പല വർണങ്ങളിലുള്ള ചില്ലു ജനാലകളാണ് കൊണ്ടോട്ടിയിലുള്ള ഉപ്പയുടെ വീടിന്റെ പ്രത്യേകതയായി ആദ്യം ഓർമ വരുന്നത്. ആനവാതിൽ എന്നറിയപ്പെടുന്ന ഖുബ്ബയുടെ കോമ്പൗണ്ടിനുമുന്നിലെ ഗേറ്റിലെത്തുമ്പോഴേ കമാനാകൃതിയിൽ കടുംനിറങ്ങളിൽ കോണോടുകോൺ ചേർന്നിരിക്കുന്ന ചില്ലുജനാലകൾ നമ്മുടെ ശ്രദ്ധയാകർഷിക്കും. തൊട്ടടുത്തുള്ള ഖുബ്ബയും. ഖുബ്ബയുടെ താഴെ ഭാഗം സമചതുരാകൃതിയിലാണ്. മുകളിൽ അർധഗോളാകൃതിയിലുള്ള വലിയ കമാനവും. അന്ന് ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ കമാനമായിരുന്നു അത്. അതിന്റെ നിർമാണത്തിലെ പേർഷ്യൻ രീതിയും ആകർഷകമായിരുന്നു. ഖുബ്ബയുടെ മുന്നിലൂടെയാണ് ഞങ്ങൾ തക്കിയക്കൽ വീട്ടിലേക്ക് കടക്കുക. വീടിന്റെ നിർമാണത്തിലും കുറെ പ്രത്യേകതകളുണ്ടായിരുന്നു.
മുന്നിലെ വാതിൽ കടന്ന് അകത്തു കയറിയാൽ മുകൾ നിലയിലേക്കാണ് ആദ്യമെത്തുക. റാംപ് പോലുള്ള പ്രവേശന മുറിയിൽ നിന്ന് ഇടത്തോട്ടും വലത്തോട്ടും വാതിലുകളുണ്ട്. വലതുഭാഗത്തെ വാതിലിന് മുമ്പായി താഴേക്കിറങ്ങാനുള്ള കോണിയും. ഇടതുഭാഗത്താണ് നേരത്തെ പറഞ്ഞ വർണ ജനാലകളുള്ള നീണ്ട സ്വീകരണമുറി. ജനാലകൾ തുറന്നാൽ ഖുബ്ബ കാണാം. അതിന്റെ വെള്ള മിനാരം വീടിന്റെ മൂന്നാം നിലയേക്കാൾ ഉയർന്നുനിൽക്കുന്നു, അതൊരു ഗംഭീര കാഴ്ചയാണ്. താഴെ എപ്പോഴും കായ്ച്ചുനിൽക്കുന്ന ഒരു സപ്പോട്ട മരം. ഞങ്ങൾ നിൽക്കുന്ന കെട്ടിടത്തിന് താഴേക്കു കൂടി പന്തലിച്ചുനിൽക്കുന്ന ആ സപ്പോട്ട മരം പോലും വീടിന്റെ ഭാഗമായിരുന്നു.
സ്വീകരണമുറിയോടുചേർന്ന് ചരു എന്നുവിളിക്കുന്ന നീണ്ട മുറിയുണ്ട്. അവിടെനിന്ന് അകത്തേക്ക് വാതിൽ. മറ്റൊരു വാതിൽ ചെറിയ ഓവുമുറിയിലേക്കുള്ളതാണ്. മുറിയൊന്നുമല്ല, ചെറിയ മതിലുമാത്രം വെച്ച് തുറന്ന ഇടമാണ്. അപ്പുറത്തും ഖുബ്ബയുടെ ഒരു വശം പൂർണമായും കാണാവുന്ന വലിയ ജനാലയാണ്. അതുകൊണ്ട് ഇരുന്നുമാത്രം കാര്യം സാധിക്കാനാവുന്ന ചെറിയ ഓവായിരുന്നു അവിടെയുണ്ടായിരുന്നത്. അവിടെ നിന്നിങ്ങുന്നത് നടുമിറ്റം കാണാവുന്ന തുറന്ന വരാന്തയിലേക്കാണ്. മൂന്നാം നിലയിലേക്കുള്ള കോണി ഇതിനോട് ചേർന്നാണ്. ഈ തുറന്ന ഭാഗത്തുനിന്ന് നോക്കിയാലും ഖുബ്ബയുടെ മിനാരങ്ങൾ കാണാം.
