലിം വിഭാഗത്തെ വിമർശിക്കുന്ന കൂട്ടങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ സ്വീകാര്യത. ഇതിൽ സന്തോഷിക്കണോ വേണ്ടയോ എന്നോർത്ത് സ്തംഭിച്ചിരുന്ന ഒരു കുട്ടിയെ മാത്രം ഇന്നോർമയുണ്ട്. എന്നെക്കുറിച്ചെന്തോ നല്ല കാര്യമാണ് പറയുന്നത് എന്നതുകൊണ്ട് എനിക്കവരെ തള്ളിപ്പറയാനും കഴിഞ്ഞില്ല. വീട്ടിൽ വല്ലിമ്മയൊഴികെ മറ്റെല്ലാവരും ആധുനിക വിദ്യാഭ്യാസം കിട്ടിയവരായിരുന്നു. വല്ലിപ്പായ്ക്ക് മലയാളവും ഉറുദുവും നല്ല വശമായിരുന്നു. മനോരമ, മംഗളം പോലുളള വാരികകൾ വല്ലിപ്പ വരുത്തിക്കുന്നവയായിരുന്നു. അതിനോടൊപ്പം അനേകം ഉറുദു നോവലുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. ഞങ്ങളൊരിക്കലും ഉറുദു പഠിച്ചില്ലെന്നുമാത്രമല്ല ഉറുദു ഞങ്ങളന്ന് പഠിച്ചിരുന്ന ഹിന്ദിയിൽ നിന്ന് ഏറെ വ്യത്യസ്തവുമായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഹിന്ദി ടീച്ചർ ഒരു ഹോം വർക്ക് തന്നു. വല്ലിപ്പ ഉറുദുവിൽ സംസാരിക്കുന്നത് കേട്ടിരുന്ന ഞങ്ങൾ ഹിന്ദി വല്ലിപ്പാക്കാണറിയുക, വല്ലിപ്പാനോട് ചോദിക്കാം എന്ന് തീരുമാനിച്ചു. ഉത്തരം വല്ലിപ്പ പറയുകയും ഞാൻ എഴുതിക്കൊണ്ടുപോവുകയും ചെയ്തു. എന്റെ നോട്ടുപുസ്തകം വായിച്ച ടീച്ചർ ഇതാര് പറഞ്ഞു തന്നതാണെന്ന് ചോദിച്ചു. വല്ലിപ്പയാണെന്ന് പറഞ്ഞപ്പോൾ കുറിച്ച് ആലോചിച്ചശേഷം ടീച്ചർ പറഞ്ഞു; അവരെന്തുവരെ പഠിച്ചിട്ടുണ്ടെന്നെനിക്കറിയില്ല എന്തായാലും ഞാനിത് തിരുത്തുകയാണ് എന്നുപറഞ്ഞ് നോട്ടിൽ തിരുത്തിയെഴുതി.
വൈകീട്ട് വല്ലിപ്പാനെ അതുകാണിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ഇത് പഠിച്ചോളൂ എന്ന് പുസ്തകം മടക്കിത്തന്ന് പറഞ്ഞു. പിന്നീട് ഉപ്പയാണ് ഉറുദുവും ഹിന്ദിയും തമ്മിലുള്ള ബന്ധവും വ്യത്യാസവുമെല്ലാം മനസ്സിലാക്കിതന്നത്. അലീഗഢിൽ പഠിച്ച അമ്മാവന്റെ സുഹൃത്തിനോടും മറ്റ് ചില ചുരുക്കം സന്ദർശകരോടും മാത്രമേ വല്ലിപ്പ ഉറുദുവിൽ സംസാരിക്കുന്നത് കേട്ടിരുന്നുള്ളൂ. പക്ഷെ ഉറുദു പഠിച്ചതിന്റെ ഗുണം ഏറ്റവും കൂടുതലറിഞ്ഞത് ബ്രിട്ടീഷ് വാഴ്ചക്കാലത്താണെന്നാണ് വല്ലിപ്പാന്റെ കഥകളിൽ നിന്ന് മനസ്സിലായത്. തങ്ങളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വരുന്ന പട്ടാളക്കാരെ കണക്കിന് പരിഹസിച്ചുവിടുന്ന നാട്ടുകാരുടെ സംഭാഷണങ്ങൾ വരെ വളരെ നാടകീയമായി വല്ലിപ്പ താളവ്യത്യാസങ്ങളോടെ അവതരിപ്പിക്കാറുണ്ടായിരുന്നു. അതിൽ ‘ബന്തർ’ എന്നൊരു വാക്കുമാത്രമാണിന്നും മായാതെ ഓർമയിലുള്ളത്. അതിനർഥം കുരങ്ങനെന്നാണെന്ന് വല്ലിപ്പ ആവേശത്തോടെ ഞങ്ങൾക്ക് പറഞ്ഞുതന്നിരുന്നു.