രണ്ടാം നിലയിൽ ഞങ്ങൾക്കെല്ലാം ഓടിക്കളിക്കാവുന്ന വലിയ മേലകവും മൂന്ന് ബെഡ് റൂമുകളും. നേരത്തെ പറഞ്ഞ റാംപിൽ നിന്ന് വലതുഭാഗത്തുള്ള വാതിൽ തുറന്ന വരാന്തയിലേക്കുള്ളതാണ്. വീടിന്റെ നീളത്തിൽ നീണ്ടുകിടക്കുന്ന ഇതിന് മരത്തിന്റെ അഴികളുമുണ്ടായിരുന്നു. ഇവിടെ നിന്നാൽ താഴെ വിശാലമായ മുറ്റം കാണാം. ഈ മുറ്റത്താണ് നേർച്ചക്കാർ പ്രകടനങ്ങൾ നടത്തുന്നത്. താഴത്തെ നിലയിലും ഈ ഭാഗത്ത് കുറെ ആർച്ചുകളുള്ള തുറന്ന ഭാഗമാണ്. താഴത്താണ് അടുക്കളയും സ്റ്റോർ റൂമുമെല്ലാം.
ഇത്ര വിശദമായി വീടിന്റെ ഘടനയെക്കുറിച്ച് പറഞ്ഞതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ആ വീട്ടിലെ ഇടങ്ങളൊന്നും ആ വീട്ടുകാർക്കുവേണ്ടി മാത്രമുള്ളതായിരുന്നില്ല. മറ്റൊന്ന് അവിടെ നിന്നുള്ള കാഴ്ചകൾ/ ശബ്ദങ്ങൾ എല്ലാ മനുഷ്യർക്കും കാണാനും കേൾക്കാനും കഴിയുന്നതും ആയിരുന്നില്ല.
പലപ്പോഴും കൊണ്ടോട്ടി നേർച്ചയോടനുബന്ധിച്ചാണ് കൊണ്ടോട്ടിയിൽ വരാറ്. അന്ന് ആ വീട് നിറയെ ആളുകളായിരിക്കും. ഖുബ്ബയുടെ മുറ്റവും മുൻഭാഗവും കാണുന്ന പ്രധാന ജനലിനോടടുപ്പിച്ച് ഒരു കട്ടിലുണ്ട്. ഒരിക്കൽ അവിടെക്കിടന്ന് ഉറങ്ങിപ്പോയ ഞാൻ കണ്ണുതുറന്നപ്പോൾ കണ്ടത് അപരിചിതരായ ഒരാൾക്കൂട്ടം എന്റെ കട്ടിലിനരികിൽ നിൽക്കുന്നതാണ്. അപരിചിതരും അന്യരല്ല എന്ന് അവിടെ നിന്ന് പഠിച്ച പാഠമാണ്. വീട്ടിലുള്ള പരിചയമുള്ള ഒരു മുഖം പോലും കൂട്ടത്തിലില്ല. കരയാനാണ് തോന്നിയത്. പക്ഷെ അറിയാത്ത മുഖങ്ങളെ നോക്കി എങ്ങനെ കരയും. അതിനും പേടി. എങ്ങനെയോ സങ്കടമൊതുക്കി നോക്കുമ്പോൾ കൂട്ടത്തിൽ വീട്ടിലെ അമ്മായിയുടെ മകളെയും കണ്ടു. പിന്നെ അത് പരിചയിച്ചു. വീട്ടിലെല്ലാ മുറിയിലും അവിടവിടെയായി പായ വിരിച്ച് കിടക്കുകയും ഖുബ്ബയിലേക്ക് വരവുവരുന്നുണ്ട് എന്നുകേൾക്കുമ്പോൾ ജനലിനടുത്തേക്ക് ഓടിവന്ന് കാഴ്ചകൾ കാണുകയും ചെയ്യുന്ന, പരസ്പരം പരിചയമില്ലാത്ത വലിയ ആൾക്കൂട്ടം നിറഞ്ഞതായിരുന്നു അന്ന് ആ വീട്.