ബ്രിട്ടീഷുകാരെ മുഴുവൻ കുരങ്ങന്മാരാക്കിയ വല്ലിപ്പ ഞങ്ങൾക്കെന്നും ആരാധ്യനായി. പിന്നീട് എന്റെ ഗവേഷണത്തിന്റെ ഭാഗമായി നാട്ടിലെ ചിലരോട് സംസാരിച്ചപ്പോൾ അവരിൽ പലരും വല്ലിപ്പാനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ട് അഭിമാനം തോന്നിയിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം വന്നപ്പോൾ അത് നടപ്പിലാക്കാൻ മുൻകൈയെടുത്തത് വല്ലിപ്പയായിരുന്നു. ആദ്യമായി കെ.പി.എച്ച്. മുഹമ്മദ് നഹ ഭൂമി എഴുതി നൽകുന്ന പരിപാടിയുടെ നോട്ടീസും പിന്നീട് ഓൺലൈനിൽ ഒഴികിനടന്നിരുന്നു. പക്ഷെ കുടുംബത്തിനകത്ത് അദ്ദേഹത്തിന് അത്ര നല്ല ഇമേജ് ആയിരുന്നില്ല. കമ്യൂണിസം കളിച്ച് സ്വത്തും മൊതലും തൊലച്ചതല്ലേ എന്ന് അദ്ദേഹത്തെ പരിഹസിക്കുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. ഈ പരിഹാസത്തേക്കാളെല്ലാം വലുതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
ഒരു മുദ്രാവാക്യം വീട്ടിനകത്ത് പ്രശസ്തമായിരുന്നു. ‘ആനയെ വിറ്റ് കാളയെ വാങ്ങിയ കെ.പി.എച്ചിന് വോട്ടില്ല.’ കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതിന്റെ പേരിൽ എതിർകക്ഷികൾ മുഴക്കിയ മുദ്രാവാക്യമായിരുന്നു അത്.
വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങൾ വരുന്ന കാലം ഞങ്ങളുടെ സ്കൂളെന്ന പോലെ വീടും പലപ്പോഴും ക്യാമ്പ് ആവാറുണ്ട്. കിഴക്കെ കോലായയും അതിനോടു ചേർന്ന പടിപ്പുരകളിലും മുറികളിലുമെല്ലാം കുറെ ആൾക്കാർ വന്ന് താമസിച്ചിരുന്നതും അവർ ഒരുമിച്ച് ആഹാരം പാകം ചെയ്ത് കഴിച്ചിരുന്നതുമെല്ലാം കുട്ടികൾക്ക് മറക്കാൻ പറ്റാത്ത കാഴ്ചകളായിരുന്നു. ഏറ്റവുമൊടുവിൽ വല്ലിപ്പ പറഞ്ഞ ഉറുദു വാക്ക് അമ്മാവന്റെ മകൾക്ക് അദ്ദേഹമിട്ട ശബ്‌നം എന്ന പേരായിരുന്നു. മഞ്ഞുതുള്ളി എന്നാണതിന്റെ അർഥമെന്നും വല്ലിപ്പ പറഞ്ഞുതന്നു. അവൾക്കിപ്പോൾ മുപ്പതു വയസ്സെങ്കിലും ആയിക്കാണും. വലിപ്പ പോയിട്ടും അത്രയും കാലം കഴിഞ്ഞിരിക്കും. ഏതെങ്കിലും തരത്തിൽ അദ്ദേഹം ഓർക്കപ്പെടുകയാണെങ്കിൽ അത് ആ പ്രദേശത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ പേരിലായിരിക്കും. അതിലദ്ദേഹം എന്തായിരുന്നു എന്ന് ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അറിഞ്ഞ കാര്യങ്ങൾ വളരെ തുച്ഛമാണ്.