ഖുബ്ബയിലേക്ക് വരുന്ന വരവുകളും അതിലെ പ്രകടനക്കാരിൽ ചിലരെങ്കിലും ഞങ്ങളുടെ വീടിന്റെ താഴെ മുറ്റത്തേക്കും വരുമായിരുന്നു. അപ്പോഴാണ് വീട്ടിലുള്ള ആൾക്കൂട്ടത്തെ ഒരുമിച്ച് കാണുക. നീണ്ട വരാന്തയിൽ മരയഴിയോട് ചാരി മുമ്പിലത്തെ വരിയിൽ നിൽക്കാൽ ആദ്യം ഓടിയെത്തണം. കുട്ടികൾക്ക് മുന്നിൽ നിൽക്കാൻ ഇടം കിട്ടും. നീണ്ട വരാന്ത നിറഞ്ഞുനിൽക്കുന്ന കാഴ്ചക്കാരും എന്നെ സംബന്ധിച്ച് വലിയ കാഴ്ചയായിരുന്നു. രാത്രിയായാൽ അവിടെയും പായ വിരിച്ച് ആരൊക്കെയോ കിടക്കുന്നുണ്ടാകും. വലിയ ഒരു പത്തായമുള്ള വല്ലിമ്മാന്റെ മുറിയിലും എളാപ്പയുടെ ബെഡ് റൂമിലും ഇവർ അങ്ങനെ കയറിവരാറില്ല.
മൂന്നാം നിലയിൽ തേക്കാത്ത നിലമുള്ള ഒരു ഹാൾ മാത്രമാണ്. പുറത്തേക്ക് തുറക്കുന്ന ഒരു മാത്താരണയും അവിടെയുണ്ട്. അതിലൂടെയും നേർച്ചയുടെ കാഴ്ചകൾ നന്നായി കാണാനാവും. അതിനാൽ മൂന്നാം നിലയിലും എപ്പോഴും നല്ല തിരക്കായിരിക്കും, പ്രത്യേകിച്ചും സ്ത്രീകളുടെ. അന്ന് വീട്ടിൽ താമസിക്കുന്നവരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും പുരുഷൻമാരുമെല്ലാമുണ്ടാവും. ചിലർ പുറത്തുവെച്ച് ഭക്ഷണം പാകം ചെയ്യുന്നതും കണ്ടിട്ടുണ്ട്. രാത്രിയോ പകലോ ഇല്ലാതെ ആ ദിവസങ്ങളിൽ വീട്ടിൽ പരസ്പരം അറിയാത്ത കുറെ പേരും അവരോടൊപ്പം ഞങ്ങളും കഴിഞ്ഞു. ആ ദിവസങ്ങളിൽ രാപകൽ വ്യത്യാസം ഉണ്ടായിരുന്നില്ല.