ഒരു മുദ്രാവാക്യം വീട്ടിനകത്ത് പ്രശസ്തമായിരുന്നു. ‘ആനയെ വിറ്റ് കാളയെ വാങ്ങിയ കെ.പി.എച്ചിന് വോട്ടില്ല.’ കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതിന്റെ പേരിൽ എതിർകക്ഷികൾ മുഴക്കിയ മുദ്രാവാക്യമായിരുന്നു അത്. മറ്റൊരു പൂത്തുലയുന്ന ഓർമ മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാർ അദ്ദേഹത്തെ കാണാനെത്തിയതാണ്. അന്ന് വീട്ടിൽ ഒരു കല്യാണാഘോഷത്തിന്റെ ബഹളമുണ്ടായിരുന്നു. ബിരിയാണി, കുറെ ആളുകൾ, പത്രത്തിൽ മാത്രം കണ്ട മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത് ഞങ്ങൾ കുട്ടികളിൽ ആരെത്തുമെന്ന മത്സരം, ശരീരവലിപ്പം, എല്ലാവരുടെയും ആരാധന, ആകെ കൂടിയുള്ള പ്രഭാവം... എല്ലാം കൊണ്ട് അന്തിച്ച് നോക്കിനിന്നുപോയി ഞങ്ങൾ.
വീട്ടിലെല്ലാവരെയും വിളിച്ച് അദ്ദേഹം കണ്ടു. കുട്ടികളായ ഞങ്ങളോടും സംസാരിച്ചു. ‘ഞാനിവിടെ വരുന്നത് ആദ്യമൊന്നുമല്ല. പലപ്രാവശ്യം വന്നിട്ടുണ്ട്. എത്രയോ ദിവസങ്ങൾ ഒളിവിൽ താമസിച്ചിട്ടുണ്ട്’ എന്ന് വലിയ ഒരു ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് അദ്ദേഹം പറയുമ്പോഴാണ് ഞങ്ങൾ ആദ്യം കേൾക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് പല നേതാക്കളും താമസിച്ച വീടാണതെന്നും മനസ്സിലായി. അന്ന് ബന്ധുക്കളിൽ തന്നെ പലരുടെയും പേര് മുഹമ്മദ് നഹ എന്നായിരുന്നതുകൊണ്ട് പാർട്ടിക്കുവേണ്ടി അവർ കൊടുത്ത പേരാണ് കെ.പി.എച്ച്. മുഹമ്മദ് നഹ എന്നത്. കുന്നുമ്മൽ പാടം ഹൗസ് എന്നതിന്റെ ചുരുക്കപ്പേര് ചേർത്തത്. തോൽക്കുമെന്ന് ഉറപ്പായിട്ടും സ്വന്തം സഹോദര തുല്യരായ ബന്ധുക്കൾക്കെതിരെയായിരുന്നു അക്കാലത്ത് കെ.പി.എച്ച്. മുഹമ്മദ് നഹ മത്സരിച്ചത്. അതിനേക്കാളുപരിയായി കമ്യൂണിസ്റ്റായി എന്ന കുറ്റവും അദ്ദേഹത്തെ കുടുംബത്തിൽ ഒറ്റപ്പെടുത്തി. അതിനോടെല്ലാം പോരാടിയാണ് അദ്ദേഹം മുന്നേറിയത്.
ഭാഷയിൽ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് നീങ്ങുന്ന ഓർമകളിലേക്ക് ഞാൻ എത്തിയതെങ്ങനെയെന്നാലോചിക്കുമ്പോൾ ഒരു പൊതു ഇടത്തിന്റെ സൃഷ്ടിയിൽ ആധുനിക വിദ്യാഭ്യാസം എങ്ങനെ പങ്കുവഹിച്ചു എന്നുകൂടി മനസ്സിലാക്കാമെന്ന് തോന്നുന്നു.
പക്ഷെ ഞങ്ങൾക്ക് ഓർമ വെച്ച നാൾ മുതൽക്ക് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വല്ലിപ്പാനെയാണ് കാണുന്നത്. മുറ്റത്തെ പുല്ലുപറിച്ച് ചെറിയ മരക്കോലുപയോഗിച്ച് മുറ്റം മിനുക്കിയിടും, പിന്നീട് അടുത്ത തൊടിയിലേക്കു നീങ്ങും. ഞങ്ങൾ കുട്ടികളെയും കൂട്ടും പുല്ലുപറിക്കാൻ. അതുകഴിഞ്ഞ് ചെറിയ ഒരു ചായയും പലഹാരവുമുണ്ട് വല്ലിപ്പാക്ക്. അതിലെ ഒരു പങ്ക് മോഹിച്ചാണ് അന്ന് ഈ മടുപ്പൻ പണിക്ക് തയ്യാറായിരുന്നത്. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു വല്ലിപ്പാക്ക്. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് വല്ലിപ്പാന്റെ മേലകത്ത് വച്ച് ഞങ്ങളോട് കഥകൾ പറഞ്ഞിരുന്നത്. അന്ന് ആ കഥകളുടെ വലിപ്പവും പ്രധാന്യവും അത്രകണ്ട് തിരിച്ചറിയാനുമായിരുന്നില്ല.
ഭാഷയിൽ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് നീങ്ങുന്ന ഓർമകളിലേക്ക് ഞാൻ എത്തിയതെങ്ങനെയെന്നാലോചിക്കുമ്പോൾ ഒരു പൊതു ഇടത്തിന്റെ സൃഷ്ടിയിൽ ആധുനിക വിദ്യാഭ്യാസം എങ്ങനെ പങ്കുവഹിച്ചു എന്നുകൂടി മനസ്സിലാക്കാമെന്ന് തോന്നുന്നു. വീട്ടിലുപയോഗിക്കുന്ന ഭാഷ മോശമാണെന്നും ഇനി അത് ഉപയോഗിക്കരുതെന്നും പറയുമ്പോൾ വ്യത്യസ്ത സമുദായങ്ങളെ ഏകോപിച്ചിച്ച്പൊതുവായ ഒരു ഇടത്തെ ഉണ്ടാക്കിയെടുക്കുകയായിരുന്നു അത്തരം ക്ലാസ്മുറികൾ എന്നുകാണാം. അത് പലതരം സാമൂഹ്യവിഭാഗങ്ങളിലുണ്ടാക്കിയ ആശങ്കകളെയും ഇന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ആധുനിക വിദ്യാഭ്യാസം തന്നെയാണ് ഞങ്ങൾക്ക് എല്ലാതരത്തിലും തുണയായിട്ടുണ്ട്. ഇന്നിങ്ങനെ ഒരു പ്ലാറ്റ്‌ഫോമിൽ എന്റെ എഴുത്തിനെ/ഓർമകളെ എത്തിച്ചതിൽപോലും അതിന് വലിയ പങ്കുണ്ട്. എങ്കിലും വഴി മറ്റൊരു വിധമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന സന്ദർഭങ്ങളുമുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.