രാത്രി വരവുകൾ കാണാൻ മിക്കവാറും ഉണർന്നിരിക്കും. ഉറക്കം അധികവും പകലായിരിക്കും. രാത്രികളിൽ ഉറങ്ങിപ്പോാലും ഈ വരവുകൾ വരുന്ന സമയത്ത് ആരെങ്കിലും ഉണർത്തും. ഓടി ജനലിനടുത്തുനിന്ന് കാണുന്ന കാഴ്ചകളായിരുന്നു അന്ന് കൊണ്ടോട്ടി നേർച്ച. വീട്ടുമുറ്റത്ത് വന്ന് കളിക്കുന്നത് അധികവും കോൽക്കളി, ദഫ്, അറബന പോലുള്ള കലാപ്രകടനങ്ങളോ ചില അഭ്യാസപ്രകടനങ്ങളോ ആയിരുന്നു. ചിലപ്പോൾ കാഴ്ചകൾ കാണാൻ പുറത്തിറങ്ങും. അപ്പോൾ കാഴ്ച മാത്രമല്ല ചെറിയ ഷോപ്പിങും സാധ്യമാകും. കളിപ്പാട്ടങ്ങളോ ചെറിയ ഫാൻസി സാധനങ്ങളോ ഉപ്പ എല്ലാവർക്കുമായി വാങ്ങിത്തരും. നിറയെ കൊതിപ്പിക്കുന്ന വസ്തുക്കളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക എന്നതുതന്നെ അന്ന് വലിയ പ്രയാസമായിരുന്നു. പലതരം കച്ചവടക്കാരും വിൽപന സ്റ്റാളുകളും അഭ്യാസപ്രകടനങ്ങളും ചെറിയ വരവുകളുമെല്ലാം നേരിട്ട് കാണാം. അതോടൊപ്പം ചില ഓലഷെഡ്ഡുകളിൽ നെൽകൂമ്പാരങ്ങളും അവ അളന്നിടുന്നതും കണ്ടിരുന്നു. ഏറ്റവും ഒടുവിലെ വരവിനുവേണ്ടി രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരിക്കേണ്ടി വരും. തട്ടാന്റെ പെട്ടിവരവാണ് അത്. ഈ വരവുകളെ എതിരേൽക്കാൻ കൊണ്ടോട്ടി തങ്ങളോ തങ്ങളുടെ പ്രതിനിധിയോ കുതിരപ്പുറത്ത് സത്യക്കൊടയെന്ന് വിളിക്കുന്ന അലങ്കരിച്ച വലിയ കുടയുമായി കുറെ വഴി പോകും. അത് അധികവും എളാപ്പമാരോ കുടുംബത്തിലെ ചെറുപ്പക്കാരാരെങ്കിലുമോ ആവും.
ഒരു നാടിന്റെ മുഴുവനും പരിസരപ്രദേശങ്ങളുടെയും ആഘോഷമാണ് കൊണ്ടോട്ടി നേർച്ച. ഇതിലെ വസ്തുതകൾ പലതും മനസ്സിലാക്കാനായത് വളരെക്കാലം കഴിഞ്ഞാണ്. കൊണ്ടോട്ടി തങ്ങളുടെ അധികാരപരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് വരുന്ന പെട്ടിവരവിൽ അധികവും അദ്ദേഹത്തിനുള്ള കാഴ്ചദ്രവ്യങ്ങളാവും. കാർഷിക ഉൽപന്നങ്ങളും വിളവുകളുടെ പങ്കും ഇവിടെ എത്തിക്കുകയാണീ വരവുകളിലൂടെ നടക്കുന്നത്. എല്ലാതരം ജനവിഭാഗങ്ങൾക്കും ഇതിൽ പങ്കാളിത്തമുണ്ടെന്നുള്ളതാണ് മറ്റൊരു കൗതുകം. ഉത്സവം കൊടിയേറ്റുന്നത് തിയ്യ വിഭാഗക്കാരാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട തോക്കെടുക്കൽ ചടങ്ങുകളിലും പങ്കാളികൾ അവിടുത്തെ ദലിത് വിഭാഗങ്ങളാണ്. അവരാണ് ഇവ ചുമന്നോടി അത് പാടത്തെത്തിക്കുന്നത്. ആ കാഴ്ച കാണാൻ പാടം നിറയെ ജനങ്ങൾ നിറഞ്ഞിരിക്കും. നാലാം ദിവസം തുളസി, ചന്ദനം എല്ലാം ചേർത്ത മിശ്രിതവുമായി ഇറങ്ങുന്ന ചടങ്ങോടെയാണീ നേർച്ച അവസാനിക്കുക.
ചീർണിയാണ് നേർച്ചയിലെ ഒരു പ്രധാന വിഭവം. ഗോതമ്പ് പത്തിരിയാക്കി അത് പൊരിച്ചെടുത്ത് മധുരം ചേർത്ത് പൊടിക്കുന്നതാണ് ചീർണി. നേർച്ചയ്‌ക്കെത്തുന്ന എല്ലാവർക്കും തഖിയക്കൽ നിന്ന് ചീർണി കിട്ടും. അവർക്ക് ചിലരിൽ നിന്ന് കാണിക്കയും കിട്ടും. തോക്കിലേക്കുള്ള എണ്ണ പലരും നേർച്ചയായി കൊടുക്കും. അതിൽ ബാക്കിവരുന്ന എണ്ണ രോഗശമനത്തിന് നല്ലതാണെന്നാണ് വിശ്വാസം. ഖുബ്ബയിലെത്തുന്നവർക്ക് ഈ എണ്ണയാണ് കൊടുക്കുക. ചെറിയ തലവേദന പോലുള്ള രോഗങ്ങൾക്കെല്ലാം ഞങ്ങളന്ന് ഇതാണ് ഉപയോഗിച്ചിരുന്നത്.
നാലുദിവസമാണ് നേർച്ച. വിളവെടുപ്പ് ദിനങ്ങളിലാണ് ഇത് വരുന്നത് എന്നതുകൊണ്ട് അധികവും വേനലവധിക്കാലത്താണ് നേർച്ചയുണ്ടാവുക. പകലോ രാത്രിയോ ഭേദമില്ലാത്ത വർണക്കാഴ്ചകൾ തരുന്ന നേർച്ച കാണാൻ കുറെ മുതിർന്ന ശേഷവും ഞങ്ങൾ എത്താറുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ഞാൻ കണ്ട നേർച്ച കുറെ സുഹൃത്തുക്കളോടൊപ്പമായിരുന്നു. ചെറുപ്പത്തിൽ കണ്ട നിറങ്ങൾ അതിനില്ലായിരുന്നെങ്കിലും ചില തെളിച്ചങ്ങൾ അത് തന്നിരുന്നു. ഇതിന്റെ ചരിത്രം പഠിക്കാനുള്ള ഒരു ആവേശവും. ഉത്സവത്തിന്റെ എല്ലാ ലഹരിയും അതിനുമുണ്ടായിരുന്നു. പക്ഷെ ഒടുവിൽ സുഹൃത്തുക്കൾക്കൊപ്പം കണ്ട ആ നേർച്ചയ്ക്കുശേഷം കൊണ്ടോട്ടിയിൽ നേർച്ചയുണ്ടായില്ല. നാട്ടുകാർക്ക് മുഴുവൻ പ്രവേശനമുണ്ടായിരുന്ന ആ പഴയ വീടും ഇന്നില്ല. ചെറുപ്പത്തിൽ നേർച്ച കാണിക്കാൻ കൊണ്ടുപോയിരുന്ന ഉപ്പയും ഇന്നില്ല. പക്ഷെ ആ വീടിനെക്കുറിച്ച് ഉപ്പയും അന്നത്തെ കൂട്ടുകാരും പറഞ്ഞ പല കഥകളും ബാക്കിയുണ്ട്.
ഇതിൽ പറഞ്ഞത് അന്ന് ഞങ്ങളോടൊപ്പം താമസിച്ചിരുന്ന അപരിചിതരായ മനുഷ്യരെക്കുറിച്ചാണെങ്കിൽ, മനുഷ്യരല്ലാത്ത കുറെ പേരെക്കുറിച്ചാണിനി പറയാനുള്ളത്. ചിലർ വെറും കണ്ണുകൊണ്ട് നോക്കിയാൽ പോലും കാണാൻ പറ്റാത്ത, എന്നാൽ ഞങ്ങളോടൊപ്പം അവിടെ കഴിഞ്ഞ അദൃശ്യശക്തികളെക്കുറിച്ച്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